Followers

Showing posts with label t c v satheesan. Show all posts
Showing posts with label t c v satheesan. Show all posts

Thursday, October 31, 2013

പകൽക്കാഴ്ച്ചകൾ



ടി.സി.വി സതീശൻ
വാറു പൊട്ടിയ
വള്ളിച്ചെരുപ്പിൽ ഞാൻ
ഭൂലോകം
നടന്നു തീർക്കുവാൻ നോക്കുന്നുവിപ്പൊഴും

ഉണ്ടായിരുന്നൂ
ആ കാനയ്ക്കപ്പുറം
തണ്ണീർപന്തലുമൊരു ചുമടുതാങ്ങിയും
ഉള്ളിൽക്കരുത്തായ് അന്നീ നാട്ടിൽ

പണ്ടുള്ളവർ ചൊന്നുകെട്ടതു
ആയിരം കരങ്ങളിൽ തണൽ -
വിരിക്കുമാ ആൽചുവട്ടിലിരുന്നവർ
പാടത്തു പൂക്കും -
പൊൻ കതിർക്കറ്റകൾ കിനാവു കണ്ടുവത്രെ

നടക്കാനിനിയുമേറെ ..
ഓടുന്ന ബസ്സുകൾക്കു മുമ്പേ
പാഞ്ഞുവരുന്ന തലകൾ പലതും
പകൽക്കാഴ്ച്ചകൾ ദുരിത കാഴ്ച്ചകൾ

ഒക്കത്തിരുന്ന
കുഞ്ഞിനെ വഴിയുലുപെക്ഷിച്ചു
കണ്ടവന്റെ കൂടെ ബസ്സു കയറുന്നു ചിലർ
കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചുനടന്നവർ മറുകൂട്ടം

ശരണാർത്ഥികൾ
നടതള്ളിയവർ നിറച്ച തിക്കിൽ -
തിരക്കിൽ പടിയിറങ്ങുന്നു വേപഥ പൂണ്ട
ഭഗവാൻ അകത്തളം വിട്ടു നിരത്തിലേക്കിറങ്ങി

നീറുന്നൂ
നീരുവെച്ച കാലുകളെങ്കിലും
നടക്കണമീ വാറു പൊട്ടിയ ചെരുപ്പിൽ
ഭൂലോകം മുഴുവൻ നടന്നു തീർക്കേണമെനിക്കു

മാവട്ടത്തു തുടങ്ങുന്ന
മാളിലെ ചെറുക്കൻ വെച്ചുനീട്ടുന്നു
നല്ല നാലഞ്ചു ലെതർ ചെരുപ്പുകൾ
നിർത്തണം നിന്റെയീ പിരാന്താൻ
പടപ്പാട്ടുകളെന്നന്നേക്കുമായെന്നു
അവൻ മൊഴി പതുക്കേയെൻ കാതിലോതി

ഉപ്പുമാങ്ങയും
ഉണക്ക മത്തിയും വിറ്റിരുന്ന
പപ്പേട്ടൻ രണ്ടുകയ്യും കൂട്ടിത്തൊഴുതു വണങ്ങി
സ്വർഗ്ഗത്തിലേക്കു പോകുവാൻ ..
നിനക്കൊരിടത്താവളമിതു വന്നുകേറു മകനേ നീ

വരണം , കഴിക്കണം
പോത്തിനെപ്പോലെ പോത്തായിടാൻ
പോത്തിറച്ചിയും നാലു പൊറോട്ടയുമെന്നോതി
നടക്കേണ്ടവൻ നീ നടക്കാതിരിക്കാൻ
അത്യുത്തമമീ പൊറോട്ടയെന്നു ചൊല്ലിക്കുഴഞ്ഞു

നടക്കണം
ഇനിയും നടക്കണമെനിക്കീ വാറു പൊട്ടിയ
വള്ളിച്ചെരുപ്പിൽ ഭൂലോകം മുഴുക്കെ നടക്കണം

Sunday, September 29, 2013

അവതാരിക തേടുന്ന - ആരതിയുടെ കവിതകൾ .............................................

ടി.സി.വി. സതീശൻ

അടുപ്പിൽ
അരി തിളച്ചുമറിയുമ്പോഴാണ്
ആരതിക്ക്
ഉള്ളിലൊരു കവിത വന്നത്

അടുപ്പൂതിക്കെടുത്തി
ആരതി
ശയനമുറിയിലേക്കു നടന്നു
ശയനമുറിയിൽ
ക്ലോക്ക് സമയം തെറ്റി -
മാറാലയിൽ
കഴുത്തുനീട്ടി ഞെരുങ്ങുന്നു

അരിവെന്തു കഞ്ഞിയായിരിക്കുന്നു
കവിത വെന്തു കഞ്ഞിയാവാതെയും
മാറാലയിൽ -
നിലച്ച ക്ലോക്കാവതെയും നോക്കണം

അവൾ
എഴുത്തു മുറിയിലേക്ക് ചെന്നു
അടഞ്ഞു കിടക്കുന്ന ജനൽ വാതിലുകൾ
നരിച്ചീറുകൾ കലപില കൂട്ടുന്നു
കവിത നരിച്ചീറുകൾക്ക് തീറ്റയാകരുത്
അകമുറിയിൽ കാറ്റും വെളിച്ചവും കേറണം

ആരതി
മുറ്റത്തേക്കിറങ്ങി
ഉച്ചവെയിലിനു മഞ്ഞ നിറം
ഇലകളനങ്ങാത്ത -
ഇമകളനങ്ങാത്ത ഗ്രഹണി കാലം
മനസ്സ് നിശ്ചലം ..
കവിതയെ പാമ്പ് വിഴുങ്ങിയോ ?

പകൽ സൂര്യനെ നോക്കി ..
നീലാകാശത്തെ നക്ഷത്രങ്ങളെ നോക്കി
ആരതിയുടെ ചുണ്ടുകൾ കേണു,
ഇനിയും എഴുതിത്തീരാത്ത -
എന്റെ കവിതയ്ക്ക് ഒരു അവതാരിക

Sunday, June 2, 2013

തേച്ചുതേച്ചില്ലാതായ വാക്കുകൾ








ടി സി വി സതീശൻ



നാക്ക്

തേച്ചുതേച്ചില്ലാതാക്കിയ
വാക്കുകൾ സാക്ഷ്യം
അക്ഷരങ്ങൾ കൊണ്ടമ്മാനമാടി
അന്യനെ തൊൽപ്പിക്കുന്നവൻ നാക്ക്

സ്നേഹം

കുപ്പി ഭരണിയിലാക്കി
സ്നേഹമാണ് സർവ്വതുമെന്നു
ലേബലൊട്ടിച്ചു
സ്വസ്ഥമായുറങ്ങി സ്നേഹം

പ്രണയം

പിങ്ക് റോസാപ്പൂക്കൾക്ക് വിട്ട്
ചുംബനത്തിനായി
ചുണ്ടുകൾ തേടി അലഞ്ഞു

ജീവിതം

കണക്കു പുസ്തകത്തിലെ
ലാഭത്തിന്റെ അവസാന കോളത്തിൽ
ജീവിതത്തെ ഒളിപ്പിച്ചുവെച്ചു