Followers

Tuesday, October 27, 2009

thomas neelarmatham


ezhuth/ dec/ 2009

ദുഃഖഭരിതമായ കൂടിക്കാഴ്ച


2005-ലെ ഗൾഫ്‌ പര്യടനം. ഒരു വെള്ളിയാഴ്ച അബുദാബി ഓർത്തഡോക്സ്‌ പള്ളിയിലെ പ്രസംഗം കഴിഞ്ഞ്‌ പള്ളിയിൽ നിന്നും ഇറങ്ങിയപ്പോൾ നാട്ടുകാരും സുഹൃത്തുക്കളും ഒക്കെ അടുത്തുകൂടി. ആ കൂട്ടത്തിൽ നിന്നും കോളേജിൽ എന്നോടൊപ്പം പഠിച്ച വർഗ്ഗീസ്‌ മാത്യുവിനെ തിരിച്ചറിയാൻ എനിക്ക്‌ ഇത്തിരി സമയം വേണ്ടിവന്നു.
പഠിക്കുന്ന കാലത്ത്‌ ഒറ്റമുണ്ടും ഖദർ ഷർട്ടും മാത്രം ധരിക്കാറുണ്ടായിരുന്ന വള്ളിപോലെ വെളുത്തുമെലിഞ്ഞ 'പയ്യൻസ്‌' ഇപ്പോൾ ബുൾഗാൻ താടിയും സ്റ്റൈലൻ കണ്ണടയും ധരിച്ച്‌ കൊഴുത്തു തടിച്ചിരിക്കുന്നു. വിലകൂടിയ പാന്റും ഷർട്ടും ഷൂവും. ഒട്ടും മോശമല്ലാത്ത ഒരു ഗൾഫിയൻ ലുക്ക്‌!
എനിക്കാണെങ്കിൽ, കവിളിൽ കാലം കോറിയിട്ട നാലഞ്ചു താടിരോമങ്ങൾ നരച്ചതൊഴിച്ചാൽ പ്രത്യേകിച്ച്‌ വലിയ മാറ്റങ്ങളൊന്നുമില്ല.
'തോമാച്ചാ, നീ എപ്പോ എത്തി?' അവൻ അടുത്തേക്ക്‌ വന്ന്‌ സ്നേഹത്തോടെ ചോദിച്ചു. അവന്റെ കണ്ണുകളിൽ കഴിഞ്ഞകാല സൗഹൃദത്തിന്റെ തിളക്കം ഞാൻ കണ്ടു. എന്റെ അടുത്തു നിൽക്കുന്ന മറ്റാരേക്കാളും കൂടുതൽ, എന്റെ അടുത്ത നിൽക്കുന്ന മറ്റാരേക്കാളും കൂടുതൽ, എന്റെ കാര്യത്തിൽ അവനാണ്‌ അവകാശം എന്ന മട്ടിലായിരുന്നു പിന്നീടുള്ള വർഗീസ്‌ മാത്യുവിന്റെ പെരുമാറ്റം. പരിചയക്കാരും മറ്റു സുഹൃത്തുക്കളും പിരിഞ്ഞപ്പോൾ അവൻ എന്റെ കൈകൾ രണ്ടും ചേർത്തുപിടിച്ചുകൊണ്ട്‌ പറഞ്ഞു.
"അളിയാ, എനിക്ക്‌ വിശ്വസിക്കാനാവുന്നില്ല. ഒട്ടും പ്രതീക്ഷിക്കാത്ത ഒരനുഭവം."
"എടാ, പ്രതീക്ഷിക്കാത്തത്‌ സംഭവിക്കുമ്പോഴല്ലേ ജീവിതത്തിന്റെ വില അറിയൂ."
എന്റെ മറുപടി കേട്ട്‌ പരിസരം മറഞ്ഞ്‌ പള്ളിമുറ്റത്ത്‌ വച്ച്‌ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട്‌ പറഞ്ഞു.
"തോമച്ചാ ഈ അച്ചടി ഭാഷയിലല്ലാതെ നമുക്കു സംസാരിക്കണം. നീണ്ട 15 വർഷം മുമ്പുള്ള കാലം തൊട്ട്‌ ഇങ്ങോട്ടുള്ള കഥകൾ. അതിനു സമയം വേണം. ഇനിയുള്ള നിന്റെ പരിപാടികൾ എങ്ങനെ?"
"ഉച്ചകഴിഞ്ഞ്‌ ഒരു മലയാളി സംഘടനയുടെ മീറ്റിംഗുണ്ട്‌. അതു കഴിഞ്ഞ്‌ ഇവിടെ എന്റെയൊരു സുഹൃത്തിന്റെ വീട്ടിലാണ്‌ താമസം".
"ഇവിടെ ഞാനറിയാത്ത ഏത്‌ സുഹൃത്താടാ നിനക്കുള്ളത്‌ നീയാ നമ്പറിങ്ങോട്ടുതാ; ഞാൻ വിളിച്ചിട്ട്‌ പറയാം"
ഞാൻ ആ നിർബന്ധത്തിന്‌ വഴങ്ങി സുഹൃത്തിന്റെ നമ്പർ കൊടുത്തു. വർഗ്ഗീസ്‌ മാത്യു അദ്ദേഹവുമായി സംസാരിച്ചു. അവർ തമ്മിൽ പരിചയക്കാരായിരുന്നു. അന്നത്തെ രാത്രിയിൽ വർഗ്ഗീസിനൊപ്പം ചെലവഴിക്കാൻ അദ്ദേഹം സമ്മതിച്ചു.
എന്നെ, എങ്ങനെയൊക്കെ സന്തോഷിപ്പിക്കണമെന്ന്‌ അറിയാതെ വിഷമിക്കുകയായിരുന്നു അവൻ. അവന്റെ കാറിൽ മീറ്റിംഗ്‌ സ്ഥലത്ത്‌ കൊണ്ടുപോയി. ചടങ്ങ്‌ കഴിയും വരെ മറ്റെല്ലാകാര്യങ്ങളും മാറ്റിവച്ച്‌ അവൻ എനിക്കുവേണ്ടി കാത്തിരുന്നു.
വൈകിട്ട്‌ ഏഴുമണിയോടെയാണ്‌ ഞങ്ങൾ അവന്റെ ഫ്ലാറ്റിലെത്തിയത്‌. കോളിംഗ്‌ ബെൽ കേട്ടയുടനെ തന്നെ അവന്റെ ഭാര്യ പുഞ്ചിരിയോടെ വന്ന്‌ കതകുതുറന്നു.
"തോമാച്ചാ, ഇതാണെന്റെ ഒരേയൊരു ഭാര്യ ജാൻസി. മോളെ ഞാൻ രാവിലെ വിളിച്ചുപറഞ്ഞില്ലേ നാട്ടീന്ന്‌ ഒരു 'സാധനം' വന്നിറങ്ങിയിട്ടുണ്ടെന്ന്‌. അതാണിത്‌.
ജാൻസി ചിരിച്ചു.
"മനസ്സിലായി ഇടയ്ക്കിടയ്ക്ക്‌ പഴയ കോളേജ്‌ വിശേഷങ്ങൾ പറയുമ്പോൾ ഈ പേര്‌ ഒരിക്കലും വിട്ടുപോകാറില്ല."
"ഓ, അതുശരി. അപ്പൊ, നീയെന്നെ വല്ലപ്പോഴും ഓർക്കാറുണ്ട്‌.
'കൊള്ളാം. എങ്ങനെ മറക്കാനാ? ഒരു പുരുഷായുസ്സു മുഴുവനിരുന്നോർത്താലും നീയുൾപ്പെട്ട കഥകൾ തീരില്ലല്ലോ'
"മോളെ. ഇവന്റെ വെടിച്ചില്ലു ശബ്ദവും പൊട്ടിച്ചിരിയും കേട്ടാൽ നാട്ടുകാരുമുഴുവൻ ഓടിക്കൂടും."
അതുപറഞ്ഞ്‌ വർഗീസ്‌ മാത്യു ഉറക്കെച്ചിരിച്ചു.
ഫ്ലാറ്റിൽ ചെന്നപ്പോൾ മുതൽ ഭാര്യയോടുള്ള അവന്റെ പ്രത്യേക സ്നേഹവും കരുതലും ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്തുപറഞ്ഞാലും മോളെ എന്നു വിളിച്ചു കൊണ്ടേ തുടങ്ങു. ഒരു കൊച്ചുകുഞ്ഞിനോടെന്ന പോലെയുള്ള സൂക്ഷ്മതയാണ്‌ ജാൻസിയുടെ കാര്യത്തിൽ വർഗീസിനുള്ളത്‌ എന്ന്‌ എനിക്ക്‌ വേഗം മനസ്സിലായി.
ഞാൻ കഴിയുന്നതും ഭാര്യയെ പേരു വിളിക്കാനാണ്‌ ഇഷ്ടപ്പെടുക. ഒരൽപം ഗൗരവ പ്രകൃതിയാണെങ്കിൽ 'എടോ, ഇയാൾ' എന്നൊക്കെ വിളിക്കും. പക്ഷേ മോളെ എന്നു വിളിക്കാൻ എനിക്ക്‌ ഒരിക്കലും തോന്നിയിട്ടില്ല.
ഇവിടെ വർഗീസ്‌ മാത്യുവിന്റെ സ്നേഹത്തിന്റെ പൊള്ളത്തരമാണോ 'ഈ മോളെ വിളി'യെന്നുപോലും ഞാൻ സംശയിച്ചു.
"മോളെ സമയത്തിനു ഭക്ഷണം കഴിച്ചോ?"
"മോളെ ജോലിയൊന്നും ചെയ്തില്ലല്ലോ?"
"മോളെ സമയത്തിനു ഗുളികയൊക്കെ കഴിച്ചോ?"
ഇങ്ങനെ മോൾക്കുവേണ്ടി കുറെയേറെ ചോദ്യങ്ങളുമായി അവൻ അവളെ പൊതിഞ്ഞു നിൽക്കുകയാണ്‌ ഇതിനിടയ്ക്ക്‌ എനിക്കു ചായയുണ്ടാക്കിക്കൊണ്ടു തന്നതും കേക്കും പഴങ്ങളുമടങ്ങിയ പാത്രങ്ങൾ എടുത്തു കൊണ്ടുവന്നതും അവൻ തന്നെയാണ്‌.
ജാൻസി സോഫയിൽ നിന്ന്‌ എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ അവൻ പെട്ടെന്ന്‌ തടഞ്ഞു.
"വേണ്ട വേണ്ട മോളൊന്നും ചെയ്യേണ്ട. അടങ്ങി ഇവിടിരുന്നാൽ മതി."
ജാൻസിയുടെ മുഖത്ത്‌ ഒരു വിളറിയ ചിരി വിടർന്നു.
"ജാൻസിക്കെന്താ സുഖമില്ലേ?"
ഞാൻ അവളോടായി ചോദിച്ചു.
മറുപടി പറയാനാവാതെ അവ വർഗീസിനെ നോക്കി.
അവൻ എന്റെ മുഖത്ത്‌ നോക്കാതെയാണ്‌ മറുപടി പറഞ്ഞത്‌.
"ചിലപ്പോ മോൾക്ക്‌ നല്ല പനി വരും. ഇവിടുത്തെ കാലാവസ്ഥ പിടിക്കുന്നില്ലായിരിക്കും. ഇപ്പൊ കുഴപ്പമൊന്നുമില്ല ഇല്ലേ മോളെ" കുഴപ്പമില്ല എന്നർത്ഥത്തിൽ ജാൻസി തലയാട്ടി.
ഞാൻ കൂടുതൽ ഒന്നും ചോദിച്ചുമില്ല.
വർഗീസ്‌ എനിക്ക്‌ മുറി കാണിച്ചുതന്നു. കുളി കഴിഞ്ഞ്‌ സ്വീകരണമുറിയിൽ എത്തിയപ്പോഴേക്കും ഏതോ ഹോട്ടലിലേക്ക്‌ എന്തൊക്കെയോ ഭക്ഷണവിഭവങ്ങൾക്ക്‌ ഓർഡർ കൊടുക്കുകയാണ്‌ വർഗീസ്‌.
ചോറും കറികളുമൊക്കെ നാട്ടിൽ ചെന്നാലും കഴിക്കാം. ഇവിടെ വരുമ്പോൾ ഇവിടുത്തെ ഭക്ഷണരീതി പരിചയിക്കാൻ കിട്ടുന്ന അവസരമാണ്‌. ലെബനോൻ ഫുഡ്ഡാണ്‌ നിനക്കുവേണ്ടി ഇന്നത്തെ സ്പേഷ്യൽ ഐറ്റം"
"ഭക്ഷണകാര്യത്തിൽ നിന്റെ ആവെറെറ്റി ടേസ്റ്റ്‌ ഇപ്പോഴുമുണ്ടോ?" ഞാൻ ചോദിച്ചു.
"ആദ്യം അന്ന വിചാരം പിന്നെ വിചാരം, കാര്യവിചാരം"
കോളേജിൽ പഠിക്കുമ്പോൾ പെൺകുട്ടികളുടെ ചോറ്റുപാത്രത്തിൽ നിന്ന്‌ അടമാങ്ങാ അച്ചാറും അവിയലും ചമ്മന്തിയുമൊക്കെ അടിച്ചുമാറ്റുന്ന വിരുതനായിരുന്നു വർഗീസ്‌. രണ്ടാം വർഷ ഇംഗ്ലീഷ്‌ ക്ലാസ്സിലെ കെ.കെ.സാറാമ്മയുടെ അരിപ്പത്തരിയും കോഴിക്കറിയും എടുത്തതിന്‌ അവൾ പ്രിൻസിപ്പലിന്‌ പരാതി കൊടുത്ത കഥ ഞാൻ ഓർമ്മിപ്പിച്ചപ്പോൾ വർഗീസ്‌ പൊട്ടിച്ചിരിച്ചു.
പിന്നീട്‌ ഞങ്ങളുടെ ഇരുവരുടേയും നാവുകളിൽ പഴയ വീരസാഹസിക കഥകൾ വിരിഞ്ഞുതുടങ്ങി. ഒരാൾ നിർത്താൻ കാത്തിരിക്കുകയാണ്‌ അടുത്തയാൾ മറ്റൊരു കഥ പറയാൻ.
മോഹൻലാളിന്റെ 'താളവട്ടം' സിനിമ കാണുന്നതിനുവേണ്ടി ഞങ്ങൾ കുറച്ചുപേർ ഒരു കാരണവുമില്ലാതെ സമരം നടത്തി. കൂട്ടമണിയടിച്ച്‌ കോളേജ്‌ വിട്ടത്‌, ലേഡീസ്‌ ഹോസ്റ്റലിന്റെ മതിലു ചാടിക്കടന്ന്‌ വാഴക്കുല മോഷ്ടിച്ച്‌ പുഴുങ്ങിത്തിന്നത്‌, പ്രിൻസിപ്പലച്ചന്റെ കുപ്പായത്തിനു പിന്നിൽ ചക്കയരക്കു തേച്ചതു. ഫ്ലാറ്റിനുള്ളിൽ ചിരിയുടെ അമിട്ടുകൾ പൊട്ടാൻ ഇക്കഥകളൊക്കെ ധാരാളം മതിയായിരുന്നു.
സമൃദ്ധമായ ഭക്ഷണത്തിനു ശേഷം വീണ്ടും ഞങ്ങൾ ഒത്തുകൂടി. അപ്പോഴെല്ലാം മൃദുവായുള്ള ഒരു ചിരി മുഖത്ത്‌ വിടർത്തിക്കൊണ്ട്‌ ഒരു നല്ല കേൾവിക്കാരിയായി ജാൻസിയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.
"തോമാച്ചാ, നിന്റെ കവിത കേട്ടിട്ട്‌ എത്ര നാളായി? ആ.എൻ.എൻ. കക്കാടിന്റെ കവിതയുണ്ടല്ലോ നീയന്ന്‌ കോളേജ്‌ ഡേയ്ക്ക്‌ ചൊല്ലിയത്‌ അതൊന്നു കേൾക്കണം".
അവന്റെ ആവശ്യം നിരാകരിക്കാൻ എനിക്കാവുമായിരുന്നില്ല. 'കക്കാടിന്റെ സഫലമീ യാത്ര' ഞങ്ങൾ പഠിച്ചിരുന്ന കാലത്ത്‌ കോളേജ്‌ വിദ്യാർത്ഥികളുടെ ഹരമായിരുന്നു. കക്കാട്‌ ക്യാൻസർ രോഗബാധിതനായി കഴിഞ്ഞിരുന്ന കാലത്തെഴുതിയ കവിതയാണത്‌. ഒരു വല്ലാത്ത നീറ്റൽ മനസ്സിലെവിടെയോ നീറിപ്പിടിക്കുന്ന വിധം നൊമ്പരമുണർത്തുന്നതാണ്‌ അതിലെ ഓരോ വരികളും.
കോളേജ്‌ ഡേയ്ക്ക്‌ കവിത ചൊല്ലിക്കഴിഞ്ഞ്‌ വേദിയിൽ നിന്ന്‌ ഇറങ്ങുമ്പോൾ മുൻനിരയിലിരുന്ന പ്രിൻസിപ്പലച്ചൻ, കണ്ണടയ്ക്കുള്ളിലൂടെ മിഴിത്തുള്ളികൾ ഒപ്പിയെടുക്കുന്നത്‌ എന്നെ കാണിച്ചുതന്നത്‌ വർഗീസായിരുന്നു. പിന്നീട്‌ അവന്റെ ഇലക്ഷൻ പ്രചരണത്തിന്റെ മുഖ്യഘടകം എന്റെ കവിത ചൊല്ലലായിരുന്നു. വർഗീസ്‌ മാത്യു കോളേജ്‌ യൂണിയൻ ചെയർമാനായപ്പോൾ അതിന്റെ മുഴുവൻ ക്രൈഡിറ്റും കക്കാടിന്റെ കവിതയ്ക്കും എനിക്കും അവൻ വീതിച്ചുതന്നു.
ഇപ്പോൾ വർഗീസും ഭാര്യയും ആ കവിതയ്ക്കുവേണ്ടി കാത്തിരിക്കുകയാണ്‌.
ഞാൻ കണ്ണുകൾ പതിയെ അടച്ചു. മുറിയിൽ എയർ കണ്ടീഷണറിന്റെ നേരിയ മുരൾച്ച. അതിനിടയിലൂടെ ജാൻസിയുടെയോ വർഗീസിന്റെയോ ശ്വാസഗതിയുടെ ശബ്ദം.
ഞാൻ കവിതയുടെ നോവേറുന്ന വരികളിലൂടെ സഞ്ചരിച്ചുതുടങ്ങി. ചിലപ്പോഴൊക്കെ കണ്ണുതുറന്നു നോക്കുമ്പോൾ, ഇമവെട്ടാതെ എന്റെ മുഖത്തേക്കു മാത്രം ഉറ്റുനോക്കിയിരിക്കുന്ന വർഗീസിന്റേയും ഭാര്യയുടേയും കനലെരിയുന്ന മുഖങ്ങൾ.
"വ്രണിതമാം കണ്ഠത്തിലിന്നു
നോവിത്തിരി കുറവുണ്ട്‌
വളരെ നാൾ കൂടയീ നേരിയ
നിലാവിന്റെ പിന്നിലേയനന്തത്തയി-
ലാളിയുമിരുൾ നോക്കുകിരുളിന്റെ
അറകളിലെ ഓർമ്മകളെടുക്കുക"
ആ വരികൾ ഞാൻ ആവർത്തിച്ചു ചൊല്ലി. കവിത ചൊല്ലിത്തീർന്നപ്പോൾ വർഗീസ്‌ അകത്തെ മുറിയിലേയ്ക്ക്‌ ഓടിക്കയറി. എനിക്കൊന്നും മനസ്സിലായില്ല. ഞാൻ ജാൻസിയുടെ മുഖത്തേക്ക്‌ നോക്കി. അവൾ കൈമുട്ടുകൾക്കിടയിൽ മുഖം പൂഴ്ത്തിയിരിക്കുന്നു. അവളുടെ കിതപ്പ്‌ ആ ചുമലിൽ നിന്ന്‌ കുതിച്ചു പൊങ്ങുന്ന ചലനങ്ങളിൽ ഞാൻ കണ്ടു. ആ നെഞ്ചിടിപ്പ്‌ എന്നെ കൂടുതൽ പരിഭ്രാന്തനായി.
ഏതോ കൊടുംകാട്ടിൽ ഒറ്റപ്പെട്ടപോലെ ഞാൻ എഴുന്നേറ്റ്‌ വർഗീസിന്റെ മുറിയിലേക്ക്‌ ചെന്നു ഭിത്തിയിൽ തല ചേർത്ത്‌ വച്ചകരയുന്ന വർഗീസിനെ കണ്ട്‌ ഞാൻ പകച്ചു നിന്നു.
അവന്റെ തോളിൽ ഞാൻ ഇരു കൈകളും ചേർത്തുവച്ചു.
വർഗീസേ എന്തുപറ്റി?
അവന്റെ തേങ്ങൽ ഒരലർച്ചയായി മാറി. എന്റെ നെഞ്ചിലേക്ക്‌ മുഖം ചേർത്ത്‌ അവൻ പറഞ്ഞ കാര്യങ്ങൾ ആദ്യം എനിക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല.
ക്യാൻസർ രോഗം തിന്നു തീർത്തുകൊണ്ടിരിക്കുന്ന ശരീരമാണ്‌ ജാൻസിയുടേത്‌. അവളുടെ മാറും വയറും രോഗത്തിന്റെ അഗ്നി നാവുകൾ കാർന്നെടുത്തുകഴിഞ്ഞു. മരിക്കാനുള്ള അനുവാദവും കൊടുത്ത്‌ വൈദ്യശാസ്ത്രം എഴുതിത്തള്ളിയ ഒരു ജീവിതമാണ്‌ അവളുടേത്‌!
തങ്ങളിലൊരാളെ മരണം വിളിച്ചുകൊണ്ടുപോകുന്ന സമയം കാത്തിരിക്കുന്ന ദമ്പതികൾ!
ദൈവം ദാനം കൊടുക്കുന്ന ഓരോ മിനിട്ടിലും സ്നേഹം കൊണ്ട്‌ അവളെ പൊതിയാൻ കൊതിക്കുന്ന വർഗീസ്‌. അവന്റെ മോളെയെന്ന വിളിയുടെ ആർദ്രത എനിക്കപ്പോഴാണ്‌ മനസ്സിലായത്‌. ജാൻസിയുടെ ചിരിയിലും സന്തോഷത്തിലും ജന്മസാഫല്യം കണ്ടെത്തുന്ന എന്റെ സുഹൃത്തിന്റെ സ്നേഹലോകത്തിനു മുന്നിൽ ഞാൻ മനസ്സുകൊണ്ട്‌ പ്രണമിച്ചുപോയ നിമിഷമായിരുന്നു അത്‌. ആരോടും പരിഭവമില്ലാതെ ദുഃഖത്തെ പങ്കിടുകയാണവർ.
അലമാരയിൽ നിന്നും വർഗീസ്‌ അവരുടെ വിവാഹ ഫോട്ടോ എടുത്തുകാണിച്ചു. എട്ടു വർഷങ്ങൾക്ക്‌ മുമ്പുള്ള ഫോട്ടോ. വർഗീസിന്റെ തോളോടു ചേർന്ന്‌ ഒരു മാലാഖയെപ്പോലെ പുഞ്ചിരിതൂകി ജാൻസിയിരിക്കുന്നു.
ഞാൻ നേരിൽ കണ്ട ജാൻസിക്ക്‌ ആ പഴയ മുഖവുമായി യാതൊരു സാമ്യവും ഇല്ലായിരുന്നു. തുടർച്ചയായ കീമോ തെറാപ്പിയും മറ്റു ചികിത്സകളും അവളെ ഒരു പേക്കോലമാക്കിതീർത്തു.
വർഗീസ്‌ മാത്യു എന്നിട്ടും അവളെ മോളെ എന്നുവിളിച്ച്‌ പരിചരിക്കുന്നു.
ആ രാത്രി എനിക്കുറങ്ങാൻ കഴിഞ്ഞില്ല.
"മനസ്സുകൊണ്ട്‌ ആത്മാവുമായി പ്രാർത്ഥിക്കുന്നുണ്ട്‌. നന്മവരും".
അതുപറഞ്ഞതാണ്‌ പിറ്റേ ദിവസം രാവിലെ ഞാനവരോട്‌ യാത്ര പറഞ്ഞത്‌. ഞങ്ങൾ ആദ്യം കണ്ടപ്പോഴുള്ള ആഹ്ലാദമോ സന്തോഷമോ യാത്ര പറയുമ്പോൾ ഇല്ലായിരുന്നു. ഒരു മരണവീട്ടിൽ നിന്നിറങ്ങുന്ന ദുഃഖഭരിതമായ മനസ്സായിരുന്നു എനിക്കപ്പോൾ.
ജാൻസിക്കുവേണ്ടി ഞാൻ പ്രാർത്ഥിച്ച ആ നന്മ അവൾക്ക്‌ ലഭിക്കാൻ വൈകിപ്പോയി.
മൂന്നാഴ്ചകൾക്ക്‌ ശേഷമാണ്‌ ഞാൻ നാട്ടിലേക്ക്‌ തിരിച്ചതു. അബുദാബി എയർപോർട്ടിൽ എത്തിയപ്പോൾ വർഗീസ്‌ മാത്യുവും ചില സുഹൃത്തുക്കളും അവിടെയുണ്ടായിരുന്നു. വേദനകൾക്കിടയിലും എന്നെ യാത്രയാക്കുന്ന കാര്യം അവൻ മറന്നില്ലല്ലോ എന്നു കരുതി ഞാൻ അവന്റെ അടുത്തേക്ക്‌ നടന്നു.
ഇപ്പോൾ വർഗീസ്‌ മാത്യുവിന്റെ ചുറ്റുമാണ്‌ ആൾക്കൂട്ടം. പള്ളിയിലും മറ്റു സ്ഥലങ്ങളിലുമായി ഞാൻ കണ്ടുമുട്ടിയ ഒട്ടുമിക്ക മലയാളികളുമുണ്ട്‌. എല്ലാവരുടേയും മുഖത്ത്‌ കടിച്ചമർത്തിയ വേദനയുടെ പൊള്ളലുണ്ട്‌.
"നിന്റെ ഫ്ലൈറ്റ്‌ എപ്പോഴാണ്‌?" അവൻ വിറങ്ങലിച്ച ശബ്ദത്തിൽ എന്നോടു ചോദിച്ചു.
"പന്ത്രണ്ടരയ്ക്ക്‌"
"ഇവിടുന്ന്‌ രണ്ടുമണിക്കുള്ള ട്രിവാൻഡ്രം ഫ്ലൈറ്റാണ്‌ ഞങ്ങൾക്ക്‌".
'നാട്ടിലേക്ക്‌ ഉടനെ' വർഗീസിന്റെ നനവാർന്ന കണ്ണുകൾ അകലങ്ങളിലേക്ക്‌ നീണ്ടു.
അവൻ എന്റെ കൈകൾ എടുത്ത്‌ നെഞ്ചിൽ വച്ചു.
ഇത്തിരി നേരമെങ്കിലും നമ്മുടെ പഴയ കഥകളൊക്കെപ്പറഞ്ഞ്‌ അവളെയൊന്നു ചിരിപ്പിക്കാൻ നീ വന്നല്ലോ" അവൾ അവസാനമായി ചിരിച്ചതു അന്നായിരുന്നു. കത്തിനിൽക്കുന്ന സൂര്യൻ നെഞ്ചിലേക്ക്‌ അടന്നുവീണ പോലെ ഞാൻ നടുങ്ങി.
ജാൻസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്‌ 'എംബാം' ചെയ്ത്‌ ആംബുലൻസിൽ എയർപോർട്ടിൽ കൊണ്ടുവന്നു. വർഗീസ്‌ മാത്യു അതുമായി ബന്ധപ്പെട്ട രേഖകൾ ക്രമീകരിക്കുന്നതിന്‌ ചില സുഹൃത്തുക്കളോടൊപ്പം ഉള്ളിലേക്ക്‌ കയറിപ്പോയി.
അകത്തേക്ക്‌ പോകും മുമ്പ്‌ അവൻ എന്റെ അരികിലേക്ക്‌ വന്നു പറഞ്ഞു.
"തോമാച്ചൻ പറഞ്ഞപോലെ പ്രതീക്ഷിക്കാത്തത്‌ സംഭവിക്കുമ്പോഴേ ജീവിതത്തിന്റെ വില അറിയൂ. ഞാനിപ്പോഴത്‌ അറിയുന്നു."
കണ്ണീരു വറ്റിത്തോർന്ന ആ മുഖത്തേക്ക്‌ നോക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. എയർപോർട്ടിന്റെ നാലുവശങ്ങളിൽ നിന്നും വർഗീസ്‌ മാത്യുവിന്റെ മോളേയെന്ന വിളിയുടെ നൂറായിരം അലകൾ ഞാൻ കേട്ടു.