വി പി അഹമ്മദ്
കഴിഞ്ഞ മഴക്ക് മുമ്പ് ഞങ്ങളുടെ വീടിന്റെ മുന്നിലെ റോഡില്‍ റീ ടാറിംഗും ഗേറ്റിനടുത്ത് സ്ലാബുകള്‍
പൊക്കി ഓവ് ചാലുകള്‍ ശുചീകരണവും നടത്തിയപ്പോള്‍ ഓവില്‍ നിന്ന് നീക്കം
ചെയ്ത മണ്ണ് വണ്ടിയില്‍ കേറ്റുന്നതിനിടക്ക് കുറച്ചു ചട്ടികള്‍ ഞങ്ങളുടെ
പുരയിടത്തില്‍ നിക്ഷേപിക്കാന്‍ ഞാന്‍ ജോലിക്കാരോട് ആവശ്യപ്പെട്ടിരുന്നു.
കൂടുതല്‍ മണല്‍ കലര്‍ന്ന മണ്ണായതിനാല്‍ ചെടിച്ചട്ടികളില്‍ ആവശ്യത്തിന്
വേണ്ടപ്പോള്‍ ചേര്‍ക്കാന്‍ വെക്കുകയായിരുന്നു എന്‍റെ ഉദ്ദേശം. പിന്നീട്
കുറച്ചു ചെടികള്‍ മുളക്കാനായി ഞാന്‍ അതില്‍ കുത്തി വെക്കുകയും ചെയ്തു.
രണ്ടു
ദിവസം മുമ്പ് ഭാര്യ സുഹ്റ ആ മണ്‍കൂമ്പാരത്തില്‍ നിന്ന് കുറച്ചു മുളച്ച
ചെടികള്‍ പറിച്ചു മാറ്റുകയും മണ്ണ് വാരുകയും ചെയ്തപ്പോള്‍ പച്ച കല്ലുകള്‍
പതിച്ച ഒരു ചെറിയ മോതിരം കിട്ടി. ഓണം അവധിക്ക് വീട്ടില്‍ വന്നിരുന്ന
താല്‍ക്കാലിക ജോലിക്കാരിയുടെ കുട്ടിക്ക് കൊടുക്കാമെന്നു കരുതി അവളത്
എടുത്തു വെച്ചു.
കഴുകി
വൃത്തിയാക്കിയപ്പോള്‍ മോതിരത്തിന് നല്ല തിളക്കമുണ്ട്. വളരെ മുമ്പ് മുതലെ
ഞങ്ങളുടെ വീട്ടിലുള്ള പ്രായം ചെന്ന അടുക്കള സഹായിയായ പാതിമതാത്തക്ക് മോതിരം
കണ്ടപ്പോള്‍, മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സഫല്‍ കരഞ്ഞുകൊണ്ട്
മുന്നില്‍ നില്‍ക്കുന്ന രംഗവും വലിയുമ്മ വാങ്ങിക്കൊടുത്ത് വിരലിലിലിട്ട
രണ്ടാം ദിവസം തന്നെ നഷ്ടമായ പച്ച കല്ലുകള്‍ പതിച്ച സ്വര്‍ണ മോതിരവും
നന്നായി ഓര്‍മ്മ വന്നു. സുഹ്റക്കും പിന്നെ അത് തിരിച്ചറിയാന്‍
ബുദ്ധിമുട്ടേണ്ടി വന്നില്ല. ഗേറ്റിനടുത്ത് കളിച്ചു
കൊണ്ടിരിക്കുന്നതിനിടയില്‍ ആണ് മോതിരം വീണ് പോയതെന്ന് സഫല്‍ അന്ന്
പറഞ്ഞിരുന്നത് അവള്‍ ഓര്‍ക്കുകയും ചെയ്തു.
ഏറെ ഇഷ്ടപ്പെട്ടിരുന്ന മോതിരം ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടപ്പോള്‍ വൈകുന്നേരം എന്ട്രന്‍സ് ക്ലാസ് കഴിഞ്ഞു വന്ന സഫലിന്റെ മുഖത്ത്, അതിനേക്കാള്‍ തിളക്കമുണ്ടായിരുന്നു. കാലം മായ്ക്കാത്ത തിളക്കം.
മോതിരത്തെപറ്റി
നേരത്തെ അറിവ് ഒന്നുമില്ലാതിരുന്ന എനിക്ക് മറ്റൊരു സംഭവമാണ് ഓര്‍മ്മ
വന്നത്. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഹയില്‍ ജോലിയിലിരിക്കെ ലീവില്‍
നാട്ടില്‍ വരുന്നതിന്റെ തലേ ദിവസം ബ്രീഫ് കേസ് വൃത്തിയാക്കിയപ്പോള്‍
അതിലിരുന്ന പഴയ കടലാസുകളും മറ്റും അടുക്കള മാലിന്യങ്ങളുടെ കൂടെ പ്ലാസ്ടിക്
കവറിലിട്ട് പതിവ് പോലെ രാത്രിയില്‍ തന്നെ ഫ്ലാറ്റിനു പുറത്ത് റോഡരികില്‍
വെച്ചിരുന്നു. യാത്രാദിവസം രാവിലെ ഓഫീസില്‍ പോകാന്‍ നേരത്താണ് ടിക്കെറ്റും
ഡ്രാഫ്റ്റും വാങ്ങാന്‍ പണത്തിനായി, നേരത്തെ സുഹ്റയെ ഏല്പിച്ചിരുന്ന ലീവ്
സാലറിയും സ്നേഹിതന്‍ കടം വാങ്ങി തിരിച്ചു നല്‍കിയ തുകയും അടങ്ങിയ കവര്‍
ഞാന്‍ ആവശ്യപ്പെട്ടത്. ബ്രീഫ് കേസില്‍ വെച്ചിട്ടുണ്ടെന്ന് അവള്‍
അറിയിച്ചപ്പോള്‍ അതില്‍ നോക്കാതെ തന്നെ ഒരു ഞെട്ടലോടെ ഞാന്‍ താഴേക്ക്
ഓടുകയായിരുന്നു. റോഡരികില്‍ രാത്രി വെച്ച പ്ലാസ്ടിക് കവറെടുത്ത് തിരിച്ചു
നടക്കുമ്പോള്‍ അടുത്ത ബില്‍ഡിങ്ങിന് മുമ്പില്‍ നിന്ന് മുന്നോട്ട് വരുന്ന
മാലിന്യം അരച്ചുകൊണ്ടുപോകുന്ന ട്രക്കിന്റെ ഡ്രൈവര്‍ എന്നെ
നോക്കുന്നുണ്ടായിരുന്നു.
പന്ത്രണ്ടായിരത്തില്‍
കൂടുതല്‍ റിയാല്‍ സംഖ്യയുണ്ടായിരുന്ന കവറുമായി അന്ന് ഓഫീസില്‍ പോകുമ്പോള്‍
എന്‍റെ മനസ്സില്‍ അലൌകികമായ കുറെ ചിന്തകള്‍ ഘോഷയാത്ര നടത്തി.
അല്ലാഹുവേ, നീ തന്നത് തടയാന്‍ ആരുമില്ല; നീ തടഞ്ഞത് തരാനും ആരുമില്ല.