Followers

Monday, October 25, 2010

തട്ടകത്തെ കോവിലൻ

m faizal


സത്യത്തിൽ കോവിലനെ കുറിച്ച് ഇപ്പോൾ എഴുതുമ്പോൾ കുറ്റബോധവും സങ്കടവുമുണ്ട്. എന്തുകൊണ്ടെന്നാൽ നമുക്കിടയിൽ നമ്മോടൊപ്പം അദ്ദേഹം ഉണർന്നിരിയ്ക്കെ ആ എഴുത്തിന്റെ തീക്ഷ്ണാനുഭവം പങ്കിടാനാവാതെ പോയല്ലോ! ഞാൻ ജനിച്ചു വളര്‍ന്ന ഭൂസ്വരൂപത്തിന്റെയും ജീവിതവ്യവഹാരങ്ങളുടെയും സര്‍ഗാത്മകവ്യാഖ്യാനം നടത്തിയ ഹിമാലയതുല്യനായ കോവിലനെക്കുറിച്ചെഴുതാൻ ഈ പംക്തിയില്‍ ഇതിനുമുമ്പേ ആഗ്രഹിച്ചതാണ്. ഇടപെട്ട ഇടങ്ങളിൽ വേറിട്ട മുദ്ര രചിച്ചവരെയായിരുന്നു ഈ പംക്തിയിൽ ഞാൻ അക്ഷരസ്മരണയ്ക്ക് സ്വീകരിച്ചത്. മലയാളത്തിൽ ജീവിച്ചിരുന്ന ഇതര എഴുത്തുകാരിൽ നിന്ന് വ്യത്യസ്തമായി എന്തു സവിശേഷതയായിരുന്നു അയ്യപ്പൻ എന്ന കോവിലന് ഉണ്ടായിരുന്നത് എന്ന സംശയം അദ്ദേഹത്തിന്റെ രചനാപ്രപഞ്ചത്തിലൂടെ കടന്നുപോയിട്ടുള്ളവർ തീർച്ചയായും ഉന്നയിക്കില്ല. എന്തുകൊണ്ടെന്നാൽ എഴുത്തുകാരൻ എപ്പോഴും വിട്ടുപോകുന്നത് അനന്യവും അതുല്യവുമായ സൌന്ദര്യമാണ്. ആ സൌന്ദര്യത്തിന് രചയിതാവിന്റെയും ആസ്വാദകന്റെയും ദർശനസ്വാഭാവത്തിന് അനുസരിച്ചുള്ള വൈവിദ്ധ്യങ്ങളുണ്ടാകാം. കോവിലൻ നമുക്കു മുന്നിൽ വിട്ടുപോയത് എഴുത്തിൽ അധികമാരും പറഞ്ഞു പതിയാത്ത വാമൊഴി വഴക്കങ്ങളാണ്. ശിലായുഗത്തിന്റെ പിന്തുടർച്ചയിലൂടെ ഊറിവന്ന ദ്രാവിഡജീവിത സമ്പ്രദായമാണ്.

ഗുരുവായൂർ ശ്രീ ക്ര്‌ഷണ കോളേജ് നിലകൊള്ളുന്ന അരികന്നിയൂർ കുന്നിറങ്ങി തെക്കു പടിഞ്ഞാട്ടിറങ്ങിയാൽ കണ്ടാണിശ്ശേരിയായി. കോളേജിന്റെ പഴയ ലേഡീസ് ഹോസ്റ്റലിനു പിറകിലെ കുറ്റിക്കാട്ടിൽ ഉണക്കിലയുടെ ഞരമ്പു പോലെ അവ്യക്തമായി കിടക്കുന്ന നടവഴിയുണ്ട്. അതിലൂടെ നടന്നാൽ കുന്നിറങ്ങാം. അതിറങ്ങിയാൽ ചരിത്രത്തിലെ ശിലായുഗത്തിലേക്ക് നീളുന്ന കാഴ്ചവിസ്മയമുണ്ട്. കുടക്കല്ലുകൾ! ദേശീയ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള തൊപ്പിക്കല്ലുകൾ കടന്നാൽ വഴിയോരത്തെ കള്ളുഷാപ്പിൽ നിന്ന് പുളിച്ച കള്ളിന്റെ മണം ഇറച്ചിയുടെയും മീനിന്റെയും മസാലഗന്ധത്തിൽ കലർന്ന് പരക്കുന്നതറിയാം. പിന്നെയും കുന്നു കയറിയാൽ ചാരായഷാപ്പാണ്. കള്ളുഷാപ്പിലെ കുടി പഴഞ്ചനായെന്നു തോന്നിയാൽ പിള്ളേർ പിന്നെയെത്തുന്നത് ചാരായഷാപ്പിലാണ്.
1987 ലെ ഒരു പൊള്ളുന്ന വെയിലിലാണ് ഞാൻ ആദ്യാമായി കോവിലനുമായി സംസാരിക്കുന്നത്. അന്നു ഞാന്‍ ശ്രീ ക്ര്‌ഷ്ണ കോളേജിൽ ഒന്നാം വർഷ ചരിത്രബിരുദത്തിന് പഠിക്കുകയായിരുന്നു. കോഴിക്കോട് സര്‍വകലാശാലയുടെ ഡി-സോണ്‍ തല കവിതാരചനാ മത്സരത്തിൽ ആ വര്‍ഷം എന്നെ ഒന്നാമതായി തെരഞ്ഞെടുത്തിരുന്നു. അടുത്തത് ഇന്റർസോൺ മത്സരം.

അത് അതേ അക്കാദമികവർഷം കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലായിരുന്നു. അങ്ങോട്ട് പുറപ്പെടും മുമ്പ് തെരഞ്ഞെടുക്കപ്പെടാന്‍ നിമിത്തമായ എന്റെ കവിത എനിയ്ക്ക് കിട്ടിയാൽ കൊള്ളാമെന്ന് തോന്നി. വിഷയം തന്ന് സത്വരം രണ്ടു മണിക്കൂറുകൊണ്ട് എഴുതിയതാണ്. കവിയും ഗണിതശാസ്ത്ര പ്രൊഫസറുമായ പി. കേശവന്‍ നമ്പൂതിരിയാണു പറഞ്ഞത് കവിത കോവിലന്റെ കൈവശമാണെന്ന്. ഇന്നും ഞാന്‍ ഓര്‍ക്കുന്നു ആ കവിതയുടെ ശീര്‍ഷകം: ‘സികതാക്ഷരങ്ങള്‍‘. കള്ളുഷാപ്പ് കടന്നു. ചാരായഷാപ്പ് കടന്നു. പ്രാചീന സംക്ര്‌തിയുടെ അടയാളങ്ങളായ തൊപ്പിക്കല്ലുകളും മുനിമടയും കടന്നു. പറങ്കിമാവുകൾ അതിർത്തിയിടുന്ന ചെമ്മൺ വഴിയിലൂടെ നടത്തം.

വീടിനടുത്ത വഴിയിൽ എഴുത്തിലെ ഹിമാലയം! കണ്ടു. പരിചയപ്പെട്ടു. സൌമ്യം. സംസാരിച്ചു. ദീപ്തം. ഗോത്രകണിശം! തിരിച്ചു പോന്നു. കോവിലന്‍ എന്ന മഹാപ്രതിഭയുടെ തീക്ഷ്ണമായ രചനകള്‍ വായിച്ചു. ‘റ’ എന്ന കഥ ഇന്നും പിന്തുടരുന്ന അടയാള കഥയാണ്. കഥാകാരന്‍റെ പതാക. ‘റ’ ഒരു അക്ഷരമല്ല. അത് ജീവിതത്തിന്റെ മറ്റൊരു ചിഹ്നമാകുന്നത് ‘റ’ എന്ന രൂപമുള്ള മണ്‍പാത്രവുമായി കുട്ടി പള്ളിക്കൂടത്തിലേക്ക് പോകുന്നത് ഒരു നേരത്തെ അന്നത്തിനാണ് എന്നറിയുമ്പോഴാണ്. പൊള്ളുന്ന ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെടാതെ ഒരു വിദ്യയും സാധ്യമല്ല എന്ന സ്ത്യത്തെ ‘റ’ എന്ന കഥ മുദ്രണം ചെയ്യുന്നു.
കോവിലന്‍റെ കഥകളിലൂടെ കടന്നുപോകുമ്പോഴൊക്കെ വെടിയൊച്ചകളുടെ മുഴക്കങ്ങളും ട്രഞ്ചുകളില്‍ അകപ്പെട്ടു പോകുന്ന പ്രതീക്ഷകളുടെ ഞരക്കങ്ങളും വായനക്കാരനറിഞ്ഞു. തോറ്റങ്ങള്‍, ഹിമാലയം, തട്ടകം.

ഒരിയ്ക്കൽ കുഞ്ഞുണ്ണിമാഷുമായി ഒരുനാള്‍ അവിടെ ചെന്നു. കുഞ്ഞുണ്ണിമാഷ് എന്നോടു പറഞ്ഞു. ‘എനിയ്ക്ക് അയ്യപ്പനെ കണ്ടിട്ടു വേണം പോകാന്‍’. ഞാന്‍ അധ്യാപനം നടത്തിയിരുന്ന വിദ്യാലയത്തിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കുഞ്ഞുണ്ണിമാഷ്. മാഷുടെ കൈ പിടിച്ച് ഞാന്‍ കോവിലന്റെ വീട്ടുപടി കയറി. കുറേ നേരം സംസാരിച്ചിരുന്നു. വ്യക്തിപരമായ വിശേഷങ്ങൾ. കവിതയെഴുത്ത്. കഥകളുടെയും നോവലെഴുത്തിന്റെയും വഴികൾ. അന്നേരം ‘തട്ടകം’ മലയാളത്തിൽ ഏറെ വായിക്കപ്പെടുന്ന നോവലുകളിൽ ഒന്നായി മാറിയിരുന്നു. പിന്നീടൊരിയ്ക്കൽ എന്റെ ചങ്ങാതിയും കഥകാരനുമായ ബഷീർ മേച്ചേരിയുമായി കോവിലന്റെ ‘ഗിരി’യിൽ പോയി. എം. എ റഹ്മാന്‍ ‘കോവിലന്‍: എന്റെ അച്ഛാച്ഛന്‍’ എന്ന ഡോക്യുമെന്ററി എടുക്കുന്നു. അന്ന് ഏതാണ്ട് അവിടെ തന്നെ ചെലവഴിച്ചു. റഹ്മാന്റെ ഡോക്യുമെന്ററി ചലച്ചിത്രം ഒരു കോവിലൻ പഠനമാണ്. അദ്ദേഹത്തിന്റെ ‘ബഷീർ ദ് മാൻ‘ എങ്ങനെ ബഷീറിനെ വിശദീകരിച്ചുവോ അതേ അഴത്തിൽ റഹ്മാനും തന്റെ സർഗാത്മക ദൌത്യം നിർവഹിച്ചു. കോവിലന്റെ വളർത്തു പുത്രന്റെ കാഴ്ചയിലൂടെയാണ് ആ വിവരണസിനിമ വികസിച്ചത്.


പിന്നെയും ഗുരുവായൂരിലെ സാംസ്കാരിക വേളകളിലെ സമാഗമങ്ങൾ. ഒരിയ്ക്കല്‍ ഗുരുവായൂർ ജിയുപി സ്കൂളിൽ കോവിലൻ ചർച്ച. 1995 ലായിരുന്നു ഗുരുവായൂർ ശ്രീക്ര്‌ഷ്ണ കോളേജിൽ ഏകദിന കോവിലൻ സമ്മേളനം നടന്നത്. മലയാളത്തിലെ മിക്കവാറും എഴുത്തുകാർ പങ്കെടുത്ത മഹാസംഗമം. ‘തട്ടക‘വും ‘ആത്മഭാഷണങ്ങളും‘ അന്ന് പ്രകാശനം ചെയ്തു. അന്ന് മാധ്യമം പത്രത്തിനു വേണ്ടി വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത് ഞാനായിരുന്നു. കോവിലൻ എന്ന എഴുത്തുകാരൻ മലയാളത്തിലെ എത്ര ശ്രേഷ്ഠമായ അക്ഷരഗോപുരമാണ് എന്ന് സ്പഷ്ടമാക്കുന്നതായിരുന്നു ദിവസം മുഴുവൻ നീണ്ടു നിന്ന സാഹിത്യ സദസ്സ്. ദേഹാസ്വാസ്ഥ്യം മൂലം മാത്രം എത്താതിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഒഴികെ മലയാളത്തിലെ തലയെടുപ്പുള്ള ഒട്ടുമിക്ക എഴുത്തുകാരും ആ സമ്മേളനത്തിൽ പങ്കെടുത്തു. അന്നാണ് ‘തട്ടക‘വും ‘ആത്മഭാഷണങ്ങളും‘ പ്രകശിപ്പിക്കപ്പെട്ടത്.


മലയാളത്തിലെ എക്കാലത്തേയും മികച്ച രചനകളുടെ കര്‍ത്താവായിട്ടും എന്തുകൊണ്ട് അംഗീകാരങ്ങളുടെ ലോകവും മാധ്യമത്തമ്പുരാക്കന്മാരും കോവിലന് തീര്‍ച്ചയായും ലഭിക്കേണ്ടിയിരുന്ന പരിഗണന കൊടുത്തില്ല എന്നതിന്‍ വളരെ ലളിതമായ മറുപടിയുണ്ട്. കോവിലൻ തന്നെ പറയാറുള്ളതു പോലെ അദ്ദേഹം വളയിലും തുളയിലും കൊള്ളാത്തവനാണ്. മിസ്ഫിറ്റാണ്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട സാംസ്കാരികഭൂമുഖത്തു നോക്കി രോഷത്തോടെ പൊട്ടിത്തെറിക്കുന്നവൻ എന്നും അനഭിമതനാണ്. കോവിലൻ നമ്മുടെ എസ്റ്റാബ്ലിഷ്മെന്‍റ് കോട്ടയ്ക്ക് പുറത്തായതിൽ അദ്ഭുതമെന്തിരിക്കുന്നു! അതുകൊണ്ടു തന്നെ ശ്രീ. എം.എന്‍ വിജയന്‍ മാഷ് ബഷീറിനെപ്പറ്റി ‘മരുഭൂമികൾ പൂക്കുമ്പോൾ‘ എന്ന ഗ്രന്ഥത്തിൽ എഴുതിയതിനെ തെല്ലുമാറ്റങ്ങളോടെ കോവിലനുമായി അടുപ്പിക്കാം. എല്ലാ ദര്‍ശനങ്ങളേയും അനുഭവം കൊണ്ട് അടിയറവു പറയിക്കുന്ന ഒരു ദര്‍ശനം കോവിലനുണ്ട്. ഇത് നാം അറിയാത്തത് ഗുരുവായൂരില്‍നിന്ന് കണ്ടാണിശ്ശേരിയിലേക്കുളള ദൂരം കുറവായതുകൊണ്ടാണ്, ജന്മവര്‍ഷങ്ങളുടെ അകലം ചെറുതായതുകൊണ്ടാണ്.

കോവിലന്‍റെ ആദ്യകാല രചനാജീവിതത്തിന്‍റെ പരിസരം പട്ടാളമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പട്ടാളസാഹിത്യകാരൻ എന്ന് മുദ്ര കുത്താനുള്ള ശ്രമം നടന്നു. ഓരോ എഴുത്തുകാരനും/രിയും സ്വയം രൂപപ്പെട്ടുവരുന്ന സാഹചര്യങ്ങളോടു തന്നെയാണ്‍ പ്രാഥമികമായും സം‌വദിക്കേണ്ടത്. കോവിലൻ ചെയ്തതും മറ്റൊന്നല്ല. അദ്ദേഹത്തിന്‍റെ ‘എ മൈന്‍സ് ബി’, ‘ഹിമാലയം‘, ‘ഏഴാമെങ്ങൾ‘, ‘താഴ്വരകൾ‘ എന്നീ രചനകളുടെ പശ്ചാത്തലം സൈനികജീവിതത്തിന്‍റെ അനുഭവങ്ങൾ തന്നെയായിരുന്നു. 1972. കേരള സാഹിത്യ അക്കാദമി പുരസ്കാരം സിദ്ധിച്ച ‘തോറ്റങ്ങൾ‘ എന്ന കൊച്ചു നോവൽ പകര്‍ത്തിയത് ഇതിഹാസ സമാനമായ ഗ്രാമീണജീവിതത്തെയാണ്. തോറ്റങ്ങളുടെ അവതാരികയിൽ ഡോ. കെ. എം. തരകൻ നോവലിനെ ഒരു ‘മോഡേൺ ക്ലാസിക്‘ എന്നാണ്‍ വിശേഷിപ്പിക്കുന്നത്. തോറ്റങ്ങൾ അതിലെ കേന്ദ്രകഥാപാത്രമായ ഉണ്ണിമോളുടെ മാത്രം കഥയല്ല. അത് പുതിയകാലത്തെ എഴുത്തിന്‍റെ മുമ്പേ പറന്ന പക്ഷിയാകുന്നത് പുത്തനെഴുത്തിന്‍റെ ദേശമെഴുത്ത് രീതിയുടെ അനുപമമായ ആവിഷ്കാരം മൂലമാണ്. കേരളീയ ഗ്രാമീണജീവിതത്തിൽ കാലാനുസാരിയായി സംഭവിച്ച സാമൂഹ്യമാറ്റങ്ങളുടെ തീവ്രധ്വനികൾ കോവിലന്‍റെ തോറ്റങ്ങളിൽ കാണാനാകും. ആറാടിമനയുടെ ജന്മിത്തത്തിന്‍റെ തകര്‍ച്ച ചേന്നാടന്തുരുത്തിലെ ശേഖരന്മുതലാളിയുടെ മുതലാളിത്തിന്‍റെ ഉദയമായി മാറി. ഉദ്യോഗസ്ഥവര്‍ഗം അവസരത്തിനൊത്ത് നിറം മാറി മുതലാളിത്തത്തെ താങ്ങിയപ്പോൾ തകര്‍ന്നുപോയത് ഇതിലൊന്നും പെടാതെ സ്വസ്ഥജീവിതം നയിച്ച സാധാരണക്കാരാണ്. അങ്ങനെ മനുഷ്യത്വം നഷ്ടപ്പെട്ടവരുടെ വേദനയാണ് കഥയിലെ ഉണ്ണിമോൾ പേറുന്നത്. തന്‍റെ രചനകളിലെല്ലാം നിഴലടിക്കുന്ന ഈ വേദനതന്നെയാണ് കോവിലനെ നവോത്ഥാനകാല എഴുത്തുകാരിൽ നിന്ന് വേറിട്ടു നിറുത്തുന്നത്. ബഷീറിനെയും പൊറ്റെക്കാടിനെയും ഉറൂബിനെയും തകഴിയെയും പോലുള്ള നവോത്ഥാന സാഹിത്യകാരന്മാർ എഴുത്തിന്‍റെ പ്രകാശമായി കണ്ടത് പ്രതീക്ഷാനിര്‍ഭരമായ ഒരു വരുംകാലത്തെയാണ്.

എന്നാൽ അത്തരമൊരു ശുഭപ്രതീക്ഷാമുനമ്പിന്‍റെ സാധ്യതയിൽ ശങ്കാലുവായിരുന്നു കോവിലൻ. സങ്കീര്‍ണമായ ജീവിതസന്ധികളിലൂടെ കടന്നുപോയ ഭൂതകാല കേരളീയഗ്രാമീണതയുടെ ഇരുളാകാശത്തെ കോവിലൻ സ്വന്തം തട്ടകമായി കണ്ടു. കോവിലൻ ജീവിതത്തിൽ ഉടനീളം കൊണ്ടുനടന്ന് ആഗന്തുകത്വമില്ലാത്ത അമര്‍ഷത്തിന്‍റെ ഉത്പ്പന്നങ്ങളാണ്‍ അദ്ദേഹത്തിന്‍റെ എല്ലാ രചനകളും. കോവിലന്‍റെ പ്രബന്ധങ്ങളുടെ സത്തയും മറ്റൊന്നല്ല. ‘കോവിലന്‍റെ ലേഖനങ്ങൾ‘, ‘ആത്മഭാഷണങ്ങൾ‘, ‘നാമൊരു ക്രിമിനൽ സമൂഹം’ എന്നിവയുടെ അന്തര്‍ധാര അമര്‍ഷവും അനീതിയോടുള്ള കലഹവുമാണ്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ് കൈമാറ്റവേളയിൽ അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്ന ശ്രീ. ഗോപീ ചന്ദ് നാരംഗ് ഊന്നിപ്പറഞ്ഞതും കോവിലന് മനുഷ്യമഹത്വത്തോടും നീതിയോടും ഉള്ള പ്രതിബദ്ധതയെ കുറിച്ചാണ്.
കോവിലന്റെ മാഗ്നം ഓപസ് എന്ന രചന ഒടുവിലാണ് വരുന്നത്. 1995ലാണത്. അതായിരുന്നു ‘തട്ടകം’. നാട്ടൈതിഹ്യങ്ങളുടെ സമാവര്‍ത്തനമാണ് തട്ടകം. അത് മുപ്പിലിശ്ശേരിയുടെ ചരിത്രം. നോവൽ തുടങ്ങുന്നത് നോക്കൂ:
ഉണ്ണീരി മുത്തപ്പൻ ചന്തയ്ക്കുപോയി.
ഏഴരവെളുപ്പിനെണീറ്റ് കുളിച്ചു കുറിയിട്ട് കുടുമയിൽ തെച്ചിപ്പൂ ചൂടി ഉണ്ണീരിക്കുട്ടി പുറപ്പെടാനൊരുങ്ങി.
ഈ പുറപ്പാട് നാട്ടൈതിഹ്യങ്ങളിലൂടെയാണ്. ഗ്രാമീണവാണിഭങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും വിശ്വാസങ്ങളിലൂടെയും ആഖ്യാനം കടന്നു പോകുന്നു. കോവിലൻ തട്ടകത്തിൽ സ്വത്വാവിഷ്കാരത്തിന്‍റെ സൌന്ദര്യമാണ് പണിക്കുറ തീർക്കുന്നത്. തട്ടകം പുറത്തു വരുന്നതിനു മുമ്പു തന്നെ കോവിലൻ പലവട്ടം പറയാറുള്ളതാണ് അദ്ദേഹത്തിന്‍റെ ബാല്യകാല ഗുരുവായൂർ ദര്‍ശനം. ആ സംഭവത്തെ അപ്പുകുട്ടനിലൂടെയും അവന്‍റെ പിതാവ് കുഞ്ഞപ്പനിലൂടെയും കോവിലൻ തട്ടകത്തിന്റെ പതിനൊന്നാം അദ്ധ്യായത്തിൽ വിവരിക്കുന്നുണ്ട്..
പണ്ട് മഞ്ജുളാലിനു സമീപം ചോമാരുടെ അമ്പലമുണ്ടായിരുന്നു. അവിടം വരെ പോകാനേ ഈഴവരടക്കമുള്ള അധഃമർണ്ണർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നുള്ളൂ. ചോമാരുടെ അമ്പലത്തിൽ തൊഴുത ശേഷം കുഞ്ഞപ്പൻ പടിഞ്ഞാട്ടു തിരിഞ്ഞു നിന്ന് തൊഴുതു. കുഞ്ഞപ്പൻ മകനോടു പറഞ്ഞു,
അതാ കണ്ടോ, ദൂരെ അങ്ങ് പടിഞ്ഞാറ് ആ കാണുന്ന വെളിച്ചം, ആ വിളക്കാണ് ഗുരുവായൂരപ്പൻ.
കുഞ്ഞപ്പൻ തൊഴുതുനിന്നു.


ആ വിളക്ക് അച്ചൻ സ്വപ്നം കണ്ടതാവുമോ എന്ന് ഏറെക്കാലം കഴിഞ്ഞിട്ടും അപ്പുകുട്ടൻ തിരിച്ചറിഞ്ഞില്ല.
കോവിലന്റെ അനുഭവത്തിൽ പിതാവിന്റെ വിശദീകരണം കൂടെ ഉണ്ടായിരുന്നു. അത് അക്കാലത്ത് നിലനിന്നിരുന്ന അയിത്തത്തിന്റെയും ജാതിവ്യവസ്ഥയുടെയും കാഠിന്യത്തെ സംബന്ധിച്ചായിരുന്നു. അന്ന് മഞ്ജുളാലിനപ്പുറം പടിഞ്ഞാട്ട് അയിത്തജാതിക്കാർക്ക് നടക്കാൻ അനുവാദമുണ്ടായിരുന്നില്ല. ഇന്ന് അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന അറിയിപ്പു പോലും ഗുരുവായൂർ അമ്പലത്തിന്റെ പ്രധാനകവാടത്തിൽ മാത്രമാണ്.


കോവിലൻ ദേശത്തിന്റെയും കാലത്തിന്റെയും എഴുത്തുകാരനായിരുന്നു. ജീവിച്ചിരുന്ന കാലത്തിന്റെയും ദേശത്തിന്റെയും സംസ്കാരവും രാഷ്ട്രീയവും വിശ്വാസവും അനുഷ്ഠാനങ്ങളും ആ എഴുത്തിന്റെ ഈടുകളായി. എന്നിട്ടും മലയാളത്തിലെ സ്ഥാപിത ഗോപുരങ്ങളിലെ എഴുത്തുകാരും സ്ഥാപനങ്ങളും കോവിലനു നേരെ കണ്ണടച്ചു. നിരന്തരമായ അഭിമുഖങ്ങൾക്കോ ഉദ്ധരണികൾക്കോ കോവിലനെ സമീപിച്ചില്ല. എന്തുകൊണ്ടെന്നാൽ അഭിമുഖത്തിലെ ഓരോ ഉത്തരത്തെയും പൊതിയാൻ കോവിലന് അവിഹിതരതിയുടെ വാങ്മയങ്ങളില്ല. പിന്നെ പറയാനുള്ള സത്യങ്ങൾ പറഞ്ഞാലോ അത് നിലനിൽക്കുന്ന വ്യവസ്ഥിതിയുടെ കാവലാളന്മാർക്ക് രുചിക്കാത്തതുമാകാം. കോവിലന്റെ എഴുത്തിൽ വാചകങ്ങൾ ഏറെ കുറിയതാകുന്നു. ചിലപ്പോൾ ഒറ്റവാക്കാണ് ഒറ്റവാചകം. അത് പടർന്നു കയറി ഗരിമയുള്ള ലോകം നിർമ്മിക്കുന്നു. കണ്ടാണിശ്ശേരിയിലെ മനുഷ്യർ സംസാരിക്കുന്ന ഭാഷ കോവിലൻ സംസാരിച്ചു. അതേ ഭാഷ മൊഴിയുന്നു. ആ ഭാഷ പൊതു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താതെ തന്നെ നമ്മോട് ആശയവിനിമയം നടത്തുന്നു.


കോവിലൻ ഏറ്റവും കൂടുതൽ ഉദ്ധരിച്ചിട്ടുള്ളത് ബഷീറിനെ ആണെന്നു തോന്നുന്നു. വ്യവസ്ഥിതിയോടുള്ള കലഹം രണ്ടുപേരും നടത്തിയിട്ടുണ്ട്. കോവിലൻ പറയാറുണ്ട്:
ബഷീർ എന്നോട് എപ്പോഴും പറയാറുണ്ട്, അയ്യപ്പാ, നമ്മൾ എഴുതുമ്പോൾ നന്നായി ശ്രദ്ധിക്കണം. എന്തുകൊണ്ടെന്നാൽ എഴുത്തുകാരായ നമ്മേക്കാൾ വിവരമുള്ളമുള്ളവരാണ് നമ്മുടെ വായനക്കാർ.
എഴുത്തിന്റെയും വായനയുടെയും ജനാധിപത്യസ്വഭാവത്തെ ആദരിക്കുന്നതിൽ കോവിലൻ എല്ലാകാലത്തും ഉയർന്ന മാന്യത പുലർത്തി. കണ്ടാണിശ്ശേരിയിലെ മുനിമടയുടെയും കുടക്കല്ലുകളുടെയും അയൽക്കാരനായ കോവിലൻ സ്വന്തം എഴുത്തിൽ നാട്ടുജീവിതത്തിന്റെ വംശാവലിയിലൂടെ വർത്തമാന കാലത്തേക്കു നീളുന്ന ദ്രാവിഡ സൌന്ദര്യത്തെയാണ് ശാശ്വതീകരിച്ചത്. ആ സൌന്ദര്യം വർത്തമാന തലമുറയിലൂടെ ഭാവിയിലേക്കു നീളുന്ന ഭാവുകത്വത്തെ എത്രമാത്രം സ്വാധീനിക്കുമെന്നത് നാം വ്യാജമായി രൂപപ്പെടുത്തുന്ന സാംസ്കാരിക സ്വഭാവത്തെ കൂടെ ആശ്രയിച്ചിരിക്കും.
(സൗദി ടൈംസില്‍ ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ചത്.)

എരിഞ്ഞടങ്ങല്‍


v dethan

ചിതയില്‍ തീയുടെ ചുവന്ന നാവുകള്‍
ചികയുന്നമ്മ തന്‍ മൃത ശരീരത്തെ
നരക വേദന സഹിച്ചു നീറിയ
കരാള രാവുകള്‍ക്കറുതിയാകുന്നു;
പല ജന്മത്തിലെ പരമ ദു:ഖങ്ങ-
ളൊരുമിച്ചേകിയ വടുക്കള്‍ മായുന്നു.

അതുല സൗഭാഗ്യ പ്രഭ പരത്തിലു-
മൊളി കെടുത്തിയ പുലരി;യോര്‍ക്കാതെ-
യകാല വൈധവ്യ മിരുള്‍ പരത്തിയ
ചകിത മദ്ധ്യാഹ്നം;തനയര്‍ നീട്ടിയ
തരള ഹസ്തങ്ങള്‍ തനിക്കു വേണ്ടെന്നു
ശഠിച്ച സായാഹ്നം;കടുത്തൊരീ ജീവ-
കഥ കനലുകള്‍ കടിച്ചു തിന്നുന്നു;
കരിയായ്,ചാരമായ് പരിണമിക്കുന്നു.

സ്വയമുരുകിയും വെളിച്ചമേകുവാന്‍
മെഴുതിരിയായിട്ടുയര്‍ന്നു കത്തിയും
പെരും തണുപ്പിനെയകറ്റി നിര്‍ത്തുവാന്‍
നെരിപ്പോടായകമ മര്‍ന്നു നീറിയും
പുലര്‍ന്ന ത്യാഗത്തിന്‍ വിശിഷ്ട ജീവിതം
ചിതയിലെത്തീയില്‍ ദഹിച്ചു തീരുമ്പോള്‍,
കളങ്കമേശാതെ ചൊരിഞ്ഞ വാത്സല്യം
നുകര്‍ന്ന കൈശോര വ്യഥ,നിലയ്ക്കാത്ത
വിലാപമായിട്ടു വളര്‍ച്ച പ്രാപിക്കേ
ഉലയുന്നു തേങ്ങലടക്കി നില്പവര്‍.

മനുഷ്യ ജീവിത മഹാകഥയിലെ-
യവസാന കാണ്ഡമെഴുതും കാലത്തി-
ന്നനിവാര്യ കൃത്യമിതെന്നു ചിന്തിച്ചു
മനസ്സു ശാന്തത പുണരാന്‍ നോക്കിലും
നിറയും കണ്ണുനീര്‍ മറയ്ക്കുന്നൂകാഴ്ച;
വിറ കൊള്ളും നാവില്‍ മുറിയുന്നൂ വാക്കും.
......................

ജലം

indira balan

പഞ്ചഭൂതങ്ങളിൽ
ജലാകാരം പൂണ്ടവൾ
ഒഴുകുകയെന്നതത്രെ നിയോഗം
സത്വരജസ്തമോഭാവങ്ങളിലൂടെ
ധർമ്മത്തിന്റെ ശ്രുതിഭേദങ്ങളായി
നിരന്തരം അപഹാസ്യയാക്കപ്പെടുന്ന വിശ്വത്തിൽ
കപടനാട്യത്തിന്റെ പർദ്ദയണിഞ്ഞവർക്കായി
ഒരിക്കലും ഒഴുകുവാനാകില്ല
പാതി മുറിഞ്ഞ സംഗീതം കണക്കെ
ചുളി വീണ ഓർമ്മകൾ കണക്കെ
ഗതി മുറിഞ്ഞുകിടന്നു പല വിധം
കുടിലതയുടെ ചാട്ടവാറുകൾ ആക്രോശിച്ചു.
“പെയ്തു നിറയേണ്ട ഒഴിയുക വേഗമെന്ന്‌”
വിഷമാലിന്യങ്ങളെറിഞ്ഞ്‌ മൃതപ്രായയാക്കി
നിറം കെടുത്തി,അരൂപയാക്കി
ധാർഷ്ട്യത്തിന്റെ കൊമ്പു മുളച്ചവർ...........
കുത്തനേയുള്ള പാറക്കെട്ടുകൾക്കിടയിലൂടെ
ഞെങ്ങി ഞരങ്ങി ഒഴുകി
വെളിച്ചത്തിന്റെ രഥ്യയിലേക്കായി
ആകാശത്തിന്റെ കാതര നീലിമ അപ്പോഴും
കാതിൽ മന്ത്രിച്ചുകൊണ്ടേയിരുന്നു
ഒഴുകുക......ഒഴുകുക............ഒഴുകി...ഒഴുകി
സ്ഫടികസമാനമാക്കുകീ ഭൂമിയെ....................

ജനങ്ങളുടെ കവി



c p aboobacker

പ്രിയങ്കരനായ കവി വി. ടി. കുമാരന്റെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം കേരള സാഹിത്യ അക്കാദമി സപ്‌തംബര്‍ 5 ന്‌ വടകര ടൗണ്‍ ഹാളില്‍ ഡോ. സുകുമാര്‍ അഴീ
ക്കോട്‌ പ്രകാശനം ചെയ്‌തു. ഒക്ടോബര്‍ 11 അദ്ദേഹ ത്തിന്റെ 24 മത് ചരമവാര്‍ഷികമാണ്‌. 60 വയസ്സ്‌ വരെ മാത്രമേ വി. ടി. ജീവിച്ചിരുന്നുള്ളൂ. അവസാനത്തെ ആറേഴ്‌ വര്‍ഷങ്ങളും ശൈശവകാലവും ഒഴിച്ചുനിര്‍ത്തി യാല്‍ ജീവിതത്തിന്റെ ഓരോനിമിഷവും അര്‍ത്ഥവത്താ ക്കിയ കവിയായിരുന്നു വി.ടി.

പക്ഷേ, വി. ടി. എന്നാല്‍ കുറുമ്പ്രനാട്‌ താലൂക്കിനപ്പുറത്ത്‌ വി. ടി. ഭട്ടതിരിപ്പാടായിരുന്നു. സാമൂഹിക പരിഷ്‌കര്‍ത്താവും കഥാകാരനുമായ വി. ടി. ഭട്ടതിരിപ്പാട്‌ കൂടുതലറിയപ്പെട്ടുവെന്നതിലല്ല ഇവിടെ ഖേദം. മഹാ പ്രതിഭാശാലിയായ വി. ടി. കുമാരന്‍ വിസ്‌മരിക്കപ്പെട്ടു വെന്നതിലാണ്‌. രണ്ട്‌ വി.ടി. മാര്‍ക്ക്‌ ഒരുമിച്ച്‌ നില്‌ക്കാനിടമില്ലാത്തത്ര സങ്കുചിതമായ്‌ പോയതെന്തേ കൈരളിയെന്നത്ഭുതം കൂറുകമാത്രമേ നിര്‍വ്വാഹമുള്ളൂ. രണ്ട്‌ സി.പി. മാര്‍ക്ക്‌ ഒരുമിച്ച്‌ നില്‌ക്കാനാവാത്ത തിനാല്‍ സി. പി. മത്തായിയെന്ന ബാങ്കറെ കുത്തുപാള യെടുപ്പിച്ച പാരമ്പര്യമുള്ള നാടാണ്‌ കേരളം. സി. പി. രാമസ്വാമി അയ്യരാവട്ടെ അവസാനം മൂക്ക്‌ നഷ്ടമായി കേരള ത്തില്‍ നിന്ന്‌ കെട്ടുകെട്ടി. ( കൂട്ടത്തില്‍ പറയട്ടെ ഇപ്പോള്‍ പ്രധാനമായി ഒരു സി. പി. മാത്രമേ നിലനില്‌ക്കുന്നുള്ളൂ വെന്ന സമാശ്വാസത്തിലാണ്‌ ഞാന്‍ )

എന്തുകൊണ്ടോ വി. ടി.
കുറുമ്പ്രനാട്‌ താലൂക്കിനപ്പുറത്ത്‌ അറിയപ്പെട്ടില്ല. അത്രമാത്രമേ അതിനെ പറ്റി പറയാന്‍ കഴിയൂ. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ എല്ലാ നേതാക്കളുമായും അടുത്ത പരിചയമുള്ള ആളായിരുന്നു അദ്ദേഹം. പണ്ഡിതന്മാര്‍ക്ക്‌ വി. ടി. യുടെ ഉദാരമായ പാണ്ഡിത്യം അറിയാമായിരുന്നു. പക്ഷേ കുറുമ്പ്രനാട്ടിലെ ഈ അദ്ധ്യാപകകവിയെ അംഗീകരിക്കാന്‍, മനസാ അംഗീകരിച്ചാലും വാഴ്‌ത്തിപ്പറയാന്‍, ആരും തയ്യാറായില്ല. കേരളസാഹിത്യ അക്കാദമി പോലും ഇപ്പോഴാണല്ലോ ഈ കവിയുടെ ഒരു സമാഹാരം പുറത്തിറക്കുന്നത്‌. അക്കാദമിയുടെ ഒരുഗുണം ഒരു സാഹിത്യകാരനെ അയാളുടെ ജീവിതകാലത്ത്‌ അംഗീകരിക്കാതിരിക്കുകയെന്നതാണ്‌. ഒന്നുകില്‍ മരിച്ച്‌ വര്‍ഷങ്ങള്‍ കഴിയണം. എങ്കിലല്ലേ കാലാതിവര്‍ത്തിയാണ്‌ കവിയുടെ രചനകള്‍ എന്നുപറയാനാവൂ. അല്ലെങ്കിലോ ആസന്നമരണനായിരിക്കണം. അന്തരിച്ചയുവകവി സുധീഷിന്റെ കവിതാ സമാഹാരം അദ്ദേഹം ജീവിച്ചിരിക്കുന്നകാലത്ത് സാഹിത്യ അക്കാദമിപ്രസിദ്ധീകരിക്കുകയുണ്ടായി. അദ്ദേഹം രോഗാതുരനാ യതുകൊണ്ടാണ് പ്രസിദ്ധീകരിക്കുന്നതെന്ന് പച്ചയായി വിളിച്ചുപറഞ്ഞ, ആ കാര്യം പുസ്തകത്തില്‍ അച്ചടിച്ചുവെച്ച ഒരു സമിതിയാണ് സാഹിത്യ അക്കാദമി. എത്ര ബുദ്ധിഹീനമായിരുന്നു ആ നടപടിയെന്ന് അക്കാദമി മനസ്സിലാക്കുമോ ആവോ. രോഗാതുരനല്ലെങ്കില്‍ പോലും നല്ല കവിതകളായിരുന്നു സുധീഷിന്റേത്. അക്കാദമി അദ്ധ്യക്ഷയാവട്ടെ, തന്റെ അദ്ധ്യക്ഷ പ്രഭാഷണത്തില്‍ ഈ പ്രസിദ്ധീകരണം വഴി വി. ടി. ഒരു വലിയ കവിയായി അംഗീകരിക്കപ്പെടുമെന്ന ഔദാര്യം പറയുകയും ചെയ്‌തു. അത്ര ചെറിയ കവിയാണോ വി. ടി ? സ്‌ഥാനമാനങ്ങളുള്ളവര്‍ സം
സാരിക്കുന്ന മഹദ്വചനങ്ങളെ വിലയിരുത്തുവാന്‍ നമുക്കാര്‍ക്കും കഴിയുകയില്ലതന്നെ.

ആരാണ്‌ വി. ടി. കുമാരന്‍?
കവി, ഗാനരചയിതാവ്‌, ഭാഷാപണ്ഡിതന്‍, നിരൂപകന്‍, കമ്യൂണിസ്റ്റ്‌. തീര്‍ന്നോ എന്നുചോദിച്ചാല്‍ ഇല്ലയെന്നുത്തരം. അദ്ധ്യാപകന്‍, അദ്ധ്യാപകസംഘടനാ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍…. വീണ്ടും അങ്ങനെയെത്രയെത്ര വിശേഷണങ്ങള്‍ !. വിവരണാതീതമായ അറിവിന്റേയും സര്‍ഗ്ഗാത്മകതയുടേയും പര്യായമായിരുന്ന വി.ടി.ഏറെയെഴുതി, ഒരുപാട്‌ പ്രസംഗിച്ചു. കവിതാ പ്രസംഗങ്ങള്‍ നടത്തി. എന്തുചെയ്യുമ്പോഴും മണ്ണിനെ സ്‌നേഹിച്ചു, മനുഷ്യനെ സ്‌നേഹിച്ചു.

തത്ത്വശാസ്‌ത്രങ്ങള്‍വെറും
മണ്‍കുടങ്ങളാണതില്‍
മര്‍ത്ത്യസ്‌നേഹത്തിന്‍മധു
നിറയ്‌ക്കാന്‍ മറക്കൊല്ലേ.

ഇത്‌ വിവര്‍ത്തനമൊന്നുമല്ല. ആരുടേയും ഉദ്ധരണിയുമല്ല. വയലാറും ഒ. എന്‍. വി. യുമൊക്കെ കവിതകളിലൂടെ ജീവിതത്തിലേക്ക്‌ വരേണ്യതയുടെ, ഇതിഹാസ-പുരാണാദിവരേണ്യകാവ്യങ്ങളുടെ പ്രൗഢി കലര്‍ത്താന്‍ ശ്രമിച്ചു
വെങ്കില്‍, വി. ടി. ചെയ്‌തത്‌ ഓരോ രചനയും വഴി, കവിതയേയും ജീവിതത്തേയും ഭൂമിയിലേക്ക്‌ , തികഞ്ഞ ഭൗതികതയിലേക്ക്‌, അതിന്റെ വൈരുദ്ധ്യാത്മകതയിലേക്ക്‌ താഴ്‌ത്തി ക്കൊണ്ടുവരികയായിരുന്നു. ഇത്‌ വൈരുദ്ധ്യാത്മക ഭൗതികവാദത്തോടുള്ള എന്റെ അതിയായ പ്രതിപത്തികൊണ്ട്‌ പറയുകയാണെന്ന്‌ ചിലരെങ്കിലും ധരിച്ചേക്കാം. അല്ല. എനിക്ക്‌ ആ ദര്‍ശനത്തോട് പ്രതിപത്തിയുണ്ടാവുന്നതില്‍ അദൃശ്യമായ സ്വാധീനമായിരുന്നവരില്‍ ഒരാള്‍ വി. ടി.യേക്കാള്‍ അദ്ദേഹത്തിന്റെ കവിതകളായിരുന്നു.

മണിമുത്ത്‌ വിത്തെറിഞ്ഞ്‌
മഴമുകില്‍ കാത്തിരുന്ന്‌
എന്റെ ദൈവമേ, ഇവിടെ ഒരു കവി സംഗീതത്തെ ആകാശത്തുനിന്ന്‌ ഭൂമിയിലേക്ക്‌ കൈപിടിച്ചു കൊണ്ടുവരികയാണ്‌.
അയലവല വീശുവാനായ്‌
മറുകടലിലേലയ്യാ….

പള്ളിക്കര വി. പി. മുഹമ്മദിന്റെ അഴിമുഖം നാടകത്തിനുവേണ്ടി രചിച്ച ഈ ഗാനം മനുഷ്യജീവിതത്തിന്റെ മണം തന്റെ ഏത്‌ രചനയിലും പൂരിതമാക്കാനുള്ള വി. ടി. യുടെ മഹാസിദ്ധിയുടെ ലഘുവായൊരുദാഹ രണമാണ്‌.
ഏത്‌ കവിതയിലാണ്‌ വി. ടി. ഇത്‌ ചെയ്യാത്തത്‌ ?
ദുഷ്യന്തന്‍ ഇന്ന്‌ ആശ്രമകന്യകയെ കണ്ടാല്‍ എന്തു ഭാവമാണുണ്ടാവുക യെന്ന തലത്തിലേക്ക്‌ ശകുന്തളയേയും തോഴിമാരേയും മാനവവത്‌കരിക്കാന്‍ വി. ടി. ക്ക്‌ കഴിയുന്നു. ഇതിഹാസ-പുരാണ കഥാപാത്രങ്ങള്‍ സമൃദ്ധമായ പാണ്ഡിത്യമാണ്‌ വി.ടി.ക്കുണ്ടായിരുന്നത്‌. കവിതയിലും ഇത്‌ പ്രതിഫലിച്ചിരുന്നു. നിരൂപണങ്ങളിലും ഈ പ്രതിഫലനം വളരെ സമ്പന്നമായിരുന്നു. പക്ഷേ, പഴമയുടെ ആരാധകരാവാനല്ല , അവരുടെ ഭാവങ്ങളെ ഇന്നത്തെ അവസ്ഥയിലേക്ക്‌ പരിവര്‍ത്തനം ചെയ്യാനും പരാവര്‍ത്തനം ചെയ്യാനും വി.ടി.ക്കുള്ള കരവിരുത്‌ അന്യാദൃശമായിരുന്നു.
ഇതൊക്കെ കേട്ടാല്‍ തോന്നുക വി. ടി. പുരാണ കഥാസന്ദര്‍ഭങ്ങളെ മാത്രം ആശ്രയിച്ച്‌ കാവ്യരചന നടത്തിയ ഒരു പണ്ഡിത കവിയാണെന്നല്ലേ? അത്‌ വി. ടി. കവിതയുടെ ഒരു സവിശേഷതമാത്രം.

അങ്ങിനെ തീരുമാനം ചെയ്‌തുനാമോമലാളേ
നമ്മുടെ നിഴലാട്ടം നിറുത്തുവാനായ്‌.

കേട്ടാല്‍ നമുക്ക്‌ തോന്നുക ഇത്‌ കേവലമായ ഒരു പ്രണയ കവിതയുടെ ഒരീരടിയാണെന്നാണ്‌. ശരിയാണ്‌, ഒരു പ്രണയ കാവ്യമാണത്‌. പക്ഷേ, പ്രണയ കാവ്യമെന്നതിനേക്കാള്‍ ആ കാലത്ത്‌ കേരളീയാദ്ധ്യാപകന്‍ അനുഭവിച്ചറിഞ്ഞ ദുരിത നൊമ്പരങ്ങളുടെ ഒരേസമയം കാല്‌പനികവും യഥാതഥവുമായ ആവിഷ്‌കാരമാണത്‌. കത്തുന്ന കത്ത്‌ എന്നാണ്‌ ആ കവിതയുടെ ശീര്‍ഷകം. ദുരിതമയമാണ്‌ അദ്ധ്യാപകന്റെ ജീവിതം. അവന്‌ പ്രണയവും ആവില്ല, ജീവിതാനന്ദങ്ങളും ആവില്ല. അതുകൊണ്ട്‌ ജീവിതത്തിന്റെ കറുത്ത ബോഡില്‍ നൈരാശ്യത്തിന്റെ വെള്ളച്ചോക്കുകൊണ്ടെഴുതുകയാണ്‌ അയാളുടെ വിധി. അതുകൊണ്ട്‌ ഈ പ്രണയം ഇനി തുടരേണ്ടതില്ല. അന്യോന്യമയച്ച കത്തുകളെല്ലാം കത്തിച്ചുകളയാം. നമുക്ക്‌ ഇതിവിടെ അവസാനിപ്പിക്കാം. വടകരയിലെ ഓരോ അദ്ധ്യാപകനും ഈ കവിത കാണാപ്പാഠമായിരുന്നുവെന്ന്‌ പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്‌. മനുഷ്യ കഥാനുഗായികളായ കൃതികളുടെ രചനകൊണ്ടാണ്‌ വി. ടി. മലയാണ്മയെ അനുഗ്രഹിച്ചത്‌.

കെ. പി. എസ്‌. മേനോന്റെ റഷ്യന്‍പനോരമയെന്ന വിഖ്യാത ഗ്രന്ഥത്തില്‍നിന്ന്‌ വായിച്ചൊരു പ്രാചീന റഷ്യന്‍ കഥാസന്ദര്‍ഭം വികസിപ്പിച്ച്‌ വി. ടി. എഴുതിയ കവിതയാണ്‌ “വോള്‍ഗയിലെ താമരപ്പൂക്കള്‍”. അന്യാദൃശമായ ഒരു പ്രണയ കഥയാണിതിലുള്ളത്‌. സ്വപത്‌നിയുടെ മാറാരോഗത്തിന്‌ ചികിത്സ ഇന്ത്യയിലെ താമരപ്പൂക്കളാണെന്ന്‌ ഉപദേശം ലഭിച്ച രാജാവ്‌ ഇന്ത്യയില്‍ താമരപ്പൂക്കള്‍ ശേഖരിക്കുന്നതിനായി സ്വയം എത്തിച്ചേരുകയാണ്‌. പ്രശാന്തമായ ഒരിടത്ത്‌ ശാന്തയെന്ന ഒരു പെണ്‍കിടാവില്‍നിന്ന്‌ താമരക്കുരുക്കള്‍ ശേഖരിച്ച്‌ രാജാവ്‌ തിരച്ചെത്തുമ്പോഴേക്ക്‌ ആസ്‌ത്രയെന്ന പ്രിയപത്‌നി അന്ത്യശ്വാസം വലിച്ചുകഴിഞ്ഞിരുന്നു. ശോകാകുലനായ രാജന്‍ താമരവിത്തുകളെല്ലാം വോള്‍ഗാ നദിയിലേക്ക്‌ വലി്‌ച്ചെറിയുന്നു. അതോടെയാണ്‌ വോള്‍ഗാനദിയില്‍ താമരപ്പൂക്കള്‍ വിടര്‍ന്നുതുടങ്ങിയത്‌. താമരപൂക്കുമ്പോള്‍ നിത്യഭാസുരമായ പ്രണയത്തിന്റേയും ത്യാഗത്തിന്റേയും സന്ദേശമായി അതിന്റെ സൗരഭ്യം എങ്ങും പരക്കുന്നു. ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിലുള്ള പ്രഭാസിതമായ സഖ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇതിനെ ഒരു രാഷ്ട്രീയ കവിതയായി വായിച്ചെടുക്കാം. കേവലമായ ഒരു പ്രണയ കവിതയായി ഇത്‌ എക്കാലവും നിലനില്‌ക്കും. ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള ഐക്യത്തിന്റെ മനോജ്ഞമായ ആവിഷ്‌കാരമായി ഈ കവിത പരിണമിച്ചു. ഞങ്ങള്‍ വടകരക്കാരുടെ അഭിമാനമായ ഈ കവിത പക്ഷേ, കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷനപ്പുറം അംഗീകരിക്കപ്പെട്ടില്ല. ആരും അത്‌ വായിച്ചില്ല. വായിച്ചാലും കണ്ടതായി നടിച്ചില്ല. കാവിയും ചെമപ്പും തമ്മിലുള്ള സമന്വയമാണതെന്നൊക്കെ ചില നിരൂപകര്‍ എവിടെയോ അസ്ഥാനങ്ങളില്‍ എഴുതിവെച്ചു. റഷ്യയുടെ സമത്വബോധവും ഇന്ത്യയുടെ ഉള്ളറിയുന്ന ജ്ഞാനവും തമ്മിലുള്ള താദാത്മ്യമായിരുന്നു ആകവിത. സുകുമാര്‍ അഴീക്കോട്‌ തന്റെ പ്രൗഢമായ അവതാരികയില്‍ ഈ കാര്യം പറയുന്നുണ്ട്‌.

” താമരപ്പൂക്കള്‍ വാടും താമരക്കുരുനില്‌ക്കും”
താടിയില്‍ കൈയോടിച്ചുപറഞ്ഞൂ പിതാമഹന്‍.
തത്ത്വശാസ്‌ത്രങ്ങള്‍വെറും മണ്‍കുടങ്ങളാണതില്‍
മര്‍ത്ത്യസ്‌നേഹത്തിന്‍മധു നിറയ്‌ക്കാന്‍ മറക്കൊല്ലേ.



കണ്ണനേയും പാണനേയും അറിയുന്ന കവിയായിരുന്നു വി. ടി. അപദാനപ്രകീര്‍ത്തകരായ പാണന്മാരുടെ നാടായിരുന്നുവല്ലോ കടത്തനാട്‌. പാണന്‍ എന്നാല്‍ പാട്ടുകാരന്‍. തച്ചോളി ഒതേനനേയും ആരോമല്‍ ചേകവരേയും പറ്റി, ഉണ്ണിയാര്‍ച്ചയെ പറ്റി എത്രയെത്ര അപദാന കാവ്യങ്ങളാണ്‌ കടത്തനാട്ടി ലുണ്ടായത്‌? വയലുകള്‍ നികന്നു പോയതോടെ വടക്കന്‍ പാട്ടുകള്‍ ടി.എച്ച്‌. കുഞ്ഞിരാമന്‍ നമ്പ്യാരുടേയും എം.സി.അപ്പുണ്ണി നമ്പ്യാരുടേയും എം.കെ.പണിക്കോട്ടിയുടേയും പുസ്‌തകങ്ങളില്‍ മാത്രമായി ചുരുങ്ങി. പിന്നെ അവ കേവലമായ ഒരു പെര്‍ഫോമിങ്ങ്‌ ആര്‍ട്ടായി തരം താണു.

രണ്ടു രചനകളിലൂടെ കവിയും ദാര്‍ശനികനും സമന്വയിക്കുന്ന കണ്ണനാണ്‌ താനെന്ന്‌ വി. ടി. തെളിയിച്ചു. കണ്ണന്‍ കാണുന്നവന്‍. ദാര്‍ശനികന്‍. നല്ല ദര്‍ശനമുണ്ടായാലേ നല്ല കവിയുണ്ടാവൂ എന്ന്‌ വി.ടി.ക്കറിയാമായിരുന്നു. കുഞ്ഞിരാമന്‍ നമ്പ്യാര്‍ സംശോധിച്ചെടുത്ത മതിലേരി കന്നിയുടെ അവതാരികയാണ്‌ രണ്ടു രചനകളില്‍ ഒന്ന്‌. ബല്ലാഡ്‌ സാഹിത്യത്തിന്റെ മലയാളത്തിലെ അവസാനവാക്ക്‌ എന്ന പറയാനാവും വിധം സമഗ്രവും പ്രൗഢവുമാണ്‌ ആ രചന. ആഖ്യാനപരമായ കഥാകാവ്യമാണ്‌ ബല്ലഡ്‌. ഇടയ സമൂഹങ്ങളിലും കാര്‍ഷിക സമൂഹങ്ങളിലും സ്വന്തമായ ബല്ലഡുകളുണ്ട്‌. മതിലേരിക്കന്നിയെന്ന വടക്കന്‍നായികയെ നാനാരസമധുരമായ ഭാവങ്ങളിലവതരിപ്പിച്ച നാടന്‍ കവിയുടെ ഹൃദയവും മനസ്സും തന്നിലേക്കാവഹിച്ച ഒരവതാരികയാണത്‌.
കണ്ണന്‍ എന്ന കവിയാകട്ടെ വി. ടി. തന്നെ തന്നെ വേറൊരുകാലത്ത്‌ പ്രതിഷ്‌ഠിച്ച്‌ നടത്തുന്ന രചനയാണ്‌. കവിത വെറുതെ രചിക്കാനും പാടാനും മാത്രമുള്ളതല്ല, ജീവിതമാതൃക കൂടിയാണെന്ന്‌ വി. ടി. സ്വന്തം ജീവിതം കൊണ്ട്‌ തെളിയിച്ചു. തച്ചോളി ഒതേനന്ടെ നാട്ടുകാരനായ ഈ കൊച്ചുകവി നാടോടിപ്പാട്ടിന്റെ കാലത്താണ്‌ ജനിച്ചിരുന്നതെങ്കില്‍

എന്തെല്ലാമെന്തെല്ലാമായിരിക്കും
എന്റെ മനസ്സിലെ സങ്കല്‌പങ്ങള്‍
എന്തെല്ലാമെന്തെല്ലാമായിരിക്കും
എന്നില്‍ കിളരുന്ന ഭാവനകള്‍
എന്തെല്ലാമെന്തെല്ലാമായിരിക്കും
എന്നെ കുറിച്ചുള്ള ധാരണകള്‍……
ചിലര്‍ പാട്ടുകണ്ണനെന്ന്‌ വിളിച്ചേക്കാം, വേറെ ചിലര്‍ പൊട്ടിക്കണ്ണനെന്നും പറയാം, ഇനി മറ്റുചിലര്‍ കരിങ്കണ്ണനെന്നും വിളിക്കാം.
നഞ്ഞുള്ള നാവാണെന്നോതിയെന്നെ
കുഞ്ഞുങ്ങള്‍പോലും ഭയന്നുനോക്കാം
പേടിയാണെന്നെ പലര്‍ക്കുമെന്നാല്‍
പാടിയാലെന്‍ ചുറ്റുമൊത്തുകൂടും.
മഞ്‌ജുളം ചേര്‍ന്നെന്‍ പദങ്ങള്‍ നിന്നാല്‍
മഞ്ഞളും നൂറും കലര്‍ന്നപോലെ

ഇത്‌ തന്നെയായിരുന്നു വി. ടി.യുടെ ജീവിതം. വാക്കുകളില്‍ നിറയെ ചുവപ്പായിരുന്നു. അത്‌ വെറുതെ ഉണ്ടാവുന്നതല്ല. ജീവിതത്തിന്റെ രസതന്ത്രത്തിലൂടെ ഉരുവപ്പെടുന്നതാണ്‌ ആ ചുവപ്പ്‌. കണക്കൊത്ത്‌ പാടിയാല്‍ ഉണക്കമരം പൊട്ടി പാലൊഴുകുമെന്നാണ്‌ മുത്തശ്ശി കണ്ണനെന്ന കവിയെ പറ്റി കരുതുന്നത്‌. കവിക്ക്‌ ജീവിതത്തിനാവശ്യമായ വിഭവങ്ങള്‍ക്ക്‌ പഞ്ഞമില്ല.
ആട്ടുന്നിടം ചെന്നാലെണ്ണകിട്ടും
ഉണ്ണുന്നിടം ചെന്നാല്‍ ചോറുകിട്ടും
നെയ്യുന്നിടം ചെന്നാല്‍ മുണ്ട്‌ കിട്ടും
കൊയ്യുന്നിടം ചെന്നാല്‍ നെല്ലുകിട്ടും
ഊരാകെ പേരുനിറഞ്ഞുനിന്നു
ഊരും കടന്നെന്റെ പേരൊഴുകി

ഈ കിറുക്കനായ കവിയെ ഏലമലയിലെ തമ്പുരാട്ടിക്കിഷ്ടമായെങ്കില്‍ അത്ഭുതപ്പെടാനെന്തുള്ളൂ? അതേസമയം അത്ഭുതപ്പെടാതിരിക്കുന്നതെങ്ങനെ? പക്ഷേ കണ്ണന്‍ ആരുടെയും ആജ്ഞാനുവര്‍ത്തിയാവുകയില്ല. സ്വന്തം ഇഷ്ടത്തിനേ പാടൂ. മുത്തശ്ശി ചോദിക്കുന്നുണ്ട്‌ കണ്ണനോട്‌,

കോണിക്കല്‍നിന്നിന്നു പാടിയില്ലേ,
കോയിക്കല്‍പോയൊന്നു പാടിക്കൂടേ?
ഈ വിശദീകരണം ഇനിയും നീട്ടേണ്ടതില്ല. കവിയെന്ന നിലയിലുള്ള ആത്മാഭിമാനത്തിന്റെ മാനിഫെസ്റ്റോവാണ്‌ മലയാളകവികള്‍ക്ക്‌ വി. ടി.യുടെ കണ്ണന്‍ എന്നകവി. പാര്‍ട്ടിയോ പദവിയോ പറഞ്ഞാല്‍ അതനുസരിച്ച്‌ എഴുതാനാവില്ലെന്ന ധിക്കാരമായിരുന്നു വി. ടി. യുടെ കാതല്‍.
ഗുരുര്‍ബ്രഹ്മാ… തുടങ്ങിയ കവിതകള്‍ വളരെ ഗൗരവമായ സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്‌. ഇന്നത്തെ അദ്ധ്യാപകനാണ്‌ ഈ കവിതയിലെ പ്രതിപാദ്യം.

റിസള്‍ട്ട്‌ നന്നാക്കുവാനായ്‌
നോട്ട്‌സ്‌ നല്‌കുന്നയന്ത്രമേ
നീയായ്‌ ത്തീരാനറിവുകള്‍
ഏറെ ഛര്‍ദ്ദിച്ചുനോക്കിഞാന്‍

കവിയെന്നപോലെ ഒന്നാംകിട നിരൂപകനുമായിരുന്നു വി. ടി. പുഷ്‌പബാണന്‍ എന്ന തൂലികാനാമത്തില്‍ അദ്ദേഹം പ്രധാനമായും പരിചയപ്പെടുത്തിയത് കാളിദാസ സാഹിത്യമായിരുന്നു. കമ്യൂണിസ്റ്റായിരിക്കെ തന്നെ ആര്‍ഷ സംസ്‌കൃതിയുടെ വക്താവുമായിരുന്നു വി. ടി എന്നു ചുരുക്കിപ്പറയുന്നത്‌ ശരിയാവില്ല. ആര്‍ഷസംസ്‌കൃതിയെ ഭൗതികതലത്തിലേക്ക് വലിച്ചു താഴ്ത്തി, അത് മണ്ണിന്റെ സംസ്‌കൃതിയാണെന്ന് തെളിയിക്കാന്‍, അതിനെ മനുഷ്യരോടൊപ്പം സ്ഥാപിക്കാന്‍ മനുഷ്യ ജീവിതവുമായി അടുപ്പമില്ലാത്ത ഒരു സംസ്‌കൃതിയുണ്ടാവുമെന്ന്‌ അദ്ദേഹം കരുതിയിരുന്നില്ല. ” തത്ത്വങ്ങള്‍ കണ്ണുപൊത്തട്ടെ, നമുക്കൊട്ടു പൊത്തിപ്പിടിച്ചുകരയാം പതുക്കനെ” എന്ന്‌ താതകണ്വന്‍ അനസൂയാ പ്രിയംവദമാരോട്‌ പറയുന്നുണ്ട്‌ ” വനജ്യോത്സ്‌ന” എന്നകവിതയില്‍. ” നിസ്സംഗതയുടെ വെളുപ്പ്‌ എത്രമേല്‍ ഉത്‌കൃഷ്ടമായിരുന്നാലും ശുദ്ധമായ ആ വെളുപ്പിനേക്കാള്‍ ഈകവിക്ക്‌ പഥ്യം
“മാറിയിരുട്ടും വെളിച്ചവും വീശുന്ന മായികവിഭ്രാന്തി”തന്നെയായിരുന്നു, എന്ന്‌ കെ. പി. ശങ്കരന്‍ എഴുതുന്നുണ്ട്‌ ” അഞ്ചാം വേദത്തിന്റെ അണിയറ” എന്ന സമാഹാരത്തിന്റെ അവതാരികയില്‍.. ഈ വിഭ്രാന്തിയാവട്ടെ മനസ്സിന്ടെ ഉര്‍വ്വരതയത്രേ. വ്യാസോല്‌പത്തിയുടെ കഥയറിയാവുന്ന വി.ടി.ക്കെന്നല്ല, ആര്‍ക്കും, ഇതില്‍ വലിയ ആപച്ഛങ്കയൊന്നും തോന്നേണ്ട കാര്യമില്ല.
കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ ആത്മസംഘര്‍ഷം ചില്ലറയൊന്നുമായിരുന്നില്ല, കവിക്ക്‌, അദ്ദേഹം പാര്‍ട്ടിയുടെ ഒദ്യോഗിക പക്ഷത്തുതന്നെ നിലയുറപ്പിച്ചു. പലര്‍ക്കും താങ്ങാവുന്നതായിരുന്നില്ല അത്‌.
കമ്യൂണിസ്റ്റാണ്‌ ഞാന്‍
എന്നെ കവിയായി-
ട്ടെണ്ണേണ്ട നിങ്ങള്‍ നിരൂപകരേ.
എന്ന്‌ പ്രഖ്യാപിച്ചകവിയെ ആര്‍ക്കാണ്‌ നഷ്ടപ്പെടാനാവുക? ഈ സംഘര്‍ഷമാണ്‌ “എന്റെ സരസ്വതി” എന്നകവിതയില്‍ വി. ടി. ആവിഷ്‌കരിക്കുന്നത്‌.

ഇടത്തല്ല, വലത്തല്ല, നടുക്കല്ലെന്‍ സരസ്വതി
വെളുത്തതാമരപ്പൂവിലുറക്കമല്ല.
തുടിക്കുന്ന ജനതതന്‍ കരളിന്റെ കരളിലെ
തുടുത്തതാമരപ്പൂവിലവള്‍ വാഴുന്നു
പടകുറിച്ചിറങ്ങിയപതിതര്‍തന്‍ പത്മവ്യൂഹ-
നടുവിലെകൊടിത്തണ്ടിലവള്‍ പാറുന്നു
അഴകിന്റെ വീണമീട്ടി തൊഴിലിന്റെ ഗാനം പാടും
തൊഴിലിന്റെ കൊടിയെന്തിയഴക്‌ പാടും.

ഈ കുറിപ്പ്‌ ഇവിടെ നിര്‍ത്തുകയാണ്‌. വി.ടി. സാഹിത്യം ഒരു വലിയ കടലാണ്‌. നിരൂപകനെന്ന നിലയിലും സാംസ്‌കാരിക പ്രവര്‍ത്തകനെന്ന നിലയിലും വി. ടി. നടത്തിയ പ്രവര്‍ത്തനങ്ങളും രചനകളും ഗൗരവമാര്‍ന്ന പഠനങ്ങള്‍ക്ക്‌ വിഷയമാവേണ്ടതുണ്ട്‌. നിര്യാതനായി ഏതാണ്ട്‌ കാല്‍നൂറ്റാണ്ട്‌ കഴിഞ്ഞിട്ടും ചാനലുകളുടേയോ മാധ്യമങ്ങളുടേയോ വിമര്‍ശക കേസരികളുടേയോ സഹായമേതുമില്ലാതെ വി. ടി. ഇന്നും കുറുമ്പ്രനാടിന്റെ ഹൃദയത്തില്‍ ജീവിക്കുന്നു. ഈ ചെറിയ നാട്ടിലെ ആളുകളാണെങ്കില്‍ കേരളത്തെയാകമാനം ഉള്‍ക്കൊള്ളുകയും ആസ്വദിക്കുകയും ചെയ്യുന്ന സഹൃദയരുമത്രേ. എഴുത്തഛനേയും, കുഞ്ചന്‍ നമ്പ്യാരേയും, ചെറുശ്ശേരിയേയും, ആധുനിക കേരളത്തിലെ കവിത്രയത്തേയും മഹാകവി ജിയേയും, പി. കുഞ്ഞിരാമന്‍നായരേയും, വൈലോപ്പിള്ളിയേയും എല്ലാം ഹൃദയത്തോട്‌ ചേര്‍ത്തുപിടിക്കുന്നവരാണ്‌ ഈ ജനങ്ങള്‍. ജനങ്ങളുടെ കവിയായിരുന്നു വി. ടി. കുമാരന്‍. അപ്പോഴും സംസ്‌കൃതവും അറബിക്കും ബംഗാളി‘ ജനങ്ങളുടെ കവി ‘

_സി. പി. അബൂബക്കര്‍.
.



അകം യാത്ര


brinda

യാത്രകളെ
എനിക്കിഷ്ടം .
ഞാനെപ്പോഴും
യാത്ര പോകുന്നു
അകത്തു നിന്ന് അകത്തേക്ക്
പിന്നെയും
അകത്ത് നിന്ന് അകത്തേക്ക്
പൂട്ടപ്പെട്ട
വാതിലില്‍ തട്ടി
തിരികെ തെറിക്കുവോളം
ഭര്‍ത്താവ്
കൂട്ടുകാരെ
യാത്രകളില്‍ കൂട്ടുന്നു
അരുവികളില്‍ കുളിച്ചു മറിയുന്നു
തണല്‍മര ച്ചോടെ നുരച്ചു പതയുന്നു
കുട്ടികള്‍
കാര്‍ റെയ്സിലും
റോഡ്‌ റാഷിലും
കീ ബോര്‍ഡില്‍ കുഞ്ഞന്‍ വിരലുകള്‍
വഴി വക്കില്‍
പൂത്തു നില്‍ക്കുന്ന പച്ച ചീര
കൊഴിഞ്ഞ ചാമ്പയ്ക
പച്ചെ രുംബിന്‍ പ്ലാവ് ........
ഒറ്റ വഴി
ഒറ്റ കാഴ്ച
പിന്നില്‍
മൌനം ഉറങ്ങി ഉണരുന്ന
കെട്ടിടം .
പ്രണയ വിത്ത്
നീ നട്ടത് എവിടെയെന്നു
ഒരൊറ്റ ക്കിളി ചോദ്യം
പ്രപഞ്ചത്തിന്റെ
അങ്ങേയറ്റത്തുള്ള
നക്ഷത്ര ക്കണ്ണില്‍ നിന്നും പൊടിച്ച
ഒരു നീര്‍ വിത്ത്
എന്നെ നോക്കിയ നേരം
ഒറ്റ ക്കാഴ്ച്ചകളുടെ അകം ഭേദിച്
വളര്‍ന്നു പന്തലിച്ച്‌
പൂമരമായ് ആകാശം തൊട്ടു.
ഞാന്‍ പിന്നെയും യാത്ര പോകുന്നു
പൂമരത്തിന്റെ
അകത്തുനിന്ന് അകത്തേക്ക് ..............................

കഥ -യന്ത്രപ്പാവ


saju pullan

ഒറ്റക്കുള്ള ജീവിതം അയാൾക്ക്‌ വല്ലാതെ മടുത്തു തുടങ്ങി. രാവിലെ ഉണർത്താൻ ഓഫീസിൽ പോകുംവരെ തലേന്നാൾ ഉണ്ട പാത്രം കഴുകിയും കഞ്ഞിയും കറിയും ഉണ്ടാക്കിയും തുണി അലക്കിയും ജീവിതമിങ്ങനെ പാഴാക്കുന്നതിൽ ഒരർത്ഥവുമില്ലെന്നയാൾ തിരിച്ചറിഞ്ഞു. അങ്ങനെയാണയാൾ എല്ലാ പണിയും ചെയ്യുന്ന യന്ത്രപ്പാവയൊന്നിനെ സ്വന്തമാക്കാനുറച്ചതു.
ഒരു താലിമാലയും തീർത്തയാൾ യന്ത്രപ്പാവെ സ്വന്തമാക്കാനിറങ്ങി.