Followers

Showing posts with label u menon. Show all posts
Showing posts with label u menon. Show all posts

Saturday, October 31, 2009











k g unnikrishnan


ezhuth/dec/2009

രോഗികൾക്കും വിശപ്പുണ്ട്‌

മുൻ രാഷ്ട്രപതി കേരളത്തിൽ വന്നപ്പോൾ, വിശപ്പിന്റെ വിളി കേട്ട്‌ ഒരു ഡോക്ടർ പിണങ്ങിപ്പോയ വാർത്ത ചെറുതല്ലാത്ത പ്രാധാന്യത്തോടെ മാധ്യമങ്ങളിൽ സ്ഥലം പിടിച്ചിരുന്നല്ലോ. അതുവായിച്ചപ്പോൾ തോന്നിയ ചില വിശപ്പിന്റെ ചിന്തകളാണ്‌ ഈ കുറിപ്പിനാധാരം.
പ്രത്യക്ഷത്തിൽ പ്രസ്തുതവാർത്ത, വി.വി.ഐ.പികൾ വരുമ്പോഴുള്ള തന്ത്രപ്പാടിൽ വി.ഐ.പികൾ അനുഭവിക്കുന്ന അസ്വസ്ഥതകളിലേക്ക്‌ വിരൽ ചൂണ്ടുന്നുണ്ട്‌. പണം കിട്ടാറില്ല എന്ന പേരിൽ ടാക്സി ഡ്രൈവർമാർ ഇത്തരം ജോലികളിൽ നിന്ന്‌ ഒഴിയാറുണ്ട്‌. പോലീസുകാർക്കാണെങ്കിലും ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ഇത്തരം സന്ദർഭങ്ങളിൽ ജോലി ചെയ്യുന്നുണ്ട്‌.
എങ്കിലും ഇവിടെ വിഷയം ഡോക്ടറാണല്ലോ. ഒരു ദിവസം ഭക്ഷണം അൽപം വൈകിയപ്പോൾ ഇത്ര ശക്തമായി ഒരു ഡോക്ടർ പ്രതികരിക്കുകയും അതിനെ അനുകൂലിച്ചുകൊണ്ട്‌ സഹപ്രവർത്തകരും അവരുടെ സംഘടനാ പ്രതിവിധികളും രംഗത്തുവരികയുമുണ്ടായി. എന്നാൽ ഈ ഡോക്ടർമാരെ ഇത്രയും സമ്പന്നരാക്കിയ രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ഇങ്ങനെ വിശപ്പ്‌ എന്ന ഒരവസ്ഥയുണ്ടെന്ന്‌ എപ്പോഴെങ്കിലും ഈ ഡോക്ടർമാർ ചിന്തിച്ചിട്ടുണ്ടോ?
സർക്കാർ ആശുപത്രികളിലാണെങ്കിലും സ്വകാര്യ 'മേടിക്കൽ'സെന്ററുകളിലാണെങ്കിലും രോഗികളാകട്ടെ അവരുടെ ബന്ധുക്കളാകട്ടെ ഈ വിശപ്പ്‌ മാറ്റിവച്ചു വേണം എത്താനെന്നാണ്‌ ഇവരുടെ മതം. എന്റെ അനേകം സ്വന്തമായ അത്തരം അനുഭവങ്ങളിൽ ഒരെണ്ണംമാത്രം പറയാം. വിശപ്പ്‌ നിയന്ത്രിക്കാനാകാത്ത ഒരു അവസ്ഥയുമായി എറണാകുളത്ത്‌ ഇത്തരം ചികിത്സയ്ക്ക്‌ പ്രസിദ്ധമായ ഒരാശുപത്രിയിലെത്തിയതാണ്‌. രണ്ടു ദിവസം മുമ്പ്‌ ബുക്കുചെയ്തപ്പോൾ 11 മണിക്കുവരാൻ പറഞ്ഞു. സ്വന്തം ആവശ്യമായതുകൊണ്ട്‌ 10.30 ന്‌ തന്നെ എത്തി കാത്തിരിപ്പുതുടങ്ങി. 11,12, 1 മണി. ഡോക്ടർ വരുന്നില്ല. വളരെ വിനയത്തോടെ സിസ്റ്ററിനോടു ചോദിച്ചു, വിശക്കുന്നു, ഭക്ഷണം കഴിച്ചിട്ടുവരട്ടെ എന്ന്‌ ഉടനെ മറുപടി വന്നു. പോകുന്നതിനു കുഴപ്പമില്ല പക്ഷേ, ഡോക്ടർ വിളിക്കുമ്പോൾ ഇല്ലെങ്കിൽ അവസാനമേ കാണാൻ പറ്റുകയുള്ളു. ചിലപ്പോൾ കാണാനൊത്തില്ലെന്നും വരും. ഒന്നിനു പോകാൻപോലും ധൈര്യമില്ലാതെ അവിടെ ഇരുന്നു അവസാനം ഡോക്ടർ വന്നത്‌ 4.30 ന്‌.കണ്ടത്‌ 5.30 ന്‌. രോഗ വിവരം ശരിക്കുപറയാൻപോലും ഉള്ള ശക്തി ചോർന്നുപോയിരുന്നു. തിരക്കുണ്ട്‌, ഒരുപാടുരോഗികൾ പുറത്തുനിൽക്കുന്നു എന്നു പറഞ്ഞ്‌ വിശദീകരിക്കാൻ സമ്മതിച്ചതുമില്ല.
ഇവിടെ എന്താണു സംഭവിച്ചതെന്നു പിന്നീടാണ്‌ അറിഞ്ഞത്‌. 11 നു വരുമ്പോൾ ഡോക്ടർ തീയറ്ററിലായിരുന്നു. രണ്ടു മണിക്ക്‌ അവിടെനിന്നിറങ്ങി നേരെപോയി ഭക്ഷണം കഴിച്ച്‌ വിശ്രമിച്ചിട്ടാണ്‌ 4.30 ന്‌ പ്രിയപ്പെട്ട 'രോഗികളെ കാണാനെത്തിയത്‌
ഈ വിവരം ഞങ്ങൾ രോഗികളോടു പറഞ്ഞിരുന്നെങ്കിൽ ഉച്ചപ്പട്ടിണി ഒഴിവാക്കാമായിരുന്നു. അതു ഡോക്ടറോ ആശുപത്രി അധികാരികളോ ഡ്യൂട്ടി സിസ്റ്ററോ അറിയിക്കാത്തത്താണോ, അഥവാ അറിഞ്ഞിട്ടും അവർ പറയാത്തത്താണോ എന്ന്‌ ഇപ്പോഴും അറിയില്ല. ഏതായാലും രോഗിയുടെ വിശപ്പ്‌ ഇവർക്കു പ്രശ്നമല്ല എന്നു മാത്രം മനസ്സിലായി. അടുത്ത ദിവസവും ഇതിന്റെ ആവർത്തനമായിരുന്നു. അൾട്രാസൗണ്ട്‌ സ്കാൻ, എൻഡോസ്കോപ്പി എന്നിവയ്ക്കായി 9 മണിക്ക്‌, ഒന്നു കഴിയാതെ എത്തണമെന്നു പറഞ്ഞു. 8 നു തന്നെ എത്തി. അൾട്രാസൗണ്ടിന്റെ ആൾ എത്തിയത്‌ 10 ന്‌. രണ്ടു സ്ഥലത്തും ആദ്യത്തെ നമ്പർ ആക്കണമെന്നും വിശന്നാൽ ബുദ്ധിമുട്ടാണെന്നും ഒക്കെപറഞ്ഞതാണ്‌. പക്ഷേ, ആദ്യത്തെതു കഴിഞ്ഞ്‌ 11 നു മാത്രമാണ്‌ രണ്ടാമത്തേതിനു പേരു ചേർത്തത്‌. ഫലമോ, വെറും വയറ്റിൽ ഒന്നരവരെ നിന്നിട്ടും എൻഡോസ്കോപ്പിക്കു വിളിച്ചില്ല. പുറത്തുനിന്നു ബഹളംവെച്ചതു കേട്ട ഡോക്ടർ പുറത്തുവന്നു വിളിച്ചിട്ടാണ്‌ രണ്ട്‌ മണിക്കെങ്കിലും എൻഡോസ്കോപ്പി നടന്നത്‌. എനിക്കപ്പോൾ തോന്നിയത്‌, ഇതുപോലെ ഒരാഴ്ച അവിടെ ചികിത്സിച്ചാൽ ഉച്ചഭക്ഷണം ഒഴിവാക്കാൻ പഠിക്കുമായിരുന്നു എന്നാണ്‌. ഇത്തരത്തിലുള്ള അനുഭവങ്ങൾ ഏറ്റക്കുറച്ചിലുകളോടെ ഇതു വായിക്കുന്നവർക്കെല്ലാം ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഉണ്ടായിരിക്കാമെന്നുറപ്പാണ്‌.
ഇത്‌ ഒ.പിയിലുള്ളവരുടെ അനുഭവം. കിടത്തി ചികിത്സയിലാണെങ്കിലും രോഗികൾക്കും ബന്ധുക്കൾക്കും വിശപ്പുമാറ്റിവയ്ക്കേണ്ടി വരുന്ന സന്ദർഭങ്ങൾ ധാരാളം. ഡോക്ടർ റൗണ്ട്സിനു വരുമ്പോൾ കണ്ട്‌ വിവരം ചോദിച്ചു മനസ്സിലാക്കിയിട്ടു ഭക്ഷണം കഴിക്കാമെന്നുവച്ചാൽ ചിലപ്പോൾ അന്നു ഭക്ഷണം കഴിക്കാൻ സാധിച്ചില്ലെന്നുവരും. ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴായിരിക്കും ഡോക്ടർ ഇപ്പോൾ വരും, അതുകഴിഞ്ഞു ഭക്ഷണം കഴിച്ചാൽ മതി എന്നു ഉത്തരവ്‌. ചിലപ്പോൾ തൊട്ടുതാഴെയുള്ള മുറിയിൽ വന്നിട്ട്‌ ഡോക്ടർ താഴെപോയി ഒ.പിയും കഴിഞ്ഞ്‌, ചിലപ്പോൾ ഭക്ഷണവും കഴിഞ്ഞായിരിക്കും വരിക. ഡോക്ടർ പെട്ടെന്നു വന്നാലോ എന്നു പേടിച്ച്‌ രോഗിയുടെ ബന്ധുവും ഈ കുരുക്കിൽപെടാറുണ്ട്‌. ഒഴിവാക്കുന്ന ചില ബുദ്ധിമുട്ടുകളാണിത്‌.
എന്നാൽ ഇതിലപ്പുറമാണ്‌ ആശുപത്രിയിൽ നിന്നും ഡിശ്ചാർജ്ജു ചെയ്യുമ്പോഴത്തെ അവസ്ഥ. രാവിലെ 10ന്‌ ഡിശ്ചാർജ്‌ പറഞ്ഞാൽ ഉച്ചയ്ക്ക്‌ വീട്ടിൽ പോയി ഭക്ഷണം കഴിക്കാമെന്നു വിചാരിച്ച്‌ ബില്ലടയ്ക്കാനുള്ള ഓട്ടം തുടങ്ങും. ബിൽ സെക്ഷനിൽ ചോദിച്ചാൽ ഡ്യൂട്ടി സിസ്റ്ററിനോടു ചോദിക്കാൻ പറയും. ഡോക്ടറുടെ ഫീസ്‌ എഴുതിയിട്ടില്ല. ഡോക്ടർ വരട്ടെ, എന്നൊക്കെയായിരിക്കും മറുപടി. ഒടുക്കം ഉച്ചയോടുകൂടി ഒപ്പിട്ടാലോ. ബില്ലടയ്ക്കാൻ ചെല്ലുമ്പോൾ അവിടെ ഇന്റർവെൽ ആയിരിക്കും. പിന്നീട്‌ അവരുടെ ഊണുകഴിഞ്ഞ്‌ ബില്ലടയ്ക്കുമ്പോൾ മൂന്നു മണി കഴിയും. ഇതിനിടയിൽ ഭക്ഷണം പോയിട്ട്‌ വെള്ളം കുടിക്കാൻപോലും രോഗിയുടെ ബന്ധുവിനു സാധിക്കില്ല. മെഡിക്കൽ സർട്ടിഫിക്കറ്റോ മറ്റോ വേണമെങ്കിൽ പിന്നെയും താമസിക്കും.
ഇത്തരത്തിൽ രോഗികളുടെ വിശപ്പു ഗൗനിക്കാത്ത ഡോക്ടർക്ക്‌ വിശപ്പിന്റെ വിളി സഹിക്കാതായെന്നു വായിച്ചപ്പോൾ സത്യത്തിൽ ഉള്ളിൽ സന്തോഷമാണ്‌ തോന്നിയത്‌. സ്വന്തം ഒ.പി.യിൽ 5 മിനിറ്റിന്റെ ഇടവേളകളിൽ 100 മുതൽ 250 രൂപ വരെ കൈപ്പറ്റുന്നവരാണെങ്കിൽ അവർക്കും വിശപ്പു പ്രശ്നമല്ലെന്നും നമുക്കറിയാം. എല്ലാ ഡോക്ടർമാരും ഇത്തരക്കാരാണെന്നു പറയുന്നില്ല. രോഗികളുടെ പ്രത്യേകതകൾ മനസ്സിലാക്കി അവർക്കുവേണ്ട വിട്ടുവീഴ്ചകൾ ചെയ്യുന്ന കുറച്ചുപേരെങ്കിലുമുണ്ട്‌. അത്തരക്കാർക്കു എണ്ണം ഈ സ്വാശ്രയകാലാവസ്ഥയിൽ വീണ്ടും കുറയുന്നതായാണ്‌ കാണുന്നത്‌.
ഏതായാലും വിശപ്പ്‌ എല്ലാവർക്കുമുണ്ട്‌. എന്നു കൂടി ചിന്തിക്കാനുള്ള അവസരമായി ഡോക്ടർമാരും അവരുടെ സംഘടനകളും ഈ സംഭവത്തെക്കുറിച്ചുള്ള ചർച്ചയിൽ വിലയിരുത്തണമെന്ന്‌ അഭ്യർത്ഥിക്കുന്നു.