Followers

Saturday, October 31, 2009








venu v desam

ezhuth/dec. 2009





തിയോയ്ക്ക്‌*


വെന്ത ഗോതമ്പുപാടങ്ങൾക്കമപ്പുറം
സ്വന്തം നിണത്തിൽക്കുഴഞ്ഞുകിടക്കുന്നു
നിന്റെ മോഹങ്ങൾ, ലഹരികൾ,
നോവുകൾ.
സർവ്വം ജഡാത്മകം,
നിഖില പ്രപഞ്ചം നിസ്തബ്ധം.
പൂർവ്വദുഃഖങ്ങൾതൻ ചിതാഭസ്മലേപം ചാർത്തി-
യെത്തുന്നിതസ്തമയ മേഘങ്ങൾ
ദൂരെ കിരാതനഗരമിരമ്പുന്നു
കോളിളകിക്കൊടുംകാറ്റുകൾ പ്രാകുന്നു
കനിവറ്റ വരൾകാലമിളകിയാടുന്നു
പേടിപ്പെടുത്തുന്നു കോടിയ രാത്രികൾ
ക്രുദ്ധിച്ച വൃദ്ധമദ്ധ്യാഹ്നങ്ങളും മോന്തി
ചോരച്ച വഹ്നികൾ ചാലിച്ച ചായവും
കീറച്ചെവിയും മുടഞ്ഞമനസ്സുമായ്‌
ബോധനിലാ പ്രളയത്തിൽക്കുളിച്ചൊരാൾ
നീയറിയാതെ നീ സ്നേഹിച്ചുപോയൊരാൾ
ഒറ്റച്ചിറകിൽപ്പറക്കാൻ കൊതിച്ചവൻ
വിഹ്വലസൂര്യനെ സ്നേഹിച്ച സ്വപ്നങ്ങൾ
വിട്ടെറിഞ്ഞേതു വിലയത്തിൽ മുങ്ങുന്നു?
നിന്റെ കറയറ്റ ശുദ്ധികൾ തൻ സ്വപ്ന-
മുള്ളൊരിരുണ്ട ഭൂഗർഭങ്ങളിലൂടെ
ആളിപ്പടരും വ്യസനസമുദ്രങ്ങ-
ളാവഹിച്ചും കൊണ്ടൊരാ,ളേകൻ തിരസ്കൃതൻ
സഞ്ചരിക്കുന്നു.
അന്തരാത്മാവെക്കടിച്ചുമുറിക്കുവാൻ
വെമ്പുകയാണ്‌ മഹോഷ്ണസമസ്യകൾ
ഹൊ! തിയോ-
എന്തിനൊറ്റക്കിരുന്നീ വിരഹത്തിന്റെ
ചെന്തീ തലോടിക്കുമിയുന്നതിങ്ങനെ?
നിന്റെ കലുഷമാമന്തർഗതങ്ങളിൽ
നഖവും പിശാചുമുഖവുമായ്‌ നോവുകൾ
നിന്റെ നിശിതവിഷാദഖനിയിതിൽ
പ്പൊന്തുന്ന ഗദ്ഗദമെത്ര ഭയാനകം!
ഉദ്വിഗ്ന ഭഗ്നപ്രതീക്ഷകൾ, ജീവനിൽ
കുത്തിവരക്കുന്ന നിത്യദുശ്ശങ്കകൾ
ആർക്കും പകരുവാനാകാത്തൊരാധികൾ
ആഴങ്ങളിൽ വിങ്ങുമാർത്താസ്തമയങ്ങൾ.
നിന്റെ നിവൃത്തികളറ്റ സ്നേഹത്തിന്റെ
ഭാരിച്ച വർഷങ്ങളിൽ കുളിരേറ്റവൻ
വാപിളർന്നുള്ളിൽക്കലിക്കുന്ന വന്യമാം
ഖേദങ്ങളേന്തിമറഞ്ഞ തമസ്കൃതൻ
അന്ധകാരത്തിൽപ്പൊതിഞ്ഞ പ്രപഞ്ചങ്ങൾ
നെഞ്ചോടമർത്തിപ്പിടിച്ചു മറഞ്ഞവൻ
ഞാനറിയുന്നിന്നിതൊക്കെയും നിന്റെ
കാരണമറ്റ കലുഷസത്യങ്ങളെ
നിന്റെ നിരന്തരോന്മാദ വേഗങ്ങളെ
നിന്റെ നിശ്ചഞ്ചലധ്യാനപ്പൊരുളിനെ
പങ്കിട്ടു പോയൊരാ മാനുഷ്യകത്തെയും
ഹൊ! തിയോ-കാടുകൾ വീർപ്പടക്കുന്നു.
വെന്ത ഗോതമ്പുപാടങ്ങൾക്കുമപ്പുറം
സ്വന്തം നിണത്തിൽക്കുഴഞ്ഞു കിടക്കുന്നു
നിന്റെ സ്വപ്നങ്ങളുൽക്കണ്ഠകൾ,
നന്മകൾ.
* തിയോ: വാൻഗോഗിന്റെ സഹോദരൻ. വാൻഗോഗ്‌ മരിച്ചതിനെത്തുടർന്ന്‌ വിഷാദരോഗം മൂർച്ഛിച്ച്‌ മരിച്ചു.