Followers

Sunday, September 29, 2013

ചിലത്

   എസ്  രാജശേഖരൻ


ചിലതുണ്ട് പറയുവാൻ, ചിലതുണ്ട് കേൾക്കുവാൻ
ചിലതുണ്ട് ബാക്കി വയ്ക്കാനായ്
ചിലതുണ്ട് കണ്ണിന്റെ കാതിന്റെ പിന്നിൽ വ-
ന്നണിയത്തൊതുങ്ങിനിൽക്കാനായ്.

ചിലതെന്റെ നിദ്രയുടെ സംഗീതമായ് വന്നു
പുലരിയെ തോറ്റിയുണർത്താൻ
ചിലതെൻ പകലിന്റെയെരിതീയിൽ വേവുന്ന
ചുടു മരുസ്വപ്നങ്ങളായി
ചിലതീയിരുളിനെ ചന്ദ്രികച്ചാർ പൂശി
വെളിവായ് തൊടുത്തുയർത്താനായ്
ചിലത് വെണ്മണലിൽ സുനാമിപോൽ, പ്രാണനെ
പഴുതേയമുഴ്ത്തിയാഴ്ത്താനായ്
ചിലതു,ണ്ടറുതിയിലാഴുന്ന ജീവന്ന്
പുതു ചേതനശ്വാസമേകാൻ
ചിലതു,ണ്ടപരന്റെ പരുഷമാം വാക്കിനെ-
യിനിയ സംഗീതമായ് മാറ്റാൻ
ചിലതുണ്ട് ചിതലിച്ച ലോകത്തെ വാക്കിനാ,-
ലൊരു നോക്കിനാൽ പുതുക്കാനായ്
ചിലതു,ണ്ടിനിയും വരാത്ത നാളേ,യ്ക്കതിൻ
പുതുമന്ത്രമായ് ചെവിയിലോതാൻ.

ചിലതുണ്ട് പറയുവാൻ, ചിലതുണ്ട് കേൾക്കുവാൻ,
ചിലതുണ്ട് ബാക്കിയായ് നിത്യം!