Followers
Thursday, January 2, 2014
ശിരസുപോയ പ്രതിമയുടെ കഥ..
സനൽ ശശിധരൻ
Thursday, October 31, 2013
അന്നയും റസൂലും
Sunday, September 29, 2013
‘കളിമണ്ണ്’ മലയാള സിനിമയോട് ചെയ്തത്.
കളിമണ്ണ് എന്ന സിനിമ ഏതു തരത്തിൽ നോക്കിയാലും ഒരു മഹത്തായ സിനിമയല്ല. കച്ചവടസിനിമയുടെ എല്ലാ സ്വഭാവ വിശേഷങ്ങളോടും കൂടിയ ഒരു സിനിമയാണത്. പക്ഷേ അത് മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരിക്കും. സമൂഹത്തിന്റെ സാംസ്കാരിക ബോധത്തിനനുസരിച്ചായിരിക്കണം സിനിമാക്കാരന്റെ ക്യാമറ ചലിക്കേണ്ടത് എന്ന അലിഖിത നിയമത്തെ അത് സധൈര്യം ലംഘിച്ചിരിക്കുന്നു. പഴമയുടെ മൂല്യബോധങ്ങൾ പുതിയ കാലത്തേക്കും അടിച്ചേൽപ്പിക്കാനുള്ള ഉപാധിയല്ല സിനിമ എന്നും പുതിയ അവബോധങ്ങളും വീക്ഷണകോണുകളും അവതരിപ്പിക്കാനും ചർച്ചയ്ക്കുവെയ്ക്കാനുമുള്ള കലാമാധ്യമമാണ് സിനിമ എന്നും അത് ഓർമിപ്പിക്കുന്നു. ആ നിലയ്ക്ക് കളിമണ്ണും, സംവിധായകൻ ബ്ലെസിയും നായിക ശ്വേത മേനോനും അഭിനന്ദനമർഹിക്കുന്നു.
Sunday, September 1, 2013
മനുഷ്യനെ സൃഷ്ടിച്ചത് കളിമണ്ണുകൊണ്ടല്ല!
കളിമണ്ണ് ഒരു ക്ലാസിക് സിനിമയല്ല. അതൊരു സാധാരണ കച്ചവട സിനിമയാണ്. പക്ഷേ അത് കൈകാര്യം ചെയ്യുന്ന വിഷയം ഇന്നേവരെ മലയാളത്തിൽ ഒരു ക്ലാസിക് സിനിമാക്കാരനും കൈകാര്യം ചെയ്യാൻ ധൈര്യം കാണിച്ചിട്ടില്ലാത്ത വിഷയമാണ്. കുഞ്ഞ് പുറത്തുവരുന്നത് വായിലൂടെയാണോ മൂക്കിലൂടെയാണോ പൊക്കിളിലൂടെയാണോ മലദ്വാരത്തിലൂടെയാണോ എന്നുപോലും അറിഞ്ഞുകൂടാത്ത എണ്ണമറ്റ കഴുതകൾ ജീവിച്ചിരിക്കുന്ന നാടാണ് നമ്മുടേത്. എന്തായാലും അത് യോനിയിലൂടെ ആവാൻ വഴിയില്ല എന്നവർ കരുതുന്നു. അത്രയ്ക്ക് പാപപങ്കിലമായ ഒരവയവമായാണ് അതിനെ പലരും മനസിലാക്കിയിരിക്കുന്നത്. ഒരു പാമ്പിനെ തല്ലിക്കൊല്ലുന്ന അതേ ലാഘവത്വത്തോടെ അതിലൂടെ ശ്വാസകോശം വരെ ഇരുമ്പുദണ്ഡ് ഇടിച്ചുകയറ്റാൻ പുരുഷനു കഴിയുന്നതും അതുകൊണ്ടുതന്നെ. കളിമണ്ണുകൊണ്ട് ദൈവമുണ്ടാക്കിയ പ്രതിമയല്ല മനുഷ്യനെന്ന് ഉച്ചത്തിൽ പറയാൻ ഇനിയും സിനിമകൾ, കൂടുതൽ ശക്തമായ ആവിഷ്കാരങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. അത്തരം ഒരു തുറന്നുപറച്ചിലിലേക്കുള്ള ധീരമായ ഒരു ചുവടുവെയ്പ്പാണ് കളിമണ്ണ്. അഭിസാരികയായി ശ്വാസം പോയാലും അഭിനയിക്കില്ലെന്ന മേനിപറച്ചിലുകാർ നടികർ തിലകങ്ങളായി പാറി നടക്കുന്ന നാടാണിത്. അത്തരമൊരു നാട്ടിൽ ഒരു ലക്ഷ്യബോധമുള്ള സബ്ജക്ടിനായി, അതിന്റെ സിനിമാവിഷ്കാരത്തിന്റെ പൂർണതയ്ക്കായി അങ്ങേയറ്റം അർപ്പണബോധത്തോടെ ചേർന്നു നിൽക്കാൻ മനസുകാണിക്കുന്ന ഒരു നടി ഉണ്ടാകുന്നത് ഒരു സംവിധായകന്റെ ഭാഗ്യമാണ്. ശ്വേതാമേനോൻ എന്ന നടി ഒപ്പം നിന്നില്ലായിരുന്നുവെങ്കിൽ ബ്ലെസിക്ക് കളിമണ്ണ് ഇങ്ങനെ ഉണ്ടാക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഇത് ഒരു സംവിധായകന്റെ സിനിമ മാത്രമല്ല ചങ്കുറപ്പുള്ള ഒരു നടിയുടേയും കൂടി സിനിമയാണ്.
ഒരു നല്ല ആർട്ട് ഹൗസ് മൂവിക്കുള്ള എല്ലാ സാധ്യതകളും ഉള്ള ഒരു വിഷയമായിരുന്നെങ്കിലും കളിമണ്ണ് ജനപ്രിയ സിനിമയുടെ ഫോർമുലയുള്ള ഒരു സിനിമയാണ്. ആദ്യം എനിക്ക് അതേക്കുറിച്ച് ഒരതൃപ്തിയുണ്ടായിയെങ്കിലും പിന്നീടാലോചിച്ചപ്പോൾ സംവിധായകൻതിരഞ്ഞെടുത്ത വഴിയായിരുന്നു ശരിയെന്ന് തോന്നി. ഈ സിനിമ കാണേണ്ടത് ഫെസ്റ്റിവലുകളിൽ കളിക്കുന്ന സിനിമകൾ മാത്രം കാണുകയും മദ്യപാന സദസുകളിൽ വ്യാകരണം കൊണ്ടുബന്ധിപ്പിക്കാത്ത വാചകങ്ങൾ കൊണ്ട് ചർച്ചി(ദ്ദി)ച്ച് ആത്മരതി പൂകുകയും ചെയ്യുന്നവരല്ല. ഇത് കാണേണ്ടത് സാധാരണക്കാരാണ്. നിരത്തിൽ ജീവിക്കുന്നവർ. കളിമണ്ണിന് സാധാരണ ഇടിപ്പടങ്ങൾ കാണാനിഷ്ടപ്പെടുന്നവരെ മുഷിപ്പിക്കാത്ത ഭാഷയായതിനു കാരണം അതാവും. പ്രസവരംഗം കാണിക്കുന്നു എന്നാരോപിച്ച് തനിക്കും തന്റെ നായികയ്ക്കും നേരേ വാളോങ്ങിയവർക്ക് കൃത്യമായ മറുപടി നൽകുകയും ചെയ്യുന്നുണ്ട് ബ്ലെസി. പ്രസവ രംഗം സിനിമയ്ക്ക് അനിവാര്യമായിരുന്നു എന്നതുകൊണ്ടുതന്നെ ഒരു കലാകാരനെന്ന നിലയിൽ തന്റെ സത്യസന്ധതയിൽ കളങ്കമേൽക്കാതെ സൂക്ഷിക്കാനും ബ്ലെസിക്ക് കഴിഞ്ഞിട്ടുണ്ട്. യാതൊരാവശ്യവുമില്ലാതെ കപ്പ കപ്പ കപ്പ പുഴുങ്ങുന്നവരെ തൊള്ളപൊളിച്ചു വിഴുങ്ങുന്ന മലയാളി പ്രേക്ഷകന് കൃത്യമായ ബോധ്യത്തോടെ തന്റെ സിനിമയെ സമീപിച്ചിട്ടുള്ള ബ്ലെസിക്കെതിരെ ചെറുവിരൽ ഉയർത്താനുള്ള ധാർമിക അവകാശമില്ല.
ശ്വേതയ്ക്ക് കൊടുത്ത ശബ്ദം വല്ലാതെ മുഷിപ്പിച്ചു. മാധ്യമപ്രവർത്തകരും സിനിമാക്കാരൊഴികെയുള്ള എല്ലാ മനുഷ്യരും സിനിമാക്കാരെ അന്യഗ്രഹജീവികളെപ്പോലെയാണ് സമീപിക്കുന്നത് എന്ന മട്ടിലുള്ള അവതരണവും വിരസമായി. ആദ്യപകുതിയിൽ ബോറടിപ്പിച്ചു. എല്ലാ പോരായ്മകളും മറന്നുപോകുന്ന രീതിയിൽ രണ്ടാം പകുതിയിൽ സിനിമ അനുഭവവേദ്യമായി.
Friday, August 2, 2013
ലാപുട : കവിതയെ വായിക്കുമ്പോള്‍
സനൽ ശശിധരൻ
ഇത് ലാപുട അന്ധവിശ്വാസത്തിന്റെ അഞ്ചുകവിതകള്‍ എന്ന തന്റെ കവിതയ്കിക്കിട്ട മറുപടിക്കമന്റാണ്.എണ്ണം പറഞ്ഞ വാക്കുകളാലെഴുതുന്ന കൃശഗാത്രമായ കവിതകള്‍കൊണ്ട് അര്‍ത്ഥങ്ങളുടെ ആകാശം തുറന്നിടുന്ന കവിയാണ് ലാപുട.കവിതയെഴുതുക എന്ന പ്രക്രിയയെ അദ്ദേഹം എത്രമാത്രം വ്യത്യസ്തമായാണ് വീക്ഷിക്കുന്നതെന്ന് നോക്കുക.
* ഒന്നാമത്, അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടില്‍ കവിതയ്ക്ക് ഒരു ലോഹശരീരമാണുള്ളത്.കവിത മുല്ലപ്പൂവ് ചൂടിയ പെണ്‍കൊടിയാണെന്നും മഴവില്ലിന്റെ നിറമുള്ളവളാണെന്ന മട്ടിലുമൊക്കെയുമുള്ള ശുദ്ധഭോഷ്ക്കുകള്‍ക്ക് നേരെ തീര്‍ത്തും ധിക്കാരപരമായ ഒരു വീക്ഷണമാണിത്.
*രണ്ടാമത്തേത്, ജീവിതത്തിലേക്കും സമയത്തിലേക്കും കവിയെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന (എല്ലായ്പ്പോഴും തുറന്നു തന്നെയോ അടഞ്ഞുതന്നെയോ ഇരിക്കാത്ത) ഒരു ഉപാധിമാത്രമാണ് കവിത.ഈ കാഴ്ചപ്പാട്, കവിതയെഴുതുന്നവന്‍ ശ്രേഷ്ഠനാണെന്ന തരത്തില്‍ കവികള്‍ക്ക്
കല്‍പ്പിച്ചുകൊടുത്തിട്ടുള്ളതും, ഇല്ലാത്ത കിരീടം സ്വയം ചുമന്ന് ഇളിഭ്യരാകുന്ന മട്ടിലുള്ളതുമായ കവികളുടെ അപ്രമാദിത്വത്തെ വെല്ലുവിളിക്കുന്ന ഒന്നാണ്.താന്‍ ഒരു സാധാരണ മനുഷ്യനാണെന്നും കവിതയുടെ ലോഹശരീരത്തിന്റെ ഉത്തോലകധര്‍മ്മത്താല്‍ പുറത്തേക്കും അകത്തേക്ക്
തുറന്നടയുന്ന നിമിഷങ്ങളെമാത്രം ആശ്രയിച്ച് കവിയായി മാറുന്നവനാണെന്നും ഉള്ള വിശാലമായ ഒരു തുറന്നുപറച്ചിലാണത്.
*മൂന്നാമത്തേത്, കവിതക്ക് പേലവമായ സ്ത്രൈണശരീരമല്ലെന്നിരിക്കിലും, ഉരുക്കുകൊണ്ടുള്ള ലോഹശരീരമാണുള്ളത് എന്നിരിക്കിലും അതും നാശം സംഭവിക്കുന്നത് തന്നെ.കലാസൃഷ്ടി അനശ്വരമാണ് എന്ന വാദത്തെ ഖണ്ഡിക്കുന്ന ഒരു പ്രസ്താവനയാണിത്. വായനയിലൂടെ വന്നു നിറയുന്ന സ്നേഹം ഇല്ലായിരുന്നു എങ്കില്‍ കവിത തുരുമ്പിച്ചുപോകുമായിരുന്നു എന്ന് തുറന്നു പറഞ്ഞുകൊണ്ട് അര്‍ത്ഥപൂര്‍ണ്ണമായ വായനകള്‍ എഴുത്തിന്റെയും കലാസൃഷ്ടിയുടേയും നിലനില്‍പ്പിന് എത്രമാത്രം അനിവാര്യമാണ് എന്ന യാഥാര്‍ത്ഥ്യത്തെ കാട്ടിത്തരുകകൂടി ചെയ്യുന്നു ലാപുട.
*നാലാമതായും ആത്യന്തികമായും ഈ വാചകത്തില്‍ ഗുപ്തമായിരിക്കുന്ന ഒന്നുകൂടിയുണ്ട്.ഒരു ഗ്രാമീണപ്പെണ്‍കൊടിയെ മയക്കുന്നപോലെ കണ്ണും കയ്യും കാണിച്ച് എളുപ്പത്തില്‍ മെരുക്കിയെടുക്കാവുന്ന ഒന്നല്ല തന്റെ കവിതയെന്നും അതിന് ഉരുക്കിന്റെ സ്വഭാവമാണുള്ളതെന്നും അതിനാല്‍ മര്‍മ്മഭേദിയായ ഒരു ചുറ്റികപ്രഹരം കൊണ്ടെന്നപോലെ തികച്ചും ഏകാഗ്രമായ വായനയില്‍ക്കൂടി മാത്രമേ തന്റെ കവിതയെ ആസ്വദിക്കാന്‍ സാധിക്കൂ എന്നുമുള്ള ഒരു
ഓര്‍മ്മപ്പെടുത്തലാണത്.
തീര്‍ച്ചയായും വളരെ ആലോചിച്ചുറപ്പിച്ച് എഴുതിയ ഒരു കമെന്റാണിതെന്നൊന്നും പറഞ്ഞ് അപഹാസ്യനാകാന്‍ ഞാന്‍ തയ്യാറല്ല.ഒരു കവിതയിലെന്നപോലെ സത്യസന്ധമായ കാവ്യവീക്ഷണത്തിലേക്ക് ലാപുട തുറന്നടഞ്ഞപ്പോള്‍ സംഭവിച്ച ഒരു വെളിപാടുമാത്രമാവും ഇതും.എന്തു തന്നെയായാലും പരമ്പരാഗതമായ കാവ്യശൈലിയെ അദ്ദേഹം എന്തുകൊണ്ട് നിരസിക്കുന്നു എന്നും അകാല്‍പ്പനികവും ജീവിതത്തിന്റെ പാചകപ്പാത്രത്തില്‍ ഉണങ്ങി ഒട്ടിപ്പിടിച്ചതുമായ വാക്കുകള്‍കൊണ്ട് എന്തിന് കവിത തുന്നുന്നു എന്നതിനും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും അറിഞ്ഞോ അറിയാതെയോ ഉണ്ടായ, കരുത്തുറ്റ ഒരു വിശദീകരണം തന്നെയാണിത്.ഇതു വായിച്ചിട്ട് കവിത എന്ന വിജാഗിരിയിലൂടെ ജീവിതത്തിലേക്കും
സമയത്തിലേക്കും തുറക്കുകയും അടയുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യനാണ് കവി എന്ന് ആരെങ്കിലും നിര്‍വ്വചിച്ചാല്‍ അതില്‍ ഒരുതര്‍ക്കത്തിന് വഴിയുണ്ടാകുമെന്നു തോന്നുന്നില്ല.അത്രമാത്രം വിപുലമായ അര്‍ത്ഥങ്ങള്‍ ഈ രണ്ടുവരികളില്‍ സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുന്നുണ്ട്.ഒരു ലാപുട കവിതപോലെ മനോഹരമായ വീക്ഷണം.
Sunday, June 2, 2013
മൈഥുനം
സനൽ ശശിധരൻ
നഗ്നമായ വൃക്ഷങ്ങൾക്കും കീഴെ
ചാറ്റൽ മഴപെയ്ത പുൽത്തട്ടിനും
പരാഗണം കഴിഞ്ഞടർന്ന
പൂക്കൾക്കും മേലെ
സ്വയം മറന്നിണചേരുക എന്നതായിരുന്നു
പ്രണയകാലത്തെ ഏറ്റവും വലിയ സ്വപ്നം
ഇരുട്ട് മുറ്റിയ മേൽക്കൂരക്കും
കാതുകളുള്ള ചുവരുകൾക്കും കീഴെ
പിറുപിറുക്കുന്ന കിടക്കയ്ക്കും
പൂപ്പൽ മണക്കുന്ന
വസ്ത്രങ്ങൾക്കും മേലെ
ശ്വാസം പിടിച്ചടങ്ങുക എന്നതാണ്
വിവാഹശേഷമുള്ള കടുത്ത യാഥാർത്ഥ്യം.
Saturday, March 2, 2013
പ്രകോപിതരേ പുരോഗമനക്കാരേ ഒന്ന് തിരിഞ്ഞുനോക്കുക!
സനല്‍ ശശിധരന്‍
കുറച്ചു ദിവസം മുൻപ് നന്ദനാണ് 'ആഷിഖ് അബു വധം കഥകളി' ഫെയ്സ്‌ബുക്കിൽ തിമിർത്താടുന്ന വിവരം പറഞ്ഞത്. ആഷിഖ് അബു വിശ്വരൂപത്തെക്കുറിച്ച് കമലഹാസനേയും വിനയനേയും താരതമ്യം ചെയ്തത് എഴുതിയ ഒരു കമന്റായിരുന്നു പ്രകോപനകാരണമെന്ന് കേട്ടപ്പോൾ ഒരുപക്ഷേ കമലഹാസനെ താഴ്ത്തിക്കെട്ടിയതിലുണ്ടായ പ്രതികരണമാവാം എന്ന് ഊഹിച്ചിരുന്നു. യാത്രയിലായിരുന്നതിനാൽ നെറ്റ് കണക്ഷൻ ഇല്ലാത്തതുകാരണം കൂടുതലൊന്നും അറിയാൻ കഴിഞ്ഞിരുന്നില്ല. രണ്ടുദിവസം മുൻപ് സുധീർ പ്രേം ആണ് ആഷിഖ് അബുവിന്റെ കമെന്റ് എന്താണെന്ന് പകർത്തിത്തന്നത്. അതിങ്ങനെ:
"വിശ്വരൂപന്‍ കണ്ടു :) നിരോധിയ്ക്കപ്പെട്ടില്ലെങ്കില്‍ മുടക്കിയ മുതല്‍ വലിയ രീതിയില്‍ നഷ്ടമാകുമായിരുന്നു കമലഹാസന്...
യഥാര്‍ത്ഥ തീവ്രവാദികള്‍ ഈ സിനിമ കണ്ടു ചിരിച്ചു മരിയ്ക്കുന്നുണ്ടാവും...എന്റെ പോന്നു മുസ്ലീം മത നേതാക്കളേ...ദയവു ചെയ്തു ഈ സിനിമ ഒന്ന് കാണൂ..ഈ സിനിമയുടെ മലയാളം വെര്‍ഷന്‍ മുന്‍പ് വിനയന്‍ ചെയ്തിട്ടുണ്ട്..കാള പെട്ട് എന്ന് നിങ്ങള്‍ കേട്ടു...കയറു വിറ്റത് കമലഹാസന്‍...:) "
ഇന്ന് ആഷിഖ് അബുവിന്റെ പേജിൽ ഒന്ന് കയറി നോക്കിയപ്പോഴാണ് സംഗതിയുടെ കിടപ്പ് ഏതാണ്ടൊക്കെ മനസിലാകുന്നത്. റെയിൽവേ സ്റ്റേഷൻ പബ്ലിക് ടോയിലറ്റുകളിലെ ചുവരെഴുത്ത് ഓർമിപ്പിച്ചു അത്. മുകളിലത്തെ കമെന്റ് എത്ര തവണ വായിച്ചിട്ടും അതിൽ ഇത്രമാത്രം വികാരം കൊള്ളാൻ എന്താണുള്ളതെന്ന് മനസിലാവുന്നില്ല. ഇതൊരുപക്ഷേ ഞാനോ ഇതുവായിക്കുന്ന നിങ്ങളിലാരെങ്കിലുമോ പറഞ്ഞിരുന്നെങ്കിൽ ഒരുതരത്തിലും എതിർപ്പുണ്ടാവുമായിരുന്നു എന്നെനിക്ക് തോന്നുന്നില്ല. അപ്പോൾ എന്താണ് യഥാർത്ഥ പ്രശ്നം? ആലോചിച്ചാൽ വല്ലാത്ത നിരാശയും അസ്വസ്ഥതയുമുണ്ടാക്കുന്ന ഒരു മാനസികാവസ്ഥയാണ് പിന്നിൽ കളിക്കുന്നതെന്ന് കാണാം. ആഷിഖ് അബു എന്ന താരതമ്യേന തുടക്കക്കാരനായ സിനിമാക്കാരൻ കമലഹാസൻ എന്ന ലബ്ധപ്രതിഷ്ഠനായ മറ്റൊരു സിനിമാക്കാരന്റെ സിനിമയെക്കുറിച്ച് അഭിപ്രായം പറഞ്ഞു എന്നതാണ് പ്രകോപനമുണ്ടാക്കിയ ഒരു സംഗതി. ഒരു സിനിമ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും അയാളുടെ വ്യക്തിപരമായ കാര്യവും സ്വാതന്ത്ര്യവുമാണ്. കമലഹാസന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് തൊണ്ടപൊട്ടിക്കുന്നവർ ആഷിഖ് അബുവിന് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാൻ തെറിപ്പുസ്തകം തുറക്കുന്നത് അപഹാസ്യമാണ്. ഒരു സിനിമാക്കാരൻ മറ്റൊരു സിനിമയെക്കുറിച്ച് അത് നല്ലതായാലും ചീത്തയായാലും ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും അഭിപ്രായം പറയുന്നുവെങ്കിൽ ഗംഭീരമെന്ന് മാത്രമേ പറയാവൂ എന്നും അതല്ലെങ്കിൽ ചില നടികൾ ഇന്റർവ്യൂവിൽ ചെയ്യുമ്പോലെ ഇഷ്ടങ്ങളെ എണ്ണമെഴുക്കിട്ട് എങ്ങോട്ടും ചാടാവുന്ന സർക്കസ് കോമാളിയാക്കി മാറ്റിക്കോണമെന്നും അതുമല്ലെങ്കിൽ മൗനം പാലിക്കണമെന്നുമുള്ള അലിഖിത സദാചാര നിയമം നിലവിലുണ്ട്. അത് ലംഘിക്കപ്പെട്ടതിൽ കപടസദാചാരവാദികൾക്കുണ്ടായ മുറിവാണ് ആഷിഖ് അബുവിനെതിരായുണ്ടായ തെറിവിളികൾക്ക് ഒരു കാരണം. ഇത് ഏതൊരു അലിഖിത സദാചാര നിയമവും ലംഘിക്കപ്പെടുമ്പോൾ (സ്ത്രീകൾ പരമ്പരാഗതമായ വസ്ത്രങ്ങൾ മാറ്റിയണിയുമ്പോൾ, യുവാക്കൾ ജാതിവിട്ട് പ്രണയിക്കുമ്പോൾ, രാത്രിവൈകി പെൺകുട്ടികൾ റോഡിലിറങ്ങുമ്പോൾ) ഒക്കെ സംഭവിക്കുന്നതിന് തുല്യമാണ്. തികച്ചും സമൂഹത്തിന്റെ പുരോഗതിക്ക് കുറുകേ കിടക്കുന്ന പടുമരം.
എന്നാൽ പ്രകോപനം ആളിക്കത്തിക്കാനുണ്ടായ രണ്ടാമത്തെ കാരണമാണ് കൂടുതൽ ഗൗരവമുള്ളതും ഭീതിയുണർത്തുന്ന ഒരു സാമൂഹിക ഉപബോധത്തെക്കുറിച്ച് എന്നെ അസ്വസ്ഥനാക്കുന്നതും. ഒരു പക്ഷേ ഈ അഭിപ്രായം പറഞ്ഞിരുന്നത് ആഷിഖ് അബു എന്ന മുസ്ലീം നാമധാരിയായ സിനിമാക്കാരനല്ലായിരുന്നു എങ്കിൽ തെറിവിളികൾ, ചെളിവാരിയേറുകൾ ഒക്കെ ഇത്രമാത്രം രൂക്ഷമാകുമായിരുന്നോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഇല്ല എന്നുതന്നെയാണ് എത്ര തവണ ചിന്തിച്ചിട്ടും എനിക്ക് തോന്നുന്നത്. ആഷിഖ് അബു എഴുതിയതിൽ അത്രമാത്രം വൈകാരികമായി ആരെയും മുറിവേൽപിക്കുന്ന യാതൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല. യഥാർത്ഥ തീവ്രവാദികളെ സംബന്ധിച്ച് ചിരിക്കാനുള്ള വകകൾ വിശ്വരൂപം എന്ന വാണിജ്യ സിനിമയിൽ ഉണ്ട് എന്നുതന്നെയാണ് എനിക്കും തോന്നുന്നത്. കാരണം ഒരുപക്ഷേ അവരുടെ കയ്യിലുള്ള കുടിലതകൾ, മനുഷ്യവിരുദ്ധമായ പ്രവൃത്തികൾ, വിജ്ഞാനത്തിന് പുറം തിരിഞ്ഞു നിൽക്കാനും മനുഷ്യനെ മൃഗതുല്യമാക്കി മാറ്റാനുമുള്ള തന്ത്രങ്ങൾ ഒന്നും ഒരു ശതമാനം പോലും ആഴത്തിൽ കാണിക്കാൻ കമലഹാസന്റെ വിശ്വരൂപത്തിനു കഴിഞ്ഞിട്ടുണ്ടാവില്ല. ഒരു വാണിജ്യ സിനിമയായതിനാൽ തന്നെ യൂ ട്യൂബിലൂടെ നാം കണ്ടുപരിചയിച്ച കഴുത്തറുപ്പും, പത്രങ്ങളിൽ വായിച്ചറിഞ്ഞ വിജ്ഞാന വിരോധവും കാലുഷ്യങ്ങളും മാത്രം മതി വിറ്റുപോകാനുള്ള ഒരു സിനിമയുണ്ടാക്കാൻ എന്ന് കമലഹാസനു ബോധ്യമുണ്ടായിരുന്നിട്ടുണ്ടാകും. അതുകൊണ്ട് തന്നെ യഥാർത്ഥ തീവ്രവാദികൾ കമലഹാസന്റെ സിനിമ തങ്ങളുടെ യഥാർത്ഥ ലോകത്തിൽ നിന്ന് എത്ര അകലെയാണെന്നോർത്ത് ചിരിക്കുന്നുമുണ്ടാകും. ഇപ്പറഞ്ഞതിൽ എന്താണ് തെറ്റ്?
"എന്റെ പൊന്നു മുസ്ലീം മത നേതാക്കളെ ദയവു ചെയ്ത് ഈ സിനിമ കാണൂ..ഈ സിനിമയുടെ മലയാളം വെർഷൻ മുൻപ് വിനയൻ ചെയ്തിട്ടുണ്ട്" ഇതിൽ ഒരു തെറ്റുണ്ട് ഈ സിനിമയുടെ മലയാളം വെർഷൻ വിനയൻ മാത്രമല്ല അമൽ നീരദും ചെയ്തിട്ടുണ്ട്. അവരൊക്കെ ചെയ്തുവച്ചതിന്റെ നൂറിരട്ടി സാങ്കേതിക മികവോടെ കമൽ അത് ചെയ്തു എന്നത് പറയാൻ ആഷിഖ് അബു വിട്ടുപോയി എന്നതും പിശകാണ്. പക്ഷേ അയാൾ സിനിമ മുസ്ലീം വിരുദ്ധമാണെന്നോ അത് നിരോധിക്കപ്പെടേണ്ടതാണെന്നോ പറഞ്ഞിട്ടില്ല. അങ്ങനെയൊരു ധ്വനിപോലുമില്ല. പിന്നെന്തുകൊണ്ട് ഈ ഒച്ചപ്പാട്? കാരണം വ്യക്തമാണ്. അയാൾ ഒരു മുസ്ലീമാണ്. ഒരു മുസ്ലീം, മുസ്ലീം മത നേതാക്കൾ എതിർപ്പുന്നയിച്ച ഒരു സിനിമയെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ അതിനെതിരെ തന്നെയായിരിക്കും സംസാരിക്കുക എന്ന മുൻവിധിയാണ് ഇവിടെ തേരു തെളിക്കുന്നത്.
ഓർത്താൽ നാം കടന്നുപോകുന്നത് വിഷമയമായ ഒരു കാലത്തിലൂടെയാണ്. മുസ്ലീം ചിഹ്നങ്ങളും, അതിന്റെ പേരിൽ നടക്കുന്ന മനുഷ്യവിരുദ്ധവും തീവ്രവാദപരവുമായ പ്രഹസനങ്ങളും ഒരു സിനിമയിൽ വിഷയമായാൽ അത് മുസ്ലീം വിരുദ്ധമാണെന്ന് മുസ്ലീങ്ങൾ മുൻവിധിക്കുന്നു. സിനിമ കാണാതെ അതിനെതിരേ തെരുവിലിറങ്ങുന്നു. തിയേറ്ററുകൾ തകർക്കുമെന്ന് ഭയപ്പെടുത്തുന്നു. അതേക്കുറിച്ചുള്ള വിഷയത്തിൽ ഒരു മുസ്ലീം നാമധാരി അഭിപ്രായം പറഞ്ഞാൽ അത് മുസ്ലീങ്ങളുടെ മുൻവിധിയെ പിന്താങ്ങുന്നതും പക്ഷപാതപരവുമാണെന്ന് എതിർപക്ഷം മുൻവിധിക്കുന്നു...ഭീകരം.. പുറമേ ചിരിക്കുമ്പോഴും നമ്മുടെ ഉള്ളിൽ നാം രാകിവെയ്ക്കുന്ന കത്തിയുടെ ശീൽക്കാരമാണ് ഇവിടെയൊക്കെ ഉയർന്നു കേൾക്കുന്നത്. പ്രകോപിതരേ പുരോഗമനക്കാരേ ഒന്ന് തിരിഞ്ഞു നോക്കുക, ഉള്ള് ചികഞ്ഞു നോക്കുക, അവസരം കിട്ടുമ്പോൾ അഴിച്ചുവിടാൻ ഒരു വർഗീയലഹള നാം ഉള്ളിൽ പോറ്റി വളർത്തുന്നുണ്ടോ ... :(
Wednesday, December 5, 2012
ബസ് സ്റ്റാൻഡിലെ ആൾക്കൂട്ടം
തങ്ങളാണ് ഞാനെന്ന്
എന്റെ കൈവിരലുകൾ അഹങ്കരിക്കുന്നുണ്ട്
കാൽ വിരലുകളും ഒട്ടും പിന്നിലല്ല അക്കാര്യത്തിൽ.
ഞാൻ താനാണെന്ന് എന്റെ തലയ്ക്കുമുണ്ട് തോന്നൽ
കണ്ടില്ലേ തലയെടുപ്പ്!
എന്തിന് തലയെ കുറ്റം പറയണം,
ഞാനെന്ന് പറയുമ്പോൾ
നെഞ്ച് എത്രമാത്രം വിരിയുന്നു എന്ന് നോക്കൂ.
മുഷ്ടിക്കും
നട്ടെല്ലിനും
പൊഴിഞ്ഞുപോകുന്ന മുടിക്കും
മുറിച്ചെറിയുന്ന നഖങ്ങൾക്കും വരെ അതേ തോന്നലുണ്ട്,
ഞാൻ അവറ്റയാണെന്ന്.
എന്തൊരു തമാശയാണ്!
ബസ് സ്റ്റാൻഡിലെ ജനക്കൂട്ടം പോലെയുണ്ട്,
വാസ്തവത്തിൽ ഈ ഞാൻ.
ബസ് കാത്ത് നിൽക്കുകയാണ്.
ബസ് വരുന്നതുവരെ ഒരൊറ്റ ജനത
നിമിഷങ്ങൾക്കപ്പുറം
പലവഴികളിലേക്ക് പിരിഞ്ഞുപോകുന്ന ആൾക്കൂട്ടം..
എന്തൊരു ശൂന്യതയാണ് അൽപ്പസമയത്തിനകം
വരാനിരിക്കുന്നത് അല്ലേ...
Tuesday, October 30, 2012
നിമിഷങ്ങൾ | Instants
സനൽ ശശിധരൻ
എനിക്കെന്റെ ജിവിതം വീണ്ടും ജീവിക്കാനാവുമെങ്കിൽ
അടുത്തതവണ ഞാൻ കൂടുതൽ തെറ്റുകൾ ചെയ്യാൻ ശ്രമിക്കും
അത്രയധികം പൂർണനായിരിക്കാൻ ബദ്ധപ്പെടാതെ
ഞാൻ കൂടുതൽ വിശ്രാന്തനാവും
ഇപ്പോഴുള്ള എന്നേക്കാൾ -
മുഴുവൻ ഞാനായിരിക്കും ഞാൻ.
കുറച്ചുമാത്രം കാര്യങ്ങളിൽ ഗൌരവിയാവും
കുറച്ചുമാത്രം വൃത്തിയുള്ളവനാവും
കൂടുതൽ എടുത്തുചാട്ടക്കാരനാവും
കൂടുതൽ യാത്രകൾ പോകും
കൂടുതൽ അസ്തമയസൂര്യന്മാരെ കാണും
കൂടുതൽ പർവതങ്ങൾ കയറും
കൂടുതൽ പുഴകളിൽ നീന്തും
ഇനിയും പോയിട്ടില്ലാത്ത
അനവധി സ്ഥലങ്ങളിൽ ഞാൻ പോകും
കുറച്ചുമാത്രം തലച്ചോറും
കൂടുതൽ ഐസ്ക്രീമുകളും തിന്നുതീർക്കും ഞാൻ
ഭാവനാസൃഷ്ടമായ കുഴപ്പങ്ങളേക്കാൾ
കൂടുതൽ യാഥാർത്ഥ്യപ്രശ്നങ്ങൾ എനിക്കുണ്ടാവും
ഓരൊ നിമിഷവും, സൂക്ഷ്മമായി ചിന്തിച്ചുറപ്പിച്ച് -
ജീവിതം നയിച്ചിരുന്നവരിൽ
ഒരാളായിരുന്നു ഞാൻ
തീർച്ചയായും എനിക്കുമുണ്ടായിരുന്നു
സന്തോഷമുള്ള നിമിഷങ്ങൾ
പക്ഷേ എനിക്കു തിരിച്ചുനടക്കാനായെങ്കിൽ
നല്ല നിമിഷങ്ങൾ മാത്രമുണ്ടാവാൻ ഞാൻ ശ്രമിക്കും
എന്തുകൊണ്ടുള്ളതാണ് ജീവിതമെന്നറിയുന്നില്ല നിങ്ങളെങ്കിൽ
‘ഇക്ഷണം’ നിങ്ങൾ നഷ്ടമാക്കരുത്.....
ഞാനും അവരിലൊരാളായിരുന്നു..
ഒരു തെർമോമീറ്റർ,
ഒരു കുപ്പി ചൂടുവെള്ളം,
ഒരു കുടയുടെ തണൽ,
ഒരു പാരച്ച്യൂട്ടിന്റെ സുരക്ഷ,
ഇവയില്ലാതെ എങ്ങും യാത്രപോകാത്തവരിലൊരാൾ
എനിക്കു വീണ്ടും ജീവിക്കാനായെങ്കിൽ
ഞാൻ വെറും കയ്യോടെ യാത്രചെയ്യും
എനിക്കും വീണ്ടും ജീവിക്കാനായെങ്കിൽ
വസന്താരംഭം മുതൽ
ശരത്കാലാന്തം വരെ
നഗ്നപാദനായി ഞാൻ മണ്ണിൽ ജോലിചെയ്യും
കൂടുതൽ കാളവണ്ടികൾ ഓടിക്കും
കൂടുതൽ സൂര്യോദയങ്ങൾ കാണും
കൂടുതൽ കുട്ടികൾക്കൊപ്പം കളിക്കും
പക്ഷേ....എനിക്ക് ജീവിക്കാൻ ജീവിതം
മിച്ചമുണ്ടായിരുന്നെങ്കിൽ....
എനിക്കിപ്പോൾ എൺപത്തഞ്ചായി..
എനിക്കറിയാം, ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണ്..
Thursday, August 2, 2012
ഒരു സ്മരണകവിത
അവന്‍ മരിക്കാന്‍ കിടന്ന രാത്രിയെക്കുറിച്ച് ഓര്‍ക്കുകയാണ്..
അവന്‍ മരിക്കാന്‍ കിടന്ന-
ആശുപത്രി ഇടനാഴിപോലെ നീണ്ടുനേര്‍ത്ത രാത്രി..
മുറിച്ചുപങ്കുവെയ്ക്കാത്ത ഒരു മുഴുവന്‍ തണ്ണിമത്തന്‍ പോലെ
സമയം വളര്‍ന്നുവളര്‍ന്ന് മറ്റൊരു പ്രപഞ്ചഗോളമായി..
ഇടനാഴിയില്‍ ഞാന്‍ ഒറ്റയ്ക്ക്
അതിനെ അങ്ങറ്റം ഇങ്ങറ്റം ഉരുട്ടിക്കളിച്ചു..
ഉള്ളില്‍ അവന്‍ മരണത്തിന്റെ പൂര്‍ണഗര്‍ഭം..
സുഖമായി മരിക്കുമോ അതോ
ഒരിക്കലും ഉണരാത്ത ഒരു ചാപിള്ളയെ അവര്‍ കീറിയെടുക്കുമോ..
വേവലാതി എന്നെ പുണര്‍ന്ന് ശ്വാസം മുട്ടിച്ചു.
ചാറ്റുകളില്‍ അവന്റെ അപരനാമം പോപ്പപ്പ് ചെയ്ത്
ഉടഞ്ഞു വീണ വളച്ചില്ലുപോലുള്ള അടയാളങ്ങള്‍ തീര്‍ത്തു.
എന്റെ ഫോണിന്റെ അങ്ങേത്തലയ്ക്കല്‍
ഒറ്റത്തടിവൃക്ഷം മഴയിലെന്നപോലെ
ഒരു പെണ്‍കരച്ചില്‍ ഉലഞ്ഞുകൊണ്ടിരുന്നു.
അവന്റെ അവസാനത്തെ കവിതയിലെ ഹമ്മര്‍
ചെവിതകര്‍ത്തുകൊണ്ട് എന്റെ ചുറ്റും മുരണ്ടുനടന്നു.
ഞാനെന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു,
അവന്‍ മരിക്കും ഒരു സുഖമരണം മരിക്കും..
എനിക്കങ്ങനെ പറയാമല്ലോ അവനെനിക്കാരുമല്ലല്ലോ..
എങ്കിലും അവന്റെ മരണ വാര്‍ത്ത,
എന്നെ തണുത്തകാറ്റുപോലെ വന്ന് തൊട്ടപ്പോള്‍
ഒരു വെള്ളച്ചാട്ടത്തിനടിയില്‍ അറിയാതെ
കാല്‍വഴുതിവീണുപോയപോലെ ഒരു കരച്ചില്‍
നേരെ നെഞ്ചിലേക്ക് ഇടിഞ്ഞുവീണു.
ഏറെ നേരം അതിനടിയില്‍ ഒരേ കിടപ്പു കിടന്നു
പിന്നെ ഒഴുക്കിനൊത്ത് വാര്‍ന്നുപോയി..
Monday, July 2, 2012
ഹലോപ്പതി...!
സനൽ ശശിധരൻ
ഏഴെട്ടുമാസം വരും എന്റെ അയല്‍ക്കാരിയായ പെണ്‍കുട്ടി പനിവന്നു മരിച്ചിട്ട്. പനി നാലഞ്ചു ദിവസം കുറയാതെ നിന്നപ്പോള്‍ അവളുടെ അച്ഛനമ്മമാര്‍ നെയ്യാറ്റിന്‍കര ഗവ. ജില്ലാ ആശുപത്രിയില്‍ കുട്ടിയേയും കൊണ്ട് പോയിരുന്നു. അധികം പരിശോധനകളൊന്നും നടത്താതെ സാധാരണ ആന്റി ബയോട്ടിക്കുകളും പാരാസെറ്റമോളും കൊടുത്ത് അവളെ ഡോക്ടര്‍ വീട്ടിലേക്കയച്ചു. പനി കുറഞ്ഞില്ല. നില വഷളായപ്പോള്‍ അവര്‍ പിറ്റേന്ന് വീണ്ടും ആശുപത്രിയിലേക്ക് പോയി. അന്നും അതുതന്നെ സംഭവിച്ചു. പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് അവളെ അഡ്മിറ്റ് പോലും ചെയ്യാതെ ഡോക്ടര്‍ മടക്കി അയച്ചു. വീട്ടിലെത്തിയപ്പോള്‍ കുട്ടി ചോര ഛര്‍ദ്ദിച്ചു കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു. വിദ്യാഭ്യാസമൊന്നുമില്ലാത്ത, കൂലിപ്പണിചെയ്ത് അന്നന്നത്തെ അന്നം നേടുന്ന മാതാപിതാക്കള്‍ നിലവിളിക്കുക മാത്രം ചെയ്തു. ഡോക്ടര്‍ക്കെതിരെ, ചികിത്സാപ്പിഴവുകളുടെ ചൂണ്ടുവിരല്‍ കത്തിയെങ്കിലും അത് ഉടന്‍ തന്നെ കെട്ടു. പരാതിയുണ്ടെങ്കില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടിവരും എന്ന ഒറ്റ വാചകത്തില്‍ പരാതിയില്ല എന്ന് അവര്‍ ഒപ്പിട്ടുകൊടുത്തു. പിന്നീടതേക്കുറിച്ചവരോട് സംസാരിച്ചപ്പോള്‍ കുട്ടിയുടെ ശരീരം കീറിമുറിക്കുന്നത് സഹിക്കില്ലാത്തതുകൊണ്ടാണ് അന്നങ്ങനെ ചെയ്തതെന്ന് അവര്‍ പറഞ്ഞു.
ഇതിപ്പോള്‍ പറയുന്നത്, നമ്മുടെ അലോപ്പതി ചികിത്സാ സമ്പ്രദായങ്ങള്‍ സാധാരണക്കാരനെ എത്രമാത്രം ശ്രദ്ധയോടെയാണ് ചികിത്സിക്കുന്നതെന്ന് ഓര്‍മിപ്പിക്കാനാണ്. പണവും സ്വാധീനവുമുണ്ടെങ്കില്‍, അത്യാവശ്യം നാവുയര്‍ത്തി സംസാരിക്കാനുള്ള കെല്പെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ സര്‍ക്കാരാശുപത്രികളില്‍ മാന്യമായ ചികിത്സ ലഭിക്കൂ എന്നതാണവസ്ഥ. മാസത്തില്‍ ഒന്നുരണ്ടുതവണയെങ്കിലും സര്‍ക്കാരാശുപത്രികളില്‍ പോകേണ്ടിവരുന്നതുകൊണ്ട് നേരിട്ടറിയാം. രോഗം ഒരു കുറ്റമാണെന്ന മട്ടിലാണ് രോഗികളോടുള്ള പെരുമാറ്റം. നൂറും ഇരുനൂറും രോഗികള്‍ കിടക്കുന്ന വാര്‍ഡുകളില്‍ ആകെയുണ്ടാവുക രണ്ടോ മൂന്നോ സിസ്റ്റര്‍മാരാകും. ഒരിക്കല്‍ സര്‍ക്കാരാശുപത്രിയില്‍ പോയിട്ടുള്ളവര്‍ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ സ്വകാര്യ ആശുപത്രിയിലേ പോകൂ. സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ കഴിവില്ലാത്തവര്‍ ഒരു വഴിയുമില്ലെങ്കിലേ ആശുപത്രിയില്‍ തന്നെ പോകണമെന്ന് ചിന്തിക്കൂ. ആശുപത്രിയില്‍ പോകും മുന്‍പ് തന്നെ മനസു തയാറെടുത്തിരിക്കും, എത്ര വലിയ അവഗണനയും സഹിക്കാന്‍, എത്ര വലിയ അനീതിയ്ക്കും കണ്ണടയ്ക്കാന്‍. ഇതാണവസ്ഥ. ഇതു പക്ഷേ സാധാരണക്കാരന്റെ കാര്യം മാത്രമാണ്. കയ്യില്‍ കാശുള്ളവന് ഇതൊന്നും ഒരു പ്രശ്നമല്ല. അവന്റെ സങ്കല്പത്തിലെ ആശുപത്രിയുടെ അകത്തളം ടിവിയും എസിയുമുള്ള ഒരു വിശ്രമമുറിയായിരിക്കും. അവന്‍ രോഗം വരുന്നതിനു മുന്നേ ആശുപത്രി സ്വപ്നം കാണാന്‍ ഇഷ്ടപ്പെടുന്നവനാകും.
സാധാരണക്കാരന്‍ പനിമുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങളില്‍ അലോപ്പതിയല്ലാതെ മറ്റെന്തെങ്കിലും ശമനമാര്‍ഗമുണ്ടോ എന്ന് തേടിപ്പോകുന്നത് ഇങ്ങനെയൊരവസ്ഥയിലാണ് . മന്ത്രവാദം മുതല്‍ ഗോമൂത്രം വരെയും ലാടം മുതല്‍ ഹോമിയോപ്പതി വരേയുമുള്ള എല്ലാത്തിനും അവന്‍ തലവെച്ചുകൊടുക്കുന്നതും മറ്റൊന്നുകൊണ്ടുമല്ല. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തത് എന്നതുകൊണ്ടുമാത്രം അവന്‍ ഒന്നിനേയും നിഷേധിക്കുകയില്ല. ഉടന്‍ മരിച്ചുപോകുന്ന വിഷമൊഴികെ എല്ലാം സസന്തോഷം സ്വന്തം ശരീരത്തില്‍ പ്രയോഗിക്കാന്‍ അവന്‍ തയാറാകും. അതിന്റെ പേരില്‍ അവനെ അധിക്ഷേപിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നവര്‍ ഒരു നിമിഷമെങ്കിലും അവന്റെ ആശുപത്രിയാതനകളിലൂടെ കടന്നുപോകണം. അതറിഞ്ഞു കഴിഞ്ഞാല്‍, അലോപ്പതിയല്ലാതെ, ആശുപത്രിയില്‍ പോകാതെ, അല്ലെങ്കില്‍ ആശുപത്രിയില്‍ പോയാലും അധികനാള്‍ കഴിയേണ്ടിവരാതെ രോഗം മാറുമോ എന്ന അന്വേഷണങ്ങള്‍ അവന്റെ ഭാഗത്തു നിന്നുണ്ടാകുന്നതില്‍ തെറ്റുപറയാന്‍ കഴിയാതെ വരും. രോഗത്തിന് സ്വന്തമായി മെഡിക്കല്‍ സ്റ്റോറില്‍ പോയി മരുന്നു വാങ്ങിക്കഴിക്കുന്നതും, ചുറ്റുവട്ടത്തെ പച്ചിലകളില്‍ നിന്നും മരുന്നുകണ്ടെത്താന്‍ ശ്രമിക്കുന്നതും രണ്ടായി കാണണം. ഒറ്റമൂലികളെന്ന് വിളിച്ചു കളിയാക്കുന്ന ചിലതിലെങ്കിലും ചില്ലറ അസുഖങ്ങളെ ഭേദമാക്കാനുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട് എന്ന് ഇപ്പറയുന്ന ശാസ്ത്രീയമായിത്തന്നെ തെളിയിച്ചിട്ടുണ്ടല്ലോ. അത് തുളസിയിലക്കഷായമായിക്കോട്ടെ ചുക്കുകാപ്പിയായിക്കോട്ടെ അലോപ്പതിക്കെതിരെയുള്ള വെല്ലുവിളിയായല്ല, പ്രകൃതിയില്‍ നിന്ന് പുതിയ അറിവുകള്‍ നേടാനുള്ള സാഹസമായി കരുതുന്നതാണ് നല്ലത്. അത്തരം സാഹസങ്ങള്‍ മനുഷ്യന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഗുണം ചെയ്യുകയേ ഉള്ളു.
അലോപ്പതിമാത്രമാണ് ശാസ്ത്രീയമെന്ന രീതിയിലുള്ള വാദമുഖങ്ങളുന്നയിക്കുന്നവര്‍ ആയുര്‍വേദവും, സിദ്ധയും, യുനാനിയും, ഹോമിയോപ്പതിയും എന്തിന് ലാട വൈദ്യവും നാട്ടുവൈദ്യവും വരെയുള്ള ചികിത്സാ രീതികളില്‍ മരുന്നുകൊണ്ട് രോഗം മാറുന്നോ എന്നല്ല, മരുന്നിന് ശാസ്ത്രീയമായ തെളിവുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ചുക്കുകാപ്പികൊണ്ട് പനിമാറും എന്നു പറയുമ്പോള്‍ പനിമാറുമോ എന്നല്ല ചുക്കിന് ശാസ്ത്രീയതയുണ്ടോ എന്നാണവര്‍ ചോദിക്കുക. അത്തരം ചോദ്യങ്ങള്‍ തീര്‍ച്ചയായും നല്ലതു തന്നെ. ചുക്കിന്റെ ശാസ്ത്രീയത കണ്ടെത്താനുള്ള ഒരു വാതിലാണതെങ്കില്‍ . എന്നാല്‍ സംഭവിക്കുന്നത് മിക്കപ്പോഴും മറിച്ചാണ്. ചുക്കു വാദികളും ചുക്ക് വിരുദ്ധരും എന്ന രണ്ടു തട്ടില്‍ അണിനിരന്ന് ചുക്ക് ഗുണങ്ങളും ചുക്കു ദോഷങ്ങളും തമ്മിലുള്ള യുദ്ധമായി അത് മാറും. വിജയത്തിനായി ഗുണങ്ങളെ തമസ്കരിക്കാനും ദോഷങ്ങളെ പെരുപ്പിച്ചു കാട്ടാനും ഒരുപക്ഷം ശ്രമിക്കും മറുപക്ഷം തിരിച്ചും.
അലോപ്പതിക് മരുന്നുകള്‍ പരിശോധിച്ചുറപ്പുവരുത്തുന്ന അതേ സമ്പ്രദായം കൊണ്ട് ഇതര ചികിത്സാരീതികളിലെ മരുന്നുകള്‍ പരിശോധിച്ചുറപ്പുവരുത്തണമെന്ന് ശഠിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്ന് മനസിലാകുന്നില്ല. നിശ്ചയമായും അലോപ്പതി അതിന്റെ കൃത്യതകൊണ്ടും ശാസ്ത്രീയമായി പരീക്ഷിച്ചുറപ്പിക്കലിനുള്ള അതിന്റെ മാര്‍ഗങ്ങള്‍ കൊണ്ടും മരുന്നുശാസ്ത്രങ്ങളില്‍ മുകള്‍ത്തട്ടില്‍ തന്നെയാണ്. എന്നാല്‍ അതിന്റെ രീതികളില്‍ നിന്നും വളരെ വ്യത്യസ്തമായ മറ്റ് ചികിത്സാ പദ്ധതികളൊക്കെ അലോപ്പതി പിന്തുടരുന്ന അതേ മാര്‍ഗങ്ങളിലൂടെത്തന്നെ തങ്ങളുടെ ശാസ്ത്രീയത തെളിയിക്കണമെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം? ഒരു പ്രത്യേകതരം രാസവസ്തു ഒരു രോഗത്തിന് ഉപയോഗിക്കാമോ എന്നും അതിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്നും പരിശോധിക്കുന്ന അതേ രീതിയില്‍ തന്നെ, ഒരു പ്രത്യേകതരം ഭക്ഷണം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്തുകൊണ്ട് ഒരു രോഗം ചികിത്സിക്കാം എന്നവകാശപ്പെടുന്ന ഒരു ചികിത്സാ പദ്ധതിയിലെ മരുന്നുകള്‍ പരിശോധിക്കണമെന്നുണ്ടോ? അതു പ്രത്യേകിച്ചും തലമുറകളായി ആളുകള്‍ ഉപയോഗിച്ചു വരുന്നതോ, പെട്ടെന്ന് കുറച്ചുപേര്‍ സ്വമനസാലെ സാഹസം പോലെ സ്വയം പരീക്ഷണവസ്തുവായിക്കൊണ്ട് അനുഭവങ്ങളിലൂടെ തെളിയിച്ചതോ ആണെങ്കില്‍..?
Thursday, June 7, 2012
വിരലിനോടും രോമങ്ങളൊടും ഇരുട്ടിനോടും
ഇരുട്ടില്‍ മുഖം തലോടുമ്പോള്‍
രോമങ്ങളോട് വല്ലാതെ വാത്സല്യം തോന്നി
കാലപ്പഴക്കം വന്ന കല്‍പ്രതിമയുടെ
അടര്‍ന്നു വീണ ശിരസിലേതുപോലെ
മാഞ്ഞു പോയ കണ്ണുകളുടെ സ്ഥാനം അടയാളമിടുന്ന
പൊളിഞ്ഞ വേലി, പുരികരോമങ്ങള്‍ ..
ചുണ്ടുകളിലുണങ്ങിയ ചുംബനപ്പാടുകളിലുരുമ്മി നില്‍ക്കുന്ന
വളര്‍ത്തു പൂച്ചകള്‍ , മീശരോമങ്ങള്‍ ..
ഇരുട്ടില്‍ ഇഴജന്തുക്കള്‍ ഇരതേടുമ്പോലെ
വിരലുകള്‍ അരിച്ചരിച്ച് താടിരോമങ്ങളിലേക്ക് കയറുമ്പോള്‍
ഉള്ളില്‍ ഉള്ളിന്റെയുള്ളില്‍ നിന്നെന്നെ പിടികിട്ടിയതിന്റെ
പിടപ്പുടഞ്ഞു, ഒരു കരച്ചിലിന്റെ വഴുവഴുപ്പുണര്‍ന്നു..
വിരലിനോടും രോമങ്ങളോടും
ഇരുട്ടിനോടും വാത്സല്യം തോന്നി..
ഞാനെന്റെ മുഖം നെഞ്ചോടുചേര്‍ത്തു കിടന്നു.
Thursday, May 3, 2012
ഐക്യരാഷ്ട്രസഭ
പാചകം ചെയ്യുന്ന
പുരുഷന്മാരുടെ
ഐക്യരാഷ്ട്ര സഭ
സമ്മേളിച്ചിരിക്കുകയാണ്.
സ്ത്രീകളെക്കുറിച്ചുള്ള
വേവലാതികളാണിവിടെ
മുഖ്യമായ ചര്‍ച്ചാവിഷയം.
വിഷയത്തിന്റെ
തീവ്രത ആലേഖനം ചെയ്ത
പുസ്തകങ്ങള്‍,ടെലിഫിലിമുകള്‍
വീഡിയോ ക്ലിപ്പിങ്ങുകള്‍ എല്ലാം
കുറഞ്ഞ വിലക്ക് കിട്ടും.
ദരിദ്രനായ ഏതോ
ഫിലിപ്പീനിയുടെ
സുന്ദരിയായ പെങ്ങളാണ്
എന്റെ മൊബൈല്‍ ഫോണില്‍
നാലുപേര്‍ക്കൊപ്പം തന്റെ
സുഖദുഃഖങ്ങള്‍ പങ്കുവൈക്കുന്നത്.
ഭാരതീയനായ
ഏതോ മകന്റെ
നിരാലംബയായ
അമ്മയാണ് വസ്ത്രങ്ങളുടെ
അഭാവത്തിലും ചിരിച്ചുകൊണ്ട്
അയല്‍ക്കാരായ ബംഗാളികളുടെ
അലമാരച്ചുവര്‍ അലങ്കരിക്കുന്നത്.
പലായനം ചെയ്ത
ഏതോ ഇറാഖിയുടെ
പ്രായപൂര്‍ത്തിയാകാത്ത
മകളതാ,ചുവരിനപ്പുറത്തെ
പാക്കിസ്ഥാന്‍ പ്രതിനിധിയുടെ
ടിവിയില്‍ക്കിടന്ന് അനാവശ്യമായി
ഒച്ച വച്ച് ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.
Wednesday, April 4, 2012
ഞാനോടു ഞാൻ

കവിത കേട്ടപ്പോഴുള്ള നീയെന്ന് ചിലർ
കേട്ടപ്പോഴുള്ളതല്ലല്ലോ കണ്ടപ്പോഴുള്ള നീയെന്ന് ചിലർ
നിന്നെ കാണുമ്പോലെയല്ലല്ലോടേ
എന്ന് മുൻപരിചയമുള്ളവർ...
ഓർക്കുട്ടിലെ എന്നെക്കണ്ടാൽ
ഫേസ് ബുക്കിലെ ഞാനാണെന്ന്
ഒരിക്കലും പറയില്ല ആരും.
ഫേസ് ബുക്കിലെ ഉമ്മകളോ
ഇക്കിളികളോ ഒന്നും ഓർക്കുട്ടിൽ
തികട്ടാത്തപോലെ
ബ്ലോഗറിലെ കണ്ണിറുക്കലുകളും
ചെവിമുതൽ ചെവിവരെയുള്ള
പുഞ്ചിരികളുമൊന്നും
വൈഫൈയിലെ എന്നെ ബാധിക്കില്ല.
ഫ്രണ്ട്സ്റ്ററിൽ നമ്മൾ കണ്ടിട്ടുണ്ടെന്ന്
പരിചയം മിനുക്കാൻ
കഴിയില്ല നിങ്ങൾക്ക്,
നമ്മൾ
ഇ-കാഡമിയിൽ വച്ചുകണ്ടാൽ.
ഇ-കാഡമിയിൽ കണ്ടു,കെട്ടിപ്പിടിച്ചു
എന്നൊന്നും പറഞ്ഞാൽ എനിക്ക് നിങ്ങളെ
ഓർമ്മവരില്ല ഞാൻ യാഹൂവിലോ
ഗൂഗിൾ ചാറ്റിലോ ആയിരിക്കുമ്പൊൾ.
വലയിലുള്ള ഞാൻ മാത്രമല്ല
Wednesday, February 29, 2012
തെളിവുജീവിതം

സനൽ ശശിധരൻ
ലോകമേ എനിക്ക് വല്ലാത്ത സങ്കടം വരുന്നു
എന്റെകാര്യമോര്‍ത്തല്ല
എന്റെ കാര്യമൊട്ടുമോര്‍ക്കാത്ത നിന്റെകാര്യമോര്‍ത്ത്
'നിന്നെക്കുറിച്ചോര്‍ക്കാന്‍ നീയാര്'
എന്നൊരു ചിരി നിന്റെ ചുണ്ടിന്റെ ചുവരില്‍
വരച്ചുപിടിപ്പിക്കുന്നവനെ ഇപ്പോള്‍ ഞാന്‍ കാണുന്നുണ്ട്
അവന്റെ ചുണ്ടില്‍ നിന്നുയരുന്ന പുകക്കുഴല്‍കൊണ്ട്
അവന്‍ നിന്നെ ചുംബിക്കുന്നതും
എന്റെകാര്യം വീണ്ടും നീ മറന്നുപോകുന്നതും കാണുന്നു
അവന്റെ പെയിന്റുതൊട്ടിയില്‍ നിന്നും
മരങ്ങളില്‍ , പച്ചയും മഞ്ഞയും ചുവപ്പും പറന്നൊട്ടുന്നു
അവനെന്റെ നിഴലില്‍ ചവുട്ടി ഉള്ളിലേക്ക് നടന്നുമറയുന്നു.
വജ്രം ഖനിക്കുന്നവര്‍ തീര്‍ത്ത തുരംഗങ്ങള്‍ നീ കണ്ടിട്ടുണ്ടോ
മണ്ണിലൊരു വന്‍മരത്തിന്റെ കുഴിശില്പം പോലെയാണത്
അതുപോലൊന്നവന്‍ എന്റെ ഉള്ളില്‍ തുരന്നു തീര്‍ക്കുന്നു
അറവുശാലയുടെ പിന്നാമ്പുറം പോലെ
വര്‍ണാഭമായ ആകാശം നീ കണ്ടിട്ടുണ്ടോ
അവിടെ നിന്നും ബാറ്ററിതീര്‍ന്ന തന്റെ ടോര്‍ച്ചു ലൈറ്റ്
എന്റെ മുഖത്തേക്കടിച്ചൊരുവന്‍ കുടുകുടെ ചിരിക്കുന്നു
മരച്ചില്ലയില്‍ വന്നിരുന്ന് എന്നെനോക്കി
കൊഞ്ഞനം കുത്തുന്ന കാക്കപ്പക്ഷികളെ കണ്ടോ
അവയുടെ ഭാഷയുടെ തോടുപൊട്ടിച്ച്
ബസുകാത്തു നില്‍ക്കുന്നവര്‍ കൊറിക്കുന്നു
തിരതീര്‍ന്നുപോയ ഒരു കടല്‍
കാലും ചിറകുകളും പിഴുതെടുത്ത കൊതുകിനെപ്പോലെ
പിടയ്ക്കാനാവാതെ എന്നെനോക്കി കിടക്കുന്ന കണ്ടോ
എന്റെ മേല്‍ ഒരു കണ്‍പോളപോലെ വന്നടയുന്ന രാത്രിയെക്കണ്ടോ
എല്ലാത്തിനുമിപ്പുറം ഞാനാണ്
ഞാനീയിരുപ്പു തുടങ്ങിയിട്ട് ഏറെക്കാലമായി ദൈവമേ
ഇനിയിപ്പോള്‍ ചന്ദ്രന്‍ വരും
അതിന്റെ വെളിച്ചവും എന്റെ മേല്‍ വന്നു വീഴും
ഞാനിനി എന്നെയെങ്ങനെ നിനക്ക് കാണിച്ചുതരണം ലോകമേ
എനിക്ക് വല്ലാത്ത സങ്കടം വരുന്നു,
എന്നെമാത്രം വിട്ടുപോകുന്ന നിന്നെയോര്‍ത്ത്..
അലഞ്ഞു തളര്‍ന്ന് ഉറക്കം തൂങ്ങുന്ന പാവം ലോകമേ
നിന്റെ കണ്ണില്‍ പെട്ടുപോകാതെ ഞാനീ രാത്രിയും കടക്കും..
Wednesday, February 1, 2012
സംവാദം

സനൽ ശശിധരൻ
ഒരാളും അയാളുടെ നിഴലും ഒരു സദ്യയുണ്ട് വരികയായിരുന്നു.
ആള്‍ നിഴലിനോട്: അഹഹ എന്താ ആ പായസത്തിന്റെ സ്വാദ്!
നിഴല്‍ : ഓ എനിക്കിഷ്ടപ്പെട്ടില്ല...ഒരുവക പായസം അത്രതന്നെ.
ആള്‍ : ഹെയ്..എന്താദ് ഇത്ര മനോഹരമായ പായസം കഴിച്ചിട്ടും നിനക്ക് വിശേഷിച്ചൊന്നും തോന്നീല്ല!!.അതെന്താ കാര്യം?
നിഴല്‍ :എനിക്കൊന്നും തോന്നില്ല..അത്രതന്നെ..ഇയാള്‍ക്കതിത്ര ഇഷ്ടപ്പെടാനെന്താ കാര്യം അതാദ്യം പറ..
ആള്‍ : അത് പാചകം ചെയ്തിരിക്കുന്ന ആ രീതി..അതൊന്നു വേറെയാ.. (അയാള്‍ പാചകരീതി പറയുന്നു)
നിഴല്‍ ഓ! എന്ന മട്ടില്‍ നെറ്റി ചുളിക്കുന്നു
ആള്‍ : എന്താ ഇപ്പോഴും നിനക്ക് പായസം ഇഷ്ടപ്പെട്ടില്ലാന്നുണ്ടോ?
നിഴല്‍ : ഇപ്പോ എനിക്ക് പായസം മാത്രമല്ല പാചകോം ഇഷ്ടപ്പെട്ടില്ല.
ആള്‍ : ഹെയ്..താനിതെന്താടോ ഇങ്ങനെ...ആരാ പാചകക്കാരനെന്നറിയാമോ തനിക്ക്..?
നിഴല്‍ : ആരാ?
ആള്‍ :പാചകക്കാരന്റെ പേരു പറയുന്നു)
നിഴല്‍ ഹും! എന്ന മട്ടില്‍ പുരികം വളയ്ക്കുന്നു.
ആള്‍ : എന്താ ഇനീം നെനക്ക് പായസം ഇഷ്ടമായില്ല?
നിഴല്‍ :ഇപ്പോ പായസോം പാചകോം മാത്രമല്ല പാചകക്കാരനേം ഇഷ്ടമായില്ലെനിക്ക്.
ആള്‍ വീണ്ടും വിശദീകരിക്കാന്‍ വായ തുറക്കുന്നു.
അയാളെ തടഞ്ഞു കൊണ്ട് നിഴല്‍ : ഇനിയാ പായസത്തെപ്പറ്റി എന്തെങ്കിലും മിണ്ടിപ്പോയാല്‍ പായസത്തേം പാചകത്തേം പാചകക്കാരനേം മാത്രമല്ല തന്നേം എനിക്കിഷ്ടപ്പെടാതെ വരും.
അതും പറഞ്ഞ് നിഴല്‍ നടന്നുപോയി
ആള്‍ അന്തംവിട്ട് നില്പായി
Saturday, December 31, 2011
കാക്കകളുടെ നിലവിളി

സനൽ ശശിധരൻ
കാക്കകളാണ് കാറിയുണര്‍ത്തിയത്..
പാതി തുറന്നിട്ട ജനാലയിലൂടെ
ആറുമണി സമയം
ഉള്ളിലേക്ക് എത്തിനോക്കുന്നു,
എണീറ്റില്ലടാ ! എന്നു ചോദിക്കുന്നു..
വിറകുകൂനയ്ക്കുമുകളില്‍
ഉറങ്ങിയെണീറ്റ പൂച്ചയെപ്പോലെ വെളിച്ചം,
നഖം ഉള്ളിലേക്ക് വലിച്ചുവെച്ച്
മുഖം വൃത്തിയാക്കുന്നു..
മരക്കൊമ്പുകളില്‍ നിന്നുയരുന്നു
നെഞ്ചത്തലച്ച നിലവിളി.
അക്കരെനിന്നും
കറുത്ത പൊട്ടുകള്‍
ആകാശം തുഴഞ്ഞെത്തി
മരച്ചില്ലകളില്‍ നങ്കൂരമിടുന്നു.
ചില്ലകളിലുറങ്ങുന്ന കാറ്റുകള്‍
അലോസരത്തോടെ ഉണര്‍ന്ന്
മറ്റൊന്നിലേക്ക് മാറിയിരിക്കുന്നു.
കലുഷമാണല്ലോ പ്രഭാതമെന്നോര്‍ത്ത്
കണ്‍തിരുമ്മി ഞാനെണീറ്റു
കാക്കകളുടെ ഗ്രാമസഭയിലേക്ക് നടന്നു.
തെങ്ങിന്‍ ചുവട്ടിലെ
കറുത്തൊരു തൂവലിനെച്ചൊല്ലിയാണ്
ഇത്ര വലിയ മേളം
കാക്കത്തൂവലാണതെന്ന് ഉറപ്പൊന്നുമില്ല
കോഴിയുടേതാവാം
കുയിലേന്റേതാവാം
കറുത്ത മറ്റേതെങ്കിലും പക്ഷിയുടെതാവാം..
ഒരു തൂവലിനുചുറ്റും
ഒരു വെറും തൂവലിനു ചുറ്റും
കാക്കകളുടെ പട്ടാളം, പടയൊരുക്കം നടത്തുന്നു
ഇരതേടാന്‍ പോകുന്നവര്‍
ഇണതേടാന്‍ പോകുന്നവര്‍
ആകാശങ്ങള്‍ താണ്ടി
വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നു..
ഒരു തൂവലിനെച്ചൊല്ലിയുള്ള
അമ്പരപ്പും അഭ്യൂഹങ്ങളും
കായെന്ന ഒറ്റയക്ഷരം കൊണ്ടും
ദിഗന്തം മുഴക്കുന്ന വര്‍ത്തമാനമാകുന്നു..
കാക്കകള്‍ മനുഷ്യരുടെ ആത്മാക്കള്‍ തന്നെ..
Thursday, December 1, 2011
ഓറഞ്ചു തിന്നാൻ പോകുന്നു

ഉറക്കത്തിന്റെ നഗരം
ഒരു സ്വപ്നത്തിന്റെ തിരയടിച്ചുണർന്നു..
മഴനനഞ്ഞ വെയിൽ
ഉച്ചമരക്കൊമ്പിൽ തൂവലുണക്കുന്ന ഒരുപകലിൽ
ഞാൻ നിന്നെ പ്രളയിക്കുന്നു എന്ന
പീരങ്കിവെടി ശബ്ദത്തിൽ
പച്ചനിറമുള്ള ഒരാഴം
പശിമരാശി മണ്ണിനെ ബലാൽസംഗം ചെയ്യുന്നു.
പെരിയാറേ എന്ന കൂട്ടനിലവിളി
റോഡുകളും പാലങ്ങളും
വീടുകളും കെട്ടിപ്പിടിച്ച്
അറബിക്കടലിലേക്ക് ഓടിപ്പോകുന്നു
പിന്നാലെ ഒരു രാക്ഷസൻ തണ്ണിമത്തനുരുളുന്നു..
മണ്ണടരുകൾക്കുള്ളിൽ
ചരിത്രവിദ്യാർത്ഥികൾക്കായി
മനുഷ്യരുടേയും മൃഗങ്ങളുടേയും
നഗരങ്ങളുടേയും ഫോസിലുകൾ
രൂപം കൊള്ളുന്നു
സർവം ശാന്തമാകുന്നു..
പുഴകളെ ബോൺസായിയാക്കി
അടുക്കളത്തോട്ടത്തിൽ
വളർത്തുന്നവരുടെ
രാജ്യം വരേണമേ എന്ന്
ഒരു ശവമഞ്ചം പാട്ടുപാടുന്നു..
നൂറ്റാണ്ടുകാലം വെള്ളത്തിൽ മുങ്ങിനിന്ന
കൂറ്റൻ മരങ്ങളുടെ ശവശരീരങ്ങൾ
ആകാശത്തേക്ക് കൈകളുയർത്തി മരിച്ച
രൂപത്തിൽ വെളിപ്പെടുന്നു..
സ്വപ്നം കഴിഞ്ഞു..
അല്ല ഉറക്കം കഴിഞ്ഞു..
ഞാൻ ഒരു ഡാം പൊളിക്കാൻ പോകുന്നു
ഓറഞ്ചിന്റെ അല്ലികൾ പൊളിക്കുന്നതുപോലെ
കല്ലുകൾ ഓരോന്നോരോന്നായിളക്കി
കടവായിൽ വെച്ച് നുണഞ്ഞ് നീരിറക്കി
ചണ്ടി, ത്ഫൂ എന്ന് തുപ്പണം..
Friday, October 28, 2011
അനങ്ങാപ്പൈതങ്ങൾ

കന്നിവെറിയാണ്
കടലുവറ്റുമെന്നാണ് ചൊല്ല്ല്,
തുടുത്ത സൂര്യൻ കുടിച്ചുവറ്റിക്കുന്ന
തിളച്ച പാലാണ് പകൽ...
പകലിലങ്ങനെ നോക്കിയിരിക്കുമ്പോൾ,
പറമ്പിൽ മരങ്ങൾ,
സ്കൂൾമുറ്റത്തസംബ്ലി പോലെ
വെയിലത്തറ്റൻഷനായി നിൽക്കുന്നു..
പകൽ കുടിച്ചു പാത്രം കഴുകാൻ
കടലിൽ പോകുന്നു സൂര്യൻ.
ഇരതേടിപ്പോയിരുന്ന ഇരുട്ടുകൾ
ചേക്കേറാൻ മടങ്ങിയെത്തുന്നു.
ഇരുട്ടിന്റെ കലപില നോക്കിയിരിക്കുമ്പോൾ
നിലാവിൽ മരങ്ങളെക്കാണാം.
ഇരിക്കാനോ നടുനിവർത്താനോ
കഴിയാതെയിപ്പൊഴും,
അതേ നിൽപ്പാണു പാവങ്ങൾ.
മരങ്ങളേ, അനങ്ങാപ്പൈതങ്ങളേ
ഏതു ഹെഡ്മാഷാണ്
നിങ്ങളെയിങ്ങനെ ശിക്ഷിച്ചത്?
ഇതിനുംമാത്രം
എന്തു കുസൃതിയൊപ്പിച്ചുനിങ്ങൾ?
Friday, September 30, 2011
പുഞ്ചിരി

സനൽ ശശിധരൻ
മഞ്ഞുമലകളുടെ മുകളറ്റം
എല്ലാ കപ്പലുകളേയും നോക്കി
പുഞ്ചിരിക്കുന്നുണ്ടാകും
ശൂന്യശൂന്യമായ കടലിനുമുകളിൽ
കാതങ്ങൾ ഓടിത്തളർന്ന
ഏകാകിയായ കപ്പലുകൾ
ആ പുഞ്ചിരിയിൽ പുളകം കൊള്ളുന്നുണ്ടാകും
കപ്പിത്താന്മാരുടെ കണ്ണുവെട്ടിച്ച് ചിലതെങ്കിലും
അതിന്റെ ലഹരിയിലേക്ക് ഒഴുകുന്നുണ്ടാകും
ഒരുനിമിഷത്തേക്ക് കടൽ ഉണരും
കരയിലേക്കെത്താത്ത നിലവിളികളെ
വായ്പിളർന്ന് വിഴുങ്ങും...