Followers

Thursday, January 28, 2010

തീൻമേശകൾക്കും ചിലത്‌ പറയാനുണ്ട്‌



saju pullan
എയർപോർട്ടിലെ വാഷ്ബേസിനിൽ എത്ര കഴുകിയിട്ടും ഫ്ലൈറ്റിലെ ആഹാരത്തിന്റെ അരുചി അയാളുടെ വായിൽ നിന്നും ഒഴിഞ്ഞുപോയില്ല. പൈപ്പുവെള്ളത്തിലെ ക്ലോറിൻ ചൊവയിൽ നാവ്‌ നീരസപ്പെടുകയും ചെയ്തു. വീട്ടിൽ എത്തട്ടെ, അയാൾ വിചാരിച്ചു. കിണറ്റിൽ നിന്നും പാളയിൽ കോരിയ വെള്ളം മൊത്തി കുടിക്കണം. എല്ലാ അരുചികളും കഴുകിക്കളയണം. ആ ഓർമ്മയിൽ പൊള്ളുന്ന ചൂടിലും ചുറ്റും മഴയുടെ ഉറവപൊട്ടുന്നതായി തോന്നി. അറൈവൽ ടെർമിനലിന്‌ പുറത്ത്‌ പ്രിയപ്പെട്ടവരെ വരവേൽക്കാൻ നിൽക്കുന്നവരുടെ ആകാംക്ഷപൂണ്ട നോട്ടങ്ങൾ.
പത്ത്‌ വർഷങ്ങൾക്കു ശേഷം കാണുന്ന അച്ഛന്റെയും അമ്മയുടേയും ദിനേഷിന്റെയും ആകാംക്ഷകൾ അയാൾ ആൾക്കൂട്ടത്തിൽ തിരഞ്ഞു.
"ഹലോ ഏട്ടാ ഞാനിവിടേണ്ട്‌" നിറഞ്ഞ ചിരിയോടെ മുമ്പിൽ നിൽക്കുന്നു ദിനേഷ്‌. പറ്റെവെട്ടിയ മുടിയും പതുങ്ങിയ പ്രകൃതവുമായിരുന്ന അനിയൻ, ഇപ്പോൾ ലോവെയ്സ്റ്റ്‌ പാന്റ്സും ബുഷ്‌ ഷർട്ടും ധരിച്ച്‌ ഒരു ഫാഷൻ മോഡലിനെപ്പോലെ-ആലിംഗനത്തിന്റെ ഔപചാരികത കടന്ന്‌ ദിനേഷ്‌ കാറിന്റെ ഡിക്കിയിൽ ലഗേജുകൾ അടുക്കിവച്ചു.
"പോകാം ഏട്ടാ" കത്തുന്ന വെയിലിലേക്ക്‌ കാർ മുരണ്ട്‌ പാഞ്ഞു. വെൽക്കം ടു....ഗ്രാമപഞ്ചായത്ത്‌ - എന്ന്‌ മഞ്ഞ ബോർഡിലെ കറുത്ത അക്ഷരങ്ങൾ നാടെത്തി എന്നറിയിച്ചു.
വഴിക്കിരു പുറവും ദൂരങ്ങളോളം പരന്നു കിടന്ന നെൽപ്പാടങ്ങളായിരുന്നു ഇവിടെ നിന്ന്‌ പോകുമ്പോൾ. മുട്ടു മറയാത്ത മുണ്ടുടുത്ത്‌ ചേറിൽ പണിയുന്ന കർഷകരുടെ തേക്ക്പാട്ടിന്റെ ഈണം ഇന്നലെ കേട്ടപോലെ കാതിൽ മുഴങ്ങുന്നു.
അറബിസംഗീതത്തിന്റെ താളംമുറുകുന്ന ദുബായിലെ പാതിരാക്ലബുകളിൽ സുഹൃത്തുക്കൾ കൂട്ടമായി പോകുമ്പോഴും നാടിന്റെ പച്ചപ്പുകളെയോർത്ത്‌ തേക്ക്പാട്ടിന്റെ ഈണവും മൂളി മുറിയിൽ തനിച്ചിരിക്കാറുണ്ട്‌. 'ആ പച്ചപ്പുകൾ ഒരിക്കൽക്കൂടി കാണാൻ അയാളുടെ കണ്ണുകൾ ആർത്തിപിടിച്ചു.'
എന്നാൽ കണ്ണിൽ തൊടുന്നതെല്ലാം കോൺക്രീറ്റ്‌ ദൃശ്യങ്ങൾ. സ്തൂപരൂപത്തിലും ചതുരവടിവിലും ചരിവാകൃതിയിലും കോൺക്രീറ്റ്‌ കെട്ടിടങ്ങൾ കടുംചായക്കൂട്ടുകളിൽ തല ഉയർത്തി നിൽക്കുന്നു. ഗൾഫിലെ തന്നെ ഏതോ പട്ടണത്തിലാണോ എന്ന തോന്നലായി അയാൾക്ക്‌.
"നമ്മുടെ പാടം നെൽകൃഷി ചെയ്യുന്നത്‌ നീ തനിച്ചാണോ, അതോ കൂലിക്ക്‌ ആളെ കൂട്ട്വേ?"
"പാടം നികത്തി റബർ നട്ടു ഏട്ടാ, അച്ഛനാണ്‌ മേൽനോട്ടം. ഞാൻ ഇതുവരെ നമ്മുടെ പാടം കണ്ടിട്ടുപോലും ഇല്ല."
"അപ്പോൾ ചോറിനുള്ള അരിയോ?"
"അരി വാങ്ങും."
"പാടോണ്ടായിട്ടും അരി വാങ്ങ്വേ?"
അയാളുടെ സ്വരത്തിലെ ഉത്കണ്ഠ കണ്ടിട്ടാവും ദിനേഷ്‌ പറഞ്ഞു: "ഇവിടങ്ങളിൽ ഇപ്പോ നെൽകൃഷിയൊന്നും ഇല്ല. എല്ലാവരും അരി വാങ്ങ്വാണ്‌."
അയാൾക്ക്‌ എന്തോ ഒരു വല്ലായ്മ തോന്നി. ഓർമ്മയിൽ ഒരു മെതിക്കളം തെളിയുന്നു.
ചാണകം മെഴുകിയ മെതിക്കളത്തിൽ നെൽക്കറ്റമേൽ നൃത്തത്താളത്തിൽ മെതിക്കുന്നതച്ഛനും അമ്മയും.
കളത്തിന്‌ പുറത്ത്‌ വീഴുന്ന നെന്മണികൾ പെറുക്കിക്കൂട്ടുന്ന താൻ. അച്ഛനും അമ്മയും രാമൻ മേനോന്റെ കൊയ്ത്താളുകളായിരുന്നു. പെറുക്കിക്കൂട്ടിയ നെന്മണികൾ ഉരലിൽ കുത്തി ശർക്കര ചേർത്ത്‌ അവൽ നനയ്ക്കും. അവൽ നുള്ളി വായിൽ വയ്ക്കുമ്പോഴത്തെ രുചി-ഹൊ!
പതമ്പളക്കുന്ന നെല്ലുകൊണ്ട്‌ രണ്ടുമാസം കഴിക്കും. പിന്നെ അടുത്ത പൂപ്പ്‌ കൊയ്യും വരെ അരിവാങ്ങണം. അരിവാങ്ങലിന്റെ 'കുറച്ചിൽ' ഒഴിവാക്കാനാണ്‌ രാമൻമേനോന്റെ കണ്ടം വിക്കണ്ണ്ട എന്ന്‌ അച്ഛന്റെ കത്തു വന്നപ്പോൾ വാങ്ങി രജിസ്ട്രാക്കാൻ പണം അയച്ചതു. ദിനേഷിനും കൃഷിപ്പണി പഠിക്കാമല്ലോ എന്നും ഓർത്തു.
എന്നിട്ടിപ്പോൾ പാടം നികത്തിയിരിക്കുന്നു. കുത്തരിച്ചോറിന്റെ രുചി അച്ഛനും മറന്നുകളഞ്ഞോ?
ദിനേഷിന്റെ മൊബെയിലിൽ കോൾ മുഴങ്ങി. "ദാ ഞങ്ങൾ എത്തിപ്പോയമ്മേ...ഏട്ടൻ എന്റെ കൂടെ തന്നേണ്ട്‌". തിരിഞ്ഞ്‌ അയാളോടായി പറഞ്ഞു.
"അമ്മയാണ്‌. ഏട്ടൻ വരണത്‌ പ്രമാണിച്ച്‌ സദ്യവട്ടങ്ങള്‌ ഒരുക്കുകയാണമ്മ." അമ്മ വച്ചുണ്ടാക്കുന്ന ഉച്ചയൂണിന്റെ രുചിയോർത്തപ്പോൾ അയാളുടെ വായിൽ കപ്പൽ ഓടി.
ഉപ്പിലിട്ട കടുമാങ്ങയും വാഴക്കൂമ്പ്‌ തോരനും ചീരവച്ചതും മുരിങ്ങയിലയും ചക്കക്കുരുവും ചേർത്ത കൂട്ടുകറിയും. അച്ചിങ്ങ ഒലത്തും കുത്തരിച്ചോറും പച്ചമോരും തൂശനിലയും തീൻമേശയിൽ ഒരുങ്ങുകയാവും.
വീട്ടിൽ എത്തിയാൽ മതി എന്ന്‌ വിചാരിച്ചപ്പോഴേക്കും ഒരു വലിയ ഗേറ്റിന്‌ മുമ്പിൽ കാറ്‌ നിന്നു. പീലിവിരിച്ച തെങ്ങുകളുടെ തണലിൽ ഓടുമേഞ്ഞ ചെങ്കല്ലുവീട്‌ നിന്നിടത്ത്‌ ഒരു കോൺക്രീറ്റ്‌ സൗധം.
ഗ്രാമഹൃദയത്തിൽ ആഢംബരത്തിന്റെ അടയാളം. അയച്ച പണത്തിന്റെ ണല്ലോരു പങ്കും വീടിന്‌ തന്നെ ചെലവായിട്ടുണ്ടാകും.
വീട്‌ റോഡിന്‌ സമമാക്കാൻ മണ്ണ്‌ മാറ്റിയതിന്റെ അവശിഷ്ടങ്ങളായ മാവിന്റെയും പ്ലാവിന്റെയും തെങ്ങിന്റെയും വേരുകൾ ഒരു ദുരന്തനാടകത്തിലെ രംഗപടം പോലെ പറമ്പിന്‌ പിന്നിൽ ചിതറിക്കിടന്നു. പൂമുഖത്ത്‌ തന്നെ നിൽക്കുന്നുണ്ട്‌ അച്ഛനും അമ്മയും. മുടിയിലെ നരയും അൽപം തടിയും കൂടിയിട്ടുണ്ട്‌ അച്ഛന്‌.
'പുതിയ വീട്‌ നീ ആദ്യമായി കാണുകയല്ലേ'
'ന്റെ മോനൊന്ന്‌ വീട്ടിലേക്ക്‌ കേറട്ടെ. എന്നിട്ടാവാം. വിശേഷങ്ങൾ പറയല്‌.' അമ്മ ഇടയ്ക്ക്‌ കയറി പറഞ്ഞു.
"മോത്തും മേത്തും റോട്ടിലെ പൊടി പറ്റീട്ട്ണ്ട്‌. എന്റെ മോൻ വേഷം മാറി കുളിക്ക്‌. അകത്തെ ബാത്‌ർറൂമില്‌ ടവ്വലും സോപ്പും എടുത്ത്‌ വച്ചിട്ടുണ്ട്‌.""കിണറ്റിൽ നിന്നും പാളയിൽ വെള്ളം കോരി മേത്തൊഴിക്കുമ്പോഴുള്ള സുഖം ബാത്‌ർറൂമിലെ ഷവറിന്‌ കീഴെ നിന്നാൽ കിട്ടില്ല അമ്മേ."
"കിണറ്റീന്ന്‌. കുളിക്കാനാ....?"
"ൻഘാ..."
"കിണറ്റില്‌ വെള്ളം ഇല്ല. നിലമൊക്കെ ആൾകള്‌ മണ്ണിട്ടു നികത്തി ഉറവയൊക്കെ അടഞ്ഞു. നികത്തിയ നിലത്തിനാ ഇവിടെ ഡിമാന്റ്‌. പൈപ്പ്‌ കണക്ഷൻ ഉള്ളതുകൊണ്ട്‌ നമുക്ക്‌ വെള്ളത്തിന്‌ മുട്ടില്ല. വേഗം കുളിച്ച്‌ വാ, ചോറ്‌ വിളമ്പാം."
അത്രയ്ക്കും മാറിപ്പോയോ അമ്മേ, നമ്മുടെ നാട്‌.
മാറാതെ പിന്നെ, മോനിവിടെ നിന്ന്‌ പോയപ്പോ രണ്ട്‌ ദിവസം ട്രെയിൻ യാത്ര ചെയ്ത്‌ ബോംബേലെത്തീട്ടല്ലേ വിമാനത്തീ കയറാമ്പറ്റ്യത്‌. ഇന്ന്‌ വന്നപ്പോ ഫ്ലൈറ്റീന്നെറങ്ങി ദാന്ന്‌ പറയണ നേരംകൊണ്ട്‌ വീട്ടിലെത്തില്ലേ? അയാൾ വെറുതെ തലയാട്ടിക്കൊണ്ട്‌ കുളിമുറിയിലേക്ക്‌ നടന്നു. കുളിച്ച്‌ വന്നപ്പോഴേക്കും തീൻമേശയിൽ ചില്ല്‌ പാത്രങ്ങൾ നിരന്നിരുന്നു. വിഭവങ്ങൾ കണ്ട്‌ അയാൾ അമ്പരന്നു. മൃഗങ്ങളുടെയും പക്ഷികളുടെയും മാംസരൂപങ്ങൾ സ്ഫടികപാത്രങ്ങളെ സമ്പന്നമാക്കിയിരിക്കുന്നു. അവയിൽ നിന്നുയരുന്നു പരിമളം പഞ്ചനക്ഷത്രമുദ്രയായി ഭോജനശാലയിൽ പതിഞ്ഞു. അവയ്ക്ക്‌ പിന്നിൽ അസംഘടിതരായ അഭയാർത്ഥികളെപ്പോലെ പതുങ്ങിനിൽക്കുന്നു അവിയലും സാമ്പാറും പാവയ്ക്കാ തോരനും .ഒരിയ്ക്കൽ തീൻമേശയിലെ പ്രതാപികളായിരുന്നവർ. അയാൾ അവയെ ഒക്കെയും അരുമയോടെ അടുത്തേക്ക്‌ ചേർത്തുവച്ചു. നാവിൻ രുചിയുടെ ഹരിശ്രീ കുറിച്ചതിവരാണ്‌. ആവി പറക്കുന്ന ചോറിൽ സാമ്പാർ ഒഴിച്ചിളക്കി. ദേശാടനക്കിളി നെന്മണി കൊറിക്കും പോലെ ചോറുരുള വായിൽ ചവച്ചു.
നാവിൽ പുകഞ്ഞത്‌ എന്ത്‌ രുചി....അതെ, അതു തന്നെ.
ദൂരദേശങ്ങളിൽ നിന്നും പ്ലാസ്റ്റിക്‌ പൊതികളിൽ വരുന്ന 'വയ്ക്കാൻ തയ്യാർ' സാമ്പാർ കൂട്ടിന്റേത്‌ തന്നെ. അവിയലിൽ കുതിർന്ന മുരിങ്ങാക്കായും എണ്ണയിൽ കുളിച്ച വഴുതനങ്ങയും തിളച്ച വെള്ളത്തിൽ കയ്പ്പ്‌ നഷ്ടപ്പെട്ട പാവയ്ക്കയും അന്യദേശങ്ങളുടെ രുചികളാണെന്ന്‌ അയാളുടെ നാവ്‌ തിരിച്ചറിഞ്ഞു. അയാൾക്ക്‌ ചുറ്റും ആതിഥേയരെപ്പോലെ അച്ഛനും അമ്മയും അനിയനും ഉത്സാഹിച്ചു. അയാളുടെ നാവിലെ രുചിമുകുളങ്ങൾ പനിയിലെന്നപോല കയ്ച്ചു.

അമേരിക്കൻ ഐക്യനാടുകളിലൂടെ 4

a q mahdi


ഓർലന്റോ

അമേരിക്കയിൽ നാലു രാത്രികൾ പിന്നിട്ടിരിക്കുന്നു. ഇന്ന്‌ 5-​‍ാംനാൾ, ഇവിടെ നിന്ന്‌ ഇനി ഓർലന്റോയിലേയ്ക്കാണ്‌ പോകുന്നത്‌. നല്ല വഴിദൂരമുണ്ട്‌, 1500 ലധികം കിലോമീറ്റർ.
അമേരിക്കയുടെ തെക്കുകിഴക്കേ മൂലയിലുള്ള വലിയ ഒരു തുറമുഖനഗരമാണ്‌ ഓർലന്റോ. ഈ ട്രിപ്പിൽ ഏറ്റവും കൂടുതൽ ദിവസം ഞങ്ങൾക്ക്‌ തങ്ങേണ്ടിവരുന്ന രണ്ടുനഗരങ്ങളിലൊന്നും ഇതാണ്‌, മൂന്നുനാൾ. ഞങ്ങൾ കഴിഞ്ഞദിവസം സന്ദർശിച്ച വാഷിങ്ങ്ടണിനു മുകളിലൂടെ സഞ്ചരിച്ചുവേണം ഫ്ലൈറ്റ്‌ ഓർലന്റോയിലെത്തുക എന്ന്‌, ഏരിയൽ റൂട്ട്മാപ്പിലൂടെ മനസ്സിലാവുന്നു.
വീണ്ടും ബഫല്ലോ എയർ പോർട്ടിലേയ്ക്ക.​‍്‌ അമേരിക്കയിലെ ഞങ്ങളുടെ രണ്ടാമത്തെ ആഭ്യന്തരവിമാനയാത്ര.
വാഷിങ്ങ്ടണിൽ നിന്നും ഓർലന്റോയിലേക്ക്‌ നേരിട്ട്‌ വിമാനമില്ല, ഷാർലെ (CHARLOTTE) എന്ന സ്ഥലത്തിറങ്ങി, മറ്റൊരു വിമാനത്തിൽ കയറി പോകണം.
ഷാർലെ എന്ന പട്ടണത്തെപ്പറ്റി മുമ്പൊരിക്കലും കേട്ടിട്ടേയുണ്ടായിരുന്നില്ല. എയർപോർട്ടിൽ വിമാനം ഇറങ്ങുമ്പോഴാണ്‌ ശ്രദ്ധിച്ചതു കേവലം ഒരു വിമാനത്താവളം ഇവിടെ ഉണ്ടെന്നല്ലാതെ, ഇതൊരു വലിയ പട്ടണമൊന്നുമല്ല. യു.എസ്സ്‌.എയർലൈൻസിന്റെ ഒരു ജംഗ്ഷൻ പോയിന്റ്മാത്രം. അമേരിക്കയിലെ പല സമീപ സ്റ്റേറ്റുകളിലേയ്ക്കുമുള്ള ദീർഘദൂര സർവ്വീസുകളൊക്കെ ഇവിടെ വന്നാണ്‌ വഴിതിരിഞ്ഞുപോകുന്നത്‌. വളരെ വലിയൊരു എയർപോർട്ട്‌, എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള വിമാനത്താവളം. എയർപോർട്ടിൽ ലാന്റ്‌ ചെയ്തിരുന്ന വിമാനങ്ങളുടെ എണ്ണവും, വന്നുപോകുന്ന ഫ്ലൈറ്റുകളുടെ തിരക്കും ഞങ്ങളെ അമ്പരിപ്പിക്കുംവിധം അധികമായിരുന്നു.
അരമണിക്കൂർ കഴിഞ്ഞ്‌ ഞങ്ങൾക്ക്‌ കണക്ഷൻ ഫ്ലൈറ്റ്‌ കിട്ടി, ഒരു പഴയവിമാനം.
യു.എസ്സ്‌.എയർലൈൻസ്‌ എന്ന അമേരിക്കയുടെ ആഭ്യന്തരവിമാനസർവ്വീസിനെപ്പറ്റി ചിലതു പറയാതെ വയ്യ. ഈ അമേരിക്കൻ യാത്രയ്ക്കിടെ ഞങ്ങൾ 5 ആഭ്യന്തരവിമാനങ്ങളിൽ കയറിയിരുന്നു. എയർപോർട്ടുകൾ ഒക്കെ അടിപൊളിതന്നെ, അത്യാധുനികം. എന്നാൽ വിമാനത്തിനുള്ളിലെ സർവ്വീസ്‌ (സേവനം) വളരെ മോശം. മറ്റേതൊരു രാജ്യത്തെയും ഇന്റർനാഷണൽ/ഡൊമസ്റ്റിക്‌ വിമാനത്തിൽ സഞ്ചരിച്ചാലും, എത്ര ചുരുങ്ങിയ സമയത്തേയ്ക്കുള്ള സർവ്വീസാണെങ്കിൽപ്പോലും എന്തെങ്കിലും നല്ല ഭക്ഷണം എയർലൈൻസിന്റെ വകയായി വിളമ്പാറുണ്ട്‌. ഇവിടെ ടൂർമാനേജർ ആദ്യംതന്നെ മൂന്നാര്റിയിപ്പ്‌ തന്നിരുന്നു, യു.എസ്സ്‌.എയർലൈൻസ്‌ വിമാനങ്ങളിൽ അതൊന്നും പ്രതീക്ഷിക്കണ്ട, വിമാനത്തിനുള്ളിൽ കഷ്ടിച്ച്‌ ഒരു ചായയും ചെറിയൊരു പാക്കറ്റ്‌ ബിസ്ക്കറ്റും തന്നാലായി എന്ന്‌. ബാക്കി എന്തുവാങ്ങിയാലും 5 ഡോളർ വീതം വില നൽകേണ്ടി വരും എന്നും. സാധാരണ ടെലിവിഷൻ സൗകര്യമുള്ള വിമാനങ്ങളിൽ, പരിപാടി ശ്രവിക്കാൻ, ചോദിക്കാതെതന്നെ യാത്രക്കാർക്ക്‌ ഓരോ സ്റ്റീരിയോ ഹെഡ്ഫോൺ വിതരണം ചെയ്യാറുണ്ട്‌. ഈ വിമാനത്തിൽ ടി.വി ഇല്ലെങ്കിലും പാട്ടുകേൾക്കാൻ ഹെഡ്ഫോൺ ലഭിക്കും, എന്നാൽ 5 ഡോളർ വാടക നൽകണമത്രെ. ടൂർ മാനേജരുടെ മൂന്നയിപ്പ്‌ കിട്ടിയിരുന്നതിനാൽ ഞങ്ങളൊക്കെ ശ്രദ്ധാപൂർവ്വം നിയന്ത്രണം പാലിക്കുകയും, കീശ കാലിയാവാതെ രക്ഷപ്പെടുകയും ചെയ്തു.
കാലു സ്വസ്ഥമായൊന്നു നിവർത്തിവയ്ക്കാൻ പോലും കഴിയാത്തവിധം ഇടുങ്ങിയ സീറ്റുകളായിരുന്നു ഈ വിമാനത്തിലേത്‌.
അതുപോലെ അമേരിക്കയിലെ എല്ലാ വിമാനത്താവളങ്ങളിലും ഒരുകാര്യം കൂടി ശ്രദ്ധിക്കപ്പെട്ടു. എയർപോർട്ടിലെ ലഗ്ഗേജ്‌ ട്രോളികൾക്കുള്ള വാടകയാണത്‌. ഞങ്ങൾ സന്ദർശിച്ചിട്ടുള്ള മറ്റൊരു രാജ്യത്തും ഈ സമ്പ്രദായം നിലവിലുണ്ടായിരുന്നില്ല. ഒരു പ്രാവശ്യം ട്രോളി ഉപയോഗിക്കുന്നതിനുള്ള വാടക, ഇവിടെ അമേരിക്കൻ എയർപോർട്ടുകളിൽ, മൂന്നു ഡോളറായിരുന്നു. ഒരു സമ്പന്നരാഷ്ട്രത്തിലാണിതെന്നോർക്കണം.
ന്യൂയോർക്കിലെ ട്വിൻടവറുകൾ ആക്രമിക്കപ്പെട്ടതിനുശേഷം അമേരിക്കൻ ജനതയുടെ ധൈര്യം വല്ലാതെ ചോർന്നുപോയിരിക്കുന്നുവേന്നു തോന്നുന്നു. എല്ലാ എയർപോർട്ടുകളിലും അതികർശനമായ പരിശോധനകളാണ്‌. തീവ്രവാദികളുടെ ആക്രമണത്തെപ്പറ്റിയുള്ള ഭീതി, ഒരു നിഴൽ പോലെ അമേരിക്കക്കാരെ പന്തുടരുന്നുവോ. ആഭ്യന്തര വിമാനത്താവളങ്ങളിലെ ചെക്കിങ്ങ്‌ സമ്പ്രദായം അതിന്റെ എല്ലാ അതിർവരമ്പുകളെയും ലംഘിക്കുന്നതായി കണ്ടു. കാലുറയും, ഷൂവും, വാച്ചും ഒക്കെ അഴിച്ച്‌ സ്ക്രീനിങ്ങ്‌ മേഷീന്‌ സമർപ്പിക്കണം. ഭാര്യയുടെ ആഭരണങ്ങൾ, മാലയും കൈവളകളുംവരെ- ഊരിവാങ്ങി മേഷീനിലൂടെ കടത്തിവിട്ടു അവർ.
ഓർലന്റോ. ഈ തുറമുഖനഗരം വളരെ വലിയൊരു വ്യവസായകേന്ദ്രം കൂടിയാണ്‌. ഇവിടത്തേത്‌ വളരെ വിശാലമായ ഒരു എയർപോർട്ടാണെന്ന്‌ മി. ആഷിക്‌ പറഞ്ഞിരുന്നു.
ലാന്റ്‌ ചെയ്യാൻ അരമണിക്കൂർ സമയമുളളപ്പോൾമുതൽ പുറത്തെകാലാവസ്ഥയിൽ വ്യാപകമായ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. അതുവരെ വിന്റോ ഗ്ലാസ്സിലൂടെ പുറം കാഴ്ചകൾ വ്യക്തമായി കണ്ടുകൊണ്ടിരുന്നുവേങ്കിൽ, ഇപ്പോൾ ഒരു മൂടൽ മഞ്ഞിന്റെ ആവരണമാണ്‌ ചുറ്റും പടർന്നിരിക്കുന്നത്‌. പുറത്തെ കാഴ്ച ഒന്നും കാണാനാവുന്നില്ല, ഒക്കെയും അവ്യക്തം.
സമയമാവുംമുമ്പുതന്നെ അസാധാരണമായി സീറ്റ്‌ ബെൽറ്റുകൾ മുറുക്കുവാനുള്ള പെയിലറ്റിന്റെ അനൗൺസ്‌മന്റ്‌ കേട്ടു. യാത്രക്കാർക്ക്‌ ചായവിതരണം ചെയ്തുകൊണ്ടിരുന്ന എയർഹോസ്റ്റസ്മാർ പെട്ടെന്ന്‌ ജോലിനിർത്തി ഓടിപ്പോയി തങ്ങളുടെ സീറ്റുകളിലെത്തി ബെൽറ്റുറപ്പിച്ച്‌ ഇരിപ്പായി.
യാത്രക്കാരെല്ലാം ജാഗരൂകരായി. എന്താണു കാരണം. പുറത്തെ കാലാവസ്ഥ മോശമാണെന്ന്‌ പെയിലറ്റിന്റെ അറിയിപ്പിൽ തുടർന്നു പറഞ്ഞു. ഇടയ്ക്കിടെ വിമാനം ഒരു ശബ്ദത്തോടെ എയർപോക്കറ്റുകളിൽ വീണു കുലുങ്ങി വിറയ്ക്കുകയും, ഇരുവശങ്ങളിലേയ്ക്ക്‌ മെല്ലെ ചരിയുകയും ചെയ്തു. ഇത്തരം ഒരനുഭവം എന്റെ വിമാനയാത്രാ ചരിത്രത്തിൽ ആദ്യമായിരുന്നു. ഭയക്കേണ്ട യാതൊരു കാര്യവുമില്ലെന്നുള്ള അറിയിപ്പ്‌ പെയിലറ്റിൽ നിന്നുണ്ടായതൊന്നും യാത്രക്കാരെ ആശ്വസിപ്പിച്ചില്ലെന്നു തോന്നി.
വിമാനം ഓർലന്റോ എയർപോർട്ടിനടുത്തെത്തിയെന്ന്‌ അറിയിപ്പുണ്ടായി. പക്ഷേ, പുകമഞ്ഞു കാരണം ഒന്നും കാണാൻ വയ്യ. പുറത്ത്നിന്ന്‌ ഇടയ്ക്കിടെ മിന്നലിന്റെ ഫ്ലാഷ്‌ വെളിച്ചവും, ഇടിവെട്ടുന്നതിന്റെ ശബ്ദവും ഉള്ളിൽ കേട്ടു. പുറത്തു മഴപെയ്തു തുടങ്ങിയിരിക്കുന്നു. എന്തേ, വിമാനം മേഘങ്ങൾക്ക്‌ കീഴിൽ കൂടി, താഴ്‌ന്നു പറക്കുകയാണോ ഇപ്പോൾ.
വിന്റോഗ്ലാസ്സുകളിൽ ജലകണങ്ങൾ തെറിച്ചും തെന്നിയും വീണു കാഴ്ച മറച്ചുകൊണ്ടിരുന്നു. കുറെനേരം എയർപോർട്ടിന്‌ മുകളിൽ വട്ടമിട്ടു പറന്ന ശേഷം വിമാനം സുരക്ഷിതമായി ലാൻഡ്‌ ചെയ്തു. യാത്രക്കാരെല്ലാം ആശ്വാസത്തോടെ നെടുവീർപ്പെട്ടു.

എയ്‌റോ ബ്രിഡ്ജിലൂടെ ഓർലന്റോയിലെ മണ്ണിലേയ്ക്ക്‌ നടന്നിറങ്ങുമ്പോൾ, ബ്രിഡ്ജിന്റെ വശത്തെ ഗ്ലാസ്സ്‌ ജനാലകളിലൂടെ വ്യക്തമായി പുറംലോകം കണ്ടു. കോരിച്ചൊരിയുന്ന മഴയാണ്‌ പുറത്ത്‌.
ഒരു ഇ.സി കോച്ച്‌ ഞങ്ങളെയും പ്രതീക്ഷിച്ച്‌ പുറത്തു കാത്തുകിടപ്പുണ്ടായിരുന്നു. ബസ്സിലേയ്ക്ക്‌ കയറണമെങ്കിൽ ഒരിരുപതടി മേലാപ്പില്ലാത്ത സഥലത്തുകൂടി കടന്നു പോകണം. അതിന്‌ ആർക്കും കഴിയുന്നില്ല. തുള്ളിക്കൊരു കുടംവീതം മഴപെയ്യുകയാണ്‌.
ഇത്തരമൊരു പേമാരി, മഴയുടെ നാടായ കേരളത്തിൽ പോലും സമീപകാലത്തെങ്ങും കാണാനിടവന്നിട്ടില്ല. ണല്ലോരു മഴ കാണാനായിപ്പോലും ഏഴാംകടൽ കടന്ന്‌ അമേരിക്കയിൽ വരേണ്ടിവന്നിരിക്കുന്നു.
മഴ ശമിക്കുന്ന മട്ടില്ല. ഏത്‌ അമേരിക്കൻ/യൂറോപ്പ്‌ യാത്രയിലും യാത്രാടിക്കറ്റും പാസ്പോർട്ടും കൂടാതെ കൈയ്യിൽ ഒപ്പം കരുതേണ്ട ചില വസ്തുക്കളുടെ ഒരു ലിസ്റ്റും ടൂർകമ്പനി മുൻകൂട്ടി തരാറുണ്ട്‌. പാസ്പോർട്ടിന്റെ ഒരു കോപ്പി, കണ്ണട ധരിക്കുന്നെങ്കിൽ സ്പെയർ ഒരെണ്ണം, ചെറിയൊരു അലാം ക്ലോക്ക്‌, ക്യാമറ, റോൾഫിലിംസ്‌, വേണമെങ്കിൽ കൊറിക്കാനുള്ള ചിപ്സ്പോലുള്ള ആഹാരവസ്തുക്കൾ, അത്യാവശ്യമരുന്നുകൾ, ഡോക്ടറുടെ കുറിപ്പ്‌- പിന്നെ ഒരു കുടയും.
പാശ്ചാത്യദേശങ്ങളിലെ കാലാവസ്ഥാമാറ്റം ഒരിക്കലും ഒരു വിദേശസഞ്ചാരിക്ക്‌ മുൻകൂട്ടി അറിയാനാവാത്തവിധം സങ്കീർണ്ണമാണ്‌. നല്ല വെയിൽ കത്തിക്കാളി നിൽക്കുന്ന അന്തരീക്ഷം, പെട്ടെന്നാവും കാറും കോളും നിറഞ്ഞ്‌ തുള്ളിക്കൊരുകുടം വീതം മഴ പെയ്യുന്ന അവസ്ഥയിലെത്തുക.
ഇത്തരം യാത്രകളിൽ ഒപ്പം കുട കരുതണമെന്ന ടൂർകമ്പനിയുടെ പ്രത്യേക നിർദ്ദേശം, കഴിഞ്ഞ യൂറോപ്പ്‌ യാത്രയിലെന്നപോലെ ഈ യു.എസ്സ്‌ ട്രിപ്പിലും ഞങ്ങൾ, ഞാനും ഭാര്യയും പാലിച്ചു. പക്ഷേ, ഇപ്പോൾ കുട സൂക്ഷിച്ചിരുന്നത്‌ മെയ്ൻ ബാഗ്ഗേജിനകത്തായിപ്പോയതിനാൽ, പെട്ടെന്ന്‌ അതു തുറന്നെടുക്കാവുന്ന അവസ്ഥയിലായിരുന്നില്ല.
അന്നത്തെ യൂറോപ്പ്‌ യാത്രയിൽ, സ്വിറ്റ്സർലന്റിൽ വച്ച്‌ പെട്ടെന്നുണ്ടായ കാലാവസ്ഥാമാറ്റം മൂലം എനിക്കുണ്ടായ ഒരനുഭവം ഓർമ്മയിൽ വരുന്നു.
സ്വിറ്റ്സർലന്റിലെ ഒരു പ്രധാന പട്ടണമാണ്‌ ജെയിനെവ. അവിടെ പ്രസിദ്ധമായ ഒരു തടാകമുണ്ട്‌, 'ജനവ തടാകം'. ആ ശുദ്ധജല തടാകത്തിന്‌ തൊട്ടപ്പുറം സ്വിറ്റ്സർലന്റിന്റെ ഒരയൽരാജ്യമായ ഫ്രാൻസ്‌ ആണ്‌.
ജനവ നഗരസന്ദർശനം കഴിഞ്ഞ്‌ ഞങ്ങൾ തടാകക്കരയിലെത്തി. തടാകത്തിനുചുറ്റും വിശാലമായ പാർക്കാണ്‌, അത്‌ അനന്തദൂരത്തിൽ പരന്നു കിടക്കുന്നു. നിറയെ വൃക്ഷങ്ങളും, പൂത്തുലഞ്ഞുനിൽക്കുന്ന ചെടികളും. തടാകത്തെ വലംവച്ച്‌ പാർക്കിനെയും പൂന്തോട്ടത്തെയും ചുറ്റി, സന്ദർശകരെയും

വഹിച്ചുകൊണ്ട്‌ നീങ്ങുന്ന ഒരു റോഡ്‌ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു ഞങ്ങൾ. ഞങ്ങളുടെ ഗ്രൂപ്പിൽ അന്ന്‌ 44 പേരുണ്ടായിരുന്നു. ആർത്തുള്ളസിച്ച്‌, എല്ലാവരും ആ ട്രെയിനിലൂടെ നീങ്ങുമ്പോൾ പുറത്തു കത്തിനിൽക്കുന്ന വെയിലായിരുന്നു. തടാകത്തെ തഴുകിവരുന്ന ഇളം കുളിർകാറ്റിൽ വെയിലിന്റെ ചൂട്‌ തീരെ അറിഞ്ഞതേയില്ല.
ഞങ്ങളെ അമ്പരപ്പിച്ച്‌ കൊണ്ട്‌, പെട്ടെന്നാണ്‌ ഒരു മഴ തിമിർത്ത്‌ പെയ്യാൻ തുടങ്ങിയത്‌. ഈ മഴമേഘങ്ങൾ എപ്പോൾ, എവിടെനിന്നും കടന്നെത്തി മേലാകാശത്ത്‌ നിറഞ്ഞുവേന്നറിയില്ല. ഒരൽപ്പനിമിഷങ്ങൾക്ക്‌ മുമ്പുവരെ എങ്ങും ഇരുൾമുടലിന്റെ നേരിയൊരു ലക്ഷണം പോലും ഇല്ലാതെ കടുത്തവെയിലായിരുന്നുവല്ലോ.
മേലാപ്പില്ലാത്ത തുറന്ന ബോഗികളാണ്‌ റോഡ്‌ ട്രെയിനിനുണ്ടായിരുന്നത്‌. മഴപെയ്തു തുടങ്ങിയപ്പോൾ വശങ്ങളിൽ നിന്നും ശക്തിയായ കാറ്റടിച്ച്‌, ബോഗിയ്ക്കുള്ളിൽ വെള്ളം ചീറ്റിവീണ്‌ എല്ലാവരും വല്ലാതെ നനയാൻ തുടങ്ങി. കാറ്റും മഴയും ശക്തമായപ്പോൾ, ഡ്രൈവർ തടാകക്കരയിലെ ഒരു മരക്കൂട്ടത്തിനിടയിൽ വാഹനം നിർത്തിയിട്ടു. എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി, വശത്തുള്ള പോപ്ലാർ മരങ്ങൾക്ക്‌ കീഴിൽ താത്ക്കാലികാഭയം തേടി. മരച്ചില്ലകൾക്കിടയിലൂടെ ഇലകളിൽ തട്ടി മഴവെള്ളം അപ്പോഴും വീണു കൊണ്ടിരുന്നു.
കൂട്ടത്തിൽ എന്റെയും ഭാര്യയുടെയും പക്കൽ മാത്രമേ കുടയുണ്ടായിരുന്നുള്ളു.
ഞങ്ങൾ പുറത്തിറങ്ങി കുടയുംചൂടി നനയാതെ അൽപ്പമൊരു ഗമയിൽത്തന്നെ നിന്നു. മരച്ചോട്ടിൽ നനഞ്ഞുകൊണ്ടുനിന്നിരുന്ന സഹയാത്രികരെ സഹതാപപൂർവ്വം ഞങ്ങൾ നോക്കി. അവർക്ക്‌ ഞങ്ങളോട്‌ അൽപ്പം അസൂയ തോന്നിയിട്ടുണ്ടാവണം.
പൂർണ്ണമായ ഭാഗ്യം ഞങ്ങളെ കടാക്ഷിച്ചില്ല, അപ്പോൾ ഒരു കനത്ത കാറ്റുവീശി, ഭാര്യയുടെ കുട കൈവിട്ടു പറന്ന്‌ ജെയിനെവ തടാകത്തിൽ പോയി പതിച്ചു. ഓളങ്ങളിൽ പെട്ട്‌, ഒഴുകി അത്‌ അകന്നു പോവുന്നത്‌ നിസ്സഹായരായി ഞങ്ങളും, തെല്ലൊരു ഹാസ്യഭാവത്തിൽ സഹയാത്രികരും നോക്കിനിന്നു. അപ്പോഴാണ്‌ കാറ്റിന്റെ ശക്തിയിൽ എന്റെ കൈയ്യിൽ പിടിച്ചിരുന്ന മൂന്നു മടക്കുള്ള കുട നാലുമടക്കായി ഒടിഞ്ഞു തൂങ്ങിയത്‌. ജാള്യതയോടെ ഞാനും ഭാര്യയും കുടയില്ലാതെ നനഞ്ഞുനിന്നിരുന്ന മറ്റുള്ളവരോടൊപ്പം ചേർന്ന്‌ മഴവെള്ളം ഒലിച്ചിറങ്ങുന്ന മരച്ചില്ലകൾക്കടിയിൽ പമ്മിനിന്നു. സഹയാത്രികർ ബോധപൂർവ്വം പ്രകടിപ്പിച്ച സഹതാപഭാവം കണ്ടില്ലെന്നു ഞങ്ങൾ നടിച്ചു.

"എല്ലാവരും ബസ്സിൽ കയറാനൊരുങ്ങിക്കൊള്ളു....." ടൂർ മാനേജർ ആഷിക്കിന്റെ വാക്കുകളാണ്‌ ചിന്തയിൽ നിന്നും എന്നെ ഉണർത്തിയത്‌.
മഴ ശമിച്ചിരിക്കുന്നു. എയർപോർട്ടിന്റെ എക്സിറ്റിലൂടെ അപ്പോഴും യാത്രക്കാർപുറത്തിറങ്ങിക്കൊണ്ടിരുന്നു.
എയർപോർട്ടിൽ നിന്നും ഞങ്ങൾ നേരേ ഹോട്ടലിലേയ്ക്കാണ്‌ പോയത്‌. മൂന്നുനാൾ ഇവിടെ, ഈ നഗരത്തിൽ തങ്ങണം. 'ഫെയർ ഫീൽഡ്‌ മാര്യോട്ട്‌' ആയിരുന്നു ഞങ്ങൾക്ക്‌ താമസം ഒരുക്കിയിരുന്ന ഹോട്ടൽ. നല്ല ഹോട്ടലാണ്‌. ഓർലന്റോയിലെ ആദ്യദിവസം, അമേരിക്കയിലെ ഞങ്ങളുടെ 5-​‍ാം നാൾ. ഇന്നത്തെ ബാക്കിസമയം മുഴുവൻ ഷോപ്പിങ്ങിനായി വിട്ടുതന്നു. പിറ്റേദിവസമാണ്‌ ശരിക്കും കാഴ്ചകൾ കാണൽ.
ഷോപ്പിങ്ങിനായി സമയം അനുവദിച്ചു തന്നാലും സാധനങ്ങൾ വാങ്ങൽ അമേരിക്കയിൽ പ്രായോഗികമല്ല, ഒട്ടും ലാഭകരവുമല്ല. നാട്ടിലേതിനേക്കാൾ 10 ഇരട്ടി വില നൽകണം. തീരെ ചെറിയ എന്തെങ്കിലും സാധനങ്ങൾ, സന്ദർശിക്കുന്ന പട്ടണത്തിന്റെയോ ടൂറിസ്റ്റ്‌ സ്മാരകത്തിന്റെയോ ഓർമ്മയ്ക്കായി ഒരു സുവനീർ പോലെ വാങ്ങാമെന്ന്‌ വയ്ക്കാം, വില ഏറിയാൽക്കൂടിയും. എന്നാൽ ഇഷ്ടപ്പെട്ടാൽപോലും അൽപ്പം വലിപ്പം കൂടിയ ഏതെങ്കിലും ഒരു വസ്തു വാങ്ങുന്നതു പ്രായോഗികമല്ല, ഈ യാത്രയിലുടനീളം അതും തൂക്കിപ്പിടിച്ചു നടക്കേണ്ടിവരും.
ഓർലന്റോയിലെ സിറ്റിസ്ക്വയറിലൂടെ ഞങ്ങൾ നാലുപേരും വെറുതേ കറങ്ങാനിറങ്ങി. ഒരു വലിയ ഡിപ്പാർട്ട്‌മന്റ്‌ സ്റ്റോറിൽ ഞങ്ങൾ കയറി. അവിടെയില്ലാത്തതൊന്നും തന്നെയില്ല.
"ഇതാനോക്കൂ....... നമ്മുടെ കമ്പനിയുടെ ഇൻഡ്യൻ ഷർട്ട്‌..........."
ഭാര്യയുടെ ശ്രദ്ധക്ഷണിക്കൽ, അവിടത്തെ ടെക്സ്റ്റയിൽ റെഡിമെയ്ഡ്‌ സെക്ഷനിൽ നിന്നാണ്‌.
ഞാനങ്ങോട്ടു നീങ്ങി. നിരവധി കോട്ടൺ ഷർട്ടുകൾ നിരത്തിയിട്ടിരിക്കുന്നു. പലനിറത്തിലും, വലിപ്പത്തിലുമുള്ളവ. ഷർട്ടുകളൊക്കെ സാധാരണയിൽ (നമ്മുടെ നാട്ടിലെ അളവിനേക്കാൾ) അൽപ്പം വലിപ്പം കൂടിയ ഓവർസൈസുകളാണ്‌. അമേരിക്കക്കാർ പൊതുവേ ലൂസ്‌ ഷർട്ടുകൾ ധരിക്കാൻ ഇഷ്ടപ്പെടുന്നു.
ഭാര്യ കൈയ്യിലെടുത്തു കാട്ടിയ ഷർട്ട്‌ ശ്രദ്ധിച്ചപ്പോൾ എനിക്കും കൗതുകം തോന്നി. നാട്ടിലെ എന്റെ വ്യാപാരശാലയിൽ വിൽക്കുന്ന ബ്രാൻഡാണത്‌. ബാംഗ്ലൂർ നിന്നുമാണ്‌ എനിക്കത്‌ ലഭിക്കുന്നത്‌. Made In India' എന്നടിച്ചിട്ടുണ്ട്‌ കോളറിൽ. ഞാൻ വില നോക്കി. 59.90 ഡോളർ. 60 ഡോളർ തികച്ചില്ല. ബാറ്റാകമ്പനിക്കാർ അമേരിക്കയിൽ നിന്നും പകർത്തിയതാണോ അവരുടെ വിലയിടലും. അമേരിക്കയിലെ ഏതു ഷോപ്പിലെ ഏതു സാധനത്തിന്റെ വില നോക്കിയാലും റൗണ്ട്‌ ഫിഗറല്ല, ഒരു 90 സെന്റോ, 99 സെന്റോ അവസാന ഭാഗത്തുണ്ടാകും.

വിലകണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി, എന്റെ ഷോപ്പിൽ ഞാനതു വിൽക്കുന്നത്‌ അതേ ബ്രാൻഡ്‌, അതേ ഷർട്ട്‌, 495 രൂപയ്ക്കാണ്‌. ഇവിടെയതിന്‌ 2700 രൂപയ്ക്ക്‌ തുല്യമായ ഡോളർ വിലയാണ്‌ ഇട്ടിരിക്കുന്നത്‌. കടൽ കടന്നെത്തുന്ന ഏതു വസ്തുക്കൾക്കും അമേരിക്കയിൽ തോന്നിയ വിലകളാണ്‌.
ഞങ്ങളുടെ കൊച്ചുമോന്‌ 10 ഡോളർ കൊടുത്ത്‌ കറങ്ങുന്ന ഒരു ചൈനീസ്‌ കളിപ്പാട്ടം വാങ്ങി, ഞങ്ങൾ ഷോപ്പിങ്ങിന്‌ വിട പറഞ്ഞ്‌ ഹോട്ടലിലേയ്ക്ക്‌ മടങ്ങി.
ഇത്തരം മുൻകൂട്ടി സംവിധാനം ചെയ്ത പാക്കേജ്‌ ടൂറുകൾക്ക്‌, തമാശയ്ക്കെന്നോണം ചെറിയൊരു പേര്‌ രസകരമായി പറയാറുണ്ട്‌. സിക്സ്‌-സെവൻ-എയ്റ്റ്‌ (6-7-8) എന്ന്‌. ഇത്‌ ടൂർമാനേജർ ഓരോ യാത്രയിലും തലേദിവസം രാത്രിയിൽ തരുന്ന നിർദ്ദേശത്തിലെ മൂന്നക്കങ്ങളാണ്‌.
രാവിലെ 6-ന്‌ ഉണരണം (ഹോട്ടലുകാർ ഫോണിലൂടെ അലാം തന്ന്‌ ഉണർത്തിക്കൊള്ളും), 7-ന്‌ റസ്റ്ററന്റിൽ പോയി പ്രാതൽ കഴിച്ചിരിക്കണം, 8-ന്‌ യാത്രപുറപ്പെടാനായി ബസ്സിൽ കയറിപ്പറ്റണം. പുലർച്ചയ്ക്ക്‌ 5 മണിക്കേ സ്വന്തം അലാം വച്ചുണർന്ന്‌ ഞങ്ങൾ പ്രഭാതകൃത്യങ്ങൾ യഥാസമയം തീർക്കാറുണ്ട്‌.
ഹോട്ടൽ ഭക്ഷണം ഉച്ചയ്ക്കും രാത്രിയിലും ഏതെങ്കിലും ഇൻഡ്യൻ റസ്റ്ററന്റിൽ ഏർപ്പാടുചെയ്തിരിയ്ക്കും. ഈ റസ്റ്ററന്റ്‌ മിക്കപ്പോഴും സിറ്റിക്കു പുറത്തെവിടെയെങ്കിലും ആവും. ഒരിക്കൽ 45 കി.മീറ്റർ ദൂരെവരെ ബസ്സ്‌ ഓടിച്ചുപോയി രാത്രിഭക്ഷണം കഴിച്ചു മടങ്ങിവന്ന അനുവഭവമുണ്ടായിട്ടുണ്ട്‌. ആ ഹോട്ടൽ, സിറ്റിയ്ക്ക്‌ വളരെ പുറത്തായിരുന്നു. ഹോട്ടലിന്റെ പേര്‌ കോഹിനൂർ.
ആ ഹോട്ടലിലെ ഒരു സംഭവം, ഒരനുഭവം, മറക്കാനായിട്ടില്ല.
മനോഹരമായി അലങ്കരിച്ച റസ്റ്ററന്റ്‌ ഹാൾ. തീൻമേശകളും കസേരകളും ഭംഗിയിൽ അടുക്കിയിട്ടിരിക്കുന്നു. വൈൻ, ബീയർ, സോഫ്റ്റ്‌ ഡ്രിങ്ക്‌ ബോട്ടിലുകൾ, ഒക്കെയും കലാപരമായി അടുക്കി വച്ചിരിക്കുന്ന ചെറിയ ഒരു സ്വീകരണമുറി കടന്നുവേണം ഡൈനിങ്ങ്‌ ഹാളിൽ പ്രവേശിക്കേണ്ടത്‌. അവിടെ കയറിച്ചെല്ലുമ്പോൾ റിസപ്ഷനിൽ ഒരു മദ്ധ്യവയസ്ക ഇരിക്കുന്നുണ്ടായിരുന്നു. മദ്ധ്യവയസ്കയല്ല ഒരു വൃദ്ധ. എഴുപത്‌ പിന്നിട്ടിട്ടുണ്ടാവും. അവരാകട്ടെ ഗുജറാത്തിശൈലിയിൽ സാരി ധരിച്ചിരിക്കുന്നു.
അമേരിക്കയിലെ ഏതു റസ്റ്ററന്റിലും ഒരു കൊച്ചുബാർ ഉണ്ടാവും, ഭക്ഷണത്തോടൊപ്പം ആവശ്യക്കാർക്ക്‌ അവർ മദ്യം വിളമ്പുകയും ചെയ്യും. അവിടത്തെ ഇൻഡ്യൻ റസ്റ്ററന്റുകളിലേയും അവസ്ഥ വിഭിന്നമല്ല, കാരണം ഇൻഡ്യൻ രീതിയിലുള്ള ഭക്ഷണം ആസ്വദിക്കാനെത്തുന്നവരിൽ ണല്ലോരു ശതമാനവും വെള്ളക്കാരാവും.

ഞങ്ങളുടെയീ സംഘത്തിൽ മദ്യപിക്കുന്ന ആരുംതന്നെ ഉണ്ടായിരുന്നില്ല.
ഈ യാത്രയ്ക്കിടെ അമേരിക്കയിലെ വലുതും ചെറുതുമായ എല്ലാ പട്ടണങ്ങളിലും മദ്യശാലകളും, ബാറുകളും ഞാൻ കണ്ടു. ബസ്സിൽ സഞ്ചരിക്കുമ്പോഴും, നഗരംചുറ്റാൻ കാൽനടയായി പോകുമ്പോഴും ഇടത്തരം ഹോട്ടലുകാർ റോഡരികിൽ ഭംഗിയായി ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങളിലിരുന്ന്‌ ഭക്ഷണത്തോടൊപ്പം പരസ്യമായി മദ്യം നുണയുന്ന നിരവധി കുടുംബങ്ങളെ പലയിടത്തും ഞാൻ കണ്ടു. മദ്യപാനശീലം പാശ്ചാത്യരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിത്തീർന്നിരിക്കുന്നു. എന്നാൽ നമ്മുടെ നാട്ടിലേപ്പോലെ മദ്യപിച്ചു ലക്കുകെട്ട്‌ റോഡരികിൽ വീണുകിടക്കുന്നവരെയോ, തെരുവിലൂടെ തെറിപ്പാട്ടുപാടി അട്ടഹാസം മുഴക്കി നീങ്ങുന്നവരെയോ എനിക്ക്‌ അമേരിക്കയിലെങ്ങും കാണാൻ കഴിഞ്ഞില്ല. കോഹിനൂർ ഹോട്ടലിലെ റസ്റ്ററന്റ്‌ ഹാളിൽ കടന്ന,​‍്‌ നാലുപേർക്കിരിക്കാവുന്ന ഒരു ചെറിയ തീൻമേശയ്ക്കു വശങ്ങളിൽ ഞങ്ങളിരുന്നു. മേശപ്പുറത്ത്‌ നേരത്തേ തന്നെ പ്ലേറ്റുകളൊക്കെ നിരത്തി വച്ചിട്ടുണ്ടായിരുന്നു.
എത്ര മനോഹരമായി ആ ഡൈനിങ്ങ്‌ ഹാൾ അലങ്കരിക്കപ്പെട്ടിരിക്കുന്നു. എന്നെ ഏറെ ആകർഷിച്ചതു ഇളം നീല നിറം പൂശിയ ഹാളിന്റെ അകം ചുവരുകളിൽ വരിവരിയായി തൂക്കിയിരുന്ന ചില ചിത്രങ്ങളാണ്‌, ഫോട്ടോകൾ. അധികവും ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌. ഇൻഡ്യയിലെ മൺമറഞ്ഞ ദേശീയനേതാക്കളുടെയും ഭരണാധികാരികളുടെയും ചിത്രങ്ങളായിരുന്നു അവയിൽ ഏറിയ പങ്കും. ദൈവങ്ങളുടെ ചിത്രങ്ങളൊന്നും തന്നെയില്ല.
മഹാത്മാഗാന്ധിയും പണ്ഡിറ്റ്ജിയും തുടങ്ങി ഡോക്ടർ രാധാകൃഷ്ണൻ, രാജേന്ദ്ര പ്രസാദ്‌, ദാദാഭായി നവറോജി, സർദാർ വല്ലഭായ്‌ പട്ടേൽ, സുഭാഷ്‌ ചന്ദ്രബോസ്‌, രാജീവ്‌ ഗാന്ധിവരെ ചിത്രങ്ങളിൽ സ്ഥലം പിടിച്ചിരുന്നു. രവീന്ദ്രനാഥ്‌ ടാഗോറിന്റെ ഒരു വേറിട്ട ചിത്രവും കണ്ടു.
രണ്ട്‌ ഹോട്ടൽ പരിചാരകർ ഭക്ഷണം വിളമ്പാനുള്ള തയ്യാറെടുപ്പിലാണ്‌.
പെട്ടെന്ന്‌, അകത്തുനിന്നും റസ്റ്ററന്റ്‌ ഹാളിലേയ്ക്കുള്ള ഏകവാതിൽ തുറന്ന്‌ ഒരാൾ പ്രത്യക്ഷപ്പെടുന്നു. മദ്ധ്യവയസ്കനെപോലെ തോന്നിക്കുന്ന ഒരു വൃദ്ധൻ; ആരോഗ്യസമ്പന്നൻ. ഫുൾ സ്യൂട്ട്‌ ധരിച്ചിരുന്നു അദ്ദേഹം.
കൂപ്പുകൈയ്യോടെയാണ്‌ മൂപ്പരുടെ ഹാളിലേയ്ക്കുള്ള വരവ്‌, 'നമസ്തേജീ...' എന്ന സംബോധനയോടെ. മിക്കവരും പ്രത്യഭിവാദനം ചെയ്തു. എല്ലാ കണ്ണുകളും, ശ്രദ്ധയും അദ്ദേഹത്തിലാ

" ഞാൻ............." സ്വന്തം പേരു പറഞ്ഞിട്ടദ്ദേഹം തുടർന്നു. " ഈ ഹോട്ടലിന്റെ ഉടമസ്ഥൻ, ഈ രാത്രിയിലെ നിങ്ങളുടെ ആതിഥേയൻ..............."
ആളൊരു രസികനാണെന്നു തോന്നി. എല്ലാവരുടെയും ശ്രദ്ധക്ഷണിച്ചുകൊണ്ട്‌ അദ്ദേഹം ഒരു ചെറുപ്രസംഗം തന്നെ നടത്തി. ഒരു വിശദീകരണം. ഇംഗ്ലീഷിലും, ഇടയ്ക്കിടെ ഹിന്ദിയിലുമൊക്കെ അദ്ദേഹം തന്റെ വാക്കുകൾ അങ്ങനെ തുടർന്നുപോയി. രസകരമായ ശൈലിയും അവതരണരീതിയും. മേശപ്പുറത്ത്‌ പരിചാരകർ വിളമ്പിക്കൊണ്ടിരുന്ന ഭക്ഷണത്തിൽപോലും ശ്രദ്ധിക്കാതെ എല്ലാവരും ആ മനുഷ്യനിൽതന്നെ കണ്ണുംനട്ടിരിക്കുന്നു. പഴയ ഹിന്ദി ചലച്ചിത്രനടൻ ദിലീപ്‌ കുമാറിന്റെ ഛായ ഉണ്ടായിരുന്നു അദ്ദേഹത്തിന്‌. ഒരു തമാശയ്ക്കെന്നോണം ഇടയ്ക്കൊരിക്കൽ അദ്ദേഹം പറഞ്ഞു,
" സ്നേഹിതരേ, നിങ്ങളെപ്പോലൊന്നുമല്ല ഞാൻ, ഞാനൊരു യുവാവാണ്‌.......... 85 വയസ്സ്‌ പ്രായമുള്ള യുവാവ്‌.........."
" എൺപത്തിയഞ്ചുവയസ്സോ.........?" പെട്ടെന്ന്‌ ഞാൻ ചോദിച്ചുപോയി.
" അതേ 85 തന്നെ. 1920-ലാണ്‌ എന്റെ ജനനം. പാകിസ്ഥാനിലെ ലാഹോറിൽ. വിഭജനാന്തരം ഞാൻ ഇൻഡ്യയിലായി, ബോംബെയിൽ. ഒരു ദേശീയവാദിയാണു ഞാൻ. ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്‌, ജയിലിൽ കിടന്നിട്ടുമുണ്ട്‌. കഴിഞ്ഞ മുപ്പത്‌ വർഷമായി ഇവിടെ, അമേരിക്കയിലെ ഈ ചെറിയ പട്ടണത്തിൽ, ഹോട്ടൽ വ്യാപാരം നടത്തുന്നു. കുട്ടികളൊക്കെ പേരക്കിടാങ്ങളടക്കം ഇൻഡ്യയിൽ തന്നെ. വർഷത്തിലൊരിക്കൽ ഞങ്ങൾ നാട്ടിൽപോകും. ആ രണ്ടാഴ്ചക്കാലം എന്റെ റസ്റ്ററന്റ്​‍്‌ അടഞ്ഞു കിടക്കും..........."
" നിങ്ങളെപ്പോലെ നാട്ടിൽ നിന്നു വരുന്ന ടൂറിസ്റ്റ്‌ സംഘങ്ങൾക്ക്‌ ഭക്ഷണം വിളമ്പുമ്പോഴാണ്‌ ശരിക്കും ഞാനൊരു ഭാരതീയനാവുന്നത്‌. അപ്പോൾഎനിക്ക്‌ വല്ലാത്തൊരു ഗൃഹാതുരത്വം തന്നെ അനുഭവപ്പെടാറുണ്ട്‌..............."
"എന്റെ ഭാര്യ ഇവിടെ എന്നോടൊപ്പമുണ്ട്‌. നിങ്ങൾ കയറിവന്നപ്പോൾ അവരെ കൗണ്ടറിൽ കണ്ടിരിക്കും. അവർ ഒരു വികളാംഗയാണ്‌, അരയ്ക്ക്‌ താഴെ സ്വാധീനമില്ല. വീൽചെയറിലാണ്‌ സഞ്ചരിക്കുന്നത്‌"
ഒരുനിമിഷം ആ വൃദ്ധന്റെ മുഖം ദു:ഖാർദ്രമായി.
" നിങ്ങൾ മടങ്ങുമുമ്പ്‌ തീർച്ചയായും അവളെ കണ്ട്‌ സംസാരിച്ചിട്ടേ പോകാവു. അതവൾക്കാശ്വാസമാവും..." ഒരപേക്ഷയുടെ മട്ടിലാണതദ്ദേഹം പറഞ്ഞത്‌.
" നിങ്ങൾ കഴിച്ചുതുടങ്ങിക്കൊള്ളൂ, ഞാനിതാവരുന്നു............" അദ്ദേഹം അകത്തേയ്ക്ക്‌ പോയി.
ഞങ്ങൾ ഭക്ഷണം കഴിക്കാനാരംഭിച്ചു. സാധാരണയിൽ കവിഞ്ഞ ഒരു നിശബ്ദത, ആ ഡൈനിങ്ങ്‌ ഹാളിൽ തങ്ങിനിന്നു.

" ഞാൻ............." സ്വന്തം പേരു പറഞ്ഞിട്ടദ്ദേഹം തുടർന്നു. " ഈ ഹോട്ടലിന്റെ ഉടമസ്ഥൻ, ഈ രാത്രിയിലെ നിങ്ങളുടെ ആതിഥേയൻ..............."
ആളൊരു രസികനാണെന്നു തോന്നി. എല്ലാവരുടെയും ശ്രദ്ധക്ഷണിച്ചുകൊണ്ട്‌ അദ്ദേഹം ഒരു ചെറുപ്രസംഗം തന്നെ നടത്തി. ഒരു വിശദീകരണം. ഇംഗ്ലീഷിലും, ഇടയ്ക്കിടെ ഹിന്ദിയിലുമൊക്കെ അദ്ദേഹം തന്റെ വാക്കുകൾ അങ്ങനെ തുടർന്നുപോയി. രസകരമായ ശൈലിയും അവതരണരീതിയും. മേശപ്പുറത്ത്‌ പരിചാരകർ വിളമ്പിക്കൊണ്ടിരുന്ന ഭക്ഷണത്തിൽപോലും ശ്രദ്ധിക്കാതെ എല്ലാവരും ആ മനുഷ്യനിൽതന്നെ കണ്ണുംനട്ടിരിക്കുന്നു. പഴയ ഹിന്ദി ചലച്ചിത്രനടൻ ദിലീപ്‌ കുമാറിന്റെ ഛായ ഉണ്ടായിരുന്നു അദ്ദേഹത്തിന്‌. ഒരു തമാശയ്ക്കെന്നോണം ഇടയ്ക്കൊരിക്കൽ അദ്ദേഹം പറഞ്ഞു,
" സ്നേഹിതരേ, നിങ്ങളെപ്പോലൊന്നുമല്ല ഞാൻ, ഞാനൊരു യുവാവാണ്‌.......... 85 വയസ്സ്‌ പ്രായമുള്ള യുവാവ്‌.........."
" എൺപത്തിയഞ്ചുവയസ്സോ.........?" പെട്ടെന്ന്‌ ഞാൻ ചോദിച്ചുപോയി.
" അതേ 85 തന്നെ. 1920-ലാണ്‌ എന്റെ ജനനം. പാകിസ്ഥാനിലെ ലാഹോറിൽ. വിഭജനാന്തരം ഞാൻ ഇൻഡ്യയിലായി, ബോംബെയിൽ. ഒരു ദേശീയവാദിയാണു ഞാൻ. ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്‌, ജയിലിൽ കിടന്നിട്ടുമുണ്ട്‌. കഴിഞ്ഞ മുപ്പത്‌ വർഷമായി ഇവിടെ, അമേരിക്കയിലെ ഈ ചെറിയ പട്ടണത്തിൽ, ഹോട്ടൽ വ്യാപാരം നടത്തുന്നു. കുട്ടികളൊക്കെ പേരക്കിടാങ്ങളടക്കം ഇൻഡ്യയിൽ തന്നെ. വർഷത്തിലൊരിക്കൽ ഞങ്ങൾ നാട്ടിൽപോകും. ആ രണ്ടാഴ്ചക്കാലം എന്റെ റസ്റ്ററന്റ്​‍്‌ അടഞ്ഞു കിടക്കും..........."
" നിങ്ങളെപ്പോലെ നാട്ടിൽ നിന്നു വരുന്ന ടൂറിസ്റ്റ്‌ സംഘങ്ങൾക്ക്‌ ഭക്ഷണം വിളമ്പുമ്പോഴാണ്‌ ശരിക്കും ഞാനൊരു ഭാരതീയനാവുന്നത്‌. അപ്പോൾഎനിക്ക്‌ വല്ലാത്തൊരു ഗൃഹാതുരത്വം തന്നെ അനുഭവപ്പെടാറുണ്ട്‌..............."
"എന്റെ ഭാര്യ ഇവിടെ എന്നോടൊപ്പമുണ്ട്‌. നിങ്ങൾ കയറിവന്നപ്പോൾ അവരെ കൗണ്ടറിൽ കണ്ടിരിക്കും. അവർ ഒരു വികളാംഗയാണ്‌, അരയ്ക്ക്‌ താഴെ സ്വാധീനമില്ല. വീൽചെയറിലാണ്‌ സഞ്ചരിക്കുന്നത്‌"
ഒരുനിമിഷം ആ വൃദ്ധന്റെ മുഖം ദു:ഖാർദ്രമായി.
" നിങ്ങൾ മടങ്ങുമുമ്പ്‌ തീർച്ചയായും അവളെ കണ്ട്‌ സംസാരിച്ചിട്ടേ പോകാവു. അതവൾക്കാശ്വാസമാവും..." ഒരപേക്ഷയുടെ മട്ടിലാണതദ്ദേഹം പറഞ്ഞത്‌.
" നിങ്ങൾ കഴിച്ചുതുടങ്ങിക്കൊള്ളൂ, ഞാനിതാവരുന്നു............" അദ്ദേഹം അകത്തേയ്ക്ക്‌ പോയി.
ഞങ്ങൾ ഭക്ഷണം കഴിക്കാനാരംഭിച്ചു. സാധാരണയിൽ കവിഞ്ഞ ഒരു നിശബ്ദത, ആ ഡൈനിങ്ങ്‌ ഹാളിൽ തങ്ങിനിന്നു.

അതീവ രുചികരമായിരുന്നു അന്നത്തെ അത്താഴം. ഇത്തരം യാത്രകളിലെ ഭക്ഷണക്രമത്തെപ്പറ്റികൂടി പറയേണ്ടിയിരിക്കുന്നു.
ഞാൻ അടുത്ത കാലം വരെ ധരിച്ചിരുന്നത്‌ ഇൻഡ്യക്കാർക്ക്‌ പൊതുവേ രണ്ടുതരം ഭക്ഷണക്രമങ്ങൾ മാത്രമാണുള്ളതെന്നാണ്‌; സസ്യഭക്ഷണവും സസ്യേതരവും. ഇത്തരം വിദേശയാത്രകളിൽ പങ്കെടുത്തതിനുശേഷം മാത്രമാണറിയുന്നത്‌, ഇനിയൊരു രീതികൂടി നമുക്കുണ്ടെന്ന്‌; അത്‌ ജെയ്ൻ ഭക്ഷണക്രമമാണ്‌.
എന്താണ്‌ ജെയ്ൻ ഭക്ഷണം............?
സസ്യഭുക്കുകളാണ്‌ ജെയ്നരെങ്കിലും കുറേക്കൂടി മൗലികമാണ്‌ അവരുടെ ഭക്ഷണരീതി. ഉള്ളി, ഉരുളക്കിഴങ്ങ്‌, വെളുത്തുള്ളി, ഭൂമിക്കടിയിൽ വളരുന്ന കിഴങ്ങുവർഗ്ഗങ്ങൾ ഇവ അവർക്ക്‌ തീർത്തും വർജ്ജ്യമാണ്‌, നിഷിദ്ധവും. ഇവ ഒഴിവാക്കി ഇക്കാലത്ത്‌ എന്തു ഭക്ഷണവിഭവങ്ങളാണു തയ്യാറാക്കാനാവുക.
ഇത്തരം ലോകയാത്രകളിൽ പങ്കെടുക്കുന്നവരിൽ 50 ശതമാനത്തോളം ആൾക്കാർ എപ്പോഴും ജെയ്നരാവും. വടക്കേ ഇൻഡ്യയിലെ വളരെ സമ്പന്നരായ വ്യാപാരി- വ്യവസായികളായ അവർ ലോകയാത്രകൾ നടത്താൻ അതീവ താൽപര്യമുള്ളവരും, യാത്രയ്ക്കായി എത്രതുക മുടക്കാൻ മടിയില്ലാത്തവരുമാണ്‌. പക്ഷേ ഭക്ഷണവിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അവർ തയ്യാറല്ല. അവർക്കായി മാത്രം ട്രാവൽ കമ്പനികൾ ഓരോ യാത്രയിലും ഭക്ഷണവിഭവങ്ങൾ ഒരുക്കുകയും പ്രത്യേകമായി അവ വിളമ്പുകയും ചെയ്യാറുണ്ട്‌. ലോകസഞ്ചാരം നടത്താൻ ഇൻഡ്യയിൽ ഏറ്റവും വിമുഖതയുള്ളവർ കേരളീയർമാത്രമാണ്‌ എന്ന്‌ എന്റെ അനുഭവം പഠിപ്പിക്കുന്നു.
ഇക്കുറി ഒട്ടാകെ ഞങ്ങളുടെ ഗ്രൂപ്പിലെ 40 പേരിൽ 17 പേരും ജെയ്നന്മാരായിരുന്നു; വിവാഹത്തിന്റെ അൻപതാം വാർഷികം ആഘോഷിച്ച വൃദ്ധദമ്പതികളും അക്കൂട്ടത്തിലുണ്ടായിരുന്നു.
ഞങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹോട്ടലുടമ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴദ്ദേഹം വേഷം മാറിയിരിക്കുന്നു. വെളുത്ത കുർത്തയും പൈജാമയും ധരിച്ചപ്പോൾ അദ്ദേഹമിപ്പോൾ ഒരു യഥാർത്ഥ ഉത്തരേന്ത്യക്കാരന്റെ മട്ടിലായി.
ഇനിയെന്താണാവോ പരിപാടി, എല്ലാവരും ശ്രദ്ധയോടെ അദ്ദേഹത്തിന്റെ മുഖത്തേയ്ക്ക്‌ ഉറ്റു നോക്കി.
ഹാളിന്റെ മദ്ധ്യഭാഗത്ത്‌ ഒരു പ്രധാന സ്ഥലത്ത്‌ അദ്ദേഹം എല്ലാവരും കാണുംവിധം ഉപവിഷ്ടനായി. ഒരു വലിയ സദസ്സിനെ അഭിമുഖീകരിക്കുന്ന ഒരാളെപ്പോലെ അദ്ദേഹം തന്റെ വാക്കുകൾ ആരംഭിച്ചു.
" പ്രിയസ്നേഹിതരേ, നിങ്ങൾ ഒരുപക്ഷേ കരുതുംപോലെ ഞാൻ വെറുമൊരു ഭക്ഷണവിൽപ്പനക്കാരൻ മാത്രമല്ല, ചെറിയൊരെഴുത്തുകാരൻ കൂടിയാണ്‌. ചെറിയ ചില കവിതകൾ ഞാൻ രചിക്കാറുണ്ട്‌. ഞാനെഴുതിയ ഒരു കൊച്ചുകവിത ഇവിടെ നിങ്ങളുടെ മുമ്പിൽ വായിക്കട്ടെ.....?"
ആ ചോദ്യത്തിന്‌ ഒരപേക്ഷയുടെ മട്ടുണ്ടായിരുന്നു.

" തീർച്ചയായും...." എല്ലാവരും ഒരേ സ്വരത്തിൽ അനുവാദം നൽകി. നാട്ടിൽ നിന്നും വളരെ വിദൂരമായ ഒരു രാജ്യത്ത്‌ പതിറ്റാണ്ടുകളായി പാർക്കുന്ന ഈ വൃദ്ധൻ, താനെഴുതിയ വരികൾ കേൾപ്പിക്കാൻ ഒരു സദസ്സിനെ തേടുന്നു. അദ്ദേഹത്തിനിപ്പോൾ ആവശ്യം ഒരു ശ്രോതാവിനെയാണ്‌. ഞങ്ങൾ അതീവതാൽപര്യത്തോടെ, ശ്രദ്ധാപൂർവ്വം ആ മനുഷ്യന്റെ വാക്കുകൾക്കായി കാതോർത്തു.
തന്റെ കുർത്തയുടെ നീളൻപോക്കറ്റിൽ കൈതിരുകി അദ്ദേഹമൊരു കടലാസ്സ്‌ കഷണം പുറത്തെടുത്തു. വായിക്കാൻ അദ്ദേഹത്തിനു കണ്ണട പോലും വേണ്ടിയിരുന്നില്ല. ഒരു യുവാവിന്റെ ചുറുചുറുക്കോടെ താനെഴുതിയ കവിതാശകലം നല്ല ശീലിൽ അദ്ദേഹം വായിച്ചുതുടങ്ങി. ഏതാനും വരികൾ പിന്നിട്ടപ്പോൾ കവിതാലാപനത്തിന്‌ ഒരു സംഗീതഭാവമുണ്ടായി. ഒരു ഗസൽ സംഗീതം ആസ്വദിക്കുന്ന മട്ടിൽ എല്ലാവരും ശ്രദ്ധയോടെ അത്‌ കേട്ടിരുന്നു. ഹിന്ദി ശരിക്കറിയാത്ത എനിക്ക്‌ ആ വാക്കുകളുടെ അർത്ഥം പൂർണ്ണമായി ഗ്രഹിക്കാൻ കഴിഞ്ഞില്ല. എങ്കിലും ആ കവിതയുടെ ആലാപനരീതി ഹൃദ്യമായിരുന്നു. അതൊരു ശോകകവിത പോലെ തോന്നി. തന്റെ വരികൾ വായിച്ചവസാനിപ്പിച്ചപ്പോൾ ആ മനുഷ്യന്റെ കൺപീലികൾ നനഞ്ഞിരുന്നു. മറ്റു കേൾവിക്കാരായ ഹിന്ദിക്കാരുടെ മുഖത്തും ശോകഭാവം നിഴലിച്ചതു ഞാൻ ശ്രദ്ധിച്ചു. ഹൃദയസ്പൃക്കും വിഷാദഭാവമുള്ളതുമായ ഏതോ ഇതിവൃത്തമായിരുന്നിരിക്കണം ആ കവിതയിലേതെന്ന്‌ എനിക്ക്‌ തോന്നി.
ഒരു നല്ല സായാഹ്നം, നല്ല ഒരു അത്താഴവിരുന്ന്‌, ഒക്കെക്കഴിഞ്ഞു പുറത്തേക്കിറങ്ങുംവഴി എല്ലാവരും ആ വൃദ്ധന്റെ ഭാര്യയെ ചെന്നു കണ്ട്‌ പരിചയപ്പെട്ടു.
ഞാനും അടുത്ത്‌ ചെന്നു. ഒരു മകനോടെന്നപോലെ ഒരമ്മയുടെ വാത്സല്യഭാവത്തോടെ അവരെന്നോടു സംസാരിച്ചു. കൂട്ടത്തിൽ അന്ന്‌ സാരി ധരിച്ചിരുന്നത്‌ എന്റെ ഭാര്യ മാത്രമായിരുന്നു, ഒരു മാറ്റത്തിനായി മാത്രം ചുരിദാർ അവൾ അന്നൊഴിവാക്കുകയായിരുന്നു. ഭാര്യയുടെ ഹാൻഡ്ലൂം സാരി മെല്ലെ തൊട്ടുനോക്കിയിട്ട്‌ അവർ പറഞ്ഞു.
"നല്ല വേഷം, എത്ര ലളിതം. യാത്രയിൽ അൽപ്പം അസൗകര്യം സൃഷ്ടിക്കുമെങ്കിൽപോലും സാരി നമ്മുടെ ഡ്രസ്സാണ്‌, ഇൻഡ്യയുടെ തനത്‌ വേഷം................." ശബദ്ം താഴ്ത്തി ഇത്രയും പറഞ്ഞിട്ട്‌ അവർ ഹൃദ്യമായി ചിരിച്ചു. ആ ചിരിയിൽപോലും അജ്ഞാതമായ ഒരു ശോകഭാവം ഒളിഞ്ഞിരുന്നുവോ.
അൽപ്പം ഉയരമുള്ള ഒരു വീൽചെയറിലായിരുന്നു കൗണ്ടറിനു പിന്നിൽ അവർ ഇരുന്നിരുന്നത്‌; അവർക്ക്‌ നടക്കാനാവില്ലല്ലോ.


ബസ്സിൽ തിരികെ ഹോട്ടലിലേയ്ക്ക്‌ മടങ്ങുമ്പോഴും, കവിതകളെഴുതുന്ന, യുവത്വം ഇനിയും കൈമോശം വന്നിട്ടില്ലാത്ത വയോവൃദ്ധനായ ആ ഹോട്ടലുടമയെയും, അദ്ദേഹത്തിന്റെ വികലാഗയായ ഭാര്യയെയും ചുറ്റിപ്പറ്റി നിൽക്കുകയായിരുന്നു എന്റെ ചിന്തകൾ.