Followers

Saturday, October 31, 2009

തുമ്പികള്‍-ഇന്ദിരാ ബാലന്‍






indira balan

ezhuth/ dec. 2009

തുമ്പികള്‍

മാനത്തു പാറിക്കളിക്കുന്ന തുമ്പികള്‍,
മനസ്സിന്‍റെ ബോധതീരങ്ങളിലൂടെ
പാറിനടന്നിരുന്ന ആഗ്രഹങ്ങളെപ്പോലെയായിരുന്നു
കാല്‍പ്പനിക ചാരുതയൊ,
ഗൃഹാതുരത്വത്തിന്‍റെ നനുത്ത സംഗീതമോ
ആയിരുന്നു പിന്നീടീ തുമ്പികള്‍
അനന്തമായ ആകാശത്തിന്‍റെ
ഇത്തിരി വട്ടത്തില്‍ മാത്രമെ
അവ പാറിനടന്നിരുന്നുള്ളു
തനിക്കു ചുറ്റുമുള്ള
തന്‍റെ കൈപ്പിടിയിലൊതുങ്ങുന്ന
പരിമിതമായ വായുവില്‍
സഞ്ചാരണം ചെയ്യണമെന്നു മാത്രമേ
തുമ്പികള്‍ കരുതിയിരുന്നുള്ളു................
എന്നാല്‍ അവയെ
മറ്റൊരു നിയോഗത്തിലേക്കെത്തിച്ചു
സ്ഥാനമാനങ്ങള്‍ക്കു കലഹിക്കുകയും
കാംക്ഷിക്കുകയും ചെയ്യുന്ന അധികാര വര്‍ഗ്ഗം
"തുമ്പികള്‍ കല്ലെടുക്കട്ടെ"
എടുക്കാവിന്നതിലും ഭാരമുള്ള കല്ലുകള്‍അവര്‍
തുമ്പികളെക്കൊണ്ടെടുപ്പിച്ചു.
ആ ഭാരം താങ്ങാനാവാത്ത
വ്യഥയായി തുമ്പികളുടെ ആരോഗ്യത്തെ കെടുത്തി
അതു തന്നെയായിരുന്നു
അതിനു നിയോഗിച്ചവരുടെ ലക്ഷ്യവും
നിരുപദ്രവകാരികളായവരെ
സമൂഹത്തില്‍ നിന്നുംതുരത്തുകയെന്നത്‌................
തങ്ങളുടെ വര്‍ഗ്ഗത്തിന്‍റെ നാശം
മനസ്സിലാക്കിയ തുമ്പികള്‍
ഒറ്റക്കെട്ടായി നിന്നു
അധീശ വര്‍ഗ്ഗത്തിനെതിരെ
നിരന്തരം പൊരുതിക്കൊണ്ടിരുന്നു
"ഐകമത്യം മഹാബലം"
എന്ന തത്വത്തിലൂടെ
അവര്‍ പൂര്‍വ്വാധികം കരുത്തോടെ
തിരിച്ചെത്തി
അധികാര വര്‍ഗ്ഗത്തിനെതിരെ നിറയൊഴിച്ചു..............
എന്നാലും അവിടവിടെ
കാരമുള്ളുകള്‍പോലെ തറച്ചു നിന്നു.........
അധികാരവര്‍ഗ്ഗം പൊത്തുകളില്‍ നിന്നും
നീര്‍ക്കോലികളെപ്പോലെ നാക്കു നീട്ടി............
തുമ്പികള്‍ ഒന്നടങ്കം
അഹങ്കാരത്തിന്‍റെ നാക്കു പിഴുതെടുത്തു
പുതിയൊരു ശക്തിയായി
സ്വാതന്ത്ര്യ ഗീതങ്ങളാലപിച്ചു
വിഹായസ്സില്‍ പുതിയ ചിറകടിയുടെ താളത്തില്‍ അലകളുണര്‍ത്തി
തുമ്പികള്‍ വീണ്ടും പാറിനടന്നു..........