Followers

Thursday, January 3, 2013

ezhuth/jan/2013

courtesy:mohan kandathil
എഴുത്ത് 
ഓൺലൈൻ
ജനുവരി2013

click here

ezhuth/jan/2013

courtesy:mohan kandathil
എഴുത്ത് ഓൺലൈൻ/ജനുവരി 2013
പാർക്കിൻസൺ ഇൻ ഫ്രണ്ട് പേജ്
കെ.എൽ.മോഹനവർമ്മ
 
പച്ചരിയുടെ വേവ് ലെംഗ്ത്
രാം മോഹൻ പാലിയത്ത്
നീലാംബരി
ശ്രീപാർവ്വതി

സരയുവിന്റെ മനസ്സ്
മാധവ് കെ വാസുദേവൻ

രാംലീല
ടി.ജെ.വർക്കി
എന്റെ ഗ്രാമം
ഗീത മുന്നൂര്‍ക്കോട് 
അകവും പുറവും
ബഷീർ മുഹമ്മദ്

കാമന
സിന്ധു അർജുൻ

ഇന്നിന്‍റെ ചിത്രം‏
പ്രിയാസയൂജ്
scattered rain
sreedevinair
എന്തെ അറിഞ്ഞീല മുന്നേ :-
സുരേഷ് മേനോൻ
അണയാത്ത ജ്യോതി...
ലീല എം
പുതുവര്‍ഷം പുതിയമുഖം.
കോയക്കുട്ടി ഓലിപ്പുഴ

ഭ്രമണം
ബി.സുരേഷ് കുമാര്‍ പുല്ലങ്ങടി.
കുറിമാനം
ഹഫ്സ ആലുംകൽ

അക്ഷരങ്ങള്‍
മനു ശ്രീനിലയം

പുഴമരണങ്ങള്‍ (കൂട്ടബലാത്സംഗക്കൊലകള്‍ )
ചിത്തിര കുസുമം 

മണിയറ
വേണു കലവൂർ
രാജശില്പി
ബി.ഷിഹാബ് 

പ്രണയം
സുനിൽ ആർ സി രാജ്
 സമാന്തരങ്ങള്‍
ഷെമിബിജു

മേഘങ്ങളുടെ സൂചനകള്‍
എം.കെ.ഹരികുമാർ

കുറിമാനം

ഹഫ്സ ആലുംകൽ

തിരിച്ചു വരാത്ത ഏതോ രാത്രിയിലേക്കാണ്‌
നീ പടിയിറങ്ങിപ്പോയത്
കാത്തിരുപ്പിന്‌ നീളം വെച്ചപ്പോള്‍
കാറ്റുമത് പറഞ്ഞ് പിരിഞ്ഞു

തീരാത്ത പൊരിവെയിലില്‍
ഞാന്‍ നടന്നു കുഴയുന്നു

ഒരിക്കലേതോ രാക്കിനാവില്‍
വാതില്‍ക്കല്‍ നീയെത്തിയെന്നു
സ്വപ്നം കണ്ടു

ഉറക്കം മടങ്ങിപ്പോയ
ഒത്തിരി രാത്രികളുടെ
ആവര്‍ത്തനമായിരുന്നതും

തനിച്ചായതിലല്ല
തളര്‍ന്ന് വീണതിലുമല്ല
തിരിച്ചു നീന്താനൊരു തുഴ
അതായിരുന്നു ഈ കാത്തിരിപ്പ്

ഉച്ചക്കാറ്റിളകാതിരുന്ന
വറുതിക്കാലത്ത്
ഏതോ നഗര പാലികയുടെ
കുറിമാനം
പുതിയ ചില്ല് ചിത്രത്തിനു താഴെ
വിശ്രമിക്കുന്നുണ്ട്
കാത്തിരിക്കാനുള്ള
ജീവിതാശയുടെ മേലുള്ള
അവസാനത്തെ ആണി

സമാന്തരങ്ങള്‍


ഷെമിബിജു

 
വളഞ്ഞു പുളഞ്ഞും
ചിലപ്പോള്‍ നിവര്‍ന്നും
കൈയെത്തിയാല്‍ തൊടാമെന്ന്
വ്യമോഹിപ്പിച്ചും
റെയില്‍പ്പാത പോലെ
നാം സമരേഖകള്‍ ......

വാളും ചിലമ്പുമെടുത്തു വന്ന
കാലത്തിന്റെ
വെളിച്ചപ്പാട് തുള്ളലില്‍
ചിതറിപ്പോയ കാഞ്ചന മണികള്‍ ..

നിന്റെ അസാന്നിധ്യത്തില്‍
പിന്നിട്ട സന്ധ്യകള്‍ ..
എന്റെ ചുമര്‍ചിത്രങ്ങളിലെ
നിഴലുകളിലേയ്ക്കൊതുങ്ങി
നിന്റെ മൌനം ....

ഇടനേരങ്ങളില്‍
ഒച്ചയില്ലാതെ വന്ന
ഓര്‍മ്മകളില്‍
നീയൊരു
കടങ്കഥയായി ...........

ഇന്ന്
തൂവല്‍ മിനുക്കമുള്ള
നനുത്ത മൂടല്‍ മഞ്ഞ്
മണ്ണിനെ പൊതിയുമ്പോള്‍ ,
കാറ്റ് കടഞ്ഞെടുത്ത
മെലിഞ്ഞ വേനല്‍ മേഘങ്ങളുടെ
ലാഘവത്തോടെ
മനസ് തളിര്‍ക്കുന്ന
ഈ പുലര്‍ കാലത്ത്
പൂവായ പൂവൊക്കെ
സാക്ഷിയാക്കി
ഞാനറിയുന്നു
ചിപ്പിക്കുള്ളില്‍ വീണ്
കാലപ്പകര്‍ച്ച കൊണ്ട്
മുത്തായി തീരുന്ന
നീര്‍കണിക പോലെ
നീയെന്‍റെ ഉള്ളിന്‍റെയുള്ളില്‍
ഭദ്രമായിരുപ്പുണ്ട് .______

പുതുവര്‍ഷം പുതിയമുഖം.

 
 കോയക്കുട്ടി ഓലിപ്പുഴ
ചിന്തകളില്‍മേലടയിരുന്ന

തലപ്പാവടര്‍ത്തി മാറ്റി.
വിരിയുമെന്നാശിച്ച്
കാലമേറെയായീ
അടയിരിപ്പ്.
ഈരരിച്ചത് മിച്ച -
മെല്ലാ ചിന്തകളും
ചീചിന്തകളായ്.

പുതുവര്‍ഷം !!
ഇനി,
ഒന്നില്‍നിന്നെണ്ണി
കൂട്ടിവെക്കാം
പുതുചിന്തകള്‍
തട്ടാതെ,പൊട്ടാതെ
നാവൂറ്‌ തട്ടാതെ -
കാത്തുവെക്കാം
വീണ്ടും -
പൊരുന്നുന്നതും കാത്ത്!!

ഉടയാതെ ചീയ്യാതെ
വിരിയുമെന്നാശിക്കാം
പുതുചിന്തകളീ -
പുതുവര്‍ഷത്തിലെങ്കിലും.
~~~~~~~~~~~~~~~~
എല്ലാ പ്രിയ കൂട്ടുകാര്‍ക്കും
പുതുവത്സരാശംസകള്‍ നേരുന്നു.
സ്നേഹത്തോടെ "കോയക്കുട്ടി ഒലിപ്പുഴ"

അകവും പുറവും

ബഷീർ മുഹമ്മദ്

ചില്ലയില്ലാത്തതിനാലാണ്
നെഞ്ചു തന്നത്
നിനയ്ക്ക് കൂടു വെക്കാന്‍
നിന്നോടു കൂട്ടുകൂടാന്‍
.എന്നിട്ടുമെന്തേ
അകവും പുറവും തുരന്നിട്ടും
കാറ്റിനോടക്കുഴലായിട്ടും
നിന്റെ കൊക്കിന്നു താളം പിടിയ്ക്കാന്‍
നിന്നു തന്നിട്ടും
മറ്റൊരു ചില്ല തേടി നീ പോയതെന്തേ ...
മഴയ്ക്കും കാറ്റിനും വെയിലിനും
ജയിക്കാന്‍ മാത്രം
ഒരു പടുമര മാക്കി യെന്നെ
തോല്പ്പിച്ച്ചതെന്തേ ...?

പ്രണയം

സുനിൽ ആർ സി രാജ്
പ്രണയിച്ച തെറ്റിന് ഭൂമിയിലേക്ക്‌
എടുത്തെറിയപ്പെട്ട ദൈവമാണ് ഞാന്‍
വിരഹാഗ്നി പ്രാണനില്‍ മൂടുന്ന ഏകാന്ത രാവുകളില്‍
ഇന്നും ഞാന്‍ എന്റെ പഴയ സ്വര്‍ഗത്തെ സ്വപ്നം കാണുന്നുണ്ട്

പുഴമരണങ്ങള്‍ (കൂട്ടബലാത്സംഗക്കൊലകള്‍ )

ചിത്തിര കുസുമം


വര്‍ഷങ്ങള്‍ക്കപ്പുറം
പൊന്‍വെയില്‍ തിളങ്ങും മണല്‍പ്പരപ്പില്‍
കാഴ്ചക്കായ് യാത്രക്കായ് ഞാനുമെത്തിയേക്കാം
മറ്റാരും കേള്‍ക്കാതെ,യാര്‍ദ്രമായീ-
വഴിയൊരു പുഴയൊഴുകിയിരുന്നെന്നു
ഞാനെന്റെ കുഞ്ഞിന്റെ
മുഖത്തു നോക്കാതെ പറഞ്ഞേക്കാം,
അന്നേരമക്കണ്ണില്‍ മിന്നാമിനുങ്ങുകള്‍
കുഞ്ഞു റാന്തലുകള്‍ തൂക്കിയേക്കാം,
കുഞ്ഞോളങ്ങളൊന്നെത്തി നോക്കിയേക്കാം ,
എന്റെ കവിളില്‍ കുഞ്ഞുവിരലാല്‍ തൊട്ട്
കാല്‍വിരലാല്‍ മെല്ലെ പൂഴിയിളക്കി
എന്നിട്ടെവിടെയമ്മേ പുഴയെന്നു
കണ്ണിറുക്കിച്ചോദിച്ചേക്കാം,
പറയില്ല ഞാനന്നേരം
കൊന്നു ഞങ്ങള,പ്പുഴയെ
പ്പിന്നെ പല പുഴകളെയെന്നു
പകരം, പഠിച്ച നാട്യങ്ങളിലൊന്നില്‍
ഞാനെന്നെയൊളിപ്പിക്കും
എന്നിട്ട് മണ്ണില്‍ കളിക്കാതെ കൊച്ചേയെന്നു
ചെറിയ നുള്ളാലൊന്നു വേദനിപ്പിക്കും
അന്നേരം പൂങ്കണ്ണില്‍ പൊടിയും പോന്നു പോലൊ-
രു തുള്ളി..............
ചത്തു പോയ പുഴയുടെ നെഞ്ചില്‍
വര്‍ഷം പോലൊരു കുഞ്ഞു തുള്ളി..........

രാജശില്പി

ബി.ഷിഹാബ്

നീ പ്രേമശില്പിയാണ്‌
പ്രേമശില്പികളില്‍ രാജശില്പിയാണ്‌
നിന്‍പ്രേമസാഗരതീരങ്ങളില്‍
രാജഹംസങ്ങളെ
പഞ്ചാര മണല്‍ത്തടങ്ങളെ
പാലമൃതൂട്ടുന്ന പൌര്‍ണ്ണമികളെ
പച്ചിലക്കാടുകളെ
പാടുന്ന
പുഴകളെ
നീ രചിക്കുന്നു
പകര്‍ത്തുന്നു
പകര്‍ന്നു കൊടുക്കുന്നു
വാര്‍ത്തെടുക്കുന്നു
വച്ചു സൂക്ഷിക്കുന്നു
വലിച്ചെറിഞ്ഞുടയ്ക്കുന്നു
എന്നിരുന്നാലും
നിന്‍ പ്രേമസാഗരതീരങ്ങളില്‍
പ്രേമം വിളമ്പി
തിരിച്ചു വരാത്ത യാത്ര പോയ
പ്രിയരെയോര്‍ക്കുമ്പോള്‍
കണ്ണു നനയുന്നു
കരള്‍ പിടയുന്നു
എങ്കിലും നീ പ്രേമശില്പികളില്‍
രാജശില്പിയാണ്‌.
അക്ഷരങ്ങള്‍

മനു ശ്രീനിലയം

അക്ഷരങ്ങള്‍ ഉറഞ്ഞു പോയ പേന ഇനി വേണ്ട എന്ന് വയ്ക്കുന്നു

ജാലകത്തിനപ്പുറംകിനാവിന്റെ നിറമില്ലാതെ ഇരുട്ട് മാത്രം ..!

ഉള്ളതിനെ വിലമതിക്കാതെ ഇല്ലാത്തത് മോഹിക്കുന്ന മനസ്സിന്

ഒരു താക്കീത് നല്‍കി അനുനയിപ്പിച്ചു കൂടെ കൂട്ടുന്നു

പൊട്ടിച്ചിരിച്ചു മരിക്കാന്‍ ഒരു വരം പ്രതീക്ഷിച്ചു ജീവിതത്തിന്റെ

പൊട്ടത്തെരുവില്‍ ഒറ്റയ്ക്ക് ചുറ്റി മടങ്ങി എത്തുന്നു ..!

എന്റെ ശരീരത്തിനുള്ളില്‍ ഒതുക്കാതെ മനസ്സിനെ മേയാന്‍ വിടുന്നു

ഇതോരശ്വമേധമല്ല ..ഒരലച്ചില്‍ ആണ്..! അറ്റം കാണാത്ത അലച്ചില്‍ ..!

സരയുവിന്റെ മനസ്സ്മാധവ് കെ വാസുദേവൻ

നിലാമഴയില്‍ കുളിച്ചു നിന്ന രാത്രിയുടെ സരസ്വതിയാമം കഴിഞ്ഞിട്ടും
മനസ്സില്‍ നിന്നും മായുന്നില്ല അമ്പേറ്റു വീണു പിടഞ്ഞ പക്ഷിയും
പറന്നുപോയ അതിന്റെ ജീവനും.

മനസ്സില്‍ പതഞ്ഞോഴുകിയ ക്രോധക്കടലിനെ ശാന്തമായ അരുവിയാക്കിയിട്ടും.
മനസ്സ് മാത്രം മടിച്ചു നിന്നു. നരകയറി ജഡ പിടിച്ച താടിയില്‍ തടവി ഒരു
നെടുവീര്‍പ്പോടെ എഴുനേറ്റു സ്നാനത്തിനു നദിയിലേക്കു നടന്നു.

നിലാവില്‍ മുങ്ങി നില്‍ക്കുന്ന രാത്രി. ശീതള വള്ളികളില്‍ വിടരുന്ന പൂക്കള്‍ ഇറുത്തു
നദിയുടെ മാറില്‍ അര്‍ച്ചന നടത്തി. കൈക്കുമ്പിളില്‍ ജലം കോരി സൂര്യദേവന്
സമര്‍പ്പിച്ചു. മോക്ഷ ദായക മന്ത്രം ഗായത്രി ചൊല്ലി മുങ്ങി നിവര്‍ന്നപ്പോള്‍ മനസ്സിന്റെ
ഭാരം കുറഞ്ഞ പോലെ. പിന്നെ ആശ്രമത്തിലേക്കു നടന്നു.

ദേവി സീത പൂജാ സാമിഗ്രികള്‍ എല്ലാം ഒരുക്കി വെച്ചിരിക്കുന്നു. പ്രിയ ലവനും
കുശനും ഹോമ കുണ്ണ്ഡത്തില്‍ അഗ്നി ജ്വലിപ്പിക്കുന്നു അരുണി കമ്പുകള്‍ കൊണ്ട്.
വേദ മന്ത്രങ്ങളുടെ പൊരുള്‍ കുഞ്ഞു മനസ്സുകളിലേക്ക് പകര്‍ന്നു കൊടുത്തപ്പോള്‍
അവരുടെ മുഖത്തും തന്റെ മനസ്സിലും ഒരു പുതിയ ആത്മ പ്രകാശത്തിന്റെ തിളക്കം.
അതില്‍ ഉണര്‍ന്നു വന്നു ഇഷ്വാകു വംശത്തിന്റെ തായ് വേരുകള്‍. തന്റെ മുന്നിലിരിക്കുന്നത്‌
സൂര്യ വംശത്തിന്റെ യുവ രാജാവ്.

മന്ത്രങ്ങളുടെ ഉരുക്കഴിച്ചു പ്രാര്‍ത്ഥിച്ചു. ആശ്രമ കാവാടം കടന്നു സരയുവിന്റെ തീരത്തേക്ക്
നടന്നു. അലസമായി ഒഴുക്കുന്ന അവളുടെ മുഖത്തു ഘനീഭവിച്ച ദു:ഖം. അവളുടെ മാറില്‍
വിടര്‍ന്ന ചെന്താമാരകള്‍ക്കു പഴയ ഭംഗിയില്ല. മൈഥിലിയുടെ വേദന അവള്‍ ഏറ്റെടുത്തപ്പോലെ.
നീറിയ മനസ്സോടെ അവള്‍ എന്തോ മൊഴിഞ്ഞുവോ തന്നോട്.
കാമന

സിന്ധു അർജുൻ

പകുത്തു നല്‍കിയ നട്ടെല്ലിന്‍
അധികാരമോ നിന്നില്‍
ഭൂവിന്‍ അവകാശി നീ മാത്രമെന്ന്
നിന്‍ ഭാവം ....
ഭരണ കൂടവും അധികാരവും
നിന്റെത് മാത്രം ...
നിനക്കായ്‌ തിരുത്തപ്പെടുന്നു
നിയമങ്ങള്‍ ...
നിന്നില്‍ ആസക്തമാകുന്ന കാമനകളില്‍
ഉപഭോഗവസ്തുവാകുന്നു സ്ത്രീ
കൂട്ടായി പങ്കുവെക്കപ്പെടുന്നവ....
ഭോഗിച്ച് ഇല്ലാതാക്കും വിധം
വളരുന്നു നിന്‍ ആസക്തി
ആ തീയില്‍ എരിഞ്ഞു ചാമ്പലകുന്നു
സ്ത്രീയെന്ന സൃഷ്ടി .....
എന്തിനീ നട്ടെല്ലിന്‍ ഭാരം നമുക്ക്
വലിച്ചെറിയാം നമുക്കിത്
പിറക്കാതിരിക്കട്ടെ ഒരു പെണ്‍കുഞ്ഞു പോലും
ഇനിയീ മണ്ണില്‍
നമസ്കരിക്കാം നമുക്കാ മുത്തശ് ശിയെ
നന്ദി പറയാം
പിറന്നു വീണ ചെറുമകള്‍ തന്‍ തൊണ്ടയില്‍
ആദ്യമായി നെന്മണി വിതറിയ
മുത്തശ് ശിയെ ........
നടക്കാം നമുക്കാ വഴികളിലൂടെ
ഉതിര്‍ക്കാം നെന്മണികള്‍
ഓരോ പെണ്‍ കരച്ചിലിനും
വരട്ടെ മഹാപ്രളയം ഭൂവില്‍
തുടച്ചു നീക്കപ്പെടട്ടെ എല്ലാം
ഈ മണ്ണില്‍ നിന്നും
നടക്കട്ടെ സൃഷ്ടികര്‍മ്മങ്ങള്‍ വീണ്ടും
കൈപ്പിഴ പറ്റാതെ നോക്കുക സൃഷ്ടാവേ
നട്ടെല്ല് ഞങ്ങള്‍ക്ക് വീതിച്ചു വെക്കല്ലേ
തന്നീടുകെല്ലാം ഞങ്ങള്‍ക്ക് സ്വന്തമായി ...

എനിക്ക് നഷ്ടമായത്രഞ്ജു കെ നായർ

എന്‍റെ പ്രണയം
നിന്‍റെ ചുണ്ടുകള്‍ക്ക്
പകര്‍ന്ന ശോണിമ
വലിച്ചൂറ്റിക്കുടിച്ച്
എന്‍റെ ചുംബനം
നിന്‍റെ അധരത്തില്‍
ബാക്കിവച്ച ചൂട്
കവര്‍ന്നെടുത്ത്
രക്തരക്ഷസ്സുകള്‍
നൃത്തം വയ്ക്കുന്നു

ബാക്കിയായ തണുത്തു
മരവിച്ച ഇറച്ചിക്കഷ്ണത്തെ
കുറ്റി ക്കാട്ടിലെ കഴുക -
നെ റിഞ്ഞു കൊടുത്തു
ഇരുട്ടിന്‍റെ മറവിലൊളിച്ചു
കളിക്കുന്നു
ചണ്ടാലന്‍മാര്‍

ഞാന്‍ വീണ്ടെടുത്ത
നിനക്ക് ചുവന്ന
അധരങ്ങളില്ലയിരുന്നു
എന്‍റെ കവിളിനു
ചൂട് പകര്‍ന്നിരുന്ന
നിന്‍റെ നിശ്വാസത്തിന്‍റെ
ചൂടും എനിക്കു
നഷ്ടപ്പെട്ടിരുന്നു
ഒരിക്കലും
വീണ്ടെടുക്കാനാവാതെ

നീ നാടിന്‍റെ മകളും
ഇന്നിന്‍റെ പതിഷേധവും
നാളെയൊരു നിയമവുമാകുന്നത്
ഞാന്‍ കണ്ടു നിന്നു
നിന്‍റെ ശരീരത്തിന്‍റെ
ചൂട് നഷ്ടമായത് പോലെ
ചൂടുള്ള വാര്‍ത്ത‍
തണുത്ത വാര്‍ത്തയായതും
ഞാന്‍ കണ്ടു നിന്നു

പ്രതിഷേധക്കാരുടെ അഗ്നി
കരിംന്തിരി കത്തുന്നതും
ബസ്സ്‌ ചില്ലുകളുട ക്കാന്‍
പുതിയ വാര്‍ത്തകളുണ്ടാകുന്നതും
ഞാന്‍ കണ്ടു നിന്നു
നഷ്ടമെന്നും എനിക്കും
നിനക്കും മാത്രമായിരുന്നു
നമ്മുടെ സ്വപ്നങ്ങള്‍ക്കയിരുന്നു

എന്തെ അറിഞ്ഞീല മുന്നേ :-സുരേഷ് മേനോൻഎന്തെന്തു കരുതലുകളായിരുന്നു...
എത്ര നീണ്ട കാത്തിരിപ്പായിരുന്നു...
നിന്റെ കരളുരുകി , മനമുരുകി തീരും വരേയ്ക്കും...
എന്റെ തനുവും കനവും കരിയും വരേയ്ക്കും .....

എന്തെ ഞാന്‍ കണ്ടില്ല മുന്നേ?
എന്തെ ഞാന്‍ കേട്ടില്ല മുന്നേ?

തൊട്ടു നോക്കി മഞ്ഞ ചെമ്പെന്ന്
ഞാന്‍ മുക്രയിടും വരേയ്ക്കും
തനിത്തങ്കമായിരുന്നില്ലേ നീ !
ഉരച്ചു കാട്ടി മാറ്റ് അറിയിച്ചു തന്ന കാലമേ ,
എന്തിത്ത്ര വൈകി നീ
കണ്‍ മുന്നിലിങ്ങെത്തുവാന്‍? ...

പകല്‍ പോലുമിരുള്‍ ആക്കി
മാറ്റിയാ തിമിരമേ
എന്തിത്ത്ര വൈകീ നീ
വഴിയൊഴിഞ്ഞീടുവാന്‍ ......

എന്തെ ഞാന്‍ കണ്ടില്ല മുന്നേ?
എന്തെ ഞാന്‍ കേട്ടില്ല മുന്നേ?

വിസര്‍ജ്ജ്യം മുഷിച്ച വിരിപ്പ് മാറ്റി ,
പുതിയതെടുത്തു വിരിയ്ക്കവേ-
കണ്ണാണ് കണ്ണിനോടു ചോദിച്ചത്
മുഷിഞ്ഞോരുള്ളു മാറ്റാന്‍ എന്തെ വഴി ?

തിളച്ച വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ
തോര്‍ത്തിന്നു ദേഹത്ത് പതിയുമ്പോള്‍-
നെഞ്ചകം പൊള്ളിച്ച് പതിയുമ്പോള്‍...
അറിയുന്നു നിന്‍ നിശ്വാസത്തിനു
രാമച്ചത്തിന്റെ തണുപ്പാണിന്നും !
ഓര്‍ക്കുന്നു നിന്‍ വിയര്‍പ്പിന്നു
രാമച്ചത്തിന്റെ സുഗന്ധമായിരുന്നെന്നും......!

എന്തെ ഞാന്‍ കണ്ടില്ല മുന്നേ ?
എന്തെ ഞാന്‍ കേട്ടില്ല മുന്നേ?

സമയമേറെയില്ലയീ വഴിയമ്പല
ത്തിണ്ണയിലിനി യെനിയ്ക്കായ്
സമയമേറെയില്ലായിനീ
യങ്ങെത്തീടുവാനെന്നുമറിയുന്നു....

കൂട് മാറ്റത്തിന്റെ ആകുലതകളെക്കാള്‍
സമയത്തിലേയ്ക്ക് കടക്കുവാനുള്ള കിതപ്പിനെക്കാള്‍
നീണ്ടു കുറുകുന്ന എന്റെ ശ്വാസ നിശ്വാസങ്ങളെക്കാള്‍

ഒരു പിന്‍ വിളിക്കായ് ചെവിയോര്‍ക്കുമ്പോള്‍-
ആണ് ഞാന്‍ അറിഞ്ഞത്....

ഇനി ഞാന്‍ കാണില്ലല്ലോ നിന്നെ
ഇനി ഞാന്‍ കേള്‍ക്കില്ലല്ലോ നിന്നെ ....!!!

എന്തെ ഞാന്‍ കണ്ടില്ല മുന്നേ?
എന്തെ ഞാന്‍ കേട്ടില്ല മുന്നേ?

ഭ്രമണം


ബി.സുരേഷ് കുമാര്‍
പുല്ലങ്ങടി.
ഭൂമിയകലെനിന്നു
സൂര്യനോടും
ചന്ദ്രനടുത്തുനിന്നു
ഭൂമിയോടും
ശലഭ മുരുമ്മിനിന്നു
പൂവിനോടും പറഞ്ഞു ...
നശ്വരമായ നിന്‍റെ
കാന്തികവലയങ്ങള്‍
എന്നില്‍ നിന്നകന്നുപോയാലും
അനശ്വരമായ എന്റെ പ്രണയം
നിന്‍റെ ഭ്രമണപഥങ്ങള്‍ തേടി -
യലഞ്ഞുകൊണ്ടേയിരിക്കും.

..................................

എന്റെ ഗ്രാമം


 ഗീത മുന്നൂര്‍ക്കോട്

കൗമാര വല്ലികള്‍ ചുറ്റിപ്പിണഞ്ഞുള്ള
അഞ്ചാണ്ടു ജീവിതഘണ്ഡമീ ഗ്രാമത്തില്‍;
എന്റെ നാടേ,യെന്‍ നടവഴികളില്‍ നീ
വിരിച്ചു നിത്യവും പ്രണയ സര്‍ഗ്ഗതല്പം !
ഹരിതഗ്രാമ്യശൃഗാരഗംഭീരം മാറിടം നിന്റെ
സര്ഗ്ഗ വേഴ്ചയില്‍ ഭാഗിനിയായി ഞാന്‍;
ഗ്രാമമേ നിന്റെ ചാരുത സ്ഫുടം ചെയ്ത
ഭ്രൂണമെന്‍ സിരകളില്‍ നിക്ഷിപ്തമായതും
നെഞ്ചിലാലിംഗനത്തിലടക്കിയൊതുക്
കി-
യെന്‍ മനം കവിതയെ ഗര്ഭത്തിലേറ്റതും
നിന്നിലെയലസത്തെന്നലിന്‍ ശ്വാസ -
ഗന്ധങ്ങളേറ്റതാം നാളുകളെത്ര സുരഭിലം!
ഇന്നുമെന്‍ നാമധേയത്തിന്‍ വാമഭാഗത്തടക്കി
സൂക്ഷിപ്പൂ ഞാന്‍ നിന്‍ ഹരിതഹര്ഷം !

ആശയങ്ങളും അധ:പ്പതനങ്ങളും സംഘർഷങ്ങളും മോചനവും.

വെണ്മാറനല്ലൂർ നാരായണൻ

=================================
ആശയങ്ങളുടെ ലോകത്തേയ്ക്ക് മനുഷ്യൻ കടക്കുന്നത്, ... കരിങ്കല്ല് ചെത്തിമിനുക്കാനും കമ്പുകൾ വളച്ച് കെട്ടി അമ്പും വില്ലും തീർക്കാനും, കുടിൽ പണിയാനും കഴിയുമെന്ന് അറിഞ്ഞതിന് ശേഷമാകണം.
ആശയങ്ങൾ മനുഷ്യനെ, മറ്റ് മനുഷ്യരിൽ നിന്ന് വിഭിന്നനാക്കി. ആശയങ്ങൾ പ്രചരിച്ചതോടെ ജീവിതമെന്നത് ഭാവനാശക്തിയുടെ സൃഷ്ടിയുമായി മാറി. ജൈവപരമായി സമാന സത്വമാണെങ്കിലും, പുറമേ അണിയുന്ന ചട്ടപോലെ മനസ്സ് വളർന്ന് പൊതിഞ്ഞു.

മനസ്സിൽ (വസ്ത്രത്തിൽ) പരിവർത്തിതനാകാനുള്ള കഴിവും, പരിവർത്തിതനായി പരിവർത്തനങ്ങൾ സൃഷ്ടിക്കാനുള്ള കഴിവും. പുരോഗതിയെന്ന തലത്തിലേക്ക്, തനിമയാർന്നൊരു സ്വത്വത്തിലേക്ക്, അവനെ വളർത്തി.
ഒരു വ്യക്തിയിൽ നിലവിൽവരുന്ന പരിവർത്തനങ്ങൾ വിജയകരമാകുമ്പോൾ മറ്റുള്ളവർ അനുകരിക്കുകയും, ക്രമേണ ആശയ ഘടനയായി നിലവിൽ വരുകയും ചെയ്യുന്നു.

പരിവർത്തിതനാകുന്ന പ്രവണതയ്ക്ക് പാതകൾ തീർത്തുകൊണ്ട്, മതപരവും ആചാരപരവും ... ഇന്ന് ശാസ്ത്രപരവുമായ വിദ്യാഭ്യാസ പദ്ധതികൾ നിലവിൽ വരുകയും ചെയ്യുന്നു.

മേൽപ്പറഞ്ഞ ഘടനകളെല്ലാം എല്ലാ വ്യക്തികൾക്കും ഒരേപോലെ അനുയോജ്യമല്ലാതെ വരാം. അടിച്ചേൽപ്പിക്കപ്പെടുമ്പോൾ വിഘടനങ്ങളും വികലതകളും നിലവിൽ വരാം.

പുതിയ വളർച്ചകൾക്ക് അനുവാദം നൽകാതെ, തനിമയാർന്ന ആശയസ്വത്വത്തിൽ തളച്ചിടാനുള്ള ശ്രമങ്ങളെല്ലാം ... ആ ആശയാനുവാദത്താൽ, പ്രാധമീകങ്ങൾ സുലഭമായി ലഭിച്ചുകഴിഞ്ഞ, ശാന്തമോ അലസമോ ആയ, സ്വസ്ഥത ആഗ്രഹിക്കുന്നവരിൽ നിന്നാവും.

സ്ഥിരമായി ഒരേവിള കൃഷിചെയ്യുമ്പോൾ, അനുരൂപമായ കളകളും പ്രാണികളും കിളികളും ചുറ്റും തമ്പടിയ്ക്കും. തറയിലും വിളവിലും പോരടികൾ അരങ്ങേറും. വളം കുറയും , വിളവ് കുറയും, വളവ് കൂടും.

മറ്റൊരു വിളയിലേക്ക്
മാറുകയെന്നാൽ, ... വിതയും പണിയും പണിത്തരങ്ങളും, പണിയുന്ന കാലവും മാറുകയെന്ന അനിശ്ചിതത്വം നിലവിൽ വരും. സ്വസ്ഥത ആർജ്ജിക്കാൻ കഴിഞ്ഞവർക്ക് മാറ്റം അസ്വസ്ഥതയായി തോന്നാം.
------------------
സഹസ്രാബ്ദങ്ങളിലൂടെ അനേകം മാറ്റങ്ങൾക്ക് തയ്യാറായ ജനതതിയാണ് ഇന്ത്യയിൽ വസിക്കുന്നത്.

കാർഷിക സസ്യജാല വിളനിലമെന്നപോലെ, ആശയങ്ങളുടേയും വിളനിലമായിരുന്നു സിന്ധു ഗംഗാ സരസ്വതി സമതതലങ്ങളും ഹിമാലയ സാനുക്കളും. ലഭ്യമായ കഥകളും പുസ്തകങ്ങളും പഠിച്ച് പരീക്ഷിച്ച് ... ഋഷിമാരും യോഗികളും സന്യാസിമാരും, ജന്മസിദ്ധ മുനികളും, ജീവിച്ചിരുന്ന സമതലം.

ഒരു പ്രസ്ഥാനമായി വളരാതെ ഓലക്കുടിലുകളിലും ഗുഹാമുഖങ്ങളിലും തങ്ങിനിന്ന് മറഞ്ഞ ആശയങ്ങൾ. പിൽക്കാലങ്ങളിൽ, ജനതതി വളർന്നുവന്ന സാഹചര്യത്തിൽ, പലരും പലരുടേയും ആശയങ്ങൾ അനുരൂപമെന്ന് കണ്ട് വളർത്തി കൂടെവളർന്നു.

25-ല്പരം ഋഷികളുടെ ആശയങ്ങൾ അനുരൂപ ഘടനയിലാക്കി, ഋഷിസമാനമായി, തനിമയ്ക്കുള്ളിൽ ഒതുങ്ങുന്ന പ്രസ്ഥാനമായി ബ്രാഹ്മണ പ്രസ്ഥാനം നിലവിൽവന്നു. ആശയ വിശ്വാസങ്ങളിൽ തളയ്ക്കപ്പെടാതെ, സ്വതന്ത്രമായി ജീവിക്കുകയെന്ന ചിന്തയിൽ, ചാർവ്വാകന്മാരുടെ വലിയൊരു നിരയും അവരുടേതായ മാർഗ്ഗത്തിൽ സഞ്ചരിച്ചിരുന്നു.

താർക്കിക സദസുകളിലും കുംഭമേളകളിലും ...ചിന്തകളും ആശയ രൂപീകരണങ്ങളും അനവരതം തുടർന്നിരുന്നു... അങ്ങനെയാണ് ജൈനപ്രസ്ഥാനവും ബുദ്ധമതപ്രസ്ഥാനവും നിലവിൽ വരുന്നത്. അവയ്ക്കും ബ്രാഹ്മണ സമാനമായൊരു ഒറ്റപ്പെടൽ അകമ്പടിയായുണ്ടായിരുന്നു.

ശിവതത്വത്തേക്കാൾ (ശ്രദ്ധിക്കുക ശിവനെന്ന ദേവരൂപമല്ല ... തത്വമാണ്. രൂപം പിന്നീട് നൽകപ്പെട്ടതാണ്) വിഷ്ണുതത്വമാണ് പ്രധാനമെന്നും, കൃഷ്ണനാണ് ശ്രീരാമനേക്കാൾ അനുയോജ്യമെന്നും ... ഇതൊന്നുമല്ല ഹനുമാനാണ് ആരാധ്യനെന്നും... അങ്ങനെ അനേകം ആശയങ്ങൾ ... അനുരൂപമെന്ന് തോന്നിയ ആശയങ്ങളിൽ ജീവിതം വാർത്തെടുക്കാൻ ശ്രമിച്ചവരാണ് ഇന്ത്യൻ ഉപഭൂഘണ്ഡത്തിലെ പുരാതനർ.

ഇവിടുള്ള വിഭിന്നത
തന്നെയാണ് ആത്മ സ്വാതന്ത്ര്യത്തിന്റെ ഉത്ഘോഷണങ്ങൾ! വളരെ സ്വതന്ത്രമായ സാഹചര്യങ്ങളാണ് ഇന്ന് ഇവിടെ നിലനിൽക്കുന്നതെന്ന് അറിയണമെങ്കിൽ അന്യനാടുകളിലെ സാഹചര്യങ്ങൾ അറിഞ്ഞാൽ മാത്രം മതി.

ആശയങ്ങളിലേക്ക് കടക്കുന്ന മനുഷ്യൻ വിഭിന്നനായി മാറുന്നു. ആശയങ്ങൾ ജീവിത പാതകളായി മാറുമ്പോൾ വിഘടനങ്ങളും പോരടികളും നിലവിൽ വരുന്നു.
--------------------------------
ആശയങ്ങളിലൂടെ ആത്മസ്വാതന്ത്ര്യം നേടാനാവില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചവരാണ് ഏകാന്തപഥികരായി വിശ്വലയനം തേടുന്ന യോഗികൾ.

അദ്വൈതം സ്വീകരിച്ച ശങ്കരാചാര്യരുടെ " നഹി നഹി രക്ഷതി ഡുക്രിഞ് കരണേ" എന്നവാക്കുകൾ അതിന് സാക്ഷ്യം നിൽക്കുന്നു.

ഒന്നിപ്പിക്കുന്ന യോഗം ... മനസ്സിനെ, അതിന്റെ കാരണമായ പ്രജ്ഞയിൽ ലയിപ്പിക്കുകയും, തിരിച്ച് മനസ്സിലേക്ക് വന്ന്, ആശയ മുക്തമായ ലോകദർശനം നേടുകയുമെന്നതാണ്.

അത് വ്യക്തികൾക്ക് കഴിഞ്ഞേക്കാം, സമൂഹത്തിനൊന്നാകെ ആവുമോ?!

Scattered rain


sreedevi nair


A  drop of  rain
Turned me on.
Is somebody coming
To drag me through the
Mystic paths of unknown Love?
What  I got from the nail tips of the rain
Where some admonishments,and sighs.

Could those rain drops
Rob the  lust from my eyes?
Like  an organism,
The  rain  drop beckons me,
But i could never see
The  rain  at all.

Rain  is  like idols of shattered  life.
Still  my  mind did  not  calm down.
On  each  glass piece of  the  shattered  mind
That rain might  be reflecting upon.
Seeking  the  rain,I  gaze into the sky and the  mind.
I wish  my love
Showered down as  rain.

ഇന്നിന്‍റെ ചിത്രം‏പ്രിയാസയൂജ്
മകനേ ഇത് ഇന്നിന്‍റെ കാഴ്ചകള്‍

കാണുക നീ രണ്ടു കണ്ണും തുറന്ന്

നാളെ നീ വാഴേണ്ട ലോകമാണിത്

ഇന്നേയറിയുക കുഞ്ഞേ നീ സത്യത്തെ

 ചിതലായി മാറുന്ന അഭിനവരാജാക്കള്‍

തുണതന്ന വീടും തിന്നങ്ങു തീര്‍ക്കുന്നു

വാത്സല്യമോടെ ചേര്‍ത്തൊരാ സ്നേഹത്തിന്‍

മജ്ജയും മാംസവും ഊറ്റിക്കുടിച്ചങ്ങു

കയറുന്നധികാര ശൈലങ്ങളില്‍

പാല്‍തന്ന കൈകളും കൊത്തിനോവിക്കുന്ന

ദുഷ്ടനാം പാമ്പായി മാറുന്ന രാഷ്ട്രീയം

ജനവിധി നേടുവാന്‍ മാത്രമായിന്നവന്‍

വാഗ്ദാനസാഗരം കണ്ഠത്തിലേറ്റുന്നു

വെളുക്കെച്ചിരിക്കുന്നു, കൈകള്‍ പിടിക്കുന്നു

ചിരിക്കുന്ന ഗാന്ധിയെ ദാനമായ്‌ നല്‍കുന്നു

ഇനിയെത്ര കാണണം ഇനിയെത്ര കേള്‍ക്കണം

ജനാധിപത്യത്തിന്‍റെ ഇരകളായ് പോയില്ലേ?

സദാചാരമേറെ പാടുന്ന നേതാക്കളില്‍

തെല്ലുമേയില്ല സാമൂഹ്യബോധം

തങ്ങളില്‍കൊല്ലിച്ചു, സിംഹാസനങ്ങളില്‍

സ്വന്തം ഇരിപ്പിടം ഭദ്രമാക്കുന്നവര്‍

പാവങ്ങളെ കഷ്ടപ്പെടുത്തുവാനായേറെ

നിയമങ്ങളും ചുമ്മാ തീര്‍ക്കുന്നവര്‍  

അവയൊക്കെയെങ്ങനെ ലംഘിക്കണമെന്നു

അലിവോടെയവര്‍ തന്നെ കാട്ടിത്തരും

ദാരിദ്ര്യമെല്ലാം തീര്‍ത്തിടുമെന്നവര്‍

ദൈവത്തെപ്പോലങ്ങുരുവിട്ടീടും

അതിനായ് മാത്രം പാവമവര്‍ പിന്നെ

ദരിദ്രരില്‍ നിന്നങ്ങകന്നു നില്‍ക്കും

സമ്പന്നതയെ പരിഹസിക്കും

സമ്പന്നരോടങ്ങു ചേര്‍ന്നു നില്‍ക്കും

അഴിമതിക്കെതിരായി രണഭേരി മുഴക്കും

അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കും

മിതവ്യയമെന്ന വാക്കാവര്‍ത്തിക്കും  

രാജകീയതയിലെന്നും വിലസുമവര്‍

 ദുര്‍ന്നടപ്പിന്‍ ജീവചിത്രമാണവര്‍


ജനസേവനമല്ലവരുടെ ആപ്തവാക്യം

സ്വയംസേവനം മാത്രമാണാകെ ലക്ഷ്യം

 മകനേ അറിയുക നമ്മുടെ നാടിനെ

നന്മയെ പുലര്‍ത്തുവാനായി നീ വളരുക

നാളെയീ നാടിന്‍റെ രാജാവു നീയാകാം

മാവേലി നാടിനെ ഉള്ളില്‍ നിറയ്ക്കുക

നീക്കുക ഇന്നിന്‍റെ കളങ്കങ്ങളൊക്കെയും

നന്മതന്‍ നിറമുള്ള പതാക നീ നാട്ടുക.

അണയാത്ത ജ്യോതി...

ലീല എം പോകുക സഖി ,വിട -
യേകുന്നു കണ്ണീരോടെ,
കാമഭ്രാന്തരില്ലാത്ത
മറ്റൊരു ലോകത്തേക്ക് .
നീ കൊളുത്തിയ പ്രതി-
ഷേധത്തിന്‍ അഗ്നി ,നിത്യം
അണയാതെ  സൂക്ഷിക്കാം ;
വാക്ക് തരുന്നു ഞങ്ങള്‍
***             ***           ***

ഭാരതം ,സംസ്കാരത്തിന്‍
മാതൃകാ സ്ഥാനം ,സ്ത്രീയെ
മാന്യയായ്‌ കരുതിയ
പുണ്യമാം പൂങ്കാവനം .
ഓര്‍ക്കുകയാണ് ഞാനെന്‍ 
മാതൃഭൂമിതന്‍ മഹാ -
സംസ്കൃതി  വിളങ്ങിയ
നല്ല നല്ല നാളുകള്‍ .
നാടിനെ സ്നേഹിച്ചവര്‍
നന്മയില്‍ മോദിച്ചവര്‍
നല്ലത് ചൊല്ലി സ്ത്രീയെ
കരുതി ദേവതയായ്.!

 
അവള്‍ക്കായ് കാവ്യമെത്ര
രചിച്ചു, പ്രകൃതിതന്‍
പ്രതിബിംബമായ് കണ്ടു
സ്തുതിഗീതികള്‍ പാടി...?! .
അവള്‍ക്കായ് സ്മാരകങ്ങള്‍
ഉയര്‍ത്തി പ്രഭുതികള്‍,
അവള്‍ക്കായ്‌ സാമ്രാജ്യങ്ങള്‍
ത്യജിച്ചു സുകൃതികള്‍ !
വിജയങ്ങള്‍ക്ക് പിന്നില്‍
ശക്തിയായിരുന്നവള്‍,
ലോക സംസ്കാരത്തിന്റെ
അടിസ്ഥാനമായവള്‍ ....!
എത്രയോ വസന്തങ്ങള്‍
വിടര്‍ത്തിയവള്‍ ,സ്നേഹ -
വര്‍ത്തിയായ്‌ ,ഭൂവില്‍ ശാന്തി -
വിളക്കായ്  തെളിഞ്ഞവള്‍....!
ത്യാഗമാണവള്‍ ,ക്ഷമാ -
ശീലയാണവള്‍  , സീതാ -
ദേവിയാണവള്‍  ,ഝാന്‍സി-
റാണിയായ്  ശോഭിച്ചവള്‍ ....!
ഐശ്വര്യലക്ഷ്മിയവള്‍ 
അക്ഷര സിദ്ധിയവള്‍
ഭദ്രകാളിയായ് ദുഷ്ട -
നിഗ്രഹം നടത്തുവോള്‍ ...!!

ഭാരത മാതാവിന്റെ 
അരുമപ്പെണ്‍കൊടികള്‍,
ഏറെയുണ്ടേറ്റു പാടാന്‍ 
അവര്‍ തന്‍ മാഹാത്മ്യങ്ങള്‍...!!
കൌതുകക്കുഞ്ഞായവള്‍ 
ഭൂമിയില്‍ ജനിക്കുന്നു.
ബാല്യ കൌമാരങ്ങള്‍  തന്‍
വേദിയില്‍ ആറാടുന്നു....!

യൗവനം പ്രകൃതിതന്‍
നില നില്‍പ്പിന്‍ ഭാഗമായ്,
പ്രണയമുഹൂര്‍ത്തങ്ങള്‍
തീര്‍ത്തവള്‍  രാജിക്കുന്നു...!!

ഭാര്യയായ്  പുരുഷനെ  
പൂര്‍ണ്ണനാക്കുന്നു ,പിന്നെ
അമ്മയായ് തലമുറ
വളര്‍ത്തിയെടുക്കുന്നു...!!
'സ്ത്രീ'യെന്നതൊരു  നാമം 
എങ്കിലും ജ്വലിപ്പവള്‍
ജീവിതയാത്രയിതില്‍
ഭിന്നമാം വേഷങ്ങളില്‍.

കാല ചക്രങ്ങള്‍ എത്ര 
കടന്നേ പോയ് , ഭാരതം
ഹീനമാം  സംസ്കാരത്തിന്‍ -
ചുഴിയില്‍ പുതഞ്ഞു പോയ്‌ .

എപ്പൊഴോ ദുര്‍ഭൂതങ്ങ-
ളിത്തിരു മണ്ണിന്‍ മാറില്‍
ദുഷ്ടത തന്‍ വിത്തുകള്‍
കൃത്യമായ് വിതച്ചു പോയ്...!
.
അമ്മ,പെങ്ങന്മാര്‍ ,കുഞ്ഞു
മക്കളെന്നില്ല ഭേദം 
കാമഭ്രാന്തന്മാര്‍  മണ്ണില്‍ 
പുളച്ചു മദിക്കുന്നു....!


സൗമ്യ ,ശാരിമാര്‍  ,ജ്യോതി
പേരിലെന്തിരിക്കുന്നു ?!
ജീവിതം പൊലിഞ്ഞതാം  
എത്രയോ പെണ്‍ ജന്മങ്ങള്‍......!!

മാധ്യമങ്ങളീ    വാര്‍ത്ത 
ഘോഷമാക്കുന്നു ,പത്രം
പീഡനപ്പേജൊരുക്കി
കോപ്പികള്‍ കൂട്ടീടുന്നു....!

അച്ഛനെ ശങ്കയോടെ
നോക്കിയിരിപ്പു  മകള്‍,
മകളെ സ്നേഹിക്കുവാന്‍
അച്ഛനും പേടിക്കുന്നു....!

 ചേട്ടനും കാട്ടീടുമോ
ചീത്ത സ്വഭാവങ്ങള്‍,എ -
ന്നോര്‍ത്തനുജത്തി,യന്തര്‍-
മുഖിയായ് മാറീടുന്നു.?!

മകളെ മാറോടു ചേര്‍-
ത്തമ്മ വെന്തുരുകുന്നു,
അമ്മതന്‍ സ്വാന്തനവും
അവളെ ഞടുക്കുന്നു...!!

തന്നിലേയ്ക്കൊതുങ്ങുവാന്‍ 
പെണ്ണവള്‍ പിടയുന്നു ,
ചുറ്റിലും ഭയം   മൌന-
സ്ഫോടനം തുടരുന്നു....!!

സ്വസ്ഥത സമാധാനം
ഒക്കെയും നഷ്ടപ്പെട്ട് 
ഭാരതമശാന്തിതന്‍ 
തീയിലൂടൊഴുകുന്നു ...!

മാറുമോ സ്ഥിതിയിത് ?
മാറണം! മനുഷ്യത്വം
മരവിച്ചൊരു ലോകം
നശിച്ചാല്‍ അതുഭേദം ..!

ഉണരൂ വേഗം യുവ
ജനതേ , അലസത
കളയൂ ,കളയെല്ലാം
വെട്ടിയരിഞ്ഞൊതുക്കൂ   ...! 

ഒട്ടുമേ വേണ്ട, ദയാ -
ദാക്ഷണ്യം,  കടും ശിക്ഷ
കൊടുക്കുന്നതേ  യുക്തം ,
കാലവിളംബമെന്യെ ....! 

കൊല്ലരുത് ,വേരോടെ 
ഛേദിച്ചു കളയണം,
പുഴുത്തു ചത്തീടട്ടെ 
വിഷ വിത്തുകള്‍  മൊത്തം ...!

 നീതിപീഠമേ  കണ്ണു -
തുറക്കൂ, പുതിയൊരു
ന്യായ വ്യവസ്ഥ  വ്യക്തം
എഴുതിച്ചേര്‍ക്കൂ  ശക്തം...!!!

മണിയറ

വേണു കലവൂർ
_
വെണ്ണ തോല്ക്കുമുടലോടെ
തരുണിയരയിലെ മണിയും
കിലുക്കി പവിഴാധരം രുധിരമാക്കി ,,

ചന്തം ചേര്ന്നിതളുള്ള
പൂവുകളിളകുന്നു കാറ്റിലാടി
ഗന്ധംപരക്കട്ടെ ഈരാവിലിന്നു
സുഖം വിരിച്ചു ദിക്കൊക്കയും.,

പയ്യെപത്മദളംപറിച്ചും
മുങ്ങികുളിച്ചുമഴകോടെ
മുടിത്തുമ്പിലെജലകണമിറ്റിയും,

തുണയായ്‌ തോഴിയുമോത്ത്
മെല്ലെ പീയൂഷമോലും
ചേലഞ്ചും പുരികം വിടര്ന്നും,,

മാകന്ദപൂമണംവീശുമഴകിന്‍
മണിയറപൂകാന്‍ വിതുമ്പി
വിറകൊണ്ടുപരവശതപൂണ്ട വധുവിനെ-
കണ്ണില്‍ പതിഞ്ഞ പുരുഷന്‍ പുതുവെണ്ണ
ലഭിച്ചോരുണ്ണിപോല്‍ ചിരി പൂണ്ടു നിന്നൂ...

മേഘങ്ങളുടെ സൂചനകള്‍


എം.കെ.ഹരികുമാർഇന്നലെ കണ്ട
മേഘത്തെക്കുറിച്ച്‌
എഴുതിയ കവിത
ഇന്ന് അപ്രസക്തമായി.
ആ കവിതയില്‍ മേഘങ്ങള്‍
ഒരു നഗരമായി വരുന്നത്‌
എങ്ങനെയെന്നാണ്‌ എഴുതിയത്‌.
ഇന്നത്‌ തിരുത്തുകയാണ്‌.

ഞാന്‍ പറയാന്‍ ആശിച്ച
ഏതോ നിറങ്ങളെ
അവ എന്‍റ്റെ മുന്നില്‍ അവതരിപ്പിച്ചു
കഴിഞ്ഞിരുന്നു.
എന്റെ ആഗ്രഹങ്ങള്‍
മനസ്സിലാക്കിയ മേഘക്കൂട്ടം
വിരമിക്കുന്നതിനു മുമ്പ്‌
ആകാശത്തിന്റെ കോണില്‍
ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയെ
വേദനയോടെ
പ്രസവിച്ചിടുകതന്നെ ചെയ്തു.
ആ പ്രസവം എന്‍റ്റെ
നാഗരിക സ്വപ്നങ്ങളെ
പുനുരുജ്ജീവിപ്പിച്ചു.

ജീവിക്കാന്‍ തോന്നുക
എന്ന ഏറ്റവും മഹത്തായ
അഭിലാഷത്തിനായി എത്രയോ മനുഷ്യരുടെ
മുഖങ്ങളിലേക്ക്‌
ഞാന്‍ നോക്കിയിട്ടുണ്ട്‌!.
ഒരിക്കലും കാണാതിരുന്ന
ആ അഭിലാഷത്തെ
ഞാന്‍ അറിയാതെ
പൂര്‍ത്തീകരിച്ചത്‌
ഇന്നലെത്തെ മേഘങ്ങളായിരുന്നു.
ഇന്നലെ ആകാശാന്തര
സ്‌ഥലികളില്‍ മേഘങ്ങള്‍
അനുഭവിച്ച വേദന ഞാന്‍
എഴുതാതെ പോയി.
എന്തിന്‌ എഴുതണം?
എന്തെഴുതിയാലും അതൊന്നും
ആ വേദനയുടെ അംശം
പോലുമാകില്ല.
മേഘങ്ങള്‍ നിശ്ശബ്‌ദമായി
പറഞ്ഞത്‌ ഞാന്‍ ഇപ്പോള്‍
പറയുന്നില്ല.
കാരണം അവയുടെ
വേദനകള്‍ ഇപ്പോഴും എന്നിലുണ്ട്‌.

പച്ചരിയുടെ വേവ് ലെംഗ്ത്രാം മോഹൻ പാലിയത്ത്


പച്ചരി നിനക്കിഷ്ടം പൊന്നിയാണെനിക്കിഷ്ടം
റേഷനുണ്ണുന്നോരില്ലേ, ജീരകശാലക്കാരും? 
ബസ്മതി മതിയത്രേ ചിലര്‍ക്ക്, ചിലര്‍ മട്ട,
അങ്ങനെ പലതായീ നമ്മുടെ വേവ് ലെംഗ്തുകള്‍!

രാംലീല

ടി.ജെ.വർക്കി
ബാല്യത്തെ
മുറ്റത്തും വരാന്തയിലും
അമ്മയുടെ
പൊന്നുമ്മ മടിയിലും
വിതറിയിട്ടു...

കൌമാരത്തെ
തൊടിയില്‍
ഓന്തുകള്‍ പായും
കരിയിലപ്പാട്ടിനും
മാചുവട്ടിലും
പേരചുവട്ടിലും
അണ്ണാറക്കണ്ണന്
കൂട്ടിനും വിട്ടു...

(കാല്‍വയ്പുകള്‍ തോറും
അമ്മ
ഓടിവന്നുനിറയും..
പതുക്കെ...സൂക്ഷിച്ച്...
എന്നൊക്കെ
പെയ്തു പെയ്തു നില്‍ക്കും...)

പാവം യൌവ്വനത്തെയൊ
പൊള്ളുന്ന
പഞ്ചാരമണലില്‍
വെയിലിലേക്ക്
നീട്ടിവിരിച്ചിട്ട്
കാറ്റിനും കോളിനും വിട്ടു....

വാര്‍ദ്ധക്യം
അത്
ആകാശത്തിന്റെ
ഒറ്റയിലയില്‍ പൊതിഞ്ഞെടുത്ത്
രാംലീല കണ്ടുമടങ്ങും വഴി
ആല്‍ച്ചുവട്ടില്‍
മറന്നു വയ്ക്കുകയായിരുന്നു......