Followers

Tuesday, October 27, 2009





k t shahul hameed
ezhuuth/ dec/ 2009
5 കഥകൾ


1. ചുരം
മലയടിവാരത്തെ ഇരുളിൽ നിന്നും ടോർച്ചുമിന്നിക്കുമ്പോൾ ചില ലോറികൾ കിതച്ചുനിൽക്കും. ലോറിയിൽ കയറി മലമുകളിലേക്കുള്ള യാത്രയിലാണ്‌ ജീവിതം തളിർക്കുന്നത്‌. മുകളിലെത്തുമ്പോൾ കിട്ടുന്ന മുഷിഞ്ഞ നോട്ടുകൾ എണ്ണിനോക്കാതെ സാരിത്തുമ്പിൽ കെട്ടിവെച്ച്‌ ലോറിയിൽ നിന്നിറങ്ങും. മലമുകളിലെ കോടക്കുള്ളിൽ നിന്നും ടോർച്ചുമിന്നിക്കുമ്പോൾ ചിലവാഹനങ്ങൾ സംശയത്തോടെ അൽപദൂരംപോയി നിൽക്കും. ഓടി, അതിൽ കയറുമ്പോൾ ജീവിതം പുഷ്പിക്കാൻ തുടങ്ങും. പിന്നെ ഇറക്കം. കയറ്റങ്ങൾക്കും ഇറക്കങ്ങൾക്കുമിടയിലേപ്പോഴൊ വെളിച്ചം ജീവിതത്തിന്റെ തളർന്ന ചില്ലുകളെ തൊട്ടുനോക്കാനെത്തും.
2. പരലോകം
ഇതെന്നാ പറ്റീ? മണിക്കൂർ ഒന്നായല്ലോ! ഇവിടെയൊന്നും റെയിഞ്ചിലായോ..? ഇതെന്നാ കോപ്പിലെ നാടാ!
ബൈക്കിനെ ഒരുകൈകൊണ്ട്‌ നിയന്ത്രിച്ച്‌, മറുകൈയാൽ നീട്ടിപ്പിടിച്ച, സെൽഫോണിൽ ശ്രദ്ധിച്ച്‌ അമൻ ചീറിപ്പായുമ്പോൾ റെയിഞ്ചിന്റെ ഒരു കുത്തുപോലും സെൽഫോണിനെ തൊട്ടുനോക്കുന്നില്ല.
ഇനിയെന്നാ ചെയ്യും! എത്രപേർ ട്രൈ ചെയ്ത്‌ ശപിക്കുന്നുണ്ടാവും. എവിടെയെങ്കിലും എന്തെങ്കിലും അത്യാപത്തുകൾ നടന്നാലും അറിയാനോക്കത്തില്ലല്ലോ കർത്താവെ.!
സെൽഫോൺ ദേഷ്യത്തോടെ ഹാഡിലിലിടിച്ച്‌ ബൈക്ക്‌ വെട്ടിച്ചയുടനെ, അതാ, റെയിഞ്ച്‌ വന്നു..! അപ്പോഴേക്കുമവൻ തമിഴൻലോറിയുടെ പിൻചക്രത്തിനുള്ളിൽ കുരുങ്ങികഴിഞ്ഞിരുന്നു. ചക്രങ്ങൾ തലച്ചോർ ചതച്ചരക്കുമ്പോൾ അവൻ സെൽഫോണിലേക്കു വന്ന കോൾ സ്വീകരിച്ചു.
- സ്വാഗതം. പരലോകത്തേയ്ക്ക്‌ ഊഷ്മളമായ സ്വാഗതം.
3. വില്ലന്മാർ ചിരിക്കുമ്പോൾ
പ്രണയത്തിന്റെ ആദ്യാക്ഷരങ്ങൾ അവൾ കത്തിലേക്കു പകർത്തി അവനു കൊടുത്തു. പക്ഷേ, അതു കീറിക്കളഞ്ഞ്‌ അവൻ അവൾക്കൊരു സെൽഫോൺ കൊടുക്കുകയാണുണ്ടായത്‌.
"കത്തെഴുതാനും കത്തിനുകാത്തിരിക്കാനും കത്ത്‌ വായിക്കാനുമൊന്നും എനിക്ക്‌ സമയമില്ല"
പിന്നീട്‌, പ്രണയത്തിന്റെ പടവുകൾ അവർ മിസ്സ്ഡ്‌ കോളുകളിലൂടെയും, എസ്‌.എം.എസ്സുകളിലൂടെയും റിങ്ങ്ടോണുകളിലൂടെയും ബ്ലൂടൂത്തിലൂടെയും മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന പ്രണയഭാഷണങ്ങളിലൂടെയും ഒന്നൊന്നായ്‌ കയറി. വിവാഹം കഴിഞ്ഞ്‌, ആദ്യരാത്രിയിൽ അപസ്മാരബാധിതയായ അവളെ ആശുപത്രിയിലെത്തിച്ചപ്പോൾ ന്യൂറോളജിസ്റ്റ്‌ തലച്ചോറിലെ അർബുദക്കുഞ്ഞുങ്ങളെ കണ്ടെത്തി. മുണ്ഡിതശിരസ്കയായി അവൾ ഓപ്പറേഷൻ തിയ്യറ്ററിലേക്ക്‌ പോവുമ്പോൾ സെൽഫോൺ അവനുകൊടുത്തു. ഒരുവില്ലൻ ചിരിയുമായി സെൽഫോൺ അവന്റെ ഉള്ളംകൈയ്യിൽ കിടന്നു പുളയുന്നു.!
4. ഹരിതരാഷ്ട്രീയം
ഗ്രീൻ റെവല്യൂഷണറി പാർട്ടിയുടെ രൂപീകരണത്തിനു ശേഷമുള്ള ആദ്യയോഗത്തിനുശേഷം പാർട്ടിയുടെ നയപരിപാടികൾ വിളംബരംചെയ്യുന്ന ഫ്ലെക്സ്ബോർഡുകൾ രാജ്യമെമ്പാടുമുയർത്താൻ ഭാരവാഹികൾ തീരുമാനിച്ചു. ഇതിനിടയിൽ ഒരാൾ സംശയങ്ങളുമായി മുന്നോട്ടു വന്നു.
"ഫ്ലെക്സ്ബോർഡുകൾ ഭൂമിക്ക്‌ ഹാനികരമല്ലേ.?"
"ഫൂമിയോ! ഏത്‌ ഫൂമി? നമുക്ക്‌ പാർട്ടിയാണ്‌ വലുത്‌. അതല്ലാത്തവർ പാർട്ടിക്ക്‌ പുറത്ത്‌."
5. പ്രണയം
കലങ്ങി മറിയുന്ന പ്രണയം വിവാഹതീരമണയുമ്പോൾ അവൾ പറഞ്ഞു.
"ഡെന്നീസിനെ എനിക്കിഷ്ടമാണ്‌. പക്ഷേ, ഡെന്നീസിന്റെ ശരീരത്തിലെ ഹൃദയം. ആ മുസൽമാന്റെ ഹൃദയം.! കഴിയില്ല. നമുക്ക്‌ പിരിയാം"
ഞാൻ ഹൃദയംമറ്റീവ്ക്കപ്പെട്ടവൻ; ഡെന്നീസ്‌ ലൂയിസ്‌.
മറ്റൊരു പ്രണയം കടപുഴകിവീണത്‌ സൈറാബാനുവിലൂടെ.
"ഡെന്നീ,താങ്കളേക്കാളും ഇതിനുള്ളിലെ ഹൃദയത്തെയാണ്‌ ഞാൻ സ്നേഹിക്കുന്നത്‌. പക്ഷേ, ആ ഹിന്ദുവിന്റെ കരൾ. അതെന്നും എന്റെ മനസ്സിൽ തീക്കനലായി അവശേഷിക്കും."
ഞാൻ കരൾമറ്റീവ്ക്കപ്പെട്ടവൻ; ഡെന്നീസ്‌ ലൂയിസ്‌.
അതുകൊണ്ട്‌ നിങ്ങളോടൊരു ചോദ്യം. എന്നെ പ്രണയിക്കാൻ, വിവാഹംകഴിക്കാൻ ആരെങ്കിലുമെവിടെയെങ്കിലുമുണ്ടോ?
ഞാൻ ജീവിക്കാൻ കൊതിക്കുന്നവൻ; ഡെന്നീസ്‌ ലൂയിസ്‌.