Followers

Saturday, October 31, 2009




mathew nellickunnu
ezhuth/ dec/ 2009





നിഴൽ

നിഴലുകൾ നീണ്ടുപോയപ്പോൾ കുറെനേരം ഇരുന്നാൽ വേണ്ടില്ലായെന്നു തോന്നി. ചന്തദിവസമായതുകൊണ്ട്‌ മാർക്കറ്റിൽ തിരക്കു കൂടുതലാണ്‌. പച്ചക്കറിയുടെ അരികിൽ കൂട്ടിയിരിക്കുന്ന കല്ലുകളിൽ ഒന്നു വിശ്രമിക്കാം. ജോലി തേടിയുള്ള ഈ നടപ്പിൽ കാലുകൾ കുഴയുമ്പോൾ മറ്റെന്തുവഴി?
പണ്ട്‌ ക്ലാസിലിരുന്ന്‌ വർത്തമാനം പറഞ്ഞതിന്‌ എന്നോടൊപ്പം പുറത്താക്കപ്പെട്ട സെബാസ്റ്റ്യനെ പെട്ടെന്നോർത്തു. ആ സ്നേഹബന്ധം അവൻ ഒരിക്കലും മറക്കുകയില്ല.
കാറു നന്നാക്കുന്ന ഒരു ഷോപ്പ്‌ അവന്‌ ഈ മാർക്കറ്റിൽ എവിടെയോ ഉണ്ട്‌. എനിക്ക്‌ ഒരു പണി കണ്ടുപിടിക്കാൻ അവൻ സഹായിക്കാതിരിക്കില്ല.
അകലെ മോട്ടോറുകളുടെ ശബ്ദവും കാറുകളുടെ ബോണറ്റു തുറന്നിരിക്കുന്ന കാഴ്ചയും എന്നിൽ പ്രതീക്ഷയുണർത്തി.
സെബാസ്റ്റ്യന്റെ ഓഫീസുമുറിയിൽ നിന്നു പ്രകാശം പുറത്തേക്കു തെളിഞ്ഞു. ചെന്ന കാര്യം പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ മുഖത്തേക്ക്‌ നോക്കി കുറെ നേരം മിണ്ടാതിരുന്നു.
സർട്ടിഫിക്കറ്റുകൾ പൊതിഞ്ഞ കടലാസ്‌ വിയർപ്പിൽ നനഞ്ഞിട്ടുണ്ട്‌. ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ അവൻ ആശാവഹമായ ഒരു മറുപടിയാണ്‌ നൽകിയത്‌.
നാളെ നമുക്ക്‌ ഒരാളെ പോയിക്കാണാം. ഇന്ന്‌ എന്റെ മുറിയിൽ തന്നെ നീ കൂടിക്കോ.
ഞാൻ എല്ലാം സമ്മതിച്ച്‌ തലകുലുക്കി.
രാവിലെത്തന്നെ അവന്റെ മോട്ടോർ സൈക്കിളിൽ കയറി ഞങ്ങൾ ഒരാളെക്കാണാൻ പുറപ്പെട്ടു.
ഒരു വലിയ വീടിന്റെ ഗേറ്റുകടന്നപ്പോൾ സെബാസ്റ്റ്യൻ മെല്ലെ പറഞ്ഞു. എമ്മെല്ലെസാറാണ്‌. എനിക്ക്‌ പല സഹായങ്ങളും ചെയ്തിട്ടുണ്ട്‌. ഞങ്ങൾ ഒരേ പാർട്ടിക്കാരാണ്‌.
സെബാസ്റ്റ്യൻ മുറ്റത്തിന്റെ അരികുപറ്റി മോട്ടോർസൈക്കിൾ ചാരിവച്ചിട്ട്‌ വീട്ടിലേക്ക്‌ നീങ്ങിയപ്പോൾ ഞാൻ പിന്നാലെ നടന്നു.
അവൻ കോളിങ്‌ ബെല്ലടിച്ചു. പ്രൗഢിയിൽ വേഷം ധരിച്ച അമ്പതുകാരൻ ചിരിച്ചുകൊണ്ട്‌ ഇറങ്ങിവന്നു. അകത്തിരിക്കാം.
സെബാസ്റ്റ്യൻ ചെരിപ്പുകൾ മാറ്റാതെ അകത്തു കടന്നു. ഞാനും അവനെ അനുകരിച്ച്‌ കസേരയിൽ ഇരുന്നു.
സ്വർണ്ണം പൂശിയ കണ്ണടയിലൂടെ വീട്ടുകാരൻ എന്നെത്തന്നെ നോക്കി.
ഇന്നലെ ഇവനെക്കുറിച്ചാണ്‌ ഞാൻ ഫോണിൽ പറഞ്ഞത്‌.
സെബാസ്റ്റ്യന്റെ വാക്കുകൾ കേട്ട്‌ അയാൾ മൂളി. ഞാൻ നോക്കട്ടെ, ഇപ്പോൾ പൊയ്ക്കോളു. മറ്റൊന്നും പറയുകയോ സൽക്കാരത്തിന്റെ ചുവ കലർന്ന എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കുകയോ അയാൾ ചെയ്തില്ല.
മറ്റെല്ലായ്പ്പോഴുംപോലെ. ഞാൻ സെബാസ്റ്റ്യന്റെ പിറകെ മുറ്റത്തേക്കിറങ്ങി.