Followers

Sunday, August 2, 2009

വേദഗണിതം-ശ്രീകുമാരി രാമചന്ദ്രന്‍


പത്രത്തിന്‍റെ പുതിയ എഡിഷന്‍ തുടങ്ങാന്‍ പോകുന്നു. എന്നറിഞ്ഞപ്പോള്‍
അതിങ്ങനെ ഒരിടത്താവുമെന്നോര്‍ത്തില്ല. മായ പൂരം!! കേരളം തമിഴ്‌നാട്‌
അതിര്‍ത്തിയിലെ ഒരു കാട്ടുപ്രദേശം തനി കുഗ്രാമം.

" സ്ഥലത്തിനു തുച്ഛമായ വില. ഏക്കറു കണക്കിനല്ലേ
വാങ്ങികൂട്ടിയിരിക്കുന്നത്‌. ഇരട്ടി ശമ്പളം തന്നാല്‍പ്പോലും ഞങ്ങളില്ലേ"
വര്‍മ്മയും അന്‍സാരിയും അടക്കം എഡിറ്റോറിയലിലെ സീനിയേഴ്‌സ്‌ എല്ലാവരും
പിന്‍ വലിഞ്ഞു.

" ലുക്ക്‌ മിസ്റ്റര്‍ വെങ്കിടപതീ, ഇപ്പോള്‍ കിട്ടുന്ന സാലറിയുടെ അമ്പതു
ശതമാനം വരെ കൂട്ടിത്തരാന്‍ ഞങ്ങള്‍ തയ്യാറാണ്‌. ചീഫ്‌ സബ്‌ എഡിറ്ററായി
പ്രമോഷനും!" മാനേജരുടെ ക്യാബിനില്‍ വിളിച്ചു വരുത്തി റസിഡെന്‍റ്‌
എഡിറ്റര്‍ വാഗ്ദാനം ചെയ്‌തപ്പോള്‍ മനസ്സിളകി.

എണ്‍പത്തഞ്ചു കഴിഞ്ഞിട്ടും ചൊറുചൊറുക്കു കാത്തുസൂക്ഷിക്കുന്ന പാട്ടി,
ഭാര്യ ,രണ്ടു പെണ്‍മക്കള്‍..... തന്നെപ്പോലൊരു പ്രാരാബ്‌ധക്കാരന്‌ ഇതൊരു
നല്ല അവസരമായെങ്കിലൊ?! മാസം പകുതിയാകുമ്പോഴേക്ക്‌ പത്രോസിനോടും
അന്‍സാരിയോടും കടം മേടിക്കാതെ കഴിയാം. ഒന്നാം തീയതിതോറും കനമുള്ള ഒരു തുക
കയ്യിലെത്തും. സാമ്പത്തിക നില ഭദ്രമാകും. അയാള്‍ നിമിഷാര്‍ദ്ധംകൊണ്ടൊരു
കണക്കു കൂട്ടി. പുതിയ ഓഫര്‍ സ്വീകരിച്ചാല്‍ നന്നായൊന്നു നിവര്‍ന്നു
നില്‍ക്കാം.

"മായപുരം നല്ല സ്ഥലമാണ്‌. തെറ്റില്ലാത്ത കാലാവസ്ഥ. ഉയര്‍ന്നു വരുന്ന
ബിസിനസ്സ്‌ സോണ്‍. നമ്മുടെ ആപ്പീസ്‌ കൂടാതെ രണ്ടെണ്ണം
ഇപ്പോള്‍ത്തന്നെയുണ്ട്‌. ജംബോകണ്‍ഫെക്‌ഷണറിയും ലിയോണ്‍ സോഡാഫാക്‌ടറിയും.
ഇനിയും ഡെവലപ്പ്‌മെന്‍റ്‍സ്‌ വരുന്നുണ്ട്‌........." ആര്‍. ഇ.യുടെ വക
പിന്നേയും പ്രലോഭനങ്ങള്‍.

"ജംബോകണ്‍ഫെക്‌ഷണറിയുടെ കോളനിയുണ്ട്‌ വല്ലിപ്പാറയില്‍ മായപുരത്തു
നിന്ന്‌ അരമണിക്കൂറ്‍ ബസ്‌ യാത്ര. മൂന്നാലു ഗവണ്‍മെണ്റ്റു
ബസ്സുകളോടുന്നുണ്ട്‌. ആ റൂട്ടില്‍. കോളനിക്കു പുറത്തു കുറേ വീടുകളുണ്ട്‌.
വില്ലേജായതിനാല്‍ നിസ്സാര വാടകയേ ഉണ്ടാവു. ആറേഴു കിലോമീറ്റര്‍ വടക്കുമാറി
ജംബോയുടെ വക ഇംഗ്ളീഷ്‌ മീഡിയം സ്ക്കൂളും ഗവണ്‍മെണ്റ്റാശുപത്രിയും ഉണ്ട്‌.
.. ആര്‍. ഇ. നിര്‍ത്താനുള്ള ഭാവമില്ല. "

ഞങ്ങള്‍ നിര്‍ബന്ധിക്കുകയല്ല സ്വാമി ധൃതി വെക്കുകയും വേണ്ട. നല്ലതുപോലെ
ആലോചിച്ച്‌' മറുപടി പറഞ്ഞാല്‍ മതി. അതറിഞ്ഞിട്ടേ മറ്റാരേയെങ്കിലും
കണ്‍സിഡര്‍ ചെയ്യു. വേണ്ടിവന്നാല്‍ പുതിയ ഒരാളെ ..." മാനേജര്‍ നീട്ടിയ
ചൂണ്ടയില്‍ അയാളുടെ മനസ്സു കൊളുത്തി.

" അയ്യോ ആ പട്ടിക്കാട്ടിലേക്കോ? നിങ്ങള്‍ക്കെന്താ ഭ്രാന്തുണ്ടോ? വസന്ത
വേവലാതി പൂണ്ടു.

ഭ്രാന്തൊന്നുമില്ല നിനക്കറിയോ ഇവിടുത്തേക്കാള്‍ പകുതി വടാകക്കു വീടു
കിട്ടും പാലിനും പച്ചക്കറിക്കുമൊക്കെ നിസ്സാരവില. സ്ക്കൂള്‍ഫീസ്‌
വളരെക്കുറവ്‌. പിന്നെ നിണ്റ്റത്താന്‌ ചീഫ്‌ സബ്‌ എഡിറ്ററായി പ്രമോഷനും.
മൂവ്വായിരത്തിരുനൂറു രൂപ കൂടുതലും... എന്താ മോശമാണോ..?

അയാള്‍ അവളെ മുട്ടിയുരുമ്മി നിന്നു.

" കൊഞ്ചം എട്ടി നില്ലുമ്പോ. പാട്ടി പാര്‌പ്പാ..." വസന്ത നാണം കുണുങ്ങി
ഒഴിഞ്ഞു മാറി..


നമ്മുടെ പ്രാരബ്‌ധങ്ങളൊക്കെ കുറയും. മാസം തോറും കുറേശ്ശെ പണം മിച്ചം
വെക്കാം. നിന്‍റെ അപ്പാ എഴുതിത്തന്ന സ്ഥലത്ത്‌ ഒരു കൊച്ചുവീടു പണിയാം.
അയാള്‍ വസന്തയുടെ നഗ്‌നമായ വയറില്‍ ഇക്കിളിയാക്കിയത്‌ പാട്ടി
ഒളിച്ചുനിന്നു കണ്ടുരസിച്ചു.

വാളയാറില്‍ നിന്നും ഒന്നരമണിക്കൂറ്‍ ടാറിട്ട റോഡുമാര്‍ഗ്ഗം യാത്ര.
മായപുരമായി. അവിടെ നിന്നും ചെങ്കല്‍പാതയിലൂടെ അരമണിക്കൂര്‍കൂടി.
വല്ലിപ്പാറ!


കാര്‍ത്തികപ്പുല്ലും മുളങ്കാടും നിറഞ്ഞ പ്രദേശം. ഉയരം കുറഞ്ഞ
മൊട്ടക്കുന്നുകള്‍. താഴ്‌വരയില്‍ കടാലാസു കൂടുകള്‍ നിരത്തി വെച്ചതു
കണക്കെ കോണ്‍ക്രീറ്റു വീടുകള്‍. ജംബോയുടെ തൊഴിലാളി കോളനി! വിസ്‌താരമുള്ള
ചെങ്കല്‍പ്പരപ്പ്‌. കരിങ്കല്ലുകള്‍കൊണ്ട്‌ കെട്ടിമറിച്ച ചിറകിളകള്‍
മുലക്കച്ച കെട്ടിയ തമിഴത്തിപ്പെണ്ണുങ്ങള്‍ തുടിച്ചു കുളിച്ചു. അവിടവിടെ
ഗ്രാമീണരുടെ ഒറ്റപ്പെട്ട വീടുകള്‍. ടാറിടാത്ത തെരുവീഥികളില്‍ എരുമ
ച്ചാണത്തിന്‍റെ ചൂര്‌. കൌപീനം മാത്രം ധരിച്ച കന്നാലിപ്പിള്ളേര്‍
ഒച്ചവെച്ചു കളിച്ചു. ഏണ്ണക്കറുപ്പുള്ള അവരുടെ ശരീരങ്ങള്‍ക്ക്‌
കന്നുകാലികളുടെ ഗന്ധമുണ്ടായിരുന്നു.


അവസാനത്തെ സ്റ്റോപ്പില്‍ ബസിറങ്ങി. അവിടെ അയാള്‍
കാത്തുനില്‍പ്പുണ്ടായിരുന്നു. മുരുകേശന്‍.

" കണ്ടാല്‍ ഭയങ്കരനാണെന്നു തോന്നും പക്ഷേ പാവമാ പിന്നെ ഒരു കുഴപ്പം
മാത്രം ഇടക്കിടക്ക്‌ അയാള്‍ടെ ഒരു ചിരിയുണ്ട്‌ കഴുത ചെനക്കുമ്പോലെ. ഹൊ
ചെവി പൊട്ടിപ്പോവും. അതു മാത്രം സഹിക്കാന്‍ ഇത്തിരി വിഷമാ" മായപുരത്തു
നിന്നു ബസു കയറുംമുമ്പു തന്നെ ദുര്‍ഗ്ഗാദത്തന്‍ പറഞ്ഞിരുന്നു, പുതിയ
ഓഫീസിലെ പി. ആര്‍. ഒ! "

വാങ്ക സാര്‍ വീടെല്ലാം വൈറ്റ്‌ വാഷ്‌ പണ്ണി റെഡിയാ ഇരുക്ക്‌ സര്‍"
മുരുകേശന്‍ ഉറക്കെ ചിരിച്ചു. " കഴുത ചെനയ്ക്കുംപോലെ" എന്ന്‌
ദുര്‍ഗ്ഗാദത്തന്‍ പറഞ്ഞതോര്‍ത്തു.

ബാഗുകള്‍ കയ്യില്‍ വാങ്ങി അയാള്‍ പിന്നെയും ചിരിച്ചു. വസന്തയും
കുട്ടികളും വായ്‌ പൊത്തിച്ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ കണ്ണുരുട്ടി
വിലക്കി.


" മാട്ടുവണ്ടി എടുത്തിട്ട്‌ വരണുമാ സാര്‍" മുരുകേശന്‍ പിന്നെയും ചിരിച്ചു.

വേണ്ടാ കിട്ടെയ്ക്കു താനെ? നടന്തേപോലാം... അയാള്‍ നടക്കാന്‍ തുടങ്ങി.

കോളനിയിലൂടെ പത്തു മിനുട്ട്‌ . പിന്നെ ഇടത്തോട്ടു തിരിഞ്ഞ്‌ മൂന്നു
മിനിട്ട്‌ നടന്നു. കോളനിയുടെ പുരത്തു കടന്നു. വീണ്ടും വലത്തോട്ട്‌ പത്തു
മിനുട്ട്‌... കുട്ടികള്‍ ക്ഷീണിച്ചു.

പാട്ടിയെ പിന്നീടു കൊണ്ടുവരാമെന്നു തോന്നിയതു ഭാഗ്യം. വസന്ത
സാരിത്തുമ്പു കൊണ്ട്‌ മുഖത്തെ വിയര്‍പ്പു തുടച്ചു. ഓടു മേഞ്ഞ വീട്‌
വൃത്തിയുള്ള അഞ്ചു മുറികള്‍. അടുക്കള വേറെ. തെളിവെള്ളമുള്ള കിണര്‍!
മുളകൊണ്ട്‌ വേലി കെട്ടിയ മുറ്റം നിറയെ നീല നിറമുള്ള കാക്കപ്പൂവുകള്‍.

വസന്തയുടെ മുഖം തെളിഞ്ഞപ്പോള്‍ അയാള്‍ക്കാശ്വാസമായി. അയാള്‍ കുട്ടികളെ
ചേര്‍ത്തുപിടിച്ചു. അടുത്ത ആഴ്ച തന്നെ പാട്ടിയെ കൂട്ടികൊണ്ടുവരണം. എത്ര
ദിവസമെന്നു വെച്ചാ വല്ലവരുടെയും വീട്ടില്‌......" വസന്ത സാധനങ്ങള്‍
അടുക്കിപ്പെറുക്കാന്‍ തുടങ്ങി.

എഡിറ്റര്‍മാര്‍ പേജുകള്‍ സെറ്റുചെയ്‌തു കഴിഞ്ഞാല്‍ പിന്നെ അയാളുടെ
ഊഴമാണ്‌. കംമ്പ്യൂട്ടറില്‍ സ്‌കാനിംഗ്‌ ചെയ്യും മുമ്പ്‌ ഒരു മേല്‍നോട്ടം
കൂടി . ചീഫ്‌ സബ്‌ എഡിറ്ററായതിനാല്‍ ഉത്തരവാദിത്വവും കൂടുതലാണ്‌. എല്ലാം
ബോധ്യപ്പെട്ട്‌ ഒപ്പിട്ടു കഴിഞ്ഞാല്‍ പണി തീരും. ആപ്പീസില്‍
നിന്നിറങ്ങുമ്പോഴേക്ക്‌ പാതിരാത്രി കഴിഞ്ഞിരിക്കും. ജംബോകണ്‍ഫെക്ഷണറിയിലെ
നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞ്‌ തൊഴിലാളികളേയും കൊണ്ട്‌ വല്ലിപ്പാറക്കു
പോകുന്ന ഫാക്‌ടറി ബസില്‍ സൌകര്യം തരപ്പെടുത്തിത്തന്നത്‌ മുരുകേശനാണ്‌.

രാത്രി ഒമ്പതു മണിവരെ മാത്രമേ വല്ലിപ്പാറക്കു ഗവണ്‍മെണ്റ്റു ബസിന്‍റെ
സര്‍വ്വീസുള്ളു. " നോ പ്രോബ്ളം സര്‍. ജംബോവൊടെ ബസിരുക്കേ. നമ്മ ബസ്‌
താന്‍. എല്ലാരുമേ നമ്മ ആള്‍ക്കള്‍ താന്‍. ഡോണ്ട്‌ വറി സര്‍, അപ്പോഴും
മുരുകേശന്‍ ഉറക്കെ ചിരിച്ചു. അങ്ങനെയാണയാള്‍ ജംബോയുടെ ബസില്‍ സൌജന്യയാത്ര
തുടങ്ങിയത്‌.

വല്ലിപ്പാറയിലെ വസന്തവും വര്‍ഷവുമൊക്കെ നാട്ടിലേതുപോലെ തന്നെയായിരുന്നു.
സുഖപ്രദമായ ശിശിരം! പക്ഷേ വേനല്‍ കഠിനമായിരുന്നു. എങ്കിലും ജീവിതം
സ്വച്ഛസുന്ദരമായി. ..... കടങ്ങളില്ല , ദാരിദ്ര്യവുമില്ല .മാസാവസാനം
കിലുങ്ങുന്ന കീശ. !

"ഇപ്പൊ താങ്ക കൊഞ്ചം നിമ്മിതി കെടച്ചത്‌'. എല്ലാം ഉങ്ക ബുദ്ധി താന്‍.....
വെളുപ്പാന്‍ കാലങ്ങളില്‍ പൂവല്ലി കണക്കെ ദേഹത്തേക്ക്‌ പടര്‍ന്നു
കയറിക്കൊണ്ട്‌ വസന്ത കൊഞ്ചി....

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. കൊച്ചിയും കോഴിക്കോട്ടുമായി നിരന്തരം
ബന്ധപ്പെടുന്നതിന്നിടയിലാണ്‌ - കമ്മ്യൂണിക്കേഷന്‍ സെക്ക്ഷനിലെ " മോഡം"
പണിമുടക്കിയത്‌. തല പുകഞ്ഞുപോയി. കേടുപാടുകള്‍ തീര്‍ത്തുകിട്ടാന്‍
മണിക്കൂറുകള്‍ വേണ്ടിവന്നു. അതു വരെ അനുഭവിച്ച ടെന്‍ഷന്‍! ഹൊ !


പതിവിലും ഒന്നൊന്നൊരമണിക്കൂറ്‍ വൈകിയാണ്‌ ആപ്പീസില്‍ നിന്നിറങ്ങിയത്‌.
ബദ്ധപ്പെട്ടു നടന്നു. ജംഗ്ഷന്‍ ശൂന്യം. വാച്ചില്‍ സമയം നോക്കി സമയം
ഒന്ന്‌ നാല്‍പ്പത്‌. കുറ്റാക്കൂരിരുട്ട്‌ . ഇനിയെന്തു ചെയ്യാന്‍.
അയാള്‍ക്കു ഭയം തോന്നി. വല്ലിപ്പാറ വരെ നടക്കുകയെന്നാല്‍ അസാദ്ധ്യം
തന്നെയാവും. വല്ല ലോറിയോ ടെമ്പോയോ അതുവഴി വന്നെങ്കില്‍ എന്നയാള്‍
ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. ആകാശത്ത്‌ ഒരു നക്ഷത്രം പോലുമില്ല.
ആപ്പീസിലേക്കു തന്നെ മടങ്ങിയാലോ എന്നോര്‍ത്തു നില്‍ക്കുമ്പോഴാണ്‌ അകലെ
രണ്ടു ഭീമന്‍ വിളക്കുകള്‍! പ്രകാശം അടുത്തടുത്തു വന്നു. അതൊരു ബസാണെന്ന്‌
അയാള്‍ തിരിച്ചറിഞ്ഞു. അയാളെ കണ്ടതുകൊണ്ടാകണം , ജംഗ്ഷനില്‍ നിന്ന്‌ അത്‌
ബ്രേക്കിട്ടു. പച്ചച്ചായമടിച്ച സര്‍ക്കാര്‍ബസ്‌! " വല്ലിപ്പാറ" എന്നു
തമിഴില്‍ എഴുതിയതു വായിച്ചെടുത്തു. അയാള്‍ക്കാശ്വാസമായി. തനിക്കുവേണ്ടി
ഈശ്വരന്‍ അയച്ചതു തന്നെ.


മുന്‍വാതിലിലൂടെ അയാള്‍ ബസിനകത്തേക്ക്‌ കയറി. ഡ്രൈവറുടെ തൊട്ടു
പിന്നിലുള്ള ഒറ്റ്‌ സീറ്റില്‍ അമര്‍ന്നിരുന്നു. " ടിക്കറ്റ്‌" അയാള്‍
കണ്ടക്‌ടറുടെ മുഖത്തേക്ക്‌ ഉറ്റു നോക്കി. " വേണ്ട" എന്നര്‍ത്ഥത്തില്‍
കണ്ണടച്ചുകാട്ടി കണ്ടക്‌ടര്‍. ബസ്‌ മുന്നോട്ടു നീങ്ങി. തണുത്ത
കാറ്റിന്‍റെ കരസ്പര്‍ശം അയാളുടെ ക്ഷീണമകറ്റാന്‍ പാകമായിരുന്നു. ബസില്‍
നിറയെ യാത്രക്കാരുണ്ടായിരുന്നു. സ്ത്രീകളും പുരുഷന്‍മാരും എല്ലാവരും
ഉറക്കം തൂങ്ങുന്നുണ്ട്‌. അയാള്‍ മെല്ലെ ചിരിച്ചു. വസന്തയും കുട്ടികളും
പരിഭ്രമിച്ചീരിക്കുകയാവും. താന്‍ ചെല്ലാതെ പാട്ടിയും ഉറങ്ങാറില്ല.
താമസിയാതെ വീട്ടിലെത്തിപ്പെടാമല്ലൊ. എന്നോര്‍ത്തപ്പോള്‍ അയാളില്‍
നിന്നൊരു നിശ്വാസമുയര്‍ന്നു വീണു. അയാള്‍ സീറ്റില്‍ കണ്ണടച്ചിരുന്നു.
കണ്ടുമറന്ന ഏതോ സിനിമയിലെ ഗാനം മൂളി


മുളങ്കാടിന്‍റെ ഗന്ധം. ചെങ്കല്ലില്‍ എരുമച്ചാണകം കലര്‍ന്ന ചൂര്‌. അയാള്‍
അകത്തേക്ക്‌ ശ്വാസം വലിച്ചു. കണ്ണു തുറന്നു. വല്ലിപ്പാറ! അവസാനത്തെ
സ്റ്റോപ്പ്‌!


ഡ്രൈവര്‍ ശബ്ദമില്ലാതെ ബ്രേക്കിട്ടു ബസ്‌ നിര്‍ത്തി. അയാള്‍ മെല്ലെ
എഴുന്നേറ്റു. മറ്റുള്ളവര്‍ അപ്പോഴും ഉറക്കം തൂങ്ങുക തന്നെ." ഉറങ്ങട്ടെ
പാവങ്ങള്‍" അയാള്‍ ബസ്സില്‍ നിന്നിറങ്ങി. ടിക്കറ്റില്ലാതെ യാത്ര
ചെയ്യുന്നതല്ലേ. ഒരു നന്ദിവാക്കെങ്കിലും പറയാതെ വയ്യ.

അയാള്‍ വെട്ടിത്തിരിഞ്ഞു

ദൈവമേ!!!

അയാള്‍ ഞെട്ടിത്തെറിച്ചു. ശരീരം ആലില പോലെ വിറച്ചു.

ഹയ്യോ!!!

ഓടിവരണേ... തൊണ്ടയിലുയര്‍ന്ന ആര്‍ത്തനാദം ആരോ പിടിച്ചമര്‍ത്തിയതുപോലെ നിലച്ചു.

ആളിക്കത്തുന തീജ്വാലകള്‍ ബസിനെ വിഴുങ്ങുന്നു. അകത്ത്‌ കത്തിക്കരിയുന്ന
മനുഷ്യര്‍ ഒന്നു നിലവിളിക്കാന്‍പോലുമാവാതെ! പച്ചമാംസം വേവുന്ന ഗന്ധം.
അയാള്‍ക്ക്‌ ഓക്കാനമുണ്ടായി. ശരീരം തീക്കുണ്‌ഠത്തെ സ്പര്‍ശിച്ചതുകണക്കെ
പൊള്ളാന്‍ തുടങ്ങി. അടുത്ത നിമിഷം: എല്ലാം അപ്രത്യക്ഷമായി. തീ, പുക,
ബസ്‌, യാത്രക്കാര്‍ എല്ലാം....മുന്നില്‍ ശൂന്യത മാത്രം.

"ഹംമ്മേ!!'

വെട്ടിയിട്ടതു കണക്കെ അയാള്‍ ചെമ്മെണ്ണില്‍ കമിഴ്ന്നടിച്ചു വീണു

. ഏതോ പുനര്‍ ജന്‍മം പോലെ ! ശരീരമാസകലം പൊന്തിയിരുന്ന നീര്‍പ്പോളകള്‍
കരിഞ്ഞു. പനി നിശ്ശേഷം മാറി. തലവേദന കുറഞ്ഞു. വസന്ത അയാളുടെ ദേഹത്ത്‌
മഞ്ഞളും രക്തചന്ദനവും പുരട്ടി. ആര്യവേപ്പിന്‍റെ ഇലയിട്ടു
തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കുളിപ്പിച്ചു. അലക്കിയ മുണ്ടുടുത്ത്‌
അയാള്‍ മാരിയമ്മന്‍ കോവിലില്‍ പോയി തൊഴുതു. മോരും കൂട്ടി
കുത്തരിച്ചോറുണ്ട്‌ അയാള്‍ ഉന്‍മേഷവാനായി.

' പൊള്ളുന്ന പനിയായിരുന്നില്ലേ , ഒരാഴ്ച ബോധമുണ്ടായിരുന്നില്ല.
മിണ്ടാട്ടം മുട്ടിയതുപോലുള്ള കിടപ്പും. ഞാന്‍ പേടിച്ചു പോയി വല്ലതും
ഓര്‍മ്മയുണ്ടോ നിങ്ങള്‍ക്ക്‌? വസന്ത ചുക്കുവെള്ളവും കാപ്പിയുമായി കടന്നു
വന്നു

. അയാള്‍ക്ക്‌ ഒന്നും മനസ്സിലായില്ല. ചെമ്മണ്ണില്‍ ബോധം കെട്ടു
കിടക്കായിരുന്നില്ലേ വായീന്ന്‌ നുരേം പതേം....... മുരുകേശന്‍ കണ്ടതു
ഭാഗ്യം. അവള്‍ കുപ്പിയില്‍ നിന്ന്‌ മരുന്ന്‌ സ്പൂണില്‍ പകര്‍ന്ന്‌
അയാളുടെ വായിലൊഴിച്ചു. വല്ലാത്ത ചവര്‍പ്പ്‌. അയാള്‍ ഒരിറുക്കു
ചുക്കുവെള്ളം കുടിച്ചു.

അതെ! ഇപ്പോള്‍ ഓര്‍മ്മ വരുന്നു.! ആ നശിച്ച രാത്രി! പച്ചച്ചായമടിച്ച ബസ്‌!
തീഗോളം! ശബ്ദമില്ലാതെ കത്തിയമരുന്ന ജീവിതങ്ങള്‍. പിന്നെ
ഭീതിപ്പെടുത്തുന്ന ശൂന്യത. എല്ലാം മായപോലെ! പറഞ്ഞാല്‍ ആരെങ്കിലും
വിശ്വസിക്കുമോ! "

ങ്‌ ഹാ, പിന്നേയ്‌ വയ്യാണ്ടെ കിടന്നതുകൊണ്ടു പറയാതിരുന്നതാ. നിങ്ങള്‍
എന്നും രാത്രി വരാറുള്ള ബസില്ലേ? വസന്തയുടെ മുഖത്ത്‌ കറുത്ത നിഴല്‍ ....

ഉവ്വ്‌ ജംബോ ഫാക്‌ടറിയുടെ കോളനി ബസ്‌'.... അയാളുടെ നെറ്റി ചുളിഞ്ഞു.

അതു തന്നെ .

നിങ്ങള്‍ പനിച്ചു കിടന്നതിന്‍റെ പിറ്റേന്ന്‌ അതായത്‌ ശനിയാഴ്ച
അര്‍ദ്ധരാത്രി പതിവുപോലെ തൊഴിലാളികളേയും കൊണ്ട്‌ കോലനിയിലേക്ക്‌
വരുമ്പോഴാണ്‌ അവസാനത്തെ സ്റ്റോപ്പില്‍ നിര്‍ത്തി നിര്‍ത്തിയില്ലാ
എന്നായപ്പൊ ഒരൊറ്റ പൊട്ടിത്തെറി. എന്തൊരു ശബ്ദമായിരുന്നു. ആരോ ബോംബു
വെച്ചതാത്രെ. ഒരു നിമിഷം കൊണ്ടെല്ലാം കത്തിച്ചാമ്പലായി. ഒരൊറ്റയാള്‍പോലും
രക്ഷപ്പെട്ടില്ല.... വസന്തയുടെ സ്വരവും ശരീരവും
വിറയ്ക്കുന്നുണ്ടായിരുന്നു. അയാള്‍ അന്തം വിട്ടിരുന്നു. "പാവം നമ്മുടെ
മുരുകേശനും" വസന്ത വിതുമ്പി അയാള്‍ക്കു തല ചുറ്റാന്‍ തുടങ്ങി.
കത്തിക്കാളുന്ന ബസും വെന്തുരുകുന്ന മനുഷ്യരും ഒരു ചലച്ചിത്രത്തിലേതുപോലെ
മുന്നില്‍ തെളിഞ്ഞു. ചുറ്റും മുരുകേശന്‍റെതു മാത്രമായ ചിരി
അലകളുയര്‍ത്തിയപ്പോള്‍

ജീവിത സ്പന്ദനങ്ങൾ-പറവൂർ ഗോപാലകൃഷ്ണൻ

ജീവിത സ്പന്ദനങ്ങൾ
പറവൂർ ഗോപാലകൃഷ്ണൻ
നാടിന്റെ അതിസാധാരണ തലങ്ങളിലെ അസ്സൽ ജീവിതത്തിന്റെ സൂക്ഷ്മ സ്പന്ദങ്ങൾ ജാടകളില്ലാതെ ആവിഷ്കരിച്ച കഥാകാരനായ വൈക്കം മുഹമ്മദ്‌ ബഷീർ അന്തരിച്ചിട്ട്‌ ഇപ്പോൾ ഒരു ദശാബ്ദം കഴിഞ്ഞു. 1908 ജനുവരിയിൽ തലയോലപ്പറമ്പിൽ ജനിച്ച്‌ 1994 ജൂലൈ 5ന്‌ ബേപ്പൂരിൽ അന്തരിച്ച ബഷീറിന്റെ ജീവിതം കർമ്മ ബഹുലമായിരുന്നു. വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ സ്വാതന്ത്ര്യ സമരാവേശത്തിൽ പഠനം നിർത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്ന ബഷീർ കോഴിക്കോട്ടു നടന്ന പ്രസിദ്ധമായ ഉപ്പുസത്യാഗ്രഹത്തിൽ പങ്കാളിയായി. അന്നും തുടർന്നും പോലീസ്‌ പീഡനങ്ങൾക്കും ജയിൽ ശിക്ഷകൾക്കും വിധേയനായി.
ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ച അദ്ദേഹം അറേബ്യൻ നാടുകളിലും ആഫ്രിക്കയിലും പര്യടനം നടത്തി. നാട്ടിൽ തിരിച്ചെത്തി ബഷീർ ബുക്സ്റ്റാൾ തുടങ്ങി. യാത്രകൾക്കിടയ്ക്കും ജയിൽ ജീവിത കാലങ്ങളിലും കുറിച്ച കഥകളിൽ മിനുക്കു പണികൾ നടത്തി അവ ഒഴിവുവേളകളിൽ പകർത്തിയെഴുതി. പുസ്തകങ്ങൾ പ്രസിദ്ധീകരണത്തിന്റെ വെളിച്ചം കണ്ടു. കഥ,നോവൽ,ലേഖനം,നാടകം തുടങ്ങിയ ഒട്ടേറെ മേഖലകളിൽ ബഷീർ നിരന്തരം പ്രവർത്തിച്ച്‌ ജനപ്രിയ രചനകൾ ഒട്ടേറെ കാഴ്ച വച്ചു. ബാല്യകാല സഖി, മാന്ത്രികപ്പൂച്ച, ശബ്ദങ്ങൾ, പാത്തുമ്മാടെ ആട്‌, വിഡ്ഢികളുടെ സ്വർഗ്ഗം, വിശ്വവിഖ്യാതമായ മൂക്ക്‌, ന്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്‌! മതിലുകൾ, മുച്ചീട്ടുകളിക്കാരന്റെ മകൾ തുടങ്ങിയ അതി പ്രശസ്ത രചനകളിൽ പലതും വിവിധ ഇന്ത്യൻ ഭാഷകളിൽ പരിഭാഷകളായി വന്നിട്ടുണ്ട്‌. ബാല്യകാലസഖി ചലച്ചിത്രമായിട്ടുണ്ട്‌. നീലവെളിച്ചം ഭാർഗ്ഗവീനിലയം എന്ന പേരിൽ സിനിമയായി ജനസമ്മിതി നേടി. മതിലുകൾ അതേ പേരിൽ തന്നെ ചലച്ചിത്രമായി വന്നു. ബഷീറിന്റെ 16 കഥകളുടെ ഒരു ഇംഗ്ലീഷ്‌ പരിഭാഷാ സമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമിയുടെയും കേന്ദ്രസാഹിത്യ അക്കാദമിയുടേയും വിശിഷ്ടാംഗത്വം ലഭിച്ച അദ്ദേഹത്തിന്‌ സ്വതന്ത്രസമര പങ്കാളിത്തത്തിനുള്ള താമ്രപത്ര പുരസ്കാരവും തുടർന്ന്‌ പത്മശ്രീ ബഹുമതിയും കൈവന്നിട്ടുണ്ട്‌.
എറണാകുളത്ത്‌ തൊള്ളായിരത്തി നാൽപതുകളിൽ നടത്തിയിരുന്ന ബഷീർ ബുക്സ്റ്റാളിലും പിൽക്കാലത്ത്‌ ബേപ്പൂരിലെ വീട്ടുമുറ്റത്തെ മാങ്കോസ്റ്റിൻ മരത്തണലിലും ഒത്തുകൂടാറുണ്ടായിരുന്ന സുഹൃത്തുക്കളുമൊത്തുള്ള വെടിവട്ടത്തിൽ വീണു കിട്ടിയ പല കാര്യങ്ങളും കഥാ ബീജങ്ങളായിത്തീരുകയും അടുത്ത ദിവസങ്ങളിൽ തന്നെ അവ ബഷീറിന്റെ രസകരങ്ങളായ കഥകളായി രൂപപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അന്നത്തെ ആത്മമിത്രങ്ങളുടെ മനസ്സിൽ ഇന്നും ആ നർമ്മ സംഭാഷണങ്ങൾ തുടിക്കുന്ന ഓർമ്മകളാണ്‌. അരികിൽ കോളാമ്പിയിലൂടെ പാടുന്ന പാട്ടുപെട്ടിയായ ഗ്രാമഫോണും ചുണ്ടുകളിൽ എരിയുന്ന കാക്കി ബീഡിയുമായി ചാരുകസേരയിൽ ചാഞ്ഞിരിക്കുന്ന ബേപ്പൂർ സുൽത്താനും അവർക്കു മായാത്ത ചിത്രങ്ങളാണ്‌.
ഉമ്മുസൽമയുടെ ഖാൻ എന്ന നായയുടേയും പാർവതിയുടെയും മാളു എന്ന പട്ടിയുടെയും കഥയായ മാന്ത്രികച്ചരടിലൂടെ എത്ര സരസമായാണ്‌ മുസ്ലീങ്ങളുടേയും ഹിന്ദുക്കളുടേയും സൗമനസ്യത്തിന്റെയും എതിർപ്പുകളുടേയും ഭാവങ്ങൾ ബഷീർ ആവിഷ്കരിക്കുന്നത്‌! സ്ഥലത്തെ പ്രധാന ദിവ്യൻ, എട്ടുകാലി മമ്മൂഞ്ഞ്‌ തുടങ്ങിയ രചനകളിൽ അവതരിക്കപ്പെട്ടിരിക്കുന്ന കഥാപാത്രങ്ങളെ ചില പ്രത്യേക സ്വഭാവക്കാരായ വ്യക്തികളുടെ യഥാർത്ഥ അനുകരണങ്ങളായി നമുക്കു കാണാം. എക്സൈസ്‌ ഇൻസ്പെക്ടറുടെ മകൾ രാധാമണി പുസ്തകത്തിൽ വയ്ക്കാൻ മയിൽപ്പീലി സമ്മാനിച്ചതിനു പകരം ഒരു ആനവാൽ രോമം അവൾക്കു നൽകാൻ പൂതി പൂണ്ട്‌ ബഷീർ അതിനായി പാപ്പാനെ സോപ്പിടാൻ കാണിക്കുന്ന കൗശല പൂർണ്ണമായ ലോഹ്യവും ആനയെ കുളിപ്പിക്കാൻ കിടത്തിയ പുഴയിലിറങ്ങി മുങ്ങാംകുഴിയിട്ട്‌ ആനയ്ക്ക്‌ പിന്നിൽ നീന്തിയെത്തി ആനവാൽ രോമം കടിച്ചെടുക്കാൻ ഒരുമ്പെടുന്ന സാഹസികതയും എങ്ങനെ മറക്കാൻ കഴിയും? ബസ്സിൽ കയറിപ്പറ്റുന്നതിനിടയിൽ കക്ഷത്തിൽ ഇറക്കിപ്പിടിച്ചിട്ടും വീണുപോയ പെൻഷൻ ബുക്കും ഉള്ളിലെ രൂപയും റോഡിൽ കിടക്കുന്നതു കണ്ടെടുത്ത്‌ വീട്ടിൽ എത്തിച്ചുകൊടുത്ത വത്സരാജനും, പൊൻകുരിശുതോമയ്ക്കും, നത്തു ദാമുവിനും, മമ്മൂഞ്ഞിനും, ആനവാരി രാമൻനായർക്കും, മതിലിനപ്പുറത്തു നിന്നും അശരീരിപോലെയെത്തിയ നാരായണിയുടെ ശബ്ദത്തിലൂടെ പ്രണയിയായി മാറിയ ജയിൽപ്പുള്ളിയ്ക്കും, റോഡിലെ കുണ്ടും കുഴിയും കയറി ഇറങ്ങിയപ്പോൾ ടാക്സിയിൽ നിന്നു തെറിച്ചു പുറത്തുവീണ്‌ ദൈവത്തെ വിളിച്ച്‌ ഞരങ്ങി എഴുന്നേറ്റ്‌ കുടിക്കാൻ വെള്ളം ചോദിച്ച ശവശരീരത്തിനും, ഒക്കത്തിരുന്ന്‌ ചീച്ചി മുള്ളുന്ന കൊച്ചിനും, അച്ചാലും മുച്ചാലും തല്ലുന്ന നങ്ങേലിക്കും, അണക്കെട്ടു പൊട്ടുന്നപോലെ കരയുന്ന മാലതിക്കുട്ടിക്കും, കുടുകുടാ വെള്ളം കുടിച്ചു ശിക്കാറു പള്ളവീർപ്പിച്ചു പാതിരാ നേരത്ത്‌ പായിൽ കിടന്നു മുള്ളുന്ന കശ്മലനായ ഇയ്ക്കായ്ക്കയാക്കുമൊന്നും ഒരിക്കലും മരണമില്ല.
ആറുഭാഗങ്ങളിലായി എഴുതപ്പെട്ട ഒരു ലഘു അഖ്യായന (നോവലെറ്റ്‌)യാണ്‌ ബഷീറിന്റെ മുഖ്യകൃതികളിലൊന്നായ പാത്തുമ്മയുടെ ആട്‌. ഗ്രാമീണാന്തരീക്ഷം ആദ്യന്തം നിറഞ്ഞു നിൽക്കുന്ന ഈ കൃതിയിൽ ബഷീർ, സുദീർഘ സഞ്ചാരവും പ്രവാസി ജീവിതവും ഒരു ഇടവേളയിലെത്തിയപ്പോൾ വൈക്കത്തെത്തി തലയോലപ്പറമ്പിലെ വീട്ടിൽ താമസത്തിനു ചെന്ന ദിവസങ്ങളിലെ രസനീയങ്ങളായ കൊച്ചു കൊച്ചു സംഭവങ്ങളാണ്‌ ആവിഷ്കരിക്കുന്നത്‌. മുറ്റവും, തോട്ടവും, തൊടിയും, കുളവും, ഓലകെട്ടി ഇല്ലി മുൾച്ചില്ലകൾ ഏടിയ ചുറ്റുവേലിയുമൊക്കെയുള്ള ഗ്രാമീണ ഗൃഹത്തിൽ ബഷീർ ഒറ്റാന്തടിയായി മുച്ചാംവയറുമായി കഴിഞ്ഞിരുന്ന ചെറുപ്പകാലത്തെ ഒരു ഘട്ടം. രാവിലത്തെ എണ്ണ പുരട്ടി ലങ്കോട്ടി കെട്ടിയുള്ള കസർത്തും, കൂടപ്പിറപ്പുകളുമൊത്തുള്ള കുന്നായ്മകളും കളികളും നർമ്മഭാഷണങ്ങളും, എഴുത്തുകുത്തുകളും, കഥയെഴുത്തുമൊക്കെ ചേർന്ന ദിവസങ്ങൾ. അഭയാർത്ഥിപ്പൂച്ചകൾ; മച്ചും പുറത്തെ എലികൾ, കേറിക്കൊത്തിത്തിന്നു കുറുങ്ങുന്ന കൊതിച്ചി കോഴികൾ; മച്ചും പുറത്തെ എലികൾ, കേറിക്കൊത്തിത്തിന്നു കുറുങ്ങുന്ന കൊതിച്ചി കോഴികൾ, കോഴിക്കുഞ്ഞുങ്ങളെ റാഞ്ചുവാൻ കണ്ണും നട്ട്‌ മരക്കവരങ്ങളിൽ തക്കം പാർത്തിരിക്കുന്ന വില്ലന്മാരായ പ്രാപ്പിടിയന്മാർ, പരുന്തുകൾ, ബഹളക്കാരായ കാക്കകൾ, കരച്ചിൽ-യജ്ഞക്കാരി ആരിഫക്കുഞ്ഞ്‌, ജനിച്ച പടിനിൽക്കുന്ന സെയ്തുമുഹമ്മദ്‌, അവനെ ഉള്ളാടത്തിപ്പാറുവേന്നു പരിഹസിക്കുന്ന പീക്രിപ്പെണ്ണ്‌ ലൈല, ഉമ്മയുടെ വെറ്റിലവട്ടിയിൽ നിന്നും പണം മോഷ്ടിക്കുവാൻ, വലുതായിട്ടും മുല കുടിക്കാൻ ചെല്ലുന്ന അറുക്കീസായ ഹനീഫ, ചട്ടനനുജൻ അബ്ദുൾ ഖാദർ, അവന്റെയും താഴെയുള്ള ഇളയ പെങ്ങൾ പാത്തുമ്മ, അവളുടെ കുസൃതിയും തീറ്റപ്പണ്ടാരവുമായ തവിട്ടു രോമങ്ങളുള്ള ആട്‌-വരാന്തയിൽ വച്ച തീപ്പെട്ടി വരെ നാക്കു നീട്ടി ഏന്തിച്ചെടുക്കുന്ന സൂത്രക്കാരി-വലിയ ചുവന്ന മഞ്ഞുതുള്ളികൾ പോലെ ഞാന്നു കിടക്കുന്ന ചാമ്പക്കകൾ ഉന്നമിട്ട്‌ കാലുപൊക്കി കഴുത്തു നീട്ടി നിൽക്കുന്ന സർക്കസ്സുകാരി-തോട്ടപ്പച്ച ചെടികളും, വീഴുന്ന പ്ലാവിലകളുമെന്നല്ല. ബഷീറിന്റെ അച്ചടിച്ച കൃതികളുടെ കടലാസുകൾ വരെ കടിച്ചു ചവയ്ക്കുകയും വെള്ളേപ്പം ട്രൗസർ പോക്കറ്റടക്കം കടിച്ചുകീറിത്തിന്നുകയും ചെയ്യുന്ന ആനക്കൊതിച്ചി, കത്തുകൾ എത്തിക്കുന്ന പോസ്റ്റുമാൻ അബു-എല്ലാവരും ഇതിലെ വ്യവസ്ഥ സ്വഭാവികളായ കഥാപാത്രങ്ങൾ മാത്രം. ആട്ടിൻകുട്ടിയെ പിടിച്ചു കെട്ടിയിട്ട്‌ ആടിനെ കട്ടു കറന്നു ചായ കൂട്ടിക്കുടിക്കുന്നതു നിർത്താൻ വേണ്ടി അരക്കുപ്പി പാൽ ദിവസേന കൊണ്ടു കൊടുക്കാൻ പോലും തയ്യാറാവുന്ന പാത്തുമ്മയുടേയും, എന്നിട്ടും, കക്കുന്ന പാലും കിട്ടുന്ന പാലും- ഒന്നിച്ചനുഭവിക്കുന്ന കുസൃതി സഹോദരങ്ങളുടേയും പോലുള്ള നിറം ചാലിച്ചു വരച്ച ഒന്നാംതരം ചിത്രങ്ങൾ ചേർന്നവയാണ്‌, ഈ കൃതിയിലെ ഗ്രാമീണ കൂട്ടുകുടുംബ ജീവിതത്തിന്റെ ദൃശ്യങ്ങൾ. മഹാകവി പി.കുഞ്ഞിരാമൻനായരുടെ ആത്മകഥകളിൽ കാണുന്നതു പോലെ, ബഷീറിന്റെ ഓരോ കഥയും സകല ചരാചരങ്ങളും നിറഞ്ഞു നിൽക്കുന്ന, പരിസര ഘടകങ്ങളോരോന്നും പങ്കുകൊള്ളുന്ന, അലോസരങ്ങളും സന്തോഷങ്ങളും നിറഞ്ഞ്‌ നാടൻ ജീവിതത്തനിമയുടെ യഥാർത്ഥ പരിച്ഛേദമത്രെ. ജിന്നുകളും ഷൈത്താരന്മാരും രോമം പിഴുതെടുത്തുണ്ടാക്കുന്ന കഷണ്ടിയേയും, ഷോക്കടിപ്പിച്ചു ശപിക്കുന്ന ഇലക്ട്രിക്‌ ഭഗവാനേയും, വസൂരിയുടെ നേരെ-അനുജനായ അഞ്ചാംപനിയേയും, തെങ്ങിന്റെ ഉച്ചിയിൽ കയറിരുന്ന്‌ എല്ലാം കാണുന്ന സൂര്യനേയും, കൊമ്പനാനയുടെ കവയ്ക്കിടയിലൂടെ നൂണ്ടാൽ മാറിപ്പോകുന്ന രാപ്പനിയേയും സങ്കൽപിക്കാൻ ബഷീറിനു മാത്രമേ കഴിയൂ. ബഷീർ കഥകൾ വിരൽ ചൂണ്ടിയ മീൻകുളങ്ങളിൽ, എന്തും വെട്ടി വിഴുങ്ങി ഇന്നും ബ്‌രാൽ മത്സ്യജോഡികൾ വാൽ തൊട്ടുവട്ടം ചുറ്റി തുഴഞ്ഞു കളിക്കുന്നു! വഴിയിലുള്ള പലതിനേയും വക വരുത്തിക്കൊണ്ട്‌, ഇരച്ചു കേറി കാറുകൾ ബഷീറിയൻ ശൈലിയിൽ 'ഷ്‌റുഫുൾ ടോഫും!'എന്ന്‌ അട്ടഹസിച്ചു പാഞ്ഞു പോകുന്നു! ബഷീർ പറഞ്ഞ 'ലൊടുക്കൂസ്‌ ബണ്ട്‌' മാതിരിയുള്ള ശൂന്യത ഹർത്താൽ ദിവസങ്ങളിൽ ഇന്നും നിരത്തുകളിൽ നിറയുന്നു! സ്നേഹവും സഹകരണ മനോഭാവവും സമഭാവനയും ബഷീർ കൃതികളിൽ അടിയൊഴുക്കുകളായി അനുഭവപ്പെടുന്ന വികാരങ്ങളാണ്‌.
സാധാരണന്മാരായ ജനങ്ങളുടെ ചേതോവികാരങ്ങൾ അവരുടെ തന്നെ നാടൻ ഭാഷയിലാണ്‌ ബഷീർ അവതരിപ്പിച്ചിട്ടുള്ളത്‌. ഈ ദുനിയാവിനെ മുഴുവൻ സ്നേഹിച്ച ആ പഹയൻ മനസ്സിന്റെ അനുഭവങ്ങൾ ഭാഷ തേടിപ്പോവുകയല്ല ചെയ്തത്‌, ഭാഷ അനുഭവങ്ങളുമായി ഇഴുകിച്ചേർന്ന്‌ ഒന്നാവുകയായിരുന്നു. അവിടെ 'ഒന്നും' 'ഒന്നും' ചേർന്ന 'ഇമ്മിണി ബല്യ ഒന്ന്‌' ഉണ്ടാവുകയായിരുന്നു. ബഷീർ കൃതികളുടെ പ്രചാരത്തിന്റെയും പ്രശസ്തിയുടേയും മൂലകാരണം ഹൃദയ സ്പർശിയായ ആ നാടൻ ശൈലിയാണ്‌ എന്നതിൽ രണ്ടഭിപ്രായമുണ്ടാവില്ല.

നരക ചിത്രം -രാജൻ കരുവാരകുണ്ട്‌

ഇഹപരവ്യത്യാസം മറന്ന്‌ രമേശനും തൊട്ടുപിറകെ മുഹമ്മദും നൂൽപ്പാലം കടന്നു. ശേഷിച്ചതിനു വേണ്ടി നെഞ്ചിൻ കൂട്ടിലേക്ക്‌ ജോസഫിന്റെ ആഹ്ലാദത്തിൽ മുങ്ങി. അയാൾ ഒരു കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി അവരോടൊപ്പം ഒളിച്ചു കളിക്കാൻ തുടങ്ങി. പെരുമഴ പോലെ മഞ്ഞവെളിച്ചം ചിതറുന്ന പ്രതലത്തിൽ കിടന്ന്‌ കളിതീരുമുമ്പേ അവർ തർക്കിച്ചു.
തർക്കം മൂത്തുവന്നപ്പോൾ ദൈവം നിനച്ചു
"ഇതെന്തൊരു തമാശ"!
അധികം വൈകിക്കാതെ നരകം കാണിച്ച്‌ ദൈവം ആശ്വാസത്തിന്റെ നെടുവീർപ്പിൽ കണ്ണുതുറന്നു.
മൂവ്വരും നരക ചിത്രങ്ങൾ കണ്ടു.
"ഞങ്ങൾക്കിതുമതി, ഇവിടേയും സ്വർഗ്ഗത്തിലെ
ഒരു മാളിക തീർക്കാം". രമേശൻ പറഞ്ഞു.
ഏതു നരഗത്തിലും സ്വർഗ്ഗത്തുരുത്തുണ്ടാക്കാൻ
ഞങ്ങൾക്കറിയാം. ജോസഫ്‌ മൊഴിഞ്ഞു.
"വെറും സ്വർഗ്ഗം ആർക്കുവേണം" മുഹമ്മദ്‌ കോപിച്ചു. ദൈവം പുതിയ വാമൊഴിയിൽ നിശബ്ദനായി. കണ്ണടച്ച്‌ ഒരു പുതിയലോകം സൃഷ്ടിക്കാനുള്ള വഴിനോക്കി യാത്ര തുടങ്ങി.

ഞാന്‍ കഥാകാരനായ കഥ.-പൊന്‍കുന്നം വര്‍ക്കി

പ്രിയപ്പെട്ട ഗുപ്തന്‍നായര്‍
ഞാന്‍കഥാകാരനായ കഥ അയക്കണമെന്നു സ്നേഹിതന്‍ വീണ്ടും എഴുതിയിരിക്കുന്നു.
ഈ കഥയെഴുതി വായനക്കാര്‍ക്ക്‌ ഒരു ശിക്ഷ നല്‍കണമെന്നു ഞാന്‍
ആഗ്രഹിച്ചിരുന്നതല്ല. ഇത്‌ അറിഞ്ഞില്ലെങ്കില്‍ ഇവിടുത്തെ എഴുത്തിനൊ
വായനക്കൊ എന്തെങ്കിലും കുറവു വരുമെന്നും ഞാന്‍ തെറ്റിദ്ധരിക്കുന്നില്ല.
പിന്നെ എന്തിനെഴുതുന്നു എന്നു ചോദിച്ചാല്‍ സ്നേഹിതന്‍മാര്‍ക്കു വേണ്ടി
പലപ്പോഴും ഞാന്‍ മഠയനാകാറുണ്ട്‌. എന്നു മാത്രം.
ഞാന്‍ ഒരു കഥാകാരനാണോ? ഇതു ഞാന്‍ പലപ്പോഴും എന്‍റെ മനസ്സാക്ഷിയോടു
ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ്‌. ഇതിന്‌ ഉത്തരം പറയാനുള്ള പരമാധികാരം
വായനക്കാര്‍ക്കായതുകൊണ്ട്‌ അവരെ സമീപിക്കുവാന്‍ ഞാന്‍ സന്നദ്ധനായി.
എന്‍റെ പ്രേരണ കൂടാതെ അവിചാരിതം കിട്ടുന്ന ഉത്തരങ്ങള്‍ക്കാണു ഞാന്‍ വില
കൊടുത്തിട്ടുള്ളത്‌. അവയില്‍ ചില അനുഭവങ്ങള്‍ ഇവിടെ വ്യക്തമാക്കുവാന്‍
ഞാന്‍ ആഗ്രഹിക്കുന്നു. എന്‍റെ കഥയെഴുത്തിനെപ്പറ്റി എനിക്ക്‌ ആത്മവിശ്വാസം
നല്‍കിയ സംഭവങ്ങളാണ്‌ അവ. പത്രാധിപന്‍മാര്‍, സ്നേഹിതന്‍മാര്‍,
മുഖസ്തുതിക്കാര്‍ അപരിചിതന്‍മാര്‍, വിമര്‍ശകന്‍മാര്‍ വ്യക്തിപരമായി
വിരോധമുള്ളവര്‍, ഇങ്ങനെ പലരും എന്‍റെ കഥകളെപ്പറ്റി അഭിപ്രായം
പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ അവയിലൊന്നും അത്രമാത്രം വിശ്വസിക്കാനോ
നിരാശപ്പെടാനോ ഞാന്‍ ഒരുങ്ങിയിട്ടില്ല. പക്ഷേ എന്നെ അഭിമാനിപ്പിച്ച ചില
സംഭവങ്ങളുണ്ട്‌.
വൃശ്ചികമാസത്തിലെ നല്ലൊരു സായാഹ്‌നം. മീനച്ചില്‍താലൂക്കില്‍ ഒരിടത്ത്‌
ഒരു കച്ചവടപ്പീടികയുടെ പുറകിലുള്ള ചെറിയ ഒരു മുറിയിലിരുന്നു ഞാന്‍
കഥയെഴുതുകയാണ്‌. തടിയനായ ഒരാള്‍ വാതില്‍ക്കല്‍ വന്നു കട്ടളയില്‍ കൈകള്‍
ചേര്‍ത്തു നിന്നുകൊണ്ട്‌ ചെരിഞ്ഞു താഴുന്ന തലയോടുകൂടി അയാള്‍
എന്തെൊക്കേയോ പറഞ്ഞു. ഏകാഗ്രതയിലകപ്പെട്ടു നിന്ന എന്‍റെ മനസ്സോ ചെവിയോ
അതു ശ്രദ്ധിച്ചില്ല. എങ്കിലും കണ്ണുകള്‍ പിന്‍മാറാതെ അയാളുടെ മുഖത്തു
തന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു.
" എടാ മതിയെന്ന്‌" അയാള്‍ അലറി. എന്‍റെ ശ്രദ്ധ എഴുത്തില്‍ നിന്നു പിന്‍തിരിഞ്ഞു.

"പോ....... നേ! നീ കഥയെഴുതും അല്ലേടാ?

മദ്യത്തിന്‍റെ മത്തിനാല്‍ അയാളുടെ തല നേരെ നില്‍ക്കുന്നില്ലായിരുന്നു.
എങ്കിലും ആ ചെമന്ന കണ്ണുകളില്‍ നിന്നു രൂക്ഷത പുറപ്പെടുവിച്ചുകൊണ്ട്‌
അയാള്‍ തുറന്നു ചോദിച്ചു: നീ ചോകോന്‍റെ മകനാണോടാ?"

ആ ചോദ്യത്തിനും എങ്ങനെയാണ്‌ ഉത്തരം പറയുക? വേണമെങ്കില്‍ രണ്ടു തല്ലു
കൊള്ളാം. ചീത്ത കേള്‍ക്കുന്നതു സങ്കടമാണ്‌. എന്ത്‌ ഇതിനു തക്ക
കാരണമെന്ത്‌? ആള്‍ തെറ്റിപ്പറയുന്നതാണോ? ഞാന്‍ സംശയിച്ചു. ആ മനുഷ്യനെ
എനിക്കു ചെറിയ കണ്ടുപരിചയമേയുള്ളു. ഞാന്‍ ചോദിച്ചു.


" എന്നെത്തന്നെയാണോ ഇപ്പറയുന്നത്‌?" ;പിന്നെയാരെയെടാ , നിന്‍റെ
തന്തേയാണോ?... അയാളും ചോദിച്ചു..
ഞാന്‍ വിയര്‍ത്തുപോയി. കള്ളുകുടിച്ചിട്ടില്ലായിരുന്നെങ്കിലും എന്‍റെ തല
പമ്പരംപോലെ കറങ്ങിക്കൊണ്ടിരുന്നു. തലക്കു കൈ കൊടുത്തു ഞാന്‍ മേശയിലേക്ക്‌
ചാഞ്ഞു. ഈ നേരം കൊണ്ട്‌ ചിലരവിടെക്കൂടി . അവര്‍ അയാളെ എന്‍റെ മുറിയുടെ
മുന്‍വശത്തുനിന്നു പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു.ആ
ശ്രമംവര്‍ദ്ധിക്കുന്തോറും എന്‍റെ നേര്‍ക്കടുക്കുവാന്‍ അയാള്‍ ജീവന്‍
കളഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. അയാളെ ദൂരെ ക്കൊണ്ടു ചെന്നു വിട്ട ശേഷം
അവരില്‍ ചിലര്‍ വന്ന് എന്നോടു ചോദിച്ചു ഇതിനു തക്ക കാരണമെന്താണ്‌?
അതായിരുന്നു എനിക്കും അറിഞ്ഞുകൂടാത്തത്‌. " നീ കഥയെഴുതും" അല്ലേടാ
എന്നയാള്‍ ചോദിച്ച രഹസ്യവും അപ്പോള്‍ എനിക്കു മനസ്സിലായില്ല. കുറേ
നാളുകള്‍ക്കു ശേഷം അയാള്‍ എന്‍റെ ഒരു സ്നേഹിതനായിത്തീര്‍ന്നു. ആ
മനുഷ്യനില്‍ നിന്നു തന്നെ അന്നത്തെ ആ പേക്കൂത്തിന്‍റെ രഹസ്യം ഞാന്‍
മനസ്സിലാക്കി. പ്രബലനായ ഒരു പുരോഹിതനാണ്‌ അയാളെ എന്‍റെ നേര്‍ക്കു
തള്ളിവിട്ടത്‌. കള്ളുകുടിക്കാന്‍ അഞ്ചുറുപ്പികയും കൊടുത്തു.
"ഒന്നപമാനിച്ചേക്കണം" രണ്ടെണ്ണം ആ കരണത്തു വെച്ചു കൊടുത്തേക്കണം "
അതായിരുന്നു നിര്‍ദ്ദേശം. കാരണം, ഞാന്‍ വൈദികന്‍മാരെപ്പറ്റി കഥയെഴുതിയതു
തന്നെ.
ഒരിക്കല്‍ ഒരു സ്‌ത്രീ എന്‍റെ പേര്‍ക്ക്‌ ഒരു കത്തെഴുതി. അവര്‍ക്ക്‌
എന്നെ ഒന്നു കാണണമെന്ന്‌. അങ്ങനെ ചെല്ലുന്നതില്‍ ഞാനത്ര ഭീരുവൊന്നുമല്ല.
എങ്കിലും ആ പ്രാവശ്യം ഞാന്‍ പോയില്ല. വീണ്ടും അവരുടെ ഒരു കത്തുകൂടി
കിട്ടി. ദൈവത്തെയോര്‍ത്ത്‌ അവിടെ വരെ ഒന്നു ചെല്ലണമെന്ന്‌. വരുന്നതു
വരട്ടെ. എന്നു നിശ്ചയിച്ചു ഞന്‍ ചെന്നു. ലാവണ്യം വെട്ടിത്തിളങ്ങുന്ന ഒരു
ഇരുപതുകാരി. അവര്‍ കണ്ണുനീരോടുകൂടി ഒരു കഥ പറഞ്ഞു. വിഷാദാത്മകമായ ഒരു
പ്രേമകഥ. അതെന്നെ വല്ലാതെ സ്പര്‍ശിച്ചു. അവരുടെ കാമുകന്‍ അവരെ
ചതിച്ചിരിക്കുന്നു. അയാള്‍ ആ അവിവാഹിതയെ ഗര്‍ഭിണിയാക്കിയ ശേഷം ഗാന്ധിയന്‍
സോഷ്യലിസക്കാരനായി മാറിനില്‍ക്കുകയാണ്‌. അവരുടെ ജീവിതനിവേദനം ഞാനൊരു
കഥയാക്കണം. എനിക്കല്‍ഭുതം തോന്നി. വികാരം നിറഞ്ഞ ഭാഷ ആകര്‍ഷകമായ
പ്രതിപാദനം അവര്‍ ഒരു നല്ല വായനക്കാരിയായിരുന്നു. ഞാനവരുടെ ആത്മകഥ ഒരു
കഥയാക്കിയാല്‍ ആ വഞ്ചകനോടുള്ള ഏറ്റവും നല്ല പ്രതികാരം സാധിച്ചതായി അവര്‍
ചാരിതാര്‍ത്ഥ്യമടയും.! പരാതിയല്ല, പരിഭവമല്ല,, നടപടിയല്ല, ഒരു
കഥയായിരുന്നു അവര്‍ക്കാവശ്യം അതിനു ശേഷം നാല്‍പ്പതോ നാല്‍പ്പത്തഞ്ചോ
ദിവസം കഴിഞ്ഞ്‌ അവര്‍ ആത്മഹത്യ ചെയ്‌തു.
അന്നു ചെറുതുരുത്തിയില്‍ വെച്ചു കൂടിയ പുരോഗമന സാഹിത്യ സമ്മേളനം
കഴിഞ്ഞ്‌ അതിനോടനുബന്ധമായി നടത്തിയ വള്ളത്തോളിന്‍റെ ജാപ്പു വിരോധം കഥകളി
കാണാന്‍ മഞ്ഞു വകവെക്കാതെ ഞങ്ങള്‍ ഇരിക്കയാണ്‌. പകല്‍ കണ്ട നടപടികളില്‍
ശുണ്ഠിയിളകിയ കേശവദേവും എന്‍റെ അടുക്കലുണ്ട്‌. ശങ്കരക്കുറുപ്പ്‌ , തകഴി,
- ഇങ്ങനെ പലരും കൂടിയിരിക്കുന്നു. അണിയറയില്‍ തകൃതിയായി ഒരുക്കങ്ങള്‍
നടക്കയാണ്‌.
വള്ളത്തോള്‍ കുശലാന്വേഷകനായി ശങ്കരക്കുറുപ്പിന്‍റെ അടുക്കലേക്ക്‌ വന്നു.
അവര്‍ രണ്ടുപേരുംകൂടി നിന്ന് അനുദിനം വിരിഞ്ഞുയരുന്ന
കലാസമ്പത്തിനെപ്പറ്റി സംസാരിച്ചു. അതിനു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്‌
വള്ളത്തോള്‍ എന്‍റെ ഒരു നാടകം - പൂജയാണെന്നു തോന്നുന്നു. ഉദ്‌ഘാടനം
ചെയ്യുകയുണ്ടായി. അന്ന് അദ്ദേഹം അതിന്‍റെ കൈയെഴുത്തുപ്രതിയും
പരിശോധിച്ചത്രെ. മഹാകവിയുടെ സംസാരം ആ നാടകത്തിലേക്ക്‌ തിരിഞ്ഞു. നാടകം
നന്നായിട്ടുണ്ടെന്ന് പറഞ്ഞത്‌ എനിക്കു മനസ്സിലായി. എന്നാല്‍
ക്രിസ്‌ത്യാനികള്‍ എന്നെ ഒരു ക്രിസ്‌ത്യാനിയെന്നു ചൂണ്ടിക്കാണിച്ച്‌
അഭിമാനിക്കയില്ല. എന്നാല്‍ ക്രിസ്‌ത്യാനികളല്ലാത്തവരില്‍ ചിലര്‍ എന്നെ
ഒരു ക്രിസ്‌ത്യാനിയെന്നു മുദ്ര കുത്തി പരിഹസിക്കയും ചെയ്യും. ഇതെന്‍റെ
നിര്‍ഭാഗ്യകരമായ അനുഭവങ്ങളില്‍ ഒന്നാണ്‌.
അവരുടെ അടുക്കല്‍ത്തന്നെ ഞാന്‍ ഇരിക്കുകയാണ്‌. പക്ഷേ, വള്ളത്തോളിന്‌
എന്നെ കണ്ടു പരിചയമില്ല. പക്ഷേ, വര്‍ഗ്ഗീയാടിസ്ഥാനത്തിലുള്ള ഒരു 'ലോകമേ
തറവാടുകാരന്‍റെ ' അഭിപ്രായം കേട്ടപ്പോള്‍ അതിനു കുറേ നാളുകള്‍ക്കു
മുമ്പ്‌ പ്രഭുവും, തറവാട്ടുകാരനുമായ ഒരു നായര്‍ പ്രമാണി അവന്‍
മാപ്പളക്കൊച്ചനാണെങ്കിലും മിടുക്കനാണെന്ന് എന്നെക്കുറിച്ച്‌ പറഞ്ഞ ആ
വാക്യം ഞാനോര്‍ത്തു. അതില്‍ ഒട്ടും തരം താണതായിരുന്നില്ലല്ലൊ
മഹാകവിയുടേയും അഭിനന്ദനം. എന്‍റെ കലാനിര്‍മ്മാണങ്ങള്‍ വായിക്കാതെപ്പോലും
വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ അവഗണിക്കാന്‍ സാധിക്കുന്ന ഒരു കൂട്ടം
മിടുക്കന്‍മാരെ ഇപ്പോഴും എനിക്കു പരിചയമുണ്ട്‌. എന്നാല്‍
വള്ളത്തോളിനെപ്പോലെ ഒരാളില്‍ നിന്നു ഞാനതു പ്രതീക്ഷിച്ചില്ല.
ഒരനുഭവം കൂടി: അന്ന് ഞാന്‍ സി. പി. രാമസ്വാമി അയ്യരുടെ ജയിലില്‍
കിടക്കയാണ്‌. എനിക്ക്‌ സൂപ്രണ്ടില്‍ക്കൂടി നീണ്ട ഒരറിയിപ്പു കിട്ടി.
കഥകളും നാടകങ്ങളും വഴി ഞാന്‍ ക്ളാസ്സ്‌ വാറിനു ജനങ്ങളെ
പ്രേരിപ്പിക്കുന്നു. നിയമ സമാധാനങ്ങളെ അവഗണിപ്പിക്കുന്നു. അതുകൊണ്ടാണ്‌
തടങ്കലില്‍ വെച്ചിരിക്കുന്നത്‌. മാപ്പു ചോദിച്ചാല്‍ ഗവണ്‍മെന്‍റ്‌
അതിനെപ്പറ്റി പരിഗണിക്കുന്നതായിരിക്കും. ഇതായിരുന്നു അറിയിപ്പ്‌.

അതിനു കുറേ മുമ്പ്‌ ചീഫ്‌ സെക്രട്ടറിയായിരുന്ന നീലകണ്‌ഠയ്യരും എനിക്ക്‌
ഒരു അറിയിപ്പു തന്നിട്ടുണ്ടായിരുന്നു. ഞാനന്ന് ഒരദ്ധ്യാപകനായിരുന്നു.
ഞാന്‍ യംഗര്‍ ജനറേഷനെ സോഷ്യലിസത്തിലേക്ക്‌ നയിക്കുന്നതിനാല്‍ പിരിച്ചു
വിട്ടു . ശിക്ഷിക്കാതിരിക്കാന്‍ ഇരുപത്തിനാലു മണിക്കൂറിനകം സമാധാനം
കൊടുത്തുകൊള്ളാമെന്ന്‌.

ശരി, കഥയെഴുതുന്നതുകൊണ്ടാണല്ലൊ . ഞാന്‍ സഹിച്ചു കൊള്ളാം. ഇതായിരുന്നു
എന്‍റെ സമാധാനം.

ഇത്തരം അനുഭവങ്ങള്‍ പലതുമുണ്ട്‌. അവ പകര്‍ത്തി യാതനയുടെ മനോരമയാകാനാണോ
ഞാന്‍ ശ്രമിക്കുന്നത്‌ എന്ന്‌ പേടിയാകുന്നു. ഈ അനുഭവങ്ങള്‍ എന്നെ ഒരു
നിഗമനത്തിലേക്ക്‌ കൊണ്ടുചെന്നു. എന്‍റെ കഥകള്‍ കൊള്ളുന്നുണ്ട്‌. എന്ന്‌.
ജനങ്ങളുടേതല്ലാത്ത ഗവണ്‍മെന്‍റും മുതലാളിത്തവും പൌരോഹിത്യവും കൈകോര്‍ത്തു
പിടിച്ചു നിന്നു തകരേണ്ട വ്യവസ്ഥിതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന്
. ദുര്‍ബ്ബലങ്ങളായിരിക്കാമെങ്കിലും അതിനെതിരായിട്ടുള്ള അടികളാണ്‌ കഥകള്‍
വഴി ഞാന്‍ സാധിച്ചുകൊണ്ടിരിക്കുന്നതെന്നും എന്‍റെ കഥകളുടെ അനുഭൂതി
വിശേഷങ്ങളാണ്‌ ഇത്തരം അനുഭവങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നതെന്നും
എനിക്കു വിശ്വാസം വന്നു. ഞാനും ഒരു കഥാകാരനാണെന്ന് എനിക്കാത്മവിശ്വാസം
നല്‍കിയത്‌ ഇത്തരം അനുഭവങ്ങളാണ്‌.

സ്നേഹിതാ ഞാന്‍ കഥാകാരനാകുകയല്ല. എന്നെ കഥാകാരനാക്കുകയാണ്‌ ചെയ്‌തത്‌. .
ആ ചുറ്റുപാട്‌ എന്താണെന്നല്ലേ? പാവപ്പെട്ട ഒരു കര്‍ഷക കുടുംബത്തിലാണ്‌
എന്‍റെ ജനനം. വളരെ നേരത്തേതന്നെ പിതാവു യാത്ര പറഞ്ഞു. ഞാനും എന്‍റെ
അനുജനും ദു:ഖിതയായ മാതാവും . വാല്‍സല്യം എന്തെന്നു ഞാന്‍ അറിഞ്ഞിട്ടില്ല.
മാതാവില്‍ നിന്നുപോലും ലാളിത്യത്തിന്‍റെ സ്‌നിഗ്‌ദ്ധഭാവങ്ങള്‍
ഞങ്ങള്‍ക്കു ലഭിച്ചിട്ടില്ല. കുട്ടികളായ ഞങ്ങളെ വളര്‍ത്തുവാന്‍ അവര്‍
കഷ്‌ടപ്പെട്ട്‌ അദ്ധ്വാനിക്കേണ്ടിവന്നു. അതുകൊണ്ട്‌ പരുപരുപ്പുകളില്‍
ക്കൂടി ഞങ്ങള്‍ വളര്‍ന്നുവന്നു, മാതാവില്‍ നിറഞ്ഞു നിന്ന നിസ്സഹായതാബോധം
ചെറുപ്പത്തിലേ എന്നിലും പ്രതിഫലിച്ചു. തനിച്ചു റോഡിലിറങ്ങിയാല്‍
മോട്ടോര്‍ മുട്ടുമെന്നോ , കുളിക്കാന്‍ പോയാല്‍ വെള്ളത്തില്‍ക്കൂടി
ഒഴുകിപ്പോകുമെന്നോ പേടിക്കുന്ന സ്നേഹത്തിന്‍റെ കരുതല്‍ നടപടികള്‍
എനിക്കായി പ്രവര്‍ത്തിച്ചിട്ടില്ല. ശേഷിയുള്ളതു ശേഷിക്കും എന്ന മട്ടില്‍
ഞാന്‍ വളര്‍ന്നുകയറി. പരമാര്‍ത്ഥം പറഞ്ഞാല്‍ പണക്കാരുടേയും
പരിഹാസനിപുണരുടേയും കണ്ണുകള്‍ക്ക്‌ ഒരു ദുശ്ശകുനമായിട്ടാണ്‌ എനിക്കു
വളരാന്‍ സാധിച്ചത്‌.

ഒരു ദിവസം , ഞാന്‍ ശരിക്ക്‌ ഇപ്പോഴും ഓര്‍ക്കുന്നു. അമ്മയോട്‌ പഴംകഞ്ഞി
വാങ്ങിക്കുടിച്ച ശേഷം കൂട്ടുകാരെ തേടി ഇറങ്ങി. എന്‍റെ ഒരു അയല്‍ക്കാരന്‍
എന്നോടൊപ്പം പ്രായമുള്ള അയാളുടെ മകനുമായി സ്കൂളിലേക്ക്‌ പോകുന്നു.
എന്നെക്കൂടി കൊണ്ടുപോകാമോ എന്നായി ഞാന്‍. അയാള്‍ സമ്മതിച്ചു. അങ്ങനെയാണ്‌
ഞാന്‍ സ്ക്കൂളില്‍ ചേര്‍ന്നത്‌. ഉച്ച വിട്ടപ്പോള്‍ ഞാന്‍ അമ്മയോടു ചെന്നു
പറഞ്ഞു , അമ്മേ, ഞാന്‍ പള്ളിക്കൂടത്തില്‍ ചേര്‍ന്നെന്ന്‌
വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ എനിക്കു ഫീസും ആഹാരവും തരാന്‍
വിഷാദഭാരത്തോടുകൂടി ബുദ്ധിമുട്ടുന്ന എന്‍റെ അമ്മയുടെ ആ
നിസ്സഹായാവസ്ഥയാണ്‌ ആദ്യമായി എന്‍റെ കൊച്ചുഹൃദയത്തില്‍ ചിരട്ടത്തീ
കത്തിച്ചു തുടങ്ങിയത്‌.

അടിയുടേയും ഓട്ടത്തിന്‍റെയും ചെകുത്താന്‍തീ കണ്ടതിന്‍റെയും
പറങ്കിമാവില്‍ നിന്നു വീണതിന്‍റെയും ദൈവത്തിനു ദാഹിച്ചപ്പോള്‍ ഓന്ത്‌
മൂത്രമൊഴിച്ചു കൊണ്ടുചെന്നു കൊടുത്തതിന്‍റെയുമൊക്കെ ധാരാളം കഥകള്‍
എനിക്കെന്‍റെ കൂട്ടുകാരോട്‌ പറയാനുണ്ടായിരുന്നു. ഈ സ്വാധീനശക്തി നിമിത്തം
പണക്കാരുടെ കുട്ടികള്‍പോലും എന്‍റെ പരമാധികാരത്തിനു കീഴിലാണ്‌ അന്നു
വര്‍ത്തിച്ചുപോന്നത്‌.

നാലാം ക്ളാസ്സു ജയിച്ചശേഷം എന്‍റെ കൂട്ടുകാര്‍ ഇംഗ്ളീഷ്‌
സ്കൂളിലേക്ക്‌ പോയിത്തുടങ്ങി. എന്നെ ഇംഗ്ളീഷ്‌ സ്ക്കൂളിലേക്കയക്കാത്തത്‌
എന്തുകൊണ്ടാണെന്ന് ഞാന്‍ അമ്മയോട്‌ ചോദിച്ചുകൊണ്ടിരുന്നു. എന്‍റെ
ഇംഗ്ളീഷ്‌സ്ക്കൂള്‍ ഉപദ്രവം സഹിച്ചൂകൂടാതായ ഒരു ദിവസം നല്ലതില്‍ നാലെണ്ണം
തുടക്കു വെച്ചുതന്നശേഷം അമ്മ നല്‍കിയ നിര്‍ദ്ദേശം ഇതായിരുന്നു. " പോയി
വല്ല ജോലിയും നോക്ക്‌" ഇനി തീയിലും വെള്ളത്തിലും ഒന്നും പോകുകേല. അമ്പ!
പടക്കുതിര കെടന്നു പെടുക്കുന്നു. . അപ്പഴാ ഞൊണ്ടിക്കുതിര!"അടി കൊണ്ട
ഞാന്‍ ഏങ്ങലടിച്ചു കരഞ്ഞുക്കൊണ്ടിരുന്നു. പക്ഷേ, ഇടക്കിടക്കു മുഖം
തിരിച്ച്‌ ആ സ്നേഹഗംഭീരയും കണ്ണുകള്‍ തുടക്കുന്നുണ്ടായിരുന്നു .
പള്ളിയില്‍ പോയില്ലെങ്കില്‍ അമ്മ വഴക്കു പറയും വേണ്ടി വന്നാല്‍ തല്ലും.
ഒരിക്കല്‍ ക്രിസ്തുമസ്‌ വാരത്തില്‍ ഒരു ദിവസം ഞാന്‍ പള്ളിയുടെ പുറകില്‍
കൂട്ടുകാരുമായി വര്‍ത്തമാനം പറഞ്ഞു രസിക്കുകയായിരുന്നു. പള്ളിയുടെ
ഉള്ളില്‍ ദൈവത്തിന്‍റെ അമ്പാസിഡര്‍പ്പണി നടത്തുന്ന വൈദികന്‍
പ്രസംഗിക്കുകയാണ്‌. അദ്ദേഹത്തിന്‍റെ കപ്യാര്‍ സി. ഐ.ഡി വന്ന്‌ എന്നെ '
വാച്ച്‌`' ചെയ്യുന്ന കഥ ഞാന്‍ അറിഞ്ഞില്ല. മൂത്രമൊഴിക്കണമെന്നു
തോന്നിയപ്പോള്‍ പള്ളിയുടെ ഭിത്തിയോടു ചേര്‍ന്നു നിന്നു ഞാന്‍ അതിനു
തയ്യാറായി
"ശ്ശീ-ശ്ശീ-" ഒരു ഘോരാപരാധത്തിന്‍റെ പ്രതിഷേധമെന്നപോലെ കപ്യാര്‍
ശബ്‌ദമുയര്‍ത്തി. അയാള്‍ ചോദിച്ചു:"ദൈവത്തിന്‍റെ മുമ്പിലാണോ
മുള്ളുന്നത്‌? എടുത്തകൈക്കു തന്നെ കുരുത്തം കെട്ട ചെറുക്കനായ ഞാന്‍
ചോദിച്ചു എവിടെ മുള്ളിയാലും ദൈവത്തിന്‍റെ മുമ്പിലല്ലേയെന്ന്. അതിനടുത്ത
ദിവസം പള്ളിയില്‍ വെച്ച്‌ ഒരു സംഭവമുണ്ടായി. പുല്‍ക്കൂട്ടില്‍ ജനിച്ച
ഉണ്ണിയേശുവിനെ പള്ളിയില്‍ നേര്‍ച്ചപ്പെട്ടിയുടെ മുമ്പില്‍ ഒരു മേശമേല്‍
കിടത്തിയിരിക്കയാണ്‌. ദൈവത്തിന്‍റെ നഗ്‌നത വസ്‌ത്ര ഖണ്ഡം മടക്കി അവര്‍
മറച്ചിരിക്കുന്നു. അതിനടുക്കല്‍ ഒരിടത്തു വൈദികനുമുണ്ട്‌. അദ്ദേഹം
സ്‌ത്രീകളെ കുമ്പസാരിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. വലിയ ആള്‍ത്തിരക്കില്ല.
പ്രസ്‌തുത മേശയുടെ അരികില്‍ ചുറ്റിപ്പറ്റിനിന്ന് എനിക്ക്‌ ഒരു സംശയം. ഈ
ദൈവം ആണോ പെണ്ണോ? അത്‌ എങ്ങനെയിരിക്കും? എന്ന്. പതുക്കെ വിഗ്രഹത്തിന്‍റെ
അടുക്കല്‍ ചെന്ന് ഞാന്‍ ആ വസ്‌ത്രഖണ്ഡം പൊക്കി. മഹാപാപത്തിനൊരുങ്ങിയ
എന്‍റെ നേര്‍ക്ക്‌ കുപിതനായ വൈദികന്‍ ഓടിവന്നു. അദ്ദേഹം എന്‍റെ ചെവിയില്‍
ശരിക്ക്‌ തിരുമ്മു തിരുമ്മി. അങ്ങനെ വൈദികനില്‍ ക്കൂടിയും കപ്യാരില്‍
ക്കൂടിയും ആണ്‌ ആദ്യമായി ഷണ്ഡനായ ദൈവം എന്‍റെ വിരോധിയായിത്തീര്‍ന്നത്‌.

ഏഴാംക്ളാസ്സ്‌ പരീക്ഷക്ക്‌ ഫീസടക്കാന്‍ പണത്തിനു വേണ്ടി നട്ടെല്ലും
കുനിച്ച തലയുമായി ഞാന്‍ ചില പണക്കാരെ സമീപിച്ചു. ആ ഗതികേടില്‍
എന്തെന്നില്ലാത്ത ഒരപമാന ബോധം എന്നില്‍ പ്രവര്‍ത്തിക്കാതിരുന്നില്ല
എങ്കിലും ആവശ്യത്തിന്‍റെ ഗൌരവം അങ്ങനെ ചെയ്യിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞ
വാക്യം ഞാന്‍ വ്യക്തമായി ഇപ്പോഴും ഓര്‍ക്കുന്നു. " അമ്പ ഇനി ഇവനാ പഠിച്ചു
പരണേക്കേറാമ്പോണത്‌. പിന്നെ. ഉത്യോഹം പരിക്കാന്‍!

അറിവായ നാള്‍ മുതല്‍ ജീവിതാനുഭവങ്ങളാല്‍ മുതലാളിത്തത്തിന്‍റെ നേര്‍ക്ക്‌
എന്തെന്നില്ലാത്ത ഒരു വെറുപ്പ്‌ എന്നില്‍ വളര്‍ന്നു വന്നു. വളരേയധികം
പണക്കാരുടെയിടയില്‍ നിസ്വനായി ജീവിക്കേണ്ടി വരികയും പണത്തിന്‍റെ
മുമ്പില്‍ മുട്ടുമടക്കാന്‍ ഒരുങ്ങാതിരിക്കുകയും ചെയ്യുമ്പോള്‍ ഒരു
മര്‍ദ്ദിതന്‌ ഇത്‌ സ്വാഭാവികമായിരിക്കാം. സ്നേഹിക്കാനോ വിശ്വസിക്കാനോ
എനിക്ക്‌ ഒന്നും തന്നെ കിട്ടിയില്ല. ചൂടേറിയ അന്നത്തെ
ദിവസങ്ങളെപ്പറ്റിയോര്‍ക്കുമ്പോള്‍ ഇന്നും എന്‍റെ ഉള്ളില്‍
നെടുവീര്‍പ്പുകള്‍ ഉയരുന്നു. ഗവണ്‍മെന്‍റിനോടുണ്ടായ അവിശ്വാസം നിമിത്തം
ഒരു ചെറിയ സര്‍ക്കാര്‍പണി ഉണ്ടായിരുന്നതും ഞാന്‍ രാജി വെച്ചു. സുഖത്തിനും
പ്രതീക്ഷകള്‍ക്കും വേണ്ടി ഞാന്‍ ജീവിക്കണമായിരുന്നില്ല. രണ്ടേ രണ്ടു
മാര്‍ഗ്ഗങ്ങളേ കരണീയമായിരുന്നുള്ളു. ഒന്ന്, വിഴുപ്പുകെട്ടുമായി ഒരു
കഴുതയെപ്പോലെ അനുസരിക്കുക. രണ്ടാമത്തേത്‌ ഒരു ചെന്നായയെപ്പോലെ
എതിര്‍ക്കുക.

കഥ പറയുന്ന തൊഴിലില്‍നിന്ന് വായിക്കുന്ന ലോകത്തേക്കുള്ള മാറ്റമായിരുന്നു
അടുത്തത്‌. വായനയിലുള്ള അഭിരുചി എന്നെ ഒരു പുതിയ ലോകത്തോടടുപ്പിച്ചു.
ടാഗോര്‍കഥകള്‍ മലയാളത്തില്‍ തര്‍ജ്ജമ ചെയ്‌തതത്രയും ഞന്‍ പലയാവൃത്തി
വായിച്ചു. വാസ്‌തവം പറഞ്ഞാല്‍ കഥയില്‍ എനിക്കു കിട്ടിയ ആദ്യത്തെ വെളിച്ചം
അവിടെ നിന്നാണ്‌.വ്യവസ്ഥിതി നിറഞ്ഞ ജീവിതത്തിനു വേണ്ടി സന്ധിയില്ലാത്ത സമരം നടത്തുന്ന
മര്‍ദ്ദിതരുടെ അനുഭവങ്ങളിലും ദിവസങ്ങളിലും ഞാന്‍ ജീവിതത്തിലേ ഏറ്റവും
വലിയ അനുഭൂതി കണ്ടെത്തി. തുല്യദു:ഖിതനായ ഞാന്‍ അവരുടെ ഒരു
വിശ്വസ്നേഹിതനായി പറ്റിച്ചേര്‍ന്നു. ഞാനും എന്‍റെ പാവപ്പെട്ട കുടുംബവും
കുടിക്കേണ്ടിവന്ന കയ്‌പ്പുനീര്‍. പരിഹാസത്തിന്‍റേയും
മര്‍ദ്ദനത്തിന്‍റെയും അപമാനത്തിന്‍റെയും പട്ടിണിയുടേയും പാന
പാത്രങ്ങളില്‍ നിന്ന് ഞങ്ങള്‍ കുടിക്കേണ്ടിവന്ന കയ്‌പ്പുനീരിന്‍റെ
പ്രതികാര നടപടികള്‍ക്ക്‌ കഥ എന്‍റെ നേര്‍ക്ക്‌ ഒരു രാജവീഥി തുറന്നു
കാണിച്ചു. തുല്യ ദു:ഖിതരോട്‌ ചേര്‍ന്നു നിന്ന് ഞാന്‍ ഞങ്ങളുറ്റെ ശബ്‌ദവും
രൂപവും പ്രകാശിപ്പിക്കുവാന്‍ ഒരുങ്ങിയപ്പോള്‍ നിങ്ങളില്‍ ചിലര്‍ എന്നെ
ഒരു കഥാകാരനായി അംഗീകരിച്ചു.ഇത്രമാത്രം.

അങ്ങനെ കഥ പറയുക വായിക്കുക ഈ നടപടികള്‍ക്കു ശേഷം അതിന്‍റെ കലാപരമായ
നിര്‍മ്മാണത്തിലേക്കായി എന്‍റെ ശ്രമം. എന്‍റെ ആദ്യകഥകള്‍ക്കു തന്നെ ,
മാതൃഭൂമി, മനോരമ ആഴ്ചപ്പതിപ്പ്‌, ശ്രീ കൈനിക്കര കുമാരപ്പിള്ള നടത്തിയ ഒരു
മാസിക - പേര്‌ ഇപ്പോല്‍ ഓര്‍ക്കുന്നില്ല. - ഇവയിലൊക്കെ തുടര്‍ച്ചയായി
കുറേ കഥകള്‍ വന്നുകഴിഞ്ഞപ്പോള്‍ , കഥയെഴുതിയതിനെപറ്റി ഞാനും
അഹങ്കരിച്ചുതുടങ്ങി. ഇന്ന് അത്‌ എന്‍റെ മുഖ്യമായ ആദായമാര്‍ഗ്ഗംകൂടിയാണ്‌.

ഞാന്‍ കഥാകാരനായ കഥയുടെ പശ്‌ചാത്തലത്തെ ഇവിടെ രേഖപ്പെടുത്തിയെന്ന് ഞാന്‍
അഭിമാനിക്കുന്നില്ല. ഇതൊക്കെയാണ്‌ കാരണമെന്നും വാദിക്കുന്നില്ല.
അങ്ങനെയാണെങ്കില്‍ ഈ അനുഭവങ്ങളില്‍ പലതുമുള്ള എന്‍റെ അനുജനും ഒരു
കഥാകാരനാകേണ്ടതല്ലേ? സമാന്യം നീണ്ടുപോയ ഈ കഥ ഞാന്‍ നിറുത്തട്ടെ
ഒറ്റവാക്യംകൂടി. എന്നെ സ്നേഹിക്കുന്നവരും വെറുക്കുന്നവരുമായ എല്ലാ
വായനക്കാരോടും ഞാന്‍ ഒരുപോലെ കൃതജ്ഞനാണ്‌.

ദേശത്തിന്‍റെ കാവ്യലോകത്ത്‌ ഇത്തിരി നേരം-ധന്യഹരികൃഷ്‌ണന്‍
അഭിമുഖംവേനല്‍ചൂടിന്‍റെ ആധിക്യത്തിലും, മനസ്സില്‍ ദേശം കവിതകളുടെ
കുളിര്‍മ്മയുമേന്തി എന്‍.കെ. ദേശത്തിന്‍റെ വീട്ടിലേക്ക്‌ യാത്ര തിരിച്ചു.
മലയാള കവിതാരംഗത്ത്‌ ഇന്ന് ശ്രദ്ധിക്കപ്പെടുന്നവരില്‍ മുഖ്യനാണ്‌ എന്‍
കെ. ദേശം എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന എന്‍
കുട്ടിക്കൃഷ്‌ണപ്പിള്ള. സ്വന്തം അയല്‍ക്കാരന്‍കൂടിയായ അദ്ദേഹവുമായി ഒരു
ചെറു സാഹിത്യസംഭാഷണം നടത്തണമെന്നത്‌ ഏറെ നാളായി കൊണ്ടു നടക്കുന്ന
ആഗ്രഹമാണ്‌. ഒത്തിരി ആകാംക്ഷയോടും ഉത്‌കണ്‍ഠ്‌യോടും കൂടി അവിടെ
എത്തിച്ചേര്‍ന്ന എന്നെ അദ്ദേഹം ഒരു പിതാവിന്‍റെ വാല്‍സല്ല്യത്തോടെ
സ്വീകരിച്ചു. എന്‍ കെ. ദേശവുമായുള്ള കുശലസംഭാഷണങ്ങള്‍ക്കായി എന്‍റെ
ശിഷ്യഗണങ്ങളും കൂടെ കൂടിയിരുന്നു. അതിനാല്‍ തന്നെ ഉള്ളു തുറന്നു
സംസാരിക്കുവാനും , അനുഭവങ്ങള്‍ പങ്കിടാനും നിഷ്‌പ്രയാസം കഴിഞ്ഞു. നിറഞ്ഞ
വാല്‍സല്ല്യത്തോടെ അദ്ദേഹം ഞങ്ങളുമായുള്ള സംഭാഷണം ആരംഭിച്ചു.


ചോദ്യം:' എന്‍കെ. ദേശം' എന്ന പേരില്‍ നിന്നു തന്നെ താങ്കളുടെ
ജന്‍മദേശത്തോടുള്ള ആഭിമുഖ്യം വ്യക്തമാകുന്നു. ഈ ദേശം എത്രത്തോളം
താങ്കളുടെ സാഹിത്യ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്‌?

ഉത്തരം: എന്‍റെ ജന്‍മ നാടായ ഈ 'ദേശം' എന്‍റെ കാവ്യജീവിതത്തെ മാത്രമല്ല
, വൈയക്തിക ജീവിതത്തെ ആകമാനം രൂപപ്പെടുത്തുന്നതില്‍ സഹായിച്ചിട്ടുണ്ട്‌.
ഒരു വ്യക്തിയുടെ രൂപ ഭാവങ്ങള്‍ , സംസ്ക്കാരം, താല്‍പ്പര്യങ്ങള്‍
ആചാരങ്ങള്‍ ഭാഷ എന്നിവയെല്ലാം രൂപപ്പെടുത്തുന്നതിന്‌ സമൂഹത്തിന്‌ വലിയൊരു
പങ്കുണ്ട്‌. പ്രത്യേകിച്ച്‌ ഒരു എഴുത്തുകാരന്‍റെ ജീവിതത്തെ ഏറെ
സ്വാധീനിക്കുന്ന ഘടകമാണ്‌ ജന്‍മനാട്‌. എന്നെ അപേക്ഷിച്ചു
നോക്കുകയാണെങ്കില്‍ ഈ പെരിയാറും ,നിഷ്‌ക്കളങ്കരായ ഇവിടുത്തെ ദേശം
നിവാസികളുമെല്ലാം തന്നെ എന്‍റെ തൂലിക ത്തുമ്പിനെ ഇന്നും
നിയന്ത്രിക്കുന്നു. എന്‍റെ സാഹിത്യലോകത്തു നിറഞ്ഞു നില്‍ക്കുന്ന ഗ്രാമീണ
ചായ്‌വ്‌ ഒരു പക്ഷേ ഇതിന്‍റെ പ്രതിഫലനങ്ങളായിരിക്കാം എത്ര
ഉയരങ്ങളിലേക്ക്‌ കുതിച്ചാലും ജന്‍മനാടിനേയും , മാതൃഭാഷയേയും അവഗണിക്കാന്‍
സാധ്യമല്ല. ചോ: ആദ്യകൃതി എഴുതുവാനുണ്ടായ സാഹചര്യം എന്താണ്‌?ഉ: വിദ്യാലയ
ജീവിതക്കാലത്തു തന്നെ ഞാന്‍ കവിതയുടെ പണിപ്പുരയിലേക്ക്‌ പ്രവേശിച്ചു
എന്നു വേണം പറയാന്‍ ഒരു പക്ഷേ ഇന്നത്തെ തലമുറക്ക്‌ അപരിചിതമായ
'കയ്യെഴുത്തു മാസിക' എന്നൊരു സംരംഭം അക്കാലത്തുണ്ടായിരുന്നു.
സാഹിത്യാഭിരുചിയുള്ള ഏതാനും വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്
'ഉദയഭാസ്‌ക്കരന്‍' എന്നൊരു മാസികക്ക്‌ രൂപം നല്‍കി. കഥകളും കവിതകളും
തുടങ്ങി നിരവധി സൃഷ്‌ടികള്‍ കൊണ്ടു സമ്പന്നമായിരുന്നു ഈ മാസിക. ഇത്തരമൊരു
സംരംഭം വിദ്യാര്‍ത്ഥികളെ എഴുത്തു രംഗത്തു മാത്രമല്ല എഡിറ്റിംഗ്‌
,ഡിസൈനിങ്ങ്‌, തുടങ്ങി ഒരു മാസികക്ക്‌ ആവശ്യമായ എല്ലാ വശങ്ങളും
അറിഞ്ഞിരിക്കാന്‍ പ്രാപ്‌തരാക്കുന്നു. അങ്ങനെ ബാല്യത്തിന്‍റെ
ചുറുചുറുക്കില്‍ കയ്യെഴുത്തു മാസികയിലൂടെയാണ്‌ എന്‍റെ ആദ്യകൃതി
ജന്‍മമെടുത്തത്‌. എന്നാല്‍ പുറം ലോകം കണ്ട ആദ്യകൃതി 'അന്തിമലരി' എന്ന
കവിതാസമാഹാരമാണ്‌.

ചോ: ഛന്ദസ്സിനേയും അലങ്കാരത്തേയും പാടേ
അവഗണിച്ചുകൊണ്ടുള്ളതാണല്ലൊ ഇന്നത്തെ കവിതാരചന താങ്കളുടെ 'വയാകരണന്‍' എന്ന
കവിതയുടെ പ്രമേയവും ഇതു തന്നെ. ഈയൊരു രചനാരീതി വ്യതിയാനത്തെക്കുറിച്ച്‌
താങ്കള്‍ക്ക്‌ എന്താണ്‌ പറയുവാനുള്ളത്‌?


ഉ: വൃത്തവിരുദ്ധമായ കവിതകളോട്‌ എനിക്ക്‌ പൊതുവെ യോജിപ്പില്ല. ഇന്നത്തെ
ജനതക്ക്‌ വൃത്തഭംഗിയോട്‌ പൊതുവെ താല്‍പ്പര്യമില്ലായ്‌മയാണ്‌ കാണുന്നത്‌.
ഒരു പക്ഷേ ഇതില്‍ വേണ്ടത്ര ജ്ഞാനമില്ലാത്തതുകൊണ്ടും ആകാം. രാഗത്തേയും
താളത്തേയും മാറ്റിനിര്‍ത്തിക്കൊണ്ട്‌ ഒരു കര്‍ണ്ണാടകസംഗീതം ആലപിക്കുവാന്‍
കഴിയുമൊ? ഒരിക്കലും ഒരു കവിതാസ്വാദനം ഒരു നോവല്‍ വായനയെപ്പോലെയാകരുത്‌.
നമ്മുടെ കവിതാപാരമ്പര്യം തന്നെ വൃത്തഭംഗിയില്‍ അടിയുറച്ചതാണ്‌. എന്തിനേറെ
പറയുന്നു? രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസകൃതികളില്‍ നിന്നു തുടങ്ങി
വേദങ്ങള്‍ ആനശാസ്‌ത്രം എന്നിവപ്പോലും വൃത്തനിബന്ധമായിട്ടാണ്‌ ആലേഖനം
ചെയ്യപ്പെട്ടിട്ടുള്ളത്‌. ആശയം മാത്രമാകയാല്‍ അതൊരിക്കലും കവിതയാകില്ല.
ഗദ്യത്തിലെഴുതിയതുകൊണ്ട്‌ അതു കവിതയാകണമെന്ന് നിര്‍ബന്ധമില്ല.
പദ്യത്തിലെഴുതിയതേ കവിതയാക്കാവൂയെന്ന് എവിടേയും പറഞ്ഞിട്ടുമില്ല. എം. പി.
പോള്‍ നോവലിനെ നിര്‍വ്വചിച്ചിരിക്കുന്നതു തന്നെ 'ഗദ്യകാവ്യം' എന്നല്ലെ.
കവിതയുടെ മാറ്റുരച്ചു നോക്കുന്നത്‌ ഗദ്യത്തിലൂടെ തന്നെയാണ്‌. ജി.
ഉള്‍പ്പെടെ നമ്മുടെ പല മഹാകവികളും ഗദ്യകവിതകള്‍ എഴുതിയിട്ടുണ്ട്‌. എന്‍റെ
'മുദ്ര' എന്ന കവിതയും അതിനോട്‌ ചായ്‌വുള്ളതാണ്‌. എങ്കിലും ഗദ്യ- പദ്യ
രൂപങ്ങളില്‍ ഒന്നും ഒന്നിനു പകരം വെക്കാന്‍ സാധ്യമല്ല. മലയാള
സാഹിത്യമാകുന്ന നാണയത്തിന്‍റെ ഇരുപുറങ്ങളാണവ.

ചോ: സമകാലിക സാഹിത്യരംഗത്തെ സ്‌ത്രീ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള
താങ്കളുടെ അഭിപ്രായമെന്താണ്‌? അങ്ങയുടെ 'അല്‍ഫോണ്‍സ' എന്ന കവിത ഇതിനു
ദൃഷ്‌ടാന്തമാണല്ലൊ?


ഉ: ഇത്തരമൊരു തരംതിരിവിന്‍റെ തന്നെ ആവശ്യമുണ്ടെന്ന് എനിക്കു
തോന്നുന്നില്ല മലയാള സാഹിത്യരംഗത്ത്‌ ആദ്യകാലത്തുതന്നെ
സ്‌ത്രീസാന്നിദ്ധ്യം ഉണ്ടായിരുന്നു. ലളിതാംബികാന്തര്‍ജ്ജനം ,
സരസ്വതിയമ്മ, തുടങ്ങിയവരെല്ലാം തന്നെ എടുത്തുപറയേണ്ട്‌
വ്യക്തിത്വങ്ങളാണ്‌. എന്നാല്‍ ഫെമിനിസത്തിന്‍റെയൊ, പെണ്ണെഴുത്തിന്‍റെയൊ
ചുവ പിടിച്ചല്ല ഇവരൊന്നും തന്നെ ഉയര്‍ന്നു വന്നത്‌. നല്ല
കഥകളിലൂടെമാത്രമാണ്‌ . അവര്‍ ഒരിക്കലും സ്‌ത്രീക്കുവേണ്ടി അവകാശവാദങ്ങള്‍
ഉന്നയിക്കുവാനോ പുരുഷ വിദ്വേഷം ഉയര്‍ത്തിക്കാട്ടാനോ ശ്രമിച്ചിട്ടുമില്ല.
തങ്ങളുടെ കഥകളിലൂടെ സ്‌ത്രീക്ക്‌ അന്നത്തെ സമൂഹത്തില്‍ നേരിടേണ്ടി
വന്നിരുന്ന യാതനകളെ ചൂണ്ടിക്കാണിച്ചു എന്നു മാത്രം. കുമാരാനാശാന്‍
ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, തുടങ്ങി നിരവധി സ്‌ത്രീ പ്രാധാന്യമുള്ള
കൃതികള്‍ രചിച്ചിട്ടുണ്ടല്ലൊ. എന്നാല്‍ അതുകൊണ്ട്‌ ആശാന്‍ ഒരു സ്‌ത്രീ
വിഷയവാദിയാണെന്ന് പറയാന്‍ കഴിയുമോ? ഫെമിനിസം എന്നത്‌ ഒരിക്കലും പുരുഷനെ
ധിക്കരിക്കാനുള്ള വഴിയല്ല.


ചോ: ദേശം കവിതയിലെ നര്‍മ്മരസം ഏവരും എടുത്തുപറയുന്ന ഒരു
സവിശേഷതയാണല്ലൊ. സഞ്ജയനെപ്പോലെ ഗൌരവമായ കാര്യങ്ങള്‍ നര്‍മ്മരസത്തോടെ
അവതരിപ്പിച്ചാല്‍ വയനക്കാരില്‍ വേഗം എത്തിക്കാം എന്നാണോ ഇതിനു പിന്നില്‍?


ഉ: ശരാശരിയും അതില്‍ താഴ്ന്നവരും ആയ വായനക്കാര്‍ ഒരിക്കലും ഗൌരവമായ
വായന നടത്തുന്നവരല്ല. അങ്ങനെയുള്ളവര്‍ക്ക്‌ ഇത്തരമൊരു രചനാരീതി വളരെ
ഉപകാരപ്രദമായിരിക്കും നര്‍മ്മരസം ചിലപ്പോള്‍ ആക്ഷേപഹാസ്യത്തിന്‍റെ
രൂപത്തില്‍ വരെ എത്തിചേര്‍ന്നേക്കാം പാരമ്പര്യം, വിദ്യാഭ്യാസം, സഹവസം
എന്നിവകൊണ്ടെല്ലാം നര്‍മ്മരസം വളരാം. ഞാനൊരിക്കലും നര്‍മ്മരസം
കരുതിക്കൂട്ടിയെഴുതുന്നതല്ല. നാട്ടറിവുകളിലൂടേയും,
ജീവിതാനുഭവങ്ങളിലൂടേയും സ്വാംശീകരിച്ചെടുത്തതാണ്‌.

ചോ: സംഗീതം തുളുമ്പുന്നവയാണ്‌ താങ്കളുടെ ഒട്ടുമിക്ക കൃതികളും .
രചനാവേളയില്‍ ഇതിനു പ്രത്യേകം ശ്രദ്ധിക്കാറുണ്ടോ?


ഉ: കവിതാരചന തൃപ്തിയാകണമെങ്കില്‍ സംഗീതരസം വേണമെന്നെനിക്കു
നിര്‍ബന്ധമാണ്‌. ചെരുപ്പകാലത്തു വളര്‍ത്തിയെടുത്ത അക്ഷരശ്ളോക പാടവം
ശ്ളോകങ്ങളോടും,ദൈവീകനാമ സങ്കീര്‍ത്തനങ്ങളോടുമുള്ള പ്രത്യേക താത്‌പ്പര്യം
, ഈണത്തില്‍ ചൊല്ലാവുന്ന കുഞ്ചന്‍നമ്പ്യാര്‍, വെണ്‍മണി കൃതികള്‍
എന്നിവയോടുള്ള മമത എന്നിവയെല്ലാം തന്നെയെന്നില്‍ സ്വാധീനം
ചെലുത്തിയിട്ടുണ്ട്‌.


ചോ: 'വായന മരിക്കുന്നു' എന്ന അഭിപ്രായത്തോട്‌ താങ്കള്‍ യോജിക്കുന്നുണ്ടോ?


ഉ: ' മരണം' എന്ന വിശേഷണം അതിനു ചാര്‍ത്തിക്കൊടുക്കാമോ എന്നു സംശയമാണ്‌.
എന്നിരുന്നാലും 'ക്ഷീണം പറ്റിയിട്ടുണ്ട്‌.' എന്നതു` സത്യം തന്നെ.
മാധ്യമരംഗവും സാങ്കേതികയുഗവും തമ്മില്‍ ചെലുത്തിയ സ്വാധീനമാണ്‌ ഇതിനു
പ്രധാന കാരണം. ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ നഗരങ്ങളെ
അപേക്ഷിച്ച്‌ കുറവായതിനാല്‍ വായനാശീലം അവിടെയായിരുന്നു ഏറെ
കണ്ടിരുന്നത്‌. എന്നാല്‍ ഇന്ന് അതിനും വ്യതിയാനം വന്നു. വായനയെ പൊതുവെ
രണ്ടായി തിരിക്കാം. 'നേരം പോക്കിനുള്ള വായനയും, ഗഹനമായ വായനയും ഇവിടെ
യഥാര്‍ത്ഥത്തില്‍ മരിക്കുന്നത്‌ ഗഹനമായ വായനയാണ്‌. കുഞ്ഞുണ്ണി മാഷിന്‍റെ
വരികളാണ്‌ ഈ സന്ദര്‍ഭത്തില്‍ നാവിന്‍ത്തുമ്പില്‍ ഓടിയെത്തുന്നത്‌. '
വായിച്ചാലും വളരും , വായിച്ചില്ലേലും വളരും വായിച്ചു വളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും'ചോ: ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രാദായത്തെ ഒരു സമൂഹസ്നേഹി എന്ന
നിലയില്‍ താങ്കള്‍എങ്ങിനെ നോക്കിക്കാണുന്നു?ഉ: നല്ല പൌരന്‍മാരെ വാര്‍ത്തെടുക്കുകയെന്നതായിരിക്കണം
വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം. സാഹിത്യത്തേയും മാതൃഭാഷയേയും അവഗണിച്ചു
കൊണ്ടുള്ളതായിരിക്കരുത്‌ അത്‌. യഥാര്‍ത്ഥത്തില്‍ അക്ഷരാഭ്യാസം മാത്രമെ
ഇന്ന് വിദ്യാലയങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെടുന്നുള്ളു. വിദ്യാഭ്യാസം
പൂര്‍ത്തിയാകുന്നില്ല്. കൊടുക്കുംന്തോറും ഏറിടുന്നതാണ്‌ വിദ്യ.
ഹൃദയത്തില്‍ ഉള്‍ക്കൊണ്ടുള്ളതാകണം പഠനം. വിദ്യാഭ്യാസരംഗത്ത്‌ ഇന്ന്
കച്ചവട താല്‍പ്പര്യങ്ങളാണ്‌ മുന്നിട്ടു നില്‍ക്കുന്നത്‌.


ചോ: പത്തിരുപതു വര്‍ഷങ്ങള്‍ക്കുശേഷം നമ്മുടെ മലയാള സാഹിത്യത്തിന്‍റെ
നിലയെന്തായിരിക്കും?


ഉ: ഒരു പക്ഷേ വരണ്ട ഒരു ഗദ്യലോകമായിരിക്കും നമ്മെ
കാത്തിരിക്കുന്നത്‌. നിരൂപണരംഗവും സത്യസന്ധമല്ലാതായിത്തീരും.ചോ: ഇന്നത്തെ യുവതലമുറക്കായി നല്‍കാന്‍ താങ്കളുടെ സന്ദേശം?


ഉ: ഭാഷ പഠിക്കുക, വായന വളര്‍ത്തുക, അതായിരിക്കണം നമ്മുടെ ലക്ഷ്യം.
കഥയിലും കവിതകളിലും മാത്രം ഒതുങ്ങിക്കൂടരുത്‌ നമ്മുടെ വായന.
മഹാത്മാക്കളുടെ ജീവച്ചരിത്രം, ആത്മകഥ, എന്നിവയിലെല്ലാം നമ്മുടെ വായന
എത്തിച്ചേരണം. അതില്‍ നിന്നെല്ലാം വൈയക്തിക ജീവിതത്തില്‍ ഉള്‍ക്കൊള്ളാന്‍
നിരവധിയുണ്ട്‌. നല്ല മനുഷ്യനാകാന്‍ നല്ല സാഹിത്യം ഏെറെ സഹായിക്കും. വായന
മരിക്കാതെ കാത്തുസൂക്ഷിക്കേണ്ടത്‌ നിങ്ങളാണ്‌. മാതൃഭൂമി, മാതൃഭാഷ ഇവ
രണ്ടും സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്‌ഠമാണ്‌. ഏതു രാജ്യത്തും ഏതു നിലയിലും
എത്തിച്ചേര്‍ന്നാലും ഇതു മറക്കാതിരിക്കുക

ഒരു പ്രസാധകന്‍റെ പിന്‍കുറിപ്പുകള്‍-ഷെല്‍വി


പത്താംക്ളാസ്സ്‌ പരീക്ഷ കഴിഞ്ഞുള്ള ആയിരത്തി
തൊള്ളായിരത്തിയെഴുപത്തഞ്ചിലെ വേനലവധിക്കാലം പാഠ്യേതരമായ എന്തെങ്കിലും
പുസ്‌തകങ്ങള്‍ വാങ്ങുവാനോ വായിക്കുവാനോ വീട്ടുകാര്‍ അനുവദിച്ചു
തന്നിട്ടുള്ള ഹ്രസ്വമായ ഒരു ഇടവേള. ഒരുമനയൂരില്‍ നിന്ന് ചാവക്കാട്‌ വഴി
ഗുരുവായൂരിലെത്താന്‍ മൂന്നോ നാലോ കിലോമീറ്റര്‍ കാണും
പള്ളിപ്പെരുന്നാളിനും ഗൈഡുകള്‍ വാങ്ങാനും മുമ്പു ബന്ധുക്കള്‍ തന്ന ചില്ലറ
നോട്ടുകള്‍ സൂക്ഷിച്ച്‌ പോക്കറ്റിലിട്ടിട്ടുണ്ട്‌. ഗുരുവായൂര്‍
'കൃഷ്‌ണ'യില്‍ നിന്ന്‌ നല്ലൊരു സെക്സ്‌ പടം കാണാനാണ്‌ സത്യത്തില്‍
ഞാനന്ന് പുറപ്പെട്ടത്‌. എത്തിയപ്പോള്‍ തീയേറ്ററിന്‍റെ ടിക്കറ്റ്‌
കൌണ്ടറുകള്‍ അടച്ചിരുന്നു. ഇത്ര അടുത്തായിരുന്നിട്ടും ഗുരുവായൂരമ്പലം
ഞാനന്നുവരെ കണ്ടിരുന്നില്ല. അങ്ങിനെ പടിഞ്ഞാറെ നടയിലൂടെ കുറച്ചു
മുന്നോട്ടു നടന്നു. അപ്പോള്‍ ശാന്താ ബുക്‌സ്റ്റാള്‍ എന്നൊരു ബോര്‍ഡു
കണ്ടു നിന്നു. വായിക്കുവാന്‍ കുറച്ചു നല്ല പുസ്‌തകങ്ങള്‍ വേണമെന്ന്
എനിക്കപ്പോളൊരു മോഹം തോന്നി. ഭക്തി മാര്‍ഗ്ഗ പുസ്‌തകങ്ങളായിരുന്നു അവിടെ
കൂടുതലും കണ്ടത്‌ എനിക്കപ്പോള്‍ അടുപ്പം തോന്നിയ ബുക്‌സ്റ്റാളിലെ ആ
മനുഷ്യനോട്‌ (ഫ്രാന്‍സിസ്‌ എന്നോ മറ്റോ ആണ്‌ അദ്ദേഹത്തിന്‍റെ പേര്‌) നല്ല
ചില പുസ്‌തകങ്ങള്‍ സ്വയം തിരെഞ്ഞെടുത്തു തരുവാന്‍ ഞാന്‍ ആവശ്യപ്പെട്ടു.
അല്‍പ്പം തിരഞ്ഞ്‌ അദ്ദേഹം എനിക്കു മൂന്നു പുസ്‌തകങ്ങള്‍ നല്‍കി.
-ഖസാക്കിന്‍റെ ഇതിഹാസം, കാലം, അരനാഴിക നേരം. എന്‍റെ മാനസികമായ
ദൌര്‍ഭാഗ്യങ്ങളുടേയും പീഡകളുടെയും തുടക്കം ആ ഒരു മുഹൂര്‍ത്തത്തില്‍
നിന്നാവാം. വായനയുടെ അശാന്തി, അകക്കണ്ണു വിടരല്‍ , ആത്മാവിന്‍റെ അകിടു
ചുരത്തല്‍.... അതൊക്കെ അവിടെ നിന്നാവാം!

* * *
മള്‍ബെറിയുടെ ആദ്യ പുസ്‌തകമായ മൂന്നാം ലോകകഥ (1985 )യില്‍ ആനന്ദും ഒ വി
വിജയനും മാത്രമായിരുന്നു മലയാളത്തെ പ്രതിനിധീകരിച്ച രണ്ടെഴുത്തുകാര്‍. കഥ
സമാഹാരത്തില്‍ ചേര്‍ക്കാന്‍ അനുമതി ചോദിച്ച്‌ ഞാനദ്ദേഹത്തിന്‌ കത്തെഴുതി.
അന്ന് തന്‍റെ പ്രസാധകരായ എസ്‌ പി സി എസ്സി നോട്‌ എഴുതിചോദിക്കുവാനാണ്‌
നാളുകള്‍ക്കുശേഷം , മാന്യമായ രീതിയില്‍ അദ്ദേഹം മറുപടിയെഴുതിയത്‌.
അദ്ദേഹത്തിന്‍റെ മറുപടി കിട്ടും മുമ്പേ പുസ്‌തകമിറങ്ങി. കോപ്പി
കിട്ടിയപ്പോള്‍ വിജയന്‍ ഏതാണ്ടിങ്ങനെ എഴുതി " പ്രസാധകന്‍
(മള്‍ബെറി)അമിതാവേശം കൊണ്ട്‌ എടുത്തു ചേര്‍ത്തതാണ്‌ ആ കഥ. (ആല്‍മരം)
മാപ്പാക്കുവാന്‍ ഞാന്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തോട്‌
അപേക്ഷിക്കാം.
* * *


ഏതാണ്ട്‌ രണ്ടു വര്‍ഷം മുമ്പേ ഞാനും ഇംപ്രിന്‍റ്‌ ബുക്‌സിലെ റഹീമും കൂടി
കോട്ടയത്തു നിന്ന് വിജയനെ കാണാന്‍ പോയി. വീട്ടിലപ്പോള്‍
ഒ.വി.ഉഷയുണ്ടായിരുന്നു. കാപ്പി കുടിച്ചുകൊണ്ട്‌ (കൈകള്‍ അനുനിമിഷം
വിറച്ചുകൊണ്ടിരുന്നു) വിജയന്‍ വളരെ കുറച്ചു സംസാരിച്ചു. ഒ വി വിജയനുമായി
പലരും നടത്തിയ അഭിമുഖസംഭാഷണങ്ങളുടെ ഒരു സമാഹാരം പുസ്‌തകമാക്കാനുള്ള
എന്‍റെ ആഗ്രഹം ഞാനറിയിച്ചു. വിജയന്‍ സന്തോഷപൂര്‍വ്വം സമ്മതം മൂളി. ഒപ്പം
വിജയന്‍റെ എല്ലാ കൃതികളുടേയും പ്രസാധകനായ ഡി സി യുടെ മകന്‍ രവി ഡി സി
യോട്‌ ഇതേക്കുറിച്ച്‌ സംസാരിക്കണം എന്നും ചുണ്ടുകള്‍ പതുക്കെയനക്കി.
അദ്ദേഹം പറഞ്ഞു , പ്രസാധകനും എഴുത്തുകാരനും തമ്മിലുള്ള ആത്മാര്‍ത്ഥമായ
പാരസ്‌പര്യത്തിന്‍റെ സത്യം ഞാനറിഞ്ഞു. ഞാനപ്പോള്‍ രവിക്ക്‌
ഇതേക്കുറിച്ച്‌ എഴുതി. പിന്നീട്‌ ഈയ്യിടെയാണ്‌ പി.കെ. പാറക്കടവ്‌ വീണ്ടും
ഇക്കാര്യം ഓര്‍മ്മപ്പെടുത്തുന്നതും അതിനു വേണ്ട ലേഖനങ്ങളും അഭിമുഖങ്ങളും
തയ്യാറക്കി തരുന്നതും ഒരര്‍ത്ഥത്തില്‍ കാല്‍നൂറ്റാണ്ടിലേറെ പഴക്കമുള്ള
ഒരു മാനസിക ബന്ധം പി കെ സഫലമാക്കിയെന്നു പറയാം

* * *
ഇനി ഞാന്‍ വിജയന്‍ എന്ന വായനാനുഭവത്തെ ഇതിനു താഴെ ചില വാക്കുകളില്‍
അപൂര്‍ണ്ണമായി കോറിയിടട്ടെ.

മഴ, വയല്‍, വയല്‍ നിറയെ വെയില്‍

തുമ്പി


വെയിലിന്‍റെ മദ്ധ്യാഹ്‌ന വിജനതയില്‍
നിറ നിറയെ തുമ്പികള്‍
പാലക്കാടന്‍ വയലുകളിലെ തുമ്പികള്‍
രാത്രിയില്‍ , ഏകാന്തമായ രാത്രിയില്‍
മനസ്സോര്‍ക്കുമ്പോള്‍
ഓരോ തുമ്പിയും ഓരോ ഓര്‍മ്മയെ സ്പര്‍ശിക്കുന്നു.
പൂവമ്പു പോലെ ഹൃദയത്തില്‍ തറയ്‌ക്കുന്ന
പ്രണയത്തിന്‍റെ നിതാന്ത വിരഹത്തിന്‍റെ
തുള്ളിമഴ
കാറ്റ്‌:
പിന്നെ വരുന്നത്‌ പല ദിക്കില്‍ നിന്നുമുള്ള
ഒരുപാടൊരുപാട്‌ കാറ്റുകളാണ്‌.
കാറ്റുകളില്‍ നിറയെ ചിത്രങ്ങളും ചരിത്രങ്ങളും
ചിരിപ്പാട്ടങ്ങളും കഥകളും ഉണ്ടായിരുന്നു.
കാറ്റ്‌ ഏറ്റവും പ്രാക്തനമായിരുന്നു.
കാറ്റ്‌ ജീവനായിരുന്നു.
കാറ്റിന്‍റെ വെളിച്ചപ്പാട്‌
നെറുക വെട്ടിപ്പൊളിച്ച്‌
ചോരയൊലിപ്പിച്ച്‌
ഒരു ഗതികിട്ടാ പ്രേതം പോലെ
അവസാനത്തെ വെളിപാടുമായി
അലയുന്നു അലയുന്നു അലയുന്നു

കരിമ്പന


ഒടുവില്‍ ഫ്രെയ്‌മില്‍ നിറയുന്നത്‌
സാക്ഷാല്‍ കരിമ്പനയാണ്‌
അര്‍ദ്ധരാത്രിയില്‍
ഒറ്റക്കൊരു കരിമ്പന
മുഴുനീളെ നിലാവില്‍ കാണുക
അപാര വിസ്‌മയമാണ്‌.
കരിമ്പന അമ്മാമയും അമ്മയും കാമുകിയുമാകുന്നു.
അത്‌ രഹസ്യങ്ങളുടെ രഹസ്യവും
വേദനയുടെ വേദനയും പകരുന്നു.
അപ്പോള്‍ അകാലം
നീയും കരിമ്പനയും
തനിയെ.ഓല


എഴുത്തച്ഛന്‍ ബാക്കി വെച്ച
ഏതാനും ചില പനയോലകള്‍
പറന്നു പറന്നു പറന്ന്
പാലക്കാടെത്തി എന്നൊരു ഐതിഹ്യമുണ്ട്‌.
അതിലെഴുതിയയാളെ ശങ്കയില്ലാതെ വിളിക്കാം :
ഒ വി വിജയന്‍
[മള്‍ബറി പ്രസിദ്ധീകരിച്ച 'വിജയന്‍ എന്ന പ്രവാചകന്‍ ' എന്ന പുസ്തകത്തില്‍ നിന്ന്‌]

എന്‍റെ ഭാഷയെ തിരിച്ചുതരിക-ഒ.വി. വിജയന്‍നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്‌. ഒരു തരത്തിലല്ലെങ്കില്‍
മറ്റൊരു തരത്തില്‍. നൂറ്റാണ്ടുകളിലൂടെ കൊച്ചുളികളും ചെറു ചുറ്റികകളും
അലസമായി പണിയുന്നു. വലിയ സന്ദേഹങ്ങളില്ലാതെ ,സൃഷ്‌ടിയുടെ നോവുകളില്ലാതെ .
ഈ ശരാശരിത്വം തുടര്‍ന്നുപോകുന്നതിന്‍റെ ചരിത്രമാണ്‌ നമ്മുടെ സാഹിത്യം.
ഇവിടെ മരത്തിന്‍റെ മാറ്റ്‌ മനസ്സിലാകാതെ പോകുന്നത്‌ തച്ചന്‍മാര്‍ തന്നെ.


ശബ്‌ദപാളികള്‍ ആഹ്ളാദത്തില്‍ , ശക്തിയില്‍, അടര്‍ന്ന്‌ ഘനതലങ്ങളില്‍
പതിക്കുമ്പോഴാണ്‌ സാഹിതി ഉടലെടുക്കുന്നത്‌. ഈ ശബ്‌ദപാളികള്‍ ഇന്ന്‌
ദുര്‍ബ്ബലങ്ങളാണ്‌. അവയുടെ ഭൌതികാടിസ്ഥാനം തുള വീണു കിടക്കുകയാണിന്ന്‌.
തുള വീണ ഭാഷ.! ഓര്‍ത്തുനോക്കിയാല്‍ ഭയാനകം.'
തുള വീണ ഭാഷയില്‍ ചിന്തിച്ച്‌ അരികു ഭാഷയില്‍ ചിന്തയില്ലാതെ ശബ്‌ദിച്ച്‌
, വികലമായ ഇങ്കീരിയസ്സിന്‍റെ കോമാളിമാലകളണിഞ്ഞ്‌ ഗള്‍ഫന്‍ മണലില്‍ മുഖം
നഷ്‌ടപ്പെടുമ്പോള്‍ അപമാനത്തിന്‍റെ തൃപ്തിചക്രം പൂര്‍ത്തിയാകുന്നു.

എന്‍റെ കുട്ടിക്കാലത്ത്‌ ഒരു ഭാഷയുണ്ടായിരുന്നു. അത്‌ ആകാശങ്ങളിലെ
ദ്രാവിഡമായിരുന്നു. സുഖാലസ്യത്തില്‍ പുലരാന്‍ കാത്തുകിടന്ന കുട്ടികളെ ഈ
ദ്രാവിഡം തൊട്ടു വിളിച്ചു. കൂടെ ഏതോ ആദി സംസ്കൃതത്തിന്‍റെ സരള താളങ്ങളും.
കുട്ടി പുലരി പൊട്ടുന്നത്‌ അറിയുന്നുവോ? അറിയുന്നു. തന്നിലേക്കുതന്നെ
ഉള്‍വലിയുന്ന ശരീരത്തിന്‍റെ അമൃതാലസ്യമാണത്‌. ആവതും നുണയൂ.
ഉഷസ്സന്ധ്യയില്‍ കുട്ടി ചിരിക്കുന്നു. തന്നോടു സംസാരിച്ച ഗംഭീര സ്വരം
എന്താണ്‌? ഏതോ സഹസ്രിമയുടെ വിരല്‍ത്താളം., കരിമ്പനപ്പട്ടകളില്‍ കാറ്റു
പിടിക്കുന്നതിന്‍റെ ശബ്‌ദമാണത്‌.
ചുരം കടന്ന്‌ പാലക്കാട്ടേക്ക്‌ വീശുന്ന കിഴക്കന്‍ കാറ്റ്‌.
ഇന്ന്‌-
കിഴക്കന്‍ കാറ്റില്ല. .കരിമ്പനയുമില്ല. ഈ തിരോഭാവങ്ങളില്‍ എന്‍റെ ഭാഷയുടെ
സ്ഥായുവക കൊട്ടിയടങ്ങുന്നു. എന്‍റെ ഭാഷ , മലയാളം, ആ വലിയ ബധിരതയിലേക്ക്‌
നീങ്ങുന്നു. എനിക്ക്‌ എന്‍റെ ഭാഷയെ തിരിച്ചു തരിക.
(എഴുത്തച്ഛന്‍ പുരസ്ക്കാരം സ്വീകരിച്ചുകൊണ്ട്‌ ചെയ്‌ത പ്രസംഗം)
[മള്‍ബറി പ്രസിദ്ധീകരിച്ച 'വിജയന്‍ എന്ന പ്രവാചകന്‍ ' എന്ന പുസ്തകത്തില്‍ നിന്ന്‌]

സ്മൃതികളില്‍ ഒരു പുഷ്‌പം-ഡെല്‍ന നിവേദിത
ഇടറാതെ ശവമഞ്ചം തോളിലേറ്റികൊണ്ട്‌
പതറാതെ അടിവച്ചു നീങ്ങി ഞങ്ങള്‍
ഇത്തിരി മുമ്പെന്‍റെ ചങ്ങാതിയാണിത്‌
ഇപ്പോളെന്‍തോളിലെ ശവമഞ്ചവും


ധീരമായി പൊരുതി മുന്നേറുന്ന നേരവും
തീരെ തിരിഞ്ഞൊന്നു നോക്കിയില്ല
കരയുവാന്‍ കഴിയാത്ത കഥനമാണെങ്കിലും
പിരിയുമ്പോളൊരു വാക്കു ചൊല്ലിയില്ല


അതിരു കാക്കുന്നൊരാ ധീര ജവാന്‍മാര്‍ക്ക്‌
അതിഥിയായെപ്പഴും 'മരണ'മാണ്‌
ഒളിവിലാ ശത്രു തന്‍ 'തിര'യില്‍ പൊലിയുന്ന
വിടരാത്ത നിന്‍ സ്വപ്നജീവിതങ്ങള്‍


മഞ്ഞു പെയ്യുന്നൊരാതാഴ്‌വര നാട്ടിലും
കണ്ണു ചിമ്മാതവര്‍ കാവല്‍ നിന്നു
മറക്കില്ല- നാമുറങ്ങുമ്പോഴുറങ്ങാതെ
നാടുമെന്‍ ജീവനുംകാത്ത ധീര !കീര്‍ത്തിയായ്‌-ധീരപതാകക്കടിയിലായ്‌
കാത്തു വഴിയോരങ്ങള്‍ കണ്ണുനീര്‍പ്പൂക്കളായ്‌
അന്ത്യോപചാരവും -അനുശോചനങ്ങളും
ആചാരവെടിയും ചടങ്ങു മാത്രം


സര്‍വ്വനാശം വരുത്തുന്നൊരാ ശത്രുവിന്‍
-സങ്കേതമൊക്കെ തകര്‍ത്തുവല്ലൊ
ഓര്‍ക്കുവാന്‍ -കവലയില്‍ തീര്‍ത്തൊരു സ്മാരകം
നേര്‍ത്തൊരു നൊമ്പരം തന്നെതന്നെപാടത്തും തൊടിയിലും പൂപറിച്ചന്നൊരാ -
ഓടിക്കളിച്ചൊരു കാലമോര്‍ത്ത്‌
എണ്ണിയെണ്ണികരയുന്നൊരു അമ്മ തന്‍
കണ്ണില്‍ മറഞ്ഞൊരു കാഴ്ചയെല്ലാം !

വധുവായി വന്നവള്‍ വരണമാല്യം ചാര്‍ത്തി
വിധവയായി തീര്‍ന്നതും എന്തുകൊണ്ട്‌?
ഓര്‍മ്മയില്‍ തെളിയുന്നൊരച്ഛന്‍റെ മുഖമുണ്ട്‌ -
ധീരന്‍റെ ജീവനും നാടിനായി

അകത്തും പുറത്തും വളരുന്ന ശത്രു -
ഭീകരനൊ തീവ്രവാദിയാണോ?
നേടിനാടിന്‍റെയഭിമാനമേറേയും
വേറിട്ടയാത്രക്കു മുന്‍പുതന്നെ


എന്തിനാ കൂട്ടരേ എന്‍ സോദരന്‍റെ -
നെഞ്ചത്തുനോക്കി നിറയൊഴിച്ചു
ഭാഷയൊന്നല്ല-നിന്‍ ദേശവുമല്ലല്ലൊ
ദേഷ്യത്തിന്‍ കാരണം ചൊല്ലീടുമോ?

മഴത്തോറ്റം
പി.കെ. ഗോപി

മലമുടികളില്‍ നിത്യമൌനം ഘനീഭവി-
ച്ചഴലിന്‍ കരിമ്പടം മൂടി
നഭസ്സിന്‍റെ നിറുകതൊട്ടാത്മഹര്‍ഷങ്ങളില്‍
അലിയും ഹിമസ്വരം പാടി
പ്രണവനാദങ്ങള്‍ക്കു പഞ്ചേന്ദ്രിയങ്ങളില്‍
ഒഴുകാന്‍ ജലശ്രുതി മീട്ടി
ഋതുഭേദ നവഭാവ നടനാങ്കണങ്ങളില്‍
ജനിമൃതിത്താളം ചവിട്ടി
തിറയാടുമജ്ഞാത മൂര്‍ത്തിപ്രഭാവത്തി-
ലസുരവാദ്യങ്ങള്‍ മുഴക്കി
മകുടജടയുലയും മഹാശൈല സംഗീത-
ഗഗനക്കൊടുംകാടിളക്കി
ഇതിഹാസ വ്യസനങ്ങളുരുകിത്തളംകെട്ടു-
മുറവ പ്രദേശങ്ങള്‍പൊട്ടി
ഇടവിടാതുതിരുന്ന മിഴിനീര്‍പ്രവാഹത്തെ
മഴയെന്നു ചൊല്ലുന്നതാര്‌?

മുകില്‍മരം പെയ്യുന്ന കാരുണ്യവര്‍ഷമായ്‌
ചുമരിറമ്പില്‍ വന്നു നിന്നും
തൊടിയിലെ കുഞ്ഞിലക്കുമ്പിളില്‍ ചേക്കേറി
ശലഭക്കിനാവുകള്‍ കണ്ടും
വയലിലെ ഞാറ്റടിത്തോറ്റങ്ങളില്‍ നൂറു
പവിഴക്കതിര്‍ക്കച്ച നെയ്‌തും
തുളസിക്കതിര്‍ത്തുമ്പിലുമ്മ വച്ചമ്മയായ്‌
പ്രകൃതീശ മന്ത്രം ജപിച്ചും
ചിതറിപ്പൊഴിഞ്ഞു വീണോര്‍മ്മപ്പരല്‍മീന്‌
പ്രണയക്കളിപ്പൊയ്‌ക തീര്‍ത്തും
ഇടവഴിചിന്തും ചിലങ്കയും ചേര്‍ത്തുവ-
ച്ചുദയചിത്രങ്ങള്‍ വരച്ചും
ഇടവ-ത്തുലാവര്‍ഷ മേഘപ്പുരാവൃത്ത-
മറവിപ്പഴമ്പാട്ടുരച്ചും
നെടുവീര്‍പ്പടക്കിക്കുനിഞ്ഞ മണ്‍കൂരയില്‍
കരിനീര്‍ക്കുഴമ്പുപോല്‍ ചോര്‍ന്നും
തെരുവിന്‍റെ നരകപ്പഴഞ്ചാക്കില്‍ ഭ്രാന്തന്‍റെ
സുഖ നിദ്ര തഴുകിത്തകര്‍ത്തും
മലിന ദുര്‍ഗ്ഗന്ധങ്ങളൊന്നിച്ചൊഴുക്കിന്‍റെ
കളഭകസ്തൂരിയാല്‍ മായ്‌ച്ചും
മുടിയഴിച്ചാടിച്ചിരിക്കുന്ന പെയ്‌ത്തിന്ന്‌
മഴയെന്നു പേരിട്ടതാര്‌?


അകലെയെങ്ങോ വിപിന ദു:ഖം പകര്‍ന്നെടു-
ത്തലയും കൊടുങ്കാറ്റിനൊപ്പം
ഇടിമിന്ന,ലുരുള്‍പൊട്ട,ലട്ടഹാസങ്ങളില്‍
പിടയുന്ന ഭൂതലം ചുറ്റി
രുധിരത്തിരക്കോളിലാര്‍ത്തനാദങ്ങളെ
കഴുകിക്കടല്‍പ്പൂക്കളാക്കി
ഉറുമി പുളപ്പിലെ തീക്കൊടിജ്ജ്വാലയില്‍
ചിറകടിക്കും പക്ഷിയായി
മുറിവേറ്റ നെഞ്ചിലെ മൃണ്‍മയച്ചെന്തുടിക-
ളെരിയും വിരല്‍പ്പൂരമായി
ദലമര്‍മ്മരച്ചൂളമാളിപ്പടര്‍ന്നാദി-
രഥവേഗ ഗന്ധര്‍വ്വമായി
ഒരു കോടിയശ്വങ്ങളൊന്നിച്ചഴിഞ്ഞോടു-
മിരുളിലെ ഹുങ്കാരമായി
നഗരങ്ങളൊന്നിച്ചടിച്ചുലയ്‌ക്കും വിശ്വ-
നടനപ്പെരുങ്കാളിയായി
പുളിനങ്ങളൊന്നായഗാധ ഗര്‍ത്തങ്ങളില്‍
മറയും ചുഴിച്ചക്രമായി
പ്രളയമായ്‌ പേതുള്ളിയെത്തുന്ന പെയ്‌ത്തിന്ന്‌
മഴയെന്നു പേരിട്ടതാര്‌?


മതിവരാപ്രതികാര മരണക്കുതിപ്പിന്ന്‌
മഴയെന്നു പേരിട്ടതാര്‌?
പുഴ തന്‍ ജഡം കാത്തുവയ്‌ക്കും മണല്‍ത്തട്ടില്‍
പ്രണമിച്ചു നീറിക്കരഞ്ഞും
സകലകാലങ്ങളും ദേശങ്ങളും ഒരേ
ജലനൂലിലണിയായ്‌ കൊരുത്തും
മഴയെന്നതേതോ സമുദ്രത്തിലിന്നലെ
തിരയായിരുന്നെന്നറിഞ്ഞും
മഴയെന്നിലുണ്ടെന്നറിഞ്ഞും, ചരാചര-
ചിരബന്ധമേതെന്നറിഞ്ഞും
നനയുന്നു ഞാനീ കൊടുംവെയില്‍ പൊള്ളിച്ച
തെരുവില്‍ തെളിഞ്ഞും മറഞ്ഞും
കുതിരുന്നു ഞാനീ മനുഷ്യായുസ്സിന്‍ വഴി-
പ്പടവില്‍ പിഴിഞ്ഞും കുടഞ്ഞും
കുടചൂടുമാത്മത്തിടമ്പേറ്റുമജ്ഞാന
മുഖപടം മഴയില്‍ തകര്‍ന്നും
നടകൊള്‍കയാണു ഞാനീ വഴി നന്‍മ
തന്‍മൊഴിവിത്തു പിന്നെയും പാകി....
. ഒടുവിലേകാന്തസ്സമാധിപോല്‍ ശാന്തമായ്‌
മറയുന്നു മഴയെന്ന ഞാനും
ഒടുവില്‍ ചിദാകാശ ശൂന്യതയ്‌ക്കുള്ളിലേയ്‌
-ക്കലിയുന്നു ഞാനെന്ന മഴയും......


ഇടിമിന്നൽ
പി.കെ.ഗോപി

മിണ്ടാത്തവന്റെ
നാവിലായിരുന്നു
ആദ്യമായി
തീ കണ്ടത്‌.
കൊല്ലാത്തവന്റെ
പല്ലിലായിരുന്നു
ആദ്യമായി
ചോര കണ്ടത്‌
നീലമേഘം തൊടാൻ
വിരൽ നീട്ടിയ
ചോലമരങ്ങൾ നിറയെ
പറയാത്ത പ്രണയങ്ങളുടെ
കുങ്കുമപ്പൂക്കൾ.
കുഴിക്കാത്ത
കിണറുകളിൽ
ജലമുണ്ടെന്നറിയുന്നത്‌
തുറക്കാത്ത
കണ്ണുകൾ
നിറഞ്ഞു കവിയുമ്പോഴാണ്‌.
ഒടുക്കത്തെ
അക്കമെഴുതി
ലാഭപ്പെരുക്കം എണ്ണിക്കെട്ടി
നിലവറ പൂട്ടി
താക്കോലൊളിപ്പിച്ച്‌
ഉറങ്ങാൻ പോയ രാത്രിയിൽ
എല്ലാ കണക്കുകളും
തെറ്റിച്ച്‌
ഇടിവെട്ടി.
തുടിക്കാത്ത കടുന്തുടിയിൽ
കാറ്റു വന്ന്‌
തലയിട്ടടിച്ച്‌
അലമുറയിട്ടപ്പോൾ മാത്രമേ
അവരുണർന്നുള്ളൂ,
മായാസ്വപ്നങ്ങളുടെ
മണിയറയിൽ നിന്ന്‌ !

സൌഹൃദം-വിജയന്‍ വിളക്കുമാടംസൌഹൃദം

ഹൃദയത്തില്‍ വീണ
ഓട്ടക്കാലണകള്‍
കൂട്ടിവെക്കുമ്പോള്‍
ഞാന്‍ നേടിയ
സൌഹൃദങ്ങള്‍ പൂര്‍ണ്ണമാവുന്നു.

മരവിപ്പ്‌

ആത്മാര്‍ത്ഥസൌഹൃദങ്ങളുടെ
കഥയില്ലായ്‌മകളില്‍
കാലം ചിത്രമെഴുതുമ്പോള്‍
മനസ്സ്‌ മരവിച്ചു നില്‍ക്കുന്നു.
നിമിഷം
ഒരു നിമിഷത്തില്‍
എല്ലാം കാലത്തിനപ്പുറത്തായി
ഞാനോ കാലത്തിനിപ്പുറത്തും
ഹൃദയത്തില്‍ വീണ
ഓട്ടക്കാലണകള്‍
കൂട്ടിവെക്കുമ്പോള്‍
ഞാന്‍ നേടിയ
സൌഹൃദങ്ങള്‍ പൂര്‍ണ്ണമാവുന്നു.