a q mehdi
വാഷിങ്ങ്ടൺ ഡി.സി യും നയാഗ്ര വെള്ളച്ചാട്ടവും.
ന്യൂയോർക്കിൽനിന്ന് 350 കിലോമീറ്റർ ദൂരമുണ്ട് വാഷിങ്ങ്ടണ്ണിലേക്ക്. ശരാശരി 120 കി.മീറ്റർവേഗതയിലാണ് ബസ്സ് ഓടുന്നത്. മിക്കതും എട്ടുവരി പാതകളാണ്, സൂപ്പർ ഹൈവേകൾ. ഒരു എക്സ്പ്രസ്സ് ഹൈവേ വരുന്നതിനെ ചൊല്ലിയുള്ള നാട്ടിലെ കോലാഹലങ്ങളെപ്പറ്റി ഞാനോർത്തു. നാടിന്റെ വികസനത്തിന് വിലങ്ങുതടിയായി, എന്തിനെയും ഏതിനെയും വിമർശിക്കുന്ന നമ്മുടെ ചില രാഷ്ട്രീയനേതാക്കളും, അപൂർവ്വം പരിസ്ഥിതി- സാംസ്കാരിക നായകന്മാരും അമേരിക്കയിലേയോ യൂറോപ്പിലേയോ റോഡുകളും ട്രാഫിക് സിസ്റ്റവും നേരിൽവന്നു കാണേണ്ടതുതന്നെ.
ഒരു പുരാതനനഗരത്തിന്റെ പ്രൗഢിയുള്ള, ഒരാധുനിക സിറ്റിയാണ് വാഷിങ്ങ്ടൺ ഡി.സി എന്നറിയപ്പെടുന്ന അമേരിക്കയുടെ തലസ്ഥാനം.
ഈ നഗരത്തിന്റെ വിസ്തീർണ്ണം 179 ച.കി.മീറ്റർ ആണ്. ജനസംഖ്യ 5.30 ലക്ഷവും.
1790-ൽ അമേരിക്കയുടെ പ്രഥമപ്രസിഡണ്ട് ജോർജ്ജ് വാഷിങ്ങ്ടണാണ് ഈ നഗരം സ്ഥാപിച്ചതു. ഒരു രാഷ്ട്രത്തിന്റെ ദേശീയ തലസ്ഥാനമാക്കാൻ വേണ്ടിമാത്രം രൂപകൽപന ചെയ്ത ഈ നഗരം, ലോകത്തിലെ ആസൂത്രണം ചെയ്തു നിർമ്മിച്ച അപൂർവ്വം നഗരങ്ങളിൽ ഒന്നാണ്. 1800-ലാണ് ഇത് അമേരിക്കയുടെ തലസ്ഥാനമായത്. അതിന് തൊട്ടുമുമ്പുവരെ ന്യൂയോർക്ക് ആയിരുന്നു യു.എസ്സ് തലസ്ഥാനം.
വാഷിങ്ങ്ടണിലെ വളരെ പ്രശസ്തമായ പല സ്മാരകങ്ങളും ഞങ്ങൾ പോയികണ്ടു. അവയിൽ പ്രധാനം കാപ്പിറ്റോൾ ഹില്ലും ലിങ്കൺ മെമ്മോറിയൽ ഹാളുമാണ്. വിയറ്റ്നാം, കൊറിയൻ സ്മാരകങ്ങളും വളരെധികം ജനശ്രദ്ധ ആകർഷിക്കുന്നവ തന്നെ.
ഒടുവിൽ, ഈ അമേരിക്കൻ യാത്രയിലെ ഏറ്റവും വലിയ കാഴ്ച കാണാൻ ഞങ്ങൾ പോയി. 'വൈറ്റ് ഹൗസ്'. അമേരിക്കൻ പ്രസിഡന്റിന്റെ ആസ്ഥാനം. ലോകത്തിന്റെ ഗതിവിഗതികൾ ഈ കെട്ടിടത്തിനുള്ളിൽ തീരുമാനിക്കപ്പെടുന്നു. അമേരിക്കയുടെ എത്രയെത്ര പ്രസിഡൻഡുമാർക്ക് താമസസൗകര്യം നൽകിയ മണിമന്ദിരമാണിത്.
'വൈറ്റ് ഹൗസ്'എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഈ കെട്ടിടത്തിന്റെ ആദ്യരൂപം നിർമ്മിക്കപ്പെട്ടത്, ഇന്നേയ്ക്ക് രണ്ടു നൂറ്റാണ്ടുമുമ്പ് 1800-ലായിരുന്നു. ആ വർഷം നവംബർ മാസത്തിൽ, അന്നത്തെ പ്രസിഡന്റായ ജോൺ ആദംസ് ആണ് ഈ ഔദ്യോഗികവസതിയിൽ ആദ്യമായി താമസം ആരംഭിച്ചതു. അന്നും മൂന്നുനിലയുള്ള ഒരു കെട്ടിടമായിരുന്നു ഇത്. പിന്നീട് വിവിധകാലങ്ങളിൽ ഈ മന്ദിരത്തിന് പല രൂപമാറ്റങ്ങളും വരികയുണ്ടായി. ആദ്യകാല കെട്ടിടത്തിന്, അന്നത്തെ ശൈലിയിൽ മൂന്നാമത്തെനിലയ്ക്ക് മുകളിൽ പുകക്കുഴലുകൾ സ്ഥാപിക്കപ്പെട്ടിരുന്നു. അന്ന് ഈ മണിമന്ദിരത്തിൽ ആകെ 62 മുറികളാണുണ്ടായിരുന്നത്. 1914-ൽ, കുപ്രസിദ്ധമായ '1912 ബ്രിട്ടീഷ് യുദ്ധം' എന്നറിയപ്പെടുന്ന ഇംഗ്ലീഷ് യുദ്ധത്തിൽ ഈ മന്ദിരം തീവച്ചു നശിപ്പിക്കപ്പെട്ടു. 1948നും 1952നും ഇടയ്ക്കാണ് ഇപ്പോൾ കാണുന്ന പുതിയ ഈ കെട്ടിടം നിർമ്മിക്കപ്പെട്ടത്. അമേരിക്കയുടെ 43-ാമത്തെ പ്രസിഡന്റായ ജോർജ്ജ് വാക്കർ ബുഷ് താമസിക്കുന്ന ഈ ആധുനിക മന്ദിരത്തിൽ ഇപ്പോൾ ആകെ 132 മുറികളുണ്ട്.
മങ്ങിയ വെള്ളച്ചായം പൂശിയ മനോഹരമായ ഈ മൂന്നുനില കെട്ടിടത്തിന്റെ രണ്ടു മേൽനിലകൾക്കും ഗ്രൗണ്ട്ഫ്ലോറിനേക്കാൾ ഉയരവും വലിപ്പവുമുണ്ട്. മുമ്പിൽ മനോഹരമായ ഒരു പൂന്തോട്ടവുമുണ്ട്. മുൻവശത്തെ വിശാലമായ പുൽമുറ്റം കഴിഞ്ഞാൽ ഫെൻസിങ്ങും ഗേറ്റുമാണ്. സെക്യൂരിറ്റിക്കായി പട്ടാളക്കാരെയോ, കാവൽഭടന്മാരെയോ ഗേറ്റിനു പുറത്തുകണ്ടില്ല. വളരെ ശാന്തമായ അന്തരീക്ഷം.
വൈതൗസ്സിനു മുമ്പിലെ കമ്പിവേലിക്കും ഗേറ്റിനും പുറത്ത്, ഞങ്ങളൊരു വിചിത്രദൃശ്യം കണ്ടു. മുഖംമൂടി ധരിച്ച നാലുപേർ പ്ലക്കാർഡുകളുമായി നിൽക്കുന്നു. ഒരു പ്രതിഷേധപ്രകടനത്തിന്റെ ഭാഗമായാണവർ നിൽക്കുന്നത്. മുദ്രാവാക്യങ്ങൾ വിളിച്ച് അവർ അന്തരീക്ഷ മലിനീകരണം നടത്തുന്നില്ല. അവരുടെ കൈയ്യിലിരിക്കുന്ന ബോർഡുകളിൽ വിവിധ സന്ദേശങ്ങൾ എഴുതിയിട്ടുണ്ട്, രൂക്ഷഭാവമുള്ള ചില മുദ്രാവാക്യങ്ങൾ. അവർ, അമേരിക്കൻപ്രസിഡന്റ് ജോർജ്ജ് ബുഷിനെതിരായ പ്രതിഷേധം പ്രകടിപ്പിക്കുകയാണ്, തങ്ങളുടെ കൈയ്യിലിരിക്കുന്ന ബോർഡുകളിൽ എഴുതിയ വാക്കുകളിലും വരികളിലും കൂടി. ഒരു ബോർഡിൽ കണ്ടതിതാണ്.
"Bush, A War Criminal- Impeach Bush' ബുഷ് ഒരു യുദ്ധക്കുറ്റവാളിയാണ്, അയാളെ വിചാരണചെയ്യൂ' എന്ന്. ഞാൻ അടുത്തു ചെന്ന് ആ പ്രതിഷേധപ്രകടനക്കാരോട് സംസാരിക്കുകയും, പരിചയപ്പെടുകയും ചെയ്തു. അവരോടൊപ്പം നിന്ന് ഞാൻ ഫോട്ടോയും എടുത്തു.
എന്തേ, ലോകത്തെ ഏറ്റവും വലിയ രാഷ്ട്രത്തിലെ അതിശക്തനായ പ്രസിഡന്റിനെ കുറ്റവിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തുന്നവരെ നീക്കാനോ, ഒഴിവാക്കാനോ അധികാരികളോ പോലീസോ ഒന്നും ശ്രമിക്കാത്തത്. അമേരിക്കൻ ജനാധിപത്യത്തിന്റെ മഹത്വമാണ് നാമിവിടെ കാണുന്നത്.
ഇവിടെ നമ്മുടെനാട്ടിലോ? ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് നമ്മുടേത്. ഇവിടെ ഒരു വില്ലേജ് ഓഫീസറുടെ ഓഫീസിനു മുമ്പിൽ പോലും പ്രതിഷേധപ്രകടനം നടത്തുന്ന വ്യക്തിയെയോ സംഘത്തിനെയോ പോലീസ് എത്തി അറസ്റ്റ് ചെയ്ത് കേസെടുക്കുന്നു. പോലീസ് അറസ്റ്റ് ചെയ്തില്ലെങ്കിലുമുണ്ട് സമരക്കാർക്ക് പരാതി.
വളരെ മഹത്തായ ഒരു ജനാധിപത്യപാരമ്പര്യവും സംവിധാനവും ഇൻഡ്യയ്ക്കുണ്ട്. പൗരാവകാശങ്ങൾ വ്യക്തമായി നമ്മുടെ ഭരണഘടനയിൽ എഴുതിചേർക്കപ്പെട്ടിട്ടുമുണ്ട്. സാമാന്യജനങ്ങൾക്ക് മൗലികമായ ഈ അവകാശങ്ങൾ അനുഭവിച്ച് ജീവിക്കുവാൻ കഴിയാത്തവിധം നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങൾ ഓരോദിവസവും വിവിധ മേഖലകളിൽ ഓരോരോ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അഭിപ്രായ, സംഘടനാ, തൊഴിൽ, സഞ്ചാര, സ്വാതന്ത്ര്യങ്ങൾ നമ്മുടെ പൗരാവകാശങ്ങളിൽ ഉൾപ്പെടുന്നവയാണ്. ഇവ ഓരോന്നിനെയും തങ്ങൾക്കനുകൂലമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി വളച്ചൊടിച്ച് ജനാധിപത്യ സംവിധാനത്തെ ഒന്നാകെ അട്ടിമറിക്കുകയാണ് നമ്മുടെ നാട്ടിലെ ഇന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങൾ ചെയ്യുന്നത്. ഇതിനൊരു മാറ്റമുണ്ടാകാതെ ജനാധിപത്യത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കുവാൻ ഒരിക്കലും നമുക്കാവില്ല.
വൈറ്റ് ഹൗസിനു മുമ്പിൽ കഴിഞ്ഞ 24 വർഷമായി കുടിൽകെട്ടി സമരം ചെയ്യുന്ന ഒരു സ്പാനിഷ് വൃദ്ധയെ കണ്ടു. അവരുടെ പേര് കോൺചിറ്റ (Conchita) എന്നാണ്. ലോകവ്യാപകമായ തീവ്രവാദപ്രവർത്തനങ്ങൾക്കെതിരെ ഒരു നിശബ്ദസമരം നടത്തുകയാണവർ, 1981- മുതൽ രണ്ടുപതിറ്റാണ്ടു കാലത്തിലധികമായി. ഞാനടുത്തു ചെന്നപ്പോൾ പ്രതിഷേധ പ്രകടനത്തിനായി അവർ പ്രദർശിപ്പിച്ചിരുന്ന നിരവധി ബോർഡുകളിൽ ഒന്ന് എന്റെ കൈയ്യിൽ തന്നിട്ട്, ഫോട്ടോയ്ക്ക് പോസ് ചെയ്യുവാൻ നിർദ്ദേശിച്ചു, ഉടൻതന്നെ ഭാര്യ ക്യാമറ ക്ലിക്ക് ചെയ്യുകയും ചെയ്തു.
എന്റെ കൈയ്യിൽ തന്ന ആ ബോർഡിൽ ബിൻലാദന്റെ വലിയൊരു ചിത്രവും അതിനു മേലെ "THE REAL TERRORIST'' (യഥാർത്ഥ തീവ്രവാദി) എന്നും എഴുതിയിട്ടുണ്ടായിരുന്നു. ഈ ഒറ്റയാൾ സമരം കണ്ടപ്പോൾ, വർഷങ്ങളായി സെക്രട്ടറിയേറ്റ് പടിക്കൽ കുടിൽകെട്ടി സമരം ചെയ്യുന്ന ചില വ്യക്തികളെയും, സംഘടനകളെയുമാണ് ഓർത്തത്
വാഷിങ്ങ്ടണിൽ ഹോട്ടൽ ഷെറട്ടൺ ക്രിസ്റ്റലിലായിരുന്നു താമസം. വളരെ മുന്തിയ ഒരു ഹോട്ടലായിരുന്നു ഷെറട്ടൺ.
നല്ലനിലവാരമുള്ള ടൂർ കമ്പനികളുടെ പാക്കേജ്ടൂർ ബുക്ക് ചെയ്താൽ, താരതമ്യേന അൽപ്പം പൈസ കൂടുതലാവുമെങ്കിലും ഏറ്റവും സുരക്ഷിതമായ യാത്ര അവർ ഉറപ്പുതരുന്നു. ഏറ്റവും നല്ല ഹോട്ടലുകളിലാവും അവർ നമുക്കു താമസസൗകര്യം ഒരുക്കുക; സ്റ്റാർ ഹോട്ടലുകളിൽ. അത്തരം ഹോട്ടലുകളിലെ മുറിവാടകയും കൂടുതലാവും. ഇക്കുറി ഞങ്ങൾ താമസിച്ച ഹോട്ടലുകളിലെ മുറിവാടക ഒരു രാത്രിയ്ക്ക് ശരാശരി 160 യു.എസ്സ് ഡോളറായിരുന്നു, ദിവസം ഏകദേശം 7000/- രൂപ.
നാട്ടിലെ ഹോട്ടലുകളെ അപേക്ഷിച്ച് ചില പ്രത്യേകതകളൊക്കെയുണ്ട് പാശ്ചാത്യദേശങ്ങളിലെ പോഷ് ഹോട്ടലുകൾക്ക്.
ഇ.സി.മുറികളാണെങ്കിലും, തണുപ്പു കാലത്ത് ഉപയോഗിക്കുവാൻ ഹീറ്റർ സൗകര്യവും ഉണ്ടാകും. ടെലിഫോൺ, ടി.വി, ഫ്രിഡ്ജ്, മിനിബാർ, കമ്പ്യൂട്ടർ, ഇന്റർനെറ്റ് കണക്ഷൻ, തുടങ്ങിയ സൗകര്യങ്ങൾ മുറികളിലുണ്ടാവും. ഫ്രിഡ്ജിനുള്ളിൽ സോഫ്റ്റ് ഡ്രിങ്കുകളും, മിനറൽ വാട്ടർ, സോഡ എന്നിവയും ചില മദ്യങ്ങളും സ്നാക്സും ഒക്കെ വച്ചിട്ടുണ്ടാവും. മുറിയിൽ താമസിക്കുന്നവർക്ക് സൗകര്യപ്രദമായി എടുത്തു കഴിക്കാനാണിത്; എടുക്കുന്ന ഓരോ വസ്തുവിനും ബിൽ ചെയ്യപ്പെടും. വിലവിവരപ്പട്ടിക മുറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
രാവിലത്തെ ബെഡ്കോഫി (ചായയാണ്) എനിക്കും ഭാര്യയ്ക്കും നിർബന്ധമാണ്. ചായ, ർറൂമിൽ ഓർഡർ നൽകി വരുത്താം, പക്ഷേ മോശമല്ലാത്ത ബിൽ വരും. താമസത്തിനിടെ രാവിലെ ബ്രേക്ക് ഫാസ്റ്റ് മാത്രമാണ് ഫ്രീ. എക്സ്ട്രാവരുത്തുന്ന വസ്തുക്കൾക്ക് നാം പ്രത്യേക വില നൽകേണ്ടിവരും. ർറൂമിൽ വരുത്തുന്ന വെറും ചായയ്ക്ക് 5 മുതൽ 7 ഡോളർ വരെയാണ് ബിൽചെയ്യപ്പെടുക; ഏകദേശം 200 മുതൽ 300 രൂപ വരെ. ഇനി പുറത്തുനിന്നും യാത്രയ്ക്കിടെ ഏതെങ്കിലും ടീസ്റ്റാളിൽ നിന്നായാൽപ്പോലും മൂന്നു ഡോളർ കൊടുക്കണം ഒരു കപ്പ് ചായയ്ക്ക്. വിലയല്ല പ്രധാനപ്രശ്നം, ഒരു കാപ്പിൽ അൽപ്പം തിളച്ചവെള്ളവും, ഒരു ടീബാഗും (നാട്ടിൽ രണ്ടു രൂപ വിലയുള്ളത്) ചെറിയ ഒരു പായ്ക്കറ്റ് കൃത്രിമപ്പാലും, ലേശം പഞ്ചസാരയും തരും; നാം കൂട്ടിക്കലർത്തി കഴിക്കണം. എത്ര മിക്സ് ചെയ്യാൻ ശ്രമിച്ചാലും നാട്ടിലെ ചായയുടെ കടുപ്പമോ രുചിയോ ഉണ്ടാവില്ല, വില മാത്രമാണ് കടുപ്പമുള്ളത്, ഒരു കപ്പ് ചായയ്ക്ക് 140 രൂപ.
ഈ അമേരിക്കൻ യാത്രയ്ക്ക് വേണ്ടി, ദുബായിൽ നിന്നും വാങ്ങിവച്ചിരുന്ന ഒരു കോഫിമേക്കർ (ഇലക്ട്രിക് കെറ്റൽ) കൂടെ കരുതിയിരുന്നു. അത് നാട്ടിലെ 230 വോൾട്ടിലും, അമേരിക്കയിലെ 110-ലും പ്രവർത്തിക്കും.
പക്ഷേ, ആ കോഫിമേക്കർ ഒരിക്കൽ പോലും ഉപയോഗിക്കേണ്ടി വന്നില്ല. ഞങ്ങൾ താമസിച്ച എല്ലാ ഹോട്ടൽ മുറികളിലും ഉണ്ടായിരുന്നു ഈ യന്ത്രം. ഒപ്പം തേയിലയും, കാപ്പിപ്പൊടിയും, പാലും, പഞ്ചസാരയുമൊക്കെ സൗജന്യമായി മുറിയിൽ വച്ചിട്ടുണ്ടായിരുന്നു. ഞങ്ങൾ യഥേഷ്ടം ചായ ഉണ്ടാക്കിക്കുടിച്ചു.
ഓരോ ദിവസവും ർറൂം വിട്ട് രാവിലെ കാഴ്ചകൾ കാണാൻ പോയി തിരികെയെത്തുമ്പോൾ മുറിയെല്ലാം തുടച്ച് വൃത്തിയാക്കി, ബെഡ്ഡിൽ പുതിയ ഷീറ്റും വിരിച്ച്, ബാത്ത്‌ർറൂമിൽ പുതിയ ടവ്വലും, സോപ്പും, ഷാമ്പൂവും വച്ച്, കോഫീമേഷീനുവേണ്ട തേയിലയുമൊക്കെ തയ്യാറാക്കിവച്ചിട്ടുണ്ടാവും. വളരെ വിശ്വസ്തരായ ഹോട്ടൽ പരിചാരകർ തങ്ങളുടെ പക്കലുള്ള ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറിതുറന്നാണ് ഇതൊക്കെ ചെയ്യുന്നത്. പൈസയും, പാസ്പോർട്ടും, വിലപിടിപ്പുള്ള മറ്റു വസ്തുക്കളും വേണമെങ്കിൽ പൂട്ടിവയ്ക്കാൻ, കംപ്യൂട്ടർ സംവിധാനത്തിൽ ലോക്ക് ചെയ്യാവുന്ന സേഫ്റ്റി ലോക്കറുകൾ ഓരോ മുറിയിലുമുണ്ട്. പൂട്ടിവച്ചില്ലെങ്കിൽപ്പോലും ഒന്നും നഷ്ടപ്പെടില്ല.
നമ്മുടെ അസാന്നിദ്ധ്യത്തിൽ ചെയ്യപ്പെടുന്ന ഈ സർവ്വീസ് അല്ലാതെ, നാട്ടിലെ ഹോട്ടലുകളിലെ പോലെ ർറൂംബോയ്സ് മുറികൾക്കരികിൽ കറങ്ങി നടക്കില്ല. എന്ത് ആവശ്യത്തിനും ഫോൺ ചെയ്താലുടൻ ബന്ധപ്പെട്ട ആൾക്കാർ എത്തിക്കൊള്ളും.
റൂംബോയ് അല്ല, 'ബെൽബോയ്' എന്നാണ് പാശ്ചാത്യദേശങ്ങളിൽ ഈ പരിചാരകരെ വിളിക്കുന്നത്.
മൂന്നുരാത്രികൾ അമേരിക്കയിൽ പിന്നിട്ടിരിക്കുന്നു. നാലാം ദിവസത്തെ പരിപാടി, ലോകത്തെ ഏറ്റവും വലിയ ജലപാതമായ നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോകലാണ്.
നയാഗ്ര അമേരിക്കയുടെ വടക്കേയറ്റത്താണ്, കാനഡയുടെ അതിർത്തിയിൽ. ഞങ്ങളിപ്പോൾ താമസിക്കുന്ന വാഷിങ്ങ്ടണിൽ നിന്ന് കുറെ അകലെ. അവിടേയ്ക്ക് ഫ്ലൈറ്റിലാണ് പോകേണ്ടത്.
പാക്കേജ് ടൂറിന്റെ ഭാഗമായി രാജ്യങ്ങൾ സന്ദർശിക്കാനുള്ള പാശ്ചാത്യ ദേശങ്ങളിലേയ്ക്കുള്ള യാത്രകൾക്ക് ഒരു പ്രത്യേകതയുണ്ട്. ടൂർകമ്പനിക്കാർ ചെറിയ ദൂരമൊക്കെ താണ്ടുന്നത് ഇ.സി.കോച്ചുകളിലാണ്, ബസ്സുകളിൽ. കൂടുതൽ ദൂരമുള്ള സ്ഥലങ്ങൾ വിമാനത്തിലും. ഇത്തരം അന്തർദ്ദേശീയ ട്രിപ്പുകളിൽ, ഏറെ ആഭ്യന്തര വിമാനയാത്രകൾ വേണ്ടിവരുന്ന രാജ്യങ്ങളിൽ, അമേരിക്കയും ചൈനയും ഉൾപ്പെടുന്നു. ഈ രണ്ടുരാജ്യങ്ങളുടെയും വിസ്തൃതി കാരണമാണത്. ഇൻഡ്യയുടെ അവസ്ഥയും ഏകദേശം ഇതുതന്നെ. കോവളത്തുവരുന്ന ഒരു വിദേശസഞ്ചാരിക്ക് ഗോവയിലോ, ചെന്നൈയിലോ, ബോംബെയിലോ, ആഗ്രയിലോ ചെന്നത്തണമെന്നിരിക്കട്ടെ, ഇവിടെയും ഇൻഡ്യൻ എയർലൈൻസോ മറ്റേതെങ്കിലും ആഭ്യന്തര സർവ്വീസോ ആയിരിക്കും ശരണം.
എന്നാൽ യൂറോപ്പിന്റെ സ്ഥിതി വ്യത്യസ്തമാണ്. ഞങ്ങളുടെ കഴിഞ്ഞ യൂറോപ്പ് ട്രിപ്പിൽ 10 രാജ്യങ്ങൾ കറങ്ങി നടന്നു കണ്ടത് ഒരു ബസ്സിലായിരുന്നു. താരതമ്യേന ചെറിയ രാജ്യങ്ങളാണ് യൂറോപ്പിലുള്ളത്. ഞങ്ങളന്ന്, ഇൻഡ്യയിൽ നിന്നും നേരിട്ട് ജർമ്മനിയിലെ മ്യൂണിക്കിലെത്തി, ആസ്ട്രിയ, സ്വിറ്റ്സർലന്റ്, ഇറ്റലി, ഹോളണ്ട്, ബെൽജിയം, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ പിന്നിട്ട് ലണ്ടനിൽ യാത്ര അവസാനിപ്പിച്ചപ്പോഴേയ്ക്കും ഈ വിവിധരാജ്യങ്ങളിലൂടെ 7800 കി.മീറ്റർ ദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നു. ആ യാത്ര മുഴുവൻ ഇ.സി കോച്ചുകളിലായിരുന്നു.
അമേരിക്കയിലെ സ്ഥിതി തികച്ചും വ്യത്യസ്തം. ഇവിടെ, ചില സ്റ്റേറ്റുകൾ തമ്മിലുള്ള പരസ്പരദൂരം തന്നെ ആയിരക്കണക്കിനു കിലോ മീറ്ററാവും. അമേരിക്കയുടെ ആകെ വിസ്തീർണ്ണം 94 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ഇൻഡ്യയുടെ വിസ്തീർണ്ണം അതിന്റെ മൂന്നിലൊന്നേ വരൂ, കേവലം 32 ലക്ഷം ച.കിലോമീറ്റർ. ഇത്ര വിസ്തൃതമായ ഭൂവിഭാഗമായിട്ടും അമേരിക്കയിലെ ജനസംഖ്യ, ഇൻഡ്യയുടേതിന്റെ മൂന്നിലൊന്നിൽ താഴെയാണ്, 29 കോടി. ഇൻഡ്യയിലത് 100 കോടിയിലധികമാണ്.
വാഷിങ്ങ്ടണിൽ നിന്ന് നയാഗ്രയ്ക്ക് പോകാൻ ഞങ്ങൾക്ക് ഇറങ്ങേണ്ട ഏറ്റവും അടുത്ത എയർപോർട്ട് ബഫല്ലോയിലാണ്. അവിടേയ്ക്ക് 500 കി.മീറ്റർ ദൂരമുണ്ട്.
യു.എസ്സ്. എയർലൈൻസ്, അമേരിക്കയുടെ ആഭ്യന്തര വിമാനസർവ്വീസ് ആണ്. അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളെയും യു.എസ്സ്.എയർലൈൻസ് പരസ്പരം ബന്ധിപ്പിക്കുന്നു.
ഏകദേശം ഒരേ വലിപ്പമുള്ള, 150 പേർക്ക് സഞ്ചരിക്കാവുന്ന ഈ ചെറിയ വിമാനങ്ങളിലൊന്നിൽ ഞങ്ങൾ ബഫല്ലോയിൽ ഇറങ്ങി. ഇവിടെ നിന്നും ഇനിയും കുറേ ദൂരം ഉണ്ട് നയാഗ്രയ്ക്ക്. ബസ്സിലാണ് ഞങ്ങൾ നയാഗ്രയിലെത്തിയത്.
നയാഗ്രയിലെ വെള്ളച്ചാട്ടത്തിനരികിൽ ചെന്നപ്പോൾ ശരിക്കും അത്ഭുതസ്തബ്ധരായിപ്പോയി. വെള്ളച്ചാട്ടത്തിന്റെ വന്യവും അതേ സമയം മനോഹരവുമായ ഇത്തരമൊരു കാഴ്ച മറ്റെങ്ങും ഇല്ലതന്നെ. ലോകത്തെ ഏറ്റവും വലിയ ജലപാതമാണിത്. ലക്ഷക്കണക്കിന് ക്യുബിക് മീറ്റർ ജലം ഇടമുറിയാതെ കാലാകാലമായി ഒഴുകിവീണുകൊണ്ടിരിക്കുന്നു. വളരെ ഉയരത്തിൽ നിന്നും ആഴത്തിലേയ്ക്ക് വീണു ചിതറുന്ന അതിസൂക്ഷ്മമായ ജലകണികകൾ മൂടൽമഞ്ഞുപോലെ, പുകപോലെ അന്തരീക്ഷത്തിൽ പടർന്നുനിൽക്കുന്ന കാഴ്ച അവിസ്മരണീയം തന്നെ. ഈ പുകമഞ്ഞിൽ സൂര്യപ്രകാശം തട്ടുമ്പോഴുള്ള വർണ്ണാർഭമായ മഴവിൽക്കാഴ്ചയും അത്യന്തം മനോഹരം.
ഞങ്ങൾ ഈ യു.എസ്സ് യാത്ര നിശ്ചയിച്ചതു അമേരിക്കയിലെ ഏറ്റവും തണുപ്പുകുറഞ്ഞ ഒരു സമയം കണക്കാക്കിയാണ്. ജൂൺജൂലൈ മാസങ്ങളാണ് അമേരിക്കയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് സീസൺ. ആ സമയം നാട്ടിൽ മഴക്കാലവുമാണ്. ഇപ്പോൾ, ഈ ജൂൺ മാസത്തിൽ, ന്യൂയോർക്കിലെ കുറഞ്ഞ ചൂട് 19-ം കൂടിയത് 280 സെൽഷ്യസുമാണ്; ഏകദേശം കേരളത്തിലെ കാലാവസ്ഥ. എന്നാൽ, പടിഞ്ഞാറോട്ടു പോകുംതോറും അമേരിക്കയിൽ ചൂട് വർദ്ധിക്കുന്നു. ന്യൂയോർക്കിൽ നിന്ന് 4000 കിലോമീറ്റർ പടിഞ്ഞാറുള്ള ലാസ്‌വേഗാസിലെ ഇപ്പോഴത്തെ ചൂട് 40 ഡിഗ്രിക്ക് മേലെയാണ്. നവംബർ മുതൽ അമേരിക്കയിൽ വിന്റർ തുടങ്ങുന്നു. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തണുപ്പ് വളരെ കൂടുതലാണ്. ശരിക്ക് യാത്രക്ക് പറ്റിയ സമയം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള 6 മാസക്കാലമാണ്.
ഞങ്ങൾ ബഫല്ലോയിലെത്തിയപ്പോൾ പുറത്ത് ചെറിയ ചൂടുണ്ടായിരുന്നു. എന്നാൽ, നയാഗ്രയിലെ ജലപാതത്തിനരികിലെത്തിയ ഞങ്ങൾക്ക്, അന്തരീക്ഷത്തിൽ പടർന്ന നേർത്ത ജലകണങ്ങൾ സുഖകരമായ തണുപ്പിന്റെ ഒരാവരണം ഒരുക്കിത്തന്നു. പ്രകൃതിദത്തമായ ലോകാത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു, നയാഗ്ര. പതിനായിരക്കണക്കിന് ആൾക്കാർ നിത്യവും ഇവിടെ എത്തിച്ചേരുന്നു. നിരവധി സ്റ്റാർ ഹോട്ടലുകൾ ഇവിടെയുണ്ട്, ഒക്കെയും ബഹുനില മന്ദിരങ്ങൾ
ഈ ജലധോരണി എത്ര സമയം കണ്ടുനിന്നാലും മതിയാവില്ല.
ഇവിടെയും ഞങ്ങൾക്ക് ഒരു പരിപാടി ഒരുക്കിയിരുന്നു. അൽപ്പം സാഹസികവുമാണത്.' "MAID OF MIST RAID' എന്നാണ് പരിപാടിയുടെ പേര്. വലിയൊരു മോട്ടോർ ബോട്ടിൽ നമ്മെ, ഈ തടാകത്തിലൂടെ ജലപാതത്തിന് തൊട്ടരികിൽവരെ കൊണ്ടുപോയി മടങ്ങുക.
നാമിപ്പോൾ നിൽക്കുന്നത് മേൽത്തട്ടിലാണ്. തടാകനിരപ്പ് വളരെ താഴെയാണ്, ചുരുങ്ങിയത് 60-70 അടി താഴെ. ഒരു ലിഫ്റ്റിലൂടെ നമ്മെ താഴെ തടാകപ്പരപ്പിനടുത്തെത്തിക്കും. അവിടെനിന്നും ബോട്ടിൽ കയറാം. രണ്ടുനിലകളുള്ള ഈ ബോട്ടിൽ, നനയാൻ ഇഷ്ടമില്ലാത്തവർക്ക് മേലാപ്പുള്ള താഴത്തെ നിലയിലിരിക്കാം. ഓരോർത്തർക്കും നീലനിറത്തിലുള്ള ഓരോ മുഴുനീള പ്ലാസ്റ്റിക് ജാക്കറ്റ് സൗജന്യമായി നൽകപ്പെടുന്നു. തലമുതൽ മൂടിപ്പുതച്ചിടാവുന്ന ഒരാവരണം. ഇതു ധരിച്ചുവേണം ബോട്ടിലിരിക്കാൻ.
ഞങ്ങൾ തിടുക്കത്തിൽ ബോട്ടിന്റെ മുകൾത്തട്ടിലേയ്ക്ക് ഓടിക്കയറി. നനയാൻ വയ്യെന്ന് ഭാര്യ പറഞ്ഞിട്ടും ഞാനവളെ നിർബന്ധപൂർവ്വം മുകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ബോട്ട് നീങ്ങിത്തുടങ്ങി. ദൂരെ വെള്ളച്ചാട്ടം വ്യക്തമായി കാണാം. അത് തൊട്ടടുത്താണെന്നേ നമുക്ക് തോന്നൂ, എന്നാൽ വളരെ ദൂരമുണ്ടവിടേയ്ക്ക്. ബോട്ടിന്റെ എഞ്ചിൻ മുരളുന്നതിനേക്കാൾ ഉച്ചത്തിൽ വെള്ളച്ചാട്ടത്തിന്റെ മുഴങ്ങുന്ന ശബ്ദം ഉയർന്ന് കേൾക്കാം. വളരെ ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളം ശക്തിയായി ഒഴുകി, സുനാമി തിരകളെ പോലെ എതിരേ വരുന്നുണ്ട്. വളരെ പാടുപെട്ടാണ് തിരകളുടെ ഈ ശക്തിയെ അതിജീവിച്ച് ബോട്ട് മുന്നോട്ട് നീങ്ങുന്നത്. വളരെ ഉയർന്ന എഞ്ചിൻ ശക്തിയുള്ള ബോട്ട്, വെള്ളത്തിന്റെ ഒഴുക്കിനെതിരേ ഇഞ്ചിഞ്ചായി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. ഒടുവിലിതാ ജലപാതം കൈയ്യെത്തും ദൂരത്തായിക്കഴിഞ്ഞു. ആർക്കും വെള്ളച്ചാട്ടത്തിനു തൊട്ടുതാഴെ, നേരേ കീഴിൽ നിൽക്കാനാവില്ല. അരികിൽ നിൽക്കുമ്പോൾ തെന്നി വീഴുന്ന ജലകണികകൾക്ക്പോലും വലിയ ശക്തിയുണ്ട്. അവ പളുങ്കുഗോലികൾ പോലെ നമ്മുടെ മേലേയ്ക്ക് തെറിച്ചു വീഴുന്നു. സന്തോഷം കൊണ്ട് എല്ലാവരും ആർത്തുവിളിച്ചു. നല്ല സന്തോഷത്തിലാണ് എല്ലാവരും. തലവഴി മൂടിക്കെട്ടിയ നീല പ്ലാസ്റ്റിക് കുപ്പായം ധരിച്ചവർ പരസ്പരം നോക്കി, ആ ആവരണത്തിനുള്ളിലകപ്പെട്ടപ്പോഴുള്ള വൈചിത്ര്യം കണ്ടുരസിച്ചു. നിർഭാഗ്യം, ആർക്കും ഇത്രയരികിൽ നിന്ന് ജലപാതത്തിന്റെ ഭംഗി ക്യാമറയിൽ പകർത്താൻ കഴിയുന്നില്ല. ക്യാമറകളും വീഡിയോകളുമൊക്കെ മഴക്കോട്ടിനടിയിൽ ഒതുക്കേണ്ടിവന്നു.
പുറത്ത് വെയിൽനാളങ്ങൾ നൃത്തം വയ്ക്കുമ്പോഴും, ഞങ്ങൾക്ക് കുളിരേകിക്കൊണ്ട് ജലപാതത്തെ തഴുകിവരുന്ന കാറ്റ്, സുഖകരമായ ആശ്വാസം പകർന്നുതന്നുകൊണ്ടേയിരുന്നു.
ജീവിതത്തിൽ എനിക്കൊരിക്കലും മറക്കാനാവാത്ത ഒരനുഭവമായിരുന്നു ഈ ബോട്ട്‌യാത്ര. തിരകളുടെ ശക്തിയെ അതിജീവിച്ച് ദീർഘശ്വാസം വലിച്ച്, മുരണ്ട് മുരണ്ട് ഞങ്ങളുടെ ബോട്ട് ജലപാതത്തെ തൊട്ടുതൊട്ടില്ല എന്ന നിലവരെയെത്തിയപ്പോൾ, ഭാര്യ എന്റെ കൈയ്യിൽ അമർത്തിപ്പിടിച്ചുനിന്നു.
ഈ ജലസവാരികഴിഞ്ഞു മടങ്ങിയെത്താൻ ഏകദേശം രണ്ടുമണിക്കൂറെടുത്തു. തിരികെ കടവിലെത്തിയപ്പോൾ, ആകാംക്ഷാപൂർവ്വം ബോട്ടിൽ കയറാൻ കാത്തുനിൽക്കുന്ന അടുത്ത ടീം വലിയൊരു ജനക്കൂട്ടം പോലെ ചിതറിനിൽക്കുന്നുണ്ടായിരുന്നു.
സമയമില്ല, മാത്രമല്ല ഒരു ഗ്രൂപ്പിന്റെ ഭാഗമായല്ലേ ഞങ്ങൾ എത്തിയിരിക്കുന്നതും, അല്ലെങ്കിൽ ഒരിക്കൽകൂടി ഈ ജലസവാരിക്ക് പോകാൻ ഞാൻ ഒരുങ്ങിയേനെ.
നനഞ്ഞ വസ്ത്രങ്ങളോടെ ഞങ്ങൾ ഹോട്ടലിലേയ്ക്ക് മടങ്ങി. "HOTEL HOLIDAY INN' ലായിരുന്നു താമസം. ഇനി സന്ധ്യവരെ വിശ്രമം. ഞങ്ങളുടെ ഹോട്ടൽ, വെള്ളച്ചാട്ടത്തിനു വിളിപ്പാടകലെയാണ്, വേണമെങ്കിൽ വീണ്ടും അവിടെപ്പോകേണ്ടവർക്ക് സ്വന്തമായി പോയി വരാമെന്ന് ആഷിക് നിർദ്ദേശിച്ചു. എന്നാൽ, സന്ധ്യയ്ക്ക് 8 മണിക്ക് (എട്ടര മണിക്കാണ് അമേരിക്കയിൽ സൂര്യാസ്തമനം) എല്ലാവരും തയ്യാറായി നിൽക്കണം, വെള്ളച്ചാട്ടം രാത്രിസമയത്ത് കാണാൻ പോകാൻ.
ഭാഗ്യത്തിന്, അന്ന് ഞായറാഴ്ചയായിരുന്നു. എല്ലാ ഞായറാഴ്ചകളിലും രാത്രി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരു വാട്ടർ ഫൗണ്ടനും, ലേയ്സർ ദീപക്കാഴ്ചയും, വെളിച്ചത്തിന്റെ വർണ്ണലോകം വിരിയിച്ചുകൊണ്ട് ഒരു കരിമരുന്ന് പ്രയോഗവുമുണ്ട്. അതു കാണേണ്ട കാഴ്ചതന്നെയാണത്രേ. തണുപ്പുണ്ടാവും, സ്വെറ്ററും കരുതണം, ആഷിക് സൊാചന തന്നു.
8.5 മണിയോടെ, സന്ദർശകർക്ക് വെള്ളച്ചാട്ടവും ദീപക്കാഴ്ചയും വ്യക്തമായി കാണാൻ പാകത്തിൽ കെട്ടിയൊരുക്കിയിരുന്ന വിശാലമായ ഒരു ബേസിനരികെ ഞങ്ങളെത്തി. ഒരു വലിയ ജനക്കൂട്ടം ഇതിനകം അവിടെ തമ്പടിച്ചിരുന്നു. പലരും വീഡിയോ ക്യാമറകൾ സ്റ്റാന്റുകളിലുറപ്പിച്ച്, ലേയ്സർ ദീപക്കാഴ്ചയും വിവിധ വർണ്ണങ്ങളുടെ നിഴലിൽ പ്രവർത്തിക്കുന്ന ജലഫൗണ്ടനും, അതുകഴിഞ്ഞ് കൃത്യം 9 മണിക്കുള്ള കരിമരുന്ന് പ്രയോഗവും ചിത്രീകരിക്കാൻ കാത്തുനിൽക്കുന്നു.
മനോഹരമായ ഒരു കാഴ്ച തന്നെയായിരുന്നു ജലധാരകളുടേത്. വിവിധ വർണ്ണവെളിച്ചങ്ങളുടെ പശ്ചാത്തലത്തിൽ വളഞ്ഞും പുളഞ്ഞും നൃത്തം വയ്ക്കുന്ന ജലധാരകൾ.
എല്ലാവരും വീർപ്പടക്കി കാത്തിരുന്നത് 9 മണിയാവാനാണ്. കൃത്യസമത്ത്തന്നെ കരിമരുന്ന് പ്രയോഗം ആരംഭിച്ചു.
ഹാ! എന്തുഭംഗിയാണ് ആ ദീപക്കാഴ്ചയ്ക്ക്. എന്തെന്തു നിറങ്ങളിലാണ് അഗ്നിസ്ഫുലിംഗങ്ങൾ ഇരുൾമൂടിയ അന്തരീക്ഷത്തിൽ ചിന്നിച്ചിതറുന്നത്. വെളിച്ചത്തിന്റെ ഒരു മാസ്മര ലോകം. ഒരു ഭൂഗോളത്തിന്റെ വലിപ്പത്തിൽ കുടവിടർത്തി താഴേയ്ക്ക് പതിക്കുന്ന പ്രകാശക്കുമിളകൾ.
തൃശ്ശൂർ പൂരത്തിനാണല്ലോ നമ്മുടെ നാട്ടിൽ ഏറ്റവും വലിയ വെടിക്കെട്ടും കരിമരുന്ന് പ്രയോഗവും. അതും മണിക്കൂറുകൾ തന്നെ നീളുന്ന കരിമരുന്ന് പ്രയോഗം. എന്നാലിവിടെയോ, കേവലം അരമണിക്കൂർകൊണ്ട് ലോകത്തുള്ള മറ്റെല്ലാ കരിമരുന്ന് പ്രയോഗങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് വർണ്ണരാജികളുടെ അത്ഭുതകരമായ ഒരരങ്ങേറ്റം. ചില രംഗങ്ങൾ മാത്രം ഞാൻ ക്യാമറയിൽ പകർത്തി.
9.30- ന് ഈ പരിപാടിക്ക് തിരശ്ശീലവീണപ്പോൾ മനസ്സിലുണ്ടായ നഷ്ടബോധത്തിന്റെ ആഴം അളക്കാനാവില്ല.
നല്ല തണുപ്പുണ്ടായിരുന്നു, സ്വെറ്ററെടുത്തത് നന്നായി; ഹോട്ടലിലേയ്ക്ക് മടങ്ങി.
phone: 9895180442