Followers

Wednesday, April 4, 2012

മഴയ്‌ക്കെതിരെ ഉപവാസസമരം


ടി.ബി.ലാൽ


ഒരിക്കല്‍ കുറെ കുരങ്ങന്മാര്‍ മഴയ്‌ക്കെതിരെ ഉപവാസസമരം നടത്താന്‍ തീരുമാനിച്ചു. തോന്നിയ നേരത്തൊക്കെ മഴ പെയ്യുന്നതിലായിരുന്നു അവരുടെ പരാതി.



ഒരിക്കല്‍ കുറെ കുരങ്ങന്മാര്‍ മഴയ്‌ക്കെതിരെ ഉപവാസസമരം നടത്താന്‍ തീരുമാനിച്ചു. തോന്നിയ നേരത്തൊക്കെ മഴ പെയ്യുന്നതിലായിരുന്നു അവരുടെ പരാതി. ദിവസവും കൃത്യസമയത്ത് മഴപെയ്യണം അതായിരുന്നു കുരങ്ങന്മാരുടെ ആവശ്യം. കാട്ടിലെ വിശാലമായ പാറപ്പുറത്ത് സമരത്തിനായി കുരങ്ങന്മാര്‍ രാവിലെ തന്നെ ഒത്തുകൂടി. ''മനുഷ്യന്മാരൊക്കെ ഹര്‍ത്താലും സമരവുമൊക്കെ നടത്തുന്നത് രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുവരെയാണല്ലോ. നമുക്കും അതുപോലെ തന്നെ നടത്താം.'' മൂത്തുനരച്ച നേതാവുകുരങ്ങച്ചന്‍ പറഞ്ഞു. 'ഉഗ്രന്‍ ഐഡിയ!' കേട്ടുനിന്നവര്‍ പറഞ്ഞു.''മഴയേ.. മഴയേ.. പെയ്യേല്ല..തോന്നിയ പോലെ പെയ്യല്ലേ..തോന്നിയ മട്ടില്‍ പെയ്‌തെന്നാല്‍അക്കളി തീക്കളി സൂക്ഷിച്ചോ.'' കൂട്ടത്തിലെ ചെറുപ്പക്കാരായ കുരങ്ങന്മാര്‍ ആകാശത്തേക്കു നോക്കി ആവേശഭരിതരായി മുദ്രാവാക്യം വിളിച്ചുതുടങ്ങി. ''അയ്യോ.. ഒച്ചവയ്ക്കല്ലേ, ശാന്തരായി നില്‍ക്ക്.. പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്''

നേതാവുകുരങ്ങച്ചാരുടെ ഭാര്യയായ കുരങ്ങിച്ചിയായിരുന്നു അത്.''നമ്മുടെ ഉപവാസസമരം തീരുന്നത് വൈകുന്നേരമാണല്ലോ. അപ്പോഴേക്കും നമ്മള്‍ വിശന്നുതളര്‍ന്നിരിക്കും. പിന്നെ തീറ്റ തേടിപ്പോകാനൊന്നും നേരമുണ്ടാകില്ല. വൈകുന്നേരത്തേക്ക് തിന്നാനുള്ള വക ഇപ്പോഴേ റെഡിയാക്കി വയ്ക്കുന്നതാവും നല്ലത് !?'''അതു ശരിയാണല്ലോ..' നേതാവുകുരങ്ങച്ചന്‍ പറഞ്ഞു. 'നിനക്ക് ബുദ്ധിയില്ലെന്നാരാ പറഞ്ഞത്?''മറ്റാരുമല്ല നിങ്ങള്‍ തന്നെയാണ് പറയാറുള്ളത്.'കുരങ്ങച്ചി പരിഭവിച്ചു. അങ്ങനെ ചെറുപ്പാക്കാരായ കുരങ്ങന്മാര്‍ തീറ്റ തേടിപ്പുറപ്പെട്ടു. കുറച്ചുസമയത്തിനു ശേഷം അവര്‍ മടങ്ങിയെത്തി. ഏഴെട്ടു നേന്ത്രക്കുലപ്പഴങ്ങളുമായാണ് അവര്‍ തിരികെയെത്തിയത്. 'നമുക്ക് ഓരോരുത്തര്‍ക്കുമുള്ള പങ്ക് ഇപ്പോള്‍ത്തന്നെ വീതിച്ചെടുക്കാം. ഉപവാസം തീരുമ്പോള്‍ അതിനായി നേരം കളയേണ്ടല്ലോ. .'

കുരങ്ങച്ചി വീണ്ടും പറഞ്ഞു. എല്ലാവരും അതുകേട്ട് തലകുലുക്കി.''ഉപവാസം തീരുമ്പോള്‍ വയറുവിശന്നുപൊരിയും. അതുകൊണ്ടു പഴത്തിന്റെ തൊലി ഇപ്പോഴേ ഉരിഞ്ഞുവയ്ക്കുന്നതാവും നല്ല്ത്..!'' ഒരു തടിയന്‍ കുരങ്ങന്‍ പറഞ്ഞു. പഴം കണ്ട്് വായില്‍നിന്നും വെള്ളം ചാടിത്തുടങ്ങിയ കുട്ടിക്കുരങ്ങന്മാര്‍ അതുകേട്ടപ്പോഴേക്കും പഴത്തൊലി ഉരിയാന്‍ തുടങ്ങി.''അടങ്ങി നിക്കടാ പിള്ളാരേ.. സമരം തീരാതെ പഴം തിന്നേക്കരുത്..'' ഒരു തള്ളക്കുരങ്ങ് കുട്ടിക്കുരങ്ങന്മാരെ ശാസിച്ചു. കുരങ്ങന്മാര്‍ പഴത്തിന്റെ തൊലിയെല്ലാം പൊളിച്ച് വൈകുന്നേരത്തേക്ക് തിന്നാന്‍ പാകത്തില്‍ ശരിയാക്കി വച്ചു. അപ്പോഴാണ് ഒരു കുട്ടിക്കുരങ്ങന്‍ ആരുംകാണാതെ വായിലേക്ക് പഴം തിരുകിക്കയറ്റുന്നത് അവന്റെ അച്ഛന്‍ കണ്ടത്. ''നീയെന്താടാ ചെയ്യുന്നത്? വൈകുന്നേരത്തു മാത്രമേ തിന്നാവൂ എന്നുപറഞ്ഞതു കേട്ടില്ലേ..?''''അയ്യോ തിന്നാനല്ല അച്ഛാ.. പഴം വായിലുസൂക്ഷിച്ചാല്‍ തിന്നാനുള്ള സമയമം അത്രയും ലാഭിക്കാമല്ലോ..'' കുട്ടിക്കുരങ്ങന്‍ പറഞ്ഞു. ''എടാ നിന്റേത് നല്ല ഐഡിയയാണേല്ലാ.'' അച്ഛന്‍കുരങ്ങന്‍ പറഞ്ഞു. ''എല്ലാവരും പഴം വായില്‍ത്തന്നെ സൂക്ഷിച്ചാല്‍ വൈകുന്നേരമാകുമ്പോഴേക്കും ജോലി കുറഞ്ഞുകിട്ടും.''അച്ഛന്‍കുരങ്ങന്റെ അഭിപ്രായം എല്ലാവരും കൈയടിച്ച് പാസ്സാക്കി. പഴം വായിലേക്കു തള്ളുംമുമ്പ് നേതാവ് കുരങ്ങച്ചന്‍ ഒരഭിപ്രായംകൂടി മുന്നോട്ടുവച്ചു.''എന്തായാലും പഴം വായില്‍ സൂക്ഷിക്കുകയല്ലേ. അപ്പോള്‍പ്പിന്നെ ചവച്ചരച്ച് വച്ചേക്കുക. വൈകുന്നേരം തൊണ്ടയില്‍നിന്നു ഇറക്കുക മാത്രം ചെയ്താല്‍ മതിയേല്ലാ. പക്ഷെ ഒരുകാര്യം, ആരും പഴം ഇറക്കിയേക്കരുരുത്. എല്ലാവരും പരസ്പരം ശ്രദ്ധിക്കണം. പഴം ഇറക്കിയാല്‍ അവരെ സമരത്തില്‍നിന്നും പുറത്താക്കും..''കുരങ്ങന്മാര്‍ കണ്ണുമിഴിച്ച് മുഖത്തോടുമുഖം നോക്കിയിരിക്കാന്‍ തുടങ്ങി. കുറെനേരം പരസ്പരം തറപ്പിച്ചു നോക്കിയിരുന്നപ്പോള്‍ വായില്‍നിന്നും പഴം സാവധാനം അലിഞ്ഞലിഞ്ഞ് താഴേക്കിറങ്ങാന്‍ തുടങ്ങി. അങ്ങനെ കുരങ്ങന്മാരുടെ മഴയ്‌ക്കെതിരായ സമരം പൊളിഞ്ഞു. ''നിന്റെ ഒടുക്കത്തെ ബുദ്ധിയാണ് എല്ലാം തുലച്ചത്..''നേതാവുകുരങ്ങന്‍ ഭാര്യയെ കണക്കിനുപറഞ്ഞു.''അതല്ല കുരങ്ങച്ചാ, അവര്‍ പറഞ്ഞു, മഴയും പഴവും ഒരു കൈയാണ്.. അതാണു കാര്യം.''അപ്പോഴേക്കും ഇടിവെട്ടി മഴ തുടങ്ങി. കുരങ്ങന്മാര്‍ ഓടിയൊളിച്ചു.

ഞാനോടു ഞാൻ



സനൽ ശശിധരൻ
കവിത വായിച്ചപ്പോഴുള്ള നീയല്ല
കവിത കേട്ടപ്പോഴുള്ള നീയെന്ന് ചിലർ
കേട്ടപ്പോഴുള്ളതല്ലല്ലോ കണ്ടപ്പോഴുള്ള നീയെന്ന് ചിലർ
നിന്നെ കാണുമ്പോലെയല്ലല്ലോടേ
എന്ന് മുൻപരിചയമുള്ളവർ...

ഓർക്കുട്ടിലെ എന്നെക്കണ്ടാൽ
ഫേസ് ബുക്കിലെ ഞാനാണെന്ന്
ഒരിക്കലും പറയില്ല ആരും.
ഫേസ് ബുക്കിലെ ഉമ്മകളോ
ഇക്കിളികളോ ഒന്നും ഓർക്കുട്ടിൽ
തികട്ടാത്തപോലെ
ബ്ലോഗറിലെ കണ്ണിറുക്കലുകളും
ചെവിമുതൽ ചെവിവരെയുള്ള
പുഞ്ചിരികളുമൊന്നും
വൈഫൈയിലെ എന്നെ ബാധിക്കില്ല.
ഫ്രണ്ട്സ്റ്ററിൽ നമ്മൾ കണ്ടിട്ടുണ്ടെന്ന്
പരിചയം മിനുക്കാൻ
കഴിയില്ല നിങ്ങൾക്ക്,
നമ്മൾ
ഇ-കാഡമിയിൽ വച്ചുകണ്ടാൽ.
ഇ-കാഡമിയിൽ കണ്ടു,കെട്ടിപ്പിടിച്ചു
എന്നൊന്നും പറഞ്ഞാൽ എനിക്ക് നിങ്ങളെ
ഓർമ്മവരില്ല ഞാൻ യാഹൂവിലോ
ഗൂഗിൾ ചാറ്റിലോ ആയിരിക്കുമ്പൊൾ.

വലയിലുള്ള ഞാൻ മാത്രമല്ല

ഒരു ഡയറിക്കുറിപ്പ്........

ശീതൾ പി.കെ




ഓര്‍മയുടെ ഇല പൊഴിയുന്ന ശിശിരവും കൈക്കുമ്പിളിലേന്തി ഇതാ ഒരു പുതുവര്‍ഷം കൂടി വരവായ്‌.........................................................................................

മനസ്സിന്‍റെ പുസ്തകത്താളില്‍ ഇതള്‍ വിരിഞ്ഞ സ്നേഹത്തിന്‍റെ നവവസന്തവുമായ്‌ പുതുവര്‍ഷം പെയ്തിറങ്ങുമ്പോള്‍കാലയവനികയില്‍ പോയ്‌മറഞ്ഞ എല്ലാ സ്വപ്നങ്ങള്‍ക്കും വിട....


ഇന്ന് ഡിസംബര്‍ 23 വെള്ളിയാഴ്ച ...
ഓര്‍മയുടെ മണിചെപ്പില്‍ സൂക്ഷിക്കുവാന്‍ ഒരു നുള്ള് കുങ്കുമം പോലും കിട്ടിയില്ല.... അതാവാം മനസിന്‍റെ ഇടനാഴിയില്‍ നിന്നാരോ ചോദിച്ചത്... , "ബന്ധങ്ങള്‍ക്കൊന്നും ഒരു നീര്‍ക്കുമിളയുടെ ആയുസ്സ് പോലും ഇല്ലാത്ത ഈ കാലത്ത് ഓരോ ദിവസങ്ങളും നിനക്കെന്തു സമ്മാനിക്കാനാണ്?"....


ഇതൊക്കെ നന്നായി അറിഞ്ഞിട്ടും എന്‍റെ കിളിവാതിലിനരികെ കണ്ണുംനട്ട്
ഞാന്‍ അവനായ്‌ കാത്തിരിക്കുകയാണ്...
അവന്‍ എന്‍റെ ആരാണെന്ന ചോദ്യത്തിന്‌ മുമ്പില്‍ ഇപ്പോളും എനിക്ക് ഉത്തരം ഇല്ല. പക്ഷെ ഒന്നെനിക്കറിയാം അവനാണ് എനിക്ക് എല്ലാമെല്ലാം....



ഒരിക്കല്‍ ഇതുപോലൊരു രാത്രിയിലാണ് ആ മേടമാസ നിലാവിനെയും താരാഗണങ്ങളെയും കത്തി നില്‍ക്കുന്ന കല്‍വിളക്കുകളെയും സാക്ഷിയാക്കി അമ്പലനടയില്‍ നിന്നും അവന്‍ എന്‍റെയീ കൈ പിടിച്ചത്...
ഉത്സവത്തിരക്കുകള്‍ക്കിടയിലൂടെ നടക്കുമ്പോളും ആ കൈകളില്‍ ഞാന്‍
സുരക്ഷിതയായിരുന്നു...

ഇപ്പോള്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു ചിത്രശലഭത്തെ പോലെ ആ
കൈക്കുടന്നയില്‍ ഒതുങ്ങാനാണ് ഞാന്‍ കൊതിക്കുന്നത്..
അവന്‍റെ തമാശകള്‍ക്കപ്പുറം ആ കണ്ണുനീരിനെ ഞാന്‍ സ്നേഹിച്ചു....

ഓരോ വര്‍ഷവും മറ്റൊരു വര്‍ഷത്തിനായ്‌ വഴി മാറികൊടുക്കുമ്പോള്‍ അറിയാതെ ചോദിച്ചു പോകും ആ വര്‍ഷത്തെ നേട്ടങ്ങളും നഷ്ട്ടങ്ങളും .
2011 എനിക്ക് എന്തൊക്കെ തന്നു ? എന്തെല്ലാം എന്നില്‍ നിന്നും പറിച്ചെടുത്തു?
ഇതിനൊന്നും ഞാന്‍ കണക്ക് സൂക്ഷിച്ചിട്ടില്ല എങ്കിലും 2011 അസ്തമിക്കുമ്പോള്‍ അവനെ എന്നില്‍ നിന്നും അടര്‍ത്തികളയാത്ത കാലത്തോട് ഞാന്‍ നന്ദി പറയുന്നു...................


ഓരോ ഓണനിലാവിലും അരികിലിരുന്നു പാട്ട് പാടിതരാന്‍, എന്‍റെ പരിഭവം കേള്‍ക്കാന്‍, ഒന്നോമനിക്കാന്‍ ,എന്‍റെ അനുവാദം ഇല്ലാതെ എന്നെ കെട്ടിപിടിക്കാന്‍, എന്‍റെ സങ്കടങ്ങളില്‍ ഒന്ന് തഴുകാന്‍, ഓരോ ശാസനത്തിലൂടെയും എന്നെ നേര്‍വഴിക്ക് നടത്താന്‍ എല്ലാത്തിനും എനിക്ക് അവന്‍ തന്നെ വേണം .... അവനു പകരം ഈ ലോകത്ത് മറ്റാരെയും സ്നേഹിക്കാന്‍ എനിക്ക് പറ്റില്ല.


അവന്‍റെ ഓരോ കൊച്ചു പിണക്കങ്ങള്‍ക്കൊടുവിലും ചിണുങ്ങികരയുന്ന എനിക്ക് എങ്ങനെയാ അവനെ മറക്കാന്‍ ആവുക?
ഇതെല്ലം എന്നെക്കാള്‍ നന്നായ്‌ അവനുമാറിയാം എന്നിട്ടും എന്നോടുള്ള സ്നേഹത്തിന്‍റെ മൂടുപടത്തില്‍ ഒരു കൂട് കൂട്ടി അവന്‍ പോയ്‌ ഒളിക്കുമ്പോള്‍ എന്‍റെ സ്നേഹം അറിയാത്തതായ്‌ നടിക്കുമ്പോള്‍ ഇനിയും എന്‍റെയീ മൗനത്തിനുമപ്പുറം നിന്ന് എന്താണ് ഞാന്‍ അവനോടു പറയേണ്ടത്?


ഒരു പക്ഷെ ഇത് തന്നെയാവും നല്ലത്....


മറ്റാരെയും വേദനിപ്പിക്കാതെ, നാളെ ഇതുമൊരു നഷ്ട്ടപെട്ട നീലാംബരിയായ്‌ മാറിടുമ്പോള്‍ ,രാത്രിയെ കാണാന്‍ കൊതിക്കുന്ന പകലിനെ പോലെ ഞാനും ഈ ജന്മം മുഴുവന്‍ അവനെ കാത്തിരിക്കാം...

സങ്കടത്തിനപ്പുറം


രാംമോഹൻ പാലിയത്ത്
ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു - വിജയന്‍ മാഷോട് ആദ്യമായും അവസാനമായും സംസാരിച്ചത് വെറും ഒരു മാസം മുമ്പാണ്. മാഷിന്റെ അടുത്ത ശിഷ്യന്മാരായ കവിയൂര്‍ ബാലനും ഷാജിയും ദുബായില്‍ നിന്ന് മാഷെ ഫോണ്‍ ചെയ്തപ്പോള്‍ ഞാനും സംസാരിക്കുകയായിരുന്നു. വെല്ലിച്ഛന്‍ മഹാരാജാസില്‍ മാഷിന്റെ സഹപാഠിയായിരിക്കുമെന്ന് ഊഹിച്ചത് ശരിയായിരുന്നു (സിന്ദൂരപ്പൊട്ട് ബാച്ചില്‍ - 1957 - പാര്‍ലമെന്റിലെത്തന്നെ യങ്ങസ്റ്റ് എം.പിയായിരുന്നു വെല്ലിച്ഛന്‍). അതെല്ലാം പറഞ്ഞ്, പ്രതീക്ഷിക്കാത്ത വിധം മാഷ് പെഴ്സണലായി. "അതൊരു കാലം" എന്നു വരെ പറഞ്ഞു നിര്‍ത്തി. നാട്ടില്‍ ചെല്ലുമ്പോള്‍ വീട്ടില്‍ വരുമെന്നും കാണണമെന്നുമുള്ള ആഗ്രഹം ഞാന്‍ പറഞ്ഞു. പിന്നെ രണ്ടാഴ്ച മുമ്പ്, എറണാകുളം പ്രസ് ക്ലബ്ബ് റോട്ടിലെ സിഐസിസി ബുക്ക് ഹൌസില്‍ നിന്ന് റിയാസ് വിളിക്കുന്നു - പുസ്തകങ്ങള്‍ ഏതൊക്കെ വാങ്ങിക്കൊണ്ടു വരണമെന്ന് ചോദിക്കാന്‍. എം. എന്‍. വിജയന്റെ കിട്ടാവുന്ന എല്ലാ പുസ്തകങ്ങളും എന്ന് പറയാന്‍ തോന്നിച്ചതെന്ത്? 6 പുസ്തകങ്ങളുമാ‍യി റിയാസ് വന്നു. ആറും വായിക്കാത്തവ. വായിച്ച് പരിചയിച്ചതൊന്നും കിട്ടിയില്ല. നന്നായി എന്ന് മനസ്സിലോര്‍ത്തു.

ജനകീയാസൂത്രണത്തെപ്പറ്റിയാണല്ലൊ മാഷ് പറഞ്ഞു നിര്‍ത്തിയത്. ഏതാനും വര്‍ഷം മുമ്പ് മറ്റൊരു മഹാരജാസുകാരന്‍ കൂടിയായ തോമസ് ഐസക് അമേരിക്കയില്‍ നിന്ന് വരും വഴി ദുബായില്‍ ഇറങ്ങിയത് ഓര്‍ക്കുന്നു. അന്ന് അമേരിക്കക്കാര്‍ ജനകീയാസൂത്രണത്രെ 'റിയല്‍ യുട്ടോപ്യ' എന്നു വാഴ്ത്തിയെന്ന് പറഞ്ഞു കേട്ടിരുന്നു. അമേരിക്കക്കാര്‍ സ്തുതിക്കുമ്പോള്‍ അത് സൂക്ഷിക്കണമല്ലോ എന്ന് അന്നേ വിചാരിച്ചതാണ്. പിന്നെ മാഷും കൂട്ടരുമാണ് അതിന്റെ ഉള്ളുകള്ളികള്‍ തുറക്കാന്‍ തുടങ്ങിയത്. സത്യത്തില്‍ ജനകീയാസൂത്രണം എന്തായിരുന്നു? പരീക്ഷണശാല എന്ന ചുളുവില്‍, അധികാരം ജനങ്ങള്‍ക്ക് എന്ന മറവില്‍ കേരളത്തിലെ ഭരണവ്യവസ്ഥയെ തകര്‍ക്കാനുള്ള അരാഷ്ട്രീയ അജണ്ടയായിരുന്നോ അത്? മുള്ളുകൊണ്ട് മുള്ളെടുക്കുന്നതുപോലെ കേരളത്തിന്റെ ഉപദേശീയ ഇന്റഗ്രിറ്റിയെ, അതിന്റെ മാനവികരാഷ്ട്രീയത്തെ ഷണ്ഡവല്‍ക്കരിക്കാനുള്ള ശ്രമം? അറിഞ്ഞും അറിയാതെയും പലരും അതിന് കൂട്ടുനിന്നോ? കാണാപ്പാഠ വിദ്യാഭ്യാ‍സം, അശാസ്ത്രീയം എന്നെല്ലാം ആക്ഷേപിച്ച് ഗണിത അടിത്തറയും മറ്റും തകര്‍ക്കാനുള്ളതായിരുന്നു ഡി.പി.ഇ.പി. വക പ്രകൃതിവിദ്യാഭ്യാസം എന്ന ആരോപണവും ശരിയായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. (World is Flat എന്ന പുസ്തകത്തില്‍ അടിസ്ഥാന വിദ്യാഭ്യാസ രംഗത്ത് അമേരിക്കയ്ക്ക് സംഭവിച്ച വീഴ്ചകളെപ്പറ്റി പറയുമ്പോള്‍ ഹ്യൂമാനിറ്റീസും ക്രിയേറ്റിവിറ്റിയുടെ പേരിലുള്ള സമ്പ്രദായങ്ങളുമാണ് അമേരിക്കയുടെ അടിത്തറ തകര്‍ക്കുന്നതെന്നും കണക്കിന്റെയും സയന്‍സിന്റെയും ബേസിക്സ് കുത്തിയിരുന്ന് കഷ്ടപ്പെട്ട് പഠിക്കണമെന്നും ഫ്രീഡ് മാന്‍ പറയുമ്പോള്‍ അമ്പട സായിപ്പേ എന്ന് ആരും പറഞ്ഞുപോവും). വിദ്യാഭ്യാസം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഏല്‍പ്പിക്കാനുള്ള (ഈയിടെ ഏറെ വിവാദമുയര്‍ത്തിയ) നീക്കവും ഒരു ഗൂഡാലോചനയല്ലേ? രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയേണ്ട കുട്ടി ഉടുതുണിയില്ലാതെ നില്‍ക്കുമ്പോള്‍, കുട്ടീ, നീയും നഗ്നനാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന ഒരു മനസ്സ് ഇല്ലാതാകുമ്പോള്‍ ബാക്കിയാവുന്നത് angst മാത്രം.



വര്‍ത്തമാനം

കെ.ജി.സൂരജ്



എന്റെ ചുണ്ടുകള്‍ക്ക്‌ ജീവന്‍ വെക്കുന്നത്‌,
നിന്റെ വേദന നാളുകളിലാണ്‌....

ചുവന്ന നിറമുള്ള ഓരോ പൂവിലും

ഒരുവന്റെ ചുടുനാവിന്നടയാളങള്‍
....

ചുണ്ടുകളേ നിങള്‍ ചുവന്നു പൊട്ടുക..

വരണ്ടിടങളെ നന്നായ് നനക്കുക


ഇരുണ്ടവയെങ്കിലും..
നിന്‍ ചോപ്പിനൊപ്പം ചുവന്നു ചേരട്ടെ
ഞാന്‍..

പൊന്‍മുടി യാത്ര


ബി.ഷിഹാബ്


കല്ലാറില്‍ നിന്നുമെത്ര നാഴികക്കല്ലുകള്‍?

ഘോരവനം തുടങുന്നത് കല്ലാര്‍ കഴിഞാണ്.

ഇരുപത്തിയാറു ഹെയര്‍പിന്‍ വളവുകള്‍

നോക്കിയാല്‍ തലകറങുന്നയഗാധ ഗര്‍ത്തങള്‍!

ആരെയും ഭയപ്പെടുത്തുന്ന ആത്മഹത്യാമുനബുകള്‍!

ഏത് നിമിഷവും കൂറ്റന്‍ പാറകള്‍
മുന്നില്‍ പതിക്കാം.

യാത്രയ്ക്കു നിത്യവിരാമമായ് പാറയുരുണ്ട്

തലയില്‍ വീണ സംഭവങളുമുണ്ട്

ആത്മഹത്യ മുനബുകള്‍ക്കപ്പുറത്ത്

പതിനെട്ടക്ഷൌഹിണികള്‍ പരസ്പരം വെട്ടി മരിച്ച

കുരുക്ഷേത്ര ശൂന്യത നിവര്‍ന്നു കിടക്കുന്ന മൊട്ടക്കുന്നുകള്‍

കൂറ്റന്‍ കാട്ടാനകള്‍ നിഷ്കരുണം കുത്തിപ്പിളര്‍ന്നിട്ട

ഇടതൂര്‍ന്ന ഈറക്കടുകള്‍.

യാത്ര ദുഷ്കരവും ദുര്‍ഘടവുമാണെങ്കിലും

പൊന്‍മുടിയുടെ വശ്യസൌന്ദര്യവും, ഡിയര്‍ പാര്‍ക്കും

കുളിരുകോരുന്ന കാലാവസ്ഥയും

തുള്ളിച്ചാടി കുണുങിയോടുന്ന പൊന്‍മുടിപ്പുഴയും

കുഞനുജത്തി പൂന്തേനരുവിയും

സദാമാടി വിളിച്ചുകൊണ്ടിരിക്കും.

ചീവീടിന്‍ ഗാനപ്രപന്‍ചംകൊണ്ട് മുഖരിതമായ

ഗോള്‍ഡന്‍ വാലികള്‍

കണ്ണീരിന്റെ നൈര്‍മല്യവുമായൊഴുകിയെത്തുന്ന

ദാഹമകറ്റുന്ന ജലധാരകള്‍.

വെളുപ്പനും, കറുപ്പനും കാപ്പിരിയും

സകൌതുകം യത്രയില്‍ നമുക്കൊപ്പമുണ്ട്

തമിഴനും, തെലുങ്കനും, കാശ്മീരിയും

സൂര്യനും, ചന്ദ്രനും

രാജാവുമെരപ്പനും സഹയത്രികര്‍ തന്നെ

ജീവിതയാത്രപോലെ പൊന്‍മുടിയാത്ര

പുതിയ ദൈവം


ജാനകി


അതൊരു ഗൂഡാലോചനയായിരുന്നു.....അവർ മൂന്നുപേർ...!

ഒക്കെ വെറുതെയായി പോയി..33 വയസ്സ്..ആ നല്ല പ്രായത്തിലാണു കുരിശിലേറ്റപെട്ടത്...എന്നിട്ടെന്തു നേടി...എല്ലാവരും അകറ്റി നിർത്തിയിരുന്ന കുരിശിന്റെ നല്ല കാലം., അല്ലെങ്കിലതൊരു ശവപ്പെട്ടി പോലെയോ.., ചിതപോലെയോ..തൂക്കുമരംപോലെയൊ..ദുശ്ശകുനമായിരുന്നേനേ..കുരിശോളം വരുമോ യേശു..അതോ യേശുവോളം വരുമോ കുരിശ്..?പള്ളികളിൽ ഞാനൊരു വിൽ‌പ്പന ചരക്കായി മാറിയിരിക്കുന്നു..കാശെറിഞ്ഞു പറയിക്കുന്ന ദിവ്യാനുഭങ്ങളിൽ ഞാൻ എന്നോടുള്ള ചതി മണക്കുന്നു...എനിക്കൊന്നും ചെയ്യാനാകുന്നില്ല .......“

മാറാല പിടിച്ച താടിരോമങ്ങളിലും എണ്ണ കാണാ‍ത്ത മുടിയിലും.വിരലുകൾ കോർത്തു വലിച്ച് നീളൻ കുപ്പായത്തിനുള്ളിൽ എല്ലും തോലുമായി ക്ഷീണിച്ച്, കുരിശിൽ ,കിടക്കുന്നതിനേക്കാൾ ദയനീയമായി നിന്ന് യേശുക്രിസ്തു ആത്മരോക്ഷം കൊണ്

അപ്പോ ഞാനോ...?“ നീലവർണ്ണം ഏതാണ്ട് കരിവർണ്ണമായ കോലത്തിൽ കൃഷ്ണൻ ഇടപെട്ടു...കുളിക്കാൻ, കാളിന്ദിയിൽ കാളിയൻ വസിച്ചിരുന്നപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ കൊടിയ വിഷങ്ങളാണ് ഇപ്പോഴത്തെ നദികളിലെന്ന് അദ്ദേഹം ദിവ്യ ദൃഷ്ടിയാൽ മനസ്സിലാക്കിയിരുന്നു.നിറംമങ്ങി ചരിഞ്ഞുവീണു കിടക്കുന്ന മയിൽ പീലി നേരെയാക്കി കൃഷ്ണൻ തുടർന്നു.


മനുഷ്യജന്മമെടുത്തിട്ടും..മനുഷ്യന്മാർ ദൈവീക പരിവേഷമാണു തന്നത്..എന്തൊക്കെ നുണകളായിരുന്നു വാതുറന്നപ്പോ ഭൂമി....എനിക്കു പൊക്കിയെടുക്കാൻ ഒരു ഗോവർദ്ധനഗിരി.....എനിക്കൊറ്റ ജോലിയേ ഉണ്ടായിരുന്നുള്ളു അമ്മാവനെ കൊല്ലുക..ഇപ്പോൾ ആലോചിക്കുമ്പോൾ സ്വയരക്ഷയ്ക്കു വേണ്ടി അദ്ദേഹം ചെയ്ത കൊലപാതകപാപങ്ങൾ നിയമത്തിന്റെ കണ്ണിൽ സാധൂകരിക്കപ്പെടും .....പിന്നെ മറ്റൊന്ന് സുന്ദരിയായൊരു സ്ത്രീ മുല തന്നപ്പോൾ അതു കുടിക്കാതെ കൊല്ലാൻ എനിക്കെന്താ ഭ്രാന്തോ..?..അതൊക്കെ പോട്ടെ ഇത്രയും ദൈവീക പരിവേഷമുള്ള ഞാൻ കേവലം ചപലനായ ഒരുത്തന്റെതേരോട്ടക്കാരനായില്ലെ..അതും എത്ര ഉപദേശിച്ചിട്ടാണ് ആ ഭീരു അമ്പും വില്ലുമെടുത്തത്..ഭഗവത്ഗീത പോലും....എന്നിട്ടോ എന്തു ഫലമുണ്ടായി..യുദ്ധങ്ങൾ അവസാനിച്ചോ...?ഭീരുക്കൾധൈര്യംസംഭരിച്ചോ..?എന്നെയുൾ പ്പടെ ദൈവങ്ങളെയെല്ലാം വിഗ്രഹമാക്കി അമ്പലങ്ങളെ കച്ചവടസ്ഥാപനമാക്കിയതല്ലാതെ..ചത്തുപോയ സിംഹത്തി ന്റെ ഗർജ്ജിക്കുന്ന ചിത്രം കാ‍ട്ടി പിന്നെയും ഭയപ്പെടുത്താൻ ശ്രമിക്കുന്ന ഭോഷത്വം

നബി കുലുങ്ങി ചിരിച്ചു......“കൃഷ്ണാ നിന്റെ പക്വതയില്ലായ്മവാക്കുകളിലൂ‍ടെ വെളിപ്പെടുത്താതിരിക്കു..ഈ പ്രതിസന്ധി ഘട്ടത്തിൽ പോലും നീ സുന്ദരികളായ സ്ത്രീകളെ കുറിച്ച് ചിന്തിക്കുന്നു.....എന്റെ കാര്യം നോക്കു ഒരു കാലഘട്ടത്തിൽ അനിവാര്യമായി തോന്നി ഉപദേശിച്ച ബഹുഭാര്യാത്വ സംവിധാനം ഇന്ന് അരോചകമായി ഇസ്ലാമിൽ കറുത്തപാടായിഅവശേഷിച്ച്തുടർന്നുകൊണ്ടേയിരിക്കുന്നു....വി
ധവകളുടെ കണ്ണുനീർ തുടക്കാൻ ഉദ്ദ്യേശിച്ചത് ഇന്ന് കണ്ണുനീർ ഒഴുക്കാൻ ഉതകിയിരിക്കുന്നു....ശാപങ്ങൾ നബിയ്ക്കുംഏൽക്കും....-ഇസ്ലാമിനെ കുറിച്ചറിയാൻ ഇസ്ലാമല്ലാത്ത സഹോദരീ സഹോദരന്മാർ വിളിക്കുക..പുസ്തകം പറയുന്ന മേൽ വിലാസത്തിൽ അയക്കുന്നതായിരിക്കും- പത്ര പരസ്യങ്ങളിൽമതതീവ്രവാദത്തിന്റെചുവതെളിയുന്നു..എന്തിന്..
എന്തിന്...ഖുറാനിൽഅങ്ങിനൊന്നുണ്ടോ.....ഞാൻപരിശോധി
ക്കേണ്ടിയിരിക്കുന്നു..“


നബി നിരാശയോടെ ഓടി തളർന്ന പോലെ തറയിൽ കുത്തിയിരുന്നു.കൃഷ്ണൻ അദ്ദേഹത്തെ താങ്ങി എഴുന്നേൽ‌പ്പിച്ചു
.
“തളർന്നു പോകരുത്....നമ്മളൊന്ന് തീരുമാനിച്ചിട്ടുണ്ടല്ലൊ അതു ചെയ്യുക അതു തന്നെ..” കൃഷ്ണൻ വലതു കൈ നിവർത്തി നീട്ടി പ്പിടിച്ചു..പരസ്പരമൊന്നു നോക്കിയിട്ട് യേശുവും,.നബിയും അവരുടെ കൈകൾ കമിഴ്ത്തി കൃഷ്ണന്റെ കയ്യിലേയ്ക്ക് ചേർത്തു വച്ചു........എന്നിട്ട് ഒരുമിച്ച് പറഞ്ഞു



അതേ നമ്മളതു ചെയ്യാൻ പോകുന്നു...”
* * * * * * * * * *

പിറ്റേ ദിവസത്തെ പ്രഭാതത്തിനു പറയത്തക്ക പ്രത്യേകതകൾ ഒന്നുമുണ്ടായിരുന്നില്ല..പതിവുപോലെ സൂര്യൻ ഉദിക്കുകയും, ‘കിളികൾ ആദ്യം മനുഷ്യർ പിന്നെ‘ എന്ന ക്രമത്തിൽ ഉണരുകയും.., ഘടികാരങ്ങൾ അലാറം മുഴക്കുകയുംചെയ്തു....


ഒന്നു തൊട്ടു തൊഴുത്, ശ്രീകോവിൽ പടി കയറി മണിവാതിൽ തുറന്ന പൂജാരി.ഞെട്ടി പുറകിലേയ്ക്കു മറിഞ്ഞു....വിഗ്രഹമിരുന്ന സ്ഥാനത്ത് എണ്ണ തീർന്ന് കരിന്തിരി കത്തുന്ന നിലവിളക്കിന്റെ വെളിച്ചത്തിൽ ഖുറാനിൽ ധൃതിയോടെ ചൂണ്ടുവിരൽതൊട്ട് വായിച്ച് പരതുന്ന നബി ചമ്രം പടഞ്ഞിരിപ്പുണ്ടായിരുന്നു....മറിഞ്ഞു വീണ പൂജാരിയെ ഒരു നിമിഷം നിർന്നിമേഷനായി അദ്ദേഹം നോക്കിയിട്ട് പിന്നെയും വായന തുടർന്നു.

കുറുബാനയ്ക്കു മുൻപ് കപ്യാർക്കൊപ്പം അൾത്താരയിലെത്തിയ വികാരിയച്ചൻ കണ്ണടയൂരി ഒന്നു കൂടി നോക്കി..അതെഅതു മറ്റാരോ......എന്റീശോയെ..........സ്തംഭിച്ചു നിന്ന അച്ചന്റെ തല്യ്ക്കിട്ട് പുല്ലാങ്കുഴൽ കൊണ്ട് ഒരു കൊട്ടു കൊടുത്തു കൃഷ്ണൻ..... വാപൊത്തി നിന്ന കപ്യാരെ നോക്കി നാക്കു കടിച്ചു കാണിച്ചു...കൃഷ്ണന്റെ മറുകയ്യിലെ പാനപാത്രത്തിൽ യേശുവിന്റെ രക്തമായിരുന്നു..അത് ഊറ്റി..അവസാന തുള്ളിയും കുടിച്ചിട്ട് അദ്ദേഹം പുല്ലാങ്കുഴൽ ചുണ്ടിൽ വച്ച് ഇടതുകാൽ മടക്കി വലതുകാലിന്റെ മുന്നിലേയ്ക്കു വച്ച് മനോഹരമായി ചിരിച്ചുനിന്നു..

മൈക്കിലൂടെ ബാങ്കു വിളിക്കു പകരം അലർച്ചയെന്നു തോന്നുന്ന നിലവിളികേട്ട് നാടു ഞെട്ടി....ഒരാൾ മാ‍ത്രം ഇതൊന്നും കേൾക്കാതെ ശുഷ്ക്കിച്ച ശരീരം മടക്കിയിരുന്ന് അത്യന്തം ഭക്തിയോടെ നിസ്ക്കരിച്ചു കൊണ്ടിരുന്നു...ശേഷംനിസ്ക്കാരം മറന്നു ചുറ്റും കൂടിയവരെ നോക്കി ക്രിസ്തു പുഞ്ചിരിച്ചു...തിരുഹൃദയത്തിൽ നിന്നുമൊഴുകിയരക്തഛവിയിൽമുങ്ങിപ്പോയആചിരിഅവർക
ണ്ടില്ല


അകക്കണ്ണിൽ പരസ്പരം നോക്കി അവർ മൂന്നുപേരും പറഞ്ഞു “ഇത്ര നിശബ്ദമായൊരു പുലർച്ച ഇതു വരെ ഉണ്ടായിട്ടില്ല..എല്ലാം ശാന്തം.....ജനങ്ങൾക്ക് മിണ്ടാട്ടം മുട്ടിയിരിക്കുന്നു.....“ അവർ ജനങ്ങളെ അഭിമുഖീകരിച്ചു ഒരേ സ്വരത്തിൽ പറഞ്ഞു..ഇത്ര നാൾ അരാധിച്ച ദൈവങ്ങളെ മറന്നേയ്ക്കു..ഞങ്ങൾക്കു വേണ്ടിയല്ല നിങ്ങൾക്കു വേണ്ടി നോക്കുയഥാർഥത്രിമൂർത്തികൾഞങ്ങളാണ്..ഞങ്ങൾ....ഒറ്റപേരി
ൽനിങ്ങൾക്കുവിളിക്കാംആരാധിക്കാം.....“സ്തുബിഷ്ണൻ.....“ ക്രിസ്തു.., നബി..,കൃഷ്ണൻ....


ജനങ്ങൾ നോക്കിനിൽക്കേ തമ്മിൽ തമ്മിലലിഞ്ഞ് സ്തുബിഷ്ണൻ അപ്രത്യക്ഷമായി

അപരാഹ്നഗാനം/ബോദ്‌ലെയർ


വിവർത്തനം: വി രവികുമാർ



നിന്റെ കുടിലമായ കൺപുരികങ്ങൾ
മുഖത്തിനൊരു മാരകഭാവം പകരുന്നുവെങ്കിലും,
മാലാഖമാരെ തെല്ലുമോർമ്മിപ്പിക്കല്ലതെങ്കിലും,
കടാക്ഷങ്ങളുടെ വശ്യമെറിയുന്ന മോഹിനീ,

എത്രയാരാധിക്കുന്നു, നിന്നെ ഞാനെന്നോ!
അപായപ്പെടുത്തുന്നൊരുന്മത്തതയോടെ
നിന്റെ മുന്നിലടിപണിയുന്നു ഞാൻ,
പൂജാവിഗ്രഹം നീ, പൂജാരി ഞാൻ.

നിന്റെ മുടിത്തഴപ്പിൽ വാസനിയ്ക്കുന്നു,
മണൽക്കാടുകളും കൊടുങ്കാടുകളും,
നിന്റെ മുഖഭാവങ്ങളിൽ മിന്നിമറയുന്നു
കിഴക്കിന്റെ പ്രഹേളികകൾ.

ധൂപപാത്രത്തെ ചുഴലുന്ന വാസനയെന്നപോലെ
നിന്റെയുടലിലലയുന്നു പരിമളങ്ങൾ,
സന്ധ്യ പോലെ മോഹിപ്പിക്കുന്നു നീ,
തൃഷ്ണകളെ തപിപ്പിക്കുന്നൊരപ്സരസ്സേ.

ഹാ! ഒരു പാനീയത്തിന്റെ വീര്യത്തിനുമാവില്ല,
നിന്റെയലസഭാവം പോലെന്നെയുണർത്താൻ;
നിന്റെ കൈത്തലങ്ങൾക്കു പരിചയമല്ലോ,
ജഡങ്ങൾക്കുയിരു കൊടുക്കുന്ന തലോടലുകൾ!

നിന്റെ ജഘനങ്ങൾ ശൃംഗരിക്കുന്നു,
നിന്റെ മാറിടത്തോടും പുറവടിവിനോടും.
നിന്റെ അലസഭാവത്തിന്റെ പടുതികളിൽ
പ്രണയമറിയുന്നു മൃദുമെത്തകൾ.

ഉള്ളിലാളുന്ന കാമാഗ്നി തണുപ്പിക്കാൻ
ചിലവേളകളിൽ നീ വാരിവിതറുന്നു,
നിന്റെ തൃഷ്ണകൾക്കിരയായവന്റെ മേൽ
ചുംബനങ്ങൾക്കൊപ്പം ദംശനങ്ങളും.

എന്നെക്കടിച്ചുകീറുമ്പോളിരുണ്ട സൗന്ദര്യമേ,
നിന്റെ പരിഹാസച്ചിരിയേറ്റു ഞാൻ പുളയുന്നു,
പിന്നെയൊരു കടാക്ഷമെന്റെ മേൽ പതിയ്ക്കുന്നു,
മൃദുലം, നിലാവിന്റെ കതിരു പോലെ.

നിന്റെ മിനുസ്സമായ പാദരക്ഷകൾക്കടിയിൽ,
നിന്റെയോമനക്കാലടികൾക്കടിയിൽ,
എന്റെയാനന്ദം ഞാനടിയറ വയ്ക്കാം,
എന്റെ പ്രതിഭയും, എന്റെ നിയോഗവും.

എന്റെയാത്മാവിന്റെ മുറിവുണക്കുന്നവളേ,
വർണ്ണവും, വെളിച്ചവും, സംഗീതവും നീ!
എന്റെ സൈബീരിയൻ രാത്രിയിൽ
ഊഷ്മളതയുടെ സ്ഫോടനവും നീ!.


മഴ


തെരേസ ടോം

കണ്ണീരിന്റെ മഴയില്‍,
കാണാം...ചില നനഞ്ഞ മുഖങ്ങള്‍
ആകാശം ഒടിഞ്ഞു മടങ്ങി
പെയ്യുന്ന മഴ....
ഇടയ്ക്ക് കൊഞ്ഞനം കുത്തുന്ന
കൊള്ളിമീനുകള്‍ക്കായി...മഴ
എത്രകാലം മഴകൊണ്ടു
എത്രയെത്ര നനഞ്ഞു...
എന്നിട്ടും..........
എന്റെ മനസ്സിന്റെ മഴക്കാടുകളിലേക്ക്
ഒരു നനവും വന്നു വീഴുന്നില്ലല്ലൊ
ഒന്ന്‍ ഒഴുകാനാവുന്നില്ലല്ലൊ
ഏതു മഴയിലാണ്
എനിക്കെന്നെ നഷ്ടമായത്
നൊമ്പരങ്ങളുടെ വേലിയേറ്റങ്ങളായി
ഈ വേനലിലും വരുന്നുണ്ട്..
ചില മഴകള്‍...
തെരേസാ റ്റോം

മഴ.



ശ്രീകൃഷ്ണദാസ്‌ മാത്തൂർ


പച്ചക്കൈപ്പത്തികളിൽ നിറച്ച്‌
ആകാശക്കണ്ണീരു കോരി നനഞ്ഞ്‌
ചേമ്പുകൾ മഴച്ചള്ളകുത്തുന്നു.

ഒരു വിമതന്റെ ചോരച്ചാലായ്‌
മഴ മുറ്റംവഴി വീടിനെ ചുറ്റുന്നു.

അതിവൃഷ്ടിയും പാടവും കൈകോർത്ത
പ്രളയപ്പരപ്പിലെ ഒറ്റവരമ്പിലൂടെ
ഒരു കറങ്ങും കരിങ്കുടക്കീഴുപറ്റി
ഒടുവിലെ ഒറ്റയാനും മടങ്ങുന്നു.

ഒറ്റയാന്മാരൊഴിയുന്ന ഭൂമിയിൽ
പേടി ഒളിഞ്ഞിരുന്നലറിക്കരയുന്നു.

നർത്തകിയിൽ നിന്നഴിഞ്ഞുപോയ
കാൽചിലമ്പുപോലെ വെറുംകാവ്‌
കിലുക്കും നിറമുള്ള ശബ്ദങ്ങളിൽ
മഴക്കുമിള പൊങ്ങിപ്പറക്കുന്നു.

ശരിയായ പ്രാതിനിദ്ധ്യത്തിനായ്‌ കാട്‌
വംശനാശ ഭീഷണിമുഴക്കി, വായ്ത്തല-
ത്തുമ്പത്തിരുന്നുണ്ണാവ്രതം നോൽക്കുന്നു.

ഒരു മുഴുക്കുടിയനായ്‌ മഴ വന്ന്
വേച്ചുവേച്ചു പെയ്യുന്നു.


ഇടി പുലഭ്യം!
മിന്നൽ ഛർദ്ദി..!
************

അനാത്മം


ആർ ശ്രീലതാവർമ്മ


ഉടലുകൊണ്ടും ഉയിരുകൊണ്ടും
എത്ര ആവിഷ്കരിച്ചാലും
തീരാത്ത കവിത - നീ
ഇത്രയ്ക്കേ ഉള്ളൂ എന്ന്
ഒരിക്കലും മതിവരാത്ത
ലഹരി , ഉന്മാദം - അതും നീ .
നീയില്ലാതെ
സൂര്യനും ഗോളങ്ങളും
രാപ്പകലുകളും
ഞാനും
ഒന്നുമില്ലെന്ന് ,
ഇത്രയ്ക്ക് നെഞ്ചകം കീറിയിട്ടില്ലൊന്നിലും.
വെയിലിന്‍ തന്തുക്കള്‍ കീറി
മഴനാരുകള്‍ പിന്നി
മഞ്ഞുകണങ്ങളായ്‌ തൂവി
വസന്തസ്വപ്നങ്ങളായ് മിന്നി
ദ്വീപുകളുടെ മൂകതയും
പവിഴപ്പുറ്റുകളുടെ ആത്മഹര്‍ഷവും
പകര്‍ന്ന്‌
എന്നില്‍ നീ ഉയിര്‍ക്കൊണ്ട നാളില്‍
മാഞ്ഞുമാഞ്ഞില്ലാതെയായ് ഞാന്‍.

ഒരിക്കലും തിരിച്ചു വരാത്തവര്‍..


ഷാജഹാൻ നന്മണ്ടൻ
കാത്തിരിപ്പുകള്‍ എപ്പോഴും അങ്ങിനെയാണ് .കാലവും ദേശവും ,സംവല്സരങ്ങളും ,പിന്നിട്ടാലും ചില കാത്തിരിപ്പുകള്‍ തുടര്ന്നു കൊണ്ടേയിരിക്കും.ചില കാത്തിരിപ്പുകള്‍ വൃഥാ വിലാവുകയും,ചിലവ സഫലമാവുകയും,മറ്റു ചിലത് ഒന്നുമാവാതെ മണ്ണടി യുകയും ചെയ്യും.
ഒരിക്കലും തിരിച്ചു വരാത്തവന് വേണ്ടിയാണ് മിഴിയുടെ കാത്തിരിപ്പെന്നു അയാള്‍ക്ക്‌ അറിയാമായിരുന്നു.പാപങ്ങള്‍ ചെയ്യാതിരിക്കുക ,നിന്റെ പരിധി ക്കനുസരിച്ച് നന്മകള്‍ മാത്രം ചെയ്യുക.എന്നാല്‍ നിന്റെ ശവമഞ്ചം ചുമക്കുന്നവര്‍ക്കു ഭാരം തോന്നുകയില്ല.കാത്തിരിപ്പിന് വിരാമമിടാന്‍ ഒരിക്കലും തിരിച്ചു വരാത്തവന്‍ പറയാറുള്ള വേദാന്തങ്ങള്‍ അയാള്‍ ഓര്‍മ്മിച്ചു.
ആത്മാക്കള്‍ ചിലപ്പോള്‍ ഖസാക്കിന്റെ ഇതിഹാസ ചിന്തകള്‍ പോലെ തുമ്പി കളായും ,ഓന്തുകളായും ചിലപ്പോള്‍ നീയായും പുനര്‍ജ്ജനിക്കും.തിരിച്ചു വരാത്തവന്റെ അവസാന വാക്കുകളായിരുന്നു അത്.
മഴ കാക്കുന്ന വേഴാമ്പലിന്റെ പ്രതീകമായിരുന്നു മിഴിയെന്നു തിരിച്ചു വരാത്തവന്‍.മഴ പെയ്യും കാലം വരെയായിരുന്നു വേഴാമ്പലുകളുടെ കാത്തിരിപ്പ്.എന്നാല്‍ മിഴിയുടെ കാത്തിരിപ്പ് അങ്ങിനെയെന്നു വിശ്വസിക്കാന്‍ അയാള്‍ മടിച്ചു.
തന്നെ പിന്തുടര്ന്നയാല്‍ താനും അയാളും തമ്മിലുള്ള അകലം ഏറെയല്ലാതിരുന്നിടത്ത് അയാളുമായി സന്ധിച്ചത്,ഒരിക്കലും മടങ്ങി വരില്ലെന്ന അറിവ് സമ്മാനിക്കാനായിരുന്നു.പിന്നെ മിഴിയെ തനിച്ചാക്കി തന്നെയും പുറകിലാക്കി അയാള്‍ ബഹു ദൂരം സഞ്ചരിച്ചിരുന്നു.
മിഴിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തൊരു സമസ്യ പോലെ അയാലെനിക്കും തീരാത്ത നോവ്‌ സമ്മാനിച്ചു.തിരിച്ചു വരാത്തവനെ കാത്തിരുന്ന മിഴിയെ താനും കാത്തിരിക്കാന്‍ തീരുമാനിച്ചത് തന്നെയും മടുപ്പുളവാക്കാത്തതെന്തെന്നു ചിന്തിക്കുകയായിരുന്നു അയാള്‍.
ഒരിക്കലും തിരിച്ചു വരാത്തവരുടെ കൂട്ടത്തിലേക്ക് മിഴിയുടെ പേരും തുന്നി ചേര്‍ക്കുമ്പോള്‍ വൃഥാ അയാള്‍ തന്റെ കാത്തിരിപ്പ് തുടരുന്നുണ്ടായിരുന്നു.