Followers

Saturday, January 2, 2010

സമന്വയത്തിന്റെ ലാവണ്യം

desamangalam ramakrishnan" എന്റെ ജ്യേഷ്ഠന്റെ ജീവൻ ഹരികുമാറിന്റെ ഈ ആസ്വാദനം അറിയുമെന്നു തന്നെ ഞാൻ കരുതുന്നു" എന്ന്‌ ഒ.വി.ഉഷ. "ഒരു ഋഷിയോട്‌ പ്രകടിപ്പിക്കേണ്ട കൃതജ്ഞതയുടെയും നീതിയുടെയും വിനീതമായ ഒരു നിദർശനമാണിത്‌..." എന്ന്‌ എം.ലീലാവതി - എം.കെ.ഹരികുമാറിന്റെ 'നവാദ്വൈതം വിജയന്റെ നോവലുകളിലൂടെ' എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണിവ. സൈദ്ധാന്തികവും പ്രതികരണാത്മകവുമായ ഹരികുമാറിന്റെ വിചിന്തനങ്ങളെ അടുത്തു കാണിച്ചു തരുന്നുണ്ട്‌ ഈ സ്പർശിനികൾ. മതം, തത്ത്വം, സംസ്കൃതി, സൂക്ഷ്മവിനിമയങ്ങൾ, കാഴ്ച എന്നീ ഖണ്ഡങ്ങളിലേയും ഉപഖണ്ഡങ്ങളിലേയും സൂക്ഷ്മമായ പ്രതികരണക്കുറിപ്പുകൾ ഒ.വി.വിജയൻ എന്ന വ്യക്തിയുടെ സത്തയും ആ സത്ത കിനിഞ്ഞിറങ്ങുന്ന ആഖ്യാനാവിഷ്കാരങ്ങളുടെ വിവിധതലങ്ങളും വ്യുൽപാദിപ്പിക്കുന്നു 'ഖസാക്കിന്റെ ഇതിഹാസം'മുതൽക്കുള്ള വിജയരചനകളിലെ 'അനുഭവത്തിന്റെ സിംഫണി' വായനക്കാരനിലേക്കു സംക്രമിപ്പിക്കാൻ പോന്ന ഒരു ആസ്വാദനരീതിശാസ്ത്രമാണ്‌ ഹരികുമാർ ഇവിടെ കൈക്കൊണ്ടിട്ടുള്ളത്‌. യുക്തികളുടെ വരട്ടുതത്ത്വശാസ്ത്രത്തെവെടിഞ്ഞുകൊണ്ടുള്ള, നൈസർഗ്ഗികതയുടെ രീതിശാസ്ത്രം പുലർത്തുന്ന, വിജയന്റെ ആഖ്യാനങ്ങളെ അതേപരിമാണത്തോടെത്തന്നെയാണ്‌ ഈ നിരൂപകൻ സമീപിച്ചിട്ടുള്ളത്‌. വിജയൻ "ഒരു പാരമ്പര്യത്തെയും അതേപടി പൈന്തുടർന്നിട്ടില്ല. അതേ സമയം, വലിയ പാരമ്പര്യത്തെ, സ്മൃതിയിലും ബോധത്തിലും ആഴത്തിൽ ചലനമുണ്ടാക്കിക്കൊണ്ടിരിക്കുന്ന പൗരാണികതയെ നിരന്തരം ജപിച്ചുവരുത്തി പുതിയ വിതാനങ്ങളിലൂടെ അനുഭവശാസ്ത്രമാക്കി മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു." എന്ന വിലയിരുത്തൽ പാളിപ്പോയിട്ടില്ല. അനുഭവങ്ങളുടെ ഭൂപ്രദേശമാണ്‌ പൗരാണികതയെന്നും അത്‌ വെറും ചരിത്രമോ സംഭവമോ അല്ലെന്നും ഹരികുമാർ ബോധ്യപ്പെടുത്തുന്നുണ്ട്‌. പൗരാണികതയെ സമകാലിക ജീവിതത്തിന്റെ അവിഭാജ്യമായ ഊർജ്ജമാക്കിമാറ്റുന്ന എഴുത്തുകാരന്റെ വ്യക്തിസത്ത യാത്രയെയും വഴിയെയും രണ്ടായി കാണുന്നില്ല. നിശ്ശബ്ദതയിൽ കൂടണഞ്ഞു ജ്വലിക്കുന്ന മനുഷ്യന്റെ 'യാന്ത്രികവും നിരാസ്പദവുമായ നിരാശ'യെ പറ്റിയാണ്‌ വിജയൻ എഴുതുന്നത്‌. മയിലിന്റെയും ഇലയുടെയും നിറങ്ങൾ ഇണചേരുന്ന ഒരു പ്രകൃതിയും മനുഷ്യപ്രകൃതിയും തേടിയുള്ള അനാദിയായ യാത്രയുടെ വ്യർത്ഥതയിലേക്കാണ്‌ അത്‌ വിരൽചൂണ്ടുന്നത്‌. കൃഷ്ണനീലിമയുടെ പൊരുൾ തേടലാണ്‌ ഈ യാത്രയെ തെല്ലെങ്കിലും സാർത്ഥകമാക്കുന്നത്‌. ഇങ്ങനെ വിജയന്റെ ആഖ്യാനങ്ങൾ വിരുദ്ധ ദ്വന്ദ്വങ്ങളുടെ സംഘർഷവും ലയവുമായി അനുഭവപ്പെടുന്നു. പരോക്ഷതകളുടെ അകക്കളങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നാടകമാണിത്‌.
വിജയൻ എഴുതിത്തുടങ്ങുന്ന കാലത്ത്‌ മിക്ക എഴുത്തുകാർക്കും പൂർണ്ണരായ മനുഷ്യരെ അവതരിപ്പിക്കാനായിരുന്നു താൽപര്യമെന്നും അതിനു നേർവിപരീതമാണ്‌ വിജയന്റെ രീതിയെന്നും മാമൂലുകൾക്കനുസരിച്ചുള്ള കഥാപാത്രസൃഷ്ടിയിൽ മുഴുകി സ്വയം ബന്ധനസ്ഥനാകാൻ അദ്ദേഹം ആഗ്രഹിച്ചില്ലെന്നും ഹരികുമാർ പറയുന്നു. അദ്ദേഹം അങ്ങനെ മലയാള നോവലിന്റെ ബന്ധങ്ങളെ അഴിച്ചു എന്നു കാണിക്കാനാണ്‌ ഹരികുമാർ ഈ ബൃഹദ്പഠനത്തിൽ ശ്രമിച്ചിട്ടുള്ളത്‌. മലയാള നോവൽ 'ഖസാക്കിന്റെ ഇതിഹാസ'ത്തിനും മുമ്പും പിമ്പും എന്നൊരു ബലതന്ത്രം സ്ഥാപിക്കാൻ തന്നെ ഒ.വി.വിജയനു കഴിഞ്ഞുവേന്ന്‌ ഈ പഠനം വെളിപ്പെടുത്തിത്തരുന്നുണ്ട്‌. 1970-ലെ ഓടക്കുഴൽ സമ്മാനം ആ കൃതിക്കാണ്‌ കിട്ടിയത്‌. അന്ന്‌ ജി.ശങ്കരക്കുറുപ്പ്‌ എൻ.വി.കൃഷ്ണവാരിയർക്കെഴുതി: "ഖസാക്കിന്റെ ഇതിഹാസം സമ്മാനാർഹമായി പ്രഖ്യാപിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. കേരളത്തിലെ 'വെർജിൻ' മണ്ണുള്ള ഒരുതടത്തിൽ വേരൂന്നിയ അനുഭവങ്ങളുടെ മനോഹരമായ നവീനാവിഷ്കാരമാണ്‌ വിജയന്റെ ഗദ്യകാവ്യം. ആധുനികന്മാരും അത്യാധുനികന്മാരും കേരളത്തിന്റെയും ഭാരതത്തിന്റെയും ജീവിതത്തടങ്ങളിൽ ഇങ്ങനെ പ്രതിഭയെ സഞ്ചരിപ്പിച്ചിരുന്നെങ്കിൽ!". ഈ ആശ്ചര്യവും പ്രശംസയും ഇന്നും ചൂടാറാതെ നില നിൽക്കുകയാണല്ലോ.
ഇതിഹാസത്തിന്റെ വരവോടെയാണ്‌ കവിതയ്ക്കു തുല്യമായ നിലയിൽ നോവലിനു പഠനങ്ങൾ ഉണ്ടായിത്തുടങ്ങിയതെന്ന ഹരികുമാറിന്റെ അഭിപ്രായം അർത്ഥവത്താണ്‌. അദ്ദേഹത്തിന്റെ 'ആത്മായനങ്ങളുടെ ഖസാക്ക്‌' തന്നെ ഉദാഹരണം. കാവ്യാത്മകമായ അനുഭവസാന്ദ്രത ഗദ്യത്തിൽ സംഭവിച്ചതിന്റെ തിരിച്ചറിവാണ്‌ ഇതിനുപ്രേരകമെന്ന്‌ അദ്ദേഹം കണ്ടെത്തുന്നു. "ഖസാക്ക്‌ നൽകിയ ചിന്തകളുടെ, അനുഭൂതികളുടെ, മഴ അപാരമായിരുന്നു. ജീവിതത്തിന്റെ നേർക്ക്‌ നവീനമായൊരു ആദ്ധ്യാത്മികവിശുദ്ധിയും നഗ്നതയും പ്രദർശിപ്പിക്കാൻ ഈ നോവലിനു കഴിഞ്ഞു. മുമ്പൊരിക്കലുമില്ലാത്ത മനോവിചാരങ്ങളുടെ ഹിമസാഗരങ്ങൾ അത്‌ നൽകി" എന്ന്‌ പറയുന്നിടത്ത്‌ ഈതിബാധകളില്ലാത്ത വിവൃതമായ സഹൃദയത്വമാണ്‌ മുന്നിട്ടുനിൽക്കുന്നത്‌. "ജീവിതത്തെ അപഗ്രഥിക്കുകയോ, നിലപാടുകളിലോ നിക്ഷിപ്തനിഗമനങ്ങളിലോ എത്താൻ ശ്രമിക്കുകയോ ചെയ്യാതെ സൗന്ദര്യാത്മകതയുടെ സാധ്യതകൾ തേടുകയാണ്‌ ഒ.വി.വിജയൻ" എന്നെഴുതുമ്പോൾ നിരൂപകന്റെ വിശകലനബുദ്ധി തെളിഞ്ഞുവരികയും ചെയ്യുന്നു. ധർമ്മപുരാണം, മധുരംഗായതി, ഗുരുസാഗരം, പ്രവാചകന്റെ വഴി, തലമുറകൾ എന്നീ ആഖ്യാനങ്ങളെക്കുറിച്ചുള്ള ആസ്വാദനവിശകലനങ്ങളുടെ നിലപാടുതറയും ഇതുതന്നെയാണ്‌. നൈരന്തര്യഭംഗമില്ലാതെ, ആത്മവഞ്ചനയില്ലാതെ, ഹരികുമാർ വിജയനെ വെളിപ്പെടുത്തുന്നു; ഒപ്പം സ്വയം വെളിപ്പെടുത്തുകയും ചെയ്യുന്നു. ഒരു ജന്മത്തിൽ, ഒരു അനുഭവത്തിൽ, സംഭവിക്കുന്ന അനേകം ധാതുക്കളുടെ പ്രയാണം അനുഭവിപ്പിക്കാൻ ഒ.വി.വിജയന്‌ തന്റെ കൃതികളിലൂടെ സാധിക്കുന്നു. "ലോകം ഏൽപ്പിക്കുന്ന അംഗീകൃതമായ തത്ത്വശാസ്ത്രങ്ങളുടെ ആവർത്തനമല്ല വിജയന്റെ ദർശനം" എന്ന കണ്ടെത്തലിലാണ്‌ ഹരികുമാറിന്റെ നവാദ്വൈത സങ്കൽപനം തൃപ്തിപ്പെടുന്നത്‌. വ്യാവഹാരിക ലോകത്തുവെച്ച്‌ നിഗ്രഹിക്കപ്പെട്ട പേലവ സങ്കൽപങ്ങളെയും അറിവുകളെയും അടുത്തുകാണിച്ചുതരുന്നു ഇത്‌.
നമ്മുടെ കാലത്തിന്‌ നഷ്ടമായ ആത്മസാധ്യതകൾ വീണ്ടെടുക്കുക എന്ന അർത്ഥത്തിലാണ്‌ ഹരികുമാറിന്റെ നവാദ്വൈതസങ്കൽപനം. വൈരുദ്ധ്യാത്മകതലങ്ങളുടെ ആഗിരണവും നിരാസവും ഒന്നിച്ചുനടക്കുന്ന ഒരു പ്രക്രിയയാണത്‌. മതേതരവും സംഘേതരവുമായ ഒരന്വേഷണമാണത്‌. 'വായുവിന്റെ, പൂവിന്റെ, ജലത്തിന്റെ കവിത എന്നതുപോലെയാണ്‌ ഇതിന്റെ അവസ്ഥ' എന്ന്‌ ഹരികുമാർ പറയുന്നു. പൂർവവിധികളെ മറികടന്ന്‌ മുന്നോട്ടുപോകുന്ന ഭാഷാ ദർശനവും ദർശനശൈലിയും ഒ.വി.വിജയന്റെ എല്ലാ കൃതികളിലും സമന്വയത്തിന്റെ ആത്മീയത പ്രസരിപ്പിക്കുന്നുണ്ട്‌. "ഭാഷയെ മന്ത്രധ്വനിയാക്കി, മൗനത്തിന്റെയും വചനത്തിന്റെയും സമന്വയത്തിലൂടെ പ്രപഞ്ചസാരാംശത്തിലേയ്ക്കു നയിക്കാൻ കഴിയുമ്പോഴാണ്‌ അതിനു സ്വന്തമായി ദർശനം കിട്ടുന്നത്‌." വിജയന്റെ ഭാഷയ്ക്ക്‌ ഈ സിദ്ധിയുണ്ടെന്ന്‌ ഹരികുമാർ സ്ഥാപിക്കുന്നു. സ്നേഹത്തിന്റെ മൃതിസ്വരങ്ങൾ, ചിരിയുടെ ഉപനിഷത്ത്‌, മരിച്ച ആത്മാക്കളുടെ പ്രതിഫലമായ ജഡങ്ങൾ, ചുംബനത്തിന്റെ ആർദ്രസംഗീതം ശൈവസർപ്പങ്ങളുടെ ലാസ്യമായിനീണ്ടു, നിരന്തരതയുടെ സാരം, ദേഹം വെടിഞ്ഞ മിഥുനങ്ങൾ, പുറപ്പാടുകളുടെ കമാനമായ ആകാശം - ഇങ്ങനെ ഭാഷയെ നവമായൊരു അദ്വൈതദർശനത്തിലേയ്ക്കുയർത്തിയെന്നതാണ്‌ ഒ.വി.വിജയന്റെ മഹത്തായ സംഭാവന - അദ്ദേഹത്തിന്റെ മിക്ക കൃതികളുടെയും സൂക്ഷ്മസ്പർശിനിയാണിത്‌.

നവാദ്വൈതം വിജയന്റെ നോവലുകളിലൂടെ
എം.കെ.ഹരികുമാർ
കറന്റ്‌ ബുക്സ്‌, കോട്ടയം വില - 135 രൂപ

രക്തരക്ഷസ്സുകൾ

m k janarddananചൂടുള്ള ഒരു വാർത്തക്കു പിൻപറ്റി പത്രപ്രവർത്തകനായ ഫക്രുദ്ദീൻ ന്യൂയോർക്കു സിറ്റിയുടെ തെരുവോരത്ത്‌ നിൽക്കുകയാണ്‌. 'ദി ട്രൂത്ത്‌' മാഗസിന്റെ എഡിറ്റർ കൂടിയായ അയാൾ അംബര ചുംബികളായ കെട്ടിടങ്ങൾക്കു താഴെ ചിതറി ചലിക്കുന്ന പരശതം വാഹനത്തിരക്കിൽ ഒരു ടാക്സി കൈകാട്ടി നിർത്തിച്ചു. അയാൾ കയറിയിരിക്കവെ ടാക്സി നീങ്ങി.

ഡ്രൈവർ തിരക്കി.:വെയർ ടുഗോ" അയാൾ പറഞ്ഞു

"ഫോർട്ട്‌ ഹുഡ്‌ മിലിട്ടറി സെന്റർ"
ഫക്രുദ്ദീൻ പറഞ്ഞ സൈനിക കേന്ദ്രത്തെ ലക്ഷ്യമാക്കി ടാക്‌സി നീങ്ങി.

നിരീക്ഷകനും സത്യാന്വേഷിയും ,നീതിയുടേയും നന്മയുടേയും ,പത്രപ്രവർത്തകനുമായ ഫക്രുദ്ദീൻ ഓർക്കുകയായിരുന്നു. ഭഗവത്‌ഗീതയും ബൈബിളും പോലെ വിശുദ്ധഖുറാനും ഒരു മഹൽ ഗ്രന്ഥം‌ ആണ്‌.. ആരേയും അനാവശ്യമായി ഹിംസിക്കാനുള്ള സന്ദേശം അതിലില്ല. എന്നാൽ അഫ്‌ഘാനിസ്ഥാന്റേയും പാക്കിസ്ഥാന്റേയും ഇടക്കുള്ള ഗോത്രവർഗ്ഗങ്ങളുടെ മേഖലയിൽ ,നിരപരാധികളുടെ കൊലയാളി ബിൻലാദന്റേയും ,മതത്തിന്റെ യാഥാസ്ഥിതിക- പ്രാകൃത വിശ്വാസികളായ താലിബാന്റേയും ,ദുർബോധനങ്ങളുടെ ഫലമായി ഖുറാന്റെ വിശുദ്ധാക്ഷരങ്ങളിൽ ചോര പുരണ്ടിരിക്കുന്നു. താനുൾപ്പെടെയുള്ള ഇൻഡ്യയിലെ നല്ലവരായ മുസ്ലീം‌ങ്ങൾ അവരുടെ നീചത്വങ്ങളെ എതിർക്കുന്നു. ,വെറുക്കുന്നു.
ടാക്‌സി ഫോർട്ടു ഹുഡ്‌ സേനാകേന്ദ്രത്തിലെത്തി നിന്നു. പത്രപ്രവർത്തകൻ ഇറങ്ങി. ടാക്സിതെരുവിൽ കലർന്നു മറഞ്ഞു. മനോരോഗവിദഗ്‌ദ്ധൻ ഡോ:നിദാൽ ഉതിർത്ത വെടിയുണ്ടകളിൽ മൃതിയടഞ്ഞവരുടെ ദാരുണ വാർത്തകളുടെ ദൃക്‌സാക്ഷിയാവാൻ എത്തിയതാണ്‌.വളരെ കഷ്ടപ്പെട്ടു നേടിയ ജേർണ്ണലിസ്റ്റ്‌ പാസ്സുള്ളതുകൊണ്ടാണ്‌ അകത്ത്‌ കടക്കാനിടയായ്ത്‌. രേഖകൾ അരിച്ചുപെറുക്കി നോക്കിയ ശേഷമാണ്‌ അതിവിപുലമായ ആ ഏരിയായിലേക്ക്‌ സൈനികർക്കുപോലും പ്രവേശനം അനുവദിച്ചത്‌.ഗേറ്റ്‌ പാറാവുകാരൻ അയാൾക്കു നേരെ ഗൺ ഉയർത്തി. പാസ്‌ പരിഷോധിച്ചശേഷം അകത്തേക്കു നടക്കാൻ അനുവദിച്ചു. വാർത്തകൾ കൈയ്യിലാക്കാൻ ഇനിയും അലയേണ്ടിയിരിക്കുന്നു. അതിനിടയിൽ തന്നെക്കുറിച്ചും അയാൾ ഓർത്തുപോയി. ഒരു ജന്മം മുഴുവനും ഉൾച്ചൂടിയ സംഘർഷാനുഭവങ്ങൾ...............
നിറഞ്ഞതാണ്‌ തന്റെ ജീവിതയാത്രകൾ. കാഴ്‌ച്ചകളിലെ ജനജീവിതങ്ങൾ വിവിധ നാടുകൾ വിവിധ ഭാഷക്കാർ .അവയെല്ലാം തന്നിലുണർത്തിയെടുത്ത അവബോധങ്ങൾ. വിശ്വമാനവീയത. ഇതിനിടയിൽ നഷ്ടപ്പെട്ടവയുടെ കണക്കുകളിൽ വീട്‌,കുടുംബം, ഭാര്യ, കുട്ടികൾ .അങ്ങിനെയുള്ള സ്വപ്‌നങ്ങൾ ഒന്നും തനിക്കില്ല. ശാന്തിയറ്റു പോയ ലോകത്തിൽ ഒരർത്ഥത്തിൽ അതൊരു ബാദ്ധ്യതയായി ഇല്ലാത്തതും ഭാഗ്യം. തന്റെ റിസേർച്ചുകളും, പഠനങ്ങളും ഒരു ജന്മത്തിന്റെ മുഴുവനും തപോഫലമാണ്‌.നിദാന്തശ്രദ്ധാലുവായി അറിവിനു വേണ്ടി അലഞ്ഞിട്ടുണ്ട്‌. അനുഭവങ്ങൾ എണ്ണമറ്റതാണ്‌. അനാഥ ബാല്യം, നാടു ചുറ്റൽ, ഒടുവിൽ പതിനഞ്ചാം വയസ്സിൽ ബോംബെയുടെ തെരുവുകളിൽ ഫുട്‌പാത്തിൽ ഉറക്കം. ഫർണ്ണീച്ചർ കടയിലെ ഹെൽപ്പർ ജോലി. ആംഗ്യഭാഷ.അതിനിടയിൽ നൈറ്റ്‌ സ്കൂളിൽ ചേർന്നുള്ള പഠനം.ഡിഗ്രി വരെ.ഇന്ത്യാപാക്‌ യുദ്ധം. തൊഴിൽ നഷ്ടം. പട്ടിണി, മൂന്നു ദിവസമാണ്‌ പച്ചവെള്ളം മാത്രം കുടിച്ചുകൊണ്ട്‌ തള്ളി വിട്ടത്‌. ജീവിതത്തിൽ നേരിട്ടിട്ടുള്ളതിൽ ഏറ്റവും കടുത്ത അനുഭവം .നാട്ടിൽ ഉമ്മയേയും സഹോദരങ്ങളേയും വേർപ്പെട്ടതിലുള്ള ഒരേകാന്തന്റെ നൊമ്പരങ്ങൾ. അനുഭവങ്ങൾ ചേർത്തുവെച്ച്‌ ഒരു പുസ്തകമെഴുതി പ്രസിദ്ധീകരിക്കണമെന്ന മോഹം പോലും പൂവണഞ്ഞില്ല. പണത്തിന്റെ കുറവ്‌. തന്റെ ഉയർച്ചക്കുവേണ്ടി ആരോടും യാജിച്ചില്ല. നിലനില്പ്പിനുവേണ്ടി ദൈവത്തിനോടു പോലും. .ആകയാൽ വിശുദ്ധിയുള്ള അഴുക്കു പുരളാത്ത ഒരു മനസ്സല്ലാതെ, സർവ്വശക്തനായ അല്ലാഹു പോലും ഒന്നും തന്നില്ല. നന്മകൾ മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്കു കിട്ടുന്ന യാതനയുടെ കൂടെ പര്യായപദമാണ്‌ അല്ലാഹു എന്നു തോന്നി. എഴുത്തിന്റെ തട്ടകങ്ങൾ പുറം പൂച്ചുകാരെക്കൊണ്ടും ,സ്വയശഃപ്രാർത്ഥികളെക്കൊണ്ടും നിറഞ്ഞിരിക്കുന്നു.ഇത്തരക്കാർക്കിടയിലൊന്നും ഫക്രുദ്ദീന്റെ രചനകൾക്കു സ്ഥന്മുണ്ടായില്ല. പല എഡിറ്റർമാർക്കും അക്ഷരങ്ങളോട്‌ പ്രതിബദ്ധതയില്ല. വിൽപ്പനക്കുള്ള വിഭവങ്ങൾ തേടി നിരത്തലാണവരുടെ ജോലി. രാഷ്ട്രീയവ്യാപാരികളും ആത്മീയക്കച്ചവടക്കാരും ഓരേ നാണയത്തിന്റെ രണ്ടു പുറങ്ങൾ.ഇതിനെല്ലാം ഇടയിലാണ്‌ സത്യാന്വേഷിയായ ഫക്രുദ്ദീൻ എന്ന പത്രപ്രവർത്തകന്റെ കർമ്മപഥങ്ങൾ. അത്‌ ക്ലേശങ്ങൾ നിറഞ്ഞതായില്ലെങ്കിലേ അല്‍ഭുതമുള്ളു. ഇതിനിടയിലാണ്‌ ` ആ വാർത്തയുടെ ഹിന്റ്‌ കിട്ടിയത്‌. ഇതിനു മുൻപ്‌ ഇങ്ങിനെയൊരു സംഭവം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. അമേരിക്കയിൽ ജനിച്ചു വളർന്ന പശ്ചിമേഷ്യൻ വംശജൻ ഡോ:നിദാൽ എന്ന 39-കാരൻ 50000 വരുന്ന അമേരിക്കൻ സേനയിലെ ഒരു മേജർ, തന്റെ ബറ്റാലിയനിലെ സൈനികരുടെ നെഞ്ചിനു നേരെ മാറി മാറി നിറയൊഴിച്ചു.12 പേർ തൽക്ഷണം മരിച്ചുവീണു. ഒരു സിവിലിയനേയും അയാൾ കൊന്നു. 13 പേരുടെ ചോരക്കളങ്ങൾ അതിലേറെ ആകാംക്ഷ നിറഞ്ഞതായിരുന്നു. അടുത്ത മോമന്റ്‌ ,ഒരു വനിതാ സൈനിക ഓഫീസർ മേജറുടെ ശരീരത്തിലേക്കു 4 നിറയുതിർത്തു. മേജർ തറ പറ്റി. സുരക്ഷാഗാർഡുകൾ വേഗം അയാളെ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയിലൂടെ ജീവൻ നിലനിർത്തി . മരിച്ച സൈനികരുടേയും അവരുടെ ബന്ധുമിത്രാദികളുടെയും സ്ഥിതിയോ? 50000 സൈനികവ്യൂഹത്തിന്റെ ബിരുദദാനച്ചടങ്ങുകൾ നടക്കുന്നതിനിടയിലാണ്‌ ദാരുണമായ ഈ സംഭവം അരങ്ങേറിയത്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമ അപലപിച്ചു. "ഷേം ഇറ്റ്‌ കാണ്‍‌ട്‌ സഫർ" ഇതു സഹിക്കാനാവില്ല.

ഈ സംഭവത്തിന്റെ നൈതികതക്കു ഫക്രുദ്ദീൻ ഉത്തരം തേടുകയായിരുന്നു. അമേരിക്കയിൽ പഠനം പൂർത്തിയാക്കി സൈനിക ഡോക്‌ടറായി ഉദ്യോഗം നേടിയെങ്കിലും തനിക്കേറ്റ വംശീയക്ഷതങ്ങൾക്കുള്ള മറുപടിയായിരുന്നത്രേ ഈ കൂട്ടക്കുരുതി. എത്ര നീചമായ പ്രവർത്തി! മരിച്ചുവീണ പട്ടാൾക്കാരൻ പോലും അയാളുടെ ശത്രുവായിരുന്നില്ല. ഇങ്ങിനെയാണ്‌ ലോകത്തിന്റെ ഏറ്റവും പുതിയ ക്രൂരതകൾ അരങ്ങേറുന്നത്‌.മനോരോഗികളെ ചികിത്സിക്കുന്ന ഡോക്‌ടറായ മനോരോഗിയുടെ പ്രതികാരം.ആരോടെന്നു പോലും ഒന്നു ചിന്തിക്കുന്നതിനു മുമ്പ്‌ നിരപരാധികൾക്കു നേരെ ഇവർ ഡ്രാക്കുളയെപ്പോലെ മനസ്സിന്റെ ശവപ്പെട്ടിയിൽ നിന്നും ഉണർന്നേറ്റു വന്ന്‌ ആരുടെയെങ്കിലും ചോരകുടിച്ചു ദാഹമകറ്റുന്നു. ഇത്തരം പിശാചുക്കളോട്‌ ഫക്രുദ്ദീന്‌ കഠിന വെറുപ്പാണ്‌. ഫക്രുദ്ദീൻ ഇസ്ലാമിൽ വിശ്വസിക്കുന്നു. ഇസ്ലാം നിരന്തര പ്രാർത്ഥനയുടെ സ്നേഹത്തിന്റെ സക്കാത്തിന്റെ പലിശനിഷേധത്തിന്റെ മദ്യത്തിന്റേയും ചൂതുകളിയുടേയും നിഷേധത്തിന്റെ മതമാണ്‌. മനോരോഗികളായ മതഭ്രാന്തന്മാർക്കു ,പാഠഭേദം എഴുതിചേർക്കാനുള്ള മതമല്ല., കൊലയല്ല സ്നേഹമാണ്‌.സകല മതങ്ങളുടേയും അടിസ്ഥാന സന്ദേശം. ജീവ നിഗ്രഹമല്ല ജീവന്റെ ഉയിർപ്പാണ്‌ ലക്ഷ്യം. ശാന്തി നിലനിർത്താനുള്ള ആയുധം ബോംബുകളും തോക്കുകളുമല്ല. സ്നേഹമാണ്‌. മനോരോഗിയ ചികിത്സിക്കുന്ന ഡോ;നിദാലിനെപ്പോലെയാണ്‌. ഇന്നത്തെ ലോകത്തിന്റെ നിയന്ത്രണ കേന്ദ്രങ്ങളും അതിന്റെ സംവിധാനങ്ങളും. സകല നാശങ്ങളുടേയും പ്രഭവം അവിടെനിന്നാണ്‌.ഒപ്പം കണ്ടുമുട്ടിയ ഒരു ലേഖകൻ ഫക്രുദ്ദീനോട്‌ ചോദിച്ചു. മി.ഫക്രുദ്ദീൻ വം‌ശീയ പീഡനം " ഇറ്റ്‌ ഈസ്‌ എ ട്രൂത്ത്‌...ഫോർ എക്സാമ്പിൾ ഓസ്ട്രേലിയ. ".ഡോ നിദാലിനെ പൂർണ്ണമായും കുറ്റപ്പെടുത്താമോ?
ഡഫിനിറ്റിലി കൊലപാതകം നിഷിദ്ധമാണ്‌. സീ മി അരുൺഘോഷ്‌.ലോർഡ്‌ ബുദ്ധ അഹിംസ പ്രചരിപ്പിച്ചിരുന്ന ആളായിരുന്നില്ലേ.സീ നമുക്കു ഒരു മതവിശ്വാസം-എനിവൺ റിലീജിയൻ നല്ലതാണ്‌. മനുഷ്യരുടെ നേച്വർ ഒന്നാണ്‌. അപ്പോള്‍ മതങ്ങളുടെ ഫാക്‌ടറും ഒന്നാകാതെ വയ്യ. കേൾക്കു-മത വിശ്വാസിയല്ലെങ്കിലും കൊലപാതക പക്ഷക്കാരനാകരുത്‌. പ്ലീസ്‌"
അരുൺഘോഷ്‌ ന്യായവാദം ചെയ്തു. "മത ചരിത്രം കൊലകളുടെ ചരിത്രമല്ലേ?കുരിശുയുദ്ധം. ബദർ യുദ്ധം, മഹാഭാരതയുദ്ധം ,അങ്ങിനെ?

"രാഷ്ട്രീയ ചരിത്രവും കൊലകളുടെ ചരിത്രമല്ലേ?
"ഹിറ്റ്‌ലറും അലക്സാണ്ടറും വിപ്ലവ ആഹ്വാനക്കാരും എല്ലാവരും ധാരാളം കൊലകൾ ചെയ്തവരല്ലേ? രണ്ടു മഹായുദ്ധങ്ങളെ, ജനങ്ങൾക്കു നേരിടേണ്ടി വന്നില്ലേ? രാഷ്ട്രീയ ചരിത്രം ചികഞ്ഞാൽ മൂല്യമുള്ളവർ വളരെ കുറവ്‌. കോടികളിൽ ഒരു ഗാന്ധി., ഒരു ലിങ്കൺ ,ഒരു ലൂതർ കിംഗ്‌.തീർന്നു. മതതത്ത്വങ്ങൾ പരിശോധിക്കു. എടുത്താലും തീരാത്ത മൂല്യങ്ങളുടേയും പൊരുളുകളുടേയും ഖാനികളാണവ. ചിന്തിച്ചു നോക്കണം. "യസ്‌ യുവർ കറക്‌ട്‌ മി.ഫക്രുദ്ദീൻ.

നിദാൽ കഠിന ദുഷ്ടൻ തന്നെ. അയാളെ തൂക്കിലേറ്റുക തന്നെ വേണം. നിദാലുമാർ ഒന്നല്ല, മരത്തിൽ ചുറ്റിവളരുന്ന ഇത്തിൾക്കണ്ണികളെപ്പോലെ എല്ലാ മതങ്ങളിലും യാഥാസ്ഥിതികരായ ഈ കൊലപാതകരുണ്ട്‌. ലോകത്തിന്റെ ധാർമ്മികതകളെ നശിപ്പിക്കുന്നതവരാണ്‌. പ്രത്യയ ശാ‍ാസ്ത്രങ്ങളുടെ , ഭരണങ്ങളുടെ എല്ലാ വേദികളിലും ജനങ്ങളെ നിയന്ത്രിക്കുന്നവർ ഇവരായിരിക്കുന്നു. ഇതനുവദിക്കരുത്‌. സത്യത്തിലും പ്രപഞ്ചത്തിലും ദൈവത്തിലും വിശ്വസിക്കുന്നവർ ഒന്നിച്ച്‌ ഒരേ ചേരിയാകേണ്ടിയിരിക്കുന്നു. ഹിന്ദുവോ, ക്രിസ്ത്യനോ ,ഇസ്ലാമോ എന്ന ഭേദം അതിനുണ്ടാകരുത്‌..അരുൺഘോഷ്‌ ചോദിച്ചു.

"മി.നിദാലിന്‌ എന്തു ശിക്ഷയാണ്‌ ചേരുക. അനേക ജീവന്റെ നിലനിൽപ്പിനായി അരുതാത്തതെന്തെങ്കിലും , അവനു അതേ ഗണത്തിൽ മാപ്പില്ല. തൂക്കികൊല തന്നെ നൽകണം. വാർത്തകൾ ഒരുക്കി. നിദാലിനു മാപ്പരുതെന്ന ലേഖനവും എഴുതി തയ്യാറാക്കി ഫക്രുദ്ദീൻ തന്റെ പത്രത്തിന്റെ ടേബിൾ നെറ്റിലേക്ക്‌ മെയിൽ ചെയ്തു. സംഘർഷവും ആധികളും ,ലോകത്തിന്റെ വിശപ്പും കണ്ണീരും ചോരയും ,പടർന്നു കിടന്ന തെരുവിലേക്കിറങ്ങി നടന്നു. ന്യൂയോർക്ക്‌ തെരുവിന്റെ വെളിച്ചങ്ങളിലൂടെ ചലിക്കുന്ന ജനസമുദ്രത്തിലെ വേറിട്ട ഒരലയായി അയാൾ ഒഴുക്കിനിടയിൽ ഒഴുകി നീങ്ങി.

കഥ

vijayakumar kalarickal

എം.എൽ.എം

പ്രചണ്ഡമായൊരു പേമാരി എന്നു വേണമെങ്കിൽ പറയാം. അങ്ങിനെയാണവൻ മങ്കാവുടിയിൽ തിരിച്ചെത്തിയത്‌. ഫോർ റജിസ്ട്റേഷൻ ബ്ലാക്‌ വാഗ്‌നറിൽ .
കറുത്ത പോളീ‍ഷ്‌ ചെയ്തു തിളങ്ങുന്ന ഷൂവിൽ ,വെളുത്ത സോക്സിൽ കരുത്ത പാന്റ്‌സിൽ ക്രീം ഷർട്ട്‌ ഇൻസേർട്ട്‌ ചെയ്‌ത്‌ ഗോൾഡൻ ബ്രൗൺ ടൈയും കെട്ടി ....
അവൻ മങ്കാവുടി പട്ടണത്തിലെ ഫുട്ട്‌പാത്തിൽ നിന്നും ചെരുപ്പുക്കച്ചവടം വിട്ടുപോയിട്ട്‌ അധികം കാലമൊന്നുമായിട്ടില്ല.
"ആരും സംശയിക്കരുത്‌. ഇത്‌ കള്ളക്കടത്തോ, കരിഞ്ചന്തയോ, മോഷണമോ, പിടിച്ചുപറിയോ , ചാത്തൻസേവയോ ,അലാവുദ്ദീന്റെ അത്ഭുതവിളക്കിൽ നിന്ന്‌ കിട്ടിയതോ ഒന്നുമല്ല" അവൻ പറഞ്ഞു.
"ചങ്കൂറ്റമുള്ളവരുടെ ബിസിനസ്സാണ്‌.,പക്കാക്കച്ചവടം. മൾട്ടിലെവൽ മാർക്കറ്റിംഗ്‌,എം.എൽ.എം."
പിന്നീടുള്ള രാത്രികളിൽ കൊണ്ടിപ്പാടത്തെ അവന്റെ അയൽക്കാരായ ഞങ്ങൾക്ക്‌ വിലകൂടിയ സ്ക്കോച്ചിന്റേയും,മൊരിച്ചകടലയുടേയും കൂടെ എം.എൽ.എം ബിസിനസ്സിന്റെ വിശേഷണങ്ങളും വിളമ്പിത്തന്നു. ആവോളം....
പകലുകളിൽ വീടുകളിൽ വെറുതെയിരിക്കുന്ന അമ്മമാരോടും പെങ്ങളുമാരോടും ഓതിക്കൊടുത്തു.
ഓത്തു കേൾക്കുന്നവർ ചെയ്യേണ്ടത്‌ രണ്ട്‌ കാര്യങ്ങൾ മാത്രം.
ചെറിയൊരു തുക മുടക്കി കമ്പനിയിൽ ചേർന്നു നിൽക്കുക. രണ്ട്‌ അടുത്ത ബന്ധുക്കളെ അല്ലെങ്കിൽ ഉറ്റ്‌ സുഹൃത്തുക്കളെ കമ്പനിയിലേക്ക്‌ പരിചയപ്പെടുത്തുക.
ആഴ്‌ച്ചയിൽ ആയിരങ്ങളാണ്‌ ചെക്കായിട്ട്‌ കൊറിയർ വഴി എത്തുന്നത്‌. ആയിരങ്ങൾ പതിനായിരങ്ങളാകും. പതിനായിരങ്ങൾ..........
അവൻ കൂട്ടിച്ചേർത്തു.
"ഇനി നിങ്ങൾക്ക്‌ രണ്ടാളുകളെ പരിചയപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും ഞങ്ങൾ ബിസിനസ്സ്‌ മുമ്പോട്ടു കൊണ്ടുപോകും. അത്‌ ഞങ്ങളുടെ ആവശ്യമാണ്‌.കാരണം ഞങ്ങൾക്ക്‌ വരുമാനം വേണം.അതോടൊപ്പം നിങ്ങൾക്കും വരുമാനം കിട്ടും. ഇത്‌ ഒറ്റക്കുള്ള ബിസിനസ്സല്ല. .ഗ്രൂപ്പായിട്ടുള്ളതാണ്‌."
കൊച്ചൊറോത പെങ്ങള്‌ വല്ലാതങ്ങ്‌ മോഹിച്ചുപോയി. കൊണ്ടിപ്പാടത്തെ പലരും. അഞ്ചുസെന്റ്‌ സ്ഥലത്ത്‌ മഴയൊലിച്ചുകിടക്കുന്ന കുശ്ശിനിയിലാണ്‌ ഒറോതപെങ്ങള്‌ താമസം. അതൊന്ന്‌ നന്നാക്കാൻ കഴിഞ്ഞാൽ.......
ഭർത്താവ്‌ മരിച്ച .അഞ്ചു മക്കളുമായിക്കഴിയുന്ന മകളെ സഹായിക്കാൻ കഴിഞ്ഞാൽ......
തൊഴിലില്ലാതെ തെണ്ടി നടക്കുന്ന മകനെ ഒന്നു കര കയറ്റാൻ കഴിഞ്ഞാൽ.....
സോസൈറ്റിയിൽ അഞ്ചു സെന്റു സ്ഥലം പണയം വെച്ച്‌ ആ ചെറിയ തുകയുണ്ടാക്കൻ സഹായിച്ചതും അവൻ തന്നെ. .കമ്പനിയിൽ ഒറോത പെങ്ങളെ ബന്ധപ്പെടുത്തി നിർത്തിയതും അവൻ തന്നെ.
താലിമാല പണയപ്പെടുത്തിയും കൊള്ളപ്പലിശക്ക്‌ പണം വാങ്ങിയും ഒറോതപെങ്ങളെ പിൻതുടരുന്നവരുണ്ട്‌..
അന്നു രാത്രി.
പിന്നെ,പിറ്റേന്നു രാത്രിയിലും ഒറോതപെങ്ങള്‌ ഒരു പാട്‌` സ്വപ്‌നങ്ങൾ കണ്ടു..
അയലത്തെ സ്നേഹിതരോടും ,ഇത്തിരി അകലെയുള്ള ബന്ധുക്കളോടും പറഞ്ഞു നടന്നു.
കെഞ്ചി നടന്നു
ആഴ്‌ച്ചകളും മാസങ്ങളും കടന്നു....
രണ്ടുപേരെ (രണ്ടുപേരെ മാത്രം)കമ്പനിക്ക്‌ പരിചയപ്പെടുത്താൻ ഒറോത പെങ്ങൾക്ക്‌ കഴിഞ്ഞില്ല.
പിന്നീടുള്ള ദിവസങ്ങളോ, ആഴ്‌ചകളോ മാസങ്ങളൊ ഒറോതപെങ്ങൾക്കായി കാത്തു നിന്നില്ല. ആരും സഹായിച്ചുമില്ല.
ഒരു നാൾ സോസൈറ്റിക്കാർ വന്ന്‌ കുശ്ശിനിക്കുള്ളിലിരുന്ന ചെമ്പു പാത്രങ്ങളും കട്ടിലും അലമാരിയും ജപ്തിചെയ്‌തുകൊണ്ടുപോകുമ്പോൾ അവൻ ഫോർ റജിസ്ട്രേഷൻ ഫോർഡ്‌ ഐക്കണിൽ മങ്കാവുടി വിട്ട്‌ പോയിക്കഴിഞ്ഞിരുന്നു.
മരണം പരസ്യമാകുന്നു


ഒന്ന്‌:ദേശീയ പ്രാദേശീയ ദിനപത്രങ്ങളുടെ (ആംഗലേയത്തിലെ, മാതൃഭാഷയിലെ)ആദ്യപേജിൽതന്നെ കാൽഭാഗത്ത്‌ അയാളുടെ മരണം അറിയിച്ചുകൊണ്ടുള്ള ഫോട്ടോയോടു കൂടിയ പരസ്യം വന്നു.
ഞങ്ങളുടെ അഭിവന്ദ്യപിതാവ്‌ ഇന്നയിടത്ത്‌ ഇന്നയാൾ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്‌ ഇന്ന ദിവസം ഇന്നസമയത്ത്‌ നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. സംസ്ക്കാരകർമ്മങ്ങൾ ഇന്ന ദിവസം ഇന്ന സമയത്ത്‌ തറവാട്ടുവളപ്പിൽ നടക്കുന്നതാണ്‌.
എന്ന്‌ സന്തപ്ത മക്കൾ, മരുമക്കൾ, ചെറുമക്കൾ,ചാർച്ചക്കാർ,അവരോടെല്ലാം ബന്ധപ്പെടുന്ന സ്ഥാപനങ്ങളുടെ പേരുകൾ, ഫോൺ നമ്പറുകൾ ...........

രണ്ട്‌:അയാളുടെ മരണശേഷം നാലാം നാൾ എല്ലാ ദിനപത്രങ്ങളുടേയും ചരമ അറിയിപ്പുപേജിൽ കാൽ ഭാഗത്ത്‌ കോളം തിരിച്ച്‌ ഫോട്ടോയോടുകൂടി ഇങ്ങിനെയെഴുതി.

ഞങ്ങളുടെ അഭിവന്ദ്യപിതാവ്‌ ഇന്നയിടത്ത്‌ ഇന്നയാൾ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന്‌ ഇന്ന ദിവസം ഇന്നയിടത്ത്‌ നിര്യാതനായ വിവരം അരിഞ്ഞുകാണുമല്ലോ. അദ്ദേഹത്തിന്റെ സഞ്ചയനം നാളെ രാവിലെ 9 മണിക്ക്‌ നടക്കുകയാണ്‌. ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി കരുതി സംബന്ധിക്കുവാൻ സാദരം ക്ഷണിച്ചുകൊള്ളുന്നു..അദ്ദേഹത്തിന്റെ വിയോഗത്തിൽ നേരിട്ടും, ഫോണിലൂടേയും ഞങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുകയും, സാന്ത്വനപ്പെടുത്തുകയും ചെയ്‌ത എല്ലാവരേയും കൃതാർത്ഥതയോടെ സ്മരിക്കുന്നു.
എന്ന്‌ മക്കൾ, മരുമക്കൾ, ചെറുമക്കൾ, ബന്ധുക്കൾ, ചാർച്ചക്കർ..................
ഉപചാരപൂർവ്വം സ്ഥാപനങ്ങളുടെ പേരുകളും, മേല്‍‌വിലാസങ്ങളും..............................
പിന്നീട്‌:
പുലകുളി,സപിണ്ഢ അടിയന്തിരത്തിന്‌,
പരമാത്മാവിൽ വിലയം ചെയ്‌തതിന്റെ വാർഷികങ്ങൾക്ക്‌
പത്രത്താളുകളിൽ വരുന്ന ഫോട്ടോ,അറിയിപ്പുകൾ വഴി അയാൾ ഇന്നും
ഉപചാരപൂർവ്വം എത്തുന്ന ചെറുമക്കളും, ബന്ധുക്കളും,ചാർച്ചക്കാരും,അവരോടു ബന്ധപ്പെട്ട സ്ഥാപനങ്ങളും വിലാസങ്ങളും വർദ്ധിപ്പിച്ചുകൊണ്ട്‌,
പരസ്യമായി.........................................

മരുഭൂമിയുടെ ഉയിർത്തെഴുന്നേൽപ്‌

mathew nellickunnu


ഇടുക്കി പദ്ധതിയുടെ വരവോടെ തൊടുപുഴ ജലസമൃദ്ധമായി. ഞങ്ങളുടെ മൂവാറ്റുപുഴയാറിലും ആ വെള്ളമെത്തി. ഏതു വേനലിലും വരണ്ടുപോകാത്ത്‌ മൂവാറ്റുപുഴ ആറിൽ തുടിച്ചുനീന്തിയും കൈത്തോടുകളിൽനിന്നും മീൻപിടിച്ചും നടന്ന എന്റെ കുട്ടിക്കാലത്തിന്റെ ഓർമ്മപോലും ഹൃദ്യമാണ്‌. മക്കളോടും കൊച്ചുമക്കളോടും ഞാനാക്കഥകൾ പറഞ്ഞിട്ടുണ്ട്‌. അവർക്ക്‌ അങ്ങനെയൊരു കുട്ടിക്കാലം കിട്ടിയിട്ടില്ല. അടച്ചിട്ട മുറികളിൽ കോൺക്രീറ്റ്‌ കൂടുകളിൽ, സ്കൂൾബസ്സുകളിൽ, കമ്പ്യൂട്ടർ സ്ക്രീനിനുമുൻപിൽ ഒക്കെയാണ്‌ അവർ വളർന്നത്‌.
അവരോടു കഥപറയുമ്പോൾ ഞാൻ അഭിമാനിച്ചു. മണ്ണിന്റെ മണമറിഞ്ഞു വളരാനായതിൽ ആഹ്ലാദിച്ചു. കുസൃതിയും സാഹസികതയും നിറഞ്ഞ അനുഭവങ്ങളോർത്ത്‌ ഊറിയൂറിച്ചിരിച്ചു. ഇനിയും നാട്ടിൽചെല്ലുമ്പോൾ പാടത്ത്‌ ചൂണ്ടയിട്ടു മീൻപിടിക്കണം എന്ന മോഹമുദിച്ചതു അങ്ങനെയാണ്‌.
പിന്നീട്‌ നാട്ടിൽവന്നപ്പോൾ വീടിന്റെ മുൻപിലുള്ള പാടശേഖരങ്ങളുടെ അരികിലെ തോടിന്റെ വരമ്പിലൂടെ ഞാൻ ചൂണ്ടയുമായി നടന്നു. പക്ഷേ തോട്ടിൽ ഒരു ചെറുമത്സ്യത്തെപ്പോലും കാണാനുണ്ടായിരുന്നില്ല. പണ്ട്‌ തോടുകളിൽ ധാരാളമുണ്ടായിരുന്നവരാൽ, മൂശി, പരൽമീനുകൾ, ഞണ്ട്‌, ഞവിണി ഇവയിലൊന്നിനെപ്പോലും കണ്ടില്ല. തോടിന്റെയും പാടത്തിന്റെയും വരമ്പുകളിൽ വന്നിരുന്ന്‌ മീൻപിടിച്ചിരുന്ന പൊൻമാൻപക്ഷികൾ, കൊറ്റികൾ എന്നിവയിൽ ഒന്നിനെപ്പോലും കാണാനായില്ല. തോട്ടിൽ ചാടിത്തിമിർത്തും വാഴത്തടകൊണ്ട്‌ ചങ്ങാടമുണ്ടാക്കി നീന്തിത്തുടിച്ചും മീൻപിടിച്ചുരസിക്കാൻ കുട്ടികളുമില്ലാതായിരിക്കുന്നു.
രാവിലെ വീട്ടുജോലികളെല്ലാമൊതുക്കി താളിതേച്ചു മുങ്ങിക്കുളിക്കുവാനും തുണിനനയ്ക്കുവാനും വന്നിരുന്ന സ്ത്രീകളേയും തോട്ടിറമ്പിൽ കണ്ടില്ല. പാടത്ത്‌ നെല്ലിനടിക്കുന്ന കീടനാശനികൾ ഒഴുകി തോട്ടിലെത്തുന്നതിനാലും, തോട്ടിറമ്പിൽ കുളിയ്ക്കാൻ ഭയപ്പെട്ടുമാണത്രേ പെണ്ണുങ്ങൾ തോടുപേക്ഷിച്ചതു.
പ്രകൃതി കനിഞ്ഞു നൽകിയ വരങ്ങൾ ആർക്കും വേണ്ടാതായിരിക്കുന്നു. രാത്രിയും പകളും ഇടയ്ക്കിടെ കേട്ടിരുന്ന ചീവീടുകളുടെ നീണ്ടശബ്ദവും, ആകാശത്തും താഴെയും മിന്നിത്തെളിഞ്ഞ്‌ പാറിനടന്നിരുന്ന മിന്നാമിന്നികളേയും കാണാനും കേൾക്കാനുമില്ല. മുറ്റത്തും പരിസരത്തും ധാരാളമുണ്ടായിരുന്ന കാക്കകളും, തൊഴുത്തുനിറഞ്ഞുനിന്നിരുന്ന പശുക്കളും ആടുകളും, പിന്നെ വളർത്തു പൂച്ചകളും വളരെ കുറഞ്ഞിരിക്കുന്നു.
കർഷകരേയും കാർഷികമേഖലയേയും വിലകുറച്ചുകാണുന്നവരാണ്‌ ഇന്ന്‌ നാട്ടുമ്പുറത്തുകാർപോലുമെന്ന്‌ വേദനയോടെ ഞാൻ മനസ്സിലാക്കി. കെട്ടിടനിർമ്മാണത്തിനും വ്യവസായ ആവശ്യത്തിനും റോഡുനിർമ്മാണത്തിനും റബർകൃഷിക്കും മറ്റുമായി പ്രകൃതി കനിഞ്ഞു നൽകിയിരുന്ന വരദാനങ്ങൾ നശിപ്പിച്ചുകൊണ്ട്‌, സാമ്പത്തിക ഉന്നമനം ലക്ഷ്യംവച്ച്‌ മണ്ണിനെ ചൂഷണംചെയ്യുകയാണ്‌ ഇന്ന്‌ മനുഷ്യർ. പ്രകൃതിയെ നശിപ്പിച്ചുകൊണ്ട്‌ ഒരു സമൂഹവും ഭൂമുഖത്ത്‌ നിലനിൽക്കില്ല. അടുത്ത തലമുറയ്ക്കായി നാം കരുതിവച്ചിരിക്കുന്നത്‌ തെങ്ങുകളില്ലാത്ത, കുടിക്കാൻ വെള്ളത്തിനായി കേഴുന്ന, വനങ്ങളും വൃക്ഷങ്ങളും പക്ഷികളും മൃഗങ്ങളും നഷ്ടപ്പെട്ട, വിഷമാലിന്യങ്ങൾ നിറഞ്ഞ, മരുഭൂമിയായിക്കൊണ്ടിരിക്കുന്ന കോൺക്രീറ്റ്‌ സൗധങ്ങൾ മാത്രമുള്ള ഒരു ശ്മശാനകേരളമാണ്‌.

പാർപ്പിടം

k k rajuചെലവു കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിൽ വളരെ പ്രശസ്തനായ ഒരു ആർക്കിടെക്‌റ്റിന്റെ ഓഫീസിലേക്ക്‌ അയാൾ കടന്നുചെന്നു. ഉപചാരങ്ങൾക്കു ശേഷം ഇപ്രകാരം പറഞ്ഞു
"പണം എത്ര ചെലവായിരുന്നാലും തരക്കേടില്ല. എനിക്കൊരു ലോകോസ്റ്റ്‌ വീട്‌ ഡിസൈൻ ചെയ്‌തു തരണം. "ആർക്കിടെക്‌റ്റിന്റെ മറുപടി ഒരു പുഞ്ചിരി ആയിരുന്നു
സ്വന്തമായി ഒരു ഭവനം ഒരു മനുഷ്യായുസ്സിന്റെ ഏറ്റവും വലിയ ആഗ്രഹമാണ്‌. ഇക്കാലത്ത്‌ മേൽപ്പറഞ്ഞ ആളുടെ മനോഭാവത്തിലാണ്‌` വീട്‌ നിർമ്മിക്കാൻ ഒരുമ്പെടുന്നത്‌. നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും നാം കോൺക്രീറ്റ്‌ വനങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. ഇത്‌ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ എത്ര ഭീകരമാണ്‌`. കേരളത്തിന്റെ കാലാവസ്ഥയ്ക്ക്‌ അനുയോജ്യമാണോ ഈ കോൺക്രീറ്റ്‌ വീടുകൾ.എന്നത്‌ ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്‌.

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ്‌ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ. പക്ഷേ ഇന്ന്‌ ഇവ ധൂർത്തിന്റെ പര്യായങ്ങളായിട്ടുണ്ട്‌. ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ച്‌ ഉണ്ടാക്കിയ പണം കൊണ്ട്‌ കോട്ടപോലെ ഒരു സൗധം പടുത്തുയർത്തുന്നു. എന്നിട്ടോ, അവസാനകാലം തെരുവിലോ, വൃദ്ധമന്ദിരത്തിലോ എരിഞ്ഞു തീരുന്നു. അവരുടെ ജീവിതം.

ഇന്നത്തെ പാർപ്പിട സങ്കൽപ്പം പ്രകൃതിയെ മറന്നുകൊണ്ടുള്ളതാണ്‌. പണ്ട്‌ അങ്ങനെ ആയിരുന്നില്ല. മേലോട്ട്‌ കൂരച്ചു നിൽക്കുന്ന ഓടിട്ട മേൽക്കൂരകളായിരുന്നു പഴയ വീടുകളുടെ രീതി.കൂരയുടെ ഒരു വശം വെയിലേറ്റു ചുട്ടു പഴുത്തിരിക്കുമ്പോൾ മറുവശം തണുത്തതായിരിക്കും. അത്തരം വീടുകളിൽ ചൂട്‌ കുറവായിരിക്കും. ചൂട്‌ വായു ഉയർന്ന്‌ ഓടുകൾക്കിടയിലെ സുഷിരങ്ങളിലൂടെ പുറത്തു പോകുന്നതും വീട്ടിനുള്ളിലെ ചൂട്‌ കുറയാൻ സഹായകമാണ്‌. അക്കാലത്ത്‌ വീടും മുറ്റവും ചാണകം മെഴുകുകയായിരുന്നു പതിവ്‌. പരിസരം ശുദ്ധിയാക്കുവാൻ ചാണകം കലക്കിയ വെള്ളം മുറ്റമടിച്ചു വൃത്തിയാക്കിയതിനുശേഷം തളിക്കും. ((ചാണകത്തിനകത്ത്‌ അണുനാശാകങ്ങൾ ഉണ്ടെന്നതാണ്‌ ശാസ്ത്രസത്യം.)പഴമക്കർ അതു മനസ്സിലാക്കിയിരുന്നു.
പണ്ടുകാലത്ത്‌ നിർമ്മിക്കപ്പെട്ടിരുന്ന എല്ലാ വീടുകളുടേയും ദർശനം കിഴക്കോട്ടായിരുന്നു. ശുദ്ധമായ ഇളം വെയിൽ ധാരാളം ലഭിക്കും എന്നതാണ്‌ ഗുണം. മുൻവാതിലിലൂടെ നോക്കിയാൽ പുറം വാതിൽ വരേയും പിന്നിലെ തൊടിയും കാണാം.മുറ്റത്ത്‌ നട്ടുപിടിപ്പിച്ചിരിക്കുന്ന ഔഷധ സസ്യങ്ങളിൽ തട്ടിയെത്തുന്ന ശുദ്ധവായു അകത്ത്‌ കടന്ന്‌ വരുമ്പോൾ മുറിക്കുള്ളിലെ അശുദ്ധവായു പുറത്തേക്ക്‌ പോകുന്നു. മുറിക്കകത്തെ വായു സഞ്ചാരപ്രശ്നങ്ങളാണ്‌ ഒട്ടുമിക്ക ശ്വാസകോശ രോഗങ്ങളും സൃഷ്ടിക്കുന്നത്‌.
അത്തരം ആരോഗ്യകരമായ ഗൃഹനിർമ്മാണരീതി വിസ്മൃതിയിലായി. വയൽചെളിയും, ചാണകവും കലർത്തി മെഴുകിയ തറക്ക്‌ പകരം സിമന്റ്‌ തറയുടെ കാലമായി. (വാതരോഗം പിടിപെടാൻ മറ്റൊരു കാരണം വേണ്ട)പിന്നീട്‌ മോസൈക്ക്‌ ആയി. പിന്നെ മാർബിൾ!ഇപ്പോഴോ ഗ്രാനൈറ്റ്‌ ആണ്‌ ഫാഷൻ. ഇവ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എത്ര വലുതാണ്‌`. (ഇത്തരം തറകളിൽ തെന്നിവീണ്‌ നടുവൊടിഞ്ഞ്‌ ആശുപത്രിയെ അഭയം പ്രാപിക്കുന്നവരുടെ എണ്ണവും നാൾക്കുനാൾ വർദ്ധിക്കുന്നു. മാർബിൾ,ഗ്രാനൈറ്റ്‌ എന്നിവയുടെ ദോഷം പരിഹരിക്കുവാൻ മിക്കവരും കയറ്റുപായ്‌ വിരിക്കുന്നു. എന്തു വിരോധാഭാസമാണിത്‌.
കേരളത്തിലെ കാലാവസ്ഥക്ക്‌ ഏറ്റവും അനുയോജ്യം മേലോട്ടു കൂരച്ചു നിൽക്കുന്ന ഓടിട്ട വീടുകളാണ്‌. തടികൊണ്ട്‌ പണിത മച്ചുകൂടി ഉണ്ടെങ്കിൽ ഏരെ അഭികാമ്യം.
മനുഷ്യന്റെ ആരോഗ്യത്തിന്‌ അവൻ വസിക്കുന്ന ആവാസസ്ഥാനത്തിന്‌ വളരെയേറെ പ്രാധാന്യമുണ്ട്‌. പ്രദേശത്തെ കാലാവസ്ഥ ,പ്രാദേശികമായി ലഭിക്കാവുന്ന നിർമ്മാണസാമഗ്രികൾ. ലഭ്യമായ പണം കുടുംബത്തിലെ അംഗസംഖ്യ,ഇവയെല്ലാം പരിഗണിച്ചു വേണം വീട്‌ നിർമ്മിക്കുവാൻ. ഇക്കാലത്ത്‌ കൂടുതലും അണുകുടും‌ബങ്ങളായതിനാൽ വലിയ വീടുകൾക്ക്‌ പ്രസക്തിയില്ല. ഭാര്യ,ഭർത്താവ്‌,രണ്ടു കുട്ടികൾ ഇവർക്കു താമസിക്കുവാൻ രണ്ടോ മൂന്നോ കിടപ്പുമുറി പണിയുന്നത്‌ ആവശ്യം. അതിലധികം കിടപ്പുമുറികൾ പണിയുന്നത്‌ അനാവശ്യമാണ്‌. ആവശ്യത്തിനേ വീടു വയ്ക്കാവു. ആഢംബരത്തിനാകരുത്‌.(ബിൽഡിംഗ്‌ ടാക്‌സ്‌, വില്ലേജ്‌ ടാക്‌സ്‌, ലക്ഷ്വറി ടാക്‌സ്‌ തുടങ്ങി പ്രതിവർഷം അടയ്ക്കേണ്ട കനത്ത നികുതിഭാരം ഉയർന്ന വൈദ്യുതിചാർജ്ജ്‌ എന്നിവയും ഓർമ്മയിൽ വേണം)

ഗൃഹനിർമ്മാണത്തിന്‌ വായ്‌പ്പ നൽകുന്ന സ്വകാര്യ ഹൗസിംഗ്‌ ബാങ്കുകള്‍ കൂണുപോലെ പൊട്ടിമുളച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ബാങ്കുകളിൽ നിന്നും വായ്‌പ്പയെടുത്താൽ പലിശ,കൂട്ടുപലിശ,പിഴപ്പലിശ, ഉൾപ്പെടെ വാങ്ങിയ തുകയുടെ ഇരട്ടി അടച്ചാലും കടം തീരില്ല. കാണാച്ചെലവുകൾ എന്ന കെണി വേറേയും ഉണ്ട്‌.
കടമെടുത്ത്‌ വീടു വെക്കുമ്പോൾ ഉള്ള തുകക്ക്‌ വീടു പണിയണം. പണിതീരാത്ത വീട്‌ ആകരുത്‌. വായ്‌പ്പ ആവശ്യമെങ്കിൽ നടപടിക്രമങ്ങളും ,ഇടപാടുകളും സുതാര്യമെന്ന്‌ തികഞ്ഞ ബോധ്യമുള്ള ബാങ്കുകളെമാത്രമേ ആശ്രയിക്കാവു.
പാമ്പുകൾക്ക്‌ മാളമുണ്ട്‌
പറവകൾക്കകാശമുണ്ട്‌
മനുഷ്യപുത്രന്‌ തലചായ്‌ക്കൻ
മണ്ണിൽ, ഒരിടം വേണം
phone:9495155172

നേർക്കാഴ്‌ചകൾ-------ഒരു ടൈം‌പാസ്സിന്‌

thomas neelarmatham
ഏതോ ഒരൊഴുക്കിൽ,അദ്ധ്യാപനത്തിന്റെ തീരത്തേക്ക്‌ അടിഞ്ഞുകയറിയവനാണ്‌ ഞാൻ. പഠനകാലത്ത്‌ അദ്ധ്യാപകൻ ആകണമെന്ന്‌ ആഗ്രഹമേ ഇല്ലായിരുന്നു. എന്നാൽ എന്നോടൊപ്പം കോളേജു ക്ലാസ്സുകളിൽ പഠിച്ചിരുന്ന സൂസന്‍‌ജോൺ ഒരു കോളേജദ്ധ്യാപിക ആകണമെന്നുള്ള വ്യക്തമായ കാഴ്‌ച്ചപാടോടെ പഠനത്തെ ഗൗരവമായി സമീപിച്ച പെൺകുട്ടിയായിരുന്നു. ക്ലാസ്സിലെ ഏറ്റവും സമർത്ഥയും പാഠ്യേതര വിഷയങ്ങളിൽ മറ്റുള്ളവരേക്കാൾ ഒക്കെ വളരെ താത്പര്യം പ്രകടിപ്പിച്ചിരുന്ന പെൺകുട്ടിയായിരുന്നു സൂസൻ ജോൺ. ഞങ്ങളുടെ അദ്ധ്യാപകരും സഹപാഠികളും ഒരു മികച്ച അദ്ധ്യാപികയുടെ എല്ലാ ഗുണങ്ങളും അവളിൽ കണ്ടു. ഭാവിയിൽ ഏതെങ്കിലും ഒരു കോളേജിലെ മലയാളവിഭാഗം അദ്ധ്യാപികയായി ശോഭിക്കുന്ന സൂസനെയായിരുന്നു ഞങ്ങളൊക്കെ പ്രതീക്ഷിച്ചിരുന്നത്‌.
എന്നാൽ സംഭവിച്ചതു മറിച്ചായിരുന്നു. ഇടുക്കി ജില്ലയിലെ ഏതോ പ്രമുഖ മലഞ്ചരക്ക്‌ വ്യാപാരിയുടെ മകനാണ്‌ സൂസൻ ജോണിനെ വിവാഹം കഴിച്ചതു്‌.എസ്റ്റേറ്റും കാറും ബംഗ്ലാവും സുഗന്ധ വിളകളുമുള്ള ആ കുടുംബത്തിലേക്ക്‌ വന്ന പുത്തൻ പെണ്ണ്‌ ജോലിക്കു പോകുന്ന കാര്യത്തെക്കുറിച്ച്‌ അവർക്ക്‌ ആലോചിക്കാന്‍‌ കൂടിസാധ്യമല്ല. കുളിച്ചൊരുങ്ങി അകത്തമ്മ ചമഞ്ഞിരിക്കാനും വിലകൂടിയ കാറിൽ ഭർത്താവിനൊപ്പം മുൻസീറ്റിലിരുന്ന്‌ യാത്ര ചെയ്യാനും വളരെ വേഗം സൂസൻ പഠിച്ചു. ഒരു കോളേജ്‌ അദ്ധ്യാപിക ആയിത്തീരാനുള്ള ആഗ്രഹം അങ്ങനെ അവൾ പോലുമറിയാതെ മനസ്സിൽ കിടന്ന്‌ കരിഞ്ഞുണങ്ങി.
സൂസന്റെ വിവാഹത്തിനുശേഷം ഏഴെട്ടു വർഷം കഴിഞ്ഞാണ്‌ ഞങ്ങൾ തമ്മിൽ കോട്ടയത്ത്‌ ഒരു ചടങ്ങിൽ വച്ച്‌ നേരിട്ടു കാണുന്നത്‌. ഒരു പഴയകാലസുഹൃത്തിനെ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി.
സൂസൻ എന്നെ അവളുടെ ഭർത്താവിന്‌ പരിചയപ്പെടുത്തി. അവളുടെ സാരിത്തുമ്പിന്റെ ചുവട്ടിൽ ചുറ്റിത്തിരിയുന്ന ഒരഞ്ചുവയസ്സുകാരന്റേയും മൂന്നുവയസ്സുകാരിയുടെയും ചുണയും ചിരിയുമുള്ള മുഖങ്ങൾ എന്നെ സന്തോഷിപ്പിച്ചു. ഞാനവരുടെ കുരുന്നു മുഖങ്ങളിൽ തലോടുകയും മുടിച്ചുരുളുകളിൽ വിരലോടിക്കുകയും ചെയ്‌തുകൊണ്ട്‌ എന്റെ സ്നേഹം പങ്കു വെച്ചു. സൂസന്റെ മുഖത്തെ പരിക്ഷീണവും, വയറും ശ്രദ്ധിച്ചപ്പോഴാണ്‌ അവൾ ഒരു കുഞ്ഞിന്‌ കൂടി ജന്മം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന്‌ എനിക്കു തോന്നിയത്‌.
ഞാൻ ഒരു ചെറുചിരിയോടെ കളിയാക്കുന്ന മട്ടിൽ അവളോടു ചോദിച്ചു.
എന്താ സൂസൻ ,ഈ സർക്കാരു പറയുന്ന കാര്യങ്ങളൊന്നും നിങ്ങൾക്കു ബാധകമല്ലേ?നാം ഒന്ന്‌ നമുക്കൊന്ന്‌ എന്നാണ്‌ പുതിയ പ്രമാണം.
ഓ, അതൊന്നും അറിയാഞ്ഞിട്ടല്ല, തോമസേ ഇതു വെറുതേ ഒരു ടൈം‌പാസ്സിന്‌.
സൂസന്റെ മറുപടി എനിക്ക്‌ ഇഷടമായില്ല. ഞാൻ ഉടൻ തന്നെ പ്രതികരിക്കുകയും ചെയ്‌തു.
വിവരക്കേടു പറയരുത്‌. മക്കളുണ്ടാകുന്നത്‌ ടൈം പാസ്സിനുവേണ്ടിയല്ല. എത്രയോ ദമ്പതികൾ ഒരു കുഞ്ഞിക്കാലു കാണാൻ നേർച്ച ക്കാഴ്ചകളുമായി കാത്തിരിക്കുന്നു. കുട്ടികളുണ്ടാകുന്നതിനു പിന്നിൽ വ്യക്തമായ ഒരു ഈശ്വരപദ്ധതിയുണ്ട്‌. തികച്ചും ദൈവീകമായ ഒരു അനുഗ്രഹമാണത്‌. ദൈവം ദാനം തന്ന കുഞ്ഞുങ്ങൾ എന്നൊക്കെ പണ്ടുള്ളവർ പറയുന്നത്‌ കേട്ടിട്ടില്ലേ?
എന്നിലെ അദ്ധ്യാപകനായിരുന്നു അത്രയും പറഞ്ഞത്‌. നൂറുകണക്കിന്‌ കുട്ടികളുടെ മുഖങ്ങൾ നേർക്കു നേരെ കണ്ടിട്ടാണ്‌ എന്റെ എല്ലാ പ്രവൃത്തിദിവസങ്ങളും അവസാനിക്കുന്നത്‌. ടൈം പാസ്സിനുവേണ്ടി ഉണ്ടായ ഒരു കുട്ടിയെപ്പോലും ഞാൻ ആ കൂട്ടത്തിൽ കണ്ടിട്ടില്ല. വിവരവും വിദ്യാഭ്യാസവുമുള്ള ഒരു സ്ത്രീയുടെ വായിൽ നിന്ന്‌ അത്‌ കേട്ടപ്പോൾ തോന്നിയ അരുചി മനസ്സിൽ നിന്നിതുവരെ വിട്ടുമാറിയിരുന്നില്ല.
സൂസന്റെ മുഖം വിളറിപ്പോയി എന്നതു നേരാണ്‌. ആ വാക്കിനൊരു തമാശയുടെ ഭാരമേ കാണു എന്നാണ്‌ അവൾ വിചാരിച്ചിരുന്നത്‌. വീട്ടിൽ അകത്തും പുറത്തും ജോലി ചെയ്യാൻ വേലക്കാരികളും കുട്ടികളെ നോക്കാൻ ആയമാരും ഉള്ളപ്പോള്‍ പ്രസവത്തിനു ചിലപ്പോള്‍ ടൈം‌പാസ്സിന്റെ പ്രാധാന്യമേ കാണു.
കുട്ടികളോട്‌ വൈകാരികമായ ഒരടുപ്പം കേരളത്തിലെ അമ്മമാർക്കും നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്നു. എന്നതാണ്‌ എന്നിൽ നടുക്കമുണ്ടാക്കിയത്‌.
രണ്ടു വർഷത്തിനു മുൻപ്‌ കേരളത്തിലെത്തിയ മധ്യവയസ്ക്കയായ ഒരു വിദേശ വനിതയെ പരിചയപ്പെടുവാനിടയായി. ഒരു മദ്ധ്യ കേരളത്തിലെ പൗരാണിക ക്രൈസ്തവ ദേവാലയങ്ങളെക്കുറിച്ച്‌ പഠിക്കുന്ന ദൗത്യവുമായാണ്‌ അവർ മദ്ധ്യ തിരുവിതാംകൂറിലെത്തിയത്‌..ചേപ്പാട്ട്‌,കാർത്തികപ്പള്ളി എന്നീ സ്ഥലങ്ങ്ലിലെ ക്രൈസ്തവ ദേവാലയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനായിരുന്നു അവർ എന്നെ സമീപിച്ചതു്‌. ഞങ്ങൾ സംസാരിച്ചിരിക്കുന്നതിനിടയിൽ അവർ എന്നോട്‌ സമയം ചോദിച്ചു. ഞാൻ വാച്ചിൽ നോക്കി സമയം പറഞ്ഞു.
അവർ സ്വന്തം വാച്ചിലേക്കു നോക്കി ജർമ്മൻ സമയം തിട്ടപ്പെടുത്തി.
പെട്ടെന്ന്‌ അവർ ആഹ്ലാദഭരിതയായി എന്നോട്‌ പറഞ്ഞു.
മിസ്റ്റർ തോമസ്‌, ജർമ്മനിയിൽ ഇപ്പോൾ എന്റെ മകന്റെ വിവാഹം നടന്നുകൊണ്ടിരിക്കുകയാണ്‌`.
ടൈം‌പാസ്സിനു വേണ്ടി പ്രസവിക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ കേരളത്തിലും ഇങ്ങനെ സംഭവിക്കാൻ അധികകാലം വേണ്ടിവരില്ല.

10 കവിതകൾ-

bijoy chandran1-മൂർച്ച

പഴുക്ക മുറിക്കാൻ
എളിയിൽ കരുതി
പണ്ട്‌ മുത്തശ്ശൻ
ഒരു പിച്ചാത്തി

നീറ്റുകുടത്തിൽ മുക്കി
ചുണ്ണാമ്പെടുത്ത്‌
വെറ്റിലയുടെ ജാതക-
രേഖകൾ കോറുവാൻ
പൊകലത്തണ്ട്‌
മുറിച്ചു മണത്ത്‌
കത്തിയ പാടത്തെ
ഓതിയുണർത്താൻ

കപ്പക്കോല്‌ ചീമ്പി
കുത്തുവലയുമായ്‌
കയ്യാണിതോറും
മീൻ നോക്കി നടക്കാൻ

കല്ലിൽ രാകിമിനുക്കി
കരുതിവെച്ച
ഇരുമ്പുകാലത്തിൻ
കരുത്തുള്ള മൂർച്ച
കവലക്ക്‌ പോകുമ്പോ-
ളെക്കിടയിൽ നിന്നും
അരക്കിന്റെ പിടി
നീണ്ടു നിന്നു
കള്ളിൽ മൂത്ത്‌
മടങ്ങും മുത്ത്യോനെ
ഒന്നും രണ്ടും
പറഞ്ഞ്‌ വിരട്ടാൻ
കുത്തിമലത്തും എന്ന്‌
അന്തിക്കുറങ്ങുന്ന
വിളക്കുകാലിനെ
വിറപ്പിക്കാൻ
പാല പൂക്കുന്ന
രാവുകളിൽ ലോഹ-
സാധ്യതയായ്‌
വിരലിൽ തണുക്കാൻ
ആഭിചാരത്തിന്റെ
യന്ത്യയാമങ്ങളിൽ
കോഴിയെക്കൊന്ന്‌
ചോര നേദിക്കാൻ
എപ്പോഴും കരുതി
മുത്തശ്ശൻ,രക്ത-
സൂചകം പോലെ
ഒരു പിച്ചാത്തി
വെയില്‌ ചെത്തി
കൂർപ്പിച്ചെടുത്ത്‌
പിച്ചാത്തിയോടൊത്ത്‌
പകൽ കടന്നുപോയ്‌
ഇരുമ്പിന്റേയും
മുറുക്കാന്റേയും
മണമായ്‌ മുത്തശ്ശൻ
ചാണക്കു വെച്ചിട്ടും
നിവരാത്ത വായ്‌ത്തല
പോലൊരു ജന്മത്തിൻ
നീറ്റുകുടത്തിൽ
മുങ്ങി തിരയുന്നു
തീർച്ചയില്ലാതെ ഞാ-
നേതു കാലത്തെ
മരക്കട്ടിലിന്റെ
തലപ്പെട്ടിയിൽ
തുരുമ്പിച്ചുറങ്ങുന്നു
ഒരു പഴയ മൂർച്ച


2-പാളവണ്ടിയിൽ

കമുകിൻ പാളയിലിരുത്തി വലിക്കാം
പഴയൊരു വൈകുന്നേരത്തെ
നടവഴിയുടെ ചരൽക്കുണ്ടിലൂടെ
ഉറുമ്പിൻ തീവണ്ടിമുകളിലൂടെ
അവയറിയാതെ പറയാം
തിട്ടിടിഞ്ഞ്‌ താഴെ പറമ്പിലേ-
യ്ക്കടരുമൊരായം
മാനത്തേക്കു കുതിക്കും പെട്ടെ-
ന്നായുസ്സറ്റ കിനാവ്‌
മുത്തപ്പൻ മുറുക്കാൻ വീണ്‌
നിറം മാറിയ കുത്തുകല്ലുകൾ
തൊട്ടാലുറക്കം പിടിക്കും
പടയിഞ്ചകൾ
ഉച്ചവെച്ച്‌ മറന്നിട്ടു പോയ
സ്വപ്‌നപ്പടർപ്പുകൾ, നിറയെ
ഓട്ടകൾ വീണ മരച്ചാർത്ത്‌
ചോരും നിഴൽക്കൂടുകൾ
ഒക്കെയും പിന്നിട്ട്‌
ചക്രങ്ങളില്ലാത്ത വണ്ടിക്കുതിപ്പ്‌
മഞ്ഞിലൂടല്ല, ചതഞ്ഞ ഓർമ്മയ്ക്കുമേലാണ്‌ മടക്കം
പണ്ട്‌` പെയ്‌തലഞ്ഞ
മഴയത്ത്‌ തെന്നി
പാളയും നിക്കറും
കീറിയാലും പിടി
വിട്ടുകൊടുക്കാതെ
പറ്റിപ്പിടിച്ച്‌
ഓട്ടം നിറുത്താത്ത
കൂട്ടുകാരൻ
പിന്നെ-
യെപ്പോഴോ വേർപെട്ട്‌
പോകുന്ന സന്ധ്യയായ്‌

3-തെങ്ങിൻ പാലം കടന്ന്‌

നിറഞ്ഞ തോടിന്റെ
കുറുകെയാണോർമ്മ
കലക്കവെള്ളത്തിൻ
കുതിപ്പുമായ്‌ നമ്മൾ
നടന്നുപോയത്‌
മുറുക്കാൻ മേടിക്കാൻ
കുറുമ്പച്ചേടത്തി
വടക്കൻ പാട്ടുമായ്‌
കടന്നു പോയത്‌
കരിമ്പനക്കള്ളിൻ
കടങ്കഥകളിൽ
കുലുങ്ങാതെ കേളൻ
കുടിയണഞ്ഞത്‌
വഴുക്കലിൽ നിന്നു
മിടക്കു വെള്ളത്തിൽ
കളിക്കുവാനെന്ന്‌
മറിഞ്ഞുവീണത്‌
പഠിച്ചതൊക്കെയും
മറന്ന്‌ ചൂരലിൽ
പിടച്ച മൗനങ്ങ-
ളൊലിച്ചു പോയത്‌
തുരുമ്പു ചുണ്ടയിൽ
കുരുങ്ങിയ മീനിൻ
മിഴിയിലാകാശ-
മുറഞ്ഞുപോയത്‌
തല മുറിച്ചൊരു
പഴയതെങ്ങിന്റെ
മറന്ന പച്ച-
യിലകന്നു പോയി നാം
തടിപ്പാലം തെന്നും
മഴക്കാലം മാത്രം
തവളപ്പേച്ചുമായ്‌
കിടക്കുന്നിപ്പോഴും

4-രാത്രിയിൽ സ്ക്കൂൾമുറ്റത്ത്‌

രാത്രിയിൽ സ്ക്കൂൾമുറ്റത്ത്‌
നിൽക്കുമ്പോൾ കേൾക്കുന്നുണ്ടോ
കുട്ടികൾ കളിക്കുന്നോരാരവം?
കാറ്റത്ത്‌ വെയിലിന്റെ
ചരൽക്കാട്‌` ചിതറിച്ച്‌
ഓടിപ്പോകും വരാന്തകൾ
ഇലപൊഴിഞ്ഞ പുസ്തകത്തിൽ
വേവുന്ന മണൽക്കാലം
പൊള്ളിക്കും വിരൽത്തുമ്പ്‌
മൗനത്തിൽ മുഴങ്ങുന്ന
മണിയൊച്ച, എഴുതാത്ത
പാഠമായ്‌ ഉൽക്കണ്ഠകൾ
രാത്രിയിൽ സ്ക്കൂൾമുറ്റത്ത്‌
നിൽക്കുമ്പോളാരോ കാതിൽ
ചൊല്ലുന്നു ചെറുശ്ശേരിഗാഥകൾ
അവ്യക്‌ത,മിരുട്ടിലു-
ടോടുന്ന കിതപ്പാർന്ന
സ്വപ്‌നങ്ങളനാഥമായ്‌
പിന്നെയും ചിലക്കുന്നു-
ണ്ടോർമ്മ തൻ മരങ്ങളിൽ
നിന്നൊരു പനിപ്പകൽ
കുട്ടികൾ പറത്തിയ
പട്ടങ്ങളാകാശത്ത്‌
പൊട്ടിയ ചരടുമാ-
യിപ്പൊഴും കറങ്ങുന്നു
ഒറ്റയായ്‌ വാതിൽ
തുറന്നിപ്പൊഴും വിളിക്കുന്നു
കുഞ്ഞുങ്ങൾ നഷ്ടപ്പെട്ടോ-
രമ്മയായ്‌ നിരാധാരം
രാത്രിയിൽ പള്ളിക്കൂടം
എത്രയും നിശ്ശബ്ദമായ്‌
കേൾക്കുന്നു പരസ്പരം
നമ്മളീ ദൂരങ്ങളിൽ


5-തൊണ്ട്‌


ചവിട്ടടിയിൽ നിന്നും
പിടച്ചു പായുന്ന
മഞ്ഞച്ചോര
പോത്തിനെ തെളിച്ച്‌
പൊന്തയിൽ മറയും
ഉച്ചവെയിൽ
പെട്ടെന്ന്‌ നിലച്ച്‌
തിരിച്ചു പോകും
പിന്നാലെ വന്ന
ആളില്ലാത്ത ഒരു കാലൊച്ച
അനക്കമറ്റ
പൊള്ളവിരൽ പോലെ
തൊണ്ട്‌
പുറം ലോകത്തെ
ചലനങ്ങളെ
പഴമ്പറമ്പിലേക്ക്‌
വലിച്ചുകൊണ്ടുവരും
ചൂട്ടുകറ്റയുമായി
രാവ്‌ കടന്നുപോയ
ഒരാളെ
കൊയ്‌ത്ത്‌ചുരുട്ടുമായി
ചെളി വാർന്ന്‌
അരിവാളിൻ മൂർച്ഛയിൽ
ചാഞ്ഞ
വൈകുന്നേരത്തെ
കയറൂരിപ്പോയ
കാളകൾ
കൂടെക്കൊണ്ടുപോയ
കണ്ടങ്ങളെ
അന്തിക്ക്‌
ആടിയാടി
മടങ്ങിപ്പോകും
അങ്ങാടിയെ
ഒക്കെ
കരിയിലകൾക്കിടയിൽ
കിടന്ന്‌
അത്‌
ഓർക്കും
മൺപൊത്തുകളിൽ
നിന്നും പൊടുന്നനെ
മിന്നിമായും ഒരു
നിറം മാറ്റം
കയ്യാലയിലേക്ക്‌
ചേർത്ത്‌ ഞെക്കും
വഴുപ്പാർന്ന
ഏകാന്തത
ഓർമ്മ ചവിട്ടിയൂന്നിപ്പോയ
ചെങ്കല്ലിൻ മുഴപ്പുകൾ

ഇങ്ങനെ
അത്‌ നീണ്ടു പോകും
ഒച്ച മറന്നുപോയ
ഒരു തീവണ്ടിയെപ്പോലെ
തൊണ്ട്‌
ആളില്ലാത്ത
അനേകം മുറികളുമായി
പഴയിടങ്ങളും
പുരാവൃത്തത്തിലൂടെ
മെല്ലെ
കടന്നു പോകും
*തൊണ്ട്‌= ഗ്രാമങ്ങളിലെ ഇടവഴി


പി.

കവിതയുടെ ടാര്‍റോഡിൽ
കാടിനെ ഓർത്തലഞ്ഞു
ചെരുപ്പില്ലാത്ത നടത്തത്തിൽ
ഇരുട്ടുരുകിയകന്ന്‌
നിനക്കാരോ തരും മണ്ണ്‌ വഴി
ഇതായിരുന്നോ നിളയെന്ന്‌
ഒഴുകിപ്പോകും മണൽനദിയോട്‌
പച്ച മറന്നുപോയ മരത്തോട്‌
കാറ്റ്‌ കൊണ്ടുപോകും മഴയോട്‌
കടൽ കൊറിച്ച്‌ നടക്കും നിഴൽ
പോയ്‌ക്കഴിഞ്ഞാലും ശേഷിക്കും
മണ്ണ്‌` പുരണ്ട പച്ചക്കവിത
മധുരമിഠായികൊണ്ട്‌ കുട്ടികളെ
കടമെടുത്ത്‌ ഹൃദയത്തിൽ
ഒരു പള്ളിക്കൂടം തുടങ്ങും
ചെന്നുപറ്റുന്നിടത്ത്‌ ചായും
വൈകുന്നേരം,കരിയിലകൾ
അടിഞ്ഞടിത്തട്ടിൽ നിന്നും
മൗനം മുഴങ്ങുന്ന പക്ഷിഗീതം
എഴുത്താണ്‌ ജീവനാളം
തണുത്ത്‌ കെടുംവരെ
പിന്നെയും പിന്നിട്ട ജന്മാന്തര-
യാത്രയായ്‌ നിരയൊത്ത്‌
ആകാശം കാണിക്കുന്ന
ചലിക്കും കിളിച്ചിത്രം
അതിലോ പിരിയുന്നു പി
ഒറ്റക്കിളിപ്പാടായ്‌


7-വൈകുന്നേരത്തെ ക്ലാസ്സുമുറി


മരണത്തെക്കുറിച്ച്‌ ക്ലാസ്സെടുക്കാനാണ്‌
വൈകുന്നേരം വെയിൽ വന്നത്‌
ബ്ലാക്ക്‌ബോർഡിൽ
മുറിവുണങ്ങാത്ത
വിരൽച്ചോക്കു കൊണ്ട്‌
മതിലിനപ്പുറത്തെ ചെമ്പരത്തിക്കാടുകൾ
മുഖത്തെ ചോര ഒപ്പിനിൽക്കുന്ന
കുങ്കുമപ്പൂവുകൾ
കാറ്റത്ത്‌ ഒഴുകിപ്പോകുന്ന
കടുത്ത നിറങ്ങളുടെ പൂപ്പാടങ്ങൾ
ഓർമ്മയെ മറച്ചുപിടിക്കുന്ന
മങ്ങിയ പച്ചയുടെ വനം
ദ്രവിച്ച മരത്തിന്റെ
തണുത്ത വ്യാകരണം
എല്ലാം എഴുതിക്കാണിച്ചു
ഇടയ്ക്ക്‌ നീട്ടിച്ചൊല്ലി
വൃത്തമൊപ്പിക്കും
നടക്കാത്ത പ്രണയം പോലെ
അണുബാധയുള്ള കിളിശബ്ദം
കുട്ടികൾ മറന്നിട്ട
കുറ്റിപ്പെൻസിൽ,റബ്ബർക്കഷ്ണം
സ്ലേറ്റിൽനിന്നും കളഞ്ഞുപോയ
ചെറിയ വീടിന്റെ പടം
വിളറിയ ഒരു പാട പോലെ
നനഞ്ഞ വെയിൽ മാത്രം
നോട്ടെഴുത്തിനിടയിൽ
തലപൊക്കി നോക്കിയതിന്‌
ഇരുട്ടിലേക്കെന്നെ
ഇറക്കിവിട്ടു വെയിൽ


8-തീപ്പെട്ടിക്കാലം


കരുതിവെക്കണം
തീപ്പെട്ടിയൊന്ന്‌
തലയണയ്ക്കടിയി-
ലെപ്പൊഴും, ഓർമ്മ
പിടയുമൊറ്റ-
മത്സ്യത്തിൻ കുതിപ്പായ്‌
ചെളി തെറിപ്പി-
ച്ചുറക്കം കെടുമ്പോൾ
പരതുവാനൊരു
കാരണം പോലെ നീ
വിരൽ തടയാത്ത
ചോദ്യമായ്‌ സാധ്യത
മിഴി തുരുമ്പിച്ച
മൗനമായ്‌ കട്ടിലി-
ന്നടിയിലോട്ട്‌
വിളക്കുറങ്ങുന്നോ
വെറുതെയൊ-
ന്നുരച്ചു കത്തിച്ചാൽ
പൊഴിയുമോ അതിൻ
ഏകാന്ത കമ്പളം
മഴ നനഞ്ഞതീ-
പ്പെട്ടിയൊന്നെപ്പൊഴും
മനസ്സു കാത്തു-
വെക്കുന്നു,പുരാവൃത്ത-
മതിലുറങ്ങും
തണുത്തുപോയെങ്കിലും
മതി വരാത്ത
കുതിപ്പുമായ്‌ ജീവിതം

നിലവിളക്കിന്റെ
ചോട്ടിലുണ്ടെപ്പൊഴും
വിറകടുപ്പിന്റെ
ചാരെയുണ്ടെപ്പൊഴും
ഇരവിലാരുടെ
ചൂട്ട്‌ കത്തിക്കുവാൻ
ഒരു കനൽക്കമ്പ്‌
കാണിച്ച്‌ കൂട്ടു പോയ്‌
പതിയെ നെഞ്ച്‌
കുലുക്കിചുമച്ചുവോ
ഇരുളിൽ മുത്തച്ഛ-
നോർമ്മയിൽ നിന്നും
ഒരു പകൽക്കൊള്ളി
കത്തിപ്പടർത്തുന്ന
പുകയിലയുടെ
ഗന്ധത്തിലിങ്ങനെ
പഴയ മന്ത്രങ്ങ-
ളുരുവിട്ട്‌പ്രാണനെ
കവിതയിലേക്ക്‌
ചുംബിച്ചുണർത്തുന്നു
എവിടെ വെച്ച്‌
മറന്നുവെന്നറിയാതെ
പിടയുമാ-
വലാതിക്കൊപ്പമമ്മയും
തിരയുകയാണ്‌
കടൽപ്പടി, ജനൽ
ച്ചതുര,മൽപ്പവും
ചോരാത്തിടങ്ങളിൽ

കരുതിവെക്കണം
തീപ്പെട്ടിയൊന്ന്‌
തലയണക്കടിയി-
ലേപ്പൊഴും, രാത്രിയിൽ
വെറുതെയോ
ന്നുരച്ച്കത്തിക്കുവാൻ
ഒരു തരിത്തീ
തണുത്ത കാലത്തും

9---മരംകൊത്തി

മരംകൊത്തിക്കൊത്തി-
അകത്തുറങ്ങുന്ന
പഴയ കാടുകൾ
മുഴങ്ങുന്നത്‌ കേൾക്കാം
കിളികൾ ശിശിരത്തിൽ
മറന്നുവച്ചൊരു
ചെറിയ തൂവലിൻ
അനക്കവും കേൾക്കാം
മഴ വരുന്നുണ്ടോ
മഴ വരുന്നുണ്ടോ
തുടങ്ങിയ ചില
പദങ്ങളങ്ങനെ
കടുംതൊലിയുടെ
പുറമ്പൂച്ചിനുള്ളിൽ
പൊടിഞ്ഞമർന്നൊരു
തടിക്കോലം കാണാം
വെയിലുണ്ടോ പുറ-
ത്തതിനുമപ്പുറം
മല പുകയുന്നോ
മരമെരിയുന്നോ.?
മരംകൊത്തിക്കൊത്തി
യകത്ത്‌ ചെല്ലുമ്പോൾ
വളഞ്ഞ ചുണ്ടുകൾ
പിടിച്ചെടുക്കുന്ന
ചില തുടിപ്പുകൾ
പല കുതിപ്പുകൾ
മരത്തിന്മേലള്ളി-
പ്പിടിച്ചിരിക്കുന്നു
അകം കരിഞ്ഞൊരു
വനം കനിയുന്ന
കടങ്കഥക്കൊപ്പം


10-രഞ്ജിനി
ഞായറുച്ചക്കു് പണ്ടൊക്കെ
രഞ്ജിനിയുണ്ടായിരുന്നു
നമ്മളാവശ്യപ്പെട്ട
ജയചന്ദ്രന്റെ വിരഹങ്ങൾ
അന്തിമയക്കത്തിൽ
കവലയിലെ ചായക്കടയിലിരുന്ന്‌
വാർത്തകൾ വായിക്കും
പ്രതാപൻ അല്ലെങ്കിൽ സുഷമ
എട്ടു മുപ്പതിന്റെ
കണ്ടതും കേട്ടതും
ചില ദിവസം
ആവൃത്തികൾ തമ്മിലുരസി
പൊട്ടലും ചീറ്റലും
കലമ്പലുമായി
മഴയിരമ്പിത്തീരും
എല്ലാം ശാന്തമാകുമ്പോള്‍
വീണ്ടും കേൾക്കാം
ചലച്ചിത്ര ഗാനങ്ങൾ
ഏകാങ്കനാടകം
അല്ലെങ്കി,ലൊരു നിമിഷം
എന്നിങ്ങനെ
പുന്നെല്ല്‌ കാറ്റിലുലയും
വയലും വീടും
മുൻപയച്ചതൊന്നും
വായിക്കാത്ത പരിഭവത്തിൽ
ശ്രോതാക്കളുടെ കത്തുകൾ
യുവവാണി
ഇംഗ്ലീഷിലോ
സംസ്കൃതത്തിലോ
വാർത്ത വന്നാൽ
നിർത്തിവെക്കാനുള്ള
ചില സൂചനകൾ
തരും അത്‌
രാത്രി വിളക്കൂതി
ഇരുട്ട്‌ തൊടുമ്പോള്‍
കട്ടിൽ തലയ്ക്കൽ
ബാറ്ററി ടോർച്ചിനരികിൽ
തുകലുടുപ്പിനുള്ളിലെ
പഴയ മർഫിയിൽ നിന്നും
സാംബശിവന്റെ ആയിഷ
അറവുകത്തി പോലെ
അദ്രുമാൻ
പാതി മയക്കത്തിൽ
നിവരും
കഥയുടെ തഴപ്പായ
അതോടെ തീരും
അന്നത്തെ പരിപാടി
ഞാനിപ്പോഴും കൊണ്ടു നടക്കുന്നു
ഹൃദയത്തിലൊരു റേഡിയോ
കളഞ്ഞുപോയ കാലം
ഓർക്കാപ്പുറത്ത്‌
പുനഃപ്രക്ഷേപണം ചെയ്‌താലോ?

phone: 9947132322

നീ ഒളിച്ചിരിക്കുന്നതാണ്‌ എനിക്കു നല്ലത്‌

sathar adurഅങ്ങിനെതന്നെ
കിടന്നോ
ആരും കാണാതെ
ഒളിച്ചിരിക്കും പോലെ

ഒരിക്കലും
പുറത്തു കടക്കൻ
ശ്രമിക്കരുത്‌
ആർക്കും
ഇഷ്ടമല്ല നിന്നെ
(പ്രത്യക്ഷത്തിൽ)
ഇവിടുത്തെ
നിയമങ്ങളും
നിബന്ധനകളും
വളരെ കർശനമാണ്‌

നീ
വല്ല വിക്രസും
ഒപ്പിച്ചാൽ പിന്നെ
കേടും
കോട്ടവുമൊക്കെ
എനിക്കാണ്‌
തടവും
പിഴയും എന്നു വേണ്ട
മാനക്കേടും
ചീത്തപേരുമെല്ലാം
ഞാൻ പേറണം
പിന്നീട്‌
നിന്നെ തിരിയിട്ട്‌
തിരഞ്ഞാൽ പോലും
കാണുകയുമില്ല
വേണ്ടയിഷ്ട (എന്റെ പ്രിയപ്പെട്ട ലിംഗമേ)
നീ അവിടെ തന്നെ
കിടന്നോ
ഒതുങ്ങിക്കൂടി.............

സങ്കീർത്തനങ്ങൾ (ഓ.വി.വിജയന്‌)

desamangalam ramakrishnanനമുക്കിടയിൽ ഇപ്പോൾ ഈ കോച്ചുന്ന മൗഢ്യം മാത്രം
ഇതൊന്നു വലിച്ചുകീറാൻ നാം പാടുപെടുന്നു
എത്രയോ നാവുകൾ
ഉള്ളിലോരോ അണുവിന്റേയും സങ്കടങ്ങൾ
വിളിച്ചു പറയാൻ
തെരുക്കുന്നു, ആവതില്ല
മുന്നിരുട്ടിൽ നിന്ന്‌ പിൻവാങ്ങുക
മുങ്ങുക ഈ തണുപ്പിൽ
എന്നാലും സ്നാനം തീരുകയില്ല
തുവർത്താൻ ഒരിഴയും ബാക്കിയില്ലല്ലോ
തുഴയാൻ തുഴക്കോലും ഇല്ല
തോണി ഇപ്പോൾ ഏതു കരയിലാണ്‌
അമ്മ അതിൽ തനിച്ചായിരുന്നു
(2)
സ്വപ്‌നത്തിന്റെ പച്ചില മരത്തിൽ
ഒരു പൂവള്ളി പടരുന്നു
അതിന്റെ യാത്ര ഏതു മണ്ണിൽ നിന്ന്‌
അതിനു പൂക്കളുണ്ടായിരുന്നുവോ
ഇരുട്ടു കുടിച്ച്‌ അത്‌ കറുത്തു
കറുപ്പു കതിരിട്ടു
കാണാത്ത കയങ്ങളിൽ നിന്ന്‌
ഒരു കിളി പറന്നു വന്നു
കിളി പറഞ്ഞു
നിനക്കായി നീ പോകാതിരിക്കാനായി
ഈ കാകോളം നിന്നിൽ നിന്ന്‌
ഞാൻ കൊത്തിക്കുടിക്കുന്നു
കരിയിലകളിൽ ഒരു പാട്ട്‌
കഴുത്തറ്റു വീണു
ഒരു അനാഥനക്ഷത്രം അതിനു കൂട്ടായി
പിന്നെയും പൂവള്ളി യാത്രയായി
മുകളിലേക്ക്‌ മുകളിലേക്ക്‌-
പച്ചില മരം ഇന്ന്‌ ഒറ്റക്കാണ്‌
പുലർകാലത്ത്‌ ഒരു പൈതൽ
എന്നും വന്ന്‌ കൈ നീട്ടുന്നു
താതാ എന്റെ അമ്മ എവിടെ?
(3)
ചെവിടു മണ്ണു പിഴിഞ്ഞ പാതയിലൂടെ
ചീവീടുകളുടെ ഓംങ്കാരത്തിൽ
ഒരു മൗനം വാക്കു തേടിപ്പോകുന്നു
പൂ തന്ന വാക്കെല്ലാം
കിളി തന്ന നോക്കെല്ലാം
പുഴയിലൊലിച്ചുപോയി
തുറക്കാനാവാത്ത പുസ്തകവും
മറന്നുപോയൊരു മന്ത്രവും
ദിക്കുകൾ ചോദിക്കുന്നു
"അതിനൊടെ സത്തിയമെന്ന"?
മരിച്ചവൾക്ക്‌ താരകളുടെ വായ്‌ക്കരി
സൂര്യചന്ദ്രന്മാർ ചോദിക്കുന്നു
"അതിനൊടെ സത്തിയമെന്ന"?

അമർത്തിയ മുഖങ്ങളിൽ
അടർന്ന കൽപ്പകാലങ്ങൾ
അമാന്തത്തിന്റെ അനുരാഗങ്ങളിൽ
അനന്തമായ നഗ്നശൂന്യതകൾ
മൊഴിയറ്റ നാക്കിൽ
തറച്ച ത്രിശൂലം
യാഗശേഷം തൂവിയ ധാന്യപ്പൊടികൾ
ആരുടെ മേൽ വീണു
എന്നെ ഒരു സ്വർണ്ണക്കീരിയാക്കൂ-
കീരിപ്പുഴു ചോദിക്കുന്നു
"അതിനൊടെ സത്തിയമെന്ന"?
തുണയാരമ്മേ നിന,ക്കുരുകിത്തിളക്കുന്ന
കടലിൻ മീതേ കനലാളുന്ന കരിമ്പന-
ക്കാടിനും മീതേ .താരാവലികൾ കറുക്കുന്ന
ഹൃദയാകാശത്തിനും മീതേ നീയകലുന്നു

ഈറനായൊരു മുറ്റത്തെന്നെയുമിരുത്തി നീ
ആരുടെ പല്ലക്കിലായ്‌ യാത്രയാവുന്നു ,മല-
മടക്കു തിരിയവേ എന്നെ നീ വീണ്ടും വീണ്ടും
തിരിഞ്ഞു നോക്കുന്നുവോ എനിയ്ക്കാർ തുണയമ്മേ
എനിക്കു വാക്കില്ലമ്മേ നിന്റെ താരാട്ടിന്നുച്ച-
ശ്രുതി മാത്രമേ കാതിൽ, കണ്ണിലാ ചിരിച്ചേറെ-
ക്കരയും മുഖം മാത്രം-
എന്തിനേ കരഞ്ഞു നീ
എന്തിനേ ചിരിച്ചു നീ
ഓർമ്മയിൽ പലമുറം ചേറിനിൽക്കുന്നു നീ യാ-
കോലകത്തുമിക്കുണ്ടിൽ കിടന്നു കളിച്ചു ഞാൻ
ഉരലിലെന്നെക്കെട്ടിയിട്ടു നീ, തേവാരത്തി-
ന്നകത്തമ്മയ്ക്കായെണ്ണ കാച്ചുവാൻ നിൽക്കുന്നു നീ
പരദേശിയാമച്ഛൻ തിരിച്ചു വന്നു, നിന്റെ
വയറ്റിലനിയത്തിക്കുമ്മ ഞാൻ കൊടുത്തപ്പോള്‍
വളരും ചില്ലക്കു മേൽ പാടുവാൻ കിളി വന്നു
ചെരിയും കതിരിലെൻ തുമ്പികൾ പറക്കയായ്‌
അന്തിയായമ്മേ പിന്നെയെന്നെയുമൊക്കത്തെടു-
ത്തന്നു നീ പോയി, പടിവാതിൽക്കലൊരു കരിം-
പൂച്ചയെക്കണ്ടെൻ കരൾ വിറച്ചു,മയങ്ങീ ഞാൻ
ഇരുട്ടെൻ മിഴി ചെത്തിക്കുടിച്ചു-ഉണർന്നപ്പോൾ
തുണയാരമ്മേ ,എനിക്കുരുകിത്തിളക്കുന്ന
കടലിൻ മീതേ, കനലാളുന്ന കരിമ്പന-
ക്കാടിനും മീതെ താരാവലികൾ കറുക്കുന്ന
ഹൃദയാകാശത്തിനും മീതേ നീയകലുന്നു
പുറ്റുകൾക്കരികിൽ ഞാനിരിക്കുന്നമ്മേ എന്നെ
കൊത്തുന്ന സീൽക്കാരത്തില്‍‌ നിന്റെ നോവാളുന്നമ്മേ

തവിടിൻ മണം തുണിത്തൊട്ടിലിൻ പരലോക-
സുഗന്ധം ,വിയർപ്പെഴുമമ്മിഞ്ഞപ്പാലിൻ കരു-
ണാർദ്രമാം വീചീലോല ഗന്ധങ്ങൾ വഴിയുമീ
പാതയിൽ പാടങ്ങളിൽ വിളക്കുകാലിൻ ചോട്ടിൽ
ഞാനലയുന്നു, പണ്ടൊരന്തിയിൽ നീ പോയൊരാ
വഴികൾ നീലാകാശപഥങ്ങൾ തേടിത്തേടി
നിൻ മഹാവിഷാദത്തിലൂടെ ഞാൻ നടക്കുന്നുആരുടെ ബലിനെല്ലു മുളച്ചു ഞാറായെന്റെ
ഓർമ്മക്കു കതിരിടാൻ
ആരുടെ മുടിച്ചാർത്തെൻ വാസനയുണർത്തുന്നു
ജീവനെ ചൂടിക്കുവാൻ
മുക്തിയെക്കുളിപ്പിച്ചു പോരുമെൻ ജന്മത്തിന്റെ
രക്തത്തിൽ മദിക്കുവാൻ
എത്ര നാൾ നിന്നെക്കാത്തുപോന്നു ഞാൻ, ഫലിതം പോൽ
പട്ടുറുമാലും പിന്നി
അവസാനത്തെ കാളവണ്ടിയിൽ നിന്നും പൊതി-
ഞ്ഞിറക്കിവെയ്ക്കുന്നു ഞാൻ
ഇണയും ചങ്ങാതിയും പൈതലുമുപേക്ഷിച്ച
ദൈവഭിക്ഷയെക്കൂടി
പറമ്പിൽ പൂതങ്ങൾക്കു വായ്‌ക്കരിയിടാൻ വന്ന
പരനെ വണങ്ങുന്നേൻ

(2) ആരുടെ ബലിനെല്ലു മുളച്ചു ഞാറായെന്റെ
ആരുയിർപ്പാടം .കൈവിട്ടകലും സ്ഥലികളിൽ
ആരുടെ പേമാരിയിൽ തേങ്ങുന്ന മനങ്ങളിൽ
പാരെടുത്തൊരു കുടയായി ഞാൻ പിടിക്കുന്നു

കട്ടകുത്തിടും ,മുളങ്കൂട്ടങ്ങൾക്കരികിൽനി-
ന്നെട്ടുകാലികൾ പെറ്റ കുഞ്ഞുങ്ങൾക്കരികിൽനി-
ന്നെന്റെ പ്രാണനിൽ പറ്റിപ്പിടിച്ച കരിമഷി-
പുറ്റിൽനിന്നോടിപ്പോന്നേ,നെത്തിയതെവിടെയോ
എന്നെത്തൊട്ടുരുമ്മിയീത്തീരത്തുനിൽക്കുന്നോർക്കും
അമ്മയില്ലച്ഛൻ,പെങ്ങൾ-എല്ലാരുമനാഥന്മാർ
പൊള്ളവാക്കുകൾ ,വിഷമണ്ണപ്പം,അരക്കെട്ടിൽ
വന്നു ചുറ്റിയ രാവിന്നമ്ലവാതങ്ങൾ,താഴെ
പാദമൂന്നിടും മുമ്പേ ദ്രവിച്ച കിനാവുകൾ
-ഒക്കെയും മറക്കുക

ആരുടെ വിരൽച്ചരടിവിടെയനങ്ങുന്നു
ആരുടെ വിചാരങ്ങളതിൽ നടിക്കുന്നുയാത്രയ്ക്കു കുടയായി വന്നിനിൽക്കുന്നു വാനം
മാത്രയെൻ കാലിൽ കെട്ടിപ്പിടിച്ചു നിൽപ്പു ഭൂമി
പോയ്‌വരട്ടെ ഞാൻ. വീട്ടിന്നകത്തെ ഈർപ്പത്തിലെൻ
ചീർത്ത മോഹങ്ങൾക്കെല്ലാം കുരുതിയാവട്ടെ ഞാൻ
പോയ്‌മറയുന്നു വൃക്ഷനിരകൾ, നിളയുടെ
തീരങ്ങളടിയുന്നു കലക്കുവെള്ളക്കുത്തിൽ
ഓമനിച്ചൊരു നീലഹരിതത്തടങ്ങളിൽ
ന്‌ലാവെത്തി വിളിക്കുന്നു മുഖവുംകുനിച്ചിങ്ങു
കിടക്കുമാർത്തന്മാരിൽ വാക്കുകളടഞ്ഞുപോയ്‌

ഇത്തിരി നേരം ഞാനുമിവിടെ ത്തങ്ങി ,വില്വ-
പത്രത്തിൽ ജലബിന്ദു തുടിച്ചു ചിതറുന്നു

ഈ കളിപ്പാട്ടങ്ങളെൻ മുറ്റത്തു കിടന്നോട്ടെ
മാമ്പഴക്കലത്തയൽക്കൂട്ടുകാർ കളിച്ചോട്ടെ
അവരും വലിച്ചെറിഞ്ഞെന്റെയീപ്പാവക്കുട്ടി
തിമിർക്കും മഴയുടെ ഗർവ്വത്തിലൊലിക്കുമ്പോള്‍
ആരുമില്ലയോ തുണ നിനക്കെന്നോരോകരി-
യിലയും കാറ്റും ചോദിച്ചെന്നുയിർ കടയുമ്പോള്‍
പോളകൾ പൊട്ടാൻ വെമ്പും കുരുന്നുദാഹങ്ങളെൻ
മാറിലേയ്ക്കായുന്നതിന്നർത്ഥം ഞാനറിയുന്നു

പാതിയുമമ്മയ്ക്കുള്ളൊരാർദ്ദ്രത, പകുതിയി
താതന്റെ ഗർവ്വം പിഞ്ചുമേനിയോ സ്വർണ്ണത്തുമ്പി
ഒച്ചുകളിഴയുന്ന വാക്കുകൾ പറ്റിപ്പിടി-
ച്ചെത്തുമ്പോൾ മുയലിന്റെ കൊമ്പുകൾ! തലനിറ-
ച്ചെണ്ണയിൽ പുളയ്ക്കുന്ന പേനുകൾ, പേനിന്നാത്മാ-
വെന്തെന്നു തേറ്റിപ്പോകും പൊന്നുണ്ണിക്കിടാവുകൾ
-ഒടുവിലവരോടും യാത്രയാവുന്നു,നിൽക്കാൻ
എനിക്കാവില്ലാ ദൂരെനിന്നാരോ വിളിക്കുന്നു
ഒരു സ്വപ്‌നത്തിൻ കഥ മുലപ്പാൽ ചുരത്തുന്നു
പറയാതൊരാൾ വെള്ള പുതച്ചു മടങ്ങുന്നു
ഒരു ചുംബനം പിന്നെയാവർത്തപ്പുണർച്ചകൾ
ഗുഹവിട്ടൊരുമകനേകനായലയുന്നു
ഇലക്കുമ്പിളിൽ കിളിമുട്ടകൾ മിഴിക്കുന്നു
കറുത്ത പുതപ്പിലെ രോഗിയെയുണർത്താതെ
അപരാഹ്‌നത്തിൽ കാലു പിടിച്ചു വാക്കില്ലാതെ
അഴിഞ്ഞു പോകുന്നു ഞാൻ


ദേശമംഗലം രാമകൃഷ്ണൻ

4-നിദ്ര

വീടു വിട്ടു ഞാനേതോ നാട്ടിലുലയുമ്പോൾ
വേവട പിടിക്കുന്ന മിഴികൾ തണുക്കുന്നു
പാതിരയിലച്ചാർത്തിൽ താരകവഴികളിൽ
പൂ തേടി നടക്കുന്ന കുട്ടികൾ, മയക്കത്തിൻ
തൂവൽക്കൂട്ടിലെ പക്ഷിക്കുഞ്ഞുങ്ങൾ,ചിരി വറ്റി-
ത്തൂർന്നൊരു മഹാനദിക്കരയിൽ പിറകോട്ടു
പറക്കും കാറ്റിൻമുടിത്തുമ്പുകൾ.കാണുന്നു ഞാൻ
വരിവെള്ളവും കടലാസ്സുതോണിയും-ഒരേ-
ഓർമ്മ പെയ്യുന്നു നീലച്ചുകപ്പുനിറങ്ങളിൽ
ഞരമ്പിലൈതിഹ്യം പോൽ തുടിപ്പൂ പൊൻമുട്ടകൾ
തെറ്റിവീണുടയാതെ നോക്കുവാൻ കൈവെള്ളയിൽ
വെച്ചു ഞാനതിൻ ചന്തം നോക്കിക്കൊണ്ടിരിക്കുന്നു
ഒരു സ്വപ്‌നത്തിൻ കാന്ത ലഹരി പടരുന്നെൻ
സിരയിൽ,മന്ദാരത്തിൻ ചോട്ടിൽ ഞാൻ ധ്യാനിക്കുന്നു
ഉറങ്ങാൻ കൊതിക്കുന്നു പഥികൻ,മുരളുന്ന
കയത്തിൻ മീതെ മിഴിയറ്റവർ നടക്കുന്നു
പുലരുന്നതു രാവോ വിടരുന്നതു പൂവോ
ചിറകു കുടയുന്നു ജീവനോ കുളിരിൽനി-
ന്നമറുന്നതു പശുക്കുട്ടിയോ,നീർപ്പോളകൾ
തുറിച്ചുതാഴുന്നതു നാടോടിക്കിടാങ്ങളൊ
അറിയാതെയായിന്നു പേരുകൾ മുഖങ്ങളി-
ലെഴുതിയിരിക്കുന്നു ഞാൻ നിന്നെയറിയില്ല
ഒരിക്കൽ കൂട്ടിൽനിന്നുമിറങ്ങിപ്പോന്നു പിന്നെ
പല താവഴികളായ്‌ പുളച്ചു പാഞ്ഞു കുന്നു -
കേറുമ്പോളിടയ്ക്കിടെ കിതച്ചു നിന്നു,പിന്നിൽ
നിന്നേതോ വിരലുകൾ പിടിച്ചു വലിക്കുന്നു
ഞങ്ങളെക്കൂടെ കൊണ്ടുപോകുക, ഇലക്കുടിൽ-
ത്തൊട്ടിലിലൊരു വട്ടംകൂടി നീ താരാട്ടുക
-നാടുവിട്ടു ഞാനേതോ നാട്ടിലൂടലയുന്നു
നാവേറു പാടിയെന്റെ ബാധകളൊഴിഞ്ഞീല
കാവിലെ നല്ലമ്മയെൻ കണ്ണുകളുഴിഞ്ഞിട്ടും
കാല്‍കളിൽ പേടിത്തള ഇപ്പൊഴും ചിലമ്പുന്നു
നേദിച്ച ചരടെന്റെ കൈത്തണ്ടമുറിക്കുന്നു
നാരായക്കൂർപ്പിൽ തരുശിരസ്സുപിളരുന്നു
ചെന്നിനായകം നാക്കിൽ, ഏറെനാൾക്കൂടെപ്പാർത്ത
ചുണ്ടുകൾ നീട്ടിത്തുപ്പിയോളത്തിൽ മറഞ്ഞുപോയ്‌
ആടിനു കടിക്കുവാൻ കൊടുത്തു മരുന്നില
ആളറിയാതെയായ്‌ തോപ്പിലിരുട്ടു പടരുന്നു
നടന്നു നടന്നെന്റെ പാതയ്ക്കു നീളം കൂടി
പാദങ്ങൾ വിണ്ടു നീലനാക്കിൽ ഞാനുറങ്ങയായ്‌
ഒരു പച്ചില! അതിന്‍ രൂപമേ മറന്നുപോയ്‌
മുറിവിലിറ്റിച്ചെങ്കിൽ-പേരേ ഞാൻ മറന്നല്ലോ

ഒരു വള്ളി നിന്‍‌കാലിലൊരിക്കൽ ചുറ്റി, നിന്റെ
കരളിൽ പടർന്നേറി പൂവിട്ടു പുണർന്നതും
പുഴയിൽ കുളിച്ചെത്തി നിൻ വിഷമുറിവിന്റെ
കടവായ്‌ വലിച്ചീമ്പിക്കുടിച്ചു മരിച്ചതും
ഓർക്കുക- അവൾക്കെന്തു രൂപം, ഞാൻ മറന്നുപോയ്‌
ഓർമ്മയിലവൾ ചുറ്റിപ്പിണഞ്ഞുകിടക്കുന്നു
ഓർമ്മകൾ തളിർ ചൂടി പുലരാൻ കാക്കുന്നു ഞാൻ
ഓളങ്ങൾ താരാട്ടുന്ന സൂര്യനിൽ ശയിക്കുവാൻ

poems

sanal sasidharan1.“ണ്ണ” പ്രാസം
എഴുതിയത്: സനാതനന് ‍ sanathanan at 12/08/2007

പെണ്ണും
മണ്ണും
ഒരുപോലെയെന്ന്
കവികള്‍ പാടി.

പെണ്ണും
മണ്ണും
ഒന്നുതന്നെയെന്ന്
കവയത്തികളേറ്റുപാടി.

മണ്ണിലും
പെണ്ണിലും
ഒരുപോലെയുള്ളതെന്താണ്
“ണ്ണ” യോ!

പെണ്ണേ
നീ പെണ്ണോ
മണ്ണോ അതോ
പിണ്ണാക്കോ?

“ണ്ണ” പ്രാസത്തില്‍
പെണ്ണും
പിണ്ണാക്കും
ഒരുപോലെയെന്നു
പാടാനെന്തു രസം !


**********************************************2.മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എഴുതിയത്: സനാതനന് ‍ sanathanan at 12/11/2007

നിങ്ങള്‍ക്കറിയാമോ,
ഏറെക്കാലം മുന്‍പ്
എനിക്കറിയാമായിരുന്ന
ഒരേയൊരു വാക്ക്
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
മാത്രമായിരുന്നു.

നിങ്ങള്‍ ശബ്ദതാരാവലി
നോക്കരുത്
കാണുന്നുണ്ടാവില്ല
കണ്ടില്ലെന്നു വച്ച്
എന്നെ നോക്കി
ചിരിക്കുകയും അരുത്.

കാരണം എനിക്ക്
അറിയാമായിരുന്നതില്‍
ഏറ്റവും അര്‍ത്ഥപൂര്‍ണമായ വാക്കായിരുന്നു,
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
ആ ഒറ്റവാക്കുകൊണ്ടുമാത്രം
ഞാന്‍ എണ്ണമറ്റ അര്‍ഥങ്ങളുടെ
അനന്തകോടി വികാരങ്ങള്‍
വിനിമയം ചെയ്തിരുന്നു.

വിശക്കുമ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാചകം എനിക്ക്
വയറു നിറയെ പാല്‍ തന്നു.
വേദനിക്കുമ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാചകം എനിക്ക്
കരുണയുള്ള സ്പര്‍ശങ്ങള്‍ തന്നു.
പേടി തോന്നുമ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാചകം എനിക്ക്
നെഞ്ചോടണച്ചുള്ള സാന്ത്വനം തന്നു.
ഉറക്കം വരുമ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാചകം എനിക്ക്
മതിയാവോളം താരാട്ടു തന്നു.

മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന ഒറ്റവാചകത്തില്‍
എന്റെ ഉള്ളിലുരുവമാകുമായിരുന്ന
ഓരോ തോന്നലുകളേയും ഞാന്‍
എന്റെ ചുറ്റിലേക്കും സംവേദിപ്പിച്ചിരുന്നു
വൃദ്ധര്‍,യുവാക്കള്‍,യുവതികള്‍
ആരുമാകട്ടെ അവര്‍
ഞാന്‍ പറയുന്നത്
അതേപടി തിരിച്ചറിഞ്ഞു.
മ്മ്‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന ഒറ്റവാക്കുകൊണ്ട്
ഞാന്‍ തീര്‍ത്തിരുന്ന
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന ഒറ്റവാചകത്തിലൂടെ.

ഇപ്പോള്‍ എനിക്ക്
എത്ര വാക്കുകള്‍ അറിയാമെന്ന്
എനിക്കുപോലുമറിയില്ല.
എത്ര വാചകങ്ങള്‍
എത്ര ഈണങ്ങള്‍
എത്ര ഇമ്പങ്ങള്‍...!

ഇപ്പോള്‍ എനിക്ക്
നാല് ഭാഷകള്‍ തന്നെയറിയാം
അഞ്ചാമതൊന്ന് എന്നിലേക്ക്
കടന്നു വന്നുകൊണ്ടിരിക്കുന്നു.
പക്ഷേ ഇപ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാക്കിന്റെ അര്‍ത്ഥം
എനിക്കറിയില്ല
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാക്കുകൊണ്ട്
എങ്ങനെയാണ് അര്‍ത്ഥമുള്ള
വാക്യങ്ങള്‍ തീര്‍ക്കുന്നതെന്ന്
എനിക്കോര്‍മ്മയില്ല

പൊളിഞ്ഞുപോയ ഒരു
ഫാക്ടറിക്കുള്ളില്‍ ഉപേക്ഷിക്കപ്പെട്ട
യന്ത്രഭാഗങ്ങളെപ്പോലെ,
പഴകും‌തോറും കാലം
ദുരൂഹമാക്കിക്കൊണ്ടിരിക്കുന്ന
എന്റെ ഉള്‍വശം.
ഓരോശ്വാസത്തിലും
ഞാന്‍ അനുഭവിക്കുന്ന ഓര്‍മ്മകളുടെ
ചലം തികട്ടിവരുന്ന മണം.
ഞാന്‍ എന്ന വാക്കുകൊണ്ട്
എനിക്കു വരച്ചുതരാന്‍ കഴിയാത്ത
ഞാന്‍ എന്ന ഞാന്‍...
പെരുമ്പാമ്പുകളുടെ പുറത്തെ
വലിയ വട്ടങ്ങള്‍പോലെ
വിഴുവിഴുപ്പോടെ എന്നിലൂടെ
ഇഴഞ്ഞസ്തമിക്കുന്ന ചിന്തകള്‍...

എനിക്കറിയാവുന്ന
കോടാനു കോടി വാക്കുകള്‍ കൊണ്ട്
എന്റെ ഉള്ളിലുള്ളതെന്തെന്ന്
പകര്‍ത്തിത്തരാന്‍ എനിക്കാവുന്നില്ല.


ഞാനിതാ,
അസ്തമിച്ചുപോയ
ഒരു സാമ്രാജ്യത്തില്‍ നിന്നും
പില്‍ക്കാ‍ലത്ത് കുഴിച്ചെടുക്കപ്പെട്ട
നാണയവും ഉയര്‍ത്തിപ്പിടിച്ചെന്നപോലെ
നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നു
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാക്കുമായി.
വിനിമയം ചെയ്യാനാവാത്ത
ചിന്തകളുമായി.....*******************************************


3.ഷെയിം
എഴുതിയത്: സനാതനന് ‍ sanathanan at 12/12/2007

സത്യമായിട്ടും
മുപ്പത് വയസ്സുകഴിഞ്ഞു
എന്ന് പറയാന്‍
എനിക്ക് ലജ്ജയുണ്ട്
ഞാനിതുവരെ
ഒരു കഠാര
കൈകൊണ്ട് തൊട്ടിട്ടില്ല.
ഒരു കൈത്തോക്ക്
നേരിട്ടു കണ്ടിട്ടില്ല.
ഒരു കൊലപാതകത്തിന്
സാക്ഷ്യം വഹിച്ചിട്ടില്ല.
ആരെയെങ്കിലും ബലാത്സം‌ഗം
ചെയ്യുന്നതിനെപ്പറ്റി
ഗൌരവമായി ചിന്തിച്ചിട്ടില്ല.
രണ്ടാമതൊരു സ്ത്രീയെ ഭോഗിക്കാന്‍
അവസരം കിട്ടിയിട്ടുമില്ല.

എന്തിനേറെ പറയുന്നു
മറിഞ്ഞുപോയ ഒരു ബസ്സിലോ
തീവയ്ക്കപ്പെട്ട ഒരു കെട്ടിടത്തിലോ
സ്ഫോടനം നടന്ന ഒരു മാര്‍ക്കറ്റിലോ
സന്നിഹിതനായിരിക്കാന്‍ പോലും
എനിക്കിതുവരെ കഴിഞ്ഞിട്ടില്ല.
എന്തൊരു ജീവിതമാണെന്റേത് !
അനുഭവ ശൂന്യം....
ഷെയിം.....


***************************************************


4.“ഹിന്ദു മുസ്ലീം ഭായി ഭായി ”
എഴുതിയത്: സനാതനന് ‍ sanathanan at 12/15/2007

ഞാന്‍ ഒരു ഹിന്ദുവാണ്
അതുകൊണ്ടുതന്നെ
ഞാന്‍ ഒരു മുസ്ലീമല്ല.
മുസ്ലീമല്ലാത്തതുകൊണ്ടാണ്
ഞാനൊരു ഹിന്ദുവായതെന്ന്
ഒരുകാലത്തു ഞാന്‍ വിശ്വസിച്ചിരുന്നു;
ഹിന്ദു എന്നത് മുസ്ലീമിന്റെ
വിപരീതപദമാണെന്നപോലെ.
“ഹിന്ദു മുസ്ലീം ഭായി ഭായി ”
എന്നായിരുന്നു പാഠപുസ്തകത്തില്‍
ഉണ്ടായിരുന്നത് എങ്കിലും..!

എന്റെ ക്ലാസിലോ,സ്കൂളിലോ
നാട്ടിലോ, മുസ്ലീമായി
ഒരാള്‍പോലും ഇല്ലായിരുന്നു.
പള്ളിയില്‍ പോകുന്നവരുണ്ടായിരുന്നു,
‘കോവിലില്‍’ പോകുന്നവരും,
പള്ളിയിലും കോവിലിലും പോകാത്ത
കമ്യൂണിസ്റ്റുകുട്ടപ്പന്‍സാറിന്റെ മോനും
(പേര് മറന്നു) ഉണ്ടായിരുന്നു.
“അവര് പള്ളീക്കാരാണ്
നമ്മള് കോവിലിക്കാര് ”
എന്ന് ഞങ്ങള്‍,
കളിക്കളത്തില്‍ വേര്‍തിരിഞ്ഞിരുന്നു.
തീപ്പെട്ടിക്കൂടിലെ ഉണ്ണിയേശുവിന്റെയും
ഓടക്കുഴലിന്റെയും പടങ്ങള്‍
പരസ്പരം മത്സരിച്ച്
കീറിയെറിഞ്ഞിരുന്നു
എന്നിട്ടും ഞങ്ങളെ പഠിപ്പിച്ചിരുന്നത്
“ഹിന്ദു മുസ്ലീം ഭായി ”
എന്നുമാത്രമായിരുന്നു.

ആദ്യമായി ഒരു മുസ്ലീമിനെ
അടുത്തറിയുന്നത്
ക്രിസ്ത്യന്‍ കോളേജില്‍
പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്.
അവന്‍ നന്നായി പാടുമായിരുന്നു.
പാട്ടുകേട്ട് ലഹരിപിടിച്ച്
ഞാനവനെ ആരാധനയോടെ
നോക്കിത്തുടങ്ങിയെങ്കിലും
അവന്‍ ഒരു മുസ്ലീമാണെന്ന്
എനിക്കറിയില്ലായിരുന്നു.
സിനിമകളില്‍ കണ്ടിരുന്നപോലെ
അവന്‍ തൊപ്പി വച്ചിരുന്നില്ല,
ക്രോപ്പ് ചെയ്ത താടി വച്ചിരുന്നില്ല,
മാപ്പിളപ്പാട്ടുകളൊന്നും
പാടിയിരുന്നില്ല.

അവന്‍ മുസ്ലീമാണെന്നറിഞ്ഞപ്പോള്‍
ഉള്ളംകാലില്‍ നിന്നും
മൂര്‍ദ്ധാവിലേക്ക് ഒരു പെരുപ്പുകയറി.
അവനെ അഭിനന്ദിക്കണം,
കൈപിടിച്ചുകുലുക്കി മനസ്സുതുറന്ന്
പുഞ്ചിരിക്കണം,കഴിയുമെങ്കില്‍
ഒന്ന് കെട്ടിപ്പിടിക്കണം....

ഒരുദിവസം അവന്റെ മുന്നില്‍ചെന്നു,
കൈ മുറുകെപ്പിടിച്ചുകുലുക്കി,
അഭിമാനം സ്ഫുരിക്കുന്ന
വിടര്‍ന്ന മുഖത്തോടെ പറഞ്ഞു.
“ഹിന്ദു മുസ്ലിം ഭായി ഭായി...!”
എന്തുകൊണ്ടെന്നറിയില്ല
അവന്റെ മുഖത്തുവന്ന പുഞ്ചിരി
പൊടുന്നനെ മാഞ്ഞുപോയി
അവന്‍ മൌനമായിക്കറുത്ത്,
തിരിഞ്ഞ് നടന്നുപോയി...!

അതിനു ശേഷം വീട്ടില്‍
വിരുന്നുകാര്‍ വരുമ്പോള്‍
മുരളുന്ന നായയോട്
കടിക്കല്ലേ കടിക്കല്ലേ
എന്നര്‍ത്ഥത്തില്‍
“കൈസര്‍ കൈസര്‍..."
എന്നുവിളിച്ചുകൂവുമ്പോള്‍
ഞാനോര്‍ക്കുമായിരുന്നു
“ഹിന്ദു മുസ്ലീം ഭായി ഭായി ”
എന്ന എന്റെ വാചകവും
വേദന പുതച്ചുള്ള അവന്റെ
തിരിഞ്ഞുനടത്തവും.


******************************************************


5.തിരുത്ത്
എഴുതിയത്: സനാതനന് ‍ sanathanan at 12/31/2007

മാന്യമഹാജനങ്ങളേ
ഇന്നലെ വരുത്തിയ
തിരുത്തുകളെല്ലാം
തിരുത്തേണ്ടതുണ്ടെന്ന്
കണ്ടെത്തിയതുകൊണ്ട്
എല്ലാം തിരുത്തി
മിനഞ്ഞാന്നത്തേതിനു
തുല്യമാക്കിയിട്ടുള്ളവിവരം
വ്യസനസമേതം
മനസിലാക്കുമല്ലോ

എന്ന് സസന്തോഷം
എന്റെ സ്വന്തം ഞാന്‍


--
Regards,

Sanal Sasidharan

+919995968561
www.sanathanan.blogspot.com
Loka Samastha Sukhino Bhavanthu

നിലവിളിയുടെ നിറങ്ങൾ

j anil kumar


വെല്ലുവിളികളെ അതിജീവിക്കാനുള്ള മനസ്സാന്നിധ്യം വന്നു ചേരും. കർമ്മ മേഖലയിലുള്ള അനിശ്ചിതാവസ്ഥ പരിഹരിച്ച്‌ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. ജീവിത പങ്കാളിയുടെ സാന്ത്വന വചനങ്ങൾ മനസ്സമാധാനത്തിന്‌ വഴിയൊരുക്കും.ഉഷ്ണ-ത്വക്ക്‌ രോഗങ്ങൾ വർദ്ധിക്കും. 15,16 തീയതികൾ ഗുണകരം. ചതുരക്കളത്തിനകത്തുള്ള തേളിന്റെ ചിത്രത്തിന്‌ നേരെ വൃശ്ചികക്ക്രിലെ അനിഴം നക്ഷത്രത്തിൽ ജനിച്ച്‌ എന്റെ ആഴ്‌ച്ച ഫലം വായിച്ച്‌ ഒരുവേള ക്രമാനുഗതമായ ആ വളർച്ചയെ ഞാൻ സ്വപ്‌നം കണ്ടിരുന്നു. ഒരു വാടകക്കൊലയാളിയുടെ വളർച്ച എങ്ങിനെ യൊക്കെ ആകും?കൂടുതൽ കൂടുതൽ കൊലപാതകങ്ങൾക്ക്‌ ഓർഡർ കിട്ടുക.കൃത്യം വലിയ റിസ്ക്കില്ലാതെ നിർവ്വഹിക്കാൻ കഴിയുക. കൂടുതൽ പണം കിട്ടുക പിടിക്കപ്പെടാതിരിക്കുക. ഇനി പിടിക്കപ്പെട്ടാൽ തന്നെ സാക്ഷികളില്ലാതെയോ ,ദുർബലമായ വാദങ്ങളാലോ ശിക്ഷിക്കപ്പെടാതിരിക്കുക.

ഓരോന്നിനും ഓരോ കാലമുണ്ടെന്ന്‌ പണ്ടുവർ പറയുന്നത്‌ വെറുതേയല്ല. അവസാനത്തെ മൂന്നു കൃത്യത്തിലും പരാജയപ്പെട്ടതോടെയാണ്‌ എന്റെ ദോഷകാലം തുടങ്ങിയത്‌. പുതിയ ഓർഡറുകൾ വരാതെയായി. ചെറിയ ഇരുട്ടടിയോ .കൈകാൽ വെട്ടലോ ,നാടൻബോംബേറോ ഇടയ്ക്ക്‌ കിട്ടിയാലായി. അതിലൊക്കെ റിസ്ക്ക്‌ കുറവാണെന്നതു പോലെ പ്രതിഫലവുംകുറവാണ്‌.കഴിഞ്ഞ മൂന്നു ശ്രമങ്ങളിലും ഞാൻ പരാജയപ്പെട്ടപ്പോൾ പുതിയ ജോലിക്കാർ വളരെ വേഗം വിജയം കണ്ടു. അതോടെ എന്റെ ഗ്രഹപ്പിഴ ഇരട്ടിച്ചു. അതിനിടയിലേപ്പോഴോ ദൈവവിശ്വാസമെന്ന പിടിവള്ളി എനിയ്ക്ക്‌ സാന്ത്വനമേകാനും ശക്തിയേകാനും തുടങ്ങി.

പണ്ടൊന്നും അമ്പലങ്ങളിൽ പോയി കുളിച്ചു തൊഴുകയോ തേങ്ങയുടക്കുകയോ ആഴ്‌ച്ചഫലം നേരം കാലം എന്നീ കാര്യങ്ങളിലൊന്നും ആശ്വാസം കൊ‍ള്ളുകയോ ചെയ്യാറുണ്ടായിരുന്നില്ല. പ്രായമേറുന്തോറും ജീവിതത്തിന്‌ പുതിയ പുതിയ അർത്ഥങ്ങളുണ്ടാകുന്നു. പണ്ട്‌ പുച്ഛിച്ച്‌ തള്ളിയതൊക്കെ ആശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനും തുടങ്ങുന്നു. നേരെ തിരിച്ചും.പഴയ വേഗതയ്ക്കും,പ്രസരിപ്പിനും ഇളക്കം സംഭവിക്കുന്നില്ലെങ്കിലും ,മൂർച്ഛകുറയാതെ സൂക്ഷിക്കാൻ ശരീരത്തിന്‌ എണ്ണയിടൽ കൂട്ടേണ്ടി വരുന്നു....

ഒരു നിശ്ചയമൊന്നിനുമില്ലാത്ത ജീവിതം. വാരഫലങ്ങൾ പോലെ അർദ്ധോക്തിയിൽ നിൽക്കുകയോ നിർത്തപ്പെടുകയോ ചെയ്യുന്നു.

വളരെ ഭയത്തോടെ .ശിക്ഷിക്കപ്പെടുമെന്നുറച്ചിരുന്ന ഇരട്ടക്കൊലപാതകക്കേസിന്റെ വിധിക്കു മുൻപേയുള്ള ഇടവേളകളിലൊന്നാണ്‌ ഏതോ ഒരു പത്രത്തിലെ ആഴ്‌ച്ചഫലം എന്റെ വിശ്വാസത്തിന്‌ കനം വെപ്പിച്ചത്‌. ഇതേ പോലെ ,വാരഫലത്തിലെ ഒരു വാചകം പഴയ തെറ്റുകളുടെ ശിക്ഷയിൽ നിന്ന്‌ മോചിപ്പിക്കപ്പെടാം. എന്നതായിരുന്നു .അവിചാരിതമായി കൂറു മാറിയ പ്രധാന സാക്ഷി,മൊഴി മാറ്റി പറഞ്ഞതോടെ ആ ഇരട്ടക്കൊലപാതകത്തിൽ ഞാൻ തെറ്റുകാരനല്ലെന്ന്‌ വിധിക്കപ്പെടുകയാനുണ്ടായത്‌.ആ വിധിക്കു ശേഷമാണ്‌ ,വാരഫലങ്ങളെ നിര്‍ദ്ധാരണം ചെയ്‌ത്‌ കണക്കുകൂട്ടലുകൾ നടത്താൻ ശീലിച്ചത്‌. ,തുടരെ തുടരെയു ള്ള മൂന്നു പരാജയങ്ങൾ എന്നെ കൂടുതൽ വിശ്വാസിയാക്കി
അടിയ്ക്കടിയുണ്ടാവുന്ന ദുരന്തങ്ങളൊ പരാജയങ്ങളൊ ആവാം നമ്മുടെ ദൈവവിശ്വാസത്തിന്റെ മാറ്റ്‌ നിർണ്ണയിക്കുന്നത്‌. രണ്ടാമത്തെ പരാജയത്തിന്‌ ശേഷം ഞാൻ പത്മനാഭ സ്വാമീക്ഷേത്രത്തിൽ കുളിച്ചു തൊഴുകയും, പഴവങ്ങാടി ഗണപതിക്ക്‌ തേങ്ങയടിക്കുകയും ചെയ്‌തു. ആറ്റുകാലമ്മയെ തൊഴാനാഗ്രഹമുണ്ടായിരുന്നെങ്കിലും എന്തോ ഒരു ഭയം മൂലം പലവട്ടം മാറ്റിവെക്കുകയായിരുന്നു. അവസാനം മൂന്നാമതും തോറ്റ്‌ കഴിഞ്ഞ മീനമാസത്തിലെ ആദ്യ ചൊവ്വാഴ്‌ച്ച ഞാൻ കൊന്നവർക്ക്‌ വേണ്ടി ആള്‍‌രൂപങ്ങൾ നടയ്ക്ക്‌ വെക്കാനായി ദേവീസന്നിധിയിലെത്തി.
നിറം മങ്ങിയ ചിത്രങ്ങളായി ദേവീമുഖത്ത്‌ ദൃശ്യമായ ഏഴു രൂപങ്ങൾ.........................

ഇരുട്ടിൽ കണ്ട മുഖങ്ങളായതിനാൽ വ്യക്തമായ രൂപം യമുനയ്ക്കും രമേശനുമൊഴികെ മറ്റാർക്കുമുണ്ടായിരുന്നില്ല.പകല്‍‌വെളിച്ചത്തിൽ കൊന്ന യമുന..............ഒരു തിളച്ച മൂർച്ഛക്കൊടുവിൽ ആലസ്യത്തോടെ മയങ്ങിക്കിടന്ന അവളെ ആർക്കു വേണ്ടിയാണ്‌` കൊന്നത്‌?ചുണങ്ങ്‌ അവിടവൈടെ വെളുത്ത ശൽക്കങ്ങൾ തീർത്ത മാറിടത്തിന്റെ മീന്‍‌ചുഴിയിലേക്ക്‌ ആഴ്‌ന്നിറങ്ങിയ ആ പഴയ കത്തി. തിരിച്ചൂരിയെടുക്കാൻ മറന്ന രേതസ്സിന്റെ അടയാളങ്ങൾക്കൊപ്പം ,കത്തിയുടെ പിടിയിലവശേഷിച്ച കൈമുദ്രകളും ശക്തമായ തെളിവായി..ജീവപര്യന്തം ഫലം.

രമേശന്റെ മുഖം കൊല്ലുമ്പോൾ വ്യക്തമായിരുന്നില്ലെങ്കിലും അതിനു ശേഷം വളരെയേറെ ദിവസങ്ങള്‍ അയാളുടെ രൂപം പത്രത്താളുകളിലും ,സിനിമാരാഷ്ട്രീയ പരസ്യങ്ങൾക്ക്‌ സമീപം നഗര -പോസ്റ്റർ ഭിത്തികളിലും ഇടം പിടിച്ചിരുന്നു. രാഷ്ട്രീയ കൊലപാതകമായി നിറം മാറിയ രമേശന്റെ മരണത്തെ തുടർന്ന്‌ പകരം വീട്ടലുകളാൽ മൂന്നു കൊലപാതകങ്ങള്‍ കൂടി നഗരത്തെ മടുപ്പിക്കുകയും തുല്യ സംഖ്യയായതിനാൽ ഇരുകൂട്ടരും താൽക്കാലികമായി സമാധാന ചർച്ചയുടെ നാട്യങ്ങൾക്കു ശേഷം ,ചാനലുകൾക്ക്‌ മുൻപിൽ കെട്ടിപ്പിടിച്ച്‌ കൊല്ലപ്പെട്ടവരെ മറന്ന്‌ ,പല്ലിളിക്കുകയും ചെയ്‌തു.

ഗ്രഹചലനങ്ങളുടെ സ്ഥാനചലനങ്ങൾ സ്വയം ഗണിച്ചിരിക്കുന്ന ഈ വാരഫലക്കാർ അത്തരം മരണങ്ങളെ ഏതു ഗണത്തിലാവും പെടുത്തിയിരിക്കുക. കൊലപാതകങ്ങൾ ഫലപ്രവാചകരുടെ നക്ഷത്ര സൂത്രങ്ങളിലൊന്നും പതിയാത്ത ദോഷഗ്രഹങ്ങലാവും.ദോഷദശകളിൽ ഈശ്വരന്മാർ പോലും വട്ടം കറങ്ങിപ്പോയ കഥകളെത്ര?പിന്നെയാണോ സദാ മരണഭീതി നെഞ്ചിലേറ്റി പുകയുന്ന ഇത്തിരിപ്പോന്ന മനുഷ്യർ?
വാതിലിലുള്ള ശക്തിയായ മുട്ട്‌ എന്റെ ചിന്തകളെ നനച്ചുകീറി. പുറത്ത്‌ സുമുഖനായ ഒരു ചെറുപ്പക്കാരൻ.

'കടുവ".?അയാൾ ചുറ്റും നോക്കി സംശയത്തോടെ ചോദിച്ചു.
"കേറിവാ..."ഞാൻ തലയാട്ടിക്കൊണ്ട്‌ പറഞ്ഞു.
അയാൾ അകത്തു കടന്നയുടനെ എന്തിനേയോ ഭയന്നിട്ടെന്നപോലെ വാതിൽ വലിച്ചടിച്ചു.
മുഖത്ത്‌ തെളിഞ്ഞ കണ്ട ദൈന്യത അയാളുടെ രൂപത്തിന്‌ ഒട്ടും തന്നെ യോജിക്കുന്നതായിരുന്നില്ല.
"നിങ്ങളരാ എന്തു വേണം?
ഒരാളെ കൊല്ലണം. .എന്റെ ഭാര്യയെ........മൂന്നാലു കൊല്ലമായി സുഖമില്ലാതെ കിടക്കുന്നു.നേരത്തെ ആലോചിച്ചിറപ്പിച്ചിട്ടും വാക്കുകൾക്ക്‌ ഒഴുക്കു കിട്ടാതെ അയാൾ വിഷമിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ കപടോക്തികൾ എത്രയോ കേട്ടിരിക്കുന്നു. ഭാര്യക്കു ചിലപ്പോള്‍ ഇയാളുടെ സൗന്ദര്യവുമായി താരതമ്യം ചെയ്യുമ്പോൽ വേണ്ടത്ര സൗന്ദര്യം ഇല്ലായിരിക്കും. അങ്ങനെയിരിക്കെ കുറച്ചുകൂടി ചെറുപ്പക്കാരിയും സുന്ദരിയുമായ പെണ്ണ്‌, അയാളിലേക്കാകർഷിക്കപ്പെടുകയോ അയാളവളിൽ ആകൃഷ്ടനാവുകയോ ചെയ്‌തിരിക്കാം. രണ്ടു പേർക്കും ഒരുമിക്കുവാനായി ഒരു വാടകക്കൊലയാളിയുടെ സഹായത്തോടെ അവളെ അവസാനിപ്പിക്കുക. അതുമല്ലെങ്കിൽ ഭാര്യയുടെ ചാരിത്ര്യ ശുദ്ധിയിൽ സംശയിച്ച്‌ പ്രതികാരമെന്നോണം അവളെ ഇല്ലാതാക്കുക എന്ന എളുപ്പവഴി. അയാൾ ഭാര്യയെ വളരെയേറേ സ്നേഹിക്കുകയും, വിശ്വസിക്കുകയും ചെയ്‌തിരിക്കാ. അതിന്റേതാകാം ഈ വെപ്രാളം .....ദൈന്യത.........

:നിങ്ങളുടെ റേറ്റൊന്നും എനിക്കറിയില്ല. ഇത്‌ ഒരു ലക്ഷമുണ്ട്‌. "കയ്യിലെ കറുത്ത ബാഗ്‌ മുന്നിലോട്ട്‌ നീട്ടിക്കൊണ്ട്‌ അയാൾ തുടർന്നു.
'പക്ഷേ അതിൽ ഒട്ടും തന്നെ റിസ്ക്കില്ല. മാസങ്ങൾക്കു മുമ്പ്‌ തന്നെ അവളുടെ മരണം വിധിയെഴുതിയതാണ്‌. വേദന സംഹാരികളും, ഉറക്കഗുളികകളും വിഴുങ്ങിയാണവളുടെ ജീവിതം. അതിനാൽ തന്നെ ആരും സംശയിക്കില്ല. ഇനി പരാതിയോ, കേസോ ...........അങ്ങിനെയൊന്നും നിങ്ങൾ പേടിക്കേണ്ട..........."
ധൃതിയിൽ പണമടങ്ങിയ ബാഗിന്റെ സിബ്‌ തുറന്ന്‌ അഞ്ഞൂറിന്റെ രണ്ടു കെട്ടു നോട്ടുകൾ എനിക്കു നേരെ നീട്ടിയപ്പോള്‍ തന്നെ ഒരു കാര്യം വ്യകതമായി. ഇത്‌ അയാളുടെ ആദ്യത്തെ ഏർപ്പാടാണ്‌. പണം നീട്ടിയ അയാളുടെ കൈ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. കത്തിയുടെ വായ്‌ത്തലയിൽ ഉണങ്ങിയ ചോര പറ്റിപ്പിടിച്ചിരിക്കും പോലെ വിയർപ്പുതുള്ളികൾ അയാളുടെ നെറ്റിത്തടത്തിൽ അവിടവിടെ ഖരഭാവത്തിൽ തങ്ങി നിന്നു.
ഞാൻ പണം വാങ്ങും മുമ്പേ ഒരു വിലപേശലിന്റെ മട്ടിൽ തുടർന്നു.
"അതിപ്പോ .ഒരു കൊലപാതകത്തിന്‌ ഇത്ര കുറഞ്ഞ റേറ്റ്‌. ?അതു ശരിയാകത്തില്ല. നിങ്ങളിപ്പോൾ ഇങ്ങനെയൊക്കെ പറയും. റിസ്ക്കൊക്കെ എനിക്കല്ലേ?എന്റെ ജീവിതമാണ്‌ ഞാൻ....
എന്റെ വാക്കുകൾ പൂർത്തിയാക്കും മുൻപേ വെപ്രാളത്തോടെ അയാൾ "ഇത്രയും ഉണ്ടാക്കിയത്‌ തന്നെ വളരെ ബുദ്ധിമുട്ടിയാണ്‌. നിങ്ങൾക്കെന്റെ അവസ്ഥ അറിയാഞ്ഞിട്ടാണ്‌. ഇല്ല. പറഞ്ഞാലും നിങ്ങൾക്കതൊട്ട്‌ മനസ്സിലാകത്തുമില്ല. ഒട്ടും തന്നെ റിസ്ക്കില്ലെന്ന്‌ പറഞ്ഞത്‌ അവളെക്കൂടാതെ വീട്ടിൽ ഞാനും മോളും മാത്രമേയുള്ളു. മോളാണെങ്കിൽ ഒമ്പതുമണിയാകുമ്പോഴേക്കും ഉറക്കമാവും. പിന്നെ ഞാൻ.നിങ്ങളെന്നെ മറന്നേക്കു. ഞാൻ ഗേറ്റും, കതകുമൊക്കെ തുറന്നിട്ടിരിക്കും. അവൾക്കാണെങ്കിൽ അധികം ഒച്ചയെടുക്കാനും കഴിയില്ല..നിങ്ങൾ മറ്റു കൊലപാതകങ്ങൾ ചെയ്‌തിട്ടുണ്ടോ എന്നൊന്നും എനിക്കറിയില്ല. ഉണ്ടെങ്കിൽ അതുപോലൊന്നുമല്ലിത്‌. ഒരു പുണ്യമായേക്കും.

ഞാൻ ഏഴു കൊലപാതകങ്ങൾ ചെയ്യുകയും, രണ്ടെണ്ണത്തിൽ ശിക്ഷിക്കപ്പെടുകയും ,രണ്ടുമൂന്നെണ്ണത്തിന്റെ വിചാരണകളുടെ വിവിധ ഘട്ടങ്ങളിലുമാണെന്ന വസ്തുത ഇയാൾക്കറിയില്ലായിരിക്കും. വിചാരണയുടെ അവസാനം ഞാൻ ശിക്ഷിക്കപ്പെടുകയോ ,കുറ്റവിമുക്തനാക്കപ്പെടുകയോ ചെയ്യാം. എന്ത്‌ ശിക്ഷ? എന്ത്‌ സ്വാതന്ത്ര്യം? എല്ലാവരും ഒരർത്ഥത്തിൽ ശിക്ഷിക്കപെടുന്നു. തടവിലാക്കപ്പെടുന്നു. ഇടയ്ക്കിടെയുള്ള പരോളുകളാണ്‌ രസം. സുഖവും. ജീവിതം ഒരു നീണ്ട പരോളാണ്‌.ഒരുപാട്‌ ഭയങ്ങൾക്കും നിയന്ത്രണങ്ങൾക്കുമിടയിലുള്ള പലവിധ വേഷങ്ങളുടെ ഹാജർ പുസ്തകത്തിലൊപ്പിടേണ്ട നീണ്ട പരോൾ. -
"നിങ്ങൾ മറുപടിയൊന്നും പറഞ്ഞില്ല"
ഇല്ല. ശരിയാകത്തില്ല. ഞാനപ്പോഴും വിലപേശാനുള്ള ആയുധങ്ങൾ തിരയുകയായിരുന്നു. ഇനിയെന്തു വേണമെന്ന മട്ടിൽ നിരാശയോടെ നിൽക്കുന്ന അയാളിൽ ആദ്യം കണ്ട ദൈന്യതയ്ക്ക്‌ കനം കൂടിക്കഴിഞ്ഞു.
ഇതൊക്കെ ഇപ്പോള്‍ പറയും. കാര്യം കണ്ടുകഴിയുമ്പോൾ നിങ്ങൾ തന്നെയാവും എനിക്കെതിരെ ആദ്യം തിരിയുക.
ഞാൻ പറഞ്ഞല്ലോതാങ്കൾക്കെന്നെ വിശ്വസിക്കാം. പൂർണ്ണമായും. എനിക്കൊരപേക്ഷ കൂടിയുണ്ട്‌. അവളെ അധികം വേദനിപ്പിക്കാതെ കൊല്ലണം. എത്രയും വേഗത്തിലോ അത്രയും നന്ന്‌. ഇന്നു രാത്രി തന്നെ കഴിയുമെങ്കിൽ....."
അയാൾ പറയുന്നതൊക്കെ ശരിയാണെന്ന്‌ എനിയ്ക്ക്‌ തോന്നിത്തുടങ്ങിയിരുന്നു. അവസാന മൂന്നു പരാജയങ്ങളുടേ ഓർമ്മ എന്നെ നിരാശനാക്കിയിരുന്നതിനാൽ കൂടുതൽ തർക്കിക്കണമെന്ന്‌ തോന്നിയില്ല. മനസ്സില്ലാമനസ്സോടെയെന്ന നാട്യത്തോടെ ഞാനാ പണം വാങ്ങി. പണം തന്ന്‌ കഴിഞ്ഞപ്പോൾ അയാൾ ആശ്വാസത്തോടെ തലയാട്ടി. ആർദ്രമായ ആ മുഖഭാവം കുറച്ച്‌ അയവു തേടുകയും ചെയ്തു..........
ചുറ്റുമൊന്ന്‌ നോക്കിയിട്ട്‌ ,കട്ടിലിനു സമീപമുള്ള പ്ലാസ്റ്റിക്‌ കസേരയിലേക്ക്‌ ,എന്റെ അനുവാദമില്ലാതെ അമർന്നിരുന്ന്‌ കൊണ്ട്‌ കുറച്ചു വെള്ളം ചോദിച്ചു. വെള്ളം കുടിക്കുന്നതിന്നിടയിൽ സ്ഥലത്തെ കുറിച്ചും,വീടിനെക്കുറിച്ചും വ്യക്തമായ സൂചനകൾ അയാളെനിക്കു് പകർന്നു നൽകി. വാരഫലപ്രകാരം പതിനഞ്ചാം തീയതി നല്ല ദിവസമായതിനാൽ സമയത്തെക്കുറിച്ചും ഞങ്ങൾ തമ്മിൽ വേഗം ധാരണയിലെത്തി. മറ്റൊന്നും ചോദിക്കുവാനോ , പറയുവാനോ എനിക്കു തോന്നിയില്ല.അയാൾക്കും തോന്നിക്കാണില്ല. വെപ്രാളത്തോടെ വാതിൽ തുറന്ന്‌ അയാൾ യാത്ര പറയാതെ നടന്നകന്നു.

രാത്രി പതിനൊന്നു മണിയാണ്‌ പറഞ്ഞുറപ്പിച്ചിരുന്നെങ്കിലും പത്തുമിനുട്ട്‌ മുമ്പേ തന്നെ അയാൾ പറഞ്ഞ സ്ഥലത്ത്‌ ഞാനെത്തി. കമ്പികൾ വളച്ച്‌ "കീച്ചേരിയിൽ" എന്നെഴുതി വെച്ചതു പെൻടോർച്ചിന്റെ വെളിച്ചത്തിൽ ഞാൻ വായിച്ചെടുത്തു.അയാൾ പറഞ്ഞപോലെ ഒരു മുറിയിലെ ജനാലയിലൂടെ മാത്രമേ വെളിച്ചം പുറത്തേക്കൂ പടർന്നിരുന്നുള്ളു. വെളിച്ചമുള്ള മുറിയിലാണ്‌` അവർ.
മുൻവാതിൽ തുറന്നുകിടക്കുകയായിരുന്നു. അകത്തേക്ക്‌ കയറും മുമ്പ്‌ ഞാൻ ചെരുപ്പൂരിവെച്ചു. അത്തരം ഉപചാരങ്ങളൊന്നും പതിവുതല്ല. എന്നിട്ടും? അരണ്ട വെളിച്ചത്തിൽ കണ്ട ആർഭാടമില്ലാത്ത സ്വീകരണമുറിയിൽ നിന്ന്‌ വെളിച്ചത്തിന്റെ മുറിയിലേക്ക്‌ നടക്കുമ്പോൾ കത്തിയുടെ കൈപ്പിടിയിൽ വിരൽ തിരുകി. അതവിടെ ഉണ്ടെന്ന്‌ ഒന്നുകൂടി ഉറപ്പിച്ചു. അവരെ എങ്ങനെ കൊല്ലണമെന്ന്‌ ഞാൻ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല.മറ്റു പല കേസുകൾക്കും വളരെയേറെ തയ്യാറെടുപ്പുകൾക്ക്‌ ശേഷമാണ്‌ ഇറങ്ങിത്തിരിച്ചിട്ടുള്ളത്‌.വളരെ നീണ്ട തയ്യാറെടുപ്പുകൾ.

വെളിച്ചമുള്ള മുറിക്ക്‌ മുൻപേയു ള്ള അടഞ്ഞു കിടന്ന മുറിക്കുള്ളിൽ നിന്നുയർന്ന ശ്വാസനിശ്വാസങ്ങളുടെ വേഗത്തിലുള്ള ശബ്ദം എന്നിൽ സംശയത്തിന്റെ വിഷം സ്ഖലിപ്പിച്ചു. ഭാര്യയെക്കൊല്ലാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയിട്ട്‌ ,കാമുകിയോ,അതല്ലെങ്കിൽ വാടക്കെടുത്ത ഏതെങ്കിലും സ്ത്രീശരീരവുമായോ രമിക്കുന്ന അയാളുടെ മുഖം പുച്ഛത്തോടെ ഓർത്തുകൊണ്ട്‌ ഞാൻ മുന്നോട്ടു തന്നെ നടക്കാനൊരുങ്ങി. കൗതുകത്തിന്റെ അന്വേഷണബുദ്ധിയോടെ തിരിഞ്ഞു നിന്ന്‌ വാതിലിന്റെ കൈപ്പിടി മെല്ലെ തിരിച്ചു. അകത്തു നിന്ന്‌ കുറ്റിയിട്ടിട്ടില്ലാത്ത വാതിൽ ചെറിയ കിരുകിരാ ശബ്ദത്തോടെ വളരെ വേഗം തുറന്നു.
ഇരുട്ടു നിറഞ്ഞ മുറിയിൽ അത്തരമൊരു രംഗത്തിനുള്ള സാധ്യത ഇല്ലാതായത്‌ എന്നെ നിരാശനാക്കി. എന്നാൽ, തികച്ചും ആകസ്മികമായി ഒരാൾ തൂങ്ങിനിൽക്കുന്ന കാഴ്‌ച എന്നെ ഭയപ്പെടുത്തി. അപ്രതീക്ഷിതമായിക്കാണുന്ന മരണത്തിന്റെ ഏതൊരവസ്ഥയും എത്ര ധൈര്യവാനേയും നിമിഷാർദ്ധം ഭീരുവാക്കുമെന്ന്‌ ഞാൻ അനുഭവിച്ചറിഞ്ഞു. ടോർച്ചിന്റെ ജീവസ്സുറ്റ ഹാലെജൻ വെളിച്ചത്തിൽ ഞാനാ ജീവനറ്റ മുഖം കണ്ടു. രാവിലെ കണ്ട ദൈന്യത ഇപ്പോഴാ മുഖത്തില്ല. അയാളുടെ രണ്ടു കൈകളിലേയും വിരലുകൾ ,പാതി വിടർന്ന പൂവിതൾ പോലെ ,എന്തിനേയോ തേടിയവണ്ണം വിടർന്നു നിന്നു. ജീവന്റെ പൂന്തേൻ ഒരിയ്ക്കല്‍ക്കൂടി
വഹിച്ചു നിൽക്കാൻ ആയാളവസാനം കൊതിച്ചിരിക്കുമോ?ഒരു തരം മരവിപ്പിന്റെ തൃഷ്ണത എന്നിലേക്കും പടർന്നു. .
മേശപ്പുറത്ത്‌ കണ്ട പേപ്പറിൽ ടോർച്ചിന്റെ വെട്ടം ഇടറിനിന്നു. അക്ഷരങ്ങൾക്ക്‌ എവിടെ നിന്നറിയാതെ ഒരു മഞ്ഞ നിറം. ആത്മഹത്യയുടെ നിറം മഞ്ഞയാണോ? മരണത്തിന്‌ നിറമുണ്ടെങ്കിൽ ഓരോ തരം മരണത്തിനും ഓരോ നിറങ്ങൾ കൊടുക്കാം. സ്വച്ഛന്ദമൃത്യുവിന്‌ വെള്ള........ആത്മഹത്യക്ക്‌ മഞ്ഞ........കൊലപാതകത്തിന്‌ ചുവപ്പ്‌..
"ഗ്രേസിയുടെ വേദന ഇനിയും സഹിക്കാനാവാത്തതിനാൽ ഞാനവളെ എന്നോടൊപ്പം കൊണ്ടുപോകുന്നു. ഞങ്ങളുടെ മരണത്തിൽ മറ്റാരും കുറ്റക്കാരല്ല. അമൽഡ മോളേയും ,ബാക്കി വന്ന എന്തെങ്കിലുമുണ്ടെങ്കിൽ അതും ജെയിംസച്ചായന്‌ .എല്ലാവർക്കും നന്ദി. -നീണ്ട ഒപ്പിനു താഴെ സേവ്യർ എന്ന്‌ ഉരുണ്ട അക്ഷരങ്ങൾ........................ "
ഒരു നിമിഷം ,ഞാനെന്തു വേണമെന്ന സംശയത്തിന്റെ തിരക്കുകളിലായി. എനിക്കൊരു ലക്ഷം തന്നിട്ട്‌ ആദ്യമേ അയാളാ കർമ്മം നിർവ്വഹിച്ചുവേന്ന്‌ മനസ്സിലായി. എങ്ങനെ?സംശയനിവാരണത്തിനായാണ്‌ ഞാനാ മുറിയിലേക്ക്‌ ചെന്നത്‌........
മഞ്ഞയിൽ പച്ചപൂക്കളുള്ള പുതപ്പ്‌ തോളറ്റം പുതച്ച്‌ ഒരു രൂപം. സ്ത്രീയുടെ അടയാളങ്ങളൊന്നും അവരിലുണ്ടായിരുന്നില്ല.
അച്ചായാ മോളുറങ്ങിയ്യോ അച്ചായാ......എന്ന അടഞ്ഞതും ,വളരെ മൃദുവായതുമായ ശബ്ദം എന്നെ നിരാശനാക്കി. കത്തിലെ വാചകങ്ങളും ,രാവിലത്തെ അയാളുടെ വാഗ്‌ദാനവും കൂട്ടിവായിച്ച്‌ ഞാൻ കർമ്മോത്സുകനാകേണ്ടതിനു പകരം നിസ്സംഗനായി. പലവിധ ഗന്ധങ്ങൾ കൂടിക്കലർന്ന മരവിപ്പിക്കുന്ന ഗന്ധം ആ മുറിയാകെ നിറഞ്ഞിരുന്നു. അത്‌ മരണത്തിന്റെ മരണമാണെന്നെനിക്കു തോന്നി. സർവ്വ ഇന്ദ്രിയങ്ങളേയും ഏകീഭവിപ്പിക്കുന്ന മരണത്തിന്റെ തീക്ഷണഗന്ധം .വീണ്ടും അച്ചായാ.........വിളി കുറച്ചുകൂടി നേർത്തു വന്നു.
ഞാൻ.ഞാൻ സേവ്യർ സാറിനെ അന്വേഷിച്ചു വന്നതാ. അവിടെയെങ്ങും കണ്ടില്ല. അപരിചിത ശബ്ദം കേട്ട പരിഭ്രമമൊന്നും അവരിലുണ്ടായില്ല. വളരെ സാവധാനം,മുണ്ഡിതമാക്കപ്പെട്ട തല തിരിച്ച്‌ അവർ ചോദിക്കുന്നു.
"നിങ്ങളാരാ? അച്ചായൻ മേലെ മോളെ ഒറക്കുവാ. ചെലപ്പൊ കൂടെ ഒറങ്ങിക്കാണും. ക്ഷീണിച്ച്‌ ,പാവം.
എങ്കിൽ നാളെ വരാമെന്ന്‌ പറഞ്ഞ്‌ പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോള്‍ അവർ വീണ്ടും;
"ബുദ്ധിമുട്ടാവില്ലെങ്കി ആ ഫ്ലാസ്ക്കിൽ നിന്നിത്തിരി വെള്ളം .അടുത്ത്‌ രണ്ടു തരം ഗുളികകളുമുണ്ട്‌. രണ്ടോ മൂന്നോ വീതം രണ്ടീന്നും................തീരെ ചെറുതായിരുന്നു ഗുളികകൾ. വളരെ ശ്രദ്ധയോടെ അവരുടെ കയ്യിലേക്ക്‌ കൊടുത്തപ്പോൾ എന്റെ കൈ വിറച്ചു. ഗുളിക വായിലിട്ട്‌ ,വെള്ളം ഒഴിച്ചുകൊടുക്കാൻ അവർ ആംഗ്യം കാണിച്ചു.
വല്ലാതെ വിഷമിച്ച്‌ കിടന്ന്‌കൊണ്ടു വിഴുങ്ങിയ ആ ഗുളികകളുടെ ചവർപ്പ്‌ എന്റെ രസമുകുളങ്ങളെ യാണ്‌ നനയിച്ചത്‌. ആ വേദന പടരുന്നത്‌ എന്റെ ജീവിതാവസ്ഥയിലേക്കാണ്‌....
"സമയമെന്തായോ ആവോ? ഒന്നു നിർത്തി അൽപ്പനേരത്തിനു ശേഷം -സമയം നോക്കി വിഷമിക്കണ്ടാന്ന്‌ പറഞ്ഞ്‌ അച്ചായൻ ക്ലൊക്കെടുത്തുമാറ്റി. അല്ലേത്തന്നെ ഞാനെന്തിനാ സമയം അറിയുന്നേ?മുകളിലോട്ട്‌ നോക്കി കുരിശ്‌ വരച്ച്‌ അവർ കണ്ണടച്ചു.

ചുവർ ഭിത്തിയിൽ ,യേശുവിന്റെ ഒരു ചില്ലു ഫോട്ടോയും അതിൽ പ്രത്യേക രീതിയിൽ കുടുക്കിട്ട ഉണങ്ങിയ ഒരു കുരുത്തോലയും..............
വലിയ വലിയ കുരുക്കുകളുടെ ചങ്ങളയാകുന്നു ചിലരുടെ ജീവിതങ്ങൾ. കുരുക്കുകളഴിക്കാനാവാതെ ഉഴറുമ്പോൾ മറ്റൊരു കുടുക്കിലേക്ക്‌ തല തിരുകി മരണമെന്ന സിദ്ധഹസ്തത്തിന്റെ തലോടൽ കൊതിക്കുന്നവർ.
ശ്വസിക്കാൻ വിഷമമനുഭവിക്കുന്ന മട്ടിൽ അവരൊന്നു ചുമച്ചു. കണ്ണുതുറന്ന്‌ ദയനീയമായി എന്നെ നോക്കി വീണ്ടും കണ്ണടച്ചു. കിടന്നു.....അവിടെ നിന്നും എത്രയും വേഗം രക്ഷപ്പെടണമെന്ന ചിന്ത ദൃഢമാവുകയായിരുന്നു. മരണം മണക്കുന്ന മുറിയും ,മറ്റു കാഴ്ചകളും എന്നെ അധീരനാക്കി...
നാലാമത്തെ തോല്‍‌വിയോടെ ഞാൻ പടിയിറങ്ങി.തോറ്റത്‌ ഞാനോ, അയാളോ? ഞാനൊരു വിശ്വാസവഞ്ചകനായി. ........
മുറ്റത്തിറങ്ങി ഞാനൊന്ന്‌ തിരിഞ്ഞു നോക്കി. വെളിച്ചത്തിന്റെ ആ മുറിയിൽ നിന്ന്‌ ചുവപ്പ്‌ നിറമാണ്‌ പുറത്തേക്കൊഴുകിക്കൊണ്ടിരുന്നത്‌.പക്ഷേ, അവിടെ നിറങ്ങളുടെ വല്ലാത്തൊരു സംയോജനം. ചുവപ്പും, മഞ്ഞയും, നീല കലർന്ന പച്ചയും................മുറിയാകെ പുകയുകയാണ്‌`. നോക്കിനിൽക്കെ ആ വീടാകെ കത്താൻ തുടങ്ങി..

കത്തുന്ന ആ വീട്ടിൽ നിന്ന്‌ ഒരു നിലവിളി പോലും ഉയരുന്നില്ല.
ഞാൻ കേൾക്കാത്തതാണോ?
എന്നിലും ചൂട്‌ ആവേശിച്ചിരിക്കുന്നു.ഞാൻ പുകയുകയണ്‌. എന്നിട്ടും, ഞാൻ ഒരു നിലവിളിക്ക്‌ കാതോർത്തു.........
ഇപ്പോൾ കേൾക്കുന്നുണ്ട്‌........................
ശബ്ദമില്ലാത്‌ത നിലവിളികൾ..........
ഒരു മരിച്ച മനുഷ്യന്റെ......
മരണം കാത്തുകിടക്കുന്ന ഒരു രോഗിയുടെ.........
ജീവിതം കൊതിച്ചുറങ്ങുന്ന ഒരു പെൺകുട്ടിയുടെ.....
കത്തി വലിച്ചെറിഞ്ഞ്‌ ,പേടിയോടെ ഇരുട്ടിലേക്ക്‌
നടന്നു മറയുന്ന ഒരു വാടകക്കൊലയാളിയുടെ..................

കുചേലൻ

indira balan


നിറവിന്റെ മടിത്തട്ടിൽ
സൂചിമുനകൾ തറച്ചു
മണിമാളികയിലെ കനത്ത
ഏകാന്തത ഭീകരസത്വമായി
ഇരുട്ടിന്റെ കടവിൽ
വീണ നിലാവുപോലെ
ബോധമണ്ഡലത്തിൽ
കയറിവന്ന മയിൽപ്പീലികൾ
ഇറങ്ങിപ്പോയി....കാടിന്റെ അഗാധതയിലേക്ക്‌
കൃഷ്ണമുടിയിലെ വെള്ളിയലുക്കുകൾ
വേടന്റെ അമ്പേറ്റ്‌ നിലം പതിഞ്ഞു..
വർത്തമാനത്തിന്റെ സമസ്യകൾ
വിദൂരപർവ്വതരേഖപോലെ.
ഓടക്കുഴലിന്റെ മുഗ്‌ദ്ധനാദത്തിലും
വ്യഥിതലയന തരംഗങ്ങൾ
മനസ്സ്‌ തീ പിടിച്ച
ചിറകുപോലെ പിടഞ്ഞു.
ഓർമ്മയുടെ അവിൽപ്പൊതി അഴിച്ച്‌
ഇളംകാറ്റിന്റെ മർമ്മരത്തിനായ്‌
കാതോർക്കുമ്പോള്‍ വന്നു മൂടുന്നു
വിഷം വമിക്കുന്ന വ്യാളീമുഖങ്ങൾ
ഏഴുനിലമാളികയും, സപ്രമഞ്ചവും വേണ്ട
ഈ കുചേലന്‌, ആ പഴയ കുടിൽ മതി
അവിടെ സ്നേഹത്തിന്റെ പുല്ലു മേഞ്ഞ മേൽക്കൂരയും
ഗോക്കളെ മേയ്‌ക്കുന്ന ഇടയബാലനുമുണ്ട്‌.

ഒറ്റക്കാലൻ കാക്ക

rafeeq panniyankara

സകലമാന പ്രാണികളും ചിറകുമുളക്കാത്ത കൊതുകുകളും പുളയുന്ന ഓടയിലെ കറുത്ത ചെളിയിലേക്ക്‌ മുനിയാണ്ടി കുന്തിച്ചിരുന്ന്‌ മൂത്രമൊഴിക്കുമ്പോൾ പട്ടണം ഉയരുന്നതേയുണ്ടായിരുന്നുള്ളു..തല ചെരിച്ചു പിടിച്ചും മുകളിലേക്ക്‌ നോക്കിയും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്‌ ചെളിയിലുയർന്ന മൂത്രനിരയിലേക്ക്‌ മുനിയാണ്ടി ഊക്കോടേ കാർക്കിച്ചു തുപ്പി.
അന്നത്തെ പത്രക്കെട്ടുകളുമായി പയ്യന്മാർ സൈക്കിളിൽ നിന്നുപാഞ്ഞു. ദീർഘദൂര പ്രയാണത്തിനൊടുവിൽ മുഖത്ത്‌ മണ്ണ്‌ പുരണ്ട സർക്കാർ ബസ്സുകൾ അവസാന കിതപ്പോടേ നിരത്തിൽ മുക്രയിട്ടു നീങ്ങുന്നു. മുനിയാണ്ടി വളർന്നു നീണ്ട വൃത്തിയില്ലാത്ത താടിരോമങ്ങൾ ചൊറിഞ്ഞു. അഴുക്കു പുരണ്ട കുപ്പായക്കീശയിൽ കയ്യിട്ട്‌ പരതി. വിരൽത്തുമ്പിൽ കട്ടിയുള്ളൊരു നാണയം തടഞ്ഞപ്പോൾ അയാളുടെ കണ്ണിൽ സന്തോഷം തെളിഞ്ഞു. അയ്യപ്പന്റെ പെട്ടിക്കടക്ക്‌ മുമ്പിലെ മയിൽക്കുറ്റിയിൽ കയറിയിരുന്ന്‌ മഞ്ഞച്ച പല്ലുകൾ പുറത്തു കാട്ടി മുനിയാണ്ടി കാറി.


'എനക്കൊറ്‌ കട്‌പ്പ്മൊള്ള ശായ താടാ'
അയ്യപ്പൻ ആദ്യം കാശ്‌` വാങ്ങി.പിന്നെ പാത്രത്തിലെ തിളക്കുന്ന ചായ ഗ്ലാസ്സിലേക്കൊഴിച്ചു.
പെട്ടിക്കടക്കു മുമ്പിൽ സ്ഥിരമായി കൊത്തിപ്പെറുക്കാൻ വരാറുള്ള ഒറ്റക്കാലൻ കാക്ക അയാളെ നോക്കി തല ചെരിച്ചു കരഞ്ഞു. മുനിയാണ്ടി ചൂടുചായ ഒറ്റവലിക്ക്‌ അകത്താക്കി മുകളിലേക്ക്‌ നോക്കി മുരണ്ടു.
'എടാ ഓട്ടക്കാലൻ കാക്കേ .നെൻന്നെ ഒറ്‌` ദെവസം എനക്ക്‌ കിട്ടും. അന്ന്‌ നെൻന്നെ ഞാൻ ചുട്ടു തിന്നും. ....എന്തോ അപശബ്ദം കേട്ടപോലെ ഒറ്റക്കാലൻ കാക്ക പെട്ടിക്കടയ്ക്ക്‌ മുകളിൽ നിന്നും പാറിമറഞ്ഞു.
മുനിയാണ്ടി പിന്നേയും എന്തൊക്കെയോ പറഞ്ഞു. അയ്യപ്പൻ തന്റെ ജോലിയിൽ വ്യാപൃതനായി. പട്ടണം തിരക്കിലമരുന്നതിനുമുമ്പ്‌ എല്ലാം ഒരുക്കാനുള്ള തത്രപ്പാടിൽ അയാളതൊന്നും ശ്രദ്ധിച്ചില്ല.
ടാ അയ്യപ്പാ ...ഒറ്‌ ബീഡി താ..... ശായക്കൊള്ള കാശേ കയ്യിലൊള്ള്‌...കിട്ടുമ്പം തറാടാ. ഒറ്‌ ബീഡി.....താടിരോമം നിറഞ്ഞ ഇത്തിരിപ്പോന്ന മുഖത്തിന്റെ യാചന
അയ്യപ്പൻ ബീഡി കൊടുത്തു. ..തീപ്പെട്ടിക്കമ്പ്‌ കൊടുത്തു.
വേഗം പോയേക്കണം ഇവിടെന്ന്‌.......നാല്‌ പേര്‌ ചായ കുടിക്കാൻ വരുന്ന നേരത്ത്‌ തന്റെയീ നിറം കെട്ട കോലം കടേടെ മുമ്പില്‌ വേണ്ട. പോ ...അപ്പുറത്തെങ്ങാനും പോയി തുലയ്‌..
അയ്യപ്പൻ പിന്നേയും തന്റെ ജോലിയിൽ മുഖം കുത്തി.മുനിയാണ്ടി നിന്നു വിറച്ചു.
ടേയ്‌...ടേയ്‌ ഒറ്‌ ബീഡി പിച്ച തന്നെന്നും വെച്ച്‌ ആളെ പ്രാകിയാല്‌ണ്ടല്ലോ. നിന്റപ്പാന്റാതാണോടാ...ണായ്‌ ...ഇന്ത റോഡ്‌...
ചുണ്ടത്ത്‌ വെച്ച ബീഡി അയ്യപ്പന്റെ മുമ്പിലേക്ക്‌ തുപ്പിത്തെറിപ്പിച്ചു. മുനിയാണ്ടി കൂസലില്ലാതെ തിരിഞ്ഞ്‌ നടന്നു.

പുലരിമണം അമർന്നു. പട്ടണം ഇരമ്പിത്തുടങ്ങുന്നു. കോപമടങ്ങാതെ മുനിയാണ്ടി ഓവർബ്രിഡ്‌`ജിന്‌താഴെ കുറ്റിച്ചെടികൾ വകഞ്ഞുമാറ്റി മലർന്നു കിടന്ന്‌ അയ്യപ്പന്റെ തന്തക്ക്‌ വിളിച്ചു. തള്ളയെ തെറി പറഞ്ഞു. അയ്യപ്പൻ ചത്ത്‌ പുഴുവരിക്കട്ടേയെന്ന്‌ കുറ്റിക്കാട്ടിനപ്പുറത്തെ വള്ളിപ്പടർപ്പുകളിലേക്ക്‌ കല്ലുകൾ വാരിയെറിഞ്ഞ്‌ അലറി.
മുനിയാണ്ടിയുടെ അലർച്ച അടങ്ങുന്നതിനു മുമ്പേ ഓവർബ്രിഡ്‌ജിനു മുകളിലൂടെ പാഞ്ഞ ജീപ്പിൽ നിന്ന്‌ ഉച്ചഭാഷിണി എന്തൊക്കെയോ അന്തരീക്ഷത്തിലേക്ക്‌ ശർദ്ദിച്ചു. കയ്യിലുണ്ടായിരുന്ന ഉരുളൻ കല്ലുകൾ താഴെയിട്ട്‌ എഴുന്നേറ്റിരുന്ന്‌ മുനിയാണ്ടി ഉച്ചഭാഷിണിയിൽ നിന്നും തെറിക്കുന്ന വാക്കുകൾക്ക്‌ കാതോർത്തു. വല്ല ഉത്സവമോ അന്നദാനമോ വീണുകിട്ടിയാൽ പിന്നെ ഇന്ന്‌ തെണ്ടണ്ടല്ലോ എന്ന ചിന്ത ഉള്ളിലിരുണ്ടു ചെവിക്കുള്ളിലേക്ക്‌ കയറിയ വാചകങ്ങളുടെ പൊരുൾ മനസ്സിലാവാതെ മുനിയാണ്ടി വാ പൊളിച്ചു നിന്നു. ഏതോ മലയിടുക്കിന്റെ പേരും ഒരു നേതാവിന്റെ പെരുമൊക്കെ മുഴങ്ങിക്കേട്ടു.
പിന്നെ കയ്യേറ്റമൊന്നും ഇടിച്ചു നിരത്തിയെന്നുമൊക്കെയുള്ള തെരുവിൽ കേൾക്കാത്ത വാക്കുകൾ ...അവസാനം ഒനുമാത്രം മനസ്സിലായി.
പ്രതിഷേധം...പട്ടണത്തിൽ ഹർത്താൽ...
തുറക്കാൻ തുടങ്ങിയ കടകൾ ധൃതിയിൽ അടച്ച്‌ വിഷമത്തോടെ കടയുടമകളും ഓർക്കാപ്പുറത്ത്‌ വീണുകിട്ടിയ അവധിയിൽ ആഹ്ലാദിച്ച്‌ തൊഴിലാളികളും അവരവരുടെ പാട്ടിന്‌ പോയി. പട്ടണം മൗനത്തിലാഴുന്നത്‌ മുനിയാണ്ടിയെ സംബന്ധിച്ചിടത്തോളം അലോസരപ്പെടുത്തുന ഒന്നാണ്‌. വയറിനകത്ത്‌ വിശപ്പിന്റെ കാറ്റിരമ്പി. ഇന്ന്‌ പട്ടണമുണരില്ല. കടകൾ തുറക്കുമെങ്കിലേ തെരുവിൽ ആളനക്കമുണ്ടാകു. നാലു നാണയങ്ങൾ കൈവെയിൽ വീഴണമെങ്കിൽ നൂറ്‌ പേരുടെ തുറിച്ച്‌ നോട്ടം സഹിക്കണം. എന്തു ചെയ്യാം മുനിയാണ്ടിഇങ്ങനെയായിപ്പോയി.
മുനിയാണ്ടി എന്തൊക്കെയോ ഓർത്തു.
വർഷങ്ങളെത്രയായി ഈ പട്ടണത്തിലെത്തിയിട്ട്‌. ഇത്രയും വളര്‍ന്നിട്ടില്ലാത്ത പട്ടണത്തിന്റെ മുക്കുമൂലകളിൽ കിട്ടുന്ന ഏത്‌ ജോലിയും ഭംഗിയായിച്ചെയ്ത്‌ ജീവിച്ച്‌ പോന്ന കാലം. ഹോട്ടലുകളിൽ വിറകു കീറാൻ, വെള്ളം കോരാൻ, ഹോട്ടൽമുതലാളിമാരുടെ വീടുകളിൽ പറമ്പു കിളയ്ക്കാൻ. ഇതൊന്നുമില്ലെങ്കിൽ റോഡ്‌ പണി. വിയർക്കാതുണ്ണുന്നവനെ കാണുന്നതേ അയാള്‍ക്കു പുച്ഛമായിരുന്നു,
ഒരു ദീപാവലിക്ക്‌ കൈ നിറയെ സമ്മാനങ്ങളുമായി നാട്ടിലുള്ളവരെ കാണാൻ പോയ മുനിയാണ്ടി പട്ടണത്തിൽ തിരിച്ചെത്തുമ്പോള്‍ രത്നമ്മ യുണ്ടായിരുന്നു കൂടെ.
തന്റെ മുറപ്പെണ്ണ്‌. തനിക്കുവേണ്ടി ചെറുപ്പകാലം മുതൽക്കേ പറഞ്ഞു വെച്ച പെണ്ണ്‌.
ദീപാലിയോടെ മറുനാളിലേ കല്ല്യാണം മുടിഞ്ചാച്ച്‌. ഇത്‌ യേൻ മുറപ്പെണ്ണു താൻ.
മുനിയാണ്ടി ലോഹ്യമുള്ളവരോടൊക്കെ വിരിഞ്ഞ ചിരിയോടെ അറിയിച്ചു.
മുനിയാണ്ടിയുടേയും. രത്നമ്മയുടെയും സ്നേഹം പട്ടണത്തോളം തന്നെ വലുപ്പമുള്ളതായിരുന്നു.
എം.ജി.ആറിന്റേയും. രജനികാന്തിന്റേയും സിനിമകൾ പട്ടണത്തിലെ തീയേറ്ററിലെത്തുന്ന ദിവസം ഇവർക്ക്‌ ഉത്സവമാണ്‌. അന്ന്‌ മുനിയാണ്ടി ജോലിക്കു പോവില്ല. ആരെങ്കിലും തലേ ദിവസം തന്നെ വല്ല ജോലിയും പറഞ്ഞേൽപ്പിച്ചാൽ അയാൾ തലയെടുപ്പോടെ പറയും.
നാളേയ്ക്ക്‌ വേലയും കീലയുമൊന്നും കെടയാത്‌. നാനും ഏൻ മനവിയും തലൈവരുടെ പടം പ്പാക്കപ്പോറാങ്കേ....
അതിരാവിലെ ഉറക്കമുണർന്ന്‌ രണ്ടുപേരും കുളിച്ച്‌ തൈരുവടയുണ്ടക്കും. പിന്നെ..ഉച്ചയിലേക്കുള്ള സാപ്പാടിന്‌ ആട്ടിറച്ചിയോ, കോഴിയിറച്ചിയോ ഉണ്ടാക്കും.
എല്ലാം കഴിഞ്ഞ്‌ അണിഞ്ഞൊരുങ്ങി തലൈവർ പടം റിലീസായ തീയേറ്ററിലേക്ക്‌ നടക്കുമ്പോള്‍ എതിരേ വരുന്ന പരിചയക്കാരോടെല്ലാം മുനിയാണ്ടി പറഞ്ഞുക്കൊണ്ടേയിരിക്കും.
"നാരായണൻ സാറെ നാൻ തലൈവർ പടം പാക്ക്പ്പോറെൻ"
ബസ്സു മൊതലാളി നാന്‍കെ വന്ത്‌ അണ്ണനോടെയ പടം..
കേൾക്കുന്നോരെല്ലാം തല കുലുക്കി ചിരിക്കും.
ഋതുഭേദങ്ങൾ മാറി മാറി വന്നു
പട്ടണത്തിൽ പുതിയ കെട്ടിടങ്ങളുയർന്നു വന്നു
മുനിയാണ്ടി വാടകവീട്ടിലെ താമസം മാറി. പുറമ്പോക്കിൽ ചെറിയൊരു കുടിൽ വെച്ചു.
രത്നമ്മയുടെ കുളി തെറ്റി. ആയിടയ്ക്ക്‌ മുനിയാണ്ടി ഒരു പാട്‌ സ്വപ്‌നങ്ങൾ കാണാൻ തുടങ്ങിയിരുന്നു. രാത്രികാലങ്ങളിൽ രത്നമ്മയുടെ അടിവയറ്റിൽ ചെവി ചേർത്തുവെച്ച്‌ അയാൾ പുതിയ ജന്മത്തിന്റെ കൈകാലിട്ടടി ചെവിയോർത്തു.
അല്ലലില്ലായ്‌മയുടെ ആകാശത്തിൽ നിന്നും ദുരന്തങ്ങളുടെ പെരുമഴ പെയ്തു വീണത്‌ പെട്ടെന്നായിരുന്നു. രത്നമ്മയുടെ പ്രസവമടുത്തു. സർക്കാരാശുപത്രിയാണേലും പല കാര്യങ്ങൾക്കായി പണത്തിന്റെ ആവശ്യമൊരുപാടുണ്ട്‌. മുനിയാണ്ടി ആവുന്നത്ര ജോലി ചെയ്തു. ...........
മുനിയാണ്ടി പിന്നെയും പിന്നെയും ആരൊക്കെയോ ചീത്ത പറഞ്ഞു. വിശപ്പാൽ കത്തിക്കളുന്ന വയറ്‌ തടവി. പാറിപ്പറക്കുന്ന താടിരോമങ്ങൽക്കിടയിൽ വിരലു കുത്തി ചൊറിഞ്ഞു. പീള നിറഞ്ഞ കണ്ണിൽ ആരോടെന്നില്ലാത്ത ദേഷ്യമിരമ്പി.
തിരിച്ച്‌ അയ്യപ്പന്റെയടുത്തേക്ക്‌ പോവാൻ മനസ്സനുവദിച്ചില്ല. അവന്റെയപ്പനെയൊക്കെ ചീത്ത പറഞ്ഞ്‌ പോന്നതല്ലേ.പക്ഷേ ..പോവാണ്ടിരിക്കുന്നതെങ്ങെനെ?
കയ്യിൽ കാശുണ്ടെങ്കിൽ തന്നെ പട്ടണത്തിലൊന്നും ഒരു കട പോലും തുറക്കില്ല. അഥവാ തുറന്നാൽ തന്നെ ബന്ദ്‌ നടത്തുന്നവർ അടപ്പിക്കുമെന്ന്‌ തീർച്ച. അല്ലേലും അയ്യപ്പനുമായി ഇങ്ങനെ വഴക്കിടുന്നത്‌ ആദ്യമായല്ലല്ലോ................! വീണ്ടും ചെല്ലുമ്പോൾ അൽപ്പനേരം മുഖം വീർപ്പിച്ചു നിൽക്കും. അല്ലെങ്കിൽ കോപമടങ്ങുവോളം വഴക്ക്‌ പറയും. സാരമില്ല. അവൻ യേൻ തമ്പി മാതിരി.
ആകെ അലങ്കോലപ്പെട്ടു കിടക്കുന്ന തെരുവിലേക്കാണ്‌ അയാൾ നടന്നു കയറിയത്‌.
അയ്യപ്പന്റെ കടയാകെ ആരോ അടിച്ചു തകർത്തിരിക്കുന്നു. ഭരണിക്കു‍ള്ളിലെ വിൽപ്പന സാധനങ്ങളും പാത്രത്തിൽ അടുക്കിവെച്ചിരുന്ന പലഹാരങ്ങളുമെല്ലാം കടക്കു മുമ്പിൽ ചിതറികിടക്കുന്നു.
. .
മുമ്പും പട്ടണത്തിൽ ബന്ദും ഹർത്താലുമൊക്കെ നടന്നിട്ടുണ്ട്‌. എന്നാലിന്നു വരെ അയ്യപ്പന്റെ കടയ്ക്കു നേരെ ആരുടേയും കൈകൾ നീണ്ടിട്ടില്ല.
'അയ്യപ്പനെ യെല്ലാരും കൂടി ചവുട്ടി മെതിച്ചെടാ മുനിയാണ്ടി.......ബന്ദുകാരുമായി എന്തോ ഒന്നും രണ്ടും പറഞ്ഞ്‌ ഒടക്കിയതാ..ഓട്ടോക്കാരെല്ലാരും കൂടി അവനെ ആശൂത്രീലോട്ടു കൊണ്ടുപോയിട്ടുണ്ട്‌.
തെരുവിൽ ലോട്ടറി വിൽക്കുന്ന ഐസക്‌ മാപ്പളയുടെ നെഞ്ചിങ്കൂട്‌ വിമ്മിട്ടത്താൽ പൊട്ടുമെന്നു തോന്നി. തറയിൽ കാക്കകൾ കലപില കൂട്ടുന്നു. പാത്രത്തിലും തറയിലുമൊക്കെയായി ചിതറിക്കിടന്നിരുന്ന പലഹാരത്തിൽ ഉറമ്പരിച്ചു തുടങ്ങി. കാക്കക്കൂട്ടത്തിനിടയിൽ ഒറ്റക്കാലൻ കാക്ക അപ്പോഴും അയാളുടെ കാഴ്‌ച്ചയിൽ തടഞ്ഞു.
നെന്നെ ഒറ്‌ ദെവസം ഞാൻ ചുട്ടു തിന്നുംഎടാ..കള്ളക്കാക്കെ...
മുനിയാണ്ടിയെ തലചെരിച്ചുപിടിച്ച്‌ കളിയാക്കുന്നപോലെ ഒന്ന്‌ നോക്കി,കൊക്കിലൊരു പലഹാരത്തുണ്ടുമൊതുക്കി സ്വസ്ഥമായൊരിടത്തേക്ക്‌ ഒറ്റക്കാലൻ കാക്ക പറന്നു.
താൻ നിൽക്കുന്ന മണ്ണും മുമ്പിലുള്ള റോഡും കത്തുന്നതായി മുനിയാണ്ടിക്ക്‌ അനുഭവപ്പെട്ടു. അയ്യപ്പന്റെ കടയ്ക്കു മുമ്പിൽ നിന്നും തിരക്കാറിത്തണുത്ത റോഡിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു.
കരുണ വറ്റിയ ലോകത്തെക്കുറിച്ചോർത്ത്‌.
മനുഷ്യരെക്കുറിച്ചോർത്ത്‌...............
അങ്ങനെ സകലതിനെക്കുറിച്ചോർത്തും മുനിയാണ്ടി നൊമ്പരപ്പെട്ടു,
റോഡിൽ വാഹനത്തിന്റെ ഇരമ്പലും ആരുടേയൊക്കെയോ ബഹളവും കേട്ട്‌ മുനിയാണ്ടി നടത്തം നിർത്തി. റോഡിലെ ശ്മശാനം മൂകതയ്ക്ക്‌ വിഘ്‌നം വരുത്തി ചീറിവന്ന കാറിനു മുമ്പിൽ ബന്ദനുകൂലികളുടെ താണ്ഡവനൃത്തം .കാറിനിലുള്ളവരോട്‌ കയർക്കുകയാണവർ.
കാറിനകത്തു നിന്നും യാചനയുടെ കൈത്തലങ്ങൾ ...പേറ്റുനോവിന്റെ കണ്ണുനീർക്കീറുകൾ.
കാറിനു മുമ്പിൽ പ്രതിഷേധത്തിന്റേയും, ആക്രോശത്തിന്റേയും മനുഷ്യമതിൽ.
മുനിയാണ്ടി കാറിനടുത്തേക്ക്‌ നീങ്ങി. ആക്രോശങ്ങൾക്കിടയിലൂടെ ചെവിയിൽ വീഴുന്ന വിവശതയിൽ കുഴഞ്ഞ സ്ത്രീ ശബ്ദം. മുനിയാണ്ടിയുടെ രോമകൂപങ്ങൾ എഴുന്നു നിന്നു.
പീള മൂടി മങ്ങിയ കണ്ണിൽ കണ്ണീര്‌ നിറഞ്ഞു.
വീർത്ത വയറും താങ്ങി വർഷങ്ങൾക്കപ്പുറത്തെ ബന്ദു ദിനത്തിൽ റോഡിൽ തളർന്നിരിക്കുന്ന രത്നമ്മ ഓർമ്മയിൽ തെളിഞ്ഞു. അവളെയും താങ്ങിയെടുത്ത്‌ ജനറൽ ആശുപത്രി വരെ കിതച്ചതോർമ്മ വന്നു. ആശുപത്രിപ്പടിക്കൽ കാലിടറിയതും രത്നമ്മ മരണത്തിന്റെ പാതാളത്തിലേക്കമർന്നതും കണ്ണിൽ മിന്നി. റോഡരികിൽ കാറിനു ചുറ്റുമുള്ള കണ്ണുകളിൽ തീ പാറി. അവർ കയ്യിലുണ്ടായിരുന്ന കുറുവടികളിൽ പിടി മുറുക്കി. കാറിനുള്ളിലെ നനഞ്ഞ കണ്ണുകളിൽ പ്രത്യാശ തെളിയുന്നത്‌ കണ്ണു നിറയെ കാണുന്നതിനു മുമ്പേ ആരൊക്കെയോ ചിന്നം വിളിച്ചു.

മുനിയാണ്ടിക്‌ പ്‌രാന്ത്‌ മൂത്തേയ്‌...മുനിയണ്ടിക്ക്‌ വട്ടിളകിയേ....
കൈക്കും കാലിനും പരിക്ക്‌ സാരമുള്ളതായിരുന്നില്ല.നെറ്റി പൊട്ടിവാർന്ന ചോര താടിരോമങ്ങളിൽ പറ്റിപ്പിടിച്ച്‌ ഉണങ്ങി ഈച്ചയാർത്തു,
തെറി പറയാനും തല്ലാനും വേണ്ടി വന്നാൽ മനുഷ്യനെ കൊല്ലാനും അറപ്പില്ലാത്ത ആളുകളെ മുനിയാണ്ടി പ്രാകി. ഈ പാവപ്പെട്ടവനെന്തു പിഴച്ചെന്ന്‌ ആയിരം സൂചിമുനകൾ മണ്ണിലേക്ക്‌ വർഷിക്കുന്ന സൂര്യനെ നോക്കി അയാൾ പല്ലിളിച്ചു.
യെല്ലാത്തുക്കും കടവുൾ ശോദിച്ചോളും.
വയർ` വീണ്ടും എരിയുന്നു. ഉറുമ്പ്‌ അരിച്ചതാണേലും അയ്യപ്പന്റെ കടക്കു മുമ്പിൽ ചിതറിക്കിടക്കുന്നതുകൊണ്ട്‌ വിശപ്പടക്കമെന്നോർത്താണ്‌ വീണ്ടുമവിടെ എത്തിയത്‌. ശരീരത്തിന്റെ പല ഭാഗങ്ങളും വേദനിക്കുന്നു.ആകപ്പാടെ പുകച്ചിൽ. കൈമുട്ടിലെ ചോരപ്പാട്‌ ഉടുതുണിയാൽ തുടച്ച്‌ ,നാവ്‌ നീട്ടി വിരൽത്തുമ്പിൽ തുപ്പൽ നനച്ച്‌ നീറ്റലിൽ പുരട്ടി അശ്വാസം കൊണ്ടു.
അയ്യപ്പന്റെ കടക്കു മുമ്പിലെത്തിയപ്പോൾ കണ്ണിൽ വീണ്ടും ഇരുട്ട്‌ കുത്തി.
ശൂന്യമായികിടക്കുന്ന പാത്രങ്ങളും തറയും. .?
വിശപ്പ്‌ പിന്നേയും വളർന്നു.
വേച്ച്‌ വേച്ച്‌ ഓവർബ്രിഡ്‌ജിനു താഴെയുള്ള കുറ്റിക്കാട്ടിലേക്ക്‌ നടന്നു. മരണമൗനം നീണ്ട റോഡിലൂടെ കത്തുന്ന പകലില്‍ മുനിയാണ്ടി വിറച്ചു. കലിയിളകുമ്പോൾ......വിഷമതയനുഭവിക്കുമ്പോഴെല്ലാം സ്ഥിരമായി വന്നു കിടക്കാറുള്ള കുറ്റിക്കാട്‌` ഇരുട്ടിലമർന്നതു പോലെ അപരിചിതമായി തോന്നി.
കുറ്റിക്കാട്ടിനുള്ളിൽ നിന്നും മുമ്പില്ലാത്ത വിധം കുറുനരികൾ കൂട്ടത്തോടെ ഓരിയിടുന്നതും മാളങ്ങളിൽ നിന്നും ഇഴജന്തുക്കൾ സീൽക്കാരം പുറപ്പെടുവിക്കുന്നതുമൊക്കെ മുനിയാണ്ടി കേട്ടു.
കുറ്റിക്കാട്ടിലേക്കിറങ്ങാതെ ഓവർബ്രിഡ്‌ജിന്റെ കല്‍ത്തൂണിൽ ചാരിയിരുന്നു. മുമ്പിലെ ഉരുണ്ട പാറക്കല്ലിനു മുകളിലേക്ക്‌ കാലു കയറ്റിവെച്ച്‌ ആശ്വാസം പൂണ്ടു.
നെറ്റിയിൽ നിന്നും ചോര വീണ്ടും കവിളിലേക്കിറ്റി. താടിരോമങ്ങൾക്കിടയിലത്‌ അപ്രത്യക്ഷമായി.
മുനിയാണ്ടി തിളങ്ങുന്ന വെ‍ള്ളിമേഘങ്ങൾക്കിടയിലേക്ക്‌ നോക്കി.
മുമ്പിൽ രത്നമ്മ വന്ന്‌ ചിരിച്ചു. അയാളുടെ ശോഷിച്ച രൂപവും വേഷവും കണ്ട്‌ കരഞ്ഞു.
നെറ്റിയിലേയും കൈത്തണ്ടയിലേയും ചോരപ്പാടുകൾ കണ്ട്‌ ഹൃദയം നുറുങ്ങി കണ്ണു പൊത്തി
മുനിയാണ്ടിക്കത്‌ സഹിക്കാൻ കഴിഞ്ഞില്ല. അയാൾ മുഖത്ത്‌ കയ്യമർത്തി ഉറക്കെയുറക്കെ കരഞ്ഞു. പട്ടണത്തിന്റെ ആളൊഴിഞ്ഞ കോണിലേക്ക്‌ അയാളുടെ കരച്ചിൽ നീണ്ടു.
കാഹ്‌...കാഹ്‌........................കാ‍.............
ശബ്ദം .മുനിയാണ്ടിയുടെ കണ്ണ്‌ വെ‍ള്ളിമേഘക്കെട്ടിൽ നിന്നും മണ്ണിലേക്കെത്തി
കാ............കാഹ്‌.............കാഹ്‌...കാ.........പാറക്കല്ലിൽ ഒറ്റക്കാലൻ കാക്ക!
മുമ്പിൽ കുറ്റിക്കാട്‌` തെളിഞ്ഞു. കുറ്റിക്കാടിനു മുകളിലെ വെയിൽ തെളിഞ്ഞു.
അഴുക്കു പുരണ്ട കൈലിയിൽ കണ്ണീർ തുടച്ച്‌ മുനിയാണ്ടി ചിരിക്കാൻ ശ്രമിച്ചു.
'ഇന്നല്ല..ഒറ്‌ നാള്‌ നെന്നെ നാൻ ചുട്ട്‌ കറുമുറ തിന്നുമെടാ...തിരട്ട്‌ കാക്കേ.
.....
ഒറ്റക്കാലൻ കാക്ക കൂസലില്ലാതെ കൊക്ക്‌ വിടർത്തി. .ദൂരേക്ക്‌ നോക്കി ചിറകുകൾ കുടഞ്ഞു.
അനന്തരം......മുനിയാണ്ടിയുടെ തലയ്ക്കു മുകളിലൂടെ വട്ടം ചുറ്റി പറന്നു.
ഞൊടിയിടയിൽ കാക്കയുടെ തൂവലുകൾ വെളുക്കുന്നതും ചുണ്ടുകൾ ചെറുതായി മനോഹരമാവുന്നതും കുറ്റിക്കാടൊരു പൂന്തോട്ടമായി മാറി അനേകം പൂമ്പാറ്റകൾ അവിടമാകെ പാറിക്കളിക്കുന്നതും സകലതും മറന്ന്‌ അയാൾ ആശ്ചര്യത്തോടെ നോക്കി നിന്നു.

തെരുവിലെ ചോര

b shihab
സഹോദരാ
മാനവചരിത്രത്തിന്റെ ദശാസന്ധികളിൽ
തെരുവിൽ, തടവിൽ, ഒളിവിൽ
ചോര മണത്തു ഞാൻ ശോകാകുലനായ കഥകളെത്ര?

ആചാര്യന്റെ അറുത്തെടുത്ത്‌ ,വലിച്ചെറിഞ്ഞ തല
ഔറംഗസീബെന്ന ചക്രവർത്തി ,തടവിലാക്കപ്പെട്ട പിതാവിന്‌
വെ‍ള്ളിത്തളികയിൽ കൊടുത്തയച്ച സമ്മാനം
ബിർള മന്ദിരത്തിന്‌ മുന്നിൽ ചിതറിവീണ ചോരപ്പൂക്കൾ
ചിന്നിച്ചിതറിപ്പോയ പ്രധാനമന്ത്രിമാരുടെ ശരീരങ്ങൾ
യമുനയെ ശ്വാസം മുട്ടിച്ച സിക്കുകാരന്റെ കരിഞ്ഞ ജഡങ്ങൾ

ഇതിഹാസങ്ങളിൽ
ചരിത്രത്തിന്റെ രാജപാതകളിൽ
ചോര മണക്കുന്ന കഥകളെത്ര?
സഹോദരാ
ഒരു സമസ്യാപൂരണത്തിനും
തെരുവിലെ ചോര ഭൂഷണമല്ല
വാളെടുത്തവൻ വാളാലെന്നു തിരുവചനം
ഒരു പോരാട്ടത്തിലും
വിവേകികൾ ആയുധം തൊടില്ല
നാരായണപടയേക്കാൾ
ആയുധം തൊടാത്ത നാരായണനാണ്‌ കരുത്തെന്ന്‌
ഒരു ദുര്യോധനനുമിന്നേവരെ തിരിച്ചറിഞ്ഞിട്ടില്ല
നവഖാലികളിൽ പരസ്പരം വാളോങ്ങിനിൽക്കുന്ന
ലക്ഷങ്ങളെ നേരിടാൻ
നിരായുധനാമൊരു ബാപ്പുപോലും
നീയെടുത്ത ഗാണ്ഡീവവും
അമ്പൊടുങ്ങാത്ത പകയുമതുകൊണ്ട്‌
വെള്ളത്തിലേക്കു തന്നേ തിരിച്ചിട്ടേക്കുക

ആഗോളീകരണംvijayan vilakkumatam

പണക്കാർക്ക്‌
പണം സമ്പാദിക്കാൻ
ഉദാരമായ നിയമങ്ങൾ

കള്ളപ്പണം
വെളുപ്പിക്കാൻ
സുതാര്യമായ
മാർഗ്ഗങ്ങൾ

പാവപ്പെട്ടവന്‌
പട്ടിണികിടക്കാൻ
വിശാലമായ
വ്യവസ്ഥകൾ

ആത്മഹത്യ ചെയ്യാൻ
അനുകൂലമായ
അന്താരാഷ്ട്ര
കരാറുകൾ
പണക്കാരനും
പാവപ്പെട്ടവനും
ഒരേ വഴികൾ

മരണത്തിന്റെ ഊഴം

delna niveitha


കബനിയിലവസാനസ്നാനമെന്നറിയുന്നു
കരനോക്കി നീന്തികിതച്ചുകേറി
കരയിൽ നിൽക്കുന്ന കടമ്പുവൃക്ഷത്തിന്റെ
തണലിൽ നിന്നോർമ്മകൾ അയവിറക്കി
കുഞ്ഞായനാളിൽ കഴുത്തിലന്നാടിയ
കുഞ്ഞുമണിയൊച്ച മുഴങ്ങി കാതിൽ
കണ്ണന്റെ കാലിയായ്‌ യദുകുലത്തിൽ വാണ
ഞങ്ങളുടെ ദുരിതമൊന്നാരറിവു
മിണ്ടാത്ത പ്രാണിയായ്‌ മണ്ടുന്നതെപ്പോഴും
മിണ്ടുന്ന നിങ്ങളുടെ വാക്കിനൊപ്പം
മൂക്കിൽ കൊരുത്തു വലിച്ച കയറിനെ
നാക്കിനാൽ നക്കിത്തുടച്ചിരുന്നു
കൂടുമാറിയാത്ര നാടു മാറിപ്പോയി
ക്രൂരമാം എത്ര മുഖങ്ങൾ കണ്ടു
തോളിൽ ബന്ധിച്ച നുകവുമായ്‌ പാടത്ത്‌
തോരാത്ത മഴയത്തും ഉഴുത നേരം
ചേറിൽ കലപ്പ വലിച്ചു മുന്നേറുന്ന
നേരത്തു തവള കരഞ്ഞതോർമ്മ
പച്ചപ്പുൽനാമ്പു കടിച്ചു വലിച്ചന്ന്‌
കൊച്ചുപുഴയോരത്തു മേഞ്ഞ നേരം
കൊത്തിപ്പെറുക്കുമൊരു കാക്കയെൻ മേനിയിൽ
ഒത്തിരി സ്നേഹമായ്‌ തന്നെ തോന്നി
ഇല്ലവർക്കീ മണ്ണിൽ ബന്ധനമൊന്നിന്ന്‌
മുൻജന്മ പുണ്യം തന്നെയാണോ?
ഇന്നലെ ചങ്ങാതി പിടയുന്ന നേരത്ത്‌
മിണ്ടാതെ നിന്നവൻ മിഴിനിറഞ്ഞോ?
അറവുകാരൻ വരാൻ വൈകുന്നതെന്തെന്ന്‌
അറിയാതെ തിരയുന്നവന്റെ കണ്ണ്‌.
ടാറിട്ട റോഡിലെ പൊള്ളുന്ന വെയിലിലും
ചാട്ടവാറടിയുടെ ചൂടു മാത്രം
പൊള്ളുന്ന വെയിലിൽ നടന്നു കിതച്ചുപോയ്‌
തുള്ളിവെള്ളം നാവിൽ മോഹമായി
അടികൊണ്ട്‌ പുളയുമ്പോൾ മടിയല്ല തന്റെ
തടിയുടെ ക്ഷീണമൊന്നാരറിയാൻ
നുരവന്ന്‌ വായില്‌ പതയായിത്തീരുന്നു
നടുറോട്ടിലറിയാതെ വീണുപോയി
ബന്ധിച്ച കാലിൽ അടിച്ചൊരു ലാടന്റെ
നൊമ്പരം കൊണ്ടു ഞാനെത്ര ദൂരം
അറവുകാരൻ വരാൻ വൈകുന്നതെന്തെന്ന്‌
അറിയാതെ തിരയുന്നവന്റെ കണ്ണ്‌
കെട്ടിവലിച്ചുകയറ്റിയൊരു വണ്ടിയിൽ
കുത്തിനിറച്ചൊന്നനങ്ങുവാൻ വയ്യാതെ
കാലനാക്കാൻ കഴിയാത്തൊരു യാത്രയിൽ
കാതിൽ മുഴങ്ങും ഇരമ്പൽ മാത്രം.
രാത്രിയും പകലുമൊന്നറിയാതെ പോകുന്ന
യാത്രയുടെ അവസാനമെവിടെയാണ്‌
ഈയ്യലിനായുസ്സ്‌ ഇത്തിരിയാണെലും
ഈ മണ്ണിൽ ദുരിതങ്ങളൊന്നുമില്ല
ഒരു കയറിൽ ബന്ധിച്ച ചങ്ങാതിമാരോട്‌
ഒരു നിമിഷമന്നവൻ യാത്ര ചൊല്ലി
അറവുകാരൻ വരാൻ വൈകുന്നതെന്തെന്ന്‌
അറിയാതെ തിരയുന്നവന്റെ കണ്ണ്‌

തുടിതാളം


delna niveditha

തിണ്ണയിൽചാഞ്ഞുറങ്ങുന്ന മുരവന്‌
കുഞ്ഞൊരു ചൂടിന്‌ തീക്കനല്‌
ചുരുണ്ടു വളഞ്ഞു കിടക്കുന്ന നേരത്ത്‌
ചൂടൊന്ന്‌ കൂട്ടാൻ പുതച്ചു മുണ്ട്‌
സുന്ദരിയായൊരാ- കുടിലിന്റെ തിണ്ണയിൽ
അമ്പിളിമാമനെ കണ്ടുറങ്ങി
അന്തിക്കു മൂളിയ മൂങ്ങതൻ കണ്ണുകൾ
അമ്പിളിവെട്ടത്തിലൊന്നു മിന്നി
താളത്തിൽ പാട്ടുകൾ പാടിയ മക്കളെ
താളങ്ങളാരും പഠിപ്പിച്ചില്ല
വെറ്റില നൂറൊന്ന്‌ കൂട്ടിമുറുക്കുവാൻ
വെപ്രാളമാണെന്റെ മക്കൾക്കെന്നും
മുറുക്കിച്ചുവപ്പിച്ച്‌ തുപ്പുന്ന നേരം
ഇറുക്കിയാചുണ്ടിൽ വിരലമക്കി
കിളിയെപിടിക്കുവാൻ കവണിയിൽ കല്ലുമായ്‌
ഉടുതുണിയേറെയങ്ങില്ലാത്തൊരാ മക്കൾ
ഉശിരുള്ള കണ്ണാൽ തിരഞ്ഞു കിളി

മുരവനാതുടിയില്‌ താളങ്ങൾ തട്ടുമ്പോള്‍
മുരത്തി തൻ പാദത്തിൽ താളമെത്തി
കുഴലൂത്ത്‌ തുടിയുടെ ഒപ്പമെത്തുമ്പോൾ
കുനിഞ്ഞു നിവർന്നവർ കുരവയിട്ടു
മുരവൻ മുറത്തില്‌ പേറ്റിക്കിഴിച്ചതു
മുത്തല്ല മുന്നാഴി മന്ത്രമാണ്‌
കാലങ്ങളായിട്ടാ കുടിലിന്റെ ചുറ്റും
കാരണവന്മാർക്ക്‌ നേർച്ചയുണ്ട്‌

മൊബൈല്‍ഫോൺ നിരോധിച്ചാൽ മലയാളസിനിമ രക്ഷപ്പെടുമോ?k g unnikrishnan


2009ൽ ഇതുവരെ കേട്ട ഏറ്റവും നല്ല തമാശയായിട്ടാണ്‌ സിനിമയുമായി ബന്ധപ്പെട്ടവരുടെ 'മൊബൈല്‍നിരോധനത്തെ'ക്കുറിച്ചു വായിച്ചപ്പോള്‍തോന്നിയത്‌. പ്രതിയെ കിട്ടിയില്ലെങ്കിൽ അയാളോടിച്ച കാറിനെ അറസ്റ്റു ചെയ്യുന്നപോലെ പരിഹാസ്യമായ ഒന്നായി തോന്നി ആ തീരുമാനം.
ഒരു വ്യവസായം ലാഭത്തിലാക്കുന്നതിന്റെ രണ്ടു പ്രധാന മാർഗ്ഗങ്ങളിൽ ഒന്ന്‌ ചിലവു ചുരുക്കലും, മറ്റൊന്ന്‌ വരുമാനം കൂട്ടലുമാണെന്നു സമ്മതിക്കുന്നു. പക്ഷേ സിനിമയിൽ ചിലവു കൂടുന്നതൊന്നുമല്ല ,സിനിമ നഷ്ടത്തിലാകുന്നതിന്റെ പ്രധാന കാരണം. സൂപ്പർ താരങ്ങളുടെ റേറ്റുമല്ല. പ്രത്യുത, ജനങ്ങൾ കാണുന്ന സിനിമയില്ലാത്തതാണ്‌ പ്രശ്നം.
എന്താണ്‌ ഇപ്പോഴത്തെ സിനിമ? വെറും പുറം തോട്‌. മാത്രം. പേടുതേങ്ങ പോലെ ഉള്ളിലൊന്നുമില്ല. എല്ലാവരും ആദ്യം ചെയ്യുന്നത്‌ സൂപ്പർതാരങ്ങളുടെ ഡേറ്റ്‌ വാങ്ങുക എന്നതാണ്‌. അതിനു ശേഷം അവർക്കു മീശപിരിക്കാനും നീളൻ ഡയലോഗുകൾ ഫിറ്റു ചെയ്യാനുമുള്ള കുറേ ഏച്ചുകൂട്ടലുകൾ .കഥ എന്നൊന്ന്‌ ഇല്ല. കഥയില്ലായ്‌മയാണ്‌ മലയാളസിനിമക്കുള്ള പ്രധാന പോരായ്‌ക. ചില സംവിധായകരുടേയും തിരക്കഥാരചയിതാക്കളുടേയും ഒക്കെ കഥയില്ലായ്‌മകൂടിയാകുമ്പോൾ 100 ദിവസം ഓടുന്നതിനു പകരം മൂന്നാം ദിവസം തീയേറ്ററിൽ നിന്നു ഓടും പടം.

വിജയിച്ച പടങ്ങളുടെ ചുവടു പിടിച്ചുള്ള വികലമായ അനുകരണങ്ങൾക്ക്‌ എത്ര വേണമെങ്കിലും ഉദാഹരണങ്ങള്‍നമുക്കുണ്ട്‌. നരസിംഹം, ദേവാസുരം എന്നിവയുടെ ചുവടു പിടിച്ചിറങ്ങിയ എത്ര സിനിമകളാണ്‌ എട്ടുനിലയിൽ പൊട്ടിയത്‌? തൊമ്മന്റെ മക്കളുടേ,തുറുപ്പുഗുലാന്റേയുമൊക്കെ വ്യാജപ്പതിപ്പുകൾ എത്രെണ്ണമാണ്‌ മലയാളികൾ സഹിക്കേണ്ടി വന്നത്‌. വിജയിച്ച പടങ്ങളുടെ ചുവടു പിടിച്ച്‌ മറ്റു വിജയിച്ച തമിഴ്‌ -ഹിന്ദി-സിനിമകളുടെ വീഡിയോ കണ്ട്‌ ഷൂട്ടിംഗ്‌ സ്ഥലത്തു തയ്യാറാക്കുന്ന തിരക്കഥകളാണ്‌ പലതും എന്നാണ്‌ അണിയറ വാർത്തകളിൽ നിന്നും മനസ്സിലാകുന്നത്‌.

എന്നാൽ 60 കളിലും, 70കളിലും സ്ഥിതി ഇതായിരുന്നില്ല. നല്ല സാഹിത്യരചനകൾ ,നടന്മാരുടെ കഴിവുകൾ പുറത്തുകൊണ്ടു വന്ന രീതിയിൽ തിരക്കഥയെഴുതി അവതരിപ്പിച്ചപ്പോൾ അവയെല്ലാം വിജയം കണ്ടില്ലേ?ചെമ്പങ്കുഞ്ഞും കുഞ്ഞാനേച്ചനും അതുപോലെമലയാളസാഹിത്യത്തിലെ പല കഥാപാത്രങ്ങളും അനുഗൃഹീതനടന്മാരിലൂടെ മുന്നിലെത്തിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ചു.ഇന്നും തിരഞ്ഞാൽ ധാരാളം അത്തരം കഥകൾ ലഭിക്കും. പക്ഷേ അതിനൊന്നും ആർക്കും സമയമില്ലല്ലോ.
നല്ല ഹോം‌വർക്കു ചെയ്തു വർഷങ്ങൾകൊണ്ടെടുക്കുന്ന സിനിമകൾ വിജയിക്കും എന്നതിന്റെ തെളിവാണ്‌` ഭരതൻ,പത്മരാജൻ, ബ്ലെസ്സി എന്നിവരുടെ ചിത്രങ്ങൾ. വൈശാലിയുടെ ഓരോ രംഗങ്ങളും ചിത്രങ്ങളാക്കിയ ശേഷമാണ്‌ ഭരതൻ സിനിമയെടുത്തത്‌ എന്നു കേട്ടിട്ടുണ്ട്‌. ബ്ലെസ്സിയാണെങ്കിലും ഓരോ തിരക്കഥ രൂപപ്പെടുത്തുന്നതിനു പിന്നിലും ത്യാഗപൂർണ്ണമായ അദ്ധ്വാനശേഷി ഉപയോഗപ്പെടുത്തുന്നുണ്ട്‌. എം.ടി.യുടേയും പത്മരാജന്റേയും ചിത്രങ്ങളും തിരക്കഥയുടെ മേന്മകൊണ്ടാണ്‌ കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്‌. കൊമേഴ്‌സ്യൽ സംവിധായകൻ എന്നറിയപ്പെടുന്ന പ്രിയദർശൻ പോലും ഹോംവർക്കു ചെയ്തെടുത്ത സിനിമകൾ ,കാലാപാനി,ഇപ്പോൾ കാഞ്ചീവരം-നല്ല സിനിമകളായി

മലയാള സിനിമയുമായി ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടത്‌ ഇത്തരം കാര്യങ്ങളിലാണ്‌. നല്ല കഥ തിരെഞ്ഞെടുക്കുക. അതിനു ശേഷം താരങ്ങളെ കഥാപാത്രങ്ങൾക്കനുസരിച്ചു തീരുമാനിക്കുക. സിനിമയുടെ പൂര്‍ണ്ണരൂപം ആയതിനു ശേഷം മാത്രം ഷൂട്ടിംഗ്‌ ആരംഭിക്കുക. അതാണ്‌` വേണ്ടത്‌. ഇവിടെ പുരുഷനു നിഴലായി മാത്രമാണ്‌ ഇപ്പോള്‍ സ്ത്രീയുള്ളത്‌. . സ്ത്രീകൾക്കു പ്രാധാന്യമു ള്ള സിനിമകൾ ഉണ്ടാകുന്നതേയില്ല. ഒരു പെണ്ണിന്റെ കഥയും ,തുലാഭാരവും എല്ലാം ഓർമ്മകൾ മാത്രം.
വ്യത്യസ്തമായ സിനിമകൾ വിജയിക്കുമെന്നതിന്റെ തെളിവാണ്‌ സത്യൻ അന്തിക്കാട്‌- ശ്രീനിവാസൻ ടീമിന്റെ വിജയങ്ങള്‍.. അവരുടെ കഥാപാത്രങ്ങൾ നമ്മളിലൊരാളായി നമ്മൾ കാണുന്നു.
ഈ അവസ്ഥയിൽ എല്ലാവരുംകൂടി തീരുമാനിച്ച ചിലവു ചുരുക്കലുകൾ പലതും പ്രായോഗികമല്ല എന്നു കാണാം. സിനിമയുടെ പ്രധാനഭാഗം എടുക്കാൻ 45 ദിവസം നീട്ടാതിരിക്കാൻ പറ്റുമോ? പരസ്യമായി കുറച്ചാലും അഭിനയിക്കണമെങ്കിൽ പണം തരണമെന്നവർ പറയാനാണ്‌ സാധ്യത. പിന്നെ, അവാർഡുസാധ്യതയുള്ള കഥാപാത്രങ്ങളാണെങ്കിൽ കുറച്ചേക്കാം. സെറ്റിൽ എല്ലാവരും സ്ക്കൂൾകുട്ടികളെപ്പോലെ അടങ്ങിയൊതുങ്ങിയിരിക്കുമോ? അതുകൊണ്ട്‌ പ്രിയപ്പെട്ട സിനിമക്കാരാ കട്ടവനെ പിടിക്കാതെ കളവു കുറയ്ക്കാൻ പറ്റുമോ? രോഗം ശരിയായി പഠിച്ചു ചികിത്സിക്കുക.

പക്ഷിയുടെ ദുഃഖം

a q mehdi


അതൊരു ഞായറാഴ്‌ച്ചയായിരുന്നു.ഒരു ബിസ്സിനസ്സുകാരനായ എനിക്ക്‌ ഒരു വാരാന്ത്യത്തിൽ ലഭിക്കാവുന്ന ഏക ഒഴിവുദിനം. വീണുകിട്ടിയ ഒരു ചെറിയ വിശ്രമദിനത്തിന്റെ നേർത്ത ലഹരിയിലായിരുന്നു ഞാനന്ന്‌. രാവിലെ വ്യാപാരശാലയിലേക്കു പോകുവാൻ അത്ര തിടുക്കം വേണ്ട. പ്രഭാതഭക്ഷണത്തിന്‌ എന്നുമുള്ളതുപോലെ കാര്യമായ സമയനിഷ്ഠ പാലിക്കേണ്ടതുമില്ല. സൗകര്യവും സാവകാശവും കൈകോർക്കുമ്പോള്‍ ലഭ്യമാകുന്ന ആശ്വാസഭാവത്തിൽ സ്വയം ലയിച്ച്‌ ,ഞായറാഴ്‌ചയിലെ ഈ ശിഷ്ടസമയം വായനക്കും അൽപ്പം ടി.വി.കാണലിനുമായി മാറ്റിവെക്കാൻ ഞാനൊരുങ്ങി.

രാവിലത്തെ ദിനപ്പത്രവുമായാണ്‌ പുറത്തു കോലായിൽ വന്നിരുന്നത്‌. പത്രക്കടലാസ്സിലെ അപൂർവ്വവാർത്ത ശകലങ്ങളിലൂടെ ഒരു സഞ്ചാരം നടത്തുന്നതിന്നിടയിലാണ്‌ ,സിറ്റൗട്ടിന്റെ ചെറിയ അരിയോടുകൾ പാകിയ മച്ചിലെ മരപ്പടികൾക്കൊന്നിനിടയിൽ ആ ചെറിയ പക്ഷിക്കൂടു കണ്ടത്‌.ചകിരി നാരുകളും നേർത്ത വൈക്കോൽത്തരികളും കൊണ്ട്‌ നിർമ്മിച്ചതായിരുന്നു ആ കിളിക്കൂട്‌. ഏതൊ ചെറുപക്ഷിയുടെ കൂട്‌. ഒരാഴ്‌ച്ച മുമ്പുവരെ അതവിടെ ഉണ്ടായിരുന്നില്ലല്ലോ എന്നും ഞാനോർത്തു.

വാർണ്ണീഷ്‌ തേച്ച്‌ മിനുസപ്പെടുത്തിയ മരപ്പടികൾക്കിടയിലെ ആ പക്ഷിക്കൂട്‌ ചെറിയ തരത്തിലാണെങ്കിൽപ്പോലും അവിടെ അഭംഗിയുടെ ഒരു വിത്തു വിതച്ചതു ഞാനറിഞ്ഞു.
പുലർക്കാലവെയിലിന്റെ നനുനനുത്ത വെളിച്ചം കോലായിൽ പടർന്നുകയറിയപ്പോൾ ,പത്രത്താളിൽ നിന്നും മെല്ലെ മുഖമുയർത്തി വീണ്ടും ആ പക്ഷിക്കൂടും നോക്കി അലസഭാവത്തിൽ ഞാനിരുന്നു. എനിക്കു തൊട്ടുപിന്നിൽ ,അവൾ, അഫ്‌റീൻ മോൾ വന്നു നിന്നത്‌ ഞാനറിഞ്ഞില്ല.
അഫ്‌റീൻ അവൾ, എന്റെ ഒരേയൊരു മകളുടെ ആദ്യപെൺതരിയാണ്‌. അതിസാമർത്ഥ്യമുള്ള ഒരു കുസൃതിക്കുരുന്ന്‌. ഒരു വായാടിപ്പെണ്ണാണ്‌ അവളെന്നതു മാത്രമാണ്‌ അഫ്രീനെപ്പറ്റി പൊതുവേയു പരാതി. ഒരിക്കലും ആ കുഞ്ഞുനാവ്‌ അടങ്ങിയിരിക്കില്ല. എപ്പോഴും ചിലച്ചുകൊണ്ടേയിരിക്കും.
അഫ്‌റീനും ആ പക്ഷിക്കൂട്‌ ശ്രദ്ധിച്ചു നിൽക്കുകയാണെന്ന്‌ ഞാൻ മനസ്സിലാക്കി. ഇതിനിടയ്ക്കാണ്‌ ചെറിയൊരു കുഞ്ഞാറ്റക്കുരുവി പറന്നുവന്ന്‌ ആ പുൽക്കൂടിനുള്ളിലേക്ക്‌ കയറിപ്പോയത്‌.അവൾ, അഫ്‌റീൻ തന്റെ കുഞ്ഞിവിരലുകൾക്കൊണ്ട്‌ എന്റെ മേൽ മെല്ലെയൊന്നുരസി എന്തോ പറയാനുണ്ടെന്ന സൂചന കാട്ടി. ദൈവമേ, ഇനി ചോദ്യങ്ങളുടെ ഒരനന്ത പ്രവാഹം തന്നെ അവളിൽനിന്നുണ്ടായേക്കാം.

രണ്ടാം ക്ലാസ്സിൽ നിന്നും റാങ്കോടെ സ്ഥാനക്കയറ്റം വാങ്ങി മൂന്നിൽ ഉപരിപഠനം നടത്തുന്ന അവൾ ,മിക്ക സമയവും സംശയങ്ങളുടേയും ചോദ്യങ്ങളുടേയും ഓരോ കുഞ്ഞുകൂടയുമായിട്ടായിരുന്നു എന്റെയരികിൽ വന്നിരുന്നത്‌. പലപ്പോഴും അവൾ കെട്ടഴിക്കുന്ന കുരുന്നു ചോദ്യങ്ങളിലെ കുസൃതിഭാവം എന്നെ
വിഷമിപ്പിച്ചിരുന്നു. തീരെ ഉത്തരം മുട്ടുമ്പോള്‍ മാത്രം തെല്ലൊരക്ഷമ കാട്ടി ഞാനവളെ പിന്‍‌തിരിപ്പിക്കാൻ ശ്രമിക്കയുമാണ്‌ ചെയ്‌തിരുന്നത്‌. അപ്പോഴൊക്കെ അവളുടെ ഉമ്മയായ എന്റെ മകളാണ്‌ എനിക്കു തുണയായി എത്തുക. ഉമ്മയും, മകളും കലപില പറഞ്ഞ്‌ അകത്തളത്തിലേക്ക്‌ നീങ്ങുമ്പോൾ ഞാൻ ആശ്വാസപൂർവ്വം നെടുവീർപ്പിട്ടിരുന്നു. പോകും വഴി തലചെരിച്ചെന്നെ നോക്കി അവൾ പിറുപിറുക്കും.

"വല്ലാത്തൊരു പപ്പാജി......"

പപ്പാജി എന്ന സംബോധന ആ കുഞ്ഞിനെ പഠിപ്പിച്ചതു എന്റെ ഭാര്യ തന്നെയാണ്‌. മുത്തച്ഛാ...അപ്പൂപ്പാ.....എന്നൊക്കെ വിളിച്ച്‌ തന്നെ വൃദ്ധനാക്കേണ്ട എന്ന ഉദ്ദേശലക്ഷ്യമായിരിക്കാം ഈ പപ്പാജി വിളി പരിശീലിപ്പിക്കാനുള്ള ഭാര്യയുടെ പ്രചോദനമെന്നു തോന്നുന്നു.
വിചിത്രതരമായി തോന്നാവുന്ന കുസൃതിചോദ്യങ്ങളാണ്‌ അഫ്‌റിന്റെ കുഞ്ഞുനാവിൽ നിന്നും എപ്പോഴും പുറത്തു വരാറ്‌.
അനിമൽ പ്ലാനറ്റ്‌ ചാനലിൽ കണ്ട പെരുമ്പാമ്പ്‌ മനുഷ്യരേയും പിടിച്ചുവിഴുങ്ങുമോ ,ഡിസ്‌കവറിയിയിൽ നമ്മളൊരിക്കൽ കണ്ട സിംഹങ്ങൾ എന്തിനാ ഈ പാവം പിടിച്ച മാനുകളെ ഓടിച്ചിട്ടു പിടിച്ചു തിന്നുന്നത്‌, നമ്മൾ` ടി.വി.യിൽ കണ്ട കണ്ടാമൃഗത്തിന്റെ തൊലിയെന്താ വെട്ടുകല്ലിന്റെ പുറം പോലെ പരുപരായിരിക്കുന്നത്‌,മുങ്ങിക്കപ്പല്‌ കടലിനടീൽക്കൂടി സഞ്ചരിക്കുമ്പൊ അതിനകത്തുള്ളവർക്ക്‌ ശ്വാസം മുട്ടില്ലേ? തുടങ്ങി ഒത്തിരി ചോദ്യങ്ങൾ ഒറ്റവീർപ്പിന്‌ ചോദിച്ചുകളയും അവൾ. എന്നെ ഉത്തരം മുട്ടിക്കുമ്പോഴും ആ കുഞ്ഞുനാവിൽനിന്നും തെരുതെരെ വരുന്ന ചോദ്യങ്ങൾ കേൾക്കാൻ എനിക്കും ഭാര്യക്കും ഇഷ്ടമായിരുന്നു.

"പപ്പാജി......അതെന്തുതരം കിളിയാ.മുമ്പ്‌ അവിടെയാ കൂടുണ്ടായിരുന്നില്ലല്ലോ. എങ്ങിനേയാ ആ ബേർഡ്‌ ഈ കൂടുണ്ടാക്കിയത്‌?


അവൾക്കൊരു മറുപടി നൽകും മുമ്പ്‌ വീണ്ടുമെന്റെ ശ്രദ്ധ ആ പുൽക്കൂട്ടിൽ ചുറ്റിത്തിരിഞ്ഞു. അൽപ്പം മുമ്പ്‌ ഉള്ളിലേക്കു കയറിപ്പോയ ആ ചെറുപക്ഷി തന്റെ കൂടിന്റെ പ്രവേശനദ്വാരത്തിൽ വന്ന്‌ ഒരു നിമിഷം പുറത്തേക്ക്‌ നോക്കിനിന്നു. കൊക്കു ചലിപ്പിച്ച്‌ അതു ചെറുതായി ചിലച്ചുകൊണ്ടിരുന്നു. പിന്നീട്‌ തെല്ലു നേരം പുറത്താകെ പാറിപ്പരതി നടന്നിട്ടു മറ്റെങ്ങോട്ടേക്കോ അത്‌ പറന്നുപോവുകയും ചെയ്‌തു. സ്വന്തം വാസഗൃഹം വിപുലമാക്കാൻ വയ്‌ക്കോൽത്തുരുമ്പു തേടിയോ തീറ്റ്‌ അന്വേഷിച്ചോ ആവാം.

വീണ്ടും അഫ്‌റീൻ തന്റെ ചോദ്യത്തെപ്പറ്റി ഓർമ്മിപ്പിച്ചു. ആ കൂട്‌ എങ്ങിനെ ഉണ്ടായി എന്ന ചോദ്യത്തിന്നു ഞാൻ ഉത്തരം കൊടുത്തിട്ടില്ല. വ്യക്തമായ മറുപടിയോ,തൃപ്തികരമായ ഒരു വിശദീകരണമോ കിട്ടാതെ അവള്‍ പിന്മാറില്ല എന്നെനിക്കറിയാം.
"മോളേ,എല്ലാ ജീവിവർഗ്ഗങ്ങളും അവയ്ക്കു പാർക്കാനുള്ള വീട്‌ സ്വയം തന്നെയാണ്‌ നിർമ്മിക്കുന്നത്‌......
തെല്ലൊരു വിസ്മയഭാവത്തിൽ തലചെരിച്ച്‌ ശ്രദ്ധയോടെ കേട്ടുനിന്നു അവൾ.
ഞാൻ തുടർന്നു
ഈ ചെറിയ പക്ഷിയും അതിനു പാർക്കാനുണ്ടാക്കിയ കൊച്ചുവീടാണിത്‌. തന്റെ വാക്കുകൾ പൂർത്തിയാക്കിക്കഴിഞ്ഞില്ല , അവൾ തന്റെ പഴയ ചോദ്യം ഒരിക്കൾക്കൂടി ആവർത്തിച്ചു.
ആ കിളി എങ്ങിനെയാ കൂടുണ്ടാക്കിയതെന്നു പപ്പാജി പറഞ്ഞില്ലല്ലോ. പക്ഷിക്കൂടിന്റെ നിർമ്മാണരീതി എങ്ങിനെയാണ്‌ ഞാനീ കുരുന്നിനു വിവരിച്ചുകൊടുക്കുക. എനിക്കുതന്നെ അതറിയില്ല എന്നതാണ്‌` യാഥാർത്ഥ്യം.
മോളേ കൂടുകെട്ടാൻ വേണ്ട വയ്‌ക്കോൽത്തുരുമ്പും ,പുൽക്കഷ്ണങ്ങളും ചകിരിനാരുമൊക്കെ എവിടെനിന്നെങ്കിലും കൊത്തിപ്പെറുക്കികൊണ്ടുവന്ന്‌ ചെറിയ ചെറിയ അടുക്കുകളാക്കി വച്ചാണ്‌ പക്ഷികൾ സ്വന്തം കൂടുണ്ടാ‍ക്കുന്നത്‌....."
അവൾ വാ പൊളിച്ചു കേട്ടുനിന്നു. പക്ഷിക്കൂടു നിർമ്മാണവിഷയത്തിൽ ഞാനൽപ്പം വാചാലനായിപ്പോയോ എന്ന സംശയം എനിക്കുണ്ടായി. ഒരു ഏഴു വയസ്സുകാരിയോടുള്ള വിശദീകരണ നിലവാരത്തിനപ്പുറം തന്റെ വാക്കുകൾ വഴി തെറ്റിച്ചെന്നെത്തിയോ?

മച്ചിലെ കിളിക്കൂട്‌ നീക്കികളയണമെന്നെനിക്കു തോന്നി.വീടിന്റെ ഉമ്മറത്ത്‌ , പുറത്തുനിന്നും വരുന്ന ആർക്കും വ്യക്തമായി കാണാൻ കഴിയും വിധമായിരുന്നു അതിന്റെ സ്ഥാനം.
പക്ഷിക്കൂടു പൊളിച്ചുനീക്കാൻ എന്തെങ്കിലുമൊന്നു സംഘടിപ്പിക്കാൻ ഞാൻ അകത്തേക്ക്‌ പോയി.അപ്പോഴും അഫ്‌റീൻ മോൾ ആ കൂടും ശ്രദ്ധിച്ചുകൊണ്ടുതന്നെ നിൽക്കുകയായിരുന്നെന്ന്‌ ഞാനറിഞ്ഞത്‌ ,വളഞ്ഞ കാലുള്ള ഒരു കുടയുമായി ഞാൻ ഉമ്മറത്തു വന്നപ്പോൾ അവളിത്രകൂടി പറഞ്ഞപ്പോഴാണ്‌.

"പപ്പാജി ദാ ആ കൊച്ചുപക്ഷി ഇതാ ഇപ്പം വീണ്ടും വന്ന്‌ കൂട്ടിയനകത്ത്‌ കയറീട്ട്‌ പിന്നേം എങ്ങോട്ടോ പറന്നുപോയി...................
വളഞ്ഞ കുടപ്പിടിയിൽ കൈയ്യമർത്തി ,മടക്കിയ കുട ഒരായുധമാക്കി പക്ഷിക്കൂട്‌ പറിച്ചുകളയാനുള്ള ശ്രമമാണ്‌ ഞാൻ നടത്തിയത്‌. ഒരു ബലവും പ്രയോഗിക്കാതെ തന്നെ ദുർബലമായ പക്ഷിക്കൂട്‌ പൊളിഞ്ഞുവീണു. കൂടിനു സംരക്ഷണഭിത്തിയൊരുക്കിയിരുന്ന ചകിരിനാരുകൾ നിലത്താകെ ചിതറി വീണു. പാറിവീണ ആ നാരുകള്‍ക്കിടയിൽ ഞാൻ കണ്ടു ,കുറേയധികം കുഞ്ഞുമുട്ടകള്‍. ആ പിഞ്ചുമുട്ടകളിൽ പലതിന്റേയും നേർത്ത തോട്‌ വീഴ്‌ച്ചക്കിടയിൽ പൊട്ടിപ്പോയിരുന്നു. പൊളിഞ്ഞ മുട്ടകളിൽ നിന്ന്‌ തീരെ ചെറിയ പക്ഷിക്കുഞ്ഞുങ്ങൾ മെല്ലെ തല നീട്ടി. പിന്നീട്‌ തോടു പൊളിച്ച്‌ അവ സാവധാനം പുറത്തു ചാടി. തങ്ങളുടെ നേർത്ത കൊക്കുകൾ കാട്ടി ആ പക്ഷിക്കുഞ്ഞുങ്ങൾ ചെറിയ ശബ്ദമുണ്ടാക്കി. അവക്കൊന്നും പറക്കാൻ പാകത്തിൽ ചിറകുണ്ടായിരുന്നില്ല. നടന്നുനീങ്ങാൻ കാലുകളും ഉറച്ചിരുന്നില്ല. നിലത്തെ മാർബിൾ തറയിൽ തലങ്ങനേയും വിലങ്ങനേയും അവ ഇഴഞ്ഞു നീങ്ങാൻ വിഫലശ്രമം നടത്തി.

ഒക്കെയും കണ്ടുകൊണ്ടുനിൽക്കയായിരുന്നു അപ്പോഴും അഫ്രീൻ.
കഷ്ടമായിപ്പോയി പപ്പാജീ.... പപ്പാജി ആ കൂട്‌ ഇളക്കിക്കളയേണ്ടിയിരുന്നില്ല. നിഷ്‌ക്കളങ്കഭാവത്തിലുള്ള തന്റെ കൊച്ചു വാക്കുകൾ അവൾ തുടർന്നുകൊണ്ടേയിരുന്നു.
"
നമ്മുടെ വീട്‌ ആരെങ്കിലും വന്ന്‌ ഇങ്ങിനെ പൊളിച്ചുകളഞ്ഞാൽ നമ്മളെന്തു ചെയ്യും? അതുപോലെത്തന്നെയല്ലേ പപ്പാജി ഇതും?

ദയനീയഭാവത്തിൽ അവളവതരിപ്പിച്ച സഹതാപാർഹമായ ആ കൊച്ചു ഫിലോസഫി എന്നെ നൊമ്പരപ്പെടുത്തി. എനിക്കു മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല.
എന്താ പപ്പാജി ഒന്നും മിണ്ടാത്തത്‌?
എന്റെ മൗനഭാവം അവളെ അസ്വസ്ഥപ്പെടുത്തിയിരിക്കണം. നാവു നഷ്ടപ്പെട്ട ഒരുവനെപ്പോലെ ഞാൻ നിശ്ശബ്ദനായി. ആ കുഞ്ഞുമനസ്സിന്റെ വേദന എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുകയും ചെയ്‌തു. ആ ചെറിയ സംഭവം എന്റെയുള്ളിൽ അസ്വസ്ഥതയുടെ ഒരു കൂടുകൂട്ടിയത്‌ ഞാൻ സ്വയമറിഞ്ഞു.
എത്ര ഏറെ കഷ്ടപ്പെട്ടിട്ടാവും ആ കുഞ്ഞുപക്ഷി അത്തരമൊരു കുഞ്ഞു വാസഗൃഹമുണ്ടാക്കിയിട്ടുണ്ടാവുക. ഓരോ ചെറു ചകിരിനാരിനും വേണ്ടി എത്രയെത്ര തവണ അത്‌ തന്റെ കുഞ്ഞിച്ചിറകു വീശി പറന്നുപോയി മടങ്ങിവന്നിട്ടുണ്ടാകണം. ഒരു കുഞ്ഞുപക്ഷിയുടെ നിലനിൽപ്പിന്‌ പ്രകൃതി നൽകിയ സംഭാവനയല്ലേ ആ പുൽക്കൂടെന്നു ഞാനോർത്തു. പറക്കമുറ്റാത്ത സ്വന്തം കുഞ്ഞുങ്ങൾക്കു തീറ്റ തേടിയാവാം ഒരു പക്ഷേ ആ പക്ഷി പുറത്തുപോയത്‌. ആ ചെറിയ ഇടവേളയിലാണ്‌ ഞാനാ കൂടു പൊളിച്ചുനീക്കിയത്‌. ബോധപൂർവ്വമല്ലെങ്കിൽ കൂടി ആ ചെറുപക്ഷിയോട്‌ ഞാൻ കാട്ടിയത്‌ എത്രയോ പ്രാകൃതവും, ക്രൂരവുമായ അനീതിയായിപ്പോയി എന്നെനിക്കു തോന്നി.അവയ്ക്കും ഭൂമിയിൽ ജീവിക്കുവാൻ പ്രകൃതി അവകാശം നൽകിയിട്ടില്ലേ?
പ്രകൃതി സഹജമായ രീതിയിൽ ആ കൊച്ചുജീവി സുരക്ഷിതസ്ഥാനമെന്നു കരുതി കൂടു കെട്ടാൻ ഇടം തേടിയത്‌ എന്റെ വീടിനു മുമ്പിലെ സിറ്റൗട്ടിന്റെ മച്ചിലായിപ്പോയി. നിസ്സാരമായ ഒരഭംഗി ഒഴിവാകാനെന്ന മട്ടിൽ കൂടു പൊളിച്ചുകളഞ്ഞ്‌ ഞാനാ പക്ഷിക്കുടുംബത്തെയൊന്നാകെ കുടിയിറക്കിയിരിക്കുന്നു. തികഞ്ഞ അനൗചിത്യവും, ക്രൂരതയുമായിപ്പോയി അതെന്നു മനസ്സിലോ‍ര്‍ത്തപ്പോഴേയ്ക്കും ഒക്കെയും കഴിഞ്ഞുപോയിരുന്നു.

മനുഷ്യന്‌ തീരെ ആവശ്യമില്ലെന്നു നാം കരുതുന്ന എത്രയോ ജീവിവർഗ്ഗങ്ങൾ ഇന്നു ഭൂമുഖത്തുണ്ട്‌. ഓരോന്നിനും അതിന്റേതായ വ്യത്യസ്ത കടമകൾ പ്രകൃതി നിശ്ചയിച്ചിട്ടുണ്ട്‌. ജൈവാണുക്കളും, ബാക്ടീരിയകളും വൈറസ്സുകളും അടങ്ങുന്ന അസംഖ്യം അതിസൂക്ഷ്മജീവികളടക്കം ആ ഒട്ടനവധി ജന്തുപ്രാണിവർഗ്ഗങ്ങളിലൂടേയും ഞാൻ നിർദ്ദാക്ഷ്യണ്യം നശിപ്പിച്ചുകളഞ്ഞ പുൽക്കൂട്ടിലെ ആ കുഞ്ഞുപക്ഷിയുടെ നിലനിൽപ്പിലൂടേയും ഏതൊക്കെ തരത്തിലുള്ള സന്തുലനാവസ്ഥയാണ്‌ ഭൂമിക്കും ,പ്രകൃതിക്കും പരിതസ്ഥിതിക്കും നിശ്ചയിക്കപെട്ടിരിക്കുന്നതെന്നാർക്കറിയാം.
ആ മിണ്ടാപ്രാണിയോടു കാട്ടിയ ക്രൂരമായ അനൗചിത്യം വല്ലാത്തൊരു കുറ്റബോധത്തോടെ എന്നെ വേട്ടയാടാൻ തുടങ്ങി.


എന്താണിനി ചെയ്യാൻ കഴിയുക? സ്വന്തം നിസ്സഹായാവസ്ഥ എനിക്കിപ്പോൾ ബോധ്യമായിക്കഴിഞ്ഞിരുന്നു. കുഞ്ഞുമോളുടെ മുഖത്തേക്ക്‌ ഞാൻ നോക്കി. അവളുടെ മുഖം വല്ലാതെ മ്ലാനമായിരുന്നു. .ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
ഇനിയീ കുഞ്ഞുങ്ങളെ ആ അമ്മപ്പക്ഷിയെങ്ങിനെ കണ്ടുപിടിക്കും....എങ്ങിനെ വളർത്തും പപ്പാജീ...?വിഷാദം കലർന്ന അമർഷഭാവത്തോടെ ,അവളാ ചോദ്യം എന്റെ നേർക്കെറിഞ്ഞു
ദൈവമേ എന്റെ മനസ്സിനെ കുറ്റപ്പെടുത്തുന്ന ,എന്നെ നൊമ്പരപ്പെടുത്തുന്ന ചോദ്യങ്ങളൊന്നും ഇനിയീ കുരുന്നിനെക്കൊണ്ടു ചോദിപ്പിക്കല്ലേ...ഞാനുള്ളിൽ പ്രാർത്ഥിച്ചു.
ചകിരിനാരുകൾ ചിതറികിടക്കുന്ന നിലത്തേയ്‌ക്ക്‌ വീണ്ടുമന്റെ കണ്ണുകൾ ഇഴഞ്ഞെത്തി. ആ കുഞ്ഞുപക്ഷിക്കുരുന്നുകളൊക്കെ തീർത്തും ചലനമറ്റ അവസ്ഥയായിരിക്കുന്നു. ജീവൻ പൊലിഞ്ഞ അവയോരോന്നും നിശ്ച്ചലമായി നിലത്താകെ പരന്നുകിടക്കുന്നു. കോലായുടെ തിളങ്ങുന്ന തറ ചിതറികിടക്കുന്ന പക്ഷിക്കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയത്‌ ഒരു നിമിഷം നെടുവീർപ്പോടെ ഞാൻ നോക്കിനിന്നു.
അപ്പോള്‍ ഞാൻ കണ്ടു, അതാ ആ കുഞ്ഞുപക്ഷി ചിലച്ചുകൊണ്ടു പറന്നുവരുന്നു. അത്‌ തന്റെ കൂടു നിന്ന ഭാഗത്തിന്നടുത്തെത്തിക്കഴിഞ്ഞു.
ഞാൻ മോളുടെ മുഖത്തേക്കു നോക്കി. ആ കുഞ്ഞുമുഖം അസാധാരണമാം വിധം വിളറിപ്പോയിരുന്നു. പൊളിഞ്ഞുപോയ കൂടു നിന്ന ഭാഗത്തു തന്നെ കണ്ണു നട്ട്‌ നിൽക്കുകയായിരുന്നു അപ്പോഴുമവൾ.
പറന്നെത്തിയ ആ പക്ഷിയെ കണ്ടപ്പോൾ അഫ്‌റിന്റെ ഉൽക്കണ്ഠ വല്ലാതെ വർദ്ധിച്ചുവെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു.

തന്റെ കൂട്‌ നഷ്ടപ്പെട്ടിരിക്കുന്നത്‌ ആ മിണ്ടാപ്രാണി അറിഞ്ഞുകഴിഞ്ഞു. മരപ്പടിയിലെ പുൽക്കൂട്‌ പൊളിച്ചുനീക്കിയപ്പോൾ ചകിരിനാരുകളുടേ ശേഷഭാഗം ഒട്ടിപ്പിടിച്ചു നിന്ന ഇരുണ്ട പാടിനരികെ അതു പലവട്ടം വലംവെച്ചു പറന്നു. ആ ചെറുപക്ഷി കിലുകിലെ ചിലച്ചുകൊണ്ടുമിരുന്നു. ആ ചിലയ്ക്കൽ ശബ്ദത്തിന്‌ ഒരു തേങ്ങലിന്റെ നേർത്ത സ്പർശമുണ്ടായിരുന്നതായി എനിക്കു തോന്നി. ഏറെ നേരം ആ പരിസരത്തു തന്നെ പാറിനടന്നിട്ട്‌ തന്റെ വാസഗൃഹവും കുഞ്ഞുങ്ങളും നഷ്ടപ്പെട്ട വേദന യോടെയാവാം അതു ദൂരെയെവിടേക്കോ പറന്നുപോയി.
അതു പോയി പപ്പാജീ.......നോക്കു അതിന്റെ കൂടും പോയ്യി. കുഞ്ഞുങ്ങളും ചത്തു. പപ്പാജി കാരണമാണൊക്കെയും. വിതുമ്പലിന്റെ വക്കോളമെത്തിയ അഫ്രീൻ മോളുടെ കുഞ്ഞുവാക്കുകളിൽ തെല്ലൊരമർഷവും തേങ്ങലിന്റെ നനവുമുണ്ടായിരുന്നു.
ഞാൻ മെല്ലെ തല ചെരിച്ച്‌ അഫ്രീന്റെ മുഖത്തേക്ക്‌ ഒരിക്കല്‍ക്കൂടി നോക്കി. ഈറനണിഞ്ഞ മിഴികളുമായി അപ്പോഴും അവൾ ആ കൊച്ചുപക്ഷി പറന്നുപോയ വഴിത്താരയിലേക്ക്‌ ,ആ അനന്തതയിലേക്ക്‌ കണ്ണും നട്ട്‌ നിൽക്കുകയായിരുന്നു.