Followers

Saturday, October 31, 2009





dona mayoora

ezhuth/dec.2009





പല സുന്ദരികള്‍
എനിക്കൊരു സ്ത്രീയുടെ ചിത്രം വരച്ച് തരണമെന്ന് പറഞ്ഞമാത്രയില്‍, ചായക്കൂട്ടുകളുടെ സമ്മേളനങ്ങളില്‍ അംഗലാവണ്യം തുളുമ്പുന്ന, നയനപുടവും അധരവും തുടിക്കുന്ന സുന്ദരിയായൊരു സ്ത്രീയുടെ ചിത്രം ദ്രുതഗതിയില്‍ അവള്‍ വരച്ചു തന്നു.

ചിത്രത്തെക്കുറിച്ച് പറയുവാനുള്ളതെല്ലാമെന്റെ ഭാവഭേദങ്ങളില്‍ നിന്നുമറിഞ്ഞെടുത്തെന്നവണ്ണം അടുത്ത കാന്‍‌വാസിലേക്ക് അവളുടെ ചായം ചാലിച്ച ബ്രഷ് വളഞ്ഞും പുളഞ്ഞുമോടി. തലയ്ക്ക് താഴെ കഴുത്തായ് രണ്ട് വര വരച്ചിട്ട് അവളാരാഞ്ഞു.


“ഏതുതരം സ്ത്രീയെയാണ് നിനക്ക് വേണ്ടത്?“

“ഏതൊക്കെ തരം സ്ത്രീകളെയാണ് നിനക്ക് വരയ്ക്കാന്‍ അറിയാവുന്ന“തെന്ന് ഞാന്‍
‍മറുചോദ്യമെറിഞ്ഞു.

“തുണിയുടുത്ത സ്ത്രീകളും, തുണിയുരിഞ്ഞ സ്ത്രീകളും.“
“ഇതിലേതാണ് സ്ഥായിയായുള്ളത്?“
“രണ്ടാമത്തേത്.“
ഒരു കാലത്ത് മാറുമറയ്ക്കാന്‍ അനുവാദമില്ലാതെയിരുന്ന സ്ത്രീകള്‍ മുതല്‍ വസ്ത്രം മാറ്റുമ്പോള്‍, കുളിയ്ക്കുമ്പോള്‍, സ്നേഹത്തിന് മുന്നില്‍ സ്വയമര്‍പ്പിക്കുമ്പോള്‍, വയറ്റിപ്പിഴപ്പിന്... അങ്ങിനെയങ്ങനെ അനേകം സ്ത്രീകളുടെ ചിത്രങ്ങള്‍ ഈസ്റ്റ്മാന്‍ കളറില്‍ ഓര്‍മ്മചീന്തുകളില്‍ മിന്നി മറഞ്ഞു.
“ഏതുതരം സ്ത്രീയെയാണ് നിനക്ക് വേണ്ടത്?“
പകുതി മയക്കത്തില്‍ മിന്നി മറയുന്ന ചിത്രങ്ങളെ ഞെട്ടിച്ചുണര്‍ത്തിക്കൊണ്ട് അവളുടെ ആവര്‍ത്തിക്കപ്പെടുന്ന ചോദ്യം.
“മുലയൂട്ടുന്ന സ്ത്രീയെ, പിറന്നാളിന് അമ്മയ്ക്ക് അയച്ച് കൊടുക്കുവാനാണ്.“
സ്തനങ്ങള്‍ വരച്ചുകൊണ്ടിരുന്ന ബ്രഷ് ചുമന്ന ചായത്തില്‍ മുക്കി ഇടത്തേ മുലഞെട്ടിനെ മറച്ച് ചെറുചുണ്ടുകള്‍ വരച്ച് ചേര്‍ത്തുകൊണ്ടവള്‍ പറഞ്ഞു, ”വരച്ച് കഴിയാന്‍ അഞ്ചുമിനിറ്റെടുക്കും, ചായങ്ങളുണങ്ങാന്‍ അതിലുമേറെ സമയം വേണ്ടി വരും. മറ്റു ചിത്രങ്ങളെന്തെങ്കിലും വരയ്ക്കണമോ?”


“കറുത്ത വരകള്‍ കൊണ്ടൊരു വെളുത്ത സുന്ദരിയെയും, വെളുത്ത വരകള്‍ കൊണ്ടൊരു കറുത്ത സുന്ദരിയെയും വരച്ച് തരുവാന്‍ നിനക്കാകുമോ“ എന്ന ചോദ്യത്തിനു മുന്നില്‍ അവളൊന്ന് പകച്ചു, പിന്നെ പൊട്ടിച്ചിരിച്ചു.