Followers

Monday, February 28, 2011

ezhuth / march 2011

എഡിറ്റോറിയൽmathew nellickunnu

എഴുത്ത് ഓൺലൈൻ മാഗസിനു വായനക്കാരും എഴുത്തുകാരും നൽകിയ പിന്തുണയ്ക്ക് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു.
ഓൺലൈൻ രംഗത്ത് ഇത്രയധികം ഉത്സാഹത്തോടെ സാംസ്കാരിക പങ്കാളിത്തം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. എന്നാൽ മാസിക തുടങ്ങി രണ്ടു മാസങ്ങൾ കൊണ്ടു തന്നെ ഞങ്ങൾ കാര്യങ്ങൾ മാറുന്നതു കണ്ടു. വൻ തോതിൽ ഞങ്ങൾക്ക് എഴുത്തുകാരുടെ പിന്തുണ ലഭിച്ചു.
ഏറ്റവും കൂടുതൽ എഴുത്തുകാരുടെയും വായനക്കാരുടെയും പിന്തുണയുള്ള മാഗസിനായി എഴുത്ത് മാറിയെന്നത് അത്ഭുതത്തോടെയും വിനയത്തോടെയുമാണ്‌ ഞങ്ങൾ നോക്കിക്കാണുന്നത്‌.

പല അന്താരാഷ്ട്ര സർവ്വെകളിലും എഴുത്ത്‌ ഓൺലൈനിന്‌ മുൻ നിരയിലെത്താൻ കഴിഞ്ഞു.
ഒന്നര വർഷം കൊണ്ട് മുപ്പത്തഞ്ച് ലക്ഷം പേർ വായിച്ചു എന്നതു ഈ രംഗത്ത് തുടരാൻ ആവേശം തരുന്നു.
ഇനിയും കൂടുതൽ പേർ എഴുത്ത് മാഗസിനുമായി സഹകരിക്കണം.താരതമ്യേന കൂടുതൽ വായനക്കാർ വിദേശ രാജ്യങ്ങളിൽ നിന്നാണ്‌.ഇതോടൊപ്പം നമ്മുടെ നാട്ടിൽ നിന്നുള്ള വായനക്കാരുടെ എണ്ണം വർദ്ധിക്കണം.
രചനകൾ അയച്ചുതരണമെന്ന്‌ ഞങ്ങൾ എല്ലാ എഴുത്തുകരോടും അഭ്യർത്ഥിക്കുകയാണ്‌.
സംസ്കാരത്തോടു മാത്രമേ ഞങ്ങൾക്ക് വിധേയത്വമുള്ളു.
സ്നേഹമായിരിക്കണം നമ്മുടെ മതം.

ആൻ ഐഡിയ ക്യാൻ ചെയ്ഞ്ച്‌ യുവർ ലൈഫ്‌

arathi rajagopal


തിരക്കൊഴിഞ്ഞ കടപ്പുറത്ത്‌, എല്ലാം തീരുമാനിച്ചുറച്ച്‌ അവരിരുന്നു, കാമുകനും
കാമുകിയും ഒന്നിച്ചു ജീവിക്കാൻ സമ്മതിക്കില്ലെങ്കിൽ ഒന്നിച്ചു മരിക്കാം.
അതിനാരുടേയും ശീട്ടുവേണ്ടല്ലോ.
തോളോടുതോൾചേർന്ന്‌ തന്റെ പ്രിയതമയെ ചേർത്തുപിടിച്ച്‌ അവനിരുന്നു. ആ
കരവലയത്തിലൊതുങ്ങി അവളും.
അങ്ങകലെ ചക്രവാളസീമയിൽ മിഴിനട്ടിരുന്ന അവർ ഏതോ ഉൽക്കടമായ ചിന്തയിൽ
നിശ്ചലരായിരുന്നു. കടൽക്കാറ്റിന്റെ ഇരമ്പലോ തിരമാലകളുടെ ഹുങ്കാരവമോ ഒന്നും അവരെ
ചലിപ്പിച്ചില്ല.
"നാളെയാണ്‌, നാളെയാണ്‌ സുഹൃത്തുക്കളെ ഭാഗ്യം നിങ്ങളെ തേടി എത്തുന്നത്‌. ഇതാ
ഭാഗ്യദേവത നിങ്ങളെ നിങ്ങളെ മാടി വിളിക്കുന്നു. ലോട്ടറിക്കാരന്റെ ശബ്ദം
തൊട്ടരുകിൽ.
സ്ഥലകാലബോധം മറന്നിരിക്കുന്ന യുവമിഥുനങ്ങളെനോക്കി, വാങ്ങണംസർ, ഭാഗ്യം നിങ്ങളെ
തേടി എത്തിയിരിക്കുന്നു. മഹാലക്ഷ്മി ഇതാ എത്തിക്കഴിഞ്ഞു. ഒരു ടിക്കറ്റെടുക്കണം
സാർ.
ദേഷ്യത്തോടെ നോക്കിയ യുവാവിനോട്‌, സർ ഇതാ കൈഎത്തും ദൂരത്ത്‌ ലക്ഷങ്ങൾ കോടികൾ
നിങ്ങളെ കാത്തിരിക്കുന്നു സർ.
ശല്യം പോകട്ടെ എന്നുകരുതി യുവാവ്‌ പോക്കറ്റിൽ പരതി. പത്തിന്റെ ഏതാനും നോട്ടുകൾ
മാത്രം! മരിയ്ക്കാൻ തീരുമാനിച്ച തങ്ങൾക്കിനി ഇതിന്റെ ആവശ്യമില്ലല്ലോ. കയ്യിൽ
കിട്ടിയ നോട്ട്‌ ലോട്ടറിക്കാരനു നീട്ടി. ടിക്കറ്റുകൊടുത്ത്‌ അയാൾ പറഞ്ഞു.
നാളെ നിങ്ങളൊരു കോടീശ്വരനാകുംസാർ, പിന്നെ എന്തെല്ലാം സൗഭാഗ്യങ്ങൾ സാറിനെ
കാത്തിരിക്കുന്നു.
യുവതി തന്റെ കാമുകനെയും ലോട്ടറിക്കാരനേയും മാറിമാറി നോക്കി. അവൻ അവളുടെ നേരെ
തിരിഞ്ഞു. നിണ്ടിടംപെട്ട ആ നീലനയനങ്ങളിൽ പ്രതീക്ഷയുടെ പുതുപുത്തൻനാമ്പുകൾ !
അവന്റെ കണ്ണുകളിലേക്ക്‌ നോക്കി അവൾ പറഞ്ഞു, 'നോക്കു, നാളത്തെ ഭാഗ്യശാലികൾ
നമ്മൾ ആണെങ്കിലോ?"
പെട്ടെന്ന്‌ ഒരുൾപ്രേരണയാൽ അവൻ അവളെ ചേർത്തുപിടിച്ചു. കാറ്റിൽപാറിപ്പറക്കുന്ന
അവളുടെ മുടിയിഴകൾ മെല്ലെ മാടിഒതുക്കി. പിന്നെ ആ മൂർദ്ധാവിൽ ഉമ്മവച്ചു.
യുവാവിന്റെ ഈ ഭാവമാറ്റം കണ്ട്‌ ഒരു കള്ളച്ചിരിയോടെ ലോട്ടറിക്കാരൻ
നടന്നുനീങ്ങി... ഭാഗ്യം വിൽക്കാനായി, 'നാളെ.....നാളെ....."


ധിക്കാരി

sundaram dhanuvachapuram


ചാറ്റമഴപോലിടംവലം തുള്ളുന്ന
ചാപല്യമെന്ന കുരങ്ങേ ജയിപ്പൂ നീ...
നിന്നെക്കയറിട്ടു കൈക്കളൊതുക്കുന്നു
നിന്നെക്കൊളുത്തിട്ടു നാവിൽത്തളയ്ക്കുന്നു
നിന്നെക്കുളിപ്പിച്ചു കാട്ടുന്നു പൊയ്മുഖം
നിന്നെക്കളിപ്പിച്ചു നേടുന്നു കാമിതം
ചാറ്റമഴപോലിടംവലം തുള്ളുന്ന
കാപട്യമെന്ന കുരങ്ങേ ജയിപ്പൂ നീ...
നാവിൽക്കളിക്കുന്ന നിന്നിലൂടല്ലയോ
നാദപ്രപഞ്ചം രചിക്കുന്നു വാഗ്മികൾ
കൈയിൽക്കളിക്കുന്ന നിന്നിലൂടല്ലയോ
കൺകെട്ടുവിദ്യകൾ കാട്ടുന്നു വഞ്ചകർ
പണ്ടേ പിണങ്ങിപ്പിരിഞ്ഞ നിന്നോടെനി-
ക്കുണ്ടായിരുന്ന വെറുപ്പായിരിക്കണം
ഒറ്റയ്ക്കുനേരെ നടക്കുന്നൊരെന്റെയീ
ധിക്കാരമെന്ന ദുഃഖത്തിനു കാരണം
ചാറ്റമഴപോലിടംവലം തുള്ളുന്ന
കാട്ടുകുരങ്ങേ കുരങ്ങേ ജയിപ്പൂ നീ....

ചെറിയോരുടെ ലോകം


rajanandini
അറിയില്ലെനിക്കൊട്ടുമെ വലിയോരുടെ ലോകവും
അറിയില്ലെനിക്കൊട്ടുമെ പരിഷ്കരിച്ച സ്നേഹവും
എന്റെ ലോകം ചെറുതല്ലോ ചെറിയോരാണു പാർപ്പതും
കനിവിന്റെ നിറവല്ലോ കുളിരേകുന്നതല്ലല്ലിൽ
വിശപ്പിന്റെ വേതാളങ്ങൾ കനൽ കോരിനിറയ്ക്കവെ
നിറഞ്ഞ സ്നേഹമല്ലയോ ഉറവേറ്റുന്നു പ്രാണനിൽ
കപടങ്ങളാർത്തെത്തുന്നു ഇടയ്ക്കെങ്കിലുമന്റെമേൽ
കരിവാരിപ്പുതപ്പിച്ച്‌ കരഘോഷം മുഴക്കുന്നു
തൃഷ്ണയേറ്റിയ കണ്ഠങ്ങൾ വിളിച്ചാർക്കുന്നു പിന്നെയും
ഇവളല്ലോ നമുക്കുള്ളിൽ വിതയ്ക്കുന്നു വിഷവിത്തുകൾ
സ്വാർത്ഥത്തിൽ മുനസൂചികൾ കുത്തുന്നു ചുറ്റിനുംനിന്ന്‌
ആൾക്കൂട്ടത്തിൽ നടുകെ നിന്നുരിയുന്നെന്റെ വസ്ത്രവും
കണ്ടു കണ്ണുപൊട്ടന്മാർ ആദ്യം കാണുന്നലോകം പോൽ
കണ്ടു പകച്ചുനിന്നുപോയ്‌ അത്യാധുനിക ലോകത്തെ
പെട്ടെന്നുള്ളഞ്ഞെട്ടലിൽ പൂട്ടിപ്പോകുന്നു കണ്ണുകൾ
അകമെ കാണുന്നുണ്ടു ഞാനെന്റെ ലോകം ചെറുലോകം
അവിടെ കല്ലുദൈവങ്ങൾ മതിയില്ലാതെ വാഴുന്നു
അവിടത്തുകാരെല്ലാരും മണ്ണിൻ മക്കളാകുന്നു.

കാവ്യനിള

daya pachalam

വറ്റിയുലർന്നുള്ള മണൽത്തിട്ടയ്ക്കരികിൽ-നിൻ
കണ്ണുനീർച്ചാലുകൾ
മൗനം മയക്കുന്നു
അങ്ങിങ്ങുവഴിനീളെ തടയണയ്ക്കുള്ളിൽ
തളച്ചിടപ്പെട്ടവൾ
എത്രനാൾ ഇവ്വിധം പരിഹാസ്യയായി
എത്രനാൾ ഇവ്വിധം കാവ്യഭംഗമേറി
മഴമേഘം മാനത്ത്‌ കാണുവാനാവാതെ
മഴപ്പക്ഷിക്കൂട്ടങ്ങടവിമേൽപാറാ
തെ
കിഴക്കിന്റെ മാമല നനയാതിരിക്കെ-നീ
കണ്ണീരാൽ വിണ്ണിനെദൈന്യമായ്നോക്കുന്നോ...?
വിവശയായ്‌, ആയുധധാരിക്കുമുമ്പാകെ
വിറകൊണ്ടുകാറ്റിൽ 'അരു'തെന്നുചൊന്നിട്ടും
കേട്ടിട്ടുംകേൾക്കാതെ ബിഭത്സരോരോരോ
തുടിക്കുന്നതരുവിൻ കടയ്ക്കുമഴുവീഴ്ത്തവെ
പിടയുന്നുവോ നിളേ?
പുളയുന്നുവോ?
നോവാൽനിന്റെ കണ്ണീരിലും
രുധിരമുതിരുന്നുവോ?

കരകവിയുമൊരുവേള ഉലഞ്ഞുയരാൻ
കരളുറപ്പുള്ളവളാണെങ്കിലും
കവിയില്ല, കനവില്ല, കാവ്യമില്ല-യിന്നു
കയമില്ല, കരുത്തില്ല, കരുതലില്ല!
കരയുംപേമഴക്കാലം കടുക്കവെ
കരയിലെ കണ്ണീരുമേറ്റുവാങ്ങീടവെ
ഒരു മഹാകാവ്യപ്രവാഹമായ്‌ നീയും
കടലിലേക്കാഞ്ഞു പതിച്ചിടുന്നു;
മാനസമഖിലം ലയിച്ചിടുന്നു....!

ചിന്തേരിട്ട കാലം


ismail melati

കാലത്തിന്‌ ചിന്തേരിടും കാലമിത്‌
നാദത്തിന്‌ നാദമായ്‌ നിലകൊൾക വയ്യ
സ്വരം മിനുക്കിയേ ചൊൽവതുള്ളു
ആശയറ്റാശാരി ചിന്തേരിടുന്നതോ
അമ്മതൻ മുഖം മിനുക്കാൻ
വരത്തന്റെ വാർണീഷും
വർണപ്പൊടിപ്പൂരവും ചേർത്ത്‌
വാർന്നു വീഴുവതഴകായതുമില്ല
ചിന്തേരിടുമാശാരിക്കു മുമ്പിൽ
കുമിഞ്ഞു കൂടുന്നു സാധനങ്ങൾ
ആരാണ്ടെപ്പഴോ ധരിച്ചൊരു മുഖംമൂടി
കുത്തി നടന്ന വടി, രക്താങ്കിത വാളുറ
മാറാല മേയും ബുക്കലമാരകൾ,
പൊടിഞ്ഞു തീരും മേശകൾ
പൂപ്പൽ പിടിച്ച ഡിസ്കുകൾ
വാട വമിക്കും പേനാക്കൂടുകൾ
മഷി വറ്റിയൊടുങ്ങിയ പേനകൾ
മരവിച്ച കൈവിരലുകൾ
ഒടിഞ്ഞു കുത്തിയ മനസ്സുകൾ
ചവച്ചു തുപ്പിയ ചിന്തകൾ
മിനുങ്ങാത്തയമ്മതൻ മുഖം
പാർലറിലേയ്ക്കെടുക്കുവിൻ
പാക്കറ്റിലെത്തിയ, കസ്തൂരി മഞ്ഞളും
രക്തചന്ദനവും കൊണ്ട്‌, തേച്ചു മിനുക്കുവിൻ
തേയ്ക്കുന്തോറുമമ്മ തൻ, മുഖത്തെ ഞരമ്പുകൾ
തടിക്കുന്നു, ചുവക്കുന്നു, സുതാര്യമാകുന്നു
ഞരമ്പിനുള്ളിലോ, എതിർദിശയിലോടും രക്തപ്രവാഹം
നിലവിളിക്കാതെ, നെടുവീർപ്പിടാതെ
ഒന്നു ഞരങ്ങുക പോലും ചെയ്യാതെ
നിശബ്ദയായമ്മ കണ്ണടച്ച്‌.....


മരിച്ചവരുടെ തോറ്റം


padmadas

ശിരസ്സിലുന്മാദക്കനലെരിഞ്ഞോർ തൻ
കിനാക്കളിൽ നിന്നുമടർന്ന വാക്കുപോൽ
മരിച്ചവരടർക്കളത്തിൽ വന്നിട്ടി-
ണ്ടലർച്ചയോടിതറ കുരുതിയാട്ടങ്ങളിളകിയാടുന്നു!
അദൃശ്യ രൂപിയാമവർ തൻ വാളുകൾ
ശിരസ്സില്ലാത്തത്താം ജഡങ്ങൾ തീർക്കുന്നു
മരിച്ചവർടർക്കളത്തിൽ വന്നിതാ
കപാലമാല്യങ്ങളെടുത്തണിയുന്നു
വസൂരിമാലകൾ വലിച്ചെറിയുന്നു
പഴയ തോറ്റങ്ങളുറക്കെച്ചൊല്ലുന്നു:
സ്വകീയജീവിതത്തൃഷാർത്തത്തയെനി-
യ്ക്കൊരു ചെറുപുല്ലിൻ കൊടിയ്ക്കു തുല്യമാം
സുനിശ്ചിതം വെറ്റി; യെനിയ്ക്കു; നിങ്ങൾക്കോ
അനിശ്ചിതം സ്വന്തം വിജയമെപ്പൊയും

*The lord of Rings-return of the King എന്ന സിനിമ കണ്ടതിനു ശേഷം

വിശ്വാസം അതല്ലെയെല്ലാം


sathar adur

അവൾക്കുറപ്പുണ്ടായിരുന്നു
അവൻ കാത്തുനിൽക്കുമെന്ന്‌
അവനുറപ്പുണ്ടായിരുന്നു
കൃത്യസമയത്തുതന്നെ അവളെത്തുമെന്ന്‌
അവന്റെ ഫ്രണ്ട്സിനറിയാമായിരുന്നു
അവനെങ്ങനെയെങ്കിലും അവളെയെത്തിക്കുമെന്ന്‌
അവൾക്കറിയാമായിരുന്നു
എതിർത്തിട്ടും കാര്യമൊന്നുമില്ലെന്ന്‌
അവളുടെ വീട്ടുകാർക്കൊരു വിശ്വാസമുണ്ടായിരുന്നു
ഒന്ന്‌ രണ്ട്‌ ദിവസത്തിനകം അവൾ തിരിച്ചെത്തുമെന്ന്‌
'വിശ്വാസം അതല്ലെയെല്ലാം.'

കുമ്പസാരങ്ങൾ


mathew nellickunnu
ഇന്ന്‌ ഏതായാലും അവധിദിവസമാണ്‌ എല്ലാംകൊണ്ടും നല്ലതുതന്നെ. കുറെ സീരിയലുകൾ
കാണാമല്ലോ. നാട്ടിലെ സീരിയലുകൾ എല്ലാവർക്കുമൊരു ഹരമായി മാറിയിരിക്കുകയാണ്‌.
ടെയ്പ്പുകൾ തപ്പിക്കൊണ്ടിരിക്കവെ ഫോൺബെല്ലടിച്ചു.
"ഹലോ ഇത്‌ സാംസൺ"
'അറിയാം. ഞാൻ ജോയി വാകത്താനം. കേട്ടിട്ടുണ്ടാകണം ഇപ്പോൾ കാറുകൾ വിൽക്കുന്നു.
ഇതൊരു സുവർണ്ണാവസരമാണ്‌. സൗകര്യമെങ്കിൽ ഇങ്ങോട്ടൊന്നുവരിക".
പലിശയില്ലാതെ ഒരു കാറുവാങ്ങുന്നത്‌ നല്ലതാണെന്ന്‌ സാംസണും തോന്നി.
ഈയിടെയായി ഒന്നുരണ്ടുപ്രാവശ്യം തന്റെ കാർ വഴിയിൽകിടന്നു.
"തണുപ്പുകാലത്ത്‌ എന്റെ കാർ ഇടയ്ക്കിടെ വഴിയിൽകിടക്കുക പതിവാണ്‌. പോരെങ്കിൽ
രണ്ടുലക്ഷത്തിലധികം മെയിലുകളോടിയ ഒരു പഴയകാർ. അതാണെന്റെ കൈമുതൽ."
വാകത്താനത്തോട്‌ ഡീലറുടെ വിലാസവുംവാങ്ങി ഉടൻതന്നെ അങ്ങോട്ട്‌ യാത്രതിരിച്ചു.
ഡീലറുടെ ആഫീസിനുമുന്നിൽ വാകത്താനം കാത്തുനിൽക്കുന്നു.
അദ്ദേഹമൊരു പൊതുപ്രവർത്തകനും സാമൂഹ്യപരിഷ്കർത്താവുമായിട്ടാണ്

അറിയപ്പെടുന്നത്‌. ഇടതുവശം ബെൽറ്റിൽ ബീപ്പർ പിടിപ്പിച്ചിരിക്കുന്നതും വലതുഭാഗം
സെൽഫോൺ തൂക്കിയിരിക്കുന്നതും ശ്രദ്ധേയമാണ്‌.
ഞാൻ വാകത്താനത്തിനൊപ്പം പലവിധത്തിലുള്ള കാറുകൾകണ്ട്‌ പാർക്കിംഗ്‌ ലോട്ടിലൂടെ
കറങ്ങിനടന്നു. ഒരു നീലക്കാറിനെ സസൂക്ഷ്മം പരിശോധിക്കവെ വാകത്താനത്തിന്റെ
ബീപ്പർ കരയാൻതുടങ്ങി. ഉടൻതന്നെ നമ്പർനോക്കി സെൽഫോൺ കൈയിലെടുത്തുകഴിഞ്ഞു.
"സുഹൃത്തേ, ക്ഷമിക്കുക. ഞാനിതാവരുന്നു."
അയാൾ ഏതാനും കാറുകൾക്കപ്പുറത്തേക്ക്‌ പോയി. രഹസ്യസംഭാഷണത്തിനുവേണ്ടിയായിരിക്കണം
വലിഞ്ഞത്‌. ഏതാണ്ട്‌ 10 മിനിട്ട്‌ ഞാൻ വിഷണ്ണനായി നിൽക്കവേ വാകത്താനത്തിന്റെ
പൊട്ടിച്ചിരിയും കുശുകുശുക്കലും സെൽഫോൺതരംഗങ്ങളിൽ പൊടിപൊടിക്കുന്നു.
നിന്നുമടുത്തപ്പോൾ ഞാനയാളെ സമീപിക്കാൻ ശ്രമിച്ചെങ്കിലും വാകത്താനം
അകന്നുപോകുന്നു.
ഏതായാലും വൈകിയാണെങ്കിലും വാകത്താനം ക്ഷമചോദിച്ചു കൊണ്ട്‌ മടങ്ങിവന്നു.
"എന്താസുഹൃത്തേ, കാറ്‌ വിൽക്കുന്നതിലും വലുതാണോ ഈ ഫോൺസംഭാഷണം?"
"കാർ വിൽക്കുന്ന ജോലി ഒരു പുകമറയല്ലേ സാംസൺ. ഇതൊക്കെ അപ്പച്ചന്റെ ഒരു
തമാശയാണെന്ന്‌ കൂട്ടിക്കോ. അത്രയേയുള്ളു. കാറ്‌ വിറ്റെങ്കിൽ വിറ്റു. അതിലൊക്കെ
വലുതല്ലേ എന്റെ സാമൂഹ്യസേവനം."
" താങ്കളുടെ സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ച്‌ ഞാൻ കേട്ടിട്ടുള്ളത്‌ അപ്പോൾ
ശരിയാണെന്നോ?"
"എന്താണാവോ നിങ്ങൾക്കറിവുള്ളത്‌?"
ഈ ബീപ്പറും സെൽഫോണും അരയിൽ കെട്ടിയിടുന്നത്‌ നാടുനന്നാക്കാനാണെന്ന്‌
കേട്ടിട്ടുണ്ട്‌. പത്രമാസികകളിൽ കാർ പരസ്യത്തോടുകൂടി നിങ്ങളുടെ ചെറുപ്പകാലത്തെ
ഫോട്ടോയിടുന്നത്‌ സ്ത്രീകളെ ലക്ഷ്യംവച്ചായിരിക്കും." സാംസൺ ചോദിച്ചു.
"അല്ലേ, അല്ലെങ്കിലും സ്ത്രീവിഷയത്തിൽ ഞാനൽപം ബലഹീനനാണ്‌. സ്ത്രീകളാണ്‌ ഏന്റെ
ഏറ്റവും പ്രധാന കസ്റ്റമേഴ്സ്‌."
"താങ്കൾ സ്ത്രീവിഷയത്തിൽ അൽപം ബലഹീനനാണെന്നും അവരെ കാണുമ്പോൾ കോൾമയിർകൊണ്ട്‌
ഭാവനാസമ്പന്നനാകുമെന്നും കേട്ടിട്ടുണ്ട്‌."
"അവരെ എളുപ്പത്തിൽ വീഴിക്കാൻ പറ്റും. നിങ്ങളെപ്പോലുള്ള പഹയന്മാരെ വലയിൽകിട്ടാൻ
പ്രയാസമാണ്‌".
വാകത്താനം തുടർന്നു.
"എത്രനേരമാണ്‌ വീട്ടിൽ ഭാര്യയുടെ ചൊൽപ്പടിക്ക്‌ കുത്തിയിരിക്കുക. അവിടെനിന്നും
ചാടാനുള്ള ഒരു കുറുക്കുവഴിയല്ലേ കാർവിൽപനയും മറ്റും. സായിപ്പുകളിക്കുന്നിടത്ത്‌
നമ്മൾ എത്ര കാറുവിൽക്കും. പോരെങ്കിൽ നാലുപേരറിയുന്ന ഒരു ടൈറ്റിലല്ലേയിത്‌.
പത്രത്തിൽ ഫോട്ടോയും വരുന്നില്ലേ. അങ്ങനെ പൊതുജന നേതാവുമാകാമല്ലോ. ഈ
ലേബൽവെച്ച്‌ ഇവിടെ ഞാനൊരു കളികളിക്കും."
"പരസ്ത്രീഗമനത്തിന്‌ ഇത്തരം നാടൻവേലകൾ ഉപകരിക്കുമെന്നും ഭാര്യയ്ക്ക്‌
കച്ചവടത്തിനിറങ്ങിയ ഭർത്താവിനെക്കുറിച്ച്‌ അഭിമാനമാണെന്നും കേൾക്കുന്നുവല്ലോ."
സാംസൺ.
"നിങ്ങൾ പറഞ്ഞത്‌ നൂറുശതമാനം ശരിയാണ്‌. ഭാര്യയെവെട്ടിച്ച്‌ വീട്ടിൽനിന്നും
തടിതപ്പുന്നതിന്‌ മറ്റു വല്ല വഴിയും പറഞ്ഞുതരുവാനുണ്ടോ. സുഹൃത്തേ, കാർ
ഏതെങ്കിലുമിഷ്ടപ്പെട്ടെങ്കിൽ ഇപ്പോൾത്തന്നെ തീരുമാനം പറയുക. ഞാനൽപം
തിടുക്കത്തിലാണ്‌."
"പെട്ടെന്നൊരു തീരുമാനം എങ്ങനെ പറയും മിസ്റ്റർ വാകത്താനം. പിന്നീടറിയിച്ചാലും
പോരായോ? സാംസൺ.
തീർച്ചയായും. സമയംപോലെ ആലോചിച്ച്‌ പറഞ്ഞാൽമതി.
എന്താണ്‌ താങ്കൾക്ക്‌ ജോലിക്കിടയിലൊരു തിരിമറി. എങ്ങോട്ടാണിത്ര തിടുക്കത്തിൽ
പോകുന്നത്‌. ഉച്ചയൂണിനും ഉറക്കത്തിനും സമയമായിരിക്കും.?"
"മിടുക്കൻ, എത്ര കൃത്യമായി കാര്യങ്ങൾ കണ്ടെത്തുന്നു. ഇതെങ്ങനെയറിഞ്ഞു?"
"നാട്ടുകാരുടെ വായ്മൊഴികളിൽനിന്നും മനസ്സിലാക്കിയ ചില വിവരങ്ങളാണ്‌." സാംസൺ
പറഞ്ഞു.
"എന്താണ്‌ നാട്ടുകാരുടെ കണ്ടെത്തൽ? അറിയാവുന്നത്‌ പറയുക.
സംശയനിവൃത്തിവരുത്തുന്നതിന്‌ ഈ പാർക്കിംഗ്ലോട്ടിലെ കൂടിക്കാഴ്ച
ഉപകരിച്ചേക്കാം".
"അപ്പോൾ ഉച്ചയൂണും പരസ്ത്രീവ്യായാമവും അതുകഴിഞ്ഞുള്ള പള്ളിയുറക്കവും നടത്തേണ്ട
മുഹൂർത്തം വന്നെത്തിയോ?" സാംസൺ ചോദിച്ചു.
"തീർച്ചയായും. സാംസൺ പറഞ്ഞത്‌ വാസ്തവം. അതിനുള്ള മുഹൂർത്തത്തിന്റെ മണിയടിയാണ്‌
എന്റെ ബീപ്പറിൽ മുഴങ്ങിയത്‌. ഈ കാറുവിൽപനയും ബീപ്പറും സെൽഫോണുമെല്ലാം ഒരു
പുകമറയല്ലേ. ഇത്തരം വേഴ്ചകൾക്ക്‌ ഇവ ഉപകരിക്കുമെന്ന്‌ സാംസൺ മനസ്സിലാക്കുക."
"അപ്പോൾ ഭാര്യ തൊണ്ടിസഹിതം പലപ്രാവശ്യം താങ്കളെ സ്റ്റാൻഡിൽ പിടിച്ചതായും
അപ്പോഴെല്ലാം വിജയകരമായി തടിതപ്പിയതായും കേട്ടിട്ടുണ്ടല്ലോ. അതെങ്ങനെ
സാധിച്ചു?" സാംസൺ.
"അതിനാണോ പഴുതുകളില്ലാത്തത്‌. വീണുകഴിഞ്ഞാൽ കിടന്നുരുളുക. അപ്പോൾ ഭാര്യയുടെ
കൈയിലുള്ള ചൂലിന്റെ അടിയിൽനിന്നും രക്ഷപ്പെടാം. പക്ഷെ ഉരുണ്ടതുകൊണ്ട്‌ ഭാര്യ
അടങ്ങുമെന്ന്‌ കരുതേണ്ട. ഉരുളുമ്പോൾ ടീപ്പോയിൽവെച്ചിരിക്കുന്ന പുസ്തകത്തിൽ
പിടിമുറുക്കിക്കൊള്ളണം.
"എന്തുപുസ്തകം?! ടീപ്പോയിൽ വച്ചിരിക്കുന്ന പുസ്തകത്തിന്‌ എന്തുപ്രാധാന്യം."
സാംസൺ ഉദ്വേഗത്തോടെ ചോദിച്ചു.
"വേദപുസ്തകം. നാം നിത്യേനവായിക്കുന്ന വേദപുസ്തകത്തിന്‌ നമുക്ക്‌ അറിഞ്ഞുകൂടാത്ത
ചില നല്ലകാര്യങ്ങൾകൂടി നൽകുവാൻ കഴിയും."
"അത്‌ എന്തൊക്കെയാണെന്ന്‌ അറിഞ്ഞാൽ എനിക്കും വേദപുസ്തകം എല്ലാ മുറിയിലും
സൂക്ഷിക്കാമല്ലോ."
സാംസൺ പറഞ്ഞു.
"പരസ്ത്രീഗമനത്തിനുശേഷം വീട്ടിലെത്തുന്ന എന്നെ ഭാര്യ പിടികൂടുന്നത്‌
എവിടെവച്ചാണെന്ന്‌ പറയാൻപറ്റില്ലല്ലോ. പിടിക്കപ്പെടുകയും ചൂലുമായി
ആക്രോശിക്കുകയും ചെയ്യുമ്പോൾ നിലത്തുകിടന്ന്‌ ഉരുളുക. എത്രയും പെട്ടെന്ന്‌
വേദപുസ്തകം കൈയിലെടുക്കുക. പാപത്തിൽ ദുഃഖിക്കുകയും മനസ്താപിക്കുകയും
ചെയ്തുകൊണ്ട്‌ വേദപുസ്തകംതൊട്ട്‌ കുമ്പസാരിക്കുക. 'പരസ്ത്രീഗമനം
ഇനിയാവർത്തിക്കുകയില്ല. ഇത്‌ സത്യം.' പല മഹത്‌ വ്യക്തികൾക്കും ഇടയ്ക്കിടെ
സംഭവിക്കുന്ന ഒരു കൈപ്പിഴ. ഈ താളപ്പിഴകൾ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന്‌ താങ്കൾ
അറിയുക. ഇത്രയും നമ്പറുകളിട്ടിട്ടും ഭാര്യ അടങ്ങുന്നില്ലെങ്കിൽ മൗനവ്രതം
ആചരിക്കുകയും അത്താഴം മുടക്കുകയും ചെയ്യുക. വേദപുസ്തകം മൗനമായി വായിച്ചുകൊണ്ട്‌
കസാലയിൽ വിശ്രമിക്കുക. ക്രമേണ എല്ലാം നേരെയാകും.
"ഇടയ്ക്ക്‌ ഒരു ചോദ്യം. ഇതിനകം താങ്കൾ എത്രതവണ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്‌?"
സാംസൺ ഇടയ്ക്കുകയറി ചോദിച്ചു.
"എത്രയെന്ന്‌ കൃത്യമായി ഓർമ്മിക്കുവാൻ കഴിയുന്നില്ല. എങ്കിലും നൂറുലധികമെന്ന്‌
കൂട്ടിക്കോളു."
"അപ്പോൾ താങ്കൾക്ക്‌ ഒരു സേഞ്ചൂറിയൻ അവാർഡ്‌ നൽകാൻ ഈ നാട്ടുകാർ
കടപ്പെട്ടവരാണല്ലോ. അതിനുള്ള ഒത്താശകൾക്ക്‌ ഞാൻ മുൻകൈയെടുക്കുന്നതാണ്‌." സാംസൺ
പ്രഖ്യാപിച്ചു.
"നിങ്ങളുടെ നല്ലമനസ്സിന്‌ നന്ദി. അവാർഡ്‌ നിർബന്ധമായി നൽകിയാൽ ഞാൻ വാങ്ങും.
എനിക്ക്‌ വ്യായാമത്തിനും ഉച്ചഭക്ഷണത്തിനും സമയം വൈകിയിരിക്കുന്നു. നിങ്ങളെ
കൂട്ടിനുകൊണ്ടുപോകാൻ കഴിയാത്തതിൽ ദുഃഖമുണ്ട്‌. അപരിചിതർക്ക്‌ പ്രവേശനം
നിഷേധിച്ചിട്ടുള്ള ഒരു പുതിയ പോസ്റ്റാണ്‌ അത്‌. ഭാഗ്യമുണ്ടെങ്കിൽ ഒരുമിച്ച്‌
ഭക്ഷണത്തിനും വ്യായാമത്തിനും ഭാവിയിൽ നമുക്ക്‌ അവസരമുണ്ടായേക്കാം. എന്നാൽ
പിന്നെ കാണാം.
തിടുക്കത്തിൽ വാകത്താനം കാറോടിച്ചുപോയി.
കാറുവാങ്ങുന്ന പദ്ധതി തൽക്കാലം മാറ്റിവച്ച്‌ സാംസൺ വീട്ടിലേക്കുമടങ്ങി.--

പൂർണ്ണിമ:

ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക
മൂലഗ്രന്ഥ കർത്താവ്‌ :- ശ്രീരമൺലാൽ
തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി

അദ്ധ്യായം - നാല്‌.
"രജനീകാന്തൻ തന്റെ മുറിയിലിരുന്ന്‌ പത്രം വായിക്കുകയായിരുന്നു. വാടകയ്ക്ക്‌
രണ്ട്‌ മുറികൾ എടുത്തിട്ടുണ്ട്‌. ഒരു ചെറിയ മേശ രണ്ട്‌ കസേര ഒരു കട്ടിൽ ഇവയാണ്‌
ഒരു മുറിയിൽ. അടുത്തത്‌ അടുക്കളമുറിയാണ്‌. തറയിൽ കയറ്റ്പായ. ചുമരിൽ ചിത്രങ്ങൾ
തൂക്കിയിട്ടിട്ടുണ്ട്‌. മുറി വളരെ ശുചിയായി സൂക്ഷിച്ചിട്ടുണ്ട്‌.
അയാൾ ബി.എ പാസ്സായിട്ടുണ്ട്‌. ഭേദപ്പെട്ട ഒരു ജോലി കിട്ടി. 100 രൂപ ശമ്പളം.
അതിൽ നിന്നും 25 രൂപ അമ്മയ്ക്കയച്ചുകൊടുക്കും. 30 രൂപ വാടക. ബാക്കികൊണ്ട്‌
അയാളും ഭാര്യയും സുഖമായി കഴിയും. സന്താനം ഇല്ല.
അടുത്ത വീട്ടിൽ നിന്നും കുട്ടികളുടെ കരച്ചിൽ കേട്ടു കൂട്ടക്കരച്ചിലാണ്‌. ശബ്ദം
കൂടുതലായപ്പോൾ രജനി വായന നിർത്തി, വാതുക്കൽ എത്തിനോക്കി. അയൽപക്കത്ത്‌
താമസിക്കുന്ന ത്രിവിക്രമൻ എന്ന ഒരുത്തനാണ്‌.
"ഓ, ഈ കുരുത്തം കെട്ട ജന്തുക്കൾ ഒന്നും മിണ്ടാതിരക്വോ, ഞാനങ്ങ്‌
വന്നാലുണ്ടല്ലോ, എല്ലാറ്റിനേയും ശരിപ്പെടുത്തും. ഒരു സ്ത്രീയുടെ കഠോരമായ
ശബ്ദം."
"ചേട്ടനെന്റെ പാവേകൊണ്ട്‌ പോയമ്മേ" ഒരു പെൺകുട്ടിയുടെ പരാതി.
"അവളെന്തിനാ എന്റെ പടം കീറീത്‌.
"ഞാൻ കീറില്ലമ്മേ, ചേട്ടൻ നൊണ പറേണ്‌' ശബ്ദം കൂടികൂടി വന്നു.
"ഞാൻ എല്ലാവർക്കും പാവേം, പടോം തരാം. ദേ, ദേ ഇതാ പിടിച്ചോ" തുടർന്ന്‌
അടിക്കുന്ന ശബ്ദമാണ്‌ കേട്ടത്‌.
രജനിയുടെ അടുത്തമുറിയിൽ നിന്നും രമ പുറത്തുവന്നു. വേഗം അയൽ വീട്ടിലേക്കോരോട്ടം.
"എന്തിനാ ഓട്ടം.
"ഗംഗചേച്ചി കുഞ്ഞുങ്ങളെ തല്ലിച്ചതക്കും. ഒന്നും നോക്കി വരട്ടെ."
"ഉം, വേഗം ചെല്ല്‌. രണ്ട്‌ മൂന്ന്‌ കിട്ടുന്നതും വാങ്ങിക്കൊണ്ട്‌ വേഗം
വന്നേക്കണേ" അയാൾ വായനയിൽ മുഴുകി. പുറത്ത്‌ ചെരുപ്പിന്റെ ശബ്ദം കേട്ട, രജനി
മുഖമുയർത്തി നോക്കിയപ്പോൾ അവിനാശൻ നിൽക്കുനന്നതു കണ്ടു." ഈ സമയം എവിടെ നിന്നു
വരുന്നു" കസേര നീക്കിയിട്ടുകൊണ്ട്‌ ചോദിച്ചു.
ഞാൻ കോളേജിൽ ഇന്റർവ്യൂവിനു പോണ്‌ രമചേച്ചി എവിടെ?
അവൾ പരോപകാരത്തിനുപോയി. ഇതാ വരുന്നു നോക്കു!
രമ രണ്ടു കുട്ടികളുമായി വന്നു കയറി. അവരുടെ കവിളിൽ കണ്ണീർച്ചാലുണ്ടായിരുന്നു.
അവിനാശ്ബാബു എപ്പോൾവന്നു. ഞങ്ങൾ വയ്യിട്ട്‌ അങ്ങോട്ടു വരാനിരിക്കേണ്‌!
"വരഞ്ഞാന്നു പറയാനാണ്‌ അവിനാശൻ വന്നതു. ഇയാൾക്ക്‌ മണ്ടൂസ്‌ പെണ്ണുങ്ങളെ
ഇഷ്ടമല്ല."
രജനി പറേഞ്ഞതു വിശ്വസിക്കല്ലേ ചേച്ചി" അവിനാശൻ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
"എനിക്കെതിരായി പറേഞ്ഞല്ലേ, എന്നെമുന്നിലിരുത്തിക്കൊണ്ട്‌ അസ്സലായി"
"സ്ത്രീകൾ അവരുടെ സ്വാതന്ത്ര്യത്തിന്‌ വേണ്ടി വാദിക്കേണ്ടകാലം അതിക്രമിച്ചു.
പുരുഷന്മാർ അവരെക്കൊണ്ട്‌ കുരങ്ങുകളിപ്പിക്കും."
"എനിക്കിവിടെ നല്ല സ്വാതന്ത്ര്യം ഉണ്ടല്ലോ എന്തിനാണനാവശ്യമായ വാദകോലാഹലങ്ങൾ; ഈ
കുഞ്ഞുങ്ങൾക്ക്‌ ഞാനെന്തെങ്കിലും കൊടുക്കട്ടെ. വിശന്നു വലഞ്ഞിട്ടുണ്ട്‌" എന്നു
പറഞ്ഞു രമ അടുക്കളയിലേക്കു പോയി. അടുക്കളയിൽ നടക്കുന്നതെല്ലാം ഈ മുറിയിൽ
ഇരുന്നാൽ കാണാം.
ചേച്ചിക്ക്‌ ഈ കുഞ്ഞുങ്ങളെ എവിടുന്നു കിട്ടി.
"എന്റെ പ്രാണേശ്വരിക്കുണ്ടോ കുട്ടികളെ കിട്ടാൻ വിഷമം. ലോകത്തിലെ സകലകുട്ടികളെ
കിട്ടിയാലും മതി വരില്ല."
രമ ഇത്‌ കേട്ട്‌ ചിരിച്ചതേയുള്ളു. ശുദ്ധവസ്ത്രം ധരിച്ച അവർ അഴകുള്ളതായി തോന്നി.

"ബാബു അൽപനേരം ഇരുന്നു വർത്തമാനം അതിനിടയിൽ ഞാൻ എന്തെങ്കിലും ഉണ്ടാകട്ടെ
"ഇയാളൊരു പ്രോഫസ്സറാകാൻ പോകേണ്ട്‌ രമേ"
"ഇവിടെ അടുത്തെങ്ങാനുമാണോ?"
"അല്ല, കുറച്ചു ദൂരെ ഒരു സ്ഥലത്ത്‌"
"ദേ, ഞാനിപ്പ വരാം.
"ഒന്നും തയ്യാറാക്കണ്ട ചേച്ചീ, ഇതാ ഞാൻ പോകാനൊരുങ്ങേണ്‌.
"മണ്ടത്തിപ്പെണ്ണുങ്ങൾ ഉണ്ടാക്കുന്നതൊന്നും ബാബൂനിഷ്ടല്ലായിരിക്കും."
"ഞാൻ ചേച്ചിയെ മണ്ടത്തീന്നു കരുതീട്ടില്ല.
"ഒന്നു ചോദിച്ചേ രമ എന്തോരം പഠിച്ചിട്ടുണ്ടെന്ന്‌.
"ചേച്ചിക്കു പഠിപ്പുണ്ടെന്ന്‌ എനിക്കറിയാല്ലോ'
"ഉണ്ട്‌, ഉണ്ട്‌ നാടൻ ഭാഷയിൽ പറേണെങ്കിൽ നാലാം ക്ലാസ്‌ ബി.എ വരെ
പഠിച്ചിട്ടുണ്ട്‌.
"ചേച്ചീ ഇംഗ്ലീഷ്‌ പേപ്പർ വായിക്കണത്‌ ഞാൻ കണ്ടിട്ടുണ്ടല്ലോ"
'വായിക്കേല്ലേ. പടം കാണുകയാണ്‌. വായിക്കുന്നത്‌ തലതിരിച്ചായിരിക്കും.
കുട്ടികളെ തീറ്റിച്ചു വീട്ടിൽ കൊണ്ടുചെന്നാക്കിട്ട്‌ രമ രണ്ട്‌ പാത്രത്തിൽ
പലഹാരവുമായി വന്നു പാത്രം മേശപ്പുറത്ത്‌ വച്ചിട്ട്‌ പറഞ്ഞു, "അൽപം പാലുണ്ട്‌,
ചായയാക്കട്ടെ"
'ചായ വേണ്ട" രജനി പറഞ്ഞു.
രണ്ടുപേരും ആഹാരം കഴിച്ചു. വീട്ടിൽ വേലക്കാർ തയ്യാറാക്കുന്നതിനേക്കാൾ വളരെ
ഹൃദ്യമായി തോന്നി അവിനാശന്‌ അത്‌.
"പോകാൻ നേരമായി ചേച്ചി. അവിടെ പോയി വന്നതിനുശേഷം നിങ്ങളെ രണ്ട്‌ പേരെയും ഞാൻ
വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാം ഇപ്പോൾ ക്ഷമിക്കണം."
"ഇതിൽ ക്ഷമിക്കാനെന്തുണ്ട്‌. രമ.
"രജനിയെ ഞാൻ സ്റ്റേഷനിലേക്കു കൂട്ടിന്‌ കൊണ്ടുപോകട്ടെ."
"കൊള്ളാം അതിനെന്റെ അനുവാദമെന്തിന്‌ കൂട്ടുകാരനല്ലേ എവിടെ വേണമെങ്കിലും
കൊണ്ടുപോകാല്ലോ
"നിന്നെ കൊണ്ടുപോണോങ്കിൽ എന്റെ അനുവാദം വേണം, അല്ലേ രമേ'
"വേഗം വസ്ത്രം മാറൂ. വണ്ടി വരാൻ സമയമായി.'
"എനിക്ക്‌ വസ്ത്രം മാറാൻ രണ്ട്‌ മിനിട്ടുപോലും വേണ്ട'
'രജനി വസ്ത്രം മാറുന്നതിനിടയിൽ രമ അയൽപക്കത്ത്‌ ചെന്നു നോക്കിയിട്ടു വേഗം
വന്നു. "പാവം ഗംഗചേച്ചി കുട്ടികളെ നോക്കണം ജോലി. ചെയ്യണം. കഷ്ടം തന്നെ.
"എന്റെ പെമ്പെറന്നോത്തി എത്ര ഭാഗ്യവതി. കുട്ടികളെനോക്കി കഷ്ടപ്പെടേണ്ടല്ലോ."
രമ സിന്ദൂരം കൊണ്ടുവന്നു അവിനാശന്റെ നെറുകയിൽ തൊട്ട്‌ ആശീർവദിച്ചു "ഭഗവാൻ
അനുഗ്രഹിക്കട്ടെ"
"രമേ, ഇയാളെ സൂക്ഷിക്കണം. ഇയാളെ എപ്പോഴും ഇവിടെ വരാൻ അനുവദിക്കരുത്‌."
"എന്താണത്രേ കാരണം"
"നിന്നെ പ്രശംസിക്കുന്നത്‌ കേൾക്കുമ്പോൾ എന്റെ നെഞ്ചിൽകൂടെ എലിബാണം
ചീറിപ്പായും.
രമ കൃത്രിമ കോപം കാണിച്ചു, സ്നേഹിതന്മാർ യാത്രയായി.

രാമൻ


haridas valamangalam

കബീറിന്റെ രാമനോ
ത്യാഗരാജന്റെ രാമനോ
ഗാന്ധിയുടെ രാമനോ
ദശരഥസൂനുവോ
സീതാപതിയോ
രാവണഹന്താവോ
വാത്മീകിയുടെ
തുളസീദാസന്റെ
കമ്പരുടെ
കണ്ണശ്ശന്റെ
എഴുത്തച്ഛന്റെ രാമനോ
ആത്മാവിൽ രമിക്കുന്നതെന്ന തത്വമോ
സരയൂനദിയിൽ ചാടിച്ചത്തരാമനോ
അയോദ്ധ്യയിൽ പണിയാനിരിക്കുന്ന
അമ്പലത്തിലെ രാമനോ
ചിന്താവിഷ്ടയായി സീത
വിചാരണചെയ്യുന്ന രാമനോ

മിനിക്കഥ/ഫോർ ദി കാമ്പസ്‌


shahul hamid k t
സംവിധായകന്‌ സ്റ്റേജിൽ ഇരിപ്പുറച്ചില്ല. മുൻപിൽ തന്റെ സിനിമയിലെ ഗാനത്താൽ
ഇഹലോകബന്ധം നഷ്ടപ്പെട്ട്‌ ഉറഞ്ഞുതുള്ളുന്ന വിദ്യാർത്ഥികൾക്കൊപ്പം സംവിധായകനും
കൂടി. ഒടുവിൽ വിയർത്തൊലിച്ച്‌ നിലത്തുവീണു. കണ്ണുതുറന്നപ്പോൾ തലചുറ്റുന്നതുപോലെ
തോന്നി, ചോരയൊലിക്കുന്ന നാലു വിദ്യാർത്ഥിമുഖങ്ങൾ പ്രദക്ഷിണം വെക്കുന്നതോടൊപ്പം
അയാളോടു പറഞ്ഞു:
ഭരണകൂടം ഞങ്ങളെ അരാഷ്ട്രീയവൽക്കരിക്കപ്പെട്ട കഴുതകളാക്കുമ്പോഴും നിന്റെ സിനിമ
അതിനെതിരെ ചെറുവിരൽ പോലുമനക്കില്ലല്ലോ....!
മസ്തിഷ്ക്കങ്ങളെ മന്ദിപ്പിക്കുന്ന ഓരോ ഫ്രെയ്മുകളും ഹൃദയങ്ങളെ യാഥാർത്ഥ്യങ്ങളിൽ
നിന്ന്‌ അടിച്ചകറ്റുന്നു.
ഓരോ കോഴ്സിനും വൻ കോഴവാങ്ങുന്നവരെ തിരശ്ശീലയിലൊളിപ്പിച്ച്‌ സമൂഹത്തിലെ
അഴിമതികൾ കാണിച്ചുതന്ന്‌ നീ ഞങ്ങളുടെ പോരാട്ടത്തെ വഴിതെറ്റിക്കുന്നു...
എന്റെ അഭിനയം വിലക്കിയ, പെണ്ണുങ്ങൾ നാടകം കളിക്കേണ്ടെന്ന്‌ പറഞ്ഞ പ്രിൻസിപ്പൽ,
നിന്റെ അഭ്രപാളികളിലെ പെൺരൂപങ്ങളുടെ നാഭിച്ചുഴികളാസ്വാദിച്ചു പറഞ്ഞു: അതാണ്‌
കാമ്പസ്‌.
മങ്ങിയ കാഴ്ചയുമായി പിടഞ്ഞെഴുന്നേറ്റപ്പോഴും വിദ്യാർത്ഥികൾ
ആടിത്തിമിർക്കുകയാണ്‌. ആശ്വാസത്തോടെ ചുവടുകൾ വെക്കാനൊരുങ്ങുമ്പോഴാണ്‌ ആ നാൽവർ
സംഘം ദൂരെ നിൽക്കുന്നുണ്ട്‌ കണ്ടത്‌. അവർ ഇരട്ടിക്കുന്നതായും അരികിലേക്കുവന്ന്‌
വളയുന്നതായും തോന്നിയ അയാൾ വിദ്യാർത്ഥികൾക്കിടയിൽ മറഞ്ഞ്‌ കാമ്പസിൽ നിന്നു
രക്ഷപ്പെട്ടു.

വിനോദ വ്യവസായം


saju pullan

വിനോദ സഞ്ചാരത്തിനെത്തിയ അർണോൾഡ്‌ സായിപ്പ്‌ കൗതുക കാഴ്ചകൾ കാണാനും നാടൻ
വസ്തുക്കൾ വാങ്ങാനുമാണ്‌ ടൂറിസം ഗ്രാമത്തിലെ ഇടവഴിയിലൂടെ നടക്കാനിറങ്ങിയത്‌.
വഴിക്ക്‌ ഇരുവശവും കൊച്ചുവീടുകളും പറമ്പുകളിലെ പച്ചപ്പുകളും കണ്ട്‌ സായിപ്പ്‌
നടന്നു.
വഴി തീരുന്നിടത്ത്‌ കായൽകരയിലെ വീട്ടിലെ കാഴ്ചകൾ കണ്ട്‌ സായിപ്പ്‌ അത്ഭുതം
കൊണ്ടു.
അടിച്ചുതളിച്ച മുറ്റം. മുറ്റത്തിനിരുവശവും ഭംഗിയുള്ള പൂന്തോട്ടം. തോട്ടത്തിൽ
മൊട്ടിട്ടതും പുഷ്പിച്ചതുമായ റോസാച്ചെടികൾ. അതിന്റെ പരിമളം അവിടമാകെ
പരന്നൊഴുകുന്നു.
ആകർഷണത്തിൽപ്പെട്ടെന്ന പോലെ സായിപ്പ്‌ ആ വീട്ടിലേക്ക്‌ കയറിച്ചെന്നു. തയ്യാറായ
ഭക്ഷണത്തിന്റെ വശ്യഗന്ധം സായിപ്പിനെ സ്വീകരിച്ചു.
അവിടെയുള്ള കാഴ്ചകൾ സായിപ്പ്‌ പ്രത്യേകം ശ്രദ്ധിച്ചു.
അലക്കിയ തുണികൾ അഴയിൽ ആടുന്നു. വീടിനകം തുടച്ച്‌ ശുദ്ധിയാക്കിയതിന്റെ ഈർപ്പം
മാറിയിട്ടില്ല. അടുക്കളയിൽ എന്തൊക്കെയോ വേവുന്നതിന്റെ ശബ്ദവും ഗന്ധവും.
സായിപ്പ്‌ നാലുപാടും നോക്കി. ഇതൊക്കെ ചെയ്യുന്നത്‌ ഏത്‌ യന്ത്രമാണ്‌! എന്നാൽ
ഒരു യന്ത്രവും സായിപ്പ്‌ അവിടെ കണ്ടില്ല.
സായിപ്പ്‌ കൗതുകപൂർവ്വം നിൽക്കേ ഒരു പുരുഷനും പിന്നിലായി ഒരു സ്ത്രീയും
പൂമുഖത്തേക്ക്‌ കടന്ന്‌ വന്നു. പുരുഷൻ കൈകൂപ്പികൊണ്ട്‌ പുഞ്ചിരിയോടെ പറഞ്ഞു.
"വെൽക്കം സാർ"
സായിപ്പ്‌ "ഓഹ്‌" എന്നൊരു ശബ്ദം പുറപ്പെടുവിക്കുക മാത്രം ചെയ്തു. സായിപ്പിന്റെ
ആകാംഷ മറ്റൊന്നിലായിരുന്നു. സായിപ്പ്‌ അഴയിലേക്കും മുറികളുടെ നിലത്തേക്കും
അടുക്കളയിലേക്കും ചൂണ്ടി അയാളോട്‌ ചോദിച്ചു:
"വാട്ട്‌ ദ മേഷിൻ ഡൂയിംഗ്‌ ദിസ്‌ ജോബ്സ്‌ മിസ്റ്റർ....."
പുരുഷനും സ്ത്രീയും സന്തോഷത്താൽ മതിമറന്ന്‌ നിൽക്കുകയായിരുന്നു
ആദ്യമായിട്ടാണ്‌ ഒരു സായിപ്പ്‌ വീട്ടിലേക്ക്‌ കയറി വന്നിരിക്കുന്നത്‌. ആരും
ചോദിക്കാത്തൊരു ചോദ്യവും ചോദിച്ചിരിക്കുന്നു. സായിപ്പിനെ എങ്ങിനെയും
സന്തോഷിപ്പിക്കണം. സന്തോഷം കൂടുമ്പോൾ സായിപ്പ്‌ തരുന്ന ഡോളറിന്റെ എണ്ണവും
കൂടും.
പുരുഷൻ വിദേശികളെ നേരിടാൻ പഠിച്ച സ്പോക്കൺ ഇംഗ്ലീഷിൽ മറുപടി പറഞ്ഞു.
"ജോബ്സ്‌ ഡൂയിംഗ്‌ മൈ....മൈ.... ഭാര്യ."
അതു പറയുമ്പോൾ അയാൾ ഭാര്യയെ ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു
. സായിപ്പിന്റെ
അത്ഭുതം ഇരട്ടിച്ചു.
"ജോബ്സ്‌ ഡൂയിംഗ്‌ ഭാര്യ.....യൂ മീൻ ദിസ്‌ ഭാര്യെയിംഷീൻ"
അയാൾ പറഞ്ഞു: "യാ....യാ...."
അർണോൾഡ്‌ സായിപ്പ്‌ അപ്പോൾ സ്വന്തം വീടിനെക്കുറിച്ചോർത്തു.
എല്ലാം കുഴഞ്ഞ്‌ മറിഞ്ഞു കിടക്കുന്ന വീട്‌. പൂവിടാത്ത പൂന്തോട്ടം.
ഭക്ഷണത്തിന്റെ ഗന്ധമുയരാത്ത അടുക്കള. പിന്നെയും എന്തൊക്കെയോ....അതൊക്കെ
നേരെയാക്കാൻ പറ്റിയൊരു മേഷീൻ അന്വേഷിച്ചു നടക്കുകയായിരുന്നു. ഇതു
കിട്ടിയിരുന്നെങ്കിൽ...തനിക്ക്‌ മാത്രമല്ല തന്റെ നാട്ടിലെ പലർക്കും
ഇതുപോലൊന്ന്‌ ആവശ്യമുണ്ട്‌. ഇതുപോലുള്ള കുറച്ച്‌ കൂടി വാങ്ങാൻ ഒത്താൽ
അവിടെകൊണ്ടുപോയി അവർക്കതിനെയൊക്കെയും വിൽക്കുകയും ചെയ്യാം...പറയുന്ന വില
കിട്ടും....സായിപ്പ്‌ അയാളോട്‌ ചോദിച്ചു.
"പ്ലീസ്‌ ഗീവ്‌ മി ദിസ്‌ മേഷീൻ - ഡോളേഴ്സ്‌ ഈഫ്‌ യു ആർ റെഡി."
സായിപ്പിന്റെ ചോദ്യം കേട്ടയാൾ ഞെട്ടിപ്പോയി.
എന്തസംബന്ധമാണീ സായിപ്പ്‌ പറയുന്നത്‌. ഭാര്യയെ സായിപ്പിന്‌ വേണമെന്ന്‌. ഇതുവരെ
കേട്ടുകേൾവിയില്ലാത്ത ചോദ്യം. അതും വീട്ടിൽ കയറി വന്ന്‌. ഛെ...ഛെ...
എന്നാൽ സായിപ്പ്‌ പറഞ്ഞ ഡോളറിന്റെ എണ്ണം... താൻ ആയുസ്സ്‌ മുഴുവൻ അധ്വാനിച്ചാലും
സമ്പാദിക്കാൻ കഴിയാത്ത തുകയാണല്ലോ സായിപ്പ്‌ പറഞ്ഞത്‌. ആ തുക മറ്റൊരു രീതിയിൽ
കാര്യങ്ങൾ ചിന്തിക്കാൻ അയാളെ പ്രേരിപ്പിച്ചു.
എത്രയോ സ്ത്രീകൾ ഈ നാട്ടിൽ നിന്ന്‌ വിദേശത്ത്‌ ജോലിക്ക്‌ പോയിരിക്കുന്നു. ജോലി
ചെയ്തുണ്ടാക്കുന്ന പണം ഭർത്താക്കന്മാർക്കയക്കുന്നു.
ആരുമായൊക്കെയോ ഉള്ള അഞ്ചോ പത്തോ വർഷത്തെ കരാറിൽ ആണ്‌ ജോലിക്ക്‌ പോവുന്നത്‌.
ഇതിപ്പോ ഒരു ചെറിയ വ്യത്യാസമല്ലേയുള്ളൂ.... ഒരായുഷ്കാലത്തേക്കുള്ള കരാർ ആണെന്ന
വ്യത്യാസം. കരാർ ഉറപ്പിക്കാവുന്നതാണ്‌.
അയാൾ ഭാര്യയെ നോക്കി. അവൾ അടുക്കളയിലേക്ക്‌ പൊയ്ക്കഴിഞ്ഞിരുന്നു.
ഭാര്യയോട്‌ വിദേശത്ത്‌ ജോലി തരപ്പെട്ടു എന്നു പറയാം. അവൾ സന്തോഷം കൊണ്ട്‌
തുള്ളിച്ചാടും. വിമാനത്തിൽ കയറിയുള്ള യാത്രയും സായിപ്പുമാരുടെ നാട്ടിലെ ജോലിയും
അവളുടെ ഏറ്റവും വലിയ ആഗ്രഹമാണ്‌.
അവളുടെ കൂട്ടുകാരികളിൽ പഠിപ്പുള്ള ചിലർ നഴ്സിംഗ്‌ ജോലിക്കായി സായിപ്പിന്റെ
നാട്ടിൽ പോയെന്നറിയുമ്പോൾ അവൾ പറയാറുണ്ട്‌. ഒരായയായെങ്കിലും അവിടെ പോകാൻ
പറ്റ്യേരുന്നെങ്കിൽ നമ്മുടെ കഷ്ടപ്പാട്‌ തീർന്നേനെ. ഈ ഓടുമേഞ്ഞ വീട്‌ പൊളിച്ച്‌
വാർക്കവീട്‌ പണിയണം. ബാക്കി സ്ഥലത്ത്‌ ഒരു റിസോർട്ട്‌ തുടങ്ങണം. ഒരു കാറ്‌
വാങ്ങണം. എല്ലാം അവളുടെ ആഗ്രഹങ്ങളാ.
സായിപ്പുമായുള്ള കരാർ ഉറപ്പിച്ചാൽ ഒക്കെ നടക്കും. അവൾക്ക്‌ സന്തോഷമാവും.
പിന്നെ കുഞ്ഞുങ്ങളേയും തന്നെയും പിരിഞ്ഞു നിൽക്കുന്നതിന്റെ ചെറിയ സങ്കടങ്ങള്‌
അവൾക്കുണ്ടാകും. അത്‌ തുടക്കം കുറച്ച്‌ നാളുകളേ ഉണ്ടാവൂ. പിന്നെ എല്ലാ
ശരിയാവും. സായിപ്പിന്റെ നാട്ടിലെ നല്ല നല്ല കാഴ്ചകള്‌ കാണുമ്പോൾ സന്തോഷമാവും
അവൾക്ക്‌.
അയാൾ സായിപ്പിന്റെ കൈപിടിച്ച്‌ കുലുക്കി തീരുമാനം പറഞ്ഞു.
"യാ...യാ...ഐ ആം റെഡി സർ...."
അർണോൾഡ്‌ സായിപ്പ്‌ പുഞ്ചിരിച്ചുകൊണ്ട്‌ ഒരു പിടി ഡോളറുകൾ അയാൾക്ക്‌ നേരെ
നീട്ടി.
അഡ്വാൻസ്‌ ഡോളർ വാങ്ങി എണ്ണുമ്പോൾ അയാൾ ഓർത്തു.
ടൂറിസം വന്നാൽ നാടൻ വസ്തുക്കൾക്ക്‌ സായിപ്പ്‌ പൊന്നിന്റെ വിലതരും എന്ന്‌
നേതാക്കന്മാർ പ്രസംഗിച്ചതു എത്ര സത്യമാണ്‌.

വനംc p aboobacker
യാത്രിക ഭവാനി നീ

യാമിനിയുടെ മാറില്‍ തലചായ്ചുറങ്ങുക

നിദ്രയില്‍ പ്രശാന്തമായ്

കാമനകളുടെ തോളിലാര്‍ദ്രമായുണരുക

പാവുകള്‍ നെയ്യാനിനി

നെയ്ത്തുകാരനുമായിവരികഭവാനെന്റെ

കാവുകള്‍ തീണ്ടാനിനി-

യമ്പുകള്‍ ചുമലേന്തിവരിക വേട്ടയ്ക്കായി,

കാലുകള്‍ ചലിക്കാതെ

കണ്ണിലെയമ്പാല്‍ വനഗര്‍ഭമെന്തറിയുക

പാലൊഴുകുന്നോ മാനിന്‍

മുലയില്‍? കിടാങ്ങളുണ്ടിളയപുല്ലും കാര്‍ന്ന്

വനചാരുതകളില്‍

നില്ക്കയാണവയുടെ നേര്‍ത്തകൊമ്പിടങ്ങളില്‍

മൃദുചര്‍മ്മമായ്, ഇനി-

യവയും മാന്‍കൂട്ടത്തിലോടുമ്പൊഴാരണ്യക-

ലതകളിളം കാറ്റി-

ലാടുന്നൂ, മൃഗപക്ഷിരാശികളൊരുമിച്ചു

പൊയ്കയില്‍ രമിക്കുന്നു

സുഷിരങ്ങളിലൂടെ വനത്തില്‍ പൊഴിയുന്ന

വെളിച്ചം തെളിയുന്നു

യാത്രിക, ഭവാന്റെയീവെറും യാത്രയില്‍ പേടി-

ച്ചോടുകയില്ലീ മാനും

ശലഭങ്ങളും സൂചീ മുഖിയും മധുമോന്തും

പക്ഷിയും, ജലധാരാ-

രസലപത്രങ്ങളില്‍ പൊഴിയും മഞ്ഞിന്‍ നേര്‍ത്ത

തബലാനിനദവും

പോവുകഭവാന്‍ കാടും കടന്ന് മലകളില്‍.

Tuesday, February 1, 2011

ezhuth february 2011

painting :murali nagappuzha
ezhuth online /
february 2011

[click here]


ezhuth online february 2011

painting: murali nagappuzha
എഡിറ്റോറിയൽ
മാത്യൂ നെല്ലിക്കുന്ന്‌

exclusive column: raoul eshelman

prof carlos

ചിത്രപ്രദർശനം:മുരളി നാഗപ്പുഴ
അഭിമുഖം:പ്രൊഫ.കാർലോസ്
കെ.പി.സദനന്ദൻ

ബക്കർ മേത്തല

സന്തോഷ് പാല

തോമസ് പി കൊടിയൻ

പത്മാദാസ്

സാജുപുല്ലൻ


ഷാഹുൽഹമീദ് കെ ടി.

ഡോണ മയൂര

കെ ബാലകൃഷ്ണശാസ്ത്രി

സുനിൽ സി എ

പ്രദീപ് രാമനാട്ടുകര

ഒ വി ഉഷ

മാത്യൂ നെല്ലിക്കുന്ന്‌

ജാനകി

വിന്നി ജെ പണിക്കർ

ചർച്ച: ശൈലേഷ് തൃക്കളത്തൂർ
പങ്കെടുക്കുന്നവർ:
വൈശാഖൻ
പി വി കൃഷ്ണൻനായർ
കൃഷ്ണദാസ്
കെ. കെ. ഹിരണ്യൻ
ഷൊർനൂർ കാർത്തികേയൻ
സുനിൽ സി ഇ

എം. കെ. ഹരികുമാർ

ബൃന്ദ

ധന്യാദാസ്
പ്രേംജി

റീനി മാമ്പലം


എം. കെ. ഹരികുമാർ

ezhuth online popular