Followers

Tuesday, October 27, 2009




prabhullan tripunithura
ezhuth/ dec/ 2009





"വല്യമ്പലം" ഉത്സവനിറവിൽ

(ഈ വർഷത്തെ ഉത്സവം നവംബർ 16 നു കൊടിയേറി 23ന്‌ ആറാട്ടായി നടക്കുന്നു)
കൊച്ചി ദേവസ്വംബോർഡിന്റെ ഭരണത്തിൽ 400-ൽപ്പരം ക്ഷേത്രങ്ങളാണുള്ളത്‌. അതിൽ തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തെമാത്രമാണ്‌ 'വല്യമ്പല'മെന്നു വിളിയ്ക്കാറ്‌. അത്‌ ഈ മഹാക്ഷേത്രത്തിന്റെ പ്രതിഷ്ഠയും ബൃഹത്‌ ഭാവങ്ങളും, പൂജാക്രമങ്ങളും ഉത്സവാദികളുടെ വൈപുല്യവും പരിഗണിച്ചുകൊണ്ടാവണം. ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയതു സാക്ഷാൽ അർജ്ജുനനാണ്‌. ഈ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരം ഒരൊറ്റരാത്രികൊണ്ട്‌ ഭൂതഗണങ്ങൾ നിർമ്മിച്ചതാണെന്നാണു വിശ്വാസം. ഇവിടെ കൊടിമരവും കിഴക്കേനടയിലെ ദീപസ്തംഭവും ഏറ്റവും ഉയരംകൂടിയതായി കണക്കാക്കപ്പെടുന്നു.
സാധാരണക്ഷേത്രങ്ങളിൽ ഉത്സവക്കാലത്തോ മറ്റു വലിയ വിശേഷങ്ങൾക്കോ ആണ്‌ തന്ത്രി നേരിട്ടു വന്നു പൂജ നടത്തുന്നത്‌. എന്നാൽ ഇവിടെ എല്ലാ ദിവസവും ഒരു നേരമെങ്കിലും തന്ത്രി പൂജയുണ്ട്‌. ഇവിടത്തെ ശാന്തിക്കാരൻ ഉഡുപ്പിയിലെ ശീവെള്ളി ഗോത്രക്കാരൻ തന്നെ വേണമെന്നുണ്ട്‌. ശാന്തിയായി തിരഞ്ഞെടുക്കപ്പെടുന്നവർ ക്ഷേത്രത്തിൽ 12 ദിവസത്തെ ഭജനമിരിയ്ക്കണം. അതിനുശേഷം ശാന്തി അവരോധം എന്ന ചടങ്ങുകൂടി കഴിഞ്ഞങ്കിലേ ശാന്തിയായി ചാർജ്ജെടുക്കാനാവൂ. ചാർജ്ജെടുത്തു കഴിഞ്ഞാൽ ക്ഷേത്രത്തിനകത്തുതന്നെ മുഴുവൻ സമയവും കഴിഞ്ഞു കൂടണം. യാതൊരു കാരണവശാലും ക്ഷേത്രമത്തിൽക്കെട്ടിനുപുറത്തുപോയിക്കൂടാ. ക്ഷേത്രത്തിനുപടിഞ്ഞാറെ ഭാഗത്തുള്ള വേങ്കിടേശമന്ദിരത്തിൽ വരെ മാത്രം ചിലസാഹചര്യങ്ങളിൽ അത്യാവശ്യമായി പോകാം. അതുകൊണ്ട്‌ തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ മേൽശാന്തിയേയും കീഴ്ശാന്തിയേയും "പുറപ്പെടാ ശാന്തി" എന്ന ഗണത്തിൽപ്പെടുത്തിയിരിക്കുന്നു.
തൃപ്പൂണിത്തുറ ക്ഷേത്രത്തിനോടുചേർന്നുണ്ടായിരുന്ന ഊട്ടുപുരയോളം വലിപ്പമുള്ള ഊട്ടുപുര മറ്റൊരു ക്ഷേത്രത്തിനോടും അനുബന്ധിച്ചുണ്ടായിരുന്നില്ല. തൃപ്പൂണിത്തുറക്ഷേത്രത്തിന്റെ വടക്കേമതിൽ മുതൽ പാലസ്‌ ഗേൾസ്‌ ഹൈസ്കൂൾ റോഡുവരെയുള്ള മുഴുവൻ സ്ഥലത്തും പണ്ട്‌ നാലുകെട്ടും എട്ടുകെട്ടുമുള്ള ഊട്ടുപുരകളായിരുന്നു. അതിന്റെ തെക്കേഅറ്റത്തുള്ള ഒരു കഷണം മാത്രമാണ്‌ ഇന്ന്‌ ഊട്ടുപുരയായി ബാക്കി നിലനിൽക്കുന്നത്‌. പണ്ടത്തെ ഊട്ടുപുരയിൽ എല്ലാ ദിവസവും ബ്രാഹ്മണർക്കും അന്നത്തെ സർക്കാർ സൗജന്യസദ്യ നൽകിയിരുന്നു. 400 പറ അരിവരെ അവിടെ ഒരു ദിവസം വെച്ചു വിളമ്പിയിട്ടുണ്ടെന്നു പഴമക്കാർ ഓർക്കുന്നു. രാജഭരണം കഴിഞ്ഞശേഷം ഇന്നു ശേഷിപ്പുള്ള ഊട്ടുപുര കല്യാണാവശ്യങ്ങൾക്കായി ദേവസ്വം ബോർഡിൽ നിന്നും വാടകയ്ക്കുകൊടുക്കുന്നു. ഉത്സവക്കാലത്ത്‌ മേളക്കാരും, ജോലിക്കാരും, കലാകാരന്മാർക്കും, ആനക്കാർക്കുമൊക്കെ ഇവിടെ ഭക്ഷണം വിളമ്പുന്നു. ഉത്രം തിരുനാൾസദ്യയും വിളമ്പുന്നത്‌ ഇവിടെയാണ്‌.
എല്ലാ ക്ഷേത്രങ്ങളിലും കൊടിയേറ്റും ആറാട്ടുമുള്ള ഒരു വാർഷികോത്സവമാണുണ്ടാവുക. എന്നാൽ തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിൽ മാത്രം ഒരു വർഷത്തിൽ പൂർണ്ണമായ മൂന്നു ഉത്സവങ്ങളുണ്ട്‌. ആദ്യത്തേത്‌ ചിങ്ങമാസത്തിലെ മൂശാരി ഉത്സവവും, രണ്ടാമത്തേത്‌ വൃശ്ചികത്തിലെ വാർഷികോത്സവവും മൂന്നാമത്തേത്‌ കുംഭമാസത്തിലെ പറയെടുപ്പുത്സവവുമാണ്‌. മൂന്നും ചോതി നക്ഷത്രത്തിൽ കൊടിയേറി തിരുവോണം ആറാട്ടു പ്രധാനമായാണ്‌ നടത്തുന്നത്‌.
ചിങ്ങമാസത്തെ ഉത്സവം മലയാള വർഷത്തിൽ കേരളക്കരയിലെ രണ്ടാമത്തെ ഉത്സവമാണ്‌. (ആദ്യത്തെ ഉത്സവം തൃക്കാക്കര വാമനമൂർത്തിക്ഷേത്രത്തിൽ അത്തം നാളിൽ കൊടിയേറുന്ന ഉത്സവമാണ്‌) തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ കൊടിയേറ്റം ചോതി നക്ഷത്രത്തിലാണെന്നു സൂചിപ്പിച്ചുവല്ലോ. അത്തവും ചിത്തിരയും കഴിഞ്ഞാണല്ലോ ചോതി. ഇവിടത്തെ ചിങ്ങത്തിലെ ഉത്സവത്തിനു മൂശാരി ഉത്സവമെന്നാണു പേര്‌. വിഗ്രഹം നിർമ്മിച്ച ശിൽപി വിഗ്രഹത്തിന്റെ പൂർണ്ണതയ്ക്കായി ഭഗവാനെ പ്രാർത്ഥിച്ചു ഒടുവിൽ പ്രതിഷ്ഠയോടു ചേർന്നു ലയിച്ചുപോയി എന്നാണു സങ്കൽപം. ഏതായാലും വിഗ്രഹനിർമ്മാണ പ്രക്രിയയിലെ അവസാനത്തെ ജോലി (നേത്രോന്മീലനം-കണ്ണുതെളിയിയ്ക്കൽ) പൂർത്തിയായിട്ടില്ലെന്നു വിഗ്രഹം കണ്ടാൽ നമുക്കു മനസ്സിലാകും. അതിനു മുമ്പേ ശിൽപി ഭഗവാനിൽ ലയിച്ചു. ഒരു കലാകാരന്റെ ഓർമ്മയ്ക്കു മാത്രമായി കൊടിയേറ്റും ആറാട്ടുമുള്ള എട്ടു ദിവസത്തെ ഒരുത്സവവും മറ്റൊരു മഹാദേവക്ഷേത്രത്തിലും കേട്ടിട്ടില്ല.
അതുപോലെ തന്നെ പറയെടുപ്പിന്നുമാത്രമായി എട്ടുദിവസം നീണ്ടുനിൽക്കുന്ന, കൊടിയേറ്റും ആറാട്ടുമുള്ള ഒരുത്സവവും ഇവിടെ മാത്രമേയുള്ളു. പണ്ട്‌ തൃപ്പൂണിത്തുറയിലും പരിസരപ്രദേശങ്ങളിലും തൃപ്പൂണിത്തുറ ദേവസ്വം ഭൂമിയാണു അ‍ികമുണ്ടായിരുന്നത്‌. ജന്മി തന്റെ നിലങ്ങളും പുരിയിടങ്ങളും കാണാനായി വർഷത്തിലൊരിക്കൽ നാട്ടിൽ മുഴുവൻ സഞ്ചരിയ്ക്കുന്നതായാണു സങ്കൽപം. മിക്കവാറും ഭവനങ്ങളിലും ചിലപ്രധാന ക്ഷേത്രങ്ങളിലും ഭഗവാനെ എതിരേറ്റു നിറപറവെച്ച്‌ സ്വീകരിയ്ക്കുന്നതാണ്‌ ചടങ്ങ്‌. പോകുന്ന വഴികളിലെല്ലാം പറകൾ സ്വീകരിച്ചു കൊണ്ടാണു എഴുന്നള്ളിപ്പ്‌. കുംഭമാസത്തിൽ ചോതി കൊടികയറി തിരുവോണം ആറാട്ടു പ്രധാനമായാണു പറയെടുപ്പുത്സവം.
ഇനി പറയുന്നതാണ്‌ ഇവിടത്തെ ഏറ്റവും വലിയ ഉത്സവം. വൃശ്ചിക മാസത്തിലെ ചോതി നക്ഷത്രത്തിൽ കൊടികയറി തിരുവോണം ആറാട്ടായി നടത്തുന്ന വാർഷികോത്സവം. ഈ വർഷത്തെ ഉത്സവം നവംബർ 16 മുതൽ 23 വരെ. (വൃശ്ചികം ഒന്നു മുതൽ എട്ടുവരെ)യാണു നടത്തുന്നത്‌. ഈ ഉത്സവത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച്‌ നമുക്കൊന്നു ചിന്തിക്കാം. ഈ ഉത്സവം പൊലിമകൾകൊണ്ടും വ്യത്യസ്ഥതകൾകൊണ്ടും ഒരു പ്രത്യേകതലത്തിൽ വിരാജിയ്ക്കുന്നു.
ഇവിടത്തെ മൂന്നു ഉത്സവങ്ങളും ചോതി നക്ഷത്രത്തിൽ കൊടിയേറി തിരുവോണം നക്ഷത്രത്തിൽ ആറാട്ടായാണു നടത്തുക എന്നു പറഞ്ഞുവല്ലോ! എന്നാൽ ഈ വർഷം നവംബർ 16-നു ചോതിയല്ല വിശാഖമാണ്‌. വൃശ്ചികമാസത്തിൽ അനിഴം രണ്ടു ദിവസങ്ങളിൽ വരുന്നതുകൊണ്ട്‌ തിരുവോണം. ആദ്യം ഉറപ്പിച്ച്‌ അന്ന്‌ ആറാട്ട്‌ നിശ്ചയിച്ച്‌ തുടർന്നുമുകളിലേക്കു എട്ടാം ദിവസം 16-ആയുള്ള ഈ വർഷം കൊടിയേറുന്നത്‌.
എല്ലാ ആഘോഷങ്ങളുടേയും തുടക്കം കൊടിയേറ്റിൽ നിന്നാണല്ലോ! പ്രത്യേകിച്ച്‌ ഉത്സവങ്ങളുടെ. എന്നാലിവിടെ കൊടിയേറ്റിനു അരദിവസംമുമ്പേ 15 ആനകളും പൂർണ്ണമേളവും അണിനിരക്കുന്ന പൂർണ്ണതോതിലുള്ള ശിവേലി ആരംഭിച്ചുകഴിയും. തുടർന്ന്‌ ഓട്ടൻതുള്ളൽ തുടങ്ങിയ ക്ഷേത്രകലാപരിപാടികളും അരങ്ങേറും. അതിനെല്ലാം ശേഷം സന്ധ്യയ്ക്കാണ്‌ കൊടികയറ്റം. കൊടിയേറ്റ ദിവസം രാവിലെ എട്ടു മുതൽ ആരംഭിയ്ക്കുന്ന ഉത്സവ പരിപാടികൾ ആറാട്ടുദിവസം പുലരുന്നതുവരെ ഇടതടവില്ലാതെ തുടരും. ഈ ഒരു രീതി തൃപ്പൂണിത്തുറ ക്ഷേത്രത്തിനു മാത്രം സ്വന്തം.
കൊടികയറ്റിന്നുമുമ്പ്‌ ധാന്യങ്ങൾ മുളയിടുന്ന പതിവ്‌ മിക്കക്ഷേത്രങ്ങളിലുമുണ്ട്‌. കൊടിയേറ്റുന്നാൾ മുളയിടുന്ന ധാന്യങ്ങൾ ആറാട്ടാകുമ്പോഴേക്കും മുളച്ച്‌ ചെറിയ ചെടികളായിത്തീരും. അത്‌ ആറാട്ടുനാൾ ഭക്തർക്കു പ്രസാദമായി നൽകും. എന്നാലിവിടെ കൊടിയേറ്റിനും ഒരാഴ്ചയ്ക്കു മുമ്പ്‌ ധാന്യങ്ങൾമുളയിടുകയും കൊടിയേറ്റിനുമുമ്പ്‌ മുളച്ചുചെടികൾ പ്രസാദമായി വിതരണം ചെയ്യുകയുമാണ്‌ പതിവ്‌.
അതുപോലെത്തന്നെ കൊച്ചീ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മറ്റൊരു ക്ഷേത്രത്തിലും (രവിപുരം ക്ഷേത്രത്തിലൊഴികെ) ഉത്സവത്തോടനുബന്ധിച്ച്‌ ബ്രഹ്മകലശം ആടുന്ന പതിവില്ല. രവിപുരം ക്ഷേത്രം ഇപ്പോൾ ദേവസ്വംബോർഡിന്റെ കീഴിലാക്കിയെങ്കിലും രാജഭരണത്തിനുശേഷം ഏതാണ്ടു 32 വർഷത്തോളം വലിയമ്മ തമ്പുരാൻ കോവിലകം ഭരണത്തിലായിരുന്നു. തൃപ്പൂണിത്തുറ ക്ഷേത്രത്തിലും രവിപുരം ക്ഷേത്രത്തിലും കൊടിയേറ്റിനുമുമ്പായി അതിവിശിഷ്ടമായ ബ്രഹ്മകലശം അഭിഷേകം നടക്കുന്നു.
ഈ വാർഷികോത്സവത്തിന്‌ നാലാം ദിവസമായ തൃക്കേട്ട മുതൽ എഴുന്നള്ളിയ്ക്കുന്ന ആനയുടെ തലേക്കെട്ടും കോലവും കുടയും, എഴുന്നള്ളിപ്പിന്നുമുമ്പിൽ കാണിക്കയിടാനായിവെയ്ക്കുന്ന കുടവും തനി സ്വർണ്ണമാണ്‌ - സ്വർണ്ണം പൂശിയതല്ല. മറ്റു ക്ഷേത്രങ്ങളിൽ ആനപ്പുറത്തു കോലം, കുട, വേഞ്ചാമരം, ആലവട്ടം എന്നിവയാണ്‌ പിടിയ്ക്കുന്നത്‌. എന്നാലിവിടെ തുണികൊണ്ടുള്ള 'തഴ' കൂടി പ്രദർശിപ്പിയ്ക്കുന്നു. അതു മേൽപ്പറഞ്ഞ നാല്‌ ഇനങ്ങൾക്കും മുകളിലായി പരിലസിയ്ക്കുന്നതുകാണാം. രാത്രിയാണെങ്കിൽ വെള്ളയും പകൽ വയലറ്റുംനിറമുള്ള തഴകളാണ്‌ ഉപയോഗിയ്ക്കുന്നത്‌.
എല്ലാ ആഘോഷങ്ങൾക്കും ഏറ്റവും ഒടുവിലത്തെ ചടങ്ങാണല്ലോ കൊടിയിറക്കം. എന്നാൽ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ മാത്രം ഉത്സവത്തിന്റെ എട്ടാം ദിവസം സന്ധ്യയ്ക്കു കൊടിയിറക്കിയതിനു ശേഷമാണ്‌ മേജർ സെറ്റു പഞ്ചവാദ്യം തകർക്കുന്നത്‌.
കൊടിയിറക്കി കഴിഞ്ഞാൽ ഭഗവാനെ എഴുന്നള്ളിച്ച്‌ പടിഞ്ഞാറെ ഗോപുരത്തിൽ കൂടി പുറത്തേയ്ക്കു കടന്നു തെക്കേഭാഗത്തുള്ള എളേടത്തു മൂസ്സതിന്റെ ഇല്ലത്തെ പറയെടുത്തു തിരിച്ചുപോരുന്നു. അന്നൊരു ദിവസം മാത്രമേ ഭഗവാൻ പടിഞ്ഞാറെ ഗോപുരം വഴി പുറത്തേയ്ക്കുള്ള യാത്രയുള്ളു. അതിനുശേഷം ആറാട്ടെഴുന്നള്ളിപ്പു കിഴക്കേനട, സ്റ്റാച്യു വഴി ചക്കംകുളങ്ങര ക്ഷേത്രക്കുളത്തിലെത്തി ആറാട്ടു കഴിഞ്ഞ്‌ തിരികെ ക്ഷേത്രത്തിലെത്തിയാൽ പുലർച്ചേ മൂന്നു മണിയോടെ വീണ്ടും 15 ആനകളും പൂർണ്ണമേളമുള്ള എഴുന്നുള്ളിപ്പു നടക്കും.

തൃപ്പൂണിത്തുറയ്ക്കു പുറത്തുള്ളവരെല്ലാം എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ ഉത്സവത്തിനു എത്തിച്ചേരാതിരിക്കില്ല. വലിയ ഒരു പരിപാടിയുമില്ലെങ്കിലും ഉത്സവകാലത്തു രാവിലേയും സന്ധ്യക്കും ക്ഷേത്രത്തിൽ വൻ തിരക്കായിരിക്കും. ആ തിരക്കിൽ പലരും വർഷങ്ങൾ തോറും, ചിലർ വർഷങ്ങൾക്കു ശേഷവും കണ്ടുമുട്ടും, പരിചയവും ബന്ധവും പുതുക്കും. എന്തിന്‌, ക്ഷേത്രത്തിൽവെച്ച്‌ വിവാഹാലോചനകൾ പലതും നാമ്പെടുക്കും.
തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വെടിക്കെട്ടില്ല. ഒരു കതിനവെടിപോലും ഉണ്ടാകില്ല. ഭഗവാനു വെടിക്കെട്ടിന്റെ ശബ്ദബഹളം ഇഷ്ടമല്ലെന്നാണു പഴമക്കാരുടെ മതം. എന്നാൽ പറയ്ക്കെഴുന്നള്ളിച്ചു പുറത്തു പോകുമ്പോൾ ചില്ലറ കരിമരുന്നുപ്രയോഗങ്ങൾ എഴുന്നള്ളിപ്പിന്നു മുമ്പിൽ പതിവുണ്ടുതാനും.
ശബരിമല,ചോറ്റാനിക്കര, കൊടുങ്ങല്ലൂർ തുടങ്ങിയ മഹാക്ഷേത്രങ്ങളിൽ ഉത്സവക്കാലത്തു പായസം, അപ്പം തുടങ്ങിയ നിവേദ്യങ്ങൾ വിൽപനയ്ക്കു ലഭിക്കും. എന്നാൽ ഈ ക്ഷേത്രത്തിൽ ഉത്സവാഘോഷങ്ങൾക്കുള്ള നിവേദ്യമല്ലാതെ ഒന്നും ഉത്സവക്കാലത്തു തയ്യാറാകുകയില്ല; വിൽപ്പനയുമില്ല. കൃഷ്ണവിഷ്ണു ക്ഷേത്രങ്ങളിലെല്ലാം പാൽപ്പായസമാണല്ലോ പ്രധാന നിവേദ്യം! അമ്പലപ്പുഴ പാൽപ്പായസത്തിനു ഒരു പ്രത്യേക നിറം-ഏതാണ്ടു ഗോതമ്പിനോടുചേർന്നനിറ-മാണല്ലോ ഉള്ളത്‌. എന്നാൽ ഗുരുവായൂരെ പാൽപ്പായസത്തിനു തനി വെള്ളനിറമാണ്‌. തൃപ്പൂണിത്തുറയിലെ പാൽപന്തീരാഴിയ്ക്കുള്ളതിനു രണ്ടിനുമിടയിലുള്ള ഒരു വെളുത്തനിറമാണുള്ളത്‌. മൂന്നിനും മൂന്നു തരത്തിലുള്ള സാത്വിക ഭാവങ്ങളും സ്വാദുമുണ്ട്‌. പാൽപന്തിരുനാഴിയ്ക്കു 2500/- രൂപയാണു നിരക്ക്‌. അതും വരും മാസങ്ങളിലേക്ക്‌ അഡ്വാൻസ്‌ ബുക്കിങ്ങാണ്‌. ഇതും ഉത്സവക്കാലം ഒഴിവാക്കിയേ ബുക്കു ചെയ്യുന്നുള്ളു.

ക്ഷേത്രപ്രവേശനം ലഭിച്ചതിനു ശേഷവും തൃപ്പൂണിത്തുറ കോട്ടയ്ക്കകത്തേയ്ക്ക്‌ പിന്നോക്ക ദളിതജനങ്ങളെ കടത്തിയിരുന്നില്ല. അതുകൊണ്ട്‌ 1949 വരെ പിന്നോക്ക സമുദായാംഗങ്ങളും ഹരിജനങ്ങളും തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഉത്സവം കണ്ടിട്ടില്ല. പിന്നോക്ക സമുദായക്കാരെയും ദളിതരേയും തടയാൻ രാജഭരണകാലത്തെ സർക്കാർ വടക്കേക്കോട്ട വാതിലിലും കിഴക്കേക്കോട്ടവാതിൽക്കലും ഈ രണ്ടു മണിക്കൂർ ഷിഫ്റ്റായി കാവൽക്കാരെ നിയോഗിച്ചിരുന്നു. തൃപ്പൂണിത്തുറ ക്ഷേത്രത്തിന്റെ തെക്കേഗോപുരം ഇന്നും അടഞ്ഞുതന്നെ കിടക്കുന്നു. ഉത്സവക്കാലത്തും ഇതുതുറക്കാറില്ല. തമ്പുരാട്ടിമാർക്ക്‌ ക്ഷേത്രത്തിനകത്തേയ്ക്കു പ്രവേശിയ്ക്കാനുള്ള ഈ കവാടം ക്ഷേത്രപ്രവേശനത്തിനു ശേഷം തുറന്നിട്ടേയില്ല.
രാജഭരണകാലത്ത്‌ മഹാരാജാവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്നിരുന്ന ഈ ഉത്സവം ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ചിട്ടുള്ളതാണ്‌. മഹാരാജാവ്‌ മേളം നേരിട്ട്‌ വിലയിരുന്നു. അതിനാൽ "തിരുമുമ്പിൽ മേളം" എന്നൊരു പദപ്രയോഗം തന്നെയുണ്ട്‌.
ഇന്നു പൂരങ്ങളുടെ പൂരമെന്നു അറിയപ്പെടുന്ന തൃശൂർ പൂരം കഴിഞ്ഞാൽ ഏറ്റവും വലിയ മേളവും, ഏറ്റവും വലിയ പഞ്ചവാദ്യവും ഏറ്റവും കൂടുതൽ അനുഷ്ഠാനകലകളും തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ വാർഷികോത്സവത്തിനാണുള്ളത്‌.