dr. g velayudhan
ezhuth/ dec/ 2009
രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധിയെ അറിയാൻ ഇനിയും വൈകരുത്. നെഹ്‌റു കുടുംബത്തിലെ അവസാന കണ്ണിയെന്ന നിലയ്ക്ക് രാഹുൽ ഗാന്ധിക്ക് അതിയായ പ്രാധാന്യമാണ് ഇന്ത്യൻ സമൂഹത്തിലും, രാഷ്ട്രീയത്തിലുമുള്ളത്. പ്രത്യേകിച്ചും കോൺഗ്രസ്സ് നേതാക്കളുടെയിടയിൽ. ഇദ്ദേഹത്തിന്റെ സഹോദരി പ്രിയങ്കാഗാന്ധിയെ തന്നെയും പ്രധാനമന്ത്രിയാക്കാൻ കോൺഗ്രസ്സിലെ മിക്കവാറും എല്ലാ നേതാക്കളും ആഗ്രഹിച്ചിരുന്നതും, ആശ്രയിച്ചിരുന്നതുമാണ്. അവർ അതിൽ താൽപ്പര്യം കാണിക്കാത്തതുകൊണ്ടുമാത്രമാണ് പ്രധാനമന്ത്രിയാകാതിരുന്നത്. ബഹുമാനപ്പെട്ട ജവഹർലാൽ നെഹ്‌റുവിന്റെ പൗത്രന്റെ പുത്രൻ എന്ന നിലയ്ക്ക് രാഹുൽ ഗാന്ധിക്ക് കോൺഗ്രസ്സ് നേതാക്കൾ പ്രധാനമന്ത്രിയടക്കമുള്ള ഏതു സ്ഥാനമാണങ്ങളും നൽകുമായിരുന്നു. രാഹുൽഗാന്ധിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ അതീവ താൽപ്പര്യം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് അവർ നൽകിയ സ്ഥാനമാണങ്ങൾ വേണ്ടെന്നു വയ്ക്കുകയായിരുന്നു. സോണിയാഗാന്ധി പ്രധാനമന്ത്രി ആകുന്നതിൽ നിന്നും അവരെ പൈന്തിരിപ്പിച്ചതും രാഹുൽഗാന്ധിയുടെ കരങ്ങളായിരുന്നുവേന്നു വിശ്വസിക്കാതിരിക്കാൻ വയ്യ. ഇവിടുത്തെ ചില കോൺഗ്രസ്സ് നേതാക്കളും അവരുടെ മക്കളും അവർക്ക് അനർഹമായ സ്ഥാനമാണങ്ങൾ കിട്ടുന്നതിന് അതിമോഹം കാണിക്കുന്നതുപോലെ രാഹുൽഗാന്ധിയും ആഗ്രഹിച്ചിരുന്നുവേങ്കിൽ ഇദ്ദേഹം വർഷങ്ങൾക്കു മുമ്പ് പ്രധാനമന്ത്രി ആകുമായിരുന്നു. പ്രധാനമന്ത്രിയാകുന്നത് മുൻപരിചയകുറവ് ഒരു തടസ്സമാകില്ല എന്നാണ് തോന്നുന്നത്. എന്തെന്നാൽ രാജീവ്ഗാന്ധി പെയിലറ്റ് ആയി പ്രവർത്തിച്ചിരുന്ന കാലത്ത് അമ്മയുടെ അകാല മരണത്തെ തുടർന്നാണല്ലോ പെട്ടെന്ന് ഒരു ദിവസംകൊണ്ട് പ്രധാനമന്ത്രിയായത്. അദ്ദേഹം പ്രധാനമന്ത്രിയായി ശോഭിച്ചില്ല എന്നു പറയാനും വയ്യ. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനുള്ള സന്നദ്ധത കോൺഗ്രസ്സ് നേതാക്കൾ പ്രകടിപ്പിച്ചിട്ടും അദ്ദേഹം അതിനു വഴങ്ങാതിരുന്നത് എന്തുകൊണ്ടാണെന്നുള്ള കാരണങ്ങൾ ഇന്നും അജ്ഞാതമാണ്. പിന്നീടുണ്ടായ അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി അദ്ദേഹത്തിന്റെ പക്വത തെളിയിക്കുന്നതാണ്. തനിക്ക് പ്രധാനമന്ത്രിയാകാനുള്ള അറിവും, കഴിവും, പക്വതയും ഇല്ലെന്നും കൂടുതലായി രാഷ്ട്രീയ പരിചയവും സമൂഹത്തെ അതിനുവേണ്ടി പഠിക്കേണ്ടതുണ്ടെന്നും സ്വയം മനസ്സിലാക്കിയതിന്റെ ഫലമായിട്ടുള്ളതാണെന്നുള്ളത് പിൽക്കാലത്ത് തെളിഞ്ഞിട്ടുണ്ട്. ഇത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അറിവും മഹത്വമാണ് കാണിക്കുന്നത്. തന്റെ അറിവോ, കഴിവോ മനസ്സിലാക്കാതെ ഏതു സ്ഥാനത്തിരിക്കാനും മടികാണിക്കാത്തവരാണ് ഇന്നു രാഷ്ട്രീയത്തിൽ കാണുന്ന എല്ലാപേരും. ഇതാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ കാണുന്ന അരാജകത്വത്തിന്റെ പ്രധാന കാരണവും. നേതാവ് സ്വയം അവരോധിക്കപ്പെടാനല്ല ശ്രമിക്കേണ്ടത് മറ്റുള്ളവർ യോഗ്യത മനസ്സിലാക്കി സ്ഥാനമാണങ്ങൾ നൽകേണ്ടതാണ്. രാഹുൽഗാന്ധി തികച്ചും രാഷ്ട്രീയത്തിൽ ഒരു വ്യത്യസ്തനായ നേതാവാണ്. ചുരുക്കത്തിൽ ഒരു നേതാവാകാനുള്ള എല്ലാ സദ്ഗുണങ്ങളും അദ്ദേഹത്തിന് ഉണ്ടെന്നുള്ളതാണ് ഏവരും മനസ്സിലാക്കേണ്ടതാണ്. രാഹുൽഗാന്ധിയെപ്പറ്റി പല ആരോപണങ്ങളും പല കോണുകളിൽ നിന്നും വന്നു കേൾക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ട്രെയിൻ യാത്ര, അദ്ദേഹം പാവപ്പെട്ടവരുടെ വീടുകളും കുടിലുകളും സന്ദർശിക്കുകയും അവിടെ നിന്നും ആഹാരം കഴിക്കുകയും, താമസിക്കുകയും ചെയ്യുന്നത് താണതരത്തിലുള്ള പ്രകടനമാണെന്ന് പ്രചരിപ്പിക്കുന്നവർ ധാരാളമുണ്ട്.
ഇന്ത്യയിൽ അധിവസിക്കുന്നവരിൽ ഭൂരിപക്ഷവും പാവങ്ങളും, ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവരുമാണ്. അവരുടെ ക്ഷേമത്തിനുവേണ്ടിയാണ് ഏതൊരു രാഷ്ട്രീയക്കാരനും, ഗവണ്‍മന്റും പ്രധാനമായും ശ്രദ്ധിക്കേണ്ടതും, പ്രവർത്തിക്കേണ്ടതും. പണ്ടുള്ള രാജാക്കന്മാരും പുരാണകഥയിലെ ശ്രീരാമനെപോലുള്ളവർ തന്നെയും ജനങ്ങളുടെ ഇംഗിതം മനസ്സിലാക്കി രാജ്യം ഭരിച്ചിരുന്നവരാണെന്നുള്ളത് എല്ലാവർക്കും അറിവുള്ളതാണല്ലോ.
ഭാരതത്തെ ഭരിക്കുന്ന മന്ത്രിമാരും മറ്റു ജനപ്രതിനിധികളുമാണ് ഇപ്പോഴൊക്കെ രാജാക്കന്മാർ. അവരിൽ എത്രപേർ ജനസമൂഹത്തിന്റെ പ്രയാസങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നു? രാഹുൽ ഗാന്ധിയെ ഇന്നത്തെ രാഷ്ട്രീയക്കാർ മാതൃകയാക്കിയാൽ അതിൽപ്പരം നാടിന് നന്മയുണ്ടാകാൻ വേറെ മാർഗ്ഗമില്ല.