വീട്
മുജീബ് ശൂരനാട്
ചിലപ്പോഴൊക്കെ
അമ്മയിലേക്കുള്ള വഴിയാണത്
അടച്ചു വച്ച പാത്രങ്ങളില്‍
സ്നേഹം വിളമ്പി കാത്തിരുന്ന്
ഉറങ്ങിപ്പോയിട്ടുണ്ടാകും ...
മറ്റു ചിലപ്പോള്‍ ...
ജീവിതത്തെ,
വൈകിയെത്തലുകളെ
വെറുതേ അതിങ്ങനെ ചോദ്യം ചെയ്യും ...
ബാപ്പ വക്കീലാകും
ഉമ്മ ജഡ്ജിയാകും
പെങ്ങന്മാര്‍ സാക്ഷികളാകും
പ്രതിഭാഗം കേള്‍ക്കാന്‍
ആരുമില്ലാതെ
ഞാനിങ്ങനെ നിന്നെരിയും
വിചാരണ നീട്ടിവയ്ക്കുമ്പോള്‍
ഒറ്റയ്ക്കു വന്നു കിടക്കും
ഉറക്കം കൂട്ടു വരുമ്പോഴെപ്പോഴോ
മുടിയില്‍ തഴുകി
മിണ്ടാതെ തിരികെ നടക്കുന്നുണ്ടാകും ;
തൊട്ടിലില്‍ സ്നേഹത്തെ കൂട്ടിരുത്തി
അടുക്കളയിലെ കരിയേറ്റ്
പുകയൂതുന്ന
എന്റെയാ പഴയ ഉമ്മ.