Followers

Showing posts with label 15. Show all posts
Showing posts with label 15. Show all posts

Tuesday, March 4, 2014

ഭാവനാശാലികളുടെ ഭാവിഭാരതം




പി. സുജാതൻ


നന്ദൻ നിലേക്കനിയുടെ 'വിഭാവന ചെയ്യുന്ന ഇന്ത്യ' എന്ന കൃതിയിൽ ഒരു അനുഭവ വിവരണമുൺ​‍്‌. ഇൻഫോസിസ്‌ കമ്പനിയുടെ ബാംഗ്ലൂർ കാമ്പസിൽ നന്ദനെ കാണാൻ ഒരു അമേരിക്കക്കാരൻ എത്തി. മൈസൂറിൽ നിന്ന്‌ ബാംഗ്ലൂർ സിറ്റി വരെ റോഡ്‌ മാർഗ്ഗം സഞ്ചരിച്ചാണ്‌ വിദേശി ഇൻഫോസിസിന്റെ വളപ്പ്‌ കടന്നത്‌. നന്ദനുമായുള്ള കൂടിക്കാഴ്ചയിൽ ഏറെ നേരവും റോഡ്‌ യാത്രയുടെ ക്ലേശങ്ങൾ അതിഥി വിസ്തരിച്ചുകൊൺ​‍ിരുന്നു. അയാൾ പറഞ്ഞു: "നന്ദൻ, നിങ്ങളുടെ ഈ കമ്പനി വളപ്പ്‌ എത്ര മനോഹരമായിരിക്കുന്നു. വൃത്തിയും വെടിപ്പും ഉള്ള വിശാല വീഥികൾ. മനോഹരമായ തൊഴിലിടങ്ങൾ, പക്ഷേ കമ്പനിക്ക്‌ പുറത്തുള്ള റോഡ്‌ ഇതുപോലാകാത്തത്‌ എന്ത്‌? ഹുസ്സൂർ റോഡുവഴി ബാംഗ്ലൂരിൽ എത്താൻ എത്രമാത്രം ഞാൻ കഷ്ടപ്പെടേണ്ടി വന്നു. തകർന്ന റോഡുകളിലെ വാഹനത്തിരക്ക്‌ ഭയങ്കരം തന്നെ. ഇൻഫോസിസിന്റെ കാമ്പസുപോലെ പൊതുറോഡുകളും നന്നാകാൻ എന്താണ്‌ തടസം?"


വിദേശിയുടെ ജിജ്ഞാസയ്ക്ക്‌ മറുപടിയായി നന്ദൻ നിലേക്കനി ഇങ്ങനെ പറഞ്ഞു: "രാഷ്ട്രീയം, ഉദ്യോഗസ്ഥ അഴിമതി, കരാറുകാരന്റെ തട്ടിപ്പ്‌". ആ ഉത്തരം അതിഥിക്ക്‌ പിടിച്ചില്ല. അദ്ദേഹം ശബ്ദമുയർത്തിപ്പറഞ്ഞു."എന്നാൽ താങ്കളെപ്പോലുള്ളവർ രാഷ്ട്രീയത്തിൽ വരണം. ദീർഘമായ ഒരു ചിരിയായിരുന്നു അതിന്‌ നന്ദന്റെ മറുപടി. അമേരിക്ക പോലെയാണ്‌ ഇന്ത്യയെന്ന്‌ സായിപ്പ്‌ ധരിച്ചുകാണും. ഒരു കമ്പനി എക്സിക്യൂട്ടീവിന്‌ പൊടുന്നനെ ഒരു ദിവസം രാഷ്ട്രീയത്തിലിറങ്ങി ശോഭിക്കാമെന്ന്‌ ഇന്ത്യയിൽ ആരും കരുതുന്നില്ല. അമേരിക്കയിൽ അങ്ങനെ സാധിക്കും. സാധിച്ചിട്ടുൺ​‍്‌. മൈക്കൾ ബ്ലുംബെർഗ്‌ വലിയൊരു കമ്പനിയുടെ മേധാവിയായത്‌ പൊടുന്നനെയാണ്‌. അതേ വേഗത്തിൽ പിറ്റേക്കൊല്ലം അദ്ദേഹം ന്യൂയോർക്ക്‌ നഗരത്തിലെ മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ ഒരു രാഷ്ട്രീയ ഭരണാധികാരിയാകാൻ ഒരാൾക്ക്‌ അത്രവേഗം കഴിയുമെന്ന്‌ തോന്നുന്നില്ല.


പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്‌ രാഷ്ട്രീയത്തിൽ യാദൃച്ഛികമായി വന്നുപെട്ട ഒരാളാണ്‌. സാമ്പത്തികശാസ്ത്രം പഠിച്ച്‌ കലാശാലാ അധ്യാപകനായി തുടങ്ങിയ ഡോ. സിംഗ്‌ ലോകബാങ്കിൽ പ്രവർത്തിച്ചു. ഇന്ത്യയിൽ മടങ്ങിവന്ന്‌ റിസർവ്വ്ബാങ്ക്‌ ഗവർണറായി. റിട്ടയർ ചെയ്ത്‌ പെൻഷൻവാങ്ങി വീട്ടിൽ വിശ്രമിക്കേൺ ഘട്ടത്തിലാണ്‌ അദ്ദേഹം അപ്രതീക്ഷിതമായി പി.വി. നരസിംഹറാവു മന്ത്രിസഭയിൽ ധനകാര്യവകുപ്പിന്റെ ചുമതല ഏറ്റെടുത്ത്‌ രാഷ്ട്രീയത്തിൽ എത്തിയത്‌. രാജീവ്ഗാന്ധിയുടെ ദുരന്ത മരണശേഷം രൂപം കൊൺ ന്യൂനപക്ഷ മന്ത്രിസഭയായിരുന്നു അത്‌. കാലാവധി പൂർത്തിയാക്കുമോ എന്ന്‌ സകലരും സന്ദേഹിച്ചു. നരസിംഹറാവുവിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ ഫലിച്ചു. പുത്തൻ സാമ്പത്തിക നയങ്ങൾക്ക്‌ ഉദാരപൂർവ്വം ഇന്ത്യയിൽ തുടക്കം കുറിച്ചതു റാവു പ്രധാനമന്ത്രിയയായിരുന്ന കാലത്താണ്‌. ധനമന്ത്രിയെന്ന നിലയിൽ മൻമോഹൻസിംഗ്‌ ആയിരുന്നു പരിഷ്കരണ പ്രക്രിയയുടെ ചുക്കാൻ പിടിച്ചതു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ലോകശ്രദ്ധയിൽകൊണ്ടുവന്നു.

വികസനരംഗത്ത്‌ പുതിയ കുതിച്ചുചാട്ടങ്ങളുൺ​‍ായി. പിന്നാലെ വന്ന എൻ.ഡി.എ സർക്കാരിന്‌ മാറ്റിമറിക്കാൻ പറ്റാത്തവിധം സുദൃഢമായ ഒരു തുടക്കമായിരുന്നു സിംഗിന്റെ പരിഷ്കരണങ്ങൾ. ലോക സാമ്പത്തിക കാലാവസ്ഥയുടെ ഗതി മനസിലാക്കി നടത്തിയ അർത്ഥവത്തായ ചുവടുവയ്പുകൾ ഫലം കൺ​‍ു. കോൺഗ്രസ്‌ നേതൃത്വത്തിൽ 2004ൽ യു.പി.എ അധികാരത്തിൽ വന്നപ്പോൾ സോണിയഗാന്ധിക്ക്‌ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക്‌ നിർദ്ദേശിക്കാൻ പറ്റിയ സ്വാഭാവിക പ്രതിനിധി ഡോ. മൻമോഹൻസിംഗ്‌ ആയി. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ ഇന്ത്യൻ പ്രധാനമന്ത്രി പദത്തിൽ നോട്ടമുള്ള പ്രണബ്‌ കുമാർ മുക്കർജിക്ക്‌ പോലും ലഭിക്കാതെ പോയ അവസരമാണത്‌. ഒരിക്കൽ പ്രണബ്‌ ധനമന്ത്രിയായിരുന്ന ഘട്ടത്തിൽ അദ്ദേഹത്തിന്റെ കീഴിൽ റിസർവ്വ്‌ ബാങ്ക്‌ ഗവർണർ എന്ന പദവിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു ഡോ. മൻമോഹൻസിംഗ്‌. പിന്നീട്‌ ക്യാബിനറ്റ്‌ കോളീഗും ഇപ്പോൾ പ്രധാനമന്ത്രിയെന്ന നിലയിൽ പ്രണബിന്റെ ബോസും ആണ്‌ സിംഗ്‌. ഇതെല്ലാം രാഷ്ട്രീയത്തിലെ യാദൃച്ഛികതകളാണ്‌. ഒരു കമ്പനി മേധാവിക്കോ അക്കാദമീഷ്യനോ പൊടുന്നനെ രാഷ്ട്രീയനയ തീരുമാനങ്ങളുടെ തലപ്പത്ത്‌ എത്താൻ ഇന്ത്യയിൽ അനേകം കടമ്പകളുൺ​‍്‌. അത്രത്തോളം വിശാലമായ പ്രോഫഷണലിസം ഇന്ത്യൻ ജനാധിപത്യം സ്വപ്നം കൺ​‍ുതുടങ്ങിയിട്ടുപോലുമില്ല.


രാജീവ്ഗാന്ധിയാണ്‌ രാഷ്ട്രീയത്തിൽ തൊഴിൽ പ്രാഗൽഭ്യത്തിന്‌ പ്രാധാന്യം നൽകിയ പ്രധാനമന്ത്രി. ശാസ്ത്രസാങ്കേതിക മികവിലൂടെ ഇന്ത്യയെ അടുത്ത നൂറ്റാണ്ടിലേക്ക്  നയിക്കണമെന്ന ഒരു ദർശനം അദ്ദേഹത്തിനുണ്ടായിരുന്നു. ഓരോ രംഗത്തും ഉജ്വലമായ പ്രവർത്തനാനുഭവമുള്ള വിദഗ്ധരെ അധികാരപദവികളിൽ കൊണ്ടുവരാൻ  കോൺഗ്രസിന്റെ കവാടം രാജീവ്ഗാന്ധി തുറന്നിട്ടു. അതിന്റെ മെച്ചവും ഇന്ത്യക്കുണ്ടായി.

നന്ദൻ നിലേക്കനി  യുനീക്ക് ഐഡ്ന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ എന്ന നൂതനമായ ഒരു പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷ പദവിയിൽ മഹത്തായ ഒരു പ്രവർത്തന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്‌. രാജ്യത്തെ എല്ലാ പൗരന്മാർക്കും തിരിച്ചറിയൽ കാർഡ്‌ നൽകുക എന്നതാണ്‌ ആ സ്ഥാപനത്തിന്റെ സമയബന്ധിത ലക്ഷ്യം. വ്യക്തിയെക്കുറിച്ച്‌ അറിയേൺ മുഴുവൻ വസ്തുതകളും രേഖപ്പെടുത്തിയ ഡിജിറ്റൽ രേഖയാണ്‌  അത്. UIDAI  വരുന്ന ഒരു വർഷത്തിനുള്ളിൽ കേരളത്തിലാണ്‌ ആദ്യമായി പദ്ധതി പൂർത്തിയാക്കുക. മൂന്നുകൊല്ലം കൊണ്ട്  എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലെ ജനസംഖ്യ എന്നും ഒരു അനുമാനമാണ്‌. 2011ലെ പ്രാഥമിക റിപ്പോർട്ട്‌ പ്രകാരം രാജ്യത്ത്‌ 121 കോടി ജനങ്ങളുണ്ടെന്ന്  കണക്കാക്കുന്നു. അലഞ്ഞുതിരിയുന്നവരും തെരുവിൽ ഉറങ്ങുന്നവരും ഈ കണക്കെടുപ്പിൽ വരില്ല. നാടോടികളും ഭവനരഹിതരുമായ കോടിക്കണക്കിനാളുകൾ രേഖയിലില്ല. ഇന്ത്യയിലെ വികസനാസൂത്രണ നയങ്ങളെ അട്ടിമറിക്കുന്ന ഒരു വസ്തുതയാണിത്‌. നന്ദന്റെ തിരിച്ചറിയൽ കാർഡ്‌ ഈ കുറവ്‌ എന്നേക്കുമായി പരിഹരിക്കും. ഇത്തരം നൂതനമായ ഒരു പദ്ധതിയുമായി ഇൻഫോസിസ്‌ വിട്ട്‌ കേന്ദ്രസർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഈ ടെക്നോക്രാറ്റിന്റെ ഉള്ളിൽ ഭാവനാശാലിയായ ഒരു രാഷ്ട്രീയ മനുഷ്യൻ ഒളിച്ചിരുപ്പുണ്ട്. കർണ്ണാടക സ്വദേശിയായ നന്ദൻ നിലേക്കനി എന്ന 56കാരൻ നാളത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാകില്ലെന്ന്‌ ആരുകണ്ടു?

Monday, February 3, 2014

ശരീരമേ ശരീരമേ

എ വി സന്തോഷ്കുമാർ
------------------------
വെള്ളപുതച്ച മരങ്ങള്‍,പാതകള്‍
വെള്ളപുതപ്പിച്ച കാറ്റിന്‍റെ ഇടനെഞ്ചില്‍
ശൈത്യം മരവിച്ച ശ്വാസക്കുറുകലുകള്‍

നടന്നു പോകുന്ന രൂപങ്ങള്‍
ചീറിപ്പായുന്ന റോഡുകള്‍
വദനദ്വാരങ്ങള്‍ പുകക്കുഴലുകള്‍
ആവിപറക്കുന്ന ശരീരങ്ങള്‍.

ശരീരമേ ശരീരമേ നിന്നില്‍ നിന്നും
പുക ഉയരുന്നത് ഞാന്‍ ഒരിക്കലേ കണ്ടിട്ടുള്ളു!

Thursday, January 2, 2014

തിരിഞ്ഞു നോക്കുമ്പോള്‍



ആഷാ ശ്രീകുമാർ
പുതുവര്‍ഷത്തിന്റെ ലഹരി
ഒട്ടും ചോരാതെ ഞാന്‍
ഓര്‍മ്മകള്‍ ഒന്നടുക്കട്ടെ !!

അച്ഛന്റെ വിരലില്‍
തൂങ്ങി ലോകം കണ്ട നാളും
അമ്മയുടെ ലാളനയില്‍
നാവില്‍ രുചികള്‍ നിറച്ചതും

സൌഹൃദ പ്പെരുമഴയില്‍
കാലം കണ്ണെഴുതി
സന്തോഷം കൊലുസ്സണിയിച്ചു
മോഹങ്ങള്‍ പൊട്ടണിയിച്ചു

ചെഗുവേരയും മാര്‍ക്സും
ഏങ്കല്സും കലാലയാങ്കണത്തില്‍
വിപ്ലവ മോഹമായ്

കണ്ണില്‍ പ്രണയ സാഗരം ഒളിപ്പിച്ചു
ചുള്ളിക്കാടും അയ്യപ്പനും
ഓയന്‍വിയും ഘനഗംഭീരമായ്‌
തന്മയമായ് ചൊല്ലി
പ്രണയത്തീമനസ്സില്‍ നിറച്ചു

ഒരു മംഗല്യസൂത്രത്തിന്‍ ശ്രീയായ്
എന്നിലെ പ്രണയഭാവത്തിന്നര്‍ത്ഥം
പകര്‍ന്നതും
എന്നിലെ ശ്രീയായി എന്റെ 'ശ്രീ' യായി
എന്റെ കൈ പിടിച്ചൊപ്പം നടക്കുന്നു

അമ്മയായ് ഗൃഹനാഥയായ്
സ്വസ്ഥയായ് അഭിമാനമായ്
ജീവിത വഴിയില്‍ ഇരിക്കവേ
എന്നിലെ എന്നില്‍ സന്തിഷ്ടയാണ് ഞാന്‍
ദുഃഖമൊട്ടുമേ ഇല്ല
പരാജയമില്ല

തിരിഞ്ഞു നോക്കിയാല്‍
എങ്ങും നന്മകള്‍ മാത്രം
ഇന്നും നാളയും പുണ്യം നിറയട്ടെ
ജീവിത യാത്രയില്‍ സ്നേഹാമൃതം
നിറയട്ടെ എല്ലാം നിന്‍ അനുഗ്രഹം
സര്‍വ്വേശ്വരാ !!!!!!

Monday, December 2, 2013

നീലയും ചുവപ്പും


ഗ്രീഷ്മാ മാത്യൂസ്

ഈ പ്രായത്തിലോ അമ്മേ......? മകന്റെ ചോദ്യം പ്രസക്തമായിരുന്നു. പ്രായം അൻപത്‌ കഴിഞ്ഞ തന്റെ അമ്മ ഡിവോഴ്സ്‌ പെറ്റീഷൻ കൊടുത്തപ്പോൾ അയാൾക്കെങ്ങനെ പ്രതികരിക്കാതിരിക്കാനാവും? അമ്മയ്ക്ക്‌ ഓർമ്മകളിൽ ജീവിക്കണമത്രേ, തന്റെ ജീവിതം കൂടി കണക്കിലെടുക്കാതെ നാലഞ്ച്‌ മാസം കഴിയുമ്പോൾ മനീഷയുമായുള്ള വിവാഹത്തിന്‌ അമ്മയില്ലെങ്കിൽ.....? അതോ അമ്മ വരുമോ?അയാൾ കിതച്ചു, അച്ഛനെ നോക്കി, ഫോണിൽ ആരൊക്കെയോ വിളിയ്ക്കുന്നു, പറയുന്നു... ഷെയറിന്റെ വിലയിടിഞ്ഞുവത്രേ.....

അവൾ മാത്രം ചിരിച്ചു.....കുറേ നാളുകൾക്ക്‌ ശേഷം അമ്മ എന്ന വാക്ക്‌ മതിവരുവോളം കേട്ടു.... അതുമതി. പുരോഗമന ചിന്താഗതിയില്ലാത്ത അമ്മയെ മകൻ തന്റെ അമ്മയെന്ന്‌ കാലങ്ങൾക്ക്‌ ശേഷം വിളിച്ചു ജോലിത്തിരക്കുകൾക്കും ദീർഘനിശ്വാസങ്ങൾക്കും നടുവിൽ ഭർത്താവ്‌ അവരെ മറന്ന്‌ തുടങ്ങിയിരുന്നു. മറവിയുടെ ഓർമ്മയുടേയും സൂക്ഷ്മരേഖകളിൽ അവർ ഒതുങ്ങിനിന്നു. അർബുദം ബാധിക്കുന്നത്‌ വരെ പുറംലോകവുമായി ബന്ധമില്ലാതെ ഭർത്താവിന്റെ മുറിയിൽ നിന്നും മകന്റെ മുറിയിലേക്ക്‌ പണവുമായി ഓടി. ഭക്ഷണം കൊണ്ട്‌ കൊടുത്തു... അസുഖം വന്നപ്പോൾ ഉറങ്ങാതെ കാവലിരുന്നു..

ജീവിതത്തിന്റെ ചുവപ്പുനിറം വീണുകിട്ടിയപ്പോൾ രണ്ട്‌ പേരും അവളെ മറന്നു. സോഫയിലോ മറ്റോ ഉറങ്ങുന്ന അവളെ പൊടിപിടിച്ച പുസ്തകത്തെ നോക്കുന്നത്‌ പോലെ നോക്കി ഭർത്താവ്‌ മുഖം തിരിച്ചു. മകൻ എംബിഎ, യുകെയിൽ പഠിക്കുന്നത്‌ സ്വപ്നം കണ്ടു....നേടി, നേടേണ്ടതൊഴിച്ച്‌ എല്ലാം.

ഏശിയുടെ തണുപ്പിലും അമ്മയുടെ നീലസാരിയിലെ മഞ്ഞൾക്കറയും മെഴുക്കും മകനെ അലോസരപ്പെടുത്തി. അവളുടെ മണം ഭർത്താവിനെ ഉണർത്തിയിട്ടില്ല. മുറിവേറ്റപ്പോൾ സ്ത്രീത്വം അവളെ ശപിച്ചു. എന്നും ശക്തമായ തലവേദന വന്നു. വേഗത കുറഞ്ഞു, വേച്ച്‌ വേച്ച്‌ നടന്നു, കാര്യങ്ങൾക്ക്‌ വേഗത കുറഞ്ഞപ്പോൾ ഭർത്താവും മകനും ഇംഗ്ലീഷിൽ പിറുപിറുത്തു. ബിച്ച്‌! പഴയ എംഎ ഇംഗ്ലീഷുകാരിയ്ക്ക്‌ അർത്ഥം മനസ്സിലായോ...!ഇല്ലെന്ന്‌ തോന്നുന്നു, കാരണം അവർ കരഞ്ഞില്ലെന്നത്‌ തന്നെ.

അന്ന്‌ പതിവില്ലാതെ അമ്മയോട്‌ സംസാരിച്ചു. പശുക്കളെപ്പറ്റി ചോദിച്ചു. ഇത്തവണ നെല്ലെത്ര കിട്ടി. ഫോൺ ചെവിയോട്‌ ചേർത്ത്‌ വെച്ചപ്പോൾ അമ്മ തന്റെ അടുത്തിരുന്നാണ്‌ പറയുന്നതെന്ന്‌ തോന്നി. കരഞ്ഞു..എത്ര നേരമങ്ങനെയെന്ന്‌ അറിഞ്ഞുകൂടാ....പക്ഷേ, ഫോൺ വയ്ക്കുമ്പോൾ അവരുടെ മുഖം തെളിഞ്ഞു.

ഗ്രാമത്തിന്റെ വിശുദ്ധിയിലേക്ക്‌ പറിച്ച്‌ നട്ടപ്പോൾ അവൾക്ക്‌ യൗവ്വനം തിരികെ കിട്ടി. അമ്മയുടെ മടിയിൽ തലചായ്ച്ചപ്പോൾ ബാല്യവും.

അവർ നടന്നു, പരസ്പരം ഒരു ചെറിയ ദൂരമിട്ട്‌.....പഴയ സുഹൃത്താണ്‌, വായനശാലയും കൃഷിയും ഒക്കെ ഇട്ടെറിഞ്ഞ്‌ അവൾക്ക്‌ വേണ്ടി ആ മണൽപ്പരപ്പിൽ നരപടർന്ന്‌ കയറിയ ഓർമ്മകളിൽ കൂടി ഒരു ചെറിയ കാറ്റ്‌ പറന്നുപോയി. ഭർത്താവിന്റെ വീട്ടിലെ ആകാശത്തിന്‌ എപ്പോഴും നീലയും ചുവപ്പും നിറമായിരുന്നു എന്നവൾ ഓർത്തു. ചേർച്ചയില്ലാത്ത രണ്ട്‌ നിറങ്ങൾ ഏകാന്ത തടവിൽ പാർപ്പിച്ചിരുന്ന ഒരുവൾ, വർഷങ്ങൾക്ക്‌ ശേഷം ഒരു മനുഷ്യജീവിയെ കണ്ടുമുട്ടുന്നത്‌ പോലെ, വാ തോരാതെ അവൾ മാത്രം സംസാരിച്ചു. ആകാശത്തെപ്പറ്റി, നിറങ്ങളെപ്പറ്റി, പിന്നീട്‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു ഒരു ഉള്ളി ദോശ കഴിയ്ക്കാൻ ആഗ്രഹം തോന്നുന്നെന്ന്‌; അയാളും ചിരിച്ച്‌ കാഴ്ചയ്ക്ക്‌ മങ്ങലുണ്ടെങ്കിലും അയാൾക്ക്‌ അവളെ കാണാമായിരുന്നു. ഒരുപക്ഷേ, അവരെ മാത്രം.. ....

ഇടയ്ക്ക്‌ വേച്ചുപോയപ്പോൾ അയാൾ താങ്ങി, നാളെ എന്റെ മോന്റെ കല്യാണമാണ്‌. അയാളുടെ നെഞ്ചിൽ ചാരിയിരിക്കുമ്പോൾ അവൾ കിതപ്പോടെ പറഞ്ഞ്‌ നിർത്തി...ആകാശം നീലയായി ഒരു നിറം മാത്രം.........

അയാൾ മാത്രം, മരിച്ചിട്ടും അവളെ സ്വപ്നത്തിൽ കാണുമായിരുന്നു...

Thursday, October 31, 2013

മെഴുക്കടയാളം

ബഷീറലി അലിക്കൽ

അടുക്കളയിൽ നിന്നും
പുറത്തേക്കിറങ്ങുന്ന,
പടിവാതിലിൽ ,എണ്ണയും -
വിയർപ്പും ,കൂടികുഴഞ്ഞ
കറുത്ത പാടുകൾ കാണാം ...!
എന്റെ നിസ്സംഗതയെ ചാരി
ഞാൻ നിന്നതിന്റെ മെഴുക്കടയാളം ...!
മാറാല കെട്ടിയ ചുവരിലും മച്ചിലും ,
കറുത്ത പാടുകൾ കാണാം ...!
അടുപ്പിൽനിന്നും ഉയർന്ന -
നെടുവീർപ്പുകൾ തീർത്ത ,
മെഴുക്കടയാളങ്ങൾ ....!
ഉള്ളിലെരിയുന്ന
കനൽ ചിന്തകൾ ,
നിശ്വാസങ്ങൾ -
അടുപ്പിലായാലും,
മനസ്സിലായാലും ,
അതിന്റെ പരിസരങ്ങളിൽ -
എന്തിനാണ് അടയാളങ്ങൾ
ബാക്കി വയ്ക്കുന്നത് ...!
എത്രതന്നെ അടിച്ചു തെളിച്ചു ,
വൃത്തിയാക്കി വച്ചാലും-
പിന്നയും മെഴുക്കടയാളങ്ങൾ,
തെളിഞ്ഞുവരുന്നത്-
എന്താണ്എന്നെ ,
ഓർമ്മപെടുത്തുന്നത്‌...!

Sunday, September 29, 2013

മുത്തുകള്‍


എം.കെ.ഭാസി



വര്‍ഷകാലങ്ങള്‍ കുത്തിയൊലിച്ചെന്‍
മുന്നിലൂടെക്കടന്നു പോകുമ്പോള്‍

ഈറനായി വരുന്ന ഹേമന്തം
നാണമാര്‍ന്നടി വച്ചണയുമ്പോള്‍

ദാഹമാര്‍ന്നൊരീ മണ്ണിന്‍റെ മാറില്‍
വേനല്‍ വീണു തളര്‍ന്നുറങ്ങുമ്പോള്‍

ഫുല്ലവാസന്ത കാന്തികള്‍ ലജ്ജാ-
നമ്രമിങ്ങുവന്നെത്തി നോക്കുമ്പോള്‍

മുത്തെടുക്കുവാന്‍ മുങ്ങി നില്‍ക്കുന്നൂ
മുക്കുവച്ചെറു കുട്ടികള്‍ നിങ്ങള്‍.

തപ്തമീ മരുഭൂമി തന്‍ ദുഃഖ-
ചിന്തയെന്‍റേതാണെന്നറിയുമ്പോള്‍

വാടിവീണ കിനാവുകള്‍ പോലെ
വീണപൂവുകള്‍ നോക്കി നില്‍ക്കുമ്പോള്‍

പെയ്യുവാന്‍ വിങ്ങിത്താണു വന്നെത്തും
വര്‍ഷകാലമേഘങ്ങളെപ്പോലെ

താത കണ്വന്‍റെ ദുഃഖമെന്നുള്ളില്‍
കൂടുകെട്ടിക്കഴിയുകയല്ലോ.

ഞാനറിയാതെന്നുള്ളിലുറങ്ങും
സാഗരത്തിന്നഗാധതയിങ്കല്‍

മുത്തെടുക്കുവാനെങ്ങുനിന്നെത്തി
മുക്കുവച്ചെറു കുട്ടികള്‍ നിങ്ങൾ

Sunday, September 1, 2013

മനുഷ്യനെ സൃഷ്ടിച്ചത് കളിമണ്ണുകൊണ്ടല്ല!






സനൽ ശശിധരൻ
മനുഷ്യനെ ദൈവം കളിമണ്ണുകൊണ്ടുണ്ടാക്കി ജീവശ്വാസമൂതിവിട്ടതാണെന്ന കാലഹരണപ്പെട്ട മതബോധനങ്ങളാണ് ഇന്നും നമ്മെ നയിക്കുന്നത്. പരിണാമസിദ്ധാന്തം വന്നിട്ടും ജനിതകശാസ്ത്രം ഡിഎൻഎയും ജീനുമൊക്കെ ഡീ കോഡ് ചെയ്ത് കാട്ടിയിട്ടും ക്ലോണിങ്ങും ജനിതകവിത്തുകളും ടെസ്റ്റ് ട്യൂബ് ശിശുക്കളുമൊക്കെ എമ്പാടും ചർച്ചാ വിഷയമായിട്ടും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും നാം, മനുഷ്യനെ ദൈവം പൊടിയിൽ നിന്നും സൃഷ്ടിച്ചുവിട്ടതാണെന്ന മണ്ടൻ കഥ കണ്ണടച്ച് വിശ്വസിക്കുന്നു. ശരീരം കളിമണ്ണുകൊണ്ടുള്ളതാണെന്ന് നിസാരവത്കരിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള മോഹിപ്പിക്കുന്ന കഥകകളിലൂടെ മനുഷ്യന്റെ ജൈവ ചോദനകളെ അടക്കിഭരിച്ചും മതം, മജ്ജയും മാംസവും ചോരയുമുള്ള സത്യത്തെ ഇരുട്ടിൽ ചവുട്ടിത്താഴ്ത്തുന്നു. ശരീരം തെറ്റാണ്, ലൈംഗീക അവയവങ്ങൾ കൊടും തെറ്റാണ്, സ്ത്രീ പാപമാണ്, അവളുടെ സ്രവങ്ങൾ തീണ്ടാപ്പാടകലെ നിർത്തേണ്ടതാണ് എന്നൊക്കെയുള്ള കണ്ണില്ലാത്ത വിശ്വാസങ്ങളെയാണ് നമ്മുടെ സദാചാര സംരക്ഷകർ 'നമ്മുടെ സംസ്കാരം, നമ്മുടെ പൈതൃകമെന്ന്' നാഴികയ്ക്ക് നാൽപ്പതുവട്ടം ഉദ്ഘോഷിക്കുന്നത്. പുരുഷാധിപത്യത്തിന്റെ സന്തതിയായ 'ഈ നമ്മുടെ പൈതൃകം, നമ്മുടെ സംസ്കാരം' ഒട്ടും കോട്ടം തട്ടാതെ സംരക്ഷിക്കാൻ അരയും തലയും മുറുക്കി ഇറങ്ങുന്നത് പലപ്പോഴും സ്ത്രീകൾ തന്നെയാണെന്നതാണ് വിരോധാഭാസം. പുരുഷാ നീ പുറത്തുവന്നത് തീണ്ടാപ്പാടകലെ നിർത്തേണ്ടതെന്ന് നീ പറയുന്ന സ്രവങ്ങൾ പുറത്തുവന്ന അതേ സുഷിരത്തിലൂടെയാണെന്ന് പുരുഷനെ ഓർമിപ്പിക്കാൻ ഒരു സ്ത്രീയെങ്കിലും മുന്നോട്ട് വന്നാൽ പുരുഷ നിർമിതമായ 'ഈ നമ്മുടെ പൈതൃകം നമ്മുടെ സംസ്കാരം' കടലിലേക്ക് ഇടിഞ്ഞു വീഴും. പുരുഷൻ എന്നത് തൊട്ടുകൂടാത്ത ഒരു തീണ്ടാരിത്തുണിയായി ഇരുട്ടറയിൽ ഒളിക്കേണ്ടിവരും. ബ്ലെസിയുടെ കളിമണ്ണ് കണ്ടിറങ്ങുമ്പോൾ എനിക്ക് തോന്നിയതാണിത്.

കളിമണ്ണ് ഒരു ക്ലാസിക് സിനിമയല്ല. അതൊരു സാധാരണ കച്ചവട സിനിമയാണ്. പക്ഷേ അത് കൈകാര്യം ചെയ്യുന്ന വിഷയം ഇന്നേവരെ മലയാളത്തിൽ ഒരു ക്ലാസിക് സിനിമാക്കാരനും കൈകാര്യം ചെയ്യാൻ ധൈര്യം കാണിച്ചിട്ടില്ലാത്ത വിഷയമാണ്. കുഞ്ഞ് പുറത്തുവരുന്നത് വായിലൂടെയാണോ മൂക്കിലൂടെയാണോ പൊക്കിളിലൂടെയാണോ മലദ്വാരത്തിലൂടെയാണോ എന്നുപോലും അറിഞ്ഞുകൂടാത്ത എണ്ണമറ്റ കഴുതകൾ ജീവിച്ചിരിക്കുന്ന നാടാണ് നമ്മുടേത്. എന്തായാലും അത് യോനിയിലൂടെ ആവാൻ വഴിയില്ല എന്നവർ കരുതുന്നു. അത്രയ്ക്ക് പാപപങ്കിലമായ ഒരവയവമായാണ് അതിനെ പലരും മനസിലാക്കിയിരിക്കുന്നത്. ഒരു പാമ്പിനെ തല്ലിക്കൊല്ലുന്ന അതേ ലാഘവത്വത്തോടെ അതിലൂടെ ശ്വാസകോശം വരെ ഇരുമ്പുദണ്ഡ് ഇടിച്ചുകയറ്റാൻ പുരുഷനു കഴിയുന്നതും അതുകൊണ്ടുതന്നെ. കളിമണ്ണുകൊണ്ട് ദൈവമുണ്ടാക്കിയ പ്രതിമയല്ല മനുഷ്യനെന്ന് ഉച്ചത്തിൽ പറയാൻ ഇനിയും സിനിമകൾ, കൂടുതൽ ശക്തമായ ആവിഷ്കാരങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. അത്തരം ഒരു തുറന്നുപറച്ചിലിലേക്കുള്ള ധീരമായ ഒരു ചുവടുവെയ്പ്പാണ് കളിമണ്ണ്. അഭിസാരികയായി ശ്വാസം പോയാലും അഭിനയിക്കില്ലെന്ന മേനിപറച്ചിലുകാർ നടികർ തിലകങ്ങളായി പാറി നടക്കുന്ന നാടാണിത്. അത്തരമൊരു നാട്ടിൽ ഒരു ലക്ഷ്യബോധമുള്ള സബ്ജക്ടിനായി, അതിന്റെ സിനിമാവിഷ്കാരത്തിന്റെ പൂർണതയ്ക്കായി അങ്ങേയറ്റം അർപ്പണബോധത്തോടെ ചേർന്നു നിൽക്കാൻ മനസുകാണിക്കുന്ന ഒരു നടി ഉണ്ടാകുന്നത് ഒരു സംവിധായകന്റെ ഭാഗ്യമാണ്. ശ്വേതാമേനോൻ എന്ന നടി ഒപ്പം നിന്നില്ലായിരുന്നുവെങ്കിൽ ബ്ലെസിക്ക് കളിമണ്ണ് ഇങ്ങനെ ഉണ്ടാക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഇത് ഒരു സംവിധായകന്റെ സിനിമ മാത്രമല്ല ചങ്കുറപ്പുള്ള ഒരു നടിയുടേയും കൂടി സിനിമയാണ്.

ഒരു നല്ല ആർട്ട് ഹൗസ് മൂവിക്കുള്ള എല്ലാ സാധ്യതകളും ഉള്ള ഒരു വിഷയമായിരുന്നെങ്കിലും കളിമണ്ണ് ജനപ്രിയ സിനിമയുടെ ഫോർമുലയുള്ള ഒരു സിനിമയാണ്. ആദ്യം എനിക്ക് അതേക്കുറിച്ച് ഒരതൃപ്തിയുണ്ടായിയെങ്കിലും പിന്നീടാലോചിച്ചപ്പോൾ  സംവിധായകൻതിരഞ്ഞെടുത്ത വഴിയായിരുന്നു ശരിയെന്ന് തോന്നി. ഈ സിനിമ കാണേണ്ടത് ഫെസ്റ്റിവലുകളിൽ കളിക്കുന്ന സിനിമകൾ മാത്രം കാണുകയും മദ്യപാന സദസുകളിൽ വ്യാകരണം കൊണ്ടുബന്ധിപ്പിക്കാത്ത വാചകങ്ങൾ കൊണ്ട് ചർച്ചി(ദ്ദി)ച്ച് ആത്മരതി പൂകുകയും ചെയ്യുന്നവരല്ല. ഇത് കാണേണ്ടത് സാധാരണക്കാരാണ്. നിരത്തിൽ ജീവിക്കുന്നവർ. കളിമണ്ണിന് സാധാരണ ഇടിപ്പടങ്ങൾ കാണാനിഷ്ടപ്പെടുന്നവരെ മുഷിപ്പിക്കാത്ത ഭാഷയായതിനു കാരണം അതാവും. പ്രസവരംഗം കാണിക്കുന്നു എന്നാരോപിച്ച് തനിക്കും തന്റെ നായികയ്ക്കും നേരേ വാളോങ്ങിയവർക്ക് കൃത്യമായ മറുപടി നൽകുകയും ചെയ്യുന്നുണ്ട് ബ്ലെസി. പ്രസവ രംഗം സിനിമയ്ക്ക് അനിവാര്യമായിരുന്നു എന്നതുകൊണ്ടുതന്നെ ഒരു കലാകാരനെന്ന നിലയിൽ തന്റെ സത്യസന്ധതയിൽ കളങ്കമേൽക്കാതെ സൂക്ഷിക്കാനും ബ്ലെസിക്ക് കഴിഞ്ഞിട്ടുണ്ട്. യാതൊരാവശ്യവുമില്ലാതെ കപ്പ കപ്പ കപ്പ പുഴുങ്ങുന്നവരെ തൊള്ളപൊളിച്ചു വിഴുങ്ങുന്ന മലയാളി പ്രേക്ഷകന് കൃത്യമായ ബോധ്യത്തോടെ തന്റെ സിനിമയെ സമീപിച്ചിട്ടുള്ള ബ്ലെസിക്കെതിരെ ചെറുവിരൽ ഉയർത്താനുള്ള ധാർമിക അവകാശമില്ല.

ശ്വേതയ്ക്ക് കൊടുത്ത ശബ്ദം വല്ലാതെ മുഷിപ്പിച്ചു. മാധ്യമപ്രവർത്തകരും സിനിമാക്കാരൊഴികെയുള്ള എല്ലാ മനുഷ്യരും സിനിമാക്കാരെ അന്യഗ്രഹജീവികളെപ്പോലെയാണ് സമീപിക്കുന്നത് എന്ന മട്ടിലുള്ള അവതരണവും വിരസമായി. ആദ്യപകുതിയിൽ ബോറടിപ്പിച്ചു. എല്ലാ പോരായ്മകളും മറന്നുപോകുന്ന രീതിയിൽ രണ്ടാം പകുതിയിൽ സിനിമ അനുഭവവേദ്യമായി.
 

Friday, August 2, 2013

ഗോത്രയാനം

അനിൽ കുറ്റിച്ചിറ

കോളനിപ്പുരകള്‍ക്ക് മേലെ
ഇത്തിരിപ്പോന്ന ആകാശത്ത്
ഞങ്ങളുടെ
പകലുകളെ നരപ്പിച്ച്‌
ഒരു മേഘം പതിവായി
ചത്ത്‌ മലക്കും
മണ്ണും ചാണകവും
നിവര്‍ത്തിയ
പൗരാണികമായ
തണുപ്പില്‍ നിന്നും
സ്വപ്നങ്ങളെ വര്‍ത്തമാനത്തിന്‍
സിമെന്‍റുചൂളയില്‍ നിരത്തും

നിങ്ങള്‍
ബി സി ജി കുത്തിനും
ജനനമരണ കണക്കുകള്‍ക്കുമായി
താലിയില്ലാതെ പെറ്റവള്‍ക്ക്
കൂലിയുമായി വരും

മുഖം കറുപ്പിച്ച്
മൂക്ക് പൊത്തി
ബന്ധുക്കള്‍ആകാന്‍

ജാപ്പാണവും പാനും വിഴുങ്ങി
ഉള്ളെരിഞ്ഞു പുളയ്ക്കുന്ന
ഞങ്ങടെ കുഞ്ഞുങ്ങളുടെ
ഒലിക്കും മൂക്കില്‍ നോക്കി
ഓക്കാനിക്കും

മടങ്ങുമ്പോള്‍
ഇരുട്ടുവകഞ്ഞു
തിരിച്ചെത്താന്‍
അടയാളം വയ്ക്കും

ഞങ്ങളാകട്ടെ
ചുണടുകള്‍ കൂട്ടിതുന്നാന്‍
എത്തുന്നവരെ ഭയന്ന്
തോള്ളയില്‍ പൊട്ടിയത്
വിഴുങ്ങി
നിങ്ങള്‍ഇട്ടു വിളിച്ച
പേരും ചുമന്ന്‌
മുമ്പേ പിറന്നവരായ്
പച്ചപ്പിനോടൊപ്പം
ചുരുങ്ങി ചുരുങ്ങി
സ്വന്തമിടങ്ങളിലും
അന്യരായങ്ങനെ ...................

Thursday, July 4, 2013

വി കെ എന്‍ വക അസ്സല്‍ വിവര്‍ത്തനം

അരുൺ പല്ലിശ്ശേരി


"മേരേ അധരോപര്‍ അന്തിം
വസ്തു ന തുളസീദല്‍ പ്യാലാ
മേരേ ജിഹ്വാ പര്‍ ഹോ അന്തിം
വസ്തു ന ഗംഗാജല്‍ ഹാല്‍"

"എന്നധരത്തില്‍ മരണാനന്തര
മഞ്ഞു തളിക്കൂ ദാരുവിനെ
വേണ്ടേ ഗംഗാജലവും തുളസിയു
മെനിക്ക് നാക്കില്‍ കള്‍ മാത്രം"

"മേരേ ശവ് കേ പീഛേ ചലാനേ
വാലോ യാദ് ഇസേ രഖ്നാ
രാം നാം ഹോ സത്യന കഹ്നാ
കഹ്നാ സച്ചീ മധുശാലാ"

"എന്‍ ശവമേറ്റി നടപ്പവരാരും
രാമനാമം ചൊല്ലരുതേ
ചൊല്ലുക ശരണം കള്ളേ ശരണം
കള്ളുഷാപ്പേ ജഗദീശം"

"മേരേ ശവ് പര്‍ വഹ് രോയേ ഹോ
ജിസ് കേ ആംസ്രേ മേഹാലാ
ആഹ്ര ഭരേ വഹ് ജ്പ്പ് ഹോ സുരഭിത്
മദിരാ പീ കര്‍ മത് വാലാ"

"കണ്ണീരിലും കൂടി കള്ളുള്ളവര്‍ മാത്ര
മെന്‍ ശവമഞ്ചേ കരഞ്ഞീടണം
കള്ളടിച്ചെമ്പാടും ബോധമില്ലാത്തവര്‍
മാത്രം കരയണം വിങ്ങി വിങ്ങി"

"ദേ മുഛ് കോ വേകം ധാ ജിങ്കേ
പേഡ്മദ് ഇഗ്മഗ് ഹോതേ ഹൈ
ഔര്‍ ജലൂം ഉസ് ഠൗര്‍ ജഹാം പര്‍
കഭീ രഹീ ഹോ മധുശാലാ"

"കള്ളുകുടിച്ചിട്ടു കാലിടറീടുന്ന
മന്നര്‍ വലിക്കണമെന്റെ മഞ്ചം
പണ്ടു മധുശാലയുണ്ടായിരുന്നൊരു
പ്രാന്തത്തിലെന്നെ ദഹിപ്പിക്കണം"

Sunday, June 2, 2013

മല്ലൂസിന്റെ സ്വയം വിമർശനം ബോറടി ലെവൽ കഴിഞ്ഞു

രാം മോഹൻ  പാലിയത്ത്

കൽ‌പ്പറ്റ നാരായണൻ
മലയാളി അങ്ങനെ, മലയാളി ഇങ്ങനെ എന്നിങ്ങനെയുള്ള കുറ്റംപറച്ചിലുകള്‍ വായിച്ചു വായിച്ച് മനുഷ്യന്‍ ബോറടിച്ച് മരിച്ചു. പണ്ടെങ്ങാണ്ട് സക്കറിയയാണെന്നു തോന്നുന്നു ഇത് തുടങ്ങിവെച്ചത്. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കേരളം മാത്രം കോൺഗ്രസിനെ വീണ്ടും തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു സക്കറിയയുടെ ആക്രമണം. മലയാളി അവന്റെ മായാവ്യൂഹം ചമച്ചു എന്നാണ് സക്കറിയ എഴുതിയത്. അടിയന്തരാവസ്ഥയെ പിന്തുണയ്ക്കാന്‍ മലയാളിക്ക് അതിന്റേതായ കാരണങ്ങളുണ്ടായിരുന്നു എന്നത് വേറെ കാര്യം.

എന്നാലും ഒരു തുടക്കമെന്ന നിലയില്‍ അത് ഓക്കെയായിരുന്നു. പിന്നെ സക്കറിയ തന്നെ അത് ആവര്‍ത്തിക്കാന്‍ തുടങ്ങി. എന്തിനു പറയുന്നു, കാമ്പുള്ള കവിയും ചിന്തകനും നോവലിസ്റ്റുമാണെന്ന് തെളിവുതന്നിട്ടുള്ള കല്‍പ്പറ്റ നാരായണന്‍ വരെ ഇപ്പോള്‍ മലയാളിയുടെ പിറകെയാണ്. ആത്മവിമര്‍ശനം നല്ലതു തന്നെ. അത് അതിരുവിടുന്നതും സഹിക്കാം, അറ്റ് ലീസ്റ്റ് മലയാളി എന്ന വാക്കിനു പകരം കേരളീയന്‍ എന്നെങ്കിലും എഴുതിയിരുന്നെങ്കില്‍.


ഞാൻ മലയാളി അല്ല എന്ന മട്ടിലാൺ ഇവരിൽ പലരുടേയും എഴുത്ത്. ഇത് വിഷയദാരിദ്ര്യത്തിന്റെ പ്രശ്‌നമാണ്. ജീനിയസ്സിന്റെ സ്‌റ്റോക്ക് തീരുന്നതിന്റെ ലക്ഷണമാണ്. 

പറഞ്ഞു പറഞ്ഞ്, മലയാളിക്ക് യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ച തീവ്രതയില്ലൊന്നെക്കെയാൺ ചിലര്‍ പറഞ്ഞു തുടങ്ങിയിരിക്കുത്. യുദ്ധം അനുഭവിക്കേണ്ടി വരുന്നത് എന്തോ ഗുണമാണെന്ന മട്ടിലാൺ ഇതു വായിച്ചാല്‍ തോന്നുക. അനുഭവതീവ്രതയ്ക്കു വേണ്ടി ഇച്ചിരെ യുദ്ധം. അയ്യോ സാറമ്മാരേ, അതിത്തിരി കടുത്തുപോയി.
ഗൊദാർദ്

അനുഭവതീവ്രത കുറവായതുകൊണ്ടാണത്രെ ഇവിടെ വല്യേക്കാട്ടൻ സിനിമയൊന്നും ഉണ്ടാവാത്തത് (വല്യേട്ടനെപ്പോലത്തെ സിനിമകള്‍ ഉണ്ടാവുന്നത്). രണ്ടാം ലോക മഹായുദ്ധം, ഹോളോകാസ്റ്റ് ഇതെല്ലാം കഴിഞ്ഞിട്ടും ഇപ്പോഴും അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് എത്രയെത്ര ക്ലാസിക് സിനിമകളും പുസ്തകങ്ങളുമാണ് പിറവിയെടുക്കുന്നതെന്നാൺ. എന്നാൽ ഇവര്‍ക്കുള്ള മറുപടി ഇവരുടെ വല്യപ്പച്ചനായ ഗൊദാര്‍ദ് തന്നെ പറഞ്ഞിട്ടുണ്ട്. 'ദുരിതങ്ങളും ദാരിദ്ര്യവുമൊക്കെയുള്ളിടത്ത് ഉത്തമകലാസൃഷ്ടി ഉണ്ടാകും. എന്നാൽ ഉത്തമകലാസൃഷ്ടി ഉണ്ടാകാന്‍ വേണ്ടി ദുരിതങ്ങളും ദാരിദ്ര്യവുമൊക്കെ ഉണ്ടാകാന്‍ ആഗ്രഹിക്കുന്നത് ശരിയല്ല' എന്നാണ് ഗൊദാര്‍ദ് പറഞ്ഞത്. 
ഗൾഫ് ജീവിതം

അതെന്തായാലും മലയാളി നല്ലോണം ദുരിതങ്ങള്‍ അനുഭവിച്ചവനാണ്, പ്രത്യേകിച്ച് പ്രവാസത്തിന്റെ. ആസാമലയിലും ശ്രീലങ്കയിലും മലേഷ്യയിലുമെല്ലാം തോട്ടങ്ങളും റോഡുകളും ഉണ്ടാക്കിയത് പിന്നാരാ? ഗള്‍ഫിലോ? ഗള്‍ഫ് മലയാളികളിലെ ഭൂരിപക്ഷം പേരും ചെറുകിട ജോലിക്കാരല്ലെ? കുടുംബം കൂടെയില്ലാത്തവര്‍? കൺസ്ട്രക്ഷന്‍ തൊഴിലാളികള്‍, ഗ്രോസറി, കഫ്തീരിയ ജോലിക്കാര്‍, വാച്ച്മാന്മാര്‍, മുടിവെട്ടുകാര്‍, ഡ്രൈവര്‍മാര്‍, ചെറിയ കടകളിലെ സെയ്ല്‍സ്മാന്മാര്‍... കുടുംബജീവിതം നഷ്ടപ്പെടുത്തി ഈ ലക്ഷക്കണക്കില്‍ വരുന്ന മലയാളികള്‍ അനുഷ്ഠിക്കുന്ന ത്യാഗത്തിന് ഒരു വിലയുമില്ലേ? അവരുടെ ഭാര്യമാരുടെ നെടുവീര്‍പ്പുകള്‍ക്ക്? യത്തീമുകളെപ്പോലെ വളരുന്ന അവരുടെ കുട്ടികളുടെ നിരാശ്രയത്വത്തിന്? അതെന്താ, ബോംബും ചോരയുമില്ലാത്തതുകൊണ്ടാണോ കണ്ണില്‍പ്പെടാതിരിക്കുന്നത്? വിമാനത്തില്‍ വന്ന് ബോംബിടുന്നത് മാത്രമേ ദുരന്തമാകൂ? വിമാനത്തില്‍ കേറ്റി നാടുകടത്തുന്നതും ദുരന്തമല്ലേ?

ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ലോകത്തെ ഏറ്റവും മികച്ച നേട്ട ങ്ങളാണ് കേരളത്തിന്റേത്. ഇത് മാനത്തുനിന്ന് പൊട്ടി വീണതാണോ? ക്രൈസ്തവ മിഷനറിമാര്‍, ശ്രീനാരായണഗുരു, ഇടതുപക്ഷം, ഗള്‍ഫ് - വിചിത്രമായ ഈ കോമ്പിനേഷനാണ് കേരളാ മോഡലിനെ യാഥാര്‍ത്ഥ്യമാക്കിയത്. ഇക്കാലത്ത് അതിനെ ഗള്‍ഫ് കേരളാ മോഡല്‍ എന്നു വിളിച്ചാലും തെറ്റില്ല. കാരണം, കേരളാ മോഡലിനെ ഇന്നു നിലനിര്‍ത്തുതില്‍ ഏറ്റവും വലിയ പങ്ക് ഗള്‍ഫിന്റേതാണ്. അറബിക്കടലിന് അപ്പുറവും ഇപ്പുറവുമായി മുറിഞ്ഞുപോയ ഒരു സമൂഹമാണ് ഇന്ന് മലയാളി. ഇവരിലെ അറബിപ്പാതിയുടെ കാര്യം മഹാകഷ്ടം. 

മലയാളിക്ക് നേരെയുള്ള മറ്റൊരു പ്രധാന വിമര്‍ശനം അവന്‍ ആളൊരു കപട സദാചാരവാദിയാണ് എന്നത്രെ. അതായത് പബ്ലിക്കായി സദാചാരം പ്രസംഗിക്കുന്നു, ചാന്‍സു കിട്ടിയാല്‍ ചക്കരക്കുടത്തില്‍ കയ്യിടുന്നു. അവസരങ്ങളുടെ അഭാവമാണ് സദാചാരം എന്നു വരെ തിയറി ഉണ്ടായിരിക്കുന്നു. സദാചാരപ്പോലീസ് എന്നൊരു പ്രയോഗവും സുപരിചിതമായിരിക്കുന്നു. ഓര്‍ത്തുനോക്കിയാല്‍ ഈ കപടസദാചാരം മലയാളി കൊടുക്കുന്ന ചെറിയൊരു വിലയല്ലേ? ഇതിനു പകരം കേരളം എന്ന നീണ്ടുകിടക്കുന്ന മഹാനഗരത്തില്‍ പലയിടങ്ങളിലായി വേശ്യാലയങ്ങള്‍ ഉണ്ടായിരുന്നെങ്കിലോ? എങ്കില്‍ ഈ ഒളിഞ്ഞുനോട്ടവും ബലാല്‍സംഗവും ബാലപീഡനവും പെൺവാണിഭവും ഇന്നത്തെ അളവുകളില്‍ സംഭവിക്കുകയില്ലെന്നാണ് ചിലര്‍ പറഞ്ഞുവരുന്നത്. 
കാമാത്തിപുര, മുംബൈ

കാമാത്തിപുരയും ജിബി റോഡും സോനാഗചിയുമുള്ള മുംബൈ, ദില്ലി, കല്‍ക്കത്ത എന്നി വിടങ്ങളിലെ സ്ഥിതി എങ്ങനെ? 

ക്രിയാത്മക വിമര്‍ശനം പോലും ഇവിടെ പ്രസക്തമല്ല. ഇവിടെ പ്രസക്തമായത് എന്തു ചെയ്താല്‍ കാര്യങ്ങള്‍ മെച്ചപ്പെടും എന്ന് പറയലാണ്. ചെയ്തു കാണിക്കലാണ്. സ്വയം മാതൃകയാവലാണ്. അതിനാര്‍ക്കും ധൈര്യമില്ല. അതിനു പകരം താനൊരാള്‍ മാത്രം മലയാളിയല്ല എന്ന മട്ടില്‍ മലയാളികളെ വിമര്‍ശിക്കാനിറങ്ങിയിരിക്കുന്നു കുറെ അണ്ണന്മാര്‍. 

രണ്ടു മൂന്ന് ഡൂക്കിലി പാര്‍ട്ടികളുടേതൊഴിച്ചാല്‍ മക്കള്‍ രാഷ്ട്രീയത്തിനു പോലും ക്ലച്ചു പിടിക്കാത്ത സ്ഥലമാണ്. എന്തിന്, സിനിമയില്‍പ്പോലും കഴിവില്ലാത്ത സന്തതികളെ പച്ച തൊടീച്ചിട്ടില്ല. സിനിമാക്കാര്‍ക്കു വന്ന് നിരങ്ങാന്‍ പാകത്തിന് രാഷ്ട്രീയത്തെ നിലത്തുവിരിച്ചിട്ടുമില്ല.

കൂലിപ്പണിക്ക് ആളെ കിട്ടുന്നില്ല, കൂലി കൂടുതൽ... എന്നിങ്ങനെയും കേരളത്തെപ്പറ്റി വിമർശനമുണ്ട്. അതു പറയുന്നവനൊക്കെ കൃഷിയും ബിസിനസും നടത്താൻ പാകത്തിൻ നക്കാപ്പിച്ച കൊടുത്താൽ കൂലിയ്ക്ക് ആളെക്കിട്ടുന്നത് അത്ര ഗമയല്ലെങ്കിൽ കേരളം അതങ്ങു സഹിച്ചു. ദേ ഇപ്പൊ കൃസ്തീയതയും കമ്മ്യൂണിസവും ജനാധിപത്യവുമൊക്കെ ചേർന്ന് പരുവപ്പെടുത്തിയ കേരളത്തിന്റെ മാതൃകാമണ്ണിൽ ദിവസക്കൂലി ആയിരം രൂപയാകാൻ പോവുന്നു. താഴ്ന്ന ജോലികൾക്ക് ആളെക്കിട്ടാതെ വരിക, ദിവസക്കൂലി ആയിരം രൂപയാവുക... ഒരു നാടിനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ ഒരു പുരോഗതിയുണ്ടോ? താഴ്ന്ന ജോലിയോ, എല്ലാ ജോലിക്കും അതിന്റെ മാന്യതയില്ലേ എന്നാണ് ചോദിക്കാൻ വരുന്നതെങ്കിൽ, നിങ്ങളുടെ മകളെ ഒരു ചെരുപ്പുകുത്തിക്ക് കെട്ടിച്ചുവിട് സർ എന്നേ പറയാനുള്ളു. തോട്ടിപ്പണി, ചെരുപ്പുകുത്ത് തുടങ്ങിയ ജോലികൾ യന്ത്രമുപയോഗിച്ച് ചെയ്യുക. അല്ലെങ്കിൽ അതു ചെയ്യുന്നവർക്ക് മാനേജർമാരേക്കാൾ ഉയർന്ന ശമ്പളം കൊടുക്കുക. മുതലാളിത്തത്തിന്റെ പുറത്തുകയറി സോഷ്യലിസം വരുന്ന വരവ് - അതാൺ സാറുമ്മാരേ കേരളത്തിൽ നടക്കാൻ പോകുന്നത്. ഇതെല്ലാം കണ്ട് ചങ്കു തകരുന്നവർ ഓസ്ട്രേലിയ, ഇന്തോനേഷ്യ, നേപ്പാൾ, ബീഹാർ, ആന്ധ്ര തുടങ്ങിയ മറ്റേതെങ്കിലും റിപ്പബ്ലിക്കിലോട്ട് മൈഗ്രേറ്റ് ചെയ്താട്ടെ.

ഇങ്ങനെ കുറേ കാരണങ്ങള്‍ കൊണ്ട് മലയാളികളോട് മുടിഞ്ഞ ആരാധനയാണ് ഇതെഴുതുന്ന ആള്‍ക്കുള്ളത്. അതുകൊണ്ടായിരിക്കണം മലയാളികളെ ചുമ്മാ വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്ന ബോറന്‍ രചനകള്‍ വായിക്കുമ്പോള്‍ എനിക്ക് കോട്ടുവാവരും. പ്രകോപിപ്പിക്കാം, ബോറടിപ്പിക്കല്ലേ, പ്ലീസ്.

Saturday, May 4, 2013

പെണ്ണ്

രശ്മി  രാമചന്ദ്രൻ 

1. മാറാത്ത നിയമങ്ങൾ --------------------------------
പെണ്ണ്, നീ വെറും പെണ്ണ്...
കാമവും ക്രോധവുമരുത്
പൊട്ടിച്ചിരിയും പൊട്ടിക്കരച്ചിലു-
മരുതരുതരുത്...
അവനെ അനുസരിക്കേണ്ടവള്‍
പരിഗണിക്കേണ്ടവള്‍, അവന്
സ്നേഹം പകർന്നു നല്കേണ്ടവള്‍
തീര്‍ന്നില്ല, തീര്‍ന്നില്ല ഒന്നുകൂടി...
തിരിച്ചിതൊന്നും കിട്ടരുതാത്തവൾ!

2. അവൾക്കു ചോദിക്കാനുള്ളത്
--------------------------------------------
പഴുത്തു നാറുന്ന മോതിരവിരല്‍
മുറിച്ചു മാറ്റണോ കാലമാം വൈദ്യരേ?
കഴുത്തില്‍ പിണയുന്ന സ്വര്‍ണ്ണ നാഗം
പത്ത്, നൂറ്, ആയിരം തലയാല്‍
ആയിരം ദംഷ്ട്രയാല്‍ ദംശിക്കെ
വിഷം തീണ്ടി മരിക്കണോ ലോകരേ?

3. സങ്കല്പം
-----------------
കൊമ്പ്, കുഴല്‍ , വാദ്യമേളം
കാതടപ്പിക്കുന്ന ചെണ്ട...
മുടിയഴിച്ചിട്ട് തുള്ളുന്ന ദേവി, പെണ്ണ് !
കയ്യില്‍ വാള്‍ , കാലില്‍ ചിലമ്പ്
മാറില്‍ തുള്ളുന്ന തലയോട്ടിമാല!
അറിവില്ലാപ്പൈതങ്ങളെക്കാത്തോളണേ...

4. സത്യം
-------------
കാലിൽ കിലുങ്ങുന്ന പാദസരമില്ല-
വൾക്കുള്ളതോ കാരിരുമ്പിൻ ചങ്ങല...
കൂട്ടിലടച്ച കിളിക്ക് പാലും പഴവും
നെയ്യും കല്ക്കകണ്ടവും വേണ്ടുവോളം.
എന്നാലവള്‍ക്കു വേണ്ടതോ
ഒരു കുഞ്ഞുപൂവിലെ തേന്‍തുള്ളി!

5. ജീവിതം
---------------
"പ്രണയം, സ്വപ്‌നങ്ങള്‍ , ജീവിതം
തെല്ലും അര്‍ത്ഥമില്ലാത്ത വാക്കുകള്‍ "
സമ്മതിക്കില്ല ഞാന്‍ , നിന്റെ വേദാന്തം
ഇല്ലില്ല, പ്രണയമില്ലാതെ ജീവിതം
വർണ്ണങ്ങൾ വറ്റിയൊരു ചിത്രമായ്‌
വരികള്‍ തെറ്റിയൊരു കവിതയായ്
ഈണമേയില്ലാത്ത പാട്ടായി
പ്രണയമില്ലാത്തോരീ ജീവിതം.

6. ഒടുക്കം
--------------
കാറ്റ്, വീശിയടിക്കും പെരുങ്കാറ്റ്...
ഭ്രാന്ത്, ചുഴലിവീശിപ്പേമാരിപോൽ...
തലച്ചോറിലൊരായിരംഎട്ടുകാലി-
ക്കുഞ്ഞുങ്ങൾ പുളയുന്നു...
ഇടനെഞ്ചിൽ കടയുന്ന വേദനച്ചുഴിയില്‍
ശ്വാസംമുട്ടാതെ, ദൂരെപ്പോ!
നെഞ്ചിലെപ്പെരും പ്രളയത്തില്‍
മുങ്ങിച്ചാകാതെ ദൂരെപ്പോ!
സ്വപ്നങ്ങളെരിയുന്ന മിഴിയിലെ-
ച്ചിതയില്‍ ചാമ്പലാകാതെ മാറിപ്പോ...!

Tuesday, April 2, 2013

വിരൽത്തുമ്പിൽ പുഴ



പി. കെ . മുരളീധരൻ 


ഒരിക്കൽ, ഭൂപടത്തിലെൻ
ചെറുവിരലിഴഞ്ഞപ്പോൾ
പറഞ്ഞുപോയച്ഛൻ, പുഴ,
'മൃദുവിരൽ തുടുത്ത പോൽ'
വിരൽത്തുമ്പിൽ തുളുമ്പിയ
പുഴയടുത്തറിഞ്ഞപ്പോൾ
മൊഴിഞ്ഞുപോയമ്മ, പുഴ -
'മലർക്കതിർ കുടഞ്ഞപോൽ'
നിളയെന്നും പേരാറെന്നും
വിളിച്ചു, കണ്‍കുളിർപ്പിച്ച
ഗുരുനാഥൻ വിരൽ ചൂണ്ടി
"നമിയ്ക്കേണ, മിവൾ 'ഗംഗ'!"
പുതിയ ഭൂപടത്തിൽ ഞാൻ
പുഴയിന്നു തിരയുമ്പോൾ
മെലിഞ്ഞൊട്ടി, വരണ്ടേതു -
വിരലെൻനേർക്കുയരുന്നൂ?

Saturday, March 2, 2013

തീവണ്ടി കാണിച്ചു തരുന്ന കാഴ്ച്ചകള്‍




രഘുനാഥ് പലേരി



തീവണ്ടിയോളം എനിക്ക് ഇഷ്ടപ്പെട്ട ഒരു വാഹനം വേറെ ഇല്ല. മുന്‍പ് മിക്ക സഞ്ചാരങ്ങളും അഛനൊപ്പം ആയിരുന്നു. ഒരു മഴയില്‍ ഒരു കുടപിടിച്ച് ഒരുമിച്ചു ഒന്നായി നടക്കുന്ന രണ്ടുപേര്‍പോലെ ആയിരുന്നു ആ യാത്രകള്‍ എല്ലാം. ഇപ്പോള്‍ അഛനു പകരം തീവണ്ടിമാത്രം. ഞങ്ങള്‍ ഒരുമിച്ച് സഞ്ചരിക്കുന്നു. തീവണ്ടി കാണിച്ചു തരുന്ന കാഴ്ച്ചകള്‍ അപാരമാണ്. പക്ഷെ കാണാന്‍ ഉള്ള കരുത്തും ഉള്‍ക്കൊള്ളാന്‍ മിഴിവും ഉണ്ടാവണം. ജനലിലൂടെ നമുക്ക് നമ്മളെ തന്നെ കാണാം എന്നതാണു തീവണ്ടിയുടെ പ്രത്യേകത. അടച്ചു പൂട്ടിയുള്ള മുറിയെക്കാള്‍ നല്ലത് തുറന്നു വെച്ച മുറികള്‍ തന്നെയാണ്. പുറത്ത്‌ തിമര്‍ത്ത്‌ പിറകൊട്ടോടുന്ന കാറ്റും ഭൂമിയും തരുന്ന കൌതുകം പറഞ്ഞറിയിക്കാന്‍ കഴിയില്ല. തീവണ്ടിക്കൊപ്പം താഴ്ന്നും ഉയര്‍ന്നും ഓടുന്ന കറന്റ് കമ്പികളും ടെലഫോണ്‍ കമ്പികളും നോക്കി ഇരിക്കുക എന്റെ വിനോദമാണ്. അവ ഒരു നൃത്ത ലഹരിയില്‍ ആണെന്നു തോന്നും അപ്പോള്‍ . തീവണ്ടി എനിക്ക് എത്രയോ ചങ്ങാതിമാരെ തന്നിട്ടുണ്ട്. കാണാറേ ഇല്ലാത്ത എത്രയോ പേരെ വീണ്ടും കണ്ടുമുട്ടാന്‍ സഹായിച്ചിട്ടുണ്ട്. അപൂര്‍വ്വം ടിക്കറ്റ്‌ പരിശോധകര്‍ ടിക്കറ്റ്‌ വായിക്കുന്നതിനിടെ, ഇപ്പോള്‍ എന്തേ… കഥകള്‍ കാണുന്നില്ലെന്ന്, എന്നോട് ചോദിച്ചിട്ടുണ്ട്.മുന്‍പ്‌ തീവണ്ടി മുറികള്‍ ഒരു വീട് പോലെ ആയിരുന്നു. കയറേണ്ട താമസം അത് വീടായി. എവിടേക്കാ.. എങ്ങോട്ടേക്കാ.. ഇതാ ഇവിടിരുന്നോളൂ… വല്ലതും കഴിക്കണ്ടേ …
പിന്നെ പൊതി തുറക്കലായി. മറ്റു വീടുകളിലെ പാചക രുചി അറിയുകയായി ….
മയക്കു മരുന്നു പുരട്ടിയ ബിസ്ക്കറ്റ് വന്നതോടെ ആ സന്തോഷം വേരറ്റു. ഇപ്പോള്‍ നമ്മള്‍ തന്നെ നമ്മളില്‍ നിന്നും നല്ല ഭക്ഷണം വാങ്ങി കഴിക്കാതായി.. തീവണ്ടി നമ്മളെ ഭയപ്പെടുത്തുകയായി….
തീവണ്ടിയില്‍ മരണവും ജനനവും ഞാന്‍ കണ്ടിട്ടുണ്ട്. മരണം ഒരിക്കല്‍ കാസര്‍ഗോഡ്‌ പോകുമ്പോള്‍ ആയിരുന്നു. ജനനം ആദ്യമായി ബോംബെക്ക് പോകുമ്പോഴും. ഒരിക്കല്‍ ഞാന്‍ ഇരുന്നത് കൈ വിലങ്ങു വെച്ച് രണ്ടു പോലിസുകാര്‍ക്ക്‌ ഇടയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് മുന്‍പില്‍ ആയിരുന്നു. ഞങ്ങള്‍ പരിചയപ്പെട്ടു. പറമ്പിന്റെ അതിരിലെ ഒരു മരത്തെ ചൊല്ലിയുള്ള കശപിശയില്‍ ഒരാളെ ഇടിച്ചു ചമ്മന്തി ആക്കിയതിനാണു ആ വിലങ്ങ് . ആ മരം അവിടെ ഇപ്പോള്‍ ഉണ്ടോ എന്ന് ഞാന്‍ ചോദിച്ചു. അയാളുടെ ഉത്തരം ഒരു ഗീതാ വചനം പോലെ തോന്നിച്ചു…
“ഇല്ല. കാറ്റില്‍ വീണു… ”
ഒരിക്കല്‍ ഇരിപ്പിടത്തിന്റെ വിള്ളലില്‍ കൈ കുടുങ്ങിപ്പോയ ഒരു കുഞ്ഞിനെ തടവിയും ഉമ്മ വെച്ചും സേലം വരെ ഞാന്‍ എത്തിച്ചിരുന്നു. അവിടെ വെച്ച് റെയില്‍വേക്കാര്‍ വന്ന്‍ ആ കുഞ്ഞിക്കൈ ഭദ്രമായി പുറത്തെടുത്തു. ആ കുഞ്ഞിപ്പോള്‍ റെയില്‍വേയില്‍ തന്നെ വല്ല ജോലിയും ചെയ്യുന്നുണ്ടാവും. :)
വളരെ നേരം മുന്നോട്ടോടി, തീവണ്ടികള്‍ പണ്ട് മറു വണ്ടിക്ക് വഴിമാറി കൊടുക്കാന്‍ പിറകോട്ടും ഓടുമായിരുന്നു. വളരെ കൌതുകമായിരുന്നു. എനിക്കാ കാഴ്ച്ച. ഇപ്പോള്‍ ഞാന്‍ കയറുന്ന തീവണ്ടികള്‍ പിറകൊട്ടോടാറില്ല. എന്നാല്‍ എന്റെ മനസ്സ്‌ ഓടാറുണ്ട് ….
ഒന്‍പതില്‍ പഠിക്കുമ്പോള്‍ ഞാനും ഡേവിഡും വെസ്റ്റ്ഹില്‍ സ്റ്റേഷനില്‍ തീവണ്ടിയില്‍ ഓറഞ്ച് വിറ്റിരുന്നു. ഒരിക്കല്‍ നാലഞ്ച് ഓറഞ്ച് വാങ്ങിയ ഉമ്മച്ചി പണം തരാന്‍ മടിശ്ശീല തുറക്കുമ്പോഴേക്കും വണ്ടി വിട്ടതും.. അത് തുറക്കാന്‍ കഴിയാതെ ഞങ്ങളെ ദയനീയമായി നോക്കിയതും മറക്കാന്‍ കഴിയില്ല…
……………………….
അവര്‍ ഏത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആയിരിക്കും ആ മടിശ്ശീല തുറന്നിട്ടുണ്ടാവുക . എന്റെ മടിശ്ശീല തുറക്കാനും ഇനി എത്ര സ്റ്റേഷന്‍ കാണും …

Thursday, January 3, 2013

ആശയങ്ങളും അധ:പ്പതനങ്ങളും സംഘർഷങ്ങളും മോചനവും.

വെണ്മാറനല്ലൂർ നാരായണൻ

=================================
ആശയങ്ങളുടെ ലോകത്തേയ്ക്ക് മനുഷ്യൻ കടക്കുന്നത്, ... കരിങ്കല്ല് ചെത്തിമിനുക്കാനും കമ്പുകൾ വളച്ച് കെട്ടി അമ്പും വില്ലും തീർക്കാനും, കുടിൽ പണിയാനും കഴിയുമെന്ന് അറിഞ്ഞതിന് ശേഷമാകണം.
ആശയങ്ങൾ മനുഷ്യനെ, മറ്റ് മനുഷ്യരിൽ നിന്ന് വിഭിന്നനാക്കി. ആശയങ്ങൾ പ്രചരിച്ചതോടെ ജീവിതമെന്നത് ഭാവനാശക്തിയുടെ സൃഷ്ടിയുമായി മാറി. ജൈവപരമായി സമാന സത്വമാണെങ്കിലും, പുറമേ അണിയുന്ന ചട്ടപോലെ മനസ്സ് വളർന്ന് പൊതിഞ്ഞു.

മനസ്സിൽ (വസ്ത്രത്തിൽ) പരിവർത്തിതനാകാനുള്ള കഴിവും, പരിവർത്തിതനായി പരിവർത്തനങ്ങൾ സൃഷ്ടിക്കാനുള്ള കഴിവും. പുരോഗതിയെന്ന തലത്തിലേക്ക്, തനിമയാർന്നൊരു സ്വത്വത്തിലേക്ക്, അവനെ വളർത്തി.
ഒരു വ്യക്തിയിൽ നിലവിൽവരുന്ന പരിവർത്തനങ്ങൾ വിജയകരമാകുമ്പോൾ മറ്റുള്ളവർ അനുകരിക്കുകയും, ക്രമേണ ആശയ ഘടനയായി നിലവിൽ വരുകയും ചെയ്യുന്നു.

പരിവർത്തിതനാകുന്ന പ്രവണതയ്ക്ക് പാതകൾ തീർത്തുകൊണ്ട്, മതപരവും ആചാരപരവും ... ഇന്ന് ശാസ്ത്രപരവുമായ വിദ്യാഭ്യാസ പദ്ധതികൾ നിലവിൽ വരുകയും ചെയ്യുന്നു.

മേൽപ്പറഞ്ഞ ഘടനകളെല്ലാം എല്ലാ വ്യക്തികൾക്കും ഒരേപോലെ അനുയോജ്യമല്ലാതെ വരാം. അടിച്ചേൽപ്പിക്കപ്പെടുമ്പോൾ വിഘടനങ്ങളും വികലതകളും നിലവിൽ വരാം.

പുതിയ വളർച്ചകൾക്ക് അനുവാദം നൽകാതെ, തനിമയാർന്ന ആശയസ്വത്വത്തിൽ തളച്ചിടാനുള്ള ശ്രമങ്ങളെല്ലാം ... ആ ആശയാനുവാദത്താൽ, പ്രാധമീകങ്ങൾ സുലഭമായി ലഭിച്ചുകഴിഞ്ഞ, ശാന്തമോ അലസമോ ആയ, സ്വസ്ഥത ആഗ്രഹിക്കുന്നവരിൽ നിന്നാവും.

സ്ഥിരമായി ഒരേവിള കൃഷിചെയ്യുമ്പോൾ, അനുരൂപമായ കളകളും പ്രാണികളും കിളികളും ചുറ്റും തമ്പടിയ്ക്കും. തറയിലും വിളവിലും പോരടികൾ അരങ്ങേറും. വളം കുറയും , വിളവ് കുറയും, വളവ് കൂടും.

മറ്റൊരു വിളയിലേക്ക്
മാറുകയെന്നാൽ, ... വിതയും പണിയും പണിത്തരങ്ങളും, പണിയുന്ന കാലവും മാറുകയെന്ന അനിശ്ചിതത്വം നിലവിൽ വരും. സ്വസ്ഥത ആർജ്ജിക്കാൻ കഴിഞ്ഞവർക്ക് മാറ്റം അസ്വസ്ഥതയായി തോന്നാം.
------------------
സഹസ്രാബ്ദങ്ങളിലൂടെ അനേകം മാറ്റങ്ങൾക്ക് തയ്യാറായ ജനതതിയാണ് ഇന്ത്യയിൽ വസിക്കുന്നത്.

കാർഷിക സസ്യജാല വിളനിലമെന്നപോലെ, ആശയങ്ങളുടേയും വിളനിലമായിരുന്നു സിന്ധു ഗംഗാ സരസ്വതി സമതതലങ്ങളും ഹിമാലയ സാനുക്കളും. ലഭ്യമായ കഥകളും പുസ്തകങ്ങളും പഠിച്ച് പരീക്ഷിച്ച് ... ഋഷിമാരും യോഗികളും സന്യാസിമാരും, ജന്മസിദ്ധ മുനികളും, ജീവിച്ചിരുന്ന സമതലം.

ഒരു പ്രസ്ഥാനമായി വളരാതെ ഓലക്കുടിലുകളിലും ഗുഹാമുഖങ്ങളിലും തങ്ങിനിന്ന് മറഞ്ഞ ആശയങ്ങൾ. പിൽക്കാലങ്ങളിൽ, ജനതതി വളർന്നുവന്ന സാഹചര്യത്തിൽ, പലരും പലരുടേയും ആശയങ്ങൾ അനുരൂപമെന്ന് കണ്ട് വളർത്തി കൂടെവളർന്നു.

25-ല്പരം ഋഷികളുടെ ആശയങ്ങൾ അനുരൂപ ഘടനയിലാക്കി, ഋഷിസമാനമായി, തനിമയ്ക്കുള്ളിൽ ഒതുങ്ങുന്ന പ്രസ്ഥാനമായി ബ്രാഹ്മണ പ്രസ്ഥാനം നിലവിൽവന്നു. ആശയ വിശ്വാസങ്ങളിൽ തളയ്ക്കപ്പെടാതെ, സ്വതന്ത്രമായി ജീവിക്കുകയെന്ന ചിന്തയിൽ, ചാർവ്വാകന്മാരുടെ വലിയൊരു നിരയും അവരുടേതായ മാർഗ്ഗത്തിൽ സഞ്ചരിച്ചിരുന്നു.

താർക്കിക സദസുകളിലും കുംഭമേളകളിലും ...ചിന്തകളും ആശയ രൂപീകരണങ്ങളും അനവരതം തുടർന്നിരുന്നു... അങ്ങനെയാണ് ജൈനപ്രസ്ഥാനവും ബുദ്ധമതപ്രസ്ഥാനവും നിലവിൽ വരുന്നത്. അവയ്ക്കും ബ്രാഹ്മണ സമാനമായൊരു ഒറ്റപ്പെടൽ അകമ്പടിയായുണ്ടായിരുന്നു.

ശിവതത്വത്തേക്കാൾ (ശ്രദ്ധിക്കുക ശിവനെന്ന ദേവരൂപമല്ല ... തത്വമാണ്. രൂപം പിന്നീട് നൽകപ്പെട്ടതാണ്) വിഷ്ണുതത്വമാണ് പ്രധാനമെന്നും, കൃഷ്ണനാണ് ശ്രീരാമനേക്കാൾ അനുയോജ്യമെന്നും ... ഇതൊന്നുമല്ല ഹനുമാനാണ് ആരാധ്യനെന്നും... അങ്ങനെ അനേകം ആശയങ്ങൾ ... അനുരൂപമെന്ന് തോന്നിയ ആശയങ്ങളിൽ ജീവിതം വാർത്തെടുക്കാൻ ശ്രമിച്ചവരാണ് ഇന്ത്യൻ ഉപഭൂഘണ്ഡത്തിലെ പുരാതനർ.

ഇവിടുള്ള വിഭിന്നത
തന്നെയാണ് ആത്മ സ്വാതന്ത്ര്യത്തിന്റെ ഉത്ഘോഷണങ്ങൾ! വളരെ സ്വതന്ത്രമായ സാഹചര്യങ്ങളാണ് ഇന്ന് ഇവിടെ നിലനിൽക്കുന്നതെന്ന് അറിയണമെങ്കിൽ അന്യനാടുകളിലെ സാഹചര്യങ്ങൾ അറിഞ്ഞാൽ മാത്രം മതി.

ആശയങ്ങളിലേക്ക് കടക്കുന്ന മനുഷ്യൻ വിഭിന്നനായി മാറുന്നു. ആശയങ്ങൾ ജീവിത പാതകളായി മാറുമ്പോൾ വിഘടനങ്ങളും പോരടികളും നിലവിൽ വരുന്നു.
--------------------------------
ആശയങ്ങളിലൂടെ ആത്മസ്വാതന്ത്ര്യം നേടാനാവില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചവരാണ് ഏകാന്തപഥികരായി വിശ്വലയനം തേടുന്ന യോഗികൾ.

അദ്വൈതം സ്വീകരിച്ച ശങ്കരാചാര്യരുടെ " നഹി നഹി രക്ഷതി ഡുക്രിഞ് കരണേ" എന്നവാക്കുകൾ അതിന് സാക്ഷ്യം നിൽക്കുന്നു.

ഒന്നിപ്പിക്കുന്ന യോഗം ... മനസ്സിനെ, അതിന്റെ കാരണമായ പ്രജ്ഞയിൽ ലയിപ്പിക്കുകയും, തിരിച്ച് മനസ്സിലേക്ക് വന്ന്, ആശയ മുക്തമായ ലോകദർശനം നേടുകയുമെന്നതാണ്.

അത് വ്യക്തികൾക്ക് കഴിഞ്ഞേക്കാം, സമൂഹത്തിനൊന്നാകെ ആവുമോ?!

Wednesday, December 5, 2012

കൊച്ചി-മുസരിസ് ബിനാലെ 12-12.2012




ചിത്രകാരൻ
ചിത്രകലയെന്നാല്‍ രവിവര്‍മ്മയാണെന്ന് ധരിച്ചുവച്ചിരിക്കുന്ന നമ്മുടെ പൊതുബോധത്തെ കുറ്റം പറയുന്നതില്‍ കാര്യമില്ല. ലോകപ്രശസ്തരായ നിരവധി ചിത്രകാരന്മാരും ശില്‍പ്പികളും നമുക്കുണ്ടെങ്കിലും അവരൊന്നും നമ്മുടെ നാട്ടില്‍ ആദരിക്കപ്പെടാറില്ല. അവരാരും ആദരവിനു കാത്തുനില്‍ക്കാറില്ലെന്നതാണു സത്യം !

കാരണം അത്രക്കു അടച്ചുകെട്ടി ബന്ധവസ്സാക്കിയിരിക്കുന്ന കലാ-സാംസ്ക്കാരിക ബോധമാണ് ജാതി-മത-കക്ഷിരാഷ്ട്രീയ ബോധം കൂടിയ നമുക്കുള്ളത്. പുറമേ നിന്നുള്ള കാറ്റും വെളിച്ചവും തട്ടിയാല്‍ നമ്മുടെ മഹത്തായ രാഷ്ട്രീയ-സാംസ്ക്കാരിക-സദാചാരബോധത്തിനു കളങ്കമേല്‍ക്കാനിടയുണ്ടെന്ന് നമുക്കുറപ്പാണ്. മാത്രമല്ല അഴിമതി എന്നു ചിന്തിക്കുന്നതുപോലും പാപമാണെന്നതിനാല്‍ നാം അഴിമതിയുണ്ടാകാനിടയുള്ള സാമ്പത്തിക സാമൂഹ്യ പരിപാടികളില്‍നിന്നെല്ലാം വളരെ അകലത്തേ നില്‍ക്കു.ഇതെല്ലാം അറിഞ്ഞിട്ടും ആരെങ്കിലും സാമൂഹ്യ സാംസ്ക്കാരിക ഇടപെടലിനായി മുന്നിട്ടിറങ്ങിയാല്‍ നമ്മുടെ ധാര്‍മ്മിക രോക്ഷം പിന്നെ അടങ്ങിയിരിക്കില്ല. പതിവിനു വിരുദ്ധമായി ആരെന്തു ചെയ്താലും അത് അഹങ്കാരവും, അഴിമതിയും, സ്വാര്‍ത്ഥതയും, ഗൂഢാലോചനയും, ഹിഡണ്‍ അജണ്ടകളുടെ സാധ്യതകളുടെ കേളികൊട്ടുമാണ്. മൊത്തത്തില്‍ കേരളം സംശയരോഗികളുടെ സ്വന്തം നാടാണെന്ന് നിസംശയം പറയാം.അതുകൊണ്ടുകൂടിയാണ് കൊച്ചിയില്‍ ആദ്യമായി നടത്തപ്പെടുന്ന “കൊച്ചി-മുസരിസ് ബിനാലെ 12.12.2012” വിവാദത്തിനും, ആരംഭിക്കുന്നതിനു മുന്‍പുതന്നെ അഴിമതി ആരോപണങ്ങള്‍ക്കും വിധേയമായി സംഘാടകരെ കുരിശിലേറ്റാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.

വല്ലവരുടേയും അദ്ധ്വാനത്തിലും, ക്രിയാത്മകശേഷിയിലും,സംഘാടനത്തിലും, സ്പോണ്‍സര്‍ഷിപ്പിലും ഒരുക്കപ്പെടുന്ന ബിനാലെക്കെതിരായി എന്തിനാണാവോ നാം അഴിമതിയും, ലോകാവസാനവും ഭയന്ന് നിലവിളിച്ചു കരയുന്നത് ? ലോകത്തെമ്പാടുമുള്ള കലാകാരന്മാരും, സാംസ്ക്കാരിക പ്രവര്‍ത്തകരും, കലാസ്വാദകരും തീര്‍ഥാടനമ്പോലെ എത്തിച്ചേരുന്ന ഒരു ഇവന്റു സൃഷ്ടിക്കുമ്പോള്‍ ടൂറിസവുമായി ബന്ധപ്പെട്ടവരും, സര്‍ക്കാരും, ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ ഭീമന്മാരും, കോര്‍പ്പറേറ്റ് കമ്പനികളും ബിനാലെക്കായി കയ്യയച്ച് സ്പോണ്‍സര്‍ ചെയ്യാന്‍ മുതിരുന്നത് അവര്‍ക്കുണ്ടാകുന്ന പ്രയോജനത്തിന്റെ അടിസ്ഥാനത്തിലാണ്.

അതിനെല്ലാം കൃത്യമായി കണക്ക് പറയാനും, അധികാരസ്ഥാപനങ്ങളില്‍ കണക്ക് അവതരിപ്പിക്കാനും ശേഷിയുള്ളവരല്ലേ ഇത്രയും വലിയൊരു പ്രൊജക്റ്റിന്റെ സംഘാടകരാകാന്‍ തയ്യാറാകുകയുള്ളു എന്ന സാമാന്യയുക്തിയെങ്കിലും നാം മനസ്സിലാക്കേണ്ടതാണ്. (ലോക സ്വര്‍ണ്ണ ഖനി ഉടമകളുടെ സംഘടനയായ വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ നമ്മുടെ ജ്വല്ലറികളെ ഉപയോഗിച്ച് സ്ത്രീകളെ നെറ്റിപ്പട്ടം കെട്ടിയ ആനയെക്കാള്‍ കൂടുതലായി സ്വര്‍ണ്ണത്തില്‍ പൊതിയുകയും,പുരുഷന്മാര്‍ക്കു കൂടി സ്വര്‍ണ്ണ കൈവിലങ്ങ് ആഭരണമായി നിര്‍മ്മിച്ചു നല്‍കിയും, കുട്ടികളെ സ്വര്‍ണ്ണം തീറ്റിക്കുകയും ചെയ്ത് ആയിരക്കണക്കിനു കോടികള്‍ കൈക്കലാക്കി പോകുന്നത് കാണാന്‍ കഴിയാത്ത നമ്മളാണ് രണ്ടു കോടിയുടെ കണക്കവതരിപ്പിച്ചില്ല, കിട്ടാനിടയുള്ള 70 കോടിയുടെ കണക്ക് കണ്ടില്ല എന്നൊക്കെ ഒച്ചവെക്കുന്നത് ! സാമ്പത്തിക അഴിമതി ആരോപണവും, സംശയവും പ്രചരിപ്പിച്ച് തുടങ്ങാനിടയുള്ള പദ്ധതിയെ അലസിപ്പിക്കുന്ന ഈ കൂടോത്രം മലയാളി മനസ്സിന്റെ ശാപം തന്നെ ! ) കൊച്ചിയിലെ മട്ടാഞ്ചേരിപോലുള്ള പുരാതന പാണ്ഢികശാലകള്‍ ധാരാളമുള്ള സ്ഥലം ലോകം ശ്രദ്ധിക്കുന്ന പ്രദര്‍ശന വേദിയാക്കാന്‍ ശ്രമിക്കുമ്പോഴുള്ള മുന്നോരുക്കങ്ങളുടെ സമയവും അദ്ധ്വാനവും എത്ര ഭാരിച്ചതാകുമെന്ന് നാം ഓര്‍ക്കേണ്ടതാണ്. ലോക നിലവാരത്തിലുള്ള ശബ്ദ വെളിച്ച നിയന്ത്രണങ്ങളില്ലാത്ത പ്രദര്‍ശനവേദിയിലേക്ക് ലോക പ്രസിദ്ധ മ്യൂസിയങ്ങള്‍ തങ്ങളുടെ കലാവസ്തുക്കള്‍ പ്രദര്‍ശനത്തിനയക്കുകയില്ലെന്നും ഉറപ്പാണ്.


വന്‍പിച്ച ഇന്‍സ്റ്റാളേഷനുല്കളും, വ്യത്യസ്ത പ്രദര്‍ശന വൈവിധ്യവും സജ്ജീകരിക്കേണ്ടതായ ബിനാലെ ഒന്നോ രണ്ടോ വ്യക്തിക്ക് നടപ്പാക്കാനാകുന്ന കലാപ്രദര്‍ശനമല്ല. അതൊരു സമൂഹത്തിന്റെ കൂട്ടയ്മയും, ആവിഷ്ക്കാരവും, അഭിമാനവുമായി സംജാതമാകുന്ന ലോകവിരുന്നാണ്. വിദേശങ്ങളില്‍ സഞ്ചരിക്കാതെതന്നെ ആ അനുഭവങ്ങള്‍ സ്വായത്തമാക്കാനാകുക എന്നാല്‍ നമുക്കും, നമ്മുടെ നാടിനും ലോകത്തിന്റെ വേദിയാകാനാകുന്ന അസുലഭവേളയാണ്. ബിനാലെ എന്നത് ചിത്രങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണെന്ന ധാരണതന്നെ പൊളിച്ചുകളഞ്ഞാലേ അതെന്താണെന്ന് മനസ്സിലാക്കിത്തുടങ്ങാനാകു. ആര്‍ട്ടു ഗ്യാലറിയിലെ ഒരു ചെറിയ പ്രദര്‍ശന്മായല്ല ബിനാലെകളെയും ട്രിന്നലെകളേയും കാണേണ്ടത്. അതൊരു ഉത്സവമാണ്.

രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ചിത്ര-ശില്‍പ്പകലയുടെ ഉത്സവത്തെ ബിനാലെയെന്നും, മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവത്തെ ട്രിനാലെയെന്നും പേരുവിളിക്കുന്നു. ജനകീയമായ പങ്കാളിത്തത്തോടെ അസാധാരണമായ രൂപഭാവങ്ങളില്‍ സംഭവിക്കുന്ന ക്രിയാത്മകതയുടെ വേദിയാകാന്‍ ഒരു പട്ടണം അല്ലെങ്കില്‍ ഒരു നാട് മുഴുവന്‍ അണിഞ്ഞൊരുങ്ങുന്ന അഭൂതപൂര്‍വ്വമായതും വര്‍ഷങ്ങള്‍ നീളുന്നതുമായ ഒരു തയ്യാറെടുപ്പാണ് സംഘാടനതലത്തില്‍ ബിനാലെ. വിശാലമായ ആ കാന്‍‌വാസില്‍ അവതരിക്കപ്പെടുന്ന ആശയാവിഷ്ക്കാരങ്ങളും ദൃശ്യ-ശ്രവ്യതലങ്ങളുടെ പുതിയ കാഴ്ച്ചപ്പാടുകളും സമൂഹത്തിന്റെ രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളില്‍ ഇഴചേരുന്നതുപോലും നമുക്ക് നേരില്‍ കാണാനാകും.


അതിലുമുപരിയായി, ലോകമെമ്പാടുമുള്ള ദൃശ്യ വൈവിധ്യങ്ങളുടെ സമുദ്രത്തെ തൊട്ടും കണ്ടും രുചിച്ചും സാക്ഷ്യപ്പെടാനുള്ള സമൂഹത്തിന്റെ ബോധ വികാസമായും ബിനാലെയെ കാണേണ്ടതുണ്ട്. വെളിച്ചത്തേയും, ശബ്ദത്തേയും, ശൂന്യതയേയും, മൌനത്തേയും ശില്‍പ്പഭംഗിയോടെ സജ്ജീകരിക്കുന്ന ബിനാലെയില്‍ പങ്കെടുക്കുന്ന കലാസ്വാദകരും സാധാരണ ജനങ്ങളും എല്ലാം തന്നെ കാഴ്ച്ചയും, കാഴ്ച്ചക്കാരും,കാഴ്ച്ചപ്പാടും സൃഷ്ടിക്കുന്നതില്‍ ഭാഗഭാക്കാകുന്നുണ്ട്. മനുഷ്യന്റെ ഭാവനയുടെയും,അനുഭവത്തിന്റേയും,ക്രിയാത്മകതയുടേയും ആവിഷ്ക്കാര സാധ്യത ജനകീയമാക്കാന്‍ സഹായിക്കുന്ന ബിനാലെകളും ട്രിനാലെകളും ആരു നടത്തിയാലും, എങ്ങനെ നടത്തിയാലും അതിനെ ചിത്രകാരന്‍ സ്വാഗതം ചെയ്യുന്നു :)

Tuesday, October 30, 2012

വർത്തമാനം.

എൻ.ബി.സുരേഷ്

നരച്ച മുറിയിൽ
ഇരുണ്ട വെളിച്ചത്തിൽ
മഞ്ഞച്ച ആൽബത്തിലേക്ക്
കണ്ണുതുറിച്ച്
പടിഞ്ഞാറേക്കുള്ള
ജനാല തുറന്നു വച്ച്
വിഴുങ്ങാൻ വരും
ഒരുനേരം കാലം
എന്നു കിടുങ്ങിയിരിക്കുമ്പോൾ
കാറ്റും മഴയും വെയിലും നിലാവും
തൊട്ടുവിളിക്കാനായുമ്പോൾ
ഇതൊരു തടവറയെന്നു
ചിരിച്ചു മയങ്ങാനെന്തു സുഖം.!