വി.പി.അഹമ്മദ്
വളരെ ചെറിയ ഒരു വിഭാഗം, മുഴുവന്‍ ധനത്തിന്‍റെ ഏറിയ പങ്കും കൈവശം വെക്കുന്ന ഈ സാര്‍വലൌകിക പ്രതിഭാസം കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ലാതെ പ്രപഞ്ച നിയമമായി എന്നും നിലനില്‍ക്കുന്നു. ജനങ്ങള്‍ ഉടമയാവുന്ന ധനത്തിന്‍റെ അനുപാതം ചിലപ്പോള്‍ അഞ്ചു ശതമാനം ജനങ്ങള്‍ക്ക് മുഴുവന്‍ ധനത്തിന്‍റെ തൊണ്ണൂറ് ശതമാനം എന്നോ പത്ത് ശതമാനം ജനങ്ങള്‍ക്ക് എണ്‍പത് ശതമാനം എന്നോ ഏകദേശമായി കാണാം. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കൂടുതല്‍ ആകുന്തോറും ദരിദ്രരുടെ ജീവിതാവസ്ഥ ശോചനീയമാകുന്നു.
ധനം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നീങ്ങുന്നതും ഒരാളുടെ ധനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നതും മുഖ്യമായി രണ്ട് വിധത്തിലാണ്. ഒരാളുടെ ദൈനം ദിന വരുമാനവും ചെലവുകളും തമ്മിലുള്ള വ്യത്യാസവും ഉടമസ്ഥതയിലുള്ള സമ്പത്തിന്‍റെ മൂല്യത്തില്‍ വരുന്ന വ്യതിയാനവും ആണവ. വരുമാനത്തില്‍ കുറഞ്ഞു ചെലവിടുമ്പോള്‍ ധനസ്ഥിതി കൂടുകയും മറിച്ചാവുമ്പോള്‍ കുറയുകയും ചെയ്യുന്നു. പൊതുവെ വരുമാനത്തില്‍ കവിഞ്ഞു ചെലവിടേണ്ടി വരുന്ന ദരിദ്രര്‍ കൂടുതല്‍ ദരിദ്രര്‍ ആവുന്നു. ധനികരുടെ അവസ്ഥ മറിച്ചും. ഫലത്തില്‍ അസമത്വത കൂടുന്നു.
സാമ്പത്തിക ഇടപാടുകളും വ്യവസായ വാണിജ്യ സംരംഭങ്ങളും ധനത്തിന് ചലനാല്‍മകത നല്‍കുമെങ്കിലും ധനസ്ഥിതിക്ക് മാറ്റം വരുന്നില്ല. പക്ഷെ അവയില്‍ നിന്ന് ഉണ്ടാവുന്ന ലാഭനഷ്ടങ്ങള്‍ ധനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. പ്രസ്തുത ലാഭനഷ്ടങ്ങള്‍ പ്രത്യക്ഷവും അല്ലാത്തതുമായ ധാരാളം അവസ്ഥാവിശേഷങ്ങള്‍ (ഭാഗ്യയോഗങ്ങള്‍ ഉള്‍പ്പെടെ) ആസ്പദമാക്കിയാണ്. അതിനാല്‍ ഒരേ മൂലധനം വ്യത്യസ്ഥ വ്യക്തികള്‍ക്ക് വ്യത്യസ്ഥ ധനവ്യതിയാനം ഉണ്ടാക്കുന്നു.
അടിസ്ഥാനപരമായി എല്ലാ വിധത്തിലുള്ള നികുതികളും, ഉള്ളവരില്‍ നിന്ന് ഇല്ലാത്തവരിലേക്ക് ധനം ഒഴുക്കാന്‍ വേണ്ടി വിഭാവന ചെയ്തതാണെങ്കിലും ഒരിക്കലും ഒരിടത്തും പ്രായോഗികമായിട്ടില്ല. അതൊരു സങ്കല്‍പം മാത്രമായി അവശേഷിക്കുന്നു. ധനിക രാഷ്ട്രങ്ങളില്‍ നിന്ന് ദരിദ്ര രാഷ്ട്രങ്ങളിലേക്ക് ധനം ഒഴുക്കുന്ന ആഗോളവല്‍ക്കരണവും യഥാര്‍ഥത്തില്‍ ഈ ലക്ഷ്യത്തില്‍ എത്തിയില്ല. വാണിജ്യ ദൃക്കുകളായ സമ്പന്ന രാഷ്ട്രങ്ങള്‍ ദരിദ്ര രാഷ്ട്രങ്ങളുടെ വേലി പൊളിച്ചും നിഷ്കര്‍ഷതകള്‍ക്ക് അയവു വരുത്തിയും സ്വന്തം വേലി ഭദ്രമാക്കുകയും നിഷ്കര്‍ഷതകള്‍ അരക്കിട്ട് ഉറപ്പിക്കുകയും ആണ് ചെയ്തത്.
ചിത്രം ഒരു മാതൃകയായി മാത്രം
(ഗൂഗിളില്‍ നിന്ന്)
എല്ലാ സമ്പത്തിന്‍റെയും യഥാര്‍ത്ഥ ഉടമ അല്ലാഹു ആണെന്ന തത്വ സംഹിതയുടെ അടിസ്ഥാനത്തില്‍ ആണ് ഇസ്ലാമില്‍ ധനവിതരണം വീക്ഷിക്കപ്പെടുന്നത്. മനുഷ്യന്, അവന്‍റെ അധീനതയിലായി നല്‍കപ്പെട്ടിട്ടുള്ള ധനം (ചില പ്രത്യേക പരിമിതികള്‍ക്ക് വിധേയമായി) കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനുമുള്ള അധികാരം മാത്രമേയുള്ളൂ. ജീവിതരീതി മെച്ചപ്പെടുത്താന്‍ ധനം സമ്പാദിക്കാനുള്ള കഴിവ് അവന്‍റെ തന്നെ ഇംഗിതത്തിനു വിധേയമാണെങ്കിലും ധനം നല്‍കുന്നത് അല്ലാഹു മാത്രമാണ് - ചിലരെ ധനികരാക്കി നന്ദി പരീക്ഷിക്കാനും ചിലരെ ദരിദ്രരാക്കി ക്ഷമ പരീക്ഷിക്കാനും. ധന വിതരണത്തിലെ അസമത്വം പ്രകൃതി നിയമമാണെങ്കിലും ഉള്ളവന്‍ ഇല്ലാത്തവന് നല്‍കാനും അങ്ങനെ കഷ്ടപ്പെടുന്നവന്‍റെ കഷ്ടതകള്‍ അകറ്റാനും ധനം നല്ല നിലയില്‍ ചെലവഴിക്കാനും ഏവരും ബാദ്ധ്യസ്ഥരാണ്.
വിശുദ്ധ ഖുര്‍ആനിലെ ഒരു പരാമര്‍ശം ഇങ്ങനെ സംഗ്രഹിക്കാം:
ബലിഷ്ഠരായ ഒരു സംഘം യോദ്ധാക്കള്‍ക്ക് വഹിക്കാന്‍ മാത്രം ഭാരമുള്ള താക്കോല്‍ കൂട്ടം ഉണ്ടായിരുന്ന ഖജാനകള്‍ നിറയെ നിക്ഷേപങ്ങളുടെ ഉടമസ്ഥനായിരുന്ന ഖാറൂനിനോട്, ധനത്തില്‍ അഹങ്കരിച്ചു പുളകം കൊള്ളരുതെന്നും തന്‍റെ വിഹിതം ആസ്വദിക്കുന്നതോടൊപ്പം പരലോക വിജയത്തിനായി ധനം ഉപയോഗിക്കുവാനും നന്മകളില്‍ ഏര്‍പ്പെടുവാനും ജനങ്ങള്‍ നിര്‍ദ്ദേശിച്ചു. പക്ഷെ, സ്വന്തം വിദ്യ കൊണ്ട് മാത്രം സമ്പാദിച്ചതാണ് തന്‍റെ ധനം എന്ന അഹങ്കാരത്തോടെ അത്യന്തം ആര്‍ഭാടമായ ജീവിതത്തിനാണ് ഖാറൂന്‍ മുതിര്‍ന്നത്.
ഐഹിക ജീവിതത്തില്‍ കൊതി പൂണ്ട ഒരു ജനവിഭാഗം ഖാറൂന് ലഭിച്ച സമ്പത്തും ഭാഗ്യവും തങ്ങള്‍ക്കും കിട്ടിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് ആശിച്ചു. ജ്ഞാനികളായ മറ്റൊരു വിഭാഗം നാശം മുന്‍കൂട്ടി കാണുക മാത്രമല്ല, അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള ക്ഷമാശീലര്‍ക്ക് ലഭിക്കുന്ന പ്രതിഫലമാണ് ഏറ്റവും ഉത്തമമെന്ന് അറിയിക്കുകയും ചെയ്തു. ഖാറൂനും അവന്‍റെ ആര്‍ഭാടങ്ങളും ഭൂമിയില്‍ താഴ്ന്നപ്പോള്‍ സ്വയം രക്ഷപ്പെടാനോ മറ്റുള്ളവരുടെ സഹായം ലഭിക്കാനോ അവനു കഴിഞ്ഞില്ല. അല്ലാഹു ഔദാര്യം കാണിച്ചില്ലായിരുന്നുവെങ്കില്‍ തങ്ങളുടെ അവസ്ഥയും ഇതാകുമായിരുന്നേനെ എന്ന് ഖാറൂനിന്റെ സ്ഥാനം കൊതിച്ചിരുന്നവര്‍ പിന്നീട് പറയുകയുണ്ടായി. (അല്‍ ഖസസ് : 76-82 , ആശയം മാത്രം.)