പി.രവികുമാറിന്റെ 'നചികേതസ്' എന്ന കാവ്യത്തെപ്പറ്റി
ദർശനമെന്നത് കവിയുടെ സഹജമായ ശക്തിയാണെന്ന് മഹർഷി അരവിന്ദൻ ഫ്യൂച്ചർ പൊയട്രി'യിൽ പറയുന്നു. നചികേതസ്സ് എന്ന അസാധാരണ കാവ്യമെഴുതിയ പി.രവികുമാറിനെ കവി എന്നു ഞാൻ വിളിക്കുന്നത് ഈ അർത്ഥത്തിലാണ്.
നചികേതസ്സ് എന്ന കാവ്യം എല്ലാ അംശങ്ങളിലും വ്യത്യസ്തമായിരിക്കുന്നു. ജനനം, ജീവിതം, മരണം,കാലം, സ്ഥലം, അസ്തിത്വം - ഇവയുടെ സമഗ്രവും സൂക്ഷ്മവുമായ ദർശനമാണ് എനിക്ക് ഈ കാവ്യത്തിൽ നിന്നു ലഭിച്ചതു. ഇങ്ങനെയൊരു അനുഭവം - ആഴത്തിലുള്ള അനുഭവം -മലയാളകവിതയിൽ ആദ്യമാണ്.
നചികേതസ്സിന്റെ ഭാഷ ഇത്രമാത്രം ലളിതവും സുതാര്യവുമായിത്തീർന്നതിൽ ഞാൻ അത്യന്തം വിസ്മയിച്ചുപോകുന്നു. കവിത ഹൃദയത്തിന്റേതായിത്തീരുന്നു. ഭാഷയും അലങ്കാരങ്ങളും മറഞ്ഞുപോവുകയും ആശയങ്ങൾ തീവ്രമായ അനുഭവമായിത്തീരുകയും ചെയ്യുന്നു. കവിത ഒരിക്കലും പാണ്ഡിത്യത്തിന്റേതല്ലെന്ന് നാം അറിയുന്നു. കവിത അന്തർദ്ദർശനമാണ്. ഉപനിഷത്തുകൾ തത്ത്വശാസ്ത്രപരമായ ചിന്തയല്ലെന്നും അവ ആദ്ധ്യാത്മികമായ ദർശനമാണെന്നും മഹർഷി അരവിന്ദൻ പറഞ്ഞിട്ടുള്ളത് ഞാൻ ഇവിടെ ഓർത്തുപോവുകയാണ്.
ഒരു ശിൽപി കല്ലിൽ രൂപം കൊത്തിയെടുക്കുന്നതുപോലെ, അത്രമാത്രം നൈസർഗികമായി, അകൃത്രിമമായി, നചികേതസ്സ് എന്ന കാവ്യം രൂപംകൊള്ളുന്നു. ഈ കാവ്യം ഞാൻ എത്രയോ തവണ വായിച്ചു. ഓരോ വായനയിലും ഇത് പുതിയതായിരിക്കുന്നു; ഓരോ വായനയിലും നചികേതസ്സ് എന്നിൽ നിറഞ്ഞുകൊണ്ടിരിക്കുന്നു.
നചികേതസ്സിന്റെ മാധ്യമം ഭാഷയായി എനിക്ക് അനുഭവപ്പെട്ടതേയില്ല. ഈ കാവ്യം എനിക്ക് പൂർണ്ണമായും ദൃശ്യബിംബങ്ങളായാണ് അനുഭവപ്പെട്ടത്. സമയപരിമിതി കാരണം അവയിൽ ചിലതു മാത്രമേ എനിക്ക് വരയ്ക്കാൻ കഴിഞ്ഞിട്ടുള്ളു. ഈ കാവ്യത്തെ ആസ്പദമാക്കി ഇനിയും കൂടുതൽ ചിത്രങ്ങൾ വരയ്ക്കണമെന്നുണ്ട്. ഇതിലെ നരകദർശനത്തെ
ആസ്പദമാക്കി ഒരു ചിത്രപരമ്പരതന്നെ ചെയ്യാനും ഉദ്ദേശിക്കുന്നു. നിരന്തരം ശിൽപങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഞാൻ വലിയൊരു ഇടവേളയ്ക്കുശേഷം വരയ്ക്കുന്ന ചിത്രങ്ങളാണിത്.
ഈ ചിത്രരചനാകാലം എനിക്ക് അനിർവചനീയമായ അനുഭവമായിരുന്നു. ചിന്തയുടെയും ധ്യാനത്തിന്റെയും വെളിപാടുകളുടെയും ദിവസങ്ങളായിരുന്നു.
രവികുമാർ തന്റെ ജീവിതംകൊണ്ടെഴുതിയ നചികേതസ്സ് കുറേക്കൂടി ദീർഘമാവാത്തതെന്താണ്?- തീവ്രമായ അനുഭവത്തിലും അന്തർദ്ദർശനത്തിലും ഉരുകിത്തെളിയുന്ന കാവ്യം ദീർഘമാവണമെന്നില്ല. നമ്മുടെ ഉപനിഷത്തുകളും ബാഷോയുടെ കവിതകളും നോക്കുക.
എല്ലാ വേദാന്തവിഷയങ്ങളുടെയും സാരസംഗ്രഹമെന്ന് ആദിശങ്കരൻ വിശേഷിപ്പിക്കുന്ന മാണ്ഡൂക്യോപനിഷത്തി
ന് ആകെ 12 മന്ത്രങ്ങൾ മാത്രമാണുള്ളത്. ഇതുവിശദമാക്കാൻ ഗൗഡപാദാചാര്യർ ഒരു മഹാഗ്രന്ഥം തന്നെ രചിക്കുകയുണ്ടായല്ലോ.
രവികുമാറിന്റെ വാക്കുകളേത്, ഉപനിഷത്തുകൾ, ഭാഗവതം, യോഗവാസിഷ്ഠം തുടങ്ങിയവയിൽ നിന്ന് ഉദ്ധരിക്കുന്നത് ഏത് എന്നു വേർതിരിച്ചറിയാനാവാത്ത വണ്ണം നചികേതസ്സ് ആശയങ്ങളുടെ അദ്വൈതശിൽപമായിത്തീർന്നിരിക്കുന്നു. ഒരു വാക്കു മാറ്റാനോ ഒരു വാക്ക് കൂട്ടിച്ചേർക്കാനോ കഴിയാത്തവിധം അത് അത്രമാത്രം ഭാവഭദ്രമായിരിക്കുന്നു. കവിതയിൽ നിന്ന് ഗദ്യത്തിലേക്കും ഗദ്യത്തിൽ നിന്ന് കവിതയിലേക്കും പ്രവഹിക്കുന്ന മൗലികവും നൈസർഗ്ഗീകവുമായ ഒരു രൂപശിൽപമായിരിക്കുന്നു.
എന്നെയും നിങ്ങളെയും വേട്ടയാടുന്ന അസ്തിത്വത്തിന്റെ രഹസ്യമാണ് രവികുമാർ നചികേതസ്സിൽ അന്വേഷിക്കുന്നത്.
അവിടെ എന്താണോ ഉള്ളത്, അതുതന്നെയാണ് ഇവിടെയും എന്നാണ് യമൻ നചികേതസ്സിനോട് പറയുന്നത്.
അതായത് നീ നിന്റെ ജീവിതത്തിൽ കാണാത്ത, അനുഭവിക്കാത്ത പുതിയതായതൊന്നും ഇവിടെയില്ല. നിന്റെ ജീവിതത്തിലുടനീളം നിന്നെ ചൂഴ്‌ന്നുനിന്നിരുന്ന വ്യാകുലത, സംഭ്രാന്തി, പേടിസ്വപ്നങ്ങൾ, ഭയം, ഉത്കണ്ഠ....എല്ലാം ഇവിടെയും അതേപടി നിന്നെ കാത്തിരിക്കുന്നു. ഒപ്പം കച്ചിത്തുരുമ്പെന്നോണം നീ പിടിച്ചിരുന്ന, നിന്നെ നയിച്ചിരുന്ന പ്രതീക്ഷയും. മരണത്തിൽ നിന്ന് മരണത്തിലേക്കുള്ള ഒരു യാത്രയായിരുന്നു നിന്റെ ജീവിതം. ഇവിടെയും ആ യാത്ര നീ തുടരുന്നു.
കഠോപനിഷത്തിലെ ഈ വരികളിൽ നിന്നാണ് പി.രവികുമാറിന്റെ കവിത തുടങ്ങുന്നത്.
ആദിനാദത്തിൽ നിന്ന് ഊർന്നുവീണ പ്രപഞ്ചത്തിന്റെ ജനനമാണ് നചികേതസ്സിന്റെ ആദ്യത്തെ ഉണർവ്വ്വ്. ആദിനാദത്തിന്റെ തരംഗവീചികൾക്കാണ് ആ ശിശു കാതോർക്കുന്നത്.
ഒരു ജീവൻ രൂപാന്തരപ്പെടുന്നതിന്റെ സൂക്ഷ്മമായ വർണ്ണനകളിലൂടെ കവിത ഇതളുകളായി വിരിയുകയാണ്. ഇവിടെ പ്രപഞ്ചത്തിന്റെ ആവിർഭാവത്തിന്റെ സർഗ്ഗാത്മകചിത്രങ്ങളാണ് വാർന്നുവീഴുന്നത്. സൃഷ്ടിയുടെ കഥ സൃഷ്ടിജാലത്തിലൂടെ പറയുമ്പോൾ അത് ഈ ലോകത്തിലെ എല്ലാക്കാലത്തെയും സമസ്ത ജീവജാലങ്ങളുടെയും ആത്മകഥയായി മാറുന്നു. അതാണ് ഈ കവിതയ്ക്ക് ക്ലാസിക്ക് മാനം നൽകുന്നതും.
ജന്മാന്തരത്തിന്റെ തൊട്ടിലിൽ നചികേതസ്സ് വീണ്ടും കണ്ണു തുറക്കുമ്പോഴേക്കും ഒരു ഓർമ്മയുടെ മരണം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. മൃത്യുവിൽ നിന്ന് മൃത്യുവിലേക്ക് നീ പോകുന്നു എന്ന് യമൻ പറഞ്ഞത് വെറുതെയല്ല.
പുല്ലു മുളയ്ക്കാത്ത ഒരു കുഞ്ഞിന്റെ ആനന്ദമായി വഴിപിരിയുന്ന കവിത പൊടുന്നനെ മരണം അഥവാ ജീവിതം എന്ന യഥാർത്ഥമായ അവസ്ഥയിൽ തട്ടി ഉടഞ്ഞുവീഴുന്നു.
മനുഷ്യാവസ്ഥയെ നിർണ്ണയിക്കുന്ന രണ്ടേ രണ്ടു ഘടകങ്ങളായ കാലത്തിലൂടെയും സ്ഥലത്തിലൂടെയും കവിത പ്രവഹിക്കുന്നു.
അനന്തമായ സ്ഥലത്തിൽ സ്തംഭിച്ച് വഴിമറക്കുന്ന കഴുതയും കാലത്തിന്റെ ഇരുണ്ട ഓർമ്മക്കണ്ണുകളുമായി നീങ്ങുന്ന ഉറമ്പും മനുഷ്യാവസ്ഥയുടെ ഏറ്റവും ദയനീയമായ കരുണാർദ്രമായ ചിത്രങ്ങൾ തന്നെയാണ്. വീണും പിടഞ്ഞും വിറച്ചും ഭ്രമിച്ചും നീങ്ങുന്ന യാത്ര കുരിശുമേന്തി നീങ്ങിയ ക്രിസ്തുവിന്റെ തിരുരൂപത്തെ ഓർമ്മിപ്പിക്കുന്നു. എന്നാൽ, എങ്ങോ മറയുവാൻ; പിന്നെയും ദുരിതമായ് വന്നു പിറക്കുവാൻ എന്ന വരികളിലെത്തുമ്പോൾ കവിത ഭാരതീയദർശനത്തിന്റെ അനന്തമായ വാതായനങ്ങൾ തുറക്കുകയാണ്.
ഇനി നചികേതസ്സിന്റെ സഞ്ചാരം കവിയുടെ ജീവിതത്തിലൂടെയാണ്. ആലംബമറ്റ് കശാപ്പുകാരന്റെ പിന്നാലെ നീങ്ങുന്ന പശുവിന്റെ തിരിഞ്ഞു നോട്ടത്തിൽ കണ്ണുകളിലുണ്ടായ ആ തിളക്കം വേട്ടയാടുന്ന മനസ്സാണ് കവിയുടേത്. മരണത്തിലേക്ക് നീങ്ങുന്ന സമസ്തജീവജാലങ്ങളോടുമുള്ള കരുണയാൽ പൊള്ളുന്ന ആ മനസ്സ് 'നിന്റെയായഴിവിന്റെ ഒഴിവുകൊണ്ടെന്റയീ വാഴ്‌വിനെ പെട്ടെന്നഴിക്കൂ' എന്ന വരികളിലെത്തുമ്പോൾ മരണത്തിന്റെ മഹാദർശനത്തിലേക്കാണ് ഉണരുന്നത്.
ഭീതിദവും ഞെട്ടിപ്പിക്കുന്നതുമായ നരകദൃശ്യങ്ങൾ കടന്ന്, യമന്റെ സ്നേഹസ്പർശത്തിൽ തകിടം മറിയുന്ന നചികേതസ്സിനു മുന്നിൽ, അതുവരെ കണ്ടതായ എല്ലാ ദൃശ്യങ്ങളും മറഞ്ഞുപോകുന്നു.
എല്ലാം വിസ്മയകരവും ആനന്ദകരവുമായി മാറുന്നു. മണികർണികയിൽ എരിയുന്ന ചിതാഗ്നി പോലും പ്രപഞ്ചത്തിന് പ്രകാശം പകരുന്ന വിശ്വരുചിയായി അനുഭവപ്പെടുന്നു.
പാറകൾക്കിടയിൽ കാറ്റിലാടുന്ന തളിരിലകൾ പോലും ജീവന്റെ അത്ഭുതകരമായ ആനന്ദനടനമാവുന്നു. സൂര്യനും ചന്ദ്രനും സമുദ്രവും പർവ്വതങ്ങളും വനരാശികളുമെല്ലാം സൃഷ്ടിയുടെ സൗന്ദര്യലഹരിയാവുന്നു.
അനന്തരം, ബൃഹദീശ്വരത്തിനു മുകളിൽ ആകാശം കനിവാർന്ന് ചുരക്കുകയാണ്. ദൈവത്തിന്റെ അതിരറ്റ കരുണയുടെ മഴയാണിത്. കരിങ്കല്ലുപോലും തുളച്ചിറങ്ങുന്ന മഴയാണിത്. സമസ്തപ്രപഞ്ചങ്ങളും നിർവൃതിയിലാഴുന്നു. എല്ലാ ശബ്ദങ്ങളും നിലയ്ക്കുന്നു-ഇങ്ങനെയൊരു മഴയിൽ ഞാൻ നനയുന്നത് നചികേതസ്സിലാണ്.
ഞാൻ ആര്' എന്ന അറിവിൽ എല്ലാ ദൃശ്യങ്ങളും വിസ്മയങ്ങളും സുഖവും ദുഃഖവും സ്ഥലവും കാലവും മറഞ്ഞുപോകുന്നു. ഉള്ളത് എങ്ങും നിറഞ്ഞുതിങ്ങുന്ന ശുദ്ധമായ ബോധം മാത്രം.
നചികേതസ്സ് കാണുന്ന നരകം നമ്മുടെ ഉള്ളിലുള്ളതാണ്. ചിന്തയിലോ വാക്കിലോ കർമ്മത്തിലോ ഒരു നരകമെങ്കിലും സൃഷ്ടിക്കാത്തവർ ഈ ഭൂമിയിൽ ആരാണുള്ളത്? പരമസത്യം അന്വേഷിച്ചുപോകുന്ന, അസ്തിത്വത്തിന്റെ രഹസ്യം അന്വേഷിച്ചുപോകുന്ന ഓരോരുത്തരിലും നചികേതസ്സുണ്ട്. രവികുമാറിന്റെ നചികേതസ്സിൽ' ദർശനം കവിതയായും കവിത അനുഭവമായും പരിണമിക്കുന്നു.
തത്ത്വങ്ങളെല്ലാം കഠോപനിഷത്തിൽ ഉണ്ടായിരിക്കെ എന്തിന് നചികേതസ്സ് എന്ന കവിത രവികുമാർ എഴുതി എന്ന ചോദ്യം ആരുടെയെങ്കിലും മനസ്സിൽ ഉണരുകയാണെങ്കിൽ എനിക്ക് നൽകാവുന്ന മറുപടി ഇത്ര മാത്രം. ബിംബപ്രധാനമായ ആത്മോപദേശശതകം രചിച്ച ശ്രീനാരായണ ഗുരു ദുഃഖരഹിതമായ നിലവിളിപോലെ പ്രത്യക്ഷത്തിൽ ഈശ്വരനെ സ്തുതിക്കുന്ന ദൈവദശകം എന്തിനെഴുതി എന്ന ചോദ്യംപോലെ നിരർത്ഥകമാണത്.
മുക്തി പഴുത്തുചൊരിഞ്ഞപോലെയാണ് ഈ കവിത രവികുമാറിൽ നിന്ന് അടർന്നുവീണത്. സാഹത്യലോകത്തിന് ലഭിച്ച തങ്കക്കനി.