Followers

Sunday, September 29, 2013

കവിതയിൽ


സി വി പി നമ്പൂതിരി
പുരാവസ്തു ഗവേഷകന്‍ കവിതയില്‍ തേടുന്നു;
കാര്‍ബണിന്‍റെ ഹിമപടലത്തിലൂടെ,
മരിച്ചവരുടെ ജാതകം.....
മണ്ണിനടിയില്‍ നിന്നും ഒരു എരിക്കിന്‍ പൂവ്....

കുഞ്ഞുങ്ങള്‍ കവിതയില്‍ തേടുന്നു;
നക്ഷത്രമിഴികളുള്ള പാവക്കുട്ടിയെ;
മഴവില്ലില്‍ നിന്നും പെയ്തിറങ്ങുന്ന മാലാഖയെ....

യുവാക്കള്‍ കവിതയില്‍ തേടുന്നു;
വനവസന്തങ്ങലുടെ നിലാമഴയെ....
വീഞ്ഞും നൃത്തവും സംഗീതവുമായി
വന്നെത്തുന്ന രാത്രികളെ...

വൃദ്ധര്‍ കവിതയില്‍ തേടുന്നു;
പിരിയുന്ന കാലൊച്ചകളെ
ജരാനരകള്‍ ഏറ്റുവാങ്ങുന്ന മകനെ....
ഒടുവിലെ പുകവണ്ടിയുടെ ഇരമ്പലിനെ..

കാമിനി കവിതയില്‍ തേടുന്നു;
മേഘനിറമുള്ള ഒരുവാക്ക്;ഒരു വരി....

അമ്മ കവിതയില്‍ തേടുന്നു;
വരാന്‍ വൈകുന്ന മക്കളുടെ കാലൊച്ച...

എന്നാല്‍ കവിയോ,അവന്റെ കവിതയില്‍ തേടുന്നു;
അവന്റെപക്ഷിയുടെ ചിറകടി;
വൃക്ഷത്തിന്റെ തളിരില;
മൃഗത്തിന്റെ കാട്;
പറയാന്‍ മറന്ന വാക്ക്;
വിട്ടുപോയ മൌനം;
മനസ്സിന്റെ ഇടനാഴി;ആത്മാവിന്റെ ഭാഷ...