Followers

Saturday, December 31, 2011

ezhuth online january 2012

courtesy:google






എഡിറ്റോറിയൽ:

മാത്യൂ നെല്ലിക്കുന്ന്


വി.ജയദേവ്

ടി.എ.ശശി.

ഇസ്മൈൽ മേലടി

രാം മോഹൻ പാലിയത്ത്

സനൽ ശശിധാൻ

ഡോ.കെ.ജി.ബാലകൃഷ്ണൻ

ചിത്രകാരൻ

വി.പി.അഹമ്മദ്

സുനിൽ സി.ഇ

സന്തോഷ് പാലാ


വി.രവികുമാർ

ശീതൾ പി.കെ.

ബി.ഷിഹാബ്

കെ.എസ്.ചാർവ്വാകൻ

ശ്രീദേവിനായർ

സാജു പുല്ലൻ

വിന്നി പണിക്കർ

ആർ മനു

എം.കെ.ഹരികുമാർ

പിരിയാന്‍ എത്ര ദുഃഖം


ശ്രീദേവിനായർ


ജീവിതം നിഴലുകളായി,
ഞരമ്പുകളായി,ഓര്‍മ്മകളായി
മറ്റൊരാളിലേയ്ക്ക് പ്രവേശിക്കുകയാണ്!
ഇത്തിരി നേരത്തെ സൌഹൃദം
നൊടിനേരം കൊണ്ട്
ആത്മാവിന്റെ ഭാഗമായ ബന്ധങ്ങള്‍,
പ്രണയങ്ങള്‍,
ഒരേകാലത്തിന്റെ മാന്ത്രികത;
ഏതു മാന്ത്രിക വിരലുകളാണ്
ഈ കാലത്തില്‍ തന്നെ നമ്മെ ഒന്നിപ്പിച്ചത്?
പരിചിത ബന്ധങ്ങള്‍ക്കിടയില്‍ നാം
ഉറ്റവരായി,
പിരിയുമ്പോള്‍ നമുക്കെത്ര ദുഃഖം!
കാലങ്ങളായീ നാം ഒന്നായിരുന്നെന്ന
ധാരണയില്‍,
നാം ചിരകാല വ്യക്തികളാണെന്നു ധരിക്കുന്നു.
കാലം മാറുമ്പോള്‍
നാം വെറും പഴങ്കഥകള്‍ മാത്രം!
നമ്മെക്കുറിച്ചുള്ള മറ്റുള്ളവരുടെഓര്‍മ്മകളും
വൃത്തിഹീനമായ പാത്രങ്ങള്‍ പോലെ
എവിടെയോ ഉപേക്ഷിക്കപ്പെടുന്നു!

എഡിറ്റോറിയൽ

മാത്യൂ നെല്ലിക്കുന്ന്


പുതുവർഷത്തെ വരവേൽക്കാം.
മുല്ലപ്പെരിയാറും മാലിന്യവും കൊണ്ട് മൂടിക്കെട്ടിയ
നമ്മുടെ മനസ്സുകളിൽ , പുതുവർഷം ശുദ്ധവായുവും ശുഭപ്രതീക്ഷയും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

തർക്കങ്ങൾ കൊണ്ട് നാം എത്ര നല്ല സമയങ്ങൾ പാഴാക്കി.
ചർച്ചകളോട് വിടപറഞ്ഞ് നമ്മുടെ മനസ്സുകൾ ഉത്സാഹഭരിതമാവട്ടെ.

പോയബുദ്ധി ആനപിടിച്ചാലും കിട്ടില്ലെന്ന് പറയാറുണ്ടല്ലൊ.
കാലത്തിനു നന്ദി.

പുതുവർഷത്തിൽ സ്ത്രീകൾക്ക് , വിശേഷിച്ചും അയൽനാട്ടിൽ നിന്നു പല ആവശ്യങ്ങൾക്കായി വരുന്നവർക്ക് ഒന്നും വരുത്തരുതേ.!
സദാചാരപോലീസുകാർ റോന്തുചുറ്റുകയാണ്.
അവർ എവിടെയും ചാടിവീണേക്കാം...

അപശബ്ദതാരാവലി



വി.ജയദേവ്

പറഞ്ഞുകഴിഞ്ഞപ്പോള്‍ ശരിയാണേ.
വറുതിയും പട്ടിണിയും
കണ്ടകശ്ശനി പോലെയാ.
കൊണ്ടേ പോകുവെന്നതെത്ര നേരാ,
അതു മുഖത്തെഴുതിയും വച്ചിട്ടുണ്ട്.
ഏതാണ്ടൊരു സ്ഥലത്തിന്‍റെ പേരു പറഞ്ഞു.
ആര്‍ക്കാ അതൊക്കെയിപ്പോള്‍
ഓര്‍ക്കാനുണ്ട് നേരമെന്നേ.
വെള്ളപ്പൊക്കമോ വരള്‍ച്ചയോ
എന്തോ സംഭവിച്ചുവെന്നുറപ്പാ.
മാരണങ്ങള്‍ വന്ന പാടെ
ഒളിച്ചുപോരികയായിരുന്നു.
കിട്ടിയ കിടക്കയും കുടുക്കയും കൊണ്ട്.
പല്ലെന്തെങ്കിലും കടിച്ചിട്ട്
ദിവസം അഞ്ചുപത്തായി.
നാവെന്തെങ്കിലും രുചിച്ചിട്ട്
കാലമെത്രയോ ആയി.
ഒട്ടിയ വയറുകള്‍
ശബ്ദതാരാവലിയിലേക്ക്
ഇടയ്ക്കിടെ പാളിനോക്കുന്നത്
എന്തിനാവും ആവോ?.
ആശാനുമൊക്കെയുള്ള കാലത്താണേ,
ശബ്ദം കൊണ്ടുള്ള കളിയും ചിരിയും
കാര്യവുമെന്നൊക്കെ
പറഞ്ഞപ്പോള്‍
തലയാട്ടിയതാണല്ലോ,
നമ്മുടെ ഭാഷ വല്ലോം
പിടികിട്ടുന്നുണ്ടാകുമോ?.
വിശപ്പുണക്കുന്ന ,
തടിച്ചുകൊഴുത്ത ,
എണ്ണയില്‍ മൊരിഞ്ഞ ,
പോഷകങ്ങള്‍ നിറഞ്ഞ ,
ദുര്‍മേദസുള്ള ,
അംഗവടിവുള്ള ,
വാലിട്ടുകണ്ണെഴുതിയ,
കാക്കത്തൊള്ളായിരം
വാക്കുകളുണ്ടതില്‍
എന്നു പറഞ്ഞതു
മനസിലായിട്ടുണ്ടാവണം.
നീട്ടിയ കടലാസിലെ ഒപ്പ്
വില്ലേജ് ഓഫിസറുടേതാണോ
ഹെഡ്ഡങ്ങത്തേയുടേതാണോ
എന്നു പാളിനോക്കിയപ്പോഴാണേ രസം,
ഒരു വിരലടയാളം പോലുമില്ല.
വല്ലാത്തൊരു ഭാഷ തന്നെ,
അതല്ല ഞെട്ടിച്ചത്.
അതൊരു കവിതയായിരുന്നു.
ശബ്ദതാരാവലിക്കകത്തു നിന്നു
തന്നെയാവും ആ ശബ്ദവും.
അല്ലാതെ വേറെ ശബ്ദം എവിടിരിക്കുന്നു?.
ചുറ്റും എന്തൊക്കെയോ ഇടിഞ്ഞുവീഴുന്നെന്നോ.
എവിടെയോ എല്ലാം തകരുന്നെന്നോ. അതെ,
ആരോ സ്വയം വലിച്ചെറിയുന്നുമുണ്ട് ചുറ്റിലും.

ന്യായം


ടി.എ.ശശി


ഉള്ളിലെ മൃഗത്തെ

വേലിപ്പഴുതിലൂടെ കടത്തി

കുടുക്കി കാലിലടിച്ചും തലയ്ക്കടിച്ചും; പുളയുന്നുണ്ട് മൃഗം. മൃഗമിടക്കിടെ നിഴലിന്മേല്‍ നിഴല്‍ വീണ അതിലും നിഴല്‍ വീണ കാടു കാണുന്നു കുതിക്കുന്നു പിന്നെയും കാടല്ലെ പണ്ടത്തെ വീടല്ലെ എന്നൊക്കെ ന്യായങ്ങള്‍ നിരത്തിയും.

the guru


        dr k g balakrishnan



        It was the Guru which proclaimed:

        “It's The Light!”

        Let us reminisce about

        The Manthra “Lead me Light!”

        The Guru, the Concept Omnipresent

        The Space as the quantum and the quest

        The conjure elastic unending thirst

        Igniting my thrilling thought

        Never a person a thing neither

        Nor the worldly view, viewer.

        It is the Vision vast wide an' deep

        The Time only would have a peep!

        The Guru, the Spring Blossoming

        The Scientific Thinking un-weathering!

        The Non-Dual the Guru spelled the Feel

        The Penultimate, if there would one Seal

        The Guru the Micro-Macro which does conceal

        Nil but console the eminent intuitive impulsive Role!

        The Guru the Rhythm the Tone an' Tune

        Tempered prompt into the concord fine

        Illumination of the intima does shine

        As this septa- color-magic merging to be One!


        Note-

        The Guru= guru is a phenomenon hence “the Guru”

        The Mantra=hymn; chant

        Quantum=Physics-discrete amount of energy proportional to

        the frequency of radiation it represents

        Quantum mechanics

        The penultimate=last but one

സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല




എം.കെ.ഹരികുമാർ

എല്ലാത്തിലും ഒരേ ചൈതന്യമാണുള്ളത്‌. ഒന്ന്‌ മറ്റൊന്നിൽ നിന്ന്‌ ഭിന്നമല്ല, എന്നതാണ്‌ അദ്വൈതത്തിന്റെ കാതൽ. പ്രപഞ്ചാംശമാണ്‌ എല്ലാറ്റിലുമുള്ളത്‌. എല്ലാം ദൈവമാണെന്ന്‌ പറയാം. എല്ലാവരും ദൈവമാകുമ്പോൾ, പിന്നെ പ്രാർത്ഥനയോ ആരാധനയോ ക്ഷേത്രമോ ഒന്നും വേണമെന്നില്ല. ഇത്‌ മനുഷ്യനെയെന്നല്ല, എല്ലാറ്റിനെയും അഹങ്കാരിയാക്കും. മനുഷ്യമനസ്സിൽ ഭൂരിപക്ഷം സമയവും തിന്മയാണുള്ളത്‌. ഒരു ജീവിയുടെപോലും നിലവിളി അവനു കേൾക്കാൻ കഴിയില്ല. അവൻ കേൾക്കുന്നു എന്ന്‌ ബുദ്ധികൊണ്ട്‌ ഭാവിക്കുകയാണ്‌ ചെയ്യുന്നത്‌. യഥാർത്ഥ അദ്വൈതാനുഭൂതിയിൽ എത്താൻ കഴിയുന്നവർക്ക്‌, ഭേദചിന്ത ഇല്ലെന്ന്‌ ബോധ്യപ്പെടും. പക്ഷേ, ദൈവമായിത്തീരാൻ കഴിഞ്ഞാൽ ,പിന്നെ, ജീവിതമെന്തിന്‌?


നവാദ്വൈതം സാഹിത്യചിന്തയിലാണ്‌ മുഖ്യമായും പ്രായോഗികമാകുന്നത്‌. ഓരോ വസ്തുവും സ്വയം തള്ളിക്കളയാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്‌. അചേതന വസ്തുക്കളിൽപ്പോലും സ്വയം മാറാത്ത അവസ്ഥയുടെ ബന്ധനമുണ്ട്‌. ഓരോന്നും അതിന്റെ തടവറയിലാണ്‌. എന്നാൽ വസ്തുക്കളെ അവയുടെ പരിസരത്ത്‌ നിന്ന്‌ ഉയർത്തി, കൂടുതൽ വലിയ ലോകവുമായി സംവാദത്തിലേർപ്പെടുത്തേണ്ട ജോലിയാണ്‌ മനുഷ്യന്റേത്‌. ഇതിലൂടെ ഓരോ വസ്തുവും, മുമ്പുണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായ സംഗീതം പൊഴിക്കാൻ തുടങ്ങും. വസ്തുക്കളുടെ ഓർക്കസ്ട്രയാണിത്‌.


വസ്തുക്കൾ അവയിൽ തന്നെ പുതുതായി ജനിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഓർക്കസ്ട്രയാണിത്‌. വസ്തുക്കൾ സ്വയം നിരസിക്കുന്നതിലൂടെ പുതിയ പ്രവാഹത്തിൽ ചേരുകയാണ്‌. ഇത്‌ വികസിക്കുന്ന ലോകവുമാണ്‌.

അദ്വൈതത്തിൽ ഓരോന്നിനും പ്രതിഷ്ഠിക്കാൻ ബ്രഹ്മമുണ്ട്‌. എല്ലാ വസ്തുവിലും ഭിന്നമായ വേറൊന്നുമില്ല. ഓരോന്നിലും ഉള്ളത്‌, പ്രപഞ്ചാത്മാവിന്റെ ഭാഗമായ ചൈതന്യമാണ്‌ .രണ്ടും ഒന്നുതന്നെ. അതായത്‌, ഓരോ വസ്തുവിനും ഉള്ളിലും പുറത്തും പ്രതിഷ്ഠിക്കാനുള്ളത്‌ ഈ ചൈതന്യത്തെയാണ്‌, ബ്രഹ്മത്തെയാണ്‌. അങ്ങനെ അവ സ്വയം നിരസിക്കാതെ, അവയുടെ തന്നെ മൗലികാവസ്ഥയിൽ ഇരിക്കാൻ ശഠിക്കുന്നു.


നവാദ്വൈതത്തിൽ സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല. സ്വയമായി എന്താണോ ,അതല്ലാതാകാനാണ്‌ ശ്രമിക്കുന്നത്‌. മനുഷ്യനും വെള്ളവും എല്ലാം ഒഴുകുന്നതുപോലെ പുതിയ സാഹചര്യങ്ങളിലേക്ക്‌ ചലിക്കുന്നു.ഉദാഹരണത്തിന്‌ , പുലി എപ്പോഴും പുലിയായിരിക്കുന്നില്ല.

അത്‌ അതിനെവിട്ട്‌ പോകാതെ ജീവിക്കാൻ കഴിയില്ല. പുലിയെ പലവട്ടം കാണുന്ന കവിക്ക്‌, പുലി പലതാണ്‌. പുറത്തുനിന്നുള്ള സ്പർശമോ പ്രതികരണമോ ഉണ്ടാകുമ്പോഴും വസ്തു മാറുന്നു. പുലിക്ക്‌ പ്രതിഷ്ഠിക്കാൻ ഒന്നുമില്ല. അത്‌ സ്വയമറിയുന്നുമില്ല. സ്വയമറിയുന്നത്‌, സ്വന്തം വികാരങ്ങളിലൂടെയാണ്‌. അങ്ങനെ സ്വയം മാറുന്നു. പുലി, ബ്രഹ്മത്തെയോ ദൈവാംശത്തെയോ പ്രതിഷ്ഠിക്കാൻ ശ്രമിക്കാതെ അരങ്ങ്‌ ഒഴിയുന്നു. എന്നാൽ മനുഷ്യൻ പ്രവൃത്തിയിലൂടെ മറ്റൊന്നായി മാറുമ്പോൾ, വലിയ ലോകത്തേക്ക്‌ കൂടിക്കലരുമ്പോൾ ,സ്വയം നിരസിച്ചും, ഭൂതകാലത്തിൽ കെട്ടിക്കിടക്കാതെ സ്വയം മാറിയും, ഭേദങ്ങളകലുന്നു . ഇതാണ്‌ നവാദ്വൈതം. മനുഷ്യൻ സ്വയം നിരസിക്കുന്നതിലൂടെ പുറംലോകവുമായി ഭേദമില്ലാതെ വരും. സാത്മീകരണമാണ്‌ മനുഷ്യന്റെ മുന്നിലുള്ള വഴി. സ്വയം നിരസിക്കുന്ന പ്രക്രിയയ്ക്ക്‌ അവസാനമില്ല. അങ്ങനെ ജനനവും മരണവും ഒന്നാകുന്നു.

ഫെമിനിസമെന്ന സാംക്രമിക രോഗം !!

ചിത്രകാരൻ

ഫെമിനിസമെന്ന വര്‍ഗ്ഗീയ രോഗത്തിന്റെ കൂംബൂചീയല്‍ ബാധിച്ചവരെ മനുഷ്യരായി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രയാസമാണ്. കാരണം ഈ രോഗം ഗുരുതരമായി കീഴടക്കുന്നത് മനുഷ്യന്റെ സ്ത്രൈണഭാവത്തിന്റെ ഉറവിടങ്ങളായ സ്നേഹം,നന്മ,നീതിബോധം തുടങ്ങിയ നിലപാടുതറയെയാണ്.മനുഷ്യമനസ്സിന്റെ ശ്രീകോവില്‍ എന്നു പറഞ്ഞാല്‍ നിലപാടുതറയെന്നു പറയുന്നതിനേക്കാള്‍ ചിലര്‍ക്ക് കൂടുതലായി മനസ്സിലായേക്കും.സ്ത്രീകള്‍ക്കിടയിലും പുരുഷന്മാര്‍ക്കിടയിലും ഫെമിനിസ്റ്റ് രോഗികളുണ്ട്.അത്യന്തം സംക്രമികശേഷിയുള്ള രോഗമായതിനാല്‍ ഈ രോഗത്തിന്റെ പകര്‍ച്ചപ്പനിക്കെതിരെ കരുതിയിരിക്കേണ്ടതുണ്ട്.
കുടുംബങ്ങളില്‍ ഈ രോഗത്തിന്റെ വൈറസ് സംക്രമിക്കുന്നത് കുടുംബാംഗങ്ങള്‍ക്കിടയിലുള്ള അമിത ലാളന,പ്രീണനം തുടങ്ങിയ കപടസ്നേഹപ്രകടനങ്ങളിലൂടെയാണ്.

ഈ രോഗം വിദ്യാഭ്യാസത്തിന്റേയും,ആധുനികതയുടേയും,പരിഷ്ക്കാരത്തിന്റേയും ലക്ഷണവും സ്ത്രീ സമത്വത്തിന്റെ വിശുദ്ധ സാംസ്ക്കാരിക യുദ്ധവുമാണെന്ന്‌ വിശ്വസിക്കുന്നവരാണ് ജനസംഖ്യയില്‍ ഭൂരിപക്ഷവും.സ്വയം അടിമയാണെന്ന്(ദാസന്‍,ശൂദ്രന്‍,അബ്ദുള്‍)പറയുന്നതില്‍ അഭിമാനിക്കുന്ന നമ്മുടെ ജനത്തിന് അങ്ങനെയല്ലേ ചിന്തിക്കാന്‍ കഴിയു ! സ്ത്രീയേയും പുരുഷനേയും പകുത്ത് നീതിപൂര്‍വ്വകമായി സമത്വപ്പെടുത്തുന്ന ഫെമിനിസ്റ്റ് വര്‍ഗ്ഗീയരോഗികളുടെ ചിന്താരീതി തെറ്റാണെന്ന് അപൂര്‍വ്വം ചില ചിത്രകാരന്മാര്‍ക്ക് മാത്രമേ പറയാന്‍ തോന്നു. നമ്മുടെ സ്ത്രീകള്‍ക്ക് ആണത്വമുള്ള പുരുഷന്മാരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള സാമൂഹ്യബോധം നൂറ്റാണ്ടുകളായി നഷ്ടപ്പെട്ടുകിടക്കുന്നതിന്റെ പരിണതഫലമാണ് സ്ത്രീ-പുരുഷന്മാര്‍ ഫെമിനിസ്റ്റ് വര്‍ഗ്ഗീയ രോഗത്തിന് ഇത്രകണ്ട് അടിമപ്പെടാന്‍ കാരണം.

കൂടാതെ, പത്രമാധ്യമങ്ങളിലൂടെ സമൂഹത്തെ കൂടുതല്‍ സ്ത്രൈണമാക്കുന്നതിനായുള്ള വന്‍ കംബൈനുകള്‍ വിപണിതാല്‍പ്പര്യക്കാര്‍ നടപ്പാക്കുന്നതിന്റെ സ്വാധീനവും കുറച്ചുകണ്ടുകൂട.ഉപഭോഗ വസ്തുക്കളെ ശക്തമായി സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ സ്ത്രീത്വത്തെ പൊലിപ്പിച്ചെടുത്താല്‍ മതിയെന്നത് എല്ലാ കാലത്തേയും ബിസിനസ്സ് മാനേജുമെന്റ് വിദഗ്ദര്‍ക്ക് അറിവുള്ള കാര്യമാണല്ലോ!

സ്ത്രീയും ഒരു ഉപഭോഗവസ്തുവാകുന്നത് ഈ പൊലിപ്പിക്കലിലൂടെയാണ്. പൊലിപ്പിക്കപ്പെടാത്തവര്‍, വേണ്ടത്ര പ്രതിഫലം ലഭിക്കാതെ അദ്ധ്വാനിക്കെണ്ടിവരുന്നവര്‍ എന്നിങ്ങനെയുള്ള പരാതിക്കെട്ടുമായി പൊലിപ്പിക്കപ്പെടുന്നതിനായി ക്യൂ നില്‍ക്കാന്‍ സ്ത്രീകള്‍ക്കും,അസമത്വത്തിനെതിരെ പോരാടാന്‍ സ്ത്രൈണ മനസ്സുള്ള പുര്ഷമനസ്സിനും തോന്നിത്തുടങ്ങുന്നതോടെയാണ് ഫെമിനിസ്റ്റ് രോഗം സമൂഹത്തെ യുദ്ധക്കളമാക്കുന്നത്. ഫലം നാട്ടില്‍ റേഷന്‍ കടയേക്കാള്‍ പ്രചാരം മദ്യക്കടക്കും, ജ്വല്ലറികള്‍ക്കും ലഭിക്കുന്നു!
കുടുംബത്തില്‍ സ്നേഹം നഷ്ടപ്പെടുന്ന കുട്ടികള്‍ പാര്‍ക്കിലും,സിനിമാശാലകളിലും,ഇന്റെര്‍നെറ്റിലും,തെരുവിലും മൊബൈല്‍ ഫോണുമായി സ്നേഹത്തിനുവേണ്ടി തെണ്ടുന്ന കാഴ്ച്ച നമുക്ക് സുപരിചിതമാകുന്നു.പീഢംന കഥകള്‍ ആഘോഷമായി മീഡിയക്ക് പരസ്യവരുമാനം വര്‍ദ്ധിപ്പിക്കുന്നു!!

ഇതെക്കുറിച്ചെഴുതിയാല്‍ തീരില്ല ! ഫെമിനിസം എന്ന സാമൂഹ്യ വിപത്ത് കപടമായ ഒരു ലോകത്തേക്കാണ് നമ്മേ കൊണ്ടുപോകുന്നത്. റോസ് ബാസ്റ്റിന്‍ എന്ന ബ്ലോഗര്‍ ഫെമിനിസമെന്ന പേരില്‍ ഒരു കവിതയും, അതേക്കുറിച്ചുള്ള ഒരു വിശദീകരണവും അവരുടെ ബ്ലോഗില്‍ എഴുതിവച്ചിട്ടുണ്ട്. സത്യം മനസ്സിലാക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അത് ക്ലിക്കി വായിക്കാവുന്നതാണ്.

exuberance



winnie panicker

When I look into your eyes, so deep and blue,
I see heavens unfolding and the deep sea,
So calm and silent, and peaceful, just pacing itself
To look at me, into mine, with the twinkle so dear and elating

It feels like the essence of a drop of water that fell drop
From the rose petal, so red and sweet, and
It fell onto my lips that was drenched so dry, only to wet it
With the honey biting sweetness that it held in that drop…

Ahead of me there is a road, where I see my hand held
So tight with yours and the shoulder that I lean on so firm
Like the strands on a peacock feather, so beautiful,
and more beautiful as the rain dances on…

When I look into your eyes, so deep and blue
I see the depths of the emotion that you have for me,
And every second when I hold myself to you,
The eyes that I see seem like the feathers of my angel cuddling me safe…

This elation that you make me feel,
A sense of exuberance into the multitude of happiness
I feel as though my head is floating, in the heaven on earth,
Being in your arms of, the guardian of my life, the angel, you,
The angel of my life…

കവിതയുടെ വഴി


 സന്തോഷ് പാലാ 

നിദ്രഭേദിച്ചെത്തുന്ന
നിഴല്‍രൂപങ്ങള്‍
ഒരു നിരാലംബന്റെ
കണ്ണ് പൊത്തിക്കുന്നു വ്
യഥിത സങ്കല്‍പ്പങ്ങളി-
ലിഴകള്‍ പാകുന്നു.
മുട്ടി നില്‍ക്കുന്ന
വലിയ എടുപ്പുകളുടെ
ഏകാന്തതയില്‍ എണ്ണിത്തീരാത്ത
നക്ഷത്രങ്ങള്‍ എഴുന്നേറ്റിരുന്ന്
ഉറക്കം കെടുത്തുന്നു.
ഉത്തരം കിട്ടാത്ത സമസ്യകള്‍ ഉത്തരം
തേടി ഉത്‌കണ്ഠകളുടെ
പെരുമഴയില്‍ വിരല്‍ചുറ്റായി
പരിണമിക്കുന്നു, തിളച്ചടുക്കുന്നു.
ചുവപ്പുമഷിയിലെന്‍ കവിതപടരുകയാണ്
കറുത്തപുഷ്പത്തലപ്പിലൊ- രഗ്നിഗോളമായ്...

കാലൊടിഞ കിളി



ബി.ഷിഹാബ്

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ
പമ്മിപമ്മി വന്ന്, പട്ടി കടിച്ചുരുട്ടി.
കണയേറ്റു കാലൊടിഞ കിളി ജീവനും
കൊണ്ടു പറന്നു പോയി.
ഉമ്മയെത്തേടി വര്‍ഷത്തിലെ രണ്ടാമത്തെ പകുതി
മുറതെറ്റാതെ വന്നുകൊണ്ടിരുന്നു.
ബാപ്പ വരാന്തപ്പടിയില്‍ കെട്ടിവച്ചവരെ
ചൂരല്‍വടി കൊണ്ട് പൊതിരെ തല്ലി.
അടികൊണ്ട് പുളഞവര്‍
അതിരറ്റ് വാപ്പയെ ശകാരിച്ചു.
അനിശ്ചിതത്വത്തിനിടയിലും
സമ്പത്തിന്റെയും സൌന്ദര്യത്തിന്റെയും മികവില്‍
പെങള്‍മാര്‍ രണ്ടും സുമംഗലികളായി.
മൂത്ത ജ്യേഷ്ഠന്‍ മുതിര്‍ന്നപ്പോള്‍
അവനും അമ്മയുടെ രോഗം ഒസ്യത്തായി ലഭിച്ചു.
വെളിയിലിറങാതെ, വെയില്‍ കൊള്ളാതെ
പുരയില്‍ തന്നെ, വര്‍ഷങള്‍ കടന്നു പോയി.
ജ്യേഷ്ഠനിലെ പണ്ഡിതനും
ചെറുകിട കച്ചവടക്കാരനും
പരാജയത്തിന്റെ നെല്ലിപ്പലക കണ്ടു
പണ്ഡിത സദസ്സുകളില്‍ പ്രസംഗിക്കാന്‍
പോകുമ്പോള്‍
വീണപൂവിന്റെ ജീവിത സന്ദേശം തേടി
അദ്ദേഹം എന്റടുത്തും വന്നിട്ടുണ്ട്.
നിറകണ്ണുകളോടെ
ചേട്ടത്തി കുട്ടിയെയും കൊണ്ട്
സ്വഭവനത്തിലേയ്ക്ക് തിരിച്ചു പോയി.
ഇടയ്ക്കിടെ മഴ പെയ്തു
ഇടയ്ക്കിടെ മഞു പെയ്തു
പുരയിടത്തിലെ ഫലവൃക്ഷങള്‍
തളിര്‍ത്തും
പൂത്തും
കായ്ച്ചു കൊണ്ടിരുന്നു.
പൂക്കാലം കഴിഞാല്‍
നാട്ടിലാദ്യമായ് കാറ് 'വച്ച' വീട്ടില്‍
അത്താഴ പട്ടിണി പതിവായി.
കാലപ്രവാഹ കുതിപ്പില്‍
ബാപ്പയുമുമ്മയും, തിരിച്ചു വരാത്ത യാത്ര പോയി
അയല്‍ക്കാരന്റെ കൃപ കൊണ്ട്
ജ്യേഷ്ഠന്‍മാര്‍ രണ്ട് പേര്‍
അനന്തപത്മനാഭന്റെ കാശുവാങി തുടങി.
കാശുവാങി തുടങിയവര്‍
അവരവരുടെയിടങളില്‍
കയറി പതുങി കിടന്നു?
ചുറ്റും നടന്നതവര്‍ കണ്ടില്ല, കേട്ടില്ല.
അല്ലെങ്കില്‍ കണ്ടില്ല, കേട്ടില്ല എന്നു നടിച്ചു!
അവസാനം നടുക്കടലില്‍ നിന്നും
അവനെയും ദൈവം
പൊക്കി എടുത്തു?
കല്യാണാലോചനകള്‍ വന്നു തുടങി
മനസ്സിലാദ്യമായ് സന്തോഷവും
സമാധാനവും തോന്നിയ നിമിഷങല്‍.
വര്‍ഷത്തിലെ രണ്ടാം പകുതി തുടങിയപ്പോള്‍
ഒരു രാത്രിയില്‍
ഉമ്മയെപോലെ
"വലിയാക്ക"യെ പോലെ
അവളുമവനെ ഞെട്ടിച്ചു.
ബാപ്പയ്ക്കറിയാമായിരുന്ന ചൂരല്‍ പ്രയോഗം
അപ്പോളവനന്യമായിരുന്നു;
കണയേറ്റു കാലൊടിഞ കിളി
ജീവനും കൊണ്ട് പറക്കുന്നതപ്പൊഴും കണ്ടു.




കാഫ്കയുടെ കത്ത്

പരിഭാഷ

വി.രവികുമാർ


1912 നവംബർ 1

പ്രിയപ്പെട്ട ഫ്രൗളിൻ ബോവർ,

ഞാൻ ഇങ്ങനെ സംബോധന ചെയ്യുന്നതു കൊണ്ടു വിരോധം തോന്നരുതേ, ഈയൊരു സന്ദർഭത്തിലെങ്കിലും. കാരണം, നിങ്ങൾ പലപ്പോഴും ആവശ്യപ്പെട്ട പ്രകാരം, സ്വന്തം ജീവിതത്തെക്കുറിച്ചെഴുതാനാണെങ്കിൽ തികച്ചും വ്യക്തിപരമായ പലതും എനിക്കു പരാമർശിക്കേണ്ടിവരും; അവയൊക്കെ വെറുമൊരു ‘ഫ്രൗളിൻ ബോവറോ’ടു പറയാൻ എനിക്കു പറ്റുകയുമില്ല. മറ്റൊരു കാര്യം, ഈ പുതിയ സംബോധനാരൂപം അത്ര മോശമാണെന്ന് എനിക്കു തോന്നുന്നുമില്ല. അതല്ലെങ്കിൽ ഇത്രയും സംതൃപ്തിയോടെ, നീണ്ടുനില്ക്കുന്ന സംതൃപ്തിയോടെ എനിക്കിത് ആലോചിച്ചെടുക്കാനും കഴിയുമായിരുന്നില്ലല്ലോ.

എന്റെ ജീവിതമെന്നത് അടിസ്ഥാനപരമായി പറഞ്ഞാൽ എഴുതാനുള്ള ശ്രമങ്ങളായിരുന്നു, മിക്കപ്പോഴും പരാജയപ്പെട്ടവയും. പക്ഷേ എഴുതാത്ത സമയത്ത് നിലത്തു ചടഞ്ഞുവീഴുകയാണു ഞാൻ; പിന്നെയെന്നെ കുപ്പത്തൊട്ടിയിലേക്കെടുത്തിടുകയേ വേണ്ടു. എന്റെ കരുത്തുകൾ എന്നും വളരെ തുച്ഛമായിരുന്നു. അന്നതെനിക്കത്ര ബോധ്യമായിരുന്നില്ലെങ്കില്ക്കൂടി, വൈകാതെ എനിക്കു മനസ്സിലായി, എന്റെ മുഖ്യലക്ഷ്യമെന്ന് എനിക്കു തോന്നിയതു കൈവരിക്കാൻ മാത്രമുള്ള കരുത്തു ബാക്കിയുണ്ടാവണമെങ്കിൽ എല്ലാ വശത്തും ഞാനല്പാല്പം ലോഭിക്കേണ്ടിവരുമെന്ന്, എല്ലാ വശത്തും ഞാനല്പം ത്യജിക്കേണ്ടിവരുമെന്നും. അങ്ങനെ ചെയ്യാതെ ( എന്റെ ദൈവമേ, ഈയൊരൊഴിവുദിവസം പോലും എനിക്കു സമാധാനം കിട്ടുന്നില്ല; എനിക്കു ഡ്യൂട്ടി ഓഫീസറുടെ ജോലി തന്നിരിക്കുകയാണ്‌; ആളുകളുടെ വരവു തന്നെ, ഒരു കൊച്ചുനരകത്തെ അഴിച്ചുവിട്ടപോലെ.)എന്റെ ശക്തിക്കുമപ്പുറത്തേക്കു പോകാൻ ഞാനൊന്നു ശ്രമിച്ചുപോയാൽ, മുറിപ്പെട്ടവനും, നിന്ദിതനും, ബലഹീനനുമായി പിന്നോട്ടടിക്കുകയാണു ഞാൻ. അതേസമയം, തല്ക്കാലത്തേക്കെന്നെ അസന്തുഷ്ടനാക്കുന്ന അതേ വസ്തുത തന്നെയാണ്‌ കാലാന്തരത്തിൽ എനിക്കാത്മവിശ്വാസം തരുന്നതും; കണ്ടെത്തുക അത്ര ദുഷ്കരമാണെങ്കില്ക്കൂടി എനിക്കായിട്ടെവിടെയോ ഒരു ഭാഗ്യനക്ഷത്രം നില്പ്പുണ്ടെന്നും, അതിന്റെ ദൃഷ്ടിയ്ക്കു കീഴിൽ ജീവിതം നയിക്കുക സാധ്യമാണെന്നുമുള്ള ഒരു ചിന്ത എനിക്കുണ്ടായിവരുന്നു. എഴുത്തിനു വേണ്ടി ഞാൻ ബലി കൊടുത്ത സംഗതികളുടെ വിശദമായ ഒരു പട്ടിക ഒരിക്കൽ ഞാൻ തയാറാക്കുകയുണ്ടായി; എഴുത്തിന്റെ പേരിൽ എനിക്കു വിലക്കപ്പെട്ട പലതിന്റെയും. ഇങ്ങനെയൊരു വിശദീകരണം കൊണ്ട് അവയുടെ നഷ്ടം സഹിച്ചുപോകാൻ എനിക്കു കഴിയുന്നു എന്നു വേണമെങ്കിലും പറയാം.

ഞാൻ മെലിഞ്ഞയാളാണെന്ന പോലെതന്നെ ( എന്നെപ്പോലെ മെലിഞ്ഞൊരാൾ എന്റെ പരിചയത്തിലില്ല, സാനിറ്റോറിയങ്ങൾ എനിക്കപരിചിതവുമല്ല) എഴുത്തിനെ സംബന്ധിച്ചിടത്തോളം ഉപരിപ്ളവമെന്നു പറയാവുന്ന, കവിഞ്ഞൊഴുകുന്ന എന്ന അർത്ഥത്തിൽ, യാതൊന്നും എന്റെ കാര്യത്തിലില്ല. എന്നെ ഉപയോഗപ്പെടുത്താനിച്ഛിക്കുന്ന, അഥവാ ഉപയോഗപ്പെടുത്തുന്ന ഒരതീതശക്തിയുണ്ടെങ്കിൽ അതിന്റെ കാരുണ്യത്തിനു കീഴ്പ്പെട്ടവനാണു ഞാൻ, ഒരുക്കിവച്ച ഒരുപകരണം എന്ന നിലയ്ക്കാണെങ്കിൽ അങ്ങനെയെങ്കിലുമായി. അതുമല്ലെങ്കിൽ യാതൊന്നുമല്ല ഞാൻ; ഭീകരമായ ഒരു ശൂന്യതയിലേക്ക് എടുത്തെറിയപ്പെടുകയാണു ഞാൻ.

ഇപ്പോഴിതാ, നിങ്ങളെക്കുറിച്ചുള്ള ചിന്തകൾക്കു കൂടി ഇടം കണ്ടെത്താനായി ഞാൻ എന്റെ ജീവിതത്തെ വിപുലപ്പെടുത്തിയിരിക്കുന്നു; ഉണർന്നിരിക്കുന്ന സമയത്തിൽ ഒരു കാൽ മണിക്കൂർ പോലുമില്ല ഞാൻ നിങ്ങളെക്കുറിച്ചോർക്കാത്തതായി; മറ്റൊന്നും തന്നെ ചെയ്യാത്ത കാൽ മണിക്കൂറുകൾ എത്രയോ. അതും പക്ഷേ, എന്റെ എഴുത്തിനോടു ബന്ധപ്പെട്ടാണിരിക്കുന്നത്; എന്റെ ജീവിതത്തെ നിർണ്ണയിക്കുന്നതു തന്നെ എന്റെയെഴുത്തിന്റെ കേറ്റിറക്കങ്ങളാണ്‌; ഊഷരമായ ഒരു കാലമാണെങ്കിൽ നിങ്ങളിലേക്കു തിരിയാനുള്ള ധൈര്യം തന്നെ എനിക്കുണ്ടാവില്ല...

എഴുതാൻ വേണ്ടി മാത്രമായി ഇണക്കിവച്ചിരിക്കുകയാണു ഞാൻ എന്റെ ജീവിതരീതിയെ; അതിൽ ഏതെങ്കിലും ഭേദപ്പെടുത്തലുകൾ ഞാൻ ചെയ്യുന്നുണ്ടെങ്കിൽ എന്റെ എഴുത്തിനോടു കൂടുതൽ ഇണങ്ങിച്ചേരാൻ വേണ്ടി മാത്രവുമായിരിക്കും. എത്ര ഹ്രസ്വമാണു കാലം; പരിമിതമാണ്‌ എന്റെ കരുത്തുകൾ; ഓഫീസാകട്ടെ, ഒരു പേടിസ്വപ്നം; താമസിക്കുന്നിടം ഒച്ചയൊഴിയാത്തതൊന്നും; ഒരു നേർജീവിതം സാദ്ധ്യമല്ലെങ്കിൽ ഉപായത്തിൽ ഞെരുങ്ങിക്കടന്നുപോകാനുള്ള വൈദഗ്ദ്ധ്യം തന്നെ കാണിക്കണം. താൻ പറയാൻ ഉദ്ദേശിക്കുന്നതല്ല, സ്വന്തം ക്ഷീണമാണ്‌ താനെഴുതുന്നതിൽ വ്യക്തമായും ഭംഗിയായും പ്രകടമാവുന്നതെന്ന തിരിച്ചറിവിന്റെ ശാശ്വതദുഃഖത്തിനു മുന്നിൽ സ്വന്തം നേരം വിദഗ്ദ്ധമായി ചിട്ടപ്പെടുത്തുന്നതിൽ നിന്നു ലഭിക്കുന്ന സംതൃപ്തി ഒന്നുമല്ലാതാവുന്നു...

ഇപ്പോഴും ഞാൻ അധികമൊന്നും പറഞ്ഞിട്ടില്ല, ഒരു ചോദ്യവും ഞാൻ ചോദിച്ചിട്ടില്ല; കത്തവസാനിപ്പിക്കേണ്ടിയുമിരിക്കുന്നു. പക്ഷേ ഒരുത്തരം പോലും, അതിലുമുറപ്പായി ഒരു ചോദ്യം പോലും നഷ്ടപ്പെടാൻ പോകുന്നില്ല. രണ്ടു പേർക്ക് അന്യോന്യം കാണാതെ, അന്യോന്യം സംസാരിക്കാതെ അന്യന്റെ ഭൂതകാലത്തിന്റെ വലിയൊരു ഭാഗം ശരിക്കുമൊരു മിന്നായം പോലെ വെളിപ്പെട്ടുകിട്ടുന്നുവെങ്കിൽ അതൊരുതരം ആഭിചാരം തന്നെ; അതു പക്ഷേ, പുറമേ തോന്നുന്നില്ലെങ്കിൽത്തന്നെ, ഒരു ദുർമന്ത്രവാദപ്രയോഗമാണ്‌; ഫലം സുനിശ്ചിതമെങ്കിൽക്കൂടി അപായഭീതി കൂടാതെ നാമതെടുത്തുപയോഗിക്കുകയുമരുത്. അതിനാൽ ഞാനതു വെളിവാക്കുന്നില്ല; നിങ്ങൾക്കതൂഹിക്കാനാവുമോയെന്നു നോക്കട്ടെ. ഏതു മാന്ത്രികസൂത്രവും പോലെ അത്ര സംക്ഷിപ്തമാണിതും. വിട; നിങ്ങളുടെ കൈത്തലത്തിനു മേൽ തങ്ങിനിന്നുകൊണ്ട് ഈ ആശിസ്സിനെ ഞാനൊന്നുറപ്പിക്കുകയും ചെയ്യട്ടെ.

സ്വന്തം, ഫ്രാൻസ് . കെ

പ്രണയം...

ശീതൾ പി.കെ


കിനാവിന്‍ പൂമുഖപ്പടിയില്‍ അവന്‍

വന്ന് മുട്ടിയൊരാ ഏകാന്ത രാവില്‍

ആരെന്നറിയാതെ ഒന്ന് തുറന്നിട്ടു പോയതാവാം

അവളീ പ്രണയത്തിന്‍ ജാലകവും ...

ക്ഷണിക്കാത്ത വിരുന്നുകാരനായി

ക്ഷണികമാം ജീവിതത്തില്‍ ഒരു മാത്ര

അവനൊന്നവളെ നോക്കി ചിരിച്ചപ്പോള്‍, അവള്‍ക്കായ്‌

ആ കൈവിരല്‍ തുമ്പൊന്നുയര്‍ത്തിയപ്പോള്‍

കപടമീ ലോകമെന്നറിയാതെ അവളുമാ

കൈവിരല്‍ തുമ്പൊന്നു പിടിച്ചതാവാം...

ഒരു പൂക്കാലമായ്‌ വിരിഞ്ഞ രാവില്‍

അവളറിയാതെ പോയ്‌ ആ ശിശിരത്തെ ...

അകലുമാ മഴതന്‍ മാറില്‍ ഒരു മൃദുലമാം നനവാര്‍ന്ന

കണ്ണീരിന്‍ നോവും മൗനവുമായ്‌

അവള്‍ തേങ്ങി...

ആ തേങ്ങലിന്‍ ഈണവും പ്രണയത്തിന്‍ താരാട്ടായി...

ആരും കാണാതെ പോയൊരാ

സ്നേഹത്തിന്‍ ഓര്‍മ്മതന്‍ പൂന്തോപ്പില്‍

ഇന്നും പൂക്കള്‍ വിരിയുന്നു...

അവളുടെയാ കിനാവിന്‍ നൊമ്പരപ്പൂക്കള്‍ ...

നോവാണെന്നറിഞ്ഞിട്ടും ആ പ്രണയത്തെ

അവള്‍ വീണ്ടും പ്രണയിക്കുന്നു...

ഒരു മാത്ര അവനെയൊന്ന് ഓര്‍ക്കാനായ്‌...