Followers

Friday, November 19, 2010

കാക്കയ്ക്ക് പറയാനുള്ളത്


bhanu kalarickal

ഇരുട്ട് മുഴുവന്‍ കൊത്തിവിഴുങ്ങി
കറുത്തുപോയ കാക്കകള്‍
കാ കാ എന്നലറിക്കരഞ്ഞപ്പോഴാണ്
നേരം പുലര്‍ന്നത്
അല്ലാതെ
അങ്കവാലന്‍ കോഴിയുടെ
സ്വരമാധുര്യം കൊണ്ടല്ല

കടല് കൊത്തി പറക്കുന്ന കാക്ക
നിങ്ങളോട് ഒരു സത്യം വിളിച്ചു പറയുന്നു.
കാകന്‍ കണ്ണുകള്‍ ഒന്നും കാണാതിരിക്കുന്നില്ല

നീ വലിച്ചെറിഞ്ഞ അഴുക്ക്
കാക്ക കൊത്തിവലിക്കുന്നു
കാക്ക കുളിക്കുന്നത് കൊക്കാകാനല്ല
കൊക്കായതുകൊണ്ട് മാത്രം
പരിശുദ്ധിയുണ്ടാവില്ലെന്ന്‍ ഓര്‍മ്മിപ്പിക്കാനാണ്.

ബലിച്ചോറ് കൊത്തുന്ന കാക്കയ്ക്ക്
നിന്നോട് പരമപുച്ഛമാണ്.
നിന്റെ ആത്മനിന്ദയുടെ അഴുക്ക്
കൊത്തി മാറ്റുകയാണ്‌
കാക്ക

ഭാനു കളരിക്കല്‍

മഴയത്ത് തുറന്നുവച്ച മഷിക്കുപ്പി


aardran


കത്തുന്ന വേനലില്‍
വിഷുപൊട്ടിയെത്തുന്ന ജൂണില്‍
പുതുനാമ്പു പൊട്ടിത്തഴയ്കുന്ന നാട്ടുവിദ്യാലയം
കള്ളത്തരങ്ങളാലിക്കുറി
മുളയറ്റു.

ഞൊണ്ടിയെത്തിയ
മഴയില്‍പ്പിശകി
ആല്‍മരച്ചോട്ടിലെ
അക്ഷരക്കുഞ്ഞുങ്ങള്‍
വക്കുപൊട്ടി ചീര്‍ത്തുനിന്നു.

ഉയരങ്ങളിലേക്കു നടന്നുപോയ
വലിയ കാല്‍പാടുകല്‍
നനഞ്ഞ കരിയിലകള്‍ക്കൊപ്പം
ചിതലുകള്‍ക്കു ഭക്ഷണമായി.

എന്നെങ്കിലും
തങ്ങളെത്തേടി വന്നേക്കാവുന്ന
അന്വേഷകര്‍ക്കായി
ഇരിപ്പുകൂട്ടങ്ങള്‍
പൊടിയുടെ പുതപ്പണിഞ്ഞ്‌
ഫോസിലാകാനൊരുങ്ങി

പുരാവസ്തുവാകുന്നതിനുമുമ്പുള്ള അശ്ലീലമായി
വരാന്തകള്‍
മുണ്ടഴിഞ്ഞുകിടന്നു

മഴയത്തു തുറന്നുവച്ച
മഷിക്കുപ്പിയില്‍നിന്നും
മെലിഞ്ഞ ഒരു ജാഥ
വിറങ്ങലിച്ച
അക്ഷരങ്ങളെത്തോണ്ടി
മെല്ലെ
ഇടവഴിയിലേക്കിറങ്ങി.
പോസ്റ്റ് ചെയ്തത് Aardran ല്‍ 11:37 A

വിൽക്കാനുണ്ട് നാണം


valsan anchampeedika



നാടിന്റെ നാണം

നമുക്ക് വിൽക്കാം

പുഴയെയും വിൽക്കാം

മഴ വിറ്റു തിന്നാം

മാനവും വിൽക്കാം

മനംവിറ്റു വാഴാം

കണ്ടൽ തളിർക്കുന്ന

പച്ച വിൽക്കാം

വണ്ടിൻ കറുപ്പാർന്ന

കാടു വിൽക്കാം

കൊന്നതൻ ചിരിയിലെ

പ്പൊന്നു വിൽക്കാം

ഓണവും വിൽക്കാം

കാണവും വിൽക്കാം

മേടം, വിഷു,ഞാറ്റു-

വേല വിൽക്കാം

മീനം തിളക്കുന്ന

വെയില്‌ വിൽക്കാം

കിണറിലെ വെള്ളവും

കിളിയുടെ പാട്ടും

നിലാവിന്റെ കുളിരും

ധരയുടെ നെഞ്ചിൽ നി-

ന്നുയരുന്ന നിശ്വാസ-

ച്ചുടുകാറ്റും വിൽക്കാം

ചുടലയായ് വേവാം

ഒടുവിൽ നമുക്കൊരു

മഴു തിരിച്ചെറിയാം

ഗോകർണ്ണഭൂമീന്ന്

കന്യാകുമാരിക്ക്…

പരദേശിയുടെ കത്ത്


mammootty kattayadu




mahmoud darwash
mammootty kattayadu
1
അഭിവാദ്യങ്ങൾ...!,
ചുംബനങ്ങൾ... !
ഇതല്ലാതെ നിങ്ങൾക്കു തരാൻ
മറ്റൊന്നും എന്റെ കയ്യിലില്ല.

എവിടെ നിന്നു തുടങ്ങണം?
എവിടെ കൊണ്ടവസാനിപ്പിക്കണം?.
ഒരു നിശ്ചയവുമില്ല.

കാലചക്രം നിർത്താതെ കറങ്ങുന്നു,
എന്റെ കയ്യിലെ
വിപ്രവാസത്തിന്റെ മാറാപ്പുകൾ
പരിശോധിച്ചാൽ നിങ്ങൾക്കു കാണാൻ കഴിയുന്നത്:
ഒരു സഞ്ചി,
അതിൽ കുറച്ച് ഉണങ്ങിയ റൊട്ടി,
കുറച്ചു സ്നേഹം,
എന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുമടങ്ങിയ
ഒരു പുസ്തകം എന്നിവയാണ്‌;

ആ പുസ്തകമെടുത്ത് മറിച്ച്
മുഴുവൻ പുച്ഛത്തോടും കൂടി
അതിന്റെ താളുകളിൽ ഞാൻ തുപ്പി.

എവിടെ നിന്നു തുടങ്ങണം...?
ഇന്നലെ വരേ പറഞ്ഞതും
ഇനി നാളെ പറയാനിരിക്കുന്നതും
ഒരു ഹസ്ത ദാനം കൊണ്ടോ
ഒരാശ്ലേഷം കൊണ്ടോ
അവസാനിക്കില്ല.

പരദേശിയെ തിരിച്ചു കൊണ്ടു വരാനോ,
മഴയെ വർഷിപ്പിക്കാനോ,
കിളികളുടെ ഒടിഞ്ഞ ചിറകിലെ
പറിഞ്ഞു പോയ തൂവൽ മുളപ്പിക്കാനോ,
അത്തരം പ്രവർത്തനങ്ങൾക്കു കഴിയില്ല.

എവിടുന്നു തുടങ്ങണം?

അഭിവാദ്യങ്ങൾ!,
ചുംബനങ്ങൾ!,
പിന്നെ...
2
അകാശവാണിയോടു ഞാൻ പറഞ്ഞു:
‘എനിക്കു സുഖമാണെന്ന് അവളോട് നിങ്ങൾ പറഞ്ഞേക്കൂ..’

പൈങ്കിളിയോടു ഞാൻ പറഞ്ഞു:
‘അവളെ കണ്ടു മുട്ടുകയാണെങ്കിൽ
ഞാൻ സുഖമായിരിക്കുന്നു...
എന്നു ചൊല്ലണം..

എന്റെ കണ്ണിൽ കൃഷ്ണമണിയും
ആകാശത്തിൽ ചന്ദ്രികയുമുള്ള
കാലത്തോളം ഞാനവളെ മറക്കില്ലെന്നും പറയണം.

എന്റെ വസ്ത്രം പഴയതാണെങ്കിലും
കീറിപ്പോയിട്ടില്ല.
വശങ്ങൾ പിന്നിപ്പോയിട്ടുണ്ടെങ്കിലും
അതു ഞാൻ തുന്നിച്ചേർത്തിട്ടുണ്ട്.
എന്നിട്ടും ഞാൻ സുഖമായിരിക്കുന്നു.

എനിക്കിപ്പോൾ ഇരുപത് വയസ്സു കഴിഞ്ഞു.

ഉമ്മാ.. എന്നെയൊന്നു സങ്കല്പ്പിച്ചു നോക്കൂ
ഇരുപതു വയസ്സായ ചെറുപ്പക്കാരൻ!
ഞാനിപ്പോൾ ജീവിതത്തെ ധീരമായി അഭിമുഖീകരിക്കുന്നു,
വലിയ ആളുകൾ ചെയ്യുന്നതു പോലെ ഭാരം ചുമക്കുന്നു,
ഹോട്ടൽ ജോലി ചെയ്യുന്നു,
അവിടുത്തെ പാത്രങ്ങൾ കഴുകുന്നു,
പറ്റുകാർക്കു വേണ്ടി കാപ്പിയുണ്ടാക്കി നല്കുന്നു,
ഇടപാടുകാരെ സന്തോഷിപ്പിക്കാൻ
ആകുല വദനത്തിൽ പുഞ്ചിരികൾ ഒട്ടിച്ചു വെക്കുന്നു.

3
എനിക്കു സഖം തന്നെയാണ്‌,
എനിക്ക് ഇരുപത് വയസ്സായി,
ഉമ്മാ, ഞാനിന്നൊരു ചെറുപ്പക്കാരനാണ്‌,
ഞാനിപ്പോൾ പുക വലിക്കുന്നു,
മതിലുകളിൽ ചാരിനിന്ന്
അടുത്തു കൂടെ പോകുന്ന സുന്ദരിമാരെ നോക്കി
‘ഏയ്’ എന്നു പറയുന്നു,

മറ്റുള്ളവരേ പോലെ ഞാനും അവരോട്
‘സഹോദരീ നീ വളരെ മനോഹരിയായിരിക്കുന്നു
നിന്നെക്കൂടാതെയുള്ള ജീവിതം
എത്ര മാത്രം കൈപ്പേറിയതാണെന്ന്
നീ ആലോചിച്ചിട്ടുണ്ടോ? ’.
എന്നു കമന്റടിക്കുന്നു.

അപ്പോഴാണ്‌ എന്റെ കൂട്ടുകാരൻ വന്ന് ചോദിച്ചത്:
‘കയ്യിൽ റൊട്ടിയുണ്ടോ? ’
സഹോദരന്മാരേ,
എല്ലാ രാത്രിയും വിശന്നുറങ്ങാൻ വിധിക്കപ്പെട്ട
മനുഷ്യനെന്തു വിലയാണുള്ളത് ?

എനിക്കു സുഖമാണ്‌,
ഞാൻ സുഖമായിരിക്കുന്നു.

എന്റെ കയ്യിൽ കരിഞ്ഞ റൊട്ടിയുണ്ട്
പച്ചക്കറിയുടെ ചെറിയ ഒരു പാത്രവുമുണ്ട്.

4
റേഡിയോയിൽ ഞാൻ കേട്ടു;
ഭവന രഹിതൻ ഭവന രഹിതനു വേണ്ടി
അർപ്പിക്കുന്ന അഭിവാദ്യം!.

അവരൊന്നിച്ചു പറയുന്നു
‘ഞങ്ങൾക്കു സുഖമാണ്‌
ഞങ്ങളാരും ദു:ഖിതരല്ല ’.

എന്റെ വാപ്പയുടെ വിശേഷം എന്താണ്‌?
മുമ്പത്തെപ്പോലെ ദൈവ കീർത്തനങ്ങൾ,
മക്കൾ, മണ്ണ്‌, ഒലിവു മരങ്ങൾ എന്നിവയൊക്കെയായി
കഴിയുകയാവും അല്ലേ?

എന്റെ സഹോദരന്മാർക്ക് ജോലിയൊക്കെ കിട്ടിയോ?
അവരെല്ലാം അധ്യാപകന്മാരാകുമെന്ന്
ഒരിക്കൽ വാപ്പ പറഞ്ഞത് ഞാൻ ഓർത്തു പോകുന്നു
ഒരു ദിവസം വാപ്പ പറഞ്ഞിരുന്നു
‘എന്റെ ഗ്രാമത്തിൽ ആർക്കും കത്തു വായിക്കാനറിയില്ല
അതു കൊണ്ട്
പട്ടിണി കിടന്നിട്ടാണെങ്കിലും ഞാൻ അവർക്ക്
പുസ്തകം വാങ്ങിക്കൊടുക്കും’ എന്ന്.

എന്റെ സഹോദരിമാരുടെ വിശേഷം എന്താണ്‌?
അവർ വലുതായോ?
വല്ല കല്യാണാലോചനയും വന്നോ?

എന്റെ ഉമ്മാമയുടെ വർത്തമാനം എന്താണ്‌?
പതിവു പോലെ വാതിൽപ്പടിയിലിരുന്ന്
നമ്മുടെ ഐശ്വര്യത്തിനും ആരോഗ്യത്തിനും
പുണ്യത്തിനും വേണ്ടി പ്രാർത്ഥിക്കാറുണ്ടോ?

നമ്മുടെ വീടിന്റെ വിശേഷം എന്താണ്‌?
ആ മിനുസമുള്ള പടികൾ,
വാതിലുകൾ..!

റേഡിയോയിൽ വീണ്ടും ഞാൻ കേട്ടു;
ഭവന രഹിതർ ഭവന രഹിതർക്ക് എഴുതുന്ന കത്തുകൾ!
അവരെല്ലാം സുഖമായിരിക്കുന്നുവത്രെ!
പക്ഷേ എന്തോ ഒരു വിമ്മിട്ടം എനിക്കനുഭവപ്പെട്ടു.
അശുഭകരമായ ചിന്തകൾ
എന്നെ തിന്നുന്നതു പോലെ എനിക്കു തോന്നി.
എന്തു കൊണ്ട് റേഡിയോ
നിങ്ങൾക്കു സുഖമാണെന്നു പറയുന്നില്ല.

5

ഉമ്മാ,
രാത്രി
വിശന്നു വലഞ്ഞ
രക്ത ദാഹിയായ ചെന്നായയാകുന്നു,
പരദേശിയെ എപ്പോഴും അത് ആട്ടിയോടിക്കുന്നു
ചക്രവാളം തുറന്ന് പ്രേതങ്ങൾക്കിട്ടു കൊടുക്കുന്നു,

പരുത്തിക്കാടുകൾ
കറ്റിനെ ആലിംഗനം ചെയ്യുന്നു,

രണ്ടു വട്ടം മരിക്കാൻ
നമ്മളെന്തു തെറ്റാണുമ്മാ ചെയ്തത്?
ജീവിച്ചിരിക്കെ തന്നെ ഒരു വട്ടം നമ്മൾ മരിക്കുന്നു,
രണ്ടാമതൊന്ന് ആയുസ്സ് തീരുമ്പോഴും.

സന്ധ്യേ,
നീ എപ്പോഴെങ്കിലും ഓർക്കുന്നുണ്ടോ
‘ഇവിടെ വരികയും
തിരിച്ചു പോകാതിരിക്കുകയും ചെയ്യുന്ന പരദേശിയെ’?.

സന്ധ്യേ,
‘പലായനം ചെയ്ത് ഇവിടെ വന്ന്
ശവസംസ്കാരം പോലും നടത്താതെ
മരിച്ചു പോകുന്ന പ്രവാസിയെ കുറിച്ച്
നീ ഓർക്കുന്നുണ്ടോ’?.

പരുത്തിക്കാടുകളേ,
നിങ്ങളുടെ ദു:ഖിതയായ തണലിനു കീഴെ
വലിച്ചെറിയപ്പെട്ട ശവം ഒരു മനുഷ്യന്റെതാണെന്ന്
നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ?

കാക്കകളുടെ ആക്രമണത്തിൽ നിന്നും
ഒരു ജഢം മറച്ചു പിടിച്ചപ്പോൾ
നിങ്ങൾ ഓർത്തിരുന്നോ
ഞാനും ഒരു മനുഷ്യനാണെന്ന്?

ഉമ്മാ,
ആർക്കു വേണ്ടിയാണ്‌ ഞാനീ കത്തെഴുതുന്നത്?
ഏതു തപാലാണ്‌ ഇതു കൊണ്ടു പോവുക?
കടലിലും കരയിലും ചക്രവാളത്തിലുമുള്ള
മുഴുവൻ വഴികളും കൊട്ടിയടയ്ക്കപ്പെട്ടിരിക്കുകയാണ്‌

ഉമ്മാ, നിങ്ങളും, വാപ്പയും, എന്റെ സഹോദരങ്ങളും,
കുടുംബക്കാരും, കൂട്ടുകാരുമെല്ലാം
ജീവിച്ചിരുന്നേക്കാം
അല്ലെങ്കിൽ മരിച്ചേക്കാം,
അതുമല്ലെങ്കിൽ എന്നെപ്പോലെ
വിലാസങ്ങളില്ലാതെ കഴിയുകയാവാം.

നാടില്ലാതെ,
കൊടിയില്ലാതെ,
അഡ്രസ്സു പോലുമില്ലാതെ വരുമ്പോൾ,
മനുഷ്യനെന്ത് വിലയാണുള്ളത്?
എന്ത് വില....?.

അവസാനപംക്തി[വഴികണ്ടുപിടിക്കുക]

chandni ganan, sharja

ഒളിക്കാമറ

o m aboobacker





Machine


ismail meladi

At ten in the morning:
The wheel of the machine
Started moving
With a slightly terrifying noise
The moments started rolling
Along with the wheel,
Most obediently and devoutly;
Did I take the pen in my hand
Oh! I don’t remember that
It was beyond the fog of numbness
Oh! What a surprise,
It is noon already!
Yes, first of all,
The letters in my page,
Then, the ink in my pen,
Following them, my pen,
And at last, my fingers,
Have crawled and crawled
Along with the wheel
And at last, they have corroded
With the iron of the wheel
At five in the evening:
Oh my God, is it evening!
I have already lost my fingers,
So, I looked at my body
Oh heavens! It has happened
Exactly what I expected
Each of my organs
Have been blended with the wheel!

ഭ്രമം


ismail meladi

മരുഭൂമിയില്‍
പെരുമ്പറ മുഴങ്ങുന്നു
ചത്ത മോഹങ്ങളുടെ
മരുപ്പച്ചയില്‍
ഒട്ടകത്തിന്
കുടിനീര് കിട്ടുന്നു
കുറ്റിക്കാട്ടില്‍
ആര്‍ക്കോ വേണ്ടി
കിനിയുന്ന മധുരവും പേറി
പനിനീര്‍പ്പൂ
വിടര്‍ന്നു പരിലസിക്കുന്നു
വിജനവനത്തിന്റെ
ഉള്ളിന്റെയുള്ളില്‍
അസുലഭ ഭാഗ്യമായ്
പെട്ടെന്നുയരുന്നു
വെട്ടിത്തിളങ്ങുന്ന കൊട്ടാരം
പാമ്പ്‌ മകിടിയൂതുന്നു
ജനം ആടിക്കുഴയുന്നു
ആട്ടം മൂക്കുന്നു
ലോകം കറങ്ങുന്നു
ആട്ടത്തിന് ഒടുവില്‍
ജനം പാമ്പിനെ കടിക്കുന്നു
അമ്പരപ്പടക്കാന്‍ കഴിയാതെ
ജനം പാമ്പിനെ കടിക്കുന്നു
അമ്പരപ്പടക്കാന്‍ കഴിയാതെ
ഞാന്‍ പെരുവഴിയിലിറങ്ങുന്നു
ആനന്ടവേരു തേടിയലയുന്നു
കല്ലും മുള്ളും ചവിട്ടുന്നു
മലയും നദിയും താണ്ടുന്നു
മരുപ്പച്ചയില്‍ നീരില്ല
പനിനീരും കൊട്ടാരവും കണ്ടില്ല
പെരുമ്പറയും കേട്ടില്ല
സര്‍പ്പം എന്റെ തലക്കകത്തെക്ക്
ഇഴഞ്ഞു കയറുന്നു
അതിനു കൊടുക്കാന്‍
എന്റെ കയ്യില്‍
മകുടിയില്ലല്ലോ
ആടിത്തിമിര്‍ക്കാന്‍
എനിയ്ക്ക് ചുറ്റും
ജനമില്ലല്ലോ

പൊതുയോഗം


surab

ആരെങ്കിലും വിതക്കുന്നുവെങ്കിൽ
അതു കൊയ്തെടുക്കാൻ
അരിവാൾ തന്നെ വേണം
അങ്ങനെ നമ്മൾ കൊയ്യും വയലെല്ലാം
നമ്മുടേതാകും പൈങ്കിളിയേ

2
ഒരു വാദത്തിനു വേണ്ടി പറയുകയല്ല
പ്രത്യക്ഷത്തിൽ
ഭൗതികവാദത്തിനു വേണ്ടി പറയുകയാണ്‌

വൈരുദ്ധ്യാത്മക ഭൗതികവാദം ശ്വസിച്ചവർക്കാണത്രേ
എളുപ്പം ശ്വാസകോശത്തിൽ
അണുബാധയുണ്ടാകുന്നത്
3
രാഷ്ട്രീയത്തിൽ നയം വ്യക്തമാക്കുമ്പോൾ
അന്യായം കുഴിച്ചുമൂടപ്പെടുന്നു
അങ്ങനെ കുഴിച്ചുമൂടിയതാണ്‌
പണ്ടത്തെ വയലുകളും
ഇന്നത്തെ കുന്നുകളും
4
കുതികാൽ വെട്ടിയും
കുതിരകേറിയുമാണ്‌
ഇവിടെവരെയെത്തിയത്
ഇനി അവിടേക്കെത്തണമെകിൽ
ഒന്നുകിൽ കുതിരയെ അഴിച്ചുവിടണം
അല്ലെങ്കിൽ കുതികാൽ പണയപ്പെടുത്തണം
5
കുന്നിടിച്ചിട്ടാണ്‌ വയൽ നികത്തിയത്
വീടുവച്ചത്
ഇന്നിപ്പോൾ
വീടൊഴിഞ്ഞിട്ടാണ്‌ വയലു വാങ്ങിയത്
വിത്തിറക്കിയത്
എന്നിട്ടും വയലും വീടും വഴിയിൽത്തന്നെ

നിശബ്ദതയുടെ മൂന്ന് കവിതകള്‍


anu warrior
ഒന്ന്
വാക്കുകള്‍
ഉണങ്ങിക്കൊഴിഞ്ഞ്
കരിഞ്ഞു നില്‍ക്കുന്ന
മൌനം മാത്രമാകുന്നിടത്താണ്
സൌഹൃദങ്ങളുടെ
വന്‍ മരങ്ങള്‍
പിഴുതു വീഴുന്നത്

രണ്ട്

ആരും മിണ്ടാനില്ലാതെയാകുമ്പോള്‍
അവനവനോട്
പിന്നെ
മരങ്ങളോട്
ചെടികളോട്
കിളികളോട്
മൃഗങ്ങളോട്...
ആരോടും ഒന്നും പറയാനും
ആരും കേള്‍ക്കാനും
നില്‍ക്കാത്ത
നിശബ്ദതയില്‍
ഭൂമിയുടെ ഹൃദയമിടിപ്പുകള്‍
ഒറ്റയാകുമ്പോഴത്തെ ശബ്ദമില്ലായ്മ
വെറും ആഗ്രഹം മാത്രമെന്ന്
തിരിച്ചറിയാതെങ്ങനെ?

മൂന്ന്
ആള്‍ക്കൂട്ടത്തില്‍
ആരും പറയുന്നതൊന്നും
തിരിയാതെ
പോക്കറ്റിലെ മൊബൈല്‍ പാട്ട്
കേള്‍ക്കാതെ
നടന്ന്
മുറിക്കുള്ളില്‍
ഫാന്‍ മുരള്‍ച്ചയിലേക്കോ
തണുപ്പിക്കുന്ന അലര്‍ച്ചയിലേക്കോ
എത്തുമ്പോഴാണ്
ഓര്‍ക്കുക ;
എന്തൊരു നിശബ്ദതയായിരുന്നു ഇത്ര നേരവും.
Anu warrier ,Dubai.

മഞ്ഞുതുള്ളി

lakshmi lachu, qatar




ഇരു കൈകളാല്‍ നീ എന്നെ
വണങ്ങിടുമ്പോഴും നിനക്കറിയാം
ഞാന്‍ ചുട്ടുപൊള്ളുന്ന തീഗോളമെന്നു.
ഞാനൊന്ന് കണ്ണടച്ചാല്‍
നീ ഇരുട്ടിലാകും.
അളവുകോലുകൊണ്ട്
ഈ ഭൂമിയെ അളക്കാം.
എന്നാല്‍ എന്‍റെ ഹൃദയതിന്‍ മുറിവളക്കാന്‍
തികയില്ല ഒരു അളവുകോലിനും

സ്വപ്നത്തില്‍ ഞാന്‍ തീര്‍ത്ത
പട്ടുതൂവാലയില്‍
ഒരുനാളും മായാത്തൊരു
കയ്യൊപ്പ് പതിച്ചു നീ.
ജീവിതവഴിവക്കില്‍ വീണുടഞ്ഞൊരു
മഞ്ഞുതുള്ളിയായി ഞാനും.

ഒറ്റ


dhanya das
മുറ്റത്ത്
ഇരുട്ട് നടന്നുപോയതിന്റെ
പാടുകളൊക്കെ മാഞ്ഞുതുടങ്ങി.
വേനലവധി കഴിഞ്ഞിട്ടും
മഴ
മതിലിനിപ്പുറത്തേക്ക്
എത്തിനോക്കിയതേയില്ല.

ഒരു തൊട്ടി വെള്ളം മാറ്റിവെച്ച്
കിണര്‍ വറ്റിയിരിക്കുന്നു.
അരികുചേര്‍ന്ന്
ഉണങ്ങിയ പേരയിലകള്‍
മൊത്തിക്കുടിച്ച നനവിന്റെ
കവിതയെഴുതുന്നുണ്ടാവാം.

ഇരുവശത്തേക്കും കൈകള്‍ നൂര്‍ത്ത്
നിവര്‍ന്നുകിടന്ന കൈത്തോടാണ്
ബസിറങ്ങി വരുന്നവര്‍ക്ക് വഴികാണിച്ചിരുന്നത് .
മൂന്നാമത്തെ പാട്ട് തീരുമ്പോഴേക്കും
വീടെത്തിയിരിക്കും.

കുറുകെ വെട്ടിയിട്ട തെങ്ങിന്‍തടിയിലൂടെ
തോട് കടക്കുമ്പോള്‍
"വീണുപോകല്ലേ" യെന്ന് പറഞ്ഞ്
മുറുക്കെപ്പിടിച്ച കൈകള്‍
കടവത്തെ കശുമാവില്‍ നിന്ന് പിടിവിട്ട്
വെള്ളത്തിലുയര്‍ന്നുതാഴ്ന്നത്
ഒരു കുമിള മാത്രം പണിതുവെച്ചാണ്.

പേരറിയാത്ത മരങ്ങളാണ്
കശുമാവിന്റെ വേര് പിളര്‍ന്ന്
പിന്നീട്
കടവ് കയ്യേറിയത്.
ഒറ്റ ദിവസം കൊണ്ട്
ഇല കൊഴിഞ്ഞു കിളിര്‍ക്കുന്നവ.
ഇന്നലെയൊന്ന്
മൂടോടെ പിഴുതെറിഞ്ഞു

കാറ്റ്.

ചില്ലകളൊക്കെ വെട്ടിയെടുക്കുമ്പോള്‍
പൊത്തില്‍ നിന്നും പറന്നുപോയവരില്‍
ആരായിരിക്കാം

മഴ കൊത്തിക്കൊണ്ടുവന്നിരുന്നത്

ഇതൊരൊളിച്ചോട്ടമാണ്...





ഇതൊരൊളിച്ചോട്ടമാണ്...
ശ്വാസം മുട്ടിക്കുന്ന അമ്മയുടെ
സ്നേഹക്കണ്ണീരില്‍ നിന്ന്,
നിസഹായനായി നില്‍ക്കുന്ന
അപ്പന്‍റെ നരച്ച കണ്ണുകളില്‍ നിന്ന്,
രോഗത്താല്‍ വലയുന്ന ജ്യേഷ്ഠന്‍റെ
ശ്വാസം നിലക്കുന്ന ചില
നിമിഷങ്ങളില്‍ നിന്ന്,
വാല്‍സല്യത്തോടെ കാത്തിരിക്കുന്ന
ചേച്ചിമാരുടെ കൈകളില്‍ നിന്ന്,
അവരുടെ പൊന്നോമനകളില്‍ നിന്ന്,
ബള്‍ബിട്ടാലും വെളിച്ചം ചെല്ലാത്ത
വീടിന്‍റെ ഇരുണ്ട മൂലകളില്‍ നിന്ന്,
പൊളിഞ്ഞുവീഴാറായ
അടുക്കള വാതിലിന്‍റെ കട്ടിളപ്പടിയില്‍ നിന്ന്.
.
പിന്നില്‍ ഇഴയുന്ന മനസ്സിനെ
ശാസിച്ചു വലിച്ചു കയറ്റി,
വണ്ടികള്‍ മാറിക്കയറി,
പുതിയ മൂടുപടം വെച്ച് ഞാനോടുന്നു
പട്ടണത്തിലെ ചതുരത്തില്‍ക്കയറി
സ്വസ്ഥമായി ഇരുന്നു ശ്വാസം മുട്ടുവാന്‍
.
പട്ടണം,
ഞാന്‍ പ്രണയിച്ചവരെപ്പോലെ,
ഉള്‍ക്കൊള്ളുവാന്‍ കഴിയാതെ മാറിനില്ക്കുന്നു,
കരിമ്പുക ശ്വാസമായിത്തരുന്ന,
രാസമണം കുടിവെള്ളമായെത്തിക്കുന്ന,
ഉഷ്ണക്കാറ്റിനെ വിലക്കുവാങ്ങുന്ന,
മാനത്തിനും പിന്നെ മൗനത്തിനും
വില കൂട്ടിനില്‍ക്കുന്ന പട്ടണം.
എന്നെ ഞാനല്ലാതാക്കുവാന്‍,
പുതിയ മുഖംമൂടിയുടെ തെരെഞ്ഞെടുപ്പിന്
സഹായിയാകുവാന്‍,
അതിലൂടെ ചിരിക്കാന്‍
പഠിപ്പിച്ചുകൊണ്ട്, ഈ പട്ടണവും!
.
ഇതൊരൊളിച്ചോട്ടമാണ്...
പച്ചപ്പില്‍ നിന്നും വരണ്ടപ്രദേശ- ങ്ങളിലേക്ക്,
കിതച്ചു കിതച്ച് നടത്തുന്ന ഒരു ഓട്ടം.