Followers

Friday, October 28, 2011

ഉത്തരങ്ങൾക്ക്‌ വേണ്ടി




എം.കെ.ഹരികുമാർ


പരമ്പരാഗതമായ ആസ്വദനമോ രചനയോ ഇനി സാധ്യമാവില്ല. കാരണം ആസ്വാദനം എന്ന പ്രവർത്തനം തന്നെ അപ്രത്യക്ഷമായി. പതിറ്റാണ്ടുകളായി ഒരേതരം സിനിമയും നാടകവും കണ്ടുകൊണ്ട്‌ കയ്യടിക്കുന്നവർ എന്താണ്‌ ആസ്വദിക്കുന്നത്‌? കഥകൾ എല്ലാം ആവർത്തനമാണ്‌. രാജകുമാരിയെ ദരിദ്രകാമുകൻ പ്രേമിക്കുന്നതും തുടർന്ന്‌ അയാൾ മരിക്കുന്നതും എത്ര പ്രാവശ്യം കണ്ട്‌ ആസ്വദിക്കും. എന്നാൽ ആസ്വദിക്കുന്നു എന്ന്‌ കള്ളം പറഞ്ഞുകൊണ്ട്‌ ഇതെല്ലാം ഈ കാലഘട്ടത്തിലും സ്വീകാര്യമാവുകയാണ്‌. കലാസൃഷ്ടി വെറും ഡിസൈൻ മാത്രമായി. ചിത്രകലയും ശിൽപകലയും ഡിസൈനുകളാണ്‌ ഉൽപാദിപ്പിക്കുന്നത്‌. ജീവിതവുമായി ബന്ധമില്ല. അല്ലെങ്കിൽ തന്നെ, ഈ കലാസ്വാദകർക്ക്‌ ഏത്‌ ജീവിതവുമായാണ്‌ ബന്ധം? പ്രത്യക്ഷാനുഭവങ്ങൾക്കാണ്‌ ഇവരെല്ലാം ജീവിതമെന്ന്‌ പേരു നൽകുന്നത്‌. മാനങ്ങൾ ഇല്ലാത്ത അനുഭവങ്ങളുടെ തനിപ്പകർപ്പുണ്ടാക്കുകയാണ്‌, ഇവരുടെ ഏറ്റവും മികച്ച രചനകൾപോലും ചെയ്യുന്നത്‌.


ക്ലാസിക്കുകളെതന്നെ ആശ്രയിച്ചുകൊണ്ടിരിക്കുന്നതും ഗതികേടാണ്‌. നൃത്തവും സംഗീതവുമെല്ലാം ഒരിടത്ത്‌ തന്നെ വട്ടം കറങ്ങുന്നു. പുതിയ ഭാവന ഒരിടത്തുമില്ല. അനുഷ്ഠാനകലകളായ മുടിയേറ്റും തെയ്യവുംപോലെ ഒരുതരത്തിലും വികസിക്കാത്ത കലയായി കവിതയും അധഃപതിച്ചു. കവിതയിലൂടെ പറയുന്നതൊന്നും നമ്മുടെ ബോധമണ്ഡലത്തെ വികസിപ്പിക്കുന്നില്ല. പലരും നിസ്സാരകാര്യങ്ങൾ കവിതയാക്കി എഴുതുന്നു. കവിത മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ആശയമായി തരംതാഴുകയാണ്‌, പലപ്പോഴും. കവിതയിലോ കഥയിലോ പഠിക്കാനൊന്നും ബാക്കിയില്ല. അതെല്ലാം നല്ല വായനക്കാർ പണ്ടേ പഠിച്ചു കഴിഞ്ഞ കാര്യങ്ങളാണ്‌. എന്നാൽ, കവിതയിൽ ഇനിയും ചിലത്‌ അവശേഷിക്കുന്നു എന്ന്‌ ആരെങ്കിലും ശഠിക്കുകയോ എഴുതുകയോ ചെയ്താൽ, മിക്കപ്പോഴും അത്‌ മുൻകാല കവിതകളിൽ കേട്ട ചിന്തകളുടെ ആവർത്തനം അനുഭവിക്കാനുള്ള താത്പര്യം കൊണ്ടാണ്‌. ചില ആസ്വാദകർക്ക്‌, മുൻകാല കവിതകളിൽ ആവിഷ്കൃതമായ ആശയങ്ങൾ, പിൽക്കാലത്ത്‌ മറ്റാരിലൂടെ കേൾക്കുന്നതും കൗതുകകരമാവാം.

സാഹിത്യം തട്ടിപ്പാണെന്ന്‌ നിരൂപകനായ ബെൻ ജെഫേറി(Ben Jeffery)പറഞ്ഞത്‌ ഇങ്ങനെയാണ്‌. ''Literature is a deeply confused business, based on a kind of basic fraudulance" അപഗ്രഥനാത്മകം, ഭാവനാത്മകം എന്ന്‌ പറഞ്ഞ്‌ അവതരിപ്പിക്കപ്പെടുന്നതും, പണ്ട്‌ പലരും പറഞ്ഞ കാര്യങ്ങളാണ്‌. ''You hide from life, you make it up, your claims to deeper mining are a charade. you lie, you are a stupied"എന്നും ബെൻ ജെഫേരി എഴുതുന്നുണ്ട്‌.


ഗ്രീക്ക്‌ പരിഭാഷകയായ കാരൻ എമ്മിറിച്ച്‌ (karen emmirich ]) പറയുന്നത്‌ മിഴികളെ അറിഞ്ഞുകൊണ്ടുതന്നെ നമ്മൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചാണ്‌. കാരണം ഒന്നിലും യഥാർത്ഥമായ ജീവിതത്തെ കാണാനാകുന്നില്ല. അർത്ഥരാഹിത്യം ഒരു വശത്തുണ്ട്‌. അതേസമയം ജീവിതത്തിലെ ചെറിയ പ്രവൃത്തികളെ അർത്ഥരഹിതമെന്ന്‌ പറഞ്ഞ്‌ തള്ളാനാവുന്നില്ല. ഇതിനിടയിലെ സംഘർഷം വളരുകയാണ്‌. വ്യാജമാണ്‌ എല്ലാനിർമ്മിതികളും. എന്നാൽ അത്‌ നിർമ്മിക്കാതിരിക്കാനാവില്ല. ''Tension between overwhelming meaninglessness and small daily acts of meaning'' അർത്ഥരാഹിത്യത്തോടുള്ള പ്രതികരണം ഇതാണെന്ന്‌ എമ്മിറിച്ച്‌ ഓർമ്മിപ്പിക്കുന്നു. ''We continue to make them imperfect as they are''. ഒരിക്കലും യഥാർത്ഥമായ ബന്ധം ഉണ്ടാകുന്നില്ല. ഇത്‌ സാഹിത്യകൃതിയെ ഉത്തരം കണ്ടെത്താനുള്ള പ്രശ്നമാക്കി മാറ്റുകയാണ്‌.വാക്കുകളും അവയുടെ യഥാർത്ഥബന്ധത്തെ കണ്ടെത്തുന്നില്ല. ''No connection is ever really true" എന്ന്‌ എമ്മിറിച്ച്‌ എഴുതുന്നു.

അതുകൊണ്ട്‌, വളരെ യോജിച്ചതും അർത്ഥപൂർണ്ണവുമായ സംയോജനങ്ങളിലൂടെ നാം നിർമ്മിച്ചെടുക്കുന്ന ഭാഷ, ഒടുവിൽ അർത്ഥരഹിതമായി തീരുന്നു. അല്ലെങ്കിൽ ആ ഭാഷ അതിന്റെ അർത്ഥത്തെ കുടഞ്ഞുകളഞ്ഞ്‌, സ്വയം നിരസിച്ച്‌ അതിനേക്കാൾ വലിയ ശൂന്യതയിൽ ഇല്ലാതാകുന്നു. അതായത്‌, കവിതയിലേയോ കഥയിലേയോ ഭാഷ സുഘടിതമായിരിക്കുമ്പോൾ തന്നെ, വ്യാജ നിർമ്മിതിയുമാണ്‌. ഇല്ലാത്ത ഒന്ന്‌ ഉണ്ടെന്ന്‌ തോന്നിപ്പിക്കുന്ന, വ്യാജഭാഷയുമാണത്‌ . ഈ വ്യാജഭാഷയിൽ നിന്ന്‌ നാം എത്തേണ്ടത്‌, അതിന്റെ പ്രത്യക്ഷത്തിലുള്ള മൗലികവാദങ്ങൾക്കപ്പുറത്തേക്കാണ്‌.

സാഹിത്യത്തിനുവേണ്ടി മാത്രമായി സാഹിത്യനിരൂപണവും ഇനിയുണ്ടാകില്ല. സാഹിത്യത്തിന്റെ ശാസ്ത്രീയതയും തത്വചിന്തയും സാഹിത്യത്തിനു പുറത്തേക്ക്‌ പോകേണ്ടതുണ്ട്‌. ഫോട്ടോഗ്രാഫുകളെക്കുറിച്ചോ വർത്തമാന പത്രത്തെക്കുറിച്ചോ ഒരാൾക്ക്‌ എഴുതാൻ കഴിയും. നോവലിനെയോ കവിതയെയോ, സാഹിത്യകൃതികളിലെ വിവിധ ആശയങ്ങളെയോ വിലയിരുത്തുന്നതിനേക്കാൾ വിപുലമായ ആശയലോകം ഫോട്ടോഗ്രാഫുകളോ വർത്തമാനപത്രമോ നമുക്കു തരുന്നുണ്ട്‌. പിന്നെ എന്തിനു ഒരു നോവലിൽ മാത്രമായി ഒതുങ്ങണം?

പത്രങ്ങൾ ശരിക്കും നവീനവും ഉത്തര-ഉത്തരാധുനികവു (Post-Post modernism) ലോകത്തെ പ്രതിനിധാനം ചെയ്യുന്നു. പത്രം വായിക്കുന്ന ഒരാൾ സ്വയമറിയാതെ ഒരു വ്യവസ്ഥയാകുന്നു. അയാൾ ഒന്നിന്റെയും ഉള്ളടക്കത്തെ ആഴത്തിൽ നോക്കുന്നില്ല. അയാൾ പല കാലങ്ങളിലൂടെ, പല മനുഷ്യരിലൂടെ, പല വസ്തുക്കളിലൂടെ ഒരേ സമയം സഞ്ചരിച്ച്‌ ഏറ്റവും സമീപത്തുള്ള നിമിഷത്തിലെത്തുന്നു.

തുമ്പിയുടെ വിശ്വാസം



ചിത്രകാരൻ

രാത്രിയില്‍ വഴിതെറ്റിവന്ന ഒരു തുമ്പി
പകലിലേക്കുള്ള വാതിലന്വേഷിച്ച്
ട്യൂബ് ലൈറ്റിന്റെ ചില്ലുപാളിയില്‍
മുട്ടി ബഹളമുണ്ടാക്കുന്നു.

വെളിച്ചത്തോടുള്ള അന്ധമായ അഭിനിവേശം
ജീവകോശങ്ങളില്‍ എഴുതിവച്ച
പ്രകൃതിയുടെ വിഢിത്തങ്ങളില്‍ വിശ്വസിച്ച്
എരിഞ്ഞൊടുങ്ങുന്ന പ്രാണികളെത്ര !!!

മനുഷ്യാ



രാംമോഹൻ പാലിയത്ത്

മരിക്കാന്‍ തോന്നിയ
മടുപ്പന്‍ കാലങ്ങള്‍
തിരിഞ്ഞു നോക്കീട്ടു
ഗൃഹാതുരപ്പെടും
വിചിത്രജന്തു നീ.


മരിക്കണേയെന്നു
മനം കൊതിക്കുമ്പോള്‍
ചിരിച്ചു കാണിക്കാന്‍
വിധിക്കപ്പെട്ടുള്ള വിചിത്രജന്തുനീ.

അനങ്ങാപ്പൈതങ്ങൾ


കന്നിവെറിയാണ്
കടലുവറ്റുമെന്നാണ് ചൊല്ല്ല്,
തുടുത്ത സൂര്യൻ കുടിച്ചുവറ്റിക്കുന്ന
തിളച്ച പാലാണ് പകൽ...
പകലിലങ്ങനെ നോക്കിയിരിക്കുമ്പോൾ,
പറമ്പിൽ മരങ്ങൾ,
സ്കൂൾമുറ്റത്തസംബ്ലി പോലെ
വെയിലത്തറ്റൻഷനായി നിൽക്കുന്നു..
പകൽ കുടിച്ചു പാത്രം കഴുകാൻ
കടലിൽ പോകുന്നു സൂര്യൻ.
ഇരതേടിപ്പോയിരുന്ന ഇരുട്ടുകൾ
ചേക്കേറാൻ മടങ്ങിയെത്തുന്നു.
ഇരുട്ടിന്റെ കലപില നോക്കിയിരിക്കുമ്പോൾ
നിലാവിൽ മരങ്ങളെക്കാണാം.
ഇരിക്കാനോ നടുനിവർത്താനോ
കഴിയാതെയിപ്പൊഴും,
അതേ നിൽപ്പാണു പാവങ്ങൾ.
മരങ്ങളേ, അനങ്ങാപ്പൈതങ്ങളേ
ഏതു ഹെഡ്മാഷാണ്
നിങ്ങളെയിങ്ങനെ ശിക്ഷിച്ചത്?
ഇതിനുംമാത്രം
എന്തു കുസൃതിയൊപ്പിച്ചുനിങ്ങൾ?

യാത്ര



ഇന്ദിരാബാലന്‍


വിഷം പുരട്ടിയ വാക്കുകൾ
കുടഞ്ഞെറിഞ്ഞ്‌
അസ്വസ്ഥതയുടെ വിത്തു പാകുമ്പോൾ
ഇരുമ്പു ദണ്ഡുകൾ പഴുത്തുകിടക്കുന്ന
ഓർമ്മയുടെ പാളങ്ങൾ മുറിച്ചുകടന്നു
കറുത്ത മഷി തെറിപ്പിച്ച്‌
അലങ്കോലയാക്കാൻ
ആഞ്ഞപ്പോൾ
വെള്ളിനിലാവിന്റെ
തൂവലുകളാൽ ഒപ്പിയെടുത്തു
രക്തക്കുഴലുകൾ വലിഞ്ഞുമുറുകി
കാളിമ അഴിച്ചുവിടാൻ
തുനിയുമ്പോഴും
ഉള്ളിലൊളിയുന്ന ഭീരുതയുടെ നിഴലാട്ടം.................
കാണാക്കാഴ്ച്ചകളുടെ കണക്കുകൾ നിരത്തി
വാക്കിന്റെ തീക്കൊള്ളികളെറിഞ്ഞ്‌
ചുട്ടുപൊള്ളിക്കുമ്പോഴും
പതറിയില്ല
അസ്വാതന്ത്ര്യത്തിന്റെ മനംപുരട്ടലുകളിൽ നിന്നും
യാത്ര തുടർന്നു
താൻ വിരിച്ചിട്ട ക്ഷീരപഥങ്ങളിലേക്ക്
ഉറച്ച കാൽവെയ്പ്പുകളോടെ...........................


അടിമ


വി.ജയദേവ്

പലതും പറയുന്ന കൂട്ടത്തില്‍

ഒരു വാക്ക് പറയുകയായിരുന്നു.

അന്നന്ന് ചെയ്യേണ്ടിവരുന്ന

അടിമപ്പണികളെ കുറിച്ച്.

പകലന്തിയോളം

വിറകു വെട്ടിയും

വെള്ളം കോരിയും.

ഉണക്കാനിട്ട ഇരുട്ടിനെ

രാത്രി മുഴുവന്‍

നിലാവ് കൊത്താതെ

കാവലിരുന്നും.

മുതുകിലെ കറുത്ത

വിരല്പ്പാടുകളില്‍

സങ്കടങ്ങളത്രയും

കരിഞ്ഞു കിടന്നിരുന്നു.

എന്നിട്ടിത്രയായിട്ടും

ഒന്നും മിണ്ടിപ്പറയാന്‍

ഈ വാക്കൊട്ടും

മറന്നില്ലല്ലോ എന്ന്

വിചാരിച്ചു ഞാന്‍.

ഞാനതെന്നേ മറന്നിരുന്നു.