Followers

Friday, July 5, 2013

EZHUTH /2013 JULY

EZHUTHU ONLINE/JULY 2013


 ഉള്ളടക്കം


 മഴയും മലയാളവും
എം.കെ.ചാന്ദ് രാജ്
 വിഭൂതി
ഹരിശങ്കർ അശോകൻ

ഷൂലേസിന്റെ തുമ്പത്തെ ചുരുളിപ്പിനും പേരില്ലേ?
രാം മോഹൻ പാലിയത്ത്

കവിതയുടെ സിഗ്നല്‍.
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍ 

കാത്തിരിപ്പ്
രാജു കാഞ്ഞിരങ്ങാട് 

രണ്ട് ദൃശ്യങ്ങള്‍ക്കപ്പുറം
കെ.എം.രാധ

 മാപ്പപേക്ഷ
അരുണിമ ഓമനക്കുട്  

My first kiss
ഗീതാജാനകി
മഹാമൌനം
ഇന്ദിരാബാലൻ

 ഒബ്സര്‍വേഷന്‍
ശ്രീജിത്ത് മൂത്തേടത്ത്

 ശൂന്യത
ശ്രീദേവിനായർ 

കാഫ്കയുടെ കത്തുകൾ
പരിഭാഷ: വി. രവികുമാർ
 വിരസതക്ക് വിശക്കുമ്പോള്‍
സനൽ ശശിധരൻ

 Who will cry when you vanish
സലോമി ജോൺ വൽസൻ
 കയ്യൊപ്പ്
ഷഫീക്ക് എസ്. കെ

 ഒരു തീപ്പാട്ട്
ഡോ കെ ജി ബാലകൃഷ്ണൻ

 വീസ്വാവ ഷിംബോർസ്ക - ബാഹുല്യങ്ങൾക്കിടയിൽ
പരിഭാഷ: വി.രവികുമാർ

 അവനും അവളും
സന്ദീപ് പഴശ്ശി
 പുലർകാല സ്വപ്‌നങ്ങൾ
 ഫൈസൽ പകൽക്കുറി

 വി കെ എന്‍ വക അസ്സല്‍ വിവര്‍ത്തനം
അരുൺ പല്ലിശ്ശേരി

ഒരു യാത്രയ്ക്കുമുമ്പ്
ഗിരീഷ് വി നായർ

ബിംബമുടയുന്നു
ഹരി കോവിലകം

പെരുമ്പടവം ശ്രീധാരൻ സംസാരിക്കുന്നു
അനിൽകുമാർ സി.പി

മുറിഞ്ഞ്‌ വേര്‍പെടുന്ന വാക്കുകള്‍
എം.കെ.ഹരികുമാർ

ഷൂലേസിന്റെ തുമ്പത്തെ ചുരുളിപ്പിനും പേരില്ലേ?

 

 

 രാം മോഹൻ പാലിയത്ത്

 

Prof. G. Kumara Pillai
'പൂവിനും പേരിട്ടു. 
താമരപ്പൂവിനും പേരിട്ടു.
നീലിച്ച താമരപ്പൂവിനും പേരിട്ടു.
നീയിന്നു ചൂടിയ
നീയിന്നേയ്ക്കു മാത്രമായ് ചൂടിയ
നീലിച്ച താമരപ്പൂവിന്റെ പേരു ചൊല്ലൂ സഖീ'
- ജി. കുമാരപിള്ള

ഒരു മനുഷ്യന് 21 മുഖങ്ങളുണ്ട്. ഓരോ വിരലും മറ്റൊരു മുഖമല്ലേ? ഓരോ നഖാകൃതിയും യുനീക്കല്ലെ? ഓരോ നഖച്ഛായയും ഓരോ മുഖച്ഛായയല്ലേ? അങ്ങനെ, കഴുത്തിനു മോളിലെ ഒന്നും കൈകാലുകളിലെ ഇരുപതും നഖങ്ങൾ ചേർത്ത് ആകെ ഇരുപത്തൊന്ന് മുഖങ്ങൾ. 


അതുകൊണ്ടായിരിക്കണം എനിക്കു പരിചയമുള്ള ഒരാൾ, അയാൾ പ്രണയിച്ചവരെ മാത്രമല്ല
അവരോരുത്തരുടേയും 20 വിരലുകളേയും 20 വ്യത്യസ്ത ഓമനപ്പേരുകളിട്ടു വിളിച്ചിരുന്നത്. എന്തിന്,
കുട്ടിക്കാലത്ത് ചെരുപ്പു വാങ്ങാൻ വേണ്ടി കാല് വരച്ചു കൊടുത്തിരുന്നതുപോലെ, അയാളൊരിക്കൽ
അയാളുടെ ഒരു കാമുകിയുടെ ഓരോ കാൽവിരൽ വിടവിലും പേനത്തുമ്പ് കയറ്റിയിറക്കി അവളുടെ
കാൽപ്പാദങ്ങൾ വരച്ചെടുത്ത്, ആ പത്തുപേരുടേയും ഓമനപ്പേരുകൾ അടയാളപ്പെടുത്തി
സമ്മാനിക്കുക വരെ ചെയ്തു. കാൽപ്പാദങ്ങളുടെ കാമുകാ, അത് ഫെറ്റിഷിസമല്ലേ എന്നു
ചോദിക്കാതെ. ഫെറ്റിഷിസമെന്നതിനേക്കാൾ അത് പേരിടലിസമല്ലെ?

Dewclaw
ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ട വാക്ക് അയാളുടെ പേരു തന്നെയാണെന്ന് ആധുനിക പരസ്യ വ്യവസായത്തിന്റെ പരിഞ്ഞപ്പൻ ഡേവിഡ് ഒഗിൽവി എഴുതിയിരിക്കുന്നു. ഓരോ തവണ കണ്ണാടി നോക്കുമ്പോഴും അത് ശരിയാണെന്നു തോന്നാറുണ്ട് (ചില ഭാര്യാഭർത്തക്കന്മാർ ആങ്ങള-പെങ്ങളമാരെപ്പോലിരിക്കുന്നത് കണ്ടിട്ടില്ലേ? കണ്ണാടിയിൽ കണ്ടു കണ്ട് സ്വന്തം രൂപത്തെ സ്‌നേഹിച്ച്, ഒടുക്കം പെണ്ണുകാണാൻ പോകുമ്പോഴും അവനവന്റെ ഛായയിലുള്ളവരെ തെരഞ്ഞെടുക്കുന്നതാണ്. ആത്മരതിക്ക് മരുന്നില്ല, വാട്ടുഡു!).


Aglet
പേരും സ്‌നേഹവും തമ്മിൽ ബന്ധമുണ്ടെ് തെളിയിക്കാൻ മാത്രമാണ് ഇത്രയും ബദ്ധപ്പെട്ടത്. പേരിനേയും കൂടിയാണ് സ്‌നേഹിക്കുന്നത്. അല്ലെങ്കിൽ സ്‌നേഹിക്കുന്ന വസ്തുക്കൾക്കെല്ലാം പേരിട്ടേ മതിയാകൂ. അതാണ് സ്‌നേഹിക്കുന്നവരുടെ ഓരോ മുടിയിഴകൾക്കും ഓരോരോ പേരിട്ട് നമ്മൾ പ്രാവുകളെപ്പോലെ കുറുകുന്നത്. പേരിടുമ്പോൾ നമ്മൾ ആ വസ്തുവിന് അതിന്റേതായ ഒരു വ്യക്തിത്വം സമ്മാനിക്കുന്നു. അവഗണന അവസാനിപ്പിച്ച് നമ്മൾ ആ വസ്തുവിനെ പരിഗണിക്കാൻ നിർബന്ധിതരാവുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് പേരില്ലെന്നു കരുതിയിരുന്ന പല സാധനങ്ങൾക്കും പേരുണ്ടാകുമെന്ന് ഉറപ്പിച്ച് വിചാരിച്ചിരുന്നത്. യാദൃശ്ചികമായി അത്തരം ചില സാധനങ്ങളുടെ പേരുകൾ മുമ്പിൽ വന്നു പെടുമ്പോൾ മനസ്സ് ആഹ്ലാദം തുള്ളുന്നത്.

Ferrule
എന്നാൽ ഇക്കാര്യത്തിൽ ഒരു സങ്കടവുമുണ്ട്. ഇത്തരം അപൂർവ സാധന വാക്കുകളുടെ അഥവാ പേരുണ്ടെന്ന് പലർക്കും അറിയാത്ത അതീവസാധാരണമായ ചില സാധനങ്ങളുടെ പേരുകളുടെ കാര്യത്തിൽ നമ്മുടെ മലയാളത്തിന്റെ കാര്യം പരമദയനീയമാണ്. അക്ഷരങ്ങൾ അമ്പത്തൊന്ന്, പിന്നെ അതിന്റെ വള്ളിയും ചന്ദ്രക്കലയും അനുസ്വാരം, വിസർഗം (:) തുടങ്ങിയ അനുസാരികളും കൂട്ടക്ഷരങ്ങളും ചേർന്ന് ആകെ മൊത്തം ടോട്ടൽ ഏതാണ്ട് 200-നടുത്ത് ക്യാരക്ടേഴ്സ് (കഥാപാത്രങ്ങൾ) തന്നെ വരും. പക്ഷേ വാക്കുകളോ, അതീവശുഷ്‌കം. 

Glabella
അതിലും കഷ്ടമാണ് മറ്റൊരു സംഗതി. താമരയ്ക്കും സൂര്യനുമെല്ലാം പത്തിലേറെ പര്യായങ്ങളുണ്ട്. എന്നാൽ സോപ്പ്, ഫോൺ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്കൊന്നും വാക്കുകളില്ല. അതുകൊണ്ടല്ലേ സാക്ഷാൽ കുട്ടിക്കഷ്ണമാരാരുടെ ഒരു ലേഖനത്തിന്റെ തലക്കെട്ടു തന്നെ അച്ചടിയിലെ സ്‌പേസിംഗ് എന്നായിപ്പോയത്? കാരണം, സ്‌പേസിംഗ് എന്ന പദത്തിന് സമാനമായ മലയാളം വാക്കില്ല. ഇട എന്നു പറയാം. പക്ഷേ പിടികിട്ടില്ല. മാരാരുടെ കാര്യം ഇതാണെങ്കിൽ സിദ്ദിക് ലാലിലെ സിദ്ദിക്കിനെ പറഞ്ഞിട്ടെന്തു കാര്യം? (ഒരു സിനിമയ്ക്കുപോലും മലയാളത്തിൽ പേരിടാഞ്ഞ വിദ്വാൻ).
Lunule

അതല്ല ഇംഗ്ലീഷിന്റെ കാര്യം. ഇംഗ്ലീഷിലെ വാക്കുകളുടെ എണ്ണം ഓൾറെഡി പത്തുലക്ഷം കവിഞ്ഞിരിക്കന്നു. ഒരു വാക്കിന് പല അർത്ഥങ്ങളുള്ളതും ഇംഗ്ലഷിൽ അതീവ സാധാരണം. ഉദാഹരണത്തിന് ക്രിക്കറ്റ് എന്നാൽ ക്രിക്കറ്റുകളി എന്നു മാത്രമല്ല പുൽച്ചാടി എന്നും അർത്ഥമുണ്ടല്ലൊ. എന്നിട്ടും പുതിയ വാക്കുകൾ ദിവസേനയെന്ന പോലെ ഉണ്ടാവുന്നു. നമ്മുടെ കാര്യം നേരെ മറിച്ചാണ്, വാക്കുകൾ സ്വതവേ കുറവ്, പുതുതായി ഒന്നും വരുന്നുമില്ല. കരി കലക്കിയ കളഭം കലക്കിയ കുളം എന്ന ജോക്കെല്ലാം വളിച്ചു പുളിച്ചു പോയി, അതുകൊണ്ട് നാനാർത്ഥങ്ങളുടെ കാര്യമൊന്നും പറഞ്ഞ് വന്നേക്കരുത്. 
Philtrum

എന്റെ 46 കൊല്ലത്തെ ഓർമയിൽ അടിപൊളി, നാൾവഴി, ബോറടി തുടങ്ങി അഞ്ചാറ് വാക്കുകൾ മാത്രമാണ് മലയാളത്തിൽ പുതുതായി ഉണ്ടായത്. ഇംഗ്ലീഷാകട്ടെ അവിടുന്നും പോയി, പഴയ പല വാക്കുകൾക്കും പുതിയ അർത്ഥങ്ങൾ കണ്ടെത്തുന്നു. ഉദാഹരണത്തിന് നോട്ട്ബുക്ക്, വെബ്, സർഫിംഗ് തുടങ്ങിയ എത്രയെത്ര വാക്കുകൾ. മലയാളത്തിൽ ചെത്ത് എന്ന ഒരൊറ്റ വാക്കിനല്ലേ ഇക്കാലത്തിനിടെ പുതിയ അവതാരഭാഗ്യം ലഭിച്ചുള്ളു? അതുകൊണ്ട് ഏതാനും അസാധാരണമായ സാധാരണസാധനങ്ങളുടെ പേർവാക്കുകളെ ഇവിടെ അണിനിരത്തുമ്പോൾ അവ മുഴുവൻ ഇംഗ്ലീഷിലായിപ്പോകുന്നത് സ്വാഭാവികം.

Punt

vamp

1. ഷൂലേസിന്റെ തുമ്പത്തെ ചുരുളിപ്പ് – aglet
2. മൂക്കിന് തൊട്ടു താഴെ, മേൽച്ചുണ്ടിനു തൊട്ടുമുകളിലുള്ള ഗുൾമുനപ്പ് – philtrum
3. കുപ്പികളുടെ അടിഭാഗത്ത് അകത്തേയ്ക്കുള്ള കുഴി – punt
4. താക്കോൽദ്വാരത്തിന്റെയും മറ്റും ചുറ്റുമുള്ള അലങ്കാരപ്പാളി – escutcheon
5. നായ്ക്കൾ തുടങ്ങിയ ചില സസ്തനികളുടെ പാദങ്ങളിലുള്ള നിലം തൊടാതുള്ള നഖം – dewclaw
6. ഷൂവിന്റെ മുൻഭാഗം – vam
7. കുടയുടെ അഗ്രത്തിലുള്ള സംരക്ഷണ നോബ് – ferrule
8. നഖത്തിന്റെ അടിഭാഗത്തുള്ള വെളുത്ത ചന്ദ്രക്കല – lunule
Escutcheon
9. പുരികങ്ങൾക്കിടയിൽ മൃദുവായി ഉയർന്നു നിൽക്കുന്ന ഭാഗം - glabella

ഇനി ആലോചിച്ചു നോക്കൂ, മലയാളത്തിൽ ഇങ്ങനത്തെ എത്ര അതിസൂക്ഷ്മവാക്കുകളുണ്ട്? കാലിന്റെ calf-നെ പിള്ളക്കുടം എന്നും ankle-നെ ഞെരിയാണി എന്നും വിളിക്കുന്നത് മറക്കുന്നില്ല. നഖത്തിലെ ചന്ദ്രക്കലയ്ക്കും ചിലപ്പോൾ ആയുർവേദത്തിലും കണ്ടേക്കാം ഒരു സംസ്‌കൃതംവാക്ക്. ഷൂവിനില്ല, ഷൂലേസിനുമില്ല, എന്നിട്ടു വേണ്ടേ ഷൂലേസിന്റെ അറ്റത്തെ ചുരുളിപ്പിന് അല്ലേ?

Images and unique words © www.m-w.com

വിരസതക്ക് വിശക്കുമ്പോള്‍

സനൽ ശശിധരൻ


ഇന്നലെ സംഭവിച്ചതു മാത്രമേ ഇന്നും സംഭവിക്കുകയുള്ളു എന്ന ബോധം ജീവിതത്തെ ട്രാഫിക് പോലീസ് സ്റ്റേഷനുമുന്നില്‍ വര്‍ഷങ്ങളായി തുരുമ്പിച്ചു കിടക്കുന്ന വിലപിടിപ്പുള്ള വാഹനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒന്നാക്കി വെളുപ്പിച്ചുകളയുന്നു.ഇന്നലെയുടെ തനിയാവര്‍ത്തനമാണ് ഇന്നും എങ്കില്‍പ്പിന്നെ നമുക്ക് പ്രത്യേകിച്ച് ഒരു “ഇന്ന് “എന്തിനാണ് ?
നാളെ എന്ന ആവര്‍ത്തനത്തിന്റെ വിരസതാബോധം ഉളവാക്കുന്ന ശക്തവും നിഷേധാത്മകവുമായ പിടിവലിയെ ശാന്തമായി അതിജീവിച്ചുകൊണ്ട് നാം നാളെയിലേക്ക് കാത്തിരിക്കുന്നതെന്തിനാണ്?
"എഴുത്തച്ഛന്‍ മെമ്മോറിയല്‍
ഇം‌ഗ്ലീഷ്മീഡിയം സ്കൂളിന്റെ
ഉച്ചഭക്ഷണ ഇടവേളയില്‍” ‍
എന്ന ഒരു വരികൊണ്ട് ലാപുടയുടെ വിരസത എന്ന കവിത പ്രസക്തമായ ഇത്തരം ചോദ്യങ്ങളുടെ കൂര്‍ത്ത ഒരു പ്രതലത്തിലാണ് വായനക്കാരനെ എടുത്തുപൊക്കി നിര്‍ത്തുന്നത് .അരിയും ഉഴുന്നും ചേര്‍ത്ത് അരിദോശ എന്നു പറയുന്നതും ഉഴുന്നും അരിയും ചേര്‍ത്ത് ഉഴുന്നുദോശ എന്നു പറയുന്നതും തമ്മിലുള്ള വ്യത്യാസമല്ലാതെ,എഴുത്തച്ഛന്‍ മെമ്മോറിയല്‍ സ്കൂള്‍ എന്നപേരുമാറ്റംകൊണ്ട് എന്തുവ്യത്യാസമാണ് സംഭവിക്കുന്നത്?എഴുത്തച്ഛന്‍ മെമ്മോറിയലായാലും ഷേക്സ്പിയര്‍ മിഷന്‍ ആയാലും എന്താണു വ്യത്യാസം?ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ ഇരുട്ടായി തിലോത്തമയിലേക്ക് നുഴഞ്ഞുകയറുന്ന കുട്ടികള്‍ എന്തു മേന്മയാണ് തരുക?ചോദ്യങ്ങള്‍ നീളുന്നു
“എഴുത്തച്ഛന്‍ മെമ്മോറിയല്‍
ഇം‌ഗ്ലീഷ്മീഡിയം സ്കൂളിന്റെ
ഉച്ചഭക്ഷണ ഇടവേളയില്‍“
എന്ന വരിക്കു ശേഷം വരുന്ന പരസ്പരബന്ധമില്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന
“തിലോത്തമ തിയേറ്ററിനകത്ത്
നൂണ്‍ ഷോയ്ക്കുള്ള ഇരുട്ട്
പതിവുപോലെ പ്രവേശിച്ച നേരം“
എന്ന വരി, ഇടഞ്ഞു നില്‍ക്കുന്ന വാളുകള്‍ സൃഷ്ടിക്കുന്ന സീല്‍ക്കാരം പോലെ സൌന്ദര്യത്തിന്റെ ശക്തമായ മിന്നല്‍ പിണരുകള്‍ ഉണര്‍ത്തുന്നുണ്ട്.അചലിതമായ ജീവിതം കവിയിലും ഒപ്പം കവിത വഴി വായനക്കാരനിലും ഉത്പാദിപ്പിക്കുന്ന നിരാശയെ പ്രതീകവല്‍ക്കരിക്കുകകൂടി ചെയ്യുന്നു ഇങ്ങനെ നട്ടുച്ചക്ക് നുഴഞ്ഞുകയറുന്ന ഈ ഇരുട്ട്.പരസ്പര വിരുദ്ധമായ രണ്ടുദൃശ്യഖണ്ഡങ്ങള്‍ കൊണ്ട് പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങള്‍ ജനിപ്പിക്കുന്ന ചില വിഖ്യാത ചലച്ചിത്രങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടാണ് അടുത്ത ദൃശ്യത്തിലേക്ക് കവി നമ്മെ കട്ടുചെയ്ത് പ്രദര്‍ശിപ്പിക്കുന്നത്. “താലൂക്കാപ്പീസില്‍
പി.പി.ഹരിദാസിന്റെ
അപേക്ഷയുള്ള ഫയലിനെ
ക്ലാര വര്‍ഗ്ഗീസ്
മടക്കിവച്ച മാത്രയില്‍”
എന്തുകൊണ്ടാണ് തീരുമാനമാകാന്‍ ഫയലുകള്‍ ഉച്ചഭക്ഷണസമയം വരെ കാത്തിരിക്കുന്നതും,തീരുമാനത്തിലേക്ക് എന്ന് വ്യാമോഹിപ്പിച്ചുകൊണ്ട് ഉച്ചഭക്ഷണ ഇടവേള എന്ന, ഒരുനിമിഷം പോലും മാറ്റിവയ്ക്കാനാവാത്ത അലിഖിതമായ‘പ്രൊസീജിയര്‍’ ലേക്ക് തുറന്ന് നിരാശയില്‍ അടയുകയും ചെയ്യുന്നത്?

ന്തുകൊണ്ടാണ് മോഷണക്കേസുകള്‍ മുതല്‍ കൊലപാതകക്കേസുകള്‍ വരെ ഇങ്ങനെ ഉച്ചഭക്ഷണ
ഇടവേളകളില്‍ അനുഷ്ഠാനം പോലെ നിരന്തരം തുറന്നടഞ്ഞുകൊണ്ട് തീരുമാനമാകാതെ നീളുന്നത്?
കഴിഞ്ഞ സര്‍ക്കാരുകള്‍ തുറന്നടച്ച ഫയലുകള്‍ എല്ലാം ഈ സര്‍ക്കാരും വരാന്‍ പോകുന്ന സര്‍ക്കാരുകളും ഉച്ചഭക്ഷണം എന്ന കോട്ടുവായയുടെ അകമ്പടിയോടെ തുറക്കുകയും അടയ്ക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണ്?

ചോദ്യങ്ങള്‍...ഉത്തരമില്ലാത്ത നൂറു നൂറുചോദ്യങ്ങള്‍....
ചോദ്യങ്ങള്‍ക്ക് ഒരേയൊരു പ്രത്യേകതയേ ഉള്ളു
ഉത്തരമില്ലാതാകുമ്പോള്‍ മാത്രമാണ് അവ പ്രസക്തമാകുന്നത്.!

ലാപുട അവിടെയും നമ്മെ നിര്‍ത്തുന്നില്ല പൊടുന്നനെയുള്ള ഒരു കട്ടിങ്ങിലൂടെ നമ്മെ മുറിച്ചെടുത്ത്,
പന്ത്രണ്ട് അമ്പതിന്
പുറപ്പെടേണ്ടിയിരുന്ന
(ഇതുവരെ പുറപ്പെടാത്ത)
ജെ.കെ ട്രാവത്സ്
ഉടന്‍ സ്റ്റാന്‍ഡ് വിടണം എന്ന്
ഉച്ചഭാഷിണി
കര്‍ക്കശപ്പെടുന്ന ബസ്റ്റാന്‍ഡിലാണ് കൊണ്ടിടുന്നത്.അപ്പോള്‍ നാം സ്വാഭാവികമായും കാണുന്നത് നമുക്കുമുന്നില്‍ കാലം ചത്തുചീഞ്ഞുകിടക്കുന്നതായും സമൂഹ്യവവസ്ഥിതി എന്ന കൃമികള്‍ ആ ജഡശരീരത്തില്‍ മുങ്ങാംകുഴി കളിക്കുന്നതായുമാണ്. എഴുത്തച്ഛന്‍ മെമ്മോറിയല്‍ എന്ന സ്കൂള്‍ മലയാളം മീഡിയം ആവാം എന്ന സാധ്യതയെ,ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ തിലോത്തമ തിയേറ്ററില്‍ തുണ്ടുപടം കാണിക്കാതിരിക്കാം എന്ന സാധ്യതയെ,പി.പി.ഹരിദാസിന്റെ അപേക്ഷയില്‍ ഒരു തീരുമാനം എടുത്തശേഷം ക്ലാരാ വര്‍ഗ്ഗീസിന് ഉച്ചഭക്ഷണത്തിനുപോകാം എന്ന സാധ്യതയെ,പന്ത്രണ്ട് അമ്പതിനുപുറപ്പെടേണ്ടിയിരുന്ന ബസ് കൃത്യസമയം പാലിക്കാം എന്ന സാധ്യതയെ നിര്‍ണ്ണായകമായ ഒരു അട്ടിമറിയിലൂടെ നിഷ്കരുണം വിരസതയുടെ അവസാനിക്കാത്ത വിശപ്പിന് മുന്നില്‍ എറിഞ്ഞുകൊടുക്കുന്ന ദുഖകരമായ സത്യം വായനക്കാരന്‍ കണ്ടറിയുന്നു.
നിര്‍ണ്ണായകവും
ചരിത്രപ്രസക്തവുമായ
ഒരട്ടിമറിയിലൂടെ
വിരസതയ്ക്ക്
അന്നും
വിശന്നു തുടങ്ങി
എന്ന വരികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ചരിത്രത്തെയും അതിന്റെ പ്രസക്തിയെയും അല്ല മറിച്ച് ചരിത്രപ്രസക്തി എന്ന വാക്കിനെപ്പോലും അപ്രസക്തമാക്കുന്ന വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെയാണ്. ജുറാസിക് പാര്‍ക്കിലെ വിശന്നുവലഞ്ഞ് തലകുലുക്കി നില്‍ക്കുന്ന ദിനോസറിന് മുന്നില്‍ പെട്ടുപോയ കാഴ്ചക്കാരുടെ വാഹനം നിന്നിടത്തു നിന്ന് നീങ്ങുന്നില്ല എന്ന തിരിച്ചറിവുണ്ടാക്കുന്ന ഞെട്ടല്‍ പോലെ,എല്ലാ ദിവസവും എനിക്കു വിശപ്പടക്കാന്‍ നിങ്ങളില്‍ നിന്നും ഒരാള്‍ വന്നുകൊള്ളണം എന്ന് പ്രഖ്യാപിച്ച് കിടന്നുറങ്ങുന്ന പുരാണ കഥയിലെ രാക്ഷസന്‍ വിശപ്പുകൊണ്ട് ഉണരാന്‍ തുടങ്ങുമ്പോള്‍ ഇരയായ മനുഷ്യനുണ്ടാകുന്ന ഞെട്ടല്‍പോലെ ഭീകരമായ ഒരു ഞെട്ടല്‍ നമ്മെ അനുഭവിപ്പിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത്.


തിരഞ്ഞെടുക്കപ്പെട്ട വാക്കുകളുടെ പളുങ്കുകള്‍ കൊണ്ട് കരകൌശല വിദഗ്ദ്ധനെപ്പോലെ മനോഹരമായ കവിതകള്‍ സൃഷ്ടിക്കുന്ന ലാപുട തന്റെ പതിവുശൈലിയില്‍ നിന്നുവിട്ട് സമൂഹത്തിന്റെ കെട്ടചോരയും ചലവും വമിക്കുന്ന കട്ടമാംസം കൊണ്ട് വിരുന്നൊരുക്കിയിരിക്കുകയാണ് ഈ കവിതയില്‍.പതിവില്ലാത്ത വിരുന്നായതിനാല്‍ ദഹനക്കേട് തോന്നിയേക്കാമെങ്കിലും പളുങ്കുമാലയുടെ സൌന്ദര്യത്തില്‍ സ്വയം മറക്കുന്നതിനെക്കാള്‍ നല്ലത് ഈ ദഹനക്കേടില്‍ ഒരല്‍പ്പം ഓക്കാനിച്ച് ശുദ്ധമാകുന്നതായിരിക്കും എന്നെനിക്കു തോന്നുന്നു.

കാഫ്കയുടെ കത്തുകൾ /പരിഭാഷ: വി. രവികുമാർ

kafka_3

പ്രിയപ്പെട്ട മാക്സ്
...അച്ഛനു നല്ല സുഖമില്ല. അദ്ദേഹം വീട്ടിലുണ്ട്. ഇടതുഭാഗത്ത് പ്രഭാതഭക്ഷണത്തിന്റെ കലപില ശമിക്കുമ്പോൾ വലതുഭാഗത്ത് ഉച്ചഭക്ഷണത്തിന്റെ കലപില തുടങ്ങുകയായി. അവിടെയുമിവിടെയും വാതിലുകൾ വലിച്ചടയ്ക്കുന്നതു കേട്ടാൽ ചുമരുകൾ ഇടിച്ചിടുകയാണെന്നു തോന്നും. ഇതിനൊക്കെ മീതെയായി എന്റെ യാതനകളുടെ കേന്ദ്രബിന്ദുവും: എനിക്ക് എഴുതാൻ പറ്റുന്നില്ല. എന്റേതെന്നു സാക്ഷ്യപ്പെടുത്താവുന്ന ഒറ്റ വരി ഞാൻ എഴുതിയിട്ടില്ല. പാരീസിൽ നിന്നു വന്നതിനു ശേഷം  എഴുതിയതൊക്കെ ഞാൻ തുടച്ചുമാറ്റിക്കളഞ്ഞിരിക്കുന്നു. അതാണെങ്കിൽ അത്രയധികം ഉണ്ടായിരുന്നതുമില്ല. ഓരോ വാക്കെഴുതാൻ നോക്കുമ്പോഴും എന്റെ ശരീരം മുന്നിൽ വന്നുനിന്നു വിലക്കുകയാണ്‌; ഓരോ വാക്കും ഞാൻ അതിനെ എഴുതിവയ്ക്കും മുമ്പ് പരിസരം വീക്ഷിച്ച് ഉറപ്പു വരുത്തുകയാണ്‌. വാചകങ്ങൾ അക്ഷരാർത്ഥത്തിൽത്തന്നെ എന്റെ കണ്മുന്നിൽ പൊടിഞ്ഞുതിരുന്നു; അവയുടെ ഉൾവശം കണ്ണിൽപ്പെടുമ്പോൾ ഞാൻ വേഗം തന്നെ എഴുത്തു നിർത്തുകയുമാണ്‌...
(പ്രാഗ്, 1910 ഡിസംബർ 17)

പ്രിയപ്പെട്ട മാക്സ്,
താൻ എവിടെപ്പോയിക്കിടക്കുന്നു? നീ വരുന്നതും കാത്തു സോഫയിൽ കിടക്കുമ്പോൾ ഞാൻ ഒന്നുറങ്ങാൻ നോക്കി; പക്ഷേ ഉറക്കം വന്നില്ല, നീയും വന്നില്ല. ഇനിയിപ്പോൾ എനിക്കു വീട്ടിൽ പോകാനും നേരമായി. 12 മണി വരെ ഞാൻ ഓഫീസിലുണ്ടാവും. നീ അവിടെ വന്ന് എന്നെ കാണുന്നത് എനിക്കത്ര ഹിതമല്ലെങ്കിലും, നിന്നെ വേഗം കാണാൻ പറ്റുമല്ലോ. അതെന്തായാലും 12 കഴിഞ്ഞാൽ ഞാൻ നിന്റവിടെ വരും. ആ സമയത്തു വീട്ടിലുണ്ടാവാൻ നിനക്കു പറ്റിയാൽ നിന്നെയും കൂട്ടി നമ്മുടെ സൂര്യന്റെ ചുവട്ടിൽ ഞാനൊന്നു നടക്കാൻ പോകും. ഫ്രൌളിൻ ബി. നിനക്ക് തന്റെ വക അന്വേഷണം അറിയിക്കുന്നു; അത് എന്റെ നാവിലൂടെയാവുന്നതിൽ എനിക്കു സന്തോഷമേയുള്ളു.
ഫ്രാൻസ്
(പ്രാഗ്, 1912 ശരത്കാലം)


ഇല്ല ഫെലിക്സ്, ഒന്നും ശരിയാവില്ല; എന്റെ കാര്യത്തിൽ യാതൊന്നും ഒരു കാലത്തും ശരിയാവാൻ പോകുന്നില്ല. ചില നേരത്ത് എനിക്കു തോന്നിപ്പോകാറുണ്ട്, ഞാൻ ഇപ്പോൾ ഈ ലോകത്തല്ലെന്നും, നരകത്തിലെവിടെയോ അലഞ്ഞുനടക്കുകയാണെന്നും. എന്റെ കുറ്റബോധം ഒരൂന്നുവടിയാണെന്ന്, പുറത്തേക്കൊരു വഴിയാണെന്നാണു നീ കരുതുന്നതെങ്കിൽ നിനക്കു തെറ്റി. ഈ കുറ്റബോധം എന്നിലുള്ളതിനു കാരണം, പ്രായശ്ചിത്തത്തിന്റെ ഉയർന്ന രൂപമായി ഞാതിനെ കാണുന്നു എന്നതാണ്‌. പക്ഷേ ഒന്നു സൂക്ഷിച്ചു നോക്കിയാൽ കാണാവുന്നതേയുള്ളു, ഒരു നഷ്ടബോധം മാത്രമാണതെന്ന്. ഇതു കണ്ടെത്തിക്കഴിയേണ്ട താമസം, ആ പ്രായശ്ചിത്തത്തെ പിന്നിലാക്കിക്കൊണ്ട്, അതിനെക്കാൾ ഭയാനകമായും, ഉയർന്നുവരികയായി, താൻ സ്വതന്ത്രനാണെന്ന, മോചിതനാണെന്ന, സംതൃപ്തനാണെന്ന തോന്നൽ...
(ഫെലിക്സ് വെല്ഷിന്‌ റീവയിലെ സാനിറ്റോറിയത്തിൽ നിന്ന് 1913 സെപ്തംബറിൽ എഴുതിയ കത്തിൽ നിന്ന്)

രണ്ട് ദൃശ്യങ്ങള്‍ക്കപ്പുറം


    
                 
  കെ.എം.രാധ
    സത്യവതി മുറുക്കി ചുവപ്പിച്ചു മുറ്റത്തേക്ക് ആഞ്ഞു തുപ്പി.അവളുടെ നോട്ട,ഭാവങ്ങളില്‍ ഉല്ലസിച്ച് മേദിനിവെണ്ണിലാവ് പൊട്ടിച്ചിരിച്ചു.
  ‘’എല്ലാ നായ്ക്കളും ഇങ്ങനൊക്കെ തന്നെയാ... പറ്റുകാശു  ചോദിച്ചാല്‍ .അവന്റെ....(ആ തെറി കേട്ടാല്‍ മരിക്കും വരെ ഏത് കേട് വാക്കും നല്ലതെന്നേ തോന്നൂ) 
വ്യക്തമായ തെളിവുകളുടെ പിന്‍ബലത്തിലാണ് സീത അവിടെയെത്തിയത്.
 ‘’നിങ്ങളാരാണ്.?’’
സത്യവതി, ചെറുപ്പക്കാരിയെ പുച്ഛത്തില്‍ ഉഴിഞ്ഞു.
‘’ഞങ്ങള്‍ക്ക് വല്യ വീട്ടിലെ കൊച്ചമ്മമാരെ കാണുന്നത് തന്നെ വെറുപ്പാ...അതുങ്ങളുടെ ഗുണവതിയാരം കൊണ്ടാ,കെട്ടിയവന്മാര്‍ ഞങ്ങടെ കാല്കീഴില്‍ കിടന്ന് നിരങ്ങുന്നത്! നാരീമണികള്‍ക്ക് എല്ലാം മറച്ചുവച്ച്  എന്ത് തെമ്മാടിത്തവുമാകാം.ഞങ്ങള് പത്ത് കാശുണ്ടാക്കുമ്പോഴേക്കും...ഒളിക്യാമറ,ചാനലുകാര്‍........>.... ദൈവം തമ്പുരാനേ....’’
  സീതയെ നോക്കി വീണ്ടും എന്തോ ചൊല്ലാന്‍.....?.പെട്ടെന്ന്..
‘’സത്യേടത്തി..വേണ്ട.വിട്ടുകള.ആരാ...എന്താന്നറിയാതെ...’’
‘’നീ പോടി,...മേദിനീ.. ഇവര് ആരായാല്‍ നമുക്കെന്ത്? അകത്ത് വിളിച്ചിരുത്താന്‍ മാത്രം യോഗ്യതയുള്ള ഒറ്റ പെണ്ണും ഈ ഭൂമി മലയാളത്തില്‍ ഇല്ല’’
മേദിനി.,സത്യവതിയുടെ വാക്കുകളില്‍ കീഴടങ്ങി..
..സീതയുടെ, .ഉള്ളിലെ നെരിപ്പോടില്‍,കൊടുംവേദനകള്‍ ഉമിത്തീയായി                             . കത്തി പടര്‍ന്നു.
എങ്ങനെയാണ്?.ഈ അഭിനവ പെരുംകാളിയെ,മെരുക്കി, കൌമാരം തികയാത്ത പൊന്നുമോളെ..മോചിപ്പിക്കുക? ...
സീത,മേദിനിയെ ദയ യാചിച്ച്, മനസ്സില്‍ ചേര്‍ത്തുപിടിച്ചു.
‘’എന്തേ..''മേദിനിയെ നോക്കി പേടിപ്പിക്കുന്നത്?മേദിനിവെണ്ണിലാവ് ആരെന്ന് ‘’ഉണ്ണുനീലിസന്ദേശ’’ത്തിലുണ്ട്.അവളുടെ തൊഴില്‍ തന്നെ ഇവള്ക്കും.’’
സീതക്ക് മനസ്സിലായി.,സത്യവതി സംസ്കൃതത്തില്‍ അവഗാഹമുള്ളവളെന്ന്!
‘’വന്ന കാര്യം.?’’
വീണ്ടും,അറപ്പോടെ സത്യവതി.
സീത,മെല്ലെ ശബ്ദം താഴ്ത്തി...
‘’ ഒരു കാര്യം?....’’
‘’ഫൂ...’’സത്യവതിയുടെ ആട്ടില്‍ പരിസരം കിടുങ്ങി
‘’വേഗം സ്ഥലം വിട്ടോ.ഞങ്ങള്‍, ഊരും പേരും ആളും ബലവുമൊന്നും ഇല്ലാത്ത കൂട്ടങ്ങളെന്ന് കരുതേണ്ട മേദിനീ....നീ ..ഈ കെട്ടിലമ്മയെ
പിടിച്ചു തള്ളി പുറത്താക്ക്'' .
സീതയുടെ നുറുങ്ങും മനസ്സില്‍ ഒരായിരം വെള്ളിടി വെട്ടി
ഒറ്റയ്ക്ക്,വന്നത്..അബദ്ധമായി...വന്നില്ലെങ്കിലോ?......
''പിന്നേ...കോളേജിലും,സിനിമ-നാടക-കലാകാരന്‍മാരുടെ അടുത്തൊക്കെ പോയി എന്തിന് ഓരോ വീട്ടിലും എന്തെല്ലാം സംഭവിക്കുന്നുവെന്ന് അന്വേഷിക്ക്. മാധ്യമ-,ചലച്ചിത്രങ്ങളില്‍ ഒരവസരത്തിന് വേണ്ടി എത്രയെണ്ണം ദേഹം വില്‍ക്കുന്നു. അതൊന്നും ആര്‍ക്കും പ്രശ്നമല്ല. ആ സ്ഥിതിവിവരക്കണക്കുകളെടുത്ത് പുസ്തകമെഴുത്.കാശ് കിട്ടിയാല്‍ പാതി ഇങ്ങോട്ട് തന്നെക്ക്...അല്ലേ മേദിനീ. ‘’
സത്യവതി,മിനുത്ത ചാരു കട്ടിലില്‍ കിടന്ന് വീണ്ടും വിചാരണകോടതിയായി മാറുന്നു.  
‘’വേണ്ട...അവര് പോകട്ടെ’’
‘’നീ അടങ്ങിയിരി മേദിനീ.നമ്മള് റെയില്‍വേ-ബസ്സ്സ്റ്റാന്‍റ്,ആശുപത്രി പരിസരത്തില്‍ നിന്നെവിടുന്നെങ്കിലും നാലഞ്ചെണ്ണത്തെ  തപ്പിയെടുത്ത്,മിനുക്കി നന്നാക്കി, രണ്ട് തുട്ട് സമ്പാദിക്കാന്‍ തുടങ്ങുമ്പോഴേക്കും...അസൂയ,. അവകാശവാദം,തൊഴില്‍ കുടിപക,വേണ്ട...എന്‍റെ വായ...നല്ലതല്ല.പോ ‘’   
പെട്ടെന്ന്, പുറത്ത്നിന്ന് പൂട്ടിയ മുറിയില്‍, അബോധത്തില്‍ നിന്നെങ്ങോ അസഹ്യവേദനയുതിര്‍ക്കും കരച്ചില്‍ ‘’...
    ‘’ആരാണ് കരയുന്നത്’’
          അറിഞ്ഞിട്ടെന്ത് വേണം?’‘’നിങ്ങളോടല്ലേ ഇവിടുന്ന് പോകാന്‍ പറഞ്ഞത്? .
  സത്യവതി, നിയന്ത്രിക്കും സംഘസംരക്ഷകരുടെ പേരുകള്‍ ചൂടോടെ,മടിയില്ലാതെ ഉരുവിടുന്നത് കേട്ട്  സീത ഞെട്ടി,പിന്നെ ആശ്വസിച്ചു. ആ വെളിപ്പെടു‘ത്തലില്‍ നിന്ന് വീണു കിട്ടിയ സ്ഥിരം ഉപഭോക്താക്കളില്‍ ഒരു മനുഷ്യസ്നേഹിയാണല്ലോ,സീതയെ ഇവിടെയെത്തിച്ചത്. 
   മേദിനീ..ഈ പെണ്ണുമ്പിള്ളയെ പിടിച്ച് തള്ളി പുറത്താക്കി ഗേറ്റടയ്ക്ക്.’’
  ‘’കേള്‍ക്കൂ’’
   സീതയുടെ ശബ്ദം നേര്‍ത്തു.,കണ്ണീര്‍ ഒരു ചെറു വഴി തേടി കവിളിന് കീഴെ....   
    '' പിന്നേ...സമൂഹത്തെ രക്ഷിക്കാന്‍ കുറെ ചട്ടമ്പി പെണ്ണുങ്ങള്‍ ഇറങ്ങിയിരിക്കുന്നു.? ഫൂ...എന്താ...ഇടനിലക്കാരികള്‍ക്ക് ചുട്ട നാലഞ്ചെണ്ണം കൊടുത്താല്‍ കിളി പറയുമ്പോലെ ഉന്നതപെണ്‍പിടിയരുടെ പേര് കിട്ടും അല്ലേ?ഹഹാ.എന്തൊരു ബുദ്ധി!.. ഛീ... നിങ്ങളെല്ലാം കുറെക്കാലമായി കുരച്ചിട്ടെന്തു ഫലം?ഒരു ചുക്കും സംഭവിക്കില്ല.എഫ്‌ഐആര്‍ തുരുപ്പുചീട്ട് മുതല്‍ വല്ല ഫോണ്‍നമ്പരുകളോ,വിവരണങ്ങളോ എഴുതി വെച്ചതൊക്കെ കീറി,.മായ്ച്ചു ഏത് കേസും കമിഴ്ത്തും.ഉം.പോ.ഇവിടെ കുറച്ച് നേരം കൂടി നിന്നാല്‍ ....അകത്തുള്ള സാധനത്തിന്റെ ഗതി വരും.’’
      സീത,നിശബ്ദയായി,.
    ‘’ഒരു കാര്യം മച്ചമ്പികൊഞ്ഞാണികള്‍.. ഓര്‍ത്തോ. പിടപിട നോട്ടും,നിയമം മറികടക്കാന്‍ കരുത്തുമുണ്ടോ...ജയം ഞങ്ങള്‍ക്ക്’’
സത്യവതിയുടെ പൊട്ടിച്ചിരി,പരിഹാസം അസഹ്യം....
   പെട്ടെന്ന് സീത ഓടിച്ചെന്ന് അടഞ്ഞ ജനല്‍പാളി തുറന്നു.ഉച്ചത്തില്‍... കരഞ്ഞു.
     ‘’മോളേ..മുന്നാ..നീ വീട് വിട്ട്പോയി....ചതിയില്‍ ...’
        ആ പരിചിത ശബ്ദത്തിലലിഞ്ഞ്, ദേഹമാസകലം മുറിവില്‍ പുഴുത്ത, കൊടുംവേദനയില്‍ പഴുത്ത രൂപം സാവധാനം തലയുയര്‍ത്തി ഒരു നോക്ക്നോക്കി, തളര്‍ന്നു വീണ്ടും കിടക്കയില്‍ ചാഞ്ഞു.
     ഉന്മാദിനിയായി പുറത്ത് നിന്ന് പൂട്ടിയ വാതില്‍ തള്ളി തുറക്കാന്‍ ശ്രമിച്ച സീതയെ    ബലിഷ്ഠന്‍മാരെടുത്ത് വണ്ടിയിലിട്ടു..
    ഓര്‍മ കെടുംമുന്‍പ്,.എന്ത് ത്യാഗവും ചെയ്ത് കുടുംബത്തെ  രക്ഷിക്കാന്‍ പ്രാപ്തനായ, അകാലത്തില്‍ വിധി കൊണ്ടുപോയ പ്രിയതമന്‍ ,സീതയ്ക്ക്,മുന്‍പില്‍.!!!11!!1.........!!....>>........................
  ................................................................................................................................... 
 വിശിഷ്ട അതിഥികള്‍ ഒഴിഞ്ഞ പുതിയ ഭവനം.
     എസി തണുപ്പിന്‍ മോഹിപ്പിക്കും സുഖത്തില്‍ പട്ടുസാരിയില്‍ കൊഴുത്ത് സീത.. ഗൃഹപ്രവേശത്തില്‍ ലഭിച്ച വില കൂടിയ സമ്മാനങ്ങള്‍ മകള്‍ മുന്നക്കൊപ്പം വേര്‍തിരിക്കുന്നു. പഴയ വീട്ടില്‍ നിന്ന് കൊണ്ടുവന്ന സത്യവതിയുടെ ലാമിനേഷന്‍ ഫോട്ടോ ഷോകേയ്സില്‍ വെക്കാനൊരുങ്ങിയ മേദിനിയെ സീത വിലക്കി.’
     ''അതെടുത്ത് പഴയ സാധനങ്ങള്‍ക്കൊപ്പം ചാക്ക്-കുപ്പി-കടലാസ്സുകാരന് കൊടുക്ക്‌..>. പുരാവസ്തുക്കള്‍ ഭാരമാണ്.’’
    സീത ചിരിച്ചു.,മുന്നയും....

മഹാമൌനം

ഇന്ദിരാബാലൻ

 കടുകുമണിക്കു സമാനം 
ചെറിയ വിത്തില്‍ നിന്നും 
ഉരുവം കൊണ്ട മഹാവൃക്ഷമേ 
(ചെറുതില്‍ നിന്നാണല്ലോ വലിയതിന്റെ ജന്മം)
കോടി വര്‍ഷം തപം ചെയ്ത 
  മഹാമുനിയുടെ മഹാമൌനവും പേറി 
നീ നില്‍ക്കുന്നു!
മണ്ണിന്നാഴങ്ങളിലേക്ക് വേടുകളിറക്കി 
സ്വയം നവീകരിച്ച് 
ആത്മവിശുദ്ധി ആര്‍ജ്ജിച്ച് 
ആയുസ്സിനെ അനാദിയാക്കുന്നെങ്കിലും 
നിന്നെ ഉന്മൂലനം ചെയ്യാന്‍ 
തമോരൂപികള്‍  അണിനിരക്കുന്നു 
പകരം ലാഭാക്കൊയ്ത്തുകള്‍ക്കായ് 
മണ്ണിന്റെ അവസാന ഈര്‍പ്പവും 
വലിച്ചെടുത്ത് 
ഊഷരമാക്കുന്നവര്‍ക്ക് 
സ്ഥാനമേകുന്നു 
തൊങ്ങലു പോലെ നില്‍ക്കുന്ന 
നിന്റെ ഇലകള്‍ 
അനുനിമിഷം ജപയജ്ഞത്തിലാണ് 
ഭൂമിയിലെ ക്രൂരഹത്യകള്‍ക്കെതിരെ 
അവര്‍ സദാ സമാധാനമന്ത്രമുരുവിടുന്നു !
മണ്ണിലെ സകല പ്രാണികള്‍ക്കും 
ആവാസവും, ആശ്രയവും, ഭക്ഷണവും 
 ഒരുക്കുന്ന  നിന്നെ... അറിയാതെ പോകുന്നവരെത്ര!
അധമവ്യാപാരങ്ങളില്‍ 
വ്യാപൃതരായവര്‍ക്ക് പോലും 
ചുമടുകളിറക്കി  നീ തണലേകുന്നു 
നീ പ്രസരിപ്പിക്കുന്ന 
ജീവവായുവിനെപ്പോലും 
അവരവഗണിക്കുന്നു 
ജീവമണ്ഡലത്തിന്നെയാകമാനം  
സന്തുലിതാവസ്ഥയുടെ 
ഏകത്വത്തിലേക്ക് നയിക്കുന്ന 
നിന്നിലാണല്ലൊ ഈ കാപാലികര്‍ 
ക്രൂരതയുടെ മഴുവെറിയുന്നത്  
അനുഭവങ്ങളെ കടഞ്ഞ് കടഞ്ഞ് 
അമൃതിനൊപ്പം 
കൊടും വിഷത്തെയും 
നീ മടിയാതെ സ്വീകരിക്കുന്നു 
ശ്രേഷ്ഠതയുടെ  പര്യായമായ 
അരയാലേ....നീ ഈ അജ്ഞരോടു പൊറുത്താലും ........!

ഒബ്സര്‍വേഷന്‍

ശ്രീജിത്ത് മൂത്തേടത്ത്


     ചുണ്ടുകൂര്‍പ്പിച്ച്, പുക ആഞ്ഞ് അകത്തേക്കുവലിച്ചെടുക്കപ്പെടുന്ന സിഗരറ്റിന്റെ ചാരം ജാലകക്കമ്പികള്‍ക്കിടയിലൂടെ പുറത്തേക്ക് തട്ടിക്കളഞ്ഞ് അടുത്ത പുകയ്ക്കായി വീണ്ടും ചുണ്ടോടുചേര്‍ക്കുമ്പോള്‍ സാംബന്‍ ചോദിച്ചു.
                  “ആ ജനലിനോടുചേര്‍ന്നിരിക്കുന്ന സ്ത്രീ എന്തുജോലിയായിരിക്കും ചെയ്യുന്നുണ്ടാവുകയെന്നു പറയാമോ?”
                      നിരഞ്ജന്‍ തിരിഞ്ഞുനോക്കി. പിന്നിലെ സീറ്റിലിരിക്കുന്ന ചുവപ്പും മഞ്ഞയുമിടകലര്‍ന്ന ബോര്‍ഡറുള്ള പച്ചസാരി ധരിച്ച സ്ത്രീ ഒന്നു വശ്യമായി പുഞ്ചിരിച്ചു. ആ വശ്യത നിരഞ്ജനെ ഒരു ചുഴിയിലേക്കെന്നവണ്ണം ആഞ്ഞുവലിക്കുന്ന തരത്തിലായിരുന്നു. ആകര്‍ഷണപരിധിയില്‍ നിന്നുകൊണ്ടുതന്നെ തനിക്കറിയാവുന്ന ലക്ഷണശാസ്ത്രങ്ങള്‍ അപഗ്രഥിച്ച്, നിര‍ഞ്ജന്‍ മറുചോദ്യം ചോദിച്ചു.
           “ഒരു നാടകനടി?”
            “അല്ല.”
            പുക വളയങ്ങളാക്കി, കമ്പിക്കൂടിനുള്ളിലൊളിപ്പിച്ച ഫാനിനുനേരെ ഊതിവിടാന്‍ ശ്രമിച്ചുകൊണ്ട് സാംബന്‍ തുടര്‍ന്നു.
            “അവര്‍ ഒന്നുകില്‍ ഒരു മ്യൂസിക് ടീച്ചറാണ്. അല്ലെങ്കില്‍ ഒരു നര്‍ത്തകി.”
നിര‍ഞ്ജന്‍ ഒന്നുകൂടെ തിരിഞ്ഞുനോക്കി. ഇപ്പോള്‍ അവര്‍ സൈഡ് വിന്‍ഡോവിലൂടെ പുറത്തേക്ക് കണ്ണും നട്ടിരിപ്പാണ്. കാറ്റില്‍ അവരുടെ മുടിയിഴകള്‍ പിന്നിലേക്കു പറക്കുന്നു. ഒപ്പം കരിഞ്ഞുതുടങ്ങിയ മുല്ലപ്പൂവിന്റെ ഗന്ധവും. കോതിയൊതുക്കാന്‍ മിനക്കെടാതെ മുടിയിഴകളെ സ്വതന്ത്രമായി കാറ്റില്‍ പറക്കാന്‍ അനുവദിച്ചിരിക്കുകയാണെന്നു തോന്നും. ഒരു നര്‍ത്തകിയുടെതായ അംഗലാവണ്യമൊന്നും അവരില്‍ കാണാന്‍ നിര‍ഞ്ജനുകഴിഞ്ഞില്ല. കയ്യിലും കഴിത്തിലുമൊക്കെയായി സ്വര്‍ണ്ണത്തിലും പേളിലുമായ ആഭരണങ്ങള്‍ അണിഞ്ഞിട്ടുണ്ട്. അവര്‍ ധരിച്ചിരുന്ന പച്ച ബ്ലൗസിനും സാരിയുടെ തീ നിറമുള്ള ബോര്‍ഡറിനും അനുയോജ്യമായിരുന്നു അവ. മൂക്കുത്തിയില്‍ ചുവന്ന കല്ലുകള്‍ പതിച്ചിരിക്കുന്നു. സൗന്ദര്യബോധമുള്ള സ്ത്രീയാണ്. മുടിയിഴകള്‍ കാറ്റത്തുപറക്കുകയാണെങ്കിലും ശ്രദ്ധാപൂര്‍വ്വമായ ഒരശ്രദ്ധയാണതു പ്രതിഫലിപ്പിക്കുന്നതെന്നു വ്യക്തം.
                    “നര്‍ത്തകിയുമല്ല, മ്യൂസിക് ടീച്ചറുമല്ല. അവരൊരു ബ്യൂട്ടീഷ്യനാണെന്നാണെനിക്കു തോന്നുന്നത്.”
                     നിരഞ്ജന്‍ നിരീക്ഷണനിഗമനം തുറന്നടിച്ചു.
                   “അതാണുപറഞ്ഞത്. നിനക്ക് ഒബ്സര്‍വ്വേഷന്‍ പവറില്ലെന്ന്. ബ്യൂട്ടീഷ്യനായിരുന്നുവെങ്കില്‍ അവര്‍ ലിപ് സ്റ്റിക്കിട്ടേനെ. വസ്ത്രത്തിനൊത്ത പൊട്ടുകുത്തിയേനെ. മേക്കപ്പ് കൊണ്ട് മുഖത്തെ ചുളിവുകള്‍ തീര്‍ത്തേനെ.അവര്‍ മ്യൂസിക് ടീച്ചര്‍ തന്നെ.”
          സാംബന്‍ എരിഞ്ഞുതീര്‍ന്ന സിഗരറ്റിന്റെ ഫില്‍ട്ടര്‍ ട്രയിനിന്റെ വിന്റോവിലൂടെ പുറത്തേക്കെറിഞ്ഞു. ഛക...ഛക... ശബ്ദം ഉച്ചത്തിലായി. ട്രയിനിപ്പോള്‍ ഏതോ പാളത്തിനുമുകളിലൂടെയാണ് പോകുന്നത്. പുഴയില്‍നിന്നും ഒരു തണുത്ത കാറ്റുവീശി. സാംബന്‍ അടുത്ത സിഗരറ്റിന് തീക്കൊളുത്തി.
                   “പുകയില ശിക്ഷാര്‍ഹം” എന്ന് മലയാളത്തിലും, ഹിന്ദിയിലും, ഇംഗ്ലീഷിലും നല്‍കുന്ന അറിയിപ്പിനുനേരെ അയാള്‍ പുക ഊതിവിട്ടു. സിഗരറ്റിന്റെ അറ്റത്തെ കനല്‍ ഒന്നുകൂടെ എരിയിച്ചുകൊണ്ട് അകത്തേക്കുവലിച്ചെടുക്കപ്പെടുന്ന പുക ശ്വാസകോശത്തിന്റെ അകത്തളങ്ങളിലെവിടെയോ കെട്ടിക്കിടക്കുന്നുണ്ടാവണം. അത് വളരെക്കുറച്ചുമാത്രമേ പുറത്തക്കു വമിച്ചുള്ളൂ. സിഗരറ്റിന്റെ ചാരംമൂടിയ തുമ്പ് വിരല്‍കൊണ്ട് തട്ടിക്കളഞ്ഞ്, തിളങ്ങുന്ന അരികുകള്‍ സസൂഷ്മം നിരീക്ഷിച്ചുകൊണ്ട്, സാംബന്‍ പറഞ്ഞു.
                       “ഒരു ഡിക്ടക്ടീവിനും പോലീസുകാരനും കലാകാരനും, സാഹിത്യകാരനും പിന്നെ നമ്മെപ്പോലുള്ളവര്‍ക്കും ഏറ്റവും അത്യാവശ്യം വേണ്ടതാണ് നിരീക്ഷണപാടവമെന്നത്. നിരന്തരപരീക്ഷണത്തിലൂടെ അതു നേടിയേ മതിയാവൂ. ഒറ്റനോട്ടത്തില്‍ ഒരാളെ മനസ്സിലാക്കാന്‍ കഴിയണം.”
സാംബന്‍ പറയുന്നത് നിരഞ്ജന്‍ ശ്രദ്ധിച്ചുകേട്ടു.
                             “ആ സ്ത്രീ മ്യൂസിക് ടീച്ചറാണെന്ന് ഞാന്‍ പറഞ്ഞത് അവരുടെ വേഷം മാത്രം കണ്ടിട്ടല്ല. അവരുടെ ചേഷ്ടകള്‍..., സംഗീതചിഹ്നങ്ങള്‍ ആലേഖനം ചെയ്യപ്പെട്ട അവരുടെ ബാഗ്.... അങ്ങിനെ പലതു കൊണ്ടും അവര്‍ ഒരു മ്യൂസിക് ടീച്ചര്‍ തന്നെയാവാനാണ് സാധ്യത.”
ഇതിനിടയില്‍ ട്രെയിന്‍ വേഗത തീരെകുറച്ച് നീണ്ട നെടുവീര്‍പ്പോടെ നിന്നു. സ്റ്റേഷനല്ല. ഔട്ടറിലെവിടെയോ പിടിച്ചിട്ടിരിക്കുകയാണ്. പാളത്തിനരികില്‍നിന്നോ അതോ ട്രയിനില്‍നിന്നും തന്നെയോ എന്നറിയില്ല ഒരസഹ്യഗന്ധം മൂക്കിലേക്കടിച്ചുകയറി നിരഞ്ജന്‍ മൂക്കുപൊത്തി. ആ സ്ത്രീ എഴുന്നേറ്റ് ടോയ്‍ലറ്റിനുനേരെ നടന്നു.അവരുടെ നടത്തം ഒരു നര്‍ത്തകിയുടെതായ എല്ലാ അംഗചലനങ്ങളോടും കൂടിയായിരുന്നു. അല്ലെങ്കില്‍ ഒരു നൃത്തലാസ്യ ഗമനം.
                                        “ഞാന്‍ പറഞ്ഞില്ലേ? അവര്‍ ഒരു നര്‍ത്തകി കൂടെയാണ്. സംശയമില്ല.”
സാംബന്റെ നിരീക്ഷണപാടവത്തില്‍ നിരഞ്ജന് അസൂയതോന്നി. സാംബന് ഈ രംഗത്ത് ഏറെക്കാലത്തെ പരിചയ സമ്പത്തുണ്ട്. ഓരോ അസൈന്‍മെന്റിനുശേഷവും ബോസ് പറയാറുള്ളത് നിരഞ്ജന്‍ ഓര്‍ത്തു.
                          “സാംബനെ കണ്ടു പഠിക്കണം. ആളുകളെ മുച്ചൂടും മനസ്സിലാക്കി സമര്‍ത്ഥമായി കൈകാര്യം ചെയ്യാനുള്ള അവന്റെ കഴിവാണ് നമ്മുടെ ഗ്രൂപ്പിന്റെ വിജയരഹസ്യം.”
                              ട്രെയിന്‍ സ്റ്റേഷനിലേക്കെത്തുമ്പോഴേക്കും സ്ത്രീ ടോയ്‍ലറ്റില്‍നിന്നും തിരച്ചെത്തിയിരുന്നു. അവര്‍ സാരിയുടെ മുന്‍ഭാഗം കുടഞ്ഞ്, ഞൊറികള്‍ നേരെയാക്കി, മുടിയിഴകള്‍ കോതിയൊതുക്കി, ഇരുന്നു. മനോഹരമായൊരു കീര്‍ത്തനശകലം മുഴക്കിക്കൊണ്ട് അവരുടെ മൊബൈല്‍ ചിലച്ചു. ഹാന്റ്ബാഗിന്റെ സൈഡ് പോക്കറ്റില്‍നിന്നും ഫോണെടുത്ത് അവര്‍ കാതോടുചേര്‍ത്തു. അവരുടെ മുഖത്തു അതിവേഗം മിന്നിമറയുന്ന വ്യത്യസ്ത ഭാവങ്ങളിലായിരുന്നു സാംബന്റെ ശ്രദ്ധ. അയാള്‍ അതിലേക്ക് കൂപ്പുകുത്തി. സ്റ്റേഷനിലെ തിരക്കിനിടയില്‍നിന്നും, വെള്ളഷര്‍ട്ടും മുണ്ടും ധരിച്ച ഒരാള്‍ ധൃതിയില്‍ കയറിവന്ന് അവരുടെയടുത്ത് ചെന്നിരുന്നു. സ്ത്രീയുടെയടുത്ത് അധികാരഭാവത്തില്‍ വന്നിരുന്ന അയാള്‍ ആരെയോ തിരയുന്ന ഭാവത്തില്‍ ചുറ്റും നോക്കി. ടൗവലെടുത്ത് മുഖം അമര്‍ത്തി തുടച്ച്, സ്ത്രീയോട് എന്തോ സ്വകാര്യം പറഞ്ഞു.
                             “ആ വന്നത് അവരുടെ ഹസ്ബന്റായിരിക്കണം.”
                            സാംബന്‍ പറഞ്ഞു. നിരഞ്ജന്‍ മൂളിക്കേട്ടു. അയാള്‍ പോക്കറ്റില്‍നിന്നും സിഗരറ്റ്പാക്കറ്റെടുത്ത് തിരിച്ചും മറിച്ചും നോക്കി, പോക്കറ്റില്‍ത്തന്നെ നിക്ഷേപിച്ചു. നിരഞ്ജന്‍ സിഗരറ്റ് പാക്കറ്റെടുത്ത് പരിശോധിച്ച് തിരികെ വയ്ക്കുന്നതല്ലാതെ ഒരിക്കല്‍പ്പോലും കത്തിക്കുന്നുണ്ടായിരുന്നില്ല.
                               “നേരത്തെ സംസാരിച്ചുറപ്പിച്ചതനുസരിച്ചാവണം അയാള്‍ ഈ സ്റ്റേഷനില്‍ നിന്നും കയറിയത്.”- സാംബന്‍ തുടര്‍ന്നു.
                              “അയാള്‍ ഒരു രാഷ്ട്രീയക്കാരനാണെന്നു തോന്നുന്നു.”
ചീകിയൊതുക്കിവച്ച ഡൈ ചെയ്തു കറുപ്പിച്ച മുടിയും വെട്ടിനിര്‍ത്തിയ മീശയും ഷേവ്ചെയ്ത് മിന്നുന്ന മുഖവും നോക്കി നിരഞ്ജന്‍ പറഞ്ഞു.
                     “മോസ്റ്റ് പ്രോബബ്ലി.”
                      “നമുക്ക് ഒന്നു പോയി പരിചയപ്പെട്ടോലോ?”
                      “ഓ ഷുവര്‍...”
                       സാംബന്റെ ചുണ്ടില്‍ കുസൃതിച്ചിരി മിന്നിമറിഞ്ഞു. അയാള്‍ സിഗരറ്റ് കുറ്റി പുറത്തക്കു വലിച്ചറിഞ്ഞ് സ്ത്രീയുടെ എതിര്‍ സീറ്റില്‍ ചെന്നിരുന്നു. കൂടെ നിരഞ്ജനും. സ്ത്രീ ഇത്തവണയും അവരെ നോക്കി വശ്യമായി പുഞ്ചിരിച്ചു. സാംബന്‍ അത് അവഗണിച്ചു.
                       “സാറ് എവിടേക്കാ?”
                           സാംബന്‍ അയാളോടായി ചോദിച്ചു.
                      “നെക്സ്റ്റ് സ്റ്റേഷന്‍. എറണാകുളം. നിങ്ങളോ?”
                           “ഞങ്ങള്‍ ട്രിവാന്‍ഡ്രത്തേക്കാണ്. മിസ്സിസ്സാണോ?”
                             സ്ത്രീയെ നോക്കി നിരഞ്ജന്‍ ചിരിച്ചു.
                           “അതെ. ഇവള്‍ ജോലികഴിഞ്ഞു വരുന്ന വഴിയാ. കലാമണ്ഡലത്തില്‍ മ്യൂസിക് പഠിപ്പിക്കുവാ. ഒപ്പം നൃത്തവുമുണ്ട്.”
                      സാംബന്‍ ചെറുചിരിയോടെ നിരഞ്ജന്റെ മുഖത്തേക്കു നോക്കി. നിരഞ്ജന്‍ സര്‍വ്വാത്മനാ കീഴടങ്ങി. സ്ത്രീയുടെ വശ്യമായ മുഖം തന്നെ അവരിലേക്കടുപ്പിക്കുന്നതായി നിരഞ്ജനു തോന്നി. അവര്‍ കലാമണ്ഡലത്തേക്കുറിച്ചും, സമകാലിക രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം ചര്‍ച്ചചെയ്തു. ഇതിനിടയില്‍ സാംബന്‍ ബാഗില്‍നിന്നും ഒരു ബിസ്കറ്റ് കൂടെടുത്ത് പൊട്ടിച്ചു. ശ്രദ്ധയോടെ മുകള്‍ഭാഗത്തുനിന്നും രണ്ടെണ്ണമെടുത്ത് ദമ്പതിമാര്‍ക്കുനേരെ നീട്ടി.
                               “സന്തോഷം”
                             മടികൂടാതെ ബിസ്കറ്റ് വാങ്ങിയ ദമ്പതിമാരെ നോക്കി സാംബന്‍ അനായാസം നേടിയ ഒരു വിജയത്തിന്റെ എരിവുപടര്‍ന്ന ചിരി ചിരിച്ചു. സ്ത്രീയുടെ കഴുത്തിലും കയ്യിലുമുള്ള ആഭരണങ്ങളും ഭര്‍ത്താവിന്റെ വെളുത്ത ഷര്‍ട്ടിന്റെ കീശയില്‍നിന്നും ഉയര്‍ന്നുനിന്നു വീര്‍പ്പുമുട്ടുന്ന തടിയന്‍ പേഴ്സും തന്നെനോക്കി പുഞ്ചിരിക്കുന്നതായി സാംബനു തോന്നി. അയാള്‍ നിരഞ്ജനുനേരെ നോക്കി കണ്ണടച്ചുകാണിച്ചു. ഉറക്കം പിടിച്ചമാതിരി സീറ്റിലേക്ക് ചായ്ഞ്ഞിരിക്കുമ്പോഴും അയാള്‍ ഭര്‍ത്താവിനേയും സ്ത്രീയെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
                                  “ഈ കളിയും ചിരിയുമൊക്കെ അല്‍പ്പസമയത്തേക്കുമാത്രം. സാവധാനം നിങ്ങള്‍ ഉറങ്ങാന്‍ തുടങ്ങും. നിങ്ങള്‍ ഉറങ്ങുകയാണ്... ഉറങ്ങുകയാണ്....”
സാംബന്‍ ഒരു ഹിപ്നോട്ടിസ്റ്റിനെയെന്നപോലെ മനസ്സില്‍ പറഞ്ഞു. ഇതിനിടയില്‍ സ്ത്രീ ഭര്‍ത്താവിന്റെ പോക്കറ്റില്‍നിന്നും പണമെടുത്ത് പാന്‍ട്രി വില്‍പ്പനക്കാരനില്‍നിന്നും ഓരോ കടലമിഠായി വാങ്ങിക്കഴിച്ചു. ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് അവര്‍ എന്തോ തമാശപറഞ്ഞു. അവര്‍ക്ക് ഒരു മാറ്റവുമില്ലല്ലോ? പഴയതുപോലെ സ്ത്രീ ഭര്‍ത്താവിനോടൊപ്പം വര്‍ത്തമാനം പറഞ്ഞ് കൊഞ്ചിക്കുഴയുന്നതുകണ്ട് സാംബന്‍ അമ്പരന്നു.
                              “ഇനി സാധനം മാറിപ്പോയോ?”
                            സാംബന്‍ സംശയത്തോടെ ബാഗ് തുറന്നുനോക്കി.
                                “ഇല്ല. മാറിയിട്ടില്ല. ശരിയാണ്.''
                                അയാള്‍ സ്ത്രീയുടെ മുഖത്തേക്കു നോക്കി. അവര്‍ സാംബനെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു. ഒന്നു പരുങ്ങിപ്പോയ സാംബനുനേരെ സ്ത്രീ കടലമിഠായി നീട്ടി.
                           “സോറി. നോ താങ്ക്സ്.”
ഒഴിയാന്‍ നോക്കിയെങ്കിലും സാംബനെ അവര്‍ നിര്‍ബ്ബന്ധിച്ചു.
                            “കഴിക്കൂന്നേ...”
                     അവരുടെ വശ്യമനോഹരമായ പുഞ്ചിരിയിലും ലാസ്യചേഷ്ടകളിലും പൊതിഞ്ഞെടുത്ത നിര്‍ബ്ബന്ധത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാംബനുകഴിഞ്ഞില്ല. ഇന്നോളം കഴിച്ചിട്ടുള്ളതില്‍വച്ചേറ്റവും മത്തുപിടിപ്പിക്കുന്ന മധുരം സ്ത്രീയുടെ ചിരിയില്‍മയങ്ങി ആസ്വദിക്കുന്നതിനിടയില്‍ ട്രയിന്‍ അടുത്ത സ്റ്റേഷനിലെ ബഹളത്തിലേക്കും, ദുര്‍ഗന്ധത്തിലേക്കും, തിരക്കിലേക്കും തള്ളിക്കയറിനിന്നു. സ്ത്രീയും ഭര്‍ത്താവും നിരഞ്ജനോടും സാംബനോടും യാത്രപറഞ്ഞിറങ്ങി.
                          “ഇതെന്തൊരു മറിമായം?”
                    സാംബന്‍ നിരഞ്ജന്റെ മുഖത്തേക്കുനോക്കി. ആദ്യമായാണിങ്ങനെയൊരനുഭവം. കയ്യില്‍ വന്നുചേരേണ്ടിയിരുന്ന ആഭരണങ്ങളും പണവും അകന്നുപോവുന്നതുനോക്കി സാംബന്‍ തരിച്ചിരുന്നു. ആഭരണങ്ങളും, പണവും നഷ്ടപ്പെട്ടതിലുപരി, ഓപ്പറേഷന്‍ പരാജയപ്പെട്ടതിലുള്ള ആശങ്കയായിരുന്നു അയാളുടെ മുഖത്ത് കൂടുതല്‍ നിഴലിച്ചിരുന്നത്. സ്ത്രീ എഴുനേറ്റിടത്തുനിന്നും ഒരു പൊതി നിരഞ്ജന്റെ ശ്രദ്ധയില്‍പ്പെട്ടു. അയാള്‍ അതെടുത്തു തുറന്നുനോക്കി. അതില്‍ രണ്ടു ബിസ്കറ്റുകളും ഒരു കുറിപ്പുമുണ്ടായിരുന്നു.
                              “കുട്ടികളേ... നിങ്ങള്‍ക്ക് തെറ്റിപ്പോയി. നിങ്ങള്‍ വിളവിറക്കിയ നിലം പാടേ മാറിപ്പോയി.”
                  വിഷണ്ണനായ നിരഞ്ജനു തുടര്‍ന്നു വായിക്കാന്‍ കഴിഞ്ഞില്ല. സമര്‍ത്ഥമായി കബളിപ്പിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെയൊരു വീഴ്ച ജീവിതത്തില്‍ ആദ്യമായാണ്. തങ്ങളുടെ ഉദ്ദേശ്യം അപ്പോള്‍ അവര്‍ മനസ്സിലാക്കിയിരിക്കുന്നു. അന്ധാളിച്ച സാംബന്‍ പകച്ച് ചുറ്റും നോക്കി. ഒരു അപകടത്തിന്റെ മണം എവിടെയോ പതിയിരിക്കുന്നു. പിന്‍സീറ്റിലിരുന്ന് ഏതോ മാസിക മറിക്കുകയായിരുന്ന കൊമ്പന്‍മീശക്കാരനെ അപ്പോഴാണ് സാംബന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഈ മീശക്കാരനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ? സാംബന്റെയുള്ളില്‍ ഒരു വെള്ളിടി വെട്ടി. സ്പെഷല്‍ സ്ക്വാഡ്? ചുറ്റും ആരൊക്കെയോ പതിയിരുന്നു തങ്ങളെ നിരീക്ഷിക്കുന്നതായി അയാള്‍ക്കുതോന്നി. അയാള്‍ നിരഞ്ജനേയും കൂട്ടി പഴയ സീറ്റില്‍ത്തന്നെ പോയി ഇരുന്നു. നിരഞ്ജന്‍ സിഗരറ്റ് പാക്കറ്റെടുത്ത് തുറന്ന് ഒരെണ്ണമെടുത്ത് ചുണ്ടില്‍വച്ച് തീക്കൊളുത്തി. സാംബന് ഇരിക്കപ്പൊറുതിയുണ്ടായിരുന്നില്ല. അടുത്ത സീറ്റിലിരിക്കുന്നവരിലൊക്കെ എന്തൊക്കെയോ അസ്വാഭാവികതകള്‍! പലരും പുസ്തകങ്ങളും മാസികകളും വായിക്കുകയാണെങ്കിലും അവരൊക്കെ ഗൂഡമായി തങ്ങളെ ശ്രദ്ധിക്കുന്നതായും പലരുടെയും ഒളിക്കണ്ണുകള്‍ തങ്ങളുടെ മേല്‍ പതിക്കുന്നതായും സാംബന്‍ ഉറപ്പിച്ചു. അയാളുടെ ഓരോ രോമകൂപങ്ങളിലും വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞുതുടങ്ങി.
                      “ചൂടുള്ള വാര്‍ത്ത.”
                        സായാഹ്ന ദിനപ്പത്രം വില്‍പ്പനക്കാരന്‍ നിവര്‍ത്തിക്കാണിച്ച വാര്‍ത്താ തലക്കെട്ടില്‍ ഉടക്കിയ സാംബന്റെ കണ്ണുകള്‍ തള്ളിപ്പോയി.
                               “ട്രെയിനിലെ മോഷണം. പ്രതികളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി.”
                     സാംബന്റെ കണ്ണുകളില്‍നിന്നും ചൂടുള്ള ഒരു എരിവ് സിരകളിലൂടെ തലച്ചോറിലേക്ക് അരിച്ചുകയറി. പത്രം വാങ്ങിവായിച്ചുനോക്കാനുള്ള ധൈര്യം അയാള്‍ക്കുണ്ടായില്ല. പേടിയോടെ പിന്നിലെ സീറ്റിലേക്കു നോക്കി. കൊമ്പന്‍മീശക്കാരന്‍ മാഗസിന്റെയുള്ളില്‍ മറച്ചുവച്ച വെള്ളക്കടലാസില്‍നോക്കി മുടി പറ്റെ ക്രോപ്പുചെയ്തയാളോട് എന്തോ അടക്കംപറയുന്നു. തന്റെ ഓരോ ചലനവും ഒരു ക്യാമറിയിലെന്നവണ്ണം നിരീക്ഷിക്കപ്പെടുന്നതായി സാംബനു മനസ്സിലായി. അല്ലെങ്കില്‍ താനിപ്പോഴിരിക്കുന്നത് അനേകം ക്യാമറാക്കണ്ണുകള്‍ക്കുമുന്നിലാണെന്നു അയാള്‍ക്കു തോന്നി. നിരഞ്ജന്‍ ഇതൊന്നുമറിയാത്തമട്ടില്‍ പുറത്തേക്കു കണ്ണുംനട്ട് സിഗരറ്റ് വലിച്ചൂതിവിടുകയാണ്.
                     “ഇനി ഇവനും?”
                  നിരഞ്ജന്റെ നിസ്സംഗത സാംബനില്‍ എന്നോ പതിഞ്ഞുകിടന്നിരുന്ന സംശയത്തിന്റെ വിത്തിനെ പൊടുന്നനെ മുളപ്പിച്ചു. ഇലകള്‍ പൊട്ടിവിരിഞ്ഞ് അത് നൊടിയിടയില്‍ വളര്‍ന്നു.
                         “ചതിയന്‍.... ഒരുമിച്ചുനിന്ന് കാലുവാരുകയായിരുന്നു അല്ലേ?”
                           നിരഞ്ജന്‍ ഒന്നും മനസ്സിലാവാത്തവനെപ്പോലെ നിഷ്കളങ്കമായി ചിരിക്കുന്നു. ഒരു ചതിയന്, ഒരു ഒറ്റുകാരന് അഭിനയിക്കാന്‍ പറ്റുന്നതിന്റെ പരമാവധി നിരഞ്ജന്‍ അഭിനയിച്ചു ഫലിപ്പിക്കുന്നു. പെട്ടുപോയി. കെണിയില്‍നിന്നും രക്ഷനേടാനുള്ള എന്തെങ്കിലും പഴുതുതേടി വിറയലോടെ സാംബന്‍ എഴുനേറ്റു. ചെരിപ്പില്‍നിന്നും കാലുകള്‍ വഴുക്കുന്നു. സാംബനുപിന്നാലെ പിന്‍സീറ്റിലിരുന്ന കൊമ്പന്‍മീശക്കാരനും മുടി പറ്റെ ക്രോപ്പുചെയ്ത ചെറുപ്പക്കാരനും എഴുനേല്‍റ്റു. അവിടവിടെയായി ആരൊക്കെയോ എഴുനേല്‍ക്കുന്നതായി സാംബന്‍ കണ്ടു. എല്ലാവരും കൂടെ അടുത്തനിമിഷം തന്നെ പിടികൂടും. ഉറപ്പ്. പിടികൂടപ്പെട്ടാല്‍ എല്ലാം ഇതോടുകൂടി അവസാനിച്ചു. എല്ലാം. രക്ഷപ്പെടാനുള്ള അവസാന പഴുതിനായി അയാള്‍ ചുറ്റും പരതി. കൃഷ്ണമണികള്‍പോലും ഏതോ പ്രാകൃതഭയത്താല്‍ ഉറഞ്ഞുപോയിരുന്നു.
                         “പിടിക്കപ്പെട്ടുകൂടാ... രക്ഷപ്പെടണം.”
             കീഴടങ്ങാന്‍ തയ്യാറല്ലാതിരുന്ന അയാളുടെ സാഹസമനസ്സ് മന്ത്രിച്ചു. അടുത്തനിമിഷം അയാള്‍ സര്‍വ്വശക്തിയുമെടുത്ത് കംപാര്‍ട്ടുമെന്റിന്റെ വാതില്‍ക്കലേക്കു കുതിച്ചു. ആരൊക്കെയോ പിന്നാലെ ഓടുന്നു. സാംബന്‍ തിരിഞ്ഞുനോക്കി. കൂട്ടത്തില്‍ നിരഞ്ജനുമുണ്ട്. കൊമ്പന്‍മീശക്കാരനൊപ്പംതന്നെ. ഒറ്റുകാരന്റെ മുഖം അയാളില്‍ പകനിറച്ചു. ആളിക്കത്തുന്ന പക. പകയും ദേഷ്യവും രക്ഷപ്പെടാനുള്ള വ്യഗ്രതയും എല്ലാംകൂടെ അയാളുടെ മനസ്സിനെ മഥിച്ചു. അയാള്‍ കണ്ണുകള്‍ മുറുക്കെ ചിമ്മി. സര്‍വ്വദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ചു. പുറത്തേക്ക് ആഞ്ഞുകുതിച്ചു.
                         ട്രയിനിന്റെ ഛക ഛക ശബ്ദത്തോടൊപ്പം സാംബന്റെ ആര്‍ത്തനാദവും അന്തരീക്ഷത്തിലലിഞ്ഞുചേര്‍ന്നു.
                       

                              സൂഹൃത്തിന്റെ ഭൗതിക ശരീരം സംസ്കരിച്ച ശേഷം സ്വന്തം ഫ്ലാറ്റിലെത്തിച്ചേര്‍ന്ന നിരഞ്ജനില്‍നിന്നും നടുക്കം വിട്ടുമാറിയിരുന്നില്ല. ഇന്നലെ നടന്ന സംഭവത്തിലെ ഓരോ നിമിഷവും അയാളെ വേട്ടയാടി. ഒരുപക്ഷെ ഒന്നുകൂടെ ആഞ്ഞുശ്രമിച്ചിരുന്നുവെങ്കില്‍ തന്റെ സുഹൃത്തിനെ രക്ഷിക്കാനാവുമായിരുന്നു. അയാള്‍ വിമ്മിക്കരഞ്ഞു. സിറ്റൗട്ടിലെ സോഫയിലേക്ക് ചാഞ്ഞിരുന്ന അയാള്‍ പത്രം എടുത്തു നിവര്‍ത്തി. പലവാര്‍ത്തകളുടെയുമിടയില്‍നിന്നും നിരഞ്ജന്റെ കണ്ണുകള്‍ ആ വാര്‍ത്ത കണ്ടെടുക്കുകതന്നെയായിരുന്നു.
                         "ട്രയിനിലെ മോഷണം : ദമ്പതിമാര്‍ പിടിയില്‍.”
                        തലക്കെട്ടതായിരുന്നു. നിരഞ്ജന്‍ വാര്‍ത്തയിലേക്ക് ഊളിയിട്ടു.
                        “ട്രയിനില്‍ മയക്കുമരുന്നു കലര്‍ത്തിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നല്‍കി സഹയാത്രികരില്‍നിന്നും പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന ദമ്പതിമാര്‍ ഏറണാകുളം നോര്‍ത്ത് റയില്‍വേസ്റ്റേഷനില്‍ പിടിയിലായി. പോലീസ് ഇവരുടെ രേഖാചിത്രം തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നു. സംശയംതോന്നിയ യാത്രക്കാരാണ് മോഷകദമ്പതികളെ പോലീസിലേല്‍പ്പിച്ചത്. ഇതിനിടയില്‍ ദമ്പതികളില്‍നിന്നും മയക്കുമരുന്നുകലര്‍ന്ന ഭക്ഷണം വാങ്ങിക്കഴിച്ചുവെന്നു സംശയിക്കപ്പെടുന്ന യുവാവ് സമനിലതെറ്റി ഓടുന്ന വണ്ടിയില്‍നിന്നും പുറത്തേക്കുചാടി ആത്മഹത്യ ചെയ്തു.”