Followers

Sunday, November 1, 2009

















a q mahdi


ezhuth/dec.2009









സഞ്ചാര രേഖകൾ

അമേരിക്കൻ ഐക്യനാടുകളിലൂടെ

1. ന്യൂയോർക്ക്‌

ലോകത്തെ ഏറ്റവും വലിയ രാജ്യമേതാണ്‌. വലുത്‌ എന്നതിന്റെ വിവക്ഷ, ഭൂമിശാസ്ത്രപരമായ അതിന്റെ വിസ്തൃതി മാത്രമല്ല, ആധുനിക ശാസ്ത്രസാങ്കേതികപ്പെരുമ- സാമ്പത്തികത- ആയുധ ശക്തി- സൈനികബലം- അംഗീകാരം- ഇവയൊക്കെയും ഒത്തിണങ്ങിയരാജ്യം ഏതാണ്‌............?
ഉത്തരം ലളിതം. അമേരിക്ക എന്നറിയപ്പെടുന്ന 'യുണൈറ്റഡ്‌ സ്റ്റേറ്റ്സ്‌' ആണത്‌; അതെ അമേരിക്കൻ ഐക്യനാടുകൾ .
അത്ര സുദീർഘമായ ദേശീയപാരമ്പര്യത്തിന്റെ പൗരാണികതയൊന്നും അവകാശപ്പെടാൻ ചരിത്രത്തിൽ ഇടമില്ലാതിരുന്നിട്ടും, അവർ ഇന്ന്‌ ലോകത്തെ ഏറ്റവും വലിയ ആധുനിക ശക്തിയാണ്‌, എല്ലാ മേഖലകളിലേയും ജേതാക്കളാണ്‌, ശാസ്ത്രനായകന്മാരാണ്‌, അതീവ സമ്പന്നരുമാണ്‌, എന്തിന്‌, എല്ലാമെല്ലാമാണ്‌, അതാകട്ടെ, ഒരു ജനതയുടെ ആത്മവിശ്വാസത്തിന്റേയും അർപ്പണബോധത്തിന്റേയും നിശ്ചയദാർഢ്യത്തിന്റെയും ഫലമായുണ്ടായ നേട്ടങ്ങളാണ്‌.
ലോകഭൂപടത്തിൽ അമേരിക്ക സ്ഥാനം പിടിച്ചിട്ട്‌ കേവലം 500 വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അതുവരെ യൂറോപ്പിന്‌ പടിഞ്ഞാറുള്ള ഈ ഭൂപ്രദേശം ലോകത്തിന്‌ തീർത്തും അപരിചിതമായിരുന്നു. ഈ അജ്ഞാതദേശത്തെ അമേരിക്ക എന്നു നാമകരണം ചെയ്തു ലോകഭൂപടം തയ്യാറാക്കപ്പെട്ടതുപോലും 1507-ൽ മാത്രമായിരുന്നു.
ഇതിനകം നിരവധി ലോകരാജ്യങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യം ഉണ്ടായെങ്കിലും, ഒരിക്കലും നടക്കാതെപോയ ഒരു മോഹം എന്റെയുള്ളിൽ ബാക്കിനിൽക്കുന്നുണ്ടായിരുന്നു; ഒരു അമേരിക്കൻ സന്ദർശനം. മനസ്സിൽ ആ ആഗ്രഹം പേറിനടക്കാൻ തുടങ്ങിയിട്ട്‌ വർഷങ്ങൾ പലതായി. പ്രധാന തടസ്സം യാത്രാനുമതി ലഭിക്കുമോ എന്ന ആശങ്ക തന്നെ, അതായത്‌ വിസ ലഭിക്കൽ.
മറ്റേതൊരു രാജ്യത്തെയും ഒരു സാധാരണ പൗരന്‌ ലാഘവപൂർവ്വം കയറിപ്പറ്റാൻ കഴിയാത്തവിധം വ്യത്യസ്ഥവും ദുരൂഹവുമായ ഒരു വ്യക്തിത്വം അമേരിക്ക അവകാശപ്പെടുന്നു. സമീപകാലത്താണ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി ശ്രീ. നരേന്ദ്ര മോഡിക്കുപോലും ഇൻഡ്യപോലൊരു വൻരാഷ്ട്രത്തിലെ ഭരണനേതൃത്വം അപേക്ഷിച്ചിട്ടും അവർ സന്ദർശനവിസ അനുവദിക്കാതിരുന്നത്‌. മാത്രമല്ല, മുമ്പ്‌ മോഡിക്ക്‌ നൽകിയിരുന്ന ഒരു ടൂറിസ്റ്റ്‌ വിസ പോലും റദ്ദാക്കിക്കളഞ്ഞു അവർ.
ഇതൊക്കെയാണ്‌ സാഹചര്യമെങ്കിലും ഞാൻ വിസയ്ക്ക്‌ വേണ്ടിയുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു.
ഇത്ര വലിയൊരു ശക്തിയായിരുന്നിട്ടും മുസ്ലിം തീവ്രവാദികളെ അമേരിക്ക വല്ലാതെ ഭയപ്പെടുന്നു. തീവ്രവാദി സംഘടനകളെ ഭയാശങ്കയോടെ മാത്രം വീക്ഷിക്കയും ചെയ്യുന്നു അവർ. ഇറാക്കിലേയും ഇറാനിലേയും പല തീവ്രവാദി നേതാക്കളുടെ പേരിനോടും സാമ്യമുള്ളതാണ്‌ എന്റെ പേര്‌. അറബ്ദേശീയവാദികൾ അതിരഹസ്യമായി രൂപം കൊടുത്ത ഒരു കൊടുംഭീകരസംഘടനയുടെ പേരിനോടും എന്റെ പേരിന്‌ സദൃശമുണ്ട്‌. അങ്ങനെയുള്ള എനിക്ക്‌ സ്വന്തം രാജ്യത്തേയ്ക്ക്‌ അമേരിക്ക എങ്ങനെ വിസ നൽകും എന്ന ആശങ്ക നാട്ടിലെ പല സ്നേഹിതന്മാരും പ്രകടിപ്പിച്ചിരുന്നു. 'അൽ മഹ്ദി സേന' (Al Mahdi Army)എന്ന രഹസ്യ തീവ്രവാദി സൈന്യം ഇറാക്കിൽ തമ്പടിച്ചിരിക്കുന്ന യു.എസ്സ്‌. സേനാംഗങ്ങൾക്ക്‌ ഏൽപ്പിക്കുന്ന കനത്ത ഭീഷണിയെപ്പറ്റി ഭയാശങ്ക നിറഞ്ഞ ബോധം പുലർത്തുന്ന അമേരിക്കക്കാർ, ആ പേരുകാരനായ എനിക്ക്‌ തങ്ങളുടെ നാട്ടിലേയ്ക്കുള്ള വിസ തരാൻ മടിക്കില്ലേ?
ഒരു പേരിൽ എന്തർത്ഥമിരിക്കുന്നു, അല്ലേ?
അപേക്ഷ സമർപ്പിച്ച ശേഷം ചെന്നൈയിലെ അമേരിക്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷൻ ഓഫീസിൽ എത്തി, അവിടത്തെ വിശാലമായ ഇ.സി ഹാളിൽ നിരനിരയായി സഥാപിച്ചിരുന്ന കൗണ്ടറുകളിലൊന്നിനുമുമ്പിൽ ഞാനും ഭാര്യയും ക്യൂ നിന്നു. ഓരോ കൗണ്ടറിനു മുന്നിലും വിസ യ്ക്കുള്ള അപേക്ഷകരുടെ നീണ്ട നിര. അമേരിക്കൻ സന്ദർശനം ആഗ്രഹിക്കുന്നവരെ ഇന്റർവ്യൂ ചെയ്ത്‌ അന്തിമതീരുമാനമെടുക്കാൻ ബുള്ളറ്റ്പ്രോ‍ൂഫ്‌ ഗ്ലാസ്സ്കൂടിനുള്ളിൽ ഗൗരവത്തോടെ ഇരിക്കുന്ന വിസ ഓഫീസർമാർ. നാലാമത്തെ കൗണ്ടറിലെ ഓഫീസർക്കു മുമ്പിൽ ഞാനും ഹാജരാക്കപ്പെട്ടു; തൊട്ടുപിന്നിൽ ഭാര്യയുമുണ്ട്‌.
വിസ ഓഫീസർ ണല്ലോരു ചെറുപ്പക്കാരൻ. സുമുഖനാണ്‌. ചുവന്നുതുടുത്ത നിറമുള്ള ആ 'സായ്പ്പ്‌ പയ്യന്റെ' മുഖത്ത്‌ ഒരു നേർത്ത പുഞ്ചിരി പടർന്നിരുന്നു. ഗൗരവലേശമില്ലാതെ അയാളെന്നെ വിഷ്‌ ചെയ്തു. "ഹലോ.........!"
ചെറിയൊരു പുഞ്ചിരിയോടെ ഞാൻ പ്രത്യഭിവാദനം ചെയ്തപ്പോൾ ആ മുഖം അൽപ്പം കൂടി പ്രസന്നമായോ. ചാരനിറമുള്ള അയാളുടെ കണ്ണുകളിൽ അജ്ഞാതമായ ഒരു സൗഹൃദഭാവത്തിന്റെ നേർത്ത തിളക്കമുണ്ടായിരുന്നതുപോലെ തോന്നി.
അമേരിക്കയിലുള്ള തന്റെ മകളെയും, അവിടെ ജനിച്ച പേരക്കിടാവിനെയും കാണാനായി രണ്ടുപ്രാവശ്യം വിസയ്ക്ക്‌ അപേക്ഷിച്ച്‌, ഇന്റർവ്യൂവിൽ പങ്കെടുത്ത്​‍്‌, രണ്ടുതവണയും യാത്രാനുമതി നിഷേധിക്കപ്പെട്ട എന്റെ അയൽക്കാരൻ സ്നേഹിതൻ, ഞാൻ ചെന്നൈയ്ക്ക്‌ പോകുംമുമ്പ്‌ പറഞ്ഞത്‌ ഇതാണ്‌.
"ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക്‌ അമേരിക്കൻ വിസ കിട്ടൂ. ഇന്റർവ്യൂവിൽ എന്തു ചോദ്യമാണ്‌ സായ്പ്പിൽ നിന്നുണ്ടാവുക എന്നതിനു ഒരു നിശ്ചയവുമില്ല, എന്തും ചോദിക്കാം, നിങ്ങളുടെ സത്യസന്ധവും നിർദ്ദോഷകരവുമായ മറുപടി, അതെന്തായാൽ തന്നെയും ആ ഓഫീസർ അത്‌ എങ്ങിനെ സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും വിസ അനുവദിക്കൽ. ഞാനും ഭാര്യയും രണ്ടുപ്രാവശ്യം ആ ക്യൂവിൽ നിന്നതാണ്‌, ചോദ്യങ്ങൾക്കൊക്കെ തൃപ്തികരമായ മറുപടി കൊടുത്തതുമാണ്‌, എന്നിട്ടും ഞങ്ങൾക്കവർ വിസ അനുവദിച്ചില്ല, കാരണമൊന്നും പറഞ്ഞുമില്ല. ഒന്നുമൊന്നും പ്രവചിക്കാൻ വയ്യ......... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, പോയി വരൂ.........."
ഞാൻ സമർപ്പിച്ച രേഖകളൊക്കെ അതിസൂക്ഷ്മം പരിശോധിച്ചു ആ ചെറുപ്പക്കാരൻ ഓഫീസർ. റെക്കോർഡുകൾ മറിച്ചുനോക്കുന്ന സമയത്തുമാത്രം അയാളുടെ മുഖത്ത്‌ നേരിയ ഗൗരവഭാവം നിലനിന്നു.
എത്ര ശ്രദ്ധയോടെ ഏറെ ബുദ്ധിമുട്ടിയാണ്‌ വേണ്ട രേഖകൾ തയ്യാറാക്കിക്കൊണ്ടുപോയത്‌. കഴിഞ്ഞ മൂന്നു വർഷത്തെ ആദായനികുതി രേഖകൾ, ബാങ്ക്‌ അക്കൗണ്ടിന്റെ പൂർണ്ണവിവരങ്ങൾ, ദുബായിൽ ജോലിനോക്കുന്ന മകന്റെ നിയമന ഉത്തരവും ശമ്പളക്കടലാസ്സും വരെ, ഹാജരാക്കിയിരുന്നു. സമർപ്പിച്ച രേഖകളൊക്കെ തൃപ്തികരമായി അയാൾക്ക്‌ തോന്നിയെന്ന്‌ ആ മുഖഭാവം വ്യക്തമാക്കി. പഴയതും പുതിയതുമായി മൂന്നു പാസ്പോർട്ടുകൾ വീതമാണ്‌ ഞങ്ങൾക്കുണ്ടായിരുന്നത്‌. പരസ്പരം പിൻചെയ്ത്‌ ഒട്ടിച്ചുവച്ചിരുന്ന ഞങ്ങൾ രണ്ടുപേരുടെയും ആ മൂന്നു പാസ്പോർട്ടുകളിലേയും വിവിധ രാജ്യങ്ങളിലെ വിസകൾ സ്റ്റാമ്പു ചെയ്ത പേജുകൾ മുഴുവൻ അയാൾ മറിച്ചു നോക്കി, ആത്മഗതമെന്നോണം, മറുപടി ആവശ്യമില്ലെന്ന മട്ടിൽ ചോദിച്ചു,
" OH You have Already Visited A Lot of Countries..........?"
' നിങ്ങൾ നിരവധി രാജ്യങ്ങൾ സന്ദർശിച്ചിരിക്കുന്നുവല്ലോ.'
അത്‌, വിസ ലഭിക്കുന്നതിന്‌ അനുകൂലമായ ഒരു പ്രതികരണമായി തോന്നി.
വീണ്ടും പല വിഷയങ്ങളും അയാൾ അന്വേഷിച്ചു, പല ചോദ്യങ്ങളും ചോദിച്ചു, ഒടുവിലാണ്‌ ആദ്യമായി അയാൾ ചോദിക്കേണ്ടിയിരുന്ന ഒരു ചോദ്യം വന്നത്‌.
" Why should you go to USA.....?"
'നിങ്ങളെന്തിന്‌ അമേരിക്കയിൽ പോകുന്നു..........?'
മറുപടിക്കായി ഒരു നിമിഷംപോലും ആലോചിക്കേണ്ടി വന്നില്ല എനിക്ക്‌,
" It is one of my dreams to visit your great country......."
അതുകേട്ട്‌ മെല്ലെ തലയുയർത്തി എന്റെ മുഖത്തേയ്ക്കയാൾ നോക്കി. എന്റെ മറുപടി അയാൾക്കിഷ്ടപ്പെട്ടുവേന്ന്‌ വ്യക്തം.
'നിങ്ങളുടെ മഹത്തായ രാജ്യം സന്ദർശിക്കണമെന്നത്‌ എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്ന്‌' എന്നാണ്‌ ഞാനയാളോടു പറഞ്ഞിരിക്കുന്നത്‌. എല്ലാ അർത്ഥത്തിലും അതൊരു യാഥാർത്ഥ്യവുമാണ്‌; അമേരിക്കൻ സന്ദർശനം എന്റെ ഏറ്റവും വലിയ അഭിലാഷങ്ങളിലൊന്നായിരുന്നു.
അതീവ സംതൃപ്തഭാവത്തിൽ അയാൾ മുഖം ചലിപ്പിച്ചു. സ്വന്തം രാജ്യത്തെപ്പറ്റിയുള്ള അഭിമാനബോധം തീർച്ചയായും അയാളുടെ മനസ്സിൽ നേർത്ത ഒരു ചലനം സൃഷ്ടിച്ചിരിക്കണം. മുഖവുരയൊന്നും കൂടാതെ തന്നെ അയാൾ പറഞ്ഞു, അൽപ്പം ശബ്ദം ഉയർത്തിത്തന്നെ.
" Your Application for visa is granted............."
' നിങ്ങളുടെ അപേക്ഷ സ്വീകരിച്ച്‌ വിസ അനുവദിച്ചിരിക്കുന്നു'. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ആ വിസ ഓഫീസറുടെ മുഖത്തേയ്ക്ക്‌ ഒരിക്കൽകൂടി ഞാൻ നോക്കി; അയാളുടെ വെള്ളാരംകണ്ണുകളിൽ സന്തോഷത്തിന്റെ തിരയിളക്കം ഞാനപ്പോൾ കണ്ടു. 'എന്താ തൃപ്തിയായോ' എന്ന മട്ടിൽ അയാൾ ഞങ്ങളെ നോക്കി പുഞ്ചിരിക്കുകയും ചെയ്തു.
പരിശോധനയ്ക്ക്‌ സമർപ്പിച്ച റെക്കോർഡ്കളൊക്കെ മടക്കിത്തന്നു അയാൾ. ഞാൻ നന്ദി പറഞ്ഞു പിൻവാങ്ങി.
ഇന്റർവ്യൂവിനിടയിൽ എന്റെ ജാതിയും മതവും അയാൾ ചോദിച്ചില്ല. വിസയ്ക്കുള്ള അപേക്ഷാഫോമിലും ഉണ്ടായിരുന്നില്ല ആ ചോദ്യം. എന്തിന്‌, എന്റെ പാസ്പോർട്ടിലും എന്റേതെന്നല്ല നമ്മുടെയൊന്നും പാസ്പോർട്ടുകളിൽ ഏതു മതവിശ്വാസിയാണെന്നതു സൂചിപ്പിക്കുന്ന കോളം ഉണ്ടാവില്ല. വേണമെങ്കിൽ അപേക്ഷകന്റെ പേരിൽനിന്ന്‌ അത്‌ ഊഹിക്കാമെന്ന്‌ മാത്രം. വർത്തമാനകാലത്ത്‌ അത്‌ അത്ര പ്രായോഗികവുമല്ല, അന്യമതസ്ഥരുടെ പേരുകൾ ഇടുക ഇപ്പോൾ സർവ്വസാധാരണമാണുതാനും.
ചെന്നൈയിൽ നിന്നും തിരികെ നാട്ടിലെത്തിയ എനിക്ക്‌, രണ്ടാഴ്ചയ്ക്ക്‌ ശേഷം, രജിസ്റ്റേർഡ്‌ തപാലിൽ വിസ അടിച്ച ഞങ്ങളുടെ പാസ്പോർട്ടുകൾ കിട്ടുകയുണ്ടായി. ഭാഗ്യം, പത്തുവർഷത്തേയ്ക്കുള്ള 'മൾട്ടിപ്പ്ല് എൻട്രി വിസ' ആണ്‌ എനിക്കും ഭാര്യയ്ക്കും സ്റ്റാമ്പ്‌ ചെയ്ത്‌ തന്നിരിക്കുന്നത്‌. ജീവിച്ചിരിക്കുവാൻ ഭാഗ്യമുണ്ടായാൽ അടുത്ത പത്ത്‌ വർഷത്തിനിടെ, എത്രപ്രാവശ്യം വേണമെങ്കിലും ഞങ്ങൾക്ക്‌ അമേരിക്കയിൽ പോയിവരാം.
ജൂൺ 12ന്‌, കൊച്ചിയിൽ നിന്ന്‌ ഞങ്ങൾ എയർ ഇൻഡ്യ വഴി മുംബെയിലെത്തി. ഒരു പാക്കേജ്‌ ടൂറിന്റെ ഭാഗമായിട്ടാണ്‌ ഞങ്ങൾ ഇവിടെ എത്തിയത്‌. ഞങ്ങൾ നടത്തിയിട്ടുള്ള ലോകയാത്രകളൊക്കെ പാക്കേജ്‌ ടൂറുകളിലൂടെയായിരുന്നു.
ഈ ഗ്രൂപ്പിൽ ഒട്ടാകെ 40 പേരുണ്ടായിരുന്നു, ഇരുപത്‌ ഫാമിലികൾ. ഏറെയും മദ്ധ്യവയസ്കർ. ജീവിതസായാഹ്നത്തിൽ കുടുംബഭാരങ്ങളൊക്കെ ഒരുവിധം ഇറക്കിവച്ച്‌, രാജ്യങ്ങൾ ചുറ്റാൻ ഇറങ്ങിത്തിരിച്ചവർ. വിവാഹത്തിന്റെ 50-​‍ാം വർഷം പൂർത്തിയാക്കിയ ദമ്പതികളും കൂട്ടത്തിലുണ്ടായിരുന്നു. ഈ പാക്കേജ്ടൂറിൽ എല്ലാ ചെലവുകളും ഉൾപ്പെടെയുള്ള ഒരു തുക, ടൂർകമ്പനിയിൽ മുൻകൂർ അടച്ചിട്ടാണ്‌ പങ്കെടുക്കുന്നത്‌. വിമാനക്കൂലി, ഹോട്ടൽ വാടക, ഭക്ഷണം, വിവിധസ്ഥലങ്ങളിലെ കാഴ്ചകൾ കാണിക്കൽ തുടങ്ങി എല്ലാം ഉൾപ്പെടുന്നു. ഒപ്പം ഇൻഡ്യാക്കാരനായ ഒരു ടൂർമാനേജരും അനുഗമിക്കുന്നുണ്ട്‌. ഇടയ്ക്കിടെ അമേരിക്കയിൽ നിന്നുള്ള ടൂർഗൈഡുകളുടെ സേവനവും ഉണ്ടാവും.
ബോംബെനിവാസിയായ മി.ആഷിക്‌ ത്രിവേദി എന്ന ചെറുപ്പക്കാരനായിരുന്നു ടൂർ മാനേജർ. വളരെ കഴിവുള്ള ഒരു യുവാവ്‌.
ബോംബെയിൽ നിന്നും പുറപ്പെട്ട വിമാനം പാരീസിലിറങ്ങി, ഇന്ധനം നിറയ്ക്കുകയും വിമാന ജോലിക്കാരെ മാറ്റുകയും ചെയ്തു.
ന്യൂയോർക്കിലെത്തിയപ്പോൾ അവിടത്തെ സമയം വൈകിട്ട്‌ 8 മണി. മുംബെയിൽ നിന്നു പുറപ്പെട്ടത്‌ ഇൻഡ്യൻ സമയം രാവിലെ 6.30 നാണ്‌. ഞങ്ങളുടെ വാച്ചിലെ സമയപ്രകാരം 20 മണിക്കൂർ പറക്കുകയും ചെയ്തിരുന്നു. എന്നാൽ അമേരിക്കൻ സമയപ്രകാരം 10.30 മണിക്കൂർ സഞ്ചരിച്ചതായേ തോന്നിയുള്ളൂ. രാജ്യങ്ങൾ തമ്മിലുള്ള സമയവ്യത്യാസമാണിത്‌. വളരെ വിസ്തൃതമായ ഒരു രാജ്യമാണ്‌ യു.എസ്സ്‌.എ. അമേരിക്കയുടെ കിഴക്കേ അറ്റത്താണ്‌ ന്യൂയോർക്ക്‌. ന്യൂയോർക്കും ഇൻഡ്യയുമായി തണുപ്പുകാലത്ത്‌ (വിന്റർ) 10.30 മണിക്കൂർ സമയവ്യത്യാസമുണ്ട്‌; നമ്മെക്കാൾ 10.30 മണിക്കൂർ പിന്നിൽ. ചൂടുകാലത്ത്‌ (സമ്മർ) ഈ സമയവ്യത്യാസം 9.30 മണിക്കൂർ ആയി ചുരുങ്ങും. എന്നാൽ അമേരിക്കയുടെ പടിഞ്ഞാറേ അറ്റമായ സാൻഫ്രാൻസിസ്കോയും ന്യൂയോർക്കും തമ്മിൽ പോലും ഉണ്ട്‌ മൂന്ന്‌ മണിക്കൂർ വ്യത്യാസം.
ഞങ്ങളുടെ യാത്ര സമ്മറിലായിരുന്നു, അമേരിക്കയിലെ ചൂടുകാലത്ത്‌. ന്യൂയോർക്കിലെത്തിയപ്പോൾ വാച്ചിലെ സമയസൂചി 9.30 മണിക്കൂർ പിന്നിലേയ്ക്ക്‌ തിരിച്ചു വച്ചു. സാൻഫ്രാൻസിസ്കോയിലെത്തുമ്പോൾ വീണ്ടും മൂന്നുമണിക്കൂർ കൂടി പിന്നിലേയ്ക്ക്‌ വയ്ക്കേണ്ടിവരും. ഇൻഡ്യയുമായുള്ള സമയവ്യത്യാസം അപ്പോൾ ആകെ 12.30മണിക്കൂറായിത്തീരുന്നു. അങ്ങിനെയാണ്‌ ഇൻഡ്യയിലെ പകൽ അമേരിക്കയിൽ രാത്രികാലമാവുന്നത്‌.
ന്യൂയോർക്ക്‌ സംസ്ഥാനത്തിന്റെ തെക്കുകിഴക്കായി ഹഡ്സൺ നദിക്കരയിലുള്ള, അമേരിക്കയിലെ ഏറ്റവും വലിയ നഗരവും തുറമുഖവുമാണ്‌ ന്യൂയോർക്ക്‌. ഒരുപക്ഷേ ലോകത്തെ ഏറ്റവും വലിയ സിറ്റിയും ഇതാവും.
ന്യൂയോർക്ക്‌ സംസ്ഥാനത്തിന്‌ ബ്രോൺക്സ്‌, ബ്രൂക്ക്ലിൻ, മാൻഹാട്ടൻ, ക്വീൻസ്‌, സ്റ്റേറ്റ്‌ ഐലന്റ്‌ എന്നീ 5 പ്രവിശ്യകളുണ്ട്‌. മാൻഹാട്ടൻ ദ്വീപിലെ ഒരു ഡച്ച്‌ വാണിജ്യത്താവളമായിരുന്നു ഒരിക്കൽ ഈപട്ടണം. 1626-ൽ ഡച്ച്‌ ജനറൽ പീറ്റർ മിന്യവറ്റ്‌ ഈ പ്രദേശം വാങ്ങി, ന്യൂ ആംസ്റ്റർഡാം എന്നപേരിൽ ഡച്ച്‌ കോളനിയാക്കി മാറ്റി. 1664-ൽ ഈ കോളനി ഇംഗ്ലീഷ്കാർ കീഴടക്കുകയും, ന്യൂയോർക്ക്‌ എന്ന പേരിടുകയും ചെയ്തു. 1784 മുതൽ 1797 വരെ ഇത്‌ സംസ്ഥാനതലസ്ഥാനവും, 1789-90-ൽ രാഷ്ട്രത്തിന്റെ തലസ്ഥാനവുമായിത്തീർന്നു. ദീർഘകാലം ഈ നഗരം യു.എസ്സ്‌.കുടിയേറ്റക്കാരുടെ ഒരു പ്രധാനആകർഷണസ്ഥലമായിരുന്നു. ലോകവാണിജ്യം, സാമ്പത്തികം, മാധ്യമം, കല, വിനോദം, ഫാഷൻ തുടങ്ങിയവയുടെ കേന്ദ്രമാണിന്നിത്‌. നഗരം അതിന്റെ പ്രാധാന്യം കൊണ്ടും ലോകവാണിജ്യരംഗത്തെ സുപ്രധാനസ്ഥാനം കൊണ്ടും തീവ്രവാദപ്രവർത്തനങ്ങളുടെ ലക്ഷ്യമായി മാറാറുണ്ട്‌. അങ്ങിനെയാണ്‌, 2001- സെപ്റ്റംബറിൽ റാഞ്ചികൾ, തട്ടിയെടുത്ത വിമാനങ്ങൾകൊണ്ട്‌ വേൾഡ്‌ ട്രേഡ്‌ സെന്ററിന്റെ ഇരട്ടമന്ദിരങ്ങളിലേയ്ക്ക്‌ ഇടിച്ചുകയറി, മന്ദിരങ്ങളും അടുത്തുള്ള കെട്ടിടങ്ങളും നിശ്ശേഷം തകർത്തത്‌. ആയിരക്കണക്കിനാളുകൾ അന്നു കൊല്ലപ്പെടുകയും ചെയ്തു.
വളരെ വലിയ ഒരു എയർപോർട്ടാണ്‌ ന്യൂയോർക്കിലേത്‌. അന്തർദ്ദേശീയ വിമാനങ്ങൾ വരിവരിയായി വന്നുപോകുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഓരോ വിമാനവും വന്നിറങ്ങുന്നു, മറ്റു ചിലവ ഉടൻ തന്നെ പറന്നുപൊങ്ങുന്നു. ലോകത്തെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിൽ ഒന്നാണിത്‌.
നഗരഹൃദയഭാഗത്തുള്ള ഹോട്ടൽ എഡിസണിലായിരുന്നു താമസം, 22-​‍ാമത്തെ നിലയിൽ. അതിനുമുകളിൽ എത്രനിലകളുണ്ടെന്ന്‌ എണ്ണിനോക്കാൻ പറ്റിയില്ല. ലിഫ്റ്റ്‌ ർറൂമിൽ കയറിയപ്പോൾ സ്വിച്ച്‌ പാനലിൽ കണ്ടു, ഇനിയും 23 നിലകൾ കൂടി ബാക്കിയുണ്ടെന്ന്‌.
ഒരു രാത്രി കടന്നുപോയി. സുഖമായി ഉറങ്ങി. ഇന്നാണ്‌ നഗരം ചുറ്റൽ, ഒരു എയർകണ്ടീഷൻഡ്‌ കോച്ച്‌ തയ്യാറായി കിടപ്പുണ്ട്‌. ബ്രേക്ക്ഫാസ്റ്റിനുശേഷം ഞങ്ങൾ പുറപ്പെട്ടു.
ന്യൂയോർക്ക്‌. ഇത്രയധികം ബഹുനിലമന്ദിരങ്ങൾ ലോകത്ത്‌ മറ്റൊരിടത്തും ഉണ്ടാവില്ല എന്നു തോന്നുന്നു. 5th അവന്യൂ, റോക്ക്ഫെല്ലർ ഫൗണ്ടേഷൻ, പ്രസിദ്ധപ്പെട്ട വാൾസ്ട്രീറ്റ്‌ ഒക്കെ കറങ്ങി ഞങ്ങൾ എമ്പയർ സ്റ്റേറ്റ്‌ ബിൽഡിങ്ങിനടുത്തെത്തി.
ഞങ്ങൾ കടന്നുപോന്ന വാൾ സ്ട്രീറ്റിനെപ്പറ്റി ഇവിടെ അൽപ്പം വിശദീകരിക്കേണ്ടിയിരിക്കുന്നു.
ന്യൂയോർക്ക്‌ നഗരത്തിലെ, ഇരുവശവും അംബരചുംബികളായ ബഹുനിലമന്ദിരങ്ങൾ തിങ്ങിനിറഞ്ഞുനിൽക്കുന്ന ഒരു ഇടുങ്ങിയ തെരുവാണ്‌ ലോകപ്രസിദ്ധമായ വാൾ സ്ട്രീറ്റ്‌. ഈ സ്ഥലത്ത്‌ 1653-ൽ നിർമ്മിച്ച ഒരു മൺഭിത്തിയാണ്‌ ഇതിനു ഈ പേരു സമ്മാനിച്ചതു.
മാൻഹാട്ടന്റെ തെക്കേയറ്റത്താണ്‌ സ്ട്രീറ്റിന്റെ സ്ഥാനം. ബ്രോഡ്‌വേയിൽ നിന്ന്‌ ഈസ്റ്റ്‌ റിവർ വരെ നീണ്ടുകിടക്കുന്ന ഏഴു കെട്ടിടസമൂഹങ്ങളുടെ നീളമാണ്‌, ഈ തെരുവിന്റേത്‌. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനും എത്രയോ മുമ്പുതന്നെ ഇത്‌ രാഷ്ട്രത്തിന്റെ ധനകാര്യതലസ്ഥാനമായി അംഗീകരിക്കപ്പെട്ടിരുന്നു. 'ഹൈഫൈനാൻസി' ന്റെ ആഗോളപ്രതീകമായി ഇന്നും ഇതു നിലനിൽക്കുന്നു. ന്യൂയോർക്ക്‌ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌, അമേരിക്കൻ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌, ഫെഡറൽ റിസർവ്വ്വ്‌ ബാങ്ക്‌ ഓഫ്‌ ന്യൂയോർക്ക്‌, എന്നിവയുടെ ആസ്ഥാനം ഇവിടെയാണ്‌. ഇൻവെസ്റ്റ്‌ ബാങ്കുകൾ, സെക്യൂരിറ്റി ഡീലർമാർ, ഇൻഷ്വറൻസ്‌ കമ്പനികൾ, ബ്രോക്കറേജ്‌ സ്ഥാപനങ്ങൾ, എന്നിവയുടെ ലോകത്തെ ഏറ്റവും വലിയ കേന്ദ്രമാണിന്നിത്‌.
1792-ൽ ന്യൂയോർക്ക്‌ നഗരത്തിലെ ഇപ്പോഴത്തെ വാൾ സ്ട്രീറ്റിൽ 24 പേർ പങ്കെടുത്ത ഒരു അനൗപചാരിക കൂടിക്കാഴ്ചയിൽനിന്നായിരുന്നു ന്യൂയോർക്ക്‌ സ്റ്റോക്ക്‌ എക്സ്ചേഞ്ചിന്റെ തുടക്കം. അതിനുശേഷം രണ്ടു നൂറ്റാണ്ടുകാലം പിന്നിടുമ്പോൾ, ലോകത്തെ ഏറ്റവും വലിയ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ കേന്ദ്രമായി മാറി വാൾ സ്ട്രീറ്റ്‌. ഈ ധനകാര്യസ്ഥാപനങ്ങളുടെ മുഴുവൻ ചുക്കാൻ പിടിക്കുന്നതും ജൂതപ്രമാണിമാരാണ്‌. അമേരിക്കയുടെ സാമ്പത്തിക/ധനകാര്യ സ്ഥാപനങ്ങളുടെ മുഴുവൻ ബുദ്ധിസിരാകേന്ദ്രവും യഹൂദർ തന്നെ.
വാൾ സ്ട്രീറ്റിലെ ഈ ന്യൂയോർക്ക്‌ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ ബോർഡിൽ അംഗമാകുക അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു കമ്പനിക്ക്‌ ടാക്സടയ്ക്കും മുമ്പ്‌ 2.5ദശലക്ഷം ഡോളറെങ്കിലും (പതിനൊന്നു കോടി രൂപ) വരുമാനമുണ്ടെങ്കിൽ മാത്രമേ ഇതിൽ അംഗത്വം നേടാനാവൂ.


[തുടരും ]
phone :
9895180442