Followers

Sunday, September 1, 2013

അന്ന കാമിയെൻസ്ക : റെംബ്രാന്റ്

പരിഭാഷ: വി.രവികുമാർ





കല മാനുഷികമാണെങ്കിൽ
അതു ജനിച്ചതു സഹാനുഭൂതിയിൽ നിന്നാവണം
മർത്ത്യഭീതിയോടുള്ള മമതയിൽ നിന്നാവണം
ഇക്കാരണത്താൽ അവരിലേറ്റവും മഹാൻ
ആ മില്ലുകാരന്റെ മകനത്രേ
റെംബ്രാന്റ്
ഇരുട്ടും ചെളിയും കുഴച്ചെടുത്തതായിരുന്നു
അയാളുടെ ഉടലുകൾ
മണ്ണു പോലെ ഭാരമാർന്നവ
അപൂർവ്വമായി മാത്രമനാവൃതമാവുന്നവ
നിഗൂഢതകൾ നിറഞ്ഞവ
അയാളുടെ ആൾക്കൂട്ടങ്ങൾ- കൂട്ടിയിട്ട ശവക്കച്ചകൾ
അയാളുടെ ചെടികൾ- ഒരു ശവപ്പറമ്പിലെ തകരപ്പാത്രത്തിൽ മുളച്ചവ
ആകാശം വരിയുടച്ച കാളയുടെ ജഡം വെട്ടിക്കീറിയ പോലെ
തവിട്ടുനിറമായ കൈകളുമായി പ്രതാപികളായ വൃദ്ധന്മാർ
ഇല്ലായ്മയിലേക്കുള്ള മടക്കത്തിന്റെ പാതിവഴിയിലെത്തിയ
കാമലോലുപരായ സ്ത്രീകൾ
തന്റെ കൈയുടെ ജ്ഞാനത്താൽ
അയാൾ ജീവിച്ചിരിക്കുന്നവരോടു സഹാനുഭൂതി കാട്ടി
താൻ മഹാനാണെന്നയാൾക്കറിയാമായിരുന്നു
തന്റെയാ കൃഷീവലമുഖം കൊണ്ട്
അയാൾ യാഥാർത്ഥ്യത്തിന്മേൽ മുദ്ര വച്ചു
ഒരു പ്രകാശരശ്മിയുടെ കവാടത്തിൽ അയാളുടെ ക്രിസ്തു നിന്നിരുന്നു
മനുഷ്യന്റെ നിസ്സഹായതയിലേക്കൊരു ചുവടു വയ്ക്കുന്നതിനു തൊട്ടുമുമ്പ്
ഏതു കലാകാരനെയും പോലെ
ദുഃഖിതനും ഏകാകിയുമാണു ക്രിസ്തു


റെംബ്രാന്റ് (1606-1669) - യൂറോപ്യൻ കലാചരിത്രത്തിലെ ഏറ്റവും മഹാന്മാരായ ചിത്രകാരന്മാരിൽ ഒരാൾ.

മല്ലൂസിന്റെ സ്വയം വിമർശനം ബോറടി ലെവൽ കഴിഞ്ഞു

രാം മോഹൻ പാലിയത്ത്


കൽ‌പ്പറ്റ നാരായണൻ
മലയാളി അങ്ങനെ, മലയാളി ഇങ്ങനെ എന്നിങ്ങനെയുള്ള കുറ്റംപറച്ചിലുകള്‍ വായിച്ചു വായിച്ച് മനുഷ്യന്‍ ബോറടിച്ച് മരിച്ചു. പണ്ടെങ്ങാണ്ട് സക്കറിയയാണെന്നു തോന്നുന്നു ഇത് തുടങ്ങിവെച്ചത്. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കേരളം മാത്രം കോൺഗ്രസിനെ വീണ്ടും തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു സക്കറിയയുടെ ആക്രമണം. മലയാളി അവന്റെ മായാവ്യൂഹം ചമച്ചു എന്നാണ് സക്കറിയ എഴുതിയത്. അടിയന്തരാവസ്ഥയെ പിന്തുണയ്ക്കാന്‍ മലയാളിക്ക് അതിന്റേതായ കാരണങ്ങളുണ്ടായിരുന്നു എന്നത് വേറെ കാര്യം.

എന്നാലും ഒരു തുടക്കമെന്ന നിലയില്‍ അത് ഓക്കെയായിരുന്നു. പിന്നെ സക്കറിയ തന്നെ അത് ആവര്‍ത്തിക്കാന്‍ തുടങ്ങി. എന്തിനു പറയുന്നു, കാമ്പുള്ള കവിയും ചിന്തകനും നോവലിസ്റ്റുമാണെന്ന് തെളിവുതന്നിട്ടുള്ള കല്‍പ്പറ്റ നാരായണന്‍ വരെ ഇപ്പോള്‍ മലയാളിയുടെ പിറകെയാണ്. ആത്മവിമര്‍ശനം നല്ലതു തന്നെ. അത് അതിരുവിടുന്നതും സഹിക്കാം, അറ്റ് ലീസ്റ്റ് മലയാളി എന്ന വാക്കിനു പകരം കേരളീയന്‍ എന്നെങ്കിലും എഴുതിയിരുന്നെങ്കില്‍.

ഞാൻ മലയാളി അല്ല എന്ന മട്ടിലാൺ ഇവരിൽ പലരുടേയും എഴുത്ത്. ഇത് വിഷയദാരിദ്ര്യത്തിന്റെ പ്രശ്‌നമാണ്. ജീനിയസ്സിന്റെ സ്‌റ്റോക്ക് തീരുന്നതിന്റെ ലക്ഷണമാണ്. 
പറഞ്ഞു പറഞ്ഞ്, മലയാളിക്ക് യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ച തീവ്രതയില്ലൊന്നെക്കെയാൺ ചിലര്‍ പറഞ്ഞു തുടങ്ങിയിരിക്കുത്. യുദ്ധം അനുഭവിക്കേണ്ടി വരുന്നത് എന്തോ ഗുണമാണെന്ന മട്ടിലാൺ ഇതു വായിച്ചാല്‍ തോന്നുക. അനുഭവതീവ്രതയ്ക്കു വേണ്ടി ഇച്ചിരെ യുദ്ധം. അയ്യോ സാറമ്മാരേ, അതിത്തിരി കടുത്തുപോയി.
ഗൊദാർദ്

അനുഭവതീവ്രത കുറവായതുകൊണ്ടാണത്രെ ഇവിടെ വല്യേക്കാട്ടൻ സിനിമയൊന്നും ഉണ്ടാവാത്തത് (വല്യേട്ടനെപ്പോലത്തെ സിനിമകള്‍ ഉണ്ടാവുന്നത്). രണ്ടാം ലോക മഹായുദ്ധം, ഹോളോകാസ്റ്റ് ഇതെല്ലാം കഴിഞ്ഞിട്ടും ഇപ്പോഴും അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് എത്രയെത്ര ക്ലാസിക് സിനിമകളും പുസ്തകങ്ങളുമാണ് പിറവിയെടുക്കുന്നതെന്നാൺ. എന്നാൽ ഇവര്‍ക്കുള്ള മറുപടി ഇവരുടെ വല്യപ്പച്ചനായ ഗൊദാര്‍ദ് തന്നെ പറഞ്ഞിട്ടുണ്ട്. 'ദുരിതങ്ങളും ദാരിദ്ര്യവുമൊക്കെയുള്ളിടത്ത് ഉത്തമകലാസൃഷ്ടി ഉണ്ടാകും. എന്നാൽ ഉത്തമകലാസൃഷ്ടി ഉണ്ടാകാന്‍ വേണ്ടി ദുരിതങ്ങളും ദാരിദ്ര്യവുമൊക്കെ ഉണ്ടാകാന്‍ ആഗ്രഹിക്കുന്നത് ശരിയല്ല' എന്നാണ് ഗൊദാര്‍ദ് പറഞ്ഞത്. 
ഗൾഫ് ജീവിതം

അതെന്തായാലും മലയാളി നല്ലോണം ദുരിതങ്ങള്‍ അനുഭവിച്ചവനാണ്, പ്രത്യേകിച്ച് പ്രവാസത്തിന്റെ. ആസാമലയിലും ശ്രീലങ്കയിലും മലേഷ്യയിലുമെല്ലാം തോട്ടങ്ങളും റോഡുകളും ഉണ്ടാക്കിയത് പിന്നാരാ? ഗള്‍ഫിലോ? ഗള്‍ഫ് മലയാളികളിലെ ഭൂരിപക്ഷം പേരും ചെറുകിട ജോലിക്കാരല്ലെ? കുടുംബം കൂടെയില്ലാത്തവര്‍? കൺസ്ട്രക്ഷന്‍ തൊഴിലാളികള്‍, ഗ്രോസറി, കഫ്തീരിയ ജോലിക്കാര്‍, വാച്ച്മാന്മാര്‍, മുടിവെട്ടുകാര്‍, ഡ്രൈവര്‍മാര്‍, ചെറിയ കടകളിലെ സെയ്ല്‍സ്മാന്മാര്‍... കുടുംബജീവിതം നഷ്ടപ്പെടുത്തി ഈ ലക്ഷക്കണക്കില്‍ വരുന്ന മലയാളികള്‍ അനുഷ്ഠിക്കുന്ന ത്യാഗത്തിന് ഒരു വിലയുമില്ലേ? അവരുടെ ഭാര്യമാരുടെ നെടുവീര്‍പ്പുകള്‍ക്ക്? യത്തീമുകളെപ്പോലെ വളരുന്ന അവരുടെ കുട്ടികളുടെ നിരാശ്രയത്വത്തിന്? അതെന്താ, ബോംബും ചോരയുമില്ലാത്തതുകൊണ്ടാണോ കണ്ണില്‍പ്പെടാതിരിക്കുന്നത്? വിമാനത്തില്‍ വന്ന് ബോംബിടുന്നത് മാത്രമേ ദുരന്തമാകൂ? വിമാനത്തില്‍ കേറ്റി നാടുകടത്തുന്നതും ദുരന്തമല്ലേ?
ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ലോകത്തെ ഏറ്റവും മികച്ച നേട്ട ങ്ങളാണ് കേരളത്തിന്റേത്. ഇത് മാനത്തുനിന്ന് പൊട്ടി വീണതാണോ? ക്രൈസ്തവ മിഷനറിമാര്‍, ശ്രീനാരായണഗുരു, ഇടതുപക്ഷം, ഗള്‍ഫ് - വിചിത്രമായ ഈ കോമ്പിനേഷനാണ് കേരളാ മോഡലിനെ യാഥാര്‍ത്ഥ്യമാക്കിയത്. ഇക്കാലത്ത് അതിനെ ഗള്‍ഫ് കേരളാ മോഡല്‍ എന്നു വിളിച്ചാലും തെറ്റില്ല. കാരണം, കേരളാ മോഡലിനെ ഇന്നു നിലനിര്‍ത്തുതില്‍ ഏറ്റവും വലിയ പങ്ക് ഗള്‍ഫിന്റേതാണ്. അറബിക്കടലിന് അപ്പുറവും ഇപ്പുറവുമായി മുറിഞ്ഞുപോയ ഒരു സമൂഹമാണ് ഇന്ന് മലയാളി. ഇവരിലെ അറബിപ്പാതിയുടെ കാര്യം മഹാകഷ്ടം. 
മലയാളിക്ക് നേരെയുള്ള മറ്റൊരു പ്രധാന വിമര്‍ശനം അവന്‍ ആളൊരു കപട സദാചാരവാദിയാണ് എന്നത്രെ. അതായത് പബ്ലിക്കായി സദാചാരം പ്രസംഗിക്കുന്നു, ചാന്‍സു കിട്ടിയാല്‍ ചക്കരക്കുടത്തില്‍ കയ്യിടുന്നു. അവസരങ്ങളുടെ അഭാവമാണ് സദാചാരം എന്നു വരെ തിയറി ഉണ്ടായിരിക്കുന്നു. സദാചാരപ്പോലീസ് എന്നൊരു പ്രയോഗവും സുപരിചിതമായിരിക്കുന്നു. ഓര്‍ത്തുനോക്കിയാല്‍ ഈ കപടസദാചാരം മലയാളി കൊടുക്കുന്ന ചെറിയൊരു വിലയല്ലേ? ഇതിനു പകരം കേരളം എന്ന നീണ്ടുകിടക്കുന്ന മഹാനഗരത്തില്‍ പലയിടങ്ങളിലായി വേശ്യാലയങ്ങള്‍ ഉണ്ടായിരുന്നെങ്കിലോ? എങ്കില്‍ ഈ ഒളിഞ്ഞുനോട്ടവും ബലാല്‍സംഗവും ബാലപീഡനവും പെൺവാണിഭവും ഇന്നത്തെ അളവുകളില്‍ സംഭവിക്കുകയില്ലെന്നാണ് ചിലര്‍ പറഞ്ഞുവരുന്നത്. 
കാമാത്തിപുര, മുംബൈ

കാമാത്തിപുരയും ജിബി റോഡും സോനാഗചിയുമുള്ള മുംബൈ, ദില്ലി, കല്‍ക്കത്ത എന്നി വിടങ്ങളിലെ സ്ഥിതി എങ്ങനെ? 
ക്രിയാത്മക വിമര്‍ശനം പോലും ഇവിടെ പ്രസക്തമല്ല. ഇവിടെ പ്രസക്തമായത് എന്തു ചെയ്താല്‍ കാര്യങ്ങള്‍ മെച്ചപ്പെടും എന്ന് പറയലാണ്. ചെയ്തു കാണിക്കലാണ്. സ്വയം മാതൃകയാവലാണ്. അതിനാര്‍ക്കും ധൈര്യമില്ല. അതിനു പകരം താനൊരാള്‍ മാത്രം മലയാളിയല്ല എന്ന മട്ടില്‍ മലയാളികളെ വിമര്‍ശിക്കാനിറങ്ങിയിരിക്കുന്നു കുറെ അണ്ണന്മാർ.
രണ്ടു മൂന്ന് ഡൂക്കിലി പാര്‍ട്ടികളുടേതൊഴിച്ചാല്‍ മക്കള്‍ രാഷ്ട്രീയത്തിനു പോലും ക്ലച്ചു പിടിക്കാത്ത സ്ഥലമാണ്. എന്തിന്, സിനിമയില്‍പ്പോലും കഴിവില്ലാത്ത സന്തതികളെ പച്ച തൊടീച്ചിട്ടില്ല. സിനിമാക്കാര്‍ക്കു വന്ന് നിരങ്ങാന്‍ പാകത്തിന് രാഷ്ട്രീയത്തെ നിലത്തുവിരിച്ചിട്ടുമില്ല.
കൂലിപ്പണിക്ക് ആളെ കിട്ടുന്നില്ല, കൂലി കൂടുതൽ... എന്നിങ്ങനെയും കേരളത്തെപ്പറ്റി വിമർശനമുണ്ട്. അതു പറയുന്നവനൊക്കെ കൃഷിയും ബിസിനസും നടത്താൻ പാകത്തിൻ നക്കാപ്പിച്ച കൊടുത്താൽ കൂലിയ്ക്ക് ആളെക്കിട്ടുന്നത് അത്ര ഗമയല്ലെങ്കിൽ കേരളം അതങ്ങു സഹിച്ചു. ദേ ഇപ്പൊ കൃസ്തീയതയും കമ്മ്യൂണിസവും ജനാധിപത്യവുമൊക്കെ ചേർന്ന് പരുവപ്പെടുത്തിയ കേരളത്തിന്റെ മാതൃകാമണ്ണിൽ ദിവസക്കൂലി ആയിരം രൂപയാകാൻ പോവുന്നു. താഴ്ന്ന ജോലികൾക്ക് ആളെക്കിട്ടാതെ വരിക, ദിവസക്കൂലി ആയിരം രൂപയാവുക... ഒരു നാടിനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ ഒരു പുരോഗതിയുണ്ടോ? താഴ്ന്ന ജോലിയോ, എല്ലാ ജോലിക്കും അതിന്റെ മാന്യതയില്ലേ എന്നാണ് ചോദിക്കാൻ വരുന്നതെങ്കിൽ, നിങ്ങളുടെ മകളെ ഒരു ചെരുപ്പുകുത്തിക്ക് കെട്ടിച്ചുവിട് സർ എന്നേ പറയാനുള്ളു. തോട്ടിപ്പണി, ചെരുപ്പുകുത്ത് തുടങ്ങിയ ജോലികൾ യന്ത്രമുപയോഗിച്ച് ചെയ്യുക. അല്ലെങ്കിൽ അതു ചെയ്യുന്നവർക്ക് മാനേജർമാരേക്കാൾ ഉയർന്ന ശമ്പളം കൊടുക്കുക. മുതലാളിത്തത്തിന്റെ പുറത്തുകയറി സോഷ്യലിസം വരുന്ന വരവ് - അതാൺ സാറുമ്മാരേ കേരളത്തിൽ നടക്കാൻ പോകുന്നത്. ഇതെല്ലാം കണ്ട് ചങ്കു തകരുന്നവർ ഓസ്ട്രേലിയ, ഇന്തോനേഷ്യ, നേപ്പാൾ, ബീഹാർ, ആന്ധ്ര തുടങ്ങിയ മറ്റേതെങ്കിലും റിപ്പബ്ലിക്കിലോട്ട് മൈഗ്രേറ്റ് ചെയ്താട്ടെ.
ഇങ്ങനെ കുറേ കാരണങ്ങള്‍ കൊണ്ട് മലയാളികളോട് മുടിഞ്ഞ ആരാധനയാണ് ഇതെഴുതുന്ന ആള്‍ക്കുള്ളത്. അതുകൊണ്ടായിരിക്കണം മലയാളികളെ ചുമ്മാ വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്ന ബോറന്‍ രചനകള്‍ വായിക്കുമ്പോള്‍ എനിക്ക് കോട്ടുവാവരും. പ്രകോപിപ്പിക്കാം, ബോറടിപ്പിക്കല്ലേ, പ്ലീസ്.

മനുഷ്യനെ സൃഷ്ടിച്ചത് കളിമണ്ണുകൊണ്ടല്ല!






സനൽ ശശിധരൻ
മനുഷ്യനെ ദൈവം കളിമണ്ണുകൊണ്ടുണ്ടാക്കി ജീവശ്വാസമൂതിവിട്ടതാണെന്ന കാലഹരണപ്പെട്ട മതബോധനങ്ങളാണ് ഇന്നും നമ്മെ നയിക്കുന്നത്. പരിണാമസിദ്ധാന്തം വന്നിട്ടും ജനിതകശാസ്ത്രം ഡിഎൻഎയും ജീനുമൊക്കെ ഡീ കോഡ് ചെയ്ത് കാട്ടിയിട്ടും ക്ലോണിങ്ങും ജനിതകവിത്തുകളും ടെസ്റ്റ് ട്യൂബ് ശിശുക്കളുമൊക്കെ എമ്പാടും ചർച്ചാ വിഷയമായിട്ടും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും നാം, മനുഷ്യനെ ദൈവം പൊടിയിൽ നിന്നും സൃഷ്ടിച്ചുവിട്ടതാണെന്ന മണ്ടൻ കഥ കണ്ണടച്ച് വിശ്വസിക്കുന്നു. ശരീരം കളിമണ്ണുകൊണ്ടുള്ളതാണെന്ന് നിസാരവത്കരിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള മോഹിപ്പിക്കുന്ന കഥകകളിലൂടെ മനുഷ്യന്റെ ജൈവ ചോദനകളെ അടക്കിഭരിച്ചും മതം, മജ്ജയും മാംസവും ചോരയുമുള്ള സത്യത്തെ ഇരുട്ടിൽ ചവുട്ടിത്താഴ്ത്തുന്നു. ശരീരം തെറ്റാണ്, ലൈംഗീക അവയവങ്ങൾ കൊടും തെറ്റാണ്, സ്ത്രീ പാപമാണ്, അവളുടെ സ്രവങ്ങൾ തീണ്ടാപ്പാടകലെ നിർത്തേണ്ടതാണ് എന്നൊക്കെയുള്ള കണ്ണില്ലാത്ത വിശ്വാസങ്ങളെയാണ് നമ്മുടെ സദാചാര സംരക്ഷകർ 'നമ്മുടെ സംസ്കാരം, നമ്മുടെ പൈതൃകമെന്ന്' നാഴികയ്ക്ക് നാൽപ്പതുവട്ടം ഉദ്ഘോഷിക്കുന്നത്. പുരുഷാധിപത്യത്തിന്റെ സന്തതിയായ 'ഈ നമ്മുടെ പൈതൃകം, നമ്മുടെ സംസ്കാരം' ഒട്ടും കോട്ടം തട്ടാതെ സംരക്ഷിക്കാൻ അരയും തലയും മുറുക്കി ഇറങ്ങുന്നത് പലപ്പോഴും സ്ത്രീകൾ തന്നെയാണെന്നതാണ് വിരോധാഭാസം. പുരുഷാ നീ പുറത്തുവന്നത് തീണ്ടാപ്പാടകലെ നിർത്തേണ്ടതെന്ന് നീ പറയുന്ന സ്രവങ്ങൾ പുറത്തുവന്ന അതേ സുഷിരത്തിലൂടെയാണെന്ന് പുരുഷനെ ഓർമിപ്പിക്കാൻ ഒരു സ്ത്രീയെങ്കിലും മുന്നോട്ട് വന്നാൽ പുരുഷ നിർമിതമായ 'ഈ നമ്മുടെ പൈതൃകം നമ്മുടെ സംസ്കാരം' കടലിലേക്ക് ഇടിഞ്ഞു വീഴും. പുരുഷൻ എന്നത് തൊട്ടുകൂടാത്ത ഒരു തീണ്ടാരിത്തുണിയായി ഇരുട്ടറയിൽ ഒളിക്കേണ്ടിവരും. ബ്ലെസിയുടെ കളിമണ്ണ് കണ്ടിറങ്ങുമ്പോൾ എനിക്ക് തോന്നിയതാണിത്.

കളിമണ്ണ് ഒരു ക്ലാസിക് സിനിമയല്ല. അതൊരു സാധാരണ കച്ചവട സിനിമയാണ്. പക്ഷേ അത് കൈകാര്യം ചെയ്യുന്ന വിഷയം ഇന്നേവരെ മലയാളത്തിൽ ഒരു ക്ലാസിക് സിനിമാക്കാരനും കൈകാര്യം ചെയ്യാൻ ധൈര്യം കാണിച്ചിട്ടില്ലാത്ത വിഷയമാണ്. കുഞ്ഞ് പുറത്തുവരുന്നത് വായിലൂടെയാണോ മൂക്കിലൂടെയാണോ പൊക്കിളിലൂടെയാണോ മലദ്വാരത്തിലൂടെയാണോ എന്നുപോലും അറിഞ്ഞുകൂടാത്ത എണ്ണമറ്റ കഴുതകൾ ജീവിച്ചിരിക്കുന്ന നാടാണ് നമ്മുടേത്. എന്തായാലും അത് യോനിയിലൂടെ ആവാൻ വഴിയില്ല എന്നവർ കരുതുന്നു. അത്രയ്ക്ക് പാപപങ്കിലമായ ഒരവയവമായാണ് അതിനെ പലരും മനസിലാക്കിയിരിക്കുന്നത്. ഒരു പാമ്പിനെ തല്ലിക്കൊല്ലുന്ന അതേ ലാഘവത്വത്തോടെ അതിലൂടെ ശ്വാസകോശം വരെ ഇരുമ്പുദണ്ഡ് ഇടിച്ചുകയറ്റാൻ പുരുഷനു കഴിയുന്നതും അതുകൊണ്ടുതന്നെ. കളിമണ്ണുകൊണ്ട് ദൈവമുണ്ടാക്കിയ പ്രതിമയല്ല മനുഷ്യനെന്ന് ഉച്ചത്തിൽ പറയാൻ ഇനിയും സിനിമകൾ, കൂടുതൽ ശക്തമായ ആവിഷ്കാരങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. അത്തരം ഒരു തുറന്നുപറച്ചിലിലേക്കുള്ള ധീരമായ ഒരു ചുവടുവെയ്പ്പാണ് കളിമണ്ണ്. അഭിസാരികയായി ശ്വാസം പോയാലും അഭിനയിക്കില്ലെന്ന മേനിപറച്ചിലുകാർ നടികർ തിലകങ്ങളായി പാറി നടക്കുന്ന നാടാണിത്. അത്തരമൊരു നാട്ടിൽ ഒരു ലക്ഷ്യബോധമുള്ള സബ്ജക്ടിനായി, അതിന്റെ സിനിമാവിഷ്കാരത്തിന്റെ പൂർണതയ്ക്കായി അങ്ങേയറ്റം അർപ്പണബോധത്തോടെ ചേർന്നു നിൽക്കാൻ മനസുകാണിക്കുന്ന ഒരു നടി ഉണ്ടാകുന്നത് ഒരു സംവിധായകന്റെ ഭാഗ്യമാണ്. ശ്വേതാമേനോൻ എന്ന നടി ഒപ്പം നിന്നില്ലായിരുന്നുവെങ്കിൽ ബ്ലെസിക്ക് കളിമണ്ണ് ഇങ്ങനെ ഉണ്ടാക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഇത് ഒരു സംവിധായകന്റെ സിനിമ മാത്രമല്ല ചങ്കുറപ്പുള്ള ഒരു നടിയുടേയും കൂടി സിനിമയാണ്.

ഒരു നല്ല ആർട്ട് ഹൗസ് മൂവിക്കുള്ള എല്ലാ സാധ്യതകളും ഉള്ള ഒരു വിഷയമായിരുന്നെങ്കിലും കളിമണ്ണ് ജനപ്രിയ സിനിമയുടെ ഫോർമുലയുള്ള ഒരു സിനിമയാണ്. ആദ്യം എനിക്ക് അതേക്കുറിച്ച് ഒരതൃപ്തിയുണ്ടായിയെങ്കിലും പിന്നീടാലോചിച്ചപ്പോൾ  സംവിധായകൻതിരഞ്ഞെടുത്ത വഴിയായിരുന്നു ശരിയെന്ന് തോന്നി. ഈ സിനിമ കാണേണ്ടത് ഫെസ്റ്റിവലുകളിൽ കളിക്കുന്ന സിനിമകൾ മാത്രം കാണുകയും മദ്യപാന സദസുകളിൽ വ്യാകരണം കൊണ്ടുബന്ധിപ്പിക്കാത്ത വാചകങ്ങൾ കൊണ്ട് ചർച്ചി(ദ്ദി)ച്ച് ആത്മരതി പൂകുകയും ചെയ്യുന്നവരല്ല. ഇത് കാണേണ്ടത് സാധാരണക്കാരാണ്. നിരത്തിൽ ജീവിക്കുന്നവർ. കളിമണ്ണിന് സാധാരണ ഇടിപ്പടങ്ങൾ കാണാനിഷ്ടപ്പെടുന്നവരെ മുഷിപ്പിക്കാത്ത ഭാഷയായതിനു കാരണം അതാവും. പ്രസവരംഗം കാണിക്കുന്നു എന്നാരോപിച്ച് തനിക്കും തന്റെ നായികയ്ക്കും നേരേ വാളോങ്ങിയവർക്ക് കൃത്യമായ മറുപടി നൽകുകയും ചെയ്യുന്നുണ്ട് ബ്ലെസി. പ്രസവ രംഗം സിനിമയ്ക്ക് അനിവാര്യമായിരുന്നു എന്നതുകൊണ്ടുതന്നെ ഒരു കലാകാരനെന്ന നിലയിൽ തന്റെ സത്യസന്ധതയിൽ കളങ്കമേൽക്കാതെ സൂക്ഷിക്കാനും ബ്ലെസിക്ക് കഴിഞ്ഞിട്ടുണ്ട്. യാതൊരാവശ്യവുമില്ലാതെ കപ്പ കപ്പ കപ്പ പുഴുങ്ങുന്നവരെ തൊള്ളപൊളിച്ചു വിഴുങ്ങുന്ന മലയാളി പ്രേക്ഷകന് കൃത്യമായ ബോധ്യത്തോടെ തന്റെ സിനിമയെ സമീപിച്ചിട്ടുള്ള ബ്ലെസിക്കെതിരെ ചെറുവിരൽ ഉയർത്താനുള്ള ധാർമിക അവകാശമില്ല.

ശ്വേതയ്ക്ക് കൊടുത്ത ശബ്ദം വല്ലാതെ മുഷിപ്പിച്ചു. മാധ്യമപ്രവർത്തകരും സിനിമാക്കാരൊഴികെയുള്ള എല്ലാ മനുഷ്യരും സിനിമാക്കാരെ അന്യഗ്രഹജീവികളെപ്പോലെയാണ് സമീപിക്കുന്നത് എന്ന മട്ടിലുള്ള അവതരണവും വിരസമായി. ആദ്യപകുതിയിൽ ബോറടിപ്പിച്ചു. എല്ലാ പോരായ്മകളും മറന്നുപോകുന്ന രീതിയിൽ രണ്ടാം പകുതിയിൽ സിനിമ അനുഭവവേദ്യമായി.
 

ഉറക്കത്തില്‍ മരിച്ച ആള്‍


രശ്മി കെ.എം

ഉണര്‍ന്നു‍പോയി..
ഉടലില്‍‍ മിന്നലിന്‍‍ പെരുക്കം.

പുലരാറായോ?
ഇരുളിന്‍ മുടിച്ചുരുളിഴഞ്ഞുനില്‍ക്കുന്നു
കുതിര്‍ന്നുപോയ് ദേഹം
വിടുവിച്ചകലുവാന്‍ കുതറുന്ന ശ്വാസം

അരികിലുള്ളവള്‍ പാതിയുറക്കത്തില്‍
വെറുതേ മൂളി‍, കൈതൊടാനായില്ല.
കഫമായിരപ്പിച്ച വാക്കുകളോരോന്നും
വിഫലം, തൊണ്ടയില്‍‍ മുള്ളുപോലുറയുന്നു.

വിറയലോടെങ്ങും കണ്‍മിഴിക്കുമ്പോള്‍
ഇരുളില്‍ തിളങ്ങുന്നു കനല്‍ പോലെയമ്മിണി.
കയറിന്‍ കുരുക്കില്‍ കഴുവേറ്റിടും മുന്‍പേ
ഉയിര്‍വിട്ടുപോയവള്‍.
നനവും നഖക്കോറലും, വലിച്ചിഴച്ചപ്പോള്‍
പൊളിഞ്ഞകുപ്പായക്കീറലുമതേപടി.
ഉലഞ്ഞമുടി ചീറ്റി പുലഭ്യം പറയുന്നു
ഉടയും പിഞ്ഞാണംപോല്‍‍ കിലുങ്ങിച്ചിരിക്കുന്നു.

കരുണ കാട്ടണേയമ്മിണീ--യെന്ന്
കെറുവുകാട്ടുന്ന ശ്വാസങ്ങള്‍ പാളി.

തലയരികത്തു കൈതൊടാദൂരത്തില്‍
പഴയ മൊന്തയില്‍‍ വെള്ളം ചിരിക്കുന്നു
സുഖമരണപ്പെട്ട നാള്‍‍മുതല്‍ക്കെത്രയോ
പ്രിയമോടോര്‍ത്തതാണമ്മയെപ്പോലെ
ഉണര്‍വ്വിലല്ലാതെ, നോവാതെതീരുവാന്‍.
ചിതയടുക്കിയ നേരം നിഴല്‍‍ പോലെ
വെറുതേ കണ്ടപോലോര്‍മ്മ -
വിറകുപോല്‍‍ കാഞ്ഞ ദേഹം
നീലിച്ച ചുണ്ടുകള്‍.

സമയമേറെയായ്, ഇരുളിലും കൈനീട്ടി
വിരല്‍ തൊടാറുള്ളവള്‍‍ മാത്രം
ഉണരുന്നില്ലല്ലോ.
പറയുവാനെത്ര ബാക്കി
പതിവുവിട്ടുള്ള കാര്യങ്ങള്‍‍‍.

പുലരുന്നില്ലല്ലോ...
അവള്‍മാത്രമുണരുന്നില്ലല്ലോ.

അറിയാതെ അറിയാതെ

ഗീതാ ജാനകി

വിളിച്ചോ വിളിച്ചോ 


എന്ന് വഴക്കുണ്ടാക്കുമ്പോഴും 


പറയൂ പറയൂ 


എന്ന് പറയാതെ പറയും.


മിണ്ടാതെ മിണ്ടാതെ 


പോകുംബോഴൊക്കെയും 


അറിയാതെ അറിയാതെ 


തിരികെയെത്തിക്കും.


ചെമ്പരത്തിച്ചോപ്പാണ് 


ചെത്തിപ്പൂച്ചേലാണെന്നൊക്കെ 


പുന്നാരം.


കണ്ണൊന്ന് തെറ്റിയാലോ 


വാക്കൊന്നു മാറിയാലോ 


കാണാമരക്കൊമ്പിൽ 


കുയിലിന്റെ കുഴലൂത്ത്.

ഇതു പ്രണയ ഗാനമല്ല.


എം.കെ.ഹരികുമാർ
എനിക്ക്‌ നൃത്തം ചെയ്യാന്‍
കഴിഞ്ഞെങ്കില്‍
ഞാന്‍ അവള്‍ക്ക്‌ വേണ്ടി മാത്രം
നൃത്തം ചെയ്യുമായിരുന്നു.
എന്തോ എന്റെ ചിലങ്കകള്‍ കളഞ്ഞുപോയി


എനിക്കു പാടാന്‍ കഴിഞ്ഞെങ്കില്‍
ഞാന്‍ ഹൃദയനൊമ്പരങ്ങള്‍
ഒന്നായി തിമിംഗല വായില്‍നിന്നെന്നപോലെ
ഞാന്‍ അവള്‍ക്ക്‌ മുമ്പിലേക്ക്‌
പ്രവഹിപ്പിക്കുമായിരുന്നു.

എന്റെ ഫ്രേയിമില്‍ നിന്ന്
അവള്‍ എങ്ങനെയോ
മാറിപ്പോകുമ്പോള്‍
ഞാന്‍ പരിസരം നോക്കാതെ
കാമറയുമായി നടന്നത്‌ മിച്ചം.
അവള്‍ എതോ
ബാധയാലെന്നപോലെ
കാമറയില്‍ നോക്കിയതേയില്ല.

എനിക്കു വിശപ്പില്ലായിരുന്നെങ്കില്‍
അവള്‍ തന്ന നല്ലഭക്ഷണം
ഞാന്‍ ആസ്വദിക്കുമായിരുന്നു.
എനിക്കു മനസ്സ്‌ വീണ്ടെടുക്കാന്‍
കഴിഞ്ഞെങ്കില്‍ ഞാന്‍
അവള്‍ക്കായി ഒരു  സ്വപ്നം
ഒരുക്കുമായിരുന്നു

പ്രേമിക്കാന്‍ അറിഞ്ഞെങ്കില്‍
ഞാന്‍ അവളെ
എന്റെ സ്പര്‍ശത്തിന്റെ
അണുപ്രസരത്തിനേക്ക്‌ വലിച്ചിട്ടേനെ.
എനിക്ക്‌ സംസാരിക്കാന്‍
അറിഞ്ഞെങ്കില്‍
നല്ല വാക്കുകള്‍ കൊണ്ട്‌
മിനുസമുള്ള
ഏലസ്സ്‌ പണിത്‌
അരയില്‍ കെട്ടികൊടുക്കുമായിരുന്നു



ആലിംഗനം ചെയ്യാന്‍ വശമില്ലാത്തതുകൊണ്ട്‌
അവളുടെ മുമ്പില്‍
ഒരു ധീര സാഹസിക
യോദ്‌ധാവാകാനും കഴിഞ്ഞില്ല.
മിതമായും ഹ്രസ്വമായും
പെരുമാറാന്‍ അറിയാത്തതുകൊണ്ട്‌
അവളുടെ പ്രേമത്തിന്റെ
കാര്യം മാത്രം ചോദിച്ചില്ല.
വീട്ടിലേക്കുള്ള വഴി പലപ്പോഴും
തെറ്റിപ്പോകുന്നതുകൊണ്ട്‌,
മറക്കുന്നതുകൊണ്ട്‌
അവളോട്‌ പ്രേമത്തെക്കുറിച്ച്‌
പറയുന്ന കാര്യവും മറന്നു.

പ്രേമിച്ചാല്‍ എന്തെല്ലാം
തിരിച്ചു പറയണമെന്ന്
അറിയാത്തതുകൊണ്ട്‌ ,
ഓര്‍മ്മവന്നപ്പോഴൊക്കെ
മുഖം താഴ്‌ത്തിനടന്ന്
എന്നോട്‌ തന്നെ കലഹിച്ചു.

കരിഞ്ചുവപ്പ്


ജയചന്ദ്രന്‍ പൂക്കരത്തറ
9744283321

കരിയിലകള്‍
ഇളകിയിളകിക്കിടന്നു.
ചുവന്ന വാലുമായി
ഒരരണക്കുട്ടി
അതിന്നടിയിലൊളിച്ചു.

കാറ്റിളകി
ചുവന്നൊരു നക്ഷത്രത്തിന്റെ
മുകളില്‍
കരിയിലകള്‍.

ഒരു വാല്‍ നക്ഷത്രം
ഓടിയോടിയകന്ന്
വാല്‍മുറിച്ച്
ശൂന്യതയിലൊളിച്ചു.

പാറ്റിത്തുപ്പിയ
മുറുക്കാന്‍
മണ്ണില്‍ക്കിടന്ന്
കറുത്തുണങ്ങി.

-------
കോലൊളമ്പ് - പി.ഒ.
എടപ്പാള്‍ - 679576
മലപ്പുറം ജില്ല.




പെറ്റിക്കോട്ട്‌



ലതാലക്ഷ്മി

പലവുരുചിന്തിച്ചു, ക്ഷമപൊട്ടി
ഒടുവിൽ അയാൾ ചോദിച്ചു.
"അയ്യോ, പെറ്റിക്കോട്ട്‌ ഇടില്ലേ?
കണ്ണാടിപ്പാട്ടയിലെ പപ്പടം പോലെ "!
അവളുടെ മറുചോദ്യം
"അയ്യയ്യോ! കല്യാണം കഴിഞ്ഞാൽ
ആരെങ്കിലുമിടുമോ പെറ്റിക്കോട്ട്‌?"
അയാളുടെ കണ്ണുതള്ളി
"ഓ. അവിവാഹിതകളുടേതോ അടിയുടുപ്പ്‌.
വസ്ത്രബന്ധ മോചനം!
പിന്നെയും പിന്നോട്ട്‌ പോയി
മല്ലിന്റെ മണം
പെറ്റിക്കോട്ടിന്റെ
വെളുത്ത അടിവര
പച്ച അരപ്പാവാടയ്ക്ക്‌
താഴെയും
നീലയൂണിഫോമോടു ചേർന്നും
പാദസരംപോലെ
പെറ്റിക്കോട്ട്‌
ഇപ്പോൾ
സിലബസിലില്ലേ
തയ്യൽ ക്ലാസിലെ ടീച്ചറേ,
രമണി ടീച്ചർ
തുന്നിയാൽ പമ്പരവിഡ്ഢി,
ഇട്ടാൽ പരമ കോമാളി"
നിഴലടിക്കുന്ന
പുതുകാലമേ,
ഞൊറിയിട്ട തുന്നിയ
അടിപ്പാവാടയോടൊപ്പം,
പാതിദഹിച്ച
ആ പഴന്തുണിക്കെട്ടെവിടെ?
പൊയ്മുഖകെട്ടിനു
കീഴെയോ
ഒരു കാലത്ത്‌ പെണ്ണുങ്ങൾ
ധരിച്ചിരുന്ന ഉടുവസ്ത്രം
എപ്പോഴോ പെറ്റിക്കോട്ട്‌
ബോയ്ക്കോട്ട്‌ ചെയ്യപ്പെട്ടു.

സ്നേഹം

മാധവ് കെ വാസുദേവ്


ഒരു തുടം സ്നേഹം നീയെനിക്കു തന്നു
ഒരു കടലായി ഞാന്‍ തിരിച്ചു നല്‍കി

ഒരു തുള്ളി തേന്‍മഴയായി നീ വന്നു
ഒരു മഴക്കാലമായി ഞാന്‍ പെയ്തു നിന്നു.

ഒരു പൂവെനിയ്ക്കായിയിറുത്തു തന്നു
ഒരു പൂക്കാലം ഞാൻ പകരം തന്നു

ഒരു മഞ്ഞു തുള്ളിയായി നീ ഉണർന്നു
ഒരു പുലരോളിയായി ഞാൻ കാത്തു നിന്നു

ഒരു പൂവിതളായി നീ വിടർന്നു നിന്നു
ഒരുപൂമ്പാറ്റയായി പാറി വന്നു

ഒരു മുളം കാടായി നീ പൂത്തു നിന്നു
ഒരു കുഞ്ഞു തെന്നലായി പാറി വന്നു

ഒരു താരകമായി നീ കണ്‍ചിമ്മി നിന്നു
വാനത്തിൻ പന്താലായി തിരിച്ചു തന്നു

ഒരു കാട്ടരുവിയായി നീ ഒഴുകി വന്നു
ഒരു കടലായി ഞാൻ നിന്നെ മാറിലേറ്റി

ഒരു വല്ലം സൗഭാഗ്യം നിനക്കു നല്കി
ഒരു കനൽ ഭാരം നീ യെനിക്കു തന്നു

ഒരു സ്നേഹ പൂമേട നിനക്ക് നല്കി
ഒരു നോവിണ്‍ കൂടാരം പണിതു തന്നു

ഒരു തുടം സ്നേഹം നീയെനിക്കു തന്നു
ഒരു കടലായി ഞാന്‍ തിരിച്ചു നല്‍കി