Followers

Showing posts with label faizalbava. Show all posts
Showing posts with label faizalbava. Show all posts

Sunday, September 29, 2013

ജൈവലോകത്തെ പിടിച്ചുപറികള്‍

ഫൈസൻബാവ


ആഗോളവല്‍കരണകാലത്ത് സാമ്രാജ്യത്വ ശക്തികളുടെ കൈകള്‍ക്ക് ഏറെ മേല്‍കോയ്മയുണ്ട്. ഈ സാമ്രാജ്യത്വ ശക്തികളുടെ നിയന്ത്രണങ്ങളില്‍പ്പെട്ടു അലയുന്നവരായി മൂന്നാം ലോക രാജ്യങ്ങള്‍ ചുരുങ്ങുന്നു. ആയുധ വല്കരണത്തിലൂടെയും സാമ്പത്തിക അധിനിവേശങ്ങളാലും നേടിയെടുത്ത ഈ കറുത്ത ശക്തി ജൈവ സാങ്കേതിക രംഗത്തേക്ക് കടക്കുന്നതോടെ വിജ്ഞാന കൈമാറ്റമെന്ന മറവില്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ സമ്പന്നതയുടെ മേലെ അധികാരമുറപ്പിക്കുകയാണ്. മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ സമ്പത്തിനെ ചൂഷണം ചെയ്ത് ആ രാജ്യങ്ങളിലെ സാമ്പത്തികാടിത്തറക്ക് വിള്ളല്‍ വീഴ്ത്തുക എന്ന ഗൂഡ താല്പര്യമാണ് പല സഹായങ്ങള്‍ക്കും പിന്നില്‍. സാമ്പത്തിക നില ഭദ്രമാകാതെ വന്നാല്‍ എന്നും അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരായി ചുരുക്കികൊണ്ട് വരികയാണ് സാമ്രാജ്യത്ത ശക്തികളുടെ പരമ ലക്‌ഷ്യം. അതിലവര്‍ വിജയിക്കുന്നുമുണ്ട്.
കൊളോണിയല്‍ മേധാവിത്വം ഉറപ്പിച്ചെടുക്കാന്‍ സഹായമെന്ന പേരില്‍ ഗവേഷണങ്ങളും, വികസന മാതൃകകളും നല്‍കി വൈവിധ്യങ്ങളുടെ കലവറയായ മൂന്നാം ലോക രാജ്യ ങ്ങളിലെ ജൈവ സമ്പത്ത് തങ്ങളുടെ ജീന്‍ ബാങ്കുകളില്‍ ഭദ്രമാക്കുന്നതിനും അതിന്റെ അവകാശം സ്വന്തമാകുന്നതിനും വേണ്ടിയാണ് പേറ്റന്റ് എന്ന തന്ത്രം ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. ഇതിനകം ഒട്ടനവധി ഔഷധ സസ്യങ്ങളുടെയും മറ്റും പേറ്റന്റ് അമേരിക്ക, ജന്മനി, ജപ്പാന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ നേടിക്കഴിഞ്ഞു. അമേരിക്കയിലെ ദ്രോമാക് റിസര്‍ച്ച് എന്ന സ്ഥാപനം പ്രമേഹത്തിനുള്ള ഔഷധമെന്ന പേരില്‍ പാവക്ക, വഴുതിന, ഞാറപ്പഴം എന്നിവയുടെ പേറ്റന്റ് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ നേടിയിരുന്നു. അമേരിക്കയിലെയും യൂറോപ്പിലേയും നാല്പതോളം സര്‍വകലാശാലകള്‍ ഇന്ത്യന്‍ ഔഷധസസ്യങ്ങളെക്കുറിച്ച് പഠിക്കുവാന്‍ കേന്ദ്രങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 100 ബില്യന്‍ ഡോളര്‍ വിലമതിക്കുന്ന സസ്യ ഔഷധ മാര്‍ക്കറ്റില്‍ യൂറോപ്പ് 57 ബില്ല്യന്‍ ഡോളറും ചൈന 37 ബില്ല്യന്‍ ഡോളറും കൈകാര്യം ചെയ്യുമ്പോള്‍ ജൈവസമ്പന്നമായ ഇന്ത്യയുടെ സംഭാവന വെറും 1.7 ബില്ല്യന്‍ മാത്രമാണ്. വാണിജ്യാടിസ്ഥാനത്തില്‍ ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്നത് വെറും 20 ശതമാനം മാത്രം. ബാക്കി പലതും വംശനാശ ഭീഷണി നേരിടുന്നതോ സംരക്ഷിക്കപ്പെടാനാവാത്തവയോ ആണ്. അപൂര്‍വ ജനുസ്സില്‍പെട്ട ചില ഔഷധസസ്യങ്ങള്‍ അശ്രദ്ധമൂലമോ മറ്റു ഇടപെടലുകളാലോ ഇല്ലാതായി.

വരും കാലത്ത് ജൈവ സാങ്കേതിക വിദ്യയുടെ മറവിലാണ് സാമ്രാജ്യത്വ ശക്തികള്‍ അധിനിവേശങ്ങള്‍ നടത്തുക. ഇവര്‍ ഒരുക്കുന്ന ചതിക്കുഴികള്‍ക്ക് മീതെയാണ് ഒട്ടുമിക്ക മൂന്നാം ലോക രാജ്യങ്ങളും കഴിയുന്നത്. ഈ രാജ്യങ്ങളിലെ ഗ്രീന്‍ ഹൌസ് എന്ന് പറയുന്ന ഹരിതാഭമായ പ്രദേശങ്ങള്‍ അത്രയും ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. സഹായമെന്ന പേരിലും മറ്റും ഇവര്‍ നടത്തുന്ന കടന്നുകയറ്റം ജൈവ സമ്പത്തിനെ ചൂഷണം ചെയ്ത് ലാഭം കൊയ്യുക എന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്. പകരം മൂന്നാം ലോക രാജ്യങ്ങള്‍ക്ക് നല്‍കുന്നതോ കാലഹരണപെട്ട സാങ്കേതിക വിദ്യയും അണക്കെട്ട് പോലുള്ള കാലഹരണപെട്ട വിദ്യകളുമാണ്. ലോക വ്യാപാര സംഘടന മുന്നോട്ടു വെയ്ക്കുന്ന സ്വതന്ത്ര കമ്പോളത്തില്‍ കുത്തക ഇറക്കുമതി ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താവ് മാത്രമായി മൂന്നാം ലോക രാജ്യങ്ങള്‍ ചുരുങ്ങുകയാണ്. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളായ മോണ്‍സാന്റോ, കാര്‍ഗില്‍, ഫ്രഞ്ച് ബഹുരാഷ്ട്ര കുത്തക കമ്പനിയായ നോര്‍വത്തിയാസ് തുടങ്ങിയവര്‍ മൂന്നാം ലോക രാജ്യങ്ങളിലെ കൃഷിയിടങ്ങള്‍ ലക്ഷ്യമിട്ട് ഇറക്കുന്ന ജി. എം വിത്തുകള്‍ നമ്മുടെ യടക്കം കാര്‍ഷിക മേഖലയെ തകര്‍ഹ്ത് കൊണ്ടിരിക്കുന്നു. മണ്ണിന്റെ ഫലപുഷ്ടി ഇല്ലാതാക്കി മാറ്റുകയും ആ മണ്ണില്‍ മറ്റൊരു വിത്തും മുളപ്പിക്കാനാവാത്ത തരത്തില്‍ മണ്ണിന്റെ ഘടന മാറും. ഇതിലൂടെ ഭക്ഷ്യ മേഖല കുത്തക കമ്പനികളുടെ കൈകളില്‍ ഒതുക്കുക എന്ന മുതലാളിത്ത ലക്‌ഷ്യം ഒളിഞ്ഞിരിപ്പുണ്ട്. ടെര്‍മിനെറ്റര്‍ പോലുള്ള അന്തക വിത്തുകള്‍ കാര്‍ഷിക മേഖലക്ക് വരുത്തി വെച്ച നാശ നഷ്ടങ്ങള്‍ ചില്ലറയല്ല. ഇതും ജൈവ സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തങ്ങള്‍ ആയിരുന്നല്ലോ. ഇങ്ങനെ കാര്‍ഷിക വരുമാനത്തെ ഇല്ലാതാക്കി ദരിദ്ര സമൂഹത്തിനു മീതെ ജനിതക എഞ്ചിനീറിംഗ് വഴി അധിനിവേശം നിഷ്പ്രയാസം സാദ്ധ്യമാകുന്നു. പരമ്പരാഗത കാര്‍ഷികവൃത്തിയെ താറുമാറാക്കി ഇവയൊന്നും ശാസ്ത്രീയമല്ലെന്ന കണ്ടെത്തല്‍ നടത്തി പാരമ്പര്യ അറിവുകള്‍ക്ക് മീതെ ജൈവ സാങ്കേതിക വിദ്യയുടെ കൊളോണിയല്‍ നയനങ്ങള്‍ നടപ്പാക്കുന്നു. ഇതേ പാരമ്പര്യ അറിവുകളെ തന്നെ കര്‍ഷകരുള്‍ നിന്നും കൌശലത്തില്‍ തട്ടിയെടുത്തുകൊണ്ട് ഇവര്‍ ശാസ്ത്രീയമെന്ന പേരില്‍ തന്നെ വിപണിയില്‍ എത്തിക്കുന്നു. ഈ കമ്പോള പ്രവേശത്തില്‍ മൂന്നാം ലോക ജനതയ്ക്ക് നോക്കിനില്‍ക്കുകയെ നിവൃത്തിയുള്ളൂ.

ജനിതക സാങ്കേതിക വിദ്യയുടെ വരവ് ഭാവിയില്‍ മൊത്തം സാമ്പത്തിക മേഖലയുടെ 60 ശതമാനം മുതല്‍ 70 ശതമാനം വരെ കയ്യാളുമെന്നാണ് സാമ്പത്തിക ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നത്. ഇത് സത്യമാകുകയാണെങ്കില്‍ കാര്യക്ഷമമായ മുന്നേറ്റത്തിലൂടെ മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മുന്‍നിരയിലേക്ക് വളരാനകുമെന്ന തിരിച്ചറിവാണ് ജൈവ സാങ്കേതിക വിദ്യയുടെ വിഞ്ജാന കൈമാറ്റമെന്ന പേരില്‍ സാമ്രാജ്യത്വ ശക്തികള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ സ്വാധീനമുറപ്പിക്കുന്നത്. പേറ്റന്റ് നിയമങ്ങള്‍ മറികടക്കാനുള്ള ശക്തി ഇവര്‍ക്കില്ലാതാക്കുകയാണ് ലോക വ്യാപാര സംഘടനയുടെ സ്വതന്ത്ര കമ്പോളത്തിന്റെ ലക്‌ഷ്യം. ഇന്ത്യന്‍ മസാലകള്‍ക്ക് ജപ്പാന്‍ പേറ്റന്റ് നേടിയെടുത്തത് കടന്നുകയറ്റത്തിന്റെ ഒരു ഉദാഹരണം മാത്രം. ഇത്തരം ചാതുക്കുഴികള്‍ക്ക് മീതെയിരുന്നാണ് നമ്മള്‍ പരസ്പരം പഴിചാരി തമ്മില്‍ തല്ലി ഇല്ലാതാകുന്നത്. ആഗോളവല്‍ക്കരണത്തിന്റെ സായുധ രൂപങ്ങള്‍ തന്പ്രമാണിത്തങ്ങള്‍ കാട്ടി ലോക പൊലീസ് ചമയുന്നതും വരാനിരിക്കുന്ന ജൈവ സാങ്കേതിക വിദ്യിലൂടെയുള്ള അധിനിവേശത്തിന്റെ തുടക്കങ്ങളാണ് സ്വാതന്ത്ര കമ്പോളമെന്ന ആശയം. മൂന്നാം ലോക രാജ്യങ്ങള്‍ക്ക് ഈ കമ്പോളത്തില്‍ ഒരിക്കലും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് വന്‍ ശക്തികള്‍ക്കു നന്നായി അറിയാം. ഈ കമ്പോള നിയന്ത്രണത്തില്‍ ജൈവ സാങ്കേതിക വിദ്യയുടെ പങ്ക് വളരെ വലുതാണ്‌.

ഇതിനു ഒരേയൊരു പോംവഴി നമ്മളും ജൈവ സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തുക എന്നുള്ളതാണ്. നമ്മുടെ ജൈവ ശേഖരം സംരക്ഷിക്കാന്‍ നവീന സൌകര്യങ്ങള്‍ അടങ്ങിയ ഗവേഷണ കേന്ദ്രങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അത് വരാനിരിക്കുന്ന തകര്‍ച്ചയെ നാം തിരിച്ചറിയാതെ പോകലാകും. ഒരു പക്ഷെ നൂറോ ഇരുനൂറോ കോടി ഇതിനായി നീക്കി വെക്കേണ്ടി വന്നാലും അത് ഭാവിയില്‍ നമുക്ക് ഗുണം ചെയ്യും. നിര്‍ഭാഗ്യവശാല്‍ നാമിന്നും ചൂഷണത്തിന് വളമിട്ടു കൊടുക്കുന്ന തരത്തിലുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നു. ജൈവ സമ്പന്നമായ സൈലന്റു വാലിയില്‍ ‘ബയോവാലി’ എന്ന പദ്ധതി നടപ്പിലാക്കാന്‍ നാം മുന്നിട്ടിറങ്ങുന്നു അതോടെ അവശേഷിക്കുന്ന ജൈവ സമ്പത്തും മറ്റാര്‍ക്കോ വേണ്ടി തീരെഴുതാനാണ് നാം തയ്യാറാവുന്നത്. ഇത്തരം അപൂര്‍വ്വ മഴക്കാടുകളിലേക്ക് ഇനിയും ഒരു തരത്തിലുമുള്ള ഇടപെടലുകള്‍ പാടില്ല എന്ന തിരിച്ചരിവ് ഇനിയും നമുക്ക് ഉണ്ടായിട്ടില്ല. അതോടെ നമ്മുടെ അവശേഷിക്കുന്ന ജൈവ സമ്പത്തും ഗവേഷണമെന്ന പേരിലോ സഹായമെന്ന പേരിലോ സ്വന്തമാക്കി മാറ്റും. ലോക വ്യാപാര സംഘടനയുടെ ഇടപെടലുകള്‍ക്ക് ഇരയാവുന്ന ഓരോ രാജ്യവും ഇത്തരം ആഗോള പ്രതിസന്ധികള്‍ക്ക് നടുവിലാണ്. വിദേശ കുത്തക കമ്പനികളെ പരാജയപ്പെടുത്തികൊണ്ട് സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കുന്ന രീതിയില്‍ ജൈവ ഉല്‍പ്പന്നങ്ങളുടെ സാദ്ധ്യത കണ്ടെത്തി ജൈവ സമ്പത്തിനെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. ജൈവ സാങ്കേതിക വിദ്യയുടെ ദുരുപയോഗങ്ങള്‍ തടയാനും വേണ്ടവിധത്തില്‍ ഉപയോഗിക്കുവാനും മൂന്നാം ലോക രാജ്യങ്ങളുടെ കൂട്ടായ്മകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഇത്തരം ബദല്‍ അന്വേഷണങ്ങള്‍ ചിലയിടത്തെങ്കിലും മുഴങ്ങുന്നു എന്നത് ഏറെ പ്രതീക്ഷ തരുന്നു

Tuesday, April 2, 2013

കൊച്ചുബാവയുടെ കഥാലോകം


 ഫൈസൽബാവ 

ഏറെ ആകുലതകള്‍ മനസ്സില്‍ പേറി, മറ്റാരും നടക്കാത്ത വഴിയന്വേഷിച്ച് വീണുകിട്ടിയ കഥാബീജത്തെ തേച്ചുമിനുക്കിയെടുത്ത്‌ കറുത്തഹാസ്യത്തില്‍ പൊതിഞ്ഞ്‌ നല്കിയിരുന്ന ടി. വി. കൊച്ചുബാവ എന്ന കഥാകാരന്‍ 1999 നവംബറിലെ ഒരു തണുത്ത പ്രഭാതത്തില്‍ പറയാന്‍ എന്തെല്ലാമോ ബാക്കിവച്ച് ജീവിതത്തില്‍ നിന്നും നടന്നകന്നു. കൊച്ചുബാവയുടെ കഥാലോകം വളരെ വ്യത്യസ്തമായിരുന്നു. കറുത്തചിരിയില്‍ കുതിര്ന്ന യാഥാര്‍ത്ഥ്യങ്ങളെ തന്റെതായ ശൈലീവിന്യാസത്തിലേക്ക് ഉരുക്കിയെടുത്ത കഥകള്ക്കിന്നും സമകാലികപ്രസക്തിയുണ്ട്.
നഗ്നമാക്കപ്പെട്ട ജീവിതത്തിനു മുകളില്‍ കയറിനിന്ന് ‘എടോ ഇതാണ് വഴിയെന്നും, ഇങ്ങനെയും വഴിയുണ്ടെന്നും’ സങ്കോചമില്ലാതെ വിളിച്ചുപറയാനുള്ള ആര്ജ്ജവം കൊച്ചുബാവയുടെ കഥകളില്‍ കാണാം. ആധുനികതയുടെ കാലത്ത്‌ ആ ചൂടുപറ്റിവന്ന കഥാകൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയും, ഉത്തരാധുനികതയുടെ തീരത്തില്‍ നില്ക്കുമ്പോളും എഴുത്തിന്റെ വഴിയില്‍ വേറിട്ടുനിന്നുകൊണ്ട് കഥയിലൂടെ തന്റെ വ്യതിരിക്തശബ്ദം കേള്പ്പിക്കുവാന്‍ കൊച്ചുബാവക്ക് കഴിഞ്ഞിരുന്നു എന്നതാണ് മറ്റുള്ളവരില്‍ നിന്നും ബാവയെ വേറിട്ടുനിറുത്തുന്നത്. പ്രശസ്ത നിരൂപകനായ എന്‍. ശശിധരന്‍, ബാവയുടെ കഥാവീക്ഷണത്തെ ഇങ്ങനെ നിരീക്ഷിക്കുന്നു “കാല്‍നൂറ്റാണ്ടുകാലത്തെ കേരളീയ ജീവിതം നമ്മളിലേല്പിച്ച മുറിപ്പാടുകളും വര്ത്തമാനത്തോടുള്ള നമ്മുടെ ഹതാശമായ ഏറ്റുമുട്ടലുകളും കീഴടങ്ങലും, നമ്മുടെ നോവും, ദുരിതവും, ആര്ത്തിയും ആസക്തിയും കാപട്യങ്ങളും, പകയും, പോരും, കുതികാല്‍വെട്ടും വിജയാഘോഷങ്ങളുമെല്ലാം മറ്റൊരു വിനീതമായ ചരിത്രകാരനായി അകന്നു നിന്നുകൊണ്ട് കൊച്ചുബാവ വരച്ചുവെക്കുന്നു”. എന്നാല്‍ അകാലത്തില്‍ പൊലിഞ്ഞ കൊച്ചുബാവയുടെ കഥാലോകത്തെപ്പറ്റി ഇനിയും നല്ല പഠനം ഉണ്ടായിട്ടില്ല എന്നതാണ് സത്യം. 1999 നവംബര്‍ 25നാണ് അദ്ദേഹം നമ്മോട് വിട പറഞ്ഞത്‌.
തന്റെ മുന്നിലുള്ളവരുടെ വേദന തന്റേതുപോലെ കാണുകയും സമൂഹത്തില്‍ കാണുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ കഥകളിലൂടെ പ്രതികരിക്കുകയും രോഷാകുലനാകുകയും ചെയ്യുന്ന കൊച്ചുബാവ കറുത്തയാഥാര്ത്ഥ്യങ്ങള്ക്കെതിരെ നിരന്തരം കലഹിച്ചിരുന്നു. സമൂഹത്തിലെ നെറികേടുകളെപ്പറ്റിയുള്ള കടുത്ത ആകുലത അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഈ ഹൃദയഭാരമകാം കഥകളില്ലാത്ത ലോകത്തേക്ക് അദ്ദേഹം വേഗത്തില്‍ പറന്നു പോയതിനു കാരണം. മലയാളത്തിലെ മികച്ച പത്ത്‌ കഥകള്‍ തെരഞ്ഞെടുത്താല്‍ അതില്‍ കൊച്ചുബാവയുടെ കഥകളെ ഉള്പ്പെടുത്താതെ ആ പട്ടിക പൂര്ണ്ണമാകില്ല. അദ്ദേഹത്തിന്റെ, നിരൂപകശ്രദ്ധ പിടിച്ചുപറ്റാതെ പോയ ‘നനഞ്ഞ ശിരോവസ്ത്രങ്ങള്‍’ ‘കൊക്കരണി’, ‘അടുക്കള’, ‘പ്രണയം’. എന്നീ നാലു കഥകളിലൂടെ ഒരു സഞ്ചാര ശ്രമമാണ് ഇത്.

1.നനഞ്ഞ ശിരോവസ്ത്രങ്ങള്‍

മനുഷ്യന്റെ യുവത്വം നഷ്ടമാകുന്നതോടെ നരവീണ ശരീരം ഒരു ഭാരമായി മാറുന്നുവെന്ന അവസ്ഥ കൊച്ചുബാവ വൃദ്ധസദനം എന്ന നോവലിലും മറ്റു പല കഥകളിലും വളരെ ഭംഗിയായി വരച്ചുകാട്ടുന്നുണ്ട്. ഈ കഥയിലും അത്തരത്തിലുള്ള ആകുലതകള്‍ പേറുന്ന ഒരപ്പൂപ്പനും അമ്മൂമ്മയുമാണ് പ്രധാന കഥാപാത്രങ്ങള്‍. എന്നാല്‍ അവര്‍ തങ്ങളുടെ സമൂഹത്തിലെ മൂല്യച്യുതികള്ക്കൊപ്പംസഞ്ചരിക്
കുകയും അതിലെ ദുരന്തങ്ങള്‍ ആസ്വദിക്കുകയും തങ്ങള്‍ തന്നെ ഒരു ഭാരമാണെന്നത് സ്വയം അനുഭവിച്ച് ആസ്വദിച്ചു ജീവിക്കുക എന്നതാണ് ഇവര്‍ പുലര്ത്തിപ്പോരുന്ന രീതി. അവര്‍ കൈകള്‍ കോര്ത്തു പിടിച്ചു വേച്ചു വേച്ചു നടക്കുന്നത് സേവ്യര്‍ തന്റെ ഭാര്യയെ അടിച്ചുപുറത്താക്കുന്നത് കാണാനാണ്. ഒരു പെണ്ണിന്റെ എല്ലാ ദൈന്യതയെയും സമൂഹം വെറും കാഴ്ചക്കാരായി നോക്കിനില്ക്കുന്നതിനെ കറുത്ത ചിരിയോടെയാണ് കഥാകൃത്ത്‌ വിമര്ശിക്കുന്നത്. “ചെറുതായി മഴയുണ്ടായിരുന്നു, ആ സമയത്ത്‌. മഴയില്‍ കുതിര്ന്ന ചെമ്മണ്ണില്‍ അവളുടെ കരച്ചിലും ദേഹവും അനാഥമായി കിടന്നു. പിരിഞ്ഞുപോകുന്നവരുടെ പാദങ്ങളോളം ചെന്നുതട്ടി അവളുടെ കരച്ചില്‍ ലോപിച്ചുപോകുകയും ചെയ്തു. അവരുടെ ഹൃദയത്തോളം കരച്ചിലെത്തിക്കാന്‍ കഴിയാതെ പോയിടത്താണ് അവളുടെ വന്‍പരാജയം”. സ്ത്രീകളോട് സമൂഹം കാണിക്കുന്ന അവഗണനയും പുരുഷാധിപത്യത്തിന്റെ നേര്ക്കാഴ്ചയുമാണ് ഇവിടെ വരച്ചുകാട്ടുന്നത്. ഈ കാഴ്ചയാണ് അവിടെ കൂടിയിരുന്നവര്‍ ഒരു പ്രതികരണവും ഇല്ലാതെ കണ്ടുതീര്ക്കുന്നത്. ഇത്തരം കാഴ്ചകള്‍ തേടിയലയുകയാണ് കഥയിലെ അപ്പൂപ്പനും അമ്മൂമ്മയും.
ഒരു സമൂഹം കറുത്ത യാഥാര്ത്ഥ്യങ്ങളെ സ്വീകരിക്കുക വഴി ആ സമൂഹത്തിലെ വൃദ്ധര്ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് ഈ കഥയില്‍ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. ഈ ബോധം അപ്പൂപ്പനിലും അമ്മൂമ്മയിലും ഉള്ളതിനാലാണ് സ്വന്തം മകളുടെ വീടിനുമുന്നിലുള്ള മാവിന്‍ചുവട്ടില്‍ അവര്‍ രാത്രി തള്ളിനീക്കുന്നത്. വൈകിയെത്തിയാല്‍ ചങ്ങലയഴിച്ചുവിട്ട നായ ആക്രമിക്കുമെന്നത് ഒരു പ്രതീകമാണ്. സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തിലയച്ച് ജീവിതം സുഖിക്കുന്നവര്ക്കായി ഒരുക്കിവെച്ച ചോദ്യങ്ങളാണ് ഈ കഥ. കഥയില്‍ അപ്പൂപ്പനും അമ്മൂമ്മയും തെറ്റിപ്പിരിയുന്ന ഭാഗം എത്ര തന്മയത്വത്തോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ഇനിയുള്ള കാലം ജയിലിലെ ഭക്ഷണം കഴിച്ച് സുഖമായി കഴിയാമെന്ന തോന്നല്‍ ഒരു പിതാവില്‍ ഉണ്ടാകാന്‍ തന്നെ കാരണം തങ്ങളുടെ വാര്ദ്ധക്യകാലത്തെ ശ്രദ്ധിക്കുന്നില്ല എന്ന് മാത്രമല്ല ഉപദ്രവിക്കുകയും ചെയ്യുന്ന മക്കള്‍ ഉണ്ടാകുമ്പോഴാണ്. കഥയിലെ ചേന്ദു എന്ന കഥാപാത്രം തന്റെ മൂത്ത മകനെ കൊന്ന്‌ ജയിലില്‍ പോയാലും കുഴപ്പമില്ല എന്ന് ചിന്തിക്കുന്നത് അതുകൊണ്ടാണ്. വാര്ദ്ധക്യകാലത്തെ ദുരവസ്ഥയെ ഈ ഭാഗം വളരെ നന്നായി ചിത്രീകരിക്കുനുണ്ട്. കഥാകാരനിലെ കൈക്കരുത്താണ് ആഖ്യാനത്തിന്റെ ശക്തി. കൈക്കരുത്ത് ധൈര്യമാണ്. ധൈര്യത്തെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുന്നവനാണ് വിജയി. കൊച്ചുബാവ ഈ കഥയില്‍ ധൈര്യം വേണ്ടുവോളം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 1993 ല്‍ എഴുതിയ ഈ കഥയുടെ സമകാലിക പ്രസക്തി ഏറിവരികയാണ്.

2.കൊക്കരണി

വളരെ യാന്ത്രികമായ ജീവിതസാഹചര്യത്തെ കൂട്ടിയിണക്കി ജീവിക്കുവാന്‍ ശ്രമിക്കുന്ന ഒരു സമൂഹം ബന്ധങ്ങളുടെ പവിത്രതയില്‍ അത്ര വ്യാകുലപ്പെടുകയില്ല എന്നത് കൊച്ചുബാവ വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞുരുന്നു. ക്ലോണിങ്ങിന്റെ സാദ്ധ്യതകള്‍ അത്രയൊന്നും ചര്ച്ചചെയ്യപ്പെട്ടില്ലാത്ത കാലത്താണ് കൊക്കരണി എന്ന കഥ കൊച്ചുബാവ എഴുതുന്നത്.
ഇമ്മാനുവല്‍-ശാന്തമ്മ ദമ്പതികള്‍ കിഡീസ് കോര്ണര്‍ എന്ന കടയില്നി്ന്ന് ഒരു കമ്പ്യൂട്ടര്‍ നിയന്ത്രിത, എന്നാല്‍ യഥാര്ത്ഥമാണ് എന്ന് തോന്നിക്കുന്ന സ്വഭാവവും മനുഷ്യരൂപവുമുള്ള ഒരു കുഞ്ഞിനെ വാങ്ങിക്കുന്നതിലൂടെയാണ് കഥ തുടങ്ങുന്നത്. ഒരു ഉപഭോക്തൃസമൂഹമായി നാം ചുരുങ്ങികൊണ്ടിരിക്കുന്നതിന്റെ എല്ലാ പ്രശ്നങ്ങളും ഈ കഥയില്‍ വരച്ചുകാട്ടുന്നുണ്ട്. കിഡീസ് കോര്ണര്‍ സന്ദര്ശിക്കാന്‍ വന്ന ദമ്പതികള്‍ ബിസിനസ്സിനെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്. “എല്ലാം കുഞ്ഞിനൊപ്പം വെച്ചിട്ടുള്ള കാറ്റലോഗിലുള്ള കാര്യങ്ങളാണ് എങ്കിലും ഒരിക്കല്‍ കൂടി പറയാം. കറന്റ് പോയി ഒരുമണിക്കൂര്‍ നേരത്തേക്ക്‌ കുഞ്ഞിനൊന്നും സംഭവിക്കില്ല. ഉദാഹരണത്തിന് ഫ്രിഡ്ജിലെ ഇറച്ചിയും മീനും പോലെ തന്നെ ഒരുമണിക്കൂര്‍ നേരത്തേക്ക് വലിയ ചീച്ചലൊന്നും ഉണ്ടാകില്ല”. കച്ചവടത്തിന്റെ എല്ലാ തന്ത്രങ്ങളും ഇതില്‍ വരുന്നതോടൊപ്പം എന്തും വാങ്ങിക്കാം എന്ന ഉപഭോക്തൃമനസ്സിനുമീതെ കൊച്ചുബാവ തൂക്കിയിടുന്ന ഡെമോക്ലീസിന്റെ വാളാണ് കൊക്കരണി എന്ന കഥ. കേരളത്തിന്റെ സാമൂഹികപ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന കഥയില്‍ കേരളം നേരിടുന്ന വലിയ പ്രതിസന്ധികളില്‍ ഒന്നായ വൈദ്യുതിക്കമ്മി പ്രശ്നം എത്ര രസകരമായാണ് വെറും നാല് വരികളിലൊതുക്കി അവതരിപ്പിച്ചിരിക്കുന്നത്. “കിഡീസ് കോര്ണറിന്റെ ഏജന്സി ഇങ്ങോട്ട് തരാന്‍ വിദേശയൂണിറ്റിനു താല്പര്യം ഇല്ലാതിരുന്നതിന്റെ പ്രധാനകാരണം ഈ പവര്‍ പ്രോബ്ലംസാണ്. ഇനിയൊരു നൂറ്റാണ്ട് നടന്നാലും ഇക്കാര്യത്തില്‍ നമ്മള്‍ ഈ തെണ്ടല്‍ നിര്ത്തുമെന്ന് തോന്നുന്നില്ല”. ഇത്തരത്തില്‍ കഥയില്‍ ഒളിപ്പിച്ചുവെച്ച കറുത്ത ചിരി മലയാളിയുടെ സഹജമായ കാപട്യത്തിനു മീതെ വിമര്ശനനത്തിന്റെ ചീളാണ്. ഇത്തരത്തില്‍ നിരവധി ഭാഗങ്ങള്‍ കഥയിലുണ്ട്. ആഗോളതാപനത്തെ കുറിച്ച് വളരെ മുമ്പ്‌ തന്നെ വന്നു തുടങ്ങി എങ്കിലും അത്തരം ചര്ച്ചകള്‍ സാധാരണക്കാരനിലേക്ക് എത്തുന്നത് ഈയിടെയാണ്. ഭൂമി ചുട്ടുപൊള്ളുകയാണെന്നും ഓസോണ്‍ പാളിക്ക് വിള്ളലുണ്ട് എന്ന വിഷയം ഇന്ന് ചായക്കടയിലും ചര്ച്ചാവിഷയമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ കൊച്ചുബാവ കഥയില്‍ കൊണ്ടുവന്ന രീതി രസകരമാണ്. കുഞ്ഞിന്റെ കച്ചവടത്തിനിടയില്‍ ഇക്കാര്യം “കിഡീസ് കോര്ണറിന്റെ ഉടമ മി: മിഷല്‍ വിവരിക്കുണ്ട്. “ക്ലോറോ ഫ്ലൂറോ കാര്ബണുകള്‍” മൂലം ഓസോണ്‍ പാളിക്ക് ഇനിയും ക്ഷതമേല്ക്കുകയാണെങ്കില്‍, ഭൂമി ഇതുപോലെ ചൂടില്‍ കത്തി ഉരുകുകയാണെങ്കില്‍ കുഞ്ഞിനെ പുറത്തിരുത്തുക എന്നത് 15 മിനിറ്റാക്കി ചുരുക്കണമെന്നു മാത്രം.
ഹോമറുടെ തലച്ചോറ്‌, പ്രോമിത്യൂസിന്റെ ഹൃദയം, ഹെര്ക്കുലീസിന്റെ കൈകാലുകള്‍... അടുത്ത പേജിലെ കുഞ്ഞ് ഇതിനെക്കാള്‍ സുന്ദരന്‍. മുയല്‍ക്കുഞ്ഞിന്റെ മുഖം, ഹിറ്റ്‌ലറുടെ തലച്ചോറ്, രാവണന്റെ ഹൃദയം’’... ഇത്തരത്തില്‍ തങ്ങള്‍ വാങ്ങി വളര്ത്തുന്ന ഷിന്ഗര്‍ ഇമ്മാനുവല്‍ എന്ന കുഞ്ഞിന്റെ വളര്ച്ചയും സാമൂഹികമാറ്റങ്ങളും തുറന്നുകാണിക്കുന്ന കഥയാണിത്‌.

3.അടുക്കള

“ ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാല്‍,
കരിയും, മെഴുക്കും പുരണ്ട പകലിനെ
സ്വര്ഗത്തിന്റെ പൂമ്പൊടി ഉച്ഛ്വസിക്കുന്ന
വാനമ്പാടിയായി മാറ്റുമെന്നാണ്”
(ദേശാടനം: സച്ചിദാനന്ദന്‍)
 
ഇദ്ദേഹത്തിന്റെ അടുക്കള എന്ന കഥ തികച്ചും ഒരു സ്ത്രീപക്ഷരചനയാണ്. ബാവയുടെ ഭാഷയില്‍ അടുക്കള ഒരു വേവുനിലമാണ്. കഥയിലെ നായിക കോകിലയെപ്പോലുള്ളവര്‍ വെന്ത് കരിപുരണ്ട് ജീവിക്കുന്ന വേവുനിലം. ഭര്ത്താവിന്റെ തീന്മേശയ്ക്ക് മുന്നിലിരുന്നുള്ള വിളി കേട്ടാല്‍ ഓടിയടുക്കേണ്ട, ആവശ്യങ്ങള്‍ വേണ്ടവിധത്തില്‍ നിര്‍വഹിക്കേണ്ട, നാളത്തെ പകലില്‍ അവനൂട്ടാന്‍ എന്തെന്ന് ഇന്നുതന്നെ ഓര്‍ത്താല്‍ ഒരു സ്വപ്നത്തില്‍ നിറച്ച് അതുമാത്രം കാണേണ്ട വെറും ഒരു പെണ്ണ്. ഇവിടെ പെണ്ണ് ഒരു യന്ത്രം മാത്രമാണ്. ഭര്ത്താവിന്റെ ഏമ്പക്കത്തിനോപ്പം മനംപുരട്ടേണ്ട യന്ത്രം. മലയാളത്തിലെ ഏറ്റവും മികച്ച സ്ത്രീപക്ഷരചനകളില്‍ ഒന്നാണ് ഇത്. ആഖ്യാനത്തിലെ വ്യത്യസ്തതയാണ് കഥയുടെ കരുത്ത്‌. ഈ കഥ ഫെമിനിസ്റ്റ്‌ കാഴ്ചകളില്‍ പോലും വേണ്ട വിധത്തില്‍ തടഞ്ഞില്ല. സ്ത്രീകളുടെ ജീവിതയാഥാര്ത്ഥ്യങ്ങളെ തുറന്നു കാണിക്കുന്ന ജീവനുള്ള ഒരേടാണ് അടുക്കള എന്ന കഥ.

4.പ്രണയം

അടുക്കളയിലെ കോകിലയെപ്പോലെയല്ല ഈ കഥയിലെ പൂജ. അവള്‍ ആധുനിക ജീവിതത്തെ ചേര്‍ത്തുപിടിച്ച് അതിനുസരിച്ച് സ്വഭാവവും ജീവിതശൈലിയും വേഷവും മാറ്റുന്നവളാണ്. അതുകൊണ്ടുതന്നെ ഭാരതസ്ത്രീതന്‍ ഭാവശുദ്ധി എന്ന കണ്സപ്റ്റിനെ അവള്‍ അത്ര സീരിയസായി കാണുന്നില്ല. എന്നാല്‍ പൂജയുടെ ഭര്ത്താവ് അവിനാശ് അങ്ങിനെയല്ല. ആധുനികജീവിതത്തോട് ഒപ്പമോടി എല്ലാം അനുഭവിച്ചറിയുകയും എന്നാല്‍ തന്റെ മുന്നില്‍ ആദ്യരാത്രി കാലെടുത്തുവെക്കുന്ന പൂജ വെള്ള കസവ് പുടവയെടുത്ത് മുല്ലപ്പൂ ചൂടി നാണത്തോടെ മുഖം താഴ്ത്തി കാലിന്റെ തള്ളവിരല്‍ കൊണ്ട് ചിത്രം വരയ്ക്കുന്നവളായിരിക്കണമെന്നാണ് ആഗ്രഹം. ജീവിതത്തിലെ എല്ലാ സുഖങ്ങളും ഒരുമിച്ചനുഭവിച്ച ശേഷം കല്ല്യാണമെന്ന നാട്ടുനടപ്പനുസരിച്ച് ആദ്യരാത്രിയിലെ അഭിനയം എന്തിനാണെന്നാണ് പൂജയുടെ ചോദ്യം. ഭാരതപൈതൃകത്തെപ്പറ്റി താന്‍ പഠിച്ചു കഴിഞ്ഞതിനാല്‍ ഈ കാര്യങ്ങള്‍ തനിക്ക് നിര്‍ബന്ധമാണെന്ന് അവിനാഷും പറയുന്നു. നാല് മാസം ഗര്ഭിണിയായ പൂജ അത്തരത്തിലുള്ള ആദ്യരാത്രി മനസാ സ്വീകരിക്കാന്‍ തയ്യാറല്ല. അത് കൊണ്ടുതന്നെ ജീന്സും ടോപ്പുമിട്ടാണ് അവള്‍ മണിയറയിലേക്ക്‌ വരുന്നത്. ഇത് അവിനാശിനെ ചൊടിപ്പിക്കുന്നു. തുടര്ന്നുള്ള ഇവരുടെ തര്ക്കത്തിലൂടെയാണ് കഥ പറയുന്നത്. ആഖ്യാനത്തിന്റെ ശക്തിയാണ് പ്രണയം എന്ന കഥയെ വ്യത്യസ്തമാക്കുന്നത്.
ആരും കാണാത്ത കാഴ്ച തേടി, ആരും എത്തിപ്പെടുന്നതിനു മുമ്പേ കഥകള്‍ തേടി അവിടേക്ക് കൊച്ചുബാവ വേഗത്തില്‍ ചെല്ലാറുണ്ട്. ജീവിതത്തിലും അദ്ദേഹമത്‌ ആവര്ത്തിച്ചു. കഥകള്‍ ബാക്കിവെച്ച് കൊച്ചുബാവ പറന്നുപോയി. “നിങ്ങള്‍ ജീവിച്ചു മരിച്ചു. ഒക്കെ ശരി, പക്ഷെ നിങ്ങള്‍ ചെയ്ത അത്ഭുതമെന്ത്‌” കൊച്ചുബാവ തന്നെ ചോദിച്ച ചോദ്യമാണിത്. കഥയില്‍ കുറെ അത്ഭുതങ്ങള്‍ കാണിച്ചുകൊണ്ട് എന്തിനാണ് കൊച്ചുബാവ ഇത്ര വേഗത്തില്‍ പറന്നുപോയത്?

ഒ. വി. വിജയന്‍ എന്ന ഇതിഹാസം

ഫൈസൽബാവ 


ov-vijayan"നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നൂറ്റാണ്ടുകളിലൂടെ കൊച്ചുളിയും ചെറു ചുറ്റികകളുമായി അലസമായി പണി ചെയ്യുന്നു; വലിയ സന്ദേഹങ്ങളില്ലാതെ, സൃഷ്ടിയുടെ നോവുകളില്ലാതെ. ഈ ശരാശരിത്വം തുടര്‍ന്നു പോകുന്നതിന്റെ ചരിത്രമാണ് നമ്മുടെ സാഹിത്യം. ഇവിടെ മരത്തിന്റെ മാറ്റ് മനസ്സിലാക്കാതെ പോകുന്നത് തച്ചന്‍മാര്‍ തന്നെ."

എഴുത്തിലും, വരയിലും, ദര്‍ശനത്തിലും, മലയാളത്തിനും, വിവരണാതീതമായ സംഭാവനകള്‍ നല്‍കി മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസ ക്കാരന്‍ ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ. വി. വിജയന്‍ എഴുതാന്‍ ഒരു പാട് ബാക്കി വെച്ച്  യാത്രയായപ്പോള്‍, അക്ഷര ലോകത്തിന് ഒരു ഗുരുവിനെയാണ് നഷ്ടമായത്‌.

വിജയന്‍ തന്റെ വരയിലൂടെ ഉന്നയിച്ച ദര്‍ശനങ്ങള്‍ ദല്‍ഹിയിലെ ഭരണ സിരാ കേന്ദ്രങ്ങളെ വിറപ്പിച്ചിരുന്നു. എഴുത്തും വരയും ഒരു പോലെ അനായാസം കൈകാര്യം ചെയ്ത്, സ്വന്തമായൊരു ലോകം സൃഷ്ടിച്ച വിജയന്‍, മലയാള നോവല്‍ സങ്കല്‍പ്പത്തെ തകിടം മറിച്ച ഖസാക്കിന്റെ ഇതിഹാസത്തെ സൃഷ്ടിച്ചപ്പോള്‍, മലയാള സാഹിത്യത്തില്‍ എക്കാലത്തെയും മികച്ച നോവല്‍ പിറക്കുകയായിരുന്നു. ഖസാക്കിനോടു കിടപിടിക്കുന്ന ഒരു നോവലും ഇന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഖസാക്കില്‍ നിന്നും തലമുറകളി ലെത്തുമ്പോള്‍ വിജയന്‍റെ മനസ് അവ്യക്തമായ ഏതോ ചേരിയിലേക്ക് ചാഞ്ഞു തുടങ്ങിയെന്ന് പലരും പറഞ്ഞു. എന്നാല്‍ ഭാരതീയമായൊരു ഹരിത ആത്മീയ സൗന്ദര്യ സമീപനമായിരുന്നു വിജയന്‍ സ്വീകരിച്ചു പോന്നത്. തനിക്കെതിരെ വന്ന വിമര്‍ശനങ്ങളെ സ്നേഹത്തോടെയാണ് അദ്ദേഹം നേരിട്ടത്‌. അതു കൊണ്ടാണ് അര്‍ഹതയുണ്ടായിട്ടും തന്നില്‍ നിന്നും തട്ടിത്തെറിപ്പിച്ച ജ്ഞാനപീഠം ലഭിക്കാതെ പോയതില്‍ ആരോടും കലഹിക്കാതിരുന്നത്. പുരസ്ക്കാരങ്ങളുടെ തണല്‍ പറ്റാന്‍ എന്നും വിജയന്‍ നിന്ന് കൊടുത്തിട്ടില്ല. എന്നിട്ടും അദ്ദേഹത്തെ ക്രൂശിക്കാന്‍ പലരും വന്നു. കമ്യൂണിസ്റ്റു വിരോധിയെന്നും അമേരിക്കന്‍ ചാരനെന്നു വരെ വിളിച്ചു കൂകി. അത് പ്രചരിപ്പിക്കാന്‍ പത്രങ്ങളില്‍ അച്ച് നിരത്തിയവര്‍ ഇന്നെവിടെയാണ് എത്തി നില്‍ക്കുന്നതെന്ന് ഓര്‍ക്കുക.

ഖസാക്കിനെ കൂടാതെ ധര്‍മ്മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍ എന്നീ നോവലുകളും എക്കാലത്തെയും മികച്ച കഥകളി ലൊന്നായ കടല്‍ത്തീരത്തും, എണ്ണ, അരിമ്പാറ, മൂന്നു യുദ്ധങ്ങള്‍... അങ്ങിനെ എത്രയെത്ര കഥകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍.

വിജയന്‍റെ എഴുത്തിന്റെ, വരയുടെ ലോകം വിശാലമായിരുന്നു. ആഖ്യാനത്തിലെ വ്യത്യസ്തത, ചെത്തി മിനിക്കിയെടുത്ത ഭാഷ വിജയന്‍റെ കഥകളുടെ കരുത്തും വൈവിധ്യവും വിസ്മയകരമാണ്. "തൊകില്‍ ചിറകുകളുടെ താള വാദ്യവുമായി കടവാതില്‍പ്പടകള്‍ പതിര മുറിച്ചു നീന്തി, പിന്നെ സ്വച്ഛമായ കാടും, മഴയും, സ്നേഹവും, പാപവും തേഞ്ഞു തേഞ്ഞില്ലാ താവുന്ന വര്‍ഷങ്ങള്‍" ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍. ഭാഷയില്‍ കൊത്തിയെടുത്ത വിരുത് മലയാളിക്കെങ്ങനെ മറക്കാനാവും. ഖസാക്കിലെ രവി, അള്ളാപിച്ചാ മൊല്ലാക്ക, കുഞ്ഞാമിന, അപ്പുക്കിളി, കുപ്പുവച്ഛന്‍, നൈജാമലി, അങ്ങനെ വിജയന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെ നമുക്കെങ്ങനെ മറക്കാനാവും.

മരണം കാത്തു കിടക്കുന്ന കണ്ടുണ്ണിയെ കാണാന്‍ പൊതിച്ചോറുമായി അച്ഛന്‍ വെള്ളായിയപ്പന്‍ പാഴുതറയില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ പഴുതറയിലെ ആണുങ്ങളും പെണ്ണുങ്ങളും വിതുമ്പുന്നതോടൊപ്പം മലയാള മനസ്സും വിതുമ്പിയിരുന്നു. നവ്യമായ മൌലികതയും പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ലോക വീക്ഷണവും നിറഞ്ഞ വിജയന്‍റെ സൃഷ്ടികള്‍ ലോക സാഹിത്യത്തിനു തന്നെ മുതല്‍ കൂട്ടാണ്.

പാലക്കാടന്‍ ഗ്രാമങ്ങള്‍ വിജയനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. കരിമ്പന പട്ടകളില്‍ കാറ്റ്‌ ദൈവ സാന്ദ്രമാകുന്നത് അതു കൊണ്ടാണ്.

"ചിലപ്പോള്‍ ഞാന്‍ നിര്‍വൃതി അനുഭവിക്കുന്നു. പാലക്കാടന്‍ നാട്ടിന്‍ പുറത്തു കൂടെ ആള്‍ത്തിര ക്കില്ലാത്ത കഴിഞ്ഞ കാലങ്ങളില്‍ ചാന്തും സിന്ദൂരവും ചില്ലു കണ്ണാടിയും വിറ്റു നടക്കുന്ന വയന വാണിഭക്കാരന്റെ സ്വാതന്ത്ര്യം" (തലമുറകള്‍)

ഭൂമിയുടെ വേദന തന്റെ കൂടി വേദന യാണെന്ന് വിജയന്‍ തിരിച്ചറിഞ്ഞിരുന്നു ഭൂമിക്കേല്‍ക്കുന്ന ഓരോ മുറിവും യുഗാന്തരങ്ങള്‍ താണ്ടിയും പ്രതിഫലിക്കുമെന്ന് പലപ്പോഴായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഭരണകൂടത്തിന്റെ തലതിരിഞ്ഞ വികസന നയങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. "ഉത്തര്‍ പ്രദേശിലെ നറോറയില്‍ ആണവ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നു. നറോറ ഒരു ഭൂഗര്‍ഭ വൈകല്യത്തിന്റെ മുകളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് വസ്തുത നമ്മുടെ ആണവ വകുപ്പിനെ പിന്തിരി പ്പിക്കുന്നില്ല". "നന്ദാദേവി എന്ന ഹിമവല്‍ ശൃംഗത്തില്‍ നെഹ്രുവിന്റെ അനുമതിയോടെ സി. ഐ. എ. യും, ഇന്ത്യയുടെ രഹസ്യ വകുപ്പും ചേര്‍ന്ന് ഒരു ആണവ പേടകം നിക്ഷേപിച്ചു. ചൈനയുടെ ആണവ പരിപാടി ചാര നിരീക്ഷണം ചെയ്യുകയായിരുന്നു ഈ പേടകത്തിന്റെ ഉദ്ദ്യേശം. പേടകം പ്രകൃതി സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി ഇന്ന് സ്ഥാനം പിഴച്ചിരിക്കുന്നു. അതെവിടെ യാണെന്ന് ശാസ്ത്രജ്ഞന്‍മാര്‍ക്കും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. മലയുടെ മഞ്ഞിലെവിടെയോ നഷ്ടപ്പെട്ട ഈ പേടകം പിളരുകയാണെങ്കില്‍ ആ മഞ്ഞ് അണു പ്രസരണം കൊണ്ട് നിറയുകയും അതില്‍ നിന്നും ഉറവെടുക്കുന്ന പുഴകള്‍, ആ പ്രസരത്തെ ആര്യാവര്‍ത്തത്തിലെ ജൈവ സമൂഹത്തിലേക്ക് പേറി കൊണ്ട് വരികയും ചെയ്യും."

ഇക്കാര്യം മറ്റാരാണ് നമ്മോട് വിളിച്ചു പറഞ്ഞിട്ടുള്ളത് ? ഇന്ത്യന്‍ ജനതയുടെ തലയ്ക്കു മീതെ തൂങ്ങി കിടക്കുന്ന ഇത്തരം സത്യങ്ങളെ ധൈര്യത്തോടെ വിളിച്ചു പറയാന്‍ ശേഷിയുള്ളവര്‍ എത്ര പേരുണ്ട്. ഇന്നു ലോകം ഏറെ മാറിയിരിക്കുന്നു. ഇന്ത്യയും കേരളവും മലയാളവും ഖസാക്കും നാമോരോരുത്തരും നമ്മുടെ ഭാഷയും...

"ഇന്നു കിഴക്കന്‍ കാറ്റില്ല, കരിമ്പനയുമില്ല. ഈ തിരോഭാവങ്ങളില്‍ എന്റെ ഭാഷയുടെ സ്ഥായുവക കൊട്ടിയടയ്ക്കുന്നു. എന്റെ ഭാഷ, മലയാളം, ആ വലിയ ബധിരതയിലേക്ക്‌ നീങ്ങുന്നു. എനിക്ക് എന്റെ ഭാഷയെ തിരിച്ചു തരിക"

എഴുത്തച്ഛന്‍ പുരസ്ക്കാരം സ്വീകരിച്ച് ഒ. വി. വിജയന്‍ ചെയ്ത പ്രസംഗമാണിത്. ഇനിയിങ്ങനെ വിലപിക്കുവാന്‍ വിജയനും നമ്മോടോപ്പമില്ല...

വിജയന്റെ ദര്‍ശനങ്ങള്‍ നമുക്ക് മുന്നിലുണ്ട്. മലയാളത്തിന്റെ ഇതിഹാസമായി തന്നെ.

Tuesday, October 30, 2012

ആപത്തിനെ മാടി വിളിക്കുന്നവര്‍

ഫൈസൽബാവ

ജീവന്റെ നിലനില്‍പ്പ്‌ തന്നെ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തന്നെ തുടങ്ങിയത്. നമ്മുടെ വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി ഒരവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ കുറച്ചെങ്കിലും മാറ്റം വരുത്താന്‍ നമുക്കാവുമായിരുന്നു.  “ലോകത്തിലെ ഓരോ കുട്ടിയും ബോധന പ്രക്രിയയിലൂടെ മലിനീകരണമെന്ന മഹാവിപത്തിനെപ്പറ്റി ബോധാവാനാകണം. പ്രകൃതിയുമായുള്ള മനുഷ്യന്റെ സമന്വയം ബോധനത്തിന്റെ ചെറിയ ചെറിയ കാല്‍വെയ്പ്പുകളിലൂടെയേ പൂര്ത്തിയാക്കാനാകൂ. മനുഷ്യന്റെ ഭാവി, ബോധന പ്രക്രിയയുടെ ഒരു പ്രധാന കണ്ണിയാകണം” (സരളാ ബഹന്‍:- Revive our Dying Planet)
പരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരി ക്കുകയാണ്. ജെയ്താപൂരിലും കൂടംകുളത്തും  ‍ ആണവ നിലയം സ്ഥാപിച്ചേ അടങ്ങൂ എന്ന വാശിയിലാണ് നമ്മുടെ ഭരണകൂടം, ചെര്‍ണോബിലും, ത്രീമെന്‍ ഐലന്റും നാം എന്നേ മറന്നുപോയി എന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഫുക്കുഷിമ എത്ര പെട്ടെന്നാണ് നാം മറന്നത്. നമ്മളെക്കാള്‍ സാങ്കേതിക മികവുള്ള ജപ്പാന് പോലും നിയന്ത്രിക്കാനാവാത്ത ഒരു ഊര്‍ജ്ജത്തെ നമുക്ക്‌ പിടിച്ചു കേട്ടാനാവുമെന്ന ചിന്ത അപകടം തന്നെ. അമേരിക്കയോടും ഫ്രാന്‍സിനോടുമുള്ള വിധേയത്വവും, കച്ചവട ഇടപാടും നൂറു കോടി ജനതയുടെ ഭാവിവേ ഇരുട്ടിലാക്കി തന്നെ വേണമെന്നാണോ? ഫ്രഞ്ച് കമ്പനിയായ അരേവക്ക് 1650 മെഗാ വാട്ട് ശേഷിയുള്ള 6 ആണവ നിലയങ്ങള്‍ പണിയാന്‍ കരാറിലൊപ്പിട്ടുകഴിഞ്ഞു. കൂടംകുളത്ത് റഷ്യയാണ് പിന്നില്‍ എന്നറിഞ്ഞപ്പോള്‍ ഇടതു പാര്‍ട്ടികള്‍ പോലും ആണവനിലയം ഉണ്ടാക്കുന്ന അപകടാവസ്ഥ മറന്നു അവരും കൂടംകുളം ആണവ നിലയത്തിനായി അവരും കൂട്ട് നില്‍ക്കുന്നു.
ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആക്കം കൂട്ടുന്നു. ആകുലതകള്‍ വര്‍ദ്ധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നാം കേട്ട് കൊണ്ടിരിക്കുന്നു. വലിയ ദുരന്തം തന്നെയാണ് ഫുക്കുഷിമയില്‍ സംഭവിച്ചത്. കാലങ്ങളോളം ആണവ വികിരണം ആ മണ്ണിലും, വായുവിലും, ജലത്തിലും അടിഞ്ഞു കിടന്ന് വരും തലമുറയെ കാര്‍ന്നു തിന്നും. ഇക്കാര്യങ്ങളൊന്നും അറിയാത്തവരല്ല നമ്മെ ഭരിക്കുന്നത് എന്നിട്ടും ജേയ്താപൂരിലും കൂടംകുളത്തും  ആണവ നിലയം വേണമെന്ന് തന്നെ വാശിപിടിക്കുന്നു. ആണവ ആപത്തിനെ മാടി വിളിക്കുന്ന നാം കറുത്ത നാളെയെയിലേക്കാണ് നയിക്കപ്പെടുക.

നമ്മുടെ സൈലന്റ്‌വാലി വികസനത്തിന്റെ വിളി കാത്ത്‌ കിടക്കുന്നു ബയോവാ വാലി പോലുള്ള പാദ്ധതികള്‍ക്കായി ചിലര്‍ കാത്തു കിടക്കുന്നു. പച്ചപ്പ് എന്നും പൊള്ളാവുന്ന അവസ്ഥയിലാണ്. ഭൂമി നശിക്കാന്‍ അധികം കാലം വേണ്ട എന്ന പ്രവചനങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മഴക്കാടുകള്‍ വെട്ടി മരം നടുന്ന നമ്മുടെ വനവല്‍ക്കരണ പദ്ധതികള്‍ വരുത്തി വെച്ച നാശത്തിന്റെ ആഴം തിരിച്ചറിയണമെങ്കില്‍ അട്ടപ്പാടി മേഖല സന്ദര്‍ശിച്ചാല്‍ മതിയാകും. സാമൂഹ്യ വനവല്‍ക്കരണം പോലുള്ള ചതികളെയാണ് നാം വികസനം എന്ന പേരില്‍ ഏറ്റെടുത്തത്, ഹരിത വിപ്ലവം ഉണ്ടാക്കിയ നാശം എത്രയോ വലുതായിരുന്നു എന്ന് മനസ്സിലാക്കാന്‍ നമ്മുടെ വിദഗ്ധര്‍ക്ക് ഇരുപത് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. കാട് എന്ന ശ്വാസകോശത്തെ കാത്തുസൂക്ഷിക്കുന്നത്തിന്റെ പ്രാധാന്യം നാം മറന്ന് കഴിഞ്ഞു. അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വന്‍ അപകടത്തെയാണ് വിളിച്ചു വരുത്തുക, അന്തരീക്ഷത്തില്‍ നിന്ന് മണിക്കൂറില്‍ രണ്ടു കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കാനെ ഒരു മരത്തിനു കഴിയൂ, വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, ഇത് നിലവിലെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയും ജീവന്റെ നാശത്തിലേക്ക് വഴിവെക്കുകയും ചെയ്യും. കടുത്ത ചൂടിനെ കാത്തിരിക്കുന്ന നമുക്ക്‌ ഇനി മരങ്ങള്‍ ആവശ്യമില്ലാതായിരിക്കുന്നു. മരങ്ങള്‍ ചെയ്യുന്ന ധര്‍മ്മം നാം മറന്നിരിക്കുന്നു. 

ലോകത്തെ പ്രധാന പെട്ട മഴക്കാടുകള്‍ എല്ലാം തന്നെ ഭീഷണിയിലാണ്. ബ്രസീലിലെ ആമസോണ്‍ മേഖലയില്‍ കാട്ടുതീയും മറ്റു അധിനിവേശങ്ങളും മൂലം കടുത്ത പ്രതിസന്ധിയിലാണ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കിളിമന്ചാരോ മേഖലയും ഇതേ പ്രതിസന്ധി തന്നെയാണ് നേരിടുന്നത്, സൈബീരിയന്‍ മേഖലകളും, ഏഷ്യന്‍ മേഖലയിലെ വനമേഖലയും കടുത്ത കയ്യേറ്റ ഭീഷണി നേരിടുന്നു. 44 നദികളുള്ള കേരളത്തില്‍ മഴക്കാലത്തും ശുദ്ധജലക്ഷാമം, കാലം തെറ്റി വരുന്ന മഴ, ചുട്ടുപൊള്ളുന്ന പകലുകള്‍, മാലിന്യങ്ങള്‍ നിറഞ്ഞ നഗരങ്ങള്‍, വിഷമഴ പെയ്ത തോട്ടങ്ങള്‍, പാടത്തും പറമ്പിലും വാരി ക്കോരിയോഴിക്കുന്ന കീട നാശിനികള്‍, എങ്ങും വിഷം മുക്കിയ പച്ചക്കറികള്‍, പഴങ്ങള്‍, നാടും കാടും വെട്ടി ഉണ്ടാക്കുന്ന എക്സ്പ്രസ് ഹൈവേ, റിയല്‍എസ്റ്റേറ്റ്‌ ലോബി കയ്യേറുന്ന വനം, മലിനമാക്കപ്പെട്ട നദികള്‍, കാസര്‍കോഡ്‌ ഒരു കൊത് പറന്നാല്‍ തിരുവനന്തപുരം വരെ നീളുന്ന വിവിധ തരം രോഗങ്ങള്‍, ഇങ്ങനെ നീളുന്നു പ്രബുദ്ധ കേരളത്തിന്റെ വികസന വിശേഷങ്ങള്‍. എന്നാല്‍ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ നമുക്ക്‌ നേരമില്ല, ഫേസ്ബുക്കിലും, ട്വിറ്ററിലും, ബ്ലോഗുകളിലും വിലസുന്ന മലയാളിക്ക് ഇതൊന്നും അത്ര വലിയ വിഷയമല്ല. ജെയ്താപൂരില്‍ ആണവ നിലയം വരുന്നതോ, ഫുക്കുഷിമയില്‍ ആണവ നിലയം തകര്‍ന്നതോ, കാര്‍ഷിക മേഖലയില്‍ ബഹുരാഷ്ട്രകുത്തകകളുടെ വരവിനെയോ, ജനിതക വിത്ത്‌ ഉണ്ടാകാവുന്ന ഭയപ്പെടേണ്ട അവസ്ഥയെയോ, നാം വേണ്ട വിധത്തില്‍ ചര്‍ച്ചചെയ്തോ? ഇക്കാര്യങ്ങളെ പറ്റി നാം ബോധാവാന്മാരാണോ? ഇത് നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണ്.
നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശകനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌ നോര്‍ത്ത്‌ ‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌ തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്‍ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.” ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂമായര്‍ത്തതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. 

എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടരുന്നു കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. വിനാശകരമായ നാളെകങ്ങളെ പറ്റി ആകുലത പേറാത്ത ഒരു കൂട്ടം ഇതിനെ തൃണവല്ക്കരിച്ച് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് പ്രവത്തികള്‍ തുടരുന്നു, ഇവര്‍ തന്നെയാണ് ലോകത്തെ നയിക്കുന്നതെന്ന് അഹങ്കരിച്ചു കൊണ്ട് ലോകത്ത് എവിടെയും കടന്നാക്രമണം നടത്തി കൊണ്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനങ്ങള്‍ വരുത്തിവെക്കുന്ന വിനാശകരമായ നാളെയെ പറ്റി നാം ഇനിയെങ്കിലും ചിന്തിച്ചില്ല എങ്കില്‍ വരും നാളുകള്‍ കറുത്തതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാലാവസ്ഥ വ്യതിയാനഫലമായി ചുഴലിക്കാറ്റ്‌, കൊടുങ്കാറ്റ്, സുനാമി എന്നീ ദുരന്തങ്ങള്‍ ഇപ്പോഴും ഉണ്ടാവാം എന്ന അവസ്ഥയാണുള്ളത്, അന്തരീക്ഷവും കരയും കടലും ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ഈ തോത് തുടര്‍ന്നാല്‍ ഭൂമിയിലെ മാലിന്യങ്ങള്‍ തള്ളാനായി മാത്രം ഭൂമിയേക്കാള്‍ വലിയ മറ്റൊരു ഗ്രഹത്തെ അന്വേഷിക്കേണ്ടി വരും, കടല്‍ മലിനീകരിക്ക പ്പെടുന്നതിലൂടെ കടലിലെ ജീവന്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നു. കടലിലെ ജീവന്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ ശേഖരമാണ് ഇല്ലാതാവുക, നിലവില്‍ തന്നെ ഭക്ഷ്യ ക്ഷാമം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ മത്സ്യസമ്പത്ത് കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കും, “മനുഷ്യന്‍ പ്രകൃതിയുടെ പ്രക്രിയകളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ യാണ് ഈ സംഹാരാത്മക സംസ്കാരത്തിന്റെ വികാസം ആരംഭിക്കുന്നത് ” പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ വാക്കുകള്‍ എത്ര ശരിയാണ് !
ഭൂമിയില്‍ കുന്നുകൂടി കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നതും ഈ മനുഷ്യന്‍ തന്നെയാണ്. രാസ-ആണവ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ അവശിഷ്ടങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍, കോണ്ക്രീറ്റ് അവശിഷ്ടങ്ങള്‍ തുടങ്ങിയവയും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം എന്നിവ മൂലം ഭൂമി ദിനംപ്രതി നശിച്ചു കൊണ്ടിരിക്കുകയാണ്. .

കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. കടുത്ത ചൂട്‌ നമ്മുടെ ഹരിത വലയത്തെ ഇല്ലാതാക്കുമോ എന്ന വ്യാകുലത നമുക്കിടയിലേക്ക് ഇനിയും കാര്യമായി കടന്നു വന്നിട്ടില്ല നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്, വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാനഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയരൂപീകരണത്തില്‍ എവിടെയും കാണുന്നില്ല, അതിനു തെളിവാണ്‌ കേരളത്തില്‍ അങ്ങോളം കാണുന്ന പ്രതിരോധ സമരങ്ങളും പ്രധിഷേധങ്ങളും. പാത്രക്കടവ്, അതിരപ്പിള്ളി, പ്ലാച്ചിമട, ഏലൂര്‍, കരിമുകള്‍, കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ സമരം, ചക്കംകണ്ടം സമരം, വിളപ്പില്‍ ശാല എന്നിങ്ങനെ വലുതും ചെറുതുമായ സമരങ്ങളുടെ കാരണം നമ്മുടെ വികസന ഭ്രാന്തിന്റെ ഫലമായി ഉണ്ടായതാണ്, എക്സ്പ്രസ് ഹൈവേ, കിനാലൂരില്‍ സംഭവിച്ചത്‌, കണ്ടല്ക്കാ ടുകള്‍ വെട്ടി നിരത്തി അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ നിര്‍മ്മിക്കല്‍ എന്നിങ്ങനെ തുടരുന്നു നമ്മുടെ അബദ്ധങ്ങള്‍ നിറഞ്ഞ വികസനം. ഏതോ ഉട്ടോപ്യന്‍ സ്വപ്നം കണ്ടുകൊണ്ടാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ വരെ തങ്ങളുടെ നയങ്ങള്‍ രൂപീകരിക്കുന്നത്. ഈ അധപതനം കേരളത്തെ ഇല്ലാതാക്കും. ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണവമായ കാലത്തെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതേ നിലയില്‍ തുടര്‍ന്നാല്‍ ലോകാവസാനത്തിലേക്ക് അധികം ദൂരമില്ലെന്ന സത്യം നാം ഓര്‍ക്കുന്നത് നന്നായിരിക്കും. ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ‌ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യാറാവണം.ഇത്തരം ചിന്തകളെ ഓര്‍മ്മപ്പെടുത്തുന്നതാകട്ടെ   ഇനിയെങ്കിലും  നമ്മുടെ പ്രവര്‍ത്തനം