Followers

Saturday, October 30, 2010

mind the gap


sukshmananda swami

The really absurd thing is that there is no such thing as permanence. So , to pray for permanence is absolutely ridiculous. That which exists is impermanence. Hence ,the seeking of permanence and praying for it is absurd. Rather than seeking something, which does not exist, we should remember the cause of life's sufferings.

We should be grateful to god for impermanence , because to remain in an emotion , no matter whether it is pleasant or unpleasant, , for more than its natural duration is injurious to health.
If it is a negative emotion we naturally try to get rid of it. People often ask in meditation classes, ''how can i get rid of anger?'' But so far nobody has asked how to get rid of love. We all know that we cannot afford anger , as it is a luxury .

Anger releases so much adrenaline that the system simply cannot cope with it and we feel most uncomfortable with so much adrenaline racing the body. Naturally , we may sincerely desire impermanence in this situation, although we often desire otherwise. To certain anger is an expense we cannot afford.

മദർ


r manu

പൂക്കൾ വിടർന്നു പരന്ന സൗരഭ്യമായ്‌
സ്വപ്നം തെളിഞ്ഞു പറന്ന പ്രാവായ്‌
സ്നേഹം നിറഞ്ഞു പെയ്ത മഴയായ്‌
ഈ ഭൂമിതൻ ശോഭ പകർന്നവൾ

കൈ പിടിച്ചു കുട്ടി നടത്തിയ കൈതവം
മാറണച്ചു ചേർത്തു തഴുകിയമ്മയായ്‌
വിരൽ തൊട്ടു തീണ്ടി മാറ്റിയ വേദനാനാഢീ
വായ്‌ നിറച്ചുരുളയൂട്ടിയ വാത്സല്യ സാന്ത്വനം
ആയിരം തിരി തെളിച്ച കൈവിളക്കുകൾ
ആരീരം പാടിയന്നം പകരും മടിത്തട്ടുകൾ
താരകം കൺകളിൽ തെളിർ കോരിയിട്ട മധുചുംബനം
മണ്ണിലെ മനുഷ്യന്റെ കരുണയായ്‌ നിറയും മനസ്സ്‌.

സഖീ....തനിച്ചല്ലനീ


rajanandini

സഖീ നീ തനിച്ചല്ലെന്നോർക്കുക
സുധീരം നിന്നോർമ്മകൾ
കുടഞ്ഞൊന്നായെറിഞ്ഞുകളയുക
വേർപാടിൻ തിണർപ്പുകൾ
വേകുന്നോ നെഞ്ചിനുള്ളിൽ
ദുരിതക്കനലാട്ടം
കണ്ടുനീ പേടിച്ചുവോ?
കപടക്കോമരങ്ങൾ വഴികൾ മുടക്കിയോ?
ഞെരിഞ്ഞിൽ കിടക്കകൾ
ഉറക്കം കെടുത്തിയോ?
ചിന്തകൾ ഉലയിലെ
തീക്കനൽ എരിച്ചുവോ?
തീഷ്ണമീ നോവുകൾനിൻ
ഹൃദയം നുറുക്കിയോ?
തഴുകാം നിന്നെയെന്റെ
സ്നേഹത്തിൻ തൂവാലാലെ
പുരട്ടാം ചന്ദനം നിൻ
തപിക്കും മനസ്സിലും
നുകരാം ചുണ്ടിലൂറി
ത്തുടിക്കും വിതുമ്പലും
പകരാം നിനക്കായിട്ടി-
ജന്മസുകൃതങ്ങൾ
ഇനിയെൻപ്രിയേ തനിച്ചാകില്ല
ദൂരെത്തട്ടിയെറിഞ്ഞുകളയുക
കഴിഞ്ഞകാലങ്ങളെ

നാടുവാഴി


manampur rajanbabu

'നിറുത്തുക നാടകം!'-പൊട്ടിത്തെറിക്കുന്നു
പ്രേക്ഷകരൊന്നായിരമ്പിക്കുതിക്കുന്നു
നാടകക്കാർ പ്രാണഭീതിയാൽ നാട്യങ്ങൾ
ഓടയിലുപേക്ഷിച്ചു ജീവിതം കാക്കുന്നു
കാണികൾ പൊടുന്നനെ നാടകം കെട്ടുന്നു
വേഷങ്ങൾ ചമയങ്ങളേതുമേയില്ലാതെ
ആൾക്കൂട്ടമാകെ നടുങ്ങുമ്പൊഴും സ്വയം
പ്രേക്ഷകരായ്‌ നിന്നു നാടകം കാണുന്നു
നാടകമപ്പാടെ മാറുന്നു, ദുസ്സഹ-
ജീവിതത്തിന്റെ പ്രതിച്ഛായയാകുന്നു...
പല്ലുകൾ കാട്ടിയിളിച്ചിരുന്നോരിതാ
പല്ലിറുമ്മുമ്പൊഴും കണ്ണീർ തുടയ്ക്കുന്നു...
ജീവിതഭാഗധേയങ്ങൾ വീഴുന്ന
വാമനന്മാരെ വിചാരണ ചെയ്യുന്നു
കവലയിൽ പിന്നെയും ഒഴുകിവന്നെത്തുന്നു
ആളുകൾ; വാഹനങ്ങൾ, വഴിമുട്ടുന്നു.
'എന്തായിരുന്നു തുടക്കം? - ആരായുന്നു
വൈകി വന്നെത്തിയോർ (ശല്യമാണെപ്പോഴും)
'വൈകിയോർക്കായതാ വീണ്ടും കഥിക്കുന്നു.
നിശ്ശബ്ദരാകുവിൻ, കാതുകൂർപ്പിക്കുവിൻ!'
വേദിയിൽനിന്ന്‌ ഒരാൾ:
'പണിശാല വിട്ടു മടങ്ങവേ കവലയിൽ
പതിവില്ലാതാൾക്കൂട്ടം, ആൽമരച്ചോട്ടിൽ'
'നാടകമാ'- ണൊരാളാർത്തു വിളിച്ചു.
നടുറോഡിൽ ചമ്രം പടിഞ്ഞു ഞങ്ങൾ.
സ്റ്റേജില്ല, തിരശ്ശീലയില്ല, പിൻവാദ്യങ്ങൾ
എങ്കിലും എങ്കിലും നാടകം നാടകം!
പുതുവാല്യക്കാരൻ സുമുഖനാം സൗമ്യൻ
പുതുനാടുവാഴി-അയാൾ മുഖ്യപാത്രം
നാട്ടുകാർക്കൊക്കെ പ്രിയങ്കരൻ, ശ്രേഷ്ഠമാം
പാരമ്പര്യത്തിൽ കിളിർക്കുമോ പതിരായ്‌?
മലകളും പുഴകളും പാട്ടുപാടി
പുതുനാടുവാഴിക്കു വഴിയൊരുക്കി

രണ്ട്‌
'രണ്ടാമതങ്കം തുടങ്ങുന്നു നാട്ടുകാർ
ചില്ലിചുളിച്ചു നോക്കുന്നുവോ രാജനെ?
അരചന്റെയരികിൽ വിളങ്ങുവാനായ്‌
വരുതിക്കു നിൽക്കുമോ കാലചക്രം!'
'കഴുതച്ചെവി'കളെപ്പറ്റിയങ്ങി-
ങ്ങവികളം നാട്ടുകാർ പിറുപിറുത്തു.
മരണങ്ങൾ മലകളായ്‌ കടപുഴങ്ങി
പാവങ്ങൾ ചോരച്ച പുഴകളായി
നെഞ്ചിലെ സങ്കടച്ചിന്തുകൾ പാടുവാൻ
സ്വന്തം കുടൽകീറി വീണയാക്കി
പാതിയും വെന്ത മനസ്സുമായ്‌ നാടിന്റെ
പാട്ടുകാരന്റെ തുടിയുണർന്നു...
'അരചന്റെ മൂക്കേൽ വിയർപ്പു വന്നു
അരമനക്കരുമനകൾ പെരുകി
പാട്ടുകാരന്നെ വിളിപ്പിക്കുന്നു രാജൻ
കൊട്ടാരവേദിയൊരുങ്ങുകയായ്‌
രാജാവും ഭൃത്യരും ഏഷണിക്കൂട്ടവും
പാട്ടിൽ സ്വരൂപങ്ങൾ കണ്ടു ഞെട്ടി.
നാടിന്റെ ഗായകപ്പട്ടം കൊടുക്കുവാൻ
രാജാവെഴുന്നേൽക്കും രംഗമായി
'നിർത്തുക നാടകം! ശുദ്ധമസംബന്ധം!'
-വേദിയിൽ ഞങ്ങൾ കടന്നുകേറി.
അരി വാങ്ങാൻ, തുണി വാങ്ങാനോക്കെ വന്നോർ
ഒരുമിച്ചാ രംഗം മുഴുവനാക്കി'.

മൂന്ന്‌
കൊട്ടാരവേദിയൊരുങ്ങുന്നു പിന്നെയും
രാജാവും കൂട്ടരും പാട്ടുകേൾപ്പൂ
പാട്ടിൻ നടുക്കു നിർത്തുന്നു-പുരോഹിത
പ്രഖ്യാപനത്താൽ നിലച്ചു സർവ്വം!
'നാടിൻ ദുരിതങ്ങൾ തീർക്കുവാൻ ദേവിക്കു
കാണിക്ക വയ്ക്കുവാൻ നാവുവേണം.
പാട്ടുകാരന്റെയീ നാവിനോളം ശ്രേഷ്ഠ-
മേതുള്ളു നാട്ടിൽ, അറുത്തെടുക്കൂ!....'

നാല്‌
നാവറുത്തിട്ടും നിലയ്ക്കാത്ത ചോരയും
പാട്ടും നുരകുത്തിപ്പടരുന്നു
പാട്ടിന്റെ ചോരപ്രളയത്തിലാഴുന്നു
രാജകൊട്ടാര പ്രതാപങ്ങൾ....
പാട്ടിന്റെയോരത്തു വീണ്ടും കിളിർക്കുന്നു
നാട്ടിന്റെ നട്ടെല്ലായ്പ്പാവങ്ങൾ
അവരെത്തിടമ്പേറ്റാൻ കാണികളൊന്നൊന്നായ്‌
തിക്കുമ്പോൾ നാടകം തീരുന്നു.
അകലെ വെളിച്ചം വരുന്നതോർത്താ
അരയാലും കവലയും കാവൽ നിൽപൂ?!

നാരായണഗുരു


haridas valamangalam

വേറെയാരുണ്ടതുമിതുമെല്ലാം
ഏകമാമറിവാണെന്നറിഞ്ഞോൻ
വേറെയേതുമുനിയപരന്റെ
വേവകറ്റുകമോക്ഷമായ്‌ കണ്ടോൻ
വേറെയേതൊരാചാര്യനഖില-
ക്ഷേമശാസ്ത്രമരുളിക്കനിഞ്ഞോൻ
വേറെയേതു സന്യാസിയവശന്റെ
മോചനത്തിനു പോരുനയിച്ചോൻ
വേറെയാരലിവിന്റെ നവാക്ഷരീ-
മന്ത്രമേ വരമന്ത്രമെന്നോതിയോൻ.

(അനുകമ്പാദശകത്തിലെ 'അരുള്ളവനാണു ജീവി' എന്നത്‌ നവാക്ഷരീമന്ത്രം)

ഒറ്റസംഖ്യ


pala t j varkey

ഇതാ നിൻ
ചക്രവാളങ്ങളിൽ
ഞാൻ കോറിയ
കവിതകൾ-
ബാഷ്പധൂളികൾ
കൂട്ടിത്തുന്നി
ഏഴു വരികളിൽ
നിന്നുയിരുമേഞ്ഞ
കിനാസ്ഥലിയിതാ-
വാഴ്‌വാടിയ
നിറലീലയിതാ-
ജീവൻ പിടഞ്ഞ്‌
നോവിൽ കുളിച്ച്‌
സ്പന്ദകുടിയിലെ
തിരിനാളമിതാ...
കരളുവാറ്റിയ
വാക്കിനും,
വിങ്ങിയുണരും
പൊരുളിനും
എന്റെ മാത്രം ഛായ...!
കണവ്യൂഹങ്ങളുറഞ്ഞാടും
വഴികളും, ഉയിരും,
ഉയിരിന്നിരുളാറ്റിയ
ലിപികളും
കൂട്ടിയാലോ
ഞാനാകുമൊറ്റസംഖ്യ....!

കഥ -വാണിഭം


vijayakrishnan


മിത്രനഗർ ഹൗസിംഗ്‌ കോളനിയിൽ പുതിയൊരു താമസക്കാർ വന്നു. സുന്ദരിയായ ഒരു യുവതിയും അവളുടെ അച്ഛനമ്മമാരും. യുവതി ഒരു സീരിയൽ നടിയായിരുന്നതുകൊണ്ട്‌ കോളനിക്കാർക്കൊക്കെ അവൾ പരിചിതയായിരുന്നു.
മൂന്നുദിവസം കഴിഞ്ഞ്‌ ഒരു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കോളനിയിലെ താമസക്കാരനായ സതീശനോട്‌ ഭാര്യ സുമലത പറഞ്ഞു:
"ഇന്നലെ രാത്രി രണ്ടു മണിക്കാണ്‌ അവൾ വീട്ടിലെത്തിയത്‌"
"ആര്‌?"
"അപ്പുറത്തെ പുതിയ താമസക്കാരി പെണ്ണ്‌. ആ സുന്ദരിക്കോത. മിനിയാന്നു രാത്രിയാണെങ്കിൽ അവളെത്തിയപ്പോൾ മണി പന്ത്രണ്ട്‌ കഴിഞ്ഞിരുന്നു."
"നീയെങ്ങനെയറിഞ്ഞു?"
"രാത്രി കാറിന്റെ ശബ്ദം കേട്ട്‌ ഞാനുണർന്നു നോക്കി. കാറിലാണെങ്കിൽ നിറയെ ആണുങ്ങൾ. പെണ്ണായിട്ട്‌ ഇവളും അമ്മയും മാത്രം."
"അവളൊരു സീരിയൽ നടിയല്ലേ? രാത്രി വൈകുംവരെ ഷൂട്ടിംഗുണ്ടായിരുന്നിരിക്കും."
"ഓ, ഷൂട്ടിംഗ്‌! അവള്‌ പോകുന്നതു ഷൂട്ടിംഗിനൊന്നുമല്ല. പത്രത്തില്‌ കാണാറില്ലേ, സീരിയൽ നടിയെ വാണിഭത്തിന്‌ അറസ്റ്റ്‌ ചെയ്തെന്നൊക്കെ? ഇവള്‌ പോകുന്നതും അതിനാ-വാണിഭത്തിന്‌. അല്ലെങ്കിൽ ഇത്രേം രാത്രിവരെ നിൽക്കേണ്ട വല്ല കാര്യവുമുണ്ടോ?"
"എന്റെ സുമലതേ, നീ കിടന്നുറങ്ങാൻ നോക്ക്‌."
"എല്ലാവരും പറേണതാ ഞാനും പറയുന്നത്‌"
"ആരാ ഈ എല്ലാവരും?"
"അയൽക്കാർ. നിർമ്മലയും പ്രശാന്തയും രതിയും പദ്മാവതിയമ്മയും പ്രേമയുമൊക്കെ."
സതീശൻ പിന്നെയൊന്നും പറഞ്ഞില്ല. തിരിഞ്ഞുകിടന്ന്‌ ഉറങ്ങാൻ ശ്രമിച്ചു.
പിറ്റേന്നു വൈകുന്നേരം സതീശൻ ഓഫീസിൽനിന്നു മടങ്ങുമ്പോൾ കോളനിക്കടുത്തുവച്ചു പ്രശാന്തയെക്കണ്ടു.
"സുമലത എന്നോടൊരുകാര്യം പറഞ്ഞു"
സതീശനെ കണ്ടപാടെ പ്രശാന്തപറഞ്ഞു.
"എന്താ?"
"നമ്മുടെ പുതിയ അയൽക്കാരി വാണിഭം നടത്താനാണ്‌ രാത്രി പുറത്തുപോകുന്നതെന്ന്‌. കാര്യം ശരിയാണെന്ന്‌ എനിക്കും മനസ്സിലായി."
സതീശൻ ഒന്നും മിണ്ടാതെ തിടുക്കപ്പെട്ടുനടന്നു.
'സതീശാ..."പിൻവിളികേട്ട്‌ തിരിഞ്ഞുനോക്കിയപ്പോൾ പദ്മാവതിയമ്മയുണ്ട്‌ ഓടിവരുന്നു.
"നമുക്ക്‌ റസിഡന്റ്സ്‌ അസ്സോസിയേഷൻകാരുമായി ഒന്നു സംസാരിച്ചാലോ?" അവർ ധൃതിപ്പെട്ടു ചോദിച്ചു.
"എന്താ കാര്യം?"
"നമ്മുടെ പുതിയ അയൽക്കാരി ആളൊട്ടും ശരിയല്ല. വാണിഭമാ അവളുടെ തൊഴില്‌."
"എങ്ങനെ അറിഞ്ഞു?"
"സുമലത പറഞ്ഞു."
സതീശൻ മിണ്ടാതെ തിരിഞ്ഞു നടന്നു. വീടിനോടടുത്തപ്പോൾ നിർമ്മലയേയും രതിയേയും കണ്ടു.
"സതീശൻ സാറെ, നമ്മുടെ കോളനിയില്‌ നക്ഷത്രവേശ്യാലയമുണ്ടെന്നു പത്രത്തിൽവന്നാൽ മാനക്കേടാർക്കാ?" നിർമ്മല അണകെട്ടി നിർത്താൻ കഴിയാത്ത ധാർമ്മികരോഷത്തോടെ ചോദിച്ചു.
"നമ്മുടെ കോളനിയിലെവിടെയാ നക്ഷത്രവേശ്യാലയം?"
സതീശൻ അമ്പരന്നുചോദിച്ചു.
'സുമലത പറഞ്ഞില്ലേ?' അത്ഭുതത്തോടെ രതി അന്വേഷിച്ചു.
'എന്നിട്ട്‌ അവളാണല്ലോ ഞങ്ങളോട്‌ പറഞ്ഞത്‌, ആ സീരിയൽപെണ്ണിന്റെ വീട്‌ നക്ഷത്രവേശ്യാലയമാണെന്ന്‌."
കാതു പൊത്തിപ്പിടിച്ചുകൊണ്ട്‌ സതീശൻ വീട്ടിലേക്കു കയറിപ്പോയി.
ഒരാഴ്ച കഴിഞ്ഞപ്പോൾ കോളനിയിലെ ഒരു വീട്ടിൽ 'അമ്മ, അമ്മായിയമ്മ, മരുമകൾ' എന്ന മേഗാസീരിയലിന്റെ ഷൂട്ടിംഗ്‌ നടന്നു. കോളനിയിലെ പുതിയ താമസക്കാരി അതിൽ പ്രധാനവേഷം അഭിനയിക്കുന്നുണ്ടായിരുന്നു. അവൾ അയൽക്കാരെയൊക്കെ ഷൂട്ടിംഗ്‌ കാണാൻ ക്ഷണിച്ചു.
സുമലതയും കൂട്ടുകാരികളും സന്ധ്യയ്ക്ക്‌ ജോലിയൊക്കെ തീർത്ത ശേഷം ഷൂട്ടിംഗ്‌ കാണാൻ പോയി.
രാത്രി 12 മണികഴിഞ്ഞിരുന്നു സുമലത വീട്ടിൽ മടങ്ങിയെത്തിയപ്പോൾ. വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കിവച്ച്‌ സതീശൻ ഉറങ്ങാൻ കിടന്നു.
രാത്രിയിലേപ്പോഴോ സുമലത സതീശനെ വിളിച്ചുണർത്തി. ജനറേറ്ററിന്റെ മുരൾച്ച അപ്പോഴും കേൾക്കുന്നുണ്ടായിരുന്നു.
"നോക്കിയേ. മണി രണ്ടു കഴിഞ്ഞു. ഇപ്പഴും ഷൂട്ടിംഗ്‌ തീർന്നിട്ടില്ല."
"അവർ ഷൂട്ട്‌ ചെയ്തോട്ടെ. അതിനു നിനക്കെന്താ? ഉറക്കം തടസ്സപ്പെട്ടതിന്റെ നീരസത്തോടെ സതീശൻ ചോദിച്ചു.
അതു ശ്രദ്ധിക്കാതെ സുമലത തുടർന്നു.
"ഞാനതല്ല ഓർക്കുന്നത്‌. ആ പെണ്ണ്‌ ദേ ഈ അർദ്ധരാത്രിയിലും അഭിനയിച്ചോണ്ടിരിക്കുകയാ. കഷ്ടം! എന്നിട്ടാ ഓരോരുത്തികള്‌ അതിനെപ്പറ്റി ഓരോ അപവാദം പറഞ്ഞു നടക്കുന്നത്‌."
"എന്തപവാദം?"
"അതറിഞ്ഞില്ലേ, ആ പെണ്ണ്‌ വാണിഭം നടത്തുന്നുണ്ടെന്ന്‌. അവളുടെ വീട്‌ നക്ഷത്രവേശ്യാലയമാണെന്ന്‌. അങ്ങനെയെന്തൊക്കെയാ അവരൊക്കെ പറഞ്ഞുണ്ടാക്കിയത്‌.?"
"ആരൊക്കെ?"
"ആ പ്രശാന്തയും രതിയും പദ്മാവതിയമ്മയും നിർമ്മലയും പ്രേമയുമൊക്കെ."
"ങാ നീ കിടന്നുറങ്ങ്‌. എനിക്കുറക്കം വരുന്നു."
സതീശൻ തിരിഞ്ഞുകിടന്നു.

നോട്ടം


padma das

ഓരോ നോട്ടത്തിനും
ശരവേഗമാണ്‌.
നെഞ്ചിലേയ്ക്ക്‌
വസ്ത്രത്തിലേയ്ക്ക്‌
അതിനടിയിലെ വസ്ത്രത്തിലേയ്ക്ക്‌;
എങ്കിലും
അതിനുള്ളിലേയ്ക്ക്‌ ചൂഴ്‌ന്നിറങ്ങാറില്ല
ഒരുവന്റെ കണ്ണുകളും
ഭൂമിയുടെ പൊക്കിൾ തുരന്ന്‌
പഴശ്ശിയുടെ മണമുള്ള
ഒരു കുറിച്യൻ വരും!
അമ്പിനാൽ നിന്റെ നോട്ടത്തിന്റെ
കാളക്കണ്ണന്വേഷിച്ചുകൊണ്ട്‌
അല്ലെങ്കിൽ
ഒരു *പീറ്റർ പാർക്കർ!
ഗഗന പഥങ്ങളിലേയ്ക്ക്‌
വല നെയ്തുയർത്തി
എന്നെ
അഗോചരയാക്കുവാൻ
ക്ഷമിയ്ക്കുകതന്നെ
അതുവരേയ്ക്കും
നിന്റെ
കണ്ണുകളെ, കാമനകളെ.
- * സ്പൈഡർമാൻ

വർത്തമാനം


sindhu s

വർത്തമാനികർ
ഇവർ മതഭ്രാന്തർ
അന്നൊരു നാളിൽ
ഇവരുടെ ഭ്രാന്ത്‌
വെടിയുണ്ടകളായ്‌
ഗാന്ധിതൻ നെഞ്ചം തകർത്തു
മതഭ്രാന്തിൽ ഉന്മത്ത
നൃത്തം ചവിട്ടിയ
കാലുകളിന്നിതാ
ഗുരുത്വം വെട്ടിനുറുക്കി
ക്രൂരമായി ചിരിപ്പൂ
മതവും രാഷ്ട്രീയവും
ചേർന്നൊരുക്കിയ
ചതുരംഗക്കളത്തിലറ്റു-
വീണ കരങ്ങൾ തിരയുന്നു
ഒരിറ്റുദയയ്ക്കായ്‌
പൊടിയും നിണവും
കൂടിക്കുഴഞ്ഞൊരാ
ചേറുവാരിയെറിഞ്ഞവർ
സ്വന്തം മുഖങ്ങളെ
വികൃതമാക്കുന്നു
ഇവിടെ നിശ്ചലം
നിൽക്കുന്നുവേന്നും
നിയമവും നീതിപീഠങ്ങളും
അപ്പോഴും മുഴങ്ങികേൾപ്പതാം
മതഭ്രാന്തിന്റെ കൊലച്ചിരി

ezhuth 2010 november


















സ്വർഗത്തിലേക്ക് വീണ്ടും


sona g

ച്യോൻ സാംഗ് പ്യോംഗ്
[പരിഭാഷ]



സ്വര്‍ഗത്തിലേക്ക് ഒരിക്കല്‍
കൂടെ മടങ്ങവേണം ,
പുലരി ചുംബിച്ച് അലിയിച്ച
മഞ്ഞിന്റെ കൈയോട് കൈചേര്‍ത്ത് .

സ്വര്‍ഗത്തിലേക്ക് തിരിക്കവേണം
വീണ്ടുമെനിക്ക് ,
മലഞ്ചരിവില്‍ തത്തികളിച്ച
മേഘമുദ്രയും നമ്മള്‍ രണ്ടും ചേര്‍ന്ന് .

സ്വര്‍ഗത്തിലേക്ക് മടങ്ങണം വീണ്ടുമെനിക്ക്...


ഈ മനോഹര ജീവിത അവസാനയാത്രയില്‍
തിരികെപോയി ചൊല്ലും ഞാന്‍ :
''എത്ര സുരഭിലമായിരുന്നതെന്നോ.''

നിന്നില്‍ ഞാന്‍ വിശ്വസിക്കുന്നു


sona g


ഖലീല്‍ ജിബ്രാന്‍
[ പരിഭാഷ]





നിന്നിലും നിന്റെ വിധിയിലും ഞാൻ
വിശ്വാസമര്‍പ്പിച്ചു നില്‍പ്പുവല്ലോ.
ഉത്തരാധുനികതയുടെ വക്താക്കള്‍
നിങ്ങളാണെന്ന് കരുതട്ടെ ഞാനും .

കൃതജ്ഞതയുടെ സമ്മാനം പോലെ
അമേരിക്കതന്‍ മടിത്തട്ടിലായ് ,
അഭിമാനത്തോടെ മയങ്ങുവനായ്
നിങ്ങള്‍ക്കിന്നു കഴിയുന്നതെന്തന്നാല്‍
ഗീതത്താലും , പ്രവചനത്താലും,
പൂര്‍വ്വപിതാക്കള്‍തന്‍ സ്വപ്നങ്ങളില്‍ -
നിന്നും ലഭിച്ച വരദാനമായപൈതൃക സ്വത്തിനാലെന്ന് കരുതിടട്ടെ ....

ലബനിസിന്റെ കുന്നില്‍ നിന്നും
വേരു പിഴുതെടുത്തൊരു യുവവൃക്ഷം
വളര്‍ന്ന് പന്തലിച്ച് വേരു പടര്‍ത്തി
ഫലസമൃദ്ധമായി പുഷ്പിക്കനായ്
നില്‍ക്കുന്നുവെന്നീ മഹത്തായ ദേശത്തിന്റെ
സ്ഥാപകരോട് പറയുവാന്‍ നിങ്ങള്‍ക്കു കഴിയുമെന്
പ്രതീക്ഷിച്ചീടട്ടെ ഞാനുമല്ലോ .

നസ്രേത്തുവിന്റെ യേശുനാഥന്‍
സംസാരിച്ചപ്പോള്‍ നിങ്ങള്‍തന്‍ ചുണ്ടില്‍
സ്പര്‍ശിച്ചനുഗ്രഹിച്ചെന്നും ,
എഴുതിയപ്പോള്‍ വഴികാട്ടിയായി നിങ്ങള്‍തന്‍ കരങ്ങള്‍ക്കെന്നുമേ !
നിങ്ങള്‍ പറഞ്ഞു കുറിച്ചതുമായയെല്ലാകാര്യങ്ങളിലും ഞാന്‍
പിന്താങ്ങിയെന്ന് എബ്രഹാം ലിങ്കനോടായ് നിങ്ങള്‍
പറയുമെന്ന് ഞാന്‍ വിശ്വസിച്ചീടുന്നു....


എന്റെ സിരകളിലോടുംരക്തംജ്ഞാനികളായ വൃദ്ധരുടേയും ,
കവികളുടേയുമാണെന്നും ,
നിങ്ങളിലേക്ക് വരികയും കൂട്ടുകയുമെന്നതെന്റെ മോഹം
എന്നാലോ, വെറും കൈയാല്‍ ഞാന്‍ വരില്ലയെന
എമേഴ്സണോടും, വിറ്റ്മാനോടും, ജയിംസിനോടും പറഞ്ഞു കൊള്ളേണം

നിങ്ങളുടെ പിതാക്കന്‍മാരെല്ലാം
ഈ തീരം തേടി വന്നതു പോലും
പണമുണ്ടാക്കാന്‍ മാത്രമല്ലോ .
ബുദ്ധിശക്തിയാലും, കഠിനാദ്ധ്വാനത്താലും
സമ്പത്തുണ്ടാക്കുവാന്‍ നിങ്ങളിവിടെ
പിറന്നതെന്നു ഞാന്‍ കരുതീടുന്നൂ...

നല്ല ജനതയെ വാര്‍ത്തെടുക്കാന്‍ നിങ്ങളി-
ലൂടെ കഴിയുകയുള്ളൂ......

ഒരു നല്ല പൌരനെന്നാല്‍ ആരായിരിക്കണം?

മറ്റുള്ളോര്‍തന്‍ അവകാശങ്ങള്‍
സ്വന്തമെന്നുറപ്പിക്കും മുന്നേ, യത്-
അംഗീകരിക്കേണ്ടതും നിങ്ങളുടെ സ്വന്ത-
മെന്ന ബോധത്തിലാവണം .

കര്‍മ്മ ചിന്തകളില്‍ സ്വതന്ത്രരാകുവിന്‍
എന്നാലറിയേണം മറ്റുള്ളോര്‍തന്‍ സ്വാതന്ത്ര്യം
നിങ്ങള്‍തന്‍ സ്വാതന്ത്ര്യത്തില്‍ വിഷയീഭവിക്കുന്നതും...

മനോഹാരിതവും , പ്രയോജനവുമായ സ്വകരവിരുതിനാല്‍ രൂപപ്പെടുത്തേണം നിങ്ങളിത് .
മറ്റുള്ളോര്‍തന്‍ സ്നേഹവിശ്വാസത്തില്‍ -
സൃഷ്ടിച്ചതിനെയാദരിക്കുകയും വേണമൊപ്പം .

സമ്പത്തുണ്ടാവട്ടെ അദ്ധ്വാനത്താല്‍,
അദ്ധ്വാനം കൊണ്ടതൊന്നുമാത്രം !
വരവിനേക്കാള്‍ കുറച്ച് നിങ്ങള്‍ ചിലവഴിച്ചീടേണം ;
നിങ്ങളില്ലെങ്കിലും കുട്ടികളന്യര്‍തന്‍
സഹായം തേടാതിരിപ്പതിനായ്......

ആന്റിയോക്കിലും, സിദോനിലും, ടൈറിലും,
ബിബ്ളസിലും, ഡമാസ്കസിലുമായ് പടുത്തുയര്‍ത്തിയ ജനതയുടെ
പിന്‍തുടര്‍ച്ചക്കാരന്‍ ഞാനെന്ന്
സാന്‍ഫ്രാന്‍സിസ്കോയുടെയും, ചിക്കാഗോയുടേയും ,
വാഷിംഗ്ടണിന്റേയും , ന്യൂയോര്‍ക്കിന്റേയും
ഗോപുരങ്ങള്‍ക്കുമുന്നില്‍ നിന്ന് നെഞ്ച് വിരിച്ച്
പറഞ്ഞീടേണം നിങ്ങള്‍ .

അമേരിക്കനാവുകയെന്നഭിമാനിക്കെതന്നെ,
അഭിമാനിക്കേണം നിങ്ങളും സ്വയം .
നിങ്ങളൂടെ പിതാക്കന്‍മാരും, മാതാക്കന്‍മാരും ,
ദൈവത്തിന്റെ കാരുണ്യം ചൊരിയും കരങ്ങളില്‍ നിന്നും ,
വാഴ്‌ത്തപ്പെട്ട പ്രവാചകര്‍തന്‍
പുണ്യ ഭൂവില്‍ നിന്നും വന്നതിനാല്‍ !!

അതും നന്ന്


m faizal

മുരീദ് ബര്‍ഗോറ്റി

[പലസ്തീന്‍ കവി]

നമ്മുടെ ചങ്ങാതിമാര്‍ക്കിടയില്‍
ശയ്യകളിലെ വെടുപ്പുള്ള തലയണകളില്‍
കിടന്നു മരിക്കുന്നതും നന്ന്.
വിളറി ശൂന്യമായ നെഞ്ചില്‍
കൈകള്‍ വെച്ച് മരിക്കുന്നത് നന്ന്.
മുറിവുകളില്ലാതെ,
ചങ്ങലകളില്ലാതെ,
ബാനറുകളില്ലാതെ,
പരാതികളില്ലാതെ
വെടുപ്പുള്ള മരണം നല്ലതാണ്.
കുപ്പായങ്ങളില്‍ തുളകള്‍ വീഴാതെ,
വാരിയെല്ലുകളില്‍ തെളിവില്ലാതെ,
കവിളിനടിയില്‍ വെളുത്ത
തലയണയോടെ,
വഴിയോരങ്ങളിലല്ല,
മരിക്കുന്നത് നന്ന്.
നമ്മള്‍ സ്നേഹിക്കുന്നവരില്‍
കൈകള്‍ സ്വസ്ഥമായി വെച്ച്,
നിരാശരായ ഡോക്ടര്‍മാരാലും നഴ്സുമാരാലും
ചുറ്റപ്പെട്ട്,
ദിവ്യസുന്ദരമായ യാത്രാമൊഴികളല്ലാതെ
മറ്റൊന്നുമില്ലാതെ,
ചരിത്രത്തെ ഗൌനിക്കാതെ,
ഈ ലോകത്തെ അതിന്റെ പാട്ടിന് വിട്ട്,
എന്നെങ്കിലുമൊരിക്കല്‍
ആരെങ്കിലുമൊരാള്‍
ഇതെല്ലാം മാറ്റുമെന്ന്
പ്രതീക്ഷിച്ചുകൊണ്ട്.

അശ്ലീലമാകുന്ന ആചാരവെടി !

chithrakaran

കേരളത്തില്‍ ഇപ്പോള്‍ ചത്തുപോകുന്ന പ്രജകളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കണമെങ്കില്‍ പോലീസിന്റെ ആചാരവെടി നിര്‍ബന്ധമായിരിക്കുന്നു ! വെടിയുടെ അകംബടിയില്ലാതെ പരലോകത്തുചെന്നാല്‍ ഒരു വെലയുമില്ലാത്ത അവസ്ഥ ! ഇത്രയും പറഞ്ഞത് ആചാരവെടിയുടെ അകംബടിയുമായി പരലോകത്തെത്തിയ നല്ല മനസ്സുകളോടുള്ള അനാദരവുകൊണ്ടോ, അസൂയകൊണ്ടോ , വൈരാഗ്യംകൊണ്ടോ ഒന്നുമല്ല. നമ്മുടെ സാമൂഹ്യ അപചയങ്ങള്‍ ഔദ്യോഗികമായി ആചാരവല്‍ക്കരിക്കപ്പെട്ട് നാം അറിയാതെത്തന്നെ നമ്മുടെ നശിച്ചുകൊണ്ടിരിക്കുന്ന മൂല്യബോധങ്ങളെ കൂടുതല്‍ വേഗത്തില്‍ നാശം ത്വരിതപ്പെടുത്തുന്ന ...കക്ഷിരാഷ്ട്രീയ പ്രീണനവിദ്യകള്‍ കണ്ടു മടുപ്പനുഭവപ്പെടുന്നതുകൊണ്ട് ചിത്രകാരന്‍ പറഞ്ഞുപോകുന്നതാണ്.

ആചാരവെടിക്കെതിരെ ചിത്രകാരനെന്തിനു പ്രതികരിക്കണം? ആര്‍ക്കുംകഷ്ടനഷ്ടങ്ങളുണ്ടാക്കാത്തതും, ഒരു മാന്യ വ്യക്തിക്ക് മരണാനന്തരം നല്‍കുന്ന ഒരു ബഹുമാനവുമായി നല്‍കുന്ന ആചാരവെടി നിര്‍ദോഷമാണെന്നേ സാധാരണക്കാരന്‍ പറയു. ചിത്രകാരന്‍ സാധാരണക്കാരനല്ലല്ലോ :) ഹഹഹഹഹ...
മരണാനന്തര ചടങ്ങുകളിലെങ്കിലും ഒരു പരിപാവനത, നമ്മളെല്ലാം മണ്ണായിതീരുന്ന തുല്യരായ മനുഷ്യജന്മമാണെന്ന ഒരു തിരിച്ചറിവ്.... ഇതെല്ലാം ഇല്ലാതാക്കുന്നു ഇവന്മാരുടെ വെടി.

യുദ്ധ മുന്നണിയില്‍ വച്ച് കൊല്ലപ്പെടുന്ന ഒരു ധീര ജവാന്റെ മരണാനന്തര ചടങ്ങില്‍ പട്ടാളത്തിന്റെ അച്ചടക്കം വിടാതുള്ള മൃതദേഹത്തെ അവസാനമായി ആദരിക്കുന്ന ചടങ്ങെന്ന നിലയില്‍ ആചാരവെടി ചിത്രകാരന്‍ സഹിക്കും.
തോക്കു താഴെവെക്കാതെ ജാഗരൂഗരായി അച്ചടക്കത്തോടെ രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന പട്ടാളത്തിന്റെ ആചാരവെടിക്ക് ഔചിത്യമുണ്ട്. ഡ്യൂട്ടിക്കിടയില്‍ വീര ചരമം പ്രാപിക്കുന്ന പോലീസുകാരന്റെ ശവസംസ്ക്കാര ചടങ്ങിലും ആചാരവെടിക്ക് സാംഗത്യമുണ്ട്. എന്നാല്‍ സാധാരണ പൌരന്മാരും, കലാകാരന്മാരും, സാഹിത്യ ജീവികളും, പത്രക്കാരും, രാഷ്ട്രീയക്കാരും, ബിസിനസ്സുകാരും, ജാതി-മത വര്‍ഗ്ഗീയ പ്രമുഖരും, കൊട്ടേഷന്‍ അംഗങ്ങളും, കോണ്ട്രാക്റ്റന്മാരും ചത്തുപോകുംബോള്‍ നടത്തുന്ന ആചാരവെടി ഭരിക്കുന്ന കക്ഷിയുടെ വോട്ടുബാങ്ക് പ്രീണനവുമായി ബന്ധപ്പെട്ട പുതിയൊരു ആചാരമാണ്, ഇപ്പോള്‍ അനുഷ്ടാനവും ! ഈ ആചാരവെടി ഇനി വികസിച്ച് വികസിച്ച് എല്ല പൌരന്മാര്‍ക്കും ആചാരവെടിയോടെയുള്ള അന്തിമോപചാരം ജനകീയ അഭിലാക്ഷമായിമാറുമെന്ന് പ്രതീക്ഷിക്കാം.അതിനെത്തുടര്‍ന്ന് ഓരോ പഞ്ചായത്തിലും ആചാരവെടിക്കു മാത്രമായി പോലീസിന്റെ ഒരു സംഘത്തെതന്നെ നിയോഗിച്ച് ധാരാളം യുവാക്കള്‍ക്ക് ജോലികൊടുക്കാനുമാകും. (ഇവര്‍ ഭാവിയില്‍ വെടിശാന്തിക്കാര്‍ എന്ന് അറിയപ്പെടും.) ഭരിക്കാന്‍ കഴിവില്ലാത്ത രാഷ്ട്രീയ കക്ഷികള്‍ക്ക് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇത്തരം ശാന്തിപ്പണികളേ ആശ്രയിക്കേണ്ടിവരുന്നത് സ്വാഭാവികം.

ഒരു കലാകാരനോ, സാഹിത്യകാരനോ, രാഷ്ട്രീയക്കാരനോ, കൊള്ളക്കാരനോ, രാജ്യദ്രോഹിക്കോ, നല്‍കേണ്ട അര്‍ഹിക്കുന്ന മരണാനന്തര ആദരം നമ്മുടെ ജനം എന്നും നല്‍കുന്നുണ്ട്. ജനക്കൂട്ടം അത് നല്‍കുന്നുണ്ട്. അതിനിടയിലേക്ക് അധികാരത്തിന്റെ ചിഹ്നവുമായി, അധികാരത്തിന്റെ അംഗീകാരമുദ്രയുമായി,അധികാരത്തിന്റെ ശബ്ദവുമായി, അധികാരത്തിന്റെ അസമത്വവുമായി നമ്മുടെ ഭരണാധികാരികള്‍ കയറിച്ചെല്ലാന്‍ ധൈര്യപ്പെടുന്നത് നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജന്മിത്വത്തിന്റേയും, നാടുവാഴിത്വത്തിന്റേയും, രാജവാഴ്ച്ചയുടേയും, മാടംബിത്വത്തിന്റേയും സാംസ്കാരിക മൂല്യബോധത്താലാണ്. നമ്മേ ഭരിക്കുന്നത് ആ സാംസ്കാരികതയാണെങ്കില്‍, നമ്മുടെ ജനാധിപത്യവും, സ്വാതന്ത്യവും, പൌരബോധവും, കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ചിന്തകളും അനാഥമായിക്കഴിഞ്ഞിരിക്കുന്നു എന്ന് ചിത്രകാരന്‍ ഓര്‍മ്മിപ്പിക്കുന്നു. നമുക്ക് നമ്മുടെ ആധുനിക മൂല്യങ്ങളെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാം ! പഴയമൂല്യങ്ങളെ വാരിപ്പുണരാം :)

കറിക്കത്തിദാമ്പത്യം


sanathanan


ഉറങ്ങിയാൽ സ്വപ്നം കാണും,
സ്വപ്നത്തിലവളെ കാണും.
ഉറങ്ങാതിരുത്തണം..
ഭാര്യ നിശ്ചയിച്ചു.

ഉറങ്ങരുത്..
ഉറങ്ങിയാൽ തലയറുത്തെടുക്കും..
അവൾ കറിക്കത്തി തലയണയ്ക്കടിയിൽ പാകി..
കണ്ണടച്ചുറങ്ങാൻ കിടന്നു.

ഉറങ്ങിയാൽ തലപോകുമല്ലോ..
ഭർത്താവ് ഉറങ്ങാതിരുന്നു.

ഉറങ്ങില്ല..
ഉറങ്ങിയാലല്ലേ സ്വപ്നം കാണൂ..
സ്വപ്നത്തിലല്ലേയവളെക്കാണൂ..
ഭാര്യസുഖമായുറങ്ങി.

ഉറക്കത്തിൽ സ്വപ്നം കണ്ടു
സ്വപ്നത്തിലവനെക്കണ്ടു
കറിക്കത്തിമോഷ്ടിച്ചവൻ തന്റെ
തലയറുത്തെടുക്കുന്നു..

നിലവിളിച്ചുണർന്നു ഭാര്യ..
ഭയന്നു വിറച്ചു ഭർത്താവ്..
ഉറങ്ങാതിരിക്കുന്നിപ്പോൾ സസുഖം-
കറിക്കത്തിദാമ്പത്യം.

കഥ -കുശിനി


ajith

ചോരച്ചൂര്‌ പാകത്തിന്‌ കലർന്ന സുഖശീതോഷ്ണത്തിൽ യുദ്ധതന്ത്രാലയത്തിലെ കസേരയിൽ പിന്നോക്കം ചാഞ്ഞിരുന്ന പ്രസിഡന്റ്‌ ടൈയൊന്നയച്ചപ്പോഴും വലിഞ്ഞ്‌ മുറുകിയ അക്ഷാംശങ്ങളോ രേഖാംശങ്ങളോ അയഞ്ഞില്ല.
സ്ക്രീനിലെ ഒലിവിലത്താളിൽ തെളിഞ്ഞ വിശുദ്ധവചനം ഡി.ടി.എസ്സിന്റെ ചാലുകളിലങ്ങുനിന്നേ ഇഴഞ്ഞ്‌ വന്ന മണൽക്കാറ്റിലുതിർന്നുപോയി.
മണൽക്കാറ്റിന്റെ തോർച്ചയിൽ നിഴലായി വീശിയെത്തി സ്തംഭിച്ച പീരങ്കിക്കുഴലിന്‌ പിന്നിലായി കവചിത വാഹനത്തിൽ മുഖംമൂടിയണിഞ്ഞിരുന്ന സൈനികനോരാൾ പ്രേക്ഷക മനസ്സിൽ ശക്തമായി മുഖമുയർത്തി. അയാളുടെ ഇടത്‌ കൈ മാസ്കിന്‌ മുന്നിലൊരു ബൈനോക്കുലർ ചേർത്തുവച്ചപ്പോൾ ബീഭത്സതയ്ക്കകമ്പടി വന്ന സ്വനവിന്യാസങ്ങൾ ശബ്ദനാളിയിൽ കുടുങ്ങി മൗനം വമിച്ചു.
"ഭുംംം....."
സ്ക്രീനിന്റെ വലതുവശത്ത്‌ താഴെയായി നിന്ന പീരങ്കിക്കുഴലിന്റെ അഗ്നിസ്ഖലനം പ്രതിരോധ സ്റ്റേറ്റ്‌ സെക്രട്ടറിയുടെ ഇടുപ്പെല്ലുകൾക്കിടയിലൊരു സീൽക്കാരത്തെ ഉറക്കമുണർത്തി.
"ഡാം ദെം....ഡാം ദെം....."
പീരങ്കിപ്പുകയിൽനിന്നു മെല്ലെ അനാവൃതമാകുന്ന പൗരുഷത്തിന്റെ വന്യതയിൽ സ്റ്റേറ്റ്‌ സെക്രട്ടറിയുടെ വെമ്പുന്ന പെണ്മ വാക്കായ്‌ മദിച്ചു.
പ്രോപ്പഗണ്ടാ സെക്രട്ടറി സൗണ്ട്ട്രാക്ക്‌ ഓഫ്‌ ചെയ്തു.
"സീ, ഡബ്ല് ഇംപാക്ട്‌ മൈനസ്‌ സൗണ്ട്‌ സ്റ്റിൽ ഗീവ്സ്‌യു ഹെവി ഇംപാക്ട്‌"
സ്ക്രീനിൽ നിശ്ശബ്ദതയുടെ പാളികൾക്കിടയിലെ ശൂരപരാക്രമങ്ങളിൽ നിഴൽചേർന്ന അപഹാസ്യതയിൽ പ്രസിഡന്റിന്റെ മനസ്സുരഞ്ഞു.
"സംതിങ്ങ്‌ സോംബർ ഷുഡ്ബി ആഡഡ്‌"
"ഓകെ. വി ഹാവ്‌ എ ലോട്ട്‌ ടു ചൂസ്‌ ഫ്രം."
വിഭിന്നങ്ങളായ മുഖാവരണങ്ങളിൽ പ്രാണൻ പൊതിഞ്ഞ്‌ പോരിലെ ദുർമ്മുഖങ്ങൾ സ്ക്രീനിൽ നാടകീയമായി തെളിയുകയും യുദ്ധഗതിയിൽ മുങ്ങി മറയുകയും ചെയ്തു.
കൺതടങ്ങളിൽ കറുപ്പ്‌ മെഴുകിയവ.
മുഖത്ത്‌ കരിവിരൽ വര പുരണ്ടവ.
പട്ടിമുഖം പോലെ. പന്നിമുഖം പോലെ.
ഓരോന്നിലും വട്ടുകെട്ടിയ ദുഃഖഛവി.
"ഓകെ ചൂസ്‌ ദാറ്റ്‌ എക്സ്പ്രസ്സസ്‌ ദ മോസ്റ്റ്‌."
അടുത്ത ഭാഗത്തിലേക്കെന്ന്‌ പ്രസിഡന്റ്‌ വാക്ക്‌ ചൂണ്ടി.
"ദ ഹൗൾ"
സ്ക്രീനിൽ തിരക്കിന്റെ ലയത്തിലാഴ്‌ന്ന നഗരത്തിനുമേൽ വിടർന്ന ടൈറ്റിൽ ധൂളിയായ്പ്പറഞ്ഞുമറന്നു.
ആശങ്കയുടെ പകളിലേക്ക്‌ മരണപ്പാച്ചിലിന്റെ അണയറുത്ത മൃത്യുഭേരിയായി സൈറൺ.
ബ്രേക്കിനിടയിൽപ്പെട്ട്‌ വേഗത്തിന്റെ കഴുത്തമർന്ന വണ്ടികളുടെ നിലവിളി.
ഹാന്റ്ബാഗിൽ നിന്നും കാറിന്റെ സീറ്റിൽനിന്നും മടിശ്ശീലയിൽനിന്നും മുഖത്തേയ്ക്കുള്ള കൈയെത്തുംദൂരം താണ്ടാൻ മാസ്കുകളുടെ ഹർഡിൽസ്‌ കുതിപ്പുകൾ.
സെക്യൂരിറ്റിഗാർഡുകളുടെ പരക്കംപാച്ചിൽ
ഷോപ്പിംഗ്‌ കോമ്പ്ലക്സിലെ മാസ്ക്‌ കൗണ്ടറിനുമുന്നിൽ തിക്കും തിരക്കും. നിലവിളികൾക്ക്‌ മീതെ നിലവിളികളുമായി സൈറൺ.
ക്യാമറ നൊടിയിടയിൽ കാഴ്ചകളിലൂടെ തെന്നിമറിഞ്ഞ്‌ തിരിച്ചെത്തുമ്പോഴേക്കും നഗരമാകെ മുഖംമൂടികളുടെ തിക്കും തിരക്കും. കുഞ്ഞിനോടൊപ്പം മുഖംമൂടിയില്ലാതെ വിതുമ്പുന്ന അമ്മയിലും തിരകക്കിനെ വകഞ്ഞ്‌ മാറ്റി അവരിലേക്ക്‌ മുന്നേറുന്ന സുരക്ഷാഭടനിലും ക്യാമറ മാറിമാറി കണ്ണോടിക്കുമ്പോഴേക്കും അയാൾ കൈയിലുയർത്തിയ മാസ്കുമായി അമ്മയുടെ അരികിലെത്തുന്നു. വിഷവാതകം പ്രാണനിൽ പിണയുന്നതിനുമുമ്പേ മാസ്കിലൊളിച്ച അമ്മയുടെയും കുഞ്ഞിന്റെയും കൃതാർത്ഥതയിൽ സൈനികനുയർത്തിയ പതാക പാറിക്കളിക്കവേ സൈറൺ പതിഞ്ഞുതാഴ്‌ന്നു.
"ഗുഡ്ഡ്‌" പ്രസിഡന്റ്‌ മുഖ്യ പ്രചാരകനെ നോക്കി. "ഹൗഡിഡ്‌ യു മാനേജ്‌ ടു ഡു സച്ച്‌ മാർവലസ്‌ മിശ്ചീഫ്‌?"
"ബൈ ആസിഡ്‌ സംതിങ്ങ്‌ ടു ആന്റ്‌ മൈനസിങ്ങ്‌ സംതിങ്ങ്‌ ഫ്രം എ വുൾഫ്സ്‌ ഹൗൾ"
മുഖ്യപ്രചാരകൻ പെരുംകുരുത്തക്കേടിന്റെ പൊരുളഴിച്ചു.
സ്ക്രീനിൽ പ്രൗഢശാന്തമൊരു ഓയിൽ റിഗ്‌.
ക്യാമറയുടെ കണ്ണിലും കടക്കണ്ണിലും പതിഞ്ഞ എണ്ണക്കുഴലുകളുടെ ശിൽപവിന്യാസം കണ്ടിരുന്നവരുടെ സിരാപടലങ്ങളിൽ ആസക്തി പുള്ളിപ്പുലിക്കൂട്ടങ്ങളായി കൂത്താടി.
കോശങ്ങളോരോന്നിലും ജ്വലനസന്നദ്ധമെന്ന ആർത്തിരമ്പിൽ എന്നെയുംകൂടൊന്ന്‌ കൊണ്ടുപോകൂ എന്ന മുറവിളി.
സ്ക്രീനിലൂടെ അവസാന ടൈറ്റിലും ഒഴുകി മാഞ്ഞു.
"സർ, ദിസ്‌ ഈസ്‌ ജസ്റ്റ്‌ ഏ ഹാൻഡ്‌ ഫുൾ ഫ്രം ദി ഇൻടെൻഡഡ്‌ വാർ ബ്രോഡ്കാസ്റ്റ്‌" വീഡിയോ ർറൂമിലെ തെളിഞ്ഞ വിളക്കുകളെ സാക്ഷി നിർത്തി പ്രചാരണ സെക്രട്ടറി പ്രസിഡന്റിനോട്‌ പറഞ്ഞു.
"മേ ബി യൂ ഹാവ്‌ ഫോർസീൻ തിങ്ങ്സ്‌ എക്സാട്ലി" പ്രസിഡന്റിന്റെ പ്രശംസ ഊഷ്മളമൊരു ഹസ്തദാനമായി. പുറത്തെ പുൽത്തകിടിയിൽ മാധ്യമപ്രവർത്തകർക്ക്‌ മുന്നിൽ യുദ്ധ സന്നാഹങ്ങളെ പ്രസിഡന്റ്‌ ഷെർലക്‌ ഹോമിയൻ തല വാചകത്തിലൊതുക്കി.
"ഇറ്റ്സ്‌ ദി കേസ്‌ ഓഫ്‌ എ മിസ്സിങ്ങ്‌ ഗ്യാസ്‌."
ന്യൂയോർക്കിലെ കുടുസ്സുകളിലൊന്നിൽ രാകിമിനുങ്ങുകളായിരുന്ന വിശപ്പ്‌ പ്രസരണി ചൊരിഞ്ഞ വെണ്ണവാക്കുകളിലേക്ക്‌ പിഞ്ചിത്തുടങ്ങിയ കോട്ടിനുള്ളിൽ ചാഞ്ഞിരുന്ന ഊരകല്ലിന്മേലമർന്നു.
"ആന്റ്‌ എ സ്നിഫിങ്ങ്‌ മാസ്ക്‌"

എഡിറ്റോറിയൽ


mathew nellickunnu


മഴക്കാലം

അമേരിക്കയിലാണെങ്കിൽപോലും മഴ ഇന്നും എനിക്കേറ്റവും പ്രിയപ്പെട്ടതാണ്‌. കേരളത്തിലായിരുന്നപ്പോൾ മീനം മേടം മാസങ്ങളിലെ കടുത്ത ചൂടിനുശേഷം വന്നണഞ്ഞിരുന്ന പുതുമഴ എനിക്കെന്നും ഒരനുഭവമായിരുന്നു. പുതുമഴത്തുള്ളികൾ ഉണങ്ങിവരണ്ട മണ്ണിൽ വന്നുപതിക്കുമ്പോൾ പതഞ്ഞുയരുന്ന കൊതിപ്പിക്കുന്ന മൺമണവും, ചാഞ്ഞമഴ ഇലത്തുമ്പുകളിലും തോട്ടുവെള്ളത്തിലും പതിക്കുമ്പോൾ ഉണ്ടാകുന്ന സംഗീതവും, കാറ്റിന്റെ താളമേളങ്ങളും, തവളകളുടെ കരച്ചിലും, ഈയലുകളും മഴമേഘപ്പക്ഷിയും നൃത്തംവയ്ക്കുന്ന ആകാശവും നോക്കിയിരിക്കുക എന്നത്‌ എനിക്ക്‌ ഹരമായിരുന്നു. മഴവെള്ളത്തിൽ കടലാസുതോണിയുണ്ടാക്കിക്കളിക്കുന്നതും കുട്ടിക്കാലത്ത്‌ എന്റെയൊരു വിനോദമായിരുന്നു. ഇവയെല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുകയാണ്‌.

സ്കൂൾതുറക്കുന്ന ദിവസംതന്നെ വന്നണഞ്ഞിരുന്ന കാലവർഷപ്പെയ്ത്തിൽ പുത്തനുടുപ്പും പാഠപുസ്തകങ്ങളും പാതി നനഞ്ഞും, ഒരു കുടക്കീഴിൽ മൂന്നും നാലും കൂട്ടുകാരോടൊത്ത്‌ വെള്ളം തട്ടിച്ചിതറിച്ചുകൊണ്ട്‌ സ്കൂളിലേക്ക്‌ പോയിരുന്നകാലം ഇന്നുമെനിക്ക്‌ നിറം പിടിപ്പിച്ച ഓർമ്മകളാണ്‌. എന്റെ ചെറുപ്പകാലത്ത്‌ കനത്ത കാലവർഷം ഒരു പതിവനുഭവംതന്നെയായിരുന്നു. വനനശീകരണത്തിലൂടെ പ്രകൃതിയുടെ താളംതെറ്റിയതിനാൽ ഇന്ന്‌ മഴകുറഞ്ഞു. കാരണവന്മാർ പറഞ്ഞിരുന്ന 15 ദിവസം നീണ്ടുനിൽക്കുന്ന ഇടവപ്പാതിമഴയും, തോരാതെപെയ്യുന്ന മഴയിൽ തോടും പാടവും നിറഞ്ഞൊഴുകുന്ന കർക്കിടവും, മിന്നൽപ്പിണറുകളാലും ഇടിമുഴക്കത്താലും ഭയന്നുവിറച്ചിരുന്ന തുലാവർഷവും ഇന്ന്‌ പഴയതുപോലെ കൃത്യസമയങ്ങളിൽ വന്നണയാറില്ല. മഴയ്ക്കും താളംതെറ്റിയിരിക്കുന്നു.

2004 മാർച്ചിൽ അവിചാരിതമായി എനിക്ക്‌ കേരളത്തിൽ വരേണ്ടിവന്നു. അന്ന്‌ കേരളം മുഴുവൻ വരൾച്ചയുടെ പിടിയിലമർന്നിരിക്കുകയായിരുന്നു. കുടിവെള്ളത്തിനുപോലും ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്ന സമയം. ഭൂഗർഭജലവിതാനം താഴ്‌ന്നതിനാൽ കുഴൽക്കിണറുകളിൽപോലും വെള്ളം വറ്റിയിരുന്നു. ആളുകൾ കൂട്ടുംകൂട്ടമായി ജലം ശേഖരിക്കാൻ പ്ലാസ്റ്റിക്‌ ടാങ്കുകളും മറ്റുമായി വാഹനങ്ങളിൽ മൂവാറ്റുപുഴയാറിൽ എത്തുന്ന കാഴ്ച എന്നെ അത്ഭുതപ്പെടുത്തി.

പഴയകാലം എന്റെ ഓർമ്മകളിലെത്തി. അന്നൊരിക്കൽപോലും വെള്ളത്തിനുവേണ്ടി ആളുകൾ അലയുന്നത്‌ കണ്ടിട്ടില്ല. എങ്ങും എവിടെയും ജലസമൃദ്ധിയായിരുന്നു. മഴനനഞ്ഞ്‌ മാമ്പഴവും കശുവണ്ടിയും പെറുക്കി, മഴവെള്ളത്തിൽ കുളിച്ചുകുളിച്ച്‌ മഴയെ കൂസാതെ നടന്നിരുന്ന ആളുകൾക്ക്‌, അന്തരീക്ഷമലിനീകരണംമൂലം ഏറ്റവും ശുദ്ധമെന്ന്‌ കരുതിയിരുന്ന മഴവെള്ളത്തെപ്പോലും ഭയമാണിപ്പോൾ.

കാലവർഷാരംഭത്തോടുകൂടി പുഴയിൽനിന്നും ധാരാളം മത്സ്യങ്ങൾ തോടുകളിലൂടെ മുട്ടയിടുന്നതിനായി പാടത്തെത്താറുണ്ടായിരുന്നു. അവിടെ നിറഞ്ഞുകിടക്കുന്ന വെള്ളത്തിലൂടെ അവ ഓളങ്ങൾ ഓളങ്ങൾ സൃഷ്ടിച്ച് പാഞ്ഞു നടക്കുന്ന കാഴ്ച കാണേണ്ടതുതന്നെയായിരുന്നു. ഇവയെ പിടിക്കുവാൻ ആളുകൾ വലകളും മീൻകൂടുകളും മറ്റുമായി പാടത്തുകൂടും. എല്ലാവർക്കും കൈനിറയെ മീനുകളെ കിട്ടുകയും ചെയ്യും. ഇപ്പോഴോ, കർക്കിടകത്തിലും ഇടവപ്പാതിയിലുംപോലും പുഴയിലും തോടുകളിലും വെള്ളം നന്നേകുറവാണ്‌.


ആകാശത്തുനിന്നും പെയ്തിറങ്ങുന്ന മഴയുടെ സംഗീതവും അതിന്റെ തണുപ്പും കേൾക്കുവാനും അനുഭവിക്കുവാനും എനിക്കിന്നും കൊതിയാണ്‌. കുഞ്ഞായിരുന്നപ്പോൾ കോരിച്ചൊരിയുന്ന മഴയിലൂടെ അമ്മയുടെ കൈപിടിച്ച്‌ പള്ളിയിലേക്കും ആശാൻകളരിയിലേക്കും പോയിരുന്ന ആ കാലം ഇന്നും ഓർമ്മയിൽ തെളിയുന്നു.

ഒരു സുവർണ്ണ സ്വപ്നം


chathanath achyuthanunni

ചരിത്രത്തിന്റെ ചക്രച്ചുറ്റിൽ
ചിതറിത്തെറിച്ച ഒരു തീപ്പൊരി
വീണ്ടും ആത്മാവിൽ ആളിപ്പടരുന്നു

ഇരുളടഞ്ഞ പാതാളത്തിന്റെ
ഇടവഴികളിൽ അലഞ്ഞു നടന്ന ഒരു ദിവാസ്വപ്നം
വീണ്ടും ജീവനിൽ പൂത്തുവിരിയുന്നു

ഓരോ കാലവർഷച്ചതിയുടേയും അറുതിയിൽ
ആകാശത്തിന്റെ പരിഹാസച്ചിരിയായി
മഞ്ഞവെയിലുകൾ തെളിയുമ്പോൾ
ഒരു വഞ്ചനയുടെ പുണ്യപുരാണം
ചുരുളഴിയുന്നു....

ദാനനീർക്കിണ്ടിയുടെ മുരലിൽക്കൂടി
ഒഴുകിവീണ ചോരത്തുള്ളികളിൽ
ധർമ്മവും അധർമ്മവും അലിഞ്ഞുചേർന്ന്‌
തിരച്ചറിയാതാവുന്നു....

വിണ്ടലങ്ങളിൽ ഉരുണ്ടുപെരുകിയ
കറുത്തിരുണ്ട ദുരന്തം
അതിരില്ലാത്ത സ്വപ്നഭൂമികളെ
അബോധത്തിലേക്കു ചവിട്ടിത്താഴ്ത്തുന്നു...

ഉടഞ്ഞുതകർന്ന കിരീടമണികൾക്കു മുകളിൽ
ചിതറിനുറുങ്ങിയ മണിമാലകൾക്കു മുകളിൽ
ആയിരം ഇന്ദ്രചാപകിരണങ്ങൾ
പൂത്തുവിരിയുന്നു.

ദിനരാത്രങ്ങളുടെ ആരക്കാലുകളുയർന്നും താഴ്‌ന്നും
കാലത്തിന്റെ തേർച്ചക്രങ്ങൾ
നിമ്നോന്നതമായ ഹൃദയരഥ്യയിലൂടെ
ഉരുണ്ടുനീങ്ങുമ്പോൾ
പൂത്തുലഞ്ഞ പ്രാചീനമായ ഇന്ദ്രചാപങ്ങളിൽ
ഓരോ വസന്തവും ഞെട്ടിയുണരുന്നു....

ഓരോ കാലവർഷച്ചതിയുടേയും
അറുതിയിൽ
ചരിത്രത്തിന്റെ ചക്രച്ചുറ്റിൽ
ചിതറിത്തെറിച്ച ഒരു തീപ്പൊരി
അന്തരാത്മാവിൽ ആളിപ്പടരുന്നു.

ഇണചേരുന്ന ധർമ്മാധർമ്മങ്ങളുടെ
നിത്യരഹസ്യം
കൊഴിഞ്ഞുപോയ ദിവസം പോലെ
ഉതിർന്നുവീണ കുന്നിമണിപോലെ
അടർന്നുതെറിച്ച ഭൂമിയെപ്പോലെ
പാതി കറുത്തും പാതി ചുവന്നും

ഇരുണ്ട പാതാളഗഹ്വരങ്ങളിൽ
ഒരു വസന്തത്തിന്റെ ഇടിമുഴക്കം
തിളങ്ങുന്ന മകുടമാണിക്യങ്ങളുടെ
ശോണസൗന്ദര്യചലനം.

ആകാശഭൂമികളിൽ ഞാണേറ്റി
ആകർണ്ണം കുഴിച്ച കുലവില്ലിൽ
മന്ദ്രഗംഭീരമായ യുഗസംഗീതം

അനന്തവിചിത്രമായ
വർണ്ണഗന്ധതാളങ്ങളിൽ
ഒരു സുവർണ്ണസ്വപ്നം.

കന്നിമാസം


sathar adoor

എന്താണെന്നറിയില്ല
വല്ലാത്തൊരു
ചൊറച്ചല്‌

ഉള്ളിലൊരു
പുകച്ചില്‌

ഒരുറക്കക്കുറവ്‌...

ഒരുമാതിരി
ഒരിത്‌...

ആരോട്‌ പറയും?
തിരിഞ്ഞും
മറിഞ്ഞും
എത്രനേരം കിടക്കും ?

കഥ -നാലമ്പലത്തിന്റെ നൊമ്പരം -2



praphullan tripunithura

ചെണ്ടയും ചേങ്ങിലയും ഒരുമിച്ചു കൊണ്ടുനടക്കുകയും, എടയ്ക്ക കൊട്ടിപാടുകയും ശംഖുവിളിയ്ക്കുകയുമൊക്കെ ചെയ്യുന്ന ആ ക്ഷേത്രകലാകാരൻ മാസത്തിലൊരിയ്ക്കൽ ആ അന്തരീക്ഷത്തിനു ഉണർവ്വേകുന്നു. ക്ഷേത്രവാദ്യങ്ങളുടെ ശംഖൊലി ഉയരുമ്പോൾ അടുത്തുള്ള എല്ലാ വീട്ടുകാരും ഓർക്കും, നാളെ പുതിയ മാസം പിറക്കുകയാണ്‌.

ഏതെങ്കിലും ഒരു മാസത്തിൽ അയാൾ തന്റെ ജോലിയ്ക്കെത്താത്തത്തായി ആ ഗ്രാമവാസികൾക്കു അറിവില്ല. മഴയായാലും മഞ്ഞായാലും വേനലയാലും കൗപീനവും ഇറക്കംകുറഞ്ഞ ഒരൊറ്റമുണ്ടും മാത്രം ധരിച്ച്‌ അയാൾ ഭഗവൽസേവയ്ക്കെത്തും. ആ ഗ്രാമവാസികൾക്കു അയാളെക്കുറിച്ച്‌ ഇത്രമാത്രമറിയാം; ഇരുപതോ മുപ്പതോ നാഴികകൾക്കപ്പുറത്തെങ്ങോ ഉള്ള കിഴക്കേടത്തു മാരാത്തെ അംഗമാണയാൾ. അവിവാഹിതനാണ്‌. അമ്മയും വിധവയായ സഹോദരിയും അവരുടെ കുട്ടിയുമാണ്‌ വീട്ടിലുള്ളത്‌. ഇതൊക്കെ മാരാർതന്നെ പറഞ്ഞുകേട്ട അറിവാണ്‌. അയാൾ അവിവാഹിതനായി തുടരുന്നതിനെപ്പറ്റി പലരും അന്വേഷിക്കുമായിരുന്നു. അവിടത്തെ ഷാരസ്യാരും അതേപ്പറ്റി തിരക്കിയിരുന്നു. വ്യക്തമായി ഒരു മറുപടി പറയാതെ അപ്പോഴെല്ലാം അയാൾ ഒഴിഞ്ഞുമാറി. പക്ഷേ ഒരുകാര്യം അയാൾ പറയുമായിരുന്നു:- മാസത്തിലൊരിയ്ക്കൽമാത്രമുള്ള ഈ ജോലികൊണ്ട്‌ എങ്ങനെയാണ്‌ ഒരു കുടുംബം പുലർത്തുക? ഇതുകൂടാതെ വീടിരിയ്ക്കുന്ന കൊച്ചുപുരയിടത്തിൽനിന്ന്‌ ഒന്നും കിട്ടാനില്ല!'
ഒരു ദിവസം ഷാരസ്യാർ പതിവിലും നേരത്തെ ഉണർന്നു. ഒന്നുകൂടി ഉറങ്ങിയാൽ ഉണരുമ്പോൾ നേരം നന്നേ വെളുത്തുപോകും. ശരറാന്തലും തൂക്കി അവർ ക്ഷേത്രത്തിലേയ്ക്കു പുറപ്പെട്ടു. തമസ്സിന്റെ വാഴ്ചയാണെങ്ങും, ക്ഷേത്രം തുറന്നിട്ടില്ല. നാലമ്പലത്തിന്റെ ഒരു മൂലയിലുള്ള മരപ്പാളികൾക്കിടയിലൂടെ നോക്കിയപ്പോൾ അവർ ഞെട്ടിപ്പോയി. അരണ്ട നാട്ടുവെളിച്ചത്തിൽ അവർ വ്യക്തമായി കണ്ടു-സംക്രാന്തിമാരാർ ഉത്തരത്തിൽ കാലുകൾ പിണച്ച്‌ തലകീഴായി തൂങ്ങിക്കിടക്കുന്നു. അവർക്ക്‌ വീണ്ടും നോക്കാൻ ശക്തിയുണ്ടായില്ല. ഒരലർച്ചയോടെ അവർ താഴെവീണു. ബോധരഹിതയായി.
ഓർമ്മവീണപ്പോൾ ഷാരസ്യാരുടെ മുമ്പിൽ ഒരു വിളറിയ ചിരിയോടെ മാരാർ നിൽക്കുന്നു. അയാൾ അവരെ വീശുകയും മുഖത്തു വെള്ളം തളിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവർ കാര്യമെന്തെന്നു തിരക്കി. അയാൾ പറഞ്ഞു.

"അങ്ങിനെ തലകീഴായി തൂങ്ങിക്കിടന്നാണ്‌ ഞാനുറങ്ങുക. പണ്ടൊക്കെ തൂങ്ങിക്കിടന്നു പുളയാറുണ്ട്‌. ഇപ്പൊഴതുമാറി. ഇതു ഒരു രോഗമാണ്‌. ഇക്കാര്യം ആരോടും പറയരുത്‌. പറഞ്ഞാൽ എന്റെ പണിപോകും."
....അപ്പോഴേയ്ക്കും ഉദയത്തിന്റെ ചുവന്ന വെണ്മപതുക്കെ പരന്നു തുടങ്ങിയിരുന്നു.
അതുപോലെ ഒരുദിവസം രാത്രി ഉണ്ണിനമ്പൂതിരി പൂജകഴിഞ്ഞ്‌ പോയതിനുശേഷം പതിവിനു വിപരീതമായി ക്ഷേത്രത്തിലേയ്ക്കുതന്നെ മടങ്ങിവന്നപ്പോൾ മാരാർ കാൽ മേൽപ്പോട്ടാക്കി കൈകളിൽ നിൽക്കുകയായിരുന്നു. ഉത്തരശയനത്തിന്റെ തയ്യാറെടുപ്പ്‌. അദ്ദേഹവും കാര്യം തിരക്കി. ശീർഷാസനം എടുക്കുകയാണെന്നു മാരാർ പറഞ്ഞപ്പോൾ ഉണ്ണിനമ്പൂതിരിയ്ക്കു സംശയിക്കാനൊന്നും തോന്നിയില്ല.
പിന്നീടൊരുദിവസം, മറ്റൊരു സംക്രാന്തിദിവസം അവിടത്തുകാരനായ ഒരു മോഷ്ടാവു ഓടുപൊക്കി ക്ഷേത്രത്തിനകത്തുകടന്നു. (സംക്രാന്തിയും ഒന്നാം തീയതിയുമാണ്‌ ഭഗവതിയ്ക്കു തിരുവാഭരണങ്ങൾ ചാർത്തുക) തൂങ്ങി നിൽക്കുന്ന മാരാരുടെ ശരീരംകണ്ട്‌ മോഷ്ടാവ്‌ ഭയന്നോടി. അതിനുശേഷം സംക്രാന്തി ദിവസങ്ങളിൽ മാരാർ ക്ഷേത്രത്തിനകത്തു തലകീഴായി തൂങ്ങിക്കിടക്കുകയാണെന്നവാർത്ത ആ നാട്ടിൻപുറത്തു ചിലരെങ്കിലും അറിഞ്ഞു. പലരും വളരെ രഹസ്യമായി കാര്യം തിരക്കി. ആരും ആ വാർത്ത മനയ്ക്കൽ അറിയിക്കാൻ ധൈര്യപ്പെട്ടില്ല.

ഒരുദിവസം വളരെ അകലെയുള്ള മറ്റൊരു പട്ടണത്തിൽനിന്നും ഒരാൾ ക്ഷേത്രത്തിനോടു തൊട്ടുള്ള വളപ്പുവാങ്ങുന്നതിനായി മനയ്ക്കലെത്തി. ക്ഷേത്രംകൂടി പരിപാലിച്ചു പോരണമെങ്കിൽ അടുത്തുള്ള ആ സ്ഥലം വിൽക്കാതെ നിവൃത്തിയില്ലായിരുന്നു. ആൾ വന്നത്‌ വിശേഷപ്പെട്ട സംക്രാന്തിദിനത്തിൽത്തന്നെ. യാദൃശ്ചികമായി വന്ന ആൾ മാരാരെ കണ്ടു. രണ്ടുപേരും പഴയ പരിചയക്കാരായിരുന്നു. വളരെനേരം സംസാരിച്ചു. അപ്പോൾ ആ പഴയ സംഭവം രണ്ടുപേരുടെയും മനസ്സിന്റെ സ്ക്രീനിലൂടെ കടന്നുപോയി. തൃപ്പൂണിത്തുറയിലെ ഒരു ഹോട്ടലുടമയായിരുന്നു അയാൾ. പണ്ട്‌ അയാളുടെ ഹോട്ടലിൽ, സപ്ലെ, ക്ലീനിംഗ്‌ തുടങ്ങി എല്ലാ ജോലികളും മാരാർ ചെയ്തിരുന്നു. ണല്ലോരു പാചകക്കാരനും കൂടിയായിരുന്നു മാരാർ. വിശ്വസ്ഥനും കാര്യക്ഷമതയുള്ളവനുമായ മാരാരെ ഹോട്ടലുടമയ്ക്കു നന്നേ ഇഷ്ടമായിരുന്നു. പക്ഷേ ഒരു ദിവസം അർദ്ധരാത്രിയിലുണ്ടായ ആ സംഭവം ഒരു ഞെട്ടലോടെ മാത്രമേ അവർക്കു ഓർക്കാനാവൂ. അദ്ദേഹം രാത്രി കടയടച്ചശേഷം മറ്റൊരു സുഹൃത്തുമായി ഉത്സവം കാണാൻ പോയതായിരുന്നു. മടങ്ങുംവഴി തന്റെ അടച്ചിട്ട കടയുടെ ഉള്ളിൽനിന്നും തട്ടുംമുട്ടുംകേട്ടു. അയാൾ പീടികയുടെ നിരപ്പലകയുടെ ഇടയിലൂടെ നോക്കിയപ്പോൾ മാരാർ ഉത്തരത്തിൽ തലകീഴായി കിടന്നു വില്ലുപോലെ വളയുകയും പലകമേൽ കൈമുട്ടുകൾകൊണ്ട്‌ ഇടിയ്ക്കുകയുമൊക്കെ ചെയ്യുന്നതാണു കണ്ടത്‌. ഹോട്ടലുടമ ഒച്ചയുണ്ടാക്കി. ആളുകൾ ഓടിക്കൂടി. ഇതൊരു സ്ഥിരംപതിവാണെന്നും ഒരു രോഗമാണെന്നും മാരാർക്കു തുറന്നു സമ്മതിയ്ക്കേണ്ടി വന്നു. ഏതായാലും കണക്കു തീർത്തു പിറ്റേന്നുതന്നെ മാരാരെ അവിടെനിന്നും പറഞ്ഞുവിട്ടു. ചികിത്സയ്ക്കായി കുറച്ചു സംഖ്യയും കൊടുത്തു. പോകുമ്പോൾ മാരാർ കണ്ണുതുടച്ചുകൊണ്ടു പറഞ്ഞു:...." ഇത്‌ ഏഴാമത്തെ സ്ഥലത്തുനിന്നാണ്‌ ഇതേ കാരണത്താൽ എന്നെ ഒഴിവാക്കിവിടുന്നത്‌...."
പിറ്റേമാസത്തെ സംക്രാന്തിയ്ക്ക്‌ പതിവുപോലെ ക്ഷേത്രത്തിൽ ചെന്നപ്പോൾ ഉണ്ണിനമ്പൂതിരി പതിവില്ലാത്തവിധം തന്നെ ശ്രദ്ധിയ്ക്കുന്നുണ്ടെന്നുതോന്നി. സന്ധ്യയ്ക്കു ഷാരസ്യാർ വന്നപ്പോൾ പറഞ്ഞു: 'മാരാരുടെ തലകീഴായുള്ള ശയനത്തിന്റെ കാര്യം മനയ്ക്കൽ അറിഞ്ഞിരിയ്ക്കുന്നു. സ്ഥലം വാങ്ങാൻ വന്ന ഹോട്ടലുടമയാണു പറഞ്ഞത്‌.'

രാത്രി ഊണുകഴിഞ്ഞപ്പോൾ മനയ്ക്കലെ വലിയ നമ്പൂതിരി മാരാരെ വിളിപ്പിച്ചു. ഈ കാര്യത്തെപ്പറ്റി മാരാരോട്‌ നേരിട്ടുതന്നെ ചോദിച്ചു. ആ ചോദ്യത്തിനു ഒരു ഇടിവെട്ടിന്റെ ശബ്ദമുണ്ടെന്നു മാരാർക്കുതോന്നി; എട്ടാമത്തെ ജോലിസ്ഥലത്തുനിന്നും തന്നെ പിരിച്ചുവിടുമോ? അയാൾ നടയ്ക്കൽ പോയി പ്രാർത്ഥിച്ചു; താൻ ശംഖുവിളിച്ചുണർത്തിയും കൊട്ടിപ്പാടിക്കൊണ്ട്‌ അപദാനങ്ങൾ വാഴ്ത്തിയും പ്രദക്ഷിണത്തിനു വാദ്യഘോഷങ്ങളൊരുക്കിയും നിരവധി വർഷങ്ങൾ സേവിച്ച ഭഗവതിയോട്‌, ആരോഗ്യം നന്നേ ക്ഷയിച്ചുതുടങ്ങിയ ഈ കാലത്ത്‌ ഇനിയും മറ്റൊരു സ്ഥലത്തുപോയി ജോലി സമ്പാദിക്കാനും പ്രവൃത്തിയെടുക്കാനും തനിക്കുവയ്യ. ഈ ജോലികൂടി നഷ്ടപ്പെടാൻ താനെങ്ങോട്ടു പോകും? തന്റെ അമ്മയും സഹോദരിയും മരുമകളും എന്തുചെയ്യും?

അടുത്ത പ്രഭാതം വിരിയുന്നതിനു മുമ്പ്‌ ശാന്തിക്കാരനും ഷാരസ്യാരും പതിവുപോലെ വന്നുചേർന്നു. ക്ഷേത്രത്തിന്റെ വാതിൽ അകത്തുനിന്നും കുറ്റിയിട്ടിരുന്നില്ല. പള്ളിയുണർത്തൽ ഉണ്ടായില്ല. ക്ഷേത്രത്തിനകത്തു മുഴുവൻ അവർ അന്വേഷിച്ചു. മാരാരെ കണ്ടില്ല...കിണറ്റിൽനിന്നും ജലമെടുക്കാൻ നോക്കിയപ്പോൾ ബക്കറ്റുമാത്രമുണ്ടവിടെ; കയർ കാണാനില്ല. ശ്രീകോവിൽ തുറന്നു പതിവുപോലെ വിളക്കുവച്ചശേഷം ഉണ്ണിനമ്പൂതിരി ടോർച്ചുമായി നാലമ്പലത്തിനുപുറത്തും മാരാരെ തിരക്കി. എങ്ങും കണ്ടില്ല. ശ്രീകോവിലിനു മുമ്പിൽ കെട്ടിത്തൂക്കിയിട്ടിരുന്ന 'ഇടയ്ക്ക' ചരടുപൊട്ടി താഴെ വീണുകിടക്കുന്നു....ഇന്നലെ അത്താഴപ്പൂജയ്ക്കും അത്‌ മന്ദ്രസംഗീതം പൊഴിച്ചതാണല്ലോ!
ക്ഷേത്രസങ്കേതത്തിനു പുറത്ത്‌ ഹോട്ടലുടമയ്ക്കു വിൽക്കാൻപോകുന്ന സ്ഥലത്ത്‌ അതിരിലുള്ള ഒരു പ്ലാവിൻ കൊമ്പിൽ സംക്രാന്തിമാരാരുടെ ചേതനയറ്റ ശരീരം തൂങ്ങിക്കിടന്നു; തലകീഴായല്ല-തല മുകളിലേയ്ക്കായി!

........പണ്ട്‌ സംക്രാന്തിദിവസം ഉണ്ടാകാറുള്ള പതിവുവാദ്യങ്ങൾ ഇപ്പോൾ ആ ക്ഷേത്രത്തിലില്ല. വർഷത്തിൽ രണ്ടോ മൂന്നോ വിശേഷാവസരങ്ങളിലേയ്ക്കു മാത്രമായി അതു ചുരുങ്ങിപ്പോയിരിക്കുന്നു. പക്ഷേ, ഇന്നും അർദ്ധരാത്രിക്കുശേഷം ആ ക്ഷേത്രപരിസരത്തുകൂടെ ഏകനായി യാത്ര ചെയ്യേണ്ടിവന്നാൽ ഇടയ്ക്കകൊട്ടുന്നതിന്റേയും ശംഖുവിളിക്കുന്നതിന്റെയും സ്വരം കേൾക്കാമത്രെ! സംക്രാന്തിദിവസം രാത്രിയിൽ നാടൻബീഡിയുടെ ഗന്ധം ആ ക്ഷേത്രാന്തരീക്ഷത്തിന്റെ പ്രത്യേകതയാണെന്നും ആ ഗ്രാമവാസികൾ വിശ്വസിച്ചുപോരുന്നു.

കഥ -നാലമ്പലത്തിന്റെ നൊമ്പരം -1


praphullan tripunithura
പരിഷ്കാരത്തിന്റെ പ്രസരിപ്പ്‌ വളരെ കുറച്ചു മാത്രം പരന്നിട്ടുള്ള നന്മകൾ നിറഞ്ഞ ഗ്രാമം. അഗ്രഹാരത്തിന്റെ എല്ലാമായ അങ്ങാടിയിൽനിന്നും വയലിന്റെ വക്ഷസ്സിലേയ്ക്കു ചെന്നവസാനിക്കുന്ന ചെമ്മണ്ണുപാത. അവിടെ അമ്പലത്തിന്റെ അടുപ്പം അറിയിയ്ക്കുന്ന പഴയ ആൽത്തറയിലെ പുതിയ ആൽ. അവിടെനിന്നും വലിയ വരമ്പിലൂടെ ഒരു ഫർലോങ്ങ്‌ നടന്നാൽ 'കരീക്കാട്ട്‌' ക്ഷേത്രമായി; പടവുകൾ പൊട്ടിത്തകർന്നു നിരന്നു തുടങ്ങിയ പഴയ ക്ഷേത്രക്കുളവും ചോർന്നൊലിക്കുന്ന ചുറ്റമ്പലവുമുള്ള മനവക ക്ഷേത്രം.

ആ ക്ഷേത്രത്തിൽ മനയ്ക്കലെ ഉണ്ണിനമ്പൂതിരിതന്നെ വിളക്കുവെയ്ക്കുകയും പൂജ ചെയ്യുകയും ചെയ്യും. പിന്നെയുള്ളത്‌ ഷാരസ്യാരാണ്‌. നിത്യവും രണ്ടുനേരവും ഭഗവതിയ്ക്കു ചാർത്താൻ അവർ ഓരോ മാലയുണ്ടാക്കിക്കൊടുക്കും; പൂജയ്ക്കുള്ള പൂക്കളും. ശ്രീകോവിലിനുചുറ്റും അടിച്ചുതളിച്ചു വൃത്തിയാക്കുന്നതും അവരാണ്‌. ആ സ്ത്രീ ക്ഷേത്രത്തിന്റെ തെക്കേ വളപ്പിൽതന്നെയുള്ള 'ഷാരത്തെ' അംഗമാണ്‌.
മുമ്പ്‌ എല്ലാമാസത്തിലും സംക്രാന്തിദിവസം അവിടെ പൂർണ്ണരൂപത്തിലുള്ള പൂജ നടക്കുമായിരുന്നു. മാസത്തിലെ ഒടുവിലത്തെ ദിവസത്തെ ദീപാരാധനയും അത്താഴപൂജയും പിറ്റേന്നു കാലത്തെ പൂജകളും നടക്കുമ്പോഴാണ്‌ ഒരു മാരാരുടെ ആവശ്യം; അതിനുവേണ്ടി പതിവായിവരാറുള്ള ആളായിരുന്നു കിഴക്കേടത്തു പരമേശ്വരമാരാർ.

മാരാർ അങ്ങാടിയിൽ ബസ്സിറങ്ങി ഭഗവതി വിലാസം ഹോട്ടലിൽ നിന്നും ഒരു ചായയും കുടിച്ച്‌ നടക്കും. വയലിനടുത്തുള്ള കടയിൽ നിന്നും വിസ്തരിച്ചൊന്നു മുറുക്കും. ഒരു കെട്ടു നാടൻ ബീഡിയും അരയിൽ തിരുകി ചുറ്റുംകൂടുന്ന എല്ലാവരോടും കുശലംചോദിച്ച്‌ ക്ഷേത്രത്തിലേയ്ക്കു നടക്കും. ബസ്റ്റോപ്പിലും ചായക്കടയിലുമൊക്കെ മാരാർ വരുമ്പോൾ ആ ഗ്രാമവാസികൾ പറയും......"ഓ....സംക്രാന്തിയായി" ജീവിതത്തിൽ നിന്നും ഒരുമാസം കൊഴിഞ്ഞുപോയത്‌ അപ്പോഴാണ്‌ അവർ ഓർക്കുക. ആ ഗ്രാമവും ക്ഷേത്രവുംപോലെ. മലയാളമാസവും സംക്രാന്തിയുംപോലെ ആ ഗ്രാമവാസികളും 'സംക്രാന്തിമാരാരും' തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടുപോയിരുന്നു....

കൂട്ടുകെട്ടിന്റെ കോലംകത്തൽ


lathalakshmi

അങ്ങനെ ഞങ്ങളുടെ സ്നേഹത്തിന്റെ
മേൽക്കൂട്‌ തകർന്നുവീണു.
എങ്ങനെ?
ഈയൽ പാറിപ്പരതും പെരുമഴയത്ത്‌
ഇരുളുവീഴുന്ന സന്ധ്യാനാമകാലങ്ങളിൽ
അത്താഴംവൈകിക്കുന്ന തോന്ന്യാസമില്ലാ
രാത്രികളിൽ ചിലപ്പോൾ
ഉറഞ്ഞതണവിന്റെ പുതപ്പിൽ
മടിച്ചുറങ്ങും പുലരികളിലും
ഉമ്മറത്തുവിശന്നുവാടുന്ന പൊരി-
വെയിലിന്റെ ഗന്ധമില്ലാത്ത വിയർപ്പുകാറ്റിലും
ഒറ്റമാത്രപോലും നനയാതെ
പൊട്ടിയുടയാതെ വാടിവീഴാതെ
ഞാനൊരുതോഴനെ സൂക്ഷിച്ചുവെച്ചു.
തെളിനീലാകാശവും പച്ചഭൂമിയും
തൊടാൻ വിടുന്നതുതന്നെ സങ്കടം!
ചാപല്യമില്ലാത്ത അച്ചടക്കമേറേയുള്ള
അത്യപൂർവ്വ കൂട്ടുകാരൻ
ഇടയില്ലാതെ സ്വാർത്ഥവും
എന്നിൽ ത്യാഗസാന്ദ്രവുമായിരുന്നു
എന്നു പറയാൻ മോഹിച്ചതു ആദ്യം അവനാണ്‌.
രാപ്പാടിക്കുയിലുകൾ വിളിയൊച്ച
പരത്തുന്ന ഉറക്കംതൂങ്ങി വഴികളിൽ
പൊടുന്നന്നെ
ആഘാതം! അതിശയം!
എനിക്കുതെറ്റി (ഐ വാസ്‌ റോങ്ഗ്‌)
ഞാൻ കണ്ണുകളിലേക്കുറ്റുനോക്കി നോക്കി
താക്കീതു നൽകി
സ്നേഹിതാ, എനിക്ക്‌ നിന്നോട്‌
മൈഥുനാഗ്രഹം ഇല്ലേയില്ല
പ്രണയാവേശം അതുതീരേയില്ല!
ക്ഷമ.
ഇളംചൂടുപൊള്ളുന്ന സൗഹാർദ്ദത്തിന്റെ
ഉന്മേഷം കൊഴിഞ്ഞുതുടങ്ങി
പതിയെമൃതിയടഞ്ഞു.
മൂന്നാണ്ടുകൾ നീണ്ടകൂട്ടുകെട്ടിന്റെ
അഗാധതയറിഞ്ഞ
അളവുകോൽ എന്റെ കരങ്ങൾക്ക്‌
സ്വന്തമായി
സാധുസൗഹൃദത്തിന്റെ മൃതാത്മാവ്‌
കോലംകത്തിയമർന്ന
ചാരപ്പാടുകൾ കണ്ടു
താനേ മിഴിച്ചുനിന്നു
ഇത്‌ പുതിയ ചങ്ങാത്തത്തിന്‌
ഗുണവും പാഠവുമാകാൻ
താങ്ങാകട്ടെയെന്ന്‌
ആത്മശിക്ഷയും ആത്മാശംസയും.

ദൈവത്തെ നഷ്ടപ്പെട്ട അവധൂതൻ

m k harikumar

ഏതാനും വർഷങ്ങൾ മുമ്പുവരെ അയ്യപ്പൻ എവിടെയും ഒരു അപ്രതീക്ഷിത അതിതിഥിയായിരുന്നു. ക്ഷണിക്കപ്പെടാത്ത അതിഥി എന്ന ഫ്യൂഡൽപ്രയോഗം ശരിയല്ല. അയ്യപ്പൻ തന്റെ സ്വാതന്ത്ര്യങ്ങളെ വലിയ കാവ്യാനുശീലനമാക്കിയത്‌ അങ്ങനെയാണ്‌. സാഹിത്യസമ്മേളനങ്ങൾ, കൂട്ടുകൂടലുകൾ, ചർച്ചകൾ, അനൗപചാരിക സംഭാഷണങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം അയ്യപ്പൻ യാദൃശ്ചികമായി വന്നുകയറിക്കൊണ്ടിരുന്നു. ഇത്തരം പ്രവേശനങ്ങളിലൂടെ അദ്ദേഹം അറിഞ്ഞോ അറിയാതെയോ തെറ്റിച്ചതു, സാഹിതീയമായ മതിൽക്കെട്ടുകളെയും വ്യക്തിപരവും സാമൂഹികവുമായ അന്ധവിശ്വാസങ്ങളെയുമാണ്‌.

ചില തിരഞ്ഞെടുപ്പുകളിൽ കവികളും അകപ്പെട്ടു പോകാറുണ്ട്‌. ചില വിഷയങ്ങളെ അധികരിച്ചുള്ള സമ്മേളനങ്ങളിൽ അതിനുമാത്രമായി രൂപീകരിക്കപ്പെടുന്ന കാണികൾ, അതിഥികൾ എന്ന സങ്കൽപം, നിരുപാധികവും തുറന്നുതുമായ വ്യക്തിസ്വാതന്ത്യത്തിന്റെയും ജനാധിപത്യത്തി
ന്റെയും കാലഘട്ടത്തിൽ വികൃതമായ ആചാരമാണെന്ന്‌ അദ്ദേഹം കണ്ടെത്തിയിരിക്കണം. അതുകൊണ്ട്‌ അദ്ദേഹം എല്ലാവരികളും തെറ്റിച്ച്‌ നടന്ന കുട്ടിയായിരുന്നു എന്ന്‌ പറയാം. വരിയൊപ്പിച്ചു നടന്നും ആർഭാടമായരീതിയിൽ ക്ഷണിതാവായും മാറുന്ന ഔദ്യോഗിക ജീവിതങ്ങളെയെല്ലാം അയ്യപ്പൻ പരിഹസിച്ചു. തന്നെത്തന്നെ നോക്കിയാണ്‌ ആ പരിഹാസത്തിനു പൂർണ്ണത നൽകിയതെന്ന്‌ മാത്രം. മറ്റൊരാളോട്‌ തന്റെ അലഞ്ഞുതിരിയലിന്റെയും അപ്രതീക്ഷമായ കടന്നുകയറ്റങ്ങളുടെയും മതം അദ്ദേഹം അരുളിച്ചെയ്തിട്ടില്ല. അതിനു അദ്ദേഹം ആഗ്രഹിച്ചുമില്ല.

ഒരിടത്ത്‌ നിന്ന്‌ പറന്ന്‌ ഏതോ ചില്ലുകളിൽ ഇരുന്ന്‌ ചിലച്ച്‌ എങ്ങോ പറന്നുപോകുന്ന പക്ഷികളുടെ ജീവിത സൗന്ദര്യക്രമങ്ങളാണ്‌ അയ്യപ്പനും പരീക്ഷിച്ചതു. എല്ലാത്തരം ചെത്തിച്ചേർക്കലുകളിൽ നിന്നും പിൻവാങ്ങി, തന്റെ കവിതയുടെ വൈകാരിക ഭാരം ചുമലുകളിൽ താങ്ങി സൗഹൃദങ്ങളിൽ നിന്ന്‌ അമൃത്‌ അന്വേഷിച്ചുപോവുക
യാണ്‌ അദ്ദേഹം ചെയ്തത്‌. ഒരിക്കലും തീരാത്ത ദാഹമായിരുന്നു അത്‌.
കവിതകളുടെ അക്കാദമിക്‌, ചരിത്രപന്ഥാവുകളിലും അയ്യപ്പൻ എത്തിനോക്കിയില്ല. തന്റെ കവിത തന്നെയാണ്‌ വഹിക്കുന്നതെന്നറിഞ്ഞ്‌ അദ്ദേഹം ഭ്രാന്തമായി ഉഴറി. തന്റെ വരികൾ തന്നെയാണ്‌. ചിതറിക്കുന്നതെന്നറിഞ്ഞ്‌, ആ വരികൾക്ക്‌ മുമ്പേ രക്ഷപ്പെടാൻ അയ്യപ്പൻ ശ്രമിച്ചുകൊണ്ടിരുന്നു. 'വെയിൽ തിന്നുന്ന പക്ഷിയാണ്‌ താനെന്ന്‌ അദ്ദേഹം എഴുതിയെങ്കിൽ, വെയിലാണ്‌ തന്റെ എല്ലാക്കാലത്തെയും ഭവനം എന്ന അനുഭവത്തിലാണ്‌ അത്‌ പിറന്നത്‌.


ഒരു കലാപത്തിലേക്കും ആ കവിത ഇന്ധനവുമായിപ്പോയില്ല. പ്രചരണങ്ങളിലും ഭർത്സനങ്ങളിലും ദ്രാവിഡ പുരാവൃത്തങ്ങളിലും ആ കവിത ചമൽക്കാരവുമായിപ്പോയില്ല. അങ്ങനെ കവിതയെ ദുർവ്യയം ചെയ്യാനുള്ള സമ്പന്നത അയ്യപ്പനില്ലായിരുന്നു. തന്റെ കവിത തനിക്കുമാത്രമുള്ള മത്താണെന്ന്‌ അദ്ദേഹം എന്നേ മനസ്സിലാക്കി. കവിത തരുന്ന താക്കീതുകൾ മനസ്സിലാക്കുന്നതിനു തന്നെതന്നെ ഏതോ ചതുരംഗത്തിലെ കാലാളാക്കി ഈ കവി തള്ളിക്കൊണ്ടിരുന്നു. ഒരിക്കലും ഉത്തരം കിട്ടാത്ത കളി, അല്ലെങ്കിൽ അയ്യപ്പന്റെ ആദിയും അന്തവുമില്ലാത്ത കരുനീക്കങ്ങളിൽ എതിരാളികളുണ്ടായിരുന്നില്ല. താനും തന്റെ പ്രതിരൂപമായ കവിതയും മാത്രമായിരുന്നു ആ കരുക്കൾ.

എഴുത്തച്ഛൻ ചെയ്തതെന്ത്‌?




dr. m m basheer

മലയാളഭാഷയുടെ പിതാവ്‌, മലയാളത്തിന്റെ ഉപജ്ഞാതാവ്‌ എന്നൊക്കെ തുഞ്ചത്ത്‌ രാമാനുജൻ എഴുത്തച്ഛനെ വിശേഷിപ്പിക്കാറുണ്ട്‌. മലയാളഭാഷ സൃഷ്ടിച്ചതു എഴുത്തച്ഛനാണ്‌ എന്ന അർത്ഥത്തിലല്ല അങ്ങനെ പറയുന്നത്‌. മലയാളത്തിലെ ആദ്യകൃതിയായ 'രാമചരിത'ത്തിനുശേഷം എഴുത്തച്ഛനു മുൻപ്‌ കൃഷ്ണഗാഥാകർത്താവായ ചെറുശ്ശേരിയും നിരണംകവികളും മലയാളഭാഷയിൽ കാവ്യരചന നടത്തിയിരുന്നു. എണ്ണമറ്റ മണിപ്രവാളകാവ്യങ്ങൾ ഉണ്ടായിക്കഴിഞ്ഞിരുന്നു. എഴുത്തച്ഛന്റെ കാലമാവുമ്പോഴേക്കും മലയാളഭാഷ തമിഴിൽ നിന്ന്‌ പിരിഞ്ഞ്‌ സ്വതന്ത്രഭാഷയായി രൂപപ്പെട്ട്‌ ഏതാണ്ട്‌ എട്ടു നൂറ്റാണ്ട്‌ കഴിഞ്ഞിരുന്നു. അപ്പോൾ എഴുത്തച്ഛൻ ഭാഷയുടെ പിതാവ്‌ ആകുന്നത്‌ എങ്ങനെ?
മലയാളകവിത പ്രധാനമായും മൂന്നു കൈവഴികളിലൂടെയാണ്‌ വളർന്നു കൊണ്ടിരിക്കുന്നത്‌.

മലയാളപദങ്ങളും തമിഴുപദങ്ങളും കൂടിച്ചേർന്ന മണിപ്രവാളരീതി, ശുദ്ധമലയാളപദങ്ങൾ മാത്രമുള്ള നാടോടിപ്പാടുരീതി. കാവ്യരംഗത്ത്‌ ഒരേകാലത്തുതന്നെ വ്യത്യസ്തമായ രചനാസമ്പ്രദായങ്ങളും കാവ്യശൈലികളും നിലവിലുണ്ടാവും. തമിഴിലെ അക്ഷരമാല ഉപയോഗിച്ച്‌ ഏതുക, മോന എന്നീ പ്രാസവിശേഷങ്ങളോടെ രചിക്കപ്പെട്ട ധാരാളം കാവ്യങ്ങൾ 12-​‍ാം നൂറ്റാണ്ടോടെ ഉണ്ടായിരുന്നിരിക്കണം. എന്നാൽ, ആ വകുപ്പിൽ പെടുത്താവുന്നതായി 'രാമചരിതം' മാത്രമേ നമുക്കു കിട്ടിയിട്ടുള്ളു. ആ കൃതിയുടെ കാലം പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാർധമോ 13-​‍ാം നൂറ്റാണ്ടിന്റെ പൂർവാർധമോ ആവാം. കേരളത്തിലേയ്ക്ക്‌ കൂടിയേറിയ ആര്യന്മാർ ഇവിടത്തെ ദ്രാവിഡരായ ആൾക്കാരുമായി ഇടപഴകിയതിന്റെ ഫലമായി മലയാളവും സംസ്കൃതവും ഇടകലർന്ന ഒരു മിശ്രഭാഷ രൂപപ്പെടുകയുണ്ടായി. ആ മിശ്രഭാഷയുടെ സംസ്കരിച്ച രൂപമാണ്‌ മണിപ്രവാളം. മണിപ്രാവാളത്തെ നിർവചിച്ചുകൊണ്ട്‌ 14-​‍ാം നൂറ്റാണ്ടിലുണ്ടായ ലക്ഷണഗ്രന്ഥമാണ്‌ 'ലീലാതിലകം' ഭാഷാസംസ്കൃത യോഗോ മണിപ്രവാളം' എന്ന്‌ മണിപ്രവാളത്തെ നിർവചിച്ച്‌ ലക്ഷണം പറഞ്ഞുപോകുന്ന കൂട്ടത്തിൽ അക്കാലത്ത്‌ നിലവിലുണ്ടായിരുന്ന 'പാട്ട്‌' എന്ന കാവ്യരീതിയെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്‌.

'ദ്രാവിഡസംഘാതക്ഷരനിബന്ധമെതുകാമോനാ വൃത്തവിശേഷയുക്തം പാട്ട്‌' എന്ന്‌ പാട്ടിനെ നിർവചിക്കുന്നുമുണ്ട്‌. മണിപ്രവാളവും പാട്ടും പ്രചരിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ നാടോടിസംസ്കാരത്തിന്റെ ഈടുവെയ്പ്പായ നാടോടിപ്പാട്ടുകൾ വായ്ത്താരികളായി ജനമധ്യത്തിൽ ഉണ്ടായിരുന്നു. ജനമനസ്സുകളിൽ നിന്ന്‌ തലമുറകളിലേക്ക്‌ പരന്നൊഴുകിയ നാടോടിപ്പാട്ടുകൾ പാട്ടുപ്രസ്ഥാനത്തോടോ മണിപ്രവാളപ്രസ്ഥാനത്തോടോ ഒരുതരത്തിലും കടപ്പെട്ടിരുന്നില്ല. മണിപ്രവാളം സമൂഹത്തിലെ ഉന്നത വർഗങ്ങൾക്കുവേണ്ടിയുള്ളതായിരുന്നുവേങ്കിൽ, പാട്ടും നാടോടിപ്പാട്ടും സാധാരണ ജനങ്ങളുടെ കാവ്യസംസ്കാരത്തിന്റെ പ്രകാശനങ്ങളായിരുന്നു. മണിപ്രവാളവും പാട്ടും ലിഖിതരൂപത്തിൽ പ്രചരിച്ചപ്പോൾ നാടോടിപ്പാട്ടുകൾ വായ്ത്താരികളായിട്ടാണ്‌ പ്രചരിച്ചതു. അതിനാൽ കാലകാലങ്ങളിൽ വന്ന ഭാഷാപരമായ മാറ്റങ്ങൾക്കു നാടോടിപ്പാട്ടുകൾ വിധേയമായിട്ടുണ്ട്‌.

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ എഴുത്തച്ഛൻ വന്നുപിറക്കുമ്പോൾ കേരളത്തിന്റെ ജനജീവിതം സംസ്കാരികമായി തകർന്ന അവസ്ഥയിലായിരുന്നു. പോർട്ടുഗീസുകാരുടെ വരവോടെ കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ ജീവിതത്തിന്റെ അടിത്തറ ഇളകിത്തുടങ്ങിയിരുന്നു. ക്ഷേത്രഭരണാധികാരികളായിരുന്ന നമ്പൂതിരിമാർ ജന്മികളായി ഉയരുകയും ദൈവത്തിന്റെ ദാസികളായിരുന്ന ദേവദാസികൾ വേശ്യകളായി അധഃപതിക്കുകയും ചെയ്തു. പോർട്ടുഗീസുകാർ നാട്ടുഭരണാധികാരികളെ പാട്ടിലാക്കി കച്ചവടം കുത്തകയാക്കി മാറ്റി. ചന്തകളിൽ സാധനങ്ങൾ ആർക്കുവേണമെങ്കിലും വിൽക്കാനുള്ള സ്വാതന്ത്ര്യം കർഷകർക്കു നിഷേധിക്കപ്പെട്ടു. ഒരു നിശ്ചിത വിലയ്ക്ക്‌ പോർട്ടുഗീസുകാർക്ക്‌ വിറ്റുകൊള്ളണം എന്ന നിയമം വന്നതോടെ സ്വാതന്ത്ര്യവിപണി നഷ്ടപ്പെടുകയും സാധാരണ കർഷകർ സാമ്പത്തികമായി തകരുകയും സദാചാരമൂല്യങ്ങൾ കീഴ്മേൽമറിയുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ്‌ എഴുത്തച്ഛന്റെ അവതാരം.
എഴുത്തച്ഛന്‌ പല തരത്തിലുള്ള പ്രതിസന്ധികളാണ്‌ നേരിടേണ്ടിയിരുന്നത്‌.

വിദേശികളുടെ ആക്രമണത്തിനും ചൂഷണത്തിനും വിധേയമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയാവസ്ഥ. തകർച്ചയിലേക്ക്‌ അടിതെറ്റി വീണുകൊണ്ടിരിക്കുന്ന സാമ്പത്തികാവസ്ഥ. ആകെക്കൂടി ധാർമ്മികത്തകർച്ചയും മൂല്യച്യുതിയുടേതുമായ ഒരു കാലഘട്ടത്തിൽ കവി എന്ന നിലയിൽ തന്റെ ദൗത്യം എന്ത്‌ എന്ന ചിന്ത എഴുത്തച്ഛനെ അലട്ടിയിട്ടുണ്ടാവണം. ആധ്യാത്മികമായ ഉന്നതിയിലൂടെയല്ലാതെ സമൂഹത്തിനു രക്ഷപ്പെടാൻ മറ്റുമാർഗ്ഗമൊന്നുമില്ല എന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ടാണ്‌ ഹരിനാമകീർത്തനവും രാമായണവും മഹാഭാരതവും ഒക്കെ കാവ്യവിഷയങ്ങളായി സ്വീകരിച്ച്‌ മൂല്യസംസ്ഥാപനത്തിന്‌ അദ്ദേഹം തയ്യാറായത്‌. കാലഘട്ടത്തിന്റെ ദുഷിച്ചുപോയ ധാർമിക മൂല്യങ്ങളെ പുനഃസ്ഥാപിക്കുക എന്നതാണ്‌ കവി എന്ന നിലയിൽ തന്റെ കർത്തവ്യം എന്ന്‌ എഴുത്തച്ഛൻ തിരിച്ചറിയിക്കുകയും അതിനായി കാവ്യോപാസന നടത്തുകയും ചെയ്തു.

തന്റെ ലക്ഷ്യം പൂർണ്ണമാകണമെങ്കിൽ ആദ്ധ്യാത്മികവിഷയങ്ങൾ കൈകാര്യം ചെയ്യാൻ പോന്ന, ശക്തവും സുന്ദരവുമായ ഭാഷയും ശൈലിയും ആവശ്യമാണെന്ന്‌ എഴുത്തച്ഛനു ബോധ്യമായി. പാട്ടുസാഹിത്യത്തിന്റെ പൈന്തുടർച്ചക്കാരനായിരുന്നു അദ്ദേഹം. പക്ഷേ, രാമചരിതകാരന്റേയോ നിരണംകവികളുടെയോ പാട്ടുകളെ അനുസ്മരിപ്പിക്കുന്ന പാട്ട്‌ താൻ പാടേണ്ടതില്ല എന്ന്‌ എഴുത്തച്ഛൻ നിശ്ചയിച്ചു. തനിക്കു മുമ്പ്‌, തന്റെ ലക്ഷ്യം മുന്നിൽകണ്ട്‌ പാടിയ എഴുത്തച്ഛൻ നിശ്ചയിച്ചു. തനിക്കു മുമ്പ്‌ തന്റെ ലക്ഷ്യം മുന്നിൽകണ്ട്‌ പാടിയ നിരണംകവികൾക്ക്‌ എന്തു സംഭവിക്കുന്നുവേന്നോ, അവരുടെ ദോഷം എന്തായിരുന്നുവേന്നോ എഴുത്തച്ഛൻ ചിന്തിച്ചിട്ടുണ്ടാവണം. രാമായണം, മഹാഭാരതം, ഭഗവത്ഗീത തുടങ്ങിയ പുരാണേതിഹാസങ്ങളെ തന്നെയാണ്‌ നിരണംകവികളും ഉപജീവിച്ച്‌ കാവ്യരചന നടത്തിയത്‌. അവരുടെ ഭാഷക്ക്‌ പരിമിതികളുണ്ടെന്നും ആ ഭാഷ ഒരിക്കലും ജനമനസ്സുകൾ സ്വീകരിക്കുന്നില്ല എന്നും എഴുത്തച്ഛൻ തിരിച്ചറിഞ്ഞു.

പ്രൗഢമായ മണിപ്രവാളകാവ്യരചനാരീതി കൃത്രിമമാണെന്നും സുഖലോലുപന്മാരായ പണ്ഡിതന്മാർക്കല്ലാതെ സാധാരണക്കാർക്ക്‌ അത്‌ ഇഷ്ടപ്പെടുകയോ സ്വീകാര്യമാവുകയോ ഇല്ല എന്നും അദ്ദേഹം മനസ്സിലാക്കി. നാടൻപാട്ടുകളും നാടോടിഗാനങ്ങളും ജനഹൃദയങ്ങളിൽ പെട്ടെന്ന്‌ കടന്നുചെല്ലാൻ പോന്നതാണ്‌ എന്നകാര്യം എഴുത്തച്ഛൻ മനസ്സിലാക്കിയിരുന്നു. എങ്കിലും വായ്ത്താരികളിലെ അവ്യവസ്ഥിതത്വവും പ്രാദേശികമായ സ്വാധീനങ്ങളും നാടോടിപ്പാട്ടുകളിലെ ഭാഷയെ കടന്നാക്രമിച്ച്‌ ദുഷിപ്പിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യവും ശക്തവും ധ്വന്യാത്മകവുമായ ഒരു ഭാഷ വേണ്ടിയിരുന്നു. പാട്ട്‌, മണിപ്രവാളം, നാടോടിപ്പാട്ടുകൾ-ഈ മൂന്നു കാവ്യ സമ്പ്രദായങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട്‌ പുതിയൊരു കാവ്യഭാഷ സൃഷ്ടിക്കാൻ എഴുത്തച്ഛനെ പ്രേരിപ്പിച്ച ഘടകങ്ങൾ അതൊക്കെ ആയിരുന്നു.

മണിപ്രവാളത്തിന്റെ ചാരുതകൾ സ്വീകരിച്ചു. മലയാളത്തിനു യോജിക്കാത്തവ ഒഴിവാക്കി; പാട്ടിലെ തമിഴ്ചുവയുള്ള പദങ്ങളും പ്രയോഗങ്ങളും ഉപേക്ഷിച്ചു; നാടോടിപ്പാട്ടുകളിലെ തെളിമയുറ്റ പദങ്ങളും പ്രയോഗങ്ങളും കൈക്കൊണ്ടു. മലയാളപദങ്ങളും സംസ്കൃതപദങ്ങളും ഇണക്കിച്ചേർത്ത്‌ മലയാളത്തിന്റെ ആത്മസത്ത ഉൾക്കൊള്ളാൻ പോന്ന അതിശക്തമായ ഒരു ഭാഷയ്ക്ക്‌ എഴുത്തച്ഛൻ രൂപം നൽകി. ഭാഷ എല്ലാപേർക്കും സ്വീകാര്യമാവണം എന്നും കവിതയ്ക്ക്‌ ഉത്കർഷം ലഭിക്കണം എന്നും അദ്ദേഹത്തിനു വ്യക്തമായ ബോധമുണ്ടായിരുന്നു. "നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ/ക്രമക്കണക്കേ ശരണം" എന്ന്‌ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും "പൈതലാം മലയാളഭാഷതൻ ശരിയായ ജാതകം/കുറിച്ചിട്ടതത്തിരുനാരായം താൻ" എന്ന്‌ വള്ളത്തോൾ നാരായണമേനോനും എഴുത്തച്ഛന്റെ ഭാഷയെ പുകഴ്ത്തിയത്‌ അത്‌ വരുംകാല മലയാളത്തെയാകെ സ്വാധീനിക്കാൻ പോന്നതായിരുന്നു എന്നതുകൊണ്ടുതന്നെ.


എഴുത്തച്ഛന്റെ ഭാഷ മണിപ്രവാളമല്ല, മലയാളപദങ്ങളും സംസ്കൃത പദങ്ങളും ഇടകലർന്നു വരുന്നതുകൊണ്ട്‌ അങ്ങനെ തോന്നാം. മലയാളത്തിന്റെ ചത്തവും ചൂരും ചൊരുക്കുമുള്ള മലയാളപദങ്ങളും പ്രയോഗങ്ങൾക്കുമാണ്‌ എഴുത്തച്ഛൻ പ്രാധാന്യം നൽകിയിരിക്കുന്നത്‌. നാടകീയമുഹൂർത്തങ്ങൾ ചിത്രീകരിക്കുമ്പോഴും വൈകാരികസന്ദർഭങ്ങൾ ആവിഷ്കരിക്കുമ്പോഴും എഴുത്തച്ഛൻ മലയാളത്തിലേക്ക്‌ മാറുന്നു. ഏതു കാലഘട്ടത്തിലെ കവികളുമായി തട്ടിച്ചുനോക്കിയാലും മലയാളത്തിലെ തനിപ്പദങ്ങൾ എഴുത്തച്ഛൻ ധാരാളമായി ഉപയോഗിച്ചിട്ടുള്ളതു കാണാം. മണിപ്രവാളസങ്കൽപത്തെയും നാടൻപാട്ടു സങ്കൽപത്തെയും ഔചിത്യപൂർവ്വം പരിഷ്കരിച്ച്‌ പാട്ടുസാഹിത്യത്തിൽ പ്രയോഗിച്ച്‌ ഫലിപ്പിക്കുകയാണ്‌ എഴുത്തച്ഛൻ ചെയ്തത്‌ എന്ന്‌ നിരീക്ഷിച്ചാൽ അതായിരിക്കും സത്യം.


എഴുത്തച്ഛൻ രണ്ടുകാര്യങ്ങളാണ്‌ ചെയ്തത്‌. സാംസ്കാരികമായി തലതിരിഞ്ഞുപോയ ഒരു സമൂഹത്തെ ധാർമ്മികോദ്ബോധനങ്ങളിലൂടെ, സദാചാരമൂല്യപ്രചാരണത്തിലൂടെ നേർവഴികാട്ടുകയും, ആദ്ധ്യാത്മികമായ ഒരു സാഹിത്യസംസ്കാരം വളർത്തിയെടുക്കുകയും ചെയ്തു. അതൊക്കെ സൂക്ഷ്മമായും ശക്തമായും പറയാനുള്ള ഒരു ഭാഷ സൃഷ്ടിച്ചു. ആ ഭാഷ എഴുത്തച്ഛന്റെ മാത്രം ഭാഷയായി ഒതുങ്ങിപ്പോകാതെ ഏക്കാളത്തിന്റെയും നിലവാരഭാഷയായി മാറി. അത്‌ കാലഘട്ടങ്ങളിലെ കവികളെ നിരന്തരം സ്വാധീനിക്കുകയും അതേസമയം എഴുത്തച്ഛന്റെ ഭാഷയുടെ സ്വാധീനമുണ്ട്‌ എന്ന തോന്നൽപോലും ഉണ്ടാക്കാതെ സ്വതന്ത്രമായി വളരാൻ അനുവദിക്കുകയും ചെയ്തു. ഇന്നും മലയാളത്തിന്റെ നിലവാരം എഴുത്തച്ഛൻ രൂപപ്പെടുത്തിയ ശൈലികളിലും പ്രയോഗങ്ങളിലും അടികളിലും പതിഞ്ഞുകിടക്കുന്നു. ആശാനും വള്ളത്തോളും ഉള്ളൂരും ശങ്കരക്കുറുപ്പും മാത്രമല്ല, വൈലോപ്പിള്ളിയും ഇടശ്ശേരിയും ഒ.എൻ.വിയും സുഗതകുമാരിയും അയ്യപ്പപ്പണിക്കരും ചെറിയാൻ കെ.ചെറിയാനും ബാലചന്ദ്രനും സച്ചിദാന്ദനും ശങ്കരപ്പിള്ളയും വിനയചന്ദ്രനും എല്ലാം എഴുത്തച്ഛന്റെ ഭാഷയിൽ നിന്ന്‌ ഊർജ്ജം സ്വീകരിച്ചിരിക്കുന്നു.

അതേസമയം ആ കവികൾക്കെല്ലാം സ്വന്തമായ വഴികളിലൂടെ സഞ്ചരിക്കാനും അപ്പോഴും മലയാളഭാഷയുടെയും കവിതയുടെയും മൂലസ്രോതസ്സിന്റെ പാരമ്പര്യത്തിലേക്കു നയിക്കാനും പ്രേരിപ്പിക്കുന്ന ഒരു ഭാഷാഘടകം എഴുത്തച്ഛന്റെ കാവ്യഭാഷയിൽ നിന്ന്‌ അത്ഭുതകരമായി അവരുടെയെല്ലാം കവിതകളിൽ ഉൾച്ചേർന്നിരിക്കുന്നു. ഇതുകൊണ്ടാവാം, എൻ.കൃഷ്ണപിള്ള ഇങ്ങനെ പറഞ്ഞത്‌: "സാഹിത്യത്തിലെ പൂർവ ഭാഷാരീതികളുടെ സ്വാഭാവികപരിണാമമായിരുന്നു എഴുത്തച്ഛന്റെ ഭാഷ. പക്ഷേ, എഴുത്തച്ഛന്റെ ഭാഷാരീതിവരെ പരിണമിച്ച്‌ നിലവാരപ്പെട്ട മലയാളപദ്യഭാഷയ്ക്ക്‌ അതിനപ്പുറം പറയത്തക്ക യാതൊരു പരിവർത്തനവും ആധുനിക കവിത്രയത്തിന്റെയും പിന്നീടുവന്ന പ്രമാണികളുടെയും കൃതികളിൽ കാണുന്നില്ല...." അതുതന്നെയാണ്‌ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവ്‌ എന്നു കരുതുന്നതിന്റെ പൊരുൾ. അതുതന്നെയാണ്‌ കവി എന്ന നിലയിൽ എഴുത്തച്ഛന്റെ സായൂജ്യവും സാക്ഷാത്കാരവും.

ആധാരഗ്രന്ഥങ്ങൾ
1. എൻ.കൃഷ്ണപിള്ള, കൈരളിയുടെ കഥ, കോട്ടയം: എസ്പിസിഎസ്‌, 1975.
2. ഡോ.കെ.എം.ജോർജ്ജ്‌ (എഡി.), സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ, കോട്ടയം: എസ്പിസിഎസ്‌, 1558.
3. എ.ശ്രീധരമേനോൻ, കേരളസാംസ്കാരം, കോട്ടയം: എസ്പിസിഎസ്‌ 1978.
4. ദേശമംഗലം രാമകൃഷ്ണൻ (എഡി.), കാവ്യഭാഷയിലെ പ്രശ്നങ്ങൾ, തിരുവനന്തപുരം: 1993.