Followers

Thursday, July 1, 2010

ഒരു നീലനായ്ക്കുട്ടിയുടെ കണ്ണുകൾ

v p johns

ഗാർഷ്യ ഗബ്രിയേൽ മാർക്വേസിന്റെ കഥയുടെ സ്വതന്ത്രാവിഷ്കാരം

ആകാശം മേഘാവൃതം. അത്യന്തം ആകാംക്ഷയോടെ അവൾ എന്നെ ഉറ്റുനോക്കുന്നു. ഞാൻ അത്ഭുതവിവശൻ. അവൾ ആദ്യമായിട്ടാണ്‌ എന്നെ കാണുന്നതെന്ന്‌ ഞാൻ കരുതി. അവൾ വിളക്കിനപ്പുറത്തേക്കു മാറിനിന്നതും എന്റെ പിറകിൽ വന്നുപെട്ടു. ഞങ്ങൾ അന്യോന്യം കാണുന്നത്‌ ഇത്‌ ആദ്യമായിത്തന്നെ. അപ്രതീക്ഷിതമായി എന്തെല്ലാം സംഭവിക്കുന്നു ലോകത്തിൽ.
ഞാൻ ഒരു സിഗരറ്റിനു തീപിടിപ്പിച്ചു. കാലുകൾ നന്നായി ഒതുക്കി ആയാസരഹിതം കസേരയിൽ ഇരുപ്പുറപ്പിച്ചു. അഞ്ചാറു നല്ല പുകയെടുത്തു.
എല്ലാ ദിവസവും രാവിലെ അവൾ വിളക്കിനു സമീപം വന്നു നിൽക്കുന്നതു ഞാൻ ശ്രദ്ധിച്ചു പോന്നു. സത്യമായും അതു നേരു തന്നെ. ആദ്യമൊക്കെ ഞാനിത്‌ മനഃപൂർവ്വം ഭാവന ചെയ്യുന്നു എന്നാണ്‌ ഞാൻ വിചാരിച്ചതു. എന്നാൽ സംഗതി പകൽപോലെ വാസ്തവമായിരുന്നു.
മുഖത്തോടുമുഖം കാണുമ്പോഴെല്ലാം ഞങ്ങൾ പരസ്പരം കണ്ണുകൾ കൈമാറുക മാത്രമേ ചെയ്തിരുന്നുള്ളു. ഇപ്പോൾ കസേരയിൽ ഒന്നുകൂടി അമർന്നിരുന്ന്‌ തലയൊന്നു വെട്ടിച്ചു ഞാൻ സാകൂതം അവളുടെ മുഖത്തേക്കു ദൃഷ്ടികൾ പായിച്ചു.
എന്തു വിസ്മയജനകം!
അവൾ തിരിച്ചു എന്നെയും അങ്ങനെതന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്‌. അവളുടെ സ്വർണ്ണമിഴികൾ നക്ഷത്രതുല്യം ജ്വലിക്കുന്നു. രാത്രിയിൽ നിറയെ പൂത്ത ആകാശത്തിന്റെ പ്രകാശധോരണി.
നിന്റെ മിഴികൾ എത്രമനോഹരം! എന്റെ പ്രിയപേടമാൻ കുഞ്ഞേ,നിന്റെ അധരങ്ങൾ എത്ര മധുരം!
ഞാൻ വികാരാധീനനായി.
ഒരു നീലനായ്ക്കുഞ്ഞിന്റെ ശോഭയൂറുന്ന നയനങ്ങൾ.
വിളക്കിൻ തിരിയിൽ നിന്നും കരങ്ങൾ മാറ്റാതെ അവൾ ഉരിയാടി.
നാം അതൊരിക്കലും വിസ്മരിച്ചുകളയരുത്‌.
എന്ത്‌? എന്നു ഞാൻ ചോദിക്കാനായും മുമ്പേ അവൾ ക്ഷണത്തിൽ അവിടം വിട്ടു പൊയ്ക്കളഞ്ഞു.
എനിക്കു വല്ലാത്ത ഇച്ഛാഭംഗമായി
നീലനായ്ക്കുഞ്ഞിന്റെ മിഴിയിണകൾ
എന്റെ മനസ്സ്‌ അടക്കം പറയുന്നു.
ഞാനക്കാര്യം ഹൃദയത്തിന്റെ സകല അറകളിലും സ്പഷ്ടമായി ഭംഗിയായി എഴുതി വച്ചിട്ടുണ്ട്‌.
എന്റെ കണ്ണുകൾ അവൾക്കു പിറകെ പായുന്നു.
അവൾ നേരെ ഡ്രസ്സിങ്ങ്‌ ടേബിളിലേയ്ക്കാണ്‌ നടന്നു നീങ്ങിയത്‌. വൃത്താകാരത്തിലുള്ള കണ്ണാടിക്കു മുമ്പിൽ ചെന്നു നിന്നു.
അതെ. ഞാൻ കലർപ്പില്ലാത്ത സത്യമാണ്‌ ബോധിപ്പിക്കുന്നത്‌.
തന്റെ ചൂടുറ്റ മിഴികൾ കൊണ്ടു അവൾ എന്നെത്തന്നെ ഉഴിഞ്ഞു നിൽക്കുകയാണ്‌. അവൾ മറ്റൊന്നിലും വ്യാപൃതയല്ലായിരുന്നു എന്നു തന്നെ കരുതാം. അൽപ നിമിഷങ്ങൾക്കുള്ളിൽ പിങ്കുനിറമുള്ള മുത്തിരിക്കുന്ന പെട്ടി തുറന്ന്‌ മുഖമാസകലം പൗഡർ പൂശുന്നു. ശേഷം പെട്ടിയിൽ യഥാസ്ഥാനത്ത്‌ വെച്ച്‌ നീണ്ടു നിവർന്നു നിന്നു. സ്വതവേ പിങ്കുവർണ്ണമുള്ള ആ ചാരുമുഖം റോസ്‌ പൗഡറിന്റെ മിനുമിനുപ്പിൽ കൂടുതൽ കമനീയമായി തീർന്നിരിക്കുന്നു.
കോമളാംഗി വീണ്ടും വിളക്കിന്നടുത്തേക്കു തിരിച്ചുവന്നു.
അവൾ ഇപ്രകാരം പിറുപിറുക്കുന്നുണ്ടായിരുന്നു.
ആരെങ്കിലും ഒരാൾ ഈ മുറിയെപ്പറ്റി സ്വപ്നം കാണുകയും സ്വപ്നദർശനത്തിലൂടെ എന്റെ രഹസ്യങ്ങൾ മുഴുവൻ വെളിപ്പെടുത്തിയേക്കുമെന്ന്‌ ഞാൻ വല്ലാതെ ഭയന്നുപോയിരിക്കുന്നു.
അവൾ തന്റെ നീണ്ടുമെലിഞ്ഞ കൈകൾ വിളക്കിലേക്കടുപ്പിക്കുകയും ദേഹം സ്വയം ചൂടുപിടിപ്പിക്കുകയും ചെയ്തു.
തുടർന്ന്‌ എന്നോടു ചോദിച്ചു.
തണുപ്പനുഭവപ്പെടുന്നില്ലേ നിങ്ങൾക്ക്‌?
സത്യമാണ്‌. വല്ലാത്ത ശൈത്യം.
എങ്കിലും ഞാൻ പ്രതിവചിച്ചതിങ്ങനെ.
ഓ.... ചിലപ്പോഴൊക്കെ.
എന്റെ അലസമായ മറുപടി അവളെ കുഴക്കിയിരിക്കണം.
എന്നാൽ നിങ്ങൾക്കുടൻ തന്നെ തണുപ്പിന്റെ കാഠിന്യം നല്ലവണ്ണം അനുഭവപ്പെടാതിരിക്കില്ല. നോക്കിക്കോളൂ.
അവൾ താക്കീതിന്റെ സ്വരത്തിൽ പറയുന്നു.
ഞാനപ്പോൾ ചിന്തിച്ചു.
എന്തിനാണ്‌ ഞാൻ ഈ കസേരയിൽ ഒറ്റക്കിങ്ങനെ കുത്തിയിരിക്കുന്നത്‌.
അസ്ഥികൾ തുളച്ചിറങ്ങുന്ന ശൈത്യമാണ്‌ ചുറ്റിലും. എന്നാൽ ഏകാന്തത്തയുടെ സംഗീതമാണ്‌ അതെനിക്കു സമ്മാനിക്കുന്നത്‌. പറഞ്ഞുപറഞ്ഞിരിക്കെ അതെന്നെ മേലാസകലം ആക്രമിക്കാൻ തുടങ്ങി. കൈകളിലൂടെ തണുപ്പ്‌ അതിവേഗം അരിച്ചുകയറിത്തുടങ്ങി എന്നിട്ടും എന്തൊരാശ്ചര്യം! രാത്രി ഇപ്പോഴും അസാധാരണമാംവിധം ശാന്തമാണ്‌.
ആ ഷീറ്റ്‌ താഴേക്കു പതിക്കട്ടെ.
ശബ്ദം താഴ്ത്തി പതിയെ പറയാനാണ്‌ ഞാൻ ഉദ്ദേശിച്ചതു.
പക്ഷെ പുറത്തേക്കെത്തിയപ്പോൾ ഉച്ചത്തിലായെന്നു മാത്രം.
എന്റെ വാക്കുകൾക്കു പകരമൊന്നും ഉച്ചരിക്കുകയുണ്ടായില്ല.
അതൊന്നും അശേഷം ഗൗനിക്കാതെ അവൾ വീണ്ടും ഡ്രസ്സിങ്ങ്‌ ർറൂമിലേക്കു തന്നെപോയി.
ഞാൻ കസേരയിൽ തന്നെ അമർന്നു.
അവളെ മുഖഭാവം കാണാതെ തന്നെ അവൾ എന്തു ചെയ്യുകയായിരിക്കുമെന്ന്‌ എനിക്ക്‌ ഊഹിക്കാൻ കഴിയുന്നുണ്ട്‌. കണ്ണാടിക്കു മുകളിലാണെങ്കിലും എന്റെ പിൻഭാഗം അവൾക്കു നന്നായി കാണാൻ കഴിയും. അവളുടെ മുഖത്തിനും മേനിക്കും പൂർവ്വാധികം ചന്തം വന്നുകൊണ്ടിരിക്കുന്നു. ഒരു ലാവണ്യക്കുടുക്ക തന്നെ. സംശയമില്ല. ഉത്തരക്ഷണം എന്റെ ദൃഷ്ടിക്കെതിർ ദിശയിൽ മിനുസമാർന്ന ഒരു ഭിത്തി പ്രത്യക്ഷപ്പെട്ടു. കണ്ണാടിപോലെ മിനുസമുണ്ടതിന്‌.
പക്ഷെ അവളുടെ കോമളരൂപം അതിൽ പ്രതിഫലിക്കുന്നില്ല. ചുമർ കണ്ണാടിയിൽ അവൾ കൂടൂതൽ മഞ്ജുളാംഗിയായി മാറുകയാണെന്ന്‌ ഞാൻ ഭാവനയിൽ കണ്ടു.
എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും അവൾക്കുവേണ്ടി ഒരു ചെമ്പനിനീർപ്പൂ ഞൊടിയിടയിൽ വിരിഞ്ഞുവരുന്നുണ്ട്‌. അതിന്റെ പരിമളം എനിക്കു ആസ്വദിക്കാൻ കഴിയുന്നുണ്ട്‌.
ഞാൻ നിന്നെ കാണുന്നുണ്ട്‌ - (എനിക്കു നിന്നെ കാണാൻ കഴിയുന്നുണ്ട്‌) ഞാൻ വികാരഭരിതനായി ഉറക്കെ വിളിച്ചു കൂവി.
തത്സമയം അവൾ മീൻമിഴികൾ ഉയർത്തി എന്നെ തഴുകുന്നതും ഓമനിക്കുന്നതും ഞാൻ കണ്ടു. കസേരയിൽ ഇരിക്കുന്ന എന്റെ പുറകുവശം കണ്ണാടിയിൽ നിഴലിക്കുന്നതും അവൾ കണ്ടെത്തിക്കഴിഞ്ഞു. അവൾക്കുവല്ലാതെ കോരിത്തരിച്ചുപോയി. മഞ്ഞു പൊഴിക്കുന്ന ശൈത്യം അവളെ കൂടുതൽ മനോഹരിയാക്കുന്നു.
എന്റെ മുഖം വീണ്ടും ഭിത്തിയിലേക്കു ചാഞ്ഞു. മനോജ്ഞമായ കണ്ണിമകളിലൂടെ ഞാനവളെ പിന്നെയും പിന്നെയും കണ്ടുകൊണ്ടിരിക്കുകയാണ്‌.
ബ്രേസിയറിലാണിപ്പോൾ ആ കണ്ണുകൾ കുടുങ്ങിക്കിടക്കുന്നത്‌ അവൾ നിശ്ശബ്ദയുമാണ്‌.
ഞാൻ ശബ്ദം വല്ലാതെ താഴ്ത്തി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: നിന്നെ എനിക്കു കാണാം.
അവൾ മിഴികൾക്കൊപ്പം ബ്രായും ഉയർത്തിപ്പിടിച്ചു.
അതസാധ്യമാണ്‌.
അവൾ തറപ്പിച്ചുപറയുന്നു.
-എന്തുകൊണ്ടില്ല?-
ഞാൻ കസേര ദിശ തിരിച്ചിട്ടു.
എന്റെ ചുണ്ടുകളിലിപ്പോഴും സിഗരറ്റുപൂവുകൾ എരിഞ്ഞുകൊണ്ടിരുന്നു.
ഞാൻ കണ്ണാടിക്കുനേരെ അഭിമുഖമായപ്പോൾ അവൾ വിളക്കിനുനേർപിൻവശത്തായി വന്നുപെട്ടു. മൃദുലമായ കൈകൾ വിളക്കിൻ ജ്വാലകൾക്കു നേരെ അതാവിരുത്തിപ്പിടിക്കുന്നു. എനിക്കത്‌ പിടക്കോഴി ചിറകു വിടർത്തുന്നതുപോലെ തോന്നി. അവൾ ആകുലചിത്തയായി പറഞ്ഞു.
എനിക്കു ജലദോഷം പിടിപെട്ടേക്കുമോ എന്നു ഞാൻ ഭയപ്പെടുന്നു.
വല്ലാത്ത ഉൽക്കണ്ഠയാണീ സുന്ദരിപ്പെണ്ണിന്‌.
ഇത്‌ ഒരു ഹിമ നഗരമാണെന്നു തോന്നുന്നു.
അവൾ ഭയചകിതയായി മൊഴിഞ്ഞു.
അവളുടെ മൃദുലചർമ്മം ചെമ്പുതകിടു നിറത്തിൽ നിന്നും കടുംചുവപ്പിലേക്കു പടർന്നു കഴിഞ്ഞു.
അവൾ കഠിന ദുഃഖിതയാണ്‌. എന്താണീ സുന്ദരിക്കിത്ര സങ്കടത്തിനു കാരണം?
ഞാൻ വിഷാദവാനായി ആലോചിച്ചു.
എന്തെങ്കിലും ഒരു പ്രതിവിധി ഉടനടി ചെയ്തേ ഒക്കൂ. ഞാൻ ആലോചിക്കുമ്പോഴേക്കും രംഗ വ്യതിയാനം.
അവൾ അതിവേഗം വിവസ്ത്രയാകാൻ തുടങ്ങി. ആദ്യം ബ്രേയിസിയർ പിന്നെപ്പിന്നെ അടിവസ്ത്രങ്ങൾ, ഒടുവിൽ മേൽവസ്ത്രം. ക്രമത്തിൽ അവൾ ഓരോന്നും അഴിച്ചുമാറ്റിക്കൊണ്ടിരുന്നു.
പൊടുന്നനെ ഞാൻ ഭിത്തിയിലേക്കു ദൃഷ്ടികൾ പറിച്ചുനട്ടു. അതിന്റെ ആവശ്യമില്ല. നിങ്ങൾ നേരത്തെ തല വെട്ടിച്ചുനോക്കിയപ്പോൾ കണ്ടതുപോലെ ഇപ്പോഴും നിങ്ങൾക്കെന്നെ കാണാം.
അങ്ങനെ പറഞ്ഞിട്ടും അവൾ പൂർണ്ണമായും വിവസ്ത്രയായി (നഗ്നയായി) അവളുടെ രമണീയചർമ്മം ദീപജ്വാലകൾ ആവേശത്തോടെ നക്കിത്തോർത്തിക്കൊണ്ടിരുന്നു.
പ്രഹരമേൽക്കുമ്പോൾ പുളഞ്ഞ്‌ അടിവയറ്റിൽ ധാരാളം ചുളിവുകൾ വീഴ്ത്തുന്ന നിന്റെ ചേതോഹരമായ ചർമ്മഭംഗി കാണാനാണ്‌ എനിക്കിഷ്ടം.
എന്റെ വാക്കുകൾ വെളിക്കും വരുംമുമ്പു തന്നെ അവളുടെ നഗ്നത കണ്ടിട്ടു എനിക്കു വല്ലാത്ത ജാള്യതതോന്നി. വളരെ മേച്ഛമായിപ്പോയി അത്‌! എനിക്കു അതിയായ ലജ്ജാഭാരവും അനുഭവപ്പെട്ടു അവൾ പക്ഷെ തികച്ചും നിശ്ചലയാണ്‌. തീജ്വാലകൾ കൊണ്ടു ഉടലാകെ ചുട്ടുപിടിപ്പിക്കുകയാണവൾ.
അവൾ, പറയാൻ തുടങ്ങി.
ചിലപ്പോൾ ഞാൻ വിചാരിക്കും. എന്റെ ദേഹം ലോഹനിർമ്മിതമോ മറ്റോ ആണെന്ന്‌.
തുടർന്നവൾ അൽപസമയം മൗനമായിരുന്നു. കൈകൾ മാത്രം സാവധാനം ചലിപ്പിച്ചു.
കേട്ട മാത്രയിൽ ഞാൻ കുറച്ചു ലാഘവത്തോടെ പറഞ്ഞു.
ഏതോ മ്യൂസിയത്തിന്റെ മൂലയിൽ കാഴ്ചക്കാരിൽ കൗതുകമുണർത്താൻ ഒരുക്കിവെച്ചിരിക്കുന്ന ഒരു കൊച്ചു വേങ്കലപ്രതിമയാണ്‌ നീ എന്ന്‌ എനിക്കപ്പോൾ തോന്നുന്നു. അതുകൊണ്ടാവണം നിനക്കിത്രമാത്രം തണുപ്പനുഭവപ്പെടുന്നത്‌.
ഉറങ്ങാനായി ഞാൻ കിടക്കുമ്പോൾ എന്റെ ഉടൽ പൊള്ളയായി മാറുന്നതും എന്റെ തൊലി ഒരു പ്ലെയിറ്റായിത്തീരുന്നതും പോലെ എനിക്കതനുഭവപ്പെടുമായിരുന്നു.
"ധമനികളിൽ രക്തപ്രവാഹം അലയടിക്കുമ്പോൾ ആരോ എന്റെ ഉദരത്തിൽ വന്ന്‌ ഊക്കോടെ അടിക്കുന്നതുപോലെ എനിക്കു തോന്നും. അപ്പോൾ എന്റെ സ്വന്തമായ ചെമ്പുതകിടിന്റെ ഒച്ച എന്റെ കട്ടിലിൽ കിടന്നുകൊണ്ടുതന്നെ എനിക്കു കേൾക്കാൻ കഴിയും.
-എന്താ നിങ്ങൾ അതിനെക്കുറിച്ചു പറയ്യാ? ലാമിനേറ്റു ചെയ്ത കോപ്പറെന്നോ? അതോ?
അവൾ വിളക്കിനു അരികിലേക്കു കൂടുതൽ കൂടുതൽ അടുത്തുവന്നു.
- നീ പറയുന്നതു കേൾക്കാൻ എനിക്കു അതിയായ അനൽപമായ താൽപര്യമുണ്ട്‌. ഞാൻ ഉള്ളു തുറന്നു.
ഞാൻ കിടന്നറങ്ങുമ്പോൾ നിങ്ങൾ നിങ്ങളുടെ കാതുകൾ എന്റെ വാരിയെല്ലുകൾക്കു (മീതെ) മുകളിൽ അമർത്തിവെയ്ക്കണം അപ്പോൾ തീർച്ചയായും നിങ്ങൾക്ക്‌ അതിന്റെ മാറ്റൊലി കേൾക്കാതിരിക്കില്ല. അപ്പ, നിങ്ങൾ അതു കേൾക്കുക തന്നെ ചെയ്യും.
സംസാരിക്കുമ്പോൾ അവളുടെ ശ്വാസോച്ഛ്വാസം ക്രമാതീതമാകുന്നത്‌ ഞാൻ ശ്രദ്ധിച്ചു. വർഷങ്ങൾ പിന്നിട്ടിട്ടും അതിനു സാരമായ വ്യത്യാസമൊന്നും വന്നിട്ടില്ലെന്നു അവൾ ആണയിട്ടു പറഞ്ഞു. അവളുടെ ഭാവമാറ്റം എന്നിൽ വല്ലാത്ത കൗതുകം ഉളവാക്കി.
ഇക്കാര്യങ്ങൾ എന്നെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ്‌ താൻ ജീവിതം സമർപ്പിച്ചിരിക്കുന്നതെന്ന്‌ അവൾ ദൃഢമായി വിശ്വസിക്കുന്നു. നീലമിഴികളുള്ള നായ്ക്കുട്ടി. എന്ന ശൈലി എന്നെ ശരിക്കും ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമായി തെരുവോരങ്ങളിൽ മുഴുവൻ അവൾ ഇക്കാര്യം വിളിച്ചു കൂവി നടക്കും.
ഈ ലോകത്ത്‌ തന്നെ മനസ്സിലാക്കാൻ കഴിയുന്ന ഏക മനുഷ്യൻ-ഇതാ ഈ ഒരേ ഒരാൾ മാത്രം-എന്നവൾ തെരുവുകൾ തോറും ഉച്ചത്തിൽ പാടി നടക്കുമത്രെ.
ഞാൻ ഒരാൾ മാത്രമാണ്‌ എല്ലാ രാത്രികളിലും പെയ്തിറങ്ങുന്ന സ്വപ്നങ്ങളിൽ അവൾക്കു പ്രത്യക്ഷപ്പെടുന്നതും, നീലമിഴികളുള്ള നായ്ക്കുട്ടി എന്നവളെ കൊഞ്ചിച്ച്‌ ലാളിക്കാറുള്ളതും-
അവൾ അത്യന്തം ആവേശ ദുരിതയായിരിക്കുന്നു.
റസ്റ്റോറന്റുകളിൽ ബെയറർമാരോടു ഞാൻ പറയുമായിരുന്ന നീലനായ്ക്കുഞ്ഞിന്റെ കണ്ണുകൾ. വെയിറ്റർമാർ ആദരപൂർവ്വം തലകുനിച്ചു നിൽക്കും. തങ്ങളുടെ സ്വപ്നങ്ങളിൽ അത്തരം ഒന്നുണ്ടായതായി അവർക്കാർക്കും ഓർമ്മിച്ചെടുക്കാൻ കഴിയുന്നില്ല. സ്വപ്നങ്ങൾക്കു മീതെ സ്വപ്നങ്ങൾ വന്നു പതിച്ചു.
ബെയറർമാരെയെല്ലാം ഒരു നിമിഷം അമ്പരപ്പിച്ചുകൊണ്ടു അവൾ ടേബിളുകളിലും നാപ്കിനുകളിലുമെല്ലാം ഒരു നീല നായ്ക്കുട്ടിയുടെ കണ്ണുകൾ എന്നു വലിയ അക്ഷരങ്ങളിൽ എഴുതിവച്ചു. ഹോട്ടലുകളുടെ ജനൽക്കതകുകൾ, ജാലകവിരികൾ, റയിൽവേ സ്റ്റേഷനുകൾ, പബ്ലിക്ബിൽഡിംഗുകൾ എന്നു വേണ്ട കണ്ടവയിലെല്ലാം തോന്നിയതുപോലെ അവൾ ഇപ്രകാരം കുറിച്ചുവെക്കുമായിരുന്നു.
ഒരിക്കൽ അവൾ ഒരു ഔഷധക്കടയിൽ ചെന്നുകയറി. സ്വപ്നത്തിൽ താൻ ദർശിച്ച തന്റെ മുറിയിൽ സ്വച്ഛന്ദം തലങ്ങും വിലങ്ങും അലസം നടന്നുനീങ്ങുന്ന ഒരു നായ്ക്കുട്ടിയുടെ പരിചിതഗന്ധം അവളുടെ മൂക്കിലേക്കടിച്ചു കയറി. നിശ്ചയമായും അതിവിടെ ഉണ്ട്‌. സമീപത്തൊരിടത്തുണ്ട്‌. അവൾക്കു ദൃഢവിശ്വാസമായിരുന്നു. അതുമായി അവൾക്കുണ്ടായിരുന്ന ഗാഢബന്ധം വേറെ മറ്റാർക്കും അറിയില്ലല്ലോ? മരുന്നുകടയിലെ പുത്തൻ ഫ്ലോർടെയിൽസിൽ നിന്നാണ്‌ മണം വരുന്നതെന്നു അവൾ ഊഹിച്ചു. കടയിലെ കണക്കെഴുത്തുകാരന്റെ (ഗുമസ്ഥന്റെ) സമീപം ചെന്ന്‌ അവൾ അറിയിച്ചു.
എന്റെ സ്വപ്നങ്ങളിൽ ഞാനെപ്പോഴും ഒരു മനുഷ്യനെ കണ്ടുമുട്ടാറുണ്ട്‌. അയാൾ 'ഒരു നീലനായ്ക്കുട്ടിയുടെ നയനങ്ങൾ എന്ന്‌ സദാ എന്നോട്‌ പറഞ്ഞുകൊണ്ടേയിരിക്കും.
അയാൾ അതുതന്നെ സ്വയം നിഗോ‍ൂഢമാക്കിക്കിടത്തി സ്വാഭാവിക ചേഷ്ടകളോടെ തിരിച്ചു പറഞ്ഞു.
മാഡം തുറന്നുപറയാമല്ലോ, താങ്കൾക്കു അത്തരം മനോഹരമായ നീലമിഴികൾ തന്നെയാണുള്ളത്‌.
അവൾ അത്യധികം ഉത്സാഹഭരിതയായി.
സ്വപ്നത്തിൽ എന്നോടപ്രകാരം ഉരുവിടുകയും സല്ലപിക്കുകയും ചെയ്യുന്ന ആ മനുഷ്യനെ എനിക്കു കണ്ടുപിടിച്ചേ തീരൂ.
അവളുടെ ദൃഢനിശ്ചയം കേട്ടിട്ടു പാവം ഉടമസ്ഥൻ ചിരിച്ചുചിരിച്ചു മണ്ണുകപ്പിയത്രെ!
പിന്നീടയാൾ കൗണ്ടറിന്റെ മറുപാർശ്വത്തേക്കു (തിരക്കിട്ട്‌) നീങ്ങി. അവളാകട്ടെ ഫ്ലോർടെയിൽസിന്റെ പുതുഗന്ധത്തിലേക്ക്‌ തന്റെ നാസാരന്ധ്രങ്ങൾ തുറന്നു പിടിച്ച്‌ എന്തോ ആവാഹിക്കുന്നതുപോലെ ഒരുപാടുനേരമങ്ങനെ നിൽക്കുകയും ചെയ്തു. അനന്തരം പഴ്സ്‌ തുറന്ന്‌ ലിപ്സ്റ്റിക്‌ എടുത്ത്‌ ടെയിൽസിലെമ്പാടും ഇപ്രകാരം കുറിച്ചു.
ഒരു നീലനായ്ക്കുട്ടിയുടെ മിഴികൾ
പൊടുന്നനെ കണക്കെഴുത്തുകാരൻ ഓടിപ്പിടഞ്ഞെത്തി അവളോടു കയർത്തു തുടങ്ങി.
മാഡം, നിങ്ങൾ ആ ടെയിൽസാകെ വൃത്തികേടാക്കിയല്ലോ? അവൾ മുഖമുയർത്തി, പ്രകാശത്തിരകളിലേക്കു ദൃഷ്ടികളൂന്നി. പിന്നെയും പിന്നെയും മുകളിലേക്ക്‌ ദൃഷ്ടികളുയർന്നു. നീറിപ്പുകഞ്ഞുകൊണ്ടിരിക്കുകയാണവൾ.
ഇപ്പോൾ അവൾ എന്നെ ദാഹാർത്തയായി എത്തി നോക്കുന്നു.
ഇതാ കസേരയിലിരുന്ന്‌ ത്രസിക്കാൻ ആരംഭിച്ചു. "നിങ്ങൾ അക്കാര്യം എന്നോടൊന്നു സൂചിപ്പിച്ചതുപോലുമില്ല."
അവൾ പരിഭവത്തോടെ പറഞ്ഞു. ഞാനിപ്പോൾ തന്നെ നിന്നോടതു പറയാം. തികച്ചും സത്യമാണക്കാര്യം.
എന്റെ വിരലുകൾക്കിടയിൽ നിന്നും സിഗരറ്റു കുറ്റികൾ അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു. ഞാൻ പുകവലിച്ചു കൊണ്ടിരുന്ന കാര്യംപോലും മറന്നുപോയി.
എവിടെയാണത്‌ എഴുതിവെച്ചിരുന്നതെന്ന കാര്യവും ഓർമ്മയിൽ തെളിഞ്ഞുവരുന്നില്ല.
അവൾ കൂട്ടിച്ചേർത്തു.
അതെ. അതേ കാരണം കൊണ്ടുതന്നെ ആവാക്കുകൾ ഓർത്തെടുക്കാൻ എനിക്കും കഴിയുന്നില്ല. വല്ലാത്ത മറവി തന്നെ.
അവൾ വിഷാദവതിയായി. അല്ല. അക്കാര്യം വളരെ ശരിയാണ്‌. ഞാനതും സ്വപ്നത്തിൽ കണ്ടതുപോല സ്മരിക്കുന്നു.
ഞാൻ വേഗം എഴുന്നേറ്റു വിളക്കിനടുത്തേക്കു പോയി.
നാളെ ഞാൻ അതുമറന്നേക്കുമെന്നു ഞാൻ കരുതുന്നില്ല.
ഞാനെപ്പോഴും അങ്ങനെ പറഞ്ഞുപോന്നിരുന്നുവേങ്കിലും ഉണർന്നുകഴിയുമ്പോൾ വാക്കുകൾ ഞാൻ മറന്നുപോകുമായിരുന്നു.
അവൾ പറഞ്ഞു.
ആദ്യ ദിവസം തന്നെ നീയതു കണ്ടുപിടിച്ചു കഴിഞ്ഞു.
ഞാൻ മറുപടി വിശദീകരിച്ചു. ഞാൻ അതുകണ്ടെത്താൻ കാരണം നിന്റെ ചാരവർണ്ണം കലർന്ന മിഴിയിണകൾ തന്നെ. നിർഭാഗ്യകരമെന്നുപറയട്ടെ പ്രഭാതത്തിൽ അതെന്റെ ഓർമ്മയിൽ നിന്നും അപ്രത്യക്ഷമാകുന്നു.
വിളക്കിന്റെ നാളങ്ങൾക്കു താഴെ അവളുടെ, ദീർഘനിശ്വാസങ്ങൾ അലഞ്ഞു നടന്നു.
അവളുടെ ദന്തനിരകൾ തീ ജ്വാലകളിൽ പ്രകാശിക്കുന്നു.
ഞാൻ എന്തെഴുതുന്നുവേന്നെങ്കിലും താങ്കൾ ഒന്നു ഓർത്തെങ്കിൽ
എനിക്കു നിന്നെയൊന്നു സ്പർശിക്കണം.
ഞാൻ നിസ്സങ്കോചം ഉരിയാടി.
അവൾ സംസാരം അവസാനിപ്പിക്കുമ്പോൾ കാലുകളിട്ടിളക്കി കസേരയിൽ തന്നെ ഇരിക്കുകയായിരുന്നു ഞാൻ.
ഓരോ ദിവസവും ആ പ്രയോഗത്തെക്കുറിച്ചു നിന്നെ ഓർമ്മിപ്പിക്കാൻ ഞാൻ ഉദ്യമിക്കുകയായിരുന്നു.
അവളുടെ കരചലനങ്ങൾ ഇപ്പോഴും മനസ്സിൽ അംഗനം ചെയ്തു കിടപ്പുണ്ട്‌.
ഹൃദയഹാരിയായ ദൃശ്യങ്ങൾ മനസ്സിൽ നിന്നും എങ്ങനെ ഊരി മാറ്റാനാകും?

ഗൃഹാതുരത്വത്തിന്റെ ആത്മനൊമ്പരം


chacko sankarathil

അമേരിക്കയിലെ മലയാളസാഹിത്യ പ്രവർത്തകരിൽവച്ച്‌ ഏറ്റവും ശക്തനും ശ്രദ്ധേയനുമാണ്‌ മാത്യുനെല്ലിക്കുന്ന്‌. ഏകദേശം ഒരു ഡസനിലധികം കൃതികളുടെ കർത്താവാണ്‌ അദ്ദേഹം. ചെറിയ ചെറിയ വാചകങ്ങളിലൂടെ വലിയ അർത്ഥവ്യാപ്തിയുള്ള കഥാരചന മാത്യുവിന്റെ പ്രത്യേകതയാണ്‌. അതുകൊണ്ടുതന്നെ മാത്യു മറ്റുള്ള മലയാളസാഹിത്യകാരന്മാരിൽനിന്നും വ്യത്യസ്തനുമാണ്‌.
1989 മധ്യത്തോടെയാണ്‌ ഞാൻ മാത്യുവിനെ പരിചയപ്പെടുന്നത്‌. 'രജനി' മാസിക തുടങ്ങിയിട്ട്‌ അധികനാളുകളായിരുന്നില്ല. കെ.പി.എ.സിയുടെ നാടകങ്ങളുമായി തോപ്പിൽഭാസി അമേരിക്ക സന്ദർശിക്കുന്ന സമയം. ഞാൻ അദ്ദേഹവുമായി സംസാരിച്ചപ്പോൾ തോപ്പിൽഭാസി സാറ്‌ ചോദിച്ചു: "ഹൂസ്റ്റണിലുള്ള മാത്യുനെല്ലിക്കുന്നിനെ അറിയാമോ?" "ഇല്ല." ഒറ്റവാക്കിൽ ഞാൻ മറുപടി നൽകി. "മാത്യു പ്രതിഭാധനനായ ഒരു സാഹിത്യകാരനാണ്‌. അദ്ദേഹത്തിന്റെ ഏതാനും സാഹിത്യരചനകൾ എനിക്കു വായിക്കുവാൻതന്നു. എനിക്കിഷ്ടമായി. മാത്യുവിനെ പരിചയപ്പെടുന്നത്‌ 'രജനി'യുടെ വളർച്ചയ്ക്ക്‌ നല്ലതായിരിക്കും." ഭാസിസാറിന്റെ വാക്കുകൾകേട്ട ഉടൻതന്നെ ഞാൻ മാത്യുവുമായി ബന്ധപ്പെട്ടു. അദ്ദേഹം 'രജനി'യിൽ പ്രസിദ്ധീകരിച്ചു. അന്നു തുടങ്ങിയ സുഹൃദ്ബന്ധം വളർന്ന്‌ ഞങ്ങൾ ആത്മമിത്രങ്ങളായി മാത്യുവിന്റെ സംഭാവനകൾ 'രജനി'യുടെ വളർച്ചയ്ക്ക്‌ ഏറെ സഹായിച്ചു. ഇപ്പോൾ അദ്ദേഹം 'രജനി'യുടെ എഡിറ്റർ കൂടിയാണ്‌.
മാത്യുവിന്റെ ഏറ്റവും പുതിയ നോവലാണ്‌ 'പത്മവ്യൂഹം' മാത്യുവിന്‌ കഥ എഴുതാനറിയാം; നോവലെഴുതാനറിയാം. അദ്ദേഹത്തിന്റെ കൃതികൾ വായിച്ചാൽ ഇതു വ്യക്തമാകും. ഒരിക്കൽ ഞാൻ മാത്യുവിനോടു ചോദിച്ചു. "നിങ്ങൾ ആർക്കുവേണ്ടിയാണ്‌, എന്തിനുവേണ്ടിയാണ്‌ എഴുതുന്നത്‌?"
അതിനദ്ദേഹം തന്ന മറുപടി കേൾക്കണ്ടെ? "ഞാൻ ആർക്കുവേണ്ടിയും എന്തിനുവേണ്ടിയും എഴുതുന്നില്ല. സ്വന്തം അനുഭവങ്ങളും ആത്മപീഡനങ്ങളും മനനംചെയ്ത്‌, തലമുറകൾ കടന്നുപോകുന്ന ശൈഥില്യങ്ങളിലെ ഉൾക്കാഴ്ചകൾ ദാർശിനികതലത്തിലൂടെ പദയാത്ര ചെയ്യുമ്പോൾ വിളിച്ചറിയിക്കാൻ അക്ഷരം എന്ന മാധ്യമത്തെ ആശ്രയിക്കുന്നുവേന്നുമാത്രം" അതാണ്‌ അമേരിക്കയിലെ മറ്റുള്ള എഴുത്തുകാരും മാത്യുവും തമ്മിലുള്ള അന്തരം. മാത്യു ധാരാളം വായിക്കുന്നു. സൃഷ്ടികളെ കൂലങ്കഷമായി പഠനം ചെയ്യുന്നു.
അമേരിക്കയിലായിട്ടും മലയാളത്തിന്റെ തനിമകൾ മറക്കാത്ത സാഹിത്യകാരനാണ്‌ മാത്യു. മനനത്തിന്റെ ഗഗാരങ്ങളിൽ ധ്യാനിക്കുമ്പോൾ, ഹിമശൈലങ്ങൾ കടന്നുകയറുമ്പോൾ മഞ്ഞിന്റെ തണുപ്പറിയാത്ത ധ്യാനം. അപ്പോൾ സൃഷ്ടിയുടെ നാമ്പുകൾ കിളിർത്തുകൊള്ളും. അതാണ്‌ മാത്യുവിന്റെ ആത്മവിശ്വാസം.
മാത്യുവിന്റെ എല്ലാ കൃതികളിലും ഗൃഹാതുരത്വത്തിന്റെ ആത്മനൊമ്പരം ഒളിഞ്ഞിരിക്കുന്നതു കാണാം. ഒരു നിയോഗത്തിലെ അന്യമായ അനുഭവം മാത്രമാണ്‌ പ്രവാസം. നിങ്ങളുടെ ഭൗതികശരീരം പ്രവാസത്തിലെങ്കിലും എന്തോ തേടി മാതൃഭൂമിയിലൂടെ എന്നും നടക്കാറുണ്ട്‌. അടുത്ത ഭാഷയുടെ കുതിപ്പ്‌ ഇവിടെനിന്നായിരിക്കാം ഈ പ്രവാസം മറ്റൊരു തേങ്ങലിന്റെയും മുറിവിന്റെയും ആരംഭവുമായിരിക്കണം ഈ നിമിഷവും ഇതിന്റെ ബന്ധനങ്ങളും മറ്റൊരു കുരുക്കിന്റെയും പാശങ്ങളുടെയും തുടക്കവും ജനനവുമായിരിക്കണം. അതാണ്‌ നിയോഗങ്ങൾ എന്നുവിളിക്കുന്ന ജന്മാന്തരങ്ങളിലെ പാശങ്ങൾ.
'പത്മവ്യൂഹ'ത്തിലെ രവീന്ദ്രൻ ശക്തനാണ്‌. ധൈര്യമുള്ളവനാണ്‌. അമ്മാവന്റെ മകൾ ശാരദയെ അവനിഷ്ടമാണ്‌. അവളുടെ മുടിയിഴകളിൽ മുല്ലപ്പൂക്കൾ അർപ്പിക്കുവാൻ രവീന്ദ്രൻ മോഹിച്ചു. സുഗന്ധങ്ങളിൽ ലയിച്ച്‌ ഏറെ നേരം മടിച്ചുനിൽക്കുവാൻ അവൻ അശക്തനായിരുന്നു. അരുതാത്തതെന്തോ ചെയ്യുന്നതിന്റെ വിലക്കുകൾ മനസ്സിൽ ഉയർന്നപ്പോഴും പാദങ്ങൾ മുന്നോട്ടു ചലിച്ചു. ഇരുളിൽ മുറ്റത്തിന്റെ കോണിലെ ചാമ്പമരത്തിന്റെ മറപറ്റി ശാരദയുടെ ചുണ്ടിൽ അവൻ ഒരു മുദ്രയിട്ടു. എന്നിട്ട്‌ മുല്ലപ്പൂക്കൾ അവളുടെ മുടിയിഴകളിൽ തിരുകിവച്ചു. ശാരദയുടെ നനവാർന്ന ചുണ്ടിലെ മാധുര്യം അവനിലേക്ക്‌ ഒഴുകിയെത്തി. പക്ഷേ, അവളെക്കുറിച്ചോർക്കുമ്പോഴെല്ലാം അമ്മാവന്റെ ക്രൂരമായ കണ്ണുകളിലെ തീയുടെ ചൂടിൽ അവൻ തളർന്നുപോയി. എന്നിട്ടും അവൻ ആശ്വസിച്ചു. എന്നെങ്കിലും താൻ ശക്തനും, സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ളവനുമാകും. അപ്പോൾ താൻ ആർജ്ജിക്കുന്ന കരുത്തിന്റെ പിൻബലത്തിൽ ശാരദയുടെ കൈപിടിച്ച്‌ അമ്മാവന്റെ മുന്നിലൂടെ പടിയിറങ്ങും. എത്ര ഭംഗിയായിട്ടാണ്‌ ഈ രംഗം അവതരിപ്പിച്ചിരിക്കുന്നത്‌. ഒരു ഉത്തമകലാകാരനുമാത്രമേ അവന്റെ വികാരങ്ങൾ മുഴുവൻ കടലാസിൽ പകർത്താനാവൂ.
തന്റെ കാമുകി പനിവന്നു മരിച്ചു. രവീന്ദ്രൻ എല്ലാം മറക്കാൻ ശ്രമിച്ചു. എന്നാൽ ഓർമ്മകൾ മരിക്കുന്നില്ല. അവ ഉറങ്ങുകയേയുള്ളുവേന്ന്‌ അവനു ബോധ്യമായി. ബാല്യത്തിലും കൗമാരത്തിലും ഒളിപ്പിച്ചോമനിച്ച അനുരാഗവല്ലരി അകാലത്തിൽ വാടിക്കരിഞ്ഞപ്പോൾ ആ ഓർമ്മകൾ ഒരു വ്യാളിപോലെ അവനെ പീഡിപ്പിച്ചു.
രവീന്ദ്രൻ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിൻപുറത്തെ വില്ലേജാഫീസിൽ ഗുമസ്തനായി. അവൻ താമസിച്ചിരുന്ന ലോഡ്ജിന്റെ അടുത്ത വീട്ടിൽ ഒരു ദിവസം പാവാടയുടുത്ത്‌ മുറുക്കി ചുണ്ടുചുവപ്പിച്ച സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടു. രവീന്ദ്രന്‌ അവളെ ഇഷ്ടമായി. 'ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്നവളുടെ കാതുകളിൽ അവൻ മന്ത്രിച്ചു. രവീന്ദ്രന്‌ പുതിയ സ്ഥലത്തേക്ക്‌ സ്ഥലംമാറ്റമായി. കഴുത്തിൽ താലികെട്ടാൻ വരാമെന്നവൻ അവൾക്കു വാക്കുകൊടുത്തു.
പക്ഷേ, വിധി അതായിരുന്നില്ല. വടക്കേന്ത്യയിൽ വലിയ ഉദ്യോഗസ്ഥനായ ഒരാൾ രാധയെ അവന്റെ ഇഷ്ടപെൺകുട്ടിയെ വിവാഹംചെയ്തു എന്നറിഞ്ഞപ്പോൾ അയാൾക്ക്‌ ഉറക്കെ കരയണമെന്നു തോന്നി.
രവീന്ദ്രൻ സ്വപരിശ്രമത്തിലൂടെ വലിയ പണക്കാരനായി. സ്വന്തം ബിസിനസ്സുകളുടെ ഒരു ശൃംഖലതന്നെ അയാൾ പടുത്തുയർത്തി. രാധയും ഭർത്താവും ബോംബെയിൽ താമസമുണ്ടെന്നറിഞ്ഞ രവീന്ദ്രൻ അവളെ കാണണമെന്നാഗ്രഹിച്ചു. അവിടേക്ക്‌ ഒരു ബിസിനസ്സ്‌ ടൂർ തരമാക്കി. പക്ഷേ രാധയെ കാണണമെന്ന മനസ്സിന്റെ അദമ്യമായ മോഹത്തെ അയാൾ കുഴിച്ചുമൂടി. ധാമ്യമായ കാലം തനിക്കെന്നും കാരുണ്യവും തുണയും നൽകുക മാത്രമാണ്‌ ചെയ്തിട്ടുള്ളതെന്നയാൾ കൃതജ്ഞതയോടെ സ്മരിച്ചു. പ്രകൃതിയുടെ അനുഗ്രഹവർഷങ്ങൾകൊണ്ടാകാം താനിന്നും സുരക്ഷിതത്വങ്ങളുടെ മറപറ്റി ജീവിതം തുടരുന്നത്‌.
ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാൻ കഴിയുന്ന മനോഹരമായ നോവലാണ്‌ 'പത്മവ്യൂഹം' എന്ന നോവൽ. തങ്കംപോലെ ഉരുക്കി കടഞ്ഞെടുത്ത വാക്കുകൾകൊണ്ടു മെനഞ്ഞെടുത്ത ഒരു ഉത്തമകലാസൃഷ്ടി.
ഈ പുസ്തകത്തിന്‌ ഒരവതാരികയെഴുതാൻ അവസരം ലഭിച്ചതുതന്നെ അംഗീകാരവും ഭാഗ്യവുമായി കരുതുന്നു. അമേരിക്കയിലെ മലയാളസാഹിത്യത്തിൽ അഗ്രജനും ശ്രദ്ധേയനുമായ മാത്യുനെല്ലിക്കുന്നിന്‌, എന്റെ ഉത്തമസുഹൃത്തിന്‌ എല്ലാ മംഗളങ്ങളും നേരുകയും നല്ല നല്ല കൃതികൾ ഇനിയും അദ്ദേഹത്തിൽ നിന്നും ഉണ്ടാകട്ടെയെന്നാശംസിക്കുകയും ചെയ്യുന്നു.

കാഫ്കയുടെ കണ്ണുകളിലെ തിളക്കം

v p johns

എൺപതുകളുടെ ഇടവപ്പാതികളിൽ ഒരു മഴനൂലുപോലെ മലയാളിയുടെ സാഹിത്യരാവുകളിൽ കാഫ്ക നിറഞ്ഞുനിന്നു. ഇരുളിലും പൊരുളിലും ഫ്രാൻസ്‌ കാഫ്കയെ ഉദ്ധരിക്കുക എന്ന ഒരനുഷ്ടാനവ്രതനിഷ്ഠ എഴുത്തുകാരുടെ വേഷപ്പകർച്ചയായി, ഹൃസ്വകാലം വ്യാഖ്യാനിക്കപ്പെട്ടു.
"തീരുമാനങ്ങളി"ൽ കാഫ്ക പറഞ്ഞു. മനസ്സ്‌ കെട്ടിരിക്കുന്ന ഒരവസ്ഥയിൽ നിന്ന്‌ സ്വയം വിമുഖനാകുക എന്നത്‌ ഇച്ഛാശക്തിയുടെ മനഃപൂർവ്വമായ പ്രയോഗം കൊണ്ടേ സാധ്യമാകൂ." ഭാഷയുടെ നവീകരണപ്രക്രീയക്ക്‌ ഓജസ്സും ചൈതന്യവും പ്രദാനം ചെയ്തതോടൊപ്പം, ആശയത്തേക്കാൾ ഭാഷയുടെ രൂപാന്തരീകരണത്തിന്‌ മൂർച്ചനൽകിയ ഫ്രാൻസ്‌ കാഫ്ക, തദ്വാര കഥയെ കാവ്യമൂർച്ഛയുടെ അഗ്നിനീരുകൊണ്ട്‌ ജ്ഞാനസ്നാനം ചെയ്യിച്ചു. സ്വന്തം രചനാവൈദഗ്ധ്യം ക്രാഫ്റ്റ്‌ തീവ്രാനുഭവങ്ങളുടെ തീച്ചൂളയിലിട്ടു ഉരുക്കുമ്പോൾ അനുഭവിച്ച വേദനകൾ." സ്വാസ്ഥ്യം കെടുത്തിയ സ്വപ്നങ്ങൾ തടവറ വിട്ടുണർന്ന്‌ ഭീമാകാരമായ ഒരു കീടമായി രൂപാന്തരം പ്രാപിച്ചതായി സ്വയം തിരിച്ചറിയുന്നു. പെസസ്റ്റിയൻ ഇന്റലക്ച്വൽസിന്‌ ഇക്കാര്യം അന്യമാകാതിരിക്കണമെന്നില്ല.
കാഫ്കയുടെ, അമ്പത്തിമൂന്നു കഥകൾ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തി സ്വന്തം സ്വത്വത്തോടുള്ള കടമ നിറവേറ്റിയ വി.രവികുമാർ ഭാഷയുടെ സംതാര്യവും സ്ഥൂലവുമായ ഒരെഴുത്തുപലക നിർമ്മിച്ചു. സ്ഥലകാലങ്ങളെ അതിജീവിക്കുക എല്ലാ അർത്ഥത്തിലും ദീർഘമൗനം ആവശ്യപ്പെടുന്ന സൃഷ്ടികളുടെ വിധിയും നിയോഗവും തന്നെ. കാലത്തെ അതിജീവിക്കുന്ന കാഫ്കയുടെ ഋജുവായ ഭാഷ അസഹനീയമാണ്‌ എന്നു തെറ്റിദ്ധരിപ്പിച്ച നിരൂപകമാന്യർനമുക്കുണ്ടായിരുന്നു. ആ അഴുക്കു കഴുകിക്കളഞ്ഞ ദിശാമാറ്റം ഭവിച്ച കാഫ്കയാണ്‌ രവികുമാറിന്റെ വിവർത്തനത്തിലെ നായകൻ. ഭാഷയുടെ അതാര്യവും സ്ഥൂലവുമായ ഗോത്രത്തിലെ വള്ളി പുള്ളികളും നീല ഞെരമ്പുകളും ഉണ്ടക്കണ്ണുകളും, ഉദ്ധതമായ ശിരസ്സും രൂക്ഷനോട്ടങ്ങളും സമിചീനമായ നിരീക്ഷണവ്യഗ്രതയോടെ അനാവൃതമാക്കുന്നു രവികുമാർ.
കാഫ്കയുടെ കഥാലോകം ഏക്കാളത്തെയും വിസ്മയമാണ്‌. സമകാലീനരുടെയും അഗ്രഗാമികളുടെയും അനന്തരഗാമികളുടെയും നിനവുകളിൽ നിന്നും ചിഹ്നങ്ങളിൽ നിന്നും വ്യതിരിക്തമാകുന്നതെങ്ങനെ എന്ന തിരിച്ചറിവ്‌ കഥയുടെ അധിതുകകളിൽ ഉത്തരവാദിത്തത്തോടെ ചെയ്യുന്നവർക്ക്‌ കൃത്യമായി സമീക്ഷിക്കാനാവും. എന്നാൽ ദയാരഹിതമായ വ്യാഖ്യാനങ്ങൾക്കും വിവർത്തനങ്ങൾക്കും പിഴവിധിക്കാൻ കാഫ്ക്ക നിശേഷം അശക്തനാണുതാനും.
കഥാപാത്രങ്ങളുടെ അകമെ കുറുകുന്ന വാക്കുകളുടെ അസ്ഫുടത അനുവാചകന്റെ ആത്മാവിലേക്കു ചെരിച്ചു കയറ്റുന്ന ടെക്നിക്കുകൾ കാഫ്കക്കറിയാം. സമസ്യകളുടെ സങ്കീർണ്ണതകൾ നിമിത്തം സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും പാതാളത്തിന്റെയും ഗഹനതകളിലേക്കു ഒറ്റക്കാലിൽ ഉരുമ്മി ഇറങ്ങുകയാണ്‌ കാഫ്കയുടെ ആധുനിക മനുഷ്യൻ. കാഫ്കയുടെ ഹൃദയം കിനിയുകയും നെഞ്ചുപിടയുകയും മിഴികൾ സജലങ്ങളാവുകയും ചെയ്യുമ്പോഴും മനസ്സിന്‌ ഉരുക്കിന്റെ ദൃഢത കൈവരുന്നതാണ്‌ ആശ്ചര്യജനകം! ഇത്തരം അടി വീക്ഷണങ്ങൾക്കു അതിരുകളില്ലാത്ത ആകാശമാണതിര്‌. ഭൂഖണ്ഡങ്ങളുടെ സർവ്വേക്കല്ലുകൾ പിഴുതുമാറ്റുന്ന സർഗ്ഗചിത്തങ്ങളാണ്‌ കാലത്തിന്റെ ഭ്രമണസൂചിയെ പിടിച്ചുനിർത്താൻ ഉദ്യമിക്കുന്നതെന്നും, ധിഷണാസംഗരത്തിലെ വിജയപരാജയങ്ങളിൽ താൻ സഹിഷ്ണുവായിരുന്നുവോ എന്നൂഹിക്കാൻ കാഫ്ക നിരൂപകരെ അനുവദിച്ചിരുന്നുവോ എന്നും ഊഹിക്കാനേ സാധിക്കൂ.
അപാരമായ ഒരു ലോകം-അത്‌ ധീരനൂതനമാണെന്നൊന്നും വ്യാഖ്യാനിക്കേണ്ടതില്ല-അത്‌ വശ്യനാകാൻ വിധിക്കപ്പെട്ട ഒരുവൻ, ഒരു മന്ദബുദ്ധിയുടെ ധൈഷണികമുദ്രകൾ പ്രദർശിപ്പിച്ച്‌ സഞ്ചാര്യയായ കാഫ്കയെ അജതപരതന്ത്രനാകുകയാണ്‌ "പീനൽകോളനി'യിൽ. ഒന്നു തുറന്നുവിട്ടാലും അവൻ കൃത്യസമയത്തുതന്നെ തിരിച്ചുവന്ന്‌ നീതിയുടെ കൃത്യനിർവ്വഹണദൗത്യത്തിൽ ഹാജരായിക്കൊള്ളും എന്ന്‌ ഉറപ്പുതരികയാണ്‌ കാഫ്ക. സ്വയം അടിമത്തം ഏറ്റുവാങ്ങുന്ന വരിയുടയ്ക്കപ്പെട്ടവന്റെ ദൈന്യം, സ്വത്വനിരാകരണം, ബുദ്ധിഹീനരായ ബുദ്ധിജീവികളെ പഴിക്കാനുള്ള മികവുറ്റ ഉപാധിയാക്കുകയാണ്‌ കഥാകാരൻ. മനുഷ്യന്റെ ജീവിതശൈത്യത്തിന്റെ ഏതൊരു മൂലയിലും, തദവസ്ഥ ഒരുപോലെയാണെന്ന സാർവ്വലൗകികാശയം സ്പഷ്ടമാക്കുകയാണ്‌ കാഫ്ക.
മധ്യകാല ജഡാവസ്ഥയിൽ നിന്ന്‌ ആധുനിക അന്തരീക്ഷത്തിലേക്ക്‌ ചിന്താപരമായ ഒരു ധാരസംക്രമം നടന്നു. താദൃശമായ ഒരു ദിശാമാറ്റം കാഫ്കൻ കഥകളുടെ വിളനിലമാണ്‌. കൺവേൺഷനൽ റൈറ്റിംഗിൽ നിന്ന്‌ കഥയുടെ മഴുകൊണ്ട്‌ വെട്ടിവെട്ടി ഒരു ചാലുകീറി എന്നത്‌ കാഫ്കയുടെ കരവിരുതും, മനോവിരുതും സമഞ്ജസംപ്രദർശിപ്പിക്കുന്നു. ഞങ്ങളുടെ നിയമങ്ങളെ സംബന്ധിച്ച ഒരു പ്രശ്നം പിറവി കൊള്ളുന്നത്‌ ഈ 'പാല'ത്തിന്മേൽ വച്ചാണ്‌. പക്ഷെ പ്രഭുവർഗ്ഗം മാഞ്ഞുപോകുമെന്ന പ്രത്യാശ കാഫ്ക കൈവെടിയുന്നില്ല. എന്നാൽ അധീരരുടെ തലമുറക്ക്‌ അതിന്‌ ബാധിക്കില്ലെന്ന അശുഭചിന്ത കാഫ്ക വച്ചു പുലർത്തുകയും ചെയ്യുന്നുണ്ട്‌.
"നിയമത്തിന്റെ പടിവാതിൽക്കൽ" പോലുള്ള കഥകളിൽ പ്രവചനശേഷിയുള്ള ധ്വനനവ്യഗ്രതയുള്ള കഥകളുടെ സ്രഷ്ടാവാണ്‌ കാഫ്ക. മനുഷ്യജന്മങ്ങളുടെ ഉദ്യേഗങ്ങൾ, ഉത്കണ്ഠകൾ, ആകാംക്ഷകൾ, ആർത്തികൾ, ആർദ്രതകൾ, കൗശലങ്ങൾ, കാപട്യങ്ങൾ ഇവയിൽനിന്നെല്ലാം ഊറ്റിയെടുത്ത ഉറവവറ്റാത്ത എണ്ണയിൽ ഹൃദയത്തിരി കൊളുത്തിയാണ്‌ കാഫ്ക കഥാപ്രപഞ്ചം സൃഷ്ടിച്ചതു. വായനക്കാരനെ ചില കഥകളിൽ സീക്വൻസുകളിൽ കമ്മ്യൂണിക്കേഷനുകളിൽ-സംവേദനക്ഷമതയിൽ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ കാഫ്ക അശേഷം ഗൗനിക്കുന്നത്‌ സൂക്ഷ്മാന്വേഷണത്തിൽ കാണാം. വായനക്കാരന്റെ ഉൾക്കണ്ണ്‌ ആകാശത്തിനുമപ്പുറം കടന്നുപോകണമെന്ന്‌ കാഫ്ക കരുതുന്നുണ്ടാവണം.
'രൂപാന്തര'ത്തിന്റെ ദൈർഘ്യം 'പ്രോമിഥ്യൂസി'ലെത്തുമ്പോൾ ആറുവാചകങ്ങളിൽ ഹ്രസ്വത കൈവരിക്കുന്നു. നിയതിയുടെ വേട്ടമൃഗങ്ങളാകുവാൻ വിധിക്കപ്പെട്ട മനുഷ്യാത്മക്കളോടുള്ള അവിച്ഛിന്നമായ ഹൃദയബാന്ധവം വഴി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന കാഫ്ക ഭാഷയിൽ നിർവ്വഹിക്കുന്ന ട്രപ്പീസുകളിയാണ്‌ കൗതുകം ജനിപ്പിക്കുന്ന മുഖ്യഘടകം.
കാഫ്കൻ കഥകളുടെ കുലചിഹ്നം എല്ലാ കഥകളുടെയും മുകളിലും മുതുകിലും മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇപ്പോഴും കാഫ്ക കഥാലോകത്തെ രാജകുമാരനാണെന്ന്‌ നിസ്സംശയം വ്യക്തമാക്കുന്നവയാണ്‌ എല്ലാ കഥകളും.
പരമ്പരാഗത നിരൂപണ രീതിശാസ്ത്രത്തിനു വഴങ്ങിത്തരാത്ത എഴുത്തുകാരനാണ്‌ താനെന്ന്‌ കാഫ്ക തെളിയിക്കുന്ന കഥകൾ വിവർത്തനം ചെയ്യപ്പെടുമ്പൊഴൊക്കെ മലയാളത്തിന്റെ മൗലികത കൂടുതൽ കൂടുതൽ സമ്പന്നമാവുകയത്രെ ചെയ്യുന്നത്‌.
കാഫ്കയുടെയും മറ്റും കഥകൾ മൊഴിമാറ്റം ചെയ്യപ്പെട്ടു വായിക്കപ്പെടുമ്പോഴാണ്‌ അൽപം ചില സാഹിത്യകാരന്മാരെങ്കിലുമൊക്കെ പരിസര സൃഷ്ടിയ്ക്കോ മറ്റോ ഇവ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവാം എന്നൊരു ശങ്ക നമ്മെ പിടികൂടുന്നത്‌. എന്നാൽ കാഫ്കയുടെ കണ്ണുകളിലെ തിളക്കം അവർക്കില്ലാതെപോകുന്നു അതാണ്‌ ദയാരഹിതമായ ദൃശ്യം.

മഞ്ഞുകാലം

sivana
പൂക്കളുടെ സെമിത്തേരിയിൽ
ഒരാൾ മുട്ടുകുത്തി നിൽക്കുന്നു
ഇളവെയിലിൽ ഒരു ചിത്രശലഭം
ലില്ലിപ്പൂവിന്റെ കവിത വായിക്കുന്നു

ദൂരൊരു കിളി ചിലയ്ക്കുന്നു

കാമുകനില്ലാത്ത പെണ്ണ്‌
കണ്ണാടിക്കു മുന്നിൽ
വിവസ്ത്രയാവുന്നു
തെരുവിലൊരു കവി
വിശപ്പാറ്റാൻ
തന്റെ കവിതയുടെ
കരൾ പറിച്ചെടുക്കുന്നു
ഒരു ജാഥകടന്നു പോകുന്നു
ബാറിൽ
ആളൊഴിഞ്ഞ മൂലയിൽ
ഒരാൾ തന്റെ ചോരയ്ക്ക്‌
തീ കൊടുക്കുന്നു
പതിക്ക്‌ പാതികൊടുത്തുറക്കി
ഒരുവൾ
പിൻവാതിൽ തുറക്കുന്നു
സെമിത്തേരിയിൽ
ഇത്‌ മഞ്ഞുകാലം

അവിചാരിതം

sivana

സുഹൃത്തിനെ അന്വേഷിച്ചു ചെന്നതാണ്‌
സുഹൃത്തുണ്ടായിരുന്നില്ല?
സഹോദരി മാത്രമേയുള്ള?​‍ു
ഇരിക്കാൻ പറഞ്ഞുല്ല
ഇരുന്നില്ല?
സഹോദരി മാത്രമല്ലേയുള്ള?​‍ു
ഇരിക്കാതിരിക്കാൻ കഴിഞ്ഞില്ല?
സഹോദരി മാത്രമല്ലേയുള്ള?​‍ു

വിരഹം

sivana

ഒരു കൊള്ളിയാന്റെ
വെളിച്ചത്തിലാണ്‌
നിന്നെ കണ്ടത്‌
ഒരു ഇടിവെട്ടിന്റെ
നടുക്കത്തിലാണ്‌
നീ പൊലിഞ്ഞത്‌
അതിൽ പിന്നെയാണ്‌
ഞാനൊരു മഴയായത്‌

കവിതകൾ


haridas valamangalam

ഇല
ഇല ഒരു ഹൃദയം
പക്ഷിപോലെ പറക്കുന്നത്‌
പകൽപോലെ വിസ്മയിക്കുന്നത്‌
അലിവുപോൽ തൊടുന്നത്‌
ആകാശംവായിക്കുന്നത്‌
ആഴിയിലേക്കു വേരുള്ളത്‌
ആദിയുടെ പതാകയായത്‌

നിനക്ക്‌
നിനക്ക്‌ തീയുടെ ഹൃദയം
അത്‌ നിറഞ്ഞ സ്നേഹമായ്‌
പടരുന്നെപ്പൊഴും
നിനക്കകത്തൊരു സരോവരം
അത്‌ വിശുദ്ധപാപമായ്‌
തിളയ്ക്കുന്നെപ്പൊഴും

ആരുടെ
ഇലകളുടെ സാന്ദ്രഹരിതം
നേത്രമാരുടെ
മലകളിൽ കാടുപൂക്കും
ശീർഷമാരുടെ
അലയിളകിയും കോളുകൊണ്ടും
ശമത്തിന്റെ ലയമാഴമാണ്ടും
പരക്കുന്ന കടലിന്റെ
അറിവാരുടേത്‌.


ചരിത്രം
ഹരിദാസ്‌ വളമംഗലം
ചരിത്രത്തിന്റെ ചവിട്ടേറ്റ്‌
പുൽമേടു ചതഞ്ഞു
പുഴുക്കളും പുൽച്ചാടികളും ചതഞ്ഞു
ദൈവത്തിന്റെ തലചതഞ്ഞു
കറന്റടിച്ച്‌ കാക്കചത്തു
വിഷംതീണ്ടി ഞാഞ്ഞൂലുചത്തു
വായ്ത്താരികളുടെ ഇലകൊഴിഞ്ഞു

ശത്രു


fakrudheen kodungalluur

മാസാവസാനങ്ങളിൽ പതിവുതെറ്റാതെ കമ്പനി കൂടാറുണ്ടെങ്കിലും സാമുവൽ കത്തെഴുതുന്നത്‌ ഏറെക്കാലം കൂടിയിട്ടാണ്‌. അതുകൊണ്ടായിരിക്കാം കൈപ്പടയും അവനെപ്പോലെ തന്നെ നരച്ചിരിക്കുന്നു. ഒപ്പം, പെൻഷനായതുമുതൽ കണ്ടുമുട്ടുമ്പോഴെല്ലാം 'ഞാൻ വയസ്സനായി മോനെ' എന്ന്‌ നിരാശപ്പെടാറുള്ളത്‌ ഓർക്കുകയും ചെയ്തു.
പക്ഷേ, കത്തിൽ ആകെപ്പാടെ അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്‌.
ഭയപ്പാടിന്റെ ഒളിയമ്പുകൾ!
പ്രായത്തെ, ജീവിതാവസാനത്തെ, ഒക്കെ ഇവനിത്രയും ഭയക്കുന്നോ!
ചങ്ങാതികളെ സംബന്ധിച്ച ചില അപ്രിയസത്യങ്ങളുടെ സൊ‍ാചനകളും, പ്രത്യേകിച്ച്‌ ജേക്കബിന്റെ.
നാലു പേജു വരുന്ന കത്ത്‌ വായിച്ചുകഴിഞ്ഞപ്പോൾ... ഒരു ഭയം, തൽക്ഷണം, അകാരണമായാണെങ്കിലും എന്നെയും പിടികൂടാതിരുന്നില്ല.
നേരത്തെ ഗേറ്റടച്ച്‌ ഇരുണ്ടുവരുന്ന മുറ്റത്തുനിന്നു കയറി മുൻഡോറടച്ചു തണ്ടിട്ടു. അനുവിനോട്‌ കാപ്പിക്ക്‌ വിളിച്ചുപറഞ്ഞ്‌ സോഫയിലേക്കു താഴ്‌ന്നു കണ്ണടച്ചു....
കഴിഞ്ഞ മാസത്തെ കൂടിച്ചേരലിന്റെ പിറ്റേന്നിന്റെ പിറ്റെന്നായിരുന്നല്ലോ ഇതിനോക്കാളൊക്കെ ജോറായി അവനന്നെ ഞെട്ടിച്ചതു.
"എടാ നമ്മുടെ പയ്യൻസ്‌...."
"പയ്യൻസോ, ഏത്‌ പയ്യൻസ്‌?"
"ഹ, ജേക്കുവിന്റെ..." ജേക്കുവേന്നാൽ ഞങ്ങളുടെ മാസാവസാന കമ്പനിയുടെ ലീഡർ ജേക്കബ്ബ്‌. അവന്റെ ഏക സന്തതി വിജയ്‌ ആണ്‌ പയ്യൻസ്‌. അതെനിക്കറിയാഞ്ഞല്ല. പക്ഷേ, സാമുവലിന്റെ തിടുക്കപ്പെട്ടുള്ള വിളി...
"വിജയിനെന്തുപറ്റി!"
"ഇന്നലെ ഉച്ചയ്ക്ക്‌....ആക്സിഡന്റായിരുന്നു...വൈകിയാണറിഞ്ഞത്‌..."
വാക്കുകളോടുള്ള സാമുവലിന്റെ ലുബ്ധറിയാവുന്ന എന്റെ ഉള്ളിലൂടൊരു മിന്നൽപ്പിണർ പാഞ്ഞുപോയി. നീണ്ടുനിന്ന മൗനത്തിനൊടുവിൽ ഫോൺ വച്ച്‌ ടീപ്പോയിലിരുന്ന ജഗ്ഗെടുത്ത്‌ വെള്ളം ആദ്യമായിക്കാണുന്നവനെപ്പോലെ കുടിച്ചു.
അനു കാപ്പിയുമായി പുറകിൽവന്ന്‌ തോളത്തു മുട്ടി. എ.സി.യിലും വിയർക്കുന്നതു കണ്ടപ്പോഴായിരിക്കണം കൈത്തലം അമർത്തി അവൾ. അവളുടെ ആകാംക്ഷകൾ അങ്ങനെയാണ്‌.
ആ ത്രിസന്ധ്യയിൽ അവളെ വാരിപ്പുണരാൻ ഉള്ള്‌ വല്ലാതെ വെമ്പി. കുറെ ചുടുനീർ അവളിലേക്കു ചൊരിയാനും.
എനിക്കും വന്ധ്യയായ അവൾക്കും പിന്നെയും ഏന്തോ ഒന്ന്‌ നഷ്ടമായതുപോലെ.
വിജയ്‌ അനുവിന്‌ ജീവനിൽ ജീവനായിരുന്നു. എലിസബത്ത്‌ ഗർഭിണിയായെന്നറിഞ്ഞതുമുതൽ നിർവൃതിയുടെ ഒരാനന്ദം അനുവിന്റെ മുഖത്ത്‌ ഞാൻ കണ്ടിരുന്നു. തനിക്കില്ലാത്തത്‌ മറ്റൊരുവൾക്കുണ്ടായെന്നറിഞ്ഞപ്പോൾ അസൂയപ്പെടേണ്ടതിനു പകരം ആഹ്ലാദിക്കുകയും അവിടെപ്പോയി അവരെ ശുശ്രൂഷിക്കുകയും സുഖപ്രസവത്തിനുവേണ്ടി സദാ പ്രാർത്ഥിക്കുകയും ദേവാലയങ്ങളിൽ കാണിക്കകൾ അർപ്പിക്കുകയും അതുവഴി സ്വയം ആശ്വാസം കൊള്ളുകയും ചെയ്യാൻ ഈ ഭൂമിയിൽ അനുവിനേ കഴിയൂ എന്നെനിക്ക്‌ പലപ്പോഴും തോന്നിയിട്ടുമുണ്ട്‌. വിജയ്‌ എന്ന പേര്‌ താനാണ്‌ നിർദ്ദേശിച്ചതെന്നു പറഞ്ഞ്‌ ഊറ്റം കൊള്ളുന്നതും കാണേണ്ടിവന്നിട്ടുണ്ട്‌.
വിജയ്‌ കുട്ടിപ്പരുവം മുതൽക്കേ അനുവിനെ അമ്മയെന്നാണ്‌ വിളിച്ചിരുന്നത്‌. അനു അവനെ 'പൊന്നുമോൻ' എന്നും. ആദ്യമൊക്കെ എനിക്ക്‌ വല്ലാത്തൊരു സുഖക്കുറവു തോന്നിച്ചിരുന്നെങ്കിലും ക്രമേണ അനുവിന്റെ സന്തോഷത്തിൽ പങ്കാളിയാവുകയായിരുന്നു.
പക്ഷേ, ഇപ്പോൾ ഇപ്പോൾ ആ സന്തോഷം എന്നന്നേക്കുമായി ഞങ്ങൾക്കിരുവർക്കും ഒരുപോലെ കൈമോശം വന്നിരിക്കുന്നു. ഈശ്വരാ; അനുവിനെ ഞാനെങ്ങനെ സമാശ്വസിപ്പിക്കും?
നീയവൾക്ക്‌ എല്ലാം താങ്ങാനുള്ള കരുത്ത്‌ നൽകണമേ
ഒന്നും പറയാതെ കൂടെ കൂട്ടി. കാറിലേക്ക്‌ ഒന്നും ചോദിക്കാതെയാണ്‌ കയറിയതെങ്കിലും നിറയെ ചോദ്യങ്ങളായിരുന്നു ആ കണ്ണുകളിൽ.
വണ്ടി ഗേറ്റിനു വെളിയിൽ വാഹനങ്ങൾക്കു പുറകിൽ നിർത്തിയപ്പോൾ തമിഴ്‌നാട്‌ രജിസ്ട്രേഷനിലുള്ള ആബുലൻസ്‌ പുറത്തേക്കു പോകുന്നതു കണ്ട അനുവിന്റെ മുഖത്ത്‌ അമ്പരപ്പിന്റെ പാരമ്യം. അവൾ എന്നെ തുറിച്ചു നോക്കി.
മണ്ണിട്ടാൽ താഴാത്തത്ര പുരുഷാരമുള്ള മതിൽക്കെട്ടിനകത്തേയ്ക്ക്‌ ഞെങ്ങിഞ്ഞെരുങ്ങി നീങ്ങുമ്പോൾ എന്റെ കൈത്തണ്ടയിലെ പിടുത്തം അനു വല്ലാതെ മുറുക്കി.
ഒരുവിധം, വിജയന്റെ കരുവാളിച്ച മുഖം ഒരു നോക്കു കണ്ടു. ആ കണ്ണുകൾ, ചേതനയറ്റതാണെങ്കിലും, വല്ലാതെ, വിശ്വാസം വരാത്തതുപോലെ ഞങ്ങളെ തുറിച്ചു നോക്കുന്നപോലെ തോന്നി!
ശവമടക്കു കഴിഞ്ഞു മടങ്ങുമ്പോഴും ഒരക്ഷരം ശബ്ദിച്ചില്ല അനു. വാ പൊത്തിതറന്നുവച്ച്‌ മയങ്ങുകയായിരുന്നു യാത്രയിലുടനീളം, വാർത്തയറിഞ്ഞപ്പോഴുണ്ടായ അമ്പരപ്പിന്റെ തുടർച്ചയെന്നോണം...
എല്ലാം ഒരുവിധമൊക്കെ ആറിത്തണുത്തിരിക്കുകയായിരുന്നു. അപ്പോഴാണ്‌ സാമുവലിന്റെ തലതിരിഞ്ഞ കത്ത്‌. സാമുവൽ പണ്ടുമുതൽക്കെ ഇങ്ങനെയൊക്കെത്തന്നെ. പക്ഷേ ജേക്കബ്‌...പ്രായപൂർത്തിയായതോടെ അവൻ പഴയ കുട്ടികുസൃതികളിൽനിന്ന്‌ ചെറിയ ചെറിയ ക്രൂരതകളിലേക്ക്‌ തിരിയുകയായിരുന്നു. വിവാഹത്തോടെ മദ്യപാനം ശീലമാക്കുകയും കണ്ണിൽ കാണുന്നവരോടും മിണ്ടുന്നവരോടുമൊക്കെ ശണ്ഠകൂടുകയും പതിവാക്കിയ അവൻ എലിസബത്ത്‌ പ്രസവിച്ചതോടെ അവരെ ശാശീരികമായും വേദനിപ്പിക്കാൻ തുടങ്ങി. എലിസബത്ത്‌ നിശ്ശബ്ദം എല്ലാം സഹിച്ചു. പക്ഷേ, ഒരിയ്ക്കലും ജേക്കബിനെ അവഗണിച്ചില്ല. കരയാൻ മറന്ന എലിസബത്ത്‌ പ്രാർത്ഥനകളിൽ മുഴുകിയും മകനെ ലാളിച്ചും ദിനരാത്രങ്ങളെ ധന്യമാക്കുകയായിരുന്നു.
ഞങ്ങൾ സുഹൃത്തുക്കൾ, അവന്റെ തെറിയഭിഷേകത്തെ അവഗണിച്ച്‌, യഥാസമയങ്ങളിൽ അവനെ, ശാന്തമായൊരു ജീവിതം കൈക്കൊള്ളാൻ ഉപദേശിച്ചുകൊണ്ടിരുന്നതും, കഴിയാഞ്ഞ്‌ പൈന്തിരിയുന്നതും, ഇടവേളകൾക്കുശേഷം പുത്തനുണർവ്വോടെ പിന്നെയും പിന്നെയും...
എല്ലാം ഞാനോർക്കുന്നു. പറഞ്ഞിട്ടെന്തു കാര്യം, ഹിറ്റ്ലറും മുസ്സോളിനിയുമൊക്കെയായിരുന്നില്ലോ അവന്റെ ഇഷ്ടനായകന്മാർ തന്നെ.
എന്താകാം അവന്റെ ആത്മാവിനെ നിരന്തരം കീറിമുറിച്ചുകൊണ്ടിരുന്നത്‌?
എല്ലാം തികഞ്ഞവനായിരുന്നല്ലോ, സൗഭാഗ്യങ്ങളെല്ലാം തന്നെ.
സംഗീതോപകരണങ്ങളെല്ലാം മാരകായുധങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ജേക്കബ്ബ്‌ എല്ലാവർക്കും അമ്പരപ്പായിരുന്നു ഒരേസമയം പക്ഷേ, കമ്പനിയിൽ അവനില്ലാത്ത അവസ്ഥയെപ്പറ്റി സുഹൃത്തുക്കൾക്കാർക്കും ചിന്തിക്കാൻപോലും വയ്യ.
പണ്ടൊരിക്കൽ ടോം ആന്റ്‌ ജൂറി കണ്ട്‌ പൊട്ടിച്ചിരിച്ച കൊച്ചുവിജയിനെ ജേക്കബ്ബ്‌ അടിച്ചുപരുവമാക്കിയത്രെ! മറ്റൊരിയ്ക്കൽ ടി.വി. അടിച്ചുപൊളിക്കുകയും.
ജേക്കബിന്‌ സ്വതവെ പൂച്ചകളെ വെറുപ്പായിരുന്നു.
പട്ടിയെ തോൽപിക്കുന്നവയെ വിശേഷിച്ചും
അവന്റെ പ്രതിരൂപങ്ങളെന്നു തോന്നിക്കുംവിധം രണ്ട്‌ കറുത്ത കൂറ്റന്മാർ വീട്ടിലെ കോമ്പൗണ്ടിൽ പരതിനടന്നു. ഹിറ്റ്ലറും മുസ്സോളിനിയും.
ഒരിക്കൽ പതിവുപോലെ കാട്ടിലെ രാവിന്റെ സ്വച്ഛതയിൽ അവന്റെ എസ്റ്റേറ്റ്‌ ബംഗ്ലാവിൽ സാമുവലും ബാലനും അരവിന്ദനും ഹുസ്സൈനും ഞാനും അവന്റെ വാക്കുകൾക്ക്‌ ചെവികൊടുത്തിരിക്കുകയായിരുന്നു.
പതുക്കെ ഒഴുകിപ്പരക്കുന്ന ബ്ലൂലേബൽ വിസ്കിയുടെ വീര്യം കുഞ്ഞുങ്ങളുടെ കൈകളെപ്പോലെ ഞങ്ങളുടെ മസ്തിഷ്കത്തെ പതുക്കെ തൊട്ടുകൊണ്ടിരുന്നു.
ഒരു പൂച്ചവേട്ടയുടെ കഥയാണ്‌.
അന്നുച്ചയ്ക്ക്‌ വരട്ടിയ ഇറച്ചിയുടെ മണംപിടിച്ചുവന്ന പൂച്ചയെ തന്ത്രപൂർവ്വം മുറിയിലാക്കി വാതിലടച്ച്‌ ആ മുറിയിലേക്ക്‌ ആദ്യം തുറന്നുവിട്ടത്‌ ഹിറ്റ്ലറെ.
മദ്യലഹരിയിലായിരുന്ന ഞാൻ പൊടുന്നനെ ആ പൂച്ചയായി മാറുന്നതുപോലെ തോന്നി.
വിശാലമായ മുറി. മുറിയിൽ ഫാമിലി കോട്ട്‌ കൂടാതെ രണ്ടു മരക്കസേരകൾ, മേശ, സ്റ്റീൽ അലമാരി, ടീപ്പോയ്‌, മിനിഫ്രിഡ്ജ്‌ പിന്നെ മൂലയിൽ ഒരു ഡ്രസ്സിങ്ങ്‌ സ്റ്റാന്റ്‌.
രക്ഷപ്പെടാനൊരിടം...പൂച്ചയായ ഞാൻ പരതുന്നു.
ആദ്യം കട്ടിലിനടിയിൽ പതുങ്ങി. പക്ഷേ, അടുത്തനിമിഷം അതാ അവൻ, ഹിറ്റ്ലർ, കൂനൻ നായ, അവന്റെ തല നീണ്ടു വരുകയാണ്‌. എന്റെ കഴുത്തിന്‌ നേരെ. ഞാൻ പിന്നോക്കം നടന്ന്‌ അലമാരിയുടെ പുറകിലൊളിച്ചു. അവിടേക്ക്‌ തല കടക്കാതായപ്പോൾ കൈ നീട്ടുകയായി അവൻ. പിന്നെ മരണപ്പാച്ചിലാണ്‌ മുറിയിലുടനീളം. ഹിറ്റ്ലർ, അവൻ ഏൽപിക്കപ്പെട്ട ദൗത്യം പൂർത്തിയാക്കിയിട്ടെ അടങ്ങുവേന്ന ആവേശത്തിൽ തൊട്ടുപിന്നാലെയുണ്ട്‌. ഒടുക്കം എനിക്ക്‌ അളമുട്ടുന്നു. അപ്പോൾ പൂച്ചയായ ഞാൻ ഒരവസാന കൈയെന്ന നിലക്ക്‌ പുലിയെപ്പോലെ തേറ്റ മുഴുവനും പുറത്തെടുത്ത്‌ ചീറിക്കൊണ്ട്‌ പട്ടിക്കുനേരെ തിരിയുന്നു. പട്ടിയതാ കൂർത്ത തേറ്റകൾ കണ്ട്‌ ഭയന്ന്‌ വാലും താഴ്ത്തി അപമാനിക്കപ്പെട്ട ശൗര്യത്തിന്റെ തലയും കുനിച്ചുപിടിച്ച്‌ തറയിലിരിക്കുന്നു.
അടുത്തനിമിഷം അതാവാതിൽ പാതി തുറന്ന്‌ ജേക്കബ്‌. ജേക്കബിനു മുന്നിലേക്ക്‌ തോൽവിയുടെ മുരൾച്ചയുമായി ഹിറ്റ്ലർ.
ഞാനെന്ന പൂച്ചയുടെ വിജയഭാവം കണ്ടിട്ടായിരിക്കണം ജേക്കബിന്‌ പെട്ടെന്ന്‌ കാര്യം പിടികിട്ടുകയാണ്‌. അയാളുടനെ മുസ്സോളിനിയെന്ന കരുത്തനെകൂടി കൊളുത്തൂരി മുറിയിലേക്കു വിടുകയും വാതിലടയ്ക്കുകയുമായി.
മുറിയിൽ പിന്നെയും കൂരിരുട്ട്‌. രണ്ടിനു പകരം ജ്വലിക്കുന്ന നാല്‌ കണ്ണുകൾ.
ഭയാനകമാകുന്ന മുരൾച്ചകൾ. കിടിലൻ ഗർജ്ജനങ്ങളുടെ മുഴക്കങ്ങൾ.
നഖങ്ങളുടെ കൂർപ്പ്‌. പല്ലുകളുടെ കരുത്ത്‌.
ഭീതിയിൽനിന്ന്‌ വേദനകളിലേക്ക്‌. വേദനകളിൽനിന്ന്‌ തണുപ്പിലേക്ക്‌. മരവിപ്പിലേക്ക്‌.
ഒടുവിൽ പല ഭാഗങ്ങളായ ഓർമ്മപോലെ ചിന്നിച്ചിതറി ലോകത്തിന്റെ വിവിധകോണുകളിലേക്ക്‌...
അർദ്ധബോധാവസ്ഥയിലായിരുന്ന എന്നെ താങ്ങിപ്പിടിച്ചു കാറിലേക്കാനയിക്കുമ്പോൾ ജേക്കബ്‌ പിറുപിറുക്കുന്നുണ്ടായിരുന്നു. 'വരും അവൻ, എന്റെ തോക്കിൻമുന്നിൽ എന്നെങ്കിലും വന്നുപെടും. വരാതെവിടെപ്പോകാൻ. 'ജേക്കബ്‌ ഏതുസമയത്തും ഒരു ശത്രുവിനെ പ്രതീക്ഷിക്കുന്നുണ്ടെന്ന്‌ എനിക്ക്‌ മനസ്സിലായി....
ചെന്നുകിടന്ന്‌ കണ്ണടച്ചയുടനെ മനസ്സിലേക്കു തന്റെ ജർമ്മൻ പിസ്റ്റളിന്റെ ചേമ്പറിലേക്ക്‌ ബുള്ളറ്റ്‌ നിറയ്ക്കുന്ന ജേക്കബിനെയാണ്‌. തൊട്ടുപിന്നാലെ, അതിവിചിത്രവും ഭയാനകവുമായൊരു സ്വപ്നവും കണ്ടു.
നല്ല പകൽ വെളിച്ചത്തിലെ ഗതാഗതത്തിരക്കുള്ള റോഡിലൂടെ വിജയ്‌ തന്റെ സ്കോഡാ കാറോടിച്ചുകൊണ്ടുപോകുന്നു. പ്രസന്നമായ മുഖം. വെസ്റ്റേൺ മ്യൂസിക്കിന്റെ താളത്തിനനുസരിച്ച്‌ ശിരസ്സ്‌ ചലിപ്പിച്ചാണ്‌ ഡ്രൈവ്‌ ചെയ്യുന്നത്‌.
പൊടുന്നനെ ഒരു കരിമ്പൂച്ച ചീറികൊണ്ട്‌ പിന്നിലെവിടെയോ നിന്ന്‌ മുൻസീറ്റിലേക്ക്‌ ചാടിവീഴുന്നു. അവിടെനിന്ന്‌ ഭയപ്പാടോടെ കഴുത്തതിരിച്ച്‌ ചുറ്റിനും നോക്കിയിട്ട്‌ ഡാഷ്‌ ബോർഡിലേക്കു ചാടിക്കയറുന്നു. ഡാഷിൽനിന്ന്‌ വിജയിനെ തറച്ചുനോക്കുന്നു. പിന്നെ തിരിച്ച്‌, കെണിയിലകപ്പെട്ടിട്ടെന്നോണമുള്ള വെകിളിപ്പോടും വെപ്രാളത്തോടുംകൂടിയുള്ള മരണപ്പാച്ചിൽ കുറേനേരത്തേക്ക്‌. ഒപ്പം, രക്ഷപ്പെടാൻ കഴിയില്ലെന്നുള്ള ഭയപ്പാടിലെന്നോണമുള്ള ദയനീയ കരച്ചിലും. പിന്നെ ക്രമേണ അതിന്റെ കരച്ചിൽ പേടിപ്പെടുത്തുന്ന മുരൾച്ചയായി രൂപാന്തരപ്പെടുകയും അതിന്‌ ഒരു പുലിക്കുട്ടിയുടെ ശൗര്യം കൈവരുകയും ചെയ്യുന്നു.
വല്ലാത്ത അസഹ്യതയിൽ വണ്ടി സൈഡൊതുക്കാൻ ശ്രമിക്കുകയാണ്‌ വിജയ്‌. ഗതാഗതത്തിരക്കുമൂലം കഴിയുന്നില്ല.
പൊടുന്നനെ പുലിക്കുട്ടിയുടെ ഭാവം പൂണ്ട പൂച്ച ഭീതിദമുരൾച്ചയോടെ സ്റ്റിയറിങ്ങ്‌ വീലിലേക്കു ചാടിക്കയറി വിജയിന്റെ മുഖത്തേക്കുയർന്ന്‌ മാന്തിക്കീറാനും കടിക്കാനും തുടങ്ങുന്നു.
കാർ നിയന്ത്രണം വിട്ടു കഴിഞ്ഞിരുന്നു.
വിജയിന്റെ ശവസംസ്കാരം കഴിഞ്ഞ്‌ രണ്ടുമൂന്നു ദിവസങ്ങൾക്കുശേഷമാണ്‌ ഞാനിത്‌ ഓർത്തെടുത്തത്‌.
മാസങ്ങൾക്കു മുമ്പൊരിക്കൽ വിജയ്‌ സഹപാഠിനി സോഫിയ ജോൺസ്‌ എന്ന അമേരിക്കൻ സുന്ദരിയെ പരിചയപ്പെടുത്താൻ വീട്ടിൽ വന്നിരുന്നു. അന്ന്‌ കണ്ടതും സംസാരിച്ചതുമല്ലാതെ പിന്നീട്‌ ഞാനവനെ കാണുകയോ കാര്യമായിട്ടോർക്കുകയോ ഉണ്ടായിട്ടില്ല. വിജയ്‌ സ്ഥലത്തില്ലാതിരുന്നത്‌ നന്നായെന്നുള്ള, പൂച്ചവേട്ടക്കഥക്കിടയിലെ ജേക്കബിന്റെ പരാമർശമല്ലാതെ അന്നത്തെ സംഭാഷണമധ്യെ അവന്റെ പേര്‌ വീണ്ടും കടന്നുവന്നിട്ടില്ല. എന്നിട്ടാണ്‌ ഇങ്ങനൊരു സ്വപ്നം, അതും അന്നുതന്നെ!
എല്ലാം ഏറെ വിചിത്രവും ദുരൂഹവുമായി തോന്നി.
വിജയും സോഫിയയും സോഫിയുടെ മാതാപിതാക്കന്മാരുടെ അനുഗ്രഹാശ്ശിസുകളോടെ വിവാഹിതരാവാനിരിക്കുകയായിരുന്നു. കമ്പ്യൂട്ടർ എഞ്ചിനീയറായ വിജയിന്‌ അവർ അമേരിക്കയിൽ സൗകര്യങ്ങൾ ഉണ്ടാക്കിവച്ചിട്ടുണ്ട്‌.
ജേക്കബിന്‌ വിജയ്‌ അമേരിക്കയിൽ പോകുന്നതിനോടോ, അവിടെ സോഫിയയുമായി കുടുംബജീവിതം പങ്കിടുന്നതിനോ അത്രവലിയ എതിർപ്പില്ല. പക്ഷേ, ശരിയായ വിവാഹം നാട്ടിലുള്ള, അതും താൻ നിർദ്ദേശിക്കുന്ന കുടുംബത്തിലെ കുട്ടിയുമായിത്തന്നെ നടത്തണമെന്നുള്ളത്‌ നിർബന്ധമുള്ള കാര്യമാണ്‌. വിജയ്‌ അതിനോട്‌ യോജിക്കുന്നില്ലെങ്കിലും. അതേ സമയം എലിസബത്തിന്‌ എവിടെയായാലും തന്റെ പുത്രൻ സുഖ-സന്തോഷങ്ങളോടെ കഴിയണമെന്നേയുള്ളു...
ഞാൻ അന്നു കണ്ട സ്വപ്നത്തിന്‌ വിജയിന്റെ വൈകിക്കിട്ടിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില വിവരങ്ങളുമായി ഏറെ യോജിപ്പ്‌!
ഞങ്ങളുടെ ചങ്ങാതിക്കൂട്ടത്തിലെ പ്രായം കുറഞ്ഞവൻ, സൈക്യാട്രിസ്റ്റ്‌ ഇടിയ ഹുസ്സൈൻ ഒരിക്കൽ സൂചിപ്പിക്കുകയുണ്ടായി, 'ലക്ഷണങ്ങൾ കാണുമ്പം ജേക്കുവിന്റെ പ്രശ്നം മിക്കവാറും ഇംപൊട്ടൻസിയായിരിക്കാനാണ്‌ സാധ്യത. കിടപ്പറയിൽ ദയനീയമായി പരാജയപ്പെടുന്ന ഇത്തരക്കാർ മറ്റെല്ലായിടത്തും ജയിക്കാൻ പരമാവധി ശ്രമിക്കും. കിടപ്പറയിലില്ലാത്ത കരുത്ത്‌ മറ്റെവിടെയും അവർക്കുണ്ടാകും'
ഹുസ്സൈന്റെ നിർണ്ണയം ശരിയായിരിക്കുമെന്നു തോന്നിയെങ്കിലും വിജയ്‌ എന്ന സൃഷ്ടിയുടെ പ്രത്യക്ഷതയിൽ ഞാനതിനെ ചുമ്മാ ചിരിച്ചു തള്ളുകയായിരുന്നു.
ഹുസ്സൈൻ അപ്പോൾ അഡോൾഫ്‌ ഹിറ്റ്ലറെ ഉദാഹരിച്ചു.
ഹിറ്റ്ലർക്ക്‌ കൊലവെറി ബാധിച്ചതു അതുകൊണ്ടാണത്രെ.
എന്തായാലും സാമുവലിനു മറുപടിയെഴുതണം, എല്ലാം കാണിച്ച്‌, നാളെയാകട്ടെ...
ഒന്നും കഴിക്കാതെ കട്ടിലിൽ കയറിക്കിടന്ന്‌ കണ്ണടച്ചു. അനു നിർബന്ധിച്ചില്ല. അവൾക്കറിയാം. ചിന്തകൾ ആയിരം ചിറകുവിരിച്ച്‌ വട്ടമിട്ടു. മനസ്സിനു ഫാനിന്റെ മുരൾച്ചയിലേക്കു തിരിക്കാൻ ശ്രമിച്ചു.
ഏറെ കഴിഞ്ഞ്‌ അനു വന്ന്‌ അരികത്തു കിടന്നതറിഞ്ഞു.
എപ്പോഴോ അവളുടെ വിരലുകൾ മുഖത്തിഴയുന്നറിഞ്ഞു.
ഉണർച്ചയിലാണെന്നറിയിക്കാൻ പതുക്കെ ചരിഞ്ഞു അവൾക്കഭിമുഖം.
ചെവിയിൽ അവൾ മന്ത്രിച്ചു ഉന്മാദിനിയെപ്പോലെ. കഴിയുംവേഗം എലിസബത്തിനെപോയി കാണണം. ആശ്വസിപ്പിക്കണം. ഇനിയും ജേക്കബിനെ അവൾക്കു സഹിക്കാൻ കഴിഞ്ഞെന്നുവരില്ല. ഒരു ദുർമ്മരണം കൂടി ഞാനുള്ളിൽ കാണുന്നു. അതുകൊണ്ട്‌ ഇനി അവിടെ നിൽക്കേണ്ടെന്ന്‌ പറയണം. വിരോധമില്ലെങ്കിൽ ഇവിടെ താമസിച്ചോട്ടെ. എനിക്കൊരു വിഷമവുമില്ല.
വിതുമ്മിപ്പൊട്ടുകയായിരുന്നു ഞാൻ അൾത്താരയിലേക്കെന്നപോലെ അവളുടെ പൊള്ളുന്ന മാറിടത്തിലേക്കു മുഖമമർത്തി. അപ്പോൾ എന്റെ ശിരസ്സിലും കവിളിലും തലോടിക്കൊണ്ട്‌ അവൾ തുടർന്നു.
'എങ്ങിനെയായാലും എലിസബത്ത്‌, നമ്മുടെ....അല്ല....ചേട്ടന്റെ വിജയിനെ പ്രസവിച്ചവളല്ലേ...'
'എന്താണ്‌ നീ പറഞ്ഞത്‌, വിജയ്‌ എന്റെ മകനാണെന്നോ! എന്താ, ഓർത്തോർത്ത്‌ നിനക്കു ഭ്രാന്തായോ! 'ഞെട്ടലോടെ മുഖം വിടർത്തി ഞാൻ ചോദിച്ചു.
'ഭ്രാന്തല്ല, യാഥാർത്ഥ്യമാണ്‌. ക്ഷമ കാണിക്കുമെങ്കിൽ ഞാനെല്ലാം പറയാം. 'അവൾ എഴുന്നേറ്റിരുന്നു. ഞാനോരക്ഷരം ശബ്ദിച്ചില്ല. അവൾ തുടർന്നു. 'ഓർക്കുന്നുണ്ടോ, കുറെ വർഷങ്ങൾക്കു മുമ്പ്‌ എലിസബത്തിന്റെ പിറന്നാൾ നമ്മൾ നാലുപേരും ചേർന്ന്‌ എസ്റ്റേറ്റ്‌ ബംഗ്ലാവിൽ വെച്ചാഘോഷിച്ചതു! അന്നവിടെ മറ്റു ചിലതു കൂടി സംഭവിപ്പിക്കാൻ എലിസബത്തും ഞാനും കൂടി പ്ലാനിട്ടിരുന്നതുകൊണ്ടുമാത്രമാണ്‌ ഞങ്ങൾ ആ ചടങ്ങിൽ സജീവമായി പങ്കെടുത്തത്‌. ചേട്ടനെ മറ്റൊരു വിവാഹത്തിന്‌ ഞാനത്രയൊക്കെ നിർബന്ധിച്ചിട്ടും വഴങ്ങാതെ കുഞ്ഞിനെ ദത്തെടുക്കുകയെന്ന ഏക തീരുമാനവുമായി ചേട്ടൻ മുന്നോട്ടുപോയി. ജേക്കബ്ബാവട്ടെ എലിസബത്തിനെ മറ്റു പീഡനങ്ങളൊന്നും പോരാഞ്ഞ്‌ മച്ചിയെന്നു വിളിച്ച്‌ അവളുടെ സ്ത്രീത്വത്തെയും കൂടി അധിക്ഷേപിച്ചുകൊണ്ടിരുന്നു. എലിസബത്ത്‌ എങ്ങനെയും ജേക്കബിനെ തിരുത്താമെന്നും അതുവഴി, വൈകിയാലും ചൊവ്വുള്ളൊരു ജീവിതത്തിലേക്കു തിരിയാൻ കഴിഞ്ഞേക്കുമെന്നും പ്രത്യാശിച്ചു. ഈ ദുഃഖങ്ങളെല്ലാം എലിസബത്തും ഞാനും പലവട്ടം പങ്കുവച്ചപ്പോൾ താനെ ചില കൂട്ടിക്കിഴിക്കലുകൾ ഉരുത്തിരിയുകയായിരുന്നു. അതോടെ, ഒരിക്കലും സ്വന്തമാക്കാനാവില്ലെങ്കിലും സ്വന്തം തന്നെയായൊരു കുഞ്ഞിനെ എടുത്തു ലാളിക്കാനും ഓമനിക്കാനും കിട്ടുമല്ലോ എന്നുള്ള ഒരാകാശകോട്ട ഉള്ളിൽ ഉയരുകയായി. അന്നേരം മറ്റുതരത്തിലുള്ള ദുഷ്ചിന്തകൾക്കൊന്നും പിന്നവിടെ ഇടമുണ്ടായിരുന്നില്ല. അല്ലാ, ഇതിനെക്കാൾ ഹീനമായ, നിന്ദ്യമായ മറ്റെന്ത്‌ ദുഷ്ചിന്തയാണ്‌ ഈ ഭൂമുഖത്ത്‌ വേറെയുള്ളത്‌!
"സംഗതി നടപ്പിലാക്കാൻ വേണ്ട മനോബലത്തിനുവേണ്ടിമാത്രം കുടിച്ച ഞങ്ങൾ നിങ്ങളിരുവരെയും ബോധംകെടുംവരെ കുടിപ്പിച്ച്‌ കിടപ്പുമുറിക്കുള്ളിലേക്കു താങ്ങിക്കൊണ്ടുപോയശേഷം മെയിൻ സ്വിച്ച്‌ ഓഫാക്കിയിട്ട്‌ പരസ്പരം..."
"ച്ഛി നിർത്ത്‌! കേൾക്കേണ്ട എനിക്കിനിയൊന്നും" പൊട്ടിത്തെറിച്ചുകൊണ്ട്‌ ഞാൻ എഴുന്നേറ്റിരുന്നു.
മദ്യലഹരിയിൽ എലിസബത്തിനെ ഞാൻ അനുവാണെന്നു കരുത്തിയപോലെ ജേക്കബ്ബ്‌ അനുവിനെയും....​‍നോ​‍ാ​‍ാ​‍ാ!
അനുവിനെ കഴുത്തു ഞെരിച്ചുകൊല്ലാനുള്ള ഒരാവേശം എന്നിൽ ത്വരയിട്ടു. പിന്നെ, സ്വയം കൊല്ലാനും.
ദേഹം വിറയ്ക്കാൻ തുടങ്ങിയിരുന്നു.
കൈത്തലങ്ങൾ തമ്മിൽ കൂട്ടിത്തിരുമ്മിക്കൊണ്ട്‌ ഞാനവളെ ദഹിപ്പിക്കും മട്ടിൽ നോക്കി.
അവൾ കൂസാതെ എന്റെ മുഖത്തേക്ക്‌ മത്തക്കണ്ണുകൾ മുഴുവനും തുറന്നിരുന്നു.
പൊടുന്നനെ, ആ കണ്ണുകളിൽ എന്തെല്ലാമോ ലിഖിതപ്പെടുത്തിയിരിക്കുന്നതുപോലെ തോന്നി!
അൽപം ക്ഷമപാലിച്ച്‌ ഉൾക്കണ്ണാൽ ഞാനവവായിച്ചു:
'ചേട്ടൻ ഒന്നുമോർത്ത്‌ രോക്ഷംകൊള്ളുകയോ വേവലാതിപ്പെടുകയോ വേണ്ട. ജേക്കു എന്നെ കണ്ടിട്ടുപോലുമുണ്ടായിരിക്കില്ല. പിന്നല്ലേ...അയാൾ പുലരുംവരെ എലിസബത്ത്‌ പറയുമ്പോലുള്ളൊരു നിർജ്ജീവമാംസപിണ്ഡമായി കിടക്കുകയായിരുന്നു. ഞാൻ ഉറങ്ങാതെ ജാഗരൂകയായി മൂലയിൽ കിടന്നിരുന്ന ചാരുകസേരയിലും. പിന്നെ... പിന്നെ അയാൾ, ഡോക്ടർ ഹുസ്സൈൻ സംശയിച്ചപോലെ ഷണ്ഡനുമാണല്ലോ!.... ഇനിയെന്തെങ്കിലും അറിയാനുണ്ടോ ചേട്ടന്‌??
"ഇനിയൊന്നും അറിയണ്ടായേ പൊന്നേ," പെട്ടെന്നുണ്ടായ ആവേശത്തിൽ വിളിച്ചു പറഞ്ഞുകൊണ്ട്‌ ഞാൻ അവളിലേക്ക്‌ ചാഞ്ഞു.
'ഇതെന്താ ചേട്ടൻ പിച്ചും പേയും പറയുന്നത്‌? നല്ല ക്ഷീണോണ്ടാവും. നന്നായൊന്നുറങ്ങിയാൽ ഒക്കെ ശരിയാവും."
അനു പിന്നെ എന്നെ മെല്ലെ താങ്ങിക്കിടത്തി മുഖം എന്റേതിനോടു ചേർത്തു.

ഹൃദയതാളങ്ങളിൽ നീ....



rajanandini

എന്റെ ഹൃദയത്തിൽ നീ മാത്രം...
നീയൊഴിഞ്ഞ ഹൃദയം ശൂന്യവും ഇരുട്ടുമാണ്‌
ഒരു പെൻഡുലം പോലെ...
നിർവൃതിയിൽ നിന്നും വ്യാകുലതയിലേയ്ക്ക്‌
സന്തോഷത്തിൽ നിന്ന്‌ സങ്കടത്തിലേക്ക്‌
അനുഭൂതിയിൽ നിന്നും വേദനയിലേയ്ക്ക്‌
ആടുന്ന പെൻഡുലം...
എന്റെ സ്നേഹം...
അതിരുകളില്ലാത്ത ദുരന്തങ്ങളാണ്‌
പരിധികളില്ലാത്ത സമയവും...
കടലിന്റെ അപാരതയിൽ നിന്നും
ഉയരുന്നതിരകൾ കൈനീട്ടി...
അപരിമേയമായ ആകാശത്തെ
അക്ഷമയോടെ ചുംബിക്കാൻ ശ്രമിക്കും പോലെ
അകലെയുള്ള നിന്നിലേയ്ക്ക്‌ മനസ്സുനീട്ടുന്നു
ഒന്നു തൊടാൻ...
ഒരു വേനൽ മഴയിൽ അലിഞ്ഞില്ലാതായ
നിന്റെ സ്വരം...
മറ്റൊരു വേനൽ മഴയിൽ തിരികെ വരുന്നതും കാത്ത്‌
പുതുമണ്ണിൻ മണമായ്‌ നിന്നിലലിയാൻ
മഴയിലൊഴുകുന്ന കുമിളയായ്‌...
നിന്നിലേക്ക്‌...നിന്നിലേയ്ക്ക്‌...വീണു ചിതറാൻ
വീണ്ടുമൊരു പുതുമഴയിൽ
തിരികെ വരാനൊരു യാത്ര...
പൂർണ്ണമായും നിനക്കുവേണ്ടി...

ദൈവത്തിന്റെ മകൻ


suresh pattar

ദൈവത്തിന്റെ മകനിതാ-
ഭൂമിയിൽ അവതരിച്ചു
ലാറ്റിനമേരിക്കയിൽ, അർജന്റീനയിൽ
കാലിൽ തലച്ചോറും
തലയിൽ കാൽപ്പന്തുമായി

അവന്റെ ഹൃദയതാളം മുഴക്കുന്നതു
ആ കാൽപ്പന്തിന്റെ സൗന്ദര്യമേളത്തിനു
നിദാനമായിരുന്നു.

മൈതാനത്തു ചിത്രങ്ങൾ വരക്കുകയും
വായുവിൽ ചൂളിനടക്കുകയും
അവന്റെ കാലിൽ ഒട്ടിപ്പിടിച്ചിരിക്കുകയും
ചെയ്യുന്നതെത്ര നയനാന്ദമായ കാഴ്ചകിണ്ടിന്നും!
മനസിനു കുളിർമയും
ഹൃദയത്തിനു തെളിർമയും നൽകുന്ന കാഴ്ച

സന്തത്ത സഹചാരിയാവാം
കാൽപ്പന്തിൻ കേളീശൈലി
അരക്കിട്ടുറപ്പിച്ചവൻ ലോകം കീഴടങ്ങി!
എത്ര മഹനീയമാം വശ്യ സൗന്ദര്യ
നിത്യ സ്മരണകൾ
ഉയർത്തുന്ന നിൻ നിമിഷങ്ങൾ!
ഇന്നുമുണർത്തുന്നൊരാ നിമിഷങ്ങൾ!
നിൻ പിൻതലമുറക്കാർ
നിന്നോളമെത്തില്ലെങ്കിലും

ആർത്തിരമ്പുന്ന ഗാലറിപ്പട
നിശ്ബദമായ, മാന്ത്രിക സാന്നിദ്ധ്യം കൊണ്ട്‌,
മനസുകൊണ്ട്‌, ഹൃദയംകൊണ്ട്‌, സ്നേഹം കൊണ്ട്‌

നിസ്വവർഗ്ഗത്തിൻ മോചനത്തിന്നവൻ
കളിച്ചീടുന്നുമെന്നുംമെന്നും;
രാഷ്ട്രവ്യവഹാര മണ്ഡലത്തിൽ
അതിരുകളില്ലാതെ, അതിർവരമ്പുകളില്ലാതെ

മാന്ത്രികസ്പർശനത്തിൻ പ്രകടനമവൻ
മെക്സികോയിൽ കാഴ്ചവെച്ചു
പ്രശസ്തമാം മെക്സികൻ തിരമാലകൾ
പുഷ്പമലകൾ ചൊരിയുന്ന വേളയിൽ
രത്നകിരീടം ചൂടിച്ചു കളികൂട്ടുകാർ!

എത്ര സുന്ദരം, എത്ര മനോഹരമാ
മുഖത്തിൻ ശോഭ മായ്ക്കുവാനാവില്ലൊരു നാളിലും
കേശാലങ്കാര പ്രിയനാം നിനക്കിന്നു
കാഴ്ചകൾ കൂട്ടുന്നു, മനസിൽ നിറയെ.

വർഷങ്ങൾ പോയ്‌വതറിയാതെ പിന്നെയുമാ-
ഉത്സവമിറങ്ങത്തിടുന്നരികിൽ
നിന്നിടം കാലിൽ മാന്ത്രികത
കാണുവാൻ മോഹമായ്‌ പിന്നെയും തുടരുന്നു
കാൽപ്പന്തിൻ 'മഹാമേള'!

സുവർണ്ണനിമിഷത്തിൽ തങ്കലിപിക്കുള്ളിൽ
ചാർത്തിയ ഗോളുകൾ
ഗോളുകൾക്കുടമയാം ആ കാലുകൾ
നിൻ ബൂട്ടുകൾ, ജഴ്സികൾ.

പേരും പെരുമയുമാർജ്ജിച്ച സംഖ്യയെ, പത്തിനെ
സ്നേഹിച്ചു, നിൻ ജഴ്സിയിലൂടെ, വിയർപ്പിലൂടെ
ഇന്നും തുടരുന്നു, നിത്യസാന്നിദ്ധ്യമായി
കളിക്കാരനായി, കളിക്കൂട്ടുകാരനായി,
കളിപഠിപ്പിക്കുവാൻ തന്ത്രങ്ങൾ, മെനയുന്നു, നിൻപുരയിൽ
വരുന്നു, പടയാളികളുമായി
സേനാപതിയായ്‌ അവൻ, ആഫ്രിക്കയിൽ
വിശ്വത്തെ വിജയിക്കുവാൻ.....

നിർവ്വചനങ്ങൾ

suresh pattar

നിർവ്വചനങ്ങൾ
1. സന്യാസി:- വസ്ത്രം കുറയുന്തോറും ആധ്യാത്മികത്വം ഏറുന്ന മനുഷ്യൻ. കൗപീനം മാത്രമാകുമ്പോൾ പാവനചരിതൻ. അതുമില്ലാതിരിക്കുമ്പോൾ സാക്ഷാൽ ഈശ്വരൻ.
2. നിരീശ്വരന്മാർ:- പഴയ റഷ്യാക്കാർ ഇപ്പോഴത്തെ ഇന്ത്യാക്കാർ
3. സന്യാസിമാർ:- പാവം ചെയ്തതിന്റെ പശ്ചാത്തലം കാഷായമാക്കിയർ.
4. ഭീഷ്മാചാര്യൻ:- ആരു മരിച്ചാലും അയാൾക്കു ബഹുജനവും പത്രാധിപന്മാരും നൽകുന്ന വിശേഷണം.
5. പ്രഭാഷണവേദി:- "ഞാൻ ചോദിക്കുന്നു" എന്നു ധൈര്യമായി ഏതു പ്രഭാഷകനും പറയാവുന്ന സ്ഥലം.
6. ലോട്ടറി:- മണ്ടന്മാർക്കു പണം വാരിയെറിയാൻ പ്രയോജനപ്പെടുന്ന ഏർപ്പാട്‌.
7. ക്വിസ്സ്‌ പ്രോഗ്രാം:- ബുദ്ധിശൂന്യർ ബുദ്ധിയുള്ളവരെ മുട്ടുകുത്തിക്കുന്ന ഏർപ്പാട്‌.

എഡിറ്റോറിയൽ

mathew nellickunnu

അവരുടെ അവസാനം വൃദ്ധസദനത്തിൽ
നല്ല വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിലും ഉള്ള പ്രവാസി, കുടുംബത്തിനുകൂടി വിസ സംഘടിപ്പിക്കുന്നു. അങ്ങനെ അവരും വിദേശത്തേക്ക്‌ ചേക്കേറുന്നു. പക്ഷെ ഇതെല്ലാം വിദേശരാജ്യങ്ങളിലും സാധ്യമാക്കാവുന്ന കാര്യമല്ല.
പിന്നെ കുടുംബത്തിൽ അവശേഷിക്കുന്ന പ്രായമായ മാതാപിതാക്കൾ വല്ലപ്പോഴും വരുന്ന മക്കളെ പ്രതീക്ഷിച്ച്‌ കണ്ണിൽ എണ്ണയും ഒഴിച്ച്‌ കാത്തിരിക്കുന്നു. അവർക്കാണെങ്കിൽ തിരക്കൊഴിഞ്ഞിട്ട്‌ നാട്ടിലൊന്ന്‌ വരാനോ പ്രായമായ മാതാപിതാക്കളെ ഒരു നോക്കു കാണാനോ നേരമില്ല. അവർ തിരക്കുകളുടെ ലോകത്താണ്‌.
ഇപ്പോൾ കത്തെഴുതാനും ആർക്കും നേരമില്ല. നേരിട്ട്‌ സംസാരിക്കുവാൻ പറ്റിയ മറ്റ്‌ മാർഗ്ഗങ്ങളുള്ളപ്പോൾ ആർക്കാണ്‌ ഇതിന്‌ താൽപര്യം? പേജുകൾ നീണ്ടകത്തുകളിലൂടെ സ്നേഹം പങ്കുവയ്ക്കുമ്പോൾ ലഭിക്കുമായിരുന്ന അനുഭൂതി ആധുനികയുഗത്തിലെ യന്ത്രസംവിധാനങ്ങൾക്ക്‌ നൽകാനാവില്ല. ഒരു കത്ത്‌ വായിക്കുന്ന സുഖം-അതിന്റെ ഊഷ്മളത, സ്നേഹം-ഇന്നത്തെ മറ്റ്‌ ടെലിഫോൺ മാർഗ്ഗങ്ങൾക്ക്‌ ഉണ്ടോ എന്ന്‌ സംശയമാണ്‌. കത്തുകൾ എഴുതിയിരുന്നത്‌ ഹൃദയത്തിന്റെ ഭാഷയിലാണ്‌. ഹൃദയത്തിന്റെ ഭാഷ സ്നേഹമാണ്‌. ആ സ്നേഹത്തിന്‌ അളവുകോൽ ഇല്ല.
ഇപ്പോൾ മക്കൾ പറയും-അമ്മച്ചി അല്ലെങ്കിൽ അപ്പച്ചൻ ഇങ്ങ്‌ പോര്‌. ഇവിടെ കുറച്ചുദിവസം താമസിക്കാം-ഇത്‌ കേട്ട്‌ മക്കളെ ഒരുനോക്ക്‌ കാണുവാനോ അല്ലെങ്കിൽ മകന്റെയോ മകളുടെയോ കൊച്ചിനെ നോക്കുവാനോ വിമാനം കയറുന്ന അമ്മച്ചിക്ക്‌ അവിടെ ചെന്ന്‌ കുറച്ച്‌ കഴിയുമ്പോൾ തന്നെ മടുക്കും. വീർപ്പുമുട്ടും. ജീവിതം അസ്വസ്ഥതകൾ നിറഞ്ഞതായി മാറുന്നു.
നാട്ടിലാണെങ്കിൽ വാ തോരാതെ പച്ച മലയാളത്തിൽ വർത്തമാനം പറയാൻ അയൽക്കാരും പരിചയക്കാരും പലർ. അവരോട്‌ ഓരോ വിശേഷങ്ങളും പറഞ്ഞ്‌ പറമ്പിലെ കാര്യവും പശുവിന്റെ പാടും നോക്കി നേരം പോക്കിയിരുന്ന അമ്മച്ചി ഭാഷപോലും വശമില്ലാതെ അരോടും സംസാരിക്കാനില്ലാതെ നട്ടം തിരിയുന്ന കാഴ്ച കാണാം. അവിടെ ചെന്നു കഴിയുമ്പോൾ നേരം വെളുത്താലും രാത്രിയായാലും മക്കളെ ഒന്ന്‌ അടുത്ത്‌ കാണാൻ അവർക്ക്‌ കിട്ടാറില്ല. പിന്നെ എങ്ങനെയും ഒന്ന്‌ നാട്ടിൽ വന്നുപറ്റിയാൽ മതി എന്നാണ്‌ അവരുടെ ചിന്ത. എന്നാൽ ഇതിനോക്കെ അപവാദമായ അപ്പച്ചന്മാരും അമ്മച്ചിമാരും ഉണ്ട്‌. ആ സംഖ്യ ചെറുതാണ്‌.
ചില അമ്മച്ചിമാർ അമേരിക്കയിലും മറ്റും പോയി തിരിച്ചുവരുമ്പോൾ ഇംഗ്ലീഷ്‌ അമ്മൂമ്മ എന്ന പേരിലും മറ്റും അറിയപ്പെടുന്നു. ഇവർക്ക്‌ കെട്ടിലും മട്ടിലും നടപ്പിലും മൊത്തത്തിൽ മാറ്റം വന്നെത്തിയിരിക്കും. ഇതെന്തൊരു നാട്‌ എന്ന ഭാവം.
മറ്റൊരു വിഭാഗം മാതാപിതാക്കൾ വിദേശത്തേക്ക്‌ പോകാൻ തന്നെ ഇഷ്ടപ്പെടുന്നില്ല. മരിക്കുകയാണെങ്കിൽ ഈ മണ്ണിൽ കിടന്ന്‌ എന്നു പറഞ്ഞ്‌ ഒറ്റ നിൽപ്പാണ്‌. അങ്ങിനെ നാട്ടിൽ തമ്പടിച്ചുവശം കെടുമ്പോൾ അവർക്ക്‌ പിന്നെ ആശ്രയം വൃദ്ധസദനങ്ങളാണ്‌. കൃത്യസമയത്ത്‌ ആഹാരം കഴിച്ച്‌ മക്കളേർപ്പെടുത്തിയ സ്വന്തം മുറിക്കുള്ളിൽ കഴിയാം. ഉറങ്ങാം.
നോക്കാനാരുമില്ലാതെ നാട്ടിലുള്ള മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കുന്നുണ്ട്‌. സ്വന്തം മക്കൾ തന്നെ മാതാപിതാക്കളെ തെരുവിലേക്ക്‌ ഇറക്കി വിടുന്ന അവസ്ഥ നല്ല പ്രായത്തിൽ മക്കൾക്കു വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട്‌, അവരെ നല്ലനിലയിൽ ആക്കിയെടുക്കാൻ ബലികഴിച്ച ജീവിതങ്ങൾ ഇന്ന്‌ ആർക്കും വേണ്ടാതെ വൃദ്ധസദനങ്ങളിൽ അഭയം കണ്ടെത്തുകയാണ്‌.
കൊച്ചുമക്കളെ ലാളിച്ചും നാടൻ പാട്ടുകൾ പാടിയും കഥകൾ പറഞ്ഞുകൊടുത്തും കഴിഞ്ഞിരുന്ന മുത്തശ്ശിമാരും മുത്തച്ഛന്മാരും ഇന്ന്‌ കാലഹരണപ്പെട്ടിരിക്കുന്നു. അവരുടെ സങ്കടങ്ങൾ ആരറിയുന്നു. ഒടുവിൽ ആരോരുമറിയാതെ ആറടി മണ്ണിൽ വിലയം പ്രാപിക്കാമെന്നു മാത്രം.

പത്രം ആഫീസിലെ ഒരു തമാശ

suresh pattar

1. പത്രം ആഫീസിലെ ഒരു തമാശ

ലേഖകൻ 'മാക്സിം ഗോർക്കി' എന്നെഴുതിയിരിക്കുന്നു. പ്രൂഫ്‌ തിരുത്തേണ്ടിവന്നപ്പോൾ 'മാർക്ക്സിം ഗോർക്കി"യല്ലേ എന്നൊരാളിന്‌ സംശയം. അപ്പോൾ ഇടതുപക്ഷച്ചായ്‌വുള്ള ഒരു ജോലിക്കാരൻ പറഞ്ഞു. "മാർക്ക്സിസ്റ്റ്‌ ഗോർക്കി'യാണെന്ന്‌ അതു ശരിയല്ലെന്ന്‌ പറഞ്ഞു. വേറൊരു ജോലിക്കാരൻ അച്ചടിക്കേണ്ടതെന്താണെന്ന്‌ നിർദ്ദേശം നൽകി. ആ നിർദ്ദേശം സ്വീകരിക്കപ്പെട്ടു. പിറ്റേ ദിവസം പത്രത്തിൽ അച്ചടിച്ചു വന്നതിങ്ങനെ "മാക്സിമം ഗോർക്കി".

2. ദുഷ്ടന്റെ പ്രാർത്ഥന

ജ്ഞാനിയെന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച ഒരാൾ ദുഷ്ടനായ വേറൊരുവനോടുകൂടി കപ്പലിൽ സഞ്ചരിക്കുകയായിരുന്നു. കപ്പൽ മുങ്ങിയേക്കുമെന്ന ഭാവമുണ്ടായപ്പോൾ ദുഷ്ടൻ ഈശ്വരനെ ഉറക്കെ വിളിച്ച്‌ പ്രാർത്ഥന തുടങ്ങി. അതുകേട്ട്‌ ജ്ഞാനി പറഞ്ഞു: "കൂട്ടുകാരാ, നിങ്ങളൊന്നു മിണ്ടാതിരിക്കൂ, നിങ്ങൾ ഈ കപ്പലിൽ ഉണ്ടെന്ന്‌ ഈശ്വരൻ അറിഞ്ഞാൽ കപ്പൽ തീർച്ചയായും കടലിന്റെ അടിത്തട്ടിലേക്കു താഴും." അതിന്റെ ആവശ്യമുണ്ടോ? ഇതുകേട്ട ദുഷ്ടൻ തന്റെ പ്രാർത്ഥന നിർത്തി.

കച്ചിതുരുമ്പു വിപ്ലവം


baburaj k t


ഇറ്റാലോ കാല്‍വിനോ
ഭാഷാന്തരം: ബാബുരാജ്‌.റ്റി.വി.



എല്ലാം നിരോധിച്ച ഒരു നഗരമുണ്ടായിരുന്നു.

ഇപ്പോള്‍, കുട്ടിയും കോലും കളി മാത്രം നിരോധിച്ചിട്ടില്ലാതിരുന്ന സ്ഥിതിയ്ക്ക്, നഗരവാസികള്‍ നഗരത്തിനു പുറകിലുള്ള പുല്‍ത്തകിടികളില്‍ ഒത്തു ചേര്‍ന്ന് കുട്ടിയും കോലും കളിച്ച് ദിവസം മുഴുവന്‍ അവിടെ ചിലവാക്കാറുമുണ്ടായിരുന്നു.

മിക്കവാറും, തക്കതായ കാരണത്താല്‍ ഒരിക്കല്‍ അവതരിപ്പിച്ച കാര്യങ്ങള്‍ നിയമം നിരോധിച്ചപ്പോള്‍ , ആരും തന്നെ യാതൊരുവിധ പരാതിയോ അഥവാ കുഴപ്പമോ കണ്ടെത്താത്ത വിധം അതുമായി പൊരുത്തപ്പെട്ടു.

വര്‍ഷങ്ങള്‍ കടന്നുപോയി. എല്ലാം എന്തിനാണ് നിരോധിക്കുന്നതെന്നതിന് കൂടുതലായി യാതൊരു വിധ കാരണങ്ങള്‍ ഇല്ലെന്നു ഒരിക്കല്‍ പോലീസുകാര്‍ കണ്ടെത്തിയപ്പോള്‍, അവര്‍ അവരുടെ നഗരവാസികളുടെ അടുത്തേയ്ക്ക്,
അവര്‍ക്ക് ഇഷ്ടമുള്ളത് എന്തും ചെയ്യാമെന്നറിയിച്ചുകൊണ്ടു ദൂതന്മാരെ അയച്ചു.

നഗരവാസികള്‍ പതിവായി ഒത്തുകൂടാറുള്ള സ്ഥലങ്ങളിലേയ്ക്ക് ദൂതന്മാര്‍ പോയി.
"മാന്യ മഹാജനങ്ങളെ..നിങ്ങള്‍ കേള്‍ക്കുക..ഇനിമുതല്‍ യാതൊന്നും നിരോധിക്കുന്നതായിരിക്കില്ല", അവര്‍ വിളംബരം ചെയ്തു.

ആളുകള്‍ കുട്ടിയും കോലും കളി തുടര്‍ന്നു.

"മനസ്സിലായോ?" ദൂതന്മാര്‍ ഉറപ്പിച്ചു പറഞ്ഞു,"നിങ്ങള്‍ ആഗ്രഹിക്കുന്ന എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്‌. "

"കൊള്ളാം," നഗരവാസികള്‍ മറുപടി പറഞ്ഞു. "ഞങ്ങള്‍ കുട്ടിയും കോലും കളിക്കുകയാണ്."

ഒരിക്കല്‍ അവര്‍ ഏര്‍പ്പെട്ടിരുന്ന മനോഹരവും ഉപകാരപ്രദവുമായ തൊഴിലുകളെക്കുറിച്ചും,
വീണ്ടും ഒരിക്കല്‍ ക്കൂടി അവര്‍ക്ക് അതില്‍ ഏര്‍പ്പെടാന്‍ കഴിയും എന്നതിനെക്കുറിച്ചും ദൂതന്മാര്‍ തിടുക്കത്തോടെ അവരെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ,
ഇടതടവില്ലാതെ, നഗരവാസികള്‍ കളിയോടു കളി തുടര്‍ന്നു.

അവരുടെ ശ്രമങ്ങളെല്ലാം പാഴാകുന്നെന്നു കണ്ട്‌, ദൂതന്മാര്‍ അത് പോലീസുകാരോട് പറയാന്‍ പോയി.

"വിഷമിയ്ക്കേണ്ട," പോലീസുകാര്‍ പറഞ്ഞു. "നമുക്ക് കുട്ടിയും കോലും കളി നിരോധിയ്ക്കാം."

ജനങ്ങള്‍ പ്രക്ഷോഭമുണ്ടാക്കി അവരില്‍ കണ്ടമാനം പേരെ ചുട്ടുകൊന്നത് അപ്പോഴായിരുന്നു. അതിനുശേഷം സമയം ഒട്ടും പാഴാക്കാതെ, വീണ്ടെടുത്ത, കുട്ടിയും കോലും കളി അവര്‍ തുടര്‍ന്നു.
================

വഴിത്തിരിവുകള്‍


muyyam rajan

കൊടുങ്കാറ്റ്വന്നപ്പോള്‍
വിളക്കണയാതെ കാത്തുവച്ചു.
കുപ്പി വളകളും കുറുനിരയും
കുസൃതി കാട്ടുമ്പോള്‍
കുറുമ്പ് കൊണ്ടവയെ ശാസിച്ചു.
ശരറാന്തല്‍ കരിന്തിരി കത്തുമ്പോള്‍
വിചാരാഗ്നിയില്‍ ഉരുകിത്തിളച്ചു.
ഇരുള്‍ മറയിലൂടെ
പുതിയ ഇരകളിനിയും
വന്നണയുമെന്നോര്‍ ത്ത്
മനസ്സ് വല്ലാതെ കോരിത്തരിച്ചു.
പുതിയ വികാരങ്ങളെ
പഴയ മൂശയില്‍
വിളക്കിയെടുക്കാന്‍
നിറം മങ്ങിയ ഓര്‍ മ്മകളെ
കൂടെ കിടത്തി ലാളിച്ചു.
പിഴച്ചു പോയ
പഴയ വഴികളെ സ്വയം പഴിച്ചു.
പടിക്കപ്പുറത്ത് പദനിസ്വനങ്ങളിന്ന്
വെറും തോന്നലുകളായ്
പരിണമിക്കുമ്പോള്‍ ---
വിശപ്പിന്റെ വിളിയടക്കാനിനി
ഏതു വഴിയാണു അടച്ചു പിടിക്കേണ്ടത് ..?
ഏതു വഴിയാണു തുറന്നു കാട്ടേണ്ടത്..?

മയക്കം


brinda



അനസ്തേഷ്യ നൽകാൻ വന്ന ഡോക്ടർ ശരിക്കും ഒരു സുന്ദരനായിരുന്നു. അയാൾ അടുത്തുവന്നപ്പോൾ ചന്ദനസുഗന്ധം പ്രസരിച്ചു. ആപ്പിൾ വൈറ്റ്‌ ഷർട്ടിലും നീല ജീൻസിലും അയാൾ വല്ലാതങ്ങു തിളങ്ങി. എന്റേതു പോലെ ഒരു ചതുരക്കണ്ണട അയാൾക്കും ഉണ്ടായിരുന്നു. അതിനുള്ളിൽ രണ്ടു നീലക്കണ്ണുകൾ...
ക്ലീൻ ഷേവ്‌ ചെയ്ത മുഖം, മുൻപല്ലിനിടയിൽ നേരിയ വിടവ്‌. ഇരുകവിളിലും നുണക്കുഴി, താടിയിൽ വലം ചുഴി... എന്നെ കൊതിപ്പിക്കാൻ പിന്നെന്തുവേണം?
എന്താണു പേര്‌?
എന്റേയടുത്തേക്ക്‌ മുഖം ചായ്ച്ച്‌ അയാൾ ചോദിച്ചു. ഞാനപ്പോഴേക്കും അയാളെ പ്രണയിച്ചു കഴിഞ്ഞിരുന്നു. ആ സ്വരത്തിനും കൊഞ്ചലിനും എന്തൊരു ഭംഗി! അതെന്നെയങ്ങ്‌ കൊത്തിയെടുത്തു.
'രാകേന്ദു' ഞാൻ മെല്ലെ പറഞ്ഞു.
ഡോക്ടർ പേര്‌ ആവർത്തിച്ചു. 'മീൻസ്‌?'
'മൂൺ'
ഹായ്‌! ഡോക്ടർ പൂനിലാവുപോൽ പുഞ്ചിരിച്ചു.
മയങ്ങുന്ന ഡോക്ടർ ഞാൻ മന്ത്രിച്ചു.
'എന്നെക്കണ്ടാൽ അങ്ങനെ തോന്നുമോ?'
കണ്ണടയ്ക്കുളളിൽ കുസൃതി.
ഓപ്പറേഷൻ തീയേറ്റർ എന്നെ ഭയപ്പെടുത്തിയിരുന്നു. അതിനാൽ ഞാൻ കണ്ണുകൾ ഇറുകെയടച്ചു. എന്നാൽ ഞാൻ ഡോക്ടറിന്റെ മുഖത്തേക്കു നോക്കിയപ്പോൾത്തന്നെ അവിടമാകെ പ്രകാശമാനമായി.
എനിക്ക്‌ അനസ്തേഷ്യ നൽകുന്നതിനു പകരം അദ്ദേഹം എന്നെ സ്പർശിച്ചുകൊണ്ട്‌ അടുത്തുനിന്നാൽമതിയെന്ന്‌ ഞാനെങ്ങനെ പറയും?
ഡോക്ടർ എന്നോട്‌ ഓരോന്നൊക്കെ ചോദിച്ചു കൊണ്ടിരുന്നു. എന്നിലെ പരിഭ്രമത്തെ അലിയിച്ചുകളയാനാകണം. അതിനെല്ലാം സ്വപ്നത്തിലെന്നവണ്ണം ഞാനുത്തരം നൽകി. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ആ പ്രണയലോകത്ത്‌ ഞങ്ങൾ മാത്രമായിരുന്നു.
അപ്പോൾ അവിടേക്ക്‌ ഡോ.ശ്രീലേഖ വന്നെത്തി. വെളുത്ത മെലിഞ്ഞ സുന്ദരിയായ ഒരു സ്ത്രീയായിരുന്നു ഡോ. ശ്രീലേഖ. അവരെക്കാണുമ്പോൾ തുളസിച്ചെടിയാണ്‌ ഓർമ്മ വരിക. അവർ വലംകയ്യിൽ ഇന്ദ്രനീല മോതിരം ധരിച്ചിരുന്നു. ഭംഗിയുള്ള സാരിയോ, സാരിക്കു ചേരുന്ന ബ്ലൗസോ ധരിച്ച്‌ ആരും അവരെ കണ്ടിട്ടില്ല. സാറിക്കൊതിച്ചികളായ എത്ര സ്ത്രീകളാണ്‌ ദിവസവും അവരെ കാണാനെത്തുന്നത്‌. എന്നിട്ടു...നമ്മുടെയൊക്കെ വീട്ടിലെ സകല ഉത്തരവാദിത്വവും ഏറ്റെടുത്ത്‌ കഷ്ടപ്പെടുന്ന സ്നേഹമയിയായ ഒരമ്മയെപ്പോലെയായിരുന്നു ഡോ.ശ്രീലേഖ.
അവർ എന്റെ ബ്രൗൺ നിറത്തിലുള്ള നെയിൽ പോളീഷ്‌ അണിഞ്ഞ കാൽവിരലിൽ പിടിച്ചുകൊണ്ട്‌ ഇപ്രകാരം പറഞ്ഞു 'ഇതു നമ്മുടെ കവിതാരോഗിയാണ്‌.'
അപ്പോഴേക്കും നീലക്കണ്ണുള്ള ഡോക്ടർ എന്റെ ഹൃദയമിടിപ്പ്‌ പരിശോധിക്കാൻ തുടങ്ങി. അതുവരെയുള്ള വേദനകളും വിഷമതകളും അകന്ന്‌ പ്രശാന്തമായി എന്റെ ഹൃദയം മയങ്ങാൻ തുടങ്ങി.
'ഇത്‌ ഷേർളി ഡോക്ടറുടെ ഫ്രണ്ടാണ്‌.' ഞാൻ മിഴി തുറന്നു. സിസ്റ്റർ ഉഷാനന്ദിനി എന്നെ നോക്കി പുഞ്ചിരിച്ചു. അവർക്ക്‌ വളരെയധികം കൺപീലിയുണ്ടായിരുന്നു.
ഷേർളി കവിതയെഴുതുന്ന ഡോക്ടർ ആയിരുന്നു. അവർ മുടി ബോബ്‌ ചെയ്ത്‌ എനിക്കിഷ്ടമുള്ളപോലത്തെ കടും നിറ വസ്ത്രങ്ങൾ അണിഞ്ഞു വന്നു. അലിവും വിഷാദവും നിറഞ്ഞ കണ്ണുകളായിരുന്നു അവരുടേത്‌. കവിതയിലൂടെ പരിചയപ്പെട്ട കാലത്ത്‌ അവർ എന്റെ കവിളിൽ ഒരുമ്മ നൽകിയിരുന്നു.
എന്റെ അമ്മ നൽകിയ ഉമ്മകൾ എനിക്ക്‌ ഓർമ്മയുണ്ടായിരുന്നില്ല. അകമേ സ്നേഹം ഒളിപ്പിച്ചുവയ്ക്കുന്ന രീതിയായിരുന്നു അമ്മയ്ക്ക്‌.
എന്റെ ചെറിയമ്മയുടെ അമ്മായി എന്നോട്‌ അത്യന്തം വാത്സല്യമുള്ളവർ ആയിരുന്നു. അവർ എന്നോട്‌ എപ്പോഴും വളരെയേറെ സംസാരിച്ചു. ഒരിക്കൽ ഞാൻ മടങ്ങിപ്പോരാൻ തുടങ്ങുമ്പോൾ എന്റെ കവിളിൽ ചുംബിക്കുകയും ചെയ്തു. അത്തരമൊരു സ്നേഹാനുഭവം ആദ്യമായതുകൊണ്ട്‌ ഞാനാകെ അതിശയിച്ചു. ആ അമ്മയുടെ വെളുത്ത മുടിയിഴകളിലും ചുളിവുവീണ മുഖത്തും ഞാനതുവരെ കണ്ടിട്ടില്ലാത്ത എന്തോ ഒന്ന്‌ ദർശിച്ചു.
പിന്നീട്‌ എന്നെ ചുംബിച്ച സ്ത്രീ ഡോ.ഷേർളി ആയിരുന്നു. അപ്പോൾ ഞാൻ മരണപ്പെട്ടുപോയ ചെറിയമ്മയുടെ അമ്മായിയെ ഓർത്തു.
ഞാൻ മുട്ടറ്റമെത്തുന്ന പച്ച ഗൗൺ ധരിച്ച്‌ പ്രണയഭരിതയായി ഓപ്പറേഷൻ ടേബിളിൽ കിടന്നു.
മുട്ടിനു താഴെ എന്റെ കാലുകളിൽ കറുത്ത രോമങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു. കണ്ണടയ്ക്കിടയിലൂടെ നീലക്കണ്ണുകൾ അവിടേക്കെങ്ങാനും പായുന്നുണ്ടോ എന്നൊരു ലജ്ജ എന്നെ കീഴ്പ്പെടുത്തി. സിസ്റ്റർമാർ ആരെങ്കിലും എന്റെ കാലുകൾ പുതച്ചുതന്നിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു.
ഞാൻ തിരയിൽ കാൽ നനയ്ക്കുന്നത്‌ സജിയേട്ടന്‌ ഇഷ്ടമായിരുന്നില്ല. കടൽ എപ്പോഴും എന്റെ ഹരമായിരുന്നു. രോമങ്ങൾ നനഞ്ഞുതൂകി കാലിലൊട്ടിപ്പിടിച്ചിരിക്കുന്ന കാഴ്ച അദ്ദേഹത്തെ ആവേശഭരിതനാക്കും.
ഞങ്ങൾ കടൽത്തീരത്തേക്കു പോകുമ്പോൾ അദ്ദേഹം എപ്പോഴും മൂന്നാര്റിയിപ്പു നൽകും 'നിന്റെ രോമക്കാലുകൾ മറ്റാരും കാണുന്നത്‌ എനിക്കിഷ്ടമല്ല' എന്ന്‌.
ഞാനിപ്പോൾ ഏറ്റവും നിസ്സഹായയായി വേദനയുടെ ഇരുണ്ട ഇടങ്ങളിലൂടെ ക്ഷീണിതമായ ശരീരവുമായി കടന്നു പൊയ്ക്കൊണ്ടിരുന്നു.
'എനിക്ക്‌ ഇൻജക്ഷൻ പേടിയാണ്‌' ഞാൻ നൊമ്പരമോടെ സജിയേട്ടനോടു പറഞ്ഞു.
'ഓ, അതു പ്രാണഭയം കൊണ്ടാണ്‌. എല്ലാ ജീവികൾക്കും പ്രാണഭയം ഉണ്ട്‌.'
അദ്ദേഹം ഏറ്റവും നിസ്സാരമായി പറഞ്ഞു. ഞാൻ ക്രുദ്ധയായി. ആ ചെവിയിൽ പറഞ്ഞു 'നീയെന്റെ ചുണ്ടുകൾ കടിച്ചുപൊട്ടിക്കുമ്പോൾ എനിക്കീ പ്രാണഭയം ഉണ്ടാകാത്തതെന്താ?'
ഒരു കനൽത്തുള്ളി എന്റെ ചുണ്ടിൽ വീണുടഞ്ഞു.
എന്റെ വേദനകളെയെല്ലാം മയക്കിയുറക്കാൻ പ്രണയമഴയായി എന്റെ മേൽ പെയ്തിറങ്ങിയ നീലമിഴികളെ നന്ദിയോടെയും പ്രണയമോടെയും ഞാൻ നോക്കിക്കൊണ്ടിരുന്നു.
ഒടുവിൽ ഉണർന്നപ്പോൾ സ്വച്ഛമായി ശ്വസിച്ചു കൊണ്ട്‌ ഞാനിങ്ങനെ. ഞരമ്പുകളിലൂടെ ജീവപ്രവാഹങ്ങൾ... ശരീരമനക്കാനാകാതെ വെളുത്ത ചുവരിലേക്കു നോക്കി ഞാനിങ്ങനെ...
നാലാം നിലയ്ക്കുതാഴെ നദി ഒഴുകിക്കൊണ്ടിരുന്നു. എനിക്ക്‌ ഓളങ്ങൾ കാണണമെന്നു തോന്നി. മഴക്കാലങ്ങളിൽ ചെയ്യാറുള്ളതുപോലെ ഓളങ്ങളിൽ കാൽ നനച്ച്‌ സജിയേട്ടനെ കാട്ടണമെന്നും...
എനിക്ക്‌ ചുറ്റിനും പ്രിയപ്പെട്ടവരുടെ കണ്ണുകൾ. ഞാൻ വെറുതെ നീലക്കണ്ണുകൾ തിരഞ്ഞുകൊണ്ടിരുന്നു.
നേരമെത്രയായിക്കാണും.
സമയത്തെക്കുറിച്ച്‌ ഞാനപ്പോഴാണ്‌ ചിന്തിച്ചതു....
'ഹായ്‌ മൂൺ!'
കാതോരം മന്ത്രണം
വെണ്ണിലാ വെട്ടിത്തിളക്കം.
ഞാൻ ഞെട്ടിയുണർന്നു. ഇരു കവിളിലും നുണക്കുഴി തെളിയിച്ച്‌, താടിയിൽ വലം ചുഴി വിരിയിച്ച്‌...
എന്നെത്തന്നെ നോക്കി എന്താ ഒരു ചിരി!
ഹൊ! ഞാനങ്ങ്‌ മയങ്ങിപ്പോയി !