Followers

Sunday, September 29, 2013

ezhuth online/ october 2013

ezhuth online, october 2013


ഉള്ളടക്കം


എഴുത്ത് ഓൺലൈൻ
ഒക്ടോബർ
പൂരം
സലില മുല്ലൻ
പച്ച കല്ലുകള്‍ വെച്ച മോതിരം
വി പി അഹമ്മദ്
ഭരിപ്പുകാരുടെ ഊര്ചുറ്റിക്കറക്കം
ഡോ കെ ജി ബാലകൃഷ്ണൻ 
കടലാസുതോണിയിലെ യാത്രക്കാർ
സണ്ണി തായങ്കരി

 പ്രണയക്കെടുതികൾ
ആരതി ബി പൊസിറ്റീവ്
അവതാരിക തേടുന്ന  ആരതിയുടെ കവിതകൾ
ടി.സി.വി. സതീശൻ
ലൈബ്രറി
രാജു കാഞ്ഞിരങ്ങാട്
കവിതയിൽ
സി വി പി നമ്പൂതിരി
എനിക്കാവുക ഇത്രമാത്രം
സുലോച് എം. എ
കള്ള് വരുത്തിവച്ച വിന
ജോണി ജോസഫ്
കരാര്‍
ജയചന്ദ്രന്‍ പൂക്കരത്തറ
ജൈവലോകത്തെ പിടിച്ചുപറികള്‍
ഫൈസൻബാവ
തൂപ്പുകാരി
മനോജ് കാട്ടാമ്പള്ളി
മൂകസാക്ഷി
മഞ്ജു വർഗീസ്
വീട്
മുജീബ് ശൂരനാട്
‘കളിമണ്ണ്’ മലയാള സിനിമയോട് ചെയ്തത്.
സനൽ ശശിധരൻ
മുത്തുകള്‍
എം.കെ.ഭാസി
ചിലത്
രാജശേഖരൻ ശങ്കുണ്ണി
ചെറുകവിതകൾ
യോതിഷ് ആറന്മുള

എങ്കിലും ......
സഞ്ജയ് അലക്സാണ്ടർ ആലംചേരി
സ്നേഹം
മാധവ് കെ വാസുദേവ്
എന്റെ പക്ഷിയും അവളും
എം.കെ.ഹരികുമാർ

പൂരം

സലില മുല്ലൻ

ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷാണ് പൂരത്തിനു നാട്ടിലെത്തുന്നത്. ഈ വര്‍ഷം എന്തായാലും പൂരം കൂടണമെന്ന്‌  നേരത്തെ തീരുമാനിച്ചതാണ്. മാസങ്ങള്‍ക്കുമുമ്പേ തുടങ്ങി തയ്യാറെടുപ്പുകള്‍ . ഇല്ലെങ്കില്‍ എല്ലാവര്‍ഷത്തേയും പോലെ അവസാന നിമിഷം അപ്രതീക്ഷിതമായി ഒഴിച്ചുകൂടാന്‍ വയ്യാത്ത എന്തെങ്കിലും അത്യാവശ്യം കയറി വരും. പോക്കു മാറ്റിവക്കേണ്ടി വരും. എല്ലാ വര്‍ഷവും ഒരുമാസം മുമ്പ് വീട്ടില്‍ പ്രഖ്യാപിക്കും 'ഈ വര്‍ഷം നമ്മള്‍ എന്തായാലും പൂരത്തിന് നാട്ടില്‍ പോകും.' പിന്നീടുള്ള ദിവസങ്ങളില്‍ ഏതു വിഷയം സംസാരിച്ചാലും അവസാനം ചെന്നെത്തുക കുട്ടിക്കാലത്തെ പൂരത്തിന്‍്റെ വിശേഷങ്ങളിലാവും. രമയും കുട്ടികളും ഇതുവരെ പൂരം കൂടിയിട്ടേയില്ല. പക്ഷേ നാട്ടിലുള്ളവരേക്കാളേറെ പൂരവിശേഷങ്ങള്‍ അവര്‍ക്കറിയാം. 
കഴിഞ്ഞവര്‍ഷവും പോകാന്‍ സാധിക്കാതെ വന്നപ്പോള്‍ രമയുടെ നിരാശ ദേഷ്യമായി മാറി. അവള്‍ അന്ത്യശാസനം തന്നു 
' മേലില്‍ പൂരത്തെപ്പറ്റി ഒരക്ഷരം പോലും ഇവിടെ മിണ്ടരുത്. കല്യാണം കഴിഞ്ഞ് വന്ന അന്നു മുതല്‍ കേള്‍ക്കണതാ ഒരു പൂരവിശേഷം. മനുഷ്യരേങ്ങനെ മോഹിപ്പിക്ക്യല്ലാതെ ഒരു തവണേങ്കിലും ഒന്നു  കൊണ്ടോയിട്ടാണെങ്കില്‍ വേണ്ടില്ല. വെറൂതേന്തിനാ ഈ കുട്ട്യോളേക്കൂടി ങ്ങനെ മോഹിപ്പിക്കണേ?'
അവള്‍ പറയണതിലും കാര്യമുണ്ട്. വിവാഹം കഴിഞ്ഞിട്ട് പതിനാറു വര്‍ഷം കഴിഞ്ഞു. അന്നുമുതല്‍ എല്ലാക്കൊല്ലവും കേള്‍ക്കുന്നതാണീ പൂരവിശേഷം. ഇക്കൊല്ലം എന്തായാലും നമ്മള്‍ പോകും എന്ന  ഉറപ്പും എല്ലാ വര്‍ഷവും തെറ്റാതെ ആവര്‍ത്തിക്കുന്നുണ്ട്.
'അമ്മേന്തിനാ അച്ഛനോട് ദേഷ്യപ്പെടണേ? അച്ഛനാഗ്രഹോല്ലാഞ്ഞിട്ടല്ലല്ലോ , പറ്റാഞ്ഞിട്ടല്ലേ ?. നമ്മളേക്കാളെത്രയധികം ആഗ്രഹോണ്ടാവും അച്ഛന്.' മകള്‍ രക്ഷക്കെത്തിയതുകൊണ്ട് രംഗം തത്ക്കാലത്തേക്ക് ശാന്തമായി.
അന്നു  തീര്‍ച്ചപ്പെടുത്തീതാണ്,എന്തുതന്നെ വന്നാലും അടുത്ത പൂരത്തിന് നാട്ടിലുണ്ടാവണം.
ഓര്‍മ്മവച്ചനാള്‍ മുതല്‍ കാവിലെ പൂരം ജീവിതത്തിന്‍്റെ ഭാഗമായി മാറീതാണ്. തീരെ കുട്ടി യായിരുപ്പോഴത്തെ ഓര്‍മ്മകളിലൊന്ന്  അച്ഛന്റെ  തോളിലിരുന്ന് പൂരത്തിന് പോകാറുള്ളതാണ്. ആദ്യമായി ബലൂണ്‍  കണ്ടത് അന്നാണ്. മുളകൊണ്ടുള്ള വലിയ സ്റ്റാന്‍്റില്‍ പല നിറത്തിലും ആകൃതിയിലുമുള്ള ഒരുപാട് ബലൂണുകളുമായി കറുത്ത കണ്ണടവച്ച്, പീപ്പി ഊതിക്കൊണ്ട് പൂരപ്പറമ്പില്‍ നിന്ന  ബലൂണ്‍കാരനെ ഒരുപാടാരാധനയോടെയാണ് അന്ന് കണ്ടത്. വലുതാവുമ്പോള്‍ ഒരു ബലൂണ്‍കാരനാവണമെന്ന് അന്ന്  തീര്‍ച്ചപ്പെടുത്തി. വലുതായിട്ടും ഒരുപാടുകാലം ' അപ്പൂ, നിനക്ക് ബലൂണ്‍ കാരനാവണ്ടേ' എന്ന് അമ്മേം ചിറ്റമാരുമൊക്കെ കളിയാക്കാറുണ്ട്. 
സ്ക്കൂളില്‍ പോയിതുടങ്ങിയശേഷമാണ് പൂരം മുഴുവനായി ആഘോഷിക്കാന്‍ തുടങ്ങിയത്. മിക്കവാറും പരീക്ഷ കഴിഞ്ഞ് സ്ക്കൂള്‍ അടച്ച ഉടനെയാവും പൂരം. ഇന്നത്തെപ്പോലെ കുട്ടികളെ ഒറ്റക്ക് എങ്ങോടും വിടില്ല എന്നൊന്നും അന്നില്ല. സ്ക്കൂളിലേക്ക് പോകുതും വരുതും കൂട്ടുകാരോടൊപ്പം നടന്നാണ്. രണ്ടാംക്ളാസില്‍ പഠിക്കുമ്പോള്‍ മുതല്‍ അഷ്റഫും ജോസഫുമൊത്ത് പകല്‍ സമയത്ത് പൂരപ്പറമ്പില്‍ കറങ്ങിനടന്ന്  കാഴ്ചകള്‍ കാണാറുണ്ട്. 
അക്കാലത്ത് ഇന്ന്  റബര്‍ നില്‍ക്കുന്ന  തോട്ടത്തിന്റെ  പകുതിഭാഗം കശുമാവായിരുന്നു . കശുവണ്ടിക്ക് നല്ല വിലയും. മാങ്ങപഴുത്ത് അണ്ടി ഉണങ്ങാന്‍ തുടങ്ങുമ്പോള്‍ തന്നെ പറിച്ചെടുത്തില്ലെങ്കില്‍ മറ്റുള്ളവര്‍ പറിച്ചോണ്ടുപോവും. കിഴക്കുള്ള കുറേ ചോത്തിമാരുണ്ടായിരുന്നു . അവര്‍ക്ക് അമ്മേടെ ഉച്ചയുറക്കത്തിന്റെ  സമയം നന്നായറിയാം. ആ സമയത്തവര്‍ പറമ്പില്‍ കയറി വിറകൊടിക്കും, കശുവണ്ടി പറിക്കും, മാങ്ങ പറിക്കും. ശബ്ദം കേട്ട്  അമ്മ കുന്നു കയറി ചെല്ലുമ്പോഴേക്കും അമ്മയെ കളിയാക്കിചിരിച്ചുകൊണ്ട് അവരോടും. ഒരിക്കലൊരു സംഭവമുണ്ടായി. കൊയ്ത്തുകഴിഞ്ഞ് മുറ്റം നിറയെ കറ്റകളടുക്കിയിട്ടുണ്ട്. ഒരുഭാഗത്ത് കുറച്ചുപേര്‍ മെതിക്കുന്നു . അപ്പോഴാണ് തോട്ടത്തില്‍ വിറകൊടിക്കു ശബ്ദം കേട്ടത്. 
'ആ ചോത്തികള് തോട്ടത്തിക്കേറി അതിക്രമം കാണിക്കണ് ണ്ടല്ലോ ! റബറിന്റെ പച്ചക്കൊമ്പൊക്കെ ഒടിച്ചു നശിപ്പിക്കും. കശുവണ്ടി മുഴ്വോനും കട്ടോണ്ടോവും. തമ്പ്രാട്ട്യേ അവര്‍ക്ക് പേടീല്ലാ. ന്നാലും മ്മള് ഇത്രേം ആണ്ങ്ങളിവ്ടെ ള്ളപ്പളെങ്കിലും അവര്‍ക്കൊരു പേടി വേണ്ടേ! ഇത്ങ്ങനെ വി"ാപ്പറ്റില്ലല്ളോ.' കളത്തില്‍ മേല്‍നോ"ം നടത്തു കു"്യാപ്ളേടേം കൂ"രുടേം പൗരുഷം സടകുടഞ്ഞെണീറ്റു. അവര്‍ ഒരു സംഘമായി തോട്ടത്തിലേക്ക് ചെന്നു. പിന്നാലെ ജോസഫും ഓമനക്കുട്ടനും ഞാനും ഉള്‍പ്പെടെയുള്ള കുട്ടിപ്പടയും. ഞങ്ങള്‍ പാതിവഴിയത്തെത്തിയപ്പോഴേക്കും വലിയ ആവേശത്തില്‍ മുന്നില്‍ പോയവര്‍ അതേ വേഗത്തില്‍ താഴേക്കു വരുന്നു ! ' കുട്ട്യോള് അങ്ങോട്ടു പോണ്ട. അവറ്റകളോട് പെരുമാറാന്‍ കൊള്ളില്ല.' കുട്ട്യാപ്ല  ദേഷ്യത്തില്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന്  പിന്നീട് ജോസഫ് പറഞ്ഞാണറിഞ്ഞത്. പാഞ്ഞടുക്കുന്ന  ആണ്‍ പടയെ കണ്ടതും ചോത്തികള് ഉടുമുണ്ട് ഉരിഞ്ഞ് അവിടെ നിന്നത്രേ! ചെന്ന  വേഗത്തില്‍ മടങ്ങുന്നവരെക്കണ്ട് അവര്‍ പിന്നില്‍ നിന്ന്  കൈകൊട്ടി ചിരിച്ചു. 
കശുവണ്ടി നാട്ടുകാര് കൊണ്ടുപോകാതെ പറിച്ച്, ഉണക്കി വില്‍ക്കുതിനായി അമ്മ ഒടുവിലൊരു സൂത്രം കണ്ടു പിടിച്ചു. കള്ളന്‍മാര് കൊണ്ടുപോകാതെ കശുവണ്ടി പറിച്ചുണക്കി വിറ്റാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് വിറ്റുകിട്ടു  പണത്തിന്റെ പത്തു ശതമാനം തരാമെന്ന് അമ്മ പറഞ്ഞു(അന്ന്  ഞങ്ങള്‍ക്ക് ശതമാനക്കണക്കൊന്നും  അറിയില്ലായിരുന്നു.   ഒരുരൂപ കിട്ടിയാല്‍ പത്തുപൈസ നിങ്ങള്‍ എടുത്തോളൂ എന്നാണ് അമ്മ ഞങ്ങളുമായി കരാറുണ്ടാക്കിയത്. അന്ന് അമ്മയില്‍ നിന്നാണ് ബിസിനസിന്റെ ആദ്യപാഠം പഠിച്ചതും). അമ്മേടെ ആ തന്ത്രം വിജയിച്ചു. രാവിലെ എത്രവിളിച്ചാലും എണീക്കാത്ത ഞാന്‍ അതിരാവിലെ കുട്ടയും തോട്ടിയുമായി തോട്ടത്തിലേക്ക് വച്ചുപിടിക്കാന്‍ തുടങ്ങി. അവിടെയെത്തുമ്പോഴേക്കും ജോസഫ് കശുമാവിന്‍്റെ മുകളില്‍ ഹാജരുണ്ടാവും. കിട്ടാന്‍പോകുന്ന  പ്രതിഫലമോര്‍ക്കുമ്പോള്‍ നിശറുകടിയുടെ(പുളിയുറുമ്പിന്‍്റെ) നീറ്റലും കശുമാവിന്‍ ചോട്ടിലെ കൊതുകുകടിയുമൊക്കെ ഞങ്ങള്‍ മറക്കും. അമ്മ ഒരിക്കലും വാക്കുപാലിക്കാതിരുന്നില്ല . അങ്ങനെ, പൂരമാവുമ്പഴേക്കും ഞങ്ങളുടെ കയ്യില്‍ നല്ളൊരു തുക സമ്പാദ്യമുണ്ടാവും. 
ആദ്യമായി മരണക്കിണര്‍ കണ്ടതും സൈക്കിള്‍ യജ്ഞം കണ്ടതും ഒരു പൂരത്തിനാണ്. ഏഴാംക്ളാസിലെ പരീക്ഷ കഴിഞ്ഞതിന്റെ  പിറ്റേ ദിവസാണ് പൂരം തുടങ്ങീത്.  അതിനു മുമ്പിലത്തെ വര്‍ഷം പൂരം കഴിഞ്ഞയുടനെയായിരുന്നു  കൊല്ലപ്പരീക്ഷ. അതുകൊണ്ട് പൂരം നല്ലോണം ആഘോഷിക്കാനായില്ല. പരീക്ഷ കഴിഞ്ഞസ്ഥിതിക്ക് ഈ വര്‍ഷം പൂരം പൊടിപൊടിക്കണമെന്ന്  ഞങ്ങള്‍ തീരുമാനിച്ചു. സ്ക്കൂളിലെ മുതിര്‍ന്ന  വിദ്യാര്‍ത്ഥികളായിരുന്ന  ഞങ്ങള്‍ക്ക് അവസാന ദിവസം ആറാം ക്ളാസിലെ കുട്ടികളുടെ വക യാത്രയയപ്പു സല്‍ക്കാരമുണ്ടായിരുന്നു . എല്ലാവരും ചേർന്ന്  ഫോട്ടോയെടുത്തു. പിരിയുമ്പോള്‍ വല്ലാത്ത വിങ്ങല്‍ . പരസ്പരം യാത്രപറയുമ്പോള്‍ പലരുടേയും കണ്ണുകള്‍ കലങ്ങി.അടുത്ത വര്‍ഷം വേറേ സ്ക്കൂളിലാണ് പഠിക്കേണ്ടത്. ആരെല്ലാം ഒരുമിച്ചുണ്ടാകുമെന്നറിയില്ല. ഏറ്റവുമധികം സങ്കടപ്പെട്ടുകണ്ടത് അഷ്റഫിനെയാണ്. പിറ്റേ ദിവസം പൂരപ്പറമ്പില്‍ വച്ചാണ് അവന്‍ ഞങ്ങളോട് അവന്റെ  പ്രണയകഥ പറഞ്ഞത്. അതുവരെ പുസ്തകങ്ങളിലും സിനിമകളിലും മാത്രമാണ് പ്രേമകഥകള്‍ കേട്ടിരുന്നുള്ളൂ. ആദ്യമായാണ് ഒരു പ്രേമിയെ നേരിട്ടുകാണുത്. ക്ലാസിലെ മിണ്ടാപ്പൂച്ച എന്ന റിയപ്പെട്ടിരുന്ന  രേണു സി നായരാണ് കഥയിലെ നായിക. ഇനി അവളെ എങ്ങനെയാണ് കാണാന്‍ പറ്റുകയെന്നറിയില്ല എന്നു പറയുമ്പോള്‍ അവനന്റെ  ശബ്ദം ഇടറി. അവന് പെട്ടെന്ന്  ഞങ്ങളുടെ ഇടയില്‍ ഒരു വീരപരിവേഷം വന്നു . പൂരപ്പറമ്പില്‍ നിന്ന് അവള്‍ക്കുവേണ്ടി പച്ചക്കുപ്പിവളകളും കമ്മലും കല്ലുമാലയും വാങ്ങാന്‍ അഷ്റഫിനു പണംകൊടുക്കുമ്പോള്‍ അങ്ങനെയെങ്കിലും ആ പ്രണയകഥയില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതിന്റെ  ചാരിതാര്‍ത്ഥ്യമായിരുന്നു . പിറ്റേന്ന്  തന്റെ  പുതിയ സൈക്കിളില്‍ അഷ്റഫിനേയും പിന്നിലിരുത്തി മൂന്നാലു കിലോമീറ്റര്‍ ദൂരെയുള്ള രേണൂന്റെ  വീടിനടുത്തുപോയതും അവളെക്കാണാനാവാതെ തിരിച്ചുപോന്നതും ഇലത്തെപോലെയോര്‍ക്കുന്നു . പിന്നീട്  എട്ടാം ക്ളാസില്‍ തന്റെ  സ്ക്കൂളിലാണ് രേണൂം ചേര്‍ന്നതെന്നറിഞ്ഞപ്പോള്‍ അഷ്റഫ് ഏറെ സന്തോഷിച്ചു. മൂന്നാലുമാസങ്ങള്‍ക്കുശേഷം പുതിയ സ്ക്കൂളിലെ സ്പോര്‍ട്സ് ചാമ്പ്യന്‍ ഏണസ്റ്റുമായി രേണു പ്രണയത്തിലാണെ കാര്യം പഠിക്കാന്‍ മിടുക്കനായിരുന്നിട്ടും  ഏഴാംക്ളാസോടുകൂടി പഠനം ഉപേക്ഷിച്ച് മാമേടെകൂടെ ബോംബേക്ക് പോകേണ്ടിവന്ന  അഷ്റഫ് ഇടക്കു ഫോണ്‍  ചെയ്തപ്പോള്‍ എന്തുകൊണ്ടോ താന്‍ ഒളിച്ചുവച്ചു. 

അവന്‍ പിന്നീട് ദുബയ് പോയെന്നും  സ്വന്തം പ്രയത്നത്താല്‍ പഠിച്ച് നല്ലനിലയിലായെന്നും  വര്‍ഷങ്ങള്‍ക്കുശേഷം അറിഞ്ഞു. പിന്നീട് പലവട്ടം തമ്മില്‍ കണ്ടിട്ടും പഴയ പ്രണയകഥയെക്കുറിച്ച് പരസ്പരം പറഞ്ഞില്ല.
ഇപ്പോള്‍ സിറിയയിലാണ് അഷ്റഫ്. ജോസഫ് അയര്‍ലന്റിലും. കഴിഞ്ഞ കുറേ മാസങ്ങളുടെ ശ്രമഫലമായി മൂന്നുപേര്‍ക്കും പൂരക്കാലത്ത് ഒരുമിച്ച് അവധികിട്ടിയിട്ടുണ്ട്  . ഈ വര്‍ഷം എന്തായാലും ആ പഴയകാലങ്ങളൊക്കെ ഒന്നൂടി ആവര്‍ത്തിക്കണം. കശുവണ്ടി പെറുക്കാന്‍ തോട്ടത്തില്‍ കശുമാവുകളില്ല, വിറ്റുകിട്ടുന്ന പണത്തില്‍ നിന്ന് പത്തുശതമാനം കമ്മീഷന്‍ തരാന്‍ അമ്മയുമില്ല. പക്ഷേ മൂന്നുപേര്‍ക്കും പണത്തിന് യാതൊരു പഞ്ഞവുമില്ല. ഇന്റര്‍നെറ്റിലൂടെ ഇടക്കിടെ പതിവുള്ള ചാറ്റിനിടയില്‍ അഷ്റഫ് തയൊണ് ഈ പൂരക്കാലത്ത് പഴയകാലത്തിന്റെ  ഒരു തനിയാവര്‍ത്തനം എന്ന  ആശയം മുന്നോട്ടുവച്ചത്. കേട്ടപ്പോള്‍ ജോസഫിനും ഉത്സാഹം. നാലുദിവസവും രാത്രിമുഴുവന്‍ പൂരപ്പറമ്പില്‍ തന്നെ തങ്ങണം, മരണക്കിണറും സൈക്കിള്‍ യജ്ഞവുമൊക്കെ കാണണം... അഷ്റഫിന് ആവേശം അടക്കാനാവുന്നുണ്ടായിരുന്നില്ല. പഴയ സൈക്കിള്‍ വീട്ടിലിപ്പോഴുമുണ്ടോ എന്നവന്‍ ചോദിച്ചപ്പോള്‍ എന്താണവന്റെ  മനസ്സിലെന്നൂഹിച്ചു. അവന്റെ  പ്രേമകഥ ഞങ്ങളോട് ആദ്യമായി പറഞ്ഞ അതേ പൂരപ്പറമ്പിലെ ആല്‍ത്തറയിലിരുന്നുതന്നെ ഈ പൂരത്തിന് രേണു -ഏണസ്റ്റ് പ്രണയകഥ അവനോട് പറയണം. ഇപ്പോളതെല്ലാം ഒരു തമാശയായേ തോന്നൂ . . 
സീറ്റ് ബെല്‍റ്റുകള്‍ മുറുക്കാനുള്ള എയര്‍ഹോസ്റ്റസിന്റെ  അറിയിപ്പാണ് ചിന്തകളില്‍ നിന്നുണര്‍ത്തിയത്. 
'പൂരപ്പറമ്പിലായിരുന്നൂല്ലേ  ഇത്രനേരം? രസച്ചരട് മുറിഞ്ഞോ?' രമയുടെ നേരെ നോക്കിയപ്പോള്‍ അവള്‍ കളിയാക്കി.
നാലുവര്‍ഷം കഴിഞ്ഞു നാട്ടിൽ  വന്നു പോയിട്ട് . അച്ഛനും അമ്മയും പോയതോടെ എല്ലാവര്‍ഷവും ഉള്ള വരവൊക്കെ നിന്നു . 
' ലാന്റു  ചെയ്തൂല്ലേ ? ഞങ്ങള്‍ പുറത്ത് വെയ്റ്റ് ചെയ്യുന്നുണ്ട്.' ഫോണ്‍  സ്വിച്ചോണ്‍  ചെയ്തപ്പോള്‍ തന്നെ ജോസഫിന്റെ  ഫോണ്‍ . അവരുടെ ഫ്ളൈറ്റ് എത്തീട്ട്  ഒരുമണിക്കൂര്‍ കഴിഞ്ഞുകാണും. ' മറ്റവന്റെ  ഫ്ളൈറ്റ് ലേറ്റാ. വണ്ടി എത്തീട്ടുണ്ട്.' 
ഒരേ ദിവസം മൂന്നുപേര്‍ക്കും എത്താനാവും എന്നറിഞ്ഞപ്പോള്‍ തന്നെ തീരുമാനിച്ചതാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ഒരുമിച്ച് പോകാമെന്ന് . മൂന്നുപേരും കുടുംബസമേതമാണ്. ഒരുവണ്ടിയില്‍ എല്ലാരുംകൂടി പോകുന്നത് ബുദ്ധിമുട്ടാവില്ലേന്നു  താന്‍ സംശയം പറഞ്ഞപ്പോള്‍ അഷ്റഫ് തീര്‍ത്തു പറഞ്ഞു അതുമതിയെന്ന് . അവന്റെ അനിയന്‍ റാഫി നാട്ടിൽ  ട്രാവലേജന്‍സി നടത്തുകയാണിപ്പോള്‍ . ആറേഴു വണ്ടികള്‍ സ്വന്തമായുണ്ട്. ഏതുതരം വണ്ടിവേണമെങ്കിലും കൊണ്ടുവന്നോളും. 
' പിന്നെ , ന്തൊക്ക്യാ ങ്ങടെ പരിപാടി?' 
രണ്ടുമണിക്കൂറുകള്‍ക്കു ശേഷം പരസ്പരമുള്ള കെട്ടിപ്പിടിത്തങ്ങള്‍ക്കും കുശലപ്രശ്നങ്ങള്‍ക്കുമൊടുവില്‍ എല്ലാരും വണ്ടിയില്‍ക്കയറി, യാത്ര തുടങ്ങിയപ്പോള്‍  റാഫി ചോദിച്ചു. 
' ഇതെന്താ റാഫീ, നിന്റെ  വേഷോം ഭാഷേക്കെ മാറീല്ലോ ! നീ പ്പോ ഒരു തനി മാപ്ലയായിട്ട്ണ്ടല്ലോ ?' അവനെക്കണ്ടപ്പോള്‍ മുതല്‍ തോന്നീതാ ഒരു പന്തികേട്. മൂത്താപ്പാനെ കൂട്ടാനായി അവന്റെ  കൂടെ വന്ന  ചെറിയ മോളുടെ തലയില്‍ തട്ടം . അവനാണെങ്കില്‍ ഇടത്തോട്ട്  മുണ്ടുടുത്തിരിക്കുന്നു . പോരാത്തതിന് തലയിലൊരു പച്ചത്തൊപ്പീം! ഇതൊന്നും  നാട്ടില്‍ പണ്ടു പതിവില്ലാത്തതാണ്. ഇപ്പോ ദാ, ഭാഷയിലും മാറ്റം. വണ്ടിയുടെ അകവും പുറവുമെല്ലാം മതചിഹ്നങ്ങളാല്‍ സമൃദ്ധം. പേരെഴുതിയിരിക്കുതുപോലും അറബിയില്‍ ! 
'പ്പോ പഴേ കാലോന്ന്വല്ലാ അപ്പ്വേട്ടാ . ആ കാലോക്കെ പണ്ടേ കയിഞ്ഞില്ലേ ?'
റാഫി പറഞ്ഞതിന്റെ  അര്‍ത്ഥം പൂര്‍ണ്ണമായി പിടികിട്ടീല്ല. 
'ങ്ങള് ദ് പറയ്, ന്തൊക്ക്യാ ങ്ങടെ പരിപാടീ?' വിഷയം മാറ്റിക്കൊണ്ട് അവന്‍ ചോദ്യം ആവര്‍ത്തിച്ചു. ' ങ്ങടെ ടൂറിന്റെ  പ്ളാനറിഞ്ഞിട്ട്  വേണം എനക്ക് വണ്ടി വേറേ ഓട്ടംണ്ടോന്ന്  നോക്കാന്‍ .'
'ടൂറോ! ഞങ്ങളെങ്ങടും പോണില്ലെടാ. ആറ്റുനോറ്റ് പൂരക്കാലം നോക്കി നാട്ടില് വന്നത് പൂരം കൂടാനാ. ഞങ്ങള് പഴയകാലം തിരിച്ചുകൊണ്ടോരും. നീയും ഈ നാലു ദിവസം ഓട്ടോന്നും ഏല്‍ക്കണ്ട. നമുക്കെല്ലാര്‍ക്കും കൂടി പൂരം കൊഴുപ്പിക്കണം.' അഷ്റഫ് പറഞ്ഞ് നിര്‍ത്തീതും റാഫി ബ്രേക്ക് ചവിട്ടീതും ഒപ്പം. 
'ക്കാക്ക ന്ത് പിരാന്താ ഈ പറേണേ! പൂരം കൂടാനോ? ആര്? ങ്ങളും ജോസച്ചായനും എന്നാ  ഹിന്ദുവായേ!'
'റാഫീ, നീ വെറുതേരിക്ക്. ഇതിന്റെടേല് നീ മതം തിരികികേറ്റാന്‍ നോക്കണ്ട. പൂരം നമ്മുടെ നാടിന്റാഘോഷാണ്. നമ്മുടെ അപ്പനപ്പൂപ്പന്‍മാരും അവരുടെ കാര്‍ന്നോമ്മാരും പൂരാഘോഷിച്ചത് മതം നോക്കീട്ടല്ല. നീ വെറുതെ ഞങ്ങടെ മൂഡ് കളയല്ലേ .' ജോസഫിന്റെ  ശബ്ദത്തിലെ ഗൗരവം എല്ലാവരും തിരിച്ചറിഞ്ഞു.

'ങ്ങള് എന്നോട് കലമ്പണ്ട ജോസ്ച്ചായാ. പഴങ്കഥ പറഞ്ഞിട്ടൊന്നും കാര്യോല്ല. നമ്മുടെ നാട് പഴയ നാടല്ല. ങ്ങള് ഈ പഴമ്പുരാണോം പറഞ്ഞങ്ങട്ട് ചെന്ന് നോക്ക് പൂരം കൂടാന്‍ . നാലുവര്‍ഷായി പൂരപ്പറമ്പ് മതില് കെട്ടി  ഗേറ്റും വച്ചിട്ട്. ഗേറ്റിനു പുറത്ത് 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന് വലിയ ബോര്‍ഡും വച്ചിട്ട്ണ്ട്. കയിഞ്ഞേന്റെ  മുമ്പേത്തേ കൊല്ലം ഇതിന്റെ  പേരില്‍ വഴക്കുണ്ടായതല്ലേ . അവന്മാര് നമ്മടെ രണ്ടുപേര്ടെ കാല് വെട്ടി .  അതീപ്പിന്നെ മ്മടെ ഉറൂസിന് അവമ്മാരെ മ്മളും കേറ്റണില്ല. കയിഞ്ഞ കൊല്ലം ഉറൂസിന് ചെറിയ കലമ്പലൊക്കേണ്ടായി. പ്പോ പൂരത്തിനും ഉറൂസിനും വന്‍ പോലീസ് സന്നാഹാണ്. എപ്പയാ ലഹളേണ്ടാവണേന്ന  പേട്യാ ല്ലാര്ക്കും. ഈ സമയത്ത് ഈടെ നിക്കണേക്കാ ഭേദം വല്ലടത്തും ടൂറ് പോണത് ത്യാ.' 
റാഫി പറഞ്ഞു നിര്‍ത്തി. കുറച്ചുനേരത്തേക്ക് വല്ലാത്തൊരു നിശബ്ദത നിറഞ്ഞു .
'വണ്ടി പുറകോട്ടെടുക്ക്.' അപ്പൂന്റെ  ഉറച്ച ശബ്ദം നിശബ്ദത ഭഞ്ജിച്ചു. 
'ഏറ്റവുമടുത്ത ഫ്ളൈറ്റില്‍ നമ്മള്‍ തിരിച്ചുപോകുന്നു ' ഇനിയൊരു പൂരം തന്റെ  ജീവിതത്തിലുണ്ടാവില്ലെന്ന്  ഉള്ളിലു റപ്പിച്ചു.കൊണ്ട്  രമയോടും കുട്ടികളോടുമായി പറഞ്ഞു . 

ലൈബ്രറി


രാജു കാഞ്ഞിരങ്ങാട്


പുസ്തകത്തിന്റെ  പെരുങ്കാട്ടിൽ
അയാൾമൌനത്തിന്റെ  വാത്മീകത്തിൽ
റേക്കുകളും, ഷെൽഫുകളും
പുരാതന വന്മരങ്ങൾ
ലൈബ്രറി ഒരു മഹാവനം
മനുഷ്യനെത്താത കാടകം
പുസ്തക പുഴുക്കളുടെ നഗരമെന്നു
കേൾവി
പുസ്തകത്തിൽ പുഴുക്കൾ മാത്രം
വാഴ്വു
രജിസ്റ്ററിൽ എഴുതി ചേർക്കുന്നു
ആളില്ലാ പേരുകൾ ഏറെ
കണക്കുകളെ കള്ളികളിൽ
തളച്ചിട്ട്
മേലോപ്പു വാങ്ങിക്കുന്നു
അലവൻസ് കൃത്യമായ് കിട്ടണം
ഗ്രേഡുകൾ ഉയർത്തണം
പ്രതിമാസ പരിപാടികൾ
നോട്ടീസ്സിലൊതുക്കണം
പൊടിമൂടിയ മൂലയിൽ
നിന്നെന്താണ് ഒരുശബ്ദം
ആരുമേയില്ലല്ലോ അശരീരിയോ
അത്ഭുതം
ബഷീർ ,അഴീക്കോട്
നെരൂദ,പിക്കാസോ
കടമ്മനിട്ട,വിനയചന്ദ്രൻ
അവരും മടുത്തിരിക്കും
പൊടിപിടിച്ച ഷെൽഫിൽ
എത്രകാലമെന്നില്ലാതെ 
ഇങ്ങനെ...

പച്ച കല്ലുകള്‍ വെച്ച മോതിരം

വി പി അഹമ്മദ്

ഴിഞ്ഞ മഴക്ക് മുമ്പ് ഞങ്ങളുടെ വീടിന്റെ മുന്നിലെ റോഡില്‍ റീ ടാറിംഗും ഗേറ്റിനടുത്ത് സ്ലാബുകള്‍ പൊക്കി ഓവ് ചാലുകള്‍ ശുചീകരണവും നടത്തിയപ്പോള്‍ ഓവില്‍ നിന്ന് നീക്കം ചെയ്ത മണ്ണ് വണ്ടിയില്‍ കേറ്റുന്നതിനിടക്ക് കുറച്ചു ചട്ടികള്‍ ഞങ്ങളുടെ പുരയിടത്തില്‍ നിക്ഷേപിക്കാന്‍ ഞാന്‍ ജോലിക്കാരോട് ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ മണല്‍ കലര്‍ന്ന മണ്ണായതിനാല്‍ ചെടിച്ചട്ടികളില്‍ ആവശ്യത്തിന് വേണ്ടപ്പോള്‍ ചേര്‍ക്കാന്‍ വെക്കുകയായിരുന്നു എന്‍റെ ഉദ്ദേശം. പിന്നീട് കുറച്ചു ചെടികള്‍ മുളക്കാനായി ഞാന്‍ അതില്‍ കുത്തി വെക്കുകയും ചെയ്തു.

രണ്ടു ദിവസം മുമ്പ് ഭാര്യ സുഹ്റ ആ മണ്‍കൂമ്പാരത്തില്‍ നിന്ന് കുറച്ചു മുളച്ച  ചെടികള്‍ പറിച്ചു മാറ്റുകയും  മണ്ണ് വാരുകയും ചെയ്തപ്പോള്‍ പച്ച കല്ലുകള്‍ പതിച്ച ഒരു ചെറിയ മോതിരം കിട്ടി. ഓണം അവധിക്ക് വീട്ടില്‍ വന്നിരുന്ന താല്‍ക്കാലിക ജോലിക്കാരിയുടെ കുട്ടിക്ക് കൊടുക്കാമെന്നു കരുതി അവളത് എടുത്തു വെച്ചു. 

കഴുകി വൃത്തിയാക്കിയപ്പോള്‍ മോതിരത്തിന് നല്ല തിളക്കമുണ്ട്. വളരെ മുമ്പ് മുതലെ ഞങ്ങളുടെ വീട്ടിലുള്ള പ്രായം ചെന്ന അടുക്കള സഹായിയായ പാതിമതാത്തക്ക് മോതിരം കണ്ടപ്പോള്‍, മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സഫല്‍ കരഞ്ഞുകൊണ്ട് മുന്നില്‍ നില്‍ക്കുന്ന രംഗവും വലിയുമ്മ വാങ്ങിക്കൊടുത്ത് വിരലിലിലിട്ട രണ്ടാം ദിവസം തന്നെ നഷ്ടമായ പച്ച കല്ലുകള്‍ പതിച്ച സ്വര്‍ണ മോതിരവും നന്നായി ഓര്‍മ്മ വന്നു. സുഹ്റക്കും പിന്നെ അത് തിരിച്ചറിയാന്‍ ബുദ്ധിമുട്ടേണ്ടി വന്നില്ല. ഗേറ്റിനടുത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ആണ് മോതിരം വീണ് പോയതെന്ന് സഫല്‍ അന്ന് പറഞ്ഞിരുന്നത് അവള്‍ ഓര്‍ക്കുകയും ചെയ്തു. 

ഏറെ ഇഷ്ടപ്പെട്ടിരുന്ന മോതിരം ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം  വീണ്ടും കണ്ടപ്പോള്‍ വൈകുന്നേരം എന്ട്രന്‍സ് ക്ലാസ് കഴിഞ്ഞു വന്ന സഫലിന്റെ മുഖത്ത്, അതിനേക്കാള്‍ തിളക്കമുണ്ടായിരുന്നു. കാലം മായ്ക്കാത്ത തിളക്കം. 


മോതിരത്തെപറ്റി നേരത്തെ അറിവ് ഒന്നുമില്ലാതിരുന്ന എനിക്ക് മറ്റൊരു സംഭവമാണ് ഓര്‍മ്മ വന്നത്. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഹയില്‍ ജോലിയിലിരിക്കെ ലീവില്‍ നാട്ടില്‍ വരുന്നതിന്റെ തലേ ദിവസം ബ്രീഫ് കേസ് വൃത്തിയാക്കിയപ്പോള്‍ അതിലിരുന്ന പഴയ കടലാസുകളും മറ്റും അടുക്കള മാലിന്യങ്ങളുടെ കൂടെ പ്ലാസ്ടിക് കവറിലിട്ട് പതിവ് പോലെ രാത്രിയില്‍ തന്നെ ഫ്ലാറ്റിനു പുറത്ത് റോഡരികില്‍ വെച്ചിരുന്നു. യാത്രാദിവസം രാവിലെ ഓഫീസില്‍ പോകാന്‍ നേരത്താണ് ടിക്കെറ്റും ഡ്രാഫ്റ്റും വാങ്ങാന്‍ പണത്തിനായി, നേരത്തെ സുഹ്റയെ ഏല്പിച്ചിരുന്ന ലീവ് സാലറിയും സ്നേഹിതന്‍ കടം വാങ്ങി തിരിച്ചു നല്‍കിയ തുകയും അടങ്ങിയ കവര്‍ ഞാന്‍ ആവശ്യപ്പെട്ടത്. ബ്രീഫ് കേസില്‍ വെച്ചിട്ടുണ്ടെന്ന് അവള്‍ അറിയിച്ചപ്പോള്‍ അതില്‍ നോക്കാതെ തന്നെ ഒരു ഞെട്ടലോടെ ഞാന്‍ താഴേക്ക് ഓടുകയായിരുന്നു. റോഡരികില്‍ രാത്രി വെച്ച പ്ലാസ്ടിക് കവറെടുത്ത് തിരിച്ചു നടക്കുമ്പോള്‍ അടുത്ത ബില്‍ഡിങ്ങിന് മുമ്പില്‍ നിന്ന് മുന്നോട്ട് വരുന്ന മാലിന്യം അരച്ചുകൊണ്ടുപോകുന്ന ട്രക്കിന്റെ ഡ്രൈവര്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. 

പന്ത്രണ്ടായിരത്തില്‍ കൂടുതല്‍ റിയാല്‍ സംഖ്യയുണ്ടായിരുന്ന കവറുമായി അന്ന് ഓഫീസില്‍ പോകുമ്പോള്‍ എന്‍റെ മനസ്സില്‍ അലൌകികമായ കുറെ ചിന്തകള്‍ ഘോഷയാത്ര നടത്തി.

അല്ലാഹുവേ, നീ തന്നത് തടയാന്‍ ആരുമില്ല; നീ തടഞ്ഞത് തരാനും ആരുമില്ല.

ഭരിപ്പുകാരുടെ ഊര്ചുറ്റിക്കറക്കം



ഡോ കെ ജി ബാലകൃഷ്ണൻ 


കടക്കണ്‍കടാക്ഷം;
കനകത്തിളക്കം - 
 പന്തയക്കുതിരക്ക് 
കടിഞ്ഞാണ്‍.

കുഞ്ചന്റെ ചിരിയുടെ
മുഴക്കപ്പെരുക്കം -
ഭരിപ്പുകാരുടെ
ഊരുകറക്കം.

ഊര തടവും കരം - 
കോഴ വാങ്ങും വഴക്കം-
കലിയുടെ കാല്- 
വാരൽത്തഴക്കം.

2 .
കണ്ണുനീർച്ചാലരുവി- 
മണ്ണുമാന്തി മാന്തി   
അഴുക്കുചാലാവുന്നത്- 
ഉരുൾപൊട്ടി 
കരൾപൊട്ടി
കാലം കൂലം കുത്തിയൊഴുകി- 
വോട്ടുകൂട്ടം 
വെള്ളം കുടിച്ച് ചാവുന്നത്.

3. 
വെളുത്ത കുതിരയിലെ 
ചുവപ്പ് തൊപ്പിക്കാരാ,
ഞാൻ 
ഈ 
പുൽക്കൊടിതുമ്പിൽ 
പിടഞ്ഞാടിക്കിടപ്പുണ്ട്.


നിനക്ക് മെതിക്കാൻ 
ഇനി 
കുന്നലനാട്ടിൽ
ഒരു 
മണ്‍കൂന?

(നമ്മള് കൊയ്യും 
വയലെല്ലാം 
വില്ലകളായി
വിളഞ്ഞല്ലോ)
=========================  

ജൈവലോകത്തെ പിടിച്ചുപറികള്‍

ഫൈസൻബാവ


ആഗോളവല്‍കരണകാലത്ത് സാമ്രാജ്യത്വ ശക്തികളുടെ കൈകള്‍ക്ക് ഏറെ മേല്‍കോയ്മയുണ്ട്. ഈ സാമ്രാജ്യത്വ ശക്തികളുടെ നിയന്ത്രണങ്ങളില്‍പ്പെട്ടു അലയുന്നവരായി മൂന്നാം ലോക രാജ്യങ്ങള്‍ ചുരുങ്ങുന്നു. ആയുധ വല്കരണത്തിലൂടെയും സാമ്പത്തിക അധിനിവേശങ്ങളാലും നേടിയെടുത്ത ഈ കറുത്ത ശക്തി ജൈവ സാങ്കേതിക രംഗത്തേക്ക് കടക്കുന്നതോടെ വിജ്ഞാന കൈമാറ്റമെന്ന മറവില്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ സമ്പന്നതയുടെ മേലെ അധികാരമുറപ്പിക്കുകയാണ്. മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ സമ്പത്തിനെ ചൂഷണം ചെയ്ത് ആ രാജ്യങ്ങളിലെ സാമ്പത്തികാടിത്തറക്ക് വിള്ളല്‍ വീഴ്ത്തുക എന്ന ഗൂഡ താല്പര്യമാണ് പല സഹായങ്ങള്‍ക്കും പിന്നില്‍. സാമ്പത്തിക നില ഭദ്രമാകാതെ വന്നാല്‍ എന്നും അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരായി ചുരുക്കികൊണ്ട് വരികയാണ് സാമ്രാജ്യത്ത ശക്തികളുടെ പരമ ലക്‌ഷ്യം. അതിലവര്‍ വിജയിക്കുന്നുമുണ്ട്.
കൊളോണിയല്‍ മേധാവിത്വം ഉറപ്പിച്ചെടുക്കാന്‍ സഹായമെന്ന പേരില്‍ ഗവേഷണങ്ങളും, വികസന മാതൃകകളും നല്‍കി വൈവിധ്യങ്ങളുടെ കലവറയായ മൂന്നാം ലോക രാജ്യ ങ്ങളിലെ ജൈവ സമ്പത്ത് തങ്ങളുടെ ജീന്‍ ബാങ്കുകളില്‍ ഭദ്രമാക്കുന്നതിനും അതിന്റെ അവകാശം സ്വന്തമാകുന്നതിനും വേണ്ടിയാണ് പേറ്റന്റ് എന്ന തന്ത്രം ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. ഇതിനകം ഒട്ടനവധി ഔഷധ സസ്യങ്ങളുടെയും മറ്റും പേറ്റന്റ് അമേരിക്ക, ജന്മനി, ജപ്പാന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ നേടിക്കഴിഞ്ഞു. അമേരിക്കയിലെ ദ്രോമാക് റിസര്‍ച്ച് എന്ന സ്ഥാപനം പ്രമേഹത്തിനുള്ള ഔഷധമെന്ന പേരില്‍ പാവക്ക, വഴുതിന, ഞാറപ്പഴം എന്നിവയുടെ പേറ്റന്റ് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ നേടിയിരുന്നു. അമേരിക്കയിലെയും യൂറോപ്പിലേയും നാല്പതോളം സര്‍വകലാശാലകള്‍ ഇന്ത്യന്‍ ഔഷധസസ്യങ്ങളെക്കുറിച്ച് പഠിക്കുവാന്‍ കേന്ദ്രങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 100 ബില്യന്‍ ഡോളര്‍ വിലമതിക്കുന്ന സസ്യ ഔഷധ മാര്‍ക്കറ്റില്‍ യൂറോപ്പ് 57 ബില്ല്യന്‍ ഡോളറും ചൈന 37 ബില്ല്യന്‍ ഡോളറും കൈകാര്യം ചെയ്യുമ്പോള്‍ ജൈവസമ്പന്നമായ ഇന്ത്യയുടെ സംഭാവന വെറും 1.7 ബില്ല്യന്‍ മാത്രമാണ്. വാണിജ്യാടിസ്ഥാനത്തില്‍ ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്നത് വെറും 20 ശതമാനം മാത്രം. ബാക്കി പലതും വംശനാശ ഭീഷണി നേരിടുന്നതോ സംരക്ഷിക്കപ്പെടാനാവാത്തവയോ ആണ്. അപൂര്‍വ ജനുസ്സില്‍പെട്ട ചില ഔഷധസസ്യങ്ങള്‍ അശ്രദ്ധമൂലമോ മറ്റു ഇടപെടലുകളാലോ ഇല്ലാതായി.

വരും കാലത്ത് ജൈവ സാങ്കേതിക വിദ്യയുടെ മറവിലാണ് സാമ്രാജ്യത്വ ശക്തികള്‍ അധിനിവേശങ്ങള്‍ നടത്തുക. ഇവര്‍ ഒരുക്കുന്ന ചതിക്കുഴികള്‍ക്ക് മീതെയാണ് ഒട്ടുമിക്ക മൂന്നാം ലോക രാജ്യങ്ങളും കഴിയുന്നത്. ഈ രാജ്യങ്ങളിലെ ഗ്രീന്‍ ഹൌസ് എന്ന് പറയുന്ന ഹരിതാഭമായ പ്രദേശങ്ങള്‍ അത്രയും ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. സഹായമെന്ന പേരിലും മറ്റും ഇവര്‍ നടത്തുന്ന കടന്നുകയറ്റം ജൈവ സമ്പത്തിനെ ചൂഷണം ചെയ്ത് ലാഭം കൊയ്യുക എന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്. പകരം മൂന്നാം ലോക രാജ്യങ്ങള്‍ക്ക് നല്‍കുന്നതോ കാലഹരണപെട്ട സാങ്കേതിക വിദ്യയും അണക്കെട്ട് പോലുള്ള കാലഹരണപെട്ട വിദ്യകളുമാണ്. ലോക വ്യാപാര സംഘടന മുന്നോട്ടു വെയ്ക്കുന്ന സ്വതന്ത്ര കമ്പോളത്തില്‍ കുത്തക ഇറക്കുമതി ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താവ് മാത്രമായി മൂന്നാം ലോക രാജ്യങ്ങള്‍ ചുരുങ്ങുകയാണ്. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളായ മോണ്‍സാന്റോ, കാര്‍ഗില്‍, ഫ്രഞ്ച് ബഹുരാഷ്ട്ര കുത്തക കമ്പനിയായ നോര്‍വത്തിയാസ് തുടങ്ങിയവര്‍ മൂന്നാം ലോക രാജ്യങ്ങളിലെ കൃഷിയിടങ്ങള്‍ ലക്ഷ്യമിട്ട് ഇറക്കുന്ന ജി. എം വിത്തുകള്‍ നമ്മുടെ യടക്കം കാര്‍ഷിക മേഖലയെ തകര്‍ഹ്ത് കൊണ്ടിരിക്കുന്നു. മണ്ണിന്റെ ഫലപുഷ്ടി ഇല്ലാതാക്കി മാറ്റുകയും ആ മണ്ണില്‍ മറ്റൊരു വിത്തും മുളപ്പിക്കാനാവാത്ത തരത്തില്‍ മണ്ണിന്റെ ഘടന മാറും. ഇതിലൂടെ ഭക്ഷ്യ മേഖല കുത്തക കമ്പനികളുടെ കൈകളില്‍ ഒതുക്കുക എന്ന മുതലാളിത്ത ലക്‌ഷ്യം ഒളിഞ്ഞിരിപ്പുണ്ട്. ടെര്‍മിനെറ്റര്‍ പോലുള്ള അന്തക വിത്തുകള്‍ കാര്‍ഷിക മേഖലക്ക് വരുത്തി വെച്ച നാശ നഷ്ടങ്ങള്‍ ചില്ലറയല്ല. ഇതും ജൈവ സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തങ്ങള്‍ ആയിരുന്നല്ലോ. ഇങ്ങനെ കാര്‍ഷിക വരുമാനത്തെ ഇല്ലാതാക്കി ദരിദ്ര സമൂഹത്തിനു മീതെ ജനിതക എഞ്ചിനീറിംഗ് വഴി അധിനിവേശം നിഷ്പ്രയാസം സാദ്ധ്യമാകുന്നു. പരമ്പരാഗത കാര്‍ഷികവൃത്തിയെ താറുമാറാക്കി ഇവയൊന്നും ശാസ്ത്രീയമല്ലെന്ന കണ്ടെത്തല്‍ നടത്തി പാരമ്പര്യ അറിവുകള്‍ക്ക് മീതെ ജൈവ സാങ്കേതിക വിദ്യയുടെ കൊളോണിയല്‍ നയനങ്ങള്‍ നടപ്പാക്കുന്നു. ഇതേ പാരമ്പര്യ അറിവുകളെ തന്നെ കര്‍ഷകരുള്‍ നിന്നും കൌശലത്തില്‍ തട്ടിയെടുത്തുകൊണ്ട് ഇവര്‍ ശാസ്ത്രീയമെന്ന പേരില്‍ തന്നെ വിപണിയില്‍ എത്തിക്കുന്നു. ഈ കമ്പോള പ്രവേശത്തില്‍ മൂന്നാം ലോക ജനതയ്ക്ക് നോക്കിനില്‍ക്കുകയെ നിവൃത്തിയുള്ളൂ.

ജനിതക സാങ്കേതിക വിദ്യയുടെ വരവ് ഭാവിയില്‍ മൊത്തം സാമ്പത്തിക മേഖലയുടെ 60 ശതമാനം മുതല്‍ 70 ശതമാനം വരെ കയ്യാളുമെന്നാണ് സാമ്പത്തിക ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നത്. ഇത് സത്യമാകുകയാണെങ്കില്‍ കാര്യക്ഷമമായ മുന്നേറ്റത്തിലൂടെ മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മുന്‍നിരയിലേക്ക് വളരാനകുമെന്ന തിരിച്ചറിവാണ് ജൈവ സാങ്കേതിക വിദ്യയുടെ വിഞ്ജാന കൈമാറ്റമെന്ന പേരില്‍ സാമ്രാജ്യത്വ ശക്തികള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ സ്വാധീനമുറപ്പിക്കുന്നത്. പേറ്റന്റ് നിയമങ്ങള്‍ മറികടക്കാനുള്ള ശക്തി ഇവര്‍ക്കില്ലാതാക്കുകയാണ് ലോക വ്യാപാര സംഘടനയുടെ സ്വതന്ത്ര കമ്പോളത്തിന്റെ ലക്‌ഷ്യം. ഇന്ത്യന്‍ മസാലകള്‍ക്ക് ജപ്പാന്‍ പേറ്റന്റ് നേടിയെടുത്തത് കടന്നുകയറ്റത്തിന്റെ ഒരു ഉദാഹരണം മാത്രം. ഇത്തരം ചാതുക്കുഴികള്‍ക്ക് മീതെയിരുന്നാണ് നമ്മള്‍ പരസ്പരം പഴിചാരി തമ്മില്‍ തല്ലി ഇല്ലാതാകുന്നത്. ആഗോളവല്‍ക്കരണത്തിന്റെ സായുധ രൂപങ്ങള്‍ തന്പ്രമാണിത്തങ്ങള്‍ കാട്ടി ലോക പൊലീസ് ചമയുന്നതും വരാനിരിക്കുന്ന ജൈവ സാങ്കേതിക വിദ്യിലൂടെയുള്ള അധിനിവേശത്തിന്റെ തുടക്കങ്ങളാണ് സ്വാതന്ത്ര കമ്പോളമെന്ന ആശയം. മൂന്നാം ലോക രാജ്യങ്ങള്‍ക്ക് ഈ കമ്പോളത്തില്‍ ഒരിക്കലും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് വന്‍ ശക്തികള്‍ക്കു നന്നായി അറിയാം. ഈ കമ്പോള നിയന്ത്രണത്തില്‍ ജൈവ സാങ്കേതിക വിദ്യയുടെ പങ്ക് വളരെ വലുതാണ്‌.

ഇതിനു ഒരേയൊരു പോംവഴി നമ്മളും ജൈവ സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തുക എന്നുള്ളതാണ്. നമ്മുടെ ജൈവ ശേഖരം സംരക്ഷിക്കാന്‍ നവീന സൌകര്യങ്ങള്‍ അടങ്ങിയ ഗവേഷണ കേന്ദ്രങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അത് വരാനിരിക്കുന്ന തകര്‍ച്ചയെ നാം തിരിച്ചറിയാതെ പോകലാകും. ഒരു പക്ഷെ നൂറോ ഇരുനൂറോ കോടി ഇതിനായി നീക്കി വെക്കേണ്ടി വന്നാലും അത് ഭാവിയില്‍ നമുക്ക് ഗുണം ചെയ്യും. നിര്‍ഭാഗ്യവശാല്‍ നാമിന്നും ചൂഷണത്തിന് വളമിട്ടു കൊടുക്കുന്ന തരത്തിലുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നു. ജൈവ സമ്പന്നമായ സൈലന്റു വാലിയില്‍ ‘ബയോവാലി’ എന്ന പദ്ധതി നടപ്പിലാക്കാന്‍ നാം മുന്നിട്ടിറങ്ങുന്നു അതോടെ അവശേഷിക്കുന്ന ജൈവ സമ്പത്തും മറ്റാര്‍ക്കോ വേണ്ടി തീരെഴുതാനാണ് നാം തയ്യാറാവുന്നത്. ഇത്തരം അപൂര്‍വ്വ മഴക്കാടുകളിലേക്ക് ഇനിയും ഒരു തരത്തിലുമുള്ള ഇടപെടലുകള്‍ പാടില്ല എന്ന തിരിച്ചരിവ് ഇനിയും നമുക്ക് ഉണ്ടായിട്ടില്ല. അതോടെ നമ്മുടെ അവശേഷിക്കുന്ന ജൈവ സമ്പത്തും ഗവേഷണമെന്ന പേരിലോ സഹായമെന്ന പേരിലോ സ്വന്തമാക്കി മാറ്റും. ലോക വ്യാപാര സംഘടനയുടെ ഇടപെടലുകള്‍ക്ക് ഇരയാവുന്ന ഓരോ രാജ്യവും ഇത്തരം ആഗോള പ്രതിസന്ധികള്‍ക്ക് നടുവിലാണ്. വിദേശ കുത്തക കമ്പനികളെ പരാജയപ്പെടുത്തികൊണ്ട് സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കുന്ന രീതിയില്‍ ജൈവ ഉല്‍പ്പന്നങ്ങളുടെ സാദ്ധ്യത കണ്ടെത്തി ജൈവ സമ്പത്തിനെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. ജൈവ സാങ്കേതിക വിദ്യയുടെ ദുരുപയോഗങ്ങള്‍ തടയാനും വേണ്ടവിധത്തില്‍ ഉപയോഗിക്കുവാനും മൂന്നാം ലോക രാജ്യങ്ങളുടെ കൂട്ടായ്മകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഇത്തരം ബദല്‍ അന്വേഷണങ്ങള്‍ ചിലയിടത്തെങ്കിലും മുഴങ്ങുന്നു എന്നത് ഏറെ പ്രതീക്ഷ തരുന്നു

കരാര്‍


ജയചന്ദ്രന്‍ പൂക്കരത്തറ
9744283321

തലയ്ക്കു വെടികൊണ്ടാല്‍
അംബാസഡറും
മരിച്ചാല്‍
ചക്രവും.

കൈയില്‍
തോക്കേന്തി നില്ക്കുന്നവരേ,
നിങ്ങളാണ് ചരിത്രം
തിരുത്തുന്നത്.

ഒരു വെടിയുണ്ടയും
തലയും
തമ്മിലുള്ള
കരാറുണ്ടല്ലോ
അതാണ്
അതിശയകരം.

സ്നേഹം

മാധവ് കെ വാസുദേവ്


ഒരു തുടം സ്നേഹം നീയെനിക്കു തന്നു
ഒരു കടലായി ഞാന്‍ തിരിച്ചു നല്‍കി

ഒരു തുള്ളി തേന്‍മഴയായി നീ വന്നു
ഒരു മഴക്കാലമായി ഞാന്‍ പെയ്തു നിന്നു.

ഒരു പൂവെനിയ്ക്കായിയിറുത്തു തന്നു
ഒരു പൂക്കാലം ഞാൻ പകരം തന്നു

ഒരു മഞ്ഞു തുള്ളിയായി നീ ഉണർന്നു
ഒരു പുലരോളിയായി ഞാൻ കാത്തു നിന്നു

ഒരു പൂവിതളായി നീ വിടർന്നു നിന്നു
ഒരുപൂമ്പാറ്റയായി പാറി വന്നു

ഒരു മുളം കാടായി നീ പൂത്തു നിന്നു
ഒരു കുഞ്ഞു തെന്നലായി പാറി വന്നു

ഒരു താരകമായി നീ കണ്‍ചിമ്മി നിന്നു
വാനത്തിൻ പന്താലായി തിരിച്ചു തന്നു

ഒരു കാട്ടരുവിയായി നീ ഒഴുകി വന്നു
ഒരു കടലായി ഞാൻ നിന്നെ മാറിലേറ്റി

ഒരു വല്ലം സൗഭാഗ്യം നിനക്കു നല്കി
ഒരു കനൽ ഭാരം നീ യെനിക്കു തന്നു

ഒരു സ്നേഹ പൂമേട നിനക്ക് നല്കി
ഒരു നോവിണ്‍ കൂടാരം പണിതു തന്നു

ഒരു തുടം സ്നേഹം നീയെനിക്കു തന്നു
ഒരു കടലായി ഞാന്‍ തിരിച്ചു നല്‍കി

അവതാരിക തേടുന്ന - ആരതിയുടെ കവിതകൾ .............................................

ടി.സി.വി. സതീശൻ

അടുപ്പിൽ
അരി തിളച്ചുമറിയുമ്പോഴാണ്
ആരതിക്ക്
ഉള്ളിലൊരു കവിത വന്നത്

അടുപ്പൂതിക്കെടുത്തി
ആരതി
ശയനമുറിയിലേക്കു നടന്നു
ശയനമുറിയിൽ
ക്ലോക്ക് സമയം തെറ്റി -
മാറാലയിൽ
കഴുത്തുനീട്ടി ഞെരുങ്ങുന്നു

അരിവെന്തു കഞ്ഞിയായിരിക്കുന്നു
കവിത വെന്തു കഞ്ഞിയാവാതെയും
മാറാലയിൽ -
നിലച്ച ക്ലോക്കാവതെയും നോക്കണം

അവൾ
എഴുത്തു മുറിയിലേക്ക് ചെന്നു
അടഞ്ഞു കിടക്കുന്ന ജനൽ വാതിലുകൾ
നരിച്ചീറുകൾ കലപില കൂട്ടുന്നു
കവിത നരിച്ചീറുകൾക്ക് തീറ്റയാകരുത്
അകമുറിയിൽ കാറ്റും വെളിച്ചവും കേറണം

ആരതി
മുറ്റത്തേക്കിറങ്ങി
ഉച്ചവെയിലിനു മഞ്ഞ നിറം
ഇലകളനങ്ങാത്ത -
ഇമകളനങ്ങാത്ത ഗ്രഹണി കാലം
മനസ്സ് നിശ്ചലം ..
കവിതയെ പാമ്പ് വിഴുങ്ങിയോ ?

പകൽ സൂര്യനെ നോക്കി ..
നീലാകാശത്തെ നക്ഷത്രങ്ങളെ നോക്കി
ആരതിയുടെ ചുണ്ടുകൾ കേണു,
ഇനിയും എഴുതിത്തീരാത്ത -
എന്റെ കവിതയ്ക്ക് ഒരു അവതാരിക

മൂകസാക്ഷി



മഞ്ജു വർഗീസ്

നിന്‍റെ പ്രണയരഹസ്യങ്ങളിലും സ്വകാര്യനിമിഷങ്ങളിലും
നീയറിയാതെ പങ്കാളിയാകുന്നവള്‍..

നിന്‍റെ ഹൃത്തിന്‍റെ അന്ത്യതുടിപ്പുകള്‍ അറിയുന്നവള്‍
നിന്‍റെ അവസാന നെടുവീര്‍പ്പുകളുടെ ആഴമറിയുന്നവള്‍
നിന്‍റെ നീറുന്ന ഗധ്ഗദങ്ങളുടെ അര്‍ത്ഥമറിയുന്നവള്‍
നിന്‍റെ ചുടുചോരയുടെ രുചിയും ഗന്ധവുമറിയുന്നവള്‍..

നിന്‍റെ കൂടപ്പിറപ്പുകളുടെ കണ്ണുനീരില്‍
കുതിര്‍ന്ന് കിടന്നു വിതുമ്പുന്നവള്‍ ..
രാവിന്‍റെ നിഗൂഡതയില്‍
പിച്ചിച്ചീന്തപ്പെടുന്ന ജന്മങ്ങള്‍ക്ക്
ഭയക്കാതെ കാവല്‍ കിടക്കുന്നവള്‍..

എരിയുന്ന അഗ്നിയുടെ ചൂടേറുന്ന
മൗനനൊമ്പരങ്ങള്‍ നെഞ്ചകത്തിലേറ്റുന്നവള്‍
പൊരിവേനലില്‍ ഭൂമിയുടെ ദാഹമകറ്റുന്ന
ഒരു കുളിര്‍മഴ തന്നിലും പെയ്തെങ്കിലെന്നു
വെറുതെ മോഹിക്കുന്നവള്‍ ....

ഇരുമ്പിന്‍റെ കരുത്തും, ഉരുകുന്ന ഹൃദയവുമായ്
വിധിയെ തടുക്കാനാകാതെ, നിസ്സഹായയായ്
എല്ലാത്തിനും മൂകസാക്ഷിയായ്
നിലകൊള്ളുന്നവള്‍, ഞാന്‍, റെയില്‍പ്പാളം....

പ്രണയക്കെടുതികൾ

ആരതി ബി പൊസിറ്റീവ്



ഇനിയൊരു തിരിച്ചു വരവാണ്,
തിരിച്ചറിയലിന്‍റെ തിരിച്ചു വരവ്..

നമുക്ക് പുറകോട്ടു നടക്കാം..,
കൈ അയച്ചുള്ള ഒരു പിടിയായിരുന്നു
കണ്ണില്‍ അന്നുള്ള ലജ്ജയില്ല
കവിളില്‍ ചാലുമില്ല
ചുണ്ടുകള്‍ നുണഞ്ഞു
ദുഃഖം ഇറക്കുന്നുണ്ടാകാം.

അതിനും വളരെ മുന്‍പ്‌...,
ജനാലയുടെ അഴികളുടെ നാണം
നിന്നോടുള്ള സ്നേഹം
അതിലൂടെ എന്നോടുള്ള സ്നേഹം
ഇന്നെക്കുള്ള ചത്തു മലര്‍ച്ച
കഥക്കുള്ള ഘോഷയാത്രയും.

ഇവയ്ക്കൊക്കെയും മുന്നേ..
മോഹം,
സ്വപനം,
ഇടവഴികള്‍,
പാട്ടുകള്‍,
അനുഭൂതികള്‍,
ചവോക്ക് മരങ്ങളുടെ താഴ്വര...

ഇന്ന്..,
എല്ലാം ചേര്‍ന്നുള്ള നമ്മള്‍
ആള്‍ക്കൂട്ടത്തില്‍ തനിയെ...

എങ്കിലും ......

സഞ്ജയ് അലക്സാണ്ടർ ആലംചേരി

എനിക്കും നിനക്കുമിടയിൽ ഒരു മതിലുണ്ട്
ഒരദൃശ്യ മതിൽ.....
സമൂഹം കെട്ടിപ്പൊക്കിയ വന്മതിൽ .....

സദാചാര മുഖമൂടികൾ കാവലിരിക്കും മതിൽ
കാഴ്ച മറയെക്കുന്നുണ്ട് നിന്നിൽ നിന്നുമെന്നെ ...

എങ്കിലും ......

നിന്‍റെ തേങ്ങലുകള്‍ ചുട്ടുപ്പൊള്ളുന്ന ലാവ -
പോലെന്‍റെ ഹൃദയത്തെ മൂടുന്നു .....
ഉരുകും മനസ്സോടു നിന്നോടൊപ്പം
കണ്ണീര്‍ വാര്‍ക്കാനല്ലാതെ മറ്റെന്താണാവുക....

നിന്‍റെ കണ്ണീര്‍ തുടയ്‌ക്കുവാനെന്നവണ്ണം
ശൂന്യതയിലേക്ക് എന്‍റെ കൈകള്‍ നീട്ടുന്നു ...
അപ്പോഴൊക്കെ
നിന്‍റെ തേങ്ങലുകള്‍ നേര്‍ത്തു വരുന്നു
എന്‍റെ സ്വാന്തനം നിന്നരികിലെത്തിയപോലെ....

ഇനി നീ ഒന്നും പറയരുതെന്നോട് ....
കാണാതെ കേള്‍ക്കാതെ
നിന്‍റെ ദുഃഖം ഞാനെന്‍റെ ചങ്കിലെറ്റുന്നു
ഞാൻ നിന്നെയറിയുന്നു...

കരയുക ദുഃഖം അലിയുവോളം ...
ശൂന്യതയിൽ എന്‍റെ കരമുള്ള കാലത്തോളം ...

എനിക്കാവുക ഇത്രമാത്രം




സുലോച് എം. എ

എഴുതാന്‍ തുടങ്ങുമ്പോള്‍
ദൂരങ്ങളില്‍ ഒരു പുഴ
ഒഴുകാനാവാതെ ഒഴുകുന്ന
ഒച്ച
കേള്‍ക്കാം..
കാറ്റില്‍

ആര്‍ത്തലച്ചു പോകുന്ന
തീവണ്ടിയുടെ
ഒടുവിലുതെ കംബര്‍ത്ടുമെന്റില്‍
നാറി നില്‍കുന്ന
യാചകനെ ..
മരണകിടക്കയില്‍
മകനുപേക്ഷിച്ചു പോയ
അമ്മയെ ..

ഓർമ്മയിലാത്ത
കാലത്ത് നിന്നും
അവളെ ഉമ്മവെക്കാതെ
വെക്കുന്ന അവനെ..
കടം മതില്‍കെട്ടി മറച്ച
ജീവിതവുമായി
റോഡുമുറിച്ചു കടക്കുന്ന
കവിയെ...
കണ്ണീരിന്റെ പായലുകളില്‍
നിന്നും
ബാല്യത്തെ തിരഞ്ഞുപോകുന്ന
പേനയെ..

നിരത്തിവെച്ച
ലഹരിയുടെ നുരകള്‍ക്കിടയില്‍
കൊളുത്തി വെച്ച
കാമത്തെ ..
മകളെ ഭോഗിച്ചു
തലച്ചോര് നഷ്‌ടമായ
അപ്പനെ,
വഴിവക്കില്‍ നിന്നും
ഫോക്കസ് ചെയ്തു
തുടങ്ങും
ജീവിതത്തിന്റെ
ക്യാമറ കണ്ണുകളെ....

സ്നേഹത്തിന്റെ
സകല
നിറഭേദങ്ങളോടുമായി
ഇടക്കെപ്പോഴോ
പറന്നു വരും
ശലഭ കാഴ്ചകളെ ...
തെറ്റിയെഴുതിയ വഴികളില്‍
നിന്നും
തേങ്ങല്‍ ഒളിപ്പിച്ചു
കടന്നു പോകുന്ന
കവിതയെ ....

എന്നെ
നിന്നെ ...
പിന്നെ മറ്റാരെയോ ഒക്കെ ...

എന്നിട്ടും
ഞാന്‍ എഴുതുന്നു

"പ്രിയേ ഞാന്‍ ഉറങ്ങുവാന്‍
പോകുന്നു
ഇനി നാളെ പ്രണയകവിത എഴുതി
പോസ്റ്റ്‌ ചെയ്യാം "

എന്ന് മാത്രം .........

എനിക്കാവുക ഇത്രമാത്രം..!!!
6]

ചെറുകവിതകൾ


യോതിഷ് ആറന്മുള



ഞാനും 

കൂടെയുണ്ടെന്നു  തോന്നിപ്പിക്കും വിധം
ചേർന്നു നില്ക്കുന്ന
ഒരുപാട് ഒറ്റകൾക്ക് നടുവിൽ
ഞാനും ഒറ്റയ്ക്കാവുന്നു..... 

2. ഒറ്റവരിപ്പാത 

ഒന്നാണെന്നു പറഞ്ഞ വഴിയിൽ നിന്ന്
മുൻപോട്ടും പുറകോട്ടും
ഒറ്റയ്ക്കൊറ്റയ്ക്കു തിരിഞ്ഞു -
ദൂരേക്ക് നീണ്ടു നീണ്ടു പോകുന്ന
ഒറ്റവരിപ്പാത ......


3. കുടിശ്ശിക 

പത്തുമാസത്തെ വാടക ,
കുടിശ്ശിക തീർത്ത്‌
വൃദ്ധസദനത്തിലെ
ഒറ്റമുറിക്കു കൊടുക്കുന്ന മക്കൾ .....

4. പൊട്ടത്തെറ്റ്


ഒറ്റയിൽ നിന്നൊറ്റ കൂട്ടുമ്പോഴും
കുറയ്ക്കുമ്പോഴും
രണ്ടൊറ്റകൾ  അവശേഷിക്കപ്പെടുന്നിടത്താണ്
ജീവിതത്തിന്റെ ഗണിതവും
ഗണിതത്തിലെ  ശാസ്ത്രവും തമ്മിൽ തെറ്റുന്നത്


5.ഓർമ്മയിലേക്കെന്നും  ഒറ്റയ്ക്ക് 

തുമ്പിക്ക് പിന്നാലെ,
തുമ്പപ്പൂ പറിച്ച്,
കളിക്കൂട്ടുകാർ ഒട്ടൊരുപാടുണ്ടെന്നാകിലും....
ഓലപ്പമ്പരം കറക്കിക്കൊണ്ട്
ഒറ്റയ്ക്കാണെപ്പോഴും
പ്രതീക്ഷയോടെ കുട്ടിക്കാലത്തിലേക്ക്
ഓടിചെല്ലാറ്

6. ഇത്തിൾക്കണ്ണി

മഴവന്നു വിളിച്ചിട്ടും
തളിർക്കനാകാതെ...
കാറ്റ് പിടിക്കതൊരു ഒറ്റമരം ..
വസന്തമെത്തി മടങ്ങിയ ചില്ലയിൽ
അവശേഷിച്ച -
രണ്ടിലകളിൽ
ജീവന്റെ പച്ചപ്പ്‌ മങ്ങിതുടങ്ങിയിട്ടും ,
ജലഞരമ്പുകളിൽ നിന്നോടുവിലത്തെ -
തുള്ളിയും കവർന്നെടുത്തിട്ടും,
മതിയാകാതെ ..
തിന്നു തിന്നെന്റെ ഹൃദയവും
കാർന്നുതിന്ന് -നീ
പടർന്നു കയറുന്നതെങ്ങോട്ടാണ് ...

ചിലത്

   എസ്  രാജശേഖരൻ


ചിലതുണ്ട് പറയുവാൻ, ചിലതുണ്ട് കേൾക്കുവാൻ
ചിലതുണ്ട് ബാക്കി വയ്ക്കാനായ്
ചിലതുണ്ട് കണ്ണിന്റെ കാതിന്റെ പിന്നിൽ വ-
ന്നണിയത്തൊതുങ്ങിനിൽക്കാനായ്.

ചിലതെന്റെ നിദ്രയുടെ സംഗീതമായ് വന്നു
പുലരിയെ തോറ്റിയുണർത്താൻ
ചിലതെൻ പകലിന്റെയെരിതീയിൽ വേവുന്ന
ചുടു മരുസ്വപ്നങ്ങളായി
ചിലതീയിരുളിനെ ചന്ദ്രികച്ചാർ പൂശി
വെളിവായ് തൊടുത്തുയർത്താനായ്
ചിലത് വെണ്മണലിൽ സുനാമിപോൽ, പ്രാണനെ
പഴുതേയമുഴ്ത്തിയാഴ്ത്താനായ്
ചിലതു,ണ്ടറുതിയിലാഴുന്ന ജീവന്ന്
പുതു ചേതനശ്വാസമേകാൻ
ചിലതു,ണ്ടപരന്റെ പരുഷമാം വാക്കിനെ-
യിനിയ സംഗീതമായ് മാറ്റാൻ
ചിലതുണ്ട് ചിതലിച്ച ലോകത്തെ വാക്കിനാ,-
ലൊരു നോക്കിനാൽ പുതുക്കാനായ്
ചിലതു,ണ്ടിനിയും വരാത്ത നാളേ,യ്ക്കതിൻ
പുതുമന്ത്രമായ് ചെവിയിലോതാൻ.

ചിലതുണ്ട് പറയുവാൻ, ചിലതുണ്ട് കേൾക്കുവാൻ,
ചിലതുണ്ട് ബാക്കിയായ് നിത്യം!

മുത്തുകള്‍


എം.കെ.ഭാസി



വര്‍ഷകാലങ്ങള്‍ കുത്തിയൊലിച്ചെന്‍
മുന്നിലൂടെക്കടന്നു പോകുമ്പോള്‍

ഈറനായി വരുന്ന ഹേമന്തം
നാണമാര്‍ന്നടി വച്ചണയുമ്പോള്‍

ദാഹമാര്‍ന്നൊരീ മണ്ണിന്‍റെ മാറില്‍
വേനല്‍ വീണു തളര്‍ന്നുറങ്ങുമ്പോള്‍

ഫുല്ലവാസന്ത കാന്തികള്‍ ലജ്ജാ-
നമ്രമിങ്ങുവന്നെത്തി നോക്കുമ്പോള്‍

മുത്തെടുക്കുവാന്‍ മുങ്ങി നില്‍ക്കുന്നൂ
മുക്കുവച്ചെറു കുട്ടികള്‍ നിങ്ങള്‍.

തപ്തമീ മരുഭൂമി തന്‍ ദുഃഖ-
ചിന്തയെന്‍റേതാണെന്നറിയുമ്പോള്‍

വാടിവീണ കിനാവുകള്‍ പോലെ
വീണപൂവുകള്‍ നോക്കി നില്‍ക്കുമ്പോള്‍

പെയ്യുവാന്‍ വിങ്ങിത്താണു വന്നെത്തും
വര്‍ഷകാലമേഘങ്ങളെപ്പോലെ

താത കണ്വന്‍റെ ദുഃഖമെന്നുള്ളില്‍
കൂടുകെട്ടിക്കഴിയുകയല്ലോ.

ഞാനറിയാതെന്നുള്ളിലുറങ്ങും
സാഗരത്തിന്നഗാധതയിങ്കല്‍

മുത്തെടുക്കുവാനെങ്ങുനിന്നെത്തി
മുക്കുവച്ചെറു കുട്ടികള്‍ നിങ്ങൾ

വീട്

മുജീബ് ശൂരനാട്

ചിലപ്പോഴൊക്കെ
അമ്മയിലേക്കുള്ള വഴിയാണത്

അടച്ചു വച്ച പാത്രങ്ങളില്‍
സ്നേഹം വിളമ്പി കാത്തിരുന്ന്
ഉറങ്ങിപ്പോയിട്ടുണ്ടാകും ...

മറ്റു ചിലപ്പോള്‍ ...
ജീവിതത്തെ,
വൈകിയെത്തലുകളെ
വെറുതേ അതിങ്ങനെ ചോദ്യം ചെയ്യും ...

ബാപ്പ വക്കീലാകും
ഉമ്മ ജഡ്ജിയാകും
പെങ്ങന്മാര്‍ സാക്ഷികളാകും

പ്രതിഭാഗം കേള്‍ക്കാന്‍
ആരുമില്ലാതെ
ഞാനിങ്ങനെ നിന്നെരിയും

വിചാരണ നീട്ടിവയ്ക്കുമ്പോള്‍
ഒറ്റയ്ക്കു വന്നു കിടക്കും

ഉറക്കം കൂട്ടു വരുമ്പോഴെപ്പോഴോ
മുടിയില്‍ തഴുകി
മിണ്ടാതെ തിരികെ നടക്കുന്നുണ്ടാകും ;
തൊട്ടിലില്‍ സ്നേഹത്തെ കൂട്ടിരുത്തി
അടുക്കളയിലെ കരിയേറ്റ്
പുകയൂതുന്ന
എന്റെയാ പഴയ ഉമ്മ.

തൂപ്പുകാരി

മനോജ് കാട്ടാമ്പള്ളി



നീയൊരു തൂപ്പുകാരിയാണ്
എന്‍റെ ചിതറിയ ചോര
ഒപ്പിയെടുത്ത്
മറവിയുടെ വെടിപ്പ് തൂവുന്നു

ഹൃദയത്തില്‍
നിന്നെയൊരു
കാരമുള്ളാക്കിയവനെ
ഓര്‍മയില്‍ നിന്ന്
കഴുകി വെടിപ്പാക്കൂ

ഞാന്‍ തുടിക്കുന്ന
ഓരോ തുള്ളി ചോരയിലും
നീ പ്രണയാണുക്കളായ്
നിലനിന്നത് കൊണ്ട്
കൈ വിറയ്ക്കല്ലേ

നിന്‍റെ ചൂലിന്
വടിവാളിനോളം മൂര്‍ച്ചയുണ്ട്
എത്ര വെട്ടിയിട്ടും
കൊതിതീരാത്ത വാശി
നീ തൂത്തുകൊണ്ടിരിക്കുന്ന
ചൂലില്‍ നിന്ന്
സ്പര്‍ശിച്ചറിയുന്നുണ്ട്.

നിനക്ക് ഞാന്‍ ,
ചവറു വണ്ടിയില്‍
അകലേക്ക്‌
കൊണ്ടുതള്ളേണ്ട
മലിനജലം

അതിന്റെ ഓര്‍മയില്‍
ചോരകൊണ്ട് ചുവന്ന്
തിരയടിക്കുന്ന കടല്‍
എന്‍റെ മാത്രം
രക്തസാക്ഷിത്വം .

കള്ള് വരുത്തിവച്ച വിന

ജോണി ജോസഫ്

പുലരും മുതൽ അന്തിവരെ
ജോലി ചെയ്ത ക്ഷീണമകറ്റാൻ
വൈകിട്ടൊരു രണ്ടു പെഗ്ഗ്
ഹാ എന്തൊരാശ്വാസം !!!

രണ്ടു പെഗ്ഗകത്തു ചെന്നപ്പോൾ
വീട്ടിലേക്കു പോകും വഴി
ചീട്ടുകളി ക്ലബ്ബു കണ്ടപ്പോൾ
അറിയാതെ ഒന്നിരുന്നുപോയി

കയ്യിലുള്ള കാശുപോയി
നാണക്കേട്‌ ബാക്കിയായി
വീട്ടിൽ കയറി ചെന്നപ്പോൾ
കേട്ടിയോൾക്ക് പരിഭവം

അകത്തുകിടന്ന കള്ളും പിന്നെ
കാശുപോയ നിരാശയും
ഒന്നവൾക്കിട്ടു പൊട്ടിച്ചു
കളിയെല്ലാം കാര്യമായി

അവൾ വല്യവായിൽ നിലവിളിച്ചു
കുട്ടികൾ ഉറക്കമുണർന്നു
നാട്ടുകാർ ലൈറ്റിട്ടെത്തിനോക്കി
എനിക്കരിശം മൂക്കിൻ തുമ്പിൽ

നാണക്കേടോർത്തവളുടെ
വായ മൂടാൻ ശ്രമമായി
ഉന്തും തള്ളുമായിട്ടവിടെ
ഉരുണ്ടു വീണവൾ 'പോയി'

കള്ളിന്റെ കെട്ടുവിട്ടെനിക്ക്
നാട്ടുകാർ മൊത്തമറിഞ്ഞു
ഓടിക്കൂടി കെട്ടിയിട്ടെന്നെ
കൈമാറി പോലീസിന്

നഷ്ട്ടപ്പെട്ട ജീവിതം എങ്ങിനെ
എന്നാലോചിച്ചു ഞാൻ
ക്ഷീണം അകറ്റാൻ അകത്താക്കിയ
രണ്ടു പെഗ്ഗ് കള്ളുതന്നെ കാരണം ?????

കവിതയിൽ


സി വി പി നമ്പൂതിരി
പുരാവസ്തു ഗവേഷകന്‍ കവിതയില്‍ തേടുന്നു;
കാര്‍ബണിന്‍റെ ഹിമപടലത്തിലൂടെ,
മരിച്ചവരുടെ ജാതകം.....
മണ്ണിനടിയില്‍ നിന്നും ഒരു എരിക്കിന്‍ പൂവ്....

കുഞ്ഞുങ്ങള്‍ കവിതയില്‍ തേടുന്നു;
നക്ഷത്രമിഴികളുള്ള പാവക്കുട്ടിയെ;
മഴവില്ലില്‍ നിന്നും പെയ്തിറങ്ങുന്ന മാലാഖയെ....

യുവാക്കള്‍ കവിതയില്‍ തേടുന്നു;
വനവസന്തങ്ങലുടെ നിലാമഴയെ....
വീഞ്ഞും നൃത്തവും സംഗീതവുമായി
വന്നെത്തുന്ന രാത്രികളെ...

വൃദ്ധര്‍ കവിതയില്‍ തേടുന്നു;
പിരിയുന്ന കാലൊച്ചകളെ
ജരാനരകള്‍ ഏറ്റുവാങ്ങുന്ന മകനെ....
ഒടുവിലെ പുകവണ്ടിയുടെ ഇരമ്പലിനെ..

കാമിനി കവിതയില്‍ തേടുന്നു;
മേഘനിറമുള്ള ഒരുവാക്ക്;ഒരു വരി....

അമ്മ കവിതയില്‍ തേടുന്നു;
വരാന്‍ വൈകുന്ന മക്കളുടെ കാലൊച്ച...

എന്നാല്‍ കവിയോ,അവന്റെ കവിതയില്‍ തേടുന്നു;
അവന്റെപക്ഷിയുടെ ചിറകടി;
വൃക്ഷത്തിന്റെ തളിരില;
മൃഗത്തിന്റെ കാട്;
പറയാന്‍ മറന്ന വാക്ക്;
വിട്ടുപോയ മൌനം;
മനസ്സിന്റെ ഇടനാഴി;ആത്മാവിന്റെ ഭാഷ...

‘കളിമണ്ണ്’ മലയാള സിനിമയോട് ചെയ്തത്.



സനൽ ശശിധരൻ


ഇന്ത്യൻ സിനിമ അതിന്റെ 100 വയസ് ആഘോഷിക്കുകയാണ്. രേഖപ്പെടുത്തപ്പെട്ട മനുഷ്യചരിത്രത്തിൽ ഒട്ടും ചെറുതല്ലാത്ത ഒരു കാലയളവാണ് ഈ ഒരു നൂറ്റാണ്ട് എന്നത്. മറ്റൊരു കലാരൂപവും സിനിമയുടെ അത്ര അഴത്തിൽ മനുഷ്യജീവിതത്തെ സ്വാധീനിച്ചിട്ടില്ല. ട്രെൻഡുകൾ സൃഷ്ടിക്കുകയും പൊളിക്കുകയും ചെയ്യാനുള്ള അതിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്. കവിതയിലും കഥയിലും നൃത്തത്തിലും നാടകത്തിലും എന്നുവേണ്ട പ്രണയത്തിലും കുറ്റകൃത്യങ്ങളിലും പോലും പ്രകടമായ ഒരു ‘സിനിമാറ്റിക് എഫക്ട്’ അത് സൃഷ്ടിച്ചു. ഇത് സിനിമ എന്ന കലാരൂപം നമ്മുടെ ഭാഷായോടോ ജീവിതത്തോടോ മാത്രം ചെയ്ത ചെയ്ത്തല്ല. ലോകമെമ്പാടും അത് അങ്ങനെ തന്നെയാണ്. ഒരു ആസ്വാദകനെ സംബന്ധിച്ച് സിനിമയുടെ പൂർവികൻ ഫോട്ടോഗ്രാഫിയോ ബയോസ്കോപ്പോ അല്ല, അത് എല്ലാ ചുവരുകളിലും അവൻ തേടുന്ന ഒരു ചെറിയ ചതുരമാണ്, ഒരു ജാലകം അല്ലെങ്കിൽ ഒരു മുഖക്കണ്ണാടി.  വളരെ എളുപ്പത്തിൽ സിനിമ മനുഷ്യനെ കീഴടക്കുന്നതിനു കാരണം ഒരു കണ്ണാടിയോടും ജാലകത്തോടുമുള്ള അവന്റെ സ്വാഭാവികമായ അടുപ്പമാണ്.
സമൂഹത്തെ ആഴത്തിൽ സ്വാധീനിക്കാനുള്ള ഈ കഴിവു പക്ഷേ സിനിമ ഉപയോഗപ്പെടുത്തിയത് സ്വന്തമായി ഒരു നിലപാടോ അഭിരുചിയോ സൃഷ്ടിച്ചുകൊണ്ടല്ല കാലാകാലമുള്ള സമൂഹത്തിന്റെ മൂല്യബോധങ്ങളോട് കണ്ണടച്ച് ചേർന്നു നിന്നുകൊണ്ടാണ്. ഒരുതരത്തിൽ പറഞ്ഞാൽ പരമ്പരാഗതമായതും പുരുഷ-പുരോഹിത നിർമിതമായതും വരേണ്യശാസനങ്ങൾക്ക് അനുസൃതമായതുമായ ഒരു മൂല്യബോധനത്തിന്റെ പ്രചരണോപാധിയായി പ്രവർത്തിക്കുകയായിരുന്നു സിനിമ ചെയ്തു പോന്നത്. ഒരു ജയിലിൽ ഏതൊക്കെ ചുവരുകളിൽ ജനാലകൾ ആവാമെന്നും അവ എങ്ങോട്ടൊക്കെ തുറക്കാമെന്നും ജയിലധികാരികൾ തീരുമാനിക്കുന്ന പോലെയാണ് ഏതൊക്കെ തരത്തിലുള്ള സിനിമകൾ ആവാമെന്നും എത്രമാത്രം കാഴ്ചകൾ കാണിക്കാൻ അവയെ അനുവദിക്കാമെന്നും സമൂഹത്തിലെ നിയന്ത്രണ കേന്ദ്രങ്ങൾ തീരുമാനിക്കുന്നത്. ഇതിനനുസൃതമായിത്തന്നെയാണ് ഭരണകൂടങ്ങളും പ്രവർത്തിക്കുന്നത്. അതിനു തെളിവാണ് സിനിമയ്ക്ക് മാത്രമുള്ള സെൻസർ ബോർഡുകൾ. നാടകത്തിനോ, സംഗീതത്തിനോ, ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾക്കോ ഒന്നും സെൻസർ ബോർഡ് ഇല്ലാതിരിക്കുമ്പോൾ എന്തുകൊണ്ട് സിനിമയ്ക്ക് സെൻസർ ബോർഡ് എന്ന ചോദ്യത്തിനും ഒരൊറ്റ ഉത്തരമേയുള്ളു. സിനിമയും നിലനിൽക്കുന്ന സമൂഹവും തമ്മിൽ മറ്റൊരു കലാരൂപവും സമൂഹവും തമ്മിലില്ലാത്ത ഒരുടമ്പടിയുണ്ട്. ആ ഉടമ്പടി ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തലാണ് സെൻസർ ബോർഡ് ചെയ്യുന്നത്. ഈ അലിഖിത ധാരണകൾ എപ്പോഴൊക്കെ, ഏതൊക്കെ സിനിമകൾ ഭഞ്ജിക്കാൻ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അത്തരം സിനിമകൾക്കെതിരെ ശക്തമായ എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്.
കളിമണ്ണ് എന്ന സിനിമയെക്കുറിച്ചുള്ള പ്രാരംഭവാർത്തകൾ പുറത്തു വന്നപ്പോൾ തന്നെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന എതിർപ്പുകൾക്ക് കാരണവും അതുതന്നെയാണ്. പ്രസവം യഥാർത്ഥത്തിൽ കാണിക്കുന്നത് കലയല്ല എന്നും കച്ചവടമാണെന്നുമായിരുന്നു ഒരു പ്രധാന വിമർശനം. അത് ധ്വന്യാത്മകമായി കാണിക്കാമായിരുന്നു എന്നതാണ് മറ്റൊരു വാദം. ശരിക്കു പറഞ്ഞാൽ കഥകളിപോലെയോ നാടകം പോലെയോ സിനിമ സിമ്പോളിസത്തിന്റെ കലയല്ല. യാഥാർത്ഥ്യത്തെ അതിന്റെ സ്ഥലത്തും സമയത്തും ചെന്ന് പകർത്താനുള്ള സ്വാതന്ത്ര്യമാണ് സിനിമയുടെ ഏറ്റവും വലിയ ശക്തിയും സാധ്യതയും. ഒരു കാലത്ത് സ്റ്റുഡിയോ സെറ്റുകളിൽ അരങ്ങേറുന്ന നാടകങ്ങളുടെ വീഡീയോഗ്രാഫി എന്ന നിലയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സിനിമ അവിടെ നിന്നും പുറം വെളിച്ചത്തിലേക്ക് രക്ഷപെട്ടിട്ട് അരനൂറ്റാണ്ടോളമായെങ്കിലും ഇന്നും നാടകത്തിന്റെ സ്വഭാവമായ സിമ്പോളിസത്തിൽ നിന്നും അത് രക്ഷപെട്ടിട്ടില്ല. ഇപ്പോഴും സിനിമകൾ നാടകത്തിന്റെ വീഡിയോഗ്രാഫിയായി തന്നെ തുടരുന്നു. നാടകം അരങ്ങേറുന്നത് സെറ്റിലല്ല നിരത്തിലാണെന്ന് മാത്രം. ശാരീരിക ബന്ധം കാണിക്കേണ്ടിവരുമ്പോൾ വിളക്കണയ്ക്കുന്നതും, പ്രസവം കാണിക്കേണ്ടിവരുമ്പോൾ കുട്ടിയുടെ കരച്ചിൽ ശബ്ദം കേൾപ്പിക്കുന്നതും ഒക്കെ നാടകത്തിന്റെ പരിമിതികൾ അതേപടി സിനിമയിൽ ഉപയോഗിക്കുന്നതാണ്. പ്രേക്ഷകന് മനസിലാകാൻ അത് മതി എന്നാണ് നിരൂപകർ പറയുന്നത്. പ്രേക്ഷകനെ മനസിലാക്കിക്കുക അല്ല സിനിമയുടെ ലക്ഷ്യം, പ്രേക്ഷകനെ അനുഭവിപ്പിക്കുകയാണ്. പ്രസവമുറിക്ക് പുറത്ത് ഉലാത്തുന്ന പുരുഷന്റെ സിഗരറ്റ് വലിയാണ് മലയാള സിനിമാ പ്രേക്ഷകൻ അറിയുന്ന പ്രസവ സംബന്ധിയായ ഏറ്റവും വലിയ ടെൻഷൻ. ഉള്ളിൽ ഒരു സ്ത്രീ പ്രസവിക്കുന്നു എന്നു മനസിലാകാൻ അതുമതി പക്ഷേ പുറത്തുലാത്തുന്ന പുരുഷൻ ഉള്ളിലെ സ്ത്രീയെക്കാൾ എത്ര നിസാരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസിലാക്കണമെങ്കിൽ ക്യാമറ ഉള്ളിലേക്ക് പോകണം. പ്രസവം എന്നാൽ വേദന കടിച്ചുപിടിച്ച് ഒരു സ്ത്രീ തലയിട്ടുരുട്ടുമ്പോൾ കുഞ്ഞുവാവ കരഞ്ഞുകൊണ്ട് പ്രത്യക്ഷപ്പെടുന്ന മഹാത്ഭുതമല്ലെന്ന് അനുഭവിക്കണമെങ്കിൽ ക്യാമറ കുറേക്കൂടി സാഹസത്തിനു മുതിരേണ്ടിവരും. പക്ഷേ അത്രത്തോളം പോകാൻ ക്യാമറയെ നമ്മുടെ സമൂഹം അനുവദിച്ചിട്ടില്ല. ഏറിയാൽ നിറവയർ വരെ. അതുകഴിഞ്ഞാൽ ഒരു ബ്ലാക്ക് ഔട്ടും കുട്ടിക്കരച്ചിലും കൊണ്ട് കാര്യം നടത്തിക്കോണം എന്നാണ് ശാസന.
ഈ പരിധികൾ ലംഘിച്ച് ക്യാമറ സാഹസത്തിനു മുതിർന്നു എന്നതിലാണ് കളിമണ്ണ് വിമർശകരുടെ രോഷത്തിന് പാത്രീഭൂതമായത്.  സിമ്പോളിസങ്ങളിലൂടെ കടുപ്പമുള്ള യാഥാർത്ഥ്യങ്ങളെ പൈങ്കിളീകരിച്ച് തൂവൽസ്പർശങ്ങളായി അവതരിപ്പിക്കുന്നതുകൊണ്ട്  സിനിമകൾ സമൂഹത്തിനോടു ചെയ്യുന്നത് കൊടും പാതകമാണ്. ഒരു കണ്ണാടി നമ്മളോട് കള്ളം പറയാൻ തുടങ്ങിയാൽ എന്താണോ അവസ്ഥ അതായിരിക്കും അപ്പോഴുണ്ടാകുന്ന സ്ഥിതി വിശേഷം. മുഖത്തെ കരി കണ്ടില്ലെങ്കിൽ നാം അതും കൊണ്ട് നിരത്തിലേക്കിറങ്ങി നടക്കും. അതേക്കുറിച്ച് ചിന്തിക്കാൻ സമയം പാഴാക്കുന്നതെന്തിന്?

കളിമണ്ണ് എന്ന സിനിമ ഏതു തരത്തിൽ നോക്കിയാലും ഒരു മഹത്തായ സിനിമയല്ല. കച്ചവടസിനിമയുടെ എല്ലാ സ്വഭാവ വിശേഷങ്ങളോടും കൂടിയ ഒരു സിനിമയാണത്. പക്ഷേ അത് മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരിക്കും. സമൂഹത്തിന്റെ സാംസ്കാരിക ബോധത്തിനനുസരിച്ചായിരിക്കണം സിനിമാക്കാരന്റെ ക്യാമറ ചലിക്കേണ്ടത് എന്ന അലിഖിത നിയമത്തെ അത് സധൈര്യം ലംഘിച്ചിരിക്കുന്നു.  പഴമയുടെ മൂല്യബോധങ്ങൾ പുതിയ കാലത്തേക്കും അടിച്ചേൽപ്പിക്കാനുള്ള ഉപാധിയല്ല സിനിമ എന്നും പുതിയ അവബോധങ്ങളും വീക്ഷണകോണുകളും അവതരിപ്പിക്കാനും ചർച്ചയ്ക്കുവെയ്ക്കാനുമുള്ള കലാമാധ്യമമാണ് സിനിമ എന്നും അത് ഓർമിപ്പിക്കുന്നു. ആ നിലയ്ക്ക് കളിമണ്ണും, സംവിധായകൻ ബ്ലെസിയും നായിക ശ്വേത മേനോനും അഭിനന്ദനമർഹിക്കുന്നു.

എന്റെ പക്ഷിയും അവളും

എം.കെ.ഹരികുമാർ


അതിവേഗത്തില്‍ പറക്കുന്ന
ഒരു പക്ഷി എനിക്കുണ്ട്‌.
ഞാന്‍ നോക്കും മുമ്പേ
അതു പറന്ന് ചെന്ന് മടങ്ങും.
പക്ഷിക്കൊപ്പം പറക്കാന്‍
ഞാന്‍ എടുത്തുവച്ച ചിറകുകളെല്ലാം
പര്‍വ്വതകെട്ടുകളിലിടിച്ച്‌ ചതഞ്ഞു.
ആ പക്ഷിയുടെ കണ്ണുകള്‍
എന്നേക്കാള്‍ വേഗത്തില്‍
എന്തും കൊത്തിയെടുക്കും.

അവളെയും അത്‌ കണ്ണുകള്‍കൊണ്ട്‌
കൊത്തിവലിച്ചു.
ഞാന്‍ കാണുന്നതിനുമുമ്പ്‌
അതു കണ്ടു വന്നു.
പക്ഷി ചെന്നതിന്റെ പ്രശ്‌നങ്ങള്‍
ഇനിയും തീര്‍ന്നിട്ടില്ല.
ഞാനാമുഖം ഇനിയും കണ്ടുതീര്‍ന്നിട്ടില്ല.
ഏതോ ശില്‍പ ഗോപുരവാതില്‍ക്കല്‍
ധ്യാന നിരതമായ ആത്മാക്കളുടെ
ഗരമാണ്‌ ആ മുഖം.
കണ്ടിട്ടും കണ്ടിട്ടും തീരാത്ത
എന്തോ ഒന്ന് .
എന്റെ പക്ഷി ആ മുഖത്തിനും
ശരീരത്തിനും ചുറ്റും
എത്രയോ വട്ടം വലം വച്ചുവെന്നോ !
ഓരോ തവണ പോരുമ്പോഴും
അവളുടെ ചാരനിറവുംക്ഷേത്രഗോപുരങ്ങളും
ശില്‍പരൂപങ്ങളും
കൂടെ കൊണ്ടുവരും.
ഞാനിതെല്ലാം എവിടെ വയ്‌ക്കും?

sunny

sunny thayankari

Monday, September 2, 2013

ezhuth online

courtesy:google
ezhuth 
online
september 2013
click here

ezhuth/september 2013

courtesy:google
ഉള്ളടക്കം
എഴുത്ത് ഓൺലൈൻ
സെപ്റ്റംബർ 2013

 ഓണം ബഹിഷ്കരിക്കുന്നു
ഡോ കെ ജി ബാലകൃഷ്ണൻ
ചൂട്ടെരിയുമ്പോള്‍
സന്തോഷ് പാലാ
മല്ലൂസിന്റെ സ്വയം വിമർശനം ബോറടി ലെവൽ കഴിഞ്ഞു
രാം മോഹൻ പാലിയത്ത്
 അറിയാതെ അറിയാതെ
ഗീതാ ജാനകി
 കരിഞ്ചുവപ്പ്
ജയചന്ദ്രന്‍ പൂക്കരത്തറ
ടി.സി.ജോൻ ചിന്തകൾ
സാബുഷണ്മുഖം
മനുഷ്യനെ സൃഷ്ടിച്ചത് കളിമണ്ണുകൊണ്ടല്ല!
സനൽ ശശിധരൻ
ഓര്‍മ:സുകുമാർ അഴീക്കോട് മാന്ത്രികനല്ല
കെ.എം.രാധ
പെറ്റിക്കോട്ട്‌
ലതാലക്ഷ്മി
നേര്‍രേഖ
രാജേഷ് ചിത്തിര
കുസൃതികൾ
ഗീതാരാജൻ
ഉറക്കത്തില്‍ മരിച്ച ആള്‍
രശ്മി കെ.എം
പുലർകാല കിനാവുകൾ
ഫൈസൽ പകൽക്കുറി
സ്നേഹം
മാധവ് കെ വാസുദേവ്
അന്ന കാമിയെൻസ്ക : റെംബ്രാന്റ്
പരിഭാഷ: വി.രവികുമാർ
കണ്ണടച്ച് വിശ്വസിക്കേണ്ടവ
ബൈജു ജോസഫ്
എനിക്കൊരു കവിതയെഴുതണം
ബിജു ജി നാഥ്
ഒരു "കൂതറ"ക്കവിത
ഷിറാസ് വി ടി
എന്റെ അമ്മ .... ആരും കാണാത്ത അമ്മ
ജോണി ജോസഫ്
രാമന്‍റെ ദുഃഖം
മണീ സാരംഗ്
ഇതു പ്രണയ ഗാനമല്ല.
എം.കെ.ഹരികുമാർ

പുലർകാല കിനാവുകൾ




ഫൈസൽ പകൽക്കുറി 
 വന്ദനം സുഹൃത്തേ -
പുലർകാല വന്ദനം കൂട്ടരേ
വചനങ്ങളുരുവിട്ടു
നാവാനക്കുമ്പോൾ ഒട്ടു
നന്മകൾ കൂടി കലർതനെ
നിത്യവും .

ആരെയും കൂസാതെ
അതിവേഗ ജീവിത യാത്രയും
മനപൂർവം മറക്കാൻ ശ്രമിയ്ക്കുന്ന
കടമകളും - സ്നേഹവും
മടക്കി എടുക്കുവാൻ മനസ്സ്
വെയ്ക്കണം കൂട്ടരേ .

നിങ്ങളുടെയുമെന്റെയും
മടക്ക പ്രയാണത്തിന്
ചുക്കാൻ പിടിയ്ക്കുന്ന മലക്കുകൾ
കണിശം മറക്കാതെ എത്തും -
സമയമാകുമ്പോൾ .
ഓർമയിരിയ്ക്കട്ടെ

ഞടുക്കം ഇല്ലാത്ത - തിരിയ്ച്ചു പോക്കിന് ....!

രാമന്‍റെ ദുഃഖം

മണീ സാരംഗ്

കുളിസീന്‍
ഒളിഞ്ഞുനോക്കുന്ന
ചേലക്കള്ളനായ
പതിനാറായിരത്തെട്ടു
കാമുകിമാരുള്ള
കന്നാലിമേപ്പുകാരന്‍
ഭൂലോക കള്ളനെയാണല്ലോ
ഭൂമിയിലെ
വനിതാരത്നങ്ങള്‍ക്ക്
തന്നേക്കാള്‍ പ്രിയമെന്ന്
ഏകപത്നീ വ്രതക്കാരനും,
മര്യാദരാമനുമായ
അയാള്‍ കരയുന്നു !

എന്റെ അമ്മ .... ആരും കാണാത്ത അമ്മ

ജോണി ജോസഫ്

നിന്നുദരത്തില്‍ ഉദയം ചെയ്തതുമുതല്‍
അമ്മേ നിന്നെ ഞാനും എന്നെ നീയും
ഏറ്റം കൂടുതലായി മനസ്സിലാക്കുന്നു
അറിയുന്നു അനുഭവിക്കുന്നു

ആരെക്കാളുപരി ഈ ഭൂമിയില്‍ എന്റെ
സ്പന്ദനങ്ങള്‍ അറിയുന്നവള്‍ നീ
ആരെക്കാളുമധികം ഈ ഉലകത്തില്‍
എന്നെ സ്നേഹിക്കുന്നവളും നീ

ഞാനറിഞ്ഞ എന്റെ അമ്മ എന്നെ
പോറ്റി വളര്‍ത്തിയ പൊന്നമ്മ
എന്റെ അമ്മ എന്ന സങ്കല്പം തന്നെ
മാറ്റി മറിച്ച് നിലകൊള്ളുന്നു അമ്മ

എന്റെ അമ്മയെ ഞാനാരാധിക്കുന്നു
എല്ലാത്തിലുമുപരി ഒരു മനുഷ്യനായി
മനുഷ്യ സ്നേഹിയായി ഭര്‍തൃ സ്നേഹിയായി
ആരാധിക്കുന്നു നമിക്കുന്നു

നീണ്ട എഴുവര്‍ഷങ്ങള്‍ അച്ഛന്‍ രണ്ടു
കാലും തളര്‍ന്ന് കട്ടിലില്‍ കിടക്കുമ്പോള്‍
ഒരുനാളും മുടങ്ങാതെ അരികത്തിരുന്ന
പരിചരിച്ച സ്നേഹവതിയായ ഭാര്യ

അച്ഛന്റെ അടുത്തിരുന്ന എഴുവര്ഷങ്ങള്‍
വില്ലുപോല്‍ വളച്ച ആ കൃശഗാത്രവും പേറി
ശേഷിച്ച നാള്‍ ബാക്കി മക്കളെ പോറ്റുവാന്‍
മടികൂടാതെ ഓടി നടക്കും അമ്മ

ഓരോ മക്കളും കൊടുത്തത് പോര എന്ന്
അയ്യക്കം പാടിവരുമ്പോള്‍ വീണ്ടും വീണ്ടും
സ്വന്തം അന്നം മുടക്കി അവര്‍ക്ക് നല്‍കിയ
സ്നേഹവതിയായ അവരുടെ അമ്മ

സ്വന്തം കിടപ്പാടം കൂടി മക്കള്‍ പിടിച്ച്
വാങ്ങിയപ്പോള്‍ ദേശാടനത്തിനിറങ്ങിയ
ഒന്നും സ്വന്തമായാഗ്രഹിക്കാത്ത ഉത്തമ
സ്ത്രീയാകും എന്റെ അമ്മ നീയാണ് അമ്മ

നേര്‍രേഖ

രാജേഷ് ചിത്തിര


പിറവിയില്‍ നിന്നും
മരണത്തിലേക്കുള്ള
വളഞ്ഞ നേര്‍രേഖ

ജീവിതം...
----------------------
ഉടമ
****
ആറടി മണ്ണിന്റെ
ജന്മി,
ഇന്ന്
അരപ്പിടി
ചാരത്തിന്നുടമ...
------------------------

ജഡനിബിഡം
*************
ജഡനിബിഡമാണിവിടം,
എന്നുമന്തിയ്ക്കു
സ്വഗ്ഗൃഹംപൂകു-
മജ്ഞാതജഡനിബിഡമാണിവിടം...

-- രജീഷ് ചിത്തിര