Followers

Monday, September 2, 2013

ezhuth online

courtesy:google
ezhuth 
online
september 2013
click here

ezhuth/september 2013

courtesy:google
ഉള്ളടക്കം
എഴുത്ത് ഓൺലൈൻ
സെപ്റ്റംബർ 2013

 ഓണം ബഹിഷ്കരിക്കുന്നു
ഡോ കെ ജി ബാലകൃഷ്ണൻ
ചൂട്ടെരിയുമ്പോള്‍
സന്തോഷ് പാലാ
മല്ലൂസിന്റെ സ്വയം വിമർശനം ബോറടി ലെവൽ കഴിഞ്ഞു
രാം മോഹൻ പാലിയത്ത്
 അറിയാതെ അറിയാതെ
ഗീതാ ജാനകി
 കരിഞ്ചുവപ്പ്
ജയചന്ദ്രന്‍ പൂക്കരത്തറ
ടി.സി.ജോൻ ചിന്തകൾ
സാബുഷണ്മുഖം
മനുഷ്യനെ സൃഷ്ടിച്ചത് കളിമണ്ണുകൊണ്ടല്ല!
സനൽ ശശിധരൻ
ഓര്‍മ:സുകുമാർ അഴീക്കോട് മാന്ത്രികനല്ല
കെ.എം.രാധ
പെറ്റിക്കോട്ട്‌
ലതാലക്ഷ്മി
നേര്‍രേഖ
രാജേഷ് ചിത്തിര
കുസൃതികൾ
ഗീതാരാജൻ
ഉറക്കത്തില്‍ മരിച്ച ആള്‍
രശ്മി കെ.എം
പുലർകാല കിനാവുകൾ
ഫൈസൽ പകൽക്കുറി
സ്നേഹം
മാധവ് കെ വാസുദേവ്
അന്ന കാമിയെൻസ്ക : റെംബ്രാന്റ്
പരിഭാഷ: വി.രവികുമാർ
കണ്ണടച്ച് വിശ്വസിക്കേണ്ടവ
ബൈജു ജോസഫ്
എനിക്കൊരു കവിതയെഴുതണം
ബിജു ജി നാഥ്
ഒരു "കൂതറ"ക്കവിത
ഷിറാസ് വി ടി
എന്റെ അമ്മ .... ആരും കാണാത്ത അമ്മ
ജോണി ജോസഫ്
രാമന്‍റെ ദുഃഖം
മണീ സാരംഗ്
ഇതു പ്രണയ ഗാനമല്ല.
എം.കെ.ഹരികുമാർ

പുലർകാല കിനാവുകൾ
ഫൈസൽ പകൽക്കുറി 
 വന്ദനം സുഹൃത്തേ -
പുലർകാല വന്ദനം കൂട്ടരേ
വചനങ്ങളുരുവിട്ടു
നാവാനക്കുമ്പോൾ ഒട്ടു
നന്മകൾ കൂടി കലർതനെ
നിത്യവും .

ആരെയും കൂസാതെ
അതിവേഗ ജീവിത യാത്രയും
മനപൂർവം മറക്കാൻ ശ്രമിയ്ക്കുന്ന
കടമകളും - സ്നേഹവും
മടക്കി എടുക്കുവാൻ മനസ്സ്
വെയ്ക്കണം കൂട്ടരേ .

നിങ്ങളുടെയുമെന്റെയും
മടക്ക പ്രയാണത്തിന്
ചുക്കാൻ പിടിയ്ക്കുന്ന മലക്കുകൾ
കണിശം മറക്കാതെ എത്തും -
സമയമാകുമ്പോൾ .
ഓർമയിരിയ്ക്കട്ടെ

ഞടുക്കം ഇല്ലാത്ത - തിരിയ്ച്ചു പോക്കിന് ....!

രാമന്‍റെ ദുഃഖം

മണീ സാരംഗ്

കുളിസീന്‍
ഒളിഞ്ഞുനോക്കുന്ന
ചേലക്കള്ളനായ
പതിനാറായിരത്തെട്ടു
കാമുകിമാരുള്ള
കന്നാലിമേപ്പുകാരന്‍
ഭൂലോക കള്ളനെയാണല്ലോ
ഭൂമിയിലെ
വനിതാരത്നങ്ങള്‍ക്ക്
തന്നേക്കാള്‍ പ്രിയമെന്ന്
ഏകപത്നീ വ്രതക്കാരനും,
മര്യാദരാമനുമായ
അയാള്‍ കരയുന്നു !

എന്റെ അമ്മ .... ആരും കാണാത്ത അമ്മ

ജോണി ജോസഫ്

നിന്നുദരത്തില്‍ ഉദയം ചെയ്തതുമുതല്‍
അമ്മേ നിന്നെ ഞാനും എന്നെ നീയും
ഏറ്റം കൂടുതലായി മനസ്സിലാക്കുന്നു
അറിയുന്നു അനുഭവിക്കുന്നു

ആരെക്കാളുപരി ഈ ഭൂമിയില്‍ എന്റെ
സ്പന്ദനങ്ങള്‍ അറിയുന്നവള്‍ നീ
ആരെക്കാളുമധികം ഈ ഉലകത്തില്‍
എന്നെ സ്നേഹിക്കുന്നവളും നീ

ഞാനറിഞ്ഞ എന്റെ അമ്മ എന്നെ
പോറ്റി വളര്‍ത്തിയ പൊന്നമ്മ
എന്റെ അമ്മ എന്ന സങ്കല്പം തന്നെ
മാറ്റി മറിച്ച് നിലകൊള്ളുന്നു അമ്മ

എന്റെ അമ്മയെ ഞാനാരാധിക്കുന്നു
എല്ലാത്തിലുമുപരി ഒരു മനുഷ്യനായി
മനുഷ്യ സ്നേഹിയായി ഭര്‍തൃ സ്നേഹിയായി
ആരാധിക്കുന്നു നമിക്കുന്നു

നീണ്ട എഴുവര്‍ഷങ്ങള്‍ അച്ഛന്‍ രണ്ടു
കാലും തളര്‍ന്ന് കട്ടിലില്‍ കിടക്കുമ്പോള്‍
ഒരുനാളും മുടങ്ങാതെ അരികത്തിരുന്ന
പരിചരിച്ച സ്നേഹവതിയായ ഭാര്യ

അച്ഛന്റെ അടുത്തിരുന്ന എഴുവര്ഷങ്ങള്‍
വില്ലുപോല്‍ വളച്ച ആ കൃശഗാത്രവും പേറി
ശേഷിച്ച നാള്‍ ബാക്കി മക്കളെ പോറ്റുവാന്‍
മടികൂടാതെ ഓടി നടക്കും അമ്മ

ഓരോ മക്കളും കൊടുത്തത് പോര എന്ന്
അയ്യക്കം പാടിവരുമ്പോള്‍ വീണ്ടും വീണ്ടും
സ്വന്തം അന്നം മുടക്കി അവര്‍ക്ക് നല്‍കിയ
സ്നേഹവതിയായ അവരുടെ അമ്മ

സ്വന്തം കിടപ്പാടം കൂടി മക്കള്‍ പിടിച്ച്
വാങ്ങിയപ്പോള്‍ ദേശാടനത്തിനിറങ്ങിയ
ഒന്നും സ്വന്തമായാഗ്രഹിക്കാത്ത ഉത്തമ
സ്ത്രീയാകും എന്റെ അമ്മ നീയാണ് അമ്മ

നേര്‍രേഖ

രാജേഷ് ചിത്തിര


പിറവിയില്‍ നിന്നും
മരണത്തിലേക്കുള്ള
വളഞ്ഞ നേര്‍രേഖ

ജീവിതം...
----------------------
ഉടമ
****
ആറടി മണ്ണിന്റെ
ജന്മി,
ഇന്ന്
അരപ്പിടി
ചാരത്തിന്നുടമ...
------------------------

ജഡനിബിഡം
*************
ജഡനിബിഡമാണിവിടം,
എന്നുമന്തിയ്ക്കു
സ്വഗ്ഗൃഹംപൂകു-
മജ്ഞാതജഡനിബിഡമാണിവിടം...

-- രജീഷ് ചിത്തിര

ഒരു "കൂതറ"ക്കവിത

ഷിറാസ് വി ടി

***
ആസ്യപുസ്തകത്തിലെ
മുഖംതീനികള്‍ ഉറങ്ങാറില്ല...;
ഒരു ലൈക്കിനും
മറുലൈക്കിനുമിടയിലെ
നേര്‍ത്ത നൂല്‍പ്പാലത്തിലൂടെ,
കമന്റുകള്‍ പൂക്കുന്ന
ആകാശത്താളിലേക്ക്
വിരല്‍ച്ചിറകുകളില്‍ പറന്നുയരാന്‍...!

പിന്നെയും മുഖത്തില്‍ നിന്നും
എത്ര മുഖങ്ങള്‍ അടര്‍ന്നു വീണു..
ഇവിടെ വാക്കുകള്‍ മുഖം നഷ്ടപ്പെട്ട
ശിരസ്സുകള്‍ പോലെ...!

വിപ്ലവകാരിയുടെ ഞരമ്പിലെ
പ്രത്യയ ശാസ്ത്രം
ആത്മീയവാദിയുടെ മനസ്സിലെ
ഇന്‍ബോക്സിലേക്ക്
അലിഞ്ഞിറങ്ങുന്നത്
സൌഹൃദത്തിന്റെ പീച്ചാംകുഴലിലൂടെ...
ദേശങ്ങള്‍ പകുക്കാത്ത
ഒറ്റ ഭൂമിയിലേക്ക്
പാലായനങ്ങളല്ലാത്ത
പലായനങ്ങള്‍ .....!

പക്ഷെ,
വദനപുസ്തകത്തിനു
ഏകത്വമാണെന്നു ആരും ധരിക്കരുത്..
ജാതിയും മതവും രാഷ്ട്രീയവും
ജാടയും മോടിയും ലിന്ഗഭേദങ്ങളും
വിപ്ലവ ഭൌതിക വാദങ്ങളും
പകുക്കുന്ന ചില ഇടങ്ങളുണ്ട്..
ആശയങ്ങള്‍ വിഭജിക്കുന്ന
മനസ്സുകള്‍ കൊണ്ട്
പരസ്പരദംശനം ചെയ്യുന്ന
മുഖാനുരാഗികള്‍......!
മാനവീയത്തിന്റെ
കടലില്‍ പൂക്കുന്ന
മൗനത്തിരകളില്‍
നാളത്തെ പൗരന്റെ
കയ്യൊപ്പുകളുണ്ട്..
ആരും ആരെയും
ആത്മാവ് കൊണ്ട്
കണ്ടെത്തുന്നില്ല..!!

എങ്കിലും,
മോന്തപ്പുസ്തകത്താളില്‍
ഗൃഹാതുരതയുടെ
മയില്‍‌പ്പീലിത്തുണ്ടുകള്‍
പെറ്റും പെരുകിയും
നിറയുന്നതിനിടക്ക്
ഒരൊഴിവുകാലത്തിന്‍റെ
ആലസ്യം പോലെ
പൊഴിഞ്ഞുവീഴുന്ന
സ്റ്റാറ്റസ്തുള്ളികള്‍ക്ക്
ഒരു തണുപ്പുണ്ട്...;
നാട്ടുവഴിയില്‍,
പാടവരമ്പില്‍ ,
നെല്ലിമരത്തിന്‍റെ കൊമ്പില്‍,
ഇല്ലിക്കുന്നിന്റെ തുമ്പില്‍,
ചന്തയില്‍, ചിന്തയില്‍,
അമ്പലപ്പന്തിയില്‍,
എപ്പോഴോ പരസ്പരം
നിഴലുകള്‍ മെനഞ്ഞ
കളിക്കൂട്ടുകാരന്റെ
സാമിപ്യം അറിയുന്നത്രക്ക്..!
പള്ളിക്കൂടത്തിലെ മരബഞ്ചില്‍,
കലാലയവരാന്തയില്‍,
വിനോദയാത്രകളുടെ
നിലയില്ലാക്കലമ്പലില്‍,
എന്നോ പരസ്പരം
പെയ്തുതോര്‍ന്നിരുന്ന
സതീര്‍ത്ഥ്യരുടെ
സ്പന്ദനമണിയുന്നത്രക്ക്..!!

എനിക്കൊരു കവിതയെഴുതണംഎനിക്കൊരു കവിതയെഴുതണം
വാക്കിന്റെ തിരി തെറുത്തു
ഓർമ്മകളുടെ നനവ്‌ ചേർത്ത്
സുഗന്ധവാഹിയായ
ഒരു കൊച്ചു കവിത .

എന്റെ കവിതയിൽ
നിന്റെ ഓർമ്മകൾ ഉണ്ടാകണം .
നിന്റെ പുഞ്ചിരി
പൊടിയുന്ന ചുണ്ടുകൾ
വായനക്കാരന്റെ
ഉറക്കം കെടുത്തണം .

നിന്റെ മിഴികളിൽ
നിറയുന്ന ബാഷ്പം
അവന്റെ നിദ്രകളെ
തുലാമാസപ്പെരുമഴയാക്കണം.

നമ്മളുടെ കലഹങ്ങൾ
കൊച്ചു സന്തോഷങ്ങൾ
ആനന്ദ മൂർച്ചകൾ
വരികൾ നിറയട്ടെ
വായന നമ്മെ കുറിച്ചാകട്ടെ .

ഇനിയുള്ള പകലുകൾ
നമ്മെ വായിക്കുന്നവ
ആയിടുന്നൊരു കാലം
നമ്മൾ നമുക്കന്ന്യരാകുന്ന
വിടവാങ്ങൽ കാലം .

ഇലപൊഴിയും കാലം
ഗുല്മോഹറിന്റെ ചിരി
കഫെ
സിനിമാശാലയുടെ
ഇരുണ്ട വെളിച്ചം
എന്റെ ചിന്തകൾക്ക്
തീപിടിക്കുന്നു .

എനിക്കൊരു കവിത എഴുതണം
നിന്നെ കുറിച്ച്
നിന്റെ നോവുകളെ കുറിച്ച്
നിന്റെ ചിരിയെ
നിന്റെ പരിഭവത്തെ
നിന്റെ സ്നേഹത്തെ
എല്ലാം എനിക്കതിൽ
ഒരു പേടകത്തിലെന്ന പോൽ
നിറയ്ക്കണം .

അതെ
എനിക്കൊരു കവിത എഴുതണം
ഞരമ്പുകൾ പിടയ്ക്കുന്ന
അമാവാസിയുടെ ഭയം
വായനക്കാരിലേക്ക് പകരുന്ന
ഒരു കവിത .
ഒരു കറുത്ത രാവിൽ
നിന്റെ കഴുത്തു ഞെരിക്കുമ്പോൾ
എന്റെ മിഴികളിലെ ഭാവം
വരികളിൽ എനിക്കത് പകരണം .

എന്റെ പേനയിൽ
നിന്റെ രക്തം നിറച്ചു
എനിക്കൊരു കവിത എഴുതണം
നിന്നെ കുറിച്ച്
എന്റെ സ്നെഹത്തെ കുറിച്ച്
എന്നെ കുറിച്ച്
എനിക്കൊരു കവിത എഴുതണം.
--------ബി ജി എൻ വർക്കല -------.

കണ്ണടച്ച് വിശ്വസിക്കേണ്ടവ

ബൈജു ജോസഫ്

പുലർകാല സൂര്യനെ
ഹരിതത്തളിരുകൾ-
ക്കിടയിലൂടെ നോക്കി
ക്കണ്ണു മഞ്ഞളിക്കുമ്പോൾ
കണ്ടുവോ കദനത്തിൻ
കറുപ്പിറ്റും നെഞ്ചകം;
വെളിച്ചം പൊതിഞ്ഞൊരാ
തമസ്സിന്നഴിമുഖം...

അരുത് നോക്കരുത്
നേർകണ്ണാൽ വെളിച്ചത്തിൻ
തിരുക്കണ്ണുറവയെ...
എരിയുമൊരു തിരി-
ക്കറുപ്പിനെ, സൂര്യനെ,
നീറിടുമോരോ നെഞ്ചും
കടം കൊണ്ടൻപിൻ വീഞ്ഞായ്
കാസയിലിറ്റിപ്പോനെ...

നമ്മുടെ കദനങ്ങൾ
നെഞ്ചേറ്റിയെരിച്ചവർ
പകരും വെളിച്ചത്തെ
നോക്കുക...പകുത്തവർ
പകരും കരുണയിൽ
കണ്ണുനീരലിയിച്ച്
കണ്ണടച്ചവരെ നാം
വിശ്വസിച്ചറിയുക...

ചൂട്ടെരിയുമ്പോള്‍

സന്തോഷ് പാലാ

ഞാനൊരു ചൂട്ട് ചോദിച്ചാണ്
അവിടെച്ചെന്നത്

ചിലരെന്തൊക്കയോ
ഉറക്കെപ്പറയുന്നുണ്ടായിരുന്നു.
അവാര്‍ഡ് പടത്തിലഭിനയിക്കുന്ന 
മാതിരി
ഗൌരവത്തിലായിരുന്നു
മറ്റുചിലര്‍.

ഞാന്‍ എന്റെ വലം കൈയോട്
പലവട്ടം ചോദിച്ചു
എന്തിനാണ് നീ അവര്‍ക്ക്
ഹസ്തദാനം ചെയ്തത്?
ഞാന്‍ എന്റെ ചൂണ്ടു വിരലിനോട്
പലവട്ടം ചോദിച്ചു
എന്തിനാണ് നീ അവര്‍ക്കു നേരെ
ദൃഷ്ടി ഉയര്‍ത്തിയത്?

ഞാന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു
എനിക്കെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.
എന്റെ കയ്യിലെ ചൂട്ട് 
അവിടെയെവിടെയോ എരിയുന്നുണ്ടായിരുന്നു,
കൈപ്പത്തിയും.

ഓര്‍മ:സുകുമാർ അഴീക്കോട് മാന്ത്രികനല്ല

കെ.എം.രാധ

      

സിത്താര്‍ തന്ത്രികളില്‍ ജാലവിദ്യ വിരിയിക്കും പണ്ഡിറ്റ്‌ രവി ശങ്കര്‍ ഇരുപത്തൊന്നാം വയസ്സില്‍ അന്നപൂര്‍ണ്ണ എന്ന 14 കാരിയെ ജീവിത സഖിയാക്കി. അവളുടെ മധുരോദാര സംഗീതം തട്ടി നീക്കി, സ്വന്തം മകനെ ഉപേക്ഷിച്ച് ആ കലാകാരന്‍ നര്‍ത്തകിമാര്‍ക്കും, വെപ്പാട്ടിമാര്‍ക്കും ഒപ്പം ഭോഗലാലസതയില്‍ തുടിച്ചു... മരണം വരെ. 

ഫേയ്സ്ബുക്ക് സൌഹൃദ കൂട്ടായ്മ, 2010 ജനുവരി 24 ചൊവ്വാഴ്ച സുകുമാര്‍ അഴീക്കോടിന്‍റെ അന്ത്യം അറിഞ്ഞ്, ഗുരുവിന്‍റെ പലതരം ഫോട്ടോകള്‍, ആദരാഞ്ജലികള്‍, ചില സംശയങ്ങള്‍ പങ്കിട്ടു. മാഷിന്‍റെ ഭൌതികശരീരം കോഴിക്കൊട്ടെത്തിയിട്ടും അവസാനമായി ഒരു നോക്ക് കാണാത്തതെന്ത്? സൌദി, ഖത്തര്‍, ഒമാന്‍, ഇംഗ്ലണ്ട് അങ്ങനെയങ്ങനെ...

 പത്ര-ചാനലുകളില്‍ നിങ്ങളെ കണ്ടില്ല. ചോദ്യം കേട്ട് വേദനിച്ചു. ഒരുപാട്.............
 2011 ഡിസംബര്‍ 23 വ്യാഴാഴ്ച തൃശൂര്‍ അമല ആശുപത്രിയില്‍ കൂട്ടിനു അഴീക്കോടിന്‍റെ ശിഷ്യന്‍ മുരളി വാണിമേലും(മുരളി വളയം ഗവര്‍മെന്റ്  ഹൈസ്കൂളില്‍ എന്‍റെ ശിഷ്യനായതും നിമിത്തമാകാം) ഒരുമിച്ച് എത്തുമ്പോള്‍, മനസ്സ് വിങ്ങിയിരുന്നു. 'തത്ത്വമസിയും' 'ജനാല കാഴ്ചകളും' സമ്മാനിച്ച, ആത്മകഥയില്‍ 'എഴുത്തുകാരി' യെന്നും 'എക്സ്ട്രാ പൌണ്ടെ'ന്നും പരിചയപ്പെടുത്തിയ വിജ്ഞാന സാഗരമായ  ഗുരുനാഥന്‍.........

 !!!
കണ്ണീരടക്കാനായില്ല...............

 "മാസ്റ്റര്‍ക്ക് ഒന്നും സംഭവിക്കില്ല. ഒപ്പം ഞങ്ങളുണ്ട്. മാഷുടെ അസുഖം മാറും. ഉറപ്പുണ്ട്." 
ആ കണ്ണുകള്‍ അസാധാരണമാം വിധം തിളങ്ങുന്നു. പിതൃസമാനമായ സ്നേഹ ,വാത്സല്യത്തോടെ , മാഷിന്‍റെ തലയില്‍, നെറ്റിയില്‍, കവിളില്‍ തലോടി. മുരളി, ചലനശേഷിയില്ലാത്ത കാല്‍ തടവുന്നു. 

സര്‍ക്കാര്‍, പരിചരണത്തിന് ഏര്‍പ്പെടു

  ത്തിയ രണ്ടു ചെറുപ്പക്കാരികള്‍ തിരക്കുന്നു.
 "നിങ്ങള്‍ ആരാണ്? ആരാണ്?" 

"ശിഷ്യ" 
നീണ്ടു നിവര്‍ന്നു കിടക്കുന്ന ഏകാന്തപഥികന്‍റെ മുഖത്തു സംതൃപ്തി. ആ ചുണ്ടുകള്‍ മന്ത്രിക്കുന്നു.

 "വലിയ എഴുത്തുകാരിയാണ്, വലിയ എഴുത്തുകാരി."
 വീണ്ടും മാഷിന്‍റെ നെറുകയില്‍ തലോടിക്കൊണ്ട്. 

"മാസ്റ്റര്‍ ഭാഗ്യവാനാണ്. എത്രയോ വീടുകളില്‍ വാര്‍ദ്ധക്യ ജന്മങ്ങള്‍ പുഴുവരിച്ചു കിടക്കുന്നു. ആരും തിരിഞ്ഞു നോക്കാതെ..." ഈ മഹേന്ദ്ര ജാലക്കാരന്‍റെ മാന്ത്രികവടി ചുഴറ്റലില്‍ ആള്‍ക്കൂട്ടം വിസ്മയ ലഹരിയിലാഴ്ന്നു പോയ എത്രയെത്ര അവസരങ്ങള്‍..!!!!!....

 മാസ്റ്റര്‍ക്ക് ചുറ്റും എഴുത്തുകാരായ മഹേഷ്‌ മംഗലാട്ട്, വി.ജി.തമ്പി, അദ്ദേഹത്തിന്‍റെ ഭാര്യ റോസി തമ്പി, കല്‍പ്പറ്റ ബാലകൃഷ്ണന്‍...>

മാഷ്‌ , കല്‍പ്പറ്റ ബാലകൃഷ്ണന്‍ കൊണ്ടുവന്ന ഇളനീര്‍ കഴിച്ചു. ഉച്ച ഭക്ഷണത്തിനു സമയമായില്ല. നഴ്സുമാര്‍ പറഞ്ഞു. ഉയര്‍ത്തിയ കൈ, കുനിഞ്ഞു നിന്ന എന്‍റെ നെറുകയില്‍ വെച്ച് പതുക്കെ പറഞ്ഞു.

 "വേഗം പൊയ്ക്കോ".
 മാഹിയില്‍ താമസിക്കുന്ന മുരളിക്കൊപ്പം  വേഗം കോഴിക്കോട്ടേക്ക് - ഇരുട്ടും മുമ്പ് - പോകണമെന്ന്!

നിറകണ്ണുകളില്‍ മായും രൂപങ്ങള്‍....... 2012 
ജനുവരി 24 ചൊവ്വാഴ്ച്ച രാത്രി 8 -45 നു കോഴിക്കോട് ടൌണ്‍ ഹാള്‍ വേദിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ആ മഹാ യോഗിയെ ഒരു നോക്ക് കണ്ട് അര്‍ദ്ധബോധത്തോടെ, പടിയിറങ്ങി. 

വരുംതലമുറയ്ക്ക് സാറിന്‍റെ വക 'ആശാന്‍റെ സീതാകാവ്യം', 'രമണനും മലയാള കവിതയും', പുരോഗമന സാഹിത്യവും മറ്റും, 'മഹാത്മാവിന്‍റെ മാര്‍ഗ്ഗം'... എത്രയെത്ര വിശിഷ്ട ഗ്രന്ഥങ്ങള്‍, ധാടി, മോടി, രാഷ്ട്രീയം, ധനം പദവി ഒപ്പം മാധ്യമങ്ങളും ഉണ്ടെങ്കില്‍ ആര്‍ക്കും എളുപ്പം ജനശ്രദ്ധ നേടാം. 

1966ല്‍ (ഞാന്‍ ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ഥിനി) ബി എഡിന് നിരീക്ഷകനായി വന്ന മാഷ്‌, പ്രണയ ലേഖനമെഴുതി, വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയെന്നു ചാനല്‍-മാധ്യമ വിപ്ലവത്തിലൂടെ അനശ്വരയായ പ്രണയിനി എവിടെ? ആ ചിന്തായോഗിയുടെ ഗ്രന്ഥങ്ങള്‍ പകരും അമൂല്യമായ അറിവും, അനുഭവങ്ങളും, ഓര്‍മകളും ജീവിതത്തിനങ്ങോളം പിന്തുടരുന്ന ശിഷ്യ സമൂഹമെവിടെ? കുമാരനാശാന്‍റെ വാക്കുകളില്‍ " മനമോടാത്ത കുമാര്‍ഗ്ഗമില്ല". സുകുമാര്‍ അഴീക്കോട്, നാല്പതാം വയസ്സില്‍ അവരെ ഇഷ്ടപ്പെട്ടിരിക്കാം, തര്‍ക്കമില്ല. അദ്ദേഹത്തിന്‍റെ 50, 60, 70, 80 വയസ്സില്‍ ഈ മഹിളാരത്നം എവിടെയായിരുന്നു?. അന്ന് ദൃശ്യ മാധ്യമങ്ങള്‍ ഇത്രയധികം പ്രചാരത്തിലില്ല, സമ്മതിച്ചു. ഒരു കാര്‍ഡ്‌ അവര്‍ക്ക് എഴുതാമായിരുന്നല്ലോ. മാസ്റ്റര്‍ ചോദിച്ചല്ലോ "വിലാസിനിയ്ക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരു കത്തെഴുതി അയയ്ക്കാമായിരുന്നില്ലേ?" അപ്രതിരോധ്യമായ - ആരാലും തടുക്കപ്പെടാന്‍ കഴിയാത്ത -ഇച്ഛാശക്തിയുടെ ഉടമയാണ് അഴീക്കോട്. "ക്ഷമിക്കുക, പൊറുക്കുക, രാജിയാകുക" - ഇതാണ് അവസാന നിമിഷം വിലാസിനി ടീച്ചറെ കാണാന്‍ അനുവദിച്ചത്.


 മാഷിന്‍റെ 50, 60, 70, 80 പ്രായത്തില്‍ സാക്ഷാല്‍ ഉര്‍വശി-മേനക-രംഭ-തിലോത്തമമാര്‍ വന്നാല്‍ പോലും, ആ ജ്ഞാന - കര്‍മ്മ യോഗിയുടെ അനേക കാതം ദൂരത്തെ നില്‍ക്കു. ആ മഹാസത്യം മനസിലാക്കുക. ഈ ശിഷ്യ 'തത്ത്വമസി' ഒരു കോപ്പി വേണമെന്ന് രണ്ടുവാക്ക്‌ എഴുതി, ഉടന്‍ കാര്‍ഡില്‍ മറുപടി വന്നു "എന്‍...ബി.എസില്‍ കാര്‍ഡ് കാണിച്ചു പുസ്തകം വാങ്ങുക". ഒരു സംശയം- വേദന കൊണ്ട് പുളയുന്ന, അതാരുമാകട്ടെ - ഒരു വയോവൃദ്ധന്‍റെ അടുക്കലേക്കു അണിഞ്ഞൊരുങ്ങി, ചാനലുകളാല്‍ അനുയാത്രയായിട്ടു വേണോ സന്ദര്‍ശനം? സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി, പ്രതിരോധ മന്ത്രി എ.കെ. ആന്റണി, ജയറാം സാധാരണ വേഷത്തില്‍ മാഷെ വന്ന് കണ്ടു. മനുഷ്യ മനസ്സ് നിഗൂഢമാണ് . "ഒപ്പം വന്നാല്‍ പൊന്നുപോലെ നോക്കാമെന്ന്", മാഷിന്‍റെ മറുപടി -"അത് കേട്ടത് തന്നെ മഹാ ഭാഗ്യമെന്നും". ഭാഷയ്ക്കും സാഹിത്യത്തിനും സ്വയം അര്‍പ്പിച്ച ആ മഹാ ത്യാഗി, ഓര്‍മ നശിക്കും വരെ ആത്മാവിനെ പണയം വെച്ച ഒരേര്‍പ്പാടിനും തയ്യാറാവില്ല. തീര്‍ച്ച. "മരിക്കുന്നതിനു മുന്‍പ് ഒരു ദിവസമെങ്കിലും ഭാര്യയായി ജീവിക്കണമെന്ന് ആഗ്രഹിച്ചു, കഴിഞ്ഞില്ല"- 

മരണത്തോട് അടുക്കുകയാണെന്ന തിരിച്ചറിവുണ്ടായിട്ടും "വിലാസിനി ഇവിടെ നില്‍ക്കു, കുറച്ചു മണിക്കൂര്‍ ഒപ്പം നിന്ന് എന്നെ ശുശ്രൂഷിക്കു" എന്ന് മാസ്റ്റര്‍ സൂചിപ്പിച്ചുവോ ഇല്ല. ഒരിക്കലുമില്ല. ചാനലുകള്‍, ദേശീയ-പ്രാദേശിക പത്രങ്ങള്‍ പരസ്യത്തിനും, മാര്‍ക്കറ്റിങ്ങിനും വേണ്ടി എന്ത് നെറികേടും പ്രവര്‍ത്തിക്കും. ചാനലുകള്‍ ആഘോഷിച്ച നളിനി ജമീലയുടെ ആത്മകഥ, ആയിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു. അതുപോലെ ഇനിയും അവര്‍, മറ്റു വ്യക്തികളെ കൊണ്ട് എഴുതിച്ചാല്‍ മുന്‍ റെക്കോര്‍ഡില്‍ എത്താനാകുമോ? ചിന്തിക്കുക. ഈ ശിഷ്യ, വാശി പിടിച്ചിരുന്നെങ്കില്‍, ഒട്ടും സംശയിക്കണ്ട, പരിചരിക്കാന്‍ മാഷ്‌ അനുവദിക്കും. തീര്‍ച്ച.

 എന്‍റെ പ്രാരാബ്ധ കൂമ്പാരങ്ങള്‍ കാരണം, കഴിഞ്ഞില്ല. കുറ്റബോധമുണ്ട്. വിലാസിനി ടീച്ചര്‍ ക്ഷമിക്കുക. ഫെയ്സ്ബുക്കില്‍ പലരും ഗുരുവര്യനെ തേജോവധത്തിന്, അപകീര്‍ത്തിപ്പെടുത്തിയതിന് ടീച്ചറും ഉത്തരവാദിയാണ്‌.. ടീച്ചര്‍ക്ക് നല്ലത് വരട്ടെ....

ചിന്ത

ടി.സി.ജോൻ ചിന്തകൾ
 സാബുഷണ്മുഖം

കുട്ടനാടിന്റെ ചെളിച്ചെത്തമുള്ള ഭാഷ , വലിയ നോവലിസ്റ്റായ തകഴി ശിവശങ്കരപിള്ളയിലല്ല , കാവാലം വിശ്വനാഥക്കുറുപ്പിന്റെ ' കായല് ' , ' കായല് രാജാവ് ' തുടങ്ങിയ നോവലുകളിലാണ് ചിനപ്പിട്ടുചിറകെട്ടുന്നത്  . എന്തുകൊണ്ടോ കാവാലം വിശ്വനാഥക്കുറുപ്പിന്റെ നോവലുകള് ശ്രദ്ധിക്കപ്പെട്ടില്ല  . ഗ്രീക്ക്  മിഥോളജിയെ ഉപജീവിച്ചെഴുതിയ  ' ഭൂമിക്കൊരു പുരാവൃതത' മെന്ന നോവലിലും കുട്ടനാടൻ ഭാഷയെ  മറ്റൊരു രീതിയില് സമർത്ഥമായി ഉപയോഗിക്കാൻ വിശ്വനാഥക്കുറുപ്പിനു കഴിഞ്ഞു . അയ്യപ്പപണിക്കർ ആമുഖമെഴുതിയിട്ടും ആ നോവലും ശ്രദ്ധിക്കപ്പെട്ടില്ല.

പുതിയകാലത്തിന്റെ കാഴ്ചയും ഭാഷയും ജേഴ്സിയണിഞ്ഞ്‌ മൈതാനത്തിറങ്ങിക്കളിക്കുന്ന നോവലുകളും കഥകളുമാണ്‌  കരുണാകരന്റേത്  .  കാറോട്ടമത്സരത്തിന്റെ ദൃശ്യത്തിലെന്നവണ്ണം വേഗതയുടെ പാരമ്യത്തില്  നിശ്ചലമായി  , നിശബ്ദമായി ,ആഴത്തിലേക്ക് അഴിയുന്ന ഭാഷയും കാഴ്ചയും . ബേസ്‌ ബോള് പന്തുകൾ പോലെ ദിശതെറ്റുന്നു എന്നു തോന്നിപ്പിച്ചുകൊണ്ട്‌  കൃത്യവും സൂക്ഷ്മവുമായ ദിശയിലേക്കാണ് ആഖ്യാനത്തിന്റെ സഞ്ചാരം. എന്നിട്ടും , നമ്മുടെ സ്ഥിരം നോവല് ചർച്ചകളിൽ , കഥാചര്ച്ചകളില് എന്തുകൊണ്ടോ കരുണാകരന് വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

എഴുതാൻ തുടങ്ങിയത് കാവാലം വിശ്വനാഥക്കുറുപ്പിനേയോ കരുണാകാരനെയോ കുറിച്ചല്ല .  ടി.സി. ജോണിനെക്കുറിച്ചാണ് . കാവാലം വിശ്വനാഥക്കുറുപ്പ് ,  കരുണാകരന് , ടി.സി. ജോണ് . മൂന്നുപേരും മൂന്നു തരം നോവലിസ്റ്റുകളാണ് . മൂന്നു പേരും അവരുടെ നോവലുകള് പരസ്പരം വായിച്ചാല് ഒരിക്കലും പൊരുത്തപ്പെടാനാവാതെ തെറ്റിപ്പിരിയാനാണ് കൂടുതൽ സാദ്ധ്യത .  അത്രത്തോളം തീര്ത്തും പരസ്പരവിരുദ്ധമാണ് അവരുടെ എഴുത്തുരീതിയും സമീപനരീതിയും .  മൂന്നുപേരേയും ഒന്നിച്ചു വെച്ചത് ശരിയായില്ലെന്ന് ആർക്കെങ്കിലും   തോന്നിയാൽ ആ തോന്നലിനെ അംഗീകരിച്ചുകൊണ്ട് , വായനയുടെ ജനാധിപത്യത്തിൽ വിശ്വസിച്ചുകൊണ്ട് ,  Italo Calvino -യെ കൂട്ടുപിടിച്ചുകൊണ്ട് മൂന്നുപേരേയും ഒന്നിച്ചു വെക്കുകയാണ് . Calvino എഴുതുന്നു : The struggle of literature is in fact a struggle to escape from the confines of language; it stretches out from the utmost limits of what can be said; what stirs literature is the call and attraction of what is not in the dictionary. ഈ വരികളിൽ സൂചിതമായിരിക്കുന്ന ശ്രമം , പാടേ വ്യത്യസ്തമായ രീതിയിൽ മൂന്നുപേരും ഒരു പോലെ നടത്തുന്നുണ്ട് എന്നു കാണാം. .

അടിവേരുകളും ഇടതിങ്ങുംപടർച്ചകളുമുള്ള വയനാടൻ ഭാഷയാണ്‌ ടി. സി. ജോണിന്റെ നോവലുകളിൽ ചിത്രപ്പെടുന്നത് . കാടുകയറിപ്പോയ ഭാഷ കാറ്റടിച്ച് ജോണിന്റെ നോവലുകളിൽ വലിഞ്ഞു മുറുകുന്നു . ഗോത്രവേദനയുടെ
അസ്ഥികൾക്കിടയിൽ നഷ്ടഭാഷയുടെ വന്യവിപിനങ്ങൾ മജ്ജയും മാംസവും മാതിരി നിറയുന്നു . ഏതെങ്കിലും വിധത്തിലുള്ള അക്കാദമിക് അഭ്യാസങ്ങൾ നടത്തിയോ , സര്വകലാശാലാ ഗവേഷണത്തിലൂടെയോ , സെമിനാര് ചര്ച്ചകളിലൂടെയോ  മെരുക്കിയെടുത്തതല്ല ജോണിന്റെ ഭാഷ . അത് മെട്ടും മട്ടും  താനേ തെഴുത്ത വടിവം .  തനിപ്പേച്ചിന്റെ തനിയാവര്ത്തനം .  അട്ടമാടുന്ന കടുംപച്ചക്കാട്‌ . ചെറുകാടിന്റെ ' ജീവിതപ്പാത ' പോലെ വന്നു തൊടുന്ന ഏതൊക്കെയോ ആത്മാർത്ഥതകളുടെ മുഴക്കം ജോണിന്റെ എഴുത്തിലുണ്ട് .' ഉറാട്ടി 'യിൽ അതുണ്ട് .  കിട്ടേണ്ട ശ്രദ്ധ ജോണിന് കിട്ടിയില്ല . മറ്റൊരു വായനയിൽ , മറ്റൊരു വായനയുടെ മറ്റൊരു സംസ്കാരവിശകലനത്തിൽ  , മറ്റൊരു സംസ്കാരവിശകലനത്തിന്റെ മറ്റൊരു സന്ദർഭത്തിൽ ജോണിന്റെ നോവലുകളേയും ( ആ നോവലുകളുടെ പരിമിതികൾ എന്തായിരുന്നാലും ) പരിഗണിക്കേണ്ടി വരും .

ജോണ് പൊതുകാര്യക്കാരനും പുരോഗമനകലാസാഹിത്യസംഘം  പ്രവര്ത്തകനുമായിരുന്നു. ഞാനാകട്ടെ , പൊതുവേദികളില് നിന്നും സംഘടനകളില് നിന്നും സ്വന്തം പരിമിതികൾ കൊണ്ട് തികച്ചും അകലം പാലിക്കുന്ന ഒരാളും . സാഹിത്യ -  സാമൂഹിക -രാഷ്ട്രീയ നിലപാടുകളില് കടലും കടലാടിയും പോലെ വ്യത്യസ്തരെന്ന് നിസ്സംശയം പറയാം  .  എന്നാല് , ഒരാളുടെ എഴുത്തിനെ അയാളുടെ സംഘടന നോക്കി  , അയാളുടെ ജാതിയും മതവും നോക്കി , അയാള് മാര്ക്സിസ്റ്റാണോ  ഗാന്ധിയന്  ആണോ  , ആത്മീയവാദിയാണോ , മാവോയിസ്റ്റാണോ എന്നു നോക്കിയല്ല ഒരു ചെറിയ വായനക്കാരനായ ഞാന് വായിക്കുന്നത് . മുന്നില് വരുന്ന രചനകളില് , ഏതുതരം എഴുത്തുകാരനുമാവട്ടെ , അയാളുടെ കാല്പ്പാടുകള് ആഴത്തില് വീണു കിടക്കുന്നുണ്ടോ , പോകത്തവഴികളില് ആ കാല്പ്പാടുകള് പോകുന്നുണ്ടോ എന്ന അന്വേഷണത്തിലേക്കാണ്‌ എന്റെ വിനീതമായ സഞ്ചാരം . ആ സഞ്ചാരമാണ് മലയാള സാഹിത്യചരിത്രം അര്ഹിക്കുന്നരീതിയില് അടയാളപ്പെടുത്തിയിട്ടില്ലാത്ത്ത പെരുനല്ലി കൃഷ്ണനിലേക്കും വെളുത്തേരി കേശവനിലേക്കും കാട്ടൂര് ലക്ഷ്മിക്കുട്ടിയമ്മയിലേക്കും പരവൂർ കൊച്ചംബാളിയിലേക്കും ഓ.നാണു ഉപാദ്ധ്യായനിലേക്കും  കരുവാ കൃഷ്ണനിലേക്കുമടക്കം നിരവധി എഴുത്തുകാരിലേക്കു പോകുന്നത് . ഇവരൊന്നും ശ്രേഷ്ഠപദവിയുള്ള എഴുത്തുകാരല്ല. ചില സവിശേഷ സന്ദര്ഭങ്ങളിലെ സവിശേഷതയുള്ള എഴുത്തുകാരാണ് . അതേ അന്വേഷണമാണ്‌ ടി.സി ജോണിലേക്കും എത്തിചേര്ന്നത്‌ .

ടി. സി. ജോണിനെ പരിചയപ്പെടാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി . ഒരേയൊരു തവണ  തമ്മില് കണ്ടു . സ്നേഹക്കുറിപ്പോടുകൂടി ചില പുസ്തകങ്ങള് സദയം  അയച്ചു തന്നു . അങ്ങനെ ആരുമല്ലാത്ത എന്നെയും  ജോണ് പരിഗണിച്ചു . പല മേഖലകളില് പ്രവര്ത്തിച്ചിരുന്ന ജോണിന് ഒര്മ്മിച്ചു വെക്കാന്  തക്കവണ്ണമുള്ള അടുത്ത ബന്ധമോ അതിനുള്ള എന്തെങ്കിലും യോഗ്യതയോ എനിക്കില്ല.  അതുകൊണ്ടു തന്നെ  ജോണുമായുള്ള  തീരെചെറിയ പരിച്ചയത്തെക്കുറിച്ച് എന്തെഴുതിയാലും അത് അധികപറ്റാവും . എന്റെ അതിനിസ്സാരമായ നിശ്ശബ്ദതയിൽ  നിന്നുകൊണ്ട് ഒരടുത്ത സുഹൃത്തിന്റെ , ഒരു ജേഷ്ഠന്റെ വേർപാടായി ജോണിന്റെ വേർപാടിനെ ഞാൻ കാണുന്നു, അനുഭവിക്കുന്നു. 


ടി.സി.ജോൺ


കുസൃതികൾ

ഗീതാരാജൻ

ഒഴുക്കിന്റെ കുസൃതിയെ
വിരൽ  തുമ്പിൽ ആവാഹിച്ചു
ക്യാൻവാസിന്റെ  നാൽവരമ്പിൽ  
ചലിച്ചു ചേർക്കുന്ന  കണ്ണ്!

കാലത്തിന്റെ  കുസൃതിയിൽ   
ചുഴിയിൽ പെട്ടുഴലുമ്പോൾ
മനസ്സ് കട്ടെടുത്ത തുരുത്തിലേക്ക്  
വഴുതി പോകുന്ന പെണ്ണ്!

പാടത്തിൽ വിതയുടെ കുസൃതിയെ  
കൊത്തിയെടുത്തു പറന്ന  മാനങ്ങൾ  
ഉയര്ന്നു പൊങ്ങിയ സൌധങ്ങളിൽ  
ഞെരിഞ്ഞു  വിങ്ങുന്ന  മണ്ണ്!

കണക്കെടുപ്പിൻ കുസൃതിയിൽ
മേല്പോട്ട് പെയ്തൊഴിഞ്ഞ 
ലാഭ പെരുമഴ, ബാക്കി വച്ച് പോയ  
വിള്ളലുകൾ, നികത്താനാവാത്ത 
നിസഹായതയിൽ വിതുമ്പുന്ന വിണ്ണ്!

കുസൃതികളുടെ പടിക്കുമപ്പുറം 
പിടക്കുന്ന സ്പന്ദനം  പോലെ 
നിഴൽ വിരിക്കുമീ ജീവിതം!

ഓണം ബഹിഷ്കരിക്കുന്നുഡോ കെ ജി ബാലകൃഷ്ണൻ 
ഓണമെത്തുന്നു 
വൈകി-
പുതുതമ്പിരാക്കാന്മാർ 
കല്പിച്ചരുളുന്നു 
അടിയാളർക്ക് അരി- 
കരിക്കാടി തിളപ്പിക്കാൻ 
- ഒരു രൂപ 
രണ്ട് രൂപ 
മൂന്ന് രൂപ-
വോട്ട് ലേലം 
ഒരു തരം 
രണ്ട് തരം 
മൂന്ന് തരം.
കൂടാതെ,
അടിയങ്ങൾക്ക് 
ആനന്ദത്തീട്ടൂരം
കനിഞ്ഞരുളുന്നു-
(തൊഴിലുറപ്പ്)-
ചാളമുറ്റത്ത്
ബീമാനമിറങ്ങാൻ-
കയറാൻ,
വികസനം.

2.
മടുത്തുവോ 
ഗുരോ!
അങ്ങ് വന്നിരുന്നുവല്ലോ,
മുടങ്ങാതെ-
വെളുപ്പുടുത്ത്-
മഞ്ഞയുടെ 
മധുരമായി.

എന്തേ ഈ ഞൊടി?

ഇനി നമുക്കൊണമില്ലെന്നോ
തിരുമൊഴി?

ഇല്ല;
അങ്ങില്ലാതെ,
ഞങ്ങൾക്കോണമില്ല.

ഞങ്ങളുടെ
ഈ ഊരാക്കുടുക്ക്‌ 
ഊരിയെറിഞ്ഞത്

നേരായും 
ആ കാരുണ്യമായിരുന്നുവല്ലോ!

3.
ഇതാ 
ഇവർ 
കടുങ്കെട്ടിടുന്നു-
ഞങ്ങടെ
ചൂണ്ടുവിരൽത്തുമ്പിന്
മാത്രം പേർച്ച-ശേഷിപ്പ്; 

ഒരു തുടിപ്പ്-
ഈ വോട്ടുയന്ത്രത്തിൽ
അഞ്ചാണ്ട് കൂടുമ്പോൾ 
ഒന്ന് ഞെക്കാൻ.

പുന:പ്രതിഷ്ഠക്ക്
സമയമായോ 
മഹാദേവ!