Followers

Tuesday, October 27, 2009




thomas neelarmatham





ezhuth/ dec/ 2009
അനന്തരം തിരുമേനി വാച്ചിൽ നോക്കി

അമേരിക്കയിൽ നിന്നെത്തിയ സുഹൃത്തിന്റെ കുഞ്ഞിന്റെ മാമോദീസ. തലേദിവസം രാത്രിയിലുള്ള ട്രെയിനിൽ കയറി. അതിരാവിലെ കോഴിക്കോട്ടെത്തി. നേരെ പള്ളിയിലേക്ക്‌, വികാരിയച്ചനെ പരിചയമുണ്ടായിരുന്നു. അതുകൊണ്ട്‌ പ്രഭാതകൃത്യങ്ങൾ സൗകര്യപ്രദമായി നടത്തി. എന്റെ സുഹൃത്തിന്റെ കല്യാണത്തേക്കാളും ഗംഭീരമായിട്ടായിരുന്നു കുഞ്ഞിന്റെ മാമോദീസ. ഒരു തിരുമേനിയും 20 അച്ചന്മാരും, പള്ളിനിറയെ ക്ഷണിക്കപ്പെട്ട അതിഥികൾ.
തിരുമേനിയോടൊപ്പമിരുന്ന്‌ ഭക്ഷണം കഴിച്ചു.
"നീലാർമഠം ഇനി എങ്ങോട്ടേക്കാ?" തിരുമേനി ചോദിച്ചു. "ഉടനെ റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ ട്രെയിൻ കിട്ടും."
"വീട്ടിലേക്കോ അതോ സ്കൂളിലേക്കോ?"
"ഇന്ന്‌ ലീവെടുത്തു തിരുമേനി. അതുകൊണ്ട്‌ വീട്ടിലേക്കാ പോകുന്നത്‌".
"എന്നാൽ എന്റെ കൂടെ കയറിക്കോ ഞാനും അങ്ങോട്ടേക്കാ" എനിക്കു സന്തോഷമായി.
ഞങ്ങൾ ഭക്ഷണം കഴിഞ്ഞ്‌ എഴുന്നേറ്റു. തിരുമേനി അൽപം വിശ്രമിച്ചു. അതിനിടയിൽ ചുറ്റും കൂടിയ അമേരിക്കൻ മലയാളികളോട്‌ ഫാമിലി കോൺഫറൻസിനെക്കുറിച്ചും ഫൊക്കാനയുടെ മീറ്റിംഗിനെക്കുറിച്ചും തിരുമേനി സംസാരിച്ചു.
അടുത്ത കഷ്ടാനുഭവ ആഴ്ചയിലേക്ക്‌ ക്ഷണിച്ച അവരുടെ സ്നേഹ നിർബന്ധത്തിന്‌ തിരുമേനി വഴങ്ങി. ഡയറിയിൽ ഡേറ്റു കുറിച്ചു.
തിരുമേനി പോകാനായി എഴുന്നേറ്റു. 'എന്റെ സുഹൃത്ത്‌ ഡോളറിന്റെ മണമുള്ള കവർ' ഒതുക്കത്തിൽ തിരുമേനിയുടെ കരങ്ങളിൽ അർപ്പിച്ചു.
"കർത്താവ്‌ അനുഗ്രഹിക്കട്ടെ"സുഹൃത്ത്‌ തിരുമേനിയുടെ കൈമുത്തി. ഞാൻ അവനോട്‌ യാത്രാനുമതി വാങ്ങി.
ഞങ്ങൾ കാറിലേക്ക്‌ കയറാനൊരുങ്ങവേ, വികാരിയച്ചൻ തിരുമേനിയുടെ ചെവിയിൽ പറയുന്നത്‌ ഞാൻ കേട്ടു.
കപ്യാരുതോമയുടെ ഭാര്യ അറ്റാക്ക്‌ വന്നുകിടക്കുകയാണ്‌. പോകുന്ന വഴിയിലാവീട്‌. ഒന്നു കയറിയാൽ...
തിരുമേനി വാച്ചിൽ നോക്കി.
"ഇനി വരുമ്പോഴാകട്ടെ അച്ചാ, ഏഴുമണിക്ക്‌ ഭദ്രാസന കൗൺസിലിന്റെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്‌. അതിനു മുമ്പങ്ങെത്തണം."
ഞങ്ങൾ കാറിൽ കയറി.
യാത്രയുടെ തുടക്കത്തിൽ തിരുമേനി പുതിയ വിദ്യാഭ്യാസപദ്ധതികളെപ്പറ്റിയും ഗ്രേഡിംഗ്‌ സമ്പ്രദായത്തെക്കുറിച്ചും സംസാരിച്ചു.
സഭയ്ക്ക്‌ പുതിയ ഒരു എഞ്ചിനീയറിംഗ്‌ കോളേജ്‌ അനുവദിക്കാത്ത സർക്കാരിന്റെ നടപടിയെ അപലപിച്ചു.
തിരുവനന്തപുരത്ത്‌ വച്ച്‌ അച്ചന്മാർക്ക്‌ അടി കിട്ടിയതിലുള്ള അഗാധമായ ദുഃഖം എന്നോടു പങ്കുവച്ചു.
കുറച്ചുകഴിഞ്ഞപ്പോൾ അണ്ടിപ്പരിപ്പും പൂവൻപഴവും കൂട്ടിയുള്ള പ്രഭാതഭക്ഷണത്തിന്റെ 'ഹാങ്ങ്‌ ഓവറിൽ' തിരുമേനി ഉറങ്ങിപ്പോയി.
ഞാനും യാത്രാക്ഷീണം കൊണ്ട്‌ അൽപമൊന്നുമയങ്ങി.
ഇടയ്ക്ക്‌ തിരുമേനിയുണർന്ന്‌ എവിടെവരെയായിയെന്ന്‌ ഡ്രൈവറോടു ചോദിച്ചു.
"കുന്നംകുളം അടുക്കാറായി"
"സമയം എത്രയായി?"
"പന്ത്രണ്ടര" ഞാൻ വാച്ചിൽ നോക്കിപ്പറഞ്ഞു.
കുന്നംകുളത്തെ അരമനയിൽ കയറി കഞ്ഞി കുടിച്ചിട്ടേ യാത്ര തുടരൂ എന്നാണ്‌ ഞാൻ കരുത്തിയത്‌.
"എടാ നമ്മുടെ ഔതേടെ വീട്ടിലേക്കൊന്ന്‌ വിളിക്ക്‌. തിരുമേനി ഉണ്ണാൻ വരുന്നുണ്ടെന്ന്‌ പറ."
ഡ്രൈവർ മൊബെയിലും സ്റ്റിയറിംഗും ഒരു പോലെ ചലിപ്പിച്ചു.
അഞ്ചുമിനിട്ടു കഴിഞ്ഞപ്പോൾ
കുന്നംകുളം നഗരത്തിലുള്ള ഒരു കൂറ്റൻ ബംഗ്ലാവിന്റെ മുന്നിൽ കാർ നിന്നു.
തടിച്ചുകൊഴുത്ത ഒരു അച്ചായൻ ബംഗ്ലാവിന്റെ വാതിൽ തുറന്ന്‌ പുറത്തുവന്നു. കഴുത്തിലെ സ്വർണ്ണ ചെയിനിന്റെ ഘനം കൊണ്ട്‌ ആറ്റം ബോംബ്‌ വിഴുങ്ങിയ പോലെയാണ്‌ അദ്ദേഹത്തിന്റെ നിൽപ്പ്‌. കഴുത്ത്‌ ഇടം വലം തിരിക്കാൻ കഴിയുന്നില്ല. അയാൾക്ക്‌ കുനിയാൻ കഴിയാത്തതിനാൽ തിരുമേനി 'കൈമുത്താൻ' കൈ അങ്ങോട്ടുകൊടുത്തു.
"നീ ജർമ്മനീന്ന്‌ എന്നുവന്നു?" തിരുമേനി അയാളോടായി ചോദിച്ചു.
"അയ്യോ ഞാൻ ലണ്ടനിലാ. മുത്തച്ചായനാ ജർമ്മനീല്‌"
"ഓ, അപ്പൊ അവൻ വന്നില്ലേ?
"ഇല്ല. പരിപാടീടെ സി.ഡി. കൊടുത്തുവിട്ടുട്ടുണ്ട്‌."
അതുകൊണ്ടെങ്കിലും അവനൊരു സമാധാനം കിട്ടട്ടെ. അപ്പന്റെ ശവസംസ്കാരം കേമമായി നടത്തിയല്ലോ.
മൂന്നു തിരുമേനിമാരും അമ്പതോളം അച്ചന്മാരുമുണ്ടായിരുന്നു. രണ്ടു കോൺവെന്റിലെ കംപ്ലീറ്റ്‌ സിസ്റ്റേഴ്സും വന്നു.
മരിക്കുന്നതിന്‌ രണ്ടുദിവസം മുമ്പ്‌ ഔതയെന്നെ ഫോണിൽ വിളിച്ചിരുന്നു. അഭയകേന്ദ്രത്തിന്റെ പണിക്ക്‌ രണ്ടുലക്ഷം രൂപയുടെ ചെക്ക്‌ നിന്റെ ചേട്ടൻ അയച്ചുകൊടുത്തത്‌ കിട്ടിയെന്നുപറഞ്ഞു. ഔതേടെ കൈകൊണ്ട്‌ അതുവാങ്ങാൻ കഴിഞ്ഞില്ല. ഇതുവഴി പോയപ്പോ, എന്നാ ഒന്നു പ്രാർത്ഥിച്ചിട്ടുപോകാമെന്നു കരുതി.
തിരുമേനി പ്രാർത്ഥിക്കാനായി എഴുന്നേറ്റു ഔതയുടെ ആത്മാവിന്‌ നിത്യശാന്തി നേർന്നുകൊണ്ടുള്ള പ്രാർത്ഥന ഹൃദയസ്പർശിയായിരുന്നു. ഏതു മകന്റെയും കരളലിഞ്ഞു പോകും!
ഔസേപ്പിന്റെ ഭാര്യ ലണ്ടൻ മോഡലിലുള്ള വേഷവിധാനത്തോടെ ഡൈനിംഗ്‌ ടേബിളിന്‌ ചുറ്റും ഓടി നടന്നു. ഞങ്ങൾ സമൃദ്ധമായി ഭക്ഷണം കഴിച്ചു.
ചേട്ടനയച്ചുകൊടുത്ത ചെക്ക്‌ ഔസേപ്പ്‌ തിരുമേനിയെ ഏൽപ്പിച്ചു.
"നീയും എന്തെങ്കിലും തരണം", അതുവാങ്ങി ചിരിച്ചുകൊണ്ട്‌ തിരുമേനി പറഞ്ഞു.
ഔസേപ്പ്‌ ദയനീയമായി ഭാര്യയെ നോക്കി. അവരുടെ മുഖം കടന്നൽ കുത്തേറ്റതുപോലെയായി.
"അച്ചായനിങ്ങോട്ടൊന്നു വന്നേ"
അവൾ ഔസേപ്പിനെ അകത്തേ മുറിയിലേക്ക്‌ വിളിപ്പിച്ചു.
ഞാൻ കൈകഴുകാനായി വാഷ്ബേസിനരികിലെത്തിയപ്പോൾ ഔസേപ്പിന്റെയും ഭാര്യയുടെയും സംസാരം കേട്ടു. ഒരു നൂറു യൂറോയെങ്കിലും നമ്മുടെ വകയായിട്ടുകൊടുത്തില്ലേൽ മോശമല്ലേ? ഔസേപ്പ്‌ ഭാര്യയോടു പറയുകയാണ്‌. മോശയും ഏലീയാവുമൊക്കെ വേദ പുസ്തകത്തില്‌. നിങ്ങൾ മദ്രാസിലെ അപ്പോളോ ആശുപത്രിയുടെ മുന്നിൽ അഫോൾസ്റ്ററി വർക്കും ചെയ്തുകൊണ്ടിരിക്കുമ്പോൾ ഞാനവിടെ ജനറൽ നഴ്സായിരുന്നു. ഒന്നു രണ്ടു തവണ കണ്ണിറുക്കി കാണിച്ചപ്പോൾ കൊച്ചുപെണ്ണല്ലേ? ഞാനങ്ങു വീണുപോയി. പിന്നെ നിങ്ങളെ ഞാൻ ലണ്ടൻ വരെയെത്തിച്ചു. അത്യാവശ്യം ദശാംശമൊക്കെയുള്ളത്‌ പള്ളിക്ക്‌ കൊടുക്കുന്നുണ്ട്‌. പത്തുയൂറോ തരും. വേണമെങ്കി തിരുമേനിക്കുകൊണ്ട്‌ കോട്‌.
ഔസേപ്പ്‌ സ്വീകരണമുറിയിലേക്ക്‌ വന്നു. തിരുമേനിയപ്പോൾ ഔസേപ്പിന്റെ പതിനെട്ടരക്കിലോ ഭാരമുള്ള രണ്ടാമത്തെ കുഞ്ഞിനെ മടിയിലിരുത്തി കളിപ്പിക്കുകയായിരുന്നു.
"തിരുമേനി ഒരു മൂന്നാര്റിയിപ്പില്ലാതെ വന്നതുകൊണ്ട്‌ ഇതു കുറച്ചേയുള്ളു. പോകുന്നതിനു മുമ്പ്‌ ഞാൻ അരമനയിലേക്ക്‌ വരാം."
"ഒന്നു വിളിച്ചിട്ടേ വരാവൂ, എന്നാ ഞങ്ങളിറങ്ങുന്നു."
കാർ, കുന്നംകുളം ടൗൺ കഴിഞ്ഞു.
ഡ്രൈവർ പിന്നിലേക്ക്‌ തിരിഞ്ഞ്‌ തിരുമേനിയോടായി ചോദിച്ചു.
"കഴിഞ്ഞ ദിവസം കാർ ആക്സിഡന്റിൽ മരിച്ച ജോഷ്വായുടെ വീട്ടിൽ കയറണോ?"
തിരുമേനി വാച്ചിൽ നോക്കി, കയറിയാൽ സമയം വൈകും.
അത്‌ അടുത്താഴ്ച ഇങ്ങോട്ട്‌ വരുമ്പോഴാകട്ടെ. കൊരട്ടിയിലെത്തുമ്പോൾ എന്നെയൊന്നു വിളിച്ചേക്കണം. സ്ത്രീ സമാജത്തിന്റെ കേന്ദ്രകമ്മിറ്റിയംഗമായ ഗ്രേസിയുടെ രണ്ടാമത്തെ മകൾ ദുബായിൽ നിന്ന്‌ വന്നിട്ടുണ്ട്‌. അവിടെ കയറിയിട്ടേ പോകാവൂന്ന്‌ ഇന്നലെ ഗ്രേസി വിളിച്ചു പറഞ്ഞിരുന്നു. കയറാതെ പോയാൽ അവരെന്തു വിചാരിക്കും?
തിരുമേനിയൊന്നു മയങ്ങിയുണർന്നപ്പോഴേക്കും കൊരട്ടിയായി. ഒരു ഗൾഫുകൊട്ടാരത്തിന്റെ മുറ്റത്തേക്ക്‌ കാറുചെന്നുനിന്നു.
ഗ്രേസിയും പരിവാരങ്ങളും വീട്ടിൽ നിന്ന്‌ മുറ്റത്തേയ്ക്ക്‌ കുതിച്ചു. എല്ലാം കൂടെ ഒരു സ്ത്രീസമാജത്തിന്റെ മീറ്റിംഗിനുള്ള ആളുണ്ട്‌.
നാലുമണിക്കുള്ള കാപ്പികുടി ലഘുവായി മതിയെന്നു തിരുമേനി പറഞ്ഞതാണ്‌. അപ്പവും കരിമീൻ പപ്പാസും ഗ്രേസിയുടെ കൈകൊണ്ടുതന്നെ ഉണ്ടാക്കിയതാണ്‌. ഫിഷ്മോളി വേറെയും.
കഴിച്ചില്ലെങ്കിൽ അവരെന്തു വിചാരിക്കും?
ഇറുക്കമുള്ള ടീഷർട്ടും പൈജാമ്മയും ധരിച്ച ഗ്രേസിയുടെ മോളുടെ ഭാവവും വർത്തമാനവും കണ്ടാൽ അവൾ തിരുമേനിയോടൊപ്പം ഒന്നിച്ചുപഠിച്ചതാണെന്നു തോന്നും. അത്രയ്ക്ക്‌ 'ഫ്രണ്ട്ലിയാണവർ!' യാത്രപറഞ്ഞ്‌ ഇറങ്ങാൻ നേരം ഗ്രേസി മകളോടു പറഞ്ഞു.
"മോളെ ആ കവറിങ്ങെടുത്തോ"
അവൾ കവർ എടുത്തു തിരുമേനിക്ക്‌ കൊടുത്തു.
"വൃദ്ധമന്ദിരത്തിന്റെ ഒരു മുറി ഇവൾ ഇപ്പഴേ എനിക്കുവേണ്ടി ബുക്ക്‌ ചെയ്യുവാ തിരുമേനി. അതിനുള്ള മൂന്നു ലക്ഷം രൂപയുടെ ചെക്കാ ഇത്‌".
തിരുമേനി അവളെ കൈവച്ച്‌ അനുഗ്രഹിച്ചു.
കാറിൽ കയറിയപ്പോൾ തിരുമേനിയോട്‌ ഗ്രേസി പറഞ്ഞു.
"ഞങ്ങളുടെ വികാരിയച്ചന്റെ കൊച്ചമ്മ ഇന്നലെ ബാത്ത്‌ ർറൂമിൽ തെന്നിവീണു. ഇടത്തെ കാലൊടിഞ്ഞിട്ടുണ്ട്‌. പ്ലാസ്റ്ററിട്ടിരിക്കുവാ. ഇന്ന്‌ വീട്ടിൽ കൊണ്ടുവന്നിട്ടുണ്ട്‌."
തിരുമേനി വാച്ചിൽ നോക്കി! "സന്ധ്യക്ക്‌ മുമ്പ്‌ അങ്ങെത്തണം ഞാൻ അച്ചനെ മൊബെയിലിൽ വിളിച്ചോളാം"
"നീ ആ അച്ചന്റെ നമ്പരൊന്നു കുത്തിയേടാ" ഡ്രൈവർ മൊബെയിൽ തിരുമേനിക്ക്‌ കൈമാറി.
"ഹലോ അച്ചനല്ലേ? ഞാനറിഞ്ഞു. അച്ചൻ കൊച്ചമ്മേടെ ചെവിലോട്ടു മൊബെയിലൊന്നു കൊടുത്തേ, ഞാനൊന്നു പ്രാർത്ഥിക്കാം."
അച്ചന്റെ കൊച്ചമ്മയ്ക്ക്‌ ആശ്വാസം കിട്ടുംവിധം തിരുമേനി പ്രാർത്ഥിച്ചു. വേഗം സുഖമാകട്ടെയെന്ന്‌ ആശംസിച്ചു.
എന്റെ വീടിന്റെ മുന്നിലൂടെയാണ്‌ തിരുമേനിയുടെ കാർ പോകുന്നത്‌. ഞാൻ എന്റെ മൊബെയിലെടുത്തു ഭാര്യയെ വിളിച്ചു.
"തിരുമേനിയുടെ കാറിലാണ്‌ വരുന്നത്‌. ചെലപ്പോ വീട്ടിലേക്ക്‌ കയറിയേക്കും നീ മുറിയൊക്കെ തുടച്ച്‌ വൃത്തിയാക്കിയിട്‌. പിള്ളേര്‌ കുളിച്ചൊരുങ്ങി നിൽക്കാൻ പറ. ഒരു മെഴുകുതിരീം തീപ്പെട്ടിയുമെടുത്ത്‌ ഉമ്മറത്ത്‌ വയ്ക്ക്‌. പുൽപ്പായ രണ്ടെണ്ണം എടുത്ത്‌ മുറ്റത്ത്‌ നീളത്തിൽ വിരിക്കാൻ മറക്കരുത്‌."
എന്റെ വീടെത്തി. ഞാൻ ഭവ്യതയോടെ പറഞ്ഞു. "ഒരു മിനിറ്റൊന്നു കയറിയിട്ടുപോകാം"
തിരുമേനി വാച്ചിൽ നോക്കി. "അവിടിപ്പം മീറ്റിംഗ്‌ തുടങ്ങിക്കാണും, ഇനിയൊരിക്കൽ കയറാം"
ഞാൻ കൈമുത്തി കാറിൽ നിന്നിറങ്ങി.
തിരുമേനി വരുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ കൂട്ടത്തിൽ ഒരു 'കവറിന്റെ കാര്യം' കൂടി ഞാൻ ഭാര്യയോടു പറയേണ്ടതായിരുന്നു.
കോഴിക്കോട്ടു മുതൽ മധ്യതിരുവിതാംകൂർ വരെ ഒരു പകൽ മുഴുവൻ തിരുമേനിയോടൊപ്പം യാത്ര ചെയ്തിട്ടും, ഒരു പാവപ്പെട്ടവന്റെ വീട്ടിൽപ്പോലും തിരുമേനി കയറുന്നത്‌ ഞാൻ കണ്ടില്ല.