Followers

Showing posts with label desamangalam ramakrishnan. Show all posts
Showing posts with label desamangalam ramakrishnan. Show all posts

Saturday, January 2, 2010

സമന്വയത്തിന്റെ ലാവണ്യം

desamangalam ramakrishnan



" എന്റെ ജ്യേഷ്ഠന്റെ ജീവൻ ഹരികുമാറിന്റെ ഈ ആസ്വാദനം അറിയുമെന്നു തന്നെ ഞാൻ കരുതുന്നു" എന്ന്‌ ഒ.വി.ഉഷ. "ഒരു ഋഷിയോട്‌ പ്രകടിപ്പിക്കേണ്ട കൃതജ്ഞതയുടെയും നീതിയുടെയും വിനീതമായ ഒരു നിദർശനമാണിത്‌..." എന്ന്‌ എം.ലീലാവതി - എം.കെ.ഹരികുമാറിന്റെ 'നവാദ്വൈതം വിജയന്റെ നോവലുകളിലൂടെ' എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണിവ. സൈദ്ധാന്തികവും പ്രതികരണാത്മകവുമായ ഹരികുമാറിന്റെ വിചിന്തനങ്ങളെ അടുത്തു കാണിച്ചു തരുന്നുണ്ട്‌ ഈ സ്പർശിനികൾ. മതം, തത്ത്വം, സംസ്കൃതി, സൂക്ഷ്മവിനിമയങ്ങൾ, കാഴ്ച എന്നീ ഖണ്ഡങ്ങളിലേയും ഉപഖണ്ഡങ്ങളിലേയും സൂക്ഷ്മമായ പ്രതികരണക്കുറിപ്പുകൾ ഒ.വി.വിജയൻ എന്ന വ്യക്തിയുടെ സത്തയും ആ സത്ത കിനിഞ്ഞിറങ്ങുന്ന ആഖ്യാനാവിഷ്കാരങ്ങളുടെ വിവിധതലങ്ങളും വ്യുൽപാദിപ്പിക്കുന്നു 'ഖസാക്കിന്റെ ഇതിഹാസം'മുതൽക്കുള്ള വിജയരചനകളിലെ 'അനുഭവത്തിന്റെ സിംഫണി' വായനക്കാരനിലേക്കു സംക്രമിപ്പിക്കാൻ പോന്ന ഒരു ആസ്വാദനരീതിശാസ്ത്രമാണ്‌ ഹരികുമാർ ഇവിടെ കൈക്കൊണ്ടിട്ടുള്ളത്‌. യുക്തികളുടെ വരട്ടുതത്ത്വശാസ്ത്രത്തെവെടിഞ്ഞുകൊണ്ടുള്ള, നൈസർഗ്ഗികതയുടെ രീതിശാസ്ത്രം പുലർത്തുന്ന, വിജയന്റെ ആഖ്യാനങ്ങളെ അതേപരിമാണത്തോടെത്തന്നെയാണ്‌ ഈ നിരൂപകൻ സമീപിച്ചിട്ടുള്ളത്‌. വിജയൻ "ഒരു പാരമ്പര്യത്തെയും അതേപടി പൈന്തുടർന്നിട്ടില്ല. അതേ സമയം, വലിയ പാരമ്പര്യത്തെ, സ്മൃതിയിലും ബോധത്തിലും ആഴത്തിൽ ചലനമുണ്ടാക്കിക്കൊണ്ടിരിക്കുന്ന പൗരാണികതയെ നിരന്തരം ജപിച്ചുവരുത്തി പുതിയ വിതാനങ്ങളിലൂടെ അനുഭവശാസ്ത്രമാക്കി മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു." എന്ന വിലയിരുത്തൽ പാളിപ്പോയിട്ടില്ല. അനുഭവങ്ങളുടെ ഭൂപ്രദേശമാണ്‌ പൗരാണികതയെന്നും അത്‌ വെറും ചരിത്രമോ സംഭവമോ അല്ലെന്നും ഹരികുമാർ ബോധ്യപ്പെടുത്തുന്നുണ്ട്‌. പൗരാണികതയെ സമകാലിക ജീവിതത്തിന്റെ അവിഭാജ്യമായ ഊർജ്ജമാക്കിമാറ്റുന്ന എഴുത്തുകാരന്റെ വ്യക്തിസത്ത യാത്രയെയും വഴിയെയും രണ്ടായി കാണുന്നില്ല. നിശ്ശബ്ദതയിൽ കൂടണഞ്ഞു ജ്വലിക്കുന്ന മനുഷ്യന്റെ 'യാന്ത്രികവും നിരാസ്പദവുമായ നിരാശ'യെ പറ്റിയാണ്‌ വിജയൻ എഴുതുന്നത്‌. മയിലിന്റെയും ഇലയുടെയും നിറങ്ങൾ ഇണചേരുന്ന ഒരു പ്രകൃതിയും മനുഷ്യപ്രകൃതിയും തേടിയുള്ള അനാദിയായ യാത്രയുടെ വ്യർത്ഥതയിലേക്കാണ്‌ അത്‌ വിരൽചൂണ്ടുന്നത്‌. കൃഷ്ണനീലിമയുടെ പൊരുൾ തേടലാണ്‌ ഈ യാത്രയെ തെല്ലെങ്കിലും സാർത്ഥകമാക്കുന്നത്‌. ഇങ്ങനെ വിജയന്റെ ആഖ്യാനങ്ങൾ വിരുദ്ധ ദ്വന്ദ്വങ്ങളുടെ സംഘർഷവും ലയവുമായി അനുഭവപ്പെടുന്നു. പരോക്ഷതകളുടെ അകക്കളങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നാടകമാണിത്‌.
വിജയൻ എഴുതിത്തുടങ്ങുന്ന കാലത്ത്‌ മിക്ക എഴുത്തുകാർക്കും പൂർണ്ണരായ മനുഷ്യരെ അവതരിപ്പിക്കാനായിരുന്നു താൽപര്യമെന്നും അതിനു നേർവിപരീതമാണ്‌ വിജയന്റെ രീതിയെന്നും മാമൂലുകൾക്കനുസരിച്ചുള്ള കഥാപാത്രസൃഷ്ടിയിൽ മുഴുകി സ്വയം ബന്ധനസ്ഥനാകാൻ അദ്ദേഹം ആഗ്രഹിച്ചില്ലെന്നും ഹരികുമാർ പറയുന്നു. അദ്ദേഹം അങ്ങനെ മലയാള നോവലിന്റെ ബന്ധങ്ങളെ അഴിച്ചു എന്നു കാണിക്കാനാണ്‌ ഹരികുമാർ ഈ ബൃഹദ്പഠനത്തിൽ ശ്രമിച്ചിട്ടുള്ളത്‌. മലയാള നോവൽ 'ഖസാക്കിന്റെ ഇതിഹാസ'ത്തിനും മുമ്പും പിമ്പും എന്നൊരു ബലതന്ത്രം സ്ഥാപിക്കാൻ തന്നെ ഒ.വി.വിജയനു കഴിഞ്ഞുവേന്ന്‌ ഈ പഠനം വെളിപ്പെടുത്തിത്തരുന്നുണ്ട്‌. 1970-ലെ ഓടക്കുഴൽ സമ്മാനം ആ കൃതിക്കാണ്‌ കിട്ടിയത്‌. അന്ന്‌ ജി.ശങ്കരക്കുറുപ്പ്‌ എൻ.വി.കൃഷ്ണവാരിയർക്കെഴുതി: "ഖസാക്കിന്റെ ഇതിഹാസം സമ്മാനാർഹമായി പ്രഖ്യാപിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. കേരളത്തിലെ 'വെർജിൻ' മണ്ണുള്ള ഒരുതടത്തിൽ വേരൂന്നിയ അനുഭവങ്ങളുടെ മനോഹരമായ നവീനാവിഷ്കാരമാണ്‌ വിജയന്റെ ഗദ്യകാവ്യം. ആധുനികന്മാരും അത്യാധുനികന്മാരും കേരളത്തിന്റെയും ഭാരതത്തിന്റെയും ജീവിതത്തടങ്ങളിൽ ഇങ്ങനെ പ്രതിഭയെ സഞ്ചരിപ്പിച്ചിരുന്നെങ്കിൽ!". ഈ ആശ്ചര്യവും പ്രശംസയും ഇന്നും ചൂടാറാതെ നില നിൽക്കുകയാണല്ലോ.
ഇതിഹാസത്തിന്റെ വരവോടെയാണ്‌ കവിതയ്ക്കു തുല്യമായ നിലയിൽ നോവലിനു പഠനങ്ങൾ ഉണ്ടായിത്തുടങ്ങിയതെന്ന ഹരികുമാറിന്റെ അഭിപ്രായം അർത്ഥവത്താണ്‌. അദ്ദേഹത്തിന്റെ 'ആത്മായനങ്ങളുടെ ഖസാക്ക്‌' തന്നെ ഉദാഹരണം. കാവ്യാത്മകമായ അനുഭവസാന്ദ്രത ഗദ്യത്തിൽ സംഭവിച്ചതിന്റെ തിരിച്ചറിവാണ്‌ ഇതിനുപ്രേരകമെന്ന്‌ അദ്ദേഹം കണ്ടെത്തുന്നു. "ഖസാക്ക്‌ നൽകിയ ചിന്തകളുടെ, അനുഭൂതികളുടെ, മഴ അപാരമായിരുന്നു. ജീവിതത്തിന്റെ നേർക്ക്‌ നവീനമായൊരു ആദ്ധ്യാത്മികവിശുദ്ധിയും നഗ്നതയും പ്രദർശിപ്പിക്കാൻ ഈ നോവലിനു കഴിഞ്ഞു. മുമ്പൊരിക്കലുമില്ലാത്ത മനോവിചാരങ്ങളുടെ ഹിമസാഗരങ്ങൾ അത്‌ നൽകി" എന്ന്‌ പറയുന്നിടത്ത്‌ ഈതിബാധകളില്ലാത്ത വിവൃതമായ സഹൃദയത്വമാണ്‌ മുന്നിട്ടുനിൽക്കുന്നത്‌. "ജീവിതത്തെ അപഗ്രഥിക്കുകയോ, നിലപാടുകളിലോ നിക്ഷിപ്തനിഗമനങ്ങളിലോ എത്താൻ ശ്രമിക്കുകയോ ചെയ്യാതെ സൗന്ദര്യാത്മകതയുടെ സാധ്യതകൾ തേടുകയാണ്‌ ഒ.വി.വിജയൻ" എന്നെഴുതുമ്പോൾ നിരൂപകന്റെ വിശകലനബുദ്ധി തെളിഞ്ഞുവരികയും ചെയ്യുന്നു. ധർമ്മപുരാണം, മധുരംഗായതി, ഗുരുസാഗരം, പ്രവാചകന്റെ വഴി, തലമുറകൾ എന്നീ ആഖ്യാനങ്ങളെക്കുറിച്ചുള്ള ആസ്വാദനവിശകലനങ്ങളുടെ നിലപാടുതറയും ഇതുതന്നെയാണ്‌. നൈരന്തര്യഭംഗമില്ലാതെ, ആത്മവഞ്ചനയില്ലാതെ, ഹരികുമാർ വിജയനെ വെളിപ്പെടുത്തുന്നു; ഒപ്പം സ്വയം വെളിപ്പെടുത്തുകയും ചെയ്യുന്നു. ഒരു ജന്മത്തിൽ, ഒരു അനുഭവത്തിൽ, സംഭവിക്കുന്ന അനേകം ധാതുക്കളുടെ പ്രയാണം അനുഭവിപ്പിക്കാൻ ഒ.വി.വിജയന്‌ തന്റെ കൃതികളിലൂടെ സാധിക്കുന്നു. "ലോകം ഏൽപ്പിക്കുന്ന അംഗീകൃതമായ തത്ത്വശാസ്ത്രങ്ങളുടെ ആവർത്തനമല്ല വിജയന്റെ ദർശനം" എന്ന കണ്ടെത്തലിലാണ്‌ ഹരികുമാറിന്റെ നവാദ്വൈത സങ്കൽപനം തൃപ്തിപ്പെടുന്നത്‌. വ്യാവഹാരിക ലോകത്തുവെച്ച്‌ നിഗ്രഹിക്കപ്പെട്ട പേലവ സങ്കൽപങ്ങളെയും അറിവുകളെയും അടുത്തുകാണിച്ചുതരുന്നു ഇത്‌.
നമ്മുടെ കാലത്തിന്‌ നഷ്ടമായ ആത്മസാധ്യതകൾ വീണ്ടെടുക്കുക എന്ന അർത്ഥത്തിലാണ്‌ ഹരികുമാറിന്റെ നവാദ്വൈതസങ്കൽപനം. വൈരുദ്ധ്യാത്മകതലങ്ങളുടെ ആഗിരണവും നിരാസവും ഒന്നിച്ചുനടക്കുന്ന ഒരു പ്രക്രിയയാണത്‌. മതേതരവും സംഘേതരവുമായ ഒരന്വേഷണമാണത്‌. 'വായുവിന്റെ, പൂവിന്റെ, ജലത്തിന്റെ കവിത എന്നതുപോലെയാണ്‌ ഇതിന്റെ അവസ്ഥ' എന്ന്‌ ഹരികുമാർ പറയുന്നു. പൂർവവിധികളെ മറികടന്ന്‌ മുന്നോട്ടുപോകുന്ന ഭാഷാ ദർശനവും ദർശനശൈലിയും ഒ.വി.വിജയന്റെ എല്ലാ കൃതികളിലും സമന്വയത്തിന്റെ ആത്മീയത പ്രസരിപ്പിക്കുന്നുണ്ട്‌. "ഭാഷയെ മന്ത്രധ്വനിയാക്കി, മൗനത്തിന്റെയും വചനത്തിന്റെയും സമന്വയത്തിലൂടെ പ്രപഞ്ചസാരാംശത്തിലേയ്ക്കു നയിക്കാൻ കഴിയുമ്പോഴാണ്‌ അതിനു സ്വന്തമായി ദർശനം കിട്ടുന്നത്‌." വിജയന്റെ ഭാഷയ്ക്ക്‌ ഈ സിദ്ധിയുണ്ടെന്ന്‌ ഹരികുമാർ സ്ഥാപിക്കുന്നു. സ്നേഹത്തിന്റെ മൃതിസ്വരങ്ങൾ, ചിരിയുടെ ഉപനിഷത്ത്‌, മരിച്ച ആത്മാക്കളുടെ പ്രതിഫലമായ ജഡങ്ങൾ, ചുംബനത്തിന്റെ ആർദ്രസംഗീതം ശൈവസർപ്പങ്ങളുടെ ലാസ്യമായിനീണ്ടു, നിരന്തരതയുടെ സാരം, ദേഹം വെടിഞ്ഞ മിഥുനങ്ങൾ, പുറപ്പാടുകളുടെ കമാനമായ ആകാശം - ഇങ്ങനെ ഭാഷയെ നവമായൊരു അദ്വൈതദർശനത്തിലേയ്ക്കുയർത്തിയെന്നതാണ്‌ ഒ.വി.വിജയന്റെ മഹത്തായ സംഭാവന - അദ്ദേഹത്തിന്റെ മിക്ക കൃതികളുടെയും സൂക്ഷ്മസ്പർശിനിയാണിത്‌.

നവാദ്വൈതം വിജയന്റെ നോവലുകളിലൂടെ
എം.കെ.ഹരികുമാർ
കറന്റ്‌ ബുക്സ്‌, കോട്ടയം വില - 135 രൂപ

സങ്കീർത്തനങ്ങൾ (ഓ.വി.വിജയന്‌)

desamangalam ramakrishnan



നമുക്കിടയിൽ ഇപ്പോൾ ഈ കോച്ചുന്ന മൗഢ്യം മാത്രം
ഇതൊന്നു വലിച്ചുകീറാൻ നാം പാടുപെടുന്നു
എത്രയോ നാവുകൾ
ഉള്ളിലോരോ അണുവിന്റേയും സങ്കടങ്ങൾ
വിളിച്ചു പറയാൻ
തെരുക്കുന്നു, ആവതില്ല
മുന്നിരുട്ടിൽ നിന്ന്‌ പിൻവാങ്ങുക
മുങ്ങുക ഈ തണുപ്പിൽ
എന്നാലും സ്നാനം തീരുകയില്ല
തുവർത്താൻ ഒരിഴയും ബാക്കിയില്ലല്ലോ
തുഴയാൻ തുഴക്കോലും ഇല്ല
തോണി ഇപ്പോൾ ഏതു കരയിലാണ്‌
അമ്മ അതിൽ തനിച്ചായിരുന്നു
(2)
സ്വപ്‌നത്തിന്റെ പച്ചില മരത്തിൽ
ഒരു പൂവള്ളി പടരുന്നു
അതിന്റെ യാത്ര ഏതു മണ്ണിൽ നിന്ന്‌
അതിനു പൂക്കളുണ്ടായിരുന്നുവോ
ഇരുട്ടു കുടിച്ച്‌ അത്‌ കറുത്തു
കറുപ്പു കതിരിട്ടു
കാണാത്ത കയങ്ങളിൽ നിന്ന്‌
ഒരു കിളി പറന്നു വന്നു
കിളി പറഞ്ഞു
നിനക്കായി നീ പോകാതിരിക്കാനായി
ഈ കാകോളം നിന്നിൽ നിന്ന്‌
ഞാൻ കൊത്തിക്കുടിക്കുന്നു
കരിയിലകളിൽ ഒരു പാട്ട്‌
കഴുത്തറ്റു വീണു
ഒരു അനാഥനക്ഷത്രം അതിനു കൂട്ടായി
പിന്നെയും പൂവള്ളി യാത്രയായി
മുകളിലേക്ക്‌ മുകളിലേക്ക്‌-
പച്ചില മരം ഇന്ന്‌ ഒറ്റക്കാണ്‌
പുലർകാലത്ത്‌ ഒരു പൈതൽ
എന്നും വന്ന്‌ കൈ നീട്ടുന്നു
താതാ എന്റെ അമ്മ എവിടെ?
(3)
ചെവിടു മണ്ണു പിഴിഞ്ഞ പാതയിലൂടെ
ചീവീടുകളുടെ ഓംങ്കാരത്തിൽ
ഒരു മൗനം വാക്കു തേടിപ്പോകുന്നു
പൂ തന്ന വാക്കെല്ലാം
കിളി തന്ന നോക്കെല്ലാം
പുഴയിലൊലിച്ചുപോയി
തുറക്കാനാവാത്ത പുസ്തകവും
മറന്നുപോയൊരു മന്ത്രവും
ദിക്കുകൾ ചോദിക്കുന്നു
"അതിനൊടെ സത്തിയമെന്ന"?
മരിച്ചവൾക്ക്‌ താരകളുടെ വായ്‌ക്കരി
സൂര്യചന്ദ്രന്മാർ ചോദിക്കുന്നു
"അതിനൊടെ സത്തിയമെന്ന"?

അമർത്തിയ മുഖങ്ങളിൽ
അടർന്ന കൽപ്പകാലങ്ങൾ
അമാന്തത്തിന്റെ അനുരാഗങ്ങളിൽ
അനന്തമായ നഗ്നശൂന്യതകൾ
മൊഴിയറ്റ നാക്കിൽ
തറച്ച ത്രിശൂലം
യാഗശേഷം തൂവിയ ധാന്യപ്പൊടികൾ
ആരുടെ മേൽ വീണു
എന്നെ ഒരു സ്വർണ്ണക്കീരിയാക്കൂ-
കീരിപ്പുഴു ചോദിക്കുന്നു
"അതിനൊടെ സത്തിയമെന്ന"?




തുണയാരമ്മേ നിന,ക്കുരുകിത്തിളക്കുന്ന
കടലിൻ മീതേ കനലാളുന്ന കരിമ്പന-
ക്കാടിനും മീതേ .താരാവലികൾ കറുക്കുന്ന
ഹൃദയാകാശത്തിനും മീതേ നീയകലുന്നു

ഈറനായൊരു മുറ്റത്തെന്നെയുമിരുത്തി നീ
ആരുടെ പല്ലക്കിലായ്‌ യാത്രയാവുന്നു ,മല-
മടക്കു തിരിയവേ എന്നെ നീ വീണ്ടും വീണ്ടും
തിരിഞ്ഞു നോക്കുന്നുവോ എനിയ്ക്കാർ തുണയമ്മേ
എനിക്കു വാക്കില്ലമ്മേ നിന്റെ താരാട്ടിന്നുച്ച-
ശ്രുതി മാത്രമേ കാതിൽ, കണ്ണിലാ ചിരിച്ചേറെ-
ക്കരയും മുഖം മാത്രം-
എന്തിനേ കരഞ്ഞു നീ
എന്തിനേ ചിരിച്ചു നീ
ഓർമ്മയിൽ പലമുറം ചേറിനിൽക്കുന്നു നീ യാ-
കോലകത്തുമിക്കുണ്ടിൽ കിടന്നു കളിച്ചു ഞാൻ
ഉരലിലെന്നെക്കെട്ടിയിട്ടു നീ, തേവാരത്തി-
ന്നകത്തമ്മയ്ക്കായെണ്ണ കാച്ചുവാൻ നിൽക്കുന്നു നീ
പരദേശിയാമച്ഛൻ തിരിച്ചു വന്നു, നിന്റെ
വയറ്റിലനിയത്തിക്കുമ്മ ഞാൻ കൊടുത്തപ്പോള്‍
വളരും ചില്ലക്കു മേൽ പാടുവാൻ കിളി വന്നു
ചെരിയും കതിരിലെൻ തുമ്പികൾ പറക്കയായ്‌
അന്തിയായമ്മേ പിന്നെയെന്നെയുമൊക്കത്തെടു-
ത്തന്നു നീ പോയി, പടിവാതിൽക്കലൊരു കരിം-
പൂച്ചയെക്കണ്ടെൻ കരൾ വിറച്ചു,മയങ്ങീ ഞാൻ
ഇരുട്ടെൻ മിഴി ചെത്തിക്കുടിച്ചു-ഉണർന്നപ്പോൾ
തുണയാരമ്മേ ,എനിക്കുരുകിത്തിളക്കുന്ന
കടലിൻ മീതേ, കനലാളുന്ന കരിമ്പന-
ക്കാടിനും മീതെ താരാവലികൾ കറുക്കുന്ന
ഹൃദയാകാശത്തിനും മീതേ നീയകലുന്നു
പുറ്റുകൾക്കരികിൽ ഞാനിരിക്കുന്നമ്മേ എന്നെ
കൊത്തുന്ന സീൽക്കാരത്തില്‍‌ നിന്റെ നോവാളുന്നമ്മേ

തവിടിൻ മണം തുണിത്തൊട്ടിലിൻ പരലോക-
സുഗന്ധം ,വിയർപ്പെഴുമമ്മിഞ്ഞപ്പാലിൻ കരു-
ണാർദ്രമാം വീചീലോല ഗന്ധങ്ങൾ വഴിയുമീ
പാതയിൽ പാടങ്ങളിൽ വിളക്കുകാലിൻ ചോട്ടിൽ
ഞാനലയുന്നു, പണ്ടൊരന്തിയിൽ നീ പോയൊരാ
വഴികൾ നീലാകാശപഥങ്ങൾ തേടിത്തേടി
നിൻ മഹാവിഷാദത്തിലൂടെ ഞാൻ നടക്കുന്നു



ആരുടെ ബലിനെല്ലു മുളച്ചു ഞാറായെന്റെ
ഓർമ്മക്കു കതിരിടാൻ
ആരുടെ മുടിച്ചാർത്തെൻ വാസനയുണർത്തുന്നു
ജീവനെ ചൂടിക്കുവാൻ
മുക്തിയെക്കുളിപ്പിച്ചു പോരുമെൻ ജന്മത്തിന്റെ
രക്തത്തിൽ മദിക്കുവാൻ
എത്ര നാൾ നിന്നെക്കാത്തുപോന്നു ഞാൻ, ഫലിതം പോൽ
പട്ടുറുമാലും പിന്നി
അവസാനത്തെ കാളവണ്ടിയിൽ നിന്നും പൊതി-
ഞ്ഞിറക്കിവെയ്ക്കുന്നു ഞാൻ
ഇണയും ചങ്ങാതിയും പൈതലുമുപേക്ഷിച്ച
ദൈവഭിക്ഷയെക്കൂടി
പറമ്പിൽ പൂതങ്ങൾക്കു വായ്‌ക്കരിയിടാൻ വന്ന
പരനെ വണങ്ങുന്നേൻ

(2) ആരുടെ ബലിനെല്ലു മുളച്ചു ഞാറായെന്റെ
ആരുയിർപ്പാടം .കൈവിട്ടകലും സ്ഥലികളിൽ
ആരുടെ പേമാരിയിൽ തേങ്ങുന്ന മനങ്ങളിൽ
പാരെടുത്തൊരു കുടയായി ഞാൻ പിടിക്കുന്നു

കട്ടകുത്തിടും ,മുളങ്കൂട്ടങ്ങൾക്കരികിൽനി-
ന്നെട്ടുകാലികൾ പെറ്റ കുഞ്ഞുങ്ങൾക്കരികിൽനി-
ന്നെന്റെ പ്രാണനിൽ പറ്റിപ്പിടിച്ച കരിമഷി-
പുറ്റിൽനിന്നോടിപ്പോന്നേ,നെത്തിയതെവിടെയോ
എന്നെത്തൊട്ടുരുമ്മിയീത്തീരത്തുനിൽക്കുന്നോർക്കും
അമ്മയില്ലച്ഛൻ,പെങ്ങൾ-എല്ലാരുമനാഥന്മാർ
പൊള്ളവാക്കുകൾ ,വിഷമണ്ണപ്പം,അരക്കെട്ടിൽ
വന്നു ചുറ്റിയ രാവിന്നമ്ലവാതങ്ങൾ,താഴെ
പാദമൂന്നിടും മുമ്പേ ദ്രവിച്ച കിനാവുകൾ
-ഒക്കെയും മറക്കുക

ആരുടെ വിരൽച്ചരടിവിടെയനങ്ങുന്നു
ആരുടെ വിചാരങ്ങളതിൽ നടിക്കുന്നു



യാത്രയ്ക്കു കുടയായി വന്നിനിൽക്കുന്നു വാനം
മാത്രയെൻ കാലിൽ കെട്ടിപ്പിടിച്ചു നിൽപ്പു ഭൂമി
പോയ്‌വരട്ടെ ഞാൻ. വീട്ടിന്നകത്തെ ഈർപ്പത്തിലെൻ
ചീർത്ത മോഹങ്ങൾക്കെല്ലാം കുരുതിയാവട്ടെ ഞാൻ
പോയ്‌മറയുന്നു വൃക്ഷനിരകൾ, നിളയുടെ
തീരങ്ങളടിയുന്നു കലക്കുവെള്ളക്കുത്തിൽ
ഓമനിച്ചൊരു നീലഹരിതത്തടങ്ങളിൽ
ന്‌ലാവെത്തി വിളിക്കുന്നു മുഖവുംകുനിച്ചിങ്ങു
കിടക്കുമാർത്തന്മാരിൽ വാക്കുകളടഞ്ഞുപോയ്‌

ഇത്തിരി നേരം ഞാനുമിവിടെ ത്തങ്ങി ,വില്വ-
പത്രത്തിൽ ജലബിന്ദു തുടിച്ചു ചിതറുന്നു

ഈ കളിപ്പാട്ടങ്ങളെൻ മുറ്റത്തു കിടന്നോട്ടെ
മാമ്പഴക്കലത്തയൽക്കൂട്ടുകാർ കളിച്ചോട്ടെ
അവരും വലിച്ചെറിഞ്ഞെന്റെയീപ്പാവക്കുട്ടി
തിമിർക്കും മഴയുടെ ഗർവ്വത്തിലൊലിക്കുമ്പോള്‍
ആരുമില്ലയോ തുണ നിനക്കെന്നോരോകരി-
യിലയും കാറ്റും ചോദിച്ചെന്നുയിർ കടയുമ്പോള്‍
പോളകൾ പൊട്ടാൻ വെമ്പും കുരുന്നുദാഹങ്ങളെൻ
മാറിലേയ്ക്കായുന്നതിന്നർത്ഥം ഞാനറിയുന്നു

പാതിയുമമ്മയ്ക്കുള്ളൊരാർദ്ദ്രത, പകുതിയി
താതന്റെ ഗർവ്വം പിഞ്ചുമേനിയോ സ്വർണ്ണത്തുമ്പി
ഒച്ചുകളിഴയുന്ന വാക്കുകൾ പറ്റിപ്പിടി-
ച്ചെത്തുമ്പോൾ മുയലിന്റെ കൊമ്പുകൾ! തലനിറ-
ച്ചെണ്ണയിൽ പുളയ്ക്കുന്ന പേനുകൾ, പേനിന്നാത്മാ-
വെന്തെന്നു തേറ്റിപ്പോകും പൊന്നുണ്ണിക്കിടാവുകൾ
-ഒടുവിലവരോടും യാത്രയാവുന്നു,നിൽക്കാൻ
എനിക്കാവില്ലാ ദൂരെനിന്നാരോ വിളിക്കുന്നു
ഒരു സ്വപ്‌നത്തിൻ കഥ മുലപ്പാൽ ചുരത്തുന്നു
പറയാതൊരാൾ വെള്ള പുതച്ചു മടങ്ങുന്നു
ഒരു ചുംബനം പിന്നെയാവർത്തപ്പുണർച്ചകൾ
ഗുഹവിട്ടൊരുമകനേകനായലയുന്നു
ഇലക്കുമ്പിളിൽ കിളിമുട്ടകൾ മിഴിക്കുന്നു
കറുത്ത പുതപ്പിലെ രോഗിയെയുണർത്താതെ
അപരാഹ്‌നത്തിൽ കാലു പിടിച്ചു വാക്കില്ലാതെ
അഴിഞ്ഞു പോകുന്നു ഞാൻ


ദേശമംഗലം രാമകൃഷ്ണൻ

4-നിദ്ര

വീടു വിട്ടു ഞാനേതോ നാട്ടിലുലയുമ്പോൾ
വേവട പിടിക്കുന്ന മിഴികൾ തണുക്കുന്നു
പാതിരയിലച്ചാർത്തിൽ താരകവഴികളിൽ
പൂ തേടി നടക്കുന്ന കുട്ടികൾ, മയക്കത്തിൻ
തൂവൽക്കൂട്ടിലെ പക്ഷിക്കുഞ്ഞുങ്ങൾ,ചിരി വറ്റി-
ത്തൂർന്നൊരു മഹാനദിക്കരയിൽ പിറകോട്ടു
പറക്കും കാറ്റിൻമുടിത്തുമ്പുകൾ.കാണുന്നു ഞാൻ
വരിവെള്ളവും കടലാസ്സുതോണിയും-ഒരേ-
ഓർമ്മ പെയ്യുന്നു നീലച്ചുകപ്പുനിറങ്ങളിൽ
ഞരമ്പിലൈതിഹ്യം പോൽ തുടിപ്പൂ പൊൻമുട്ടകൾ
തെറ്റിവീണുടയാതെ നോക്കുവാൻ കൈവെള്ളയിൽ
വെച്ചു ഞാനതിൻ ചന്തം നോക്കിക്കൊണ്ടിരിക്കുന്നു
ഒരു സ്വപ്‌നത്തിൻ കാന്ത ലഹരി പടരുന്നെൻ
സിരയിൽ,മന്ദാരത്തിൻ ചോട്ടിൽ ഞാൻ ധ്യാനിക്കുന്നു
ഉറങ്ങാൻ കൊതിക്കുന്നു പഥികൻ,മുരളുന്ന
കയത്തിൻ മീതെ മിഴിയറ്റവർ നടക്കുന്നു
പുലരുന്നതു രാവോ വിടരുന്നതു പൂവോ
ചിറകു കുടയുന്നു ജീവനോ കുളിരിൽനി-
ന്നമറുന്നതു പശുക്കുട്ടിയോ,നീർപ്പോളകൾ
തുറിച്ചുതാഴുന്നതു നാടോടിക്കിടാങ്ങളൊ
അറിയാതെയായിന്നു പേരുകൾ മുഖങ്ങളി-
ലെഴുതിയിരിക്കുന്നു ഞാൻ നിന്നെയറിയില്ല
ഒരിക്കൽ കൂട്ടിൽനിന്നുമിറങ്ങിപ്പോന്നു പിന്നെ
പല താവഴികളായ്‌ പുളച്ചു പാഞ്ഞു കുന്നു -
കേറുമ്പോളിടയ്ക്കിടെ കിതച്ചു നിന്നു,പിന്നിൽ
നിന്നേതോ വിരലുകൾ പിടിച്ചു വലിക്കുന്നു
ഞങ്ങളെക്കൂടെ കൊണ്ടുപോകുക, ഇലക്കുടിൽ-
ത്തൊട്ടിലിലൊരു വട്ടംകൂടി നീ താരാട്ടുക
-നാടുവിട്ടു ഞാനേതോ നാട്ടിലൂടലയുന്നു
നാവേറു പാടിയെന്റെ ബാധകളൊഴിഞ്ഞീല
കാവിലെ നല്ലമ്മയെൻ കണ്ണുകളുഴിഞ്ഞിട്ടും
കാല്‍കളിൽ പേടിത്തള ഇപ്പൊഴും ചിലമ്പുന്നു
നേദിച്ച ചരടെന്റെ കൈത്തണ്ടമുറിക്കുന്നു
നാരായക്കൂർപ്പിൽ തരുശിരസ്സുപിളരുന്നു
ചെന്നിനായകം നാക്കിൽ, ഏറെനാൾക്കൂടെപ്പാർത്ത
ചുണ്ടുകൾ നീട്ടിത്തുപ്പിയോളത്തിൽ മറഞ്ഞുപോയ്‌
ആടിനു കടിക്കുവാൻ കൊടുത്തു മരുന്നില
ആളറിയാതെയായ്‌ തോപ്പിലിരുട്ടു പടരുന്നു
നടന്നു നടന്നെന്റെ പാതയ്ക്കു നീളം കൂടി
പാദങ്ങൾ വിണ്ടു നീലനാക്കിൽ ഞാനുറങ്ങയായ്‌
ഒരു പച്ചില! അതിന്‍ രൂപമേ മറന്നുപോയ്‌
മുറിവിലിറ്റിച്ചെങ്കിൽ-പേരേ ഞാൻ മറന്നല്ലോ

ഒരു വള്ളി നിന്‍‌കാലിലൊരിക്കൽ ചുറ്റി, നിന്റെ
കരളിൽ പടർന്നേറി പൂവിട്ടു പുണർന്നതും
പുഴയിൽ കുളിച്ചെത്തി നിൻ വിഷമുറിവിന്റെ
കടവായ്‌ വലിച്ചീമ്പിക്കുടിച്ചു മരിച്ചതും
ഓർക്കുക- അവൾക്കെന്തു രൂപം, ഞാൻ മറന്നുപോയ്‌
ഓർമ്മയിലവൾ ചുറ്റിപ്പിണഞ്ഞുകിടക്കുന്നു
ഓർമ്മകൾ തളിർ ചൂടി പുലരാൻ കാക്കുന്നു ഞാൻ
ഓളങ്ങൾ താരാട്ടുന്ന സൂര്യനിൽ ശയിക്കുവാൻ

Saturday, October 31, 2009








venu v desam

ezhuth/ dec/ 2009






വ്യർത്ഥം


എരിയുവാനൊരു ജീവനും, കൺകളിൽ
പിടയുവാനൊരു സ്വപ്നവുമില്ലാതെ
ബധിരയായ്‌ നിൽക്കുമീയരയാലിന്റെ
തണലിലിന്നെന്റെ മാറാപ്പിറക്കിവെ-
ച്ചതിലുറങ്ങുന്ന ഭൂതകാലത്തിന്റെ
ചുരുൾ നിവർത്തിഞ്ഞാ, നെന്നെദ്ദഹിപ്പിച്ച
ചുടലമാന്തിച്ചികഞ്ഞതിന്നാഴത്തിൽ
പകുതി വെന്തുകരിഞ്ഞൊരെന്നസ്ഥികൾ
ചിതറിയാകെദ്രവിച്ച സ്വപ്നങ്ങളും!
ചുടലഭൂതം കണക്കെക്കൊടുംവ്യഥ-
യിരുൾ നിറഞ്ഞൊരെന്നാത്മാവുമല്ലെയ
ക്കരിനഖങ്ങളാൽ മാന്തിപ്പൊളിച്ചാകെ
ക്കറ പിടിച്ചൊരീമണ്ണു പിഴിഞ്ഞെടു-
ത്തതു ചുരത്തുന്ന വേദന മൂർദ്ധാവി
ലൊരു ശിരോവസ്തിയാക്കി ഞാൻ വിണ്ടതും
മൃതിപുരണ്ടു തണുത്തു വിറയ്ക്കുമെൻ
ജലഘടികാരം കൺപോള നീർത്തതും
ഉയിരുചീന്തിയുതിരും വിഷപുഷ്പ-
വിഷമധാരയായീ രാത്രി നിന്നതും
മറയൂ, മേകാന്തയാമമിതെന്നുള്ളി-
ലാരുതെള്ളിയെറിഞ്ഞലറുന്നിതേ?
പുറ്റിലൊറ്റക്കു ധ്യാനനിമഗ്നനാ-
മിക്കരിമൂർഖനെന്തു പിണഞ്ഞുവോ?
പച്ചയാർക്കുന്ന പാലമരത്തിന്റെ
കൊത്തുന്ന സുഗന്ധത്തിലലിഞ്ഞുവോ?
ഇന്ദ്രനീലത്തിൻ മായായവനിക-
ത്തുമ്പിൽ കണ്ണീര്‌ താരകൾ നെയ്യുന്നു.
ഭീകരമിക്കരിമ്പനക്കാടിന്റെ
ദാഹമായേതു ചന്ദ്രൻ ജ്വലിക്കുന്നു?
നീലപ്പട്ടും, നിലാവുറങ്ങുന്നൊരീ
നീൾമിഴിയിലലിയും കിനാവുമായ്‌
കാൽച്ചിലങ്കക്കിലുക്കവും രാവിന്റെ
സാന്ദ്രതയുമിതേതുയുഗം? ഇവൾ
ദേവകന്യയോ? കിന്നരപുത്രിയോ?
ഊഷരമിശ്ശവപ്പറമ്പിൽ നീണ്ടു
കാലവേദന കാതോർക്കും ക്രൂശുകൾ
ആയിരം കൈകളാഞ്ഞുവീശിക്കൊണ്ടൊ-
രാശുപത്രിയിരുട്ടിൽ വിയർക്കുന്നു.
കാലിൽ മുള്ളുതറച്ചതിൻ സുഖ-
മായിയെൻ ബോധവേദന കത്തട്ടെ.
സാന്ധ്യരക്തപ്പുഴകളിലിന്നലെ-
യാണ്ടുപോയീയിരുണ്ട മേഘാവലി.
അണയുമോർമ്മതൻ മഞ്ഞവെളിച്ചത്തി-
ലലയുമീ നിഴൽപ്പാടുകളെന്തിനോ?
മിഴികളിൽ നിദ്രചെയ്യുന്നതുമില്ല
വിജനമീ രാത്രി വീണപാടങ്ങളും.

Wednesday, August 5, 2009

ഓർക്കരുതിപ്പഴയ കാര്യങ്ങൾ-ദേശമംഗലം രാമകൃഷ്ണൻ


1
മാറിനിൽക്ക്‌
ഭൂമിപറഞ്ഞു, തന്റെ നിഴലിനോട്‌.
നീ മാറിയാൽ ഞാനും മാറാം
നിഴൽ പറഞ്ഞു.
മരണത്തിന്റെ നിഴൽവിളയുന്ന നിലങ്ങൾ കണ്ട്‌
ആഹ്ലാദിക്കുന്ന കൃഷിക്കാരനെപ്പോലെ ഞാൻ
2
ഇപ്പോൾ എഴുത്തുകൈയിന്റെ നിഴലിൽ എന്റെ മഷി
എങ്ങോട്ടൊഴുകുന്നു
ഏതു മനുഷ്യനെ വരയുന്നു അത്‌
വിശാലഹൃദയവും കടുക്കാകൃതിയുമുള്ള ഒരു മനുഷ്യൻ
ഇപ്പോൾ ഈ പേജിൽനിന്ന്‌
എന്റെ നേരെ നടന്നടുക്കുന്നു
എന്റെ മൂക്കത്ത്‌ ഒരൊറ്റ ഇടി
ആരുടെ അരിശമാണ്‌ ഈ സങ്കൽപജീവി.
3.
പഴയതോരോന്നോർത്തിരുന്നാൽ
ഇങ്ങനെ ചില ജന്മങ്ങൾപെറ്റുകൂട്ടേണ്ടിവരും
പിറവി എന്നിൽനിന്നല്ലെന്ന്‌ വാദിച്ചാലും
പേറ്‌ എന്റേതുതന്നെയെന്ന്‌ ജനം വിളിച്ചുകൂവും.
ഈ നിലം നിലക്കണ്ണാടി കൊട്ടാരം എല്ലാം
വിട്ടുകൊടുത്താലും
ഈ നിഴൽക്കുത്തിൽനിന്ന്‌ രക്ഷപെടാനാവില്ല
ഇത്‌ നിലമല്ല
നിഴലല്ല
നിഴലാനയല്ല
ഇതെന്റെയുള്ളം വെട്ടിപ്പിടിച്ചുകൂട്ടുന്ന ഭൂഖണ്ഡങ്ങൾ
ഇതാർക്കു വിട്ടുകൊടുക്കണം
ഇതിൽ നിറയെ വെട്ടുകിളികളാണെങ്കിലും
അവയെ ആട്ടിപ്പായിക്കാനരുതാതെ
അവയുടെ കൊത്തേറ്റ്‌ ഞാനുറങ്ങുന്നു
പ്രഭാതത്തിൽ അവയെന്നെ കൊത്തിയുണർത്തുന്നു

അതേ നിഴലുകളെ നിലങ്ങളെ കാട്ടിത്തരുന്നു
നിലങ്ങളിൽ എന്നെക്കൊണ്ടു
പുതിയ മരങ്ങൾ നടുവിക്കുന്നു
അവ പൂക്കുന്നു കായ്ക്കുന്നു
പിന്നെയും വെട്ടുകിളികൾ അവ വെട്ടിവെട്ടിക്കളയുന്നു
രാത്രികളിൽ അവയെന്നെ
ക്കൊത്തിക്കൊത്തിയുറക്കുന്നു
ചക്രവർത്തിയാണുഞ്ഞാനെന്നവർക്കറിയാഞ്ഞിട്ടില്ല
മ.രാ.രാ.ശ്രീ എന്നേ അവർ എന്നെ വിളിക്കുന്നുമുള്ളൂ
എന്റെ തല പിളർന്നിരിക്കുന്നു
എന്റെ കിരീടം നുറുങ്ങിയിരിക്കുന്നു
ഉടയാടകൾ കീറിപ്പോയിരിക്കുന്നു
വെപ്പാട്ടികൾ നഗ്നരായി എന്നെ കെട്ടിപ്പുണർന്നിട്ടും
എന്റെ കിരീടം തിരിച്ചുവന്നില്ല
ചെങ്കോലു തിരിച്ചുവന്നില്ല
(കഷ്ടം. ഞാനൊരു ചക്രവർത്തിയായിരുന്നു
അതു സങ്കൽപമോ യാഥാർത്ഥ്യമോ
ഏതായിരുന്നു എന്റെ നിലം
ഏതായിരുന്നു എന്റെ കര
ഏതായിരുന്നു എന്റെ കാമുകിമാർ
ഞാനൊന്നുമായിരുന്നില്ലേ
സങ്കൽപച്ചട്ടിയിൽ ചുട്ടെടുത്ത മോഹങ്ങളായിരുന്നുവോ.
പഴയ പഴയ മൂഢസ്വർഗ്ഗങ്ങൾ
അതാണ്‌ ഗുരു പറയാറുണ്ടായിരുന്നത്‌
കൊട്ടാരത്തിൽനിന്ന്‌ ആട്ടിപ്പുറത്താക്കുമ്പോൾ
ഗുരുപറഞ്ഞതിതാണ്‌
ആവോളമാവോളമോർക്കരുത്‌
ഓർക്കുന്നതൊന്നും ആചരിക്കരുത്‌
ഓർക്കാതിരിക്കുവാനാവില്ലയെങ്കിൽ
ഓർക്കാപ്പുറത്തവ പാകിമുളപ്പിച്ചു
നേർക്കുനേർ കുന്തങ്ങളാക്കരുത്‌)
4.
എങ്കിലും ഇല്ലാത്തതുണ്ടെന്ന്‌ സങ്കൽപിച്ചാൽ മാത്രമേ
എന്തെങ്കിലും ഉള്ളതായിത്തോന്നു.
പഴയത്‌ ഓർക്കാൻമാത്രംകൊള്ളാം
പഴയ കടലാസ്‌
പഴയ പേന
പഴയ കുഴിതാളം
പഴയ ചേങ്ങില
പഴയ തിരശ്ശീല
പഴയ ചുട്ടി
കഷ്ടം. ആക്രിയായ്‌ ആക്രാന്തപ്പെട്ടു
ചിക്കിച്ചിനക്കി നടക്കാതേ.
വെള്ളത്തിൽ നിർത്തിയ വടിക്കു വളവുണ്ടോ
വളവിൽ നിന്നെത്ര ചിനച്ചങ്ങൾ പൊട്ടും
പഴയ വിചാരങ്ങൾ വിചാരിക്കുവാൻ കൊള്ളാം
പുതിയ കാലത്തിനവ അസ്ഥിഖണ്ഡങ്ങൾ
അസ്ഥികൾ പൂക്കില്ല കായ്ക്കില്ല
ഉള്ളം ചുടുന്നോരോർമ്മകളാലവയിലൊരു
പച്ചപ്പുമുണ്ടാവുകില്ല.
5.
പഴയതു വേണം ഓർക്കുവാൻ മാത്രം
പഴത്തൊലി പോക്കറ്റിലിട്ടു നടക്കുവാനാവില്ല
മധുരമാവില്ല
പഴയതോർക്കുമ്പോൾ പലപ്പോഴും
മുലയിൽ ചെന്നിനായകം തേച്ചു
മുലകുടി നിർത്തുന്നതുപോലെ
മധുരത്തിലേയ്ക്കു പതുക്കെപ്പതുക്കനെ
കയ്പു കലർത്തിയാലല്ലേ
അമ്മയ്ക്കുചന്തം(കുഞ്ഞിനു വൈരാഗ്യം)
കൊത്തിപ്പിരിയിക്കാനെത്തുന്നവർക്കൊക്കെയും
ചന്തമുണ്ടാവൂ.
6.
പഴയ ഇടങ്ങളിൽ പോകണമെന്നു ശാഠ്യം പിടിച്ചിട്ടുകാര്യമില്ല
പഴയ മനുഷ്യർ കൊഴിഞ്ഞു പഴയപൂക്കൾ കൊഴിഞ്ഞു
പഴയ കാവുകൾ വെട്ടി ഈശ്വരന്മാർ കുടിയിറങ്ങി
തൊഴാനെന്ന മട്ടിൽ
എന്നെ കാണുവാൻ വന്ന്‌ നിൽക്കാറുള്ള ഇലഞ്ഞിത്തറയുമിന്നില്ല
വെറുതെ യാദൃഛികമെന്ന മട്ടിൽ
എന്റെ രാജ്യം കാണുവാൻ നീവന്നുനിൽക്കാറുള്ള
ഇടവഴിയുമിന്നില്ല.
കണ്ണടച്ചുതുറക്കുമ്പൊഴേയ്ക്കും ജനംപെരുകി
കുട്ടികുഞ്ഞുങ്ങൾ വലുതായി
സ്വാശ്രയ എഞ്ചിനീയർമാരായി ഡോക്ടർമാരായ്‌
പൂക്കൈത നിന്നേടത്തു
ഫ്ലൈഓവറുകൾ നിരന്നു.
മഴകൊള്ളില്ലതിൻ ചോട്ടിൽ ട്രാഫിക്ജാമിൽകുരുങ്ങി
പഴയകാലസ്വപ്നങ്ങൾ മധുരിച്ചിട്ടു തുപ്പാനും
കയ്ച്ചിട്ടിറക്കാനുമാകാതെ
ഒരിക്കലും വരാത്തൊരാളെത്തേടിനിൽക്കലേ ഗതിയുള്ളൂ.
7.
ഉണ്ണൊല്ലാ പഴഞ്ചോറ്‌ ഉടുക്കെല്ലാ പഴമുണ്ട്‌
കാണൊല്ലാ മണ്ഡപത്തിരി ക്കൈകൂപ്പോല്ലാ
അകത്താരുമില്ല പുറത്താരുമില്ല
പടിയിറങ്ങിയ ദൈവത്തിൻതിരുനാമം പാടൊല്ലാ
പഴയതൊക്കെ ഓർമ്മ മാത്രം
പുതിമ തേടുക
പച്ചിലച്ചാറിറ്റിച്ച്‌
പഴയ വൈദ്യൻ ചിരിച്ചാലും
പുതിയ നമ്മൾക്കതുപോരാ
ഓരോ സെക്കന്റിലും
സിരകളിൽ
ഡ്രിപ്‌ ഡ്രിപ്‌
ആന്റിബയോട്ടിക്കുകൾ
വീര്യവാൻമാർ
ആയുരാരോഗ്യസൗഖ്യം.
ഒന്നിന്റെയും വക്കിലല്ലോ
രസം നിന്നു തുടിക്കുന്നു
പഴയതൊക്കെ ഓർക്കാൻമാത്രം
പുതിയതല്ലോ രുചിതന്ത്രം.
തിരികെ തിരികെ എന്നു പറയാതിരിക്കു
തിരിച്ചുചെന്നാൽ ഇല്ല ബാല്യം
ചക്രവർത്തിയായ്‌ ഞാൻകുളിച്ചു
രാജ്ഞിയായി നീ രസിച്ചു
പന്തൽകെട്ടി കളിയരങ്ങായ്‌
ഓർമ്മയില്ലാക്കാലത്തല്ലോകാമമാടികളരിയിലെ
കോമരങ്ങളായി.
8.
പകളും രാത്രിയും തമ്മിൽ എന്നും കലഹമാണ്‌
ആ കലഹത്തിനുമുണ്ട്‌ ഒരു സൗന്ദര്യം
ആരുടെ കളംകാവലുകൊണ്ടാണ്‌
ഈ ഭൂമിയിങ്ങനെ ചലിക്കുന്നത്‌
ആരുടെ നോട്ടത്തിലാണ്‌ പൂക്കൾവിടരുന്നത്‌
ആരുടെ നോട്ടത്തിലാണ്‌ പൂക്കൾകൊഴിയുന്നത്‌
കൊഴിഞ്ഞില്ലെങ്കിൽ വിടരില്ലല്ലോ
വിടർന്നില്ലെങ്കിൽ കൊഴിയില്ലല്ലോ
ആരാണിതിൽ ഓർമ്മ
ആരാണിതിൽ മറവി
ആരാണിതിൽ ചിരി
ആരാണിതിൽ കരച്ചിൽ
കണ്ണടച്ചിരുട്ടാക്കാം
കൺതുറന്നാൽ പകലുണ്ടാവണമെന്നില്ല
പകലപ്പമാവാൻ
ഇരുട്ടിന്റെ പുളിവേണം
എന്നും പകൽ എത്രവിരസം
എന്നും രാത്രി എത്ര ഘോരം
എന്നുമിപ്പഴയതൊട്ടുതലോടൽ കെട്ടിപ്പുണർച്ച
എന്നുമിപ്പേറും തീണ്ടാരിയും കൊലവിളിയും
എന്നുമീസ്നേഹത്തിന്റെ വഴുവഴുപ്പിൽ മുങ്ങിക്കുളി
എന്നുമീതാരാട്ടുകൾ കണ്ണോക്കുകൾ
എന്തൊരാവർത്തന കോലാഹലസങ്കടം
ഒന്നു തുലഞ്ഞുകിട്ടിയെങ്കിൽ എന്നോർത്തിരിക്കെ
വന്നൂ നമ്മുടെ മരണവും
കുഴികുത്തിമൂടി ഒരു തേങ്ങോതാളോമീതെനട്ടു
വിതറി കുറേ കടുകിൻ മണികളും
9.
തെങ്ങിനുചൊട്ടയിടാം
കടുകുകൾക്കുപൂക്കാം, പിന്നെയും
പട്ടിൽകെട്ടിയെടുക്കും
അത്രമേൽ സ്നേഹിച്ചവരുടെയോർമ്മകൾ
എന്തിനീയോർമ്മകൾ
ഓർമ്മകൾ കൊള്ളാം ഓർക്കുവാൻമാത്രം, ഉള്ളിൽ
ഓരോ ജഡവും തിക്കിത്തിരക്കാൻ തുടങ്ങിയാൽ
ഓടുവാനാവില്ല നമ്മൾക്കു, കാലങ്ങൾ ഞൊട്ടയിട്ടു
മാടിവിളിക്കുമ്പോൾ വീഴുവാനല്ലേ കഴിയൂ.
പഴയമുഖങ്ങളിലെ
വക്രച്ചിരികളെ ഫലിതങ്ങളെ ഗൗരവങ്ങളെ
ഓർത്തോർത്തിരിക്കാതെ
അവയെ നിലവറയിൽ ചവിട്ടിപൂഴ്ത്തിപോവുക, പോവുക
കരിമ്പടക്കുപ്പായക്കാരനാണോർമ്മ
അവനിരിക്കാനിടം കൊടുത്താൽ
കിടക്കാനും ഇടം കൊടുക്കണം
പിന്നെ അവനെ ഉപചരിക്കണം സദാ
ശുശ്രൂഷിക്കണം, എങ്കിലും അവനിരിക്കട്ടെ
വീട്ടുമ്മറത്തൊരു നോക്കുകുത്തിയായ്‌
ഒരുവഴിയുമില്ലെന്നു വന്നാലേ
അവനെക്കുളിപ്പിച്ചു പുതുവസ്ത്രമണിയിച്ചു
സൽക്കരിക്കാവൂ.
എന്തൊക്കെയായാലും പുതുപുതുസങ്കട-
ക്കനവുകളാഹ്ലാദനിലാവുകൾകൊണ്ടുവനെ
ഊട്ടണം. തടിയൻകുട്ടപ്പനായവൻ
കാത്തുപോരട്ടെ നപുംസകക്കാവലാളായി
എങ്കിലും ഗൗനിക്കവേണ്ടവനെ
പുത്തനതിഥികൾക്കവനൊരു
ശല്യമാവാതെ നോക്കണം.
11.
നീയൊന്നിങ്ങോട്ടുമാറിനിൽക്ക്‌
സ്വകാര്യമായ്‌ ചിലതു പറയട്ടെ
പിറകോട്ടുനോക്കരുത്‌, നോക്കിയാൽതന്നെയും
മുൻപിലേയ്ക്കാവണമോരോരോ നോട്ടവും
പിറകോട്ടു നടക്കരുത്‌, നടന്നാൽതന്നെയും
മുൻപിലാവണമെത്തുന്നതെപ്പൊഴും
ഓർക്കരുത്‌ സാന്റ്‌വിച്ചു തിന്നുമ്പോൾ
ഓക്കാനം വരുത്തുന്ന കാര്യങ്ങൾ:
പണ്ടുനിനക്കിഷ്ടമായിരുന്നു മൂക്കിളതിന്നാൻ
പണ്ടെനിക്കിഷ്ടമായിരുന്നു
ആരുമേ കണ്ടിട്ടില്ലെന്ന ഭാവത്തിൽ
മുറിപ്പൊറ്റയോരോന്നടർത്തി
നാവിലിട്ടങ്ങനെ നൊട്ടിനുണയ്ക്കുവാൻ
ഓർക്കരുതിപ്പഴയകാര്യങ്ങൾ, ഓർത്താൽതന്നെ
ഓക്കാനിക്കാതിരിക്കാൻ മറക്കൊല്ലേ
എങ്കിലും ഓർക്കണം ഓർക്കുവാൻ മാത്രം
എന്തിനും പശ്ചാത്തലമൊന്നു വേണമേ.
പണ്ടുഞ്ഞാൻ ചക്രവർത്തിയായിരുന്നുഎന്ന
സങ്കൽപമാണെന്റെ പശ്ചാത്തലം
അതിനോടുതട്ടിച്ചുനോക്കുമ്പൊഴേ ഇന്നീ
ശവവസ്ത്രധാറിക്കൊരാഹ്ലാദമുള്ളു.