Followers

Wednesday, April 14, 2010

അപേക്ഷകന്‌


sathya narayan
ഞാൻ കാത്തിരിക്കാം
ആ വഴി നിനക്കുമുണ്ട്‌
അധികാരം,
അത്‌ ചീയുന്ന മുറിയിൽ
നിന്റെ ഫയലുമുറങ്ങുകയാവും
എന്റെ സ്വപ്നം
ഒരു മഞ്ഞ പട്ടമാണ്‌,
നിന്റേത്‌ ആകാശവും
നമുക്ക്‌ കാത്തിരിക്കാം
അല്ലെങ്കിലും സ്വപ്നങ്ങൾ,
അതെന്നേയ്ക്കുമുള്ളതാണ്‌

വരവ്‌
സത്യനാരായണൻ
കിണ്ടിയും കോളാമ്പിയുമില്ല
ചക്കയും തോട്ടിയും മറഞ്ഞു
പക്ഷേ അവൻ വരും
പ്രഭാപൂരങ്ങൾ വെറുതെയാണ്‌
അലമാരയും അലാറവും വെറുതെ
കറന്റ്‌ പോയെന്ന്‌ വരാം
ഷോപ്പിങ്ങ്‌ മാളിലും
പാർക്കിങ്ങ്‌ സ്പേസിലും
ഇരുട്ടു പരക്കാം
ഇരുട്ടത്തവൻ വരും
കള്ളൻ.


സ്വപ്നം
സത്യനാരായണൻ
തെരുവിൽ കറുത്ത പട്ടിയുണ്ട്‌
പൂക്കച്ചവടക്കാരുണ്ട്‌
പെണ്ണുങ്ങളുണ്ട്‌, തോറ്റവരുണ്ട്‌
മറ്റത്ഭുതങ്ങളൊന്നുമില്ല
മൗനവും താങ്ങി
ചില തുന്നിക്കെട്ടലുമായ്‌
ആ വഴിയൊരാൾ നടന്നു
അകലത്തെ കടല്‌ നോക്കി
വെറുതെ പിറുപിറുത്തു
"എനിക്ക്‌ പറക്കണം".

ഒരു കുഞ്ഞിക്കരച്ചിലിന്റെ മാറ്റൊലിയിൽ



kayyummu kottappadi
ചുടുനിശ്വാസങ്ങളുടെ വേദനയിൽ
ഊറിക്കൂടിയ കവിതകൾ
നുള്ളിക്കളയാനുള്ളതായിരുന്നില്ല
ജഢചുമക്കുന്നവന്റെ മുന്നിൽ
ഈണം പതിഞ്ഞ നിലവിളികൾ
ഒറ്റപ്പെട്ട മൗനവുംപേറി
തോറ്റുകളയാനുള്ളതായിരുന്നില്ല....
ഉന്തുവണ്ടിപോലെ
ഉന്തിനീക്കാനായിരുന്നില്ല,
മോഹിച്ചുണർത്തിയ സംത്രാസങ്ങൾ....
ഞങ്ങൾ കരുതിവെച്ച സ്വപ്നങ്ങൾ....
മണിയറയുടെ കിനാക്കളും മോഹങ്ങളും
ഒരു താലിച്ചരടിന്റെ സമ്മോഹനതയിൽ
ബലിയർപ്പിയ്ക്കപ്പെടാനുള്ളതായിരുന്നില്ല...
ഒടുവിലിപ്പോൾ-
ഗർഭപിണ്ഡത്തിന്റെ സ്പന്ദിക്കുന്ന ഹൃദയമിടിപ്പിൽ
ഒരേയൊരു ചോദ്യമേയുള്ളു,
നീയതിനെ കൊന്നുമൂടാത്തതെന്ത്‌?
നീയതിനെ കൊന്നുമൂടാത്തതെന്ത്‌?
ഇനിയിപ്പോൾ-
പ്രണയത്തിനു മുൻപിൽ കുറ്റപ്പെടുത്തലുകളും
ചോദ്യങ്ങളുമില്ലാത്ത
ഒരു കുഞ്ഞിക്കരച്ചിലിന്റെ
മാറ്റൊലിയിൽ....
ഞാൻ കണ്ടു,
ഒരു കുഞ്ഞിവിരൽ എനിക്കുനേരെ
നീണ്ടുനീണ്ടു വരുന്നത്‌!

ബലിക്കല്ല്‌



ambika
ബലിക്കല്ലിനടുത്ത്‌ ചുവരുചാരി സ്മൃതിപഥങ്ങളിലേക്കു ഞാൻ മിഴി തുറന്നു.
എനിക്കു ചുറ്റുമുള്ള എനിക്കൊപ്പമുള്ള ആൾക്കൂട്ടത്തിന്റെ ആരവങ്ങൾ എന്നെ തെല്ലും അലോസരപ്പെടുത്തിയില്ല.
സൂര്യവെളിച്ചം തിട്ടപ്പെടുത്തിയറിഞ്ഞ്‌, വേണ്ടിടങ്ങളിൽ വെളിച്ചം സ്ഥാപിച്ചുറപ്പിക്കാൻ, ഒച്ചവെച്ച്‌ ഓടി നടന്ന്‌ ഒപ്പമുള്ളവർക്ക്‌ നിർദ്ദേശം നൽകി വെയിലത്തുരുകി നിൽക്കുന്ന ക്യാമറാമാനോ, എന്റെ വായിൽ നിന്നുമെന്തെങ്കിലും വീഴാൻ കാത്ത്‌, ഫയലും പാഡുമായി അൽപ്പമകലം പാലിച്ച്‌ എന്നാൽ എന്നെത്തന്നെ ഉറ്റുനോക്കി നിൽക്കുന്ന എന്റെ സഹായികളോ എന്റെ കാഴ്ചകൾക്കപ്പുറത്ത്‌ അദൃശ്യമായി നിലകൊണ്ടു.
ആൽത്തറ കഴിഞ്ഞ്‌, തൊട്ടപ്പുറത്തെ മതിൽക്കെട്ടിനപ്പുറത്ത്‌ ഏന്തി വലിഞ്ഞു നിന്നും, മതിലിൽ വലിഞ്ഞു കേറിയും, വെള്ളിത്തിരയിൽ കോൾമയിർ കൊള്ളിക്കുന്ന നായക നടനോ, വിടർന്ന നീണ്ട മിഴികൾക്കറ്റത്ത്‌ കണ്ണീർമുത്തിന്റെ തിളക്കവുമായി തങ്ങളുടെ നെഞ്ചുപൊളിക്കുന്ന നായിക നടിയോ ഉടനടിയൊരു നിമിഷം പൊട്ടിവീണേക്കാമെന്ന ഉൽകണ്ഠയുമായി തുറിച്ചുനോക്കി, അടക്കം പറയുന്ന ആൾക്കൂട്ടമോ എന്റെ ഏകാന്തത്തയിൽ കേറി വന്ന്‌ എന്നെ അലോസരപ്പെടുത്തിയില്ല ഞാനപ്പോഴും ബലിക്കല്ലിനടുത്ത്‌ ചുവരു ചാരി നിൽക്കയായിരുന്നു.
കിണറ്റിൻകരയിൽ തേച്ചുവെളുപ്പിക്കാൻ വെച്ച ഉരുളിയിലെവിടെയെങ്കിലും ഉണങ്ങി പറ്റിപ്പിടിച്ച വറ്റ്‌ കൊത്തിപ്പറിക്കാനെത്തിയ കാക്കകളുടെ ആരവം ചെവിയിലലച്ചപ്പോഴും, പാതി നനഞ്ഞ ചുവന്ന പുളിയിലക്കരയൻ തോർത്ത്‌ അരയിൽ നിന്നൂര്ർന്നുപോവാതെ ഇടയ്ക്കൊന്നു താങ്ങിപ്പിടിച്ച്‌, ബലിക്കല്ലിനടുത്ത്‌ ചുവരുചാരി ഞാനാരേയോ തേടുകയായിരുന്നു.
അച്ഛന്റെ പിറുപിറുക്കലുകൾ കിണറ്റിൻകരയിൽ നിന്നും പറന്നകലുന്ന കാക്കകളുടെ കലപില ശബ്ദത്തിനൊപ്പം കടന്നുപോവുന്നതറിഞ്ഞിട്ടും, അമ്പലക്കുളത്തിനപ്പുറത്തുള്ള നേർത്ത, ചുവന്നപൊടി പാറുന്ന റോഡിലൂടെ വളവു തിരിഞ്ഞെത്തുന്ന സാരിയുടെ തിളക്കത്തിലേക്ക്‌ ഞാൻ ആഹ്ലാദത്തോടെ പിടഞ്ഞു നിന്നു. ഗിൽറ്റുവെച്ച തിളങ്ങുന്ന സാരി വാരിവലിച്ചുടുത്തും, വാരിക്കെട്ടിവെച്ച മുടിക്കെട്ടിൽ നിന്നും വാടിയ മുല്ലപ്പൂക്കളുടെ വല്ലാത്തൊരു ഗന്ധം പ്രസരിപ്പിച്ചും, വിളിച്ചാൽ കേൾക്കാവുന്നയകലത്തിൽ ശ്രീകോവിലിനുള്ളിലേക്ക്‌ പാളി നോക്കി, കൈകൂപ്പി, കണ്ണടച്ച്‌ എന്തൊക്കെയോ പിറുപിറുത്ത്‌, അവർക്കരികിലേക്ക്‌, ഏറെ ഇഷ്ടമുള്ള ആരേയോ ദിവസങ്ങൾക്കു ശേഷം കണ്ടുമുട്ടുന്ന ചിരിയോടെ ഞാൻ നിന്നു.
നിറഞ്ഞ കണ്ണുതുറന്ന്‌ അൽപ്പം ചുവന്ന ചുണ്ടും പല്ലും വിടർത്തി വിടർന്നൊന്നു ചിരിച്ച്‌, തിളങ്ങുന്ന സാരിയുടെ കോന്തലയഴിച്ച്‌ മുഷിഞ്ഞ ഒന്നു രണ്ടു നോട്ടുകൾ എന്റെ കൈകളിൽവെച്ച്‌, തിരിഞ്ഞ്‌ നടന്ന്‌, പൊടുന്നനെ എന്നെയൊന്നു തിരിഞ്ഞുനോക്കി അവർ തിരക്കിട്ടു നടന്നു. ആൽത്തറയ്ക്കും അമ്പലക്കുളത്തിനുമപ്പുറത്തുള്ള വളവിലേക്ക്‌ അവർ നടന്നു മറഞ്ഞതും, ക്ഷേത്രത്തിനകത്തേക്ക്‌ ഞാനോടിക്കേറി മുഷിഞ്ഞ നോട്ടുകൾ തേവർക്കു മുന്നിൽ ഭണ്ഡാരത്തിലിട്ട്‌, ആശ്വാസത്തോടെ നിശ്വസിച്ച്‌ കിണറ്റിൻ കരയിലേക്കോടി. കുട്ടകത്തിൽ നിന്നും വെള്ളം മുക്കിയെടുത്ത്‌ സ്വർണ്ണംപോലെ തേച്ചുവെളുപ്പിച്ച ഉരുളികൾ കഴുകുന്ന അച്ഛന്റെ ക്ഷീണിച്ച കണ്ണുകളിലേക്ക്‌ പാളിനോക്കി കലശക്കൊടങ്ങളും നിലവിളക്കുകളും ഞാൻ തേച്ചു മിനുക്കാനാരംഭിച്ചു.
-എവ്ട്യായ്‌ർന്നൂ ത്ര നേരം...?
-വെർത്തെ....കൊളത്തിന്റട്ത്ത്‌.....
-പണ്യെന്താച്ചാ വയ്ക്ക്വേങ്കി തീർത്തിട്ട്‌ പോയിർന്ന്‌ പഠിച്ചൂടേ നാലക്ഷരം...
-ഉവ്വ്‌....ഇദൊക്കെപ്പോ ഞാൻ മോറിക്കോളാം..
വെട്ടിത്തിളങ്ങുന്ന ഉരുളികൾ തിടപ്പള്ളിക്കടുത്തെ പടിക്കെട്ടിൽ കമിഴ്ത്തി വെച്ച്‌, ക്ഷേത്രമത്തിൽക്കെട്ടിനു പുറത്തെ ഒറ്റമുറി ലൈൻ വീട്ടിലേക്കോടി പുസ്തകങ്ങൾക്കു മുന്നിലിരിക്കുമ്പോൾ അവരായിരുന്നു മനസ്സുനിറയെ.
തിടപ്പള്ളിയിലെ അടുപ്പിനു കീഴെ നീറിക്കത്തുന്ന നനഞ്ഞ വിറകിലേക്ക്‌ ഊതിയൂതി കണ്ണുകൾ ചുവന്ന്‌ നിറഞ്ഞൊഴുകിയപ്പോൾ, അച്ഛൻ വാത്സല്യത്തോടെ പുറത്തു തട്ടി.
-രാമൂട്ടി ണീറ്റോളൂ....കണ്ണുംമോറും ചൊവന്ന്‌ നീറുംന്റെ കുട്ടിയ്ക്ക്‌....
നിറഞ്ഞൊഴുകി നീറുന്ന കണ്ണ്‌ തോർത്തിന്ററ്റത്ത്‌ തുടച്ച്‌, മൂക്കുചീറ്റി ബലിക്കല്ലിനടുത്ത്‌ ചുവരു ചാരി നിന്നപ്പോഴാണ്‌, സ്വപ്നത്തിലെന്ന പോലെ മുത്തുകിലുങ്ങുന്ന മനോഹരമായ ശബ്ദത്തിലേക്ക്‌ അവിശ്വസനീയതയോടെ ഞാനാദ്യമായി അവരെ കണ്ടത്‌.
-തമ്പ്‌രാൻ കുട്ട്യേ....
അൽപ്പം കറുത്തു തടിച്ച, തിളങ്ങുന്ന സാരി വാരിവലിച്ചുടുത്ത ചിരിക്കുന്ന മുഖത്തേക്ക്‌, ഞാനപരിചിത്വത്തോടെ തുറിച്ചു നോക്കി.
-തമ്പ്‌രാൻ കുട്ട്യേ, ദ്‌ തേവർട്ടെ ഭണ്ഡാരപ്പെട്ടീൽട്വോ...?
മുഷിഞ്ഞ രണ്ടുരൂപ നോട്ട്‌ വെച്ചു നീട്ടിയ അവരുടെ മിഴികളിൽ വാത്സല്യം കിനിയുന്നത്‌ ഞാനറിഞ്ഞു.
-കുളിച്ചിട്ടില്ല്യാ...കോവിലിനകത്ത്‌ കേറാൻ വയ്യാഞ്ഞിട്ടാ ട്ടോ...
ഏതോ നിയോഗത്താലെന്നപോലെ ഞാനറിയാതെ, ഞാനാ നോട്ടുവാങ്ങി ഭണ്ഡാരത്തിനടുത്തേക്കോടി. പിന്നെ, നിത്യേന പുലർച്ചേ 'തമ്പ്‌രാൻ കുട്ട്യേ' എന്ന നീട്ടിയുള്ള അവരുടെ മധുരസ്വരത്തിനായി കാതോർത്ത്‌, അവരെ കാത്തു നിൽക്കുന്നതും അവരാ പതിവ്‌ തെറ്റിക്കാതിരിക്കുന്നതും എനിക്കും അവർക്കും പതിവായി. ചിലപ്പോഴൊക്കെ അമ്പലക്കെട്ടിനകത്തിരുന്ന്‌ ഞാൻ മാല കെട്ടുമ്പോഴാവും അവരുടെ പതിഞ്ഞ എന്നാൽ നീട്ടിയുള്ള വിളി കാത്തിരുന്നപോലെ. കെട്ടുന്ന മാലയും പൂക്കളും ഇലയിലിട്ട്‌ ഞാനോടും. അവരാരാണെന്നും, പുലർച്ചേ മുഷിഞ്ഞ വസ്ത്രങ്ങളും, വാടിയ മുല്ലപ്പൂക്കളുടെ ഗന്ധവുമായി അവരെവിടുന്നാണ്‌ വരുന്നതെന്നും, ദിവസവും കുറച്ച്‌ മുഷിഞ്ഞ രൂപനോട്ടുകൾ തേവരുടെ ഭണ്ഡാരത്തിലിടാനായി എന്നെ ഏൽപ്പിക്കുന്നതെന്തിനെന്നും എനിക്ക്‌ മനസ്സിലായില്ല. ഇടയ്ക്കൊക്കെ മാല കെട്ടാനും, വഴിപാടുകളൊരുപാടുള്ളപ്പോൾ പാത്രം മോറാനും സഹായിക്കുന്ന പത്മിന്യേടത്തി വാരസ്യാരാണ്‌ ദഹിപ്പിക്കുംപോലെ തുറിച്ചുനോക്കി, ശാസനയോടെ അടക്കം പറഞ്ഞത്‌.
-രാമൂട്ട്യെന്തിനാ ആ അസത്തിന്റട്ത്ത്ന്ന്‌ പൈസ വാങ്ങി ഭണ്ഡാരത്തിലിട്ന്നദ്‌?
-ഏത്‌ പൈസ...?
ഞാൻ നിഷ്കളങ്കതയോടെ പത്മിന്യേടത്തി വാരസ്യാരെ മിഴിച്ചുനോക്കി.
-ദേ പ്പോ നന്നായേ....ന്റെ ചെറ്‌ വെരളിന്റേത്ര്യേള്ളൂ ചെക്കൻ...മോത്തുനോക്കി നൊണേം പറഞ്ഞൊടങ്ങില്ല്യേ...? ന്നാ കേട്ടോളൂ... അയ്മ്മേന്റെ സത്യല്ല്യാത്ത പൈസ വാങ്ങി ഭണ്ഡാരത്തിലിടണ്ടാ കുട്ടിനി മേലാല്‌...
-ന്താട്ടാല്‌...? അവര്‌ പാവല്ലേ....? ല്ല്യാച്ചാ പൈസയ്ക്ക്‌ സത്യംണ്ടോ?
-ന്താപ്പോ ഇക്കൂട്ട്യേട്‌ ഞാൻ പറയ്യാന്റെ തേവരേ...അദൊന്നും പ്പോ കുട്ടിക്കറീല്ല്യാ...അറീല്ല്യാച്ചാ, അറീണോരു പറഞ്ഞ്‌ തന്നാ അൻസരിയ്ക്ക്യാ....അത്രന്നെ...
കറുത്തിട്ടാണെങ്കിലും, ഈ കുശുമ്പി വാരസ്യാരേക്കാളും എത്രമാത്രം സുന്ദരിയാണ്‌ അവരെന്ന്‌, പത്മിന്യേടത്തി വാരസ്യാരുടെ കുടുക്ക പോലെ വീർത്ത മുഖത്തേക്ക്‌ പാളി നോക്കി ഞാൻ ചിരിയടക്കി.
അവരെ കാത്തു നിൽക്കുമ്പോഴെന്നുമോർക്കും ഇന്നെങ്കിലും അവരുടെ ഊരും പേരും ചോദിക്കണമെന്ന്‌. പക്ഷേ, എന്തുകൊണ്ടോ ഇത്ര വരെ അവരോടൊരക്ഷരം ഉരിയാടാനായിട്ടില്ലെന്നതാണ്‌ നേര്‌.
പുലർച്ചേ, പത്മിന്യേടത്തി വാരസ്യാർ പറഞ്ഞതിന്റത്രയും പൊരുളറിയാനും, അതവരോടു തന്നെ സംശയനിവാരണം നടത്താനുമായി, അച്ഛന്റെ കണ്ണുവെട്ടിച്ച്‌ കാത്തുനിൽപ്പേറെയായിട്ടും, ചെമ്മൺപാതയ്ക്കപ്പുറം അവരുടെ തിളങ്ങുന്ന സാരി പ്രത്യക്ഷമായില്ല പിറ്റേന്നും അതിനു പിറ്റേന്നും അവരെ കാണാത്ത നിരാശയിൽ, പത്മിന്യേടത്തി വാരസ്യാരുടെ കരിനാക്കാവും അവരീവഴിക്ക്‌ വരാത്തതെന്ന്‌, പത്മിന്യേടത്തി വാരസ്യാരോടിനി മേലാൽ ചങ്ങാത്തമില്ലെന്ന്‌ ഞാൻ തിരിച്ചയാക്കി.
ഇനിയിപ്പോ തേവരേയും, എന്നേയും കാണാൻ അവരിനി വരികയുണ്ടാവില്ലെന്ന്‌ വിതുമ്പലോടെ തീർപ്പുകൽപ്പിച്ച്‌, പ്രഭാതങ്ങളിൽ അച്ഛനോട്‌ കള്ളത്തരം കാട്ടാതെ, കഴകത്തിലച്ഛനെ സഹായിച്ച്‌ തിടപ്പള്ളിക്കു ചുറ്റും ഞാൻ കറങ്ങി നടന്നു.
ഓർക്കപ്പുറത്ത്‌ അവരുടെ ശബ്ദമെന്ന തോന്നലിൽ ഞാനോടിച്ചെന്നത്‌, മിഴികളിൽ നിറയെ വാത്സല്യവുമായി നിറഞ്ഞ ചിരിയോടെ എന്നയോ തേവരേയോ അകത്തേക്ക്‌ പാളി നോക്കുന്ന അവർക്കരികിലേക്കാണ്‌. പതിവുപോലെ സാരിയുടെ കോന്തലയിൽ നിന്നും മുഷിഞ്ഞ രൂപ നോട്ടുകൾ നീട്ടി അവർ വിടർന്നു ചിരിച്ചു.
-ഒരാഴ്ച കാണാണ്ടായ്പ്പ്ലയ്ക്കും തമ്പ്‌രാൻകുട്ടി മറന്ന്വോ ന്നെ...
കിലുങ്ങുന്ന ചിരിക്കൊപ്പം ഭഗവാനെ തൊഴുത്‌ അവർ തിരിഞ്ഞു നടന്നതും, അവരോടൊന്നും ചോദിക്കാനായില്ലല്ലോയെന്ന്‌ ഞാൻ ഭണ്ഡാരത്തിനടുത്തേക്കോടുമ്പോൾ പത്മിന്യേടത്തി വാരസ്യാരുടെ കുശുമ്പുവീർത്തുകെട്ടിയ സ്വരം എന്നെ പൊതിഞ്ഞു.
മുഷിഞ്ഞ നോട്ടുകൾ എന്തുകൊണ്ടോ ഭണ്ഡാരത്തിലിടാതെ ഞാനെന്റെ മുറിയിലേക്കോടി. മുറിയുടെ മൂലയിൽ പൊടിപിടിച്ച ഭണ്ഡാരംപോലെ തോന്നിപ്പിക്കുന്ന പഴയൊരു വോട്ടുപെട്ടി പൊടിതട്ടിത്തുടച്ച്‌, മുഷിഞ്ഞ നോട്ടുകൾ ഞാനാദ്യമായി എന്റെ ഭണ്ഡാരത്തിലേക്കിട്ടു.
അവർക്കുമെനിക്കുമിടയിൽ അദൃശ്യമായ ഏതോ ബന്ധത്തിന്റെ നൂലിഴകളായോ, ബന്ധനത്തിന്റെ പ്രതീകമായോ എന്റെ മുറിയുടെ മൂലയിൽ മറ്റാരുടേയും ദൃഷ്ടിയിൽ പെടാതെ ഭണ്ഡാരം നിലകൊണ്ടു.
എല്ലാമാസാന്ത്യത്തിലും ആറേഴുദിവസം 'തമ്പ്‌രാൻ കുട്ട്യേ' എന്ന പുലർച്ചെയുള്ള അവരുടെ വിളികേൾക്കില്ലെന്നതും, ആ ദിവസങ്ങളിലുള്ള കാത്തു നിൽപ്പൊഴിവാക്കി ഏഴാംനാൾ കൃത്യമായി കാത്തുനിൽക്കാനും ഞാൻ തിരിച്ചറിവു നേടി.
ചില ദിവസങ്ങളിൽ ഭഗവാനു മുന്നിൽ നിറമാല തൊഴുത്‌ മതിവരാതെ പിന്നെയും തൊഴുത്‌ എന്തൊക്കെയോ തേങ്ങിപ്പറഞ്ഞ്‌ നിറഞ്ഞൊഴുകുന്ന മിഴികൾ തുടയ്ക്കാൻ മറന്ന്‌, ഒരുപാടൊരുപാട്‌ പ്രദക്ഷിണം വെച്ച്‌, ഒടുവിൽ എല്ലാ ശക്തിയും ചോർന്നുപോയപോലെ പ്രാഞ്ചി പ്രാഞ്ചി അവരമ്പലം വിട്ടുപോവുന്നത്‌ ഏതെങ്കിലുമൊരു കോണിൽ നിന്ന്‌ ഞാൻ വിങ്ങലോടെ നോക്കിക്കാണാറുണ്ട്‌.
ഞാൻ മാലകെട്ടി ഭഗവാണ്‌ ചാർത്തുന്ന നാളുകളിൽ 'തമ്പ്‌രാൻ കുട്ടീടെ നിറമാല കേമായ്ട്ട്ണ്ട്‌... നിയ്ക്കത്‌ തൊഴ്താലും തൊഴ്താലും മത്യാവ്ണില്ല്യാട്ടോ'ന്ന്‌ ചിരിച്ച്‌ അവർ നടന്നു മറയുമ്പോൾ, താൻ കെട്ടുന്ന മാല ഭഗവാനു മാത്രമല്ല അവർക്കും വല്യ ഇഷ്ടമാവുന്നല്ലോയെന്ന്‌ ഉള്ളു നിറഞ്ഞു തുടിക്കും.
ചിലപ്പോഴൊക്കെ രാത്രി ശീവേലിയ്ക്ക്‌ തിടമ്പെഴുന്നള്ളിക്കുമ്പോഴും, അതിനൊപ്പം വിളക്കു പിടിച്ച്‌, വിളക്കിന്റെ സ്പന്ദനങ്ങൾ കൈക്കുമ്പിളിലൊതുക്കി നടക്കുമ്പോഴും ഇടങ്കണ്ണിട്ടു കാണാറുണ്ട്‌ നിറമിഴികളുമായി, നാമങ്ങളുരുവിട്ട്‌ പ്രദക്ഷിണത്തിനൊപ്പം കൂടുന്നത്‌. അപ്പോഴൊക്കെ അവരുടെ നീണ്ട മുടിക്കെട്ടിൽ വിടർന്നു ചിരിക്കുന്ന മുല്ലപ്പൂമാലയും, ഉലയാത്ത സാരിയും അവരെകാണാൻ അഴകുണ്ടല്ലോയെന്നും, അവർക്കെപ്പോഴും ഇങ്ങനെ വൃത്തിയായി നടന്നൂടെയെന്നും ഞാൻ പ്രദക്ഷിണ വഴിയിൽ നിലവിളക്ക്‌ മുറുക്കിപിടിച്ച്‌, പ്രാർത്ഥനയിൽ ലയിക്കും. ഏഴ്‌ ജയിച്ച്‌ തറവാട്ടിനടുത്തുള്ള ഹൈസ്കൂളിലേക്കു പോയതും, ആഴ്ചയിലൊരിക്കൽ സ്കൂളില്ലാത്ത ദിവസങ്ങളിൽ അച്ഛനൊരു താങ്ങായി ക്ഷേത്രത്തിലെത്തുമ്പോഴും, പുതിയ വിശേഷങ്ങൾക്കിടയ്ക്ക്‌ അവരെ മറന്നിട്ടോ എന്തോ, അവരെങ്ങനയോ വിസ്മൃതിയിലാണ്ടുപോയി.
വല്യകുട്ടിയാണെന്ന വിചാരങ്ങളിൽ പെട്ടും, മൂക്കിനുതാഴെ നേർത്തു വരുന്ന നിഴലിലേക്ക്‌ നാണിച്ചും, കാലം പുതിയ വഴിയിലൂടെ യാത്രയൊരുക്കുമ്പോൾ അറിയാതെങ്ങനെയോ അവരും മറവിയുടെ കയങ്ങളിലേക്ക്‌ എടുത്തെറിയപ്പെട്ടു.
-സാർ, വീയാർ റെഡി....സൺലൈറ്റില്‌ ഒരു ഷോട്ടെടുക്കാൻ കഴിഞ്ഞാ...
ബലിക്കല്ലിനടുത്ത്‌ ശിലയായിരുന്ന ഞാൻ ഞെട്ടിത്തെറിച്ചു.
-കൃഷ്ണവേണി....?
-റെഡി സാർ....
ട്രാക്കിട്ട്‌ ട്രോളിയിലുറപ്പിച്ചിരിക്കുന്ന ക്യാമറക്കണ്ണിലൂടെ ഞാനെന്റെ ക്ഷേത്രം കണ്ടു. ആൽത്തറയ്ക്കും, അമ്പലക്കുളത്തിനുമപ്പുറം വളവു തിരിഞ്ഞ്‌, കറുത്ത ടാറുരുകിയൊലിക്കുന്ന പാത ശൂന്യമായി എനിക്കു നേരെ നെടുവീർപ്പിലലിഞ്ഞു.
ആൽത്തറയ്ക്കപ്പുറത്തെ, വർണ്ണപെയിന്റടിച്ച വീടിന്റെ നിറമുള്ള ഗേറ്റു കടന്ന്‌, വലിയ കുടക്കീഴിൽ കൃഷ്ണവേണി നടന്നടുത്തു.
ഞെട്ടിത്തരിച്ച്‌ ഞാനവരെ തുറിച്ചുനോക്കി. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളിൽ മന്ദഹാസവുമായി, മുഷിഞ്ഞു തിളങ്ങുന്ന സാരി വാരി വലിച്ചുടുത്ത്‌, വാടിയ മുല്ലുപ്പൂക്കളുടെ ഗന്ധവുമായി 'തമ്പ്‌ രാൻ കുട്ട്യേ' എന്ന ചിരിയുമായി അവർ കൈകൂപ്പി നിന്നു.
-മേക്കപ്പ്‌ ഓക്കെയാ സാർ....?
കൃഷ്ണവേണിക്കരികിൽ മേക്കപ്പ്മാൻ തല ചൊറിഞ്ഞു.
ഞാൻ കൃഷ്ണവേണിയെ ഉറ്റുനോക്കി.
അന്ന്‌ ഡിഗ്രികഴിഞ്ഞ്‌ എന്തിനോ വേണ്ടി, നഗരത്തിലെ തിരക്കിലേപ്പോഴോ വെച്ചാണ്‌ അവസാനമായി ഞാനവരെ കണ്ടത്‌.
റോഡിനപ്പുറം, ഇപ്പുറത്തേക്കു വരാനായി വാഹനങ്ങളുടെ ഒഴുക്കൊന്നു നിലയ്ക്കുന്നതും കാത്ത്‌ വിയർത്തൊലിച്ചു നിൽക്കുന്ന അവരെ അമ്പരപ്പോടെയും ആഹ്ലാദത്തോടെയും തിരിച്ചറിഞ്ഞ്‌, തിരക്കിട്ട്‌ അപ്പുറം കടന്ന്‌ ഞാനവർക്കുമുന്നിൽ സൗഹൃദം പങ്കിട്ടു.
ആദ്യമൊരു പകളും, പിന്നെ അവിചാരിതമായൊരു കണ്ടുമുട്ടിലിന്റെ ആഹ്ലാദവുമായി അവർ വിടർന്നു ചിരിച്ചു.
-തമ്പ്‌ രാൻകുട്ടി ന്നെ മറന്നില്ല്യാലോ....
അവരുടെ ചിരിയിൽ ചുവന്ന നിറമില്ലല്ലോയെന്ന്‌, വെളുത്ത ചിരിയിലേക്കും ഒപ്പമുള്ള പെൺകുട്ടിയിലേക്കും ഞാൻ പുഞ്ചിരിച്ചു.
-മോളാ.... പത്തു കഴിഞ്ഞു... ഇനീപ്പോ പഠിക്കാനൊന്നും അയയ്ക്കണില്ല്യാ...തുന്നൽ മേഷീൻ വാങ്ങാൻ ലോൺ കിട്ടുംന്നറിഞ്ഞു-ബാങ്കില്‌....
വെളുത്തു മെലിഞ്ഞ വിടർന്ന മിഴികളുള്ള പെൺകുട്ടി പുഞ്ചിരിച്ചു. ചിരി ചുണ്ടിലെത്തുന്നതിനു മുമ്പെ മിഴികളിലാണല്ലോ വിടർന്നത്തെന്ന്‌ ഞാൻ കൗതുകത്തോടെ മന്ദഹസിച്ചു.
-എനിക്ക്‌ .... എനിക്കൊരു കാര്യം....
ഞാനവരുടെ മുഖത്തെ കരിവാളിപ്പിലേക്ക്‌ വിക്കി.
-ന്താ തമ്പ രാൻ കുട്ട്യേ....
-ന്റെ കൂട്യൊന്ന്‌ വർവ്വോ....? അവിടെ ഞങ്ങടെ മുറിടട്ത്ത്‌.....
അവരുടെ അൽപ്പം കുഴിഞ്ഞുതാണ കണ്ണുകളിലെ വാത്സല്യത്തിനപ്പുറം തെളിഞ്ഞ അവിശ്വസനീയതയിലേക്ക്‌ ഞാൻ ജാള്യതയോടെ മുഖം കുനിച്ചു.
-ന്റെ തമ്പ്‌ രാൻ കുട്ടീം... അയ്യോ....
ബലിക്കല്ലിൽ തിരുമേനി അർപ്പിച്ച നേദ്യച്ചോറിലെ ഓരോ വറ്റും സ്ഥിരമായെത്തുന്ന കാക്കകൾ ഓരോന്നായി കൊത്തിപ്പെറുക്കിയെടുക്കുന്നത്‌, കിണ്ടിയിലെ വെള്ളമൊഴിച്ച്‌ ബലിക്കല്ല്‌ കഴുകാനാവാതെ, കാക്കയ്ക്കു കാവൽ നിന്നിരുന്ന ഷാരടിക്കുട്ടി എന്തുകൊണ്ടോ വർഷങ്ങൾക്കു പിന്നിൽ നിന്നും മനസ്സിൽ നിന്നെത്തി നോക്കി.
ആൽത്തറ ചാരി, ഓർക്കാനിഷ്ടമില്ലാത്ത ഓർമ്മകളിൽ സ്വയം നഷ്ടപ്പെട്ടന്നപോലെ തളർച്ചയോടെ നിന്ന അവർക്കരികിലേക്ക്‌, പഴയ പൊടിപിടിച്ച വോട്ടു പെട്ടിയുമായി, കാക്കകളുടെ സംരക്ഷകനായിരുന്ന ഇത്തിരിപ്പോന്ന കുട്ടിയുടെ ആഹ്ലാദത്തോടെ ഞാൻ നിന്നു.
-ഇതാ....ഇത്‌ നിങ്ങടെയാ....
-ന്താ ദ്‌...?
വോട്ടുപെട്ടിയുടെ, അല്ല ഭാണ്ഡാരത്തിന്റെ തുരുമ്പിച്ച ചെറിയ പൂട്ട്‌ ആൽത്തറയിൽ തുറിച്ചു നിന്ന കരിങ്കല്ലിൽ മേടിപ്പൊട്ടിച്ച്‌ മുഷിഞ്ഞ നോട്ടുകൾ വാരിയെടുത്ത്‌ ഞാനവർക്കു നീട്ടി.
അവിശ്വസനീയതയിലും അമ്പരപ്പിലും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
-തുന്നൽ മേഷീന്‌ തെകയും... തേവർക്കെന്തിനാ പാവങ്ങൾടെ പൈസാന്ന്‌ തോന്നി എനിയ്ക്കന്ന്‌....
-ന്റെ കുട്ട്യേ...
നിലവിളിയോടെ അവരെന്നെ ചേർത്തണച്ചു. അന്നാദ്യമായി അവരെന്നെ തമ്പ്‌ രാൻ കുട്ട്യേന്ന്‌ വിളിച്ചില്ല.
അടച്ചിട്ട ശ്രീകോവിലിനു നേരെ ഏറെ നേരം നിന്നു തൊഴുത്‌ നിറഞ്ഞൊഴുകുന്ന മിഴികൾ, നരച്ചതെങ്കിലും വൃത്തിയായുടുത്ത വോയിൽ സാരിയിൽ തുടച്ച്‌, പലവട്ടം തിരിഞ്ഞെന്നെ നോക്കി അവരും, മിഴികൾ നിറയെ ചിരിയുമായി പെൺകുട്ടിയും നടന്നകലുന്നത്‌ ബലിക്കല്ലിനടുത്ത്‌ ചുവരു ചാരി നിർന്നിമേഷനായി ഞാൻ നോക്കി നിന്നു.
-സാർ, എനി പ്രോബ്ലം...?
കൃഷ്ണവേണി എനിക്കരികിൽ ആശങ്കാകുലയായി.
-നോ....നതിംഗ്‌...
വിലകുറഞ്ഞ തിളങ്ങുന്ന വാരി വലിച്ചുടുത്ത സാരിയും, എണ്ണമെഴുക്കുള്ള മുടിക്കെട്ടിൽ വാടിയ മുല്ലപ്പൂക്കളുടെ ഗന്ധവും, മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളിൽ നേർത്ത പുഞ്ചിരിയും, ഞാൻ കൃഷ്ണവേണിയുടെ തിളങ്ങുന്ന കണ്ണുകളിൽ സൂക്ഷിച്ചു നോക്കി.
-വേണീ, കണ്ണുകളിലൊരാലസ്യം നിറച്ച്‌....
ഓകെ....ആർ യൂ റെഡി....?
-യാ സാർ....
-ഓകെ....സ്റ്റാർട്ട്‌ ക്യാമറ...
അവർ വളവു തിരിഞ്ഞു വരുന്നതും കാത്ത്‌ ക്യാമറയ്ക്കു പിന്നിൽ ഞാൻ വിദൂരതയിലേക്കുറ്റുനോക്കി.

അഴുക്കുപുരണ്ട മനസ്സുകൾ



m k janardanan

അലക്കിത്തേച്ച തുണികളുടെ ഭാണ്ഡവും ചുമലിലേറ്റി അലക്കുകാരി ചിത്തിര വലിയ വീടിന്റെ ഉമ്മറത്തെത്തി. കാളിംഗ്‌ ബെൽ അമർത്തി. അകത്ത്‌ ശബ്ദം ചിലച്ചു. പിന്നെ പൂമുഖത്തേക്കും പൂമുഖവാതിലിലേക്കുമായി ശ്രദ്ധ. സ്വീകരണമുറിയിലെ സെറ്റികളും കസേരകളും ശ്രദ്ധിച്ചു. അവ കണ്ണുകൾക്കു അതിശയമായി. ഇതുപോലൊന്നു കാശുകൊടുത്തു വാങ്ങിക്കാൻ എന്നെങ്കിലും സാധിക്കുമോ? ഓർക്കാൻപോലും അർഹതയില്ല. പിന്നെ ഉദ്യാനത്തിലേക്കായി ശ്രദ്ധകൾ. ചെടികളിൽ നാണാത്തരം വർണ്ണപ്പൂക്കൾ. കാറ്റു കൊണ്ടിരിക്കാൻ സിമന്റു ബഞ്ചുകൾ. പച്ചപ്പുൽത്തകിടി. "എന്ന അഴക്‌ ഇന്തമേടൈ അപ്പപ്പാ" അവൾ ശബ്ദം താഴ്ത്തി പറഞ്ഞു. കണ്ണുകൾ വീണ്ടും പൂമുഖത്തെത്തി. തേക്കുതടിപ്പലകയിൽ അർജ്ജുനനു വേണ്ടി തേർ തെളിക്കുന്ന കൃഷ്ണൻ. തേർ വലിക്കുന്ന കുതിരകൾ. അശ്വങ്ങളുടെ ഭംഗി ഹഠാദാകർഷിച്ചു. അപ്പോഴേക്കും വീട്ടുടമസ്ഥ കതകുതുറന്നിറങ്ങി മുന്നിലെത്തി. പുട്ടുകുറ്റിയിൽ ഇറക്കി അടുക്കിയതുപോലെ കൈത്തണ്ട നിറയെ സ്വർണ്ണവളകൾ. കഴുത്തിൽ ഭാരം തോന്നിച്ച സ്വർണ്ണമാല. വെളുത്തു ചുവന്ന സ്ത്രീ രൂപം മഹാലക്ഷ്മി അവതരിച്ചപോലെയുണ്ട്‌. "എന്താ ചിത്തിരേ തുണികളൊക്കെ അലക്കിക്കൊണ്ടു വന്നതാണോ?"
"കൊണ്ടുവന്തിരിക്ക്‌ അമ്മ"
ചുമൽ ഭാണ്ഡം അഴിഞ്ഞു. അലക്കി തേച്ചുവടി പോലെയാക്കിയ വസ്ത്രങ്ങളും സാരികളും എല്ലാം എണ്ണിത്തിട്ടപ്പെടുത്തി കൃത്യമായ കൂലി നൽകി. എന്നിട്ടും പടിയിറങ്ങാതെ നിൽക്കുന്നതുകണ്ടു വീട്ടമ്മ തിരക്കി. ഇനി കുറെ ദിവസങ്ങൾ കഴിഞ്ഞു വന്നാമതി. അപ്പോൾ മുഷിഞ്ഞതെല്ലാം തന്നയ്ക്കാം. എന്താ?"
അവൾ പോകാൻ മടികാട്ടി നിൽക്കുന്നതു കണ്ടു വീട്ടുകാരി ചോദിച്ചു.
"എന്തിനാ നിൽക്കുന്നത്‌? കൂലിതന്നല്ലോ"
"അമ്മാ കൊഞ്ചം കഞ്ചി കൊടുക്കമ്മാ പശിക്കിതെ"
"കഞ്ഞീം കിഞ്ഞീം ഒന്നും ഇവിടെയില്ല. ഒരു പൈസ കുറയ്ക്കാതെ കൂലിതന്നില്ലേ? പോയി അരിവാങ്ങിച്ചു കഞ്ഞികുടിക്ക്‌" വാതിലിന്റെ അൽപം ചരിവിൽ അവളെ നോക്കി ധർമ്മസംസ്ഥാപനാർത്ഥം തേർ തെളിക്കുന്ന കൃഷ്ണചിത്രം. കൃഷ്ണനെ നോക്കി നിൽക്കുമ്പോൾ കണ്ണുനിറഞ്ഞു. വീട്ടമ്മ അവൾ ഇറങ്ങിയിട്ടു കതകടയ്ക്കാൻ കാത്തുനിൽക്കുകയാണ്‌.
"അന്ത സ്വാമി പടം നല്ലായിരുക്കമ്മ"
വീട്ടമ്മക്ക്‌ പൊങ്ങച്ചം പറയാൻ പറ്റിയ അഭിപ്രായം.
"അതു പിന്നെ ചിത്രം കൊത്തിയ കതകിന്റെ വില എത്രയാണെന്നറിയാമോ- ഒരു കതകിന്‌ ഒരു ലക്ഷം ചിലവിട്ടതാ" പിന്നെയെങ്ങിനെ മോശമാകും"
ഞങ്ങൾ വലിയ കൃഷ്ണ ഭക്തരാ"
തന്റെ സ്വപ്നസൗധത്തിലെ കതകിന്‌ ചിലവായ തുക അറിയിക്കാൻ കിട്ടിയ അവസരം പാഴാക്കിയില്ല. ചിത്തിര പടിയിറങ്ങി. എല്ലാ തുണികളും കൊടുത്ത്‌ തീർത്ത്‌, ഭാണ്ഡം കാലിയാക്കി. വീട്ടിലെത്തി.
പാറച്ചെരുവിലാണ്‌ അവൾ താമസിക്കുന്ന കൂര. പകൽ മായുകയാണ്‌ ഇനി ഈ പാറയിറങ്ങിപ്പോയി അരിവാങ്ങി കൊണ്ടു വന്നു കഞ്ഞിവയ്ക്കൽ നടപ്പില്ല. ചുറ്റും ചരിവുകളും, ചരിവിലൂടെ നടവഴിയും ഇരുവശവും കാടും ചീങ്കല്ലുകളും, പാറക്കല്ലുകളുമാണ്‌. പാറയുടെ പൊത്തിലും പോടിലുമൊക്കെ നല്ലയിനം പാമ്പുകളും ഉണ്ടാകും. ഇരുട്ടിയാൽ സൂക്ഷിക്കണം. ഈ കാലങ്ങൾക്കിടയിൽ ആരെയും അവ ദ്രോഹിച്ചിട്ടില്ല. മനുഷ്യരേക്കാൾ ഭേദം തന്നെ. വിശപ്പു കൊണ്ടും ക്ഷീണം കൊണ്ടും തളർന്നിരിക്കുന്നു. ദുഃഖം തോന്നി. എങ്കിലും ഇത്രയും കാലം തുണി അലക്കി ഇരുപ്പിടത്തിൽ നൽകിയിട്ടും ഒരു തവി കഞ്ഞി തന്നില്ലല്ലോ ആ യജമാനത്തി. ചിത്തിര കരഞ്ഞുപോയി സാരമില്ല. എല്ലാം കടവുൾതാൻ. അവനുടെ ഇഷ്ടം താൻ നടക്കും. തന്റെ വിധിയിങ്ങനെ. ചിത്തിരയുടെ അടുക്കളയും, കിടപ്പുമുറിയും, ഭക്ഷണശാലയും വർക്കേരിയായും ഒക്കെകൂടി ഈ 7 ചതുരശ്ര അടി ചാണകം മെഴുകിയ തറയാണ്‌. ചുറ്റും വാരിക്കമ്പുകൾ കെട്ടി ചാക്കുമറയിട്ട ഭിത്തി. വാരിക്കമ്പും ചാക്കും ചേർന്ന കതക്‌. ദ്രവിച്ച തെങ്ങോല മടലുകളുടെ മേൽക്കൂര. മേൽക്കൂരയുടെ ദ്രവിച്ചടർന്ന കണ്ണുകളിലൂടെ മാനം കാണാം. മഴയും മഞ്ഞും വെയിലും നനയാം. ഭാഗ്യത്തിനു വനങ്ങൾ അപ്രത്യക്ഷമാകയാൽ മഴക്കാലം ഇല്ല. അതു ഭാഗ്യം. ബാക്കിയേതും സഹിക്കാം. നനച്ചിൽ ഏറ്റാൽ ഉറക്കംവരില്ല. ചിലപ്പോൾ ഉറക്കത്തിൽ പഴുതാര കുത്തിയുണർത്തും. മറ്റുപകരണങ്ങൾ അലൂമിനിയത്തിന്റെ ഒരു കഞ്ഞിക്കലം, ചെറുചെരുവം, പിടിയില്ലാത്ത ഒരുവറചട്ടി. ഒരു അലൂമിനിയം ഗ്ലാസ്‌, ഒരു മണ്ണെണ്ണ പമ്പ്‌ സ്റ്റൗ, കീറപ്പായ, ഒരു മുഷിഞ്ഞ തോർത്ത്‌. മണ്ണെണ്ണക്ക്‌ ബ്ലാക്കിൽ വില 25 രൂപ ലിറ്ററിന്‌. തകര ടിന്നിൽ ഒരു ചായക്കുള്ളതു ബാക്കി കണ്ടേക്കാം. ഇതൊക്കെയാണ്‌ സ്വദേശം വിട്ടുപോന്ന അലക്കുകാരിയായ ചിത്തിരയുടെ ആകെ മൊത്തം ആസ്തികളുടെ സത്യവാങ്മൂലം. പിന്നെയുള്ളത്‌ ഓടിന്റെ ഒരു തേപ്പുപെട്ടി. സ്റ്റൗവിൽ വെള്ളം വച്ചു കത്തിച്ചു. തിളച്ചപ്പോൾ നുള്ളു തേയിലയിട്ടു. തരി പഞ്ചസാര കടലാസിൽ പൊതിഞ്ഞു വച്ചിരുന്നതിനാൽ നിറയെ കാക്കയുറുമ്പുകൾ. ഉറമ്പുകളെ ശപിച്ചുകൊണ്ട്‌ ആട്ടിയകറ്റി കടിഞ്ചായയിലിട്ടു. ചൂടാറാൻ ക്ഷമയില്ലാതെ ഊതിക്കുടിച്ചു. ചായക്കടയിലെ ഒരു ഉഴുന്നുവട മാത്രമാണ്‌ പകൽഭക്ഷണം. വെള്ളവും തീർന്നു. ചറിവിൽ നിന്നും മൺകുടത്തിൽ ചുമക്കണം. അരിവാങ്ങി വന്നു കഞ്ഞി കുടിക്കണമെന്ന ആഗ്രഹം ശേഷിച്ചു. പക്ഷെ വയ്യ. വല്ലാത്ത ഒരു തലവേദന. പലപ്പോഴായി അതുണ്ടാകുന്നു. സകലനാഡികളേയും കശക്കുന്നു. തല പിളർക്കുന്ന വേദനയിൽ പുളയുകയാണവർ. വേദനയുടെ ആധിക്യത്താൽ വീണുപോയി. കിടന്നതേ ബോധം മറഞ്ഞുപോയി. ആരോ വന്നു ആശുപത്രിയിൽ ആക്കിയിരിക്കണം. കൺ തുറക്കുമ്പോൾ ആശുപത്രിക്കിടക്കയിലാണ്‌. അയലത്ത്‌ ഓട്ടോ ഓടിച്ചിരുന്ന ഒരു ചേട്ടനുണ്ട്‌. ഇത്തിരി മനുഷ്യപറ്റുള്ള ഒരാൾ. അയാളാണൊ. അറിയില്ല. ധർമ്മാശുപത്രിയിൽ ഗൗരവ രോഗികളുടേയും, നിസ്സാരരോഗികളുടേയും, രോഗമുണ്ടോയെന്നു തന്നെ നിശ്ചയമില്ലാത്ത രോഗികളുടെയും തിരക്കിനിടയിൽ ചിത്തിര ക്യൂവിൽ നിന്നു. ഡോക്ടറുടെ മുന്നിലെത്തി. ഡോക്ടറുടെ കണ്ണുകൾ അവളിലേക്കു നീണ്ടു.
"എന്താണ്‌ അസ്വസ്ഥതയെന്നു പറയൂ"
ഡോക്ടർ സ്റ്റെത്‌ കൈയിലേന്തി ചെവിയിൽ ചേർത്തു. "വെട്ടുകത്തിയാലെ നുറുക്കണമാതിരി തല വലിക്കിത്‌ ഡോക്ടർ".
ഡോക്ടർ ഏറെ നേരം ഹൃദയമിടിപ്പു പരിശോധിച്ചു.
അതിന്റെ വേരിയേഷൻ പഠിച്ചു നോക്കി. അവൾക്കുവേണ്ടി ഏറെ നേരം നീണ്ടപ്പോൾ ക്യൂവിൽ നിന്നവർ പിറുപിറുത്തു. "നാശം എത്ര നേരമായി മറ്റുള്ളവരുടെ നേരം പാഴാക്കുന്നു." ഒടുവിൽ വേദന സംഹാരഗുളികകൾ നൽകിയശേഷം വിദഗ്ധ പരിശോധനക്കായ്‌ വീണ്ടും വരാനായ്‌ നിർദ്ദേശിച്ചു. പലദിനങ്ങളിലെ പല പല പരിശോധനകൾ ഒടുവിൽ ശരീരത്തിലെ പ്രശ്നാവലികൾക്കു ഡോക്ടർ ഉത്തരം കണ്ടെത്തി. രക്ഷപ്പെടുത്താൻ കഴിയാത്ത സ്റ്റേജിലെത്തിയ ബ്രയിൻ ട്യൂമർ. പ്രൈവറ്റിൽ ചികിത്സിച്ചാൽ മൂന്നു ലക്ഷം വേണ്ടി വരും എന്നാലും രക്ഷപ്പെട്ടു കിട്ടുക പ്രയാസം. റീജീനൽ ക്യാൻസർ സെന്ററിൽ ഫ്രീയാണ്‌. ബാക്കി ചുമതലകൾ ആർ ഏൽക്കും? 100 ശതമാനവും മരണ സാധ്യതയാണെന്ന്‌ ഡോക്ടർ വെളിപ്പെടുത്തി. ആരോ പറഞ്ഞു ഭക്ഷ്യമായവും മറ്റുമായി രോഗികൾ കണക്കില്ലാതെ പെരുകി. അതിനൊപ്പിച്ച്‌ സ്വകാര്യ ആശുപത്രികൾ രോഗികളുടെ അറവുശാലകളായി മാറിയിരിക്കുന്നു. രോഗിയുടെ കഷ്ടകാലം. ഏതെങ്കിലും കഠിന രോഗം വന്നാൽ ചികിത്സാലയങ്ങളിൽ കയറാതെ മരിക്കുന്നതാണു മെച്ചം". ഡോക്ടർ തിരക്കി. "വെരി സാഡ്‌. എന്തു ചെയ്യും ശിത്തി?" "ഒന്നുമേ ശെയ്യ മുടിയാത്‌ ഡോക്ടർ. നാപോറേൻ" അവളുടെ മരണം സുനിശ്ചിതം. ആളും അർത്ഥവുമില്ലാതെ തനിയേ വീട്ടിലേക്കു നടന്നു. ഒരു മകനും മകളും ഉള്ളത്‌ തമിഴ്‌നാട്ടിലാണ്‌. അവളെ കെട്ടിച്ചയച്ചപ്പോൾ സ്ത്രീധനം കൊടുക്കാത്തതിനാൽ ആകെ ഉണ്ടായിരുന്ന തേപ്പുപെട്ടി അവൾ എടുത്തു കൊണ്ടുപോയി. അവരും അഗതികൾ. എങ്ങിനെയോ വേദതാങ്ങി ഏന്തി നടന്നു കൂരയിലെത്തി. കൈമടക്കി തലക്കുവച്ചു വശം ചരിഞ്ഞു കീറപ്പായയിൽ കിടന്നു. ആശ്രിതരാരുമില്ലാതെ ജലപാനമില്ലാതെ ഒറ്റക്കിടപ്പ്‌. താലൂക്ക്‌ ആശുപത്രിയിലെ പാലിയേറ്റീവ്‌ കീയർ യൂണിറ്റിലെ പ്രധാന ഡോക്ടറും സ്വാതീകമനസ്സിന്റെ ഉടമയുമായ ഡോ.മിസ്സിസ്‌ മിനി മോഹനും, വോളന്റിയർ സംഘവും ചിത്തിരയെ തേടിയെത്തി. ദൈന്യതയുടെ ജീവിക്കുന്ന പ്രതീകം പോലെ കിടക്കുന്ന രോഗി. കരുണയറ്റുപോയ ലോകം. ഒരാഴ്ചയായി വശം ചെരിഞ്ഞുള്ള കിടപ്പിൽ തീർത്തും അവശയാണ്‌ രോഗി. ഭക്ഷണം കഴിക്കാതെയുള്ള കിടപ്പിൽ ഒരിറക്കുവെള്ളമോ ഒരു ബൺകഷ്ണമോ ഇറക്കാനാവാത്ത അവസ്ഥ. ശുശ്രൂഷയും ശ്രമകരമായി. ഡോക്ടറും സംഘവും ആവുന്നതെല്ലാം ചെയ്തു. വാട്ടർ ബഡ്ഡ്‌ നൽകി. വശം തിരിക്കുമ്പോൾ പായയിൽ പറ്റിച്ചേർന്നു പോയ മുടികൾ ഏറെ പറിഞ്ഞുപോയി. മുടി പറ്റെ വെട്ടിച്ചെറുതാക്കി ചൂടുവെള്ളത്തിൽ തോർത്തു നനച്ചു മേൽ തുടച്ചു. കുടിനീർ നൽകാൻ ഏറെ ശ്രമിച്ചു. ആവുന്നില്ല. ചിത്തിര ജീവിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ദയാശൂന്യരായി മാറിക്കഴിഞ്ഞലോകർക്കു താൽപര്യമുണ്ടായിരുന്നില്ല. ദേവാലയങ്ങളിൽ കനത്ത തുക വഴിപാടുകൾ നേർന്നു തനിക്കുമാത്രം രക്ഷകൾ കിട്ടാൻ ഉഴറിനടക്കുന്ന ഭക്തരും, അവരുടെ ദൈവസ്വാർത്ഥതകൾക്കും അവൾക്കു തുണയേകിയില്ല. വേദനകളിൽനിന്നുള്ള മുക്തി പോലെ ഒരു നാൾ ചിത്തിര മരിച്ചു. ദീനരിൽ ദീനയായ ചിത്തിര മൃതയായി കിടന്നു. ഒരാഴ്ചക്കകം ഡോക്ടറും സംഘവും എത്തുംവരെ അയൽക്കാർ ആരും തിരിഞ്ഞു നോക്കിയില്ല. ആഴ്ചവട്ടത്തിൽ രക്ഷാസംഘം എത്തിയപ്പോൾ അവളുടെ പുഴുത്തരിക്കുന്ന ശരീരമാണ്‌ അവർ കണ്ടത്‌. അസഹ്യമായ ദുർഗ്ഗന്ധവും പരന്നിരുന്നു. അതാകട്ടെ കാറ്റിലൂടെ നാലുദിക്കിലേക്കും ചിതറിക്കൊണ്ടിരുന്നു. അതിനു പ്രതിവിധിയായി അയൽവാസികൾ ദൈവങ്ങളെ ധൂപമൂട്ടാൻ കരുതിവച്ച ചന്ദനത്തിരികൾ കൂടുപൊട്ടിച്ച്‌ ഒന്നായി കത്തിച്ചുവച്ചു. ഏത്‌ കൊടും വേദനയിലും ഹൃദയ സുഗന്ധങ്ങളുടെ ഉറവകൾ വറ്റിപോകാതെയുള്ള ചിലർ ചിത്തിരയുടെ മൃതദേഹം പെട്ടിയിലാക്കി ഒരു വാഹനത്തിൽ കയറ്റി ശ്മശാനത്തിലേക്കു നീങ്ങി.

മുന്തിരിത്തോപ്പുകളിൽ രാപ്പാർക്കാൻ




raja nandini


ഞാൻ.....
സോളമന്റെ യരുശലേം കന്യ
ഇവിടെ...ആത്മനിവേശങ്ങളിൽ
അവനെത്തേടി
കാലപ്രഹരത്തിൽ വേർപ്പെട്ട കണ്ണാടിയിൽ
കണ്ടു അവനെ ഒരു ശ്ലഥബിംബമായി
പ്രപഞ്ചപുഷ്പജാലങ്ങളിൽനിന്നും
ഊറി വന്ന പ്രണയമധുരം
എനിയ്ക്കു നൽകിയ അവന്റെ ചുണ്ടുകൾ
വിണ്ടു കീറിയിരുന്നു....
കോടാനുകോടി നക്ഷത്രത്തിളക്കം
ആവാഹിച്ചെടുത്ത കണ്ണുകളിൽ
പ്രളയകാലത്തെ വിവശത
ഇടതൂർന്ന മുടിയിഴകളിൽ
വരണ്ട വയലിന്റെ വിള്ളലുകൾ
സന്ധ്യകൾ ചായം ചേർത്ത കവിളുകളിൽ
കരിഞ്ഞ പകലിന്റെ കാളിമ
അവൻ...
ലബനോനിലെ കാനനമന്ദിരത്തിൽ.....
ദേവദാരു ശിൽപങ്ങളിൽ...
പ്രേമത്തിന്റെ ജീവസ്പന്ദം നിറച്ചവൻ
അവൻ.....
ശാരോണിലെ ഒലീവിലകളിൽ
പ്രണയകാവ്യം രചിച്ചവൻ
ഞാൻ....യരുശലേം കന്യ
തേടിവന്നത്‌...
അവനെ വീണ്ടും ഉണർത്താൻ.....
കാട്ടുകഴുതകൾ ശൂന്യമായ കുന്നുകളിൽ
വായുവിനായി കുറുനിരകളെപ്പോലെ
അണയ്ക്കുമ്പോൾ...
യരുശലേമിന്റെ രോദനം....
പ്രപഞ്ചത്തിന്റെ അങ്ങേത്തലയ്ക്കൽ
മാറ്റൊലികൊള്ളുമ്പോൾ....
അവൻ ഉണരും... അവൻ ഉണരും....
സമരിയാ പർവ്വതങ്ങളിൽ വീണ്ടും
മുന്തിരിത്തോട്ടങ്ങൾ വച്ചു പിടിപ്പിയ്ക്കാൻ
അവൻ ഉണരും....

ആത്മമിത്രം



venu v desam
വരികാത്മമിത്രമേ-
ഇരുൾവ്രണം പൂത്തൊരെൻ
ഹൃദയാന്തരത്തിലിന്നിനിയുമിടമുണ്ടിളവേൽക്കാം.

എത്ര നാം പിന്നിട്ടു പോന്നൂ വിയോഗങ്ങൾ
തിക്ത മദ്ധ്യാഹ്നങ്ങളെത്രത്രിസന്ധ്യക-
ളെത്ര വിനാശഭരിതമാം ക്ഷോഭങ്ങ-
ളെത്രയടക്കിപ്പിടിച്ചുള്ള ഭ്രാന്തികൾ!

നങ്കൂരമറ്റ നരകവ്യഥകൾ തൻ
നെഞ്ചിടിപ്പും കെട്ടുപോയ നിമിഷങ്ങൾ!
നിലയറ്റ സഹനങ്ങൾ, നീറുമേകാകിതകൾ
നീളെ നിശ്വാസങ്ങൾ തീർത്തൊരാ
രാത്രികൾ!!

ദലമർമ്മങ്ങളും കിളികളുടെ പാട്ടും
കിനാക്കളുമൊഴിഞ്ഞെത്രയെത്രയോ
കാതങ്ങൾ.
നോവിന്റെ രുദ്രശ്രുതികളിഴയുന്ന
പ്രാണനിൽ പാപസമുദ്രം കയർക്കുന്നു.

അറിയുവാനാർക്കുമാകാത്തത്താമുണ്മയെ-
ത്തിരയുകയായിരുന്നു ഞാൻ നിരന്തരം
നിലവിളിക്കുന്ന പുരാണങ്ങളിൽപ്പോലു-
മുയിരെടുക്കുന്നതല്ലെന്റെ സത്യം സ്ഥിരം.
വരികാത്മമിത്രമേ
കൂതറുന്നിതെൻ ക്ഷീണഹൃത്തിതിന്നെങ്കിലും
പകരുവാനാകാതെ വയ്യെനിക്കീ മൗന-
മിഴിയും കുഴഞ്ഞവെളിച്ചങ്ങളിലെന്നെ,
കരുതുവാൻ കൈകളിലൊന്നുമില്ലെൻ പുരാ-
സ്മൃതികൾ കലമ്പുന്നു നിന്റെ വിഭ്രാന്തികൾ
എന്തോ കുടുങ്ങുന്നതുണ്ടെന്റെ തൊണ്ടയിൽ
ചിരകാല സംയതമായൊരു നീറ്റലാം.

നിൻ ദൗഷ്ട്യനഖമുനകൾ വീഴ്ത്തിയ പാടുകൾ
നിന്റെ ക്രൗര്യങ്ങൾ ദംശിച്ച കനവുകൾ
നിന്റെ രഹസ്യം കിനിയുന്ന കണ്ണുകൾ
എല്ലാമെനിക്കെത്രയോ പ്രിയപ്പെട്ടവ.

മൃദുലമനോഹരം, നിന്മുഖമിപ്പൊഴു-
മിതെഴുതാനിരിക്കുമ്പൊഴും ഹൃദയാർജ്ജകം
വിളറും നെരിപ്പോടിനുന്മത്ത ഭാഷണം
ശരിയായ്‌ നുകരുന്നതുണ്ടെന്നന്തരാഗ്നികൾ
വിരിയുവാനിനിയുമുണ്ടെത്രയോ പൂക്കൾനിൻ
ഹൃദയനികുഞ്ജത്തിൽ! ഞാനതും പങ്കിടും

ശത്രു


satheesan iritti
പായുമീഘടികാരംനിൽപതെന്നിനി
ക്കാലചക്രത്തിൻ കിതപ്പല്ലോ
കേൾപ്പതെൻ കർണ്ണങ്ങളിൽ!

വറ്റുവതെന്റെ ഗ്രാമപ്പുഴകൾ
തലകൊയ്തുതീർപ്പതെൻ നാടിൻവശ്യ-
സൗന്ദര്യത്തലപ്പാവുകൾ!

വിണ്ടുകീറുവതെന്റെ പാടങ്ങളതിൽ-
പ്പൊങ്ങിനിറയുംനിറംപൂശി
ശീതളമണി സൗധങ്ങൾ!

സ്നേഹത്തിനർത്ഥംമാറി, അനുരാഗത്തി-
നർത്ഥം കുടിച്ചുവറ്റിക്കുന്ന
ചാരിത്ര്യം തെരുവിൽപ്പോലും!

അമ്മവേണ്ടച്ഛൻവേണ്ട, പഴഞ്ചൻപാഴ്‌-
വസ്തുക്കൾ, കാശിന്റെ വലിപ്പത്തിൽ
ഗോഡൗണിൽ സൂക്ഷിപ്പുനാം!

കരയും കണ്ണീരിനും നിറമുണ്ടതിൻ-
പ്പാറിപ്പറക്കും മനസ്സിലെ
രാഷ്ട്രീയപ്പതാകകൾ

നിന്റെവേദനഎന്റേതല്ല
നീചിരിച്ചാലും കരഞ്ഞുകണ്ണീർ
ച്ചാലിൽനീന്തിക്കളിച്ചാലും
എന്തിനുസഹിക്കണംഞ്ഞാനില്ലകൂടെ-
യതുനിന്റെ ചെയ്തിതൻഫലം
നിന്റെ കർമ്മത്തിൻ ഗുണം

ചോരയ്ക്കും മതമുണ്ട്‌
മദത്തിൻപുതപ്പുണ്ട്‌ കണ്ണുനീർ
മഴകൊണ്ട്‌ വിറച്ചുകിടന്നാലും
മാറാത്തവികാരത്തിൻ
കാരിരുമ്പുറയുണ്ട്‌!

'വസുധൈവകുടുംബകം'
പാടുവാനെനിക്കെന്റെ
ധർമ്മബോധത്തിൻ വീണ
ക്കമ്പികളടർന്നുപോല്‌!

'അഹിംസപരമോധർമ്മ'മെന്നു
പാടിയച്ചുണ്ടിൽ ഹിംസതൻരക്തക്കറ
വാർന്നുവാർന്നൊഴുകുന്നു
സ്വധർമ്മംകാട്ടിത്തന്ന വഴിയിൽ
കിടപ്പാണിഅഹിംസതൻപ്രവാചകൻ
ഗാന്ധിജി വെടിയേറ്റ്‌.
കീശയിൽ ചില്ലിക്കാശ്നിറയ്ക്കാൻ
സുഭിക്ഷമായുണ്ണുവാനുറങ്ങുവാൻ
ചമഞ്ഞ്നടക്കുവാൻ
വഴിയുംതേടിത്തേടിനടപ്പൂ-
വന്നെത്തിയ താത്മനാശത്തിന്റെ
യശാന്തിത്താഴ്‌വാരത്തിൽ
ആരെന്റെ ശത്രു-നീയോ?
നീയല്ലെൻമാനസം മാത്രം
അതിൽവാർത്തടച്ചിട്ട സ്വപ്ന
സൗധത്തിൽ കൂടിവാർത്തുവെച്ചിടും
ദുഷ്ടദുർമ്മത്തവികാരങ്ങൾ മേയുന്നകാലത്തോളം

ഞാൻ തന്നെ എന്റെശത്രു,
എന്റെ ജീവന്റെ ശത്രു
നിന്റെ ജീവന്റെ ശത്രു
ഈ സമൂഹത്തിന്റെ ശത്രു
മർത്ത്യലോകത്തിൻശത്രു
ഈപ്രപഞ്ചത്തിൻശത്രു.

സ്വർണ്ണമത്സ്യം



vijayan vilakkumadam
പണ്ടത്തെ ഭാഷയിലുള്ള കളകളാരവം പൊഴിക്കുന്ന ഒരു കൊച്ചരുവിയുടെ അരികെ കൂറ്റൻ മേഴ്സിഡസ്‌ കാർ നിർത്തി അയാളിറങ്ങി. എന്നോ നോക്കിവച്ചതാണ്‌ കൊച്ചരുവിയിലെ സ്വർണ്ണമത്സ്യത്തെ. ഇന്നെന്തായാലും കൊണ്ടേ പോകൂ. ഉരുക്കുവലയെറിഞ്ഞ്‌ അയാൾ കാത്തിരുന്നു.
വലയിലകപ്പെട്ട സ്വർണ്ണമത്സ്യം ചോദിച്ചു: ദൈവത്തിന്റെ മടിയിൽ സുഖമായി വാഴുന്ന എന്നെയെന്തിനാണ്‌ ചെകുത്താനേ നീ ഉപദ്രവിക്കുന്നത്‌?
നിന്നെ ബംഗ്ലാവിലെ സ്വീകരണമുറിയിൽ സർവ്വവിധ സൗഭാഗ്യങ്ങളോടുംകൂടി വാഴിക്കാം. അവിടെ കമ്പ്യൂട്ടറുണ്ട്‌, ഇന്റർനെറ്റുണ്ട്‌,ഹോംതീയേറ്ററുണ്ട്‌, സ്വിച്ചമർത്തിയാൽ തിരിയുന്ന ലോകങ്ങളുണ്ട്‌.
-അയാൾ പറഞ്ഞു.
സ്വർണ്ണമത്സ്യത്തിന്‌ കോപം വന്നു. 'മനുഷ്യാനീ....നീ ദൈവത്തിന്റെ അംശമല്ല. ചെകുത്താന്റെ അവതാരമാണ്‌. നിന്നെ ഞാൻ എപ്പോഴും പ്രതീക്ഷിച്ചിരുന്നു. നിന്റെ അടിമയാകുവാൻ ഒരിക്കലും എന്നെ കിട്ടില്ല. നിനക്കും നിന്റെ വംശത്തിനും എന്റെ ഗതി തന്നെയായിരിക്കും. ഓർത്തോളൂ....,
പെട്ടെന്ന്‌ ഉരുക്കുവലയിലെ വെള്ളം കടുംചുവപ്പുമാറി. വായിൽ സൂക്ഷിച്ചിരുന്ന ശയനൈഡ്‌ പൊട്ടിച്ച്‌ സ്വർണ്ണമത്സ്യം ദൈവസന്നിധിയിലേക്ക്‌ പോയി.

ഭാവനയുടെ ചന്ദ്രകിരണങ്ങൾ


sheela tomy

അക്ഷരങ്ങളുടെ ആത്മാവിന്റെ വികാരമായും സ്വപ്നമായും കാണുന്ന ഒരു കഥാകാരൻ സപ്തതിയുടെ നിറവിൽ എത്തിയിരിക്കുകയാണ്‌. 'അവകാശവാദങ്ങളില്ലാത്ത നന്മ' എന്ന്‌ പ്രിയങ്കരനായ സി.രാധാകൃഷ്ണൻ വിശേഷിപ്പിച്ച അക്ഷരലോകത്തിന്റെ ഉടമയായ ശ്രീ.എം.കെ.ചന്ദ്രശേഖരനെക്കുറിച്ചാണ്‌ ഞാൻ പറയുന്നത്‌.
എസ്‌.കെ.പൊറ്റക്കാടിന്റെ 'ഇൻസ്പെക്ഷൻ'എന്ന കഥ വായിച്ച്‌ പൊട്ടിക്കരഞ്ഞ ബാലൻ. ക്ലാസിലിരുന്ന്‌ പൊറ്റക്കാടിന്റെ 'നിശാഗന്ധി'വായിച്ചതിന്‌ ആയിരം വട്ടം ഇമ്പോസിഷൻ എഴുതേണ്ടിവന്നവൻ. ആ ബാല്യകൗതുകങ്ങൾ പക്വമതിയായ എഴുത്തുകാരനിലേക്കുള്ള വളർച്ചയുടെ ആദ്യനാമ്പുകളായിരുന്നിരിക്കാം.
എം.കെ.ചന്ദ്രശേഖരന്റെ ആദ്യകൃതി 'തടവറയിലേക്ക്‌ വീണ്ടും' പുറത്തിറങ്ങുന്നത്‌ 1981ലാണ്‌. ചെറുപ്പത്തിലെ എഴുതിത്തുടങ്ങിയെങ്കിലും സമപ്രായക്കാരേക്കാൾ ഏറെ വൈകിയാണ്‌ അദ്ദേഹം എഴുത്തിൽ സജീവമായത്‌. നോവലുകൾ, കഥകൾ, നോവലൈറ്റുകൾ, അനുഭവക്കുറിപ്പുകൾ, സിനിമ തുടങ്ങിയ വിഭാഗങ്ങളിൽ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. സിനിമക്കും ഡോക്യുമന്ററിക്കും കഥയും തിരക്കഥയുമെഴുതിയിട്ടുണ്ട്‌. ഇപ്പോൾ പുഴ.കോം ഇന്റർനെറ്റ്‌ മാഗസിന്റെ എഡിറ്ററാണ്‌.
അധികമൊന്നും കൊട്ടിഘോഷിക്കപ്പെടാത്ത ഈ എഴുത്തുകാരൻ ഇന്നും ബഹളമില്ലാതെ, അവകാശവാദങ്ങളൊന്നുമില്ലാതെ സർഗ്ഗപ്രക്രിയ തുടരുകയാണ്‌. പുതിയ എഴുത്തുകാർക്ക്‌ സ്നേഹധനനായ ഗുരുനാഥനും വഴികാട്ടിയുമാണ്‌ അദ്ദേഹം. കഥയില്ലായ്മകളും അഗ്രാഹ്യമായ വാഗ്ധോരണികളും കഥയെന്ന പേരിൽ വായിക്കുവാൻ പലപ്പോഴും നാം വിധിക്കപ്പെടുമ്പോൾ, അവയിൽ നിന്നും വ്യത്യസ്തമായ പാതയിലൂടെ ഐറണികളുടെയും വൈചിത്ര്യങ്ങളുടെയും കാണാകാഴ്ചകളിലേക്ക്‌ അദ്ദേഹം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അതെ, അദ്ദേഹത്തിന്റെ കഥകളിൽ കഥയുണ്ട്‌. അത്‌ ലളിതവും സരസവുമായി പറയുന്നുമുണ്ട്‌. ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളിലൂടെ നമ്മുടെ ആകാംക്ഷ കഥാന്ത്യത്തോളം കെടാതെ നിൽക്കുന്നു. കഥ വായിച്ചു കഴിഞ്ഞാലോ ചിന്തയുടേയോ ചിരിയുടേയോ ഒരു കണിക മനസ്സിൽ ഒരിടത്ത്‌ കുടിയേറുന്നു. സാമൂഹ്യബോധത്തിന്റെ പ്രതിധ്വനി,
സാമൂഹ്യ പ്രതിബന്ധതയുടെ മാറ്റൊലി അദ്ദേഹത്തിന്റെ പല കഥകളിലും കേൾക്കാം. പീഡിപ്പിക്കപ്പെടുന്നവന്റെയും പാർശ്വവൽക്കരിക്കപ്പെടുന്നവന്റെയും ശബ്ദവും നാശോന്മുഖമായ പ്രകൃതിയുടെ രോദനവും അതിൽ മുഴങ്ങുന്നു.
"കാടിന്റെ അഗാധതയിൽ നിന്നും എവിടെയോ ഒരു വൻമരം മറിഞ്ഞു വീഴുന്ന ശബ്ദം. കാടിന്റെ നിലവിളിപോലെ ആ ശബ്ദം വലിയൊരു പ്രതിധ്വനി സൃഷ്ടിച്ചു. ക്രമേണ അതൊരു നേർത്ത തേങ്ങലായ്‌ കെട്ടടങ്ങി" (പാളിപ്പോയ വിപ്ലവത്തിന്റെ കഥ)
ഈ കഥയിൽ ജന്മിമാരുടെ കളപ്പുരകൾ പൊളിച്ച്‌ ധാന്യം കടത്തിയ വിപ്ലവകാരികൾ അരിഞ്ഞുവീഴ്ത്തിയത്‌ ജന്മിയെയല്ല, ഒരു പാവം കാവൽക്കാരനെയായിരുന്നു. കാലാന്തരത്തിൽ ചതിയനായ വിപ്ലവനേതാവിനെ കൊന്ന്‌ നവയുഗത്തിന്റെ നേതാവായ്‌ മാറിയ വേണുവിന്റെ സംഘത്തിലുള്ളത്‌ വിപ്ലവകാരികളല്ല, പകരം കൂപ്പുകോൺട്രാക്ടർമാരും രാഷ്ട്രീയനേതാക്കളുമാണ്‌. ഭൂമികൈയേറ്റങ്ങളും ഭൂസമരങ്ങളും തുടർക്കഥകളാകുമ്പോൾ ഈ കഥ കാലാതിവർത്തിയായ്‌ തന്നെ നിലകൊള്ളുന്നു.
ഇനി കുന്നേക്കായൽ ഗ്രാമത്തിന്റെ കഥ കേൾക്കണോ. (എന്റെ ഗ്രാമം നിങ്ങളുടെയും) സ്വാതന്ത്ര്യലബ്ധിക്കുശേഷം ഓരോ തെരഞ്ഞെടുപ്പിന്റെയും മുന്നോടിയായി മാറിമാറി വന്ന ഭരണാധികാരികൾ സ്ഥാപിച്ച തറക്കല്ലുകൾ ഒന്നായി ചേർന്നാണ്‌ ഇവിടൊരു കുന്നുണ്ടായതത്രെ! ഒടുവിൽ തറക്കല്ലുകളെ നിർമ്മാർജ്ജനം ചെയ്യുക, ഗ്രാമത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി വന്ന ഒരു പാർട്ടി അവിടെ വിജയിക്കുന്നു. എന്നിട്ടോ, ആ പാർട്ടിയുടെ ആദ്യ മന്ത്രിസഭാ തീരുമാനം എന്തെന്നറിയണോ? 'കുന്നേക്കായൽ ഗ്രാമത്തിലെ തറക്കല്ലുകൾ നിർമ്മാർജ്ജനം ചെയ്യാൻ സ്ഥാപിക്കുന്ന ഫാക്ടറിയുടെ തറക്കല്ലിടൽ!' അതെ, ഇതു നമ്മുടെ നാടിന്റെ കഥ തന്നെയാണ്‌. പ്രച്ഛനവേഷം കെട്ടിയാടുന്ന നമ്മുടെ രാഷ്ട്രീയ സംസ്കാരത്തെ പരിഹസിക്കുവാൻ ഇനിയും ഏതു കഥ പറയണം!
മേയറെ കൊതുകു കടിച്ചാൽ, മിസ്‌ നഗരം, അനാവരണം, ദ സിറ്റി, രാമനിലേക്കുള്ള ദൂരം, രക്ഷകന്റെ വിധി, തീക്കാറ്റ്‌ തുടങ്ങിയ കഥകളിലെല്ലാം അധികാരവർഗ്ഗത്തിന്റെ അഴിഞ്ഞാട്ടങ്ങൾക്കും നിഷ്ക്രിയത്വത്തിനുമെതിരെ ആക്ഷേപഹാസ്യത്തിന്റെ അമ്പുകളെയ്യാൻ ധീരനായ ഈ പോരാളി ശ്രമിക്കുന്നുണ്ട്‌.
ആചാര്യന്റെ പ്രതിമയുടെ അനാച്ഛാദനം നടത്തിയ മന്ത്രി കണ്ണു മിഴിച്ചു പോകുന്നു. പ്രതിമക്ക്‌ ആചാര്യനോടല്ല പ്രതിമാനിർമ്മാണത്തിന്റെ സൂത്രധാരണായ അബ്കാരിയോടാണ്‌ കൂടുതൽ സാമ്യം! മാത്രമോ, പ്രതിമയുടെ താഴെയായി അയാളുടെ അബ്കാരി സ്ഥാപനങ്ങളുടെ പട്ടികയും! (അനാവരണം) 'രാജാവു മുണ്ടുടുത്തിട്ടില്ല' എന്ന്‌ നിഷ്കളങ്കമായ്‌ വിളിച്ചു പറയുന്ന കുട്ടി ഇന്നും കഥാകാരനിൽ ഉണർന്നിരിക്കുകയാണ്‌.
'എന്നെ കൊല്ലൂ. താങ്കൾക്കാവില്ലെങ്കിൽ ഗോഡ്സെ ആവാൻ തയ്യാറുള്ള ആരെയെങ്കിലും വിളിക്കൂ. ഇതു ഭാരതമല്ല.' (രാമരാജ്യം) കിണറുകളും പുഴകളും വറ്റിവരണ്ട നാട്‌. ഒരു ഗ്ലാസ്സ്‌ വെള്ളത്തിനായ്‌ യാചിക്കുന്ന ഗാന്ധിജിയോട്‌ ഒരു പയ്യൻ പറയുന്നു, 'വെള്ളമില്ല. വേണമെങ്കിൽ ബ്രാണ്ടിയോ വിസ്കിയോ തരാം'. ഓരോ ആഘോഷങ്ങൾക്കും കോടികളുടെ മദ്യം കുടിച്ചുതീർക്കുന്ന നാട്ടിൽ ഈ തുറന്നെഴുത്ത്‌ അനുവാചകനെ ഒരു വേള ചിന്തിപ്പിച്ചേക്കാം. പാരിസ്ഥിതിക വിനാശമാണോ ധാർമ്മികച്ച്യുതിയാണോ നാടു നേരിടുന്ന വലിയ പ്രതിസന്ധി?
'ബോലോ റാം' എന്ന്‌ അക്രമികൾ ആക്രോശിക്കുമ്പോൾ ഒച്ചവെക്കാൻ പോലുമാവാതെ വാ തുറക്കുന്ന നിസ്സാഹായരുടെ വായിലേക്കു തന്നെ കുന്തവും കഠാരയും കുത്തിയിറക്കുകയായി' (രാമനിലേക്കുള്ള ദൂരം) വർഗീയക്കോമരങ്ങളുടെ ചുടലനൃത്തം തകർത്തെറിഞ്ഞ ഭൂമിയിൽ അവശേഷിക്കുന്നവരെ കാണുവാനെത്തിയ മഹാത്മാവിനെ ആരും തിരിച്ചറിയുന്നില്ല. കഥാകാരന്റെ ദൃശ്യപ്രതീതിയുണർത്തുന്ന വിവരണം സമ്മാനിക്കുന്ന ഞെട്ടലിൽ രാമനിലേക്കുള്ള ദൂരം അരനൂറ്റാണ്ടിന്റെ ദൂരമല്ല സഹസ്രാബ്ദങ്ങളുടെ ദൂരമാണെന്ന്‌ നാം തിരിച്ചറിയുന്നു.
മതപരമായ അപചയങ്ങളും കാപട്യങ്ങളും വിളിച്ചോതുന്ന കഥയാണ്‌ 'രക്ഷകന്റെ വിധി' ഇവിടെ സ്വന്തം അനുയായികൾ രക്ഷകനു നൽകുന്ന മരണവിധി കുരിശുമരണമല്ല. കാലാനുസാരിയായ ബൽറ്റുബോംബാണ്‌ ഇവിടെ രക്ഷയുടെ പ്രതീകം. കാലത്തിനനുസരിച്ച്‌ കഥയും ബിംബങ്ങളും പരിവർത്തന വിധേയമാകുന്നുണ്ട്‌ ഇവിടെ.
നഗരത്തിൽ എന്തെല്ലാമുണ്ട്‌?
'ദി സിറ്റി'യിലൂടെ ഒന്നു നടന്നു നോക്കു. 'റസിഡൻഷ്യൽ സൗധങ്ങളും, ചന്തകളും, ബാങ്കുകളും, സ്കൂളുകളും, രാജവീഥികളും മാത്രമല്ല തെരുവുകളും അഴുക്കുചാലുകളും വേശ്യകളും പിടിച്ചുപറിക്കാരും അധോലോക സംഘങ്ങളും ഒക്കെ ചേർന്നതാണ്‌ സിറ്റി'. ഇവിടെ സെൽഫോണിലൂടെ അധികാരികളുടെ മൗനാനുവാദത്തോടെ നക്ഷത്രവേശ്യാലയം നടത്തിക്കൊണ്ടുപോകുന്ന അജ്ഞാത ആരാണെന്നോ? സിറ്റി കമ്മീഷണറുടെ ഭാര്യതന്നെയാണ്‌. അതിന്റെ നടത്തിപ്പുകാരി.
ഒരു വേശ്യാലയം നാടിനു ചെയ്യുന്ന സേവനങ്ങളെക്കുറിച്ച്‌ വാചാലനാകുന്ന നഗരപിതാവിനെയും ഈ കഥയിൽ കാണാം.
നഗരത്തിന്റെ കഥ പറയുമ്പോൾ തെണ്ടികളുടെ കഥ പറയുന്ന 'ദൈവത്തിന്‌ പ്രിയപ്പെട്ടവർ' എന്ന നോവൽ പരാമർശിക്കാതെ വയ്യ. മലയാള സാഹിത്യത്തിനു ലഭിച്ച തോട്ടികളുടെയും റിക്ഷാക്കാരന്റെയുമൊക്കെ കഥകൾ നിധിപോലെ സൂക്ഷിക്കുന്നവരാണ്‌ നമ്മൾ. ലോകമാസകലമുള്ള ആസ്വാദകർ ഇഷ്ടത്തോടെ സ്വീകരിച്ച സിനിമയാണ്‌ 'സ്ലം ഡോഗ്‌ മില്ല്യെനെയർ' ഇന്ത്യൻ ചേരികളുടെ ദുരവസ്ഥ ലോകത്തിനു മുമ്പിൽ തുറന്നു വച്ചതിനെ ചൊല്ലി വിമർശനങ്ങളും പ്രതിവാദങ്ങളുമുണ്ടായി. എന്തുതന്നെയായാലും, കൊച്ചിയെന്ന മെട്രോ നഗരത്തിൽ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ കഴിയുന്ന തിരസകൃതരായ ഒരു കൂട്ടം മനുഷ്യജീവികളുടെ കഥ പറയുവാൻ ഈ കഥാകാരൻ സമയം കണ്ടെത്തിയത്‌ അഭിനന്ദനാർഹമാണ്‌.
മാലിന്യങ്ങൾ ഡമ്പുചെയ്യുന്ന കസ്തൂരിപ്പറമ്പിനരികിലെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടം. അതിനുമുമ്പിൽ ഒരു ബോർഡ്‌-'പരസ്പര സഹായം ദൈവസഹായം'. ആരുടേതെന്നറിയാത്ത ആ കെട്ടിടം ശിവാനന്ദൻ തെണ്ടികളുടെ താവളമാക്കുന്നു. ശിവാനന്ദൻ മുതലാളിയുടെ ബിസിനസ്സിന്‌ എന്തൊക്കെ കളങ്കങ്ങൾ പറഞ്ഞാലും ഒരു ധാരമ്മിക വശമുണ്ടെന്നു കരുതുന്ന വിശ്വസ്ത അനുചരൻ മുരുകൻ. ട്രെയിനിൽ നിന്നും നിരാശ്രയയായി കൈനീട്ടി മുരുകനോടൊപ്പം കൂടിയ വള്ളി ശിവാനന്ദന്റെ പഴയ ഭാര്യ 'സുന്ദരി'യായിരുന്നുവേന്ന്‌ കഥാന്ത്യത്തിൽ അറിയുന്നു. ആരോരുമില്ലാത്തവരുടെ കണ്ണീരും കിനാവുകളും ചാലിച്ചെഴുതിയ നോവലാണിത്‌.
സുന്ദരിക്കു നഷ്ടമായ കുട്ടി നായാടിയുടെ സഞ്ചിയിൽ വളർന്ന്‌ അഞ്ചു വർഷങ്ങൾക്കു ശേഷം അവൾക്കരികിലെത്തിച്ചേരുമ്പോൾ ഒരു മുത്തശ്ശിക്കഥപോലെയോ പണ്ടു പലരും പറഞ്ഞ കഥപോലെയോ തോന്നാമെങ്കിലും തനിക്കുള്ളതെല്ലാം പഴയഭാര്യക്കും, മകനും അവരുടെ സംരക്ഷകനും നൽകി ശിവാനന്ദൻ നടന്നു നീങ്ങുമ്പോൾ ഈ കഥ വ്യത്യസ്തമാകുന്നു. ആ യാത്രാമൊഴി കഥാകാരൻ കുറിക്കുന്നതു നോക്കു. 'ഒരു തൂവൽസ്പർശം ഹൃദയത്തെ തൊട്ടുതലോടുന്നപോലെ എല്ലാ ഭാരങ്ങളും ഞാൻ ഇറക്കിവച്ചു. ഇനി എനിക്കു യാത്രയാകാം. 'ഈ ചെറിയവരിൽ ഒരുവന്‌ നിങ്ങൾ ചെയ്യുന്നതെല്ലാം എനിക്കു തന്നെയാണ്‌ ചെയ്യുന്നത്‌' എന്ന ബൈബിൾ വചനം ഈ നോവലിന്റെ അന്തസത്തയാണ്‌.
'ഒരു കണ്ണീർകണം മറ്റുള്ളവർക്കായ്‌ ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിൽ ആയിരം സൗരമണ്ഡലം' (അക്കിത്തം)
ഗന്ധർവസ്പന്ദം
'സ്നേഹിക്കപ്പെടുന്നു എന്ന ബോധ്യമുണ്ടായാൽ പിന്നെ ചെയ്യാൻ വയ്യാത്തത്തായ്‌, ഒന്നുമില്ല. സ്നേഹമുണ്ടെങ്കിൽ മനുഷ്യന്‌ കാറ്റായിപോലും മാറാം. സ്നേഹം ശക്തിയാണ്‌, പ്രേരണയാണ്‌. ഒന്നിനെ കൂടുതൽ മെച്ചപ്പെട്ടതാണ്‌ അതു മാറ്റിയെടുക്കുന്നു. അതു മനുഷ്യനിലെ നന്മയെ ഉത്തേജിപ്പിക്കുന്നു.' (ആൽകെമിസ്റ്റ്‌ - പൗലോ കൊയ്‌ലോ)
'ശാപം കിട്ടിയ ഗന്ധർവൻ' എന്ന്‌ വെണ്ണിക്കുളം വിശേഷിപ്പിച്ച ചങ്ങമ്പുഴയുടെ കിനാവുകളുടെയും വേദനയുടെയും ലഹരി ചന്ദ്രശേഖരന്റെ തൂലികത്തുമ്പിലൂടെ 'ഗന്ധർവ്വസ്പന്ദ'മായ്‌ പിറവിയെടുത്തു. സ്വപ്നവും യാഥാർത്ഥ്യവും സമ്മേളിക്കുന്ന കാവ്യസമാനമായ ഈ നോവൽ ആഴത്തിൽ വായിക്കപ്പെട്ടിട്ടുണ്ടോ എന്നു സംശയമുണ്ട്‌.
'നീ എല്ലാം ത്യജിക്കുക. ആത്മാവ്‌ മാത്രമായ്‌ വന്നെന്നെ പ്രാപിക്കുക. ആത്മാവിന്റെ സൗന്ദര്യം മാത്രമാണ്‌ ശാശ്വതസത്യം' എനിക്കാ പൊന്നോടക്കുഴൽ മാത്രം മതി എന്നു പറഞ്ഞ ദേവയാനിയുടെ പ്രണയത്താൽ സംഗീതസാന്ദ്രമായിത്തീർന്ന കവി മനസ്സിൽ പിറവിയെടുത്തതെല്ലാം സുന്ദരകാവ്യങ്ങൾ. പ്രണയത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന കവിയുടെ മനോഗതം കഥാകാരൻ വിവരിക്കുന്നതു നോക്കു. 'ഭൂഖണ്ഡം മുഴുവൻ ഞാൻ ചുറ്റി സഞ്ചരിച്ചു. നദികളും സമുദ്രങ്ങളും എനിക്കുവേണ്ടി വഴി മാറി. ഞാനേറെ അഹങ്കരിച്ചു. ഇതെന്റെ സാമ്രാജ്യം'
യൗവനസഹജമായ കാമക്രോധങ്ങളിലേക്ക്‌ എടുത്തെറിയപ്പെട്ട കവിയിൽ നിന്നും വിഷാദാത്മക രാഗങ്ങൾ ഒഴുകാൻ തുടങ്ങുന്നു. കൂട്ടുകാർ, കാമിനിമാർ, മദ്യപാനം നഷ്ടമാക്കിയ ഉദ്യോഗങ്ങൾ,എന്നും പരാതിയും വീർത്തമുഖവുമായ്‌ നിൽക്കുന്ന ഭാര്യ.
'എന്നും സ്വപ്നം കാണാമെന്ന മോഹവുമായ്‌ ഇല്ലാത്ത സങ്കൽപ രഥത്തിലേറി ദന്തഗോപുരത്തിൽ ചേക്കേറിയവർ വളരെ വൈകി ഭൂമിയിലേക്കു കാലെടുത്തു വക്കുമ്പോൾ മാത്രമാണ്‌ നഷ്ടമായതിനെ പറ്റി അറിയുക.' സ്നേഹിച്ചവർക്കൊക്കെ സ്നേഹം നൽകി വീർപ്പുമുട്ടിച്ചവൻ എല്ലാം താൽക്കാലിക ഭ്രമകൽപനകളുടെ പൂർത്തീകരണമായിരുന്നുവേന്ന്‌ അറിഞ്ഞത്‌ ഒടുവിൽ മാത്രം.
ഇരുട്ടിൽ ചുമച്ചു തളർന്നു കിടക്കുമ്പോൾ വെണ്ണിലാവിന്റെ ആശ്വാസവചനം. 'കുന്നും കുഴിയും നിറഞ്ഞവ മാത്രമാണോ ജീവിതം? പരാജയങ്ങളെ വിജയങ്ങളാക്കാൻ കഴിവുള്ളവനേ പൂർണ്ണജീവിതം ലഭിക്കൂ'. ഇവിടെ നോവൽ ദാർശനികതലത്തിലേക്കുയരുകയാണ്‌.
യുദ്ധത്തിൽ തകർന്ന അക്ബർ നഗരത്തെ നോക്കി നിൽക്കുന്ന ഏലിയാ പ്രവാചകൻ പറയുന്നു-'ദൈവങ്ങൾ കണ്ട സ്വപ്നമാണ്‌ ഈ നഗരം. എങ്കിൽ ദൈവങ്ങളെ വിളിച്ചു പറഞ്ഞാലോ, ഈ സ്വപ്നത്തിൽ നിന്നുണരൂ, എന്നിട്ട്‌ പിന്നെയുമുറങ്ങി സുന്ദരമായൊരു സ്വപ്നം വേറെ കാണൂ എന്ന്‌'-(ഫിഫ്ത്‌ മൗണ്ടൻ-പൗലോ കോയ്‌ലോ)
കവിയുടെ അന്ത്യനിമിഷങ്ങളിലെ ചിന്തകൾ കഥാകാരൻ വിവരിക്കുന്ന ഭാഗം ഇതിനു സമാനമാണ്‌. 'ഇനിയുമെനിക്കെഴുതണം. മനുഷ്യവർഗത്തെ അധിക്ഷേപിച്ച്‌ എഴുതിയതിനെയെല്ലാം മാപ്പുചോദിക്കണം. പക്ഷെ, ഈ ഇരുട്ടിൽ ഇനി ആരു വിളക്കു തെളിക്കും' കഥാകാരൻ തെളിച്ച ചന്ദ്രപ്രകാശത്തിൽ നമ്മൾ കാണുന്നു, ശാപം കിട്ടിയ അപ്സരസ്‌ ശാപം കിട്ടിയ ഗന്ധർവനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയിരിക്കുന്നു! സ്വപ്നത്തിന്റെയും സത്യത്തിന്റെയും അതിർവരമ്പുകൾ നേർത്തില്ലാതാവുകയാണ്‌ ഇവിടെ. കൊയ്‌ലോ പറയുന്നപോലെ ദൈവങ്ങൾ കണ്ട സ്വപ്നമാണോ ഇതും!
ബാല്യത്തിൽ വീട്ടുമുറ്റത്ത്‌ കറ്റമെതിക്കുന്ന അക്ഷരാഭ്യാസമില്ലാത്ത പെണ്ണുങ്ങൾ പാടിക്കേട്ട രമണനിലെ വരികളും അതിന്റെ ശിൽപിയും കഥാകാരനെ എത്രമാത്രം സ്വാധീനിച്ചു എന്നതിനു തെളിവാണ്‌ 'ഗന്ധർവസ്പന്ദം'. കവി, ഭാര്യ ലക്ഷ്മി, ദേവയാനി, കൗമാരപ്രണയിനിയായ ചിന്നമ്മു,കൂടുകാരൻ ഇടപ്പള്ളി ഇവരെല്ലാം മനസ്സിൽ കുടിയേറുന്ന കഥാപാത്രങ്ങളാണ്‌. ചുരുക്കം ചില ഭാഗങ്ങൾ മാത്രം ഒന്നുകൂടി ചെത്തിമിനുക്കാമായിരുന്നു എന്നു തോന്നിയാലും ഭാഷനിലനിൽക്കുവോളം നിലനിൽപ്പുള്ള ചങ്ങമ്പുഴക്കവിതകൾ ഇഷ്ടപ്പെടുന്നവർക്ക്‌ 'ഗന്ധർവസ്പണ്ടത്തെ അവഗണിക്കാനാവില്ല.
സ്നേഹവും നഷ്ടപ്രണയവും പ്രതിപാദ്യമാകുന്ന ആർദ്രമായ അനവധി കഥകൾ എം.കെ.ചന്ദ്രശേഖരൻ എഴുതിയിട്ടുണ്ട്‌. ത്രിവേണി, ഒരിക്കൽകൂടി വിട, ആത്മാവിന്റെ നോവുകൾ, നാഴികമണിയുടെ സൂചികൾ- ഇവയെല്ലാം അതിൽ ചിലതു മാത്രം.
വൈരുദ്ധ്യങ്ങൾ വൈവിധ്യങ്ങൾ
ഒട്ടും അസ്വാഭാവികത തോന്നാത്തവിധം തികച്ചും അസാധാരണമായ കഥാപരിസരങ്ങൾ സൃഷ്ടിക്കുന്നതിൽ കഥാകാരന്റെ മിടുക്ക്‌ അന്യാദൃശമാണ്‌. ഉദ്വേഗഭരിതമായ ഈ കഥകളൊന്നുപോലും നമ്മെ മടുപ്പിക്കുന്നില്ല എന്നു മാത്രമല്ല, ഒരു മാന്ത്രികന്റെ കൈയടക്കത്തോടെ നമ്മെ അതിശയിപ്പിക്കുന്നു.
മാർക്വിസിന്റെ 'ഏകാന്തത്തയുടെ നൂറുവർഷങ്ങളിൽ' മറവിരോഗം ബാധിച്ച മക്കൊണ്ട നിവാസികളെ നാം പരിചയപ്പെടുന്നു. അവർ പശുവിന്റെ കഴുത്തിൽ കെട്ടിത്തൂക്കിയ ബോർഡ്‌ ഇങ്ങനെയാണ്‌-'ഇതു പശുവാണ്‌. രാവിലെ ഇതിനെ കറക്കണം. പാൽ കുടിക്കാൻ കൊള്ളും'.
'കൂനന്മാരുടെ നഗരം' എന്ന കഥയിൽ കൂന്‌ ഒരു പ്രതീകമായി മാറുകയാണ്‌. രാമാനുജൻ എന്ന ബിരുദാനന്തരബിരുദ വിദ്യാർത്ഥിയുടെ നൂറാമത്തെ ഇന്റർവ്യൂവാണ്‌ പ്രതിപാദ്യം. തൊഴിലില്ലായ്മ എന്ന വിപത്തും ഇന്റർവ്യൂബോർഡിന്റെ ചില നടപടികളും എങ്ങനെ ഈ നഗരത്തിലെ യുവജനങ്ങളെ കൂനൻമാരാക്കി എന്നു വർണ്ണിക്കുന്നത്‌ രസകരമാണ്‌. ഒപ്പം കൂനുപോലെ നാടിനെ കാർന്നു തിന്നുന്ന തൊഴിലില്ലായ്മാ പ്രശ്നത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവക്കപ്പെടുന്നു.
വിവാഹനാളിൽ വധുവിനെ പൊന്നുകൊണ്ടുമൂടി പ്രദർശിപ്പിക്കുന്ന ആർഭാഢക്കൊതിക്കെതിരെ പ്രതികരിക്കുകയാണ്‌ 'ലോഹഭാരം' എന്ന കഥ. സദാസമയവും പൂജാമുറിയിൽ കഴിഞ്ഞുകൂടുന്ന മദ്ധ്യവയസ്കയായ ഭാര്യയെ നേരിടുവാൻ അനന്തരാമൻ കണ്ടെത്തുന്ന വഴികൾ നമ്മെ ചിരിപ്പിക്കും (ഒടുവിൽ കിട്ടിയത്‌). എന്നാൽ 'അധിനിവേശത്തിന്റെ വഴികൾ' വായിക്കുമ്പോൾ വീടും ഭാര്യയും പോലും കൈയ്യേറ്റത്താൽ നഷ്ടപ്പെട്ട കഥാപാത്രത്തോടൊപ്പം നമ്മൾ നടുങ്ങുന്നു. ഭൂതകാലത്തിന്റെ പാപഭാരമിറക്കിവച്ച്‌ കുട്ടനോട്‌ മാപ്പിറക്കാൻ വന്ന്‌ പിടികൊടുക്കാതെ ചരമക്കോളത്തിലേക്ക്‌ കടന്നുകളഞ്ഞ വൃദ്ധൻ (ചരമക്കോളത്തിൽ ഒരിടം), അറവുകാരനെ വെട്ടിച്ചോടിയ പ്രതികാരദാഹിയായ അറവുകാള(തോൽവി) നിമിഷാർദ്ധങ്ങളുടെ വ്യത്യാസത്തിൽ തിരിച്ചറിയാതെ തെന്നിമാറുന്ന ഒരു കഥാകൃത്തിന്റെ ഓർമ്മ (വിഷാദപൂർവ്വം വിട), നന്മചെയ്യണമെന്ന മനസ്സുമായ്‌ എന്നും അബദ്ധങ്ങളിൽ ചെന്നുചാടുന്ന അനന്തു (അനന്തു), ഒരു നോവലിസ്റ്റ്‌ എഴുതിയ കഥകളെല്ലാം അറിയാതെ കൊച്ചാപ്പു എന്നയാളുടെ ജീവിതകഥയായ്‌ വന്നപ്പോൾ ഉണ്ടാവുന്ന പൊല്ലാപ്പ്‌ (സങ്കീർണ്ണമായ സമസ്യ), പുരുഷന്റെ പ്രത്യുൽപാദന ശേഷിപോലും വിൽപ്പനച്ചരക്കാവുന്ന കാലത്തെ ദീർഘദർശനം ചെയ്യുന്ന 'മെറ്റിൽഡ ജയ്ൻ' പത്മരാജൻ അഭ്രപാളിയിൽ പകർത്തിയ അപരൻ (ശത്രുവിന്റെ മരണം), സ്വന്തം സാന്നിദ്ധ്യമൊന്നുകൊണ്ടു മാത്രം മരണം ഉറപ്പാക്കുന്ന ഒരാളുടെ കഥ പറയുന്ന 'മടക്കം' അങ്ങനെ നീണ്ടുപോകുന്നു എം.കെ.ചന്ദ്രശേഖരൻ ഒരുക്കുന്ന വൈരുദ്ധ്യം നിറയുന്ന കഥാപരിസരങ്ങളും വൈവിധ്യമാർന്ന ആഖ്യാനങ്ങളും.
ലളിത മുതൽ അരുദ്ധതിവരെ
എം.കെ.ചന്ദ്രശേഖരന്റെ സ്ത്രീ കഥാപാത്രങ്ങളിൽ മറക്കാനാവാത്ത ചില മുഖങ്ങളുണ്ട്‌. സ്വാമി തീർത്ഥപാദരുടെ ആശ്രമം തേടി സൗപർണികയിലെത്തിയ അസംതൃപ്തനായ തീർത്ഥാടകന്‌ വിസ്മയമായിരുന്നു ലളിത എന്ന പെൺകുട്ടി. കഷ്ടപ്പാടുകളിലും ജീവിതം ധീരമായ്‌ നേരിട്ടവൾ. അവൾ അയാളുടെ ജീവിതത്തിന്‌ പുതിയൊരു ഉൾക്കാഴ്ച നൽകുന്നു. എന്നാൽ വർഷങ്ങൾക്കു ശേഷം അയാൾ തിരിച്ചെത്തുമ്പോൾ സ്നാനഘട്ടത്തിലെ ചുഴിയിൽ ഒരപകടത്തിൽ അവളുടെ ജീവൻ പൊലിഞ്ഞിരുന്നു. മരണത്തിലും അവൾ വരാനിരിക്കുന്ന തീർത്ഥാടക ലക്ഷങ്ങൾക്കു മൂന്നാര്റിയിപ്പും മാർഗ്ഗദർശനവുമായ്‌ മാറുന്നു. 'ചുഴിയുണ്ട്‌. ഇവിടെ നിങ്ങൾ ഇറങ്ങരുത്‌' എന്ന രണ്ടുവാക്യങ്ങളായ്‌ അവൾ അവിടെ കുടി കൊള്ളുന്നു (പുണ്യക്ഷേത്രം)
'ശിൽപങ്ങളിലെ കവിത പൂർത്തീകരിക്കണമെങ്കിൽ അവൾ കൂടി വേണം. അവൾ ഇല്ലെങ്കിൽ ഈ ശിൽപങ്ങൾ തണുത്തുറഞ്ഞ വികാര രഹിതമായ കുറെ കരിങ്കല്ലുകൾ മാത്രം (അരുന്ധതി) ക്ഷേത്രനഗരിയിലെത്തിയ സഞ്ചാരിയുടെ മനസ്സിൽ ഉദിച്ച നക്ഷത്രമായിരുന്നു അരുന്ധതി. കാവ്യഭംഗി തുളുമ്പുന്ന ഭാവശിൽപം തന്നെയാണ്‌ 'അരുന്ധതി' എന്ന നോവലൈറ്റ്‌. വർഷങ്ങൾക്കു ശേഷം കാണാനെത്തിയ പഴയസുഹൃത്തിനോട്‌ അവൾ അപരിചിതഭാവം നടിക്കുമ്പോൾ കഥ പൂർത്തീകരിക്കാൻ വായനക്കാരനെ ഏൽപ്പിച്ച്‌ കഥാകാരൻ മറയുകയാണ്‌.
'മുലപ്പാലിന്റെ എന്നോ മറന്ന മധുരിമ അയാൾ നുണഞ്ഞു. അയാളുടെ കവിളുകളിൽ കൂടി അതു നുരഞ്ഞൊഴുകി. അയാൾ സ്വാന്ത്വനം കണ്ടെത്തി (മെർക്കാറയിലെ സ്ത്രീ). മറ്റൊരു പ്രഹേളികയാണ്‌ ഈ കഥയിലെ നായിക. എന്തിനു മാർഗരറ്റ്‌ ആത്മഹത്യ ചെയ്തു? ബോധം മറയുംമുമ്പ്‌ അവൾക്കയാളോട്‌ പറയാനുണ്ടായിരുന്നത്‌ എന്ത്‌? ഇങ്ങനെ നൂറു നൂറു ചോദ്യങ്ങൾ മനസ്സിൽ അവശേഷിപ്പിക്കുന്നു.
വിചിത്രമായ ഈ സ്നേഹഗാഥ
പക്വമായ തീരുമാനങ്ങളോടെ അച്ഛന്‌ ആശ്വാസമാകുന്ന 'മകൾ' എന്ന കഥയിലെ പെൺകുട്ടിയെ നാം മറക്കില്ല. ഇനിയെങ്കിലും ചേട്ടൻ ഒരു പെൺകുട്ടിയെ സ്നേഹിക്കാൻ പഠിക്കൂ. എന്നിട്ട്‌ വിവാഹം കഴിക്കൂ. എന്ന്‌ വഴിയാത്രയിൽ കണ്ടുമുട്ടുന്ന പൂർവ്വകാമുകനോടു പറയുന്ന 'സതി'യും വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ്‌. 'സംഘർഷത്തിന്റെ ദിനങ്ങളിൽ' രതി എന്ന കഥാപാത്രം സാമാന്യമായ കാഴ്ചപ്പുറങ്ങൾക്കപ്പുറം വിഹരിക്കുകയാണ്‌.
പുഴ ആഹ്ലാദത്തോടെ അവളെ തിരിച്ചറിഞ്ഞു. അനന്തമായ കൈകൾ നീട്ടി അവളെ ആശ്ലേഷിച്ചു. അവൾ മറ്റൊരു പുഴയായി (പുഴ) ഇങ്ങനെ പ്രകൃതിയും ഈശ്വരനും ആത്മാവും മുക്തിയും എല്ലാം ഒന്നായ്‌ മാറുന്ന ചില നിമിഷങ്ങൾ ചന്ദ്രശേഖരന്റെ കഥകളിൽ നമുക്കു കണ്ടെത്താം. ചിലപ്പോൾ 'സ്ത്രീ' പ്രകൃതിയുടെ തന്നെ പൂരകമായ്‌ ഭവിക്കുന്നു. 'കടൽ' എന്ന കഥയിൽ കടലിനെ പ്രണയിക്കുന്ന പെൺകുട്ടിയെ നമുക്കു കാണാം.
തകിടം മറിയുന്ന വിശ്വാസപ്രമാണങ്ങൾ
'ഡിവൈൻ കോമഡി'യിൽ ദാന്തേ പറയുന്നു-'യഥാർത്ഥ സ്നേഹം പുറത്തുവരാൻ മനുഷ്യൻ അനുമതി നൽകുന്ന ദിവസം നാം വിശ്വസിക്കുന്ന പലതും തകിടം മറിയും' അങ്ങനെയൊരു തകിടം മറിച്ചിൽ ചന്ദ്രശേഖരന്റെ പല കഥകളിലും നമുക്കു കാണാം.
'നാഴികമണിയുടെ സൂചികൾ' എന്ന കഥയിലേക്കു വരൂ. നാഴിക മണി നാലുമണിക്കു നിശ്ചലമായതും, വിഗ്രഹവും വിഗ്രഹത്തെ പുണർന്നു നിന്ന രാധയുടെയും ഉണ്ണിനമ്പൂതിരിയുടെയും മൃതദേഹങ്ങളും അപ്രത്യക്ഷമായതും വായിക്കുമ്പോൾ ദുരൂഹമായ ഈ കാൽപനിക പ്രണയത്തിൽ പ്രപഞ്ചത്തിന്റെ സ്പന്ദനവും അലിഞ്ഞുചേരുന്നതായ്‌ നാം അറിയുന്നു.
'ബോധിവൃക്ഷം തേടുന്ന ഒരു സിദ്ധാർത്ഥനാവാൻ ഞാൻ കൊതിച്ചു. പക്ഷെ, ഞാൻ കണ്ടെത്തിയ ബോധിവൃക്ഷത്തിന്‌ ശിഖിരങ്ങളില്ലായിരുന്നു. വെറും തടി മാത്രമായ്‌ വെട്ടിനിരത്തപ്പെട്ട ആലിന്റെ ചുവട്ടിൽ തപസ്സുചെയ്യാൻ വിധിക്കപ്പെട്ടവനായ്‌ ഞാൻ മാറി. (വീണ്ടും ഒരുജന്മം തേടി) ആത്മാവിന്റെ ഏകാന്തത്ത ഒരു ഘട്ടത്തിലെങ്കിലും കഥാകാരനും അനുഭവച്ചിട്ടുണ്ടെന്ന്‌ ഈ കഥയിലെ അസ്ഥിത്വ ദുഃഖം പേറുന്ന കഥാപാത്രം സാക്ഷ്യപ്പെടുത്തുന്നു. ഈ വേദനയിൽ നിന്നാവാം ഉദാത്തമായ സർഗ്ഗസൃഷ്ടികൾ ഉദ്ഭവിക്കുന്നത്‌. ഈ കഥയുടെ അന്ത്യത്തിൽ, പ്രപഞ്ചത്തിൽ ആരും അന്യരല്ല എന്നു പരമമായ സത്യം കണ്ടെത്തി ആനന്ദനിർവൃതിയിൽ കഥാപാത്രം അന്ത്യനിമിഷത്തെ പുൽകുകയാണ്‌.
തകഴിയുടെ 'വെള്ളപ്പൊക്കത്തിലെ' നായക്കുട്ടിയെ നമുക്കറിയാം. സഹജീവിസ്നേഹത്തിന്റെ ആഴങ്ങളിലേക്കൊഴുകുന്ന 'പുഴ ശാന്തമാകുന്നു' എന്ന കഥയിലുമുണ്ട്‌ ഒരു നായക്കുട്ടി. 'വെള്ളപ്പൊക്കത്തിൽ ഒരു രാത്രിമുഴുവൻ തുരുത്തിൽ കൂട്ടിരുന്ന നായക്കുട്ടിയെ ഉപേക്ഷിച്ച്‌ കൊച്ചുമോൾ പോർവ്വോ!' ആർദ്രമായ്‌ പറഞ്ഞുപോകുന്ന കഥക്ക്‌ വല്ലാത്തൊരു വശ്യതയുണ്ട്‌.
ജീവിതാന്ത്യം വരെ തെറ്റിദ്ധരിക്കപ്പെടുന്ന ഗോവിന്ദമാമയുടെ കഥയാണ്‌ 'സൂര്യോദയം കാണാതെ ഒരു ജന്മം' എന്ന നോവലൈറ്റ്‌. കഥക്കുള്ളിലെ ഉപകഥയിൽ കപ്പൽതട്ടിൽ ക്യാപ്റ്റന്റെ തിരിച്ചുവരവും കാത്ത്‌ പോരാടി നിൽക്കുന്ന കാസാബിയങ്കയെ കാണാം. ചില കടപ്പാടുകളുടെ പേരിൽ തന്നെ വെറുക്കുന്നവർക്കുവേണ്ടി അവസാനനിമിഷം വരെ അദ്ധ്വാനിക്കുന്ന ഗോവിന്ദമാമയെ നാം മറക്കില്ല. ഗോവിന്ദമാമയിൽ നാം മറ്റൊരു കാസാബിയങ്കയെ കണ്ടുവേന്നു വരാം.
എം.കെ.ചന്ദ്രശേഖരന്റെ ഒരു കഥപോലും അലസമായി വായിച്ചുപോകാൻ നമുക്കാവില്ല. അസ്വസ്ഥതയുടെയോ നൊമ്പരത്തിന്റെയോ സംശയത്തിന്റെയോ ചിന്തയുടെയോ ഒരു സ്ഫുലിംഗം മനസ്സിൽ മിന്നിമറിയും.
ആധുനികളോകത്തിന്‌ നഷ്ടമായ്ക്കൊണ്ടിരിക്കുന്ന നന്മകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളും, സമസ്യകളും, വൈരുദ്ധ്യങ്ങളും എല്ലാം നിറയുന്ന ചാന്ദ്രപ്രകാശമുള്ള കഥകൾ (ഡോ.എം.ലീലാവതിയുടെ ഉപമ) നമ്മെ തേടി വരുന്നതു കാത്തിരിക്കാം.
"കാത്തിരിപ്പ്‌ മിഥ്യയാണെന്നറിഞ്ഞപ്പോഴേക്കും അയാളിലെ യൗവനം വാർന്നുപോയ്‌ കഴിഞ്ഞിരുന്നു." (കുട) 70 വയസ്സിന്റെ നിറവിലും യൗവനം വാർന്നുപോകാത്ത ഭാവനയുമായ്‌, ഗാഢമായ ഹൃദയബന്ധങ്ങളുടെ കാണാച്ചരടുകളുമായ്‌ 'അപരാഹ്നങ്ങളിലെ സന്ദർശക'യെ പോലെ അദ്ദേഹത്തിന്റെ രചനകൾ. ഇനിയും എത്തിച്ചേരട്ടെ.
'കാലത്തിന്റെ കൈയ്യൊപ്പു പതിച്ച ചലച്ചിത്ര പ്രതിഭകൾ എന്ന ക്ലാസിക്‌ സിനിമകളെക്കുറിച്ചുള്ള ആധികാരികമായ പഠനഗ്രന്ഥം അദ്ദേഹത്തിന്റെ ഗവേഷണ നിപുണത വിളിച്ചോതുന്നു. സത്യജിത്‌റെയുടെ ദുർഗയും (പഥേർപാഞ്ജാലി), ചാപ്ലിന്റെ ഹിൻകിലറും (ഗ്രേറ്റ്‌ ഡിറ്റേക്ടർ) കുറോസോവയുടെ 'സെവൻ സമുറായി'യും എല്ലാം സിനിമ കണ്ടിട്ടില്ലാത്തവരുടെ മനസ്സിൽപോലും പതിയുന്ന ശൈലിയിലാണ്‌ അദ്ദേഹത്തിന്റെ രചന. ഇത്തരം ഗ്രന്ഥങ്ങൾ അന്വേഷണകുതുകികൾക്കും ആസ്വാദകർക്കും പ്രിയങ്കരമാകും എന്നു നിസ്സംശയം പറയാം.
'അച്ഛാ, അച്ഛനിനിയും എഴുതണം. എനിക്കു വായിക്കാൻ പറ്റിയില്ലെങ്കിലും അച്ഛനെഴുതുന്നുവേന്നു കേൾക്കുമ്പോൾ-അങ്ങനൊരു വാർത്തക്കായ്‌ ചെവിയോർക്കും! (മകൾ)
ആസ്വാദകർ ഇനിയും അങ്ങയുടെ സാന്ദ്രമായ കഥനങ്ങൾക്കായ്‌ കാത്തിരിക്കുകയാണ്‌. ഗുരുതുല്യനായ കഥാകാരന്‌ ആശംസകളോടെ പ്രണാമം.

എഡിറ്റോറിയൽ



mathew nellickunnu
മഴ: മനം കുളിർപ്പിക്കുന്ന മഴ
അമേരിക്കയിലാണെങ്കിൽപോലും മഴ ഇന്നും എനിക്കേറ്റവും പ്രിയപ്പെട്ടതാണ്‌. കേരളത്തിലായിരുന്നപ്പോൾ മീനം മേടം മാസങ്ങളിലെ കടുത്ത ചൂടിനുശേഷം വന്നണഞ്ഞിരുന്ന പുതുമഴ എനിക്കെന്നും ഒരനുഭവമായിരുന്നു. പുതുമഴത്തുള്ളികൾ ഉണങ്ങിവരണ്ട മണ്ണിൽ വന്നുപതിക്കുമ്പോൾ പതഞ്ഞുയരുന്ന കൊതിപ്പിക്കുന്ന മൺമണവും, മഴത്തുള്ളികൾ ഇലത്തുമ്പുകളിലും തോട്ടുവെള്ളത്തിലും പതിക്കുമ്പോൾ ഉണ്ടാകുന്ന സംഗീതവും, കാറ്റിന്റെ താളമേളങ്ങളും തവളകളുടെ കരച്ചിലും, ഈയലുകളും മഴമേഘപ്പക്ഷിയും നൃത്തംവയ്ക്കുന്ന ആകാശവും നോക്കിയിരിക്കുക എന്നത്‌ എനിക്ക്‌ ഹരമായിരുന്നു. മഴവെള്ളത്തിൽ കടലാസുതോണിയുണ്ടാക്കിക്കളിക്കുന്നതും കുട്ടിക്കാലത്ത്‌ എന്റെയൊരു വിനോദമായിരുന്നു. ഇവയെല്ലാം ഇന്നലേക്കഴിഞ്ഞതുപോലെ തോന്നുകയാണ്‌.
സ്കൂൾതുറക്കുന്ന ദിവസംതന്നെ വന്നണഞ്ഞിരുന്ന കാലവർഷപ്പെയ്ത്തിൽ പുത്തനുടുപ്പും പാഠപുസ്തകങ്ങളും പാതിനനഞ്ഞും, ഒരു കുടക്കീഴിൽ മൂന്നും നാലും കൂട്ടുകാരോടൊത്ത്‌ വെള്ളം തട്ടിച്ചിതറിച്ചുംകൊണ്ട്‌ സ്കൂളിലേക്ക്‌ പോയിരുന്നകാലം ഇന്നുമെനിക്കു നിറം പിടിപ്പിച്ച ഓർമ്മകളാണ്‌. എന്റെ ചെറുപ്പകാലത്ത്‌ കനത്ത കാലവർഷം ഒരു പതിവനുഭവംതന്നെയായിരുന്നു. വനനശീകരണത്തിലൂടെ പ്രകൃതിയുടെ താളംതെറ്റിയതിനാൽ ഇന്ന്‌ മഴ കുറഞ്ഞു. കാരണവന്മാർ പറഞ്ഞിരുന്ന 15 ദിവസം നീണ്ടു നിൽക്കുന്ന ഇടവപ്പാതിമഴയും, തോരാതെപെയ്യുന്ന മഴയിൽ തോടും പാടവും നിറഞ്ഞൊഴുകുന്ന കർക്കിടവും, മിന്നൽപ്പിണരുകളാലും ഇടിമുഴക്കത്താലും ഭയന്നുവിറച്ചിരുന്ന തുലാവർഷവും ഇന്ന്‌ പഴയതുപോലെ കൃത്യസമയങ്ങളിൽ വന്നണയാറില്ല. മഴയ്ക്കും താളം തെറ്റിയിരിക്കുന്നു. ചിട്ടയോടെയല്ല. തോന്നുമ്പോൾ പെയ്തിറങ്ങുന്ന പ്രതിഭാസം.
2004 മാർച്ചിൽ അവിചാരിതമായി എനിക്ക്‌ കേരളത്തിൽ വരേണ്ടിവന്നു. അന്ന്‌ കേരളം മുഴവൻ വരൾച്ചയുടെ പിടിയിലമർന്നിരിക്കുകയായിരുന്നു. കുടിവെള്ളത്തിനുപോലും ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്ന സമയം. ഭൂഗർഭജലവിതാനം താഴ്‌ന്നതിനാൽ കുഴൽക്കിണറുകളിൽപോലും വെള്ളം വറ്റിയിരുന്നു. ആളുകൾ കൂട്ടംകൂട്ടമായി ജലം ശേഖരിക്കാൻ പ്ലാസ്റ്റിക്‌ ടാങ്കുകളും മറ്റുമായി വാഹനങ്ങളിൽ മൂവാറ്റുപുഴയാറിൽ എത്തുന്ന കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. പഴയകാലം എന്റെ ഓർമ്മകളിലെത്തി. അന്നൊരിക്കൽപോലും വെള്ളത്തിനുവേണ്ടി ആളുകൾ അലയുന്നത്‌ കണ്ടിട്ടില്ല. എങ്ങും എവിടെയും ജലസമൃദ്ധിയായിരുന്നു. മഴനനഞ്ഞ്‌ മാമ്പഴവും കശുവണ്ടിയും പെറുക്കി, മഴവെള്ളത്തിൽ കളിച്ചുകുളിച്ച്‌ മഴയെ കൂസാതെ നടന്നിരുന്ന ആളുകൾക്ക്‌, അന്തരീക്ഷമലിനീകരണംമൂലം ഏറ്റവും ശുദ്ധമെന്ന്‌ കരുതിയിരുന്ന മഴവെള്ളത്തെപ്പോലും ഭയമാണിപ്പോൾ.
കാലവർഷാരംഭത്തോടുകൂടി പുഴയിൽനിന്നും ധാരാളം മത്സ്യങ്ങൾ തോടുകളിലൂടെ മുട്ടയിടുന്നതിനായി പാടത്തെത്താറുണ്ടായിരുന്നു. അവിടെ നിറഞ്ഞുകിടക്കുന്ന വെള്ളത്തിലൂടെ അവ ഓളങ്ങൾ സൃഷ്ടിച്ച്‌ പാഞ്ഞു നടക്കുന്ന കാഴ്ച കാണേണ്ടതുതന്നെയായിരുന്നു. ഇവയെ പിടിക്കുവാൻ ആളുകൾ വലകളും മീൻകൂടുകളും മറ്റുമായി പാടത്തുകൂടും. എല്ലാവർക്കും കൈനിറയെ മീനുകളെ കിട്ടുകയും ചെയ്യും. ഇപ്പോഴോ, കർക്കിടക്കത്തിലും ഇടവപ്പാതിയിലും പോലും പുഴയിലും തോടുകളിലും വെള്ളം നന്നേകുറവാണ്‌.
ആകാശത്തുനിന്നും പെയ്തിറങ്ങുന്ന മഴയുടെ സംഗീതവും അതിന്റെ തണുപ്പും കേൾക്കുവാനും അനുഭവിക്കാനും എനിക്കിന്നും കൊതിയാണ്‌. കുഞ്ഞായിരുന്നപ്പോൾ കോരിച്ചൊരിയുന്ന മഴയിലൂടെ അമ്മയുടെ കൈപിടിച്ച്‌ പള്ളിയിലേക്കും ആശാൻകളരിയിലേക്കും പോയിരുന്ന ആ കാലം പുളകിതമായ ഓരോർമ്മ.

പുതിയ ഭാര്യ



mathew nellickunnu
ജനാലയ്ക്കപ്പുറത്തെ മതിൽക്കെട്ടുകളെ മറികടന്ന്‌, അകലെ ഇരമ്പുന്ന കടലിന്റെ മണൽത്തീരങ്ങളിലേക്കയാൾ മനസ്സിനെ അഴച്ചുവിട്ടു. അപ്പോഴും കലമ്പുന്ന പൂച്ച കടിച്ചു കീറുന്നതിനു മുൻപ്‌ കളിപ്പിക്കുന്ന എലിയുടെ തേങ്ങലാണയാൾ കേട്ടത്‌.
തളർന്ന കാലൊച്ചയോടൊപ്പം മരണത്തിന്റെ നൂലിഴകളിലെ സമസ്യകളിൽ പറ്റിപ്പിടിച്ചു തന്നെ സമീപിക്കുന്ന ഭാര്യ.
ഏറെക്കാലത്തെ ആലസ്യവും പരിചരണങ്ങളുമായി അയാളുടെ നിമിഷങ്ങൾ സമന്വയിച്ചിരുന്നു. മരുന്നുകളുടെ രൂക്ഷഗന്ധം നിറഞ്ഞ മുറിയിലെ വായു അയാൾക്ക്‌ അന്യമോ അരോചകമോ ആയിരുന്നില്ല. വലിയ താമസമില്ലാതെ ഒരു നിമിഷത്തിന്റെ ചിത്രം അയാൾ കണ്ടു മുഷിഞ്ഞിരുന്നു. അനിവാര്യമായ ആ നിമിഷത്തിനുവേണ്ടി ഭാര്യ എന്നും പതംപറഞ്ഞു കരയുകയും ചെയ്തു.
അയാളുടെ സാമീപ്യത്തിൽ പലപ്പോഴും അവൾ മുകളിലേക്കു നോക്കിപ്പറഞ്ഞു. 'നീയൊരുത്തൻ എന്നെ ഉപേക്ഷിച്ചോ? എത്രയും വേഗം അങ്ങു വിളിച്ചാൽ മതിയായിരുന്നു'.
ഭാര്യയുടെ ഉച്ചത്തിലുള്ള നിലവിളി അയാളെ ആദ്യമൊക്കെ ഞെട്ടിക്കുകയും അയാൾ അദ്ഭുതത്തോടെ നോക്കിയിരിക്കുകയും ചെയ്യുമായിരുന്നു. പിന്നീട്‌ അവളുടെ ആവലാതി കേൾക്കുമ്പോൾ പ്രതികരിക്കാനോ വികാരംകൊള്ളാനോ അയാൾക്കു കഴിയാതെയായി.
പ്രായംകുറഞ്ഞ രണ്ടു മക്കളെ ഇടതും വലതുമിരുത്തി അവരുടെ മുടിയിഴകൾ തഴുകിക്കൊണ്ട്‌, നിശ്ശബ്ദമായി, അകലെയെവിടെയോ കണ്ണുംനട്ട്‌ അവളിരിക്കുന്നത്‌ ഒരിക്കളയാൾ ശ്രദ്ധിച്ചു.
അന്ന്‌ അവൾ കിടക്കവിട്ട്‌ പുറത്തേക്കു വന്നില്ല. അയാൾ സ്വീകരണമുറിയിൽ വളരെനേരം അവളുടെ തളർന്ന കാലടികൾക്കു വേണ്ടി കാത്തു. ഒടുവിൽ മരുന്നുകളുമായി കിടപ്പറയിലേക്കയാൾ ചെന്നു. അയാളുടെ സാമീപ്യം അവൾ അറിഞ്ഞു. ഒരുവശം ചരിഞ്ഞു കിടന്ന അവൾ കണ്ണുകൾ തുറന്ന്‌ എഴുന്നേൽക്കാൻ ശ്രമിച്ചു. അവളുടെ വിഫലശ്രമം കണ്ട്‌ അയാൾ ദുഃഖിതനായി.
'ഉറങ്ങിക്കൊള്ളൂ'. അതിനു മറുപടി പറയാതെ അവൾ തലചരിച്ച്‌ കിടന്നു.
വൈകുന്നേരം സ്കൂളിൽനിന്ന്‌ വന്ന കുട്ടികൾ പതിവുപോലെ അമ്മയുടെയടുത്തോടിയെത്തി. അമ്മ ഉറക്കം തുടർന്നു.
'മമ്മി ഉണരുന്നില്ല.' കുട്ടികളുടെ നിലവിളി അയാളെ മറ്റെവിടെ നിന്നോ ഉണർത്തി.
പിന്നെ പലപ്പോഴും ഭാര്യയുടെ കിടപ്പുമുറിയിൽ ഞരക്കങ്ങളും തേങ്ങലും കേട്ടു. എന്നാൽ ഒഴിഞ്ഞു കിടക്കുന്ന കിടക്കയിൽ ആരെയും അയാൾ കണ്ടില്ല. പക്ഷെ, ആ മുറിയിൽ ഒരു വല്ലാത്ത തണുപ്പും ആരുടെയോ ശ്വാസത്തിന്റെ നേരിയ ശബ്ദവും അയാൾക്ക്‌ അനുഭവപ്പെട്ടു. അവിടെനിന്നു സ്വീകരണമുറിയിലേക്കും പിന്നെ പുറത്തേക്കും അയാൾ വളരെ തിടുക്കത്തിൽ നടന്നു.
പുറത്തെ കാറ്റിനു ചൂടുണ്ടായിരുന്നു. അയാൾ ഏറെക്കാലം ഇരുട്ടിൽ കഴിഞ്ഞവനെപ്പോലെ മേൽവസ്ത്രത്തിന്റെ കുടുക്കുകൾ അഴിച്ച്‌ ചൂടിനും വെളിച്ചത്തിനും വേണ്ടി മുകളിലേക്കു നോക്കി.
സ്കൂൾ ബസ്‌ മുറ്റത്തിനടുത്തുള്ള പാതയിൽ വലിയ ശബ്ദത്തോടെ നിന്നു. അയാൾ മക്കളിലേക്കും നോക്കി.
'നാട്ടിൽ നിനക്കുവേണ്ടി ഞങ്ങളൊരു പെണ്ണിനെ കണ്ടിട്ടുണ്ട്‌.' ജലാർപേട്ടയിലെ സഹോദരിയുടെ ഭർത്താവിന്റെ നിർദേശം അഭികാമ്യമായി അയാൾക്കു തോന്നി. കുട്ടികളെ സുഹൃത്തിന്റെ സംരക്ഷണയിലാക്കി. ഏറെത്താമസിയാതെ നവവധുവിന്റെ വരവായി.
അൻപതിന്റെ കിതപ്പും ഞരക്കവുമുള്ള മധുവിധു 32-കാരിക്ക്‌ ആസ്വദിക്കാൻ പ്രയാസമായിരുന്നു.
'നിങ്ങളെന്തിനാണ്‌ വയസ്സുകാലത്ത്‌ മറ്റുള്ളവരെ കളിപ്പിക്കുന്നത്‌?' കല്യാണം കഴിഞ്ഞ്‌ എട്ടാം മാസത്തിൽ പുതിയ ഭാര്യ ചോദിച്ചു.
'എത്രനാൾ ഈ അന്യനാട്ടിൽ ഞാൻ ഒറ്റയ്ക്കിരിക്കും?'
'എന്താ ഞാൻ പെരനിറഞ്ഞു നിൽക്കുകയായിരുന്നോ? ജലാർപേട്ടയിൽ ചോദിക്കാനും പറയാനും എനിക്കാളുണ്ട്‌.'
നേരത്തെ കരുതിവച്ചിരുന്ന സൂട്ട്കേസുമായി പുതിയ ഭാര്യ പടിയിറങ്ങി. അയാളുടെ സുഹൃത്ത്‌ പാതയിൽ കാറുമായി അവളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

വൈദേഹി പോകുന്നു



r manu
വൈദേഹി ഇന്ത്യൻ സ്ത്രീയുടെ ത്രികാലങ്ങളറിയുന്ന പ്രതീകമാണ്‌. രാമന്റെ അയനത്തിനപ്പുറം, നശ്വരമായ ദേഹമില്ലാത്ത വൈദേഹി... വിദേഹരാജാവിന്റെ മകൾ വൈദേഹി ലങ്കയിൽ നിന്നും തിരിച്ചു കോസലരാജ്യത്തേക്കു പോകാതെ, രാമന്റെ അയനമായ രാമായണത്തിൽ നിന്നുതന്നെ തിരിച്ചുപോകുന്നു, സരയൂവിലേക്ക്‌. ഒരുപക്ഷെ അതായിരിക്കാം രാമൻ ഒടുവിൽ സരയൂവിലേക്കിറങ്ങിപ്പോകാനും നിദാനം. (മായാസീത സങ്കൽപത്തിനെ മറ്റൊരു തലത്തിൽ സങ്കൽപിച്ച കാവ്യാവലംബം)
പ്രിയ രാമ, പോകട്ടെ ഞാനിനി
നിന്റെ രാമായണത്തിൽ നിന്നും
സിരവിളിക്കുമേകാന്ത
കനൽ രാവുകളിൽ നിന്നും
മാറ്റുതിരയുമ്പോഴെന്നെ നീ കാട്ടിലെറിയേണ്ട
പ്രജാവിലാപത്താലരണി കടയേണ്ട
ഈ പാപം പകുക്കാൻ
പ്രിയ സൗമിത്രിയെത്തേടേണ്ട.
നീ നേരെനടന്നു
കടക്കുകീ ചിത്രകൂടക്കടവുകൂടി
തിരികെനിന്നെയും കാത്തു
ഗുഹനവിടെയുണ്ട്‌. പിന്നെ
പതിന്നാലുസംവത്സരം. കടിഞ്ഞൂൽ പിറന്നോനെ
കാണാത്ത ദുഃഖമുണ്ട്‌.
ഈ വൈദേഹിയെയോർത്തു നീ
വെറുതെയരച വേണ്ട നിമിഷങ്ങൾ കളയേണ്ട
വിരലുകളിലാളുന്ന വേദനയിലേ
മിഥിലയിലെ കാഞ്ചനക്കൂട്ടിലെ
കിളിമകൾ ചൊന്നതേ സത്യം
ഗതിയറിയാത്ത മനസ്സിന്റെ ദേശം
ഓർമ്മയുടെ പാലം കടക്കുന്നു.
ഹേരാമ, നീയോർക്ക, ഞാനിളം കണ്ണടയാത്ത സീത
ഇടിനാദമുടയുന്നയാരവം വിലചൊല്ലിയോ നീ
ജനകന്റെ പ്രിയമകൾക്കായ്‌
എന്തിനെന്റൂർമ്മിളയെ
നിലവറയിലറിയാത്തയപശ്ശകുനമാക്കി,
അടവിയിൽ നീയെനിക്കെന്റെ
മധുകാലവും മൃദുമോഹവും തന്നു.
നിന്റെ തിരുപാദപതനമേറ്റ-
ശ്ശിലയിൽ നിന്നുയരേണ്ടവളഹല്യയോ?
രാമശരമേറ്റുപിടയുന്ന ഹൃദയങ്ങളെവിടെ?
വനമാലിനിരകളിലെ താര!
തേങ്ങളിലൊഴുകുന്ന മണ്ഡോദരി!
കോസലരാജ്യയരമനച്ചിതകളി-
ലൊടുങ്ങേണ്ട മിഥിലയിലെ
ശ്ശാന്തദേഹിമാരിനിയെത്ര രാമ?!
അരച, നീയെയ്തയമ്പിനേക്കാളുള്ളിലുലയുന്നു
ലങ്കയിലശോകങ്ങൾ പൂത്തിറങ്ങുന്ന ഗന്ധം
രാവണവചസ്സുകളിലലയടിക്കും
പിതൃവിഷാദം പെയ്തൊഴിയുന്ന മൗനം*
മതിരാമ, രഘുവംശകുലോത്തമ,
നമുക്കീ കാഴ്ചവേഷങ്ങളിനിയഴിക്കാം
നെഞ്ചിലൊരു ഗദ്ഗദം തടയുന്നുവോ?
എന്റെ മുടിനാരുകുരുങ്ങിയ, തിമിര
നോവുകളിലൊരു നിശാഗന്ധി പൂക്കും
വിപിനപുളിനങ്ങളിലൊരു നാളു
തെളിയുമതു നിനക്കെന്റെ നേരുരാമ
ഹരിരാമ, നിന്റെ
വൈകുണ്ഠത്തിലിനി വരുന്നില്ലയീ
ദേഹമില്ലാത്ത, ഓർമ്മകളിൽ കുളിർചുരന്ന
പിന്നെയുറഞ്ഞുമാടുന്ന വൈദേഹി
ഈ കൊടിയ വനനിബിഢങ്ങ-
ളിലെനിക്കെന്തു കുളിരെന്റെ
ചുവടു നീളുന്നു രാമ...
ഹിമശൈലമുടികളിലെ
തപംകൊണ്ട ഗുഹകൾ വിളിക്കുന്നു...
ഭരതവീഥികളിലാശ്വാസമാകുന്ന
കുങ്കുമാങ്കിത തെരുവുകൾ വിളിക്കുന്നു....
ഒരു കാലിലെ ചിലമ്പൂരിയെറിഞ്ഞു
പുരമെരിക്കുന്ന കണ്ണകി,
മറുവേദതാളുകളിലെ നവശാരദ,
വിളിക്കുന്നുവേന്നെ
നിറനേത്രചോളമുഖികൾ
വിതുമ്പും മണൽക്കാടുകൾ
നേർത്ത കനിവിന്റെയിതൾ വിടരുമസ്തമയ
സൂര്യ കിരണങ്ങളൊഴുകുന്നസരയൂവും വിളിക്കുന്നു
രാമ
ഇതിഹാസകൽപിതം
* കമ്പരാമായണം - സീത രാവണപുത്രിയാണെന്ന്‌ വ്യാഖ്യാനം.

ഒറ്റമഴത്തുള്ളി



brinda
നീ നിന്റെ പ്രണയത്തെ
പൂട്ടിവച്ചേക്കുക
ആലോലമാടുന്ന മരച്ചില്ലകൾ
അങ്ങനെതന്നെയിരുന്നോട്ടെ
പക്ഷികൾ ചിറകടിക്കാറുണ്ട്‌
ആകാശത്തിനു കുറുകെ
പറക്കാറുണ്ട്‌
കാറ്റ്‌ ഇപ്പോൾ സുഗന്ധങ്ങളെ
കൊണ്ടു വരാറില്ല
നീ ഇപ്പോൾ വല്ലാതെ
വിളറിപ്പോയിരിക്കുന്നു
മുറികളിലടിഞ്ഞ്‌
പൊടിയും മാറാലയും പിടിച്ച്‌
പ്രാചീനമായ പ്രണയം
ഇരുണ്ട ഗോവണികളിലെ
ഇളകിയാടുന്ന പലകകൾ പോലെ.
ഇപ്പോൾ പ്രണയം
മോർച്ചറിക്കുള്ളിലെ
മരവിച്ച രാത്രികളാണ്‌
അറ്റുപോയ അവയവങ്ങൾ
കൂട്ടിച്ചേർക്കാനാകാതെ
അംഗഭംഗംവന്ന കിനാവുകളാണ്‌
വെയിൽ വരും മുമ്പേ
ഇലത്തണുപ്പുകളിൽ നിന്ന്‌
പൊയ്പ്പോയ മഞ്ഞുകണമാണ്‌
ആകാശങ്ങളിൽ ഒറ്റപ്പെട്ടുപോയ
ഒറ്റമഴത്തുള്ളിയാണ്‌.

ആരാണറിയുക?

sukumar arikuzha
സ്ത്രീപീഡനങ്ങൾ
അറിയുമെല്ലാരും
നേരെതിരിച്ചുള്ള
തറിയുകില്ലാരും!


സ്വയരക്ഷ

മനസ്സുകൊണ്ടുമർത്യനന്മയാഗ്രഹിച്ചിടാത്തവർ
മറ്റുമർത്യരെപ്പഴിച്ചുജീവിതംതുലച്ചിടും
സ്വന്തകർമ്മമൊട്ടുമേതിരിച്ചറിഞ്ഞിടാത്തവർ
കുറ്റമന്യരിൽചുമത്തിസ്വന്തരക്ഷനേടിടും!

രാ.....രാക്ഷസൻ
'രാ'മായ്ച്ചിടാനായ്‌
രാമായണം വേണ്ടിനി
രാക്ഷസന്മാരെക്കൊണ്ടീ
രാവെല്ലാം നിറഞ്ഞല്ലോ?

രാത്രിയിൽ

rajesh
തുടരേ...
ഏറ്റുപറച്ചിലുകളുടെ
കൊളാഷ്‌
അങ്ങിങ്ങ്‌
നക്ഷത്രങ്ങളൊക്കെ
മിന്നിപറഞ്ഞു
രാത്രി, യാത്ര വേണ്ട.
ദൂരെ... ദൂരെ....
ഇരുചക്രവാഹനം
നിറമില്ലാത്ത ലൈറ്റുമായ്‌
സഞ്ചരിക്കുന്നുണ്ട്‌
ആകാശം,
വല്ലാത്തൊരവസ്ഥയിൽ
ഭൂമിയിലേക്ക്‌, അടർന്ന്‌ വീഴാൻ
വെമ്പി നിൽക്കുകയാണ്‌;
കുണ്ടനിടവഴിക്ക്‌ ഇരുവശവും
ചീവീടുകൾ സംഗീതംപൊഴിക്കുന്ന
കർക്കിടകരാത്രി
വയലേലകൾക്ക്‌ നടുവിലൂടെ
ജീവനുള്ള കുറച്ച്‌ ചൂട്ടുകൾ
ലക്ഷ്യം തെറ്റാതെ സഞ്ചരിച്ചെന്നിരിക്കും
പറഞ്ഞുവരുംമ്പോൾ
എല്ലാവരും അവരവരുടെ,
രാത്രികളെ
അവ്യക്തമാക്കിതീർക്കും.

തെരേസാ എന്നൊച്ചയിട്ടയാള്‍

baburaj t v
കഥ : ഇറ്റാലോ കാല്‍വിനോ
തിരക്കഥ : ബാബുരാജ്.റ്റി.വി.

സീന്‍ ഒന്ന്
നിലാവില്‍ കുളിച്ചു നില്ക്കുന്ന തെരുവിന്‍റെ വിദൂര ദൃശ്യം. നിയോണ്‍ ബള്‍ബുകള്‍ പ്രകാശിക്കുന്ന ആളൊഴിഞ്ഞിട്ടില്ലാത്ത തെരുവില്‍ അങ്ങിങ്ങായി ചില വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു . അങ്ങോട്ടുമിങ്ങോട്ടും നടന്നു പോകുന്ന ആളുകള്‍.
സീന്‍ രണ്ട്
കൂറ്റന്‍ കെട്ടിടങ്ങള്‍ക്കു ഓരത്തുള്ള കല്ലു വിരിച്ച നടപ്പാതയിലൂടെ കഥാനായകന്‍
നടന്നു വരുന്നു. ഒരു നിമിഷം അയാള്‍ നടപ്പാതിയില്‍ നിന്നിറങ്ങി സമീപത്തെ ബഹുനില കെട്ടിടത്തിന്‍റെ മുകളിലത്തെ നിലകളിലേക്കു നോക്കിക്കൊണ്ട് പിന്നോക്കം നടക്കുന്നു. ഏകദേശം തെരുവിന്‍റെ മധ്യഭാഗത്തൂ നിലയുറപ്പിച്ച അയാള്‍ തന്‍റെ കൈകള്‍ ഒരു കോളാമ്പി പോലെ പിടിച്ചുകൊണ്ട്‌ കെട്ടിടത്തി ന്‍റെ മുകളിലത്തെ നിലകളിലേയ്ക്കു നോക്കി ഒച്ചയിടുന്നു : "തെരെസാ!"


സീന്‍ മൂന്ന്
തെരെസാ എന്ന ശബ്ദത്തിന്‍റെ പ്രതിധ്വനിയില്‍ അയാളുടെ കാല്‍ക്കീഴില്‍ നിലാവെളിച്ചത്തില്‍ ഇളകിയാടുന്ന സ്വന്തം നിഴലിന്‍റെ കുറിയ ചിത്രം. കഥാനായകന്‍റെ അരികിലൂടെ ഒരാള്‍ നടന്നു പോകുന്നു. കഥാനായകന്‍ വീണ്ടും ഒച്ചയിടുന്നു. "തെരെസാ!". കഥാനായകന്‍റെ അടുത്തേയ്ക്കു നടന്നടുത്തു കൊണ്ട് അയാള്‍ പറഞ്ഞു: "താങ്കള്‍ കുറെക്കൂടി ഉറക്കെ ഒച്ചവെച്ചില്ലെങ്കില്‍ അവള്‍ക്കു കേള്‍ക്കാനാവില്ല. നമുക്കു ഒരുമിച്ചു ശ്രമിയ്ക്കാം. അതുകൊണ്ട് മൂന്നു വരെ എണ്ണും, മൂന്നാം വട്ടം നമ്മള്‍ രണ്ടു പേരും ചേര്‍ന്ന്‌ ഒച്ചയിടും. അയാള്‍ എണ്ണി: "ഒന്ന്, രണ്ട്, മൂന്ന്". "തെരെസാ......", രണ്ട് പേരും ചേര്‍ന്നു ഒച്ചയെടുക്കുന്നു.


സീന്‍ നാല്
തെരുവിലെ ഒരു കോഫിഹൌസിന്‍റെ മുന്‍വശം. കോഫിഹൌസില്‍ നിന്നിറങ്ങി വരുന്ന മൂന്നു നാലു സുഹൃത്തുക്കള്‍ നടന്നു നീങ്ങുന്നതിനിടയില്‍ അവരെ ശ്രദ്ധയില്‍ പ്പെടുന്നു . അവരുടെ അടുത്തെത്തിയ സുഹൃത്ത് സംഘം പറഞ്ഞു: "ദയവായി ഞങ്ങളും കൂടി ചേര്‍ന്ന് ഒച്ചവെയ്ക്കട്ടെ" . തെരുവിനു മധ്യത്തില്‍ അവരും കൂടെ ചേരുന്നു. ഒന്നാമത്തവന്‍ ഒന്നു മുതല്‍ മൂന്നു വരെ എണ്ണിയപ്പോള്‍ അവരെല്ലാവരും ചേര്‍ന്നു ഒച്ചവെയ്ക്കുന്നു, " തെ-രേ..സാ...!"
അവരെ ശ്രദ്ധിച്ചുകൊണ്ടു നടന്നു വരുന്ന ഒരാള്‍ അവരോടൊപ്പം ചേരുന്നു. ഇടക്കിടെ തെരുവിലൂടെ പോകുന്നവരില്‍ നിന്ന്, ചിലരൊക്കെ വന്നു ചേരുന്നതിന്‍റെ വിവിധ ദൃശ്യങ്ങള്‍. ഏകദേശം ഇരുപതോളം പേരുണ്ട് ഇപ്പോള്‍ ആ സംഘത്തില്‍ .
സീന്‍ അഞ്ച്
നല്ല രീതിയില്‍ ഒരുമിച്ചു ഒച്ചവെയ്ക്കാനുള്ള അവരുടെ ശ്രമം പാളിപ്പോകുന്നു. അവര്‍ വീണ്ടും ശ്രമിക്കുന്നു. "തെ" ശബ്ദം താഴ്ത്തി നീട്ടിയും, "രേ" ശബ്ദമുയര്‍ത്തി നീട്ടിയും, "സാ" ശബ്ദം താഴ്ത്തി കുറുക്കിയും ഒച്ചയിടാമെന്ന് അവര്‍ പരസ്‌പരം സമ്മതിക്കുന്നു. ഒരു പ്രാവശ്യം കൂടി വലിയ കുഴപ്പമില്ലാതെ അവര്‍ ഒച്ചവെയ്ക്കുന്നു. ഇടയ്ക്കിടെ ആരെങ്കിലും താളം തെറ്റിക്കുമ്പോഴുള്ള കശപിശ.

സീന്‍ ആറ്
ഇടക്കിടെ ആരെങ്കിലും വന്നുപോകുമ്പോഴുള്ള ബഹളമയമായ അന്തരീക്ഷം. ഒരുവിധം അതെല്ലാം ഒതുങ്ങി ശരിയായ വിധത്തില്‍ അവര്‍ ഒച്ചയിടാന്‍ തുടങ്ങിയപ്പോള്‍ മുഖത്തു പുള്ളിക്കുത്തു വീണ ഒരുവന്‍ ചോദിച്ചു: "അവള്‍ വീട്ടിലുണ്ടോയെന്ന്
നിങ്ങള്‍ക്കുറപ്പുണ്ടോ? "
"ഇല്ല," കഥാനായകന്‍ പറഞ്ഞു.
" അതു മോശമായി," മറ്റൊരുവന്‍ പറഞ്ഞു. " നിങ്ങള്‍ താക്കോല്‍ എടുക്കാന്‍ മറന്നിരിയ്ക്കും അല്ലേ?"
"യഥാര്‍ത്തത്തില്‍" കഥാനായകന്‍ പറഞ്ഞു, "എന്‍റെ താക്കോല്‍ എന്‍റെ കൈവശമുണ്ട്".
"എന്നാല്‍പ്പിന്നെ നിങ്ങള്‍ എന്താണു മുകളിലേയ്ക്കു പോകാത്തത്? ", അവര്‍ ചോദിച്ചു.
"ഞാന്‍ ഇവിടെയല്ല താമസിക്കുന്നത്," കഥാനായകന്‍ പറഞ്ഞു. "ഞാന്‍ നഗരത്തിന്‍റെ മറ്റേ വശത്താണു താമസിക്കുന്നത്."
"കൊള്ളാം, എന്‍റെ ജിജ്ഞാസ കൊണ്ടു ചോദിക്കുന്നതില്‍ ക്ഷമിക്കണം," അടഞ്ഞ ശബ്ദത്തില്‍ ഒരുവന്‍ ചോദിച്ചു, "എന്നാപ്പിന്നെ ആരാ ഇവിടെ താമസിക്കുന്നത്?"
"സത്യമായിട്ടും എനിക്കറിയില്ല," കഥാനായകന്‍ പറഞ്ഞു.

അവിടെ കൂടിയിരുന്നവരുടെ മുഖത്തു അസ്വസ്ഥത പടരുന്നു.

സീന്‍ ഏഴ്
"എന്നാല്‍ ദയവായി പറയൂ," കൂട്ടത്തില്‍ തുളഞ്ഞു കയറുന്ന ശബ്ദമുള്ള ഒരാള്‍ ചോദിച്ചു, "നിങ്ങള്‍ ഇവിടെ താഴെ നിന്നു തെരേസാ എന്നു വിളിക്കുന്നതെന്തിനാണ്? "
"എന്നെ സംബന്ധിച്ചിടത്തോളം," കഥാനായകന്‍ പറഞ്ഞു, "നമുക്കു മറ്റൊരു പേരു വിളിയ്ക്കാം, അതുമല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമാണെങ്കില്‍ മറ്റൊരു സ്ഥലത്തു ശ്രമിക്കാം ."
മറ്റുള്ളവരുടെ മുഖത്ത് അമ്പരപ്പൂ പടരുന്നു.
സീന്‍ എട്ട്
"നിങ്ങള്‍ ഞങ്ങളെ കളിപ്പിക്കുകയായിരുന്നില്ല എന്നു ഞാന്‍ വിശ്വസിക്കട്ടെ, " പുള്ളിക്കുത്തു വീണ മുഖമുള്ളവന്‍ സംശയത്തോടെ ആരാഞ്ഞു.
"എന്ത്," വിശ്വാസം വീണ്ടുക്കുന്നതിനായി മറ്റുള്ളവരുടെ നേരെ തിരിഞ്ഞ് കയ്പ്പു രസത്തോടെ കഥാനായകന്‍ ഉരുവിട്ടു.

സംഭ്രാന്തിയുടെ ഒരു നിമിഷം.
"നോക്കൂ, എന്തുകൊണ്ട് ഒരു വട്ടം കൂടി തെരേസാ എന്നു വിളിച്ചിട്ട് നമുക്കു വീടുകളില്‍ പോയ്ക്കൂടാ" " ഹൃദയ ശുദ്ധിയുള്ള ഒരുവന്‍ പ്രസ്താവിച്ചു.
ഒരു വട്ടം കൂടി അവര്‍ ഒച്ച വെയ്ക്കുന്നു. " ഒന്ന് രണ്ട് മൂന്ന് തെരേസാ!" എന്നാല്‍ ആ ശബ്ദം ഭംഗിയായി പുറത്തേയ്ക്കു വന്നില്ല. ആളുകളെല്ലാം വിവിധ വഴികളിലൂടെ അവരവരുടെ വീടുകളിലേയ്ക്കു പിരിഞ്ഞുപോകുന്നു.
സീന്‍ ഒന്‍പത്
കഥാനായകന്‍ നടന്നു നീങ്ങുന്നു. " തെ രേ സാ " എന്ന ശബ്ദമുയരുന്നു. കഥാനായകന്‍ നടപ്പു നിര്‍ത്തി ചിന്താമഗ്നനായി തിരിഞ്ഞു നോക്കുന്നു. പിടിവാദക്കാരനായ ആരോ ദൂരെ നിന്നു ഒച്ചയിടുന്നതിന്‍റെ അവ്യക്ത ദൃശ്യം.
====================

സ്നേഹദൂത്‌

saju pullan


anil sivan


സ്നേഹദൂത്‌
സാജു പുല്ലനും അനിൽ ശിവനും ചേർന്നെഴുതിയ തിരക്കഥ
സീൻ-1
പരമ്പരാഗത ക്രിസ്ത്യൻ വേഷത്തിൽ ചാക്കോ മാസ്റ്ററും മേരിയമ്മയും കൂടെ വേലക്കാരിയും. അടുക്കളയിൽ വേലക്കാരി പലഹാരങ്ങൾ തയ്യാറാക്കുന്ന തിരക്കില്ലാണ്‌. കൂടെ സഹായിക്കൂന്ന മേരിയമ്മ. അവിടേക്ക്‌ ചാക്കോ മാസ്റ്റർ കടന്നുവരുന്നു. (സന്തോഷഭാവം)
ചാക്കോ മാസ്റ്റർ: "മേരിക്കൊച്ചേ, നമ്മുടെ അനുമോള്‌ അച്ചപ്പം കടിക്കുമ്പം തരണം ട്ടോ. അവൾക്ക്‌ അതാ ഇഷ്ടം".
മേരിയമ്മ: "ദാ ഇതൊന്ന്‌ തിന്നു നോക്ക്യേ. മോൾക്ക്‌ ഇഷ്ടാവോ...ഇല്ല്യേന്ന്‌..."
മേരിയമ്മ വറുത്തുവച്ചിരിക്കുന്ന അപ്പത്തിലൊരണ്ണമെടുത്ത്‌ ചാക്കോ മാസ്റ്റർക്ക്‌ കൊടുക്കുന്നു. അതുവാങ്ങി കടിച്ചുകൊണ്ട്‌ ചാക്കോ മാസ്റ്റർ (മുഖത്ത്‌ നേരിയ സങ്കടഭാവം)
ചാക്കോമാസ്റ്റർ: "അനുമോളുടെ ഒപ്പം അവളുടെ പപ്പേം മമ്മീം കൂടി ഉണ്ടായിരുന്നുവേങ്കിൽ..."
മേരിയമ്മ:"ക്രിസ്തുമസ്‌ ഇവിടെ മാത്രമല്ലല്ലോ, ലോകം മുഴുവനും ഉണ്ട്‌."
ചാക്കോമാസ്റ്റർ: "പക്ഷേ അവരുടെ അപ്പനും അമ്മയും ഇവിടെ മാത്രമേയുള്ളു."
അടുക്കളയിൽ നിന്നും ചാക്കോമാസ്റ്റർ പോകുന്നു. മേരിയമ്മ വേലക്കാരിയോട്‌ " അമ്മിണീ, വേഗംആയിക്കോട്ടെ. അനുമോള്‌ വരണ സമയമായിട്ടുണ്ട്‌."
വേലക്കാരി: "ദാ കഴിഞ്ഞു കൊച്ചമ്മേ"
മേരിയമ്മ: "നീ ഞങ്ങടെ അനുമോളെ കണ്ടിട്ടില്ലല്ലോ?"
വേലക്കാരി: "ഇല്ല കൊച്ചമ്മേ."
നേരിയ സങ്കടഭാവത്തിൽ മക്കളെയും കൊച്ചുമക്കളെയും ഓർത്തിട്ട്‌ വേലക്കാരിയോട്‌ (ക്ലോസപ്പ്‌)
മേരിയമ്മ: "അവൾക്ക്‌ അവളുടെ പപ്പേടെ നഗരത്തിലെ ഫ്ലാറ്റും കോളേജും കൂട്ടുകാരുമൊക്കെയാണ്‌ പ്രിയം. അല്ലാതെ ഈനാടും ഇവിടെ ജീവിക്കുന്ന നമ്മളൊന്നുമല്ല. മുതിർന്നതിൽ പിന്നെ ഒന്ന്‌ കൺകുളിർക്കെ കണ്ടിട്ടുപോലുമില്ല. അവളിങ്ങ്‌ വരട്ടെ നാല്‌ പറയണം. (എന്ന്‌ നിർത്തിയിട്ട്‌ ദീർഘനിശ്വാസത്തോടെ) അല്ലെങ്കിൽ അവളെ മാത്രം പറഞ്ഞിട്ടെന്താ. കാലം മാറുന്നതിനനുസരിച്ച്‌ അവൾക്കും മാറാതിരിക്കാൻ പറ്റ്വോ...."
സീൻ-2
പകൽ സമയം തങ്ങളുടെ വീടിന്റെ മുറ്റത്ത്‌ കൊച്ചുമകളുടെ വരവും കാത്ത്‌ നിൽക്കുന്ന ചാക്കോ മാസ്റ്റർ. പൂമുഖത്തേക്ക്‌ കടന്നുവരുന്ന മേരിയമ്മ.
ചാക്കോമാസ്റ്റർ: "മോള്‌ വരേണ്ട സമയം കഴിഞ്ഞല്ലോ?"
മേരിയമ്മ:"അവള്‌ കൊച്ചീന്നിങ്ങ്‌ എത്തണ്ടേ?"
ഈ സമയം ഒരു കാറ്‌ സ്പീഡിൽ സഡൻ ബ്രേക്കിട്ട്‌ നിൽക്കുന്നു. അതിൽ നിന്നും അനുമോൾ ഇറങ്ങുന്നു. ജീൻസും ബനിയനുമാണ്‌ വേഷം. കൈയ്യിൽ ബ്ലാക്‌ ബെറി മൊബെയിൽ ഫോൺ. ചാക്കോ മാസ്റ്ററെയും മേരിയമ്മയെയും നോക്കി ചിരിച്ചുകൊണ്ട്‌.
അനുമോൾ: "വല്ല്യപപ്പാ....ഹായ്‌ വല്ല്യ മമ്മീ...."
ചാക്കോമാസ്റ്ററും മേരിയമ്മയും സന്തോഷവും ആശ്ചര്യവും കലർന്ന ഭാവത്തിൽ-
ചാക്കോമാസ്റ്റർ:"എന്തൊരു മാറ്റാ....ന്റെ മോൾക്ക്‌"
അനുമോൾ: "അയാം ഓൺ ടു സിറ്റി. ദാറ്റ്സ്‌ ആൾ, വല്ല്യപപ്പാ."
മേരിയമ്മ: "അമ്മിണീ....മോൾടെ ബാഗ്‌ എടുത്ത്‌ മുകളിൽ കൊണ്ടുചെന്ന്‌ വയ്ക്ക്‌."
മേരിയമ്മ വേലക്കാരിക്ക്‌ നിർദ്ദേശം നൽകിയതിനുശേഷം അനുമോളെയും കൂട്ടി അകത്തേക്ക്‌ കടക്കുമ്പോൾ പാറിപ്പറന്ന അനുമോളുടെ മുടി തലോടികൊണ്ട്‌.
മേരിയമ്മ: "നല്ല കാച്ചെണ്ണ എടുത്തുവച്ചിട്ടുണ്ട്‌. അതു തേച്ച്‌ കുളിച്ചാൽ മുടി ഒന്നൊതുങ്ങും.
അനുമോൾ:"ഞാൻ ഷാംപു തേച്ചേ കുളിക്കാറുള്ളു. എണ്ണയൊക്കെ പഴഞ്ചൻ ആൾക്കാർക്കുള്ളതാ. വല്യമമ്മി എന്റെ ഷാംപു തേച്ചൊന്ന്‌ കുളിച്ചു നോക്ക്‌. അപ്പോഴറിയാം അതിന്റെയൊരു സുഖം."
മേരിയമ്മ അനുമോളുടെ തലയ്ക്ക്‌ സ്നേഹപൂർവ്വം ഒരു കിഴുക്കു കൊടുത്തിട്ട്‌.
മേരിയമ്മ: "ഒന്നുപോ അനുമോളെ. എന്നാലും നിന്റെ കളിതമാശയ്ക്ക്‌ ഒരു മാറ്റവും വന്നിട്ടില്ല."
മേരിയമ്മയും അനുമോളും കൂടി മുറിയ്ക്കകത്തേക്ക്‌ കയറി പോകുന്നു.
സീൻ - 3
മേരിയമ്മയും അനുമോളും വേലക്കാരിയും വീടിന്റെ അകത്തേക്ക്‌ കയറിയപ്പോൾ വീടിന്റെ പൂമുഖത്തുനിന്നും പുറത്തേക്കിറങ്ങുന്ന ചാക്കോ മാസ്റ്റർ അകത്തേക്ക്‌ കയറിപോയ മേരിയമ്മയോട്‌ -
ചാക്കോമാസ്റ്റർ: "എടീ ഞാനേ നമ്മുടെ ജോണിക്കുട്ടിയെ ഒന്നു നോക്കിയിട്ടുവരാം. അവനുണ്ടായാലേ ക്രിസ്തുമസ്‌ ആഘോഷങ്ങൾ ഭംഗിയാവുള്ളു."
ഇതും പറഞ്ഞ്‌ പുറത്തേക്ക്‌ നടക്കുന്നു ചാക്കോ മാസ്റ്റർ.
സീൻ-4
പകൽ സമയം ജോണിക്കുട്ടിയെ അന്വേഷിച്ച്‌ അൽപം ധൃതിയിൽ നടന്നുപോകുന്ന ചാക്കോ മാസ്റ്ററെ കണ്ടിട്ട്‌-
രാമൻ: "എങ്ങോട്ടാ മാഷെ ധൃതിയില്‌?"
ചാക്കോ മാസ്റ്റർ: "ഞാൻ നമ്മുടെ ജോണിക്കുട്ടിയെ അന്വേഷിച്ചിറങ്ങിയതാ. ഇത്തവണ ക്രിസ്തുമസിന്‌ കൊച്ചുമകള്‌ കൂടീണ്ട്‌. കുറച്ച്‌ സാധനങ്ങളൊക്കെ ഏർപ്പാടാക്കാനുണ്ട്‌."
രാമൻ: "ജോണിക്കുട്ടി ലൈബ്രറി ഹാളിൽ നടക്കുന്ന കാർഷിക യോഗത്തിലുണ്ട്‌. പാടത്തെ മണ്ണെടുപ്പിനെതിരെ നടക്കുന്ന സമരസമിതി വിപുലമാക്കാനാണ്‌ യോഗം. മാഷ്‌ നേരെ അങ്ങോട്ട്‌ പൊയ്ക്കോ."
ഇതും പറഞ്ഞ്‌ രാമനും മാഷും വിപരീത ദിശകളിലേക്ക്‌ നടക്കുന്നു.
സീൻ-5
പകൽ സമയം ലൈബ്രറി ഹാളിന്റെ അകവശം. കുറച്ചു കർഷകർ ഹാളിലിരിക്കുന്നു. അവിടുത്തെ വേദിയിൽ ജോണിക്കുട്ടിയും മറ്റു മൂന്നുപേരും ഉണ്ട്‌. പാടശേഖരത്തിലെ മണ്ണെടുപ്പിനെതിരെയുള്ള യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട്‌ പ്രമുഖഗാന്ധിയനും നാട്ടിൽ ചാക്കോമാസ്റ്ററെ പോലെ ബഹുമാന്യനുമായ ഗോപി മാഷ്‌ സംസാരിക്കുന്നു. സശ്രദ്ധം കേട്ടിരിക്കുന്ന സദസ്സ്‌.
ഗോപിമാഷ്‌: "ഇന്നത്തെ കാലഘട്ടത്തിൽ കൃഷിയെ പുച്ഛത്തോടെ കാണുകയും സംസാരിക്കുകയും ചെയ്യുന്ന ചെറുകർഷകർക്കിടയിലെ വേറിട്ട ഒരു ചെറുപ്പക്കാരനാണ്‌ ജോണിക്കുട്ടിയെന്ന്‌ ഞാൻ പറയാതെതന്നെ നിങ്ങൾക്കറിയാവുന്ന കാര്യമാണ്‌. സർവ്വോപരി ഈ നാടിന്റെ ഏതൊരു നല്ല പ്രവർത്തിക്കും നമ്മോടൊപ്പം നിൽക്കുന്ന ശ്രീ.ജോണിക്കുട്ടിയെ ഈ യോഗത്തിന്റെ വിശദാംശങ്ങൾ സംസാരിക്കുന്നതിനായി ഞാൻ ക്ഷണിക്കുന്നു."
വേദിയിൽ നിന്നും എണീറ്റ്‌ ജോണിക്കുട്ടി സദസ്സിനെ അഭിസംബോധന ചെയ്ത്‌ സംസാരിക്കുന്നു.
ജോണിക്കുട്ടി: "നമ്മുടെ യോഗത്തിന്റെ അധ്യക്ഷതവഹിക്കുന്ന ഗാന്ധിയനും നമ്മുടെയെല്ലാം മാർഗ്ഗദർശിയുമായ ഗോപിസാർ.... വേദിയിലും സദസ്സിലുമിരിക്കുന്ന പ്രമുഖ വ്യക്തികളെ, നാട്ടുകാരേ... ആർഷഭാരത സംസ്കാരം രൂപപ്പെട്ടത്‌ നദീ തടങ്ങളിലാണെന്ന്‌ നമുക്കറിയാം. ഈ നദീതടങ്ങളെ ആദിമമനുഷ്യർ ആശ്രയിച്ചതു അവരുടെ നിലനിൽപ്പിനാവശ്യമായ ഭക്ഷണത്തിനുവേണ്ട കൃഷിയെ പരിപോഷിപ്പിക്കാനാണെന്ന്‌ ചരിത്രം പഠിച്ച നമുക്കറിയാവുന്നതാണ്‌. അവിടെ നിന്ന്‌ കാലങ്ങൾ സഞ്ചരിച്ച്‌ നമ്മുടെ രാജ്യവും ഉത്തരാധുനികതയിൽ എത്തി നിൽക്കുകയാണ്‌. ഇന്നും കോടാനുകോടി വരുന്ന മനുഷ്യസമൂഹത്തെ തീറ്റിപ്പോറ്റുന്നതിന്‌ കൃഷിയും കൃഷിഭൂമിയും അനിവാര്യമാണ്‌. ലോകം ഒരുപാട്‌ പട്ടിണി മരണങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. ഇനിയുള്ള ലോകത്തിൽ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടിയായിരിക്കും യുദ്ധങ്ങൾ ഉണ്ടാകാൻ പോകുന്നതെന്ന നിഗമനത്തിലാണ്‌ ലോകരാഷ്ട്രതന്ത്രജ്ഞന്മാർ എത്തിനിൽക്കുന്നത്‌. അങ്ങനെയുള്ള ഈ കാലഘട്ടത്തിൽ കൃഷിഭൂമി കൃഷിക്ക്‌ മാത്രമുള്ളതാണെന്ന മുദ്രവാക്യം നമുക്ക്‌ ഉയർത്തിപ്പിടിക്കേണ്ടതായിട്ടുണ്ട്‌. നമ്മുടെ പൂർവ്വികർ നമുക്ക്‌ തന്ന പൈതൃക സ്വത്ത്‌ ഒരു കൂട്ടം ഭൂമാഫിയ്ക്ക്‌ തീറെഴുതിക്കൂടാ. സ്വന്തമായിട്ടുള്ള സ്ഥലമെല്ലാം തരിശിട്ട്‌ ഭൂമിവില കൂടുന്നതും കാത്തിരിക്കുന്ന മലയാളികൾക്ക്‌ മഞ്ചേശ്വരവും വാളയാറും കടന്നു വരുന്ന ആന്ധ്രാക്കാരന്റെ അരിയും തമിഴന്റെ പച്ചക്കറിയും കർണ്ണാടകക്കാരന്റെ സ്പിരിറ്റും ഇല്ലെങ്കിൽ എന്ത്‌ ഓണം? എന്ത്‌ ക്രിസ്തുമസ്സ്‌? എന്ത്‌ റംസാൻ?"
ഇതോടെ സദസ്സിൽ നിന്നും കൈയ്യടി ഉയർന്നു വരുന്നു. കൈയ്യടിക്ക്‌ ശേഷം....
ജോണിക്കുട്ടി: "മേൽപ്പറഞ്ഞവരുടെ സഹായം കൊണ്ട്‌ തിന്നും കുടിച്ചും ജീവിക്കുന്ന നമ്മൾ ജനസംഖ്യ വർദ്ധിപ്പിക്കുന്ന കൃഷിയിൽ മാത്രം മുന്നിലെത്തിയിരിക്കുന്നു. അല്ലേ ഗോപാലേട്ടാ.... (സദസ്സിന്റെ മുന്നിലിരിക്കുന്ന ഗോപാലേട്ടനെ നോക്കി. തന്റെ ഒത്തിരി മക്കളുടെ കാര്യം ഓർത്തിട്ട്‌ ഇളിഭ്യനായി ചുറ്റും നോക്കുന്ന ഗോപാലനും ഒപ്പം കൂട്ടച്ചിരിയിൽ അമർന്ന സദസ്സും.)
വീണ്ടും സീരിയസ്സായി പ്രസംഗം തുടർന്നു. "വാണിഭങ്ങളുടെയും വിവാദങ്ങളുടെയും വിളഭൂമിയായിരിക്കുന്നു ദൈവത്തിന്റെ സ്വന്തം നാട്‌. നമ്മുടെ നാടിന്റെ മാത്രമായ കായലും കുളങ്ങളും കൃഷിയുടെ പച്ചപ്പും കാണാൻ കടൽ കടന്നെത്തുന്ന വിദേശികൾക്കുമുമ്പിൽ ഇപ്പോൾ ഇവിടെയുള്ളത്‌ എന്താ?"
ഒരു നിമിഷം സദസ്സിനെ നോക്കിയിട്ട്‌.
"വറ്റിയ പുഴകൾ. മൊട്ടക്കുന്നുകൾ. മണ്ണിട്ടുനികത്തിയ പാടങ്ങൾ. ഉയർന്നുവരുന്ന കോൺക്രീറ്റ്‌ സൗധങ്ങൾ അല്ലാതെന്താ. എന്നിട്ട്‌ വികസനമെന്ന പേരും. ഇതാണോ വികസനം? ഇത്‌ വിപരീത വികസനമാണ്‌. അതു ഭാരതത്തിന്റെ ആത്മാവ്‌ ഗ്രാമങ്ങളിലാണെന്ന്‌ പറഞ്ഞ ആ മഹാത്മാവിന്റെ പാത പിൻതുടർന്ന്‌ ഈ ഗ്രാമപൈതൃകങ്ങളുടെ സംരക്ഷണത്തിനായി നാമോരോരുത്തരും അണിചേരണമെന്ന്‌ മാത്രം പറഞ്ഞുകൊണ്ട്‌ ഞാൻ നിർത്തുന്നു."
സദസ്സ്‌ കൈയ്യടിച്ച്‌ സ്വീകരിക്കുന്നു.
സീൻ-6
പകൽ സമയം. യോഗഹാളിൽ നിന്ന്‌ യോഗം കഴിഞ്ഞ്‌ ഇറങ്ങിവരുന്ന ആളുകൾ. അതിനിടയിൽ രണ്ടുപേരോടായി സംസാരിച്ചു വരുന്ന ജോണിക്കുട്ടിയെ പുറത്തുനിൽക്കുന്ന ചാക്കോമാസ്റ്റർ വിളിക്കുന്നു.
ചാക്കോമാസ്റ്റർ: "ജോണിക്കുട്ടീ...."
ചാക്കോമാസ്റ്ററുടെ വിളികേട്ട്‌ കൂട്ടത്തിൽ നിന്നും ഒറ്റയ്ക്ക്‌ നടന്നുവരുന്ന ജോണിക്കുട്ടി. ജോണിക്കുട്ടി: "എന്താമാഷേ?" (വിനയത്തോടെ)
ചാക്കോമാസ്റ്റർ: "തിരക്കുകഴിഞ്ഞോ?"
ജോണിക്കുട്ടി: "പാടം മണ്ണിട്ട്‌ നികത്തി വ്യവസായ പാർക്ക്‌ തുടങ്ങുന്നവർ നമ്മുടെ നാടിന്റെ ജീവിത ക്രമം തന്നെ തെറ്റിക്കും. അതിനെതിരെയാണ്‌ ഈ യോഗം."
ചാക്കോമാസ്റ്റർ: "ശരിയാ ജോണിക്കുട്ടി. നീയും ഗോപിമാഷും നേതൃത്വത്തിലുള്ളത്‌ നല്ലതാ."
ഒന്നു നിർത്തിയ ശേഷം-ജോണിക്കുട്ടി നിന്നെക്കൊണ്ട്‌ ഒന്നുരണ്ടുകാര്യങ്ങളുണ്ടായിരുന്നു."
ജോണിക്കുട്ടി: "മാഷ്‌ കാര്യം പറയൂ"
ചാക്കോമാസ്റ്ററും ജോണിക്കുട്ടിയും ഹാളിന്റെ പരിസരത്തു നിന്നു റോഡിലേക്ക്‌ നടക്കുന്നു. നടക്കുന്നതിനടയിൽ...
ചാക്കോമാസ്റ്റർ: "ഒത്തിരി വർഷങ്ങളായിട്ട്‌ ഞാനും മേരിക്കൊച്ചും മാത്രമായിട്ടല്ലേ ക്രിസ്തുമസ്സ്‌ കൂടുന്നത്‌. ഈ പ്രാവശ്യം നമ്മുടെ അനുമോളുമുണ്ട്‌. അതുകൊണ്ട്‌ ഇത്തവണ ഗംഭീരമാക്കണം. നീയൊന്ന്‌ വീട്ടിലേക്ക്‌ വന്നിട്ടുവേണം ഒരുക്കങ്ങളൊന്നു കൊഴുപ്പിക്കാൻ."
ജോണിക്കുട്ടി: (സന്തോഷത്തോടെ) "അതിനെന്താമാഷേ നമുക്ക്‌ ക്രിസ്തുമസ്സ്‌ അടിച്ചു പൊളിക്കാം. ഞാൻ സ്റ്റേഷനിൽ ചെന്ന്‌ എസ്‌.ഐ.യെ കണ്ട്‌ നമ്മുടെ വടക്കേപ്പാടത്തെ മണ്ണെടുപ്പ്‌ സംസാരിച്ച്‌ ഉടനെയെത്താം."
സീൻ-7
പകൽ. ചാക്കോമാസ്റ്ററുടെ വീടിന്റെ മുൻവശം പുൽക്കൂടൊരുക്കുന്ന മേരിയമ്മയും വേലക്കാരിയും. അത്‌ കണ്ടുനിൽക്കുന്ന അനുമോൾ. ഈ സമയം അനുമോളുടെ മൊബെയിൽ ഫോണിന്റെ റിംഗ്ടോൺ കേട്ടിട്ട്‌ അതെടുക്കാൻ പോകുന്നു. മൊബെയിൽ ഫോണുമായി വല്യമ്മച്ചിയുടെയും വേലക്കാരിയുടെയും അടുത്തുനിന്നും മാറി സംസാരിക്കുന്ന അനുമോൾ.
അനുമോൾ: "ഹലോ....യാ, ഇവിടെയെത്തി. പ്രോബ്ലം.....? വാട്ട്‌ പ്രോബ്ലം?
ഈ സമയം ജോണിക്കുട്ടിയെ കണ്ട്‌ മടങ്ങിവരുന്ന ചാക്കോ മാസ്റ്ററെ കണ്ട്‌ പരിഭ്രമത്തോടെ ഫോണിൽ.
അനുമോൾ: "ഐ വിൽ കോൾ യു ബാക്ക്‌."
ചാക്കോമാസ്റ്റർ: (എല്ലാവരോടുമെന്നപോലെ) "ജോണിക്കുട്ടിയെ കണ്ടു. ഇനിയുള്ള കാര്യങ്ങൾ അവനെ ഏൽപ്പിക്കാം. പോലീസ്റ്റേഷനിൽ ചെന്ന്‌ എസ്‌.ഐ.കണ്ട്‌ അവനിങ്ങ്‌ ഉടനെയെത്തും."
ചാക്കോമാസ്റ്റർ ഇതുപറയുന്നതിനിടയിൽ അകത്തേക്ക്‌ കയറിപോകുന്ന അനുമോൾ.
ചാക്കോമാസ്റ്റർ പുൽക്കൂടിനടുത്തുനിന്ന്‌ പുൽക്കൂട്‌ ശ്രദ്ധിക്കുമ്പോൾ വേഷം മാറി പുറത്തേക്ക്‌ പോകാനായി ഒരുങ്ങി വരുന്നു അനുമോൾ.
ചാക്കോമാസ്റ്റർ: "മോളെങ്ങോട്ടാ? എന്തെങ്കിലും വാങ്ങാനാണെങ്കിൽ ജോണിക്കുട്ടി വരുമ്പോൾ വാങ്ങിപ്പിക്കാം."
അനുമോൾ: "വേണ്ട വല്യ പപ്പാ. ഞാൻ പെട്ടെന്ന്‌ പോയിട്ട്‌ വരാം....ഓകെ"
മുറ്റത്തുകിടക്കുന്ന കാർ സ്റ്റാർട്ട്‌ ചെയ്ത്‌ പോകുന്ന അനുമോൾ.
സീൻ- 8
പകൽ മനോഹരമാകുന്ന കുന്നിൻ ചെരുവിൽ കാറിൽ ചാരിനിന്ന്‌ ഫോൺ ചെയ്യുന്ന അനുമോൾ. (ഭയംകലർന്ന മുഖഭാവം)
അനുമോൾ: "വാട്ട്‌ യു. ഡു. മീൻ? അപർണ്ണാ. എനിക്കൊന്നും അറിയില്ല...അവരുടെ കൂടെ കമ്പനിക്ക്‌ കൂടാറുണ്ടെന്നല്ലാതെ... അയാം ഇന്നേസ്റ്റ്‌... ഓകെ...ഞാൻ ശ്രദ്ധിച്ചോളാം....ഓകെ. ബൈ."
ഫോൺ കട്ട്‌ ചെയ്ത്‌ കാറിൽ കയറി സ്പീഡിൽ റിവേഴ്സെടുത്ത്‌ പോകുന്ന അനുമോൾ.
സീൻ- 9
പകൽ സമയം. വിജനമായ ഗ്രാമപാത. ചാക്കോമാസ്റ്ററുടെ വീട്ടിലേക്ക്‌ ബൈക്കിൽ വരുന്ന വഴിയാണ്‌ ജോണിക്കുട്ടി.
എതിരെ മദ്യപിച്ച്‌ ബാലൻസ്‌ തെറ്റി സൈക്കിളിൽ വരുന്ന പ്രാഞ്ചിയെ കണ്ട്‌ ജോണിക്കുട്ടി ബൈക്ക്‌ നിർത്തുന്നു. ജോണിക്കുട്ടിയെ കണ്ട്‌ പ്രാഞ്ചി ബൈക്കിൽ ചെറുതായൊന്നു മുട്ടി സൈക്കിൾ നിർത്തുന്നു.
പ്രാഞ്ചി: "ഹായ്‌ ജോണിക്കുട്ടി" (വെള്ളത്തിന്റെ ലഹരിയിൽ)
ജോണിക്കുട്ടി: "എന്താ പ്രാഞ്ചി ഇന്ന്‌ നേരത്തെ തുടങ്ങിയോ? സാധാരണ വൈകിട്ട്‌ മാത്രമാണല്ലോ കുഴയാറുള്ളത്‌."
പ്രാഞ്ചി: "എന്റെ ജോണിക്കുട്ടി, ഇന്ന്‌ അതിരാവിലെ തുടങ്ങണമെന്നു കരുത്തിയതാ. പക്ഷേ ഒരു പറ്റ്‌ പറ്റി."
ജോണിക്കുട്ടി: "എന്താ പറ്റിയത്‌?"
പ്രാഞ്ചി: "ജോണിക്കുട്ടീ..... മ്മടെ നാട്ടിലെ ഏറ്റവും നീളംകൂടിയ ക്യൂ എവിടെയാ ഉള്ളത്‌?"
ജോണിക്കുട്ടി: "അതെന്താ സംശയം ബീവറേജിന്റെ മുമ്പിൽ കാണുന്നത്‌."
പ്രാഞ്ചി: "തെറ്റി, ഇവിടെ തെറ്റി."
ജോണിക്കുട്ടി "ആർക്കു തെറ്റി, എനിക്കോ?"
പ്രാഞ്ചി: "തെറ്റി. ഈ പ്രാഞ്ചിക്ക്‌ തെറ്റി. ഒരു ഉച്ചര ഉച്ചേമുക്കാലായപ്പോൾ ഒരു ക്യൂവിൽ കയറിപ്പറ്റിയതാ. കുറച്ചു കഴിഞ്ഞപ്പോഴാ മനസ്സിലായത്‌ ക്രിസ്തുമസ്‌ ചന്തേലോട്ടുള്ള ക്യൂവാണെന്ന്‌. അവിടെന്ന്‌ വെച്ചു പിടിച്ചു ബിവറേജിലേക്ക്‌. അവിടെ ചെന്നപ്പോൾ നാട്ടിലെ മാന്യമാരെയെല്ലാം കണ്ടു. ഉറപ്പിച്ചു. ഇതു തന്നെ ക്യൂ. ഓകെ."
ഇത്രയും പറഞ്ഞ്‌ സൈക്കിൾ ചവിട്ടി പോകുന്ന പ്രാഞ്ചി. ബൈക്ക്‌ സ്റ്റാർട്ട്‌ ചെയ്യാനൊരുങ്ങുമ്പോൾ ഒരു ശബ്ദം കേട്ട്‌ തിരിഞ്ഞ്‌ നോക്കുന്ന ജോണിക്കുട്ടി. റോഡിന്റെ നടുക്ക്‌ സൈക്കിൾ ബാലൻസ്‌ തെറ്റി വീണു കിടക്കുന്ന പ്രാഞ്ചിയെ കണ്ട്‌ സഡൻ ബ്രേക്കിട്ട്‌ കാർ നിർത്തിയപ്പോൾ ഉണ്ടായ ശബ്ദമാണത്‌. വേഗം ബൈക്ക്‌ സ്റ്റാന്റിൽ വച്ച്‌ അവിടേക്ക്‌ നടന്നു വരുന്ന ജോണിക്കുട്ടി. അമ്പരപ്പോടെ ഒപ്പം ദേഷ്യഭാവത്തിലും കാറിൽ നിന്നിറങ്ങി വരുന്ന അനുമോൾ. ഒന്നും സംഭവിക്കാത്ത ഭാവത്തിൽ എഴുന്നേറ്റ്‌ വരുന്ന പ്രാഞ്ചി. എഴുന്നേൽക്കാൻ സഹായിക്കുന്ന ജോണിക്കുട്ടി.
ജോണിക്കുട്ടി: "എന്താ പ്രാഞ്ചി വല്ലതും പറ്റിയോ?"
പ്രാഞ്ചി: "ങും. പറ്റും പറ്റും. പ്രാഞ്ചിയെ വീഴ്ത്താൻ ആർക്കും പറ്റത്തില്ല. അതിന്‌ പ്രാഞ്ചി തന്നെ വിചാരിക്കണം."
അനുമോൾ: (ദേഷ്യത്തിൽ) "കൺട്രി ഫെല്ലോ. കള്ളും കുടിച്ച്‌ കാറിന്റെ മുന്നിലാണോ വീഴുന്നത്‌."
ആപാദചൂഢം അനുമോളെ നോക്കുന്ന പ്രാഞ്ചി.
പ്രാഞ്ചി: "പെണ്ണിന്റെ വേഷം കെട്ടി വന്ന്‌ പ്രാഞ്ചിയെ വീഴ്ത്താൻ നോക്ക്വാ? വീഴണോന്ന്‌ പ്രാഞ്ചിക്ക്‌ തോന്നി. വീണു. അല്ലാതെ കള്ളുകുടിച്ചിട്ടൊന്നുമല്ല."
ജോണിക്കുട്ടി: (പ്രാഞ്ചിയെ ആശ്വസിപ്പിച്ചുകൊണ്ട്‌) "പോട്ടെ പ്രാഞ്ചി."
പ്രാഞ്ചി: "ടാറിട്ട റോഡിന്റെ അവകാശം കാറുകൾക്ക്‌ മാത്രമല്ല. മ്മടെ സർക്കാരിന്റെ മ്മടെ റോഡ്‌, മ്മടെ സൈക്കിളുകാർക്കും കൂടിയുള്ളതാ. അല്ലാതെ..." (ഇടിയിൽ കയറി) ജോണിക്കുട്ടി: "വാ പോകാം പ്രാഞ്ചി, ക്രിസ്തുമസല്ലേ, എല്ലാം ഒരുക്കേണ്ട?"
ജോണിക്കുട്ടി സൈക്കിൾ വീണിടത്തുനിന്നും നേരെയാക്കി പ്രാഞ്ചിക്ക്‌ കൊടുക്കുന്നു. പ്രാഞ്ചി സൈക്കിൾ വാങ്ങി ചവിട്ടിപോകുന്നു. പോകുന്ന വേളയിൽ പ്രാഞ്ചി- പ്രാഞ്ചി: "ഹാപ്പി ക്രിസ്തുമസ്സ്‌."
പ്രാഞ്ചി പോയപ്പോൾ കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്യാനൊരുങ്ങുന്ന അനുമോളുടെ അടുത്തേക്ക്‌ വന്ന്‌ ജോണിക്കുട്ടി.
ജോണിക്കുട്ടി: "ഹലോ മാഷെ. എവിടെത്ത്യാ? മനസ്സിലായില്ലല്ലോ?"
അനുമോൾ: "ഏതൊക്കെ സ്കൂളിൽ കുട്ടി പഠിച്ചിട്ടുണ്ട്‌?"
ജോണിക്കുട്ടി: "ഏത്‌ സ്കൂളിൽ പഠിച്ചു എന്നതിനല്ല, എന്തു പഠിച്ചു എന്നതാണ്‌ പ്രധാനം. അല്ലാതെ ഗുരുകുല സമ്പ്രദായത്തിൽ നിന്നും ഫൈവ്സ്റ്റാർ സൗകര്യങ്ങളിലേക്ക്‌ വിദ്യാഭ്യാസം മാറിയതുകൊണ്ടായില്ല. സംസ്കാരവും കൂടെചേരണം. അതുകൊണ്ട്‌ മോള്‌ ചെല്ല്‌."
അതുകേട്ട്‌ ദേഷ്യത്തോടെ ജോണിക്കുട്ടി നോക്കി. അനുമോൾ കാറെടുത്തു പോകുന്നു. അപ്പോൾ കാറിനെ നോക്കി ചിരിക്കുന്ന ജോണിക്കുട്ടി.
part 2



സീൻ-9
പകൽ ചാക്കോമാസ്റ്ററുടെ വീടിന്റെ മുൻവശം.
മാഷ്‌ മുൻവശത്തെ ഒരു കോണിൽ ചെടികളെ പരിപാലിക്കുന്നു. ഈ സമയം പുറത്തുപോയി തിരിച്ചുവന്ന അനുമോൾ. കാറിന്റെ ശബ്ദം കേട്ട്‌ നോക്കുന്ന ചാക്കോമാസ്റ്റർ.
കാറിൽനിന്നിറങ്ങി അകത്തേക്ക്‌ പോകുന്ന അനുമോൾ. വീണ്ടും ചെടികളിലേക്ക്‌ ശ്രദ്ധിക്കുന്ന ചാക്കോമാസ്റ്റർ.
ചാക്കോമാസ്റ്ററുടെ മുൻവശത്തു കിടക്കുന്ന കാർ ശ്രദ്ധിച്ചുകൊണ്ട്‌ ബൈക്കിൽ വരുന്ന ജോണിക്കുട്ടി. ബൈക്ക്‌ നിർത്തി സ്റ്റാന്റിൽ വയ്ക്കുന്നത്‌ കണ്ട്‌ അവിടേക്ക്‌ വരുന്ന ചാക്കോ മാസ്റ്ററോട്‌ ജോണിക്കുട്ടി.
ജോണിക്കുട്ടി: "ആരുടെയാണ്‌ മാഷെ ഈ കാറ്‌.?"
ചാക്കോമാസ്റ്റർ: "ജോണിക്കുട്ടീ, നമ്മുടെ അനുമോളുടെ കാറാണ്‌. ടൗണിൽ നിന്നും ഒറ്റയ്ക്ക്‌ ഇത്രയും ദൂരം അവൾ ഡ്രൈവ്‌ ചെയ്താ വന്നത്‌. ഇപ്പോഴത്തെ പെൺകുട്ടികളുടെ ധൈര്യം അപാരം തന്നെ. പട്ടണത്തിന്റെ മറ്റൊരു മുഖം. ങാ...നീ കണ്ടില്ലല്ലോ അവളെ."
മുൻവശത്തെ കസേരയിൽ രണ്ടുപേരും ഇരിക്കുന്നു.
ചാക്കോമാസ്റ്റർ: "അനുമോളെ..."
ജോണിക്കുട്ടി: "മാഷെ കൊച്ചു മോള്‌ മിടുക്കിയാണ്‌."
അകത്തും നിന്നും മുൻവശത്തേക്ക്‌ വരുന്ന അനുമോളും മേരിയമ്മയും. അനുമോളെ നോക്കിത്തന്നെ ജോണിക്കുട്ടി ഇരുന്നു.
ജോണിക്കുട്ടി: "വെരിസ്മാർട്ട്‌, അല്ലാതെ നഗരത്തിൽ നിന്നും ഇത്രയും ദൂരം അതും ഒറ്റക്ക്‌ ഡ്രൈവ്‌ ചെയ്ത്‌ വരില്ലല്ലോ."
ചാക്കോമാസ്റ്റർ: "മോളെ ഇത്‌ നമ്മുടെ ജോണിക്കുട്ടിയാണ്‌. ഞങ്ങളെപ്പോലെ പ്രായമായവരുടെ മാത്രമല്ല ഈ നാടിന്റെ മൊത്തം ആശ്രയമാണ്‌ ജോണിക്കുട്ടി. നാടിന്റെ എന്തു നല്ലകാര്യത്തിനും മുൻപന്തിയിൽ തന്നെ ഇവനുണ്ടാകും. കുടുംബപ്രശ്നങ്ങൾ പറഞ്ഞുതീർക്കലും ഇവന്റെ ജോലിയാണ്‌."
ജോണിക്കുട്ടി: "ഇതൊക്കെയല്ലേ മാഷെ ഇന്നത്തെക്കാലത്തെ ചെറുപ്പക്കാർ ചെയ്യേണ്ടത്‌. മറ്റുള്ളവരുടെ സങ്കടങ്ങളും പരാതികളും കേൾക്കുമ്പോൾ എനിക്ക്‌ ഇടപെടാതിരിക്കാൻ കഴിയില്ല. അതുകൊണ്ടെന്താ അപ്പന്റെ ദൃഷ്ടിയിൽ സ്വന്തംകാര്യം നോക്കാനറിയാത്ത ഒരു മണ്ടനായിപ്പോയി ഞാൻ (ജോണിക്കുട്ടി അൽപം വിഷാദത്തോടെ നിർത്തുന്നു.) ഇതുകേട്ട്‌ അൽപം പരിഹാസത്തോടെ ജോണിക്കുട്ടിയെ നോക്കി-
അനുമോൾ: "വല്യപപ്പാ അപ്പോൾ ഇയാളാണോ ഈ നാട്ടിലെ പ്രശ്നങ്ങളുടെ ഹോൾസെയിൽ ഡീലർ?"
ജോണിക്കുട്ടി അനുമോളെ നോക്കിക്കൊണ്ട്‌ ചാക്കോമാസ്റ്ററോട്‌.
ജോണിക്കുട്ടി: "ഗ്രാമത്തിലെ നന്മകൾ ഈ കുട്ടിയോട്‌ പറഞ്ഞിട്ടെന്താ കാര്യം. മാഷ്‌ നമ്മുടെ ക്രിസ്തുമസ്‌ അടിച്ചുപൊളിക്കാനെന്തുവേണമെന്ന്‌ പറയ്‌ ബാക്കി കാര്യം ഞാനേറ്റു"
ഇതും പറഞ്ഞ്‌ അവർ ഒരുക്കങ്ങൾക്കായി എണീൽക്കുന്നു.
സീൻ-10
പകൽ. ചാക്കോമാസ്റ്ററുടെ വീടിന്റെ മുൻവശം. പുൽക്കൂടും ക്രിസ്തുമസ്‌ ട്രീയും വൈദ്യുത ദീപങ്ങളാൽ അലങ്കരിക്കുന്ന ജോണിക്കുട്ടി. ഇതിനിടയിൽ അനുമോൾ മൊബെയിൽ ഫോണിലൂടെ സംസാരിക്കുന്നത്‌ ശ്രദ്ധിക്കുന്നു.
അനുമോൾ: "അപർണ്ണ പ്ലീസ്‌, ബിലീവ്‌ മീ. നീ കേട്ടമാതിരി ആ ഇഷ്യൂസിലൊന്നും ഞാനില്ല.
ഐ ഡോണ്ട്‌ വാണ്ഡ്‌ ദെയർ മണി. നിനക്കറിയാമല്ലോ എന്റെ പപ്പേം മമ്മീം സ്റ്റേറ്റിസിൽ നിന്നും എനിക്കാവശ്യത്തിന്‌ പണം അയയ്ക്കുന്ന കാര്യം. പിന്നെ ഞാനാരെയും ഒറ്റുകൊടുത്തിട്ടില്ല. അവരുടെ ഇഷ്യൂസും എനിക്കറിയില്ല.
പിന്നെയെന്തിന്‌ അവരെന്നെ അന്വേഷിച്ച്‌ വരണം."
അനുമോൾ ഫോൺ കട്ട്‌ ചെയ്ത്‌ നോക്കുന്നത്‌ ജോണിക്കുട്ടിയുടെ മുഖത്തേക്കാണ്‌.
ജോണിക്കുട്ടി: "എനി പ്രോബ്ലം?"
ഇത്‌ കേട്ട്‌ ജോണിക്കുട്ടി ചോദിച്ചതു ശ്രദ്ധിക്കാതെ ദേഷ്യത്തോടെ നടന്നുപോകുന്ന അനുമോൾ.
സീൻ-11
പകൽ ചാക്കോമാസ്റ്ററിന്റെ വീടിന്റെ ഉൾവശം. അകത്തെ ഹാളിന്റെ അലങ്കാരങ്ങളിലേർപ്പെട്ട്‌ നിൽക്കുന്ന ജോണികുട്ടി. മോബെയിൽ ഫോണിന്റെ റിംഗ്‌ ടൂൺ കേട്ട്‌ പുറത്തുനിന്നും അകത്തേക്ക്‌ വരുന്ന (വേഗത്തിൽ) അനുമോൾ, ജോണിയുമായി കൂട്ടിയിടിച്ച്‌ വീഴുന്നു. അനുമോളുടെ മുകളിൽ വീഴുന്ന ജോണിക്കുട്ടി ചാടിയെഴുന്നേറ്റ്‌ അവളെ എഴുന്നേൽപ്പിക്കാൻ സഹായിക്കുന്നു.
ജോണിക്കുട്ടി: "വീഴ്ചകളിൽ സഹായിക്കുന്നവരാണ്‌ യഥാർത്ഥ സുഹൃത്തുക്കൾ. അനുമോൾക്ക്‌ എന്തോ പ്രശ്നമുണ്ട്‌. അതാണീ വെപ്രാളം. ആ പ്രശ്നമെന്തായാലും എന്നോട്‌ പറയാം." (അൽപം നിർത്തിയശേഷം) "ബാല്യത്തിന്റെ നിഷ്കളങ്കതയും കൗമാരത്തിന്റെ കൗതുകങ്ങളും കടന്ന്‌ യൗവ്വനത്തിന്റെ ആവേശങ്ങളിൽ പെട്ട്‌ കാപട്യങ്ങളിൽ വഴുതി വീഴരുത്‌ നമ്മൾ. ഞാനിടക്ക്‌ ഓർക്കാറുണ്ട്‌ ബാല്യത്തിലെ സൗഹൃദങ്ങൾ. അനുമോൾക്ക്‌ പൂ പറിച്ച്‌ തന്നതും പുഴകാണിച്ചു തന്നതും പൂത്തുമ്പിയെ പിടിച്ചു തന്നതും തിരിച്ച്‌ ഒന്നും പ്രതീക്ഷിച്ചിട്ടായിരുന്നില്ലല്ലോ. അതുപോലെ ഇപ്പോഴത്തെ പ്രശ്നവും എന്നോട്‌ തുറന്നു പറയാം.
ബാല്യകാല ഓർമ്മകളും സൗഹൃദങ്ങളും അനുമോളുടെ മനസ്സിലേക്ക്‌ ഓടിയെത്തുന്നു. ഒപ്പം ദേഷ്യത്തിന്റെ കനലെരിഞ്ഞ്‌ ഇല്ലാതാകുകയും ചെയ്യുന്നു. (ഭൂതകാലത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന ഒരു ഗാനം.) ഗാനശേഷം അനുമോൾ: "അയാം സോറി...സോറി"
ജോണിക്കുട്ടി: "ഇറ്റ്സോൾ റൈറ്റ്‌."
അനുമോൾ: "വൈകിട്ടൊന്ന്‌ തനിച്ചു കാണാമോ. എല്ലാ പറയാം."
മുറ്റത്തുനിൽക്കുന്ന മാഷിനോടായി.
ജോണിക്കുട്ടി: "മാഷേ ഞാനിറങ്ങുകയാണ്‌. ഇനി കരോൾ സംഘത്തെ തയ്യാറാക്കുന്നതിന്‌ നമ്മുടെ അച്ചൻ പള്ളിയിൽ കാത്തുനിൽക്കുന്നുണ്ടാകും."
സീൻ-12
രാത്രി വൈദ്യുത ദീപാലംങ്കാരങ്ങളിൽ കുളിച്ചു നിൽക്കുന്ന ചാക്കോമാസ്റ്ററുടെ വീട്‌. അവിടേയ്ക്ക്‌ കരോൾ സംഘത്തെ നയിച്ചെത്തുന്ന ജോണിക്കുട്ടി കരോൾ ഗാനങ്ങളും മറ്റും നടക്കുമ്പോൾ ജോണിക്കുട്ടിയും അനുമോളും മാറിനിന്ന്‌ എന്തോ സംസാരിക്കുന്നു. പശ്ചാത്തലത്തിൽ മുഴങ്ങുന്ന കരോൾ ഗാനം. അതിനുശേഷം കരോൾസംഘം വീട്ടിൽ നിന്നും പുറപ്പെടുന്നു. ആ സമയം ജോണിക്കുട്ടിയും അനുമോളും മാഷും മേരിയമ്മയും നിൽക്കുന്ന ഭാഗത്തേക്ക്‌ ചെല്ലുന്നു.
അനുമോൾ: "ഞാൻ ജോണിക്കുട്ടിയുടെ കൂടെ പള്ളിയിൽ പോകുകയാണ്‌ വലിയ പപ്പാ..."
ചാക്കോമാസ്റ്റർ: "ജോണിക്കുട്ടീ, മോളെ നോക്കണേ. കാര്യം നഗരത്തിൽ വളർന്ന കുട്ടിയാണെങ്കിലും നമ്മൾ ശ്രദ്ധിക്കേണ്ടത്‌ ശ്രദ്ധിക്കണം."
ഇതും പറഞ്ഞ്‌ വീട്ടിൽ നിന്നും നടന്നുനീങ്ങുന്ന ജോണിക്കുട്ടിയും അനുമോളും. ഈ സമയം പുൽക്കൂട്ടിൽ കിടക്കുന്ന ഉണ്ണിയേശുവും ഒപ്പം പ്രതീക്ഷയുടെ പ്രതീകമായി കത്തി നിൽക്കുന്ന നക്ഷത്രവും.
സീൻ-13
രാത്രി. പോലീസ്സ്റ്റേഷൻ. അകത്ത്‌ ഇൻസ്പെകടറുടെ മുറിയിൽ ഇൻസ്പെക്ടർക്ക്‌ അഭിമുഖമായി ഇരിക്കുന്ന ജോണിക്കുട്ടിയും അനുമോളും.
ജോണിക്കുട്ടി: "സാർ, ഇത്‌ എന്റെ ഫ്രണ്ട്‌ അനുമോൾ. നമ്മുടെ ചാക്കോമാസ്റ്ററുടെ കൊച്ചുമോളാണ്‌. അനുമോളുടെ പ്രശ്നത്തിൽ സാറൊന്നു സഹായിക്കണം."
ഇൻസ്പെക്ടർ: "പറയൂ"
അനുമോൾ: "സാർ, നഗരത്തിലെ വളരെ പ്രശസ്തമായ കോളേജിലാണ്‌ ഞാൻ പഠിക്കുന്നത്‌. പഠനത്തിന്റെ ഇടവേളകൾ അടിപൊളി സുഹൃത്തക്കൾക്കായി ഞാൻ മാറ്റിവച്ചു. ഐ മീൻ ഫ്രീക്ക്‌ ഫ്രെണ്ട്‌ ഷിപ്സ്‌. പക്ഷേ, ഇന്നലെ രാവിലെ എന്റെ കൂട്ടുകാരി അപർണ്ണയുടെ ഫോൺ കോളിൽ നിന്നും...."
-ഫ്ലാഷ്‌ ബാക്ക്‌-
സീൻ-14
അലങ്കാരങ്ങളുടെയും ആർഭാടങ്ങളുടെയും ആഘോഷത്തിമിർപ്പുകളുടെയും മഹാനഗരം. അതിന്റെ ഒരു കോണിൽ ഒരു ലേഡീസ്‌ ഹോസ്റ്റൽ. സമയം സായാഹ്നം. ഹോസ്റ്റൽ മുറിയിൽ നിന്നും തിരക്കിട്ട്‌ ഇറങ്ങാനൊരുങ്ങുന്ന അനുമോൾ. ഇത്‌ കണ്ട്‌ നോക്കുന്ന കൂട്ടുകാരി അപർണ്ണയോട്‌-
അനുമോൾ:"അപർണ്ണേ നീതു ഹോട്ടൽ സരോവറിൽ ഒരു പാർട്ടി അറേഞ്ച്‌ ചെയ്തിട്ടുണ്ട്‌. കൂടെ അവളുടെ ഫ്രണ്ട്സുമുണ്ട്‌. ഇന്ന്‌ അവിടെയാണ്‌ കമ്പനി."
സീൻ-15
സായാഹ്നത്തിലെ അനുമോളുടെയും കൂട്ടുകാരുടെയും നഗരസവാരി. യുവത്വത്തിന്റെ പ്രസരിപ്പും നാഗരികതയുടെ വേഷവിതാനങ്ങളും, ആധുനികതയുടെ പുത്തൻഭാവത്തോടെ അനുമോളും രണ്ടു ഗേൾ ഫ്രണ്ട്സും മൂന്നു ബോയ്‌ ഫ്രണ്ട്സും കാറിലും ബൈക്കുകളിലുമായി സഞ്ചരിക്കുന്നു. സഞ്ചാരത്തിനൊടുവിൽ ഹോട്ടൽ സരോവറിലെ ഡാൻസ്‌ ബാറിലേക്കവർ കടന്നു ചെല്ലുന്നു.
ദീപാലംകൃതമായ ഡാൻസ്‌ ബാറിന്റെ അകവശം. പശ്ചാത്തല സംഗീതത്തിനനുസരിച്ച്‌ നൃത്തം ചെയ്യുന്ന യുവതീ യുവാക്കൾ. അവർക്കിടയിൽ ഒരു ബാർസ്റ്റൂളിൽ ഇരിപ്പിടം കണ്ടെത്തുന്ന അനുമോൾ.
സീൻ-16
ഡാൻസ്‌ ബാറിൽ സുഹൃത്തുക്കൾക്കരികിലേക്ക്‌ ബിയർ ബോട്ടിലുകളുമായി വരുന്ന ആൺ സുഹൃത്ത്‌ കിരൺ.
കിരൺ: "കമോൺ ഫ്രെണ്ട്സ്‌, ലെറ്റ്‌ അസ്‌ സ്റ്റാർട്ട്‌ ഔവർ പാർട്ടി." ബിയർ പൊട്ടിച്ച്‌ മഗ്ഗുകളിലേക്ക്‌ പകർത്തുന്നു.
കിരൺ: "ചിയേഴ്സ്‌"
കൂട്ടുകാർ ഒന്നിച്ച്‌: "ചിയേഴ്സ്‌ ഓൾ"
സീൻ-16 എ
ഡാൻസ്‌ ബാറിൽ നൃത്തം ചെയ്യുന്ന അനുമോളുടെ കൂട്ടുകാർ. ബിയർ കഴിച്ചുകൊണ്ടിരിക്കുന്ന അനുമോളെയും ഒരു കൂട്ടുകാരിയെയും കൈപിടിച്ച്‌ ഡാൻസിനായി ക്ഷണിക്കുന്ന മറ്റ്‌ കൂട്ടുകാർ. കിരൺ: "അനു പ്ലീസ്‌ കം. ഡാൻസ്‌ വിത്ത്‌ മി."
അനുമോൾ കിരണിനൊപ്പം ഡാൻസ്‌ ചെയ്യുന്നു. ഡാൻസിന്റെ മൂർദ്ധന്യത്തിൽ മൊബെയിൽ ഫോണിന്റെ റിംഗ്ടോൺ കേട്ട്‌ അനുവിനൊപ്പം ഡാൻസ്‌ ചെയ്യുന്ന കിരൺ തന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്ത്‌ നമ്പർ ശ്രദ്ധിച്ച്‌ ആളൊഴിഞ്ഞ ഒരു കോണിലേക്ക്‌ പോകുന്നു. ഫോൺ കോൾ അറ്റന്റ്‌ ചെയ്ത്‌ മറ്റ്‌ രണ്ട്‌ ആൺ സുഹൃത്തുക്കളെയും വിളിക്കുന്നു.
കിരൺ: "ഭായിയുടെ കോളുണ്ട്‌." സുഹൃത്തുക്കളിൽ ഒരാളായ റിക്സൺ: "എന്താ കോള്‌."
കിരൺ: "അതൊക്കെയുണ്ട്‌."
ചെവിയിൽ രണ്ടുപേരോടുമായി രഹസ്യമായി സംസാരിക്കുന്ന കിരൺ. സംസാരശേഷം റിക്സൺ മറ്റൊരു പെൺസുഹൃത്തിനെ വിളിച്ച്‌ ചെവിയിൽ സംസാരിക്കുന്നു. തുടർന്ന്‌ അനുവിന്റെ കയ്യിൽ നിന്നും കാറിന്റെ കീ വാങ്ങി റിക്സന്റെ കയ്യിൽ കൊടുക്കുന്നു. കയ്യിൽ കിട്ടിയ കാറിന്റെ കീ ഉയർത്തിപ്പിടിച്ചുകൊണ്ട്‌ റിക്സൺ: " ഓകെ. ലെറ്റ്‌ അസ്‌ മൂവ്‌ കിരൺ."
ഡാൻസ്‌ ബാറിന്റെ വാതിൽ തുറന്ന്‌ പുറത്തേക്ക്‌ പോകുന്ന കിരണും റിക്സണും അനൂപും.
ഡാൻസും ബിയറുമായി സമയം ചെലവഴിക്കുന്ന അനുമോളും ബാക്കി കൂട്ടുകാരികളും. ഒഴിഞ്ഞ ബിയർകുപ്പികൾ അവരുടെ ടേബിളിൽ കൂടിക്കൂടി വരുന്നു. സമയം ഒരു മണിക്കൂറോളം കഴിഞ്ഞു. ഈ സമയം അനുവിനൊപ്പം നൃത്തം ചെയ്യുന്ന നീതുവിന്റെ മൊബെയിൽ ചിലക്കുന്നു. ഫോൺ അറ്റന്റ്‌ ചെയ്യുന്ന നീതു.
നീതു: "ഹലോ റിക്സൺ. എവിടെയുണ്ട്‌. ർറൂം നമ്പർ....205 ലോ...ഓകെ, ഓകെ. വി ആർ കമിംഗ്‌."
സംഭാഷണത്തിന്‌ ശേഷം അനുവിനെയും മെലീസയെയും വിളിച്ചുകൊണ്ട്‌ ഡാൻസ്‌ ബാറിൽ നിന്നും വാതിൽ തുറന്ന്‌ പുറത്തേക്ക്‌ പോകുന്നു നീതു.
സീൻ-17
ർറൂം നമ്പർ 205 ന്റെ വാതിൽ തുറന്ന്‌ അകത്തേക്കു കയറുന്ന അനുവും കൂട്ടുകാരികളും. ർറൂമിൽ കിരണും റിക്സണും അനൂപും തുറന്നു വച്ചിരിക്കുന്ന ഒരു ബ്രീഫ്‌ കേസിനു ചുറ്റും നിൽക്കുന്നു. ബ്രീഫ്‌ കേസ്‌ നിറയെ അടുക്കി വച്ചിരിക്കുന്ന നോട്ടുകെട്ടുകൾ. പണം കണ്ട്‌ അനുവിന്റെ സുഹൃത്തുക്കളെല്ലാവരും സന്തോഷിക്കുന്നു. എന്നാൽ അനു പകച്ചു നിൽക്കുന്നു.
കിരൺ: "നീതു, നോക്ക്‌ ഈ മാസം അടിച്ചു പൊളിക്കാൻ ഈ നോട്ടുകൾ ധാരാളം മതിയാകുമല്ലോ?"
നീതു: "ഓ ഷുവർ ഇത്‌ ധാരാളം ഉണ്ട്‌. ആട്ടെ, എന്തായിരുന്നു കോള്‌."
റിക്സൺ: "ഭായിയുടെ ഒരു ഡീലാ മോളെ ഇത്‌." പകച്ചുനിൽക്കുന്ന അനു-മോളെനോക്കി.
അനൂപ്‌: "ഓ, അനുമോൾ താങ്ക്സ്‌ എ ലോട്ട്‌ ഫോർ യുവർ കീ. കീപ്പ്‌ ഇറ്റ്‌ അപ്പ്‌." (എന്നു പറഞ്ഞുകൊണ്ട്‌ കീ അനുമോൾക്ക്‌ കൊടുക്കുന്നു.)
കീയും വാങ്ങി തിരക്കിട്ടു നടന്നുപോകുന്ന അനുമോൾ. അതുകണ്ട്‌ പരസ്പരം സംശയത്തോടെ സുഹൃത്തുക്കൾ.
സീൻ-18
രാത്രി ഹോസ്റ്റൽ മുറിയിൽ കട്ടിലിൽ മാഗസിൻ വായിച്ചു കൊണ്ട്‌ കിടക്കുന്ന അപർണ്ണ. അവിടേക്ക്‌ കടന്നുവരുന്ന അനുമോൾ ബിയർ കുടിച്ചതിന്റെ ലഹരിയാണ്‌.
അപർണ്ണ: "ഹായ്‌, അനുമോൾ പാർട്ടി അടിച്ചുപൊളിച്ചെന്നു തോന്നുന്നല്ലോ"
അനുമോൾ:"റിയലി, അടിച്ചുപൊളിച്ചു."
തുടർന്ന്‌ കട്ടിലിൽ കിടക്കുന്നു അനുമോൾ. ഉറങ്ങിപ്പോകുന്നു.
സീൻ-19
പ്രഭാതം. ഹോസ്റ്റൽ മുറി. കുളിമുറിയിൽ അപർണ്ണ കുളിക്കുന്നതിന്റെ ശബ്ദം മാത്രം കേൾക്കുന്നു. അനുവിന്റെ ഫോൺ ശബ്ദിക്കുന്നു. ഉറക്കം വിട്ടെണീറ്റ്‌ അനുമോൾ ഫോൺ അറ്റന്റ്‌ ചെയ്യുന്നു. ഫോണിന്റെ അങ്ങേത്തലക്കൽ നീതു.
നീതുവിന്റെ ശബ്ദം: "അനു എവിടെയാണ്‌."
അനുമോൾ: "ഞാൻ ഹോസ്റ്റലിലാണ്‌.
ഇപ്പോൾ ഉണർന്നതേയുള്ളു. എന്തേ ഇത്ര രാവിലെ."
നീതുവിന്റെ ശബ്ദം: "നീ എത്രയും വേഗം ഇവിടെനിന്നും മാറിനിൽക്കണം. ഒരു പ്രോബ്ലം ഉണ്ട്‌."
അനുമോൾ: "എന്തു പ്രോബ്ലം?"
നീതുവിന്റെ ശബ്ദം: "നീ ഇന്നലെ നടന്നത്‌ ഓർക്കുന്നുണ്ടോ?"
അൽപനേരം ആലോചിച്ചിതനു ശേഷം
അനുമോൾ: "യെസ്‌.. അവരെന്റെ കാറുമായി പോയിട്ട്‌ വല്ല പ്രശ്നവും ഉണ്ടായോ?"
നീതുവിന്റെ ശബ്ദം: "അവരൊരു ഭായിയെപ്പറ്റി പറഞ്ഞില്ലേ. അയാൾ പോലീസ്‌ കസ്റ്റഡിയിലായി."
തലേന്നാൾ ർറൂമിൽ നടന്ന സംഭവങ്ങൾ അനുമോളുടെ മനസ്സിലേക്ക്‌ ഓടിയെത്തി. പെട്ടെന്ന്‌ ഭയന്നപോലെ അനുമോൾ.
അനുമോൾ: "ദേ ബിലോംഗ്‌ ടു എനി റാക്കറ്റ്‌?"
നീതുവിന്റെ ശബ്ദം: "യെസ്‌. ഇറ്റ്സ്‌ ഓവർ."
ഈ സംഭാഷണത്തിനുശേഷം അനുമോൾ തിരിക്കുപിടിച്ച്‌ വസ്ത്രങ്ങൾ ബാഗിലാക്കി കുളിച്ചുകൊണ്ടിരുന്ന അപർണ്ണയോട്‌
അനുമോൾ: "അപർണ്ണേ, ഞാനെന്റെ മമ്മിയുടെ നാട്ടിലേക്ക്‌ പോവുകയാണ്‌.
ഈ ക്രിസ്തുമസ്‌ വല്യപപ്പായുടെയും വല്യമമ്മിയുടെയും ഒപ്പമാണ്‌."
ഡോർ തുറന്ന്‌ വേഗത്തിൽ അനുമോൾ പുറത്തേക്ക്‌ പോകുന്നു.
സീൻ-20
ഫ്ലാഷ്‌ ബാക്കിനുശേഷം പോലീസ്‌ സ്റ്റേഷനിലെ ഇൻസ്പെക്ടറുടെ മുറി. ജോണിക്കുട്ടിയെ നോക്കി ഇൻസ്പെക്ടർ - ജോണിക്കുട്ടി ഇറ്റ്സ്‌ എ കോമ്പ്ലിക്കേറ്റഡ്‌ പ്രോബ്ലം. ബട്ട്‌ അനുമോൾ ഈസ്‌ ഇന്നേസ്റ്റ്‌. ഐ അണ്ടർസ്റ്റാന്റ്‌ ദാറ്റ്‌ സോ ഐ ക്യാൻ മനേജ്‌. അനുമോൾക്കൊന്നും സംഭവിക്കില്ല."
ജോണക്കുട്ടി: "താങ്ക്‌ യു സാർ." (ഒപ്പം അനുമോളും)
തുടർന്ന്‌ കസേരയിൽ നിന്നും എഴുന്നേറ്റ്‌ പുറത്തേക്കു പോകുന്നു ജോണിക്കുട്ടിയും അനുമോളും. ഇൻസ്പെക്ടർ എവിടേക്കോ ഫോൺ ചെയ്യുന്നു.
ഇൻസ്പെക്ടർ: "ഗുഡ്‌ ഈവനിംഗ്‌ സാർ, ഞാൻ വിളിച്ചതു...."
സീൻ-21
ക്രിസ്തുമസ്‌ പ്രഭാതം
ചാക്കോമാസ്റ്ററുടെ വീടിന്റെ മുൻവശം. പള്ളിയിൽ നിന്നും കുർബാന കഴിഞ്ഞുവരുന്ന ചാക്കോമാസ്റ്ററും മേരിയമ്മയും അനുമോളും. എല്ലാവരുടെയും മുഖത്ത്‌ പ്രസന്നഭാവം. പൂമുഖത്ത്‌ കിടക്കുന്ന പത്രമെടുത്ത്‌ ഉച്ചത്തിൽ വായിക്കുന്ന ചാക്കോ മാസ്റ്റർ.
ചാക്കോമാസ്റ്റർ: "തിരുപ്പിറവി ദിനത്തിൽ നല്ലവാർത്തകൾ ആവണേ...ആ ഹാ...നഗരത്തിൽ കുഴൽപണം തട്ടിയെടുക്കുന്ന സംഘം അറസ്റ്റിൽ. ഭായി എന്നുവിളിക്കുന്ന ആളുടെ സംഘമാണ്‌ അറസ്റ്റിൽ."
ആത്മഗതം (ചാക്കോമാസ്റ്റർ) "എന്തൊക്കെ കുറ്റകൃത്യങ്ങളാണ്‌ ഇപ്പോൾ നടക്കുന്നത്‌."
ഇതുകേട്ട്‌ ആശ്വാസത്തോടെ പൂമുഖത്ത്‌ അനുമോൾ.
സീൻ-22
ക്രിസ്തുമസ്പിറ്റേന്നാൾ പ്രഭാതം. വീടിന്റെ പൂമുഖത്ത്‌ കിടക്കുന്ന കാറിന്റെ ഡിക്കിയിലേക്ക്‌ വേലക്കാരി അനുമോളുടെ ബാഗും മറ്റും എടുത്തുവയ്ക്കുന്നു. സഹായിച്ചുകൊണ്ട്‌ ചാക്കോമാസ്റ്ററും മേരിയമ്മയും. ആരെയോ പ്രതീക്ഷിച്ച്‌ അക്ഷമമായി യാത്രക്കൊരുങ്ങി നിൽക്കുന്ന അനുമോൾ. ഈ സമയം ബൈക്കിൽ വന്നിറങ്ങുന്ന ജോണിക്കുട്ടിയെ നോക്കി....
ചാക്കോമാസ്റ്റർ: ജോണിക്കുട്ടി ഇപ്പോൾ വന്നതു നന്നായി. നമ്മുടെ അനുമോൾ തിരിച്ചുപോകുകയാണ്‌."
എല്ലാവരോടും യാത്രപറഞ്ഞ്‌ കാറിൽ കയറുന്ന അനുമോൾ.
അനുമോൾ: "വല്യപപ്പാ വല്യമമ്മീപോട്ടെ."
കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്ത്‌ അൽപം നീങ്ങി. മുമ്പിൽ നിൽക്കുന്ന ജോണിക്കുട്ടിയുടെ അരികിൽ കാർ നിർത്തുന്നു.
അനുമോൾ:"വെറുമൊരു നന്ദിവാക്കിനപ്പുറത്തുള്ള സൗഹൃദത്തിനായി ഞാൻ കൊതിക്കുന്നു. ദൂരം സൗഹൃദങ്ങൾക്കൊരു തടസ്സമാവില്ല." ജോണിക്കുട്ടി: "കാപട്യങ്ങളില്ലാത്ത നഗരത്തിന്റെ സൗന്ദര്യമാണ്‌ ഈ ഗ്രാമത്തിനിഷ്ടം. എനിക്കും."
അനുമോൾ: "യൂ ആർ മോസ്റ്റ്‌ വെൽക്കം."
കൈവീശിക്കൊണ്ടിരുന്ന ജോണിക്കുട്ടിയെയും ചാക്കോമാസ്റ്ററെയും മേരിയമ്മയെയും കടന്ന്‌ കാർ മുന്നോട്ടു നീങ്ങി.
(അവസാനിച്ചു)