Followers

Sunday, September 29, 2013

മൂകസാക്ഷി



മഞ്ജു വർഗീസ്

നിന്‍റെ പ്രണയരഹസ്യങ്ങളിലും സ്വകാര്യനിമിഷങ്ങളിലും
നീയറിയാതെ പങ്കാളിയാകുന്നവള്‍..

നിന്‍റെ ഹൃത്തിന്‍റെ അന്ത്യതുടിപ്പുകള്‍ അറിയുന്നവള്‍
നിന്‍റെ അവസാന നെടുവീര്‍പ്പുകളുടെ ആഴമറിയുന്നവള്‍
നിന്‍റെ നീറുന്ന ഗധ്ഗദങ്ങളുടെ അര്‍ത്ഥമറിയുന്നവള്‍
നിന്‍റെ ചുടുചോരയുടെ രുചിയും ഗന്ധവുമറിയുന്നവള്‍..

നിന്‍റെ കൂടപ്പിറപ്പുകളുടെ കണ്ണുനീരില്‍
കുതിര്‍ന്ന് കിടന്നു വിതുമ്പുന്നവള്‍ ..
രാവിന്‍റെ നിഗൂഡതയില്‍
പിച്ചിച്ചീന്തപ്പെടുന്ന ജന്മങ്ങള്‍ക്ക്
ഭയക്കാതെ കാവല്‍ കിടക്കുന്നവള്‍..

എരിയുന്ന അഗ്നിയുടെ ചൂടേറുന്ന
മൗനനൊമ്പരങ്ങള്‍ നെഞ്ചകത്തിലേറ്റുന്നവള്‍
പൊരിവേനലില്‍ ഭൂമിയുടെ ദാഹമകറ്റുന്ന
ഒരു കുളിര്‍മഴ തന്നിലും പെയ്തെങ്കിലെന്നു
വെറുതെ മോഹിക്കുന്നവള്‍ ....

ഇരുമ്പിന്‍റെ കരുത്തും, ഉരുകുന്ന ഹൃദയവുമായ്
വിധിയെ തടുക്കാനാകാതെ, നിസ്സഹായയായ്
എല്ലാത്തിനും മൂകസാക്ഷിയായ്
നിലകൊള്ളുന്നവള്‍, ഞാന്‍, റെയില്‍പ്പാളം....