Followers

Saturday, October 31, 2009

എഡിറ്റോറിയല്‍
mathew nellickunnu
ezhuth/dec.2009

അങ്കം വെട്ടിയ പെൺകൊടിമാർ

വടക്കൻ പാട്ടുകളിൽ നിറഞ്ഞുനിൽക്കുന്ന, അങ്കംവെട്ടി വിജയിക്കുകയും വീഴുകയും ചെയ്ത വീരാംഗനകളുടെ കഥ ആരുടെ മനസ്സുകളെയാണ്‌ രോമാഞ്ചമണിയിക്കാത്തത്‌? എന്നാലും അന്നും സ്ത്രീകൾ അബലകളായിരുന്നു ഒരർത്ഥത്തിൽ അടിമകളും. കൂട്ടുകുടുംബവ്യവസ്ഥിതിയിൽ അങ്ങനെയാവാനെ നിർവാഹമുണ്ടായിരുന്നുള്ളു.
കുട്ടുകുടുംബത്തിൽ മുതിർന്ന പുരുഷന്മാരുടെ അടിയും തൊഴിയുമേറ്റ്‌ മരിച്ചു ജീവിച്ചവരാണല്ലോ സ്ത്രീകൾ. കുട്ടുകുടുംബവ്യവസ്ഥ തകരുകയും അണുകുടുംബത്തിന്റെ ആവിർഭാവം യാഥാർത്ഥ്യമാവുകയും ചെയ്തതോടെ സ്ത്രീയും പുരോഗതിയുടെ വഴിത്താരയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. സ്ത്രീകളും പുരുഷന്മാരോടൊപ്പം തോളോടുതോൾ ചേർന്ന്‌ മത്സരിക്കാനും അവകാശങ്ങൾ പിടിച്ചു വാങ്ങാനും പൊരുതുന്നു.
മൂന്നുദശകം മുമ്പ്‌ വാഹനമോടിക്കുന്ന ഒരു വനിതപോലും ഉണ്ടായിരുന്നില്ല. ഇന്നവർ സൈക്കിളിലും സ്കൂട്ടറിലും സഞ്ചരിക്കുന്നു കാറുകളിൽ ചീറിപ്പാഞ്ഞു പോകുന്നു. ഓട്ടോയും ബസ്സും ഓടിച്ചു തുടങ്ങിയിരിക്കുന്നു. പെൺകിടാങ്ങൾ മാത്രമല്ല. മദ്ധ്യവയസ്കകളും അതിലും പ്രായം കടന്നവരും ഈ നിരയിലുണ്ട്‌ അവരാകട്ടെ തുരുതുരാ ഉണ്ടാകുന്ന അപകടങ്ങളിൽ കക്ഷികളുമല്ല. കാരണം വളരെ സൂക്ഷിച്ചാണവർ വണ്ടി ഓടിക്കുന്നത്‌. പുരുഷന്റെ കൂടപ്പിറപ്പായ അശ്രദ്ധ അവരെ വലയം ചെയ്യുന്നില്ല. അതുകൊണ്ട്‌ അപകടങ്ങൾ അങ്ങിനെ ഉണ്ടാകുന്നുമില്ല.
അകത്തളങ്ങളിൽ മൂടിപ്പുതച്ചിരുന്ന്‌ ഗൃഹജോലികൾ ചെയ്തും കുട്ടികളെ നോക്കിയും കഴിഞ്ഞിരുന്ന സ്ത്രീ എന്ന പഴയ പുരുഷ സങ്കൽപത്തിൽനിന്നും അവൾ ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു.
തൊഴിൽ മേഖലയിൽ കേരളത്തിലെ മിക്ക ഓഫീസുകളിലും ടൂറിസം, ഐ.ടി. കമ്പ്യൂട്ടർ തുടങ്ങിയ മേഖലകളിലും സ്ത്രീകളുടെ ആധിപത്യംതന്നെ കാണുവാൻ സാധിക്കും. വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവും ആയുണ്ടായ ഈ വലിയ മാറ്റം അവരുടെ വസ്ത്രധാരണ രീതിയിലും വലിയ മാറ്റങ്ങൾ വന്നു. ആഭരണങ്ങൾ അണിയുന്ന കാര്യത്തിലും സ്ത്രീകൾ ഇന്ന്‌ പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടുകയാണ്‌. ഫാഷൻ അവരുടെ ഉല്ലാസ ജീവതവുമായി വളരെയേറെ താദാത്മ്യം പ്രാപിച്ചിരിക്കുന്നു.
ചുരിദാർ, ജീൻസ്‌, മറ്റ്‌ മോഡേൺ ഡ്രസ്സുകൾ തുടങ്ങിയവയോടാണ്‌ എല്ലാവർക്കും പ്രിയം. വർണ്ണരാജികൾ വിരാജിക്കുന്ന സാരിയണിഞ്ഞ, നീണ്ട തലമുടി പിന്നിയിട്ട്‌ മുടിയിൽ പൂവുംചൂടി നടന്നിരുന്ന ശാലീനസൗന്ദര്യം ഇന്ന്‌ അപൂർവ്വം മാത്രം. അത്തരം സൗന്ദര്യ സങ്കൽപം ഇന്ന്‌ അപ്പാടെ മാറിയിരിക്കുന്നു. തോളൊപ്പം വെട്ടിയ മുടിയും ചുണ്ടിൽ ചായവും കയ്യിൽ മൊബെയിൽ ഫോണുമായി നടന്നുനീങ്ങുന്ന നാടൻ മദാമ്മമാർ സാർവ്വത്രികമായ കാഴ്ചയാണിപ്പോൾ.
പഴയ നാണംകുണുങ്ങികളായ മലയാളി പെൺകുട്ടികളല്ല ഇന്നവർ. എവിടെയും തങ്ങളുടെ അവകാശങ്ങളും, അഭിപ്രായങ്ങളും വെട്ടിത്തുറന്ന്‌ പറയാൻ ഇന്നവർ പ്രാപ്തരാണ്‌. പണ്ട്‌ കുടുംബങ്ങളിൽ സമ്പാദിച്ചുകൊണ്ടുവന്നിരുന്നത്‌ പുരുഷന്മാരായിരുന്നെങ്കിൽ ഇന്ന്‌ അവരോടൊപ്പം നിന്ന്‌ കുടുംബം പുലർത്താനും സമ്പാദിക്കാനും സ്ത്രീകളും കഴിവ്‌ നേടി.
വിശുദ്ധമായ വേദിയിൽ ആഹ്ലാദസുന്ദരമായ മുഹൂർത്തത്തിൽ കഴുത്തിലണിഞ്ഞ താലിമാല കാരുണ്യലേശമില്ലാതെ പൊട്ടിച്ചെറിയുവാൻ ആർക്കും മടിയില്ല. പണ്ട്‌ എന്തും സഹിച്ച്‌ കഴിഞ്ഞിരുന്ന സ്ത്രീകൾ ഇന്ന്‌ കുടുംബത്തിൽ അഭിപ്രായ ഭിന്നതകളും പീഡനങ്ങളും സഹിച്ച്‌ കഴിയുവാൻ സന്നദ്ധരല്ല. കേരളത്തിലെ സ്ത്രീകൾ കുടുംബിനി എന്ന പഴയ സങ്കൽപ്പത്തെ തന്നെ മാറ്റിമറിച്ചിരിക്കുന്നു.
തന്റെ വാക്കുകൾക്കും വിലയുണ്ടെന്നും അതിനാൽ തന്റെ വ്യക്തിത്വത്തിന്‌ അംഗീകാരം വേണമെന്നും അവൾ ആഗ്രഹിക്കുന്നു. സ്വയം പര്യാപ്തത്തയും ഇന്നവൾ ആഗ്രഹിക്കുന്നു. ഭർത്തൃഗൃഹത്തിൽ വന്നു കയറുന്ന സ്ത്രീ എന്തും സഹിക്കേണ്ടവളാണെന്ന പഴയ സങ്കൽപങ്ങൾ പാടെ മാറിയിരിക്കുന്നു. പുരുഷനോടൊപ്പം സമ്പാദിക്കുന്നതിന്റെ ഗർവ്വ്വ്‌ ഇന്നവൾക്കുണ്ട്‌. അമ്മായിയമ്മയുടെ വികള ചിന്തകൾക്കു വിലങ്ങിടുന്നതിനവൾക്കു തന്റേടമുണ്ട്‌.
ഇതിന്റെയെല്ലാം പരിണിതഫലമായി കുടുംബത്തിൽ ഉണ്ടാകുന്ന ഓരോ സംഭവവികാസത്തിന്റേയും ഉത്തരവാദി അവളാണെന്ന കുടുംബാംഗങ്ങളുടെ കുറ്റപ്പെടുത്തലുകളിൽ നിന്നും അമ്മായിയമ്മയുടെയോ, നാത്തൂന്മാരുടെയോ എന്തിന്‌ ഭർത്താവിന്റെയോ പീഡനങ്ങളിൽനിന്നും ഇന്നവൾ മോചനത്തിനായി ആഗ്രഹിക്കുന്നു.
ഇതൊക്കെയാണെങ്കിലും സ്ത്രീപീഡനത്തിന്റെ ധാരാളം കഥകൾ പത്രമാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്നുകൊണ്ടിരിക്കുന്നു. സ്ത്രീകൾ വീടിനകത്തും പുറത്തും ധാരാളം പീഡിപ്പിക്കപ്പെടുന്നുണ്ട്‌. പെൺവാണിഭങ്ങളും ഇന്ന്‌ ഏറിവരുന്നു. എന്തുമാത്രം സ്ത്രീസ്വാതന്ത്ര്യത്തെ പ്രകീർത്തിച്ചാലും ഒരുകാര്യം സത്യമാണ്‌-ഇന്നും ഒരു സ്ത്രീക്ക്‌ രാത്രികാലങ്ങളിലോ വിജനമായ സ്ഥലത്തു കൂടിയോ തനിയെ സഞ്ചരിക്കുവാൻ കഴിയുകയില്ല.