യോതിഷ് ആറന്മുള
ഞാനും
കൂടെയുണ്ടെന്നു തോന്നിപ്പിക്കും വിധം
ചേർന്നു നില്ക്കുന്ന
ഒരുപാട് ഒറ്റകൾക്ക് നടുവിൽ
ഞാനും ഒറ്റയ്ക്കാവുന്നു.....
2. ഒറ്റവരിപ്പാത
ഒന്നാണെന്നു പറഞ്ഞ വഴിയിൽ നിന്ന്
മുൻപോട്ടും പുറകോട്ടും
ഒറ്റയ്ക്കൊറ്റയ്ക്കു തിരിഞ്ഞു -
ദൂരേക്ക് നീണ്ടു നീണ്ടു പോകുന്ന
ഒറ്റവരിപ്പാത ......
3. കുടിശ്ശിക
പത്തുമാസത്തെ വാടക ,
കുടിശ്ശിക തീർത്ത്
വൃദ്ധസദനത്തിലെ
ഒറ്റമുറിക്കു കൊടുക്കുന്ന മക്കൾ .....
4. പൊട്ടത്തെറ്റ്
ഒറ്റയിൽ നിന്നൊറ്റ കൂട്ടുമ്പോഴും
കുറയ്ക്കുമ്പോഴും
രണ്ടൊറ്റകൾ അവശേഷിക്കപ്പെടുന്നിടത്താണ്
ജീവിതത്തിന്റെ ഗണിതവും
ഗണിതത്തിലെ ശാസ്ത്രവും തമ്മിൽ തെറ്റുന്നത്
5.ഓർമ്മയിലേക്കെന്നും ഒറ്റയ്ക്ക്
തുമ്പിക്ക് പിന്നാലെ,
തുമ്പപ്പൂ പറിച്ച്,
കളിക്കൂട്ടുകാർ ഒട്ടൊരുപാടുണ്ടെന്നാകിലും....
ഓലപ്പമ്പരം കറക്കിക്കൊണ്ട്
ഒറ്റയ്ക്കാണെപ്പോഴും
പ്രതീക്ഷയോടെ കുട്ടിക്കാലത്തിലേക്ക്
ഓടിചെല്ലാറ്
6. ഇത്തിൾക്കണ്ണി
മഴവന്നു വിളിച്ചിട്ടും
തളിർക്കനാകാതെ...
കാറ്റ് പിടിക്കതൊരു ഒറ്റമരം ..
വസന്തമെത്തി മടങ്ങിയ ചില്ലയിൽ
അവശേഷിച്ച -
രണ്ടിലകളിൽ
ജീവന്റെ പച്ചപ്പ് മങ്ങിതുടങ്ങിയിട്ടും ,
ജലഞരമ്പുകളിൽ നിന്നോടുവിലത്തെ -
തുള്ളിയും കവർന്നെടുത്തിട്ടും,
മതിയാകാതെ ..
തിന്നു തിന്നെന്റെ ഹൃദയവും
കാർന്നുതിന്ന് -നീ
പടർന്നു കയറുന്നതെങ്ങോട്ടാണ് ...