Followers

Showing posts with label 14. Show all posts
Showing posts with label 14. Show all posts

Tuesday, March 4, 2014

കായ്ക്കാത്ത ഓറഞ്ചുമരത്തിന്റെ പാട്ട്/ലോർക്ക

പരിഭാഷ: വി രവികുമാർ






മരംവെട്ടുകാരാ,
എന്നിൽ നിന്നെന്റെ നിഴൽ മുറിച്ചുമാറ്റൂ,
ഫലം കാണാത്തൊരു ജന്മത്തിന്റെ യാതനയിൽ നി-
ന്നെന്നെ മോചിപ്പിക്കൂ.

കണ്ണാടികൾക്കിടയിൽ ഞാനെന്തിനു വന്നുപിറന്നു?
പകൽ എന്നെ വലം വച്ചുകൊണ്ടേയിരിക്കുന്നു,
രാത്രിയാവട്ടെ,
അതിന്റെ നക്ഷത്രങ്ങളിലേക്കെന്നെ പകർത്തുകയും ചെയ്യുന്നു.

എനിക്കെന്നെക്കാണാതെ ജീവിക്കണം.
ഞാൻ സ്വപ്നം കാണട്ടെ,
ഉറുമ്പുകളും അപ്പൂപ്പൻതാടികളുമാ-
ണെന്റെ കിളികളും ഇലകളുമെന്ന്.

മരംവെട്ടുകാരാ,
എന്നിൽ നിന്നെന്റെ നിഴൽ മുറിച്ചുമാറ്റൂ,
ഫലം കാണാത്തൊരു ജന്മത്തിന്റെ യാതനയിൽ നി-
ന്നെന്നെ മോചിപ്പിക്കൂ.

Monday, February 3, 2014

ഉറക്കുപാട്ട്‌


അജയ്മേനോൻ

രാരിരം രാരിരം രാരോ
ചെല്ലപ്പൂങ്കുരുന്നേ നീയുറങ്ങ്‌
ആയിരം പീലികൾ നീർത്തീ
വിണ്ണിൽ താരകൾ താരാട്ടുപാടീ
ചാരത്തിളംകാറ്റു ചൊല്ലീ
തൊട്ടിലാട്ടിടാം നീ ചായുറങ്ങ്‌
കുഞ്ഞുമിഴിയിതൾ ചിമ്മീ
കുഞ്ഞുവിരലീമ്പി മെല്ലെ,
അമ്മതൻ ചാരത്തു മാറിൽ
കുഞ്ഞിക്കൈ രണ്ടും പിണച്ച്‌
പല്ലവം വെല്ലുമാ പാദം
തെല്ലൊന്ന് ചേലിൽ മടക്കി
കണ്ണീരിൽ കണ്മയ്‌ പടർന്നൊ
അതോ നിന്നമ്മ ചാർത്തിയതാണോ
പൂങ്കവിൾക്കോണിലെ ചായം,
ആരും കണ്ണുതട്ടാതിരിക്കാനോ
സ്വപ്നത്തിൽ മാലാഖ വന്നോ
നിന്നെ പൊൽച്ചിറകാലെ പുണർന്നോ
എന്തു നിൻ പുഞ്ചിരിക്കർത്ഥം
പൊന്നെ അമ്മക്കറിഞ്ഞിടാൻ മോഹം.

രാരിരം......
കണ്മഷി കണ്ണിരിൽ പടർന്നു, ചെഞ്ചുണ്ടുകൽ പാതി വിടർത്തി, സ്വപ്നംകണ്ടുറങ്ങുന്ന ഒരു കുഞ്ഞ്‌....

Thursday, January 2, 2014

തടവു ജീവിതം

ജ്യോതി രാജീവ്


ആരോ മെനഞ്ഞൊരു
ഇരുളിന്‍റെ കൂട്ടില്‍ ; മൌനത്തിന്റെ
ചങ്ങലപ്പൂട്ടുകളാല്‍ തളച്ച്
തടവു ജീവിതം ജീവിക്കുന്നു
ചിലര്‍ .

മുന്നോട്ടും പിന്നോട്ടും ഇടയ്ക്കു
വശങ്ങളിലേക്കും
ചാഞ്ചാടി ചാഞ്ചാടിയുള്ള യാത്രയില്‍;
കൂടുകള്‍ ദ്രവിക്കുന്നതും
ചങ്ങലപ്പാടുകളിലെ
വ്രണങ്ങള്‍ പഴുക്കുന്നതും
അറിയാതെ പോകുന്നവര്‍ .

തടവറ തടവറ എന്ന്
ചിറകുകള്‍ കൊഴിയും വരെ
ആര്‍ത്തലച്ചു പറഞ്ഞിട്ടും ,
കൊട്ടാരം കൊട്ടാരം എന്ന കാഴ്ച്ചക്കാരുടെ
കൌതുക പറച്ചിലുകള്‍ക്കു മുന്നില്‍
ഇതെന്തൊരു അത്ഭുതം എന്ന്
പതറി ,വീണ്ടും
ചങ്ങലപ്പൂട്ടുകളിലേക്ക്
ഉള്‍വലിഞ്ഞു ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍
പഴുതുകള്‍ തേടുന്നവര്‍.

Monday, December 2, 2013

അ...വ ...സാ ...നം




ഡോ കെ ജി ബാലകൃഷ്ണൻ 
------------------------------------------------
ഈ 
നിറങ്ങൾ 
പഴയതെന്ന 
തിരിച്ചറിവ്.

ഈ 
തുടി 
വിരിയുമ്പൊഴേയ്ക്കും
പൊഴിയുന്നത്.

പുതുത് 
ഉണരുമ്പൊഴേയ്ക്കും
പഴകുന്നത്.

ഈ 
നിലാവ് 
വിളറുന്നത്.

ഈ 
നറുമണം നേർത്ത്‌ 
ഇല്ലാതാകുന്നത്

ഇനി 
ഇനി 
വരാതാകുന്നത്.

പിന്നെയും 
പിന്നെയും 
തുളളി 
നിനക്കായ്‌ 
ഇറ്റുന്നത്.

എന്നാൽ 
എനിക്കിനി 
വീർപ്പില്ല;
ദാ-
അ...വാ...സാ...നം.

Thursday, October 31, 2013

കാലിഡോസ്കോപ്പ്‌

ബൈജു ജോസഫ്

കർക്കിടകപ്പെരുന്നാളിന്റെ
മഴക്കോളുകൾക്കിടയിലൂടെ
മഴവില്ലു കണ്ട ദിവസം
ഞാൻ അച്ഛനോട്
മഴവില്ലു തരുമോയെന്നു ചോദിച്ചു.

ദൈവത്തിന്റെ ഫോട്ടോകൾ
ത്രിമാനത്തിൽ ഫ്രെയിം ചെയ്യുന്ന
കോലോത്തുംകടവിലെ
ചില്ലു കടയിൽ നിന്നും
സ്വർഗ്ഗത്തിലേക്കുള്ള
ഇടുങ്ങിയ വാതിൽ പോലെ
നീണ്ട ദീർഘചതുരത്തിലുള്ള
മൂന്നു കണ്ണാടിമിനുപ്പുകൾ...
ഇനി വളപ്പൊട്ടുകൾ
വേണമെന്നച്ഛൻ...

കരിവളകളൂരിത്തന്ന പെങ്ങളോട്
നിന്റെ സ്നേഹം മാത്രം
മതിയെന്നു പറഞ്ഞു്
ഞാനവ തിരികെക്കൊടുത്തു.
കുപ്പിവളകളില്ലാത്ത
കൂട്ടുകാരത്തിയോട് ഞാൻ
വളപ്പൊടുകൾ ചോദിച്ചില്ല.

മഞ്ഞുമാതാവിന്റെ
പെരുന്നാൾ മുറ്റത്തെ
വളക്കടയ്ക്കു മുന്നിൽ
വളപ്പൊട്ടുകൾ പെറുക്കുമ്പോൾ
മുറിഞ്ഞ വിരൽച്ചോരയിലൂടെ
കുറേ മഴകളൊഴുകിപ്പോകുന്നു.

മഴ നനഞ്ഞ ജീവിതമിപ്പോൾ
കാലിഡോസ്കോപ്പിന്റെ
ത്രിമാനത്തിൽ തടവിലാക്കപ്പെട്ട
ഒരു മഴവിൽ മത്സ്യമാണു്.
നിറങ്ങളുടെ സിംഫണിയിൽ
പിടയുന്നതാരുടെ സ്വപ്നങ്ങളാണു്...?

Sunday, September 29, 2013

ചിലത്

   എസ്  രാജശേഖരൻ


ചിലതുണ്ട് പറയുവാൻ, ചിലതുണ്ട് കേൾക്കുവാൻ
ചിലതുണ്ട് ബാക്കി വയ്ക്കാനായ്
ചിലതുണ്ട് കണ്ണിന്റെ കാതിന്റെ പിന്നിൽ വ-
ന്നണിയത്തൊതുങ്ങിനിൽക്കാനായ്.

ചിലതെന്റെ നിദ്രയുടെ സംഗീതമായ് വന്നു
പുലരിയെ തോറ്റിയുണർത്താൻ
ചിലതെൻ പകലിന്റെയെരിതീയിൽ വേവുന്ന
ചുടു മരുസ്വപ്നങ്ങളായി
ചിലതീയിരുളിനെ ചന്ദ്രികച്ചാർ പൂശി
വെളിവായ് തൊടുത്തുയർത്താനായ്
ചിലത് വെണ്മണലിൽ സുനാമിപോൽ, പ്രാണനെ
പഴുതേയമുഴ്ത്തിയാഴ്ത്താനായ്
ചിലതു,ണ്ടറുതിയിലാഴുന്ന ജീവന്ന്
പുതു ചേതനശ്വാസമേകാൻ
ചിലതു,ണ്ടപരന്റെ പരുഷമാം വാക്കിനെ-
യിനിയ സംഗീതമായ് മാറ്റാൻ
ചിലതുണ്ട് ചിതലിച്ച ലോകത്തെ വാക്കിനാ,-
ലൊരു നോക്കിനാൽ പുതുക്കാനായ്
ചിലതു,ണ്ടിനിയും വരാത്ത നാളേ,യ്ക്കതിൻ
പുതുമന്ത്രമായ് ചെവിയിലോതാൻ.

ചിലതുണ്ട് പറയുവാൻ, ചിലതുണ്ട് കേൾക്കുവാൻ,
ചിലതുണ്ട് ബാക്കിയായ് നിത്യം!

Sunday, September 1, 2013

മല്ലൂസിന്റെ സ്വയം വിമർശനം ബോറടി ലെവൽ കഴിഞ്ഞു

രാം മോഹൻ പാലിയത്ത്


കൽ‌പ്പറ്റ നാരായണൻ
മലയാളി അങ്ങനെ, മലയാളി ഇങ്ങനെ എന്നിങ്ങനെയുള്ള കുറ്റംപറച്ചിലുകള്‍ വായിച്ചു വായിച്ച് മനുഷ്യന്‍ ബോറടിച്ച് മരിച്ചു. പണ്ടെങ്ങാണ്ട് സക്കറിയയാണെന്നു തോന്നുന്നു ഇത് തുടങ്ങിവെച്ചത്. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കേരളം മാത്രം കോൺഗ്രസിനെ വീണ്ടും തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു സക്കറിയയുടെ ആക്രമണം. മലയാളി അവന്റെ മായാവ്യൂഹം ചമച്ചു എന്നാണ് സക്കറിയ എഴുതിയത്. അടിയന്തരാവസ്ഥയെ പിന്തുണയ്ക്കാന്‍ മലയാളിക്ക് അതിന്റേതായ കാരണങ്ങളുണ്ടായിരുന്നു എന്നത് വേറെ കാര്യം.

എന്നാലും ഒരു തുടക്കമെന്ന നിലയില്‍ അത് ഓക്കെയായിരുന്നു. പിന്നെ സക്കറിയ തന്നെ അത് ആവര്‍ത്തിക്കാന്‍ തുടങ്ങി. എന്തിനു പറയുന്നു, കാമ്പുള്ള കവിയും ചിന്തകനും നോവലിസ്റ്റുമാണെന്ന് തെളിവുതന്നിട്ടുള്ള കല്‍പ്പറ്റ നാരായണന്‍ വരെ ഇപ്പോള്‍ മലയാളിയുടെ പിറകെയാണ്. ആത്മവിമര്‍ശനം നല്ലതു തന്നെ. അത് അതിരുവിടുന്നതും സഹിക്കാം, അറ്റ് ലീസ്റ്റ് മലയാളി എന്ന വാക്കിനു പകരം കേരളീയന്‍ എന്നെങ്കിലും എഴുതിയിരുന്നെങ്കില്‍.

ഞാൻ മലയാളി അല്ല എന്ന മട്ടിലാൺ ഇവരിൽ പലരുടേയും എഴുത്ത്. ഇത് വിഷയദാരിദ്ര്യത്തിന്റെ പ്രശ്‌നമാണ്. ജീനിയസ്സിന്റെ സ്‌റ്റോക്ക് തീരുന്നതിന്റെ ലക്ഷണമാണ്. 
പറഞ്ഞു പറഞ്ഞ്, മലയാളിക്ക് യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ച തീവ്രതയില്ലൊന്നെക്കെയാൺ ചിലര്‍ പറഞ്ഞു തുടങ്ങിയിരിക്കുത്. യുദ്ധം അനുഭവിക്കേണ്ടി വരുന്നത് എന്തോ ഗുണമാണെന്ന മട്ടിലാൺ ഇതു വായിച്ചാല്‍ തോന്നുക. അനുഭവതീവ്രതയ്ക്കു വേണ്ടി ഇച്ചിരെ യുദ്ധം. അയ്യോ സാറമ്മാരേ, അതിത്തിരി കടുത്തുപോയി.
ഗൊദാർദ്

അനുഭവതീവ്രത കുറവായതുകൊണ്ടാണത്രെ ഇവിടെ വല്യേക്കാട്ടൻ സിനിമയൊന്നും ഉണ്ടാവാത്തത് (വല്യേട്ടനെപ്പോലത്തെ സിനിമകള്‍ ഉണ്ടാവുന്നത്). രണ്ടാം ലോക മഹായുദ്ധം, ഹോളോകാസ്റ്റ് ഇതെല്ലാം കഴിഞ്ഞിട്ടും ഇപ്പോഴും അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് എത്രയെത്ര ക്ലാസിക് സിനിമകളും പുസ്തകങ്ങളുമാണ് പിറവിയെടുക്കുന്നതെന്നാൺ. എന്നാൽ ഇവര്‍ക്കുള്ള മറുപടി ഇവരുടെ വല്യപ്പച്ചനായ ഗൊദാര്‍ദ് തന്നെ പറഞ്ഞിട്ടുണ്ട്. 'ദുരിതങ്ങളും ദാരിദ്ര്യവുമൊക്കെയുള്ളിടത്ത് ഉത്തമകലാസൃഷ്ടി ഉണ്ടാകും. എന്നാൽ ഉത്തമകലാസൃഷ്ടി ഉണ്ടാകാന്‍ വേണ്ടി ദുരിതങ്ങളും ദാരിദ്ര്യവുമൊക്കെ ഉണ്ടാകാന്‍ ആഗ്രഹിക്കുന്നത് ശരിയല്ല' എന്നാണ് ഗൊദാര്‍ദ് പറഞ്ഞത്. 
ഗൾഫ് ജീവിതം

അതെന്തായാലും മലയാളി നല്ലോണം ദുരിതങ്ങള്‍ അനുഭവിച്ചവനാണ്, പ്രത്യേകിച്ച് പ്രവാസത്തിന്റെ. ആസാമലയിലും ശ്രീലങ്കയിലും മലേഷ്യയിലുമെല്ലാം തോട്ടങ്ങളും റോഡുകളും ഉണ്ടാക്കിയത് പിന്നാരാ? ഗള്‍ഫിലോ? ഗള്‍ഫ് മലയാളികളിലെ ഭൂരിപക്ഷം പേരും ചെറുകിട ജോലിക്കാരല്ലെ? കുടുംബം കൂടെയില്ലാത്തവര്‍? കൺസ്ട്രക്ഷന്‍ തൊഴിലാളികള്‍, ഗ്രോസറി, കഫ്തീരിയ ജോലിക്കാര്‍, വാച്ച്മാന്മാര്‍, മുടിവെട്ടുകാര്‍, ഡ്രൈവര്‍മാര്‍, ചെറിയ കടകളിലെ സെയ്ല്‍സ്മാന്മാര്‍... കുടുംബജീവിതം നഷ്ടപ്പെടുത്തി ഈ ലക്ഷക്കണക്കില്‍ വരുന്ന മലയാളികള്‍ അനുഷ്ഠിക്കുന്ന ത്യാഗത്തിന് ഒരു വിലയുമില്ലേ? അവരുടെ ഭാര്യമാരുടെ നെടുവീര്‍പ്പുകള്‍ക്ക്? യത്തീമുകളെപ്പോലെ വളരുന്ന അവരുടെ കുട്ടികളുടെ നിരാശ്രയത്വത്തിന്? അതെന്താ, ബോംബും ചോരയുമില്ലാത്തതുകൊണ്ടാണോ കണ്ണില്‍പ്പെടാതിരിക്കുന്നത്? വിമാനത്തില്‍ വന്ന് ബോംബിടുന്നത് മാത്രമേ ദുരന്തമാകൂ? വിമാനത്തില്‍ കേറ്റി നാടുകടത്തുന്നതും ദുരന്തമല്ലേ?
ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ലോകത്തെ ഏറ്റവും മികച്ച നേട്ട ങ്ങളാണ് കേരളത്തിന്റേത്. ഇത് മാനത്തുനിന്ന് പൊട്ടി വീണതാണോ? ക്രൈസ്തവ മിഷനറിമാര്‍, ശ്രീനാരായണഗുരു, ഇടതുപക്ഷം, ഗള്‍ഫ് - വിചിത്രമായ ഈ കോമ്പിനേഷനാണ് കേരളാ മോഡലിനെ യാഥാര്‍ത്ഥ്യമാക്കിയത്. ഇക്കാലത്ത് അതിനെ ഗള്‍ഫ് കേരളാ മോഡല്‍ എന്നു വിളിച്ചാലും തെറ്റില്ല. കാരണം, കേരളാ മോഡലിനെ ഇന്നു നിലനിര്‍ത്തുതില്‍ ഏറ്റവും വലിയ പങ്ക് ഗള്‍ഫിന്റേതാണ്. അറബിക്കടലിന് അപ്പുറവും ഇപ്പുറവുമായി മുറിഞ്ഞുപോയ ഒരു സമൂഹമാണ് ഇന്ന് മലയാളി. ഇവരിലെ അറബിപ്പാതിയുടെ കാര്യം മഹാകഷ്ടം. 
മലയാളിക്ക് നേരെയുള്ള മറ്റൊരു പ്രധാന വിമര്‍ശനം അവന്‍ ആളൊരു കപട സദാചാരവാദിയാണ് എന്നത്രെ. അതായത് പബ്ലിക്കായി സദാചാരം പ്രസംഗിക്കുന്നു, ചാന്‍സു കിട്ടിയാല്‍ ചക്കരക്കുടത്തില്‍ കയ്യിടുന്നു. അവസരങ്ങളുടെ അഭാവമാണ് സദാചാരം എന്നു വരെ തിയറി ഉണ്ടായിരിക്കുന്നു. സദാചാരപ്പോലീസ് എന്നൊരു പ്രയോഗവും സുപരിചിതമായിരിക്കുന്നു. ഓര്‍ത്തുനോക്കിയാല്‍ ഈ കപടസദാചാരം മലയാളി കൊടുക്കുന്ന ചെറിയൊരു വിലയല്ലേ? ഇതിനു പകരം കേരളം എന്ന നീണ്ടുകിടക്കുന്ന മഹാനഗരത്തില്‍ പലയിടങ്ങളിലായി വേശ്യാലയങ്ങള്‍ ഉണ്ടായിരുന്നെങ്കിലോ? എങ്കില്‍ ഈ ഒളിഞ്ഞുനോട്ടവും ബലാല്‍സംഗവും ബാലപീഡനവും പെൺവാണിഭവും ഇന്നത്തെ അളവുകളില്‍ സംഭവിക്കുകയില്ലെന്നാണ് ചിലര്‍ പറഞ്ഞുവരുന്നത്. 
കാമാത്തിപുര, മുംബൈ

കാമാത്തിപുരയും ജിബി റോഡും സോനാഗചിയുമുള്ള മുംബൈ, ദില്ലി, കല്‍ക്കത്ത എന്നി വിടങ്ങളിലെ സ്ഥിതി എങ്ങനെ? 
ക്രിയാത്മക വിമര്‍ശനം പോലും ഇവിടെ പ്രസക്തമല്ല. ഇവിടെ പ്രസക്തമായത് എന്തു ചെയ്താല്‍ കാര്യങ്ങള്‍ മെച്ചപ്പെടും എന്ന് പറയലാണ്. ചെയ്തു കാണിക്കലാണ്. സ്വയം മാതൃകയാവലാണ്. അതിനാര്‍ക്കും ധൈര്യമില്ല. അതിനു പകരം താനൊരാള്‍ മാത്രം മലയാളിയല്ല എന്ന മട്ടില്‍ മലയാളികളെ വിമര്‍ശിക്കാനിറങ്ങിയിരിക്കുന്നു കുറെ അണ്ണന്മാർ.
രണ്ടു മൂന്ന് ഡൂക്കിലി പാര്‍ട്ടികളുടേതൊഴിച്ചാല്‍ മക്കള്‍ രാഷ്ട്രീയത്തിനു പോലും ക്ലച്ചു പിടിക്കാത്ത സ്ഥലമാണ്. എന്തിന്, സിനിമയില്‍പ്പോലും കഴിവില്ലാത്ത സന്തതികളെ പച്ച തൊടീച്ചിട്ടില്ല. സിനിമാക്കാര്‍ക്കു വന്ന് നിരങ്ങാന്‍ പാകത്തിന് രാഷ്ട്രീയത്തെ നിലത്തുവിരിച്ചിട്ടുമില്ല.
കൂലിപ്പണിക്ക് ആളെ കിട്ടുന്നില്ല, കൂലി കൂടുതൽ... എന്നിങ്ങനെയും കേരളത്തെപ്പറ്റി വിമർശനമുണ്ട്. അതു പറയുന്നവനൊക്കെ കൃഷിയും ബിസിനസും നടത്താൻ പാകത്തിൻ നക്കാപ്പിച്ച കൊടുത്താൽ കൂലിയ്ക്ക് ആളെക്കിട്ടുന്നത് അത്ര ഗമയല്ലെങ്കിൽ കേരളം അതങ്ങു സഹിച്ചു. ദേ ഇപ്പൊ കൃസ്തീയതയും കമ്മ്യൂണിസവും ജനാധിപത്യവുമൊക്കെ ചേർന്ന് പരുവപ്പെടുത്തിയ കേരളത്തിന്റെ മാതൃകാമണ്ണിൽ ദിവസക്കൂലി ആയിരം രൂപയാകാൻ പോവുന്നു. താഴ്ന്ന ജോലികൾക്ക് ആളെക്കിട്ടാതെ വരിക, ദിവസക്കൂലി ആയിരം രൂപയാവുക... ഒരു നാടിനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ ഒരു പുരോഗതിയുണ്ടോ? താഴ്ന്ന ജോലിയോ, എല്ലാ ജോലിക്കും അതിന്റെ മാന്യതയില്ലേ എന്നാണ് ചോദിക്കാൻ വരുന്നതെങ്കിൽ, നിങ്ങളുടെ മകളെ ഒരു ചെരുപ്പുകുത്തിക്ക് കെട്ടിച്ചുവിട് സർ എന്നേ പറയാനുള്ളു. തോട്ടിപ്പണി, ചെരുപ്പുകുത്ത് തുടങ്ങിയ ജോലികൾ യന്ത്രമുപയോഗിച്ച് ചെയ്യുക. അല്ലെങ്കിൽ അതു ചെയ്യുന്നവർക്ക് മാനേജർമാരേക്കാൾ ഉയർന്ന ശമ്പളം കൊടുക്കുക. മുതലാളിത്തത്തിന്റെ പുറത്തുകയറി സോഷ്യലിസം വരുന്ന വരവ് - അതാൺ സാറുമ്മാരേ കേരളത്തിൽ നടക്കാൻ പോകുന്നത്. ഇതെല്ലാം കണ്ട് ചങ്കു തകരുന്നവർ ഓസ്ട്രേലിയ, ഇന്തോനേഷ്യ, നേപ്പാൾ, ബീഹാർ, ആന്ധ്ര തുടങ്ങിയ മറ്റേതെങ്കിലും റിപ്പബ്ലിക്കിലോട്ട് മൈഗ്രേറ്റ് ചെയ്താട്ടെ.
ഇങ്ങനെ കുറേ കാരണങ്ങള്‍ കൊണ്ട് മലയാളികളോട് മുടിഞ്ഞ ആരാധനയാണ് ഇതെഴുതുന്ന ആള്‍ക്കുള്ളത്. അതുകൊണ്ടായിരിക്കണം മലയാളികളെ ചുമ്മാ വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്ന ബോറന്‍ രചനകള്‍ വായിക്കുമ്പോള്‍ എനിക്ക് കോട്ടുവാവരും. പ്രകോപിപ്പിക്കാം, ബോറടിപ്പിക്കല്ലേ, പ്ലീസ്.

Friday, August 2, 2013

മരിൻ സൊരെസ്ക്യു - സ്വന്തം പേരു പരിചയമാവുന്നതിനെക്കുറിച്ച്

പരിഭാഷ : വി രവികുമാർ

marin-sorescu




നിങ്ങൾ നടക്കാൻ പഠിച്ചതില്പിന്നെ,
വസ്തുക്കളെ ഇന്നതിന്നതെന്നു പറയാൻ പഠിച്ചതില്പിന്നെ,
കുട്ടി എന്ന നിലയ്ക്കുള്ള നിങ്ങളുടെ ആദ്യത്തെ ഉത്കണ്ഠ
സ്വന്തം പേരു പരിചയമാവുക എന്നതാണ്‌.
എന്താത്?
അവർ നിങ്ങളോടു ചോദിച്ചുകൊണ്ടേയിരിക്കും.
നിങ്ങൾ പതറുന്നു, വിക്കുന്നു,
ഒഴുക്കോടൊരു മറുപടി പറയാൻ തുടങ്ങിക്കഴിഞ്ഞാല്പിന്നെ
നിങ്ങൾക്ക് സ്വന്തം പേര്‌ ഒരു പ്രശ്നമല്ലാതാവുന്നു.

നിങ്ങൾ സ്വന്തം പേരു മറന്നുതുടങ്ങിയാൽ
അതു ഗൌരവത്തിലെടുക്കേണ്ടതു തന്നെ.
എന്നു വച്ചു നിരാശനാവുകയും വേണ്ട,
ഒരിടവേളയ്ക്കു തുടക്കമാവുകയായി.

നിങ്ങളുടെ മരണം കഴിഞ്ഞയുടനെ,
കണ്ണുകളുടെ മൂടൽ മാറുമ്പോൾ,
നിത്യാന്ധകാരത്തിൽ
നിങ്ങൾക്കു കണ്ണു പറ്റിത്തുടങ്ങുമ്പോൾ,
നിങ്ങളുടെ ഒന്നാമത്തെ ഉത്കണ്ഠ
(നിങ്ങൾ പണ്ടേ മറന്നത്,
നിങ്ങളോടൊപ്പം കുഴിയിലിട്ടു മൂടിയത്)
സ്വന്തം പേരു പരിചയമാവുക എന്നതാണ്‌.
നിങ്ങളുടെ പേരു പലതുമാവാം,
-അതെന്തുമാവാം-
സൂര്യകാന്തി, ജമന്തി, ചെറി,
കരിങ്കിളി, കുരുവി, മാടപ്രാവ്,
ഡെയ്സി, തെന്നൽ-
അല്ലെങ്കിലിതെല്ലാമാവാം.
തനിക്കു പിടി കിട്ടി എന്നമട്ടിൽ
നിങ്ങളൊന്നു തലയനക്കിയാൽ
ഒക്കെശ്ശരിയായി:
ഒന്നു ഞണുങ്ങിയതെങ്കിലും
ഗോളാകൃതിയായ ഭൂമി
നക്ഷത്രങ്ങൾക്കിടയിൽ
ഒരു പമ്പരം പോലെ കിടന്നുകറങ്ങിയെന്നും വരാം.


Thursday, July 4, 2013

ഒരു തീപ്പാട്ട്



ഡോ കെ ജി ബാലകൃഷ്ണൻ 

നിണമൊഴുകുന്നു;
പിണമടിയുന്നു;
നുണ പെരുകുന്നു 
നൂറ്റുപേരായി.

കാറ്റ് വീശുന്നു;
കഥ മെനയുന്നു;
നിള വരളുന്നു;
നാട്ടുനോവായി.

നിറപറയും 
വിളക്കുമായെത്തും
പുതുവസന്തം
വിറങ്ങലിക്കുന്നു;
അറവുമാടുകൾ
നിരനിരയായി-
പറവ മൂളുന്നു 
ചാവിൻ പതങ്ങൽ.

നാളെ നേരം വെളുക്കുമ്പൊഴെയ്ക്കും
നീളെ നീളെ ച്ചിതറിക്കിടക്കും
മോഹഭംഗം-
ഒരു തുള്ളി മാത്രം-
നേര് നേരായ് 
തെളിയും തിളക്കം!

Sunday, June 2, 2013

സമയം നിര്‍ണ്ണയിക്കുന്ന കാലടികള്‍

വി.പി.അഹമ്മദ്

ച്ചയൂണ്  കഴിഞ്ഞ്  സന്ദര്‍ശകമുറിയില്‍ സോഫയില്‍ ഇരുന്നു ഞാന്‍ ഒരു പുസ്തകം വായിച്ചു തുടങ്ങി. തറയില്‍ കാര്‍പെറ്റില്‍ ഇരുന്നു അസിം ഖയാല്‍ (മൂന്നു വയസ്സുകാരന്‍ പേരക്കുട്ടി) ഐപാഡില്‍ ഏതോ ഗയിം കളിച്ചു കൊണ്ടിരിക്കുകയാണ്. ഉച്ചയുറക്കം ശീലവും ഇഷ്ടവുമല്ലെങ്കിലും വായിക്കാന്‍ ഇരുന്നാല്‍ കുറച്ചു കഴിയുമ്പോള്‍  ഉറക്കം കണ്‍ പോളകളില്‍ തൂങ്ങി നില്‍ക്കും. പ്രത്യേകിച്ച് , വായിക്കുന്നത് കഥാസാഹിത്യം അല്ലാത്ത വല്ലതുമാണെങ്കില്‍. ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ ഉറങ്ങാന്‍ കിടന്നാല്‍ ഇത്തരം എന്തെങ്കിലും വായിക്കുന്നത് പരീക്ഷിക്കട്ടെ.  കണ്ണുകള്‍ അടഞ്ഞോ എന്നറിയില്ല ഐപാഡില്‍ നിന്ന്  "അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍" എന്ന ഈണത്തിലുള്ള നീട്ടിയ ശബ്ദം കേട്ടു; അസര്‍ നമസ്കാരത്തിനുള്ള സമയമായി എന്നറിയിക്കുകയാണ് ഐപാഡ്. അപ്പോഴേക്കും പുറത്ത് പള്ളികളില്‍ നിന്നും ബാങ്ക് വിളി തുടങ്ങി.



ബാങ്ക് വിളി വ്യക്തമായി കേള്‍ക്കാവുന്ന ഏഴോ എട്ടോ പള്ളികളുണ്ട് വീട്ടിനു ചുറ്റുമായി. ഇനി ഒരു പതിനഞ്ച് മിനിറ്റ്  സമയമെങ്കിലും ബാങ്ക് വിളി തുടര്‍ന്ന് കേള്‍ക്കാം. വ്യത്യസ്ഥ ശബ്ദത്തിലും ഈണത്തിലുമായി ഒന്നിന് പിറകെ മറ്റൊന്നായും കൂടിക്കലര്‍ന്നും അന്തരീക്ഷത്തില്‍ പൊടിപടലം പോലെ പടരുന്നു ബാങ്കുവിളികള്‍. പള്ളികള്‍ നടത്തുന്ന സംഘടനകള്‍ക്കനുസരിച്ചും പള്ളികളിലെ ക്ലോക്കുകള്‍ക്കനുസരിച്ചും സമയത്തില്‍ വരുന്ന വ്യതിയാനമാണ്  മൂന്നു മിനുട്ട് പോലും നീണ്ടു നില്‍ക്കാത്ത ബാങ്ക് വിളിക്ക് ഇത്രയും സമയ ദൈര്‍ഘ്യം ഉണ്ടാവുന്നതും ഒരു ബാങ്ക് പരമ്പര തന്നെയാവുന്നതും. ഈ പരമ്പരയുണ്ടാക്കുന്ന  അസ്വസ്ഥത ഒഴിവാക്കുവാനും നമസ്കാരത്തിന്റെ സമയം ക്ളിപ്തവും ഏകീകൃതവും ആക്കുവാനും വേണ്ടിയാണു യു. എ. ഇ. പോലുള്ള ഗള്‍ഫ് നാടുകളില്‍ കേന്ദ്രീകൃത ബാങ്ക് വിളി സമ്പ്രദായം ഏര്‍പ്പെടുത്തിയത്. തുടക്കത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് അസ്വാരസ്യങ്ങള്‍ പുറത്തു വന്നെങ്കിലും പദ്ധതി ഒരു വിജയമാണ്. ഒരു പ്രവിശ്യയിലെ ഏതെങ്കിലും പള്ളി തെരഞ്ഞെടുത്ത് അവിടെ നിന്നും വിളിക്കുന്ന ബാങ്ക് റേഡിയോ വഴി പ്രത്യേക ബാന്‍ഡില്‍ പ്രക്ഷേപണം നടത്തുകയും മറ്റുള്ള പള്ളികളില്‍ നിന്ന് തത്സമയം തന്നെ മൈക്കില്‍ ഈ പ്രക്ഷേപണം പുറത്ത് വിടുകയുമാണ് ഈ പദ്ധതി വഴി ചെയ്യുന്നത്. ക്ലിപ്ത സമയത്ത് തന്നെ ഒരു പരിസരത്തെ എല്ലാ പള്ളികളില്‍ നിന്നും ഒരേ ശബ്ദത്തില്‍  പുറത്ത് വരുന്ന ബാങ്ക് വിളി സ്പഷ്ടവും കാതുകള്‍ക്ക് സുഖകരവും ആണ്. ഇങ്ങനെയാവുമ്പോള്‍ ബാങ്കുവിളി കുറ്റമറ്റതാക്കുവാന്‍ വേണ്ടി  കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുവാന്‍ അധികൃതര്‍ക്ക് കഴിയുന്നു..

ഇന്ന് സമയം സൂക്ഷ്മമായി അറിയുവാനും അറിയിക്കുവാനും ധാരാളം ഉപകരണങ്ങളും മാര്‍ഗ്ഗങ്ങളും നിലവിലുണ്ട്. വാച്ചുകള്‍ കൂടാതെ അനേകം എലെക്ട്രോനിക്  സാമഗ്രികളിലും സമയം കാണിക്കുവാനുള്ള പ്രത്യേകം സജ്ജീകരണങ്ങള്‍ കാണാം. വാച്ചുകളും ക്ലോക്കുകളുമൊക്കെ അപ്രചാരവും ആഡംബരവും ആയിരുന്ന എന്റെ കുട്ടിക്കാലത്ത് സമയം നിര്‍ണ്ണയിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. എങ്കിലും ഇന്നത്തേതിലും നന്നായി സമയനിഷ്ഠ പാലിക്കാന്‍ കഴിഞ്ഞിരുന്നുവെന്നത് എടുത്തു പറയാതെ വയ്യ. സമയം നിര്‍ണ്ണയിക്കാന്‍ കഴിയാത്ത കാരണത്താല്‍ സ്കൂളില്‍ എത്താന്‍  പോലും വൈകിയതായി ഓര്‍മ്മയില്ല.

അന്ന് വീട്ടിനടുത്ത് ഒരു പള്ളിയുണ്ടായിരുന്നുവെങ്കിലും ബാങ്ക് വിളി ശാന്തമായ രാത്രികളില്‍ മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. മൈക്ക്  പള്ളികളില്‍ ഉപയോഗത്തില്‍ വന്നിരുന്നില്ല.  അതിനാല്‍ ഉമ്മയും മറ്റും അസര്‍ നമസ്കാര സമയം നിര്‍ണ്ണയിച്ചിരുന്നത്  കാലടി ഉപയോഗിച്ച് സ്വന്തം നിഴല്‍ അളന്നായിരുന്നു. നാട്ടിന്‍ പുറത്ത് പരക്കെ പ്രയോഗത്തിലിരുന്ന ഒരു രീതിയാണിത്.  അടി അളക്കുക എന്നാണ്  ഈ അസര്‍ നമസ്കാര സമയനിര്‍ണ്ണയത്തിനു പറഞ്ഞിരുന്നത്. 

പുരുഷന്മാര്‍ പൊതുവേ പകല്‍ സമയങ്ങളില്‍ വീടുകളില്‍ ഇല്ലാതിരുന്നതിനാല്‍ സ്ത്രീകളാണ്  ഇങ്ങനെ അസര്‍ സമയം കണ്ടിരുന്നത്. സൂര്യപ്രകാശം ഉള്ള മുറ്റത്തോ നിരപ്പുള്ള മറ്റിടങ്ങളിലോ സൂര്യന് എതിര്‍മുഖമായി നിന്ന്  സ്വന്തം നിഴലിന്റെ തലയഗ്രം അടയാളപ്പെടുത്തി, കാലടി കൊണ്ട്  നിഴല്‍ അളക്കുകയാണ് ചെയ്യുന്നത്. ഒരു നിശ്ചിത എണ്ണം കാലടികള്‍ തികഞ്ഞാല്‍ അസര്‍ ആയി എന്ന്  ഗണിക്കാം. ഈ നിശ്ചിത എണ്ണം മലയാള മാസത്തിനനുസരിച്ചു വ്യത്യസ്ഥമാണ്. ഇത് ഓര്‍മ്മിക്കാനായി ചില ഗാനശകലങ്ങള്‍ പോലും കേട്ടിട്ടുണ്ട്. ളുഹര്‍ (ഉച്ച) നമസ്കാരം പൊതുവേ വൈകിക്കുന്ന സ്ത്രീകള്‍ അസര്‍ കൂടെ കഴിഞ്ഞാണ്  നമസ്കാര കുപ്പായം അഴിക്കുന്നത്. ചിലപ്പോള്‍ ആ വേഷത്തില്‍ തന്നെ മെതിയടിയില്‍ (ഹവായ്  വരുന്നതിനു മുമ്പ്) മുറ്റത്തിറങ്ങി നിഴല്‍ അളക്കുന്നത് കണ്ടിട്ടുണ്ട്,

          *                    *                     *                       *

തറവാട്ടിലെ 'കൊത്തും കൊയിലുകാരനാ'യ  ചെക്കോട്ടി എന്തോ സ്വന്തം കാര്യസാദ്ധ്യത്തിനായി വന്നപ്പോള്‍ ഉമ്മറത്തെ പടാപുറത്ത് അസര്‍ നമസ്കാരത്തിനു വേണ്ടി കാത്തിരിക്കുകയാണ് നമസ്കാര വേഷത്തില്‍ വലിയുമ്മ. മുഖം കാണിച്ച ചെക്കോട്ടിയോടു മുറ്റത്തിറങ്ങാന്‍ മടിച്ച വലിയുമ്മ : " ചെക്കൊട്ടീ, അടിയളന്നു നോക്ക് "
ചെക്കോട്ടി മുറ്റത്ത് വെയിലുള്ളിടത്ത് പോയി അളക്കാന്‍ തുടങ്ങി. കുറെ കഴിഞ്ഞ് തിരിച്ചു വന്നു പറഞ്ഞു: "ഉമ്മേറ്റിയാരെ, ഒരു പിടിയൂല്ല, നേരം കക്കുയീലാ"
അടിയളക്കുന്നത് ചെക്കോട്ടി പലപ്പോഴും കണ്ടിരുന്നുവെങ്കിലും അടയാളം വെക്കുന്ന ഗുട്ടന്‍സ്  അറിയാതിരുന്നതിനാല്‍ നിഴലിന്റെ കൂടെ നടന്നു ചെക്കോട്ടി ചെന്നെത്തിയത് അടുത്ത പറമ്പിലെ ചെങ്കല്ല് വെട്ടിയ വലിയ കുഴിയുടെ വക്കിലായിരുന്നു.

സൂചിക: 
കൊത്തും കൊയിലുകാരന്‍ = പതിവായി തേങ്ങയിടുകയും പറമ്പിലെ മറ്റെല്ലാ ജോലികള്‍ക്കും നേത്രുത്വം വഹിക്കുകയും ചെയ്യുന്ന സ്ഥിരം ജോലിക്കാരന്‍.
പടാപുറം = പണ്ടൊക്കെ മുസ്ലിം വീടുകളുടെ വരാന്തയില്‍ സ്ഥിരമായി കാണാറുള്ള വലിയ വിസ്താരമുള്ള കട്ടില്‍.
ഉമ്മേറ്റിയാര്‍ = ഹിന്ദുക്കള്‍  മുതിര്‍ന്ന  ഉമ്മമാരെ ബഹുമാനപൂര്‍വ്വം വിളിച്ചിരുന്ന പേര്.

Saturday, May 4, 2013

ഒഴുകുന്ന വഴി ......


ഷംസ് കിഴടയിൽ 

മഴ വർത്തമാനത്തിൽ പെയ്ത്
ഭൂതകാലത്തിലേക്ക് ഒഴുകുന്നു

ഒരു കുടയും
രണ്ടാത്മാക്കളും
കുറെയേറെ കിനാക്കളും
മഴക്കൊപ്പം ഒഴുകുന്നു

മഴ ആർത്തലച്ചു പെയ്യുമ്പോൾ
ഒഴുക്കിന് ശക്തി കൂടി വരുന്നു

വഴി രണ്ടായി പിരിയുന്നിടത്ത്
മഴ രണ്ടായി ഒഴുകി

വഴി വക്കിൽ ഒരു കുടമാത്രമായി ...

Tuesday, April 2, 2013

പെണ്ണ്

രാജേഷ് ചിത്തിര 


എന്തൊക്കെ പറഞ്ഞാലും
നീ വെറും പെണ്ണ് തന്നെ!...

എന്നെക്കാള് വലിയ മാറും,
എന്നെക്കാള് നീണ്ട മുടിയും
വരിഞ്ഞു കെട്ടിയും,
നീട്ടി വളര്ത്തിയും
നീ പെണ്ണ് തന്നെയാവുന്നു...

നടത്തം എന്റെ പുറകിലാണ്
എന്റൊപ്പം ഉയരവുമില്ല
എങ്കിലും കണ്ണുകളൊക്കെ നിന്നിലേക്കാണ്
കാരണം നീയാണല്ലോ പെണ്ണ്...

എനിക്കൊരു ആലസ്യത്തിന്റെ
മയക്കം വരെ മാത്രം,
നിനക്കൊരു പേറ്റുനോവിന്റെ
കടല് താണ്ടണം...

കരിപിടിച്ച കണ്ണെന്നു
പറയാതിരിക്കാനാണ്
കണ്മഷിയെഴുതിപ്പഠിച്ചത്
എങ്കിലും,
കരഞ്ഞു കലങ്ങേണ്ടതും
കരിഞ്ഞുണങ്ങേണ്ടതും
എന്നും നീ തന്നെ...

എന്തൊക്കെപ്പറഞ്ഞാലും
എങ്ങനൊക്കെപ്പറഞ്ഞാലും
ഏറ്റവുമൊടുവില്
പെണ്ണെന്നും വെറും പെണ്ണുതന്നെ!...

ഞാന് ഒരാണായിരിക്കുന്നിടത്തോളം കാലം !!!...

Saturday, March 2, 2013

ഈ ഇലകളില്‍ സ്‌നേഹം




എം.കെ ഹരികുമാര്‍ 

ഈ ഇലകള്‍ കൊണ്ട്‌
എനിക്ക്‌ കഞ്ഞികോരി
കുടിക്കാന്‍
അമ്മ കുമ്പിളുണ്ടാക്കി
തന്നിട്ടുണ്ട്‌.
അത്‌ നിറയെ സ്‌നേഹമായിരുന്നെന്ന്
ഇപ്പോഴറിയുന്നു.
അന്ന് കഞ്ഞി കുടിക്കാത്ത
എന്നെ അതിലേക്ക്‌
ആകര്‍ഷിക്കാനായിരുന്നു
അമ്മ് കുമ്പിളുണ്ടാക്കിയത്‌.
ഇന്ന് കുമ്പിള്‍ ഉണ്ടാക്കിതന്ന്
കഞ്ഞി കുടിക്കു എന്ന് ആരും
പറയുന്നില്ല.
ആ കഞ്ഞിയില്‍ വെള്ളത്തിനും
വറ്റിനും പുറമേ
മറ്റൊന്നുകൂട്ടിയുണ്ടായിരുന്നു.
അമ്മയുടെ മനസ്സ്‌.
അത്‌ കിട്ടണമെങ്കില്‍
കൂത്താട്ടുകളത്ത്‌ തന്നെ പോകണം
ആശാന്‍റ്റെ കളരിയില്‍
പേടിച്ചിരിക്കുന്ന എനിക്ക്‌
വാട്ടിയ വാഴയിലയില്‍
അമ്മ കൊണ്ടുവന്ന്
തരാറുണ്ടായിരുന്ന
പൊതിച്ചോറിന്‍റ്റെ ഗന്ധം,
ഭീതിയും സ്‌നേഹവും നിറച്ച്‌
ഇപ്പോഴും എന്നെ ചലിപ്പിക്കുന്നു.
ആ ഗന്ധം ഇപ്പോള്‍
അപൂര്‍വ്വമാണ്‌.
ജീവിതത്തിന്റെ വരണ്ട ,
സ്നേഹരഹിതമായ
യാത്ര മടുക്കുമ്പോള്‍,
ഞാന്‍ ഒരു വാഴയില
കീറിയെടുത്ത്‌ വാട്ടി ചോറ്‌
വിളമ്പി അമ്മയുടെ
ആ പഴയ ഗന്ധം കിട്ടുമോയെന്ന്
നോക്കാറുണ്ട്‌.
വാഴയിലപോലും
എന്നെ മറന്നുവോ?
വാഴയിലയ്‌ക്ക്‌
എന്നെ മനസ്സിലാവുന്നില്ലെനുണ്ടോ?

ഇന്നലെ കണ്ട
മേഘത്തെക്കുറിച്ച്‌
എഴുതിയ കവിത
ഇന്ന് അപ്രസക്തമായി.
ആ കവിതയില്‍ മേഘങ്ങള്‍
ഒരു നഗരമായി വരുന്നത്‌
എങ്ങനെയെന്നാണ്‌ എഴുതിയത്‌.
ഇന്നത്‌ തിരുത്തുകയാണ്‌.

ഞാന്‍ പറയാന്‍ ആശിച്ച
ഏതോ നിറങ്ങളെ
അവ എന്‍റ്റെ മുന്നില്‍ അവതരിപ്പിച്ചു
കഴിഞ്ഞിരുന്നു.
എന്റെ ആഗ്രഹങ്ങള്‍
മനസ്സിലാക്കിയ മേഘക്കൂട്ടം
വിരമിക്കുന്നതിനു മുമ്പ്‌
ആകാശത്തിന്റെ കോണില്‍
ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയെ
വേദനയോടെ
പ്രസവിച്ചിടുകതന്നെ ചെയ്തു.
ആ പ്രസവം എന്‍റ്റെ
നാഗരിക സ്വപ്നങ്ങളെ
പുനുരുജ്ജീവിപ്പിച്ചു.


ജീവിക്കാന്‍ തോന്നുക
എന്ന ഏറ്റവും മഹത്തായ
അഭിലാഷത്തിനായി എത്രയോ മനുഷ്യരുടെ
മുഖങ്ങളിലേക്ക്‌
ഞാന്‍ നോക്കിയിട്ടുണ്ട്‌!.
ഒരിക്കലും കാണാതിരുന്ന
ആ അഭിലാഷത്തെ
ഞാന്‍ അറിയാതെ
പൂര്‍ത്തീകരിച്ചത്‌
ഇന്നലെത്തെ മേഘങ്ങളായിരുന്നു.
ഇന്നലെ ആകാശാന്തര
സ്‌ഥലികളില്‍ മേഘങ്ങള്‍
അനുഭവിച്ച വേദന ഞാന്‍
എഴുതാതെ പോയി.
എന്തിന്‌ എഴുതണം?
എന്തെഴുതിയാലും അതൊന്നും
ആ വേദനയുടെ അംശം
പോലുമാകില്ല.
മേഘങ്ങള്‍ നിശ്ശബ്‌ദമായി
പറഞ്ഞത്‌ ഞാന്‍ ഇപ്പോള്‍
പറയുന്നില്ല.
കാരണം അവയുടെ
വേദനകള്‍ ഇപ്പോഴും എന്നിലുണ്ട്‌.

Thursday, January 3, 2013

എന്റെ ഗ്രാമം


 ഗീത മുന്നൂര്‍ക്കോട്

കൗമാര വല്ലികള്‍ ചുറ്റിപ്പിണഞ്ഞുള്ള
അഞ്ചാണ്ടു ജീവിതഘണ്ഡമീ ഗ്രാമത്തില്‍;
എന്റെ നാടേ,യെന്‍ നടവഴികളില്‍ നീ
വിരിച്ചു നിത്യവും പ്രണയ സര്‍ഗ്ഗതല്പം !
ഹരിതഗ്രാമ്യശൃഗാരഗംഭീരം മാറിടം നിന്റെ
സര്ഗ്ഗ വേഴ്ചയില്‍ ഭാഗിനിയായി ഞാന്‍;
ഗ്രാമമേ നിന്റെ ചാരുത സ്ഫുടം ചെയ്ത
ഭ്രൂണമെന്‍ സിരകളില്‍ നിക്ഷിപ്തമായതും
നെഞ്ചിലാലിംഗനത്തിലടക്കിയൊതുക്
കി-
യെന്‍ മനം കവിതയെ ഗര്ഭത്തിലേറ്റതും
നിന്നിലെയലസത്തെന്നലിന്‍ ശ്വാസ -
ഗന്ധങ്ങളേറ്റതാം നാളുകളെത്ര സുരഭിലം!
ഇന്നുമെന്‍ നാമധേയത്തിന്‍ വാമഭാഗത്തടക്കി
സൂക്ഷിപ്പൂ ഞാന്‍ നിന്‍ ഹരിതഹര്ഷം !

Wednesday, December 5, 2012

The Piano Room


winnie panicker

It lead me into a room that was dark
And eerie
And looked like havens arena
Notes of music, salsa-ing and balae dancing
In the ball room of my mind
The plaintive tunes went high and low
And moved to and fro
Glimmers of light lit up and blinked
And it let the music flow still
Into the glassy ocean of innocence

The keys black and white when
I played it sensuously
It led me into a room of
Fantasizing dreams and colorful
Thoughts...

Like the dead ends when a music note
Finishes playing … it echoed with all mite
In the ears that longed for thirsty drops
In a quenching heart.

Tuesday, October 30, 2012

ഇതു പ്രണയ ഗാനമല്ല.

എം.കെ.ഹരികുമാർ

എനിക്ക്‌ നൃത്തം ചെയ്യാന്‍
കഴിഞ്ഞെങ്കില്‍
ഞാന്‍ അവള്‍ക്ക്‌ വേണ്ടി മാത്രം
നൃത്തം ചെയ്യുമായിരുന്നു.
എന്തോ, എന്റെ ചിലങ്കകള്‍ കളഞ്ഞുപോയി.


എനിക്കു പാടാന്‍ കഴിഞ്ഞെങ്കില്‍
ഞാന്‍ ഹൃദയനൊമ്പരങ്ങള്‍
ഒന്നായി തിമിംഗല വായില്‍നിന്നെന്നപോലെ
ഞാന്‍ അവള്‍ക്ക്‌ മുമ്പിലേക്ക്‌
പ്രവഹിപ്പിക്കുമായിരുന്നു.

എന്റെ ഫ്രെയിമിൽ നിന്ന്
അവള്‍ എങ്ങനെയോ
മാറിപ്പോകുമ്പോള്‍
ഞാന്‍ പരിസരം നോക്കാതെ
കാമറയുമായി നടന്നത്‌ മിച്ചം.
അവള്‍ എതോ
ബാധയാലെന്നപോലെ
കാമറയില്‍ നോക്കിയതേയില്ല.

എനിക്കു വിശപ്പില്ലായിരുന്നെങ്കില്‍
അവള്‍ തന്ന നല്ല ഭക്ഷണം
ഞാന്‍ ആസ്വദിക്കുമായിരുന്നു.
എനിക്കു മനസ്സ്‌ വീണ്ടെടുക്കാന്‍
കഴിഞ്ഞെങ്കില്‍ ഞാന്‍
അവള്‍ക്കായി
ഒരു സ്വപ്നം കാണുമായിരുന്നു

പ്രേമിക്കാന്‍ അറിഞ്ഞെങ്കില്‍
ഞാന്‍ അവളെ
എന്റെ സ്പര്‍ശത്തിന്റെ
അണുപ്രസരത്തിനേക്ക്‌ വലിച്ചിട്ടേനെ.
എനിക്ക്‌ സംസാരിക്കാന്‍
അറിഞ്ഞെങ്കില്‍
നല്ല വാക്കുകള്‍ കൊണ്ട്‌
അവള്‍ക്ക്‌ മിനുസമുള്ള
ഏലസ്സ്‌ പണിത്‌
അരയില്‍ കെട്ടികൊടുക്കുമായിരുന്നു


ആലിംഗനം ചെയ്യാന്‍ വശമില്ലാത്തതുകൊണ്ട്‌
അവളുടെ മുമ്പില്‍
ഒരു ധീര സാഹസിക
യോദ്‌ധാവാകാനും കഴിഞ്ഞില്ല.
മിതമായും ഹ്രസ്വമായും
പെരുമാറാന്‍ അറിയാത്തതുകൊണ്ട്‌
അവളുടെ പ്രേമത്തിന്റെ
കാര്യം മാത്രം ചോദിച്ചില്ല.
വീട്ടിലേക്കുള്ള വഴി പലപ്പോഴും
തെറ്റിപ്പോകുന്നതുകൊണ്ട്‌,
അവളോട്‌ പ്രേമത്തെക്കുറിച്ച്‌
പറയുന്ന കാര്യവും മറന്നു.

പ്രേമിച്ചാല്‍ എന്തെല്ലാം
തിരിച്ചു പറയണമെന്ന്
അറിയാത്തതുകൊണ്ട്‌ ,
ഓര്‍മ്മവന്നപ്പോഴൊക്കെ
മുഖം താഴ്‌ത്തിനടന്ന്
എന്നോട്‌ തന്നെ കലഹിച്ചു.

Saturday, October 6, 2012

ഞാൻ നിന്നെ പ്രേമിച്ചിരുന്നപ്പോൾ.../എ. ഇ. ഹൌസ്മാൻ -

 പരിഭാഷ: വി. രവികുമാർ

ഞാൻ നിന്നെ പ്രേമിച്ചിരുന്നപ്പോൾ,
നിർമ്മലനായിരുന്നു ഞാൻ, ധീരനായിരുന്നു;
മൈലുകൾക്കപ്പുറത്തേക്കെന്റെ വിശേഷം വ്യാപിച്ചു,
എത്ര നല്ലതാണെന്റെ പെരുമാറ്റമെന്നും.

ഇന്നാ ഭ്രമം സാവധാനം കടന്നുപോകവെ,
യാതൊന്നുമിനി ശേഷിക്കില്ല;
മൈലുകൾക്കപ്പുറത്തേക്കാളുകളിനി പറഞ്ഞുതുടങ്ങും,
ഞാനെന്റെ തനിപ്രകൃതമായിരിക്കുന്നുവെന്നും.