Followers

Saturday, October 31, 2009








venu v desam

ezhuth/ dec/ 2009






വ്യർത്ഥം


എരിയുവാനൊരു ജീവനും, കൺകളിൽ
പിടയുവാനൊരു സ്വപ്നവുമില്ലാതെ
ബധിരയായ്‌ നിൽക്കുമീയരയാലിന്റെ
തണലിലിന്നെന്റെ മാറാപ്പിറക്കിവെ-
ച്ചതിലുറങ്ങുന്ന ഭൂതകാലത്തിന്റെ
ചുരുൾ നിവർത്തിഞ്ഞാ, നെന്നെദ്ദഹിപ്പിച്ച
ചുടലമാന്തിച്ചികഞ്ഞതിന്നാഴത്തിൽ
പകുതി വെന്തുകരിഞ്ഞൊരെന്നസ്ഥികൾ
ചിതറിയാകെദ്രവിച്ച സ്വപ്നങ്ങളും!
ചുടലഭൂതം കണക്കെക്കൊടുംവ്യഥ-
യിരുൾ നിറഞ്ഞൊരെന്നാത്മാവുമല്ലെയ
ക്കരിനഖങ്ങളാൽ മാന്തിപ്പൊളിച്ചാകെ
ക്കറ പിടിച്ചൊരീമണ്ണു പിഴിഞ്ഞെടു-
ത്തതു ചുരത്തുന്ന വേദന മൂർദ്ധാവി
ലൊരു ശിരോവസ്തിയാക്കി ഞാൻ വിണ്ടതും
മൃതിപുരണ്ടു തണുത്തു വിറയ്ക്കുമെൻ
ജലഘടികാരം കൺപോള നീർത്തതും
ഉയിരുചീന്തിയുതിരും വിഷപുഷ്പ-
വിഷമധാരയായീ രാത്രി നിന്നതും
മറയൂ, മേകാന്തയാമമിതെന്നുള്ളി-
ലാരുതെള്ളിയെറിഞ്ഞലറുന്നിതേ?
പുറ്റിലൊറ്റക്കു ധ്യാനനിമഗ്നനാ-
മിക്കരിമൂർഖനെന്തു പിണഞ്ഞുവോ?
പച്ചയാർക്കുന്ന പാലമരത്തിന്റെ
കൊത്തുന്ന സുഗന്ധത്തിലലിഞ്ഞുവോ?
ഇന്ദ്രനീലത്തിൻ മായായവനിക-
ത്തുമ്പിൽ കണ്ണീര്‌ താരകൾ നെയ്യുന്നു.
ഭീകരമിക്കരിമ്പനക്കാടിന്റെ
ദാഹമായേതു ചന്ദ്രൻ ജ്വലിക്കുന്നു?
നീലപ്പട്ടും, നിലാവുറങ്ങുന്നൊരീ
നീൾമിഴിയിലലിയും കിനാവുമായ്‌
കാൽച്ചിലങ്കക്കിലുക്കവും രാവിന്റെ
സാന്ദ്രതയുമിതേതുയുഗം? ഇവൾ
ദേവകന്യയോ? കിന്നരപുത്രിയോ?
ഊഷരമിശ്ശവപ്പറമ്പിൽ നീണ്ടു
കാലവേദന കാതോർക്കും ക്രൂശുകൾ
ആയിരം കൈകളാഞ്ഞുവീശിക്കൊണ്ടൊ-
രാശുപത്രിയിരുട്ടിൽ വിയർക്കുന്നു.
കാലിൽ മുള്ളുതറച്ചതിൻ സുഖ-
മായിയെൻ ബോധവേദന കത്തട്ടെ.
സാന്ധ്യരക്തപ്പുഴകളിലിന്നലെ-
യാണ്ടുപോയീയിരുണ്ട മേഘാവലി.
അണയുമോർമ്മതൻ മഞ്ഞവെളിച്ചത്തി-
ലലയുമീ നിഴൽപ്പാടുകളെന്തിനോ?
മിഴികളിൽ നിദ്രചെയ്യുന്നതുമില്ല
വിജനമീ രാത്രി വീണപാടങ്ങളും.