Followers

Wednesday, January 27, 2010

സൂക്ഷിക്കണം

sukumar arikkuzha

പെണ്ണിന്റെ നേരെയൊരു
കണ്ണടയ്ക്കിൽ
പീഡനമായിടും സൂക്ഷിക്കണം
പെണ്ണൊരുകണ്ണടച്ചൊന്നു
നോക്കിൻ
പീഡനമാകില്ല....സൂക്ഷിക്കണം
രണ്ടുമേ സൂക്ഷിച്ചതില്ലയെങ്കിൽ
ജീവിതം കോഞ്ഞാട്ടയാകുമല്ലോ!?

തീർത്ഥാടനം

sukumar arikkuzha
വിജ്ഞാനത്തിന്‌
വൃത്തിയിലേക്കൊരു
തീർത്ഥാടനമാകാം
ഈശ്വരചിന്തയി-
ലൈക്യത്തോടൊരു
തീർത്ഥാടനമാകാം
കൃഷി, വ്യവസായം
കുടിൽ വ്യവസായം
സാങ്കേതിക വിദ്യ
ഇവയുടെ പഠനത്തിന്നായിട്ടൊരു
തീർത്ഥാടനമാകാം
ഗുരുവരനോതിയ
തീർത്ഥാടനലക്ഷ്യങ്ങളിതെട്ടല്ലോ!

കർത്താവിനു കാശുവേണ്ട




ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ ഒരു ദിവസം ഗാനഗന്ധർവ്വൻ യേശുദാസിനോടൊപ്പം ഒരു പകൽകാലം ചെലവഴിക്കാൻ എനിക്കവസരം ലഭിച്ചു. പന്തളത്തിനു സമീപം കുളനട എന്ന സ്ഥലത്ത്‌ എമിനൻസ്‌ ഗ്രൂപ്പിന്റെ ഡയറക്ടർ പി.എം.ജോസ്‌ ഭവനരഹിതർക്കായി നിർമ്മിച്ചു നൽകിയ 15 വീടുകളുടെ താക്കോൽ ദാന കർമ്മം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.
ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും അദ്ദേഹം ആലപിച്ച മനോഹരഗാനങ്ങളുടെ വരികൾ കേൾക്കാതെ ഉറങ്ങുന്ന മുതലാളികൾ അത്യപൂർവ്വമാണ്‌. സ്ഥിരം യാത്രചെയ്യുന്ന എന്നേപ്പോലുള്ളവർ ഒരു ലോട്ടറി വിൽപ്പനക്കാരന്റെ അനൗൺസ്‌മന്റിനിടയിൽ നിന്നുപോലും ആ ശബ്ദം വളരെ പെട്ടെന്ന്‌ തിരിച്ചറിയും. ഈ അനുഗ്രഹീത ഗായകനോടൊപ്പം ചെലവഴിക്കാൻ ലഭിച്ച അവസരം ജീവിതത്തിലെ അപൂർവ്വ സൗഭാഗ്യങ്ങളിലൊന്നാണ്‌.
ഏകദേശം ഒന്നര ഏക്കർ സ്ഥലത്താണ്‌ പി.എം.ജോസ്‌ 15 വീടുകൾ നിർമ്മിച്ചിരിക്കുന്നത്‌. അത്യാവശ്യം എല്ലാ സൗകര്യങ്ങളോടും കൂടിയ വാർക്കകെട്ടിടങ്ങൾ രൂപത്തിലും ഭാവത്തിലും എല്ലാം ഒന്നുപോലെ. എമിനൻസ്‌ വില്ലേജ്‌ എന്നാണ്‌ അദ്ദേഹം ആ സ്ഥലത്തിനു നൽകിയിരിക്കുന്ന പേര്‌.
തുറന്ന വാഹനത്തിലാണ്‌ യേശുദാസിനേയും വിശിഷ്ടാതിഥികളേയും സമ്മേളനനഗരിയിലേക്ക്‌ ആനയിച്ചതു.
എമിനൻസ്‌ വില്ലേജിന്‌ അഭിമുഖമായി റോഡിന്റെ എതിർവശത്ത്‌ കക്ഷിവഴക്കിനെത്തുടർന്ന്‌ പൂട്ടിയിട്ടിരിക്കുന്നതിനാൽ മേൽക്കൂര തകർന്ന്‌ ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന ഒരു ക്രൈസ്തവ ദേവാലയം കണ്ടത്‌ അദ്ദേഹത്തിന്‌ ഹൃദയഭേദകമായിരുന്നു. ഉദ്ഘാടന പ്രസംഗത്തിനിടയിൽ യേശുദാസും അതു സൂചിപ്പിക്കുകയും ചെയ്തു.
ഇടതുവശത്തേക്കു നോക്കുമ്പോൾ എനിക്ക്‌ അത്യന്തം അഭിമാനവും സന്തോഷവും തോന്നുന്നു. നിർദ്ധനരായവർക്കുവേണ്ടി ജോസ്‌ സൗജന്യമായി നിർമ്മിച്ചു നൽകുന്ന അതിമനോഹരമായ വീടുകൾ. എന്നാൽ വലതുവശത്തേക്കു നോക്കുമ്പോൾ എന്റെ ഹൃദയം നുറുങ്ങുന്നു. ഈശ്വരചൈതന്യം തുളുമ്പി നിന്നിരുന്ന അനേക വർഷങ്ങൾ നിങ്ങളുടെ പൂർവ്വികർ ആരാധിച്ചിരുന്ന ഒരു ദേവാലയം കടവാവലിനും നരച്ചീറിനും സാമൂഹിക വിരുദ്ധർക്കും വിഹരിക്കുവാനുള്ള ഒരു സ്ഥലമായി മാറ്റിത്തീർത്തിരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ചെന്നപ്പോൾ ആരാധനയ്ക്കും പ്രാർത്ഥനയ്ക്കുമായി വരുന്ന ആളുകൾ കുറവായതിനാൽ പൂട്ടിക്കിടക്കുന്ന പള്ളികൾ കണ്ടിട്ടുണ്ട്‌. പക്ഷേ അവ ഇത്തരത്തിൽ നശിപ്പിക്കപ്പെട്ട രീതിയിലല്ല കാണപ്പെട്ടത്‌. ഒരു വിശുദ്ധസ്ഥലത്തിന്റെ പവിത്രത തോന്നിപ്പിക്കും വിധം മനോഹരമായി സംരക്ഷിക്കപ്പെടുന്ന നിലയിലാണ്‌ അവ കാണുന്നത്‌. എന്നാൽ ഇതുപോലെ ഭയഹീനമായ ഒരു ദൃശ്യം കേരളത്തിലല്ലാതെ മറ്റെങ്ങും കാണാൻ കഴിയുമെന്നു തോന്നുന്നില്ല. ഞാൻ ഇതിനേക്കുറിച്ച്‌ അറിയാവുന്നവരോടു വിശദാംശങ്ങൾ ചോദിച്ചപ്പോൾ ജീവിച്ചിരിക്കുമ്പോൾ പള്ളിയുടേയും പട്ടക്കാരന്റേയും പേരുപറഞ്ഞ്‌ വഴക്കടിച്ചും തമ്മിൽ തല്ലിയും കഴിഞ്ഞിട്ട്‌ ഒടുവിൽ മരിച്ചു കഴിയുമ്പോൾ അപ്പുറത്തും ഇപ്പുറത്തുമായി കിടക്കാനാണ്‌ യോഗമെന്ന്‌ ആരോ എന്നോടു പറഞ്ഞു. അതായത്‌ ഇരുകൂട്ടർക്കും പള്ളി രണ്ടുണ്ടെങ്കിലും സെമിത്തേരി ഒന്നേയുള്ളു. അതിനാൽ വാശിയും വൈരാഗ്യവും ഉപേക്ഷിച്ച്‌ നിങ്ങൾ ഇരുകൂട്ടരും കൂടെ ഒരു മനസ്സായി നിന്നുകൊണ്ട്‌ ഈ പള്ളി പുനരുദ്ധരിക്കണം. നിങ്ങളുടെ അഭ്യുദയകാംക്ഷിയെന്ന നിലയിൽ എന്നാലാവുന്ന സഹായങ്ങൾ ഇക്കാര്യത്തിൽ ചെയ്യാനും ഞാൻ ഒരുക്കമാണ്‌.
യേശുദാസിന്റെ ശബ്ദം ആ പള്ളിപ്പരിസരത്ത്‌ മാറ്റൊലിക്കൊള്ളുകയാണോ എന്നെനിക്കുതോന്നി. കേരളത്തിൽ കക്ഷിവഴക്കിനെത്തുടർന്ന്‌ പൂട്ടിക്കിടക്കുന്ന ധാരാളം പള്ളികൾ ഉണ്ട്‌. എത്രയോ വർഷം പഴക്കമുള്ള പള്ളികൾ കടമറ്റം,കോലഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികൾ എത്രയോ വർഷം പൂട്ടിക്കിടക്കുന്ന അവസ്ഥ നേരിട്ടു. നമ്മുടെ പിതാക്കന്മാർ കണ്ണീരോടെ പ്രാർത്ഥിച്ച ദേവാലയങ്ങൾ! അവ നിർദാക്ഷിണ്യം പൂട്ടിയിട്ട്‌,അതിന്റെ ഇടത്തും വലത്തും വേറെ പള്ളി വയ്ക്കുക. അതിനും വലിപ്പച്ചെറുപ്പം നോക്കുക. കാശിന്റെ ബലത്തിലാണ്‌ കക്ഷികളുടെ മഹത്വം തെളിയിക്കുന്നത്‌. ഇവിടെ വിധവയുടെ ചില്ലിക്കാശിനെ ക്രൈസ്തവസമൂഹം വലിച്ചെറിയുകയാണ്‌. കർത്താവിനു കാശുവേണ്ട എന്ന തിരിച്ചറിവ്‌ എന്നാണ്‌ നമുക്കുണ്ടാവുക?
കേരളത്തിലെ പൂട്ടിക്കിടക്കുന്ന മുഴുവൻ ക്രൈസ്തവ ദേവാലയങ്ങളും ആരാധനയ്ക്കായി തുറന്നു കൊടുക്കുന്ന ഒരു സമാധാന അന്തരീക്ഷം സംജാതമാക്കാൻ മനസ്സുകൊണ്ട്‌ ഈശ്വരനെ പ്രണമിക്കുന്ന മനുഷ്യർക്കേ കഴിയൂ. ഭക്തിയും ആരാധനയും അനുഷ്ഠാനങ്ങളും രാഷ്ട്രീയക്കാരുടെ പ്രകടനം പോലെ പൊലിപ്പിച്ചെടുക്കുന്ന പുതിയ രീതികളെ നിർമൂലനം ചെയ്യാൻ ഇവിടെ ഒരു വിശ്വാസ ശക്തി ഉണ്ടാകേണ്ടിയിരിക്കുന്നു.
ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന ഈ ദേവാലയത്തിൽ എല്ലാത്തിനും സാക്ഷിയായി കർത്താവു നിൽക്കുന്നു. രണ്ടു കൂട്ടരും മാറിമാറി വച്ച പുതിയ പള്ളികളിൽ കേവലം ആൾരൂപങ്ങളേയുള്ളു. ആത്മാവുള്ള മനുഷ്യരില്ല. അതുകൊണ്ട്‌ കർത്താവിന്‌ അവിടെ പ്രവേശനവുമില്ല.
ദൈവത്തിന്റെ വാസസ്ഥാനത്തെ അശുദ്ധമാക്കിത്തീർത്ത കച്ചവടക്കാരെയും വാണിഭസംഘങ്ങളെയും അവിടെനിന്നും തുരത്തിയ കർത്താവ്‌ ഈ ദേവാലയം ജീർണ്ണിച്ചു നിലംപൊത്തിയാലും ഇവിടെനിന്നും പോവില്ല. ഒരിക്കൽ ദൈവിക ശുശ്രൂഷകൾക്കും വി.കുർബ്ബാനയ്ക്കും കൂദാശകൾക്കും വേണ്ടി ഒരുക്കിയെടുത്ത സ്ഥലമാണിത്‌. ദൈവിക സാന്നിദ്ധ്യത്തെ തുടച്ചു കളയാനോ കഴുകി കളയാനോ സാധിക്കില്ലല്ലോ.
ഇല്ലാത്തവന്റെ പക്ഷം പിടിച്ചു കൊണ്ട്‌ അവനു തലചായ്ക്കാൻ ഒരിടം ഉണ്ടാക്കിക്കൊടുത്ത പി.എം.ജോസിന്റെ എമിനന്റ്സ്‌ വില്ലേജിനു അനുഗ്രഹമായി ഈ ദേവലായത്തിലെ ഈശ്വരസാന്നിദ്ധ്യം ഏക്കാലവും ഉണ്ടാവും.

ബെന്തിപ്പൂക്കളിലേയ്ക്കുള്ള ഡിജിറ്റൽ വഴി

thomas p kodiyan


രമണന്റെ ഫോണിലെ കിളി ചിലച്ചു. ചന്ദ്രികയാണ്‌. "അച്ഛൻ സമ്മതിക്കുന്നില്ല രമണാ. മാപ്പു തരിക" അവളുടെ സ്വരം കാതരവും ലോലവുമായിരുന്നു.
ഫോണിന്റെ മറുതലയ്ക്കൽ അർത്ഥപൂർണ്ണമായൊരു മൗനത്തിനു വിരാമമായി ചന്ദ്രികയുടെ പിതാവിന്റെ മൊബെയിൽ ഫോണിലൊരു പിക്ചർ മെസ്സേജ്‌....
അസ്ത്രപ്രജ്ഞനായ പിതാവ്‌ ഐ.സി.യു.വിൽ.
മകളുടെ ഭാവിയെ നോക്കി ചകിതയായിപ്പോയ അമ്മ അതിനുശേഷം മൗനം മുറിയ്ക്കാൻ മറന്നുപോയി.
രമണനും മദനനും റെയിൽവേ ഓവർബ്രിഡ്ജിൽ നിൽക്കുമ്പോൾ ശവഗന്ധമുള്ള പൂക്കളും വച്ച്‌ ചന്ദ്രിക ആമ്പുലൻസിൽ കടന്നു പോയി.
യാത്രാമൊഴി പറയുന്നതിനു വേണ്ടി ഒരു വേള അവൾ ആമ്പുലൻസിന്റെ ചില്ലുജാലകത്തിലൂടെ നോക്കുമെന്നാശിച്ച്‌ രമണൻ നിന്നു.
പക്ഷേ, ബന്തിപ്പൂക്കളുടേയും ജമന്തിപ്പൂക്കളുടേയും ഭാരം കൊണ്ട്‌ അവൾക്കെഴുന്നേൽക്കാനായില്ല.
ചന്ദ്രിക അദ്ധ്യാപികയായിരുന്ന സ്കൂളിൽ നിന്നും അവളുടെ പ്രിയ കുഞ്ഞുങ്ങളുടെ നീണ്ട നിര അവളുടെ വീടിനെ ലക്ഷ്യമാക്കി നീങ്ങുന്നു. അവരുടെ കുഞ്ഞു ഷൂസുകളുടേയും വസ്ത്രങ്ങളുടേയും മർമ്മരത്തിൽ തെരുവ്‌ ഗദ്ഗദം കൊണ്ടു. അവരുടെ കൈകളിലുണ്ടായിരുന്ന പൂക്കൾപോലും മൗനികളായിരുന്നു. അവ കരയുകയായിരുന്നു. അവയുടെ മിഴിനീർ വീണു വഴികൾ നനഞ്ഞു.
രമണന്റെ തൊണ്ടയിലൊരു കടൽ കഴച്ചു. അവന്റെ കണ്ണുകളിൽ കാഴ്ചകൾ മങ്ങി. പകരം അതീതകാലത്തു നിന്നും ചന്ദ്രികയുടെ പിതൃക്കളുടെ നീണ്ട നിര അവന്റെ മുന്നിൽ തെളിഞ്ഞു. അവർ ചോദിച്ചു."കുഞ്ഞേ, നീയെന്തിനീ മഹാപാപം ചെയ്തു? ഞങ്ങളുടെ വംശവൃക്ഷത്തിന്റെ ഒടുവിലെ പുഷ്പമാണു നീ ഹരിച്ചു കളഞ്ഞത്‌. ഞങ്ങൾക്കിനി ആരു ബലിയൂട്ടും? ആരു ഞങ്ങളുടെ ദാഹം ശമിപ്പിക്കും. ആരെയും ശപിച്ചു ശീലമില്ലല്ലോ കുഞ്ഞേ ഞങ്ങൾക്ക്‌..."
ഭാവിയുടെ ഗർഭത്തിലിരുന്ന്‌ അരൂപികളായ ഒരു സന്തതി പരമ്പര അവനോടു വാവിട്ടു കേണു."ഞങ്ങൾ ചന്ദ്രികയിലൂടെ പ്രകാശത്തിന്റെ ലോകം കാണാനിരുന്നവരാണ്‌. ഇനി ഞങ്ങൾക്കു ജനനമില്ല. ജീവിതമില്ല. പ്രണയങ്ങളുമില്ല. മടങ്ങിപ്പോവുകയാണ്‌. ഇരുളിലേയ്ക്ക്‌...ഇരുളിലേയ്ക്ക്‌..."രമണൻ പറഞ്ഞു. "മദനാ, ഞാൻ ഒരു ജന്മപരമ്പരയുടെ ഘാതകനാണ്‌. ഒരു പൂന്തോട്ടം പുനർനിർമ്മിക്കാനാവാത്ത വിധം ഞാൻ നശിപ്പിച്ചു. എനിക്കു ചുറ്റും നിലവിളികളും ശാപവാക്കുകളും നിറയുന്നു" കരഞ്ഞുകൊണ്ടുവനതു പറയുമ്പോൾ അവനിൽ ചന്ദ്രികയുടെ വായ്പ്പൂവിന്റെ വാസനയും, അതിലൂറിയ മധുവും അവളുടെ മേനിയിൽ അവനു വേണ്ടി മാത്രം വിരിഞ്ഞ പുഷ്പങ്ങളും നിറഞ്ഞു.
അൽപം കഴിഞ്ഞ്‌ അവൻ ചോദിച്ചു "മദനാ, മനുഷ്യൻ മരിക്കുമ്പോൾ പൂത്തിരികൾ കത്തുന്നതു നീ കണ്ടിട്ടുണ്ടോ?" ഇല്ലെന്നു മദനൻ പറഞ്ഞപ്പോൾ, താഴെ, മൗനത്തിൽ മരണമൊളിപ്പിച്ചു കൈകൾ നിവർത്തിനിന്നിരുന്ന വൈദ്യുതിക്കമ്പികളിലേയ്ക്കവൻ സ്വയം സമർപ്പണം നടത്തിക്കാണിച്ചുകൊടുത്തു...
പൂത്തിരികൾ. പൊട്ടിത്തെറികൾ. കൂട്ടുകാരൻ പച്ചയ്ക്കു കരിയുന്ന ഗന്ധം.....
നടുക്കം നൽകിയ ശിലാഭാവത്തിൽ നിന്നും വർത്തമാനകാലത്തിലേക്കു മദനൻ മടങ്ങി വന്നപ്പോഴേയ്ക്കും അവന്റെ ഫോൺ വിശന്നുതലതല്ലിക്കരഞ്ഞു തുടങ്ങി. ചന്ദ്രികയെ രമണൻ എത്ര മാത്രം സ്നേഹിച്ചിരുന്നുവേന്നു ലോകമറിയട്ടെ.
മദനൻ ഫോണെടുത്തു. മൊബെയിൽ വീഡിയോ ക്യാമറയിൽ രമണൻ തല്ലിപ്പിടഞ്ഞു തീർന്നു. രമണൻ, ഡിജിറ്റൽ ശബ്ദങ്ങളും ചിത്രങ്ങളുമായി മദനന്റെ ഫോണിൽ അനശ്വരനായി.
മൊബെയിലിന്റെ വിശപ്പു മാറിയപ്പോഴും മദനന്‌ ഒരു ഖേദം ബാക്കിയായി-എന്തു കൊണ്ടിതുവരെ ആരും ഗന്ധങ്ങൾ പിടിച്ചെടുക്കുന്ന സംവിധാനം കണ്ടെത്തിയില്ല.
ശബ്ദഘോഷങ്ങളും അഗ്നിപുഷ്പങ്ങളും, കരിയുന്ന മാംസ ഗന്ധവുമടങ്ങിയപ്പോൾ ആൾക്കൂട്ടത്തിനു നടുവിൽ നിന്ന്‌ മദനൻ രമണന്റെ വീട്ടിലേയ്ക്കുള്ള

പ്രേക്ഷക പങ്കാളിത്തം ആവശ്യപ്പെടുന്ന ചലച്ചിത്രകാരൻ: ഫെഡറിക്കോ ഫെല്ലിനി


m k chandrasekharan

വിചിത്രമായ ഭാവനകളാൽ മെനഞ്ഞെടുത്ത ശിൽപങ്ങൾ ലോകസിനിമാരംഗത്ത്‌ അജയ്യനായ ഫെഡറിക്കോ ഫെല്ലിനിയുടെ സിനിമകളെക്കുറിച്ച്‌ അങ്ങനെയാണ്‌ വിലയിരുത്തിയിട്ടുള്ളത്‌. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും ആത്മകഥയുടെ അംശങ്ങൾ അടങ്ങിയിരിക്കും. ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ-യാഥാത്ഥ്യത്തിന്റെ തലംവിട്ട്‌ ഭ്രമാത്മകതയുടെ ലോകത്തേയ്ക്ക്‌ ഉയർത്തുന്നു ചിത്രീകരണം-അതായിരുന്നു ഫെല്ലിനി നടത്തിയിരുന്നത്‌. അവിടെ സാധാരണ പ്രേക്ഷകനേക്കാളുപരി അയാളുടെ ബുദ്ധിപരമായ ആസ്വാദനതലം കൂടി അദ്ദേഹത്തിന്റെ ചിത്രങ്ങൾ ആവശ്യപ്പെടുന്നു.
1920 ജനുവരി 20-​‍ാം തീയതി ഇറ്റലിയിലെ 'റെമ്നി' എന്നഗ്രാമത്തിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം വിദ്യാഭ്യാസാനന്തരം കാർട്ടൂണിസ്റ്റായും പത്രപ്രവർത്തകനായും ജോലി ചെയ്തതിന്‌ ശേഷമാണ്‌ ചലച്ചിത്ര രംഗത്തേയ്ക്ക്‌ വരുന്നത്‌. നിയോറിയലിസത്തിന്റെ പ്രമുഖ വക്തവായിരുന്ന റോസല്ലിനിയുടെ 'റോം ഓപ്പൺ സിറ്റി'ക്ക്‌ തിരക്കഥയെഴുതിക്കൊണ്ടേയിരുന്നു, തുടക്കം.
1947 ലെ തിരക്കഥാ രചനയ്ക്ക്‌ ഓസ്കാർ നോമിനേഷന്‌ ഫെല്ലനിയുടെ പേര്‌ ശുപാർശ ചെയ്യപ്പെട്ടു. റോസല്ലിനിയുടെ തന്നെ രണ്ടാമത്തെ ചിത്രമായ, 1946-ൽ പുറത്തിറങ്ങിയ 'പൈസ' എന്ന ചിത്രത്തിന്റെ തിരക്കഥാ രചനയ്ക്കും അദ്ദേഹത്തിന്‌ ഓസ്കാർ നോമിനേഷൻ ലഭിക്കുകയുണ്ടായി. വേറെ പല സംവിധായകർക്കും വേണ്ടി പത്തോളം ചിത്രങ്ങൾക്ക്‌ തിരക്കഥാ രചനയിൽ പങ്കാളിത്തം വഹിച്ചിട്ടുണ്ട്‌. ഏതാനും ടെലിവിഷൻ ചിത്രങ്ങൾക്കും തിരക്കഥകളെഴുതിയിട്ടുണ്ട്‌. ഇതിനു പുറമെ 'ദി മിറേക്കിൾ' എന്ന ചിത്രത്തിൽ ഒരു പുരോഹിതന്റെ വേഷവും കൈകാര്യം ചെയ്തു. സിനിമയ്ക്കും യഥാതലം ലഭിക്കുന്നതിനായി തന്റെ കറുത്തമുടി ബ്ലീച്ച്‌ ചെയ്യാനും അദ്ദേഹം തയ്യാറായി. തന്റെ മുപ്പത്‌ കൊല്ലത്തെ ചലച്ചിത്ര ജീവിതത്തിനിടയ്ക്ക്‌ 24 ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്‌. ഐവിറ്റോലിനി (1953), ലാസ്ട്രഡ(1954), ഇൽബിദോൻ (1955), ലാനോട്ടിഡി കാമ്പ്രിക (1957), ലാഡോർഡ്‌ വിറ്റ (1960), എക്സ്‌ ആൻഡ്‌ ഹാഫ്‌ (1963), ജൂലിയറ്റ്‌ ഓഫ്‌ ദി സ്പിരിറ്റ്സ്‌ (1965), ഹിസ്റ്ററീസ്‌ എക്സ്ട്രാ ഓഡിനറി (1968), ഫെല്ലിനി എഡയറക്ടേഴ്സ്‌ നോട്ട്ബുക്ക്‌ (1969), ക്ലൗൺസ്‌ (1970), റോമ (1972), അമർകോഡ്‌ (1973), സിറ്റി ഓഫ്‌ വുമൺ (1980), ജിഞ്ചർ ആൻഡ്‌ ഫ്രെഡ്‌ (1986), ഇന്റർവ്യു (1987) ഇവയാണ്‌ അവയിൽ പ്രധാനപ്പെട്ടവ. ഫെല്ലനിയുടെ ചിത്രങ്ങളിലെ ഭ്രമകൽപന കലർന്ന ആവിഷ്കാര രീതിക്ക്‌ ഏറ്റവും മികച്ച ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നത്‌ 1954ൽ പുറത്തിറങ്ങിയ 'ലാസ്ട്രഡ' എന്ന സിനിമയാണ്‌. സ്നേഹത്തിന്‌ വേണ്ടി ദാഹിച്ച്‌ നടക്കുന്ന ഒരു പെൺകുട്ടി- ജെൽ സോമിന്ന-അവൾ ചെന്നു പെടുന്നത്‌ മുട്ടാളനും കാട്ടാളത്തം മുഖമുദ്രയുമായിക്കൊണ്ട്‌ നടക്കുന്ന സംപാനോ എന്ന സർക്കസുകാരന്റെ അടുക്കലാണ്‌. കേവലം തുച്ഛമായ തുകയ്ക്ക്‌ അയാൾ അവളെ, അവളുടെ അമ്മയുടെ പക്കൽ നിന്ന്‌ വാങ്ങുകയായിരുന്നു. ഒരു തെരുവ്‌ സർക്കസുകാരനായ സംപാനോയ്ക്ക്‌ സർക്കസഭ്യാസത്തിന്‌ കൂട്ടാളിയും സഹായിയുമായിട്ടാണ്‌ അവളെ വാങ്ങിയത്‌. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന തെണ്ടികളുടേയും അധസ്ഥിതരുടേയും പ്രതിനിധികളാണ്‌ സംപാനയും ജെൽസോമിനയും. പലപ്പോഴും ഇവരുടെ വികാരവിചാരങ്ങൾ ആശയവിനിമയത്തിന്റെ അഭാവംകൊണ്ട്‌ ഏറെ സങ്കീർണ്ണമായി മാറുന്നുണ്ട്‌. ക്രൂരമനസ്ഥിതിക്കാരനായ ഒരു കോമാളിയാണ്‌ സംപാനയെങ്കിൽ സകലജീവജാലങ്ങളോടും കുട്ടികളോടും പ്രാണിവർഗ്ഗത്തോടും എന്തിന്‌ ചെടികളോടും പ്രകൃതിയോടും വരെ സമഭാവനയോടും കാരുണ്യത്തോടും പെരുമാറുന്നവളാണ്‌ ജെൽസോലിന. കാവ്യത്മാകവും ആത്മീയവുമായ ഒരു നിഗോ‍ൂഢതലം ഈ സിനിമക്കുണ്ട്‌. താൻ കൊണ്ട്‌ നടക്കുന്ന സ്നേഹവും അനുകമ്പയും സമഭാവനയും മൂലം. അവളുടെ ജന്മം വിശുദ്ധമായ ഒന്നാണെന്ന്‌ വ്യാഖ്യാനിക്കപ്പെടുന്നു. നേരെ മറിച്ച്‌ സംപാനയാകട്ടെ അയാളുടെ കാട്ടാളത്തം നിറഞ്ഞ പ്രകടനവും നിഷ്ഠൂരമായ പെരുമാറ്റവും മൂലം, അയാൾ അയാളുടെ അസ്തിത്വം തന്നെ ജീർണ്ണമാക്കുകയാണ്‌. പക്ഷേ, സംപാനയുടെ അസ്തിത്വം പുനർജനിക്കാൻ ജെൽ സോമിഹയുടെ ആത്മത്യാഗം വഴിയൊരുക്കി. രോഗത്തിനടിമയായി മരിച്ച ജെൽസോമിനക്കാണ്‌, ജീവിച്ചിരുന്ന ജെൽസോമിനയേക്കാൾ കൂടുതൽ സ്നേഹം എന്ന യാഥാർത്ഥ്യത്തെ സംപാനോ മനസ്സിലാക്കുന്നു. മനുഷ്യർക്കിടയിൽ ആശയവിനിമയം അസാധ്യമായിത്തീരുന്നതിന്റെ ഫലമായി ജീവിതം തന്നെ കൈവെടിഞ്ഞ അവളുടെ സാന്നിദ്ധ്യം അയാളുടെ ഏകാന്തത്തയിൽ അനുഭവപ്പെടുമ്പോൾ അയാൾക്ക്‌ വന്നു ചേരുന്ന കുറ്റബോധം, അയാളെ പുതിയൊരു മനുഷ്യനാക്കി മാറ്റുന്നു. സ്നേഹരഹിതമായ ഒരു ജീവിതത്തിലൂടെ തനിക്ക്‌ നഷ്ടപ്പെട്ട യഥാതഥമായ കലാഭിരുചികൾ അവളുടെ ആത്മത്യാഗത്തിലൂടെ അയാൾ കണ്ടത്തുന്നു.
ജീവിതത്തിന്റെ നിർവ്വചനാതീതമായ രഹസ്യാത്മകതയുടെ പ്രതീകമായി ഫെല്ലിനി കടലിന്റെ സാന്നിദ്ധ്യം തുടക്കത്തിലും അവസാനത്തിലും കാണിക്കുന്നുണ്ട്‌. ഈ രണ്ടു രംഗങ്ങളിൽ മാത്രമാണ്‌ കടൽ സജീവസാന്നിദ്ധ്യമായി വരുന്നുള്ളു. രാത്രിസമയം മദ്യപിച്ച്‌ വശംകെട്ട്‌ കടൽത്തീരത്ത്‌ നക്ഷത്രങ്ങൾ ചിമ്മുന്ന ആകാശത്തിലേക്ക്‌ മിഴികൾ നട്ട്‌ മലർന്ന്‌ കിടക്കുന്ന അയാളുടെ ജീവിതം തന്നെ ഒരു ചൂതാട്ടമായിരുന്നു. ആ ചൂതാട്ടത്തിലൂടെ അടുപ്പമുള്ള സകലരും അയാളിൽ നിന്നകന്നിരിക്കുന്നു. താനെന്നും ഒറ്റയ്ക്കായിരുന്നുവേന്ന സത്യം അയാൾ മനസ്സിലാക്കുന്നു. പശ്ചാത്തലത്തിൽ ജെൽ സോമിന പാടാറുള്ള നേർത്ത വിഷാദഗാനത്തിന്റെ അലകൾ അയാളിലേക്ക്‌ തെന്നിവരുന്നു. ഈ നിമിഷംവരെ മൃദുലവികാരങ്ങൾക്ക്‌ തീരെ സ്ഥാനമില്ലാതിരുന്ന തന്റെ ഹൃദയത്തിൽ പുതിയൊരു വെളിച്ചം വന്ന്‌ കയറിയിരിക്കുന്നു. കാലം സമ്മാനിച്ച ഓർമ്മകൾ മാത്രമേ കൂട്ടിനൊള്ളുവേന്നറിയുമ്പോൾ, സ്വന്തം അസ്തിത്വത്തിന്റെ അനിവാര്യമായ പരിസമാപ്തിയിലേയ്ക്ക്‌ അയാൾ നടന്നടുക്കുകയാണ്‌. ലാസ്ട്രഡയിലെ ഈ അവസാനരംഗം മാത്രം മതി, ഫെഡറിക്കോ ഫെല്ലിനിയുടെ സ്ഥാനം ലോകസിനിമാരംഗത്ത്‌ ശാശ്വതീകരിക്കാൻ. ഫെല്ലിനിയുടെ മറ്റൊരു വിഖ്യാത സിനിമയാണ്‌ 1963-ൽ പുറത്തിറങ്ങിയ 'എയിറ്റ്‌ ആൻഡ്‌ ഹാഫ്‌' (8.5). ഒരു സംവിധായകൻ നേരിടുന്ന ആശയ ദാരിദ്രം - അതിന്റെ അന്വേഷണമാണ്‌ ഈ ചിത്രത്തിന്റെ പ്രമേയം. അതേസമയം, തന്റെ ബാല്യജീവിതത്തിലെ മറക്കാനാവാത്ത ചില ഓർമ്മകൾ, മതത്തെ സംബന്ധിച്ച്‌ അയാൾ കൊണ്ടുനടക്കുന്ന ചില സംശയങ്ങൾ ഇവയും തന്റെ ആത്മാംശമടങ്ങിയ ചിത്രത്തിൽ കാണാൻ കഴിയും. അവിടെ സ്നേഹവും സ്നേഹരാഹിത്യവും, തനിക്ക്‌ പിടിപെട്ടിട്ടുണ്ടോ എന്ന്‌ സംശയിക്കപ്പെടുന്ന ലൈംഗികകുഴപ്പങ്ങളും എല്ലാം ഒന്നൊന്നായി കടന്നുവരുന്നു. ഇവിടെ സംവിധായകന്റെ മനസ്സിലേക്ക്‌ കടന്നിറങ്ങി അയാളെ പിടികൂടുന്ന ഭീതിദമായ ചുറ്റുപാടുകളെ ക്യാമറ തന്നെ പിടികൂടുന്നതുപാലെ തോന്നാം. ഓർമ്മയും ഭ്രമകൽപനയും ഇടകലർന്ന മാജിക്കൽ റിയലിസത്തിന്റെ ചുവടുപിടച്ചുള്ള ആവിഷ്കാരം - അതാണ്‌ ഫെല്ലിനി സാധിച്ചെടുത്തത്‌. 'ഗിദോ' എന്ന്‌ പേരുള്ള ഈ സംവിധായകന്റെ മനസ്സിൽ കടന്ന്‌ വരുന്ന അന്തസംഘർഷങ്ങളെ പ്രതിഫലിപ്പിക്കുന്ന ഭാവപകർച്ചകൾ പകർത്തിക്കാട്ടാൻ ക്യാമറമാന്റെ അകമഴിഞ്ഞ സഹായവും ഫെല്ലിനിയെ തുണച്ചിട്ടുണ്ട്‌. ഒരു സംവിധായകനെന്ന നിലയിൽ തനിക്കൊരു പുനരുദ്ധാരണം സാദ്ധ്യമാണോ എന്ന ഭയം കലർന്ന ഒരു സന്ദേഹമാണ്‌ അയാളെ പിടികൂടിയിരിക്കുന്നത്‌. തനിക്ക്‌ വന്നുപെട്ട ആലസ്യം, നിഷ്ക്രിയത്വം ഇവയൊക്കെ മറികടന്നുള്ള ഒരുയർത്തെഴുന്നേൽപാണ്‌ അയാൾ ലക്ഷ്യമിടുന്നത്‌. അങ്ങനൊരുയർത്തെഴുന്നേൽപ്‌ അയാൾക്ക്‌ ലഭിച്ചുവോ എന്നത്‌ പ്രേക്ഷകന്റെ ചിന്താഗതിക്ക്‌ വിട്ടുകൊടുത്തപോലെ തോന്നാം. പക്ഷേ, അങ്ങനെ പ്രക്ഷകന്റെ ചിന്താതലത്തെ ഉദ്ദേ‍ീപിപ്പിക്കുന്നതിന്‌ വേണ്ടിയാണോ എന്നറിയില്ല, ഇവിടെ ഫെല്ലിനി ഗിദ്ദോവിന്‌ ലഭിക്കുന്ന മനഃശാസ്ത്രചികിത്സയുടെ ഭാഗമായി നേടുന്ന ഒരുൾക്കാഴ്ച തന്മയീഭാവത്തോടെ വ്യാഖ്യാനിക്കുന്നതിന്റെ ഭാഗമായി ഏതാനും കള്ളന്മാർ ചേർന്ന്‌ ഒരു നൃത്തം അവതരിപ്പിക്കുന്നുണ്ട്‌. ഈ നൃത്തത്തിന്റെ കേന്ദ്രഭാഗത്ത്‌ സംവിധായകനുമുണ്ട്‌. അതുവഴി താൻ നിർമ്മിക്കാൻ പോകുന്ന സിനിമയുടെ അഭിനേതാക്കളെയും കണ്ടെത്തുകയാണ്‌ ഇവിടെ സാവകാശത്തിൽ സംവിധായകൻ അയാളുടെ ജോലി കണ്ടെത്തുന്നതിനായുള്ള ഇച്ഛാശക്തി വീണ്ടെടുത്തത്തായി വ്യാഖ്യാനിക്കാം. നഷ്ടപ്പെട്ടതെല്ലാം നേടിയെടുത്തുവേന്ന സൊ‍ാചന-ഇവിടെ സിനിമയുടെ അവസാനം എങ്ങനെയാണെന്ന്‌ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകന്‌ വിട്ടുകൊടുത്തിരിക്കുന്നു. ഫെല്ലിനിയുടെ പലചിത്രങ്ങളും പ്രേക്ഷകരുടെ ബുദ്ധിപരമായ ആഖ്യാനതലം ആവശ്യപ്പെടുന്നതാണ്‌. ഫെല്ലിനിയുടെ മിക്കചിത്രങ്ങളും ഉന്നതത്തലത്തിലുള്ള ആസ്വാദനതലം ആവശ്യപ്പെടുന്നതാണെങ്കിലും പ്രേക്ഷകരുടെ നിശിതമായ വിമർശനങ്ങൾക്കും അക്ഷേപങ്ങൾക്കും പാത്രമായ ഒരു ചിത്രം അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്‌. 'ലാഡോൾസ്‌ വിറ്റ' ഒരു നൈറ്റ്‌ ക്ലബ്ബിൽ സ്ട്രിപ്റ്റീസ്‌ നൃത്തം ചെയ്ത ടർക്കിഷ്‌ ഡാൻസർ ഹാരിഷ്ണാനയുടെ ചിത്രം പത്രങ്ങളിൽ കണ്ടതോടെയാണ്‌, ഈ ചിത്രത്തെക്കുറിച്ചുള്ള ആശയം ഉടലെടുത്തത്‌. 1956 ലെ മെയ്‌ ദിനത്തിൽ സെന്റ്‌-പീറ്റേഴ്സ്‌ സ്ക്വയറിന്‌ മുകളിൽ ഒരു ഹെലികോപ്റ്ററിൽ നിന്ന്‌ ക്രിസ്തുവിന്റെ പ്രതിമ ഇറക്കുന്ന ദൃശ്യം കാണാനിടയായതും സ്ട്രിപ്പ്റ്റീസ്‌ ഡാൻസറുടെ പടം പത്രത്തിൽ വന്നതും ചേർത്ത്‌ പുതിയൊരാശയത്തിന്‌ രൂപം കൊടുക്കുകയായിരുന്നു. 'അനിതാ എക്ബർഗ്‌' എന്ന നടിയായിരുന്നു ഡാൻസറുടെ റോളിൽ വന്നത്‌. സെന്റ്പീറ്റേഴ്സ്‌ സ്ക്വയറിന്‌ മുകളിലെ കപ്പേളയിലേയ്ക്ക്‌ പ്രകോപനപരമായ രീതിയിൽ ഡ്രസ്സ്‌ ചെയ്ത്‌ നടന്നു കയറുന്ന ഒരുവൾ-തീർച്ചയായും ചിത്രം കടുത്ത മതവിശ്വാസികളെയും പുരോഹിത വർഗ്ഗത്തേയും അരിശം കൊള്ളിച്ചതിൽ അവരെ കുറ്റം പറയാനാവില്ല. ആ ചിത്രം പുറത്തിറങ്ങിയപ്പോൾ ടിക്കറ്റിന്റെ വില കരിഞ്ചന്തയിൽ കുത്തനെ ഉയർന്നതും അതുവരെ ഉണ്ടായിരുന്ന ബോക്സ്‌ ഓഫീസ്‌ റിക്കാർഡ്‌ തകർന്നതും അവരെ ക്രുദ്ധരാക്കി. സേൻസർ ബോർഡിന്റെ നടപടികൾക്ക്‌ വിധേയമാകുന്നതിന്‌ മുന്നേതന്നെ ആഭാസകരമായ സീനുകളുള്ള ചിത്രം കാണുന്നതിന്റെ തിരക്കായിരുന്നു. ടിക്കറ്റ്‌ കിട്ടാനായി ആൾക്കാർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്ന ചിത്രങ്ങൾ സഹിതമുള്ള വാർത്തകൾ മാധ്യമങ്ങൾ കൊട്ടിഘോഷിച്ചതോടെ, ഫെല്ലിനിയുടെ അതുവരെ ഇറങ്ങിയ ചിത്രങ്ങളേക്കാൾ കൂടുതൽ സാമ്പത്തിക വിജയം നേടിയ ചിത്രം 'ലാഡോൻസ്‌ വിറ്റ' ആണെന്നത്‌ ഫലത്തിൽ അദ്ദേഹത്തിന്‌ കുപ്രസക്തിയാണ്‌ നൽകിയത്‌. 1960 ഫെബ്രുവരിയിൽ മിലനിലെ ഒരു പ്രദർശന ഹാളിൽ വച്ച്‌ ഈ ചിത്രം കണ്ട ഒരുവൻ ക്രൂദ്ധനായി അവിടെ സന്നിഹിതനായിരുന്ന ഫെല്ലിനിയുടെ മേൽ കാർക്കിച്ചു തുപ്പുകയുണ്ടായി എന്നത്‌ തന്നെ യാഥാസ്ഥിതികരെയും മതവിശ്വാസികളെയും എങ്ങനെ ചിത്രം പ്രകോപിപ്പിച്ചുവേന്നതിന്‌ തെളിവാണ്‌. അധിക്ഷേപിക്കുന്നവരുടേയും വിമർശകരുടേയും എണ്ണം ഏറിയപ്പോൾ ഈ ചിത്രം വീണ്ടും സേൻസർ നടപടിക്ക്‌ വിധേയമാക്കണമെന്ന്‌ വത്തിക്കാൻ ആവശ്യപ്പെട്ടു. റോമിലെ പുരോഹിതരുടെ സംഘടനചിത്രം നിരോധിക്കണമെന്നുവരെ ആവശ്യപ്പെട്ടു. ഇങ്ങനെയൊക്കെയാണെങ്കിലും ചിത്രത്തിന്‌ അനുകൂലമായി സംസാരിക്കാനും ആൾക്കാരുണ്ടായി. സാൻഫെഡെയിലെ ജെസ്യൂട്ടുകൾ ചിത്രത്തിന്‌ അനുകൂലമായി സംസാരിച്ചതു സഭാന്തരീക്ഷം വീണ്ടും കലുഷിതമാവാനേ സഹായിച്ചുള്ളു. കാണിലെ ഫിലിംഫെസ്റ്റിവലിൽ ഈ ചിത്രത്തിന്‌ സ്പേഷ്യൽ പരാമർശം ലഭിച്ചുവേങ്കിലും ജൂറിമാരുടെയിടയിലും ഭിന്നാഭിപ്രായം വരികയുണ്ടായി. ഫെല്ലിനിയെപ്പറ്റിയുള്ള മറ്റൊരാക്ഷേപം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പല ഇമേജുകളും ദൃശ്യങ്ങളും ആവർത്തിക്കുന്നുവേന്നതാണ്‌. 8.5 ലിൽ കണ്ട കുള്ളന്മാരുടെ നൃത്തം അതിന്‌ മുമ്പിറങ്ങിയ ലാസ്ട്രയിലും ചിത്രീകരിച്ചതാണ്‌. വേറൊന്ന്‌ അദ്ദേഹം ഷൂട്ടിംഗ്‌ സമയത്തും തിരക്കഥ മാറ്റി എഴുതുന്നുവേന്നുള്ളതാണ്‌. ഒരു സിനിമയുടെ പെർഫെക്ഷന്‌ വേണ്ടി ചിലപ്പോൾ എഴുതപ്പെട്ട തിരക്കഥ മാറ്റിവച്ച്‌ വേറൊന്ന്‌ എഴുതിയെന്നിരിക്കും.
ഒരു ചിത്രം-അതിന്റെ കഥ എഴുതി സംവിധാനം ചെയ്യുക എന്നത്‌ തന്റെ ദേഹത്ത്‌ ബാധിച്ച അസുഖം പുറത്ത്‌ ചാടിക്കുന്നതിന്‌ തുല്യമാണെന്നാണ്‌. വേറൊന്നുകൂടി അദ്ദേഹം പറയുന്നു. തന്റെ ജീവിതത്തിൽ താൻ ആഗ്രഹിച്ചതും എന്നാൽ ഒരിക്കലും സാധിക്കാതെ പോയതും തന്റെ ഫിലിമിലേക്ക്‌ പകർത്താൻ ശ്രമിച്ചിട്ടുണ്ട്‌. തനിക്കൊരു പ്രണയജീവിതം ഉണ്ടായിട്ടില്ലെന്ന്‌ തുറന്ന്‌ പറയുന്ന ഫെല്ലിനി തന്റെ സിനിമയിലൂടെ പ്രണയിതാക്കളുടെ കഥ പറയാൻ ശ്രമിച്ചിട്ടുണ്ട്‌. പക്ഷേ, അത്‌ സാധാരണ സിനിമകളിലെ പ്രണയജീവിതമല്ല, പ്രേക്ഷകരുമായി സംവേദിക്കാനുതകുന്ന ഒരാസ്വാദനതലം സൃഷ്ടിക്കാൻ വേണ്ടി ഫാന്റസിയും റിയലിസവും കലർന്ന ആവിഷ്ക്കാരരീതി ലാസ്ട്രഡയിൽ താൻ പകർത്തിയത്‌ അത്തരമൊരു ആഖ്യാനരീതിയാണെന്ന്‌ ഫെല്ലിനി പറയുന്നു.
മേക്കിംഗ്‌ എ ഫിലിം (FARE UN FILM) എന്ന പുസ്തകത്തിൽ ഫെല്ലിനി അതിനെപ്പറ്റി പറയുന്നുണ്ട്‌. ആ സിനിമ തുടങ്ങിയ സമയത്ത്‌ ആശയക്കുഴപ്പമുണ്ടാകത്തക്ക അനിശ്ചിതത്വം കലർന്ന-മനസ്സിൽ കടന്നുകൂടിയ ഒരു വികാരം-അത്‌ വേദന കലർന്ന ഒരു മധുരവികാരമായി പടർന്ന്‌ തന്നെ വല്ലാതെ കുഴക്കി എന്ന്‌ പറയുന്നു. അത്‌ ഒരു നിഴൽപോലെ തനിക്ക്‌ മീതെ തങ്ങി നിൽക്കുന്നുവേന്ന തോന്നലിലായിരുന്നു. പിന്നീട്‌, ആശയം വളർന്ന്‌ വികസിച്ച്‌ സിനിമയാക്കി മാറ്റുകയായിരുന്നു! ലാസ്ട്രഡ. ഫെല്ലിനിയുടെ എല്ലാ ചിത്രങ്ങളും യാഥാർത്ഥ്യത്തിന്റെ തലംവിട്ട്‌ ഭ്രമാത്മകതയുടെ ലോകത്തേക്ക്‌ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോവുന്നതാണ്‌. പ്രേക്ഷകന്റെ പങ്കാളിത്തം വെറും സിനിമ കാണലിൽ ഒതുങ്ങുന്നില്ല. അവരുടെ ചിന്തയുടെ പങ്കാളിത്തം കൂടി ആവശ്യപ്പെടുന്നു. 1993 ഒക്ടോബർ 30 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

കലവൂർ രവി ഒരു പൂമരമായിരുന്നു

m k harikumar

രവി ഒരു പൂമരമായിരുന്നു. ആ മരം സുഗന്ധമുള്ള പൂക്കൾ പൊഴിച്ചതു, അതിനു വേണ്ടിയായിരുന്നില്ല. മറ്റുള്ളവർക്ക്‌ വേണ്ടിയായിരുന്നു.

വാസ്തവത്തിൽ കലവൂർ രവി സാറിനെ എന്നാണ്‌ കണ്ടതെന്ന്‌ എനിക്കോർക്കാൻ പറ്റുന്നില്ല. ആ പരിചയം യഥാർത്ഥ സ്നേഹമായി വളരുകയാണ്‌ ചെയ്തത്‌. എന്റെ വ്യക്തിത്വത്തെയെന്നെപോലെ എന്റെ എഴുത്തിനോടും രവിസാറിനു പ്രത്യേക വാത്സല്യമായിരുന്നു. എന്നെ എത്ര പ്രാവശ്യം അദ്ദേഹം കലവൂരിലെ വീട്ടിലേക്ക്‌ വിളിപ്പിച്ചിരിക്കുന്നു. വിളിക്കുമ്പോൾ കാർ ഏർപ്പാടാക്കും. തിരിച്ചുപോരുമ്പോഴും കാർ അയച്ചുതരും. ഇതെല്ലാം അദ്ദേഹത്തിന്റെ നിഷ്ഠയായിരുന്നു.
കലവൂർ രവി എപ്പോഴും ആശയങ്ങളുടെ കാമുകനായിരുന്നു. അദ്ദേഹം വാർത്തകളും മറ്റും വിവരിക്കുന്നത് എന്നെ പുതിയ ഒരു അറിവിലേക്ക്‌ നയിക്കുന്നതിനുപകരിച്ചിട്ടുണ്ട്‌.

കലവൂർ രവി അവസാനകാലത്ത്‌ ധാരാളം എഴുതി. പുതിയ ലേഖനങ്ങൾ ആഴ്ചതോറും എനിക്കു അയച്ചുതരുമായിരുന്നു. മനുഷ്യമസ്തിഷ്കം, സാഹിത്യം, വേദാന്തം, മന:ശ്ശാസ്ത്രം, തത്വചിന്ത എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌, ഒരിക്കലും തീരാത്ത ഒരു തൃഷ്ണ അദ്ദേഹത്തിൽ ബാക്കിയുണ്ടായിരുന്നു. നിഷേ , കീർക്കഗോർ, ഫിജോഫ്‌ കാപ്ര തുടങ്ങിയ ചിന്തകർ രവിയുടെ കിടപ്പുമുറിയിൽ ഉണ്ടായിരുന്നപോലെ അനുഭവപ്പെട്ടു. രവി വളരെ സീരിയസ്സായാണ്‌ എഴുതുന്നത്‌ . ശ്രീനാരായണ ഗുരുവിന്റെ ചിന്തകളെ ഇതര പാശ്ചാത്യ ആശയസംഹിതകളുമായി അടുപ്പിച്ചുകൊണ്ട്‌ അദ്ദേഹം എഴുതിയിട്ടുണ്ട്‌.

രവി ഒരു പൂമരമായിരുന്നു. ആ മരം സുഗന്ധമുള്ള പൂക്കൾ പൊഴിച്ചത് , അതിനു വേണ്ടിയായിരുന്നില്ല. മറ്റുള്ളവർക്ക്‌ വേണ്ടിയായിരുന്നു.
ജീവിതാന്ത്യകാലത്തെ ഏകാന്തത , ഭാര്യയുടെ മരണശേഷം അത്‌ വർദ്ധിച്ചിരുന്നെന്നു തോന്നുന്നു. സർഗ്ഗാത്മക കർമ്മങ്ങളിലൂടെ അത് ഫലംതരുന്ന വടവൃക്ഷമായി രൂപാന്തരപ്പെടുകയായിരുന്നു.
ഞങ്ങൾ തമ്മിൽ എന്തായിരുന്നു ബന്ധം? ഞാൻ അതേപ്പറ്റി പലപ്പോഴും ആലോചിച്ചിട്ടുണ്ട് . അദ്ദേഹം എന്റെ കാര്യത്തിൽ വലിയ ശ്രദ്ധാലുവായിരുന്നു. എന്റെ എഴുത്തിന്റെ വലിയൊരു ഉടമസ്ഥനെപ്പോലെയാണ്‌ അദ്ദേഹം പെരുമാറിയിരുന്നത്‌. മിക്കപ്പോഴും രാവിലേയാവും വിളിക്കുക. അടുത്തകാലത്തായി പകലേപ്പോഴെങ്കിലുമാവും വിളിക്കുക. 'കലാകൗമുദി' വായിച്ച ശേഷം വിളി പതിവാണ്‌. എന്റെ കോളം 'അക്ഷരജാലക'ത്തെപ്പറ്റി ചിന്തനീയമായ നിരീക്ഷണങ്ങളാണ്‌ അദ്ദേഹത്തിൽ നിന്നുണ്ടായിട്ടുള്ളത്‌. എല്ലാ വിമർശനത്തിലും എന്നോടൊപ്പമായിരുന്നു അദ്ദേഹം. എന്റെ സാഹിത്യ ജീവിതത്തിനു വലിയ തണലായിരുന്നു രവിസാർ.
രവിസാറിന്റെ കുടുംബ വീട്ടിൽ ഒരു ദിവസം സന്ധ്യയ്ക്ക്‌ എല്ലാവരെയും വിളിച്ചുകൂട്ടി എനിക്കൊരു ഉപഹാരം തന്നു. നന്നായി എഴുതാനുള്ള പ്രചോദനം. ഒരു കൊതുമ്പു വള്ളത്തിന്റെ ശിൽപമായിരുന്നു ആ ഉപഹാരം. ഞാനും മാത്യു നെല്ലിക്കുന്നും ചേർന്ന്‌ എഴുത്ത്‌ ഓൺ ലൈൻ തുടങ്ങിയപ്പോൾ, അതിനോടും അദ്ദേഹം



സഹകരിച്ചു. രവിസാറിന്റെ കോളം ഞങ്ങൾ സന്തോഷത്തോടെ പ്രസിദ്ധീകരിച്ചു. അദ്ദേഹം മുടങ്ങാതെ ലേഖനങ്ങൾ അയച്ചുതന്ന്‌ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു.
നിഷ്കളങ്കമായ മനസ്സായിരുന്നു രവിസാറിന്റേത്‌. മറ്റുള്ളവർക്ക്‌ നന്മവരാൻ വേണ്ടി ഇതുപോലെ പ്രവർത്തിക്കാൻ ആർക്കു കഴിയും?
എന്റെ സാഹിത്യജീവിതം 25 വർഷം പൂർത്തിയാക്കിയപ്പോൾ അദ്ദേഹം പ്രകടിപ്പിച്ച സന്തോഷം ഞാനിന്നുമോർക്കുന്നു. എനിക്കു ഡൽഹിയിൽ സ്വീകരണം നൽകണമെന്നാണ്‌ അദ്ദേഹം ആഗ്രഹിച്ചതു. ഇതിനായി അദ്ദേഹം ഡൽഹിയിലുള്ള ചിലരെ വിളിച്ചത് എനിക്കറിയാം.

'ഓറ' മാസികയിൽ രവിസാറിന്റെ ലേഖനങ്ങൾ മിക്കപ്പോഴും വരും. ആ ലേഖനങ്ങൾ അദ്ദേഹത്തിന്റെ ദാർശനികമായ ആഴം വ്യക്തമാക്കി തന്നിട്ടുണ്ട്‌. രവിസാറിന്റെ മനസ്സ്‌ സദാ പ്രതികരണ ക്ഷമമായിരുന്നു. സ്നേഹ വിശുദ്ധിയോടെ ചിരിക്കാൻ കഴിയുമായിരുന്ന അദ്ദേഹത്തിനു ക്ഷോഭമില്ലായിരുന്നു; എന്നാൽ അന്വേഷണബുദ്ധിയും അനുകമ്പയും ധാരാളമുണ്ടായിരുന്നു.
ആശയങ്ങളെ അതീതമായ സങ്കലനപ്പട്ടികയിലെ അക്കങ്ങളായി കാണാൻ രവിസാറിനു കഴിഞ്ഞു. ആ അക്കങ്ങൾ തിരിച്ചും മറിച്ചും കൂട്ടിനോക്കുക അദ്ദേഹത്തിന്റെ വിനോദമായിരുന്നു. ചിലപ്പോൾ പട്ടികയ്ക്ക്‌ പുറത്തേക്ക്‌, നിയമം തെറ്റിച്ച്‌ അദ്ദേഹം ഒറ്റയാൻ യാത്രകൾ നടത്തും. ദൈവനിഷേധികളെ ദൈവവിശ്വാസികൾക്കു മുഖാമുഖം നിർത്താൻ കഴിയുന്നത്‌ അപ്പോഴായിരുന്നു. കണക്കുകൾ ഒരിക്കലും അവസാനിച്ചിരുന്നില്ല. മനുഷ്യമനസ്സ്‌ എന്ന കടങ്കഥയിൽ, സാങ്കൽപിക അക്കങ്ങളായി അദ്ദേഹം രൂപീകരിച്ച ആശയലോകങ്ങൾ നമ്മെ എന്നും പ്രലോഭിപ്പിക്കാൻ പോന്നതായിരുന്നു.
പലപ്പോഴായി എഴുതിയ ലേഖനങ്ങൾ ഒരിക്കൽ സമാഹരിച്ച്‌ പുസ്തകമാക്കാൻ അദ്ദേഹം സന്മനസ്സ്‌ കാണിച്ചു. 'മനുഷ്യൻ മരിക്കുന്നില്ല' എന്നായിരുന്നു ആ ലേഖന സമാഹാരത്തിന്റെ പേര്‌. രവിസാറും മരിക്കുന്നില്ല. മനുഷ്യൻ എങ്ങനെയാണ്‌ മരിക്കുന്നത്‌, അവൻ സൃഷ്ടിച്ച ചിന്തകൾ ഇവിടെയെല്ലാമുള്ളപ്പോൾ?

'മനുഷ്യൻ മരിക്കുന്നില്ല' എന്ന കൃതിക്ക്‌ അവതാരിക എഴുതാൻ അദ്ദേഹം എന്നോടാണ്‌ ആവശ്യപ്പെട്ടത്‌. രാഷ്ട്രീയ, സാഹിത്യരംഗങ്ങളിൽ എത്രയോ പ്രഗത്ഭർ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായുണ്ട്‌. എന്നോടുള്ള സ്നേഹത്തിന്റെ അടയാളമാണത്‌. എന്റെ വാക്കുകളിൽ അദ്ദേഹം സ്നേഹപൂർവ്വമായി രേഖപ്പെടുത്തിയ വിശ്വാസത്തിന്റെ അടയാളമാണത്‌.
രവിസാർ രോഗം മൂർച്ഛിച്ച്‌, മതിലകം ഗ്രീൻകാർഡ്‌ ആശുപത്രിയിലാണെന്ന്‌ ഞാനറിഞ്ഞത്‌ വൈകിയാണ്‌. സാറിന്റെ ഫോൺകോൾ ഇല്ലാതായപ്പോഴാണ്‌ ഞാൻ വീട്ടിലേക്ക്‌ വിളിച്ച്‌ തിരക്കിയത്‌. അപ്പോൾ മകന്റെ ഭാര്യയാണ്‌, അദ്ദേഹത്തിന്റെ രോഗനിലയെപ്പറ്റി പറഞ്ഞത്‌. പിറ്റേദിവസം ഞാൻ മതിലകം ആശുപത്രിയിൽ പാഞ്ഞെത്തിയപ്പോൾ കണ്ട കാഴ്ച എനിക്കു വിവരിക്കാൻ പ്രയാസമുണ്ട്‌. രവിസാറിനു സംസാരിക്കാൻ പറ്റുന്നില്ല. ക്ഷീണം കൊണ്ട്‌ ഉറക്കത്തിൽ നിന്ന്‌ ഉറക്കത്തിലേക്ക്‌ വഴുതുകയാണ്‌. കൈകാലുകളിലും ഉടലിലും നീരുവന്ന്‌ വീർത്തിട്ടുണ്ട്‌. ഡോക്ടർമാർ ഉപേക്ഷിച്ചപോലെ! എന്നിട്ടും ഞാൻ ഉറക്കെ, 'രവി സാറേ, ഹരികുമാറാണ്‌ 'എന്ന്‌ വിളിച്ചു പറഞ്ഞു. രണ്ട്‌ മൂന്ന്‌ വിളിച്ചപ്പോൾ അദ്ദേഹം കണ്ണുകൾ തുറന്നു. അൽപനേരം കൊണ്ട്‌ എന്നെ മനസ്സിലായെന്ന്‌ വ്യക്തം. ആങ് ഹാ.... എന്ന്‌ ചിറകോട്ടിക്കൊണ്ട്‌ മൂളാനല്ലാതെ അദ്ദേഹത്തിനു ഒന്നിനും കഴിയുമായിരുന്നില്ല. ഒരു ചെറിയ ചിരി അനൈഹികമായ പരിതാപങ്ങളോടെ, സ്നേഹമിന്നലോടെ ആ മുഖത്ത്‌ വന്ന്‌ പെട്ടെന്ന്‌ മാഞ്ഞുപോയി. രവിസാർ വീണ്ടും ഉറക്കത്തിൽ പ്രവേശിച്ചു.
രവിസാർ എന്റെ സ്വന്തം ജ്യേഷ്ഠസഹോദരനെപ്പോലെയായിരുന്നു. നമ്മുടെ ചിന്താജീവിതത്തിന്‌ വല്ലപ്പോഴും ലഭിക്കാറുള്ള അളവറ്റ പിന്തുണയും കരുത്തുമായിരുന്നു അദ്ദേഹം തന്നത്‌.
ഈ ചിന്തകൾ അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കുന്നു.

ആസ്വാദനം

വർഷമുകിലുകൾ--ഇന്ദിരാബാലൻ(കൈരളി ബുക്സ്‌ കണ്ണൂർ)
n a s perinjanam bangalore

ഇന്ന്‌ നമ്മുടെ ഭാഷയിൽ കവിത വായിക്കുന്നവരേക്കാൾ കൂടുതൽ പേർ കവിതയെഴുതുന്നവരാണ്‌. എന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. കവിതയുടെ ഇത്തരത്തിലുള്ള ജനകീയതയിൽ ഒട്ടും ആഹ്ലാദത്തിന്‌ വകയില്ലായെന്നതാണ്‌ ദുഃഖകരമായ മറ്റൊരു സത്യം. ഭാഷയെ സംബന്ധിച്ചിടത്തോളം കവിത മഹത്തരമാണെന്ന തിരിച്ചറിവായിരിക്കാം അത്തരമൊരവസ്ഥാവിശേഷത്തിന്‌ വഴിയൊരുക്കിയത്‌. നിർഭാഗ്യകരമെന്നു പറയട്ടെ ആധുനികതയുടെ പേരിൽ സുന്ദരിയും, സൗഭാഗ്യവതിയുമായ കവിതയുടെ മൂക്കും, മുലയുമരിയുകയാണ്‌ അവരിൽ പലരിന്നും ചെയ്തുകൊണ്ടിരിക്കുന്നത്‌.
കവിതക്ക്‌ 2009 ലെ കേരളസാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച ശ്രീ :ഏഴാച്ചേരി രാമചന്ദ്രൻ പറയുന്നതിങ്ങനെയാണ്‌.
"നമ്മുടെ ഹൃദയത്തെ ഉണർത്താൻ പര്യാപ്തമായ താളാത്മകതയും വാക്കുകൾക്കുള്ളിലെ സ്വയംഭൂവായ ഈണവും മലയാളകവിതക്ക്‌ അത്യാവശ്യമാണെന്ന്‌ ഞാൻ കരുതുന്നു. ഇതൊരു മൂഢവിശ്വാസമാണെന്നു നിനക്കുന്നവരും കണ്ടേക്കാം. ആദിദ്രാവിഡ ഗോത്ര സംസ്കൃതിയുടെ ഈണതാളപാരമ്പര്യത്തിൽ വളർന്നു കൊഴുത്ത മലയാളകവിതയെ ആധുനികതയുടെ ഇടുക്കു തൊഴുത്തിൽ തൽക്കാലം ബന്ധിക്കാൻ കഴിഞ്ഞേക്കാം. പക്ഷെ അത്‌ ശാശ്വതമല്ല. വിമർശനം പോലും സർഗ്ഗാത്മകതയുടെ ഉന്നതപദവിയിൽ എത്തി നിന്നിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നല്ലോ?"(ഇപ്പോൾ നദീമുഖം ശാന്തം)
ഈദൃശമായ ഒരവബോധത്തിന്റെ പശ്ച്ചാതലത്തിൽ ശ്രീമതി:ഇന്ദിരാബാലന്റെ "വർഷമുകിലുകൾ" എന്ന കവിതാസമാഹാരം വായിക്കുന്ന ഏതൊരു സഹൃദയനും നിരാശപ്പെടേണ്ടി വരില്ല. മറിച്ച്‌ അനുഗൃഹീതയായ ഒരു എഴുത്തുകാരിയുടെ ഹൃൽസ്പന്ദനങ്ങൾ കവിതാമയമായാവിഷ്‌ക്കരിക്കാൻ അവർക്കിതിലെ മിക്കവാറും കവിതകളിലൂടെ കഴിഞ്ഞിരിക്കുന്നു. "മാതൃത്വം" തുടങ്ങി "കുരുതി" വരെയുള്ള അറുപത്തൊന്നു കവിതകൾ. ഏതൊരു സമാഹാരത്തിലുമെന്നപോലെ ഇതിലേയും എല്ലാ സൃഷ്ടികളും ഒരേപോലെ വായനക്കാരെ ആസ്വദിപ്പിച്ചുകൊള്ളണമെന്നില്ല. ആസ്വാദനം തന്നെ ആപേക്ഷികമാണല്ലോ. എനിക്കിഷ്ടപ്പെടുന്നത്‌ മറ്റൊരാൾക്കങ്ങിനെ ആവണമെന്നില്ല. മറിച്ചും. എന്നിരുന്നാലും "കൃഷ്ണപക്ഷത്തിൽ" നിന്ന്‌ "വർഷമുകിലുകളി"ലെത്തുന്ന കവി ഇവിടെ പടവുകൾ കയറി മുന്നോട്ടു കുതിക്കുകയാണെന്ന കാര്യത്തിൽ സംശയലേശമില്ലതന്നെ.


"കൃഷ്ണപക്ഷവും, വർഷമുകിലുകളും "ശോകമൂകമായ ആത്മസംവേദനത്തിന്റെ ഒരു ദുഃഖപുത്രിയെയാണ്‌ അനുവാചകർക്ക്‌ സമ്മാനിക്കുന്നതെന്ന്‌ തോന്നി.
"വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം "
എന്നാണല്ലോ പ്രശസ്ത കവി അക്കിത്തം നമ്മെ പഠിപ്പിക്കുന്നത്‌,
എങ്കിലും ജീവിതത്തോടുള്ള അദമ്യമായ അഭിവാഞ്ചയും ഒപ്പം ജീവിതത്തിന്റെ അഴുക്കും കരിയും തുടച്ചുനീക്കാനുള്ള ഒരാഭിമുഖ്യവും ചില കവിതകളിൽ നമുക്കു വായിച്ചെടുക്കാൻ കഴിയുന്നുവെന്നത്‌ ആശ്വാസകരം തന്നെ

"തവപൂന്തണലിൽ തലചായ്‌ച്ചണയവെ
സകല താപങ്ങളും അലിഞ്ഞുതീരുന്നു
നോവിന്നാഴം മറന്നു തലോടീടവെ
മനതാരിൽ വിരിയുന്നു നവമുകുളങ്ങൾ" (മാതൃത്വം)
മാതൃത്വത്തിൽ നിന്നാണല്ലോ എല്ലാറ്റിന്റേയും തുടക്കം.
"നിശീഥത്തിൻ നീലയാമങ്ങളിൽ
പൂക്കും നിശാഗന്ധിപോൽ
ധവളാഭ ചൊരിഞ്ഞു വെള്ളി-
കൊലുസ്സണിഞ്ഞ നിലാവായി"
കവിത പൂക്കുന്ന നീലയാമങ്ങളെ എത്ര സുന്ദരമായാണീ കവിതയിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്‌.
"തപിച്ചു കിടന്ന മോഹങ്ങളുടെ തിരയേറ്റം
മുളപൊട്ടുന്ന പുതുനാമ്പുകളുടെ
അരുണിമ കലർന്ന മന്ദഹാസം
അവിടെയുതിർത്ത പൂനിലാമഴയിൽ
പൂത്ത പരിജാതങ്ങൾ..
സപ്ത വർണ്ണാഞ്ചിതമായ ജീവിതത്തിന്റെ
തിരുമുറ്റത്ത്‌ ഞാൻ
അഞ്ജലീബദ്ധയായി
ആനന്ദാശ്രുധാരകളുമായി
.(സ്നേഹവൈഖരി)
അതീവസുന്ദരം തന്നെ .കാൽപ്പനികതയുടെ ഉച്ചകോടിയിലേക്ക്‌ കുതിക്കുന്ന ഈ ശിൽപ്പചാതുരിയുടെ മുമ്പിൽ നമോവാകം.

"കളിവിളക്കിന്നുജ്ജ്വലകാന്തിയിലൊരു
ജന്മസാഫല്യത്തിൻ മണിക്കിരീടം തിളങ്ങി
അതി ധന്യമാ മുഹൂർത്തമിന്നുമെന്നകതാരിൽ
പ്രോജ്ജ്വലിപ്പൂ കെടാവിളക്കുപോൽ
വാത്സല്യ നിർഭരയായനുമതിയും.....................നൽകിയ മാതാവിന്റെ അനുഗ്രഹാശ്ശിസ്സുകൾ ഏറ്റുവാങ്ങി...തുടക്കം കുറിച്ച ഒരു കലാകാരന്റെ വിജയഗാഥ എത്ര ഭംഗിയായാണ്‌ ചിത്രീകരിക്കുന്നത്‌.(മുഹൂർത്തം)
"തുച്ഛമാം ജീവിതനിമിഷങ്ങളെ
ആളുന്നൊരഗ്നിയിൽ കരിയാതെ
കാക്കുമീ ജീവനത്തുടിപ്പിൻ
സ്നേഹോഷ്‌മളമാം മധുരഗാഥ..."(സ്നേഹോഷ്മളഗാഥ)
ഏതാനും വരികളിലൂടെ ജീവിതത്തെ വാരിപ്പുണരാനുള്ള ഒരഭിനിവേശമാണീ കവിത കാഴ്ച്ച വെക്കുന്നത്‌.

നഗരക്കാഴ്ച്ചകളിൽ ..............ധീരസുന്ദരമീയൂഴി തന്നുടയാടയുരിഞ്ഞാക്ഷേപവർഷം ചൊരിഞ്ഞു,നെഞ്ചു കീറിപ്പായുന്ന വെടിയുണ്ടയും,മതവൈരത്തിൻ കത്തിമുനയും, വിശപ്പിന്നഗ്നി കത്തിക്കാളുന്ന പട്ടടയിൽ വെന്തു നീറുന്നോരുടെ വേദനയും ,തെരുവോരത്തെ എച്ചിലിനായ്‌ ,എല്ലിനായ്‌ ,കടിപിടികൂടും തെരുവുനായ്ക്കളെപ്പോൽ മുരളുന്ന മർത്ത്യനും, അമ്മിഞ്ഞപ്പാലിൻ മധുരമറിയാതെ വളരുന്ന അനാഥപിഞ്ചു ബാല്യങ്ങളും, മക്കളെയൂട്ടാനമ്മ തൻ അരവയർ മുറുക്കിക്കെട്ടി സ്വത്വം വിറ്റു നടക്കും മാതൃത്വത്തിൻ ദീനതകളും തുടങ്ങി സമൂഹത്തിന്റെ അടിത്തട്ടിലേക്കിറങ്ങി സമകാലിക പ്രശ്നങ്ങൾക്കു നേരെ വിരൽ ചൂണ്ടുകയാണിവിടെ ചെയ്യുന്നത്‌. ഒപ്പം അധികാരാന്ധരായി നിഷ്‌ക്രിയത പൂണ്ടു നിൽക്കുന്ന ഭരണസാരഥികളേയും..സത്യത്തിൻ മൂടി തുറന്നു സ്നേഹശാദ്വലഭൂവിൻ മന്ത്രം കേൾക്കാനും ഗർജ്ജനം മുഴക്കിക്കൊണ്ടു തന്നെ ധർമ്മത്തിൻ സ്വർണ്ണകഞ്ചുകം നേടിയെടുക്കാനുള്ള ഒരാഹ്വാനവും ഈ കവിതയിലുണ്ട്‌.

അക്ഷരത്തിന്റെ അക്ഷയഖനി ഭാഷയുടെ ആരണ്യഗർഭത്തിലുദയം കൊണ്ട്‌ സൗന്ദര്യമായ്‌,ശക്തിയായ്‌, സത്യമായ്‌....വാക്കിന്റെ രസായനമായി രൂപം കൊള്ളുന്ന അവസ്ഥയെ കാൽപ്പനികതയിൽ അണിയിച്ചൊരുക്കുകയാണ്‌ "വാക്കിന്റെ രസായനമെന്ന" കവിത.
ആദിത്യമന്ത്രങ്ങളുരുക്കഴിച്ച്‌ തപഃധ്യാനത്തിലെന്ന പോലെ മായാസ്വപ്‌നത്തിലാകൃഷ്ടയായി ,ഉഷഃകിരണങ്ങളുടെ സ്പർശനമേറ്റ്‌ ദിവ്യമായ അനുഭൂതിയിലുണർന്നു ഉജ്ജ്വലമായ സൂര്യകാന്തിയിൽ വിസ്മിതയായി .ലജ്ജാവരണയായി,പ്രണയപാരവശ്യത്തിൻ വികാരോജ്ജ്വല നിമിഷങ്ങളിൽ .അരുണശോഭയിൽ പുളകിതയായി ദിവ്യമായൊരനുഭൂതിയിലാകൃഷ്ടയായി വശം വദയായിക്കഴിഞ്ഞ ഒരു രാഗിണിയെയാണിവിടെ വരച്ചുവെച്ചിരിക്കുന്നത്‌. പേരെടുത്തുപറയാതെ തന്നെ ഒരിതിഹാസകഥാനായികയുടെ ഹൃദയാന്തഃകരണത്തിലെ ആന്ദോളനങ്ങൾ വരച്ചുവെച്ച ഈ തൂലികാ ചിത്രം അനുവാചകരിൽ അനുഭൂതിയുളവാക്കുന്നു. ക്ഷണികതയുടെ മിന്നലാട്ടം പൊലിഞ്ഞ്‌ പടിഞ്ഞാറു പെറ്റുകിടക്കുന്ന ചെങ്കനലിൽ എരിയാൻ തുടങ്ങിയ ഹൃദയം അസ്തമയത്തെ അനുഗമിച്ചെത്തുന്ന തമസ്സിന്റെ വേതാളരൂപികള്‍ വീണ്ടും കരിമേഘങ്ങളെറിയുമോ? എന്ന ആശങ്കയോടെയാണ്‌ "തമസ്സെ വീണ്ടുമെത്തുന്നുവൊ" എന്ന കവിത അവസാനിക്കുന്നത്‌.
;ആർത്തലച്ചു വീണോരു പേമഴക്കൂത്തിൻ
ഭ്രാന്തഭാവം പൂണ്ടു ഭയാർത്തയാക്കിയെന്നെ
നീയന്നൊരുനാൾ..................
മറന്നുവൊ മഴനൂലുകളെ നിങ്ങൾ
പേർത്തുമിവൾ തൻ നരച്ച സ്വപ്‌നത്തെ കാക്കും
വരണ്ടഹൃത്തടത്തിന്നടരുകളിലേക്ക്‌ ചീറിയടിക്കുന്ന
താളമായ്‌ പെയ്തിറങ്ങിയതും
തമസ്സിൻ പാതാള ഗുഹകൾ താണ്ടി വന്നു
വിരഹാതുരയായി നിൽക്കുമീ വസുധയെ
ഉർവ്വരയാക്കുന്നതും നീയല്ലയോ.........
ബഹുഭാവഋതു സംഗീതമായി
പെയ്തിറങ്ങിയോരമൃത വർഷിണീ
നെടുനാളായി കണ്ടിട്ടു നിന്നെ
ഇവൾക്കരികിലണയാനെന്തേ കാലവിളംബം?
വിരഹാതുരയായി നിൽക്കുന്ന വസുധയെ ഉർവ്വരയാക്കുന്ന കാവ്യമഴതന്നെയാണ്‌ "വർഷമുകിലുകൾ" എന്ന കവിത എന്ന്‌ സംശയമില്ല.

ചുട്ടുപൊള്ളുമീ ജീവിത തിക്തമേറെക്കുടിച്ചവശയായൊരീ /മകൾക്കിത്തിരി പ്രാണവായു ഇറ്റുവാൻ വന്നതൊ/പഠിച്ചുവൊ മകളെ നി ജീവിതത്തിന്നർത്ഥശാസ്ത്രം? എന്നു ചോദിച്ചുകൊണ്ട്‌ നിൽക്കുന്ന തന്റെ പിതാവിനെ സ്വപ്‌നത്തിൽ ദർശിക്കുന്ന കവിതയാണ്‌` "കനവിൽ വന്ന അച്ഛൻ"

സ്നേഹഗംഗയും, ചാരുസ്വരൂപിണിയും, മഹീതലത്തെ നിധികുംഭമാക്കിയ സാന്ത്വനകുളിർ സങ്കീർത്തനമായി കിനാവിൽ കടന്നുവന്ന മാതാവിന്റെ ചിത്രം ഭാവബന്ധുരം.....................
"ഹാ ഹാ കരോമി"എന്ന കവിത അകാലത്തിൽ പൊലിഞ്ഞ പ്രശസ്തകഥകളിഗായകനായിരുന്ന ശ്രി:കലാമണ്ഡലം ഹൈദരാലിക്കുള്ള ആദരാഞ്ജലിയാണ്‌.
"പ്രതിരോധക്കടമ്പകളേറെ കടന്നു/സ്വസമുദായത്തിന്നഭിമാനപാത്രമായ്‌/സംഗീത കൽപ്പതരുവായ്‌ /വിരാജിച്ച ഗന്ധർവ്വഗായകാ വിതുമ്പുന്നീ വസുന്ധര................./ശാന്തനായുറങ്ങുന്ന ഗാനലോലുപാ/ നമിക്കുന്നു ഞാനീയശ്രുധാരയിൽ/കുതിർന്നൊരു പിടി വാക്കുകളാൽ..............തുടർന്നുള്ള ഗാനകോകിലം, എവിടെ, എന്നീ കവിതകളും ഈ അശ്രുധാരക്ക്‌ അനുബന്ധമായി തോന്നി. സ്വരമാധുരികൊണ്ടും ആവിഷ്ക്കാരചാതുരി കൊണ്ടും ചങ്ങമ്പുഴയുടെ കനകച്ചിലങ്കയൊലിയാണീ കവിതകളിൽ താളലയങ്ങളൊരുക്കുന്നത്‌. അഭിനന്ദിക്കാതെ വയ്യ. സ്ത്രീത്വത്തെ ചവിട്ടിയരക്കുന്ന സമകാലിക ജീവിതത്തിന്റെ അറപ്പും, വെറുപ്പും നിറഞ്ഞ സാമൂഹിക ചാപല്യങ്ങൾക്കെതിരെ അമർഷത്തോടെ പൊട്ടിത്തെറിക്കുകയാണ്‌ "യാജ്ഞസേനി" യിലൂടെ കവി ചെയ്യുന്നത്‌.

"യാജ്ഞ്സേനി നീ ഏകാകിയാണ്‌/ജീവിതത്തിൽ നിന്നും ഒറ്റപ്പെട്ടവൾ/നിന്റെ യാതനകൾക്കറുതി വരുത്തുവാൻ /ഇനിയൊരു സുദർശനമുയരില്ല/സുദർശനത്തിലും വിഷവായു പുരണ്ടിരിക്കുന്നു. /അസത്യത്തിനെതിരെ മൂർച്ചയുള്ള രസനയുള്ളവളെ/നിന്റെ രസനയും ഭേദിക്കുവാൻ ഹീനർ ഒരുങ്ങിനിൽക്കുന്നു. നീ ലോകത്തു നിന്നും തമസ്ക്കരിക്കപ്പെടുന്നു. അറിയുക, വഞ്ചനയുടെ മുഖമേതെന്ന്‌/സ്ത്രീയെ നിനക്കു രക്ഷ നീ മാത്രം............................

ഇവിടെ ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി വിളംബരം ചെയ്യുന്ന പല ശീലാവതിമാരുടേയും വിങ്ങിപ്പൊട്ടലുകളും, ആത്മനൊമ്പരങ്ങളും പകർത്താനല്ല കവി ശ്രമിക്കുന്നത്‌. മറിച്ച്‌ അമർഷത്തോടെ സ്ത്രീശാക്തീകരണത്തിന്റെ ആവശ്യകതയിലേക്ക്‌ വിരൽ ചൂണ്ടുകയാണ്‌ ചെയ്യുന്നത്‌.
ഈ കവിതയോടൊപ്പം നിർത്തിവായിക്കാവുന്ന മറ്റൊരു കവിത "രൗദ്രമാണ്‌".ഇളങ്കോവടികളുടെ ചിലപ്പതികാര നായിക"വിരഹത്തിന്നൊറ്റച്ചിലമ്പും വാളുമായി ജ്വലിച്ചു നിൽക്കുന്ന കണ്ണകിയെ വികാരച്ചോർച്ചയില്ലാതെ തന്നെ നമ്മിലേക്കെത്തിക്കുന്നു.
ഇഹലോകത്തിൻ പ്രയാണം കഴിഞ്ഞു തുഴഞ്ഞുപോയ അച്ഛന്റെ ശയ്യക്കരികെ യിരുന്നു വിതുമ്പുന്ന അമ്മയുടെ ചിത്രം ആരുടേയും കണ്ണു നനയ്ക്കാതിരിക്കില്ല. ഒപ്പം തികട്ടിവരുന്ന ഓർമ്മകളും.
ദ്രുതനടനമാടിയ പാദങ്ങൾ /ആടില്ലിനി കലാശത്തിൻ ചുവടുകൾ/മുദ്രപുഷ്പങ്ങളാൽ പ്രപഞ്ചം വിരിയിച്ച വിരലുകൾ വിടരില്ലിനി/നവരസഭാവങ്ങളിഴ ചേർന്നു തുടിച്ച മിഴിയിണയും/ തുറക്കില്ലായിനിയൊരിക്കലുമെന്ന സത്യത്തിൻ/മുൾമുനയിൽ കോർത്തു വലിച്ചു മാനസം/തോടിയോ മുഖാരിയോ ഏതു രാഗതന്തുവാണീയരങ്ങിലഴിഞ്ഞുവീഴുവതും?(കുന്നിമണികൾ)
"പ്രചണ്ഡതാളം" സുനാമിയുടെ ഭീകരച്ചിത്രം വരക്കുകയാണിവിടെ. പ്രകൃതി തൻ രൗദ്രഭാവം/മുടിയഴിച്ചിട്ടുറഞ്ഞുതുള്ളി രാപ്പകലുകളിൽ/നീരാളിത്തിരകൾക്കുള്ളിൽ പിടഞ്ഞുനീറി /പല്ലവം പോലൊലിച്ചു പൊയ്‌ പൈതങ്ങൾ/ചുടലക്കളരിയാക്കി ധരിത്രിയെ/ ചുടലഭദ്രകാളി നൃത്തം ചവുട്ടി....ഉറ്റവരേയും ഉടയവരേയും അച്ഛനേയും അമ്മയേയും ബന്ധുമിത്രാദികളെയും നഷ്ടപ്പെട്ട ജനങ്ങൾ...നെട്ടോട്ടമോടിത്തളർന്നു വീഴുന്നതും...ഏതു ജന്മാപരാധത്തിന്റെ പാപഫലമിതെന്നോർത്തു നടുങ്ങിയത്‌ കവി തന്നെയല്ലേ?
തുടർന്നുള്ള ശരശയ്യ, തിരിച്ചറിവ്‌ ,പൊന്‍‌കണി,നിശ്ശബ്ദരാഗം,അമ്മയുടെ തൃപ്പാദങ്ങളിലേക്ക്‌,ചുവപ്പു രാശി, വിരഹ മുരളി,അഗ്നി ,കരുണം, നീലോൽപ്പലങ്ങളെ തേടി,ഇടവപ്പാതി, തട്ടകം, നിയോഗം,കടലിനൊരു ഉണർത്തുപാട്ട്‌,എന്റെ ഗ്രാമം,കടങ്കഥ, കർ‌ണ്ണികാരം, തെരുവ്‌ ,പ്രണയിനി, ഉഷസ്സ്‌ .മൗനഗീതം, കുരുതി എന്നീ കവിതകളിൽ ചിലവ ആശയവും ആവിഷ്ക്കാരവും സമന്വയിച്ചു നിൽക്കുന്ന നിലവാരമുള്ള സൃഷ്ടികളാണ്‌.
എന്നിരുന്നാലും ഒരു പ്രശസ്തകവി നോബൽ സമ്മാനം സ്വീകരിച്ചു കൊണ്ട്‌ മുമ്പൊരിക്കൽ താഴെക്കാണും വിധം പ്രസ്താവിച്ചതായി വായിക്കാനിടയായി. നമുക്കെല്ലാം പ്രയോജനകരവും പ്രോത്സാഹനമർഹിക്കുന്നതുമായ ഒരാശയമാണതെന്നു തോന്നിയിട്ടുണ്ട്‌.

"കവിത പൂർണ്ണതയുടെ മാധുര്യമാണ്‌. അത്‌ ഒരു പ്രതിമയുടെ നെറുകയിൽ വീ‍ഴുന്ന മഞ്ഞുതു‍ള്ളി പോലെ ,മഴത്തുള്ളിപോലെ തന്നെ പുതുതായിരിക്കണം. പ്രതിമ ഭൂതകാലമാണെങ്കിൽ പ്രതിമയിൽ വീഴുന്ന മഞ്ഞുതുള്ളി ഭൂതകാലത്തിൽ വീഴുന്ന വർത്തമാനകാലമാണ്‌."

ശ്രീമതി ഇന്ദിരാബാലന്റെ മേലുദ്ധരിച്ച കവിതകളിൽ"ഉഷസ്സ്‌" എന്നൊരു രചനയുണ്ട്‌. ഇതിൽ പുതിയൊരു പ്രഭാതത്തെ വരവേൽക്കാൻ വേണ്ടി കവി പാടുമ്പോൾ നമുക്കും അതൊന്നേറ്റു പാടാൻ തോന്നിപ്പോകും ....
"മണ്ണിന്റെ കാലത്തള കിലുക്കി മന്ദാരങ്ങൾ
ഉഷസ്സിന്റെ പല്ലവിയേറ്റു പാടി,മുഗ്ദ്ധ-
സ്മേര വദനയായ്‌ നിൽപ്പൂ പ്രകൃതിയാം ജനനി
പാടുന്നു വീണ്ടും തവ അക്ഷയസംഗീതം
നമോവാകം പ്രഭാതമെ നമോവാകം"


വർഷമുകിലുകൾ--ഇന്ദിരാബാലൻ(കൈരളി ബുക്സ്‌ കണ്ണൂർ)

വിൽക്കാനുണ്ട്‌ രത്നം


saju pullan

നേരിൽ കാണാനുള്ള ക്ഷണം സ്വീകരിച്ചാണ്‌ അവൾ ധനികനായ മനുഷ്യന്റെ മുറിയിൽ എത്തിയത്‌. അയാൾ അവളെ കാത്തിരിക്കുകയായിരുന്നു. അയാൾ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും സുന്ദരിയായിരുന്നു അവൾ, എല്ലാ ഭംഗികളേക്കാളും ഭംഗിയുള്ളവൾ. മുമ്പെവിടേയും കണ്ടിട്ടില്ലാത്തത്ര ഉടൽ അഴകുള്ളവൾ.

കരിവണ്ടഴകുള്ള കണ്ണുകൾ, ആപ്പിൾ റോസ്‌ ചുണ്ടുകൾ, കൊഴുത്ത ദേഹത്തെ മുഴുത്ത .......ഒക്കെ തുറന്നുകാണാൻ കൊതിയായി. കായൽക്കരയിലെ ഹോട്ടൽമുറിയിൽ അയാൾക്കരികെ അവൾ കാതരയായി ഇരുന്നു.

അഴിമുഖത്തു നിന്നും വീശിയ കാറ്റ്‌ നഗരത്തിലേക്ക്‌ കടന്നു ,കാറ്റ്‌ ഒരു കമ്പളം കണക്കെ അവരെ പൊതിഞ്ഞു. ഈറൻ കാറ്റായിരുന്നു എന്നിട്ടും അവർ ഇരുന്നു വിയർത്തു.

രത്നവേട്ടക്കാരന്റെ കയ്യിലമർന്ന നിധികുംഭത്തെപ്പോലെ അയാൾ അവളെ ചുംബിച്ചു. ....നിധികുംഭത്തിന്റെ മേലാട അഴിച്ചു മാറ്റി.

ഉൾതലത്തിലെ ഇരുൾ കയത്തിൽ ഒരു മാംസസ്പർശം അവൾ അറിഞ്ഞു. തെല്ലു നേരത്തിനുള്ളിൽ ആ നക്ഷത്ര സ്യൂട്ടിൽ കൊള്ളചെയ്യപ്പെട്ട ഒരു നിധികുംഭം പോലെ അവൾ തുറന്നുകിടന്നു.ഉടലിന്റെ ദാഹമൊടുങ്ങി അയാൾ അലിവോടെ അവളെ ചേർത്തണച്ചു. അവളെ ഒരുപാട്‌ ഇഷ്ടപ്പെട്ടു അയാൾക്ക്‌. താൻ രുചിച്ചിട്ടുള്ളതിൽ വച്ചേറ്റവും മധുരമുള്ള ശരീരം ഇവളുടേതാണ്‌. തേന്‍‌മധുരമുള്ള ശരീരം. !
ഇന്നിത്രക്ക്‌ മതി. തമ്മിൽ പിരിയാം. അയാൾ കരുണയോടെ അവളോട്‌ ആരാഞ്ഞു.
'സുന്ദരി എനിക്കു കുറച്ചു തിരക്കുകളുണ്ട്‌. നമുക്ക്‌ പിരിയാം. സമയം നിനക്കും വിലപ്പെട്ടതാണല്ലോ?

അവൾ പറഞ്ഞു എനിക്കു തിരക്കില്ല സാർ.തന്നെയുമല്ല. അങ്ങയോട്‌ എന്നെപ്പറ്റി ചിലത്‌ വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. അതു പറയാൻ വേണ്ടീട്ട്‌ മാത്രമാണ്‌ ഞാൻ അങ്ങയുടെ ക്ഷണം സ്വീകരിച്ചതു്‌. അങ്ങേക്ക്‌ കേൾക്കാൻ മനസ്സുണ്ടാകണം.
ശരീരം കൊണ്ട്‌ സംസാരിച്ചതു തന്നെ ധാരാളം എന്ന്‌ മനസ്സിൽ പറഞ്ഞെങ്കിലും നൂറുവട്ടം മനസ്സാണ്‌ കുട്ടീ എന്ന്‌ അയാൾ അവളോട്‌ പറഞ്ഞു.


'അല്ലെങ്കിൽ തന്നെ ഇവൾ പറയാൻ പോകുന്നതൊക്കെ തനിക്കറിയാവുന്നതു തന്നെ. ഇവൾ ഒന്നാം തരം മോഡൽ അല്ലേ."
ഒരു വസ്ത്ര പരസ്യത്തിന്‌ മോഡലായി ഫാഷൻ വീക്കിലിയിൽ പ്രത്യക്ഷപ്പെട്ട ചിത്രം കണ്ട മാത്രയിൽ തന്നെ വല്ലാതെ ആകർഷിച്ചു. അതിൽ പിന്നെ ഹോട്ടലിന്റെ കൺവെന്‍ഷൻ സെന്ററിൽ ഫാഷൻ ഷോയിൽ നേരിട്ട്‌ കണ്ടു. ഉടയാത്ത ഉടലിന്റെ താളം റാമ്പിൽ കണ്ടപ്പോഴേ തീരുമാനിച്ചു,ഒരു ദിനം ഇവളോടൊപ്പം ഈ ഹോട്ടലിൽ തന്നെ കൂടണം.

മോഡലുകളെ സപ്ലെ ചെയ്യുന്ന പ്രോഡക്ഷൻ എക്സിക്യൂട്ടീവ്‌ അഭിയെ ഏർപ്പാടാക്കിയപ്പോൾ എല്ലാം എളുപ്പത്തിലാവുമെന്ന്‌ കരുതി. വശീകരിക്കുന്നതിനായി വലിയൊരു തുകയും വാഗ്‌ദാനം ചെയ്തിരുന്നല്ലോ!

ഒരാഴ്‌ച്ചയായുള്ള കഠിനപ്രയത്‌നത്തിനൊടുവിൽ ഒരറ്റ കൈ പ്രയോഗത്തിന്റെ വരവിനെ വിശേഷിപ്പിച്ചതു്‌. ഇവൾ ഒരു സാധാരണ മോഡൽ പോലും അല്ലപോലും. !

ഓ, പിന്നെ കൊക്കെത്ര കുളം കണ്ടിരിക്കുന്നു.
എന്തായിരുന്നുവോ അറ്റകൈപ്രയോഗം?

'അതെന്തെങ്കിലുമാവട്ടെ"
അയാൾ അവളെ നോക്കിപ്പറഞ്ഞു.
നിന്നെപ്പറ്റി എനിക്കറിയാമല്ലൊ സുന്ദരി, നീയൊരു നമ്പർ വൺ മോഡലല്ലേ"?
മോഡൽ മാത്രമല്ല സാർ ഞാനൊരു വിദ്ധ്യാർത്ഥിനിയാണ്‌.

"ഓഹൊ ,കാകദൃഷ്ടിർബകധ്യാനം,ശ്വാനനിദ്ര,തഥൈവച,അൽപ്പാഹാരം,ജീർണ്ണവസ്ത്രമേതദ്വിദ്യാർത്ഥി ലക്ഷണം എന്നാണല്ലോ ശാസ്ത്രം. നിന്നെ കണ്ടിട്ട്‌ അങ്ങനെയൊന്നും തോന്നുന്നില്ലല്ലോ.

അതൊരു പഴയ ലക്ഷണശാസ്ത്രമല്ലേ- സാർ.പഠിക്കാനുള്ള പണം തേടി മോഡലിംഗിനും, ഫാഷൻഷോയിക്കുമൊക്കെ പോയി ലക്ഷണം കെട്ടു.
അതേയോ അതെനിക്കൊരു പുതിയ അറിവാണല്ലോ. ! ഏത്‌ ഡിഗ്രിക്കാണ്‌ പഠിക്കുന്നത്‌?
എഞ്ചിനീയറിംഗ്‌ ഒന്നാം വർഷം.
യേത്‌ കോളേജിൽ? അയൾക്കാകാംക്ഷയായി. അവൾ പറഞ്ഞു,അങ്ങ്‌ അറിയും ഈ നഗരത്തിലെ പ്രശസ്തമായ സ്വാശ്രയ കോളേജാണ്‌. .............എന്നാണ്‌ പേര്‌

കോളേജിന്റെ പേരു കേട്ടതും ഭൂകമ്പത്തിൽപ്പെട്ട വൻമരത്തെപ്പോലെ അയാളുടെ ഉടല്‌ വിറച്ചു. എന്തുകൊണ്ട്‌? എന്തുകൊണ്ടിക്കാര്യം ആദ്യമേ പറഞ്ഞില്ല നീ? ക്ഷോഭത്താൽ അയാൾ കിതച്ചുകൊണ്ടിരുന്നു.


അതിനുത്തരമെന്നോണം അവൾ ആലങ്കാരികമായി ചിരിച്ചു.

അവൾ പറഞ്ഞു"വിദ്യാരംഭത്തിനു പണം വേണം. സ്വാശ്രയ സരസ്വതീഭവനത്തിൽ തലപ്പണം വേറെ വേണം. ധനമുള്ളവർക്ക്‌ എളുപ്പത്തിൽ വിദ്യ വിലക്കു വാങ്ങാം. പാവങ്ങൾക്കൊ എല്ലാം വിറ്റിട്ടുവേണം.
അവൾ അയാളുടെ കൈകൾ വിലങ്ങനെ ചേർത്തുപിടിച്ചു.
ഒന്നുമില്ല വീട്ടിൽ ഇനി വിൽക്കാൻ. പഠിത്തം നിർത്താനുമാവില്ല. അതുകൊണ്ട്‌ ഞാൻ സ്വയം .......അല്ലാ,പാവങ്ങളോന്നും പഠിക്കേണ്ടെന്ന്‌ പറയാനുമാവില്ലല്ലോ?

അയാളുടെ കണ്ണുകളിലേക്ക്‌ പാളിനോക്കിക്കൊണ്ട്‌ അവൾ നാടകീയമായി തുടർന്നു.
ഇനിയിപ്പൊ ആരെങ്കിലും അങ്ങനെ പറഞ്ഞാലും അങ്ങ്‌ പറയില്ലെന്ന്‌ എനിക്കുറപ്പാ. മറ്റാരേക്കാളും അങ്ങേക്കറിവുള്ളതാണല്ലോ വിദ്യാധനം സർവ്വധനാൽ പ്രധാനമെന്ന്‌.
അഴിഞ്ഞു വീഴുന്ന മുഖംമൂടി ഉറപ്പിക്കാൻ തത്രപ്പെടുന്ന നടന്റെ വിരുതോടെ അയാൾ ചോദിച്ചു.
എങ്ങിനെ,എങ്ങിനെ എനിക്കറിയാമെന്നാണ്‌ നീ പറഞ്ഞുവരുന്നത്‌?
അതോ, അവൾ ഒന്നു നിർത്തിയിട്ട്‌ നിഗൂഢമായ ചിരിയോടെ പറഞ്ഞു
ഒരു സ്വാശ്രയകോളേജിന്റെ ഉടയതിനല്ലേ വിദ്യാധനത്തെക്കുറിച്ച്‌ ഏറ്റവും നന്നായി അറിയുന്നത്‌. സാർ അങ്ങയുടെ ഉടമസ്ഥതയിലുള്ള കോളേജിലാണ്‌ ഞാൻ പഠിക്കുന്നത്‌.
നാടകത്തിന്റെ ക്ലൈമാക്സിൽ നായകന്റെ മുഖം‌മൂടി അഴിഞ്ഞു വീണ്‌ വില്ലനായവനെ കാണികൾ കൂകിവിളിക്കുന്ന ആരവം അയാളുടെ കാതുകളിൽ ഇരമ്പി. അഭിയുടെ അറ്റകൈ പ്രയോഗത്തിന്റെ ഫലം ഇതാണല്ലേ.

"അപ്പോള്‍ നീ ഒരുമ്പെട്ടിറങ്ങിയിരിക്കയാണല്ലേ?
നിവൃത്തികേടുകൊണ്ടാണ്‌ സാർ.അല്ലെങ്കിൽ ഒരുമ്പെട്ടിറങ്ങുമായിരുന്നില്ല. വല്ലാത്ത ഒരുറപ്പോടെയാണ്‌ അവൾ പറഞ്ഞത്‌

"രണ്ടാവശ്യങ്ങളേ എനിക്കുള്ളു.ഇനിയുള്ള കാലം എന്റെ പഠനത്തിനുള്ള ധനം അങ്ങ്‌ വഹിക്കണം. ഇനിയെന്നെ തേടുകയുമരുത്‌. അങ്ങനെയാണെങ്കിൽ നമ്മുടെ സംഗമം ഞാൻ രഹസ്യമായി സൂക്ഷിക്കും. അങ്ങേക്കൊരിക്കലും മാനഹാനി ഉണ്ടാവുകയില്ല. മാനത്തിന്‌ അങ്ങ്‌ വില പേശുകയില്ലെന്ന്‌ ഞാൻ കരുതുന്നു.
"യു ബ്ലാക്ക്‌ മെയിൽ മീ ബ്ലഡി ബിച്ച്‌"

"ഓഹ്‌ നോ സാർ കൂൾഡൗൺ,കൂൾഡൗൺ.മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ എന്താണെന്ന്‌ അങ്ങേക്കറിയില്ലെ. ഇല്ലെങ്കിലിതാ കേട്ടോ. ഭക്ഷണം ,വസ്ത്രം ,പാർപ്പിടം .കാലം മാറിയപ്പോൾ ഒന്നുകൂടി കൂടി. വിദ്യാഭ്യാസം.

"വിദ്യാദാനം സാമൂഹ്യസേവനം എന്നാണ്‌ വയ്‌പ്പ്‌. പക്ഷേ സാറമ്മാരൊക്കെക്കൂടി അതിനെ ലാഭക്കച്ചവടമാക്കി. ഒക്കെ സാറിന്‌ അറിയാവുന്നതു തന്നെ. അറിയില്ലെന്ന്‌ വെറുതെ ഭാവിക്കുകയാണ്‌. അടിസ്ഥാന ആവശ്യങ്ങൾ നൽകാൻ ചുമതലപ്പെട്ടവരിൽ നിന്നും അതു ചോദിച്ചുവാങ്ങുന്നതിനെ അവകാശസമരമെന്നാണ്‌ സാർ ഞ്ങ്ങൾ പറയുന്നത്‌. ബ്ലാക്ക്‌ മെയിലിംഗ്‌ എന്നല്ല .വിദ്യാഭ്യാസത്തിന്റെ രീതി മാറിയപ്പൊ സമരത്തിന്റെ രീതീം മാറി. അത്രയേയുള്ളു. സമരത്തെ നേരിടുന്ന എല്ലാ മുതലാളിമാരും ഇങ്ങനെയാണ്‌. മറ്റ്‌ പേര്‌ പറഞ്ഞ്‌ ആക്ഷേപിക്കും. അടിച്ചമർത്താൻ നോക്കും. എന്റെ ഈ സമരത്തിൽ അതൊന്നും നടപ്പില്ല കെട്ടോ. നാലാളറിഞ്ഞാൽ നാണക്കേട്‌ അങ്ങേക്ക്‌ തന്നെയാണ്‌. ഒരു കോളേജിന്റെ ഉടയോൻ തന്റെ കോളേജിലെ വിദ്യാർത്ഥിയെ പീഡിപ്പിച്ചു എന്നു നാട്ടുകാരറിഞ്ഞാൽ ..................ഛെ .കാതുകളിൽ ആൾക്കൂട്ടത്തിന്റെ കൂകിവിളികൾ ഇരമ്പുന്നു. ഒരു തലയാട്ടലോടെ അയാൾ തളർന്നിരുന്നു പോയി.


എല്ലാം സമ്മതിക്കുന്നു എന്ന കൈയൊപ്പിന്റെ ശരീര ഭാഷയാണ്‌ തലയാട്ടൽ. യാതൊരു എതിർപ്പുമില്ലാതെ അയാൾ കീഴടങ്ങുമെന്ന്‌ സ്വപ്‌നത്തിൽ കരുതിയിട്ടില്ല. അവളുടെ ഹൃദയം നിറഞ്ഞുപോയി. കണ്ണു നിറഞ്ഞത്‌ ശരീരത്തിന്റെ വേദന കൊണ്ടല്ല. നേട്ടത്തിന്റെ ആനന്ദമാണ്‌ . നഷ്ടപ്പെട്ടത്‌ വലുതാണെങ്കിലും നേടിയതും വലുതാണ്‌

ഇനിയുള്ള കാലം പഠനത്തിന്‌ മാറ്റിവെക്കണം. ഭാവികാലം മറ്റൊരു നഗരത്തിൽ ജോലി തേടിപ്പോകാം. കേടു പറ്റിയ സെല്ലുകളോടൊപ്പം ഭൂതകാലത്തിന്റെ പടവും ഈ ശ്മശാനത്തിൽ അഴിഞ്ഞുപോയ്‌ക്കൊള്ളും.
അകലെ ഗ്രാമത്തിൽ അച്ഛനും അമ്മയും ആധികൊണ്ടിരിക്കുകയായിരിക്കും. മോൾക്ക്‌ അടുത്ത മാസത്തേക്കുള്ള ഫീസ്‌ എങ്ങിനെ അയയ്ക്കുമെന്നോർത്ത്‌. മകളെ പഠിപ്പിച്ച്‌ പഠിപ്പിച്ച്‌ എഞ്ചിനീയർ ആക്കണം എന്ന്‌ മോഹിച്ച തന്റെ അച്ഛൻ.-പൂർണ്ണാ നദിയിലെ മണൽക്കുഴിയിൽ തോണി മറിഞ്ഞ്‌ മകൻ മരിച്ചുപോയതിൽ വിലപിച്ചു നിൽക്കുന്ന അച്ഛന്റെ മുഖമാണ്‌ എപ്പോഴും ഓർമ്മ വരുന്നത്‌. വിലാപങ്ങൾക്കിടയിലേപ്പോഴോ അച്ഛൻ പറഞ്ഞു
"പൂർണ്ണാ നദിക്കു മേലേയുള്ള പാലം എന്റെ മോൾ പണിയും."
പാലം പണിയുന്നത്‌ എഞ്ചിനീയറാ നിന്നെക്കൊണ്ടാവോ അതിനോക്കെ? കേട്ടു മടുത്ത ആരോ ചോദിക്കുകയാണ്‌.
ഞാനവളെ എഞ്ചിനീയറിംഗ്‌ പഠിപ്പിക്കും.
അതൊരു പ്രഖ്യാപനമായിരുന്നു.പിന്നീടതൊരു ശാഠ്യമായി. മകൾ പണിയുന്ന പാലം മകൻ താങ്ങിനിർത്തുമെന്നച്ഛൻ വിശ്വസിച്ചു. അച്ഛന്റെ വിശ്വാസം മകളുടെ സ്വപ്‌നമായി. തുടർന്നുള്ള പഠനത്തിന്‌ സ്ക്കോളർഷിപ്പ്‌ തരപ്പെട്ടു എന്ന്‌ അറിയിക്കുമ്പോഴുള്ള അച്ഛന്റെ ആശ്വാസത്തിന്റെ സ്വരം ഇപ്പോഴേ കാതിൽ കേൾക്കുന്നു.

ടബ്ബ്‌...ടബ്ബ് ...ടബ്ബ്.... അല്ലല്ലോ .ഒരു നിശ്വാസസ്വരമല്ലേ കേട്ടത്‌. പിന്നെ ആരോ കതകിൽ മുട്ടുന്നതാണ്‌ ,അഭിയായിരിക്കും. തിരികെ പോകാനുള്ള കാറുമായി വരാമെന്നേറ്റ സമയം കൃത്യമായി പാലിച്ചിരിക്കുന്നു.

ഇരുവരും ഉടുപുടവ വാരിച്ചുറ്റി കിടക്കവിട്ടെണീറ്റു.ടബ്ബ് ടബ്ബ് ടബ്ബ് വാതിലിൽ തട്ടുന്ന ശബ്ദം മുറുകുകയാണ്‌.

അയാൾ ടെലിഫോണിനരികിലേക്ക്‌ നീങ്ങി. വിളിക്കുമ്പോൾ മാത്രം റൂം ബോയിയെ അയച്ചാൽ മതിയെന്ന്‌ റിസപ്‌ഷനിൽ പറഞ്ഞേൽപ്പിച്ചിരുന്നതാണ്‌. പിന്നെ ആരാണ്‌ ഈ നരകക്കുഴിയിൽ പെട്ടു കിടക്കുന്ന തന്നെ ശല്യം ചെയ്യുന്നത്‌

റിസപ്‌ഷനിസ്റ്റില്‍ വിളിച്ച്‌ രണ്ടു പറയുക തന്നെ.
റിസീവർ പറിച്ചെടുത്ത്‌ ചെവിയിൽ ചേർത്തു വച്ചു. പക്ഷേ ഫോൺബന്ധം വിച്ഛേദിക്കപ്പെട്ടു പോയിരുന്നു. ഫോൺറിസീവറിന്‌ വല്ലാത്ത തണുപ്പും നിശബ്ദതയും. എന്തോ ഒരാപൽശങ്കയിൽ അയാളുടെ മനസ്സ്‌ പിടച്ചു. പുറത്തേക്ക്‌ വഴികളില്ലാത്ത വലിയൊരു ഒറ്റാൽ പോലെ ഹോട്ടൽ തങ്ങളെ വിഴുങ്ങിയിരിക്കുന്നു. ഏറ്റവും സുരക്ഷിതമെന്നു കരുതിയിരുന്ന ഈ ഹോട്ടൽ -ക്രമേണ ഫോണിന്റെ നിശബ്ദത അയാളിലേക്കും പകർന്നു.

അവളുടെ മുഖത്ത്‌ ഒരു മന്ദഹാസം വിരിഞ്ഞു. ഉച്ചക്കു മുമ്പ്‌ കോളേജിലെത്തിയാൽ രണ്ട്‌ അവർ ക്ലാസ്സിലിരിക്കാം. ഇനിയങ്ങോട്ട്‌` അവധികളില്ലാത്ത പഠനകാലമാണ്‌.
പൂർണ്ണ നദിക്കു കുറുകെയുള്ള പാലം ഇനിയെത്ര ഹ്രസ്വം.
അവൾ വാതിലിലേക്ക്‌ സാവധാനം നടന്നു. കൊളുത്തു നീക്കി വാതിൽ പാളി മലർക്കെ തുറന്നു. മുറിഞ്ഞുപോയ ടബ്ബ് ടബ്ബ് ശബ്ദങ്ങൾക്കൊപ്പം അവൾ കണ്ടു. നിയമം അതിന്റെ പിളർന്ന വായുമായി മുമ്പിൽ അവരേയും കാത്തുനിൽക്കുന്നു.

കമ്മ്യൂണിക്കേഷൻ ഗ്യാപ്പ്‌

thomas neelarmatham


ഏറ്റവും അടുപ്പമുള്ള ഒരു സുഹൃത്തിന്റെ സ്നേഹപൂർവ്വമായ നിർബന്ധത്തിന്‌ വഴങ്ങിയാണ്‌ അദ്ദേഹം പഠിപ്പിക്കുന്ന ഗവണ്‍മന്റ്‌ ഹയർ സെക്കന്ററി സ്ക്കൂളിന്റെ വാർഷികാഘോഷത്തിന്‌ പ്രസംഗിക്കാൻ പോയത്‌. മുഖ്യപ്രഭാഷകന്റെ കസേര നൽകി സുഹൃത്ത്‌ എന്നെ ആദരിച്ചു.

കേരളം ഇന്നു നേരിടുന്ന രാഷ്ട്രീയ- സാമൂഹിക -സാംസ്ക്കാരികരംഗങ്ങളിലെ പ്രതിസന്ധികളെ തലോടിയുണർത്തി ഞാനൊരു വിധം സേവ നടത്തി. പ്രേക്ഷകർ എന്റെ പ്രസംഗം ആവോളം ആസ്വദിച്ചു എന്ന സംതൃപ്തിയോടെയാണ്‌ മീറ്റിംഗ്‌ കഴിഞ്ഞ്‌ ഞാൻ വേദി വിട്ടിറങ്ങിയത്‌.
അനന്തരം, നിറം മങ്ങിയ ഗ്ലാസ്സിൽ തണുത്ത വിളറിയ ചായയുടേയും കറുത്തു പൊള്ളിയ പരിപ്പുവടയുടേയും നൊന്തു പഴുത്ത ഞാലിപ്പൂവൻപ്പഴത്തിന്റേയും മുന്നിൽ വിശിഷ്ടാതിഥികളോടൊപ്പം ഇരിക്കുമ്പോള്‍ ചില അദ്ധ്യാപകരും രക്ഷാകർത്താക്കളും പരിചയപ്പെടാനെത്തി.പലരും പ്രസം‌ഗം നന്നായിരുന്നു എന്ന്‌ പ്രശംസിച്ചു. ഞാൻ കൃത്രിമമായ വിനയത്തോടെ പ്രശംസിച്ചവരോട്‌ നന്ദി പറഞ്ഞു യാത്ര പറഞ്ഞിറങ്ങുന്നതിനുമുമ്പ്‌ ആ സ്ക്കൂളിലെ നാലഞ്ച്‌ അദ്ധ്യാപികമാർ എന്റെ ചുറ്റും കൂടി.
കൂട്ടത്തിൽ സുന്ദരിയായ ഒരു ടീച്ചർ എനിക്ക്‌ പരിചയപ്പെടുത്തി.ഞാൻ സന്തോഷത്തോടെ എല്ലാവരോടും കുശലങ്ങൾ അന്വേഷിച്ചു.
സുന്ദരിടീച്ചർ പിന്നെയും എന്നെ വിടാൻ ഭാവമില്ല. ഒടുവിൽ അവർ പറഞ്ഞു
'സാറെ ഞങ്ങളൊരു പ്രത്യേകകാര്യം കൂടി പറയാനാ വന്നത്‌.
ഇതൊരു ഗവണ്‍മന്റ്‌ സ്ക്കൂൾ ആണെന്ന്‌ സാറിനറിയാമല്ലോ.
ഇവിടെ പ്രാഥമികാവശ്യങ്ങൾ നടത്താൻ പോലുമുള്ള സൗകര്യങ്ങളില്ല. പ്രത്യേകിച്ചു ഞങ്ങൾ ലേഡിടീച്ചേഴ്‌സിന്‌. അതുകൊണ്ട്‌ ഞങ്ങളെല്ലാരുംകൂടി പിരിവെടുത്തും ശമ്പളത്തീന്ന്‌ എടുത്തും ലേഡിടീച്ചേഴ്‌സിന്‌ ഉപയോഗിക്കാൻ ഒരു മൂത്രപ്പുരയുണ്ടാക്കാൻ തീരുമാനിച്ചു.അതിലേക്ക്‌ സാറും എന്തെങ്കിലും തരണം.
ടീച്ചറിന്റെ സൗന്ദര്യവും അഭ്യർത്ഥനയും കൂടി തട്ടിച്ചു നോക്കിയപ്പോള്‍ ഞാൻ വീണു. യാത്രപ്പടിയിനത്തിൽ സുഹൃത്ത്‌ എനിക്കു നൽകിയ കവറെടുത്ത്‌ ഞാൻ ആ ടീച്ചറിനു നേരെ നീട്ടി. ടീച്ചറെ നല്ല കാര്യമാണ്‌ നടക്കട്ടെ ഇതു സന്തോഷപ്പൂർവ്വം സ്വീകരിച്ചൊ.

ടീച്ചർ രണ്ടു കൈയും നീട്ടി അത്‌` വാങ്ങി. എല്ലാവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞ്‌ ഞാനിറങ്ങി. കുറേ നാൾ കഴിഞ്ഞ്‌ ഒരു പ്രവൃത്തി ദിവസം എറണാകുളത്ത്‌ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തിട്ട്‌ ഭാര്യാസമേതനായി ഞാൻ ബസ്‌സ്റ്റാൻഡിൽ നിൽക്കുകയാണ്‌. ദൂരെ നിന്നും ഒരു സ്ത്രീ നിറപുഞ്ചിരിയോടെ എനിക്കഭിമുഖമായി നടന്നു വരുന്നു. എന്നെത്തന്നെയാണൊ അവരുദ്ദേശിക്കുന്നത്‌ എന്ന്‌ മനസ്സിലാകാത്തതിനാൽ ഞാൻ ചുറ്റുപാടും കണ്ണോടിച്ചു. അവർ അടുത്തു വരുന്തോറും ചിരിയുടെ മാറ്റ്‌ വർദ്ധിക്കുകയാണ്‌. സംശയാസ്പദമായ സാഹചര്യത്തിൽ പിടിക്കപ്പെട്ടവനെയെന്നപോലെ ഭാര്യ എന്നെ ഒളി കണ്ണിട്ടു നോക്കുന്നു.
അവരുടെ ലക്ഷ്യം ഞാൻ തന്നെയായിരുന്നു. ആളിനെ മനസ്സിലാക്കാൻ ഞാനപ്പോഴും പാടുപെടുകയായിരുന്നു.

'സാറെന്താ ഇവിടെ?'
'ഞങ്ങളൊരു കല്യാണത്തിന്‌ വന്നതാ. ഇതെന്റെ ഭാര്യ ജസ്സി. ഞാൻ ഭാര്യയെ പരിചയപ്പെടുത്തി. ജസ്സി, അത്ര തൃപ്തികരമല്ലാത്ത മട്ടിൽ കൈകൂപ്പി ചിരി അഭിനയിച്ചു.

'സാറിന്‌ എന്നെ മനസ്സിലായോ?
ഞാൻ ശരിക്ക്‌ അങ്ങോട്ട്‌ ഓർക്കുന്നില്ല. പക്ഷെ പരിചയപ്പെട്ടതായറിയാം.

അയ്യോ സാറെ കുറച്ചു നാൾ മുമ്പ്‌ ഞങ്ങളുടെ സ്ക്കൂളിലെ പരിപാടിക്കു സാറു വന്നത്‌ ഓർക്കുന്നില്ലേ'
പെട്ടെന്ന്‌ എനിക്കോർമ്മ വന്നു.
ഓ, ശരിയാണ്‌ ഓർക്കുന്നുണ്ട്‌. ടീച്ചറെ എന്തൊക്കെയുണ്ട്‌ വിശേഷങ്ങൾ'

നല്ല വിശേഷം സാറെ എല്ലാവർക്കും സുഖമല്ലേ'
അതെ, സാറെ,ങ്‌ ഹാ പിന്നെ മൂത്രപ്പുര കാണുമ്പോഴൊക്കെ ഞാൻ സാറിനെ ഓർക്കും.
അത്രയും പറഞ്ഞുതീർന്നതും അവർക്ക്‌ കയറേണ്ട ബസ്സു വന്നതും ഒപ്പമായിരുന്നു.വീണ്ടും കാണാം എന്ന മംഗളവാക്കോടെയാണ്‌ അവർ കാറ്റുപോലെ ആ ബസ്സിലേക്ക്‌ പാഞ്ഞു കയറിയത്‌.

വീട്ടിലെത്തുന്നവരെ ഭാര്യ എന്നോടു മിണ്ടിയതേയില്ല.

അകത്തേക്കു കയറി , വലിയ ശബ്ദത്തോടെ ബഡ്‌റൂമിന്റെ വാതിലടച്ചുകൊണ്ട്‌ അവൾ എന്നോടു പറഞ്ഞു.
'നിങ്ങൾ ഇത്രയും വൃത്തികെട്ട മനുഷ്യനാണെന്നു ഞാനറിഞ്ഞിരുന്നില്ല.

അതും പറഞ്ഞ്‌ അവൾ അലമുറയിട്ടു കരയാനും തുടങ്ങി.

അതിനു ശേഷം സ്കൂളുകളിലെ പരിപാടികൾക്ക്‌ ക്ഷണിക്കുമ്പോൾ ഭാര്യ അനുവദിച്ചാൽ വരാം എന്നാണ്‌ ഞാൻ പറയുന്നത്‌.

ഇതുപോലെ തന്നെ ഒരു ദുര്യോഗം ഒരിയ്ക്കൽ ഭാര്യയുമായി ഷോപ്പിംഗിന്‌ പോയപ്പോഴും എനിക്കുണ്ടായി.

വീട്ടിൽ നിന്ന്‌ ഇറങ്ങുന്നതിനു മുമ്പേ , അവൾ പറഞ്ഞതാണ്‌ കുളിക്കുന്ന സോപ്പ്‌ വാങ്ങിക്കാൻ മറക്കരുതേയെന്ന്‌. സൂപ്പർമാർക്കറ്റിന്റെ മുന്നിൽ ബൈക്ക്‌ നിർത്തിയതും അവൾ അകത്തേക്ക്‌ ഊളിയിട്ടുകയറുന്നതും ഞൊടിയിടയിലായിരുന്നു. എന്തൊക്കെയോ വാങ്ങാനുള്ള അവളുടെ പരവേശം കണ്ട്‌ പരിഭ്രമിച്ച്‌ ഞാൻ ഇടയ്ക്കിടെ പേഴ്‌സ്‌ തപ്പിക്കൊണ്ട്‌ അതിനുള്ളിൽ നിന്നു.ഏറെ കഴിഞ്ഞു കുളിക്കുന്ന സോപ്പുകൾ വച്ചിട്ടുള്ള ഷെൽഫിന്റെ മുന്നിൽ ഞാനെത്തി. ഉയരം കൂടുതലായതുകൊണ്ട്‌ ആരുടേയും സഹായമില്ലാതെ ഒരു സോപ്പ്‌ കയ്യിൽ കിട്ടിയാൽ അതൊന്നു മണപ്പിച്ചു നോക്കുകയെന്നത്‌ സ്വാഭാവികം. ഞാനും അതേ ചെയ്തുള്ളു. ആ സോപ്പ്‌ തിരിച്ചും മറിച്ചും മണപ്പിച്ചു നോക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ ഭാര്യ കൊടുങ്കാറ്റു പോലെ എന്റെ അരികിലേക്ക്‌ ചീറ്റിയടുത്തു.
എന്തു പറ്റി?
ഞാൻ അമ്പരപ്പോടെ ചോദിച്ചു
വാ പോകാം
സോപ്പു വാങ്ങിക്കേണ്ടേ?
സോപ്പും വേണ്ട. ഒരു മണ്ണാങ്കട്ടയും വേണ്ട,.വണ്ടിയെടുക്ക്‌ വീട്ടിൽ പോകാം. ഞാൻ ആദ്യമായി അവളെ അനുസരിച്ചു.


വീട്ടിൽ ചെന്നയുടനെ അവളുടെ പതിവുകരച്ചിൽ തുടങ്ങി.
ഞാൻ ആരും കേൾക്കാതിരിക്കാനായി കതകിന്‌ കുറ്റിയിട്ടു
പിന്നെ ഞാനങ്ങ്‌ ഭർത്താവായി
അൽപ്പം കയർത്ത്‌ തന്നെ സംസാരിച്ചു.
നീയല്ലേ പറഞ്ഞത്‌ ,കുളിക്കുന്ന സോപ്പു വാങ്ങിക്കണമെന്ന്‌. എന്നിട്ട്‌ അതു വാങ്ങിക്കാതെ ഇത്ര ധൃതി വെച്ച്‌ കടയിൽ നിന്ന്‌ ഇറങ്ങിയത്‌ എന്തിനാ?

എന്റെ ശബ്ദം കുറേ കൂടിപ്പോയോ എന്നെനിക്കു സംശയം

എന്നിട്ടും ഞാൻ ആ ചോദ്യം വീണ്ടും ചോദിച്ചു.
എന്തിനാ, കടയിൽ നിന്നിറങ്ങിപ്പോന്നത്‌ എന്ന്‌ നിങ്ങൾക്കറിയണൊ? ഞാൻ ഒരു ഭർത്താവിന്റെ ശബ്ദത്തിൽ തന്നെ പറഞ്ഞു.
'എനിക്കറിയണം"
അവൾ മുൻവശത്തെ മുറിയിലെത്തി. ടീ.വി.യുടെ ശബ്ദം കൂട്ടി. കുട്ടികൾ അതിൽ മുഴുകിയിരിക്കുകയാണ്‌. അകത്തെ ബഹളം ആരും കേൾക്കാതിരിക്കാൻ അവൾ ചെയ്ത പണി എനിക്ക്‌ ഇഷ്ടപ്പെട്ടു.
നിങ്ങൾ അറിയണം ഇല്ലേ?
അവൾ എന്റെ നേർക്ക്‌ ചീറി അടുക്കുകയാണ്‌.
ഇടയ്ക്കിടെ കരച്ചിലിന്റെ ശബ്ദവും.
ഞാൻ ചോദിച്ചു
എടീയെ എന്താ പ്രശ്‌നം?
അവൾ സുനാമിയുടെ തിരയടിക്കുംപോലെ കട്ടിലിൽ നിന്ന്‌ ചാടിയെഴുന്നേറ്റ്‌ എന്റെ നേർക്ക്‌ തിരിഞ്ഞു. 'നിങ്ങൾ ഇത്രയും മോശക്കാരനാണെന്ന്‌ ,ദൈവമേ ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല.
പിന്നെയും കരച്ചിൽ
എടീ, ഞാൻ എന്തു ചെയ്തെന്നാ നീ ഈ പറയുന്നത്‌?
നാണം കെട്ട മനുഷ്യാ, നാട്ടുകാരുടെ മുന്നിൽ വെച്ച്‌ നിങ്ങൾ ആ കടയിൽ നിന്ന്‌ കൊണ്ട്‌ ആ സോപ്പിന്റെ കവറിന്റെ പുറത്തുള്ള പെണ്ണിന്റെ ചുണ്ടിൽ എത്ര തവണയാണ്‌ ഉമ്മ വെച്ചതു്‌, ഞാനിതെങ്ങനെ സഹിക്കണം?

പിന്നീട്‌ ഞാനൊരിക്കലും ഭാര്യയോടൊപ്പം കുളിക്കുന്ന സോപ്പ്‌ വാങ്ങിക്കാൻ പോയിട്ടില്ല.


മണ്‍കുടില്‍



sreedevinair

ഒരഗ്നിസ്ഫുലിംഗമെന്നധരത്തില്‍ വീശീ
ചുടുനെടുവീര്‍പ്പുകളെനെന്നിലെത്തീ
അതിനുള്ളിലെന്തോ പദംതെറ്റിനിന്നൂ
മറ്റൊരുജ്വാലപോലായിപിന്നെ.

നിനയ്ക്കാതെ വന്നൊരു നീലവെളിച്ചത്തില്‍
കത്തുന്ന കനലിന്നൊരു ജ്വാലയായീ
താപം നിറച്ചൊരു തപമിന്നുള്ളിലായ്
താനെയണയാത്തൊരഗ്നിയായീ.


മോചനം

വസ്ത്രാഞ്ചലത്താല്‍ മറയ്ക്കാന്‍ ശ്രമിക്കുമെന്‍
നഗ്നമാം മേനിയില്‍ തീപടര്‍ത്തീ,
പിച്ചിപ്പറിച്ചവന്‍ രോഷത്തിന്‍ വിത്തുകള്‍
പാകുവാന്‍ വീണ്ടും നഗ്നയാക്കീ.

ഇറ്റിറ്റുവീഴും വിയര്‍പ്പിലെന്‍
വിഴുപ്പുപോലും പരിതപിച്ചു.
ദുശ്ശാസനനായ് വീറുകാട്ടിയവന്‍
ഉള്ളില്‍ ഞാനൊരു പാഞ്ചാലിയും.

രക്ഷയ്ക്കായെത്താന്‍ കഴിയാതെ അഞ്ചുപേര്‍
പഞ്ചഭൂതങ്ങളായെന്നില്‍ ഒത്തുചേര്‍ന്നു
ഞെട്ടറ്റ അഞ്ചിതള്‍ പൂവുപോല്‍ മാനസം
പഞ്ചാഗ്നിമദ്ധ്യേ കൊഴിഞ്ഞുവീണു.

പന്തിരുകുലത്തിന്റെ അമ്മ

kodikkulam sukumaran

പന്തിരുകുലത്തിന്റെ അമ്മ

അറിയുമോ നിങ്ങളിപ്പറയിയെ-ഭാരതം
നിറമാല ചാർത്തിയൊരെന്നെ
അറിവെത്ര നേടിയിട്ടും ഫലമില്ലാതെ
അലയുകയാണു ഞാനിന്നും
പാരതന്ത്ര്യത്തിൻ കുരുക്കിലകപ്പെട്ട്‌
പാപം ചുമക്കുന്നൊരമ്മ
ഭർത്താവ്‌ ദൈവമായ്‌ക്കാണുന്ന ഭാരത
സംസ്കൃതി ചേർന്നുള്ളൊരമ്മ
പാണ്ഡ്യത്ത്യ ഗർവ്വിന്റെ പഞ്ചാഗ്നി ജ്വാലയിൽ
വെന്ത മനസ്സിന്നുടമ
നൊന്തുപെറ്റോരു കുഞ്ഞിനെ വഴിവക്കി-
ലെന്നുമുപേക്ഷിക്കുമമ്മ
പ്രസവിച്ച കുഞ്ഞിനെ പ്പാലൂട്ടുവാൻ
ഭാഗ്യമനുവദിക്കാതുള്ളൊരമ്മ
അഗ്നിഹോത്രിക്കുള്ളൊരമ്മ
ദേശാടന ഭിക്ഷുകിയായലയുന്നു
എന്റെ മോൻ ചത്തപശുവിൻ മുല നട്ട്‌
മണ്ണിൽക്കനി വിളയിച്ചു
പഞ്ചലോഹങ്ങളുരുക്കിക്കുടിക്കുന്ന
മന്തുകാലൻ മറ്റൊരുത്തൻ
നിങ്ങളറിഞ്ഞോ പെരുന്തച്ചനും വളർന്നീ-
ഗർഭപാത്രത്തിലെന്ന്‌
ചാത്തൻ, രജകനും, വള്ളോനും നായരും
കൂട്ടത്തിലുപ്പുകൂറ്റനും
നാടിൻ കഥ പാടിനീങ്ങുന്ന പാണനും
ഈയമ്മ പെറ്റതാണെന്ന്‌
ദേവിയാം കാരക്കലമ്മക്കു മാതാവ്‌
ദേശാടനത്തിലാണിന്നും
വായില്ലാക്കുഞ്ഞിനെപെറ്റെങ്കിലുമവൻ
നാടിനു ദൈവമാണിന്നും
എന്നുമൈതിഹ്യങ്ങളെന്റെ പിന്നാലെ വ-
ന്നെല്ലാം തെരഞ്ഞിരുന്നല്ലോ
പന്ത്രണ്ടു മക്കളെപെറ്റഞാൻ പാതിയും
വെന്ത മനസ്സിന്നുടമ
പന്ത്രണ്ടു ദീപങ്ങൾകൊണ്ട്‌ വിശ്വസ്നേഹ
സഞ്ചിക തീർത്ത പറയി
മരവിച്ച മണ്ണും മനുഷ്യനും ജീവിത
ഹൃദയസ്വപ്‌നങ്ങൾ മറന്നോ
പറയി തൻ സംസ്ക്കാരപൈതൃകം പോലു-
മിന്നറിയാത്ത മലയാളമെന്നോ?
ഇനിയും മരിക്കാത്ത ജാതിപിശാചിനെ
കുരുതികൊടുക്കുക നിങ്ങൾ
ഉണരട്ടെ കേരളം,ഭാരതം,ജീവിത
ത്തുയിലുണർത്തീടട്ടെ ലോകം

പ്രണയശിഷ്ടം



deepusasi thathappilli

ജാലകപ്പഴുതിലൂടെ അരിച്ചെത്തിയ നിലാവ്‌ അവളുടെ കാതിൽ മന്ത്രിച്ചു"നമുക്ക്‌ ഒളിച്ചോടാം. വിലക്കുകളും എതിർപ്പുകളുമില്ലാത്ത ഒരു ലോകത്തേക്ക്‌"

താൻ ഓമനിച്ചുകൊണ്ടു നടന്ന സ്വപ്‌നങ്ങളും പ്രതീക്ഷകളും നിറച്ചുവെച്ച മണിച്ചെപ്പിനൊപ്പം ,വീട്ടുകാർ തനിക്കായി സ്വരുക്കൂട്ടിയ രൂപയും സ്വർണ്ണാഭരണങ്ങളുമെല്ലാം കൈക്കലാക്കി. നിലാവിനോടൊപ്പം അവൾ വീടിന്റെ പടിയിറങ്ങി.

കാടുകളും, പുഴകളും ,കുന്നുകളും താണ്ടി അവർ യാത്ര തുടർന്നു. ഒടുവിൽ ഏതോ മഹാനഗരത്തിന്റെ ഇരുണ്ട്‌ വിജനമായ ഒരു കോണിൽ അവരെത്തിച്ചേർന്നു

അപരിചിതമായ സ്ഥലം അവളിലുണർത്തിയ വിഭ്രാന്തി കണ്ട്‌ നിലാവ്‌ അവളെ ചുംബിച്ച്‌ ആശ്വസിപിച്ചു.
നിറഞ്ഞ സുരക്ഷിതബോധത്തോടെ അവൾ നിലാവിന്റെ മാറിലേക്ക്‌ ചാഞ്ഞു.
മലക്കം വിട്ടുണർന്ന അവൾക്ക്‌ മുന്നിൽ പകല്‍‌വെളിച്ചത്തിന്റെ ചിരിക്കുന്ന നഗരം.
നിലാവ്‌ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു

നഗ്നമായ കാതുകളും ,കൈത്തണ്ടകളും, കഴുത്തും.
സ്ഥാനം തെറ്റിയ വസ്ത്രങ്ങൾ.
പിന്നീടൊരിക്കലേപ്പോഴോ ,നിലാവ്‌ ഉദിക്കുമ്പോൾ ,ഒരു നേരത്തെ ആഹാരത്തിന്‌ വേണ്ടി പണയം വെച്ച ശരീരത്തിൽ നിന്നും മുഷിഞ്ഞ വസ്ത്രങ്ങളഴിച്ച്‌ മാറ്റുന്ന തിരക്കിലായിരുന്നു അവൾ.......

കുളമ്പടികൾ

mathew nellickunnu


കുളമ്പടികൾ

വിശാലമായ ഷോപ്പിങ്‌ സെന്ററിലെ ഒഴിഞ്ഞ അലമാരയിൽ വികാഷ്‌ പുതിയ സാധനങ്ങൾ നിറച്ചുകൊണ്ടിരുന്നു. ഏറെ വർഷങ്ങളുടെ കൈവേഗതയിൽ അയാൾ യാന്ത്രികമായി ആ ജോലി തുടർന്നു

അടുത്ത തട്ടുകളുടെ അങ്ങേപ്പുറത്ത്‌ ഉയർന്നു വന്ന ശബ്ദം ആ തിരക്കിലും അയാൾ ശ്രദ്ധിച്ചു.
'ഇന്നു കുഞ്ഞിനുള്ള സാധനങ്ങൾ മാത്രം വാങ്ങിച്ചാൽ മതി.'
അപരിചിതമല്ലാത്ത ആ ശബ്ദത്തിലേക്ക്‌ അയാൾ അലമാരിയുടെ മറ പറ്റി ഒളിഞ്ഞു നോക്കി.
അതെ സുജാതയുടെ ശബ്ദം
പരിചിതമായ ശബ്ദം
നിങ്ങൾ എന്നെയോർത്ത്‌ ദുഃഖിക്കും. ഞാൻ നൽകിയതൊന്നും മറ്റൊരു പെണ്ണിൽ നിന്നും നിങ്ങൾക്കു കിട്ടില്ല.
നീ പറഞ്ഞത്‌ സത്യമായിരിക്കാം. എങ്കിലും ഞാനിറങ്ങുന്നു. തിരിഞ്ഞു നോക്കിയില്ല. ബലഹീനനായിക്കൂടാ. പ്രത്യേകിച്ച്‌ പെണ്ണിന്റെ മുമ്പിൽ.

അഞ്ചു വർഷങ്ങൾക്കു മുമ്പ്‌ സ്വന്തം വീടു വിട്ട്‌ കത്തുന്ന സൂര്യന്റെ ചൂടിലേക്ക്‌ മറനീക്കിയിറങ്ങിയതാണ്‌. മറ്റൊരു തണലിൽ പുതിയ സങ്കേതം കണ്ടെത്തിയ ഭാര്യയുടെ അവസാനത്തെ വാക്കുകൾ ഇന്നും കാതിൽ മുഴങ്ങുന്നു.

വീർത്ത വയറു താങ്ങി കടയിലെ തുണിത്തരങ്ങൾ തിരയുകയാണവൾ.
തന്റെ പൂർവ്വകാലസുഹൃത്ത്‌ നടരാജൻ അവളുടെ അടുത്ത്‌ നിൽക്കുന്നു.
ഒഴിഞ്ഞ തട്ടുകളുടെ ഇടയിലേക്ക്‌ വികാഷ്‌ ഒതുങ്ങിക്കൂടി. ഇല്ല, തനിക്കവളെ കാണാനുള്ള ചങ്കുറപ്പില്ല.
നിങ്ങളുടെ ആറു സഹോദരികളെ കെട്ടിച്ചു വിട്ടു കഴിയുമ്പോഴേക്കും ഞാനൊരു മുതുക്കിയാവും.
സുജാതെ നീ കുറേക്കൂടി കാത്തിരിക്കു. എന്റെ കുടും‌ബത്തെ ഞാനല്ലാതെ മറ്റാരാണ്‌ സംരക്ഷിക്കുക?
എട്ടു വർഷം കഴിഞ്ഞിട്ടും നിങ്ങളുടെ കുടുംബസ്നേഹം കൂടിവരികയാണ്‌. ഞാനുമൊരു പെണ്ണാണ്‌. എനിക്കു കുറേ മോഹങ്ങളൊക്കെയുണ്ട്‌.
അവൾ പറയുന്നതിലും കാര്യമുണ്ട്‌. അമ്മ എയർപ്പോർട്ടിൽ വച്ച്‌ പറഞ്ഞ വാക്കുകൾ മനസ്സിൽ ബാക്കി കിടക്കുന്നു.
"മോനെ ഞങ്ങൾക്ക്‌ നീ മാത്രമാണുള്ളത്‌. നീയത്‌ മറക്കരുത്‌. ഗർഭനിരോധന ഗുളികകൾ സുജാത മുടങ്ങാതെ കഴിക്കുന്നുണ്ടെന്നുള്ള ഉറപ്പുകൾ ഒരിക്കൽ തെറ്റി.
പതിവില്ലാതെ ഓക്കാനവും വിമ്മിഷ്ടവും അയാളെ പരിഭ്രാന്തനാക്കി. എന്തു പറ്റി സുജാതെ? എന്തു പറ്റാനാണ്‌? ഞാൻ ഗുളിക നിർത്തി.
അവളുടെ ചുവന്നു കലങ്ങിയ കണ്ണുകളിലെ തീജ്വാലയിൽ അയാൾ ഒരു നിമിഷം വെന്തുരുകി.

സുജാതെ നീ എന്നെ ചതിക്കരുത്‌. രണ്ട്‌ അനുജത്തിമാരെക്കൂടി ഞാനൊന്ന്‌ കരകയറ്റി കൊള്ളട്ടെ.
വികാഷിന്റെ വാചാലതയിൽ അവൾ അബോർഷൻ ക്ലിനിക്കിലേക്ക്‌ കയറി. പിന്നീടൊരിക്കൽ അവൾ താനറിയാതെ ഗുളിക നിർത്തി. രണ്ടാം വട്ടം ക്ലിനിക്കിൽ കൊണ്ടുപോകാൻ ഏറെ പണിപ്പെടേണ്ടിവന്നു.
ഇൻഷ്വറൻസ്‌ ഏജന്റ്‌ നടരാജന്റെ ആഗമനത്തോടെ അഞ്ചു ലക്ഷം ഡോളറിന്റെ പോളിസിയും സുജാതയുടെ പേരിൽ എഴുതി വെച്ചു.
"
"കറവപ്പശുവിനെ കറന്നു മതിയായില്ലേ?എന്നുള്ള പ്രസ്താവനയോടെയാണ്‌ അവൾ പോളിസിയിൽ ഒപ്പു വെച്ചത്‌.
ഇനിയിപ്പോൾ എന്തു വന്നാലും പിടിച്ചുനിൽക്കാം .എല്ലാ നഷ്ടബോധങ്ങളുടേയും കണ്ണികൾക്ക്‌ ഒരു തിരിച്ചടി പോലെ ഇൻഷ്വറൻസ്‌ പോളിസി മേശപ്പുറത്തിരുന്ന്‌ ചിരിച്ചു.

വികാഷിന്റെ മുഖത്ത്‌ നേടിയവന്റെ വെളിച്ചം പരന്നു.
നാട്ടിൽ നിന്നും ഫോണ്‍‌ വന്നിരിക്കുന്നു. അമ്മയുടെ അന്ത്യാഭിലാഷം , മകനെ കാണണം. അപ്പോഴും പണത്തിന്റെ ചോർച്ചയുടെ പഴുതുകൾ അയാൾ കണ്ടു. ഭാര്യയെ പണിക്കു വിട്ടിട്ട്‌ വികാഷ്‌ നാട്ടിലേക്ക്‌ പറന്നു.
നടരാജന്റെ സാമീപ്യം സുജാതയുടെ ശൈത്യകാലത്തിന്റെ അവസാനമായിരുന്നു.
അമ്മയുടെ അന്ത്യാഭിലാഷം പൂർത്തീകരിച്ച്‌ മടങ്ങി വന്ന മകൻ പുതിയ മാനങ്ങളിലെ ചുഴികൾ കണ്ടു.
പുതിയ വെളിച്ചം വീണു നാമ്പു നീണ്ട വിത്തിന്റെ ചിരി.പുതിയ സുജാത.
കിടക്കറയിലെ സീൽക്കാരങ്ങളുടെ ധ്വനി പെരുമ്പറ പോലെ വികാഷിലേക്ക്‌ പടർന്നു. ഒരു ശിശിരത്തിന്റെ തേങ്ങലില്‍ അയാൾ അലിഞ്ഞു.

പണത്തിന്റെ തിരച്ചിലിനിടയിൽ നഷ്ടബോധത്തിന്റെ കുളമ്പടികൾ. മോഹങ്ങളുടെ അന്യമായ ആ തീരത്തു നിന്നും എന്നെന്നേക്കുമായി വിടുതൽ. അയാൾ പടിയിറങ്ങി.
ഒഴിഞ്ഞ അലമാരകൾക്കിടയിൽ കാലം ചവച്ചുതുപ്പിയ ഒരു തടവുകാരനെപ്പോലെ മരവിപ്പു വീണ പാദങ്ങളുമായി അയാൾ നിന്നു.

ദീപം



jisha rajan

ഏകാന്തതയുടെ ചൂഷണങ്ങളിൽ
മറന്നുവിട്ട നിലാവെട്ടം പൊഴിച്ച
ദിനങ്ങളൊന്നും എനിക്കന്യമല്ല
ഞാൻ നഗ്നയായിരുന്നു
മനസ്സിന്റെ മേച്ചിൽപ്പുറങ്ങളിൽ
തുണിയില്ലാതെ ഞാൻ അലഞ്ഞിടുന്നു
തീർക്കാത്ത സ്വപ്‌നങ്ങളെല്ലാം
നിറഞ്ഞു നിൽക്കുന്ന പ്രതീക്ഷകളാകുന്നു
എന്റെ ജീവിതത്തിന്റെ പ്രാരബ്ധം
ഇന്നിന്റെ പോക്കുവെയിലിൽ
ഞാൻ മൃതപ്രാണയായിരുന്നു
നാളെ ഞാൻ മരിക്കിലും സ്മൃതി വേണ്ടെനിക്ക്‌
നിശ്വാസമുതിർക്കില്ലൊരിക്കലും
എരിഞ്ഞു തീർക്കുമീ ജീവിതം
ആത്മസംഘർഷത്തോടെ മറിക്കട്ടെ
ഞാൻ അൽപ്പനേരം പൊഴിച്ച
പ്രകാശത്തിൻ സ്മരണയിൽ

എഡിറ്റോറിയൽ

mathew nellickunnu



മതങ്ങളും മനുഷ്യരും ദൈവങ്ങളും കൂടി

മതങ്ങളും മനുഷ്യരും ദൈവങ്ങളും കൂടി മണ്ണും മനസ്സും പങ്കു വെച്ച കഥ പാടിയത്‌ വയലാർ രാമവർമ്മ. അദ്ദേഹം ആ കവിത രചിച്ചതു മുപ്പതു വർഷം മുമ്പാണ്‌. അതിനു ശേഷം സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണ്‌.

മുഖ്യമായും നാലഞ്ചു മതവിഭാഗങ്ങൾ നിലനിന്നിരുന്ന കേരളത്തിൽ ഇന്ന്‌ എത്ര മതങ്ങളും ഉപജാതികളും ഉണ്ട്‌. വെറുതെ ഒരു കൗതുകത്തിന്‌ എണ്ണമെടുക്കാം എന്നു വെച്ചാൽ പോലും എണ്ണിത്തീരുമോ എന്ന്‌ സംശയമുണ്ട്‌.

അതു പോകട്ടെ മതങ്ങളും വിശ്വാസങ്ങളും ഇത്ര കണ്ടു വർദ്ധിച്ചിട്ടും ഈ മനുഷ്യരെന്തേ നന്നായില്ല? ഒന്നിനൊന്ന്‌ കൂടിവരികയാണ്‌ പരസ്പരമുള്ള പാരപണിയലും കുതികാല്‍‌വെട്ടും. അങ്ങനെ വരുമ്പോൾ മതങ്ങളിങ്ങനെ പെരുകുന്നതിന്‌ എന്തു പ്രസക്തി? ഈ മതങ്ങൾ പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും എന്തു തരത്തിലുള്ള ആശയങ്ങളാവും?

മറ്റെന്തോ ലക്ഷ്യങ്ങൾക്കു വേണ്ടിയാണ്‌ പുത്തൻ മതങ്ങൾ രൂപീകരിക്കപ്പെടുന്നത്‌ എന്നു സംശയിക്കണം. ഏതെങ്കിലും ഒരു മതവിഭാഗത്തിലെ ഒരു ഉന്നത വ്യക്തി എന്തെങ്കിലും അഭിപ്രായഭിന്നത ഉടലെടുക്കുമ്പോൾ സ്വയം അടർന്നു മാറുന്നു. സമാന ചിന്താഗതിയുള്ള കുറച്ചുപേരേയും അടർത്തി സ്വന്തമാക്കി മറ്റൊരു സമാന്തര മതവിഭാഗമായി പരിവർത്തനം തുടങ്ങുന്നു. തലമുറകളായി കെടാതെ സൂക്ഷിച്ചു പോന്ന വിശ്വ്വാസ പാരമ്പര്യങ്ങൾ തച്ചുടച്ചുകൊണ്ട്‌!

ഉദ്ദേശ്യവും ആദർശങ്ങളും ശുദ്ധമാണെങ്കിൽ ഹൃദയത്തോടൂ ചേർന്നു നിൽക്കുന്ന അത്രയെങ്കിലും ആളുകൾ സാത്വികന്മാരാകുമായിരുന്നു. ലക്ഷ്യം ഇത്രമാത്രം , തെറ്റിപ്പിരിഞ്ഞു പോന്ന തനിക്കും ആളായി സമൂഹത്തിൽ വിലസണം. തല്ലിപ്പിരിഞ്ഞു പോയി രൂപപ്പെടുന്ന വിഭാഗങ്ങളും മാതൃവിഭാഗവും തമ്മിൽ പിന്നെ ഉൾപ്പോരു തുടങ്ങുകയായി. ആരാദ്യം, ആരു മുമ്പിൽ എന്നൊക്കെ കിടമത്സരമാണ്‌. അതിനിടയിൽ ആത്മചൈതന്യത്തെ നേടാൻ ആർക്ക്‌, എവിടെ നേരം?

അസ്വസ്ഥരായ ഇത്രയേറെ ജനം ഇവിടെ തിങ്ങിപ്പാർക്കുമ്പോൾ അനുയായികളെ കിട്ടാൻ എളുപ്പമാണ്‌. എന്തെങ്കിലും പൊടിവിദ്യകൾ കാട്ടാനും കഴിഞ്ഞാൽ ഒരാൾദൈവം കൂടി സൃഷ്ടിക്കപ്പെടുകയായി. അതിന്റെ പേരിൽ വൻ പിരിവു നടത്താം. മതത്തിന്റെ കാര്യമെന്നു കേട്ടാൽ ആയിരങ്ങള്‍ വാരിയെറിയാൻ ആവേശത്തോടെ ചാടിയിറങ്ങുന്നവർ അനവധി. അവരുടേയും മറ്റു സാധാരണക്കാരുടേയും പണം പിരിച്ചെടുത്ത്‌ സ്വന്തമാക്കാനും ധൂർത്തടിക്കാനും എന്തു സൗകര്യം?

യൗവനത്തിൽ തന്നെ ആൾദൈവങ്ങളായ എത്രയോ കപടമുഖങ്ങളാണ്‌ ഈ അടുത്ത നാളിൽ തന്നെ പുറത്തറിഞ്ഞത്‌. പേരും പണവും പ്രശസ്തിയും ഒത്തുകഴിഞ്ഞാൽ പിന്നെ ചെയ്യുന്നതിനൊന്നും കടിഞ്ഞാണില്ല. ഭക്തിയുടെ മറവിൽ കാമവും കഞ്ചാവും വിൽക്കാം.

അമർഷം പുകയുന്ന മനുഷ്യരാശി അസ്വസ്ഥതകളെ അകറ്റാൻ ഒരത്താണി തേടി അലയുകയാണ്‌. ഭ്രാന്തിന്റെ വക്കിൽ നിൽക്കുന്ന മനുഷ്യനെ ആകർഷിച്ചു നിർത്താൻ പദവിക്കും അംഗീകാരത്തിനും കഴിയും.
മതങ്ങൾ പെരുകിയാലും മനുഷ്യനെ നന്നാകാൻ അനുവദിച്ചാൽ മതിയായിരുന്നു. ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന്‌.
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പ്രഖ്യാപിച്ച ആചാര്യന്മാരും നടന്നുപോയ വഴികളെ പിന്‍‌തുടരുന്ന കേരളീയന്റെ ഇപ്പോഴത്തെ മനോഭാവം എന്തായിരിക്കുമോ എന്തോ?

മഴമേഘങ്ങൾ


sindhu s

കൺപോളകൾ കനംവച്ച്‌ തൂങ്ങിയിരിക്കുന്നു. ഉള്ളിൽ ഉരുണ്ടുകൂടിയ മഴമേഘങ്ങൾ എവിടെയോ വീണ്ടുകീറി താഴേയ്ക്കു പതിച്ചു. പക്ഷേ അതാരും കാണാതിരിക്കാൻ ഒരുപാട്‌ കിണഞ്ഞു പരിശ്രമിക്കേണ്ടി വന്നു. ഒടുവിൽ വിണ്ടുകീറിയ ഭാഗം ഒരുവിധത്തിൽ തുന്നിക്കെട്ടി. അങ്ങനെ ആ പ്രവാഹം നിലച്ചു. ഒരു നേർത്ത തേങ്ങൽ മാത്രമവശേഷിപ്പിച്ചുകൊണ്ട്‌.
മീരയന്ന്‌ വളരെ വൈകിയാണ്‌ ഉണർന്നത്‌. അവളുടെ പ്രിയ കണ്ണന്റെ ജന്മദിനമായിട്ടുകൂടി. ഓരോ നിമിഷവും അവളോടു പറയുന്നുണ്ടായിരുന്നു. നീ തീർച്ചയായും അവനെ കാണണമെന്ന്‌. പക്ഷേ, ഏതോ പിൻവിളി അവളുടെ കാലുകളെ തടഞ്ഞു നിർത്തി. എന്നിട്ടും അവൾ ആ കുഴൽവിളിക്കു കാതോർത്തുകൊണ്ട്‌ എന്നെത്തേക്കാളും അണിഞ്ഞൊരുങ്ങി. അവളുടെ കാലുകൾക്ക്‌ എന്ത്‌ വേഗതയായിരുന്നു. അവളുടെ വേഗത യാത്രക്കാരെ അത്ഭുതം കൊള്ളിച്ചു.
കുഴൽവിളിയും ചടുലതാളങ്ങളും വളരെ ദൂരെനിന്ന്‌ അവളെത്തേടിയെത്തി. അവളുടെ ഹൃദയം അതിധ്രുതം തുടിച്ചിരുന്നു. പുതിയ താളത്തിൽ ലയിച്ചതുപോലെ. കാലുകളോട്‌ ഒട്ടിനിന്നിരുന്ന അവളുടെ വെള്ളിപാദസരം കിലുങ്ങിത്തുടങ്ങി. അതെ മീര ആടുകയാണ്‌. അവളുടെ കണ്ണനോടൊപ്പം, എല്ലാം മറന്ന്‌ യമുനയിലെ ഓളങ്ങളും വൃന്ദാവനത്തിലെ ഓരോ മരച്ചില്ലയും അവർക്കായി താളമിട്ടു. അവരുടെ നൃത്തച്ചുവടുകൾക്ക്‌ വേഗതയാർന്നുകൊണ്ടേയിരുന്നു.
അസഹ്യമായ വേദന. കൺപോളകൾ തുറക്കാൻ കഴിയുന്നില്ല. എങ്കിലും മീര കണ്ണുകൾ വലിച്ചുതുറക്കാൻ ശ്രമിച്ചു. ദൃഷ്ടി പതിഞ്ഞത്‌ വെള്ളച്ചുമരിലാണ്‌. വെള്ളച്ചുമരിലൂടെ കണ്ണോടിച്ച അവളെ കറങ്ങുന്ന പങ്കകൾ കളിയാക്കിച്ചിരിച്ചു. പരിഹാസങ്ങളെ വകവയ്ക്കാൻ കൂട്ടാക്കാത്ത അവളുടെ ബോധമണ്ഡലം ആശുപത്രിമുറിക്കുള്ളിലെ രൂക്ഷഗന്ധത്തെ തിരിച്ചറിഞ്ഞു. പെട്ടെന്ന്‌ വെള്ളച്ചുമരിൽ ചിത്രങ്ങൾ ഒന്നൊന്നായി തെളിയാൻ തുടങ്ങി. ഏതോ സ്വപ്നത്തിലെന്നവണ്ണമാണ്‌ താൻ സഞ്ചരിച്ചിരുന്നത്‌. പാഞ്ഞുവരുന്ന വാഹനത്തിൽ നിന്ന്‌ ഒഴിഞ്ഞുമാറാൻ ശ്രമിക്കുംമുമ്പേ തന്നിൽ നിന്നും ഒരാർത്തനാദം പുറപ്പെട്ടുകഴിഞ്ഞിരുന്നു. പിന്നീടൊന്നും ഓർമ്മിച്ചെടുക്കാൻ കഴിയുന്നില്ല. ആയുസ്സിന്റെ ബലം കൊണ്ട്‌ രക്ഷപ്പെട്ടതാണെന്ന ആരുടേയോ ആശ്വാസവചനങ്ങളെ ഉൾക്കൊള്ളാനാവാതെ അവൾ തളർന്നുപോയി.


മീര ഓർക്കാൻ ശ്രമിച്ചു. തന്റെ കണ്ണന്റെ ജന്മദിനത്തെ. ചലനശേഷി നഷ്ടപ്പെട്ട കാലുകളിലെ പാദസരങ്ങൾ ഇനിയൊരിക്കലും കിലുങ്ങുകയില്ല. അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി. ഈ കണ്ണുനീരത്രയും ഒഴുകുന്നതെങ്ങോട്ടാണ്‌? യമുനയിലേയ്ക്കോ? അവിടെ പുതിയ പുളിനങ്ങൾ സൃഷ്ടിക്കാൻ മീരയുടെ കണ്ണുനീരിനാകുമോ?
കൈയ്യെത്തിച്ച്‌ ജനൽപാളി തുറക്കാൻ ശ്രമിച്ചു. ഒരു പ്രതിഷേധ ശബ്ദത്തോടെ അവ പതിയെ തുറക്കപ്പെട്ടു. പുറത്തെ വിശാലമായ ലോകം അവൾക്കു മുന്നിൽ കൺചിമ്മി. അവളുടെ നൊമ്പരങ്ങളെ മുഴുവൻ ആവാഹിച്ചെടുത്ത വാനം മഴമേഘങ്ങൾകൊണ്ട്‌ നിറഞ്ഞിരുന്നു. അവയ്ക്കിടയിൽ അവൾ കണ്ടു. അവളുടെ കണ്ണനെ. അവന്റെ പുഞ്ചിരി അവളെ മെല്ലെ തലോടി. നൊമ്പരം പീളകെട്ടിയ കൺപോളകൾ പാതിയടഞ്ഞു. ആ പകുതികാഴ്ച അവളെ മറ്റൊരു ലോകത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി. മീരയും കണ്ണനും മാത്രമുള്ള മറ്റൊരു ലോകത്തേക്ക്‌.

കളഞ്ഞു പോകുന്ന നാണയങ്ങള്‍

p a anish


വേദിയില്‍ പറയുന്നത്
ഹാളിനു പുറത്തു കേള്‍ക്കില്ല

സദസ്സിലിടയ്ക്കു
കൂട്ടച്ചിരി മുഴങ്ങുന്നുണ്ട്
കൈയ്യടി മുറുകുന്നുണ്ട്
ഞങ്ങള്‍ ഹാളിനു പുറത്താണ്
ഉറക്കെച്ചിരിക്കുന്നുണ്ട്
കൈയ്യടിക്കുന്നുമുണ്ട്

ഹാളിനു പുറത്തുനിന്ന്
കൂട്ടച്ചിരി ചിരിക്കുന്നവരെ
പിരിച്ചു വിട്ടിരിക്കുന്നു
എന്നായിരിക്കും വേദിയില്‍ പറഞ്ഞത്
എന്നോര്‍ത്തപ്പോള്‍
പൊടുന്നനെ
എന്റെ ചിരി
കളഞ്ഞു പോയ നാണയമായി

വ്യതിയാനി

venu v desam


(കവി അയ്യപ്പന്‌)
വേണു വി.ദേശം
പൊയ്പ്പോയ കാലംതേടി-
യുള്ളിലേയ്ക്കമരുമ്പോൾ
നിത്യനൈരാശ്യത്തിന്റെ
നിഴലിൽ നിൽക്കുന്നുണ്ട്‌
നിസ്സഹായതയുടെയാൾരൂപമായിട്ടവൻ.
അപഥങ്ങൾ തൻ
മഹാദൂരങ്ങൾ കുടിച്ചവൻ.
അറിവിൻ മുറിവേറ്റു ഹൃദയം നിറഞ്ഞവൻ.
അവനയ്യപ്പൻ
അമ്ലരൂക്ഷമാമന്ധകാരത്തിൽ
കുതിർന്നവൻ.
ആത്മാന്തരാളം വെന്തു
മലരും ഗാനത്തിൽ നി-
ന്നാർത്തുപൊങ്ങുന്നൂ തിക്തവ്യഥ തൻ
വിഷജ്ജ്വാല

വാല്മീകം

vijayakumar kalarickal


രത്നാകരൻ ശബ്ദമധുരമായിട്ടാ ഗാനം ആലപിക്കുകയാണ്‌ താളവും ലയവുമുണ്ട്‌. അവനോടൊത്ത്‌ ഈണമിടാനും നൃത്തമാടാനും സ്നേഹിതരുമുണ്ട്‌.
അവനെ ഗാനങ്ങളെല്ലാം സ്വപ്നത്തിൽ തീർത്ത ചിത്രങ്ങളാണ്‌. ഒരായിരം വർണ്ണങ്ങളും ആകാശവീഥികളോളം പറന്നെത്താൻ ചിറകുകളുമുള്ള ചിത്രങ്ങൾ.
അവന്റെ നീണ്ടു നിൽക്കുന്ന ദൃഢമായ കറുത്ത ശരീരം ചേരിയുടെ അഭിമാനമായി ചേരിനിവാസികൾ കരുതിയിരുന്നു. ചേരിയിലെ മൂപ്പനും കാരണവന്മാർക്കും അവനെ വളരെ പഥ്യമായിരുന്നു.
പ്രശാന്തവും സുന്ദരവുമായ ഒരു രാത്രിയിലാണ്‌ അവൻ ആദ്യമായിട്ടാഗാനങ്ങൾ ചേരിനിവാസികൾക്കായിട്ടാലപിച്ചതു.
എല്ലാവരും വേല കഴിഞ്ഞെത്തിയിരുന്നു. ചേരിയുടെ നടുവിൽ വളർന്നു നിൽക്കുന്ന വടവൃക്ഷത്തിന്റെ ചുവട്ടിൽ എല്ലാവരും വട്ടമിട്ടിരുന്ന്‌, അവർ സ്വയം വാറ്റിയെടുത്ത സുര മോന്തുകയും, ഏതോ കാട്ടുചെടിയുടെ ഇലകൾ അടർത്തിയെടുത്ത്‌ ഉണക്കി പൊടിച്ച്‌ മറ്റേതോ ചെടിയുടെ ഉണക്കിയ ഇലയിൽ ചുരുട്ടി പുകച്ച്‌ വലിക്കുകയുമായിരുന്നു.
സുരയിലും, പുകയിലും അവർ ലോകങ്ങളെ, ദുഃഖങ്ങളെ, അവരെത്തന്നെ മറന്നവരുമായിരുന്നു.
ആനന്ദത്തിന്റെ മാസ്മരികമായൊരു വലയിൽ അകപ്പെട്ട്‌ പൊങ്ങുതടികളേപ്പോലെ ഒഴുകി നടക്കുകയായിരുന്നു.
അവർ വൃദ്ധരും, ചെറുപ്പക്കാരും, സ്ത്രീകളും കുട്ടികളുമുണ്ട്‌.
അതൊരു വസന്തകാലാരവമായിരുന്നു. ചേരിയ്ക്ക്‌ പുറത്തു വളർന്നു നിൽക്കുന്ന വനത്തിൽ നിന്നും ഒരായിരം മണങ്ങൾ എത്തിക്കൊണ്ടിരുന്നു.
കഴിഞ്ഞ രാത്രിയിൽ, അവർ നായാടിപ്പിടിച്ച കാട്ടുപോത്തിന്റെ മാംസം തീക്കുണ്ഡത്തിലിട്ട്‌ വേവിച്ച്‌, ചെറിയ ചെറിയ കഷണങ്ങളാക്കി ഇലകളിൽ നിരത്തിയിട്ട്‌ ഏതെല്ലാമോ കാട്ടുചെടിയുടെ കായകൾ ഉണക്കിപ്പൊടിച്ച്‌ വെന്ത മാംസങ്ങൾ വിതറി തീറ്റ ഒരുക്കുകയാണ്‌ ഒരു പറ്റം സ്ത്രീകൾ.
അവൻ പാടി.
ഒരു നാൾ ഞാൻ രാജാവാകും; ഞാൻ നിങ്ങളുടെ രാമനാകും;
തേവരുടെ കോട്ടയും, കൊത്തളങ്ങളും കൊട്ടാരങ്ങളും എന്റേതാകും;
എന്റെ സ്നേഹിതരെ നിങ്ങളെല്ലാം എന്റെ കൊട്ടാരത്തിലെ വാശികളാകും.
നിങ്ങളോടൊത്ത്‌ കേളിയാടുന്ന എന്നെ നിങ്ങൾ രാമനെന്നു വിളിക്കും.
ഈ വാനവും ഭൂമിയും നമ്മുടേതാകും, ഈ കാടുപടലവും നമ്മുടേതാകും, ഈ പാടശേഖരവും, ധാന്യങ്ങളും നമ്മുടേതാകും.
ഈ തേവന്മാർ നമ്മുടെ മണ്ണിൽ നിന്നും അകന്നുപോകും.
ഈ തേവന്മാർ എവിടെനിന്നോ വന്നവരാണ്‌; അവർ നമ്മുടെ മണ്ണും വിണ്ണും കൈക്കലാക്കുകയായിരുന്നു. പെണ്ണും, പൊന്നും തട്ടിയെടുക്കുകയായിരുന്നു. മേനിയും വേലയും കാൽക്കലാക്കുകയായിരുന്നു.
നമ്മുടെ മേനിക്ക്‌ മണ്ണിന്റെ മണമുണ്ട്‌. വേലയുടെ ചൂടുണ്ട്‌, അവർ. തേവന്മാർ, വെളുത്തു വിളറിയവരും മേദസ്സുകൂടി കൊഴുത്തവരുമാണ്‌.
ഞാനൊരുനാൾ രാജാവാകും, ഞാൻ നിങ്ങളുടെ രാമനാകും....
അവൻ വീണ്ടും വീണ്ടും പാടിക്കൊണ്ടേയിരുന്നു. അവനോടൊത്ത്‌ ചേരിയിലെ എല്ലാ പുരുഷന്മാരും പാടി. അവന്റെ പെണ്ണ്‌ സീതമ്മയോടൊത്ത്‌ എല്ലാം സ്ത്രീകളും നൃത്തമാടി.
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പാടശേഖരം, അവിടെ ആയിരക്കണക്കിന്‌ ചേരിനിവാസികൾ പണിയെടുക്കുകയാണ്‌.
പാടവരമ്പുകളിലും, വരമ്പുകൾ ചേരുന്ന വഴികളിലും അവരെ നിയന്ത്രിക്കാനായി, പണികൾ ചെയ്യിക്കാനായി രാജാവിന്റെ കിങ്കരന്മാർ, ചാട്ടവാറുകളും, വടികളും, കുന്തമുനകളുമായി കാവൽ നിൽക്കുന്നുണ്ട്‌. അവരെല്ലാം വെളുത്തവരും ചേരി മക്കൾക്ക്‌ മനസ്സിലാക്കാത്തഭാഷ സംസാരിക്കുന്നവരും, കോട്ടയ്ക്കുള്ളിൽ, നഗരത്തിൽ പാർക്കുന്നവരുമാണ്‌.
രത്നാകരനോട്‌ അടുത്തുനിന്നു തന്നെയാണ്‌ സീതമ്മയും പണിയെടുത്തിരുന്നത്‌. അവൾ മാത്രമല്ല, കൂട്ടുകാരനുള്ള എല്ലാചേരിപെണ്ണുങ്ങളും തങ്ങളുടെ സ്നേഹിതനോടൊത്താണ്‌ പണിക്കിറങ്ങുന്നത്‌.
രത്നാകരൻ ശ്രദ്ധിച്ചു. സീതമ്മ അവന്റെ ദേഹത്ത്‌ തൊട്ട്‌ തൊട്ടാണ്‌ നിൽക്കുന്നത്‌. അവളുടെ മനക്കോണിലെവിടെയോ ഉടക്കിയിരിക്കുന്നു. അവൾ തല നിവർത്തി നിന്ന്‌ അവനെ നോക്കി. അവളെത്തന്നെ നോക്കി നിന്നിരുന്ന രത്നാകരന്റെ കണ്ണുകളിൽ നോക്കി അവൾ കണ്ണുകളാൽ എന്തെന്നു തെരക്കി.
അവൻ ഉത്തരം കൊടുത്തില്ല. അവന്റെ കണ്ണുകൾ ശൂന്യവും ആലംബരമില്ലാതെ ബലഹീനവും ദുഃഖമയവുമായിരുന്നു.
അവൻ അവളെ കാണുമായിരുന്നു.
മുട്ടിനു താഴെ നഗ്നമായ കാലുകൾ, ആഴക്കയത്തിൽ വിരിയുന്ന ചുഴിപോലുള്ള പൊക്കിൾ, ലവനും, കുശനും ആവോളം അമൃതുനുകർന്നിട്ടും ഉടയാത്ത മാറും ഓമനത്തമുള്ള മുഖവും, കണ്ണുകളും, ചുണ്ടുകളും...
രത്നാകരന്റെ മനസ്സൺനു പിടഞ്ഞു.
ഇതേവരെ തേവരുടെ കണ്ണുകളിൽ അവൾ പെട്ടിട്ടില്ല. ഒളിച്ചു നടക്കാൻ അവൾക്ക്‌ നന്നായറിയാം. ചേരിയിലെ എല്ലാ പെണ്ണുങ്ങൾക്കും അറിയാം. എന്നിട്ടും വളരെപ്പേർ ആ കിങ്കരന്മാരുടെ കണ്ണുകളിൽ പെടാറുണ്ട്‌.
രത്നാകരൻ ഓർമ്മിച്ചു പോവുകയാണ്‌; അച്ഛൻ അവന്‌ പറഞ്ഞുകൊടുത്ത കഥ. ആ കഥ അച്ഛന്‌ മുത്തച്ഛനിൽ നിന്നും കിട്ടിയതായിരുന്നു.
ഈ കോട്ടയും, കൊത്തളവും നമ്മുടേതായിരുന്നു. നമ്മുടെ ഗോത്രത്തിന്റെ മൂപ്പൻ രാജാവായിരുന്നു. ഈ പാടശേഖരവും, വനാന്തരങ്ങളും കാടും, പടലും, കാട്ടുമൃഗങ്ങളും നമ്മുടേതായിരുന്നു.
നാം തന്നെ നമുക്കായിട്ട്‌ അദ്ധ്വാനിച്ച്‌ വിളവെടുത്ത്‌ സുഖമായി വാണിരുന്ന കാലം. അച്ഛനെന്നോ, അമ്മയെന്നോ, സ്ത്രീയെന്നോ, പുരുഷനെന്നോ, കുട്ടികളെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒത്ത്‌ ഈ ഐശ്വര്യങ്ങളെല്ലാം കെട്ടിപ്പെടുക്കുകയായിരുന്നു.
ഒരു നാൾ എവിടെ നിന്നോ ഈ നായാടികൾ ഒരു പറ്റം ആടുമാടുകളുമായിട്ട്‌ ഇവിടെ എത്തി. നീണ്ടു നിന്നതും തുടരെ തുടരെയുണ്ടായ യുദ്ധത്തിൽ നമ്മുടെ യോദ്ധാക്കളും മുത്തച്ഛന്മാരും, മുത്തശ്ശിമാരും കൊലചെയ്യപ്പെട്ടു. യുവതികളും, ബാലന്മാരും അടിമകളാക്കപ്പെട്ടു. നമ്മുടെ നഗരം അവർ കൈയ്യടക്കുകയും ചെയ്തു. അവർ വെളുത്ത നിറക്കാരും നമുക്ക്‌ മനസ്സിലാവാത്ത ഭാഷ സംസാരിക്കുന്നവരുമായിരുന്നു.
അവർക്ക്‌ ദൈവത്തിന്റെ രൂപമാണെന്നും; ദൈവത്തിന്റെ അവതാരങ്ങളാണെന്നും, ഇക്കാണുന്നതെല്ലാം, കറുത്തവരായ നമ്മളും. ഇക്കാടും പടലും കാട്ടുമൃഗങ്ങളും പാടങ്ങളും അവരുടേതാണെന്നും, അവർക്കുവേണ്ടി ദൈവം ഉണ്ടാക്കിയതാണെന്നും, അവർ ദേവന്മാരാണെന്നും, നമ്മൾ കാട്ടാളന്മാരാണെന്നും പറഞ്ഞു. കഥകളെഴുതി, പാട്ടുകളെഴുതി, പാടി നടന്നു, പറഞ്ഞു നടന്നു.
രത്നാകരന്റെ മനം വിദ്വേഷത്താൽ പുകഞ്ഞു. കത്തി ജ്വലിച്ചു നിൽക്കുന്ന സൂര്യന്‌ കീഴെ പാടത്ത്‌ കുനിഞ്ഞുനിന്ന്‌ വലയെടുത്ത്‌ അവന്റെ പുറംതൊലി പൊള്ളി കരുവാളിച്ചു പോയി. അവന്റെ മാത്രമല്ല, അവന്റെ മാത്രമല്ല, അവന്റെ പെണ്ണിന്റെ; ആയിരമായിരം ചേരിനിവാസികളായ ആണുങ്ങളുടേയും, പെണ്ണുങ്ങളുടേയും.
ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കിൽ എന്നവൻ മോഹിച്ചുപോയി. വെള്ളക്കീറുകൾ കിഴക്കൻ മലനിരയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പുളിച്ച പഴങ്കഞ്ഞി മോന്തി പാടത്തേയ്ക്ക്‌ പോന്നതാണ്‌. ഇനിയും ഒരു പിടി വറ്റോ ഒരു തുള്ളി വെള്ളമോ ഉള്ളിലെത്തുന്നത്‌ സന്ധ്യ മയങ്ങിക്കഴിഞ്ഞ്‌, അന്നത്തെ വേലക്കൂലിയായി കിട്ടുന്ന ഒരു പിടിയോ രണ്ടു പിടിയോ യവം, കുടിലിൽ കൊണ്ടുപോയി വേവിച്ച്‌ കഴിയ്ക്കുമ്പോഴാണ്‌. എങ്കിലും വിശപ്പാറുമോ; ഒരിക്കലും ആറാറില്ല. വിശപ്പാറ്റാനായി രാവുകളിൽ തന്നെ ചേരിയിലെ ചെറുപ്പക്കാർ കാട്ടിൽ വേട്ടയ്ക്കു കയറുന്നു.
പാടവരമ്പിന്‌ താഴെക്കൂടി ഒഴുകുന്ന അരുവിക്കരയിലേക്ക്‌ പണിക്കാരുടെ ഇടയിലൂടെ പതുങ്ങി നടക്കാൻ അവന്‌ തോന്നിയതാണ്‌. പക്ഷെ, അപ്പോഴേക്കും അവൻ ഒരു കിങ്കരന്റെ കണ്ണിൽപ്പെട്ടുകഴിഞ്ഞു. അയാൾ കുതിരപ്പുറത്തുനിന്നു ചാടിയിറങ്ങി, പുലഭ്യം വിളിച്ച്‌ ചാട്ടവാറുമായി അവനടുത്തേയ്ക്ക്‌ ഓടിയെത്തി. അവൻ പാടത്ത്‌ കൂനിക്കൂടി നിന്ന്‌ പണിയെടുത്തു. എന്നിട്ടും പൊള്ളിക്കരുവാളിച്ച അവന്റെ മുതുകിൽ ചാട്ടവീണു. ഏഴോ എട്ടോ പ്രാവശ്യം.
ഹോ.....!
അവൻ പുളഞ്ഞുപോയി. സീതമ്മ അവനിൽ നിന്നും അകന്ന്‌ മറ്റു പെണ്ണുങ്ങളുടെ കൂട്ടത്തിൽ ഒളിച്ചുകളഞ്ഞിരുന്നു. അവളെ കിങ്കരൻ കാണാതിരിക്കാൻ!
കിങ്കരൻ പുളിച്ച തെറികളുമായി വരമ്പിലേറിക്കഴിഞ്ഞപ്പോൾ സീതമ്മ അവനടുത്തെത്തി..... ദൈവമേ! അവൻ ഏറെ വേദനിച്ചതു അവളുടെ മുഖം കണ്ടിട്ടാണ്‌.
അവന്റെ കരളിൽനിന്നും ദീനമായൊരു സ്വരം പോലെ ഗാനം പുറത്തേക്കൊഴുകി....ഞാനൊരുനാൾ രാജാവാകും, ഞാൻ നിങ്ങളുടെ രാമനാകും.... ആ ഗാനം അവന്‌ അടുത്തുനിന്നവരും അതിനടുത്തുനിന്നവരും ഏറ്റുപാടി. ഏറ്റുപാടി ഏറ്റുപാടി അവരുടെ മനസ്സുകളിൽ സ്വപ്നങ്ങൾ വിരിയുകയായി... ആ സ്വപ്നങ്ങളെല്ലാം ഒത്തുകൂടി.
അവരെല്ലാം ഒത്തുകൂടി ഓരോ പിടി പൂഴിയെടുത്ത്‌ ഉമിനീരിൽ കുഴച്ച്‌ ഉരുളകളാക്കി അടുക്കി അടുക്കിവെച്ചു. അടുക്കുകൾ ചേർന്ന്‌ ചേർന്ന്‌ പുറ്റുകളായി പുറ്റുകൾ ചേർന്ന്‌ ചേർന്ന വളരെ വലിയൊരു വാല്മീകമായി.
ആ വാല്മീകം വളർന്നു വളർന്നു ആകാശം മുട്ടി.....
വാല്മീകത്തിനുള്ളിൽ അവരെല്ലാം ചിറകുകൾ മുളക്കാത്ത കീടങ്ങളായി ഒത്തുകൂടിയിരുന്നു. പാട്ടുപാടി.
ഞാനൊരുനാൾ രാജാവാകും, ഞാൻ നിങ്ങളുടെ രാമനാകും...
രണ്ടു മൂന്നു നാളുകളായി തോരാത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്‌. അന്നും അവർ വേല ചെയ്തു. കൂലിയായികിട്ടിയ രണ്ടുപിടി മലരുമായി രത്നാകരനും, സീതമ്മയും കുടിയിലെത്തി. നനഞ്ഞു കുതിർന്നൊരു മൂലയിൽ ലവനും, കുശനും കെട്ടിപ്പിടിച്ച്‌ കിടന്നുറങ്ങുകയാണ്‌.
സീതമ്മ മലരും ചായ അനത്തിയ വെള്ളവുമായെത്തുംവരെ രത്നാകരൻ മക്കളെ മടിയിൽ ഇരുത്തി കെട്ടിപ്പിടിച്ചു ചൂടേകി.
മലര്‌ തുല്യമായി വീതിച്ച്‌ കഴിച്ച്‌, നിറയാത്ത വയറിന്റെ ബാക്കി ഭാഗം മുഴുവൻ ചായ വെള്ളത്താൽ നിറച്ചു.
കുടിലിന്റെ ഇലമറകളുടെ വിടവിലൂടെ തണുത്ത കാറ്റ്‌ ഉള്ളിലേക്ക്‌ ശക്തിയായിത്തന്നെ എത്തുന്നുണ്ട്‌. തണുപ്പ്‌ അവരുടെ ശരീരങ്ങളിൽ വിറയലായി പടർന്നു കയറുന്നു. നാലു ശരീരങ്ങൾ ഒട്ടിചേർന്നിരിക്കുന്നു.
മക്കളുടെ മയങ്ങുന്ന കാതുകളിലേയ്ക്ക്‌ രത്നാകരൻ ഗാനമായി ഒഴുകിയിറങ്ങി.
ഞാനൊരുനാൾ രാജാവാകും ഞാൻ നിങ്ങളുടെ രാമനാകും....
ലവന്റെയും, കുശന്റെയും മനസ്സിൽ സ്വപ്നങ്ങൾ വാല്മീകം പോലെ മുളച്ചു വന്നു.
ഉമിനീരും, വിയർപ്പും അവിടവിടെ തട്ടിപ്പൊട്ടിയൊലിച്ച രക്തവും ചേർന്ന്‌ മണ്ണു കുഴച്ച്‌ അവർ സ്വപ്നങ്ങളെ വാനോളം ഉയർത്തികെട്ടി.
പുറത്ത്‌ വഴ തിമിർത്തുപെയ്തുകൊണ്ടേയിരുന്നു. കുടിലിനുള്ളിലേക്ക്‌ ശക്തിയായി കാറ്റടിച്ചുകൊണ്ടേയിരുന്നു.
പൊടുന്നനെ ഉണ്ടായ ഒരു മിന്നലിന്റെ വെളിച്ചത്തിലും തുടർന്നുണ്ടായ ഇടിയുടെ ശബ്ദത്തിലും അവർ ഞെട്ടിയുണർന്നു പോയി....
ഇടിമിന്നലിൽനിന്നും കിട്ടിയ വെളിച്ചത്തിൽ അവർ, യവനും, കുശനും കണ്ടു, അവരുടെ സ്വപ്നമായിരുന്ന വാല്മീകം തകർന്നുവീഴുന്നതും കുത്തിയൊഴുകുന്ന മഴവെള്ളത്തിൽ ഒലിച്ചു പോകുന്നതും...
വെള്ളത്തിൽ ഒലിച്ച്‌, പൊങ്ങിയും, താണും, അവർ ചിറകുകൾ മുളയ്ക്കാത്ത കീടങ്ങളായി കരകാണാതെ ഒഴുകി നടന്നു.

ഭൂമിപ്പെരുമാൾ




m k janardanan

ഒന്നിനേക്കുറിച്ചും മുൻവിധികളോ മാറാത്ത വിശ്വാസങ്ങളോ ഇല്ലാത്ത ശാസ്ത്രജ്ഞനായ പ്രണവ്‌ ഓർക്കുകയാണ്‌. ഭ്രമണപഥങ്ങളിൽ ചുറ്റിക്കറങ്ങി രാപ്പകലുകളായി മറയുന്ന കാലത്തിനും ജനിമൃതികൾക്കും പഴക്കമെത്രയാണ്‌? പഴയ കാലത്തിലെ ദിനോസറുകളും ജീവികളും എവിടെ പോയിമറഞ്ഞു. നിയാന്തർത്താൻ നരന്റെ പൂർവ്വികരും അവരുടെ കാലവും എവിടെ? മഹായവനികക്കപ്പുറം മറഞ്ഞകാലത്തിന്റെ കോടാനുകോടി വർഷങ്ങൾ വിസ്മൃതിയിൽ ഇവിടെ തുഛനാളത്തെ ജീവിതത്തിൽ ഓരോ ജീവന്റേയും ശേഷിപ്പായി എന്തുണ്ട്‌? ശൂന്യം! നമ്മൾ ജീവിക്കുന്നു എന്നഭിമാനം കൊള്ളുള്ളത്‌ വെറും മിഥ്യ. ആദി നാദമായ പ്രണവത്തിന്റെ ശബ്ദങ്ങൾക്കൊപ്പം മുഴങ്ങുന്ന മാനവ-ജന്തു സമൂഹത്തിന്റെ ശബ്ദങ്ങളുടെ പെരുമ്പറയിൽ നിന്നും, ഒരു സംഗീത തന്ത്രിയുടെ മൃദുനാദത്തെ വേർതിരിച്ച്‌, ഒടുവിൽ ഏകമായ സത്തയിൽ താൻ വിലയം ചെയ്യുന്നു. ഇതാണ്‌ പ്രപഞ്ചത്തിന്റെ പൊരുൾ തേടിപ്പോകുന്ന താൻ. പ്രണവ്‌ നീലകണ്ഠൻ.



മനുഷ്യരെ ആദി പ്രാകൃതനരൻ തൊട്ടെണ്ണിയാൽ ഇതുവരേയും അവരുണ്ടാക്കിയ കിരാതമായ നിയമങ്ങൾ മറ്റുള്ളവർക്കുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. അടിമയെ അനുസരിപ്പിക്കാൻ മർദ്ദനങ്ങൾ അഴിച്ചുവിട്ടു. അതിൽ നിന്നും മനുഷ്യരൊക്കെ അനുസരണക്കാരായോ? ഇല്ല. ഒരാൾ ജനറ്റിക്കലായി എന്താണോ അത്‌ മാത്രമായിരിക്കും. വിദ്യകൊണ്ടും സംസ്കാരം കൊണ്ടും ഉണ്ടാകുന്ന മാറ്റങ്ങൾ ഒരു പരിധിവരെ മാത്രം. മനുഷ്യൻ പ്രകൃതൻ. പണ്ടു കാട്ടു കിഴങ്ങു മാന്തി തിന്നു. ഇന്ന്‌ അതേ കുന്തമുനയാൽ മനുഷ്യരുടെ മാറുത്തുരക്കുന്നു, ചോര ഉണ്ണുന്നു! കുന്തത്തിന്റെ പേര്‌ മിസെയിൽ എന്നാക്കിയിരിക്കുന്നു അതുമാത്രം. പ്രവൃത്തികളിലെ നന്മയല്ല കാടത്തമാണ്‌ വർദ്ധിച്ചിരിക്കുന്നത്‌. അധികാരവും യുദ്ധവും സൃഷ്ടിച്ച്‌ നിഗ്രഹിക്കുന്നു. പണ്ട്‌ പരപീഡനം ഒരു കാടിന്റെ ചതുരത്തിൽ. ഇന്നാകട്ടെ ലോകവൃത്തത്തിൽ. നിയമങ്ങളുടെ നീചത്വം ഏക്കാളവും പ്രകൃതിക്കു വിരുദ്ധമാണ്‌.

ജീവികൾക്കെതിരാണ്‌. ആരേയും ഉപദ്രവിക്കാതെ ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെയാണ്‌ മനുഷ്യൻ കൊല്ലുന്നത്‌. സ്വയം ഭയം മറ്റൊരു ജീവിയുടെ കൊലയിൽ ചെന്നവസാനിക്കുന്നു. കൊന്നു, കൊന്നു കാലഭേദങ്ങളില്ലാതെ നിയമവും, കൊലകളും വാഴുന്നു. കൊന്നു, കൊന്ന്‌ സിംഹാസനങ്ങൾ കാക്കുന്നു. പക്ഷേ മനുഷ്യ-പ്രപഞ്ചത്തിന്റെ വരുതിക്കുള്ളിലാണെന്ന ധാരണതെറ്റ്‌. ആനയുടെ ചെവിയിൽ തോട്ടി മുറുക്കുന്നവനേപ്പോലെ തന്നെ വരുതിയിലാക്കാൻ വരുന്നവനേ പ്രകൃതി തകർത്തെറിയുന്നു.

മനുഷ്യർ ഹിരണ്യകശിപുമാരാണ്‌. അവർ നാരായണനാകാൻ കുറുക്കുവഴി തേടി സ്വയം മണ്ണടിയുന്നു. ബൈബിൾ കഥയിൽ ഫിറോൻ ഗോപുരമുയർത്തിയതുപോലെ, എങ്കിലോ എല്ലാറ്റിന്റേയും നിയമവും, നിയമ രാഹിത്യവുമായി ആദി ചൈതന്യം ഒഴുകി നടക്കുന്നു. അദൃശ്യവും, അനന്തവും അജയ്യവുമാണത്‌. എത്ര കൂട്ടിയാലും കിഴിച്ചാലും ഉത്തരം ഒന്നു തന്നെ. ഒരു പദാർത്ഥ കണികയിൽ നേഗറ്റീവും പോസിറ്റീവുമായി ഒരു ഇലക്ട്രോണും പ്രോട്ടോണും സ്ഥിരമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അടി തെറ്റാതെ കൂട്ടിമുട്ടാതെ സ്ഫോടനമുണ്ടാക്കാതെ ഏതോ ചൈതന്യതാളത്തിൽ കാലാതിവർത്തിയായി യാത്രചെയ്യുന്നു.
പ്രാപഞ്ചികയാത്ര, ഒടുവിൽ യുഗങ്ങൾക്കപ്പുറം മനുഷ്യകുലം ധർമ്മം പൂർണ്ണമായും കൈവെടിയുമ്പോൾ ഒരു മഹാസ്ഫോടനമുണ്ടാകുന്നു. ഗ്രഹങ്ങൾ കൂട്ടിമുട്ടിത്തകരുന്നു പിന്നെ വെറും ന്യൂട്രോണുകളുടേതു മാത്രമായ പിണ്ഡം ശേഷിക്കുന്നു. ജീവകണികൾ പൂർണ്ണമായും നശിച്ചു കഴിഞ്ഞ ആ പിണ്ഡത്തിനു മുകളിലും ആദി ചൈതന്യം ശേഷിക്കുന്നു. അശ്രാന്തമായി അതിനു മേൽ നിറഞ്ഞു കവിഞ്ഞു കിടക്കുന്ന ചൈതന്യം നക്ഷത്ര ജാലപ്രഭയിൽ നിന്നോ ഗ്യാലക്സികൾക്കപ്പുറത്ത്‌ നിന്നോ ഊറിയതാകാം. അതിൽ നിന്നാകും മഹാത്മാക്കളുടെ ശിരസ്സിനു ചുറ്റുമുള്ള പ്രകാശവൃത്തം രൂപം കൊണ്ടത്‌. അതാണ്‌ കോടിയുഗങ്ങൾക്കപ്പുറത്തുനിന്നും കിനിഞ്ഞെത്തുന്ന മനുഷ്യകുലത്തിന്റെ കർമ്മപദങ്ങളുടെ തിരിവെളിച്ചം ഓരോ മനസ്സിലും ആ തിരിവെട്ടം കെടാതെ കാക്കേണ്ടതിനു പകരം നരലക്ഷങ്ങൾ അധർമ്മചാരികളായി ജീവിക്കുന്നു. ഞാനാണ്‌ വലിയവനെന്ന്‌ ഓരോ നരനും അഹങ്കരിക്കുന്നു. അതാകട്ടെ അധർമ്മത്തിലേക്കും വഴക്കിലേക്കും നയിക്കുന്നു. ലോകശാന്തിയെ നഷ്ടമാക്കുന്നു. കോപ്പർ നിക്കസ്സിൽ നിന്നും, ഗലീലിയോയിൽ നിന്നും, ഫ്രോയിഡിൽ നിന്നും യൂംഗിൽ നിന്നും വളർന്ന്‌ ആരുടേയും അടിമയല്ലാതെ തന്റെ പ്രജ്ഞയുടെ വഴികളിലൂടെ ജ്ഞാന ദർശിനിയുമായി ഗോളാന്തരയാത്ര നടത്തുകയാണ്‌ പ്രണവിന്റെ നരജന്മം!

രാത്രിയുടെ ഏതൊയാമത്തിൽ പ്രണവ്‌ ഉണരുകയും പിന്നീട്‌ ആലോചനകളിലേക്കു തെന്നി വീഴുകയും ഉറങ്ങാതെ കിടന്നുകൊണ്ട്‌ അനന്തമായി വീണ്ടും ആലോചന തുടരുകയുമാണ്‌. വെളുപ്പിനു അഞ്ചു മണിക്ക്‌ പതിവുള്ള കട്ടൻ കാപ്പിയുമായി വേലക്കാരൻ കിടപ്പുമുറിയുടെ ഡോറിൽ മുട്ടി. കതകുതുറക്കപ്പെട്ടു. 'സാർ കട്ടൻ കാപ്പി'. '
'അവിടെ ടേബിളിൽ വച്ചേക്കു കുമാർ'. കാപ്പി മേശമേൽ വച്ചിട്ട്‌ പലഹാരമുണ്ടാക്കാൻ കുമാർ അടുക്കളയിലേക്കു പോയി. പുലരാനായതിനാൽ തുറന്ന കതക്‌ അടച്ചില്ല. തണുത്ത വായു, ഇരച്ചുകയറിയപ്പോൾ സുഖം തോന്നി. ഭൂമിയുടെ സാന്നിദ്ധ്യം മുറിയിൽ കാറ്റിന്റെ രൂപത്തിൽ കുളർമ്മ നിറച്ചു. ഇതിനിടയിൽ ഏതോ കൃത്യനേരത്ത്‌ കുട്ടിയെ പൂവൻകോഴി ഉണർന്നു കൂവിത്തുടങ്ങിയിരുന്നു. കിഴക്കുവെള്ള പൂശി വരുന്നു. സമയം വീണ്ടും ചലിച്ചു.

സൂര്യൻ പ്രകാശത്തിന്റെ സ്വർണ്ണനൂലുകൾ പാകിത്തുടങ്ങി. ഭൂമി ചലിച്ച്‌ കടൽത്തിരകളുടെ കൊലുസിട്ട വെൺപാദങ്ങളിൽ, അടിവച്ച്‌ സൂര്യനെ തേടിച്ചെന്നു. ഓരോ നിമിഷങ്ങളിലും മാറ്റങ്ങൾ. ചലനാത്മകം. കോടിയുഗങ്ങളുടെ യാന ചംക്രമങ്ങൾ, ഹിറ്റ്ലറും മുസ്സോളിനിയും നെപ്പോളിയനും, അലക്സാണ്ടറും ചെയ്തതുപോലെ അധികാരങ്ങളിൽ ഭ്രമിക്കാതെ-യുദ്ധം ചെയ്തും ചെയ്യിച്ചും സ്വയം ഒടുങ്ങാതെ - അധികാര കസേരകളിൽ കണ്ണുവയ്ക്കാതെ, ജ്യോതിസ്സിന്റെ പാൽ വിതരണക്കാരനായ സൂര്യൻ അധികാരം ഭരിക്കാത്ത സൗരയൂധ നായകൻ. ആർക്കും തൊടാനാകാത്ത ജ്വാലാമുഖനായ സൂര്യൻ കോടിവത്സരങ്ങൾ ചീന്തിയെറിയുകയും പുനർനിർമ്മിക്കുകയും ചെയ്യുന്ന ജീവജ്യോതിസ്സ്‌ പ്രണവ്‌ ഓർമ്മകളിൽ പുഴപോലെ ഒഴുകിനീങ്ങി. മുറ്റത്തു വച്ച കൂട്ടിൽ എത്രയോ നേരമായി പുവന്റെ കൂവിയുണർത്തൽ. അവന്റെ പാട്ട്‌ ഗ്രാമത്തിന്റെ കാതുകളിൽ അലയടിച്ചു കൊണ്ടേയിരുന്നു. പ്രഭാതത്തിന്റെ ചിലപ്പധികാരപ്പട്ടം ആരേക്കാളും അവനാണുള്ളത്‌. സമയവും സ്പേസും നിരന്തരമാറ്റവുമാണ്‌ പ്രകൃതി. അഥവാ പ്രപഞ്ചം.
മാറാത്ത ജീവി മനുഷ്യനും. കാലം നൂറുവർഷത്തിനുള്ളിൽ മനുഷ്യനെ മായ്ക്കുകയും വീണ്ടും വരിക്കുകയും ചെയ്യുന്നു. സെല്ലുകൾ വളർന്നു വളർന്നു പൂർണ്ണമായാൽ കൗണ്ട്‌ ഡൗൺ തുടങ്ങുന്നു. സുനിശ്ചിതമായ മരണം എല്ലാവർക്കും കാലത്തിന്റെ ഏറ്റക്കുറച്ചിലോടെ സമ്മാനിക്കുന്നു. ഇത്രയും ഓർത്തപ്പോഴേക്കും നേരം നന്നേ പുലർന്നു കഴിഞ്ഞു. പതിവു കാരൻ കാക്ക കരഞ്ഞെത്തി വാതിൽക്കൽ ഇരുന്ന്‌ പ്രണവിനെ ചാഞ്ഞുനോക്കി എന്തോ പറയുംപോലെ വീണ്ടും ക്രാ എന്നു കരഞ്ഞു. പ്രണവ്‌ എഴുന്നേറ്റ്‌ കാക്കക്ക്‌ അരി തൂകി. പുറകെ പ്രാവുകളെത്തി. അടിവച്ചടിവച്ച്‌ നടന്ന്‌ ഒരുവൻ മുറിയിലെത്തി. മനുഷ്യരോട്‌ പരിധിവിട്ട ചങ്ങാത്തം കൂടാത്ത സദാ ചിന്തകനായ പ്രണവിന്റെ സുഹൃത്തുക്കളാണ്‌ പക്ഷികളും പട്ടിയും എല്ലാം. പ്രാവിനു പ്രത്യേകം അരി വിതറി. അവ പടപട ചിറകടി കേൾപ്പിച്ച്‌ അരിക്കുമേൽ പറന്നിറങ്ങി കൊത്തിപ്പെറുക്കി.

ഒരാഴ്ചയായി പരീക്ഷണശാലയിലെ ഒരു ശയന്റിസ്റ്റിന്റെ ജോലി തിരക്കുകളാൽ കാക്കയേ പാടേ മറന്നിരുന്നു. ഇന്നലെ മുറ്റത്തെ പൈപ്പിൽ കുനിഞ്ഞു കാൽ കഴുകുമ്പോൾ പതിവ്‌ കാക്ക നഖമമർത്താതെ പുറത്ത്‌ തോണ്ടി തന്റെ സൗഹൃതമറിയിച്ചു മാറിയിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ അയാളോടെന്നപോലെ ഒരു കരച്ചിൽ - ക്രാ. ആ ബുദ്ധിയിലും വകതിരിവിലും അത്ഭുതം തോന്നി. വേണമെങ്കിൽ തന്റെ പുറം മാന്തിക്കീറാമായിരുന്നു. ഉണ്ട ചോറിനു നന്ദിയുണ്ടതിന്‌. തൊടുകമാത്രമാണു ചെയ്തത്‌.
മുറ്റത്തേക്കിറങ്ങി പൂക്കളെ നോക്കി. പിന്നെ കോഴികളുടെ കൂട്ടുതുറന്നു. പൂവൻ ചാടിയിറങ്ങി നടുവ്‌ ഞെളിഞ്ഞുനിവന്നു കൂവി. പുറകെ പിടകളും കുഞ്ഞുങ്ങളും. ഒരു ജനിതകരഹസ്യം തേടിയാണ്‌ ആദ്യം ഒരു പൂവനേയും പിടയേയും വാങ്ങിയത്‌. അവയുടെ ജീവിതരീതികളും വംശചരിത്രവും എങ്ങിനെ? മനുഷ്യനുമായി അവർക്ക്‌ എത്രത്തോളം സാമ്യവും അന്തരവുമുണ്ട്‌. 10 മുട്ടകൾ അടവച്ചു. 21-​‍ാം നാൾ കുഞ്ഞിറങ്ങി. കുഞ്ഞുങ്ങൾ മുതിരവേ മാതാവ്‌ കൊത്തിയകറ്റി. അകന്നു മാറി ചിക്കി ചിനിക്കി തിന്ന്‌ അവ തടിവച്ചു. പരസ്പരം ഇണ കൂടി. അപ്പോൾ ഏതോ അതിഥിയെ ഊട്ടാൻ ഒരു സുഹൃത്ത്‌ വന്നു പൂവനെ അനുവാദത്തോടെ ചിറകു പിണച്ചു കൊണ്ടുപോയപ്പോൾ അയ്യോ-അയ്യോ എന്ന കരച്ചിൽ കേൾക്കവേ പ്രണവിനു വിഷമം തോന്നി. ഉറ്റകൂട്ടുകാരനാകയാൽ മിണ്ടിയില്ല. പിന്നെ അമ്മയും മക്കളും മക്കളിൽ ആണുങ്ങളും പെണ്ണുങ്ങളും മാത്രം. വളർന്ന മകൻ ആൺപൂവനിൽ നിന്നും ബാക്കി പിടകളെല്ലാം ഗർഭംചൂടി മുട്ടകളിട്ടു, കുഞ്ഞിറങ്ങി വീണ്ടും പൂവനും പിടകളുമുണ്ടായി. വീണ്ടും മുട്ടകൾ, കുഞ്ഞുങ്ങൾ. ഒരാണ്ടിനുള്ളിൽ പല തലമുറകൾ.

അമ്മയേത്‌ ! മകളേത്‌. ആര്‌ അനുജൻ, ആര്‌ ജ്യേഷ്ഠൻ. ആര്‌ പേരപ്പൻ, ആരു ചിറ്റപ്പൻ. തലമുറകളുടെ ഈ മിശ്രിതത്തിന്‌ ഏത്‌ ജാതി? ഏത്‌ മതം. ഏത്‌ അനാചാരം? ഏത്‌ സദാചാരം. ഇവരുടേത്‌ ഏത്‌ മൊറാലിറ്റി? നേരമിപ്പോൾ 9 മണി. പ്രണവിന്‌ പരീക്ഷണശാലയിൽ ജോലിക്കെത്താറായി. വേഗം വസ്ത്രം മാറി ഷർട്ടും പാന്റുമിട്ട്‌ ഷൂസ്‌ ധരിച്ച്‌ ഓഫീസിലേക്കു പുറപ്പെട്ടു- അപ്പോഴും അയാൾ ആലോചിച്ചുകൊണ്ടേയിരുന്നു- ലോകത്തെക്കുറിച്ച്‌ - മനുഷ്യരെക്കുറിച്ച്‌- ഇതര ജീവികളെക്കുറിച്ച്‌ - പ്രപഞ്ചത്തെക്കുറിച്ച്‌.

ജീവൻ തേടി - പറന്നു പറന്ന്‌



m k janardanan


അസ്ഥികൾ കുശുത്തുമൺമറഞ്ഞ ഒരു പഴയകാലത്തിൽ നിറയെ തണൽ മരങ്ങൾ പന്തലിച്ചു നിന്ന ഹരിതഗ്രാമങ്ങൾ. മഞ്ഞും കുളിരും അടർന്നു വീണിരുന്ന ഗ്രാമസൗഭഗങ്ങൾ. ദൂരെക്കാഴ്ചകളിൽ വൃക്ഷനിബിഡമായിരുന്ന ഗിരിശൃംഗങ്ങൾ. നാണാത്തരം വർണ്ണപൂക്കൾ ചൂടി നിന്നിരുന്ന തരുനിരകൾ. അവർക്കുകീഴിൽ ഇളവെയിലിന്റെ മഞ്ഞയും നിഴലും കൂടി വരച്ചു ചേർത്തിരുന്ന ചിത്രങ്ങൾ. എല്ലാം എവിടെപോയി ? ഇപ്പോൾ പണം ഒലിച്ചിറങ്ങുന്ന റബർ മരക്കാടുകളെ ഹരിച്ചു കൊഴിച്ചാൽ ദൂരെ കുന്നരിഞ്ഞരിഞ്ഞ്‌ ജെ.സി.ബി കൾ നിരപ്പാക്കിയ മൈതാനത്തെ ചുട്ടുപൊള്ളിക്കുന്ന വെയിലുകൾ ചിതറിതലയുയർത്തിയ കോൺക്രീറ്റ്‌ ഭവനങ്ങൾ. ബാക്കി കുന്നായ കുന്നുകളും ഹരിതങ്ങളും ജെ.സി.ബിയും ടിപ്പർ രാക്ഷസലോറികളും ചേർന്ന്‌ മാന്തി നിരത്തി ചെമ്മണ്ണിന്റെ പൊടികൊണ്ട്‌ പരിസരം മൂടുന്നു. ഫ്ലാറ്റ്‌ സമുച്ചയങ്ങൾ ഉയരുന്നു. താമസിയാതെ ഭൂമി ടൗൺഷിപ്പുകളെക്കൊണ്ടു നിറയും. പണ്ട്‌ അടിവാരത്ത്‌ നോക്കെത്താദൂരം പച്ചവയലുകളാണ്‌ ഉണ്ടായിരുന്നത്‌.


കാറ്റും പച്ച നെല്ലോലകളും ചേർന്നുള്ള കളികളിൽ പച്ച ചേല പറന്നു പറന്നകലുന്ന കാഴ്ച കാണാനെന്തുഭംഗിയായിരുന്നു. അതെല്ലാമാരു കവർന്നുകൊണ്ടുപോയി? പാടക്കര ഒരു മനോരോഗ ചികിത്സാ കേന്ദ്രമുണ്ടായിരുന്നു. സുപ്രഭാതങ്ങളിൽ മനോരോഗികളെ വയലിന്റെ കുളിർമഞ്ഞിലൂടെ, നടവരമ്പിലൂടെ രണ്ടുമെയിൽ നടത്തി-വീണ്ടും തിരിച്ചു നടത്തി ചികിത്സാലയത്തിലെത്തിക്കും. കുളിരും മഞ്ഞും ധാരയും നെല്ലിക്കാത്തളവും പ്രകൃതിയുമായുള്ള നിത്യസംസർഗ്ഗവുമൊക്കെയായിരുന്നു ചികിത്സകൾ. പുഞ്ചയരി വെന്തചോറും വിഷം തളിക്കാത്ത പച്ചക്കറികളും പഴങ്ങളും ഭക്ഷണം. ആറ്‌ മാസത്തിനുള്ളിൽ ഏത്‌ പിടിവിട്ട ബുദ്ധിയും നേർവഴിക്കു വരും. പത്മനാഭൻ വൈദ്യൻ തിരക്കും ഇപ്പോൾ എങ്ങിനെയുണ്ട്‌ പുരുഷോത്തമൻ എം.എ, ബി.എഡ്‌. ഇപ്പോൾ ഇവിടെ വന്ന ശേഷം കവിതയെഴുതാൻ തോന്നുന്നുണ്ട്‌. പേപ്പറും പേനയും തന്നാൽ കവിതയെഴുതാം. വൈദ്യൻ രോഗിയുടെ ഒപ്പം നിൽക്കുന്ന ബന്ധുക്കളോടായി പറഞ്ഞു.


"കൊണ്ടുവരുന്ന അന്ന്‌ എന്തു ബഹളക്കാരനായിരുന്നു. ദാ നോക്ക്‌. ഇപ്പോൾ പറഞ്ഞതിന്റെയർത്ഥം അപ്പോൾ നോർമ്മലായിരിക്കുന്നു എന്നാണ്‌" "ശരിയാണു വൈദ്യരെ. ആളുടെ രീതികൾ മാറി പഴയപടിയായിരിക്കുന്നു." "എന്റെ മാത്രം കഴിവല്ല. സ്വർഗ്ഗ തുല്യമായ ഇവിടുത്തെ പ്രകൃതിയും കൂടെ ചേർന്നതാണ്‌. എന്റെ ചികിത്സാരീതി ഇപ്പോൾ മനോരോഗാലയമില്ല. പത്മനാഭൻ വൈദ്യരും മൺമറഞ്ഞു. വയലുകൾ, അവിടവിടെ നിറയെ മൺകൂനകളുണ്ടാക്കി അവിടെയൊക്കെ റബറിന്റെ കൂടത്തൈകൾ നട്ടുനനച്ചു. അവിടം നിറയെ പണമൊലിക്കുന്ന റബർക്കാടുകൾ. വയൽ മൺമറഞ്ഞു. ഭക്ഷ്യോൽപാദനം നിലച്ചു. കർഷകർ ഗതിയറ്റു. കുറേപ്പേർ കടം പെരുകി ആത്മഹത്യ ചെയ്തു. ആളുകൾ പ്രകൃതിയെ ധിക്കരിച്ചു. പണികളും ചെയ്യാതെയായി. ഗ്രാമത്തിലെ ഏറെപ്പേരും മെയ്യ്‌ അനങ്ങാതെ തിന്നാൻ വസ്തുബ്രോക്കർമാരോ ബ്ലയിഡ്‌ ബിസിനസ്സുകാരോ ഒക്കെയായി മാറി. 100 നു മാസം 10 പലിശ. അനധികൃതവും അനീതിയുമാണ്‌.

ജീവിതവും സ്വപ്നവും മനുഷ്യബന്ധങ്ങളും സകല വ്യാവഹാരങ്ങളും അനധികൃതമായിരിക്കുന്നു. അറിവുകൾ വ്യർത്ഥം. അറിവുകളെ സാംശീകരിക്കുന്നവൻ വിഡ്ഢി, പരാജിതൻ. അറിവുതേടി ജീവിതത്തിൽ പകർത്തിയവർക്കെല്ലാം വ്യഥാകാലം. നീരൊഴുക്കു സമൃദ്ധമായിരുന്ന തോട്ടു വറ്റി. പണ്ടു മിഥുനം മുപ്പതുനാളും ചന്നം പിന്നം ചാറ്റൽ. കർക്കിടകത്തിൽ പേമാരി. വയലിന്റെ പുൽപ്പരപ്പിലേക്കു കണ്ണാടി ജലവും മീനുകളും, മീൻപിടുത്തക്കാരും. മീൻകൂടിൽ പിടക്കുന്ന മത്സ്യങ്ങളും ഒക്കെയും അപ്രത്യക്ഷമായി ചിങ്ങം കന്നി തുലാം വൃശ്ചികം ധനുവിൽ നിന്നും മഴത്തുള്ളികൾ നാടുവിട്ടുപോയി. ഓണവും വിഷവും പെരുന്നാളും ക്രിസ്തുമസ്സും പങ്കിടലുകളില്ലാതെ നാമമാത്രമായി. ശാന്തികൾ കടങ്കഥയായി.

സന്തോഷവാർത്തകൾ ഇല്ലാതായി. മഴമായുകയാൽ വിളയറ്റുപോയ ഭൂമികളും മഞ്ഞനിറം പടർന്ന മനുഷ്യരും ഗ്രാമത്തിലെ കാഴ്ചവസ്തുക്കളായി. പൊടി പുതച്ച ചെടികളും പച്ചിലകളും മഞ്ഞപടർന്നു കിടക്കുന്നു. കന്നുകാലികൾ ദീനം വന്നു ചത്തു. പകർച്ച വ്യാധിയും പനിയും രോഗാതിഥികളായി. കുടിവെള്ളക്ഷാമം രൂക്ഷമായി. പുന്നത്തോട്ടത്തു നായന്മാരുടെ പറമ്പിൽ ഉണ്ടായിരുന്ന വറ്റാക്കുളവും ആ കാലം വറ്റി. അതിന്റെ അടിത്തട്ടിലെ ഉറവക്കണ്ണിൽ ചെറിയ കുഴിതാഴ്ത്തി.


റെഡിസ്റ്റോക്കായി എപ്പോഴും ഒരുകുടം വെള്ളം കിട്ടി. എടുക്കുംതോറും ഒരു നിറകുടം ബാക്കി. ഗ്രാമീണരുടെ കഞ്ഞികുടി മുട്ടിയില്ല. കുന്നിൻ പുറങ്ങളിലെ വീടുകളിലേക്ക്‌ ടിപ്പർലോറികളിലാണ്‌ ടിപ്പർലോറികളിലാണ്‌ ഒന്നരാടം വെള്ളമെത്തിക്കുന്നത്‌. എടുക്കുന്നിടത്തും കൊടുക്കുന്നിടത്തും വെട്ടിപ്പുകളുടെ വെള്ളപ്പൊക്കം. ഒന്നിനു ഒന്ന്‌ എന്ന കണക്കിലാണ്‌ അഴിമതി. വിലകയറ്റി കുടിവെള്ളത്തിന്റെ കുപ്പി വാണിഭക്കമ്പനിക്കാർ കോടീശ്വരന്മാരായി. കുളിക്കാനും അലക്കാനും വലഞ്ഞു. ജീവന്റെ കണക്കുപുസ്തകത്തിൽ ആരും വരവിൽ കൊള്ളിക്കാത്ത ജീവികളും ഗ്രാമത്തിൽ അധിവസിക്കുന്നുണ്ട്‌. കാക്ക, പശു, പട്ടി, ആട്‌, കോഴി പലയിനം പറവകൾ. അവയിൽ ചിലതൊക്കെ വരൾച്ചാ ചൂടിൽ ചത്തുവീണു. നനവുതേടി ഒരു കാക്ക പറന്നുപറന്ന്‌ തളർന്ന്‌ ടാർവഴിയിൽ ഭ്രാന്തൻ ഗൗതമന്റെ കാൽച്ചുവട്ടിൽ വീണു. ഗൗതമനു വലിയതോതിൽ ഭ്രാന്തില്ല. എന്നാൽ മെന്റൽ ആണു താനും. വലംകൈയിൽ ഉയർത്തിപ്പിടിച്ചിരിക്കുന്നത്‌ ഉണങ്ങിയ ഒരു ആനപ്പിണ്ഡം. ചെവിയിലൊരു കട്ട ചെമ്പരത്തിപ്പൂ. ആളുകൾ തിരക്കും "ഇതെന്തിനാ ഈ ആനപ്പിണ്ഡം?" - ആവശ്യമുണ്ട്‌.


"ഇതെന്തിനാ ചെവിയിൽ ചെമ്പരത്തിപ്പൂവ്‌?" "ഇതുകൊണ്ടല്ലേ ഏറ്റവും വലിയ ആവശ്യം" ചെമ്മണ്ണു പുരണ്ട മുണ്ടും ഷർട്ടും വെള്ളം നനഞ്ഞിട്ട്‌ മാസങ്ങൾ. മഴക്കാലത്ത്‌ ടാർ നിരത്തിനരുകിലെ ഓട നിറഞ്ഞൊഴുകിവരുന്ന കലക്കവെള്ളം കോരിക്കുടിക്കും. "ഇതെന്താ ഗൗതമാ ഈ ചെയ്യുന്നേ... അയ്യേ" "കുറച്ചു പാലു കുടിച്ചു നോക്കിയതാ കുടിച്ചു നോക്ക്‌ നല്ല പാലാ" കാണുന്ന ജീവികളെയെല്ലാം തൊഴും. പട്ടി, പൂച്ച, പശ, ആന, കോഴി ഇവയെയെല്ലാം അളവറ്റ ബഹുമാനം. മനുഷ്യരിൽ കൊച്ചുകുട്ടികളെ തൊഴും. മുതിർന്നവരോട്‌ രോക്ഷമാണ്‌. മുമ്പൊക്കെ തെറി വിളിച്ചിരുന്നുവത്രെ! ഇപ്പോൾ തെറിയോ നെറിയോ എന്തെന്നറിയാത്ത പിറുപിറുപ്പു മാത്രം. ജീവന്റെ കണക്കുപുസ്തകത്തിൽ ഗൗതമൻ കാണാതെ പോയ ഒരക്കം. ജീവജലം തേടി പറന്ന കാക്ക തളർന്നു തളർന്നു "ഗൗതമന്റെ കാൽക്കീഴിൽ വീണതെ പിണ്ഡം തറയിൽ വച്ചു തൊഴുതു. കുനിഞ്ഞു നിലത്തിരുന്നു രണ്ടു കയ്യും നീട്ടിയപ്പോൾ അഭയം തേടിയ കാക്ക കൈവെള്ളകളിലേക്കു ചാടിക്കയറി.


"ഗൗതമൻ ഒരു കൈയ്യാൽ തളർന്നവശനായ കാക്കയെ നെഞ്ചോടു ചേർത്തു. വലം കൈയിൽ പിണ്ഡമുയർത്തി നടന്നു. കാക്കയോട്‌ കണക്കറ്റു വാത്സല്യം തോന്നി. "എന്തുപറ്റി കൂട്ടുകാരന്‌? മനസ്സിലായി. ദാഹിക്കുന്നുണ്ട്‌. എനിക്കുമുണ്ട്‌ ദാഹം. വാ നമുക്കു വഴിയുണ്ടാക്കാം. ദൈവം നമുക്കിപ്പോൾ വെള്ളം തരും. നടപ്പു തുടരുന്നതിനിടയിൽ കാക്കയുടെ പാടമൂടി വരുന്ന വട്ടക്കണ്ണിൽ സ്നേഹപൂർവ്വം ഉമ്മ നൽകി. ആ ജീവി ഊഷ്മളമായ ആ സ്നേഹം തിരിച്ചറിഞ്ഞു കൊണ്ടിരുന്നു. എന്തൊക്കെയോ നില തെറ്റിയ ഓർമ്മകളിൽ പൊട്ടിച്ചിരിക്കുന്നതിനിടയിൽ ഒരു അത്ഭുതം കണ്ടു കണ്ണുതുറന്നു. അതാ ജലം. വറുതികൾക്കിടയിൽ വഴിവക്കിലെ കുടിവെള്ളക്കുഴൽ തുരുമ്പിച്ച്‌ അടർന്നു കുടിവെള്ളം കുതിച്ചുപായുന്നു. റോഡിലെ ചരിച്ചിറക്കിയിരിക്കുന്ന ചപ്പാത്തിലൂടെ അരുവി പ്രവാഹം പോലെ നീരൊഴുക്ക്‌. ഗൗതമൻ കാക്കയെ ജലത്തിനരുകിലിരുത്തി. സമീപവീടുകളിലെ തരുണികൾ കുടുവുമായെത്തി വെള്ളം നിറച്ചു കൊണ്ടുപോയി. കാക്ക ധാരാളം ജലം ദാഹമകലുവോളം ഞൊട്ടിനുണഞ്ഞു. പിന്നെ ചിറകു നനച്ചു കുളിച്ചുണർന്നു.


ഗൗതമനും ദാഹം തീരുവോളം കുടിച്ചു ശമിച്ചു. കീലുപുരണ്ട ഉടുപ്പിലും ശരീരത്തിലും തലയിലും തേവിനനച്ചു. പിണ്ഡം കൈയിലേന്തി കാക്കയെ തൊഴുതു യാത്ര തുടർന്നു. കാക്ക കരഞ്ഞു ബഹളം കൂട്ടാൻ തുടങ്ങി. ഒരു കാക്ക, രണ്ടു കാക്ക എങ്ങുനിന്നോ കാക്കകൾ പറന്നു വന്നുകൊണ്ടിരുന്നു. പെരുമ്പറ മുഴക്കുന്ന ശബ്ദത്തിൽ വലിയൊരു കാക്കപ്പട തന്നെ വന്നു നിറഞ്ഞു. അവ ഒന്നടങ്കം നിരത്തു ഉപരോധിച്ചു. വാഹനങ്ങൾ വഴി തിരിയേണ്ടിവന്നു. ഒരു പകൽ മുഴുവനും ഉപരോധം തുടർന്നു.

പത്തു കവിതകള്‍


rajanandini

1--നിലപാടുതറയിലെ കാവലാൾ

ദ്രാവിഡത്തിൽ നിന്ന്‌ ഒറ്റചിലമ്പുമായ്‌
മലനാട്ടിലെത്തിയോൾ നീ
വരമഞ്ഞൾ തേച്ചും കുരുമുളകു കുടിച്ചും
കാമം സഹിച്ചവൾ നീ
നിലപാടുതറയിൽ നീ വെളിച്ചപ്പെട്ടപ്പോൾ
നിനക്കരികെ നിന്നവൻ ഞാൻ
നിന്റെ ചുണ്ടു വിരൽ ചൂണ്ടിയ പീഠത്തിൽ
ഇടത്തരികത്തിരുന്നവൻ ഞാൻ
നീ തന്ന നെല്ലുമരിയും പൂവും നെഞ്ചോടു ചേർത്ത്‌
നിന്നെ ധ്യാനിച്ചവൻ ഞാൻ
ഒരു കുടം കള്ളു താ ഒരു കുടം ചോര താ
അലറി വിളിച്ചവൾ നീ
എന്റെ സ്വപ്‌നങ്ങളും നെഞ്ചിലെ ചോരയും
നിന്നിൽ പൊലിച്ചവൻ ഞാൻ
അണിവയറും പുറവടിയും കണങ്കാലും കാർമുടിയും
പാനയിൽ വാഴ്‌ത്തിയോൻ ഞാൻ
കലി തു‍ള്ളിച്ചാടി നീ കളത്തിൽ വന്നപ്പോള്‍
താലമുഴിഞ്ഞു വണങ്ങിയോൻ ഞാൻ
ഇടം ചവിട്ടി വലം ചവിട്ടി ഞെരിയാണി അമർത്തിച്ചവിട്ടി
നീ തട്ടകത്തേറിയപ്പോൾ
കണ്ണിമ പൂട്ടാതെ പന്തം കൊളുത്തി നിന്റെ
അപ്പുറം മാറി നിന്നോൻ
തുള്ളിയുറഞ്ഞു കൊടുമ്പിരികൊണ്ടു നീ
പോർക്കളം മായ്‌ച്ച നേരം
കണ്ണിൽ പൊടി വീണു നെഞ്ചിൽ പന്തം കേറി
മണ്ണിൽ പതിച്ചവൻ ഞാൻ
അരമണി കിലുക്കിയും വാൾമുന വീശിയും
അകത്തെഴുന്നെള്ളിയപ്പോൾ
ചെമ്പട്ടുകൊണ്ടു നിന്റെ കഴുത്തും അണിവയറും
അമർത്തി തുടച്ചവൻ ഞാൻ
കലിയൊന്നടങ്ങുമ്പോള്‍ തിരികെ വിളിക്കുവാൻ
കാതോർത്തു കാവൽ നിന്നോൻ
പക്ഷേ............ എരിഞ്ഞ കണ്ണിൽ നിന്നും
അടർന്ന കനൽ വീണു
കരിഞ്ഞൊരു കാവലാൾ ഞാൻ


2-ഒരു മദ്യക്കുപ്പിയുടെ ദുരന്തം

തിരകളിൽ നീന്തിത്തുടിച്ചും
മുങ്ങിയും പൊങ്ങിയും
ഗതികിട്ടാ പ്രേതം കണക്കെയലച്ചും
കരയോടടുത്തെന്നു തോന്നുന്നതിൻ മുമ്പ്‌
തിരകളെന്നെതട്ടി
ദൂരത്തെറിഞ്ഞും
കഴിയുന്നു ഞാനെത്ര നാളുകളായൊന്നു
നിവരുവാൻ പോലുമാകാതെയീ നീറ്റിൽ
ഒരു നാളെന്നെപുണർന്നു ചേർത്തെന്നിലെ
പതയുന്ന ലഹരി നുണഞ്ഞവർ തന്നെയാ-
പതറുന്ന കാലുകൾ കൊണ്ടെന്നെ തട്ടിയീ-
കടലിന്റെയാഴത്തിലേക്കായെറിഞ്ഞു
ഇനിയൊരു ജന്മമുണ്ടെന്നാകിലെന്നെയീ
നുരയുന്ന മദ്യം നിറയ്ക്കുവാൻ പോരുന്ന
മനുഷ്യന്റെ ജന്മം തുലയ്ക്കുന്ന ഹേതുവായ്‌
പിറവിയെടുക്കരുതെന്നു പ്രാർത്ഥിക്കുന്നു


3-പ്രണിധാനം

ഏറെ നടന്ന്‌ തളർന്ന്‌
തപിച്ച്‌ തണുത്ത്‌ വിറച്ച്‌
വല്ലാതങ്ങു മുഷിയുമ്പോൾ
ഞാൻ വേദത്തെ ഓർക്കാറില്ലെടൊ
കാലത്തിന്റെ ഞെരിയാണിയമർത്തലിൽ
ഞെരിഞ്ഞടർന്നു വീഴുമ്പോള്‍
ഞാൻ ആചാരഭാരങ്ങളെ
കുടഞ്ഞെറിയുന്നെടൊ
എനിക്കിപ്പോള്‍ വേണ്ടത്‌
വേദാന്തത്തിന്റെ തണുപ്പല്ല
ഉഷസ്സിന്റെ ,ഉർവ്വരതയുടെ
ഉന്മാദത്തിന്റെ ഒരിറ്റുമുലപ്പാൽ
മുള്ളുവേലികൾക്കപ്പുറം
മുരിക്കുപൂക്കുന്നപോലെ
നിന്റെ പ്രണയമാണെനിക്കാധാരം
നിന്റെ പ്രണവമാണെനിക്കവലംബം
4-മിന്നാമിനുങ്ങ്‌

ഈ നിമിഷങ്ങളിൽ.
ഈ സുന്ദര നിമിഷങ്ങളിൽ
ഏകാന്തത ഉരുകിയൊലിച്ചു നിറം വാർന്നു
ആകാശവും കടലും ഒരേ ചുവപ്പു നിറം
നമുക്കപ്പുറം
ദൂരം വെറുമൊരു മിഥ്യ
അബോധത്താൽ ഞാനൊരു വലയെറിഞ്ഞു
നിന്റെ കണ്ണിലെ പരൽ മീനുകളെ
സ്വന്തമാക്കൻ
പക്ഷേ...നീയത്‌
തന്ത്രപൂർവ്വം മുറുകെ പിടിച്ചു
എനിയ്ക്കു നൽകാതെ
ഹൃദയത്തിന്റെ അഗാധതയിൽ നിന്നും
വികാരങ്ങൾ രൂപാന്തരം തേടി
പുറത്തേക്കൊഴുകി
ചിന്തയുടെ ഇരുളിൽ
ഒരു നക്ഷത്രമുദിച്ചു
പിന്നെ ഒരായിരം
നിഷ്‌ക്കളങ്കതയുടെ മിന്നാമിനുങ്ങുകളായി
അവ ഇരുളിനെ വിഴുങ്ങുമ്പോൾ
കണ്ടു ഞാൻ എന്നെ

5-അഭിഗമം
ഇന്നാണ്‌ ഞാനൊരു വെളുത്ത കടലാസ്സായത്‌
എന്റെ മുന്നിൽ ചായങ്ങൾ
ചുവപ്പ്‌, പച്ച, നീല, മഞ്ഞ
പലവർണ്ണങ്ങളിൽ ഞാൻ ഊളിയിട്ടു
പിന്നെ എന്നിലേക്ക്‌ തിരികെ
ഊളിയിട്ട വർണ്ണങ്ങൾ -രൂപങ്ങൾ തേടി
രൂപങ്ങൾ അർത്ഥങ്ങൾ തേടി
അർത്ഥങ്ങൾ വാക്കുകൾ തേടിയും അലഞ്ഞു
ഒടുവിൽ- മൗനത്തിലഭയം
മൗനമോ......വാക്കുകൾക്കതീതവും
അപ്പോൾ..
നീയെനിക്കു മൗനമാകുന്നു
വർണ്ണങ്ങളുടെ പൂർണ്ണതയാണ്‌ വെളുപ്പെങ്കിൽ
ശബ്ദത്തിന്റെ പൂർണ്ണതയായി
മൗനമായി നീയെന്നിൽ വരിക
എന്റെ അസ്ഥിത്വത്തിലേക്ക്‌
മൗനത്തിലൊളിച്ച വാക്കുകളായി
വെളുപ്പിലൊളിച്ച വർണ്ണങ്ങളായി
നാം...................

6-സന്ധ്യക്കുടഞ്ഞ
കുടം

പ്രണവപർവ്വത്തിന്റെ താളിയോലയില്‍
പ്രായം കിതയ്ക്കുന്നു
വേദാന്തങ്ങളൊക്കെ വേദനകളാകുമ്പോള്‍
നേരിനെ നാരായമാക്കി
നെഞ്ചിൽ കുത്തിയിറക്കുന്നതാര്‌?
വേനൽ മഴ വരണ്ട വയലുകളിൽ
രതി നിർവ്വാണം തേടുമ്പോള്‍ പൂർവ്വാപര ബന്ധത്തിന്റെ
പട്ടു നൂലിൽ
പ്രണയം ആത്മഹത്യ ചെയ്യുന്നുവോ?
പേരാലിലയിൽ പ്രപഞ്ചം
പെരുവിരലുണ്ണുമ്പോൾ
നിന്റെയോടക്കുഴലിന്റെ
ഓരോ സുഷിരവും
എന്റെ മനസ്സാകുന്നു
അഴിയാബന്ധങ്ങളുടെ കുരുക്കിൽ
ജീവിതം.........സന്ധ്യക്കുടച്ച കുടമാകുന്നുവോ?



7-ഒരു താരാട്ടിന്റെ ഓർമ്മക്ക്‌
ഇന്നലെകളെ ചുറ്റിപ്പിടിച്ചു ഞാൻ
ഒട്ടു നേരമിരിയ്ക്കട്ടെയിക്കൊടും
കാടു കെട്ടിയ മുറ്റത്തെ ജീവിത
പാഴ്‌മരത്തണൽ കീഴിലെ പൂഴിയിൽ

ജന്മബന്ധക്കുരുക്കഴിച്ചെത്രയോ
കാതമപ്പുറം പോയി നീയെങ്കിലും
കാതരം നിന്നു പോകുന്നു ഞാനുണ്ണി
അന്തപന്ഥാവിനോരത്തിലങ്ങനെ
നിന്റെ നോക്കിന്റെ പോർമുനക്കുത്തേറ്റ്‌
ചൂഴ്‌ന്നു വീണുപോയെന്നുടെ കണ്ണുകൾ
നിന്റെ വാക്കിന്റെ വായ്‌ത്തലപ്പേറ്റിയ
ചെന്തഴൽ ചിന്തുചങ്കിൽ കൊരുക്കവെ
പാതി വെന്തുപോയെങ്കിലും ഉള്ളിലായ്‌
ഇത്തിരി ചോരവറ്റാത്ത മാംസവും
പൈതലെ നിനക്കായ്‌ കരുതുന്നുണ്ടോ-
രിറ്റു പാലു ഞാനെൻ മുലക്കാമ്പിലും

ഇങ്ങു നീ തിരികെ വരികെന്നുണ്ണി
നിഗ്രഹിക്കുക നിഷ്ഠുരം നിന്നുടെ
സ്വത്വബോധതലങ്ങളിലാളുന്ന
സ്വാർത്ഥ ബന്ധിത കാമബീജങ്ങളെ

8-ചില്ലുജാലകത്തിനപ്പുറം

ഇളം കാറ്റിലെ ദലമർമ്മരങ്ങളിൽ
നിന്റെ പാദപതനം കേട്ടുവോ?
രാവിന്റെ ഈ അന്ത്യനിമിഷങ്ങളിലും
ഞാൻ കാത്തിരിക്കുന്നത്‌ നിന്റെ വരവിനായി
നീ പകുതി പറഞ്ഞു നിർത്തിയ സ്നേഹ-
വാക്കുകൾക്ക്‌ കാതോർത്ത്‌....
പാടി മുഴുമിക്കാത്ത നിന്റെ ഉറക്കുപാട്ടിന്റെ
ഈണങ്ങളിൽ തല ചായ്‌ച്ച്‌
ഞാൻ ഉറങ്ങാതിരിക്കുകയാണ്‌
എവിടെയോ പൂത്ത നിശാഗന്ധിയുടെ
സൗരഭം...
എന്നെ വന്നു മൂടുമ്പോഴും
അതു നിന്റെ വിയർപ്പിനോളം
ഹൃദ്യമായിരുന്നില്ല.
തുരുമ്പിച്ച ഓടാമ്പലിൽ കുരുങ്ങിയ നിന്റെ മനസ്സിന്റെ
ചില്ലിജാലകത്തിനോരത്ത്‌
നിന്റെ നിശ്വാസത്തിന്റെ ഊഷ്മളതയിൽ
അലിയാൻ...
ഞാൻ കാത്തിരിക്കുന്നു
ഹൃദയത്തെ ഞെരിച്ചമർത്തുന്ന
ബന്ധഭാരങ്ങൾ
ഇറ്റു വീഴുന്ന ചോരപ്പൂക്കളിൽ.
ഒരു പ്രണയത്തിന്റെ പുഞ്ചിരി.
ഇരവും പകളും ഇണചേരുന്ന
ഈ ബ്രാഹ്മമുഹൂർത്തത്തിൽ
നിനക്കു മാത്രമായെന്റെ തുടിപ്പുകൾ
ഇതു ധന്യമുഹൂർത്തം........അവസാനിക്കാത്ത കാത്തിരിപ്പിന്റെ

9-ഇക്കിളിപ്പൂവ്‌

ചവിട്ടി നിൽക്കാൻ വേണ്ടത്രമണ്ണില്ലാതെ
വഴിയോരത്തു പുഞ്ചിരിച്ചു നിന്നു
വിനോദയാത്രികരെ നോക്കി
ഒരിയ്ക്കലൊരു കവിയെന്നെ
ഇക്കിളിപ്പൂവേന്നു വിളിച്ചു
കാമുകിയുടെ പിന്‍‌കഴുത്തിൽ
എന്നെ ചേർത്തുഴിഞ്ഞ്‌ ഇക്കിളിപ്പെടുത്തി
ഞാനും......
എന്നാൽ ഇന്ന്‌
ഒരു തെറിച്ച പെണ്ണെന്നെ
പറിച്ചെടുത്തപ്പോൾ.
പറിഞ്ഞുപോയതെന്റെ കാലുകൾ
ചുവടുറയ്ക്കാത്ത നിൽപ്പിന്റെ ഫലം!
അവൾ.............
പൊരിവെയിലിലേക്കെന്നെ
വലിച്ചെറിഞ്ഞു
യാത്രികരാൽ ചവുട്ടിയരക്കപ്പെട്ടു
അരഞ്ഞതെന്റെ ശരീരം മാത്രം
എന്നിലെ വിത്തുകൾ മുളയ്ക്കപ്പെടും
പുതുനാമ്പുകൾ കിളിർക്കപ്പെടും


10-പ്രിയതമക്കൊരു കാവ്യം

പുലരുവാനിനിയെത്രയുണ്ടെന്റെ
പ്രിയതമ ചൊല്ലുക
ഇരുളിനറ്റത്തൊരിറ്റുവെട്ടമായ്‌
അരികിലെത്തുകില്ലേ?
ഇരവിനിത്ര മേലകലമുണ്ടെന്ന്‌
അറിഞ്ഞതിനു മാത്രം
നനഞ്ഞ സന്ധ്യയിലൊരിക്കലെന്നെ നീ
തിരിച്ചറിഞ്ഞതല്ലേ?
നിനക്കു മാത്രമായ്‌ പകുത്തു നൽകുവാൻ
ഉരുക്കിവെച്ചതെല്ലാം
ഒളിച്ചുവെച്ചു ഞാനകത്തൊരിടത്തൊ-
രിരുണ്ട കോണിലായി
പറഞ്ഞതുമില്ല കരളിനുള്ളിലെ
മുറിഞ്ഞമൗനങ്ങളിൽ
പൊതിഞ്ഞെടുത്തു ഞാനുയിരിൽ സൂക്ഷിച്ച
നിറഞ്ഞ മോഹങ്ങളെ
അറിഞ്ഞു പിന്നെ നീയടുത്തു വന്നെന്റെ
അടഞ്ഞ കൺപീലിയിൽ
പതുക്കെ ചുണ്ടുകൾ വിടർത്തി വീഴ്‌ത്തിയ
നനുത്ത ചുംബനത്തിൽ
തുടിച്ചുണർന്നെന്റെ കനൽ കിനാവുകൾ
കടുത്ത വേനൽ പോലെ
പുണർന്നു ചേർത്തു ഞാൻ കരങ്ങളാലെന്റെ
ഉണർവ്വിനുള്ളിലായ്‌
ഇനിയൊരിക്കലും പിരിയുകീലൊന്നു
പറഞ്ഞു കാതി നേരം
ഇനിയും വയ്യെന്റെ പ്രിയതമെയിനി
ഒരു നിമിഷം പോലും
തനിച്ചിരിക്കുവാൻ കഴിയുന്നീല നീ
വരിക വേഗമെന്നിൽ