Followers

Showing posts with label ezhuthu online malayalam. Show all posts
Showing posts with label ezhuthu online malayalam. Show all posts

Friday, January 29, 2010

അലക്കുകാരി



m k janardanan

അലക്കിതേച്ച തുണികളുടെ ഭാണ്ഡക്കെട്ടും ചുമലിലേന്തി അലക്കുകാരി ശിത്തിര വലിയവീടിന്റെ ഉമ്മറത്തെത്തി. കോളിംഗ്‌ ബെല്ലിന്റെ സ്വിച്ചിൽ അവളുടെ കറുത്ത ചൂണ്ടു വിരൽ അമർന്നു.അകത്ത്‌ ശബ്ദം ചിലമ്പി.അതിനിടയിൽ ഗ്രില്ലുകൾക്കിടയിലൂടെ സ്വീകരണമുറിയിലെ സെറ്റികളും, കസേരകളും ശ്രദ്ധിക്കാൻ തുടങ്ങി അവൾ. അവ കണ്ണുകൾക്കു വലിയ അതിശയമായി. ഇതുപോലെ ഒരെണ്ണം ഇരിക്കാൻ തന്റെ വീട്ടിൽ എന്നെങ്കിലും ഉണ്ടാകുമോ? അതോർക്കാൻ പോലും അവൾക്ക്‌ അർഹതയുണ്ടായിരുന്നില്ല. പട്ടിണിപ്പാവങ്ങൾക്കു നടുവിൽ ദാരിദ്ര്യ വീട്ടിൽ ജനിച്ചവളാണ്‌. ആ വീടിന്റെ ഉദ്യാനത്തിലേക്കും കണ്ണുകൾ ചെന്നു. നാനാവർണ്ണങ്ങളിൽ അഴകുള്ള പൂക്കൾ. കാറ്റുകൊള്ളാൻ സിമന്റു ബഞ്ച്‌. കണ്ണുകൾ വീണ്ടും പൂമുഖത്തേക്ക്‌ ചെന്നപ്പോൾ പൂമുഖവാതിലിലെ ചിത്രവേലകൾ കണ്ടു. തേക്കുതടിയിൽ കൊത്തിയ തേരും തേരാളിയായ കൃഷ്ണനും തേർ വലിക്കുന്ന അശ്വങ്ങളുടെ ഭംഗിയും അവളെ ഹഠാദാകർഷിച്ചു. അപ്പോഴേക്കും വാതിൽ തുറന്നു ധനികയായ വീട്ടമ്മ പ്രത്യക്ഷയായി. കൈത്തണ്ടയിൽ ധാരാളം സ്വർണ്ണവളകൾ കഴുത്തിൽ ഭാരം തൂങ്ങുന്ന സ്വർണ്ണമാല. മഹാലക്ഷ്മിയെപ്പോലുണ്ട്‌ കാഴ്ച്ചയിൽ.
"എന്താ ശിത്തിരേ തുണികളൊക്കെ അലക്കികൊണ്ടു വന്നോ?
"വന്താച്ച്‌ അമ്മാ വന്താച്ച്‌"
ഭാണ്ഡം കെട്ടഴിഞ്ഞു.
അലക്കിത്തേച്ചു വടിപോലെയാക്കിയ വസ്ത്രങ്ങളും,സാരികളും എല്ലാം നിരീക്ഷിച്ചു, വെടിപ്പും എണ്ണവും തിട്ടപ്പെടുത്തി ,കൂലി കൃത്യമായും നൽകി. എന്നിട്ടും അവൾ പടിയിറങ്ങാൻ മടിച്ചുനിൽക്കുന്നതു കണ്ട്‌ വീട്ടമ്മ പറഞ്ഞു
"ഇനിയുള്ള തുണികൾ കുറച്ചുദിവസം കഴിഞ്ഞു തരാം. ഇടക്കു വന്നാൽ മതി. ശിത്തിര പൊയ്ക്കോളു"
അവൾ വീണ്ടും തങ്ങിനിൽപ്പാണ്‌ .പോകാൻ മടി
"അമ്മാ കൊഞ്ചം കഞ്ചി കെടക്കുമാ പശിക്കിറതു"
"കഞ്ഞീം കിഞ്ഞീം ഒന്നും ഇവിടെയില്ല. കൂലി തന്നിട്ടുണ്ട്‌. പോയി അരിവാങ്ങി കഞ്ഞി വെച്ചു കുടിക്ക്‌"
ചെല്ല്‌......
വാതിലിന്റെ അൽപ്പം ചെരിവിൽ അവളെ നോക്കിനിൽക്കുന്നതുപോലെ കൃഷ്ണചിത്രം.വാതിൽ കൃഷ്ണനെ നോക്കി നിന്നു. നല്ല ഭംഗി.
അവൾ പറഞ്ഞു.
അന്ത സാമി പടം നല്ലായിരുക്കമ്മ"
വീട്ടമ്മ പറഞ്ഞു
"അല്ലേ ഒറ്റക്കതകിനു രൂപ 75000 ചിലവാക്കിയതാ.പിന്നെ മോശമാകുമോ?
തന്റെ വീടിന്റെ അഴകും ചിലവായ വൻ തുകയും വിളംബരം ചെയ്യാന്‍ കിട്ടിയ അവസരം കൊച്ചമ്മ പാഴാക്കിയില്ല. പൊതുവേ അറുത്തകൈക്കു ഉപ്പു തേക്കാത്ത -ദാഹിച്ച കുടിനീർ പോലും നൽകാനിഷ്ടപ്പെടാത്ത ഹൃദയശൂന്യയാണെങ്കിലും........
വിശക്കുന്ന വയറോടെ അവളുടെ നനഞ്ഞ കണ്ണുകൾ ഭഗവാന്റെ ചിത്രത്തിൽ തന്നെ തഞ്ചിനിന്നു.
"എങ്കിൽ പിന്നെ ശിത്തിര ചെല്ല്‌"
വീട്ടമ്മ അകത്ത്‌` കയറി കതകടച്ചു. അലക്കുതുണികളെല്ലാം കൊടുത്ത്‌ തീർത്ത്‌ ഭാണ്ഡം കാലിയാക്കി വീട്ടിലെത്തി. പകൽ മായുകയാണ്‌. തുണിക്കടയിൽ പോയി അരിയും സാധനങ്ങളും വാങ്ങി ദൂരം നടന്ന്‌ ഈ കുന്നു കയറി കൂരയിൽ വന്നു കഞ്ഞി വെച്ചു കുടിക്കാൻ ഏറെ വൈകും. ചുറ്റും പാറച്ചെരുവാണ്‌. പാറയുടെ പൊത്തിലും പോടിലുമൊക്കെ ഇരുട്ടിയാൽ വഴിയിൽ നല്ലയിനം പാമ്പുകളും ഇര തേടുന്നുണ്ടാകും.ഭയപ്പെടണം അവയെ. എന്നാൽ മനഃപ്പൂര്‍‌വ്വം‌ ‌ ഒന്നും ചെയ്യില്ല അവ.
അവൾക്കു വല്ലാതെ ദുഃഖം തോന്നി. എങ്കിലും വളരെ കാലമായി താൻ വിഴുപ്പലക്കി കെട്ടിച്ചുമന്നും കൊണ്ടുപോയി കൊറ്റുക്കുന്ന വീട്ടമ്മക്കു ഒരു തവി ചോറു ,ഈ ഏഴക്കു തരാൻ തോന്നിയില്ലല്ലോ. മനസ്സേറെ തപിച്ചു കരഞ്ഞുപോയി ശിത്തിര. സാരമില്ല. എല്ലാം ദൈവത്തിന്റെയിഷ്ടം. നടക്കട്ടെ. തന്റെ വിധിയിങ്ങനെ. ശിത്തിരയുടെ അടുക്കളയും വർക്കേരിയയും ഭക്ഷണശാലയും കിടപ്പുമുറിയും ഒക്കെക്കൂടി ഏഴു ചതുരശ്ര അടി മാത്രം വിസ്തീർണ്ണമുള്ള ചാണകം പൂശിയ ഈ തറയാണ്‌.

ചുറ്റും വാരിക്കമ്പുകൾ നാട്ടി അതിന്മേൽ ചാക്കുതുണി കെട്ടിമറച്ച ഭിത്തി. ചാക്കുകൊണ്ടുള്ള വാരിക്കമ്പിന്റെ കതക്‌. മേൽക്കൂരയും വാരിക്കമ്പുകളാൽ തന്നെ. ദ്രവിച്ച തെങ്ങോല മടലുകളുടെ പഴുതിലൂടെ മാനം മുഴുവനും കാണാം. മഴയും മഞ്ഞും നനയാം. ഭാഗ്യത്തിന്‌ മനുഷ്യരുടെ മനോഗുണം കൊണ്ട്‌ പരിതഃസ്ഥിതി നശിച്ച്‌ "മഴക്കാലം" എന്നൊരു കാലം അകന്നു മറഞ്ഞുപോയത്‌ ശിത്തിരയുടെ ഭാഗ്യം. മഴ നനയാതെ കിടന്നുറങ്ങാം. .ചിലപ്പോള്‍ ഉറക്കത്തിൽ പഴുതാര കുത്തിയുണർത്തും. മറ്റുപകരണങ്ങൾ ചെറിയ അലുമിനിയ കഞ്ഞിക്കലം. ചെറു ചെരുവം. ഒരു ഗ്ലാസ്സ്‌. പിടിയറ്റ വറചട്ടി. ഒരു മണ്ണെണ്ണ സ്റ്റൗ, ഒരു പ്ലേറ്റ്‌.ഉറങ്ങാൻ ഒരു കീറപ്പായ. ഒരു നാറ തോർത്ത്‌. മണ്ണെണ്ണക്കു വിലയായതിനാൽ അതിന്റെ തകർ ടിന്നിൽ ഒരു ചായക്കൊ മറ്റോ ബാക്കി കാണും. അത്രതന്നെ. ഇതൊക്കെയാണ്‌ ശിത്തിരയുടെ ആകെ സമ്പത്തിന്റെ സത്യവാങ്ങ്‌മൂലം. സ്റ്റൗവിൽ വെള്ളം തിളച്ചപ്പോൾ ഒരു നുള്ളു തേയില ഇട്ടു. അൽപ്പം പഞ്ചസാര പൊതിഞ്ഞു വെച്ചിരുന്നത്‌ കട്ടു തിന്നാൻ കയറിക്കൂടിയ കാക്കയുറുമ്പുകളെ ആട്ടിയകറ്റി, ചുട്ടുപൊള്ളുന്ന കടും ചായ ആറാനുള്ള ക്ഷമയില്ലാതെ ഊതിക്കുടിച്ചു. വെള്ളത്തിനും പഞ്ഞം.ചരിവിനു താഴെ നിന്നു ചുമന്നുകൊണ്ടുവരണം. ചായക്കടയിലെ ഒരു ഉഴുന്നുവടയാണ്‌ ഇതുവരേയുള്ള പകലത്തെ ആഹാരം. അരി വാങ്ങിച്ചു കൊണ്ടു വന്ന്‌ കഞ്ഞി വെച്ച്‌ ഒരു തവി കഞ്ഞികുടിക്കണമെന്ന്‌ ആഗ്രഹം തോന്നി. പക്ഷെ എങ്ങനെ കുന്നിറങ്ങിപ്പോയി നടന്നു ടൗണിൽ ചെന്നു തിരികെ വരാനാണ്‌? തീരെ വയ്യ.വല്ലാത്ത തലവേദന വരുന്നു. പടിപടിയായി വേദന കൂടി.സകല നാഡികളേയും തളർത്തി കശക്കുന്നു. തല പിളർക്കുംപോലുള്ള വേദനയാൽ കടവുകളെ.....കടവുകളെ..എന്നു കരയുന്നുണ്ട്‌ അവൾ. വേദനയുടെ മൂർദ്ധന്യത്തിൽ വീണുപോയി. കീറപ്പായയിൽ എപ്പോഴോ ഉണരും മുമ്പ്‌ ,അർദ്ധബോധത്തിൽ ആരോ വന്നിരിക്കണം. ആശുപത്രിയിൽ കൊണ്ടു ചെന്നാക്കി.അയലത്ത്‌ പാറച്ചെരുവിൽ ആട്ടോ ഓടിക്കുന്ന മനുഷ്യത്വമുള്ള ഒരു ചെറുപ്പക്കാരനുണ്ട്‌. അദ്ദേഹമാണോ? ആകാം. ധർമ്മാശുപത്രിയിൽ ഗൗരവ രോഗികളുടേയും ,നിസ്സാരരോഗികളുടേയും രോഗമുണ്ടോയെന്നു പോലും നിശ്ചയമില്ലാത്ത സംശയനിവാരണ രോഗികളുടെയും വൻതിരക്ക്‌. അവരുടെയൊക്കെ ആശ്രിതപ്പടകൾ വേറെ.
ധർമ്മാശുപത്രിയുടെ ഗതികേട്‌. പ്രൈവറ്റിൽ പണം കൊടുക്കണം. ആകയാൽ ഇത്രയുമല്ല തിരക്ക്‌. ശിത്തിര ക്യൂവിൽ നിന്നു നിരങ്ങി ഡോക്ടറുടെ മുന്നിലെത്തി. ഡോക്‌ടറുടെ കണ്ണുകൾ അവളിലേക്ക്‌ നീണ്ടു.
"എന്താണ്‌ അസ്വസ്ഥതയെന്നു പറയു"
അദ്ദേഹം സ്റ്റെതസ്ക്കോപ്പ്‌ കയ്യിലെടുത്ത്‌ ചെവിയിൽ ചേർത്തു.
തലയിൽ കൈത്തല മമർത്തി ശിത്തിര പറഞ്ഞു.
"വെട്ടുകത്തിയാലെ വെട്ടിനുറുക്കണമാതിരി തല വലിക്കിത്‌ ടാക്ടർ"
ഡോക്ടർ ഏറെ നേരമെടുത്ത്‌ ഹൃദയമിടിപ്പ്‌ പരിശോധിക്കുകയും അതിന്റെ വേരിയേഷൻ പഠിക്കുകയും ചെയ്തു. അവൾക്കു വേണ്ടി ഏറെ സമയം നീണ്ടപ്പോൾ ക്യൂവിൽ നിന്നവർ പിറുപിറുത്തു. നാശം എത്ര നേരമായി മറ്റുള്ളവരുടെ സമയം മിനക്കെടുത്തുന്നു.
ഒടുവിൽ വേദന സംഹാരി ഗുളികകൾ നൽകിക്കൊണ്ട്‌ പരിശോധനകൾക്കായി വീണ്ടുമെത്താൻ കൽപ്പിച്ചുകൊണ്ട്‌ ഡോക്ക്‌ടർ അവളെ പറഞ്ഞയച്ചു. പല ദിനങ്ങളിലായി പിന്നെ ,പല പല പരിശോധനകൾ.ഒടുവിൽ അവളുടെ പ്രശ്നാവലികൾക്കു ഡോക്‌ടർ ഉത്തരം കണ്ടുപിടിച്ചു. തലയിൽ രക്ഷിക്കാവുന്ന സ്റ്റേജുകളെല്ലാം പിന്നിട്ടു കഴിഞ്ഞ ബ്രയിൻ ട്യൂമർ....... പ്രൈവറ്റു ചികത്സക്കു പോയാൽ സർജ്ജറിക്കും മറ്റുമായി 3 ലക്ഷം വേണ്ടി വരും. റീജിനൽ ക്യാൻസർ സെന്ററിൽ പോയാൽ ഇളവുണ്ട്‌. അതിന്‌ ആരുണ്ട്‌?100 ശതമാനം ഫെയിലർ സാദ്ധ്യതയാണുള്ളതെന്നു ഡോക്‌ടർ പറഞ്ഞു. ആരോ പറഞ്ഞു; ഭക്ഷ്യമായവും മറ്റുമായി അധികമാളുകൾ രോഗികളായിരിക്കുന്നു. അതുവഴി ആശുപത്രികൾ ഏതർത്ഥത്തിലും അറവുശാലകളായിരിക്കുന്നു.
"ഡോക്ടർ തിരക്കി"എന്തു ശെയ്യും ശിത്തിരെ? "
"ഒന്നുമേ ശെയ്യമുടിയാത്‌ ടാക്ടർ "
അവൾക്കു മരണം സുനിശ്ചിതം. ആളും അർത്ഥവുമില്ലാതെ തനിയെ അവൾ കുടിലിലേക്ക്‌ നടന്നു. ഒരു മകനും മരുമകളും ഉള്ളതു ചെന്നൈയിലാണ്‌. അവളെ കെട്ടിച്ചപ്പോൾ സ്ത്രീധനം കൊടുക്കായ്‌കയാൽ കഴിഞ്ഞ കുറി വന്നപ്പോൾ ആകെയുണ്ടായിരുന്ന സമ്പാദ്യം ഒരു ഓടിന്റെ കനൽത്തേപ്പുപെട്ടി അവൾ സ്ത്രീധനത്തിനു പകരം എടുത്തുകൊണ്ടുപോയി. അവരും അഗതികൾ. എപ്രകാരമോ ചരിവിലൂടെ തലയിലെ വേദന ഏന്തി നടന്നു. അവൾ കൂരയിലെത്തി. കീറപ്പായ നീർത്തി അതിലിരുന്ന്‌ കൈ മടക്കി തലയിണയാക്കി ചെരിഞ്ഞു കിടന്നു.

ജലപാനമില്ലാതെ ,ശുശ്രൂഷയില്ലാതെ, ആശ്രിതരില്ലാതെ ഒരേ കിടപ്പ്‌.താലൂക്ക്‌ ആശുപത്രിയുടെ പാലിയേറ്റീവ്‌ കെയർ യൂണിറ്റിലെ
പ്രധാന ഡോക്‌ടറും സാത്വികമനസ്സിന്റെ ഉടമയുമായ ഡോക്ടർ മിനി മോഹനനും വോളണ്ടിയർ സംഘവും ശിത്തിരയെത്തേടിയെത്തി. ദൈന്യതയുടെ ജീവിച്ചിരിക്കുന്ന പ്രതീകമായിക്കിടക്കുന്ന രോഗി. കരുണയറ്റു പോയ ലോകം. ഡോക്ടറും സംഘവും ചെല്ലുമ്പോൾ ഒരാഴ്‌ച്ചയായി വശം ചെരിഞ്ഞുള്ള ഒരേ കിടപ്പിൽ രോഗി തീർത്തും അവശയാണ്‌. ഭക്ഷണം കൊടുക്കാനാരുമില്ലാതായ അവസ്ഥയിൽ ഒരു ബൺകഷ്‌ണമോ, കുടിനീരോ ഇറക്കനാവാതായ രോഗി. ശുശ്രൂഷ പോലും ശ്രമകരം. ഡോക്ടറും സംഘവും ആവതെല്ലാം ചെയ്തു. ചരിഞ്ഞുകിടക്കുന്ന അവസ്ഥയിൽ നിന്നും നിവർത്തുമ്പോൾ പായയിൽ ഒട്ടിപ്പിടിച്ചിരുന്ന മുടികൾ ഒന്നിച്ചു പറിഞ്ഞുപോയി. നിവർത്തിക്കിടത്തി മുടി പറ്റെ മുറിച്ചു നീക്കി. ചൂടുവെള്ളത്തിൽ തുണി മുക്കി പ്പിഴിഞ്ഞു ദേഹം മുഴുവനും തുടച്ചു. കുടിനീർ നൽകാൻ വേണ്ടുവോളം ശ്രമിച്ചു. ആവുന്നില്ല. ശുശ്രൂഷാസംഘത്തെ ഒഴിച്ചാൽ അവൾ ജീവിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ദയാശൂന്യരായി മാറിക്കഴിഞ്ഞ ലോകർക്കു താത്പര്യമുണ്ടായിരുന്നില്ല. ദേവാലയങ്ങളിൽ കനത്ത തുകയുടെ വഴിപാട്‌ നേർന്നു തനിക്കു മാത്രം രക്ഷകൾ ലഭിക്കാനായി ഉഴറി നടക്കുന്ന ഭക്തരും അവരുടെ സ്വാർത്ഥദൈവങ്ങളും അവൾക്കു തുണയായില്ല. വേദനയിൽ നിന്നുള്ള മുക്തി പോലെ ഒരു നാൾ അവൾ മരിച്ചു. ദീനരിൽ ദീനയായി ജീവിച്ചു മൃതയായി അവൾ കിടന്നു. ഒരാഴ്‌`ച്ചക്കു ശേഷം ഡോക്ടറും സന്നദ്ധ സംഘവും പരിശോധനാശുശ്രൂഷകൾക്കെത്തുന്നതുവരെ അവിടേക്ക്‌ അയൽക്കാരാരും തിരിഞ്ഞു നോക്കിയില്ല. ആകയാൽ മരണവിവരം ആരും അറിഞ്ഞില്ല. ആഴ്ച്ചവട്ടത്തിനുള്ളിൽ രക്ഷാസഘം വന്നെത്തുമ്പോൾ അവളുടെ ചീഞ്ഞു പുഴുവരിച്ച ശരീരമാണവരെ എതിരേറ്റത്‌. അസഹ്യമായ ദുർഗന്ധവും......കാറ്റിലൂടെ നാലു ദിശകളിലേക്കും ചിതറി ആ ഗന്ധം ചെന്നെത്തുമ്പോൾ ആളുകൾ ധൂപമൂട്ടാൻ കരുതിവെച്ച ചന്ദനത്തിരികളുടെ കൂട്‌ പൊളിച്ച്‌ നാസികയിലെ നാറ്റമകറ്റാൻ അവയെ ഒന്നിച്ച്‌ തീ കൊളുത്തിവയ്ക്കുകയാണ്‌ ചെയ്തത്‌. ഹൃദയ നന്മകളുടേ ഉറവകൾ- മനസ്സുകളുടെ ,ഏതു കൊടും വേനലിലും വറ്റിപ്പോകാതെയുള്ള ചിലർ ശിത്തിരയുടെ മൃതദേഹം പൊതിഞ്ഞു പായയിൽ ചുരുട്ടി ഒരു വാഹനത്തിലേറ്റിവെച്ച്‌ ശ്മശാനത്തിലേക്ക്‌ നീങ്ങി ........................

Wednesday, January 27, 2010

സൂക്ഷിക്കണം

sukumar arikkuzha

പെണ്ണിന്റെ നേരെയൊരു
കണ്ണടയ്ക്കിൽ
പീഡനമായിടും സൂക്ഷിക്കണം
പെണ്ണൊരുകണ്ണടച്ചൊന്നു
നോക്കിൻ
പീഡനമാകില്ല....സൂക്ഷിക്കണം
രണ്ടുമേ സൂക്ഷിച്ചതില്ലയെങ്കിൽ
ജീവിതം കോഞ്ഞാട്ടയാകുമല്ലോ!?

പ്രണയശിഷ്ടം



deepusasi thathappilli

ജാലകപ്പഴുതിലൂടെ അരിച്ചെത്തിയ നിലാവ്‌ അവളുടെ കാതിൽ മന്ത്രിച്ചു"നമുക്ക്‌ ഒളിച്ചോടാം. വിലക്കുകളും എതിർപ്പുകളുമില്ലാത്ത ഒരു ലോകത്തേക്ക്‌"

താൻ ഓമനിച്ചുകൊണ്ടു നടന്ന സ്വപ്‌നങ്ങളും പ്രതീക്ഷകളും നിറച്ചുവെച്ച മണിച്ചെപ്പിനൊപ്പം ,വീട്ടുകാർ തനിക്കായി സ്വരുക്കൂട്ടിയ രൂപയും സ്വർണ്ണാഭരണങ്ങളുമെല്ലാം കൈക്കലാക്കി. നിലാവിനോടൊപ്പം അവൾ വീടിന്റെ പടിയിറങ്ങി.

കാടുകളും, പുഴകളും ,കുന്നുകളും താണ്ടി അവർ യാത്ര തുടർന്നു. ഒടുവിൽ ഏതോ മഹാനഗരത്തിന്റെ ഇരുണ്ട്‌ വിജനമായ ഒരു കോണിൽ അവരെത്തിച്ചേർന്നു

അപരിചിതമായ സ്ഥലം അവളിലുണർത്തിയ വിഭ്രാന്തി കണ്ട്‌ നിലാവ്‌ അവളെ ചുംബിച്ച്‌ ആശ്വസിപിച്ചു.
നിറഞ്ഞ സുരക്ഷിതബോധത്തോടെ അവൾ നിലാവിന്റെ മാറിലേക്ക്‌ ചാഞ്ഞു.
മലക്കം വിട്ടുണർന്ന അവൾക്ക്‌ മുന്നിൽ പകല്‍‌വെളിച്ചത്തിന്റെ ചിരിക്കുന്ന നഗരം.
നിലാവ്‌ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു

നഗ്നമായ കാതുകളും ,കൈത്തണ്ടകളും, കഴുത്തും.
സ്ഥാനം തെറ്റിയ വസ്ത്രങ്ങൾ.
പിന്നീടൊരിക്കലേപ്പോഴോ ,നിലാവ്‌ ഉദിക്കുമ്പോൾ ,ഒരു നേരത്തെ ആഹാരത്തിന്‌ വേണ്ടി പണയം വെച്ച ശരീരത്തിൽ നിന്നും മുഷിഞ്ഞ വസ്ത്രങ്ങളഴിച്ച്‌ മാറ്റുന്ന തിരക്കിലായിരുന്നു അവൾ.......

കുളമ്പടികൾ

mathew nellickunnu


കുളമ്പടികൾ

വിശാലമായ ഷോപ്പിങ്‌ സെന്ററിലെ ഒഴിഞ്ഞ അലമാരയിൽ വികാഷ്‌ പുതിയ സാധനങ്ങൾ നിറച്ചുകൊണ്ടിരുന്നു. ഏറെ വർഷങ്ങളുടെ കൈവേഗതയിൽ അയാൾ യാന്ത്രികമായി ആ ജോലി തുടർന്നു

അടുത്ത തട്ടുകളുടെ അങ്ങേപ്പുറത്ത്‌ ഉയർന്നു വന്ന ശബ്ദം ആ തിരക്കിലും അയാൾ ശ്രദ്ധിച്ചു.
'ഇന്നു കുഞ്ഞിനുള്ള സാധനങ്ങൾ മാത്രം വാങ്ങിച്ചാൽ മതി.'
അപരിചിതമല്ലാത്ത ആ ശബ്ദത്തിലേക്ക്‌ അയാൾ അലമാരിയുടെ മറ പറ്റി ഒളിഞ്ഞു നോക്കി.
അതെ സുജാതയുടെ ശബ്ദം
പരിചിതമായ ശബ്ദം
നിങ്ങൾ എന്നെയോർത്ത്‌ ദുഃഖിക്കും. ഞാൻ നൽകിയതൊന്നും മറ്റൊരു പെണ്ണിൽ നിന്നും നിങ്ങൾക്കു കിട്ടില്ല.
നീ പറഞ്ഞത്‌ സത്യമായിരിക്കാം. എങ്കിലും ഞാനിറങ്ങുന്നു. തിരിഞ്ഞു നോക്കിയില്ല. ബലഹീനനായിക്കൂടാ. പ്രത്യേകിച്ച്‌ പെണ്ണിന്റെ മുമ്പിൽ.

അഞ്ചു വർഷങ്ങൾക്കു മുമ്പ്‌ സ്വന്തം വീടു വിട്ട്‌ കത്തുന്ന സൂര്യന്റെ ചൂടിലേക്ക്‌ മറനീക്കിയിറങ്ങിയതാണ്‌. മറ്റൊരു തണലിൽ പുതിയ സങ്കേതം കണ്ടെത്തിയ ഭാര്യയുടെ അവസാനത്തെ വാക്കുകൾ ഇന്നും കാതിൽ മുഴങ്ങുന്നു.

വീർത്ത വയറു താങ്ങി കടയിലെ തുണിത്തരങ്ങൾ തിരയുകയാണവൾ.
തന്റെ പൂർവ്വകാലസുഹൃത്ത്‌ നടരാജൻ അവളുടെ അടുത്ത്‌ നിൽക്കുന്നു.
ഒഴിഞ്ഞ തട്ടുകളുടെ ഇടയിലേക്ക്‌ വികാഷ്‌ ഒതുങ്ങിക്കൂടി. ഇല്ല, തനിക്കവളെ കാണാനുള്ള ചങ്കുറപ്പില്ല.
നിങ്ങളുടെ ആറു സഹോദരികളെ കെട്ടിച്ചു വിട്ടു കഴിയുമ്പോഴേക്കും ഞാനൊരു മുതുക്കിയാവും.
സുജാതെ നീ കുറേക്കൂടി കാത്തിരിക്കു. എന്റെ കുടും‌ബത്തെ ഞാനല്ലാതെ മറ്റാരാണ്‌ സംരക്ഷിക്കുക?
എട്ടു വർഷം കഴിഞ്ഞിട്ടും നിങ്ങളുടെ കുടുംബസ്നേഹം കൂടിവരികയാണ്‌. ഞാനുമൊരു പെണ്ണാണ്‌. എനിക്കു കുറേ മോഹങ്ങളൊക്കെയുണ്ട്‌.
അവൾ പറയുന്നതിലും കാര്യമുണ്ട്‌. അമ്മ എയർപ്പോർട്ടിൽ വച്ച്‌ പറഞ്ഞ വാക്കുകൾ മനസ്സിൽ ബാക്കി കിടക്കുന്നു.
"മോനെ ഞങ്ങൾക്ക്‌ നീ മാത്രമാണുള്ളത്‌. നീയത്‌ മറക്കരുത്‌. ഗർഭനിരോധന ഗുളികകൾ സുജാത മുടങ്ങാതെ കഴിക്കുന്നുണ്ടെന്നുള്ള ഉറപ്പുകൾ ഒരിക്കൽ തെറ്റി.
പതിവില്ലാതെ ഓക്കാനവും വിമ്മിഷ്ടവും അയാളെ പരിഭ്രാന്തനാക്കി. എന്തു പറ്റി സുജാതെ? എന്തു പറ്റാനാണ്‌? ഞാൻ ഗുളിക നിർത്തി.
അവളുടെ ചുവന്നു കലങ്ങിയ കണ്ണുകളിലെ തീജ്വാലയിൽ അയാൾ ഒരു നിമിഷം വെന്തുരുകി.

സുജാതെ നീ എന്നെ ചതിക്കരുത്‌. രണ്ട്‌ അനുജത്തിമാരെക്കൂടി ഞാനൊന്ന്‌ കരകയറ്റി കൊള്ളട്ടെ.
വികാഷിന്റെ വാചാലതയിൽ അവൾ അബോർഷൻ ക്ലിനിക്കിലേക്ക്‌ കയറി. പിന്നീടൊരിക്കൽ അവൾ താനറിയാതെ ഗുളിക നിർത്തി. രണ്ടാം വട്ടം ക്ലിനിക്കിൽ കൊണ്ടുപോകാൻ ഏറെ പണിപ്പെടേണ്ടിവന്നു.
ഇൻഷ്വറൻസ്‌ ഏജന്റ്‌ നടരാജന്റെ ആഗമനത്തോടെ അഞ്ചു ലക്ഷം ഡോളറിന്റെ പോളിസിയും സുജാതയുടെ പേരിൽ എഴുതി വെച്ചു.
"
"കറവപ്പശുവിനെ കറന്നു മതിയായില്ലേ?എന്നുള്ള പ്രസ്താവനയോടെയാണ്‌ അവൾ പോളിസിയിൽ ഒപ്പു വെച്ചത്‌.
ഇനിയിപ്പോൾ എന്തു വന്നാലും പിടിച്ചുനിൽക്കാം .എല്ലാ നഷ്ടബോധങ്ങളുടേയും കണ്ണികൾക്ക്‌ ഒരു തിരിച്ചടി പോലെ ഇൻഷ്വറൻസ്‌ പോളിസി മേശപ്പുറത്തിരുന്ന്‌ ചിരിച്ചു.

വികാഷിന്റെ മുഖത്ത്‌ നേടിയവന്റെ വെളിച്ചം പരന്നു.
നാട്ടിൽ നിന്നും ഫോണ്‍‌ വന്നിരിക്കുന്നു. അമ്മയുടെ അന്ത്യാഭിലാഷം , മകനെ കാണണം. അപ്പോഴും പണത്തിന്റെ ചോർച്ചയുടെ പഴുതുകൾ അയാൾ കണ്ടു. ഭാര്യയെ പണിക്കു വിട്ടിട്ട്‌ വികാഷ്‌ നാട്ടിലേക്ക്‌ പറന്നു.
നടരാജന്റെ സാമീപ്യം സുജാതയുടെ ശൈത്യകാലത്തിന്റെ അവസാനമായിരുന്നു.
അമ്മയുടെ അന്ത്യാഭിലാഷം പൂർത്തീകരിച്ച്‌ മടങ്ങി വന്ന മകൻ പുതിയ മാനങ്ങളിലെ ചുഴികൾ കണ്ടു.
പുതിയ വെളിച്ചം വീണു നാമ്പു നീണ്ട വിത്തിന്റെ ചിരി.പുതിയ സുജാത.
കിടക്കറയിലെ സീൽക്കാരങ്ങളുടെ ധ്വനി പെരുമ്പറ പോലെ വികാഷിലേക്ക്‌ പടർന്നു. ഒരു ശിശിരത്തിന്റെ തേങ്ങലില്‍ അയാൾ അലിഞ്ഞു.

പണത്തിന്റെ തിരച്ചിലിനിടയിൽ നഷ്ടബോധത്തിന്റെ കുളമ്പടികൾ. മോഹങ്ങളുടെ അന്യമായ ആ തീരത്തു നിന്നും എന്നെന്നേക്കുമായി വിടുതൽ. അയാൾ പടിയിറങ്ങി.
ഒഴിഞ്ഞ അലമാരകൾക്കിടയിൽ കാലം ചവച്ചുതുപ്പിയ ഒരു തടവുകാരനെപ്പോലെ മരവിപ്പു വീണ പാദങ്ങളുമായി അയാൾ നിന്നു.

കളഞ്ഞു പോകുന്ന നാണയങ്ങള്‍

p a anish


വേദിയില്‍ പറയുന്നത്
ഹാളിനു പുറത്തു കേള്‍ക്കില്ല

സദസ്സിലിടയ്ക്കു
കൂട്ടച്ചിരി മുഴങ്ങുന്നുണ്ട്
കൈയ്യടി മുറുകുന്നുണ്ട്
ഞങ്ങള്‍ ഹാളിനു പുറത്താണ്
ഉറക്കെച്ചിരിക്കുന്നുണ്ട്
കൈയ്യടിക്കുന്നുമുണ്ട്

ഹാളിനു പുറത്തുനിന്ന്
കൂട്ടച്ചിരി ചിരിക്കുന്നവരെ
പിരിച്ചു വിട്ടിരിക്കുന്നു
എന്നായിരിക്കും വേദിയില്‍ പറഞ്ഞത്
എന്നോര്‍ത്തപ്പോള്‍
പൊടുന്നനെ
എന്റെ ചിരി
കളഞ്ഞു പോയ നാണയമായി

Sunday, January 3, 2010

രണ്ടു കവിതകള്‍

sreedevi nair

പ്രണയാവശിഷ്ടങ്ങള്‍

ഈ മനസ്സിലിനി പ്രേമമില്ല
പ്രണയങ്ങളൊഴിഞ്ഞ മനസ്സിന്റെ
ശ്മശാനപ്പുക മാത്രമേയുള്ളു.

പലരും വലിച്ചെറിഞ്ഞ
പ്രണയാവശിഷ്ടങ്ങള്‍ പെറുക്കിക്കൂട്ടി
തീയ്യിടുകയായിരുന്നല്ലോ,
എന്റെ എക്കാലത്തെയും വിധി.


പ്രണയാവശിഷ്ടങ്ങള്‍ക്കായി ഞാന്‍
കാത്തിരുന്നു.

യുദ്ധം ചെയ്യുവാനായി ഓടുന്നവരും
പണം മോഷ്ടിക്കുവാനായി ഉഴറുന്നവരും
സായാഹ്ന സവാരിക്കാരും
എനിയ്ക്കെറിഞ്ഞുതന്ന ഈ അവശിഷ്ട
ങ്ങളൊക്കെയുംയാതൊരു പവിത്രതയും
കല്പിക്കാതെഞാന്‍ തീയ്യിട്ടു.

എത്ര സ്വതന്ത്ര ഞാന്‍.

ബാക്കിപത്രം

നിലാവിലും ,വെയിലിലും നിണമൊഴുക്കാം,
സങ്കല്പങ്ങളില്‍ കാമം വിതറാം,
രതിപടര്‍ത്താം.

എന്നാലുമെന്റെ പ്രണയത്തിനു
നീ കാത്തിരിക്കരുത്,
ആത്മാവിനു വിലപേശരുത്.

ശരീരം ശിശിരകാലം പോലെ.
അതില്‍ സ്വപ്നവസന്തങ്ങള്‍
വിരിയിച്ചെടുക്കാന്‍ മോഹങ്ങള്‍
ധാരാളം.

ഏഴുരാവും പകലും മധുവിധു
ആഘോഷിക്കുക.
പക്ഷേ,എന്നെ ഓര്‍ക്കരുത്.
നിനക്കായി മിടിക്കുന്ന ഹൃദയവും,
നിന്നെ പൂട്ടിവച്ച മനസ്സും
എന്നും എന്റെമാത്രം സ്വന്തം!

അതില്‍ നിറയെ ഭൂതകാലത്തിന്റെ
നൊമ്പര സ്പ്ന്ദനങ്ങള്‍ ബാക്കിപത്രം പോലെ!

യാത്രികന്‍

jayamohan




ബസ്സ്‌ പാഞ്ഞോടുകയാണ്‌.
തിരക്കേറിയ റോഡിൽ വലുതും ചെറുതുമായ വാഹനങ്ങൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും ചാഞ്ഞും ചരിഞ്ഞും റോഡരുകിലെ മതിലിനോടു ചേർന്നും കാൽനടക്കാരുടെ സ്ഥലം കവർന്നെടുത്തും വഴിയരുകിലെ ഇലക്ട്രിക്‌ പോസ്റ്റിൽ മുട്ടിമുട്ടിയില്ലെന്നായും ബസ്സ്‌ പായുകയാണ്‌.
അയാൾ അസ്വസ്ഥപ്പെടുകയാണ്‌. വല്ലാത്തൊരുഭയത്തോടെ ഉള്ളിൽ നിന്നെന്തോ തികട്ടിവരുകയാണ്‌. ഏതുനിമിഷവും വലിയൊരപകടം അയാൾ പ്രതീക്ഷിക്കുകയാണ്‌.
കുറച്ചുമുമ്പുവരെ നിരങ്ങിനീങ്ങിയ ബസ്സായിരുന്നു. ഗ്രാമത്തിലെ നാരുപോലത്തെ റോഡിലൂടെയായിരുന്നു. ഗ്രാമത്തിലെ നാരുപോലത്തെ റോഡിലൂടെയായിരുന്നു അപ്പോൾ യാത്ര. സാവധാനം, ചിലപ്പോഴെല്ലാം ചെറിയൊരു നാണം കുണുങ്ങിയെപ്പോലെ, അല്ലെങ്കിൽ ഒരു നാട്ടുമ്പുറത്തുകാരന്റെ നിഷ്കളങ്കതയോടെ കണ്ടവരോടെല്ലാം കിന്നാരം പറഞ്ഞ്‌, പരിചയമില്ലാത്തവരോടുപോലും ഒന്നു ചിരിച്ച്‌, എതിരെ വരുന്നവർക്ക്‌ ഭവ്യതയോടെ ഒഴിഞ്ഞുകൊടുത്ത്‌, ചിലപ്പോൾ സൗഹൃദത്തിന്റെ ആഴത്തിലുള്ള ഒരു മൂളലോടെ, പിറകിൽ വരുന്നവർക്ക്‌ പോകാൻ സൗമ്യതയോടെ വഴിഒഴിഞ്ഞുകൊടുത്ത്‌, അവർ കടന്നുപോകുമ്പോൾ സ്നേഹത്തോടെ ഒന്നു ചിരിച്ച്‌, ചെറിയൊരു തലയാട്ടലോടെ ഒരു കുട്ടിയാനയുടെ കൗതകത്തോടെ, കാത്തുനിൽക്കുന്നവർക്ക്‌ സ്നേഹത്തോടെ നിന്നുകൊടുത്ത്‌ അങ്ങനെ...
അപ്പോൾ ബസ്സിനുള്ളിൽ ഉള്ളു കുളിർക്കുന്ന ഒരുപാട്ട്‌ നേരിയ ശബ്ദത്തോടെ ഉണ്ടായിരുന്നു. കാറ്റ്‌ ഒരു തലോടൽപോലെ തഴുകിപോയിരുന്നു. മലയും കാട്ടരുവിയും കടന്ന്‌ ബസ്സ്‌ നീങ്ങുകയായിരുന്നു. പിന്നെ, വിളഞ്ഞ നെൽപ്പാടങ്ങൾക്ക്‌ നടുവിലൂടെ... പ്രഭാതത്തിന്റെ കുളിർമ്മ ഒരുന്മേഷമായിരുന്നു. മനസ്സ്‌ ഒരു സുന്ദരസ്വപ്നത്തിലെന്നപോലെ ഒഴുകിനടക്കുകയായിരുന്നു.
കണ്ടക്ടർ യാത്രക്കാരോടെല്ലാം കുശലാന്വേഷണം നടത്തുകയായിരുന്നു. യാത്രക്കാർ കുറവായിരുന്നു. പല സീറ്റുകളും ഒഴിഞ്ഞു കിടന്നിരുന്നു. ടിക്കറ്റ്‌ കൊടുത്ത്‌ തീർത്ത്‌ കണ്ടക്ടർ ഒഴിഞ്ഞ സീറ്റുകളിൽ മാറിമാറി ഇരുന്നു. ടിക്കറ്റ്‌ കീറുന്നതിനും കൊടുക്കുന്നതിനും ഒരു താളമുണ്ടായിരുന്നു.
കാശുവാങ്ങലും ടിക്കറ്റ്കൊടുക്കലും ഒരു പുണ്യകർമ്മംപോലെയായിരുന്നു അയാൾ ചെയ്തുകൊണ്ടിരുന്നത്‌. ഡ്രൈവറാണെങ്കിൽ അത്യാഹ്ലാദത്തോടെയായിരുന്നു വണ്ടിയോടിച്ചതു. ഒരു ചെറിയതോണി തുഴയുന്നപോലെ.
മുന്നിലെത്തി കിളി ഡ്രൈവർക്കെതിരെയുള്ള സ്ത്രീകൾ ഇരിക്കാറുള്ള സീറ്റിലിരുന്ന്‌ യേശുദാസിനൊപ്പം പാടുകയായിരുന്നു. ഒട്ടും തെറ്റാതെ, വളരെ സുന്ദരമായി. പഴയ പഴയ പാട്ടുകളായിരുന്നു ബസ്സിൽ കേട്ടുകൊണ്ടിരുന്നത്‌.
യാത്രയുടെ സുഗന്ധം കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയോടൊപ്പം ബസ്സിൽ നിറഞ്ഞു.
ഏറെനാളായി യാത്ര ചെയ്തിട്ട്‌. ജോലിയിൽ നിന്നും പിരിഞ്ഞതിൽ പിന്നെ എങ്ങും പോകാറില്ല. വീടും പറമ്പും നോക്കി... സമയം പോകുന്നതറിയുന്നതേയില്ല. എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടാകും വീട്ടിൽ. പറമ്പിലും അതുപോലെത്തന്നെ. ചിലപ്പോഴെങ്ങാനും വീടിനു പുറത്തേക്കൊന്നിറങ്ങും. പാടവരമ്പിലൂടെയും കുണ്ടനിടവഴിയിലൂടെയും ഒന്നു നടക്കാൻ. അപ്പോൾ ഗ്രാമത്തിന്റെ സ്നേഹം മുഴുവൻ അനുഭവിച്ചറിയും. വർഷങ്ങളോളം നഷ്ടപ്പെടുത്തിയ പുണ്യം. പുറംനാടുകളിൽ അലഞ്ഞുതിരിഞ്ഞപ്പോൾ മനസ്സ്‌ ഈ സ്നേഹത്തോടൊപ്പമായിരുന്നു. ഇപ്പോൾ സ്വർഗ്ഗത്തിൽ തിരിച്ചെത്തിയിരിക്കുന്നു. മനസ്സിപ്പോൾ ശാന്തമാണ്‌. പഴയ സംഘർഷമില്ല. ഒന്നിനോടും ആർത്തിയോ ആധിയോ ഇല്ല. സന്തോഷം തികഞ്ഞ സന്തോഷം. സമാധാനം. പക്ഷേ, പതിവില്ലാതെ ഇന്നെന്തോ മനസ്സൺനുമങ്ങിയിരിക്കുന്നു. കാരണങ്ങളൊന്നുമില്ല.
വീട്ടിൽ നിന്നിറങ്ങുമ്പോൾ ലതിക പറഞ്ഞു:- പഴയനാടല്ല. സൂക്ഷിച്ചു വേണം. നഗരത്തിൽ ഏതുനിമിഷവും ഏന്തും സംഭവിക്കാം. എന്തും നേരിടാനുള്ള ധൈര്യത്തോടെ വേണം നഗരത്തിലേക്കുപോകാൻ. അവൾ പേടിപ്പിക്കുന്നതല്ല. അതവളുടെ ആധിയാണ്‌. പത്രങ്ങൾ അരിച്ചു പെറുക്കുന്നതിന്റെ ഫലം. ഞെട്ടിക്കുന്ന വാർത്തകളുടെ നൊമ്പരങ്ങളായി വർത്തമാനപത്രം വീടിന്റെ മുറ്റത്തുവന്നു വീഴുന്നു. ഈയിടെയായി ഞാനിതൊന്നും വായിക്കാറില്ല. ഉള്ള സമാധാനം കെടുത്താൻ വയ്യ. മകളെ നഗരത്തിലെ കോളേജിലേക്കയച്ചപ്പോൾ ലതിക ആവുന്നത്ര എതിർത്തത്താണ്‌. അവളെ കോളേജിലൊന്നും വിടണ്ട. പഠിച്ചതൊക്കെ മതി. നമുക്കൊരു മോളല്ലേയുള്ളു. അവൾക്കും അവളുടെ കുടുംബത്തിനും സുഖമായി കഴിയാനുള്ളത്‌ നമ്മളുണ്ടാക്കിയിട്ടുണ്ട്‌. നമുക്കവളെ കല്യാണം കഴിച്ചു വിടാം. ഇന്നത്തെ ഒരമ്മയുടെ മനസ്സാണിത്‌. പ്രത്യേകിച്ച്‌ ടി.വി.ചാനലുകളിലേയും പത്രങ്ങളിലേയും വാർത്തകൾ ശ്രദ്ധിച്ചറിയുന്ന ഒരമ്മ ഇങ്ങനെ ചിന്തിച്ചാൽ അത്ഭുതപ്പെടാനില്ല. നഗരം നരകം തന്നെയാണ്‌. അവടെ ഇപ്പോഴും അസ്തമിക്കാത്ത ചിലതുണ്ട്‌. ദൈവം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ചിലത്‌.
മകൾ കോളേജിലെ ഹോസ്റ്റലിൽ താമസം തുടങ്ങിയ ആദ്യനാളുകളിൽ ലതിക ഉറങ്ങിയിട്ടേയില്ല. വേണ്ടാത്ത സ്വപ്നങ്ങളും ചിന്തകളുമായി അവൾ മകളെക്കുറിച്ച്‌ ആധിപൂണ്ടു. ജീവിതത്തിന്റെ പകുതിഭാഗവും പുറംനാടുകളിൽ ചിലവഴിച്ച ഒരു സ്ത്രീയാണവൾ. എന്നിട്ടും... കാലം ആകെമാറിപോയിരിക്കുന്നു. തനിനാട്ടുമ്പുറത്തുകാരിയെപ്പോലെ അവളും സംസാരിച്ചു. മകൾക്ക്‌ ഫോൺ ചെയ്യുമ്പോഴെല്ലാം ഉപദേശങ്ങളും ഓർമ്മപ്പെടുത്തലുകളും മൂന്നാര്റിയിപ്പുകളും നൽകിക്കൊണ്ടിരുന്നു. മകളാണെങ്കിൽ യാതൊരു കൂസലുമില്ലാതെ. അവൾ കണ്ടുവളരുന്നത്‌ ഇങ്ങനെത്തെലോകമാണ്‌. അവൾ പഠിക്കുന്നതും വളരുന്നതും എന്തും നേരിടാനുള്ള ധൈര്യത്തോടെയാണ്‌. അച്ഛന്റെയും അമ്മയുടേയും ഇത്തരം ചപലചിന്തകളെ ഒരു ചിരിയിൽ പരിഹസിച്ച്‌ അവൾ കടന്നുപോകും. കല്യാണം കഴിഞ്ഞ്‌ ഏറെനാൾ കാത്തിരുന്നുണ്ടായ കുട്ടിയാണ്‌. അതുകൊണ്ട്‌ ജോലിയിൽനിന്നും വിരമിച്ച്‌ ഏറെനാൾ കഴിഞ്ഞിട്ടും മകളുടെ പഠിത്തം തീർന്നിട്ടില്ല. ഇപ്പോൾ ണല്ലോരു ആലോചന വന്നിട്ടുണ്ട്‌. അവൾ ഒഴിഞ്ഞുമാറുകയാണ്‌. അവൾക്ക്‌ പഠിക്കണം. അച്ഛനും അമ്മയ്ക്കും കാണാനാകാത്തൊരു ലോകമാണ്‌ അവൾ കാണുന്നത്‌. മകളുടെ ഇഷ്ടമല്ലേ നടക്കട്ടേയെന്ന്‌ ഒഴിഞ്ഞുകൊടുക്കുവാനേ അച്ഛനും അമ്മയ്ക്കും ആവൂ.
ഇന്നലെ മകൾ വിളിച്ച്‌ ഫോൺ വച്ചപ്പോൾ ലതിക പറഞ്ഞു:- നമുക്കൊന്നു പോയാലോ രേണുവിന്റെ ഹോസ്റ്റൽ വരെ. എനിക്കും തോന്നാതിരുന്നില്ല. രണ്ടു മൂന്നു ദിവസമായി ഒരു തോന്നൽ. മോളെ ഒന്നു കാണണം. പരീക്ഷ അടുത്തതുകൊണ്ട്‌ അവൾക്ക്‌ വരാൻ പറ്റില്ലെന്നാ പറഞ്ഞത്‌. എന്നാൽ അങ്ങോട്ടു പോയി കാണുകതന്നെ. പക്ഷെ, ലതികയെ കൊണ്ടുപോകുക അത്ര എളുപ്പമുള്ള കാര്യമല്ല. അവൾക്കൊട്ടും യാത്രചെയ്യാൻ വയ്യ. എന്നിട്ടും ഇറങ്ങിപുറപ്പെടാൻ ഒരു ഉത്സാഹമൊക്കെ അവൾ കാണിക്കുന്നുണ്ട്‌. നേരം വെളുക്കുമ്പോഴേക്കും ആ ഉത്സാഹമൊക്കെപോകുമെന്ന്‌ അയാൾക്കറിയാം. പാവം. മനസ്സുപോലെ ശരീരം വഴങ്ങില്ലല്ലോ. വല്ലാത്തൊരു നടുവേദനയോടെയായിരിക്കും അവൾ എഴുന്നേൽക്കുകതന്നെ. നിങ്ങൾ പൊക്കോളൂ. എനിക്കു വയ്യ. എന്നവൾ രാവിലെ പറയും. അയാൾ ചിന്തിച്ചതുപോലെ തന്നെയായിരുന്നു രാവിലെ സംഭവിച്ചതും. അല്ലെങ്കിൽ തന്നെ ഞാൻ ചിന്തിക്കുകയായിരുന്നു ഇത്രയും ദൂരം ഒറ്റയ്ക്കുതന്നെ യാത്രചെയ്യാൻ വയ്യാത്തൊരവസ്ഥയിലാ ഞാൻ. പിന്നെ, നിന്നേം കൂട്ടി എങ്ങനെയാത്ര ചെയ്യുമെന്ന്‌- അവൾ അതു കേട്ടൊന്നു ചിരിച്ചു. ഏതായാലും മോളെ കണ്ടിട്ടുവരൂ. അവൾ സന്തോഷത്തോടെ യാത്രയാക്കി.
ഗ്രാമം പിന്നിട്ടു. നഗത്തിലേക്ക്‌ കടക്കുകയാണ്‌ ബസ്സ്‌.
യാത്രക്കാർ പലരും ഇറങ്ങുകയും കയറുകയും ചെയ്തു. ബസ്സിൽ തിരക്കു കൂടിവന്നു.റോഡിലും തിരക്കുകൂടി വന്നു. ബസ്സിന്റെ വേഗതക്കും ഓട്ടത്തിനും നേരിയ വ്യത്യാസം വന്നുകൊണ്ടിരുന്നു. അത്‌ അയാൾക്ക്‌ വ്യക്തമായും അനുഭവപ്പെട്ടു. ഓട്ടത്തിന്‌ ഇത്തിരി കാർക്കശ്യം വന്നതുപോലെ. മറ്റു വാഹനങ്ങളോടുള്ള പെരുമാറ്റത്തിൽ അൽപം നീരസം വന്നതുപോലെയും അയാൾക്ക്‌ തോന്നി. കണ്ടക്ടറും ചിലരോടൊപ്പം പരുഷമായി സംസാരിക്കുന്നതുകേട്ടു. ഉള്ളിലേക്കു കയറി നിൽക്കാത്തവരെ വഴക്കു പറഞ്ഞു. ചുമടുമായി വന്നവരോട്‌ കയറണ്ടായെന്നു കയർത്തു ചോദിച്ചു. ചില്ലറ താരത്തവരെ രൂക്ഷമായി നോക്കി. ബാക്കി 50 പൈസ പിന്നെതരാമെന്ന്‌ ചിലരോടൊക്കെ പറഞ്ഞും പലരോടും പറയാതെയും യാത്രക്കാർക്കിടയിലൂടെ, അവരെ തള്ളി നീക്കി ഒരു ഗുണ്ടയെപ്പോലെ നടന്നു കണ്ടക്ടറുടെ മുഖത്ത്‌ പഴയസൗമ്യതപോയി എല്ലാവരോടും ഒരു വെറുപ്പു പ്രകടമായി.
ഡ്രൈവറാണെങ്കിൽ ആരോടൊയുള്ള ദേഷ്യം തീർക്കുന്നതുപോലെ വണ്ടിയോടിക്കാൻ തുടങ്ങി. ഒരു വലിയ യുദ്ധത്തിനു പോകുന്നതു പോലെയാണ്‌ ബസ്സോടിച്ചതു. ബസ്സിന്റെ ചലനത്തിനു വന്ന ഈ വലിയ മാറ്റം അയാളെ പെട്ടെണ്ണമ്പരപ്പിച്ചു. മറ്റു വാഹനങ്ങളോടുള്ള ബസ്സിന്റെ പെരുമാറ്റത്തിൽ ഒരു വന്യമൃഗത്തിന്റെ മൂളലും അലർച്ചയുമുണ്ടായിരുന്നു. പടക്കളത്തിലെന്നപോലെ മറ്റു വാഹനങ്ങളെ വെട്ടിവീഴ്ത്തിമുന്നേറാനുള്ള ഒരു വ്യഗ്രതയും വീറും വാശിയും കാണിച്ചു. മുമ്പിലത്തെ കിളിയാണെങ്കിൽ തൂങ്ങിക്കിടന്നാണ്‌ യാത്ര ചെയ്തത്‌. അയാളുടെ കൈ ഒരു ആഭിചാരകർമ്മം പോലെ ബല്ലടിച്ചുകൊണ്ടിരുന്നു. വേഗത ഇനിയും കൂട്ടൂ ഇനിയും കൂട്ടു മറ്റുള്ളവരെ ഇടിച്ചു വീഴ്ത്തുകയെന്നൊരാജ്ഞ ആബെല്ലിന്റെ മുഴക്കത്തിലുണ്ടായിരുന്നു. വേഗത കുറയുമ്പോൾ ചാടി ഇറങ്ങിയും ഓടിക്കയറിയും അയാൾ ഭീകരത സൃഷ്ടിച്ചുകൊണ്ടിരുന്നു.
ബസ്റ്റോപ്പിൽ കൂട്ടമായി കാത്തുനിന്ന യാത്രക്കാർക്കരികിലൂടെ ചീറിപാഞ്ഞുപോയി ദൂരെ ആരുമില്ലാത്തിടത്ത്‌ വണ്ടി നിറുത്തി ആളെ ഇറക്കി. ബസ്റ്റോപ്പിൽ നിന്നും ഓടിവന്ന ഓന്നോരണ്ടോ പേർ ബസ്സിലെ പടിയിലെ ഇല്ലാത്തസ്ഥലത്ത്‌ ഇത്തിരി കാൽ വച്ചു യാത്ര ചെയ്തു മറുവശത്തിരുന്നുകൊണ്ട്‌ ഈ വശത്ത്‌ നടക്കുന്നതൊന്നും അയാൾ കാണുന്നുണ്ടായിരുന്നില്ല. പക്ഷേ, ഓരോന്നും അയാൾക്ക്‌ അനുഭവിച്ചറിയാൻ കഴിഞ്ഞു.
ഈയിടെയായി ഒന്നിനും ഒരു ധൈര്യമില്ലെന്ന്‌ അയാൾ ഓർത്തു. പ്രായമാകുന്നതിന്റെ പ്രശ്നമായിരിക്കാം. മനസ്സ്‌ പെട്ടെന്ന്‌ പതറിപോകുന്നു. പലപ്പോഴും ഫോണിലൂടെയും ഒഴിവിനു വരുമ്പോഴും മകളോടു പറഞ്ഞു:- അച്ഛന്‌ അവിടെവരെ യാത്രചെയ്യാൻ വയ്യ മോളെ. വയസ്സായില്ലേ. പിന്നെ, പഴയ നഗരമല്ല. പണ്ട്‌ അച്ഛന്‌ നഗരത്തിന്റെ ഓരോ മുക്കും മൂലയും അറിയാമായിരുന്നു. ഇപ്പോൾ അച്ഛൻ പകച്ചു നിന്നുപോകും. എന്തെല്ലാം മാറ്റങ്ങളാണ്‌ നഗരത്തിൽ വന്നിരിക്കുന്നത്‌. പണ്ടത്തെ അടയാളങ്ങൾ ഒന്നുംതന്നെ അവശേഷിക്കുന്നില്ല. ഒരു മായാലോകമായി മാറിയിരിക്കുന്നു നഗരം. കണ്ണടച്ചു തുറക്കുന്നതിനുമുമ്പേ വേഷങ്ങൾ മാറുന്നു നഗരം. ചിലപ്പോൾ സുന്ദരിയായി. മറ്റു ചിലപ്പോൾ രാക്ഷസിയായി. ഒരെത്തും പിടുത്തവും കിട്ടാതെ അലയാനെ അച്ഛനു കഴിയൂ. വലിയൊരമ്പരപ്പോടെയാണ്‌ അച്ഛൻ മോളെ ഹോസ്റ്റലിൽ കൊണ്ടുചേർന്നത്‌. അത്‌ അന്ന്‌ മോൾക്ക്‌ മനസ്സിലായികാണുമല്ലോ. അത്‌ ഓർമ്മവച്ചുകൊണ്ടായിരിക്കണം ഇന്നലെ രാത്രി വീണ്ടും മകളെ വിളിച്ച്‌ അച്ഛൻ ഹോസ്റ്റലിലേക്കു വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ മകൾ പറഞ്ഞു:- അച്ഛനു വഴിതെറ്റാണ്ടാ. രാവിലെ ആറു മണിക്ക്‌ നാട്ടിൽ നിന്നൊരു ബസ്സ്‌ നഗരത്തിലേക്ക്‌ പുറപ്പെടുന്നുണ്ട്‌. പുതിയതായി തുടങ്ങിയതാണ്‌. രാവിലേയും രാത്രിയിലും ഓരോ ട്രിപ്പുമാത്രമേയുള്ളു. അതിൽ കയറി ഇരുന്നാൽ മതി ഹോസ്റ്റലിന്റെ മുമ്പിൽ കൊണ്ടുവന്നിറക്കും. ഒന്നും പേടിക്കാനില്ല. ഞാൻ ഗെയ്റ്റിൽ കാത്തുനിൽപ്പുണ്ടാകും. ഇന്നത്തെക്കാലത്ത്‌ ജീവിക്കാൻ ധൈര്യം വേണമെന്നയാൾ ഒരിക്കൽ കൂടി ഓർത്തു.
ഇപ്പോൾ ബസ്സ്‌ നഗരത്തിലൂടെ ഓടുകയാണ്‌.
ഇപ്പോൾ ഒരു കൊലയാളിയുടെ മുഖമാണ്‌ ബസ്സിന്‌. ഒരാരാച്ചാരായി ഡ്രൈവറും ഇരുന്നു. ഒരു രാക്ഷസനെപോലെ കണ്ടക്ടർ അട്ടഹസിച്ചു. മരണമണി ആഞ്ഞാഞ്ഞ്‌ മുഴക്കിക്കൊണ്ട്‌ മുന്നിലെ കിളി കലിതുള്ളി.
യാത്രക്കാരുടെ മുഖത്തും വലിയ വ്യത്യാസം അയാൾ ശ്രദ്ധിച്ചു. മറ്റു യാത്രക്കാരെയെല്ലാം സംശയത്തോടെയും ദേഷ്യത്തോടെയും നോക്കുകയായിരുന്നു ഓരോരുത്തരും.
വെയിലിനു ചൂട്‌ കൂടി വന്നു. ബസ്സിനുള്ളിൽ ഉഷ്ണവും വിർപ്പും നിറഞ്ഞു. മനുഷ്യശരീരത്തിന്റെ ഒരു വെന്തമണം.
വലിയ വലിയ കെട്ടിടങ്ങൾക്കു നടുവിലൂടെയായിരുന്നു ബസ്സോടിയിരുന്നത്‌. വന്യമൃഗങ്ങളുടെ വിശപ്പോടുകൂടിയ അലർച്ചയും മൂളലും മുഴക്കങ്ങളായി ചെവിതുളച്ചു. ഒരു കൊടുംകാട്ടിൽ ഒറ്റപ്പെട്ടവനെപോലെ അയാൾ വല്ലാതെ ഭയന്നു. സൈഡ്‌ സീറ്റിലായിരുന്നു അയാൾ ഇരുന്നത്‌. ഡ്രൈവറിരിക്കുന്ന വശമായതുകൊണ്ട്‌ അത്‌ റോഡിനു നടുക്കായിരുന്നു. പിറകിലൂടെ അലറിവന്ന വേറൊരു ബസ്സ്‌ ഉരുമ്മി കടന്നുപോയപ്പോൾ അയാൾ മരണം മുന്നിൽ കണ്ടപോലിരുന്നു. അതിനും പുറകിൽ മറ്റൊരു വണ്ടികൂടി കടന്നുവരുമെന്നു കണ്ടപ്പോൾ ഡ്രൈവർ അതിനുപോകാൻ സ്ഥലം കൊടുക്കാതെ വട്ടംവച്ചു. പക്ഷേ, അത്‌ പിന്മാറാൻ തയ്യാറായിരുന്നില്ല. രണ്ടു വണ്ടികളും അതിവേഗത്തിൽ ചേർന്നു ചേർന്നോടി. ഒരു നിമിഷം മതി വലിയൊരപകടം നടക്കുമെന്നയാൾക്കു തോന്നി. രണ്ടു ബസ്സുകളുടേയും ശരീരങ്ങൾ തമ്മിൽ ഒരു മുടിനാരിന്റെ അകലംപോലുമില്ലെന്നയാൾ കണ്ടു. അയാളുടെ ബോധം നശിച്ചെന്നയാൾ ഉറപ്പുവരുത്തി. പെട്ടെന്നൊരു ഇടിവാൾപോലെ മറ്റെബസ്സ്‌ കടന്നുപോയി. ദൈവത്തെ അയാൾ വാരിപ്പിടിച്ചു. ഇനി അയാൾക്ക്‌ എവിടെയെങ്കിലും ഇറങ്ങിയാൽ മതിയെന്നായി. ജീവനെ തൂർത്തുപെറുക്കിയെടുത്ത്‌ അയാൾ എഴുന്നേറ്റു. ലക്ഷ്യസ്ഥാനമെത്താൻ കാത്തുനിൽക്കണ്ടായെന്നയാൾ നിശ്ചയിച്ചു. വണ്ടി നിർത്തുന്നിടത്തിറങ്ങുക. അയാൾ തിരക്കിനിടയിലൂടെ വളരെ പ്രയാസപ്പെട്ട്‌ വാതിൽക്കലെത്തി. കടന്നുപോന്ന വഴികളിലൂടെയെല്ലാം മറ്റുള്ളവർ അയാളെ ശകാരിച്ചു. മറ്റു യാത്രക്കാർക്കറിയാമായിരുന്നു അടുത്തൊന്നും സ്റ്റോപ്പില്ലെന്ന്‌. അതുകൊണ്ടുതന്നെ എങ്ങോട്ടോ ഇയാൾ തിക്കിത്തിരക്കിപോകുന്നതെന്ന്‌ അവർ അരിശംകൊണ്ടു.
വാതിൽക്കലെത്തിയപ്പോൾ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു. ഉള്ളിലുള്ള അത്രയും തന്നെ ആളുകൾ പുറത്ത്‌ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. പുറം കാഴ്ചയോ കാറ്റോ വെളിച്ചമോ അയാൾക്ക്‌ കിട്ടിയില്ല. ഇരുട്ടിൽ രൂക്ഷമായ മനുഷ്യനാറ്റത്തിൽ മുങ്ങി അയാളുടെ ബോധം നശിച്ചു കൊണ്ടിരുന്നു.
ബസ്സ്‌ അപ്പോഴും ആകാശത്തിലെന്നപോലെ പായുകയായിരുന്നു.
അറിയാതെ അയാളുടെ കൈ ഇരുട്ടിലെവിടെയോ ഏതോ വള്ളിയിൽ പിടിച്ചു വലിച്ചു. ചെകിടടപ്പിക്കുന്നൊരു ബെൽ മുഴങ്ങി. വലിയൊരു കുലുക്കത്തോടെ വണ്ടി നിന്നു.
അയാൾ നശിച്ചുകൊണ്ടിരിക്കുന്ന ബോധത്തിൽ നിന്നുണർന്ന്‌ പുറത്തേക്കു ചാടി. എല്ലാവരുംകൂടി അയാളെ ഉന്തിയിട്ടതുമാകാം.
നിലത്തിറങ്ങിയ അയാൾ വലിയൊരാശ്വാസത്തോടെ, ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തോടെ നിന്ന്‌ ബസ്സിനേയും ബസ്സിലെ യാത്രക്കാരേയും നോക്കി.
ബസ്സ്‌ യാത്രക്കാരേയും കൊണ്ട്‌ വീണ്ടും പാഞ്ഞു. അപ്പോൾ തൂങ്ങിക്കിടന്നവർ അയാൾക്ക്‌ നേരെ നോക്കി കൂവി വീളിച്ചു.
ബസ്സ്‌ പോയിക്കഴിഞ്ഞപ്പോൾ ഇതേതാണ്‌ സ്ഥലമെന്നറിയാൻ അയാൾ ചുറ്റുംനോക്കി.
ഏറെനേരം പകച്ചുനിന്ന അയാൾ ജനങ്ങളുടേയും വാഹനങ്ങളുടേയും തിരക്കുകൾക്കിടയിലൂടെ ഒരു ഉദ്ദേശം വച്ച്‌ നടന്നു. പലരോടും ഹോസ്റ്റലിലേക്കുള്ള വഴി ചോദിച്ചു. ചിലർ കേൾക്കാത്ത മട്ടിൽപോയി. ചിലർ പറഞ്ഞുകൊടുത്തു. ഒടുവിൽ നടന്നു ക്ഷീണിച്ച്‌ അയാൾ ഹോസ്റ്റലിനടുത്തെത്തി. ഒരു ഓട്ടോറിക്ഷ വിളിക്കാൻ അയാൾക്കാവുമായിരുന്നു. അതയാൾ വേണ്ടെന്നു വച്ചതാണ്‌.
ഹോസ്റ്റലിനടുത്തെത്താറായപ്പോൾ റോഡിൽ വലിയൊരു ജനക്കൂട്ടം പിരിഞ്ഞു പോകുന്നതയാൾ കണ്ടു. സമരമോ സമ്മേളനമോ എന്നയാൾ ചിന്തിച്ചു. അതൊരപകടായിരുന്നെന്ന്‌ ഒരു വഴിയാത്രക്കാരനോട്‌ ചോദിച്ചയാൾ അറിഞ്ഞു. അയാൾ നടന്നുവരുമ്പോൾ റോഡ്‌ ബ്ലോക്കായത്‌ അയാൾ അറിഞ്ഞിരുന്നു. അതിനുകാരണം ഈ അപകടമായിരുന്നെന്ന്‌ ഇപ്പോൾ മനസ്സിലായി. പെട്ടെന്നു തന്നെ ഗതാഗതക്കുരുക്കൊഴിയുകയും വാഹനങ്ങൾ പഴയത്തിലും വേഗതയിൽ പായുകയും ചെയ്യുന്നത്‌ അയാൾ ശ്രദ്ധിച്ചിരുന്നു. നഗരത്തിൽ എല്ലാം നടക്കുന്നത്‌ പെട്ടെന്നും, വളരെ വേഗതയിലുമാണെന്ന്‌ അയാൾ തിരിച്ചറിഞ്ഞു.
അയാൾ വന്ന ബസ്സ്‌ റോഡിൽ ഹോസ്റ്റലിന്റെ മതിലിനോട്‌ ചേർന്ന്‌ കിടപ്പുണ്ടായിരുന്നു. ഹോസ്റ്റൽ മതിലിന്റെ ഇത്തിരിഭാഗം ഇടിഞ്ഞു കിടക്കുന്നതും അയാൾ കണ്ടു. ആ ബസ്സാണ്‌ അപകടകാരണമെന്നും അതിലെ ഡ്രൈവറും കിളിയും കണ്ടക്ടറും എവിടെയോ ഓടി ഒളിച്ചുവേന്നും അപകടത്തിൽ പെട്ടയാളെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയെന്നും ഇപ്പോഴും പിരിഞ്ഞുപോകാതെ നിന്ന ചിലരിൽ നിന്നും അയാൾ അറിഞ്ഞു. കൂടുതൽ അതിനെപ്പറ്റി അറിയാനോ ചോദിക്കാനോ റോഡിൽ രക്തം കട്ടപിടിച്ചു കിടക്കുന്നതു കാണുവാനോ അയാൾക്ക്‌ തോന്നിയില്ല.
അയാൾ ഹോസ്റ്റലിലേക്കു നടന്നപ്പോൾ അപകടം നടന്നസ്ഥലത്തുനിന്ന്‌ പിരിഞ്ഞുപോയ സിസ്റ്റേഴും കുട്ടികളും അയാൾക്കു മുമ്പേ ഹോസ്റ്റൽ മുറ്റത്തുകൂടെ നടന്നു പോകുന്നുണ്ടായിരുന്നു.
മകളെ കാണാൻ വന്നതാണെന്ന്‌ ആദ്യം കണ്ട സിസ്റ്ററിനോടു പറഞ്ഞു. മകളുടെ പേരും ക്ലാസ്സും പറഞ്ഞു. സിസ്റ്റർ അയാളെ ദയനീയമായി നോക്കി. അപകടം കണ്ട്‌ അമ്പരന്നും മരവിച്ചും പോയിരുന്നു സിസ്റ്ററിന്റെ മുഖമെന്നയാൾ മനസ്സിലാക്കി. ഇത്തരം അപകടം വരുമ്പോൾ കാണാതെ ഒഴിഞ്ഞു പോകുകയാണ്‌ പണ്ടുമുതൽ അയാളുടെ ശീലം. കാണാനുള്ള കട്ടി മനസ്സിനില്ലതന്നെ.
സിസ്റ്റർ അയാളെ കാത്തിരിപ്പുമുറിയിൽ കൊണ്ടുപോയി ഇരുത്തി.
പല സിസ്റ്റേഴും വാതിൽക്കൽ വന്ന്‌ അയാളെ സ്നേഹത്തോടെ നോക്കി തിരിച്ചുപോയി.
പ്രായം ചെന്ന ഒരു സിസ്റ്റർ വന്ന്‌ അച്ഛന്‌ കുടിക്കാൻ വല്ലതും എടുക്കട്ടെയെന്നു ചോദിച്ചു.
'ഗെയ്റ്റിൽ വന്ന്‌ കാത്തുനിൽക്കാമെന്ന്‌ പറഞ്ഞതാണ്‌. പഠിക്കുകയായിരിക്കും അല്ലേ' എന്ന്‌ അയാൾ ഇത്തിരി സന്തോഷത്തോടെ തിരിച്ചുചോദിച്ചു. അപകടത്തിന്റെ ഭീതി വിട്ടുമാറാത്ത മുഖത്തൊരു ഇല്ലാത്ത ചിരിയുമായി സിസ്റ്റർ കടന്നുപോയി.
ഏറെ നേരമിരുന്നിട്ടും മകളെ കാണാതെ അയാൾ അതിലൂടെ വന്ന മറ്റൊരു സിസ്റ്ററോട്‌ വീണ്ടും ചോദിച്ചു.
വളരെ സ്നേഹത്തോടെ -"ഇരിക്കൂ...അവിടെ ഇരുന്നോളൂ" -എന്നു പറഞ്ഞ്‌ ആ സിസ്റ്ററും കടന്നുപോയി.
അയാൾ അവിടെ മകളെ കാത്തിരുന്നു; മനസ്സിൽ ഇത്തിരി പരിഭവവുമായി.

അമേരിക്കൻ ഐക്യനാടുകളിലൂടെ - 3



a q mehdi


വാഷിങ്ങ്ടൺ ഡി.സി യും നയാഗ്ര വെള്ളച്ചാട്ടവും.

ന്യൂയോർക്കിൽനിന്ന്‌ 350 കിലോമീറ്റർ ദൂരമുണ്ട്‌ വാഷിങ്ങ്ടണ്ണിലേക്ക്‌. ശരാശരി 120 കി.മീറ്റർവേഗതയിലാണ്‌ ബസ്സ്‌ ഓടുന്നത്‌. മിക്കതും എട്ടുവരി പാതകളാണ്‌, സൂപ്പർ ഹൈവേകൾ. ഒരു എക്സ്പ്രസ്സ്‌ ഹൈവേ വരുന്നതിനെ ചൊല്ലിയുള്ള നാട്ടിലെ കോലാഹലങ്ങളെപ്പറ്റി ഞാനോർത്തു. നാടിന്റെ വികസനത്തിന്‌ വിലങ്ങുതടിയായി, എന്തിനെയും ഏതിനെയും വിമർശിക്കുന്ന നമ്മുടെ ചില രാഷ്ട്രീയനേതാക്കളും, അപൂർവ്വം പരിസ്ഥിതി- സാംസ്കാരിക നായകന്മാരും അമേരിക്കയിലേയോ യൂറോപ്പിലേയോ റോഡുകളും ട്രാഫിക്‌ സിസ്റ്റവും നേരിൽവന്നു കാണേണ്ടതുതന്നെ.
ഒരു പുരാതനനഗരത്തിന്റെ പ്രൗഢിയുള്ള, ഒരാധുനിക സിറ്റിയാണ്‌ വാഷിങ്ങ്ടൺ ഡി.സി എന്നറിയപ്പെടുന്ന അമേരിക്കയുടെ തലസ്ഥാനം.
ഈ നഗരത്തിന്റെ വിസ്തീർണ്ണം 179 ച.കി.മീറ്റർ ആണ്‌. ജനസംഖ്യ 5.30 ലക്ഷവും.
1790-ൽ അമേരിക്കയുടെ പ്രഥമപ്രസിഡണ്ട്‌ ജോർജ്ജ്‌ വാഷിങ്ങ്ടണാണ്‌ ഈ നഗരം സ്ഥാപിച്ചതു. ഒരു രാഷ്ട്രത്തിന്റെ ദേശീയ തലസ്ഥാനമാക്കാൻ വേണ്ടിമാത്രം രൂപകൽപന ചെയ്ത ഈ നഗരം, ലോകത്തിലെ ആസൂത്രണം ചെയ്തു നിർമ്മിച്ച അപൂർവ്വം നഗരങ്ങളിൽ ഒന്നാണ്‌. 1800-ലാണ്‌ ഇത്‌ അമേരിക്കയുടെ തലസ്ഥാനമായത്‌. അതിന്‌ തൊട്ടുമുമ്പുവരെ ന്യൂയോർക്ക്‌ ആയിരുന്നു യു.എസ്സ്‌ തലസ്ഥാനം.
വാഷിങ്ങ്ടണിലെ വളരെ പ്രശസ്തമായ പല സ്മാരകങ്ങളും ഞങ്ങൾ പോയികണ്ടു. അവയിൽ പ്രധാനം കാപ്പിറ്റോൾ ഹില്ലും ലിങ്കൺ മെമ്മോറിയൽ ഹാളുമാണ്‌. വിയറ്റ്നാം, കൊറിയൻ സ്മാരകങ്ങളും വളരെധികം ജനശ്രദ്ധ ആകർഷിക്കുന്നവ തന്നെ.
ഒടുവിൽ, ഈ അമേരിക്കൻ യാത്രയിലെ ഏറ്റവും വലിയ കാഴ്ച കാണാൻ ഞങ്ങൾ പോയി. 'വൈറ്റ്‌ ഹൗസ്‌'. അമേരിക്കൻ പ്രസിഡന്റിന്റെ ആസ്ഥാനം. ലോകത്തിന്റെ ഗതിവിഗതികൾ ഈ കെട്ടിടത്തിനുള്ളിൽ തീരുമാനിക്കപ്പെടുന്നു. അമേരിക്കയുടെ എത്രയെത്ര പ്രസിഡൻഡുമാർക്ക്‌ താമസസൗകര്യം നൽകിയ മണിമന്ദിരമാണിത്‌.
'വൈറ്റ്‌ ഹൗസ്‌'എന്ന്‌ ഇപ്പോൾ അറിയപ്പെടുന്ന ഈ കെട്ടിടത്തിന്റെ ആദ്യരൂപം നിർമ്മിക്കപ്പെട്ടത്‌, ഇന്നേയ്ക്ക്‌ രണ്ടു നൂറ്റാണ്ടുമുമ്പ്‌ 1800-ലായിരുന്നു. ആ വർഷം നവംബർ മാസത്തിൽ, അന്നത്തെ പ്രസിഡന്റായ ജോൺ ആദംസ്‌ ആണ്‌ ഈ ഔദ്യോഗികവസതിയിൽ ആദ്യമായി താമസം ആരംഭിച്ചതു. അന്നും മൂന്നുനിലയുള്ള ഒരു കെട്ടിടമായിരുന്നു ഇത്‌. പിന്നീട്‌ വിവിധകാലങ്ങളിൽ ഈ മന്ദിരത്തിന്‌ പല രൂപമാറ്റങ്ങളും വരികയുണ്ടായി. ആദ്യകാല കെട്ടിടത്തിന്‌, അന്നത്തെ ശൈലിയിൽ മൂന്നാമത്തെനിലയ്ക്ക്‌ മുകളിൽ പുകക്കുഴലുകൾ സ്ഥാപിക്കപ്പെട്ടിരുന്നു. അന്ന്‌ ഈ മണിമന്ദിരത്തിൽ ആകെ 62 മുറികളാണുണ്ടായിരുന്നത്‌. 1914-ൽ, കുപ്രസിദ്ധമായ '1912 ബ്രിട്ടീഷ്‌ യുദ്ധം' എന്നറിയപ്പെടുന്ന ഇംഗ്ലീഷ്‌ യുദ്ധത്തിൽ ഈ മന്ദിരം തീവച്ചു നശിപ്പിക്കപ്പെട്ടു. 1948നും 1952നും ഇടയ്ക്കാണ്‌ ഇപ്പോൾ കാണുന്ന പുതിയ ഈ കെട്ടിടം നിർമ്മിക്കപ്പെട്ടത്‌. അമേരിക്കയുടെ 43-​‍ാമത്തെ പ്രസിഡന്റായ ജോർജ്ജ്‌ വാക്കർ ബുഷ്‌ താമസിക്കുന്ന ഈ ആധുനിക മന്ദിരത്തിൽ ഇപ്പോൾ ആകെ 132 മുറികളുണ്ട്‌.
മങ്ങിയ വെള്ളച്ചായം പൂശിയ മനോഹരമായ ഈ മൂന്നുനില കെട്ടിടത്തിന്റെ രണ്ടു മേൽനിലകൾക്കും ഗ്രൗണ്ട്ഫ്ലോറിനേക്കാൾ ഉയരവും വലിപ്പവുമുണ്ട്‌. മുമ്പിൽ മനോഹരമായ ഒരു പൂന്തോട്ടവുമുണ്ട്‌. മുൻവശത്തെ വിശാലമായ പുൽമുറ്റം കഴിഞ്ഞാൽ ഫെൻസിങ്ങും ഗേറ്റുമാണ്‌. സെക്യൂരിറ്റിക്കായി പട്ടാളക്കാരെയോ, കാവൽഭടന്മാരെയോ ഗേറ്റിനു പുറത്തുകണ്ടില്ല. വളരെ ശാന്തമായ അന്തരീക്ഷം.
വൈതൗസ്സിനു മുമ്പിലെ കമ്പിവേലിക്കും ഗേറ്റിനും പുറത്ത്‌, ഞങ്ങളൊരു വിചിത്രദൃശ്യം കണ്ടു. മുഖംമൂടി ധരിച്ച നാലുപേർ പ്ലക്കാർഡുകളുമായി നിൽക്കുന്നു. ഒരു പ്രതിഷേധപ്രകടനത്തിന്റെ ഭാഗമായാണവർ നിൽക്കുന്നത്‌. മുദ്രാവാക്യങ്ങൾ വിളിച്ച്‌ അവർ അന്തരീക്ഷ മലിനീകരണം നടത്തുന്നില്ല. അവരുടെ കൈയ്യിലിരിക്കുന്ന ബോർഡുകളിൽ വിവിധ സന്ദേശങ്ങൾ എഴുതിയിട്ടുണ്ട്‌, രൂക്ഷഭാവമുള്ള ചില മുദ്രാവാക്യങ്ങൾ. അവർ, അമേരിക്കൻപ്രസിഡന്റ്‌ ജോർജ്ജ്‌ ബുഷിനെതിരായ പ്രതിഷേധം പ്രകടിപ്പിക്കുകയാണ്‌, തങ്ങളുടെ കൈയ്യിലിരിക്കുന്ന ബോർഡുകളിൽ എഴുതിയ വാക്കുകളിലും വരികളിലും കൂടി. ഒരു ബോർഡിൽ കണ്ടതിതാണ്‌.
"Bush, A War Criminal- Impeach Bush' ബുഷ്‌ ഒരു യുദ്ധക്കുറ്റവാളിയാണ്‌, അയാളെ വിചാരണചെയ്യൂ' എന്ന്‌. ഞാൻ അടുത്തു ചെന്ന്‌ ആ പ്രതിഷേധപ്രകടനക്കാരോട്‌ സംസാരിക്കുകയും, പരിചയപ്പെടുകയും ചെയ്തു. അവരോടൊപ്പം നിന്ന്‌ ഞാൻ ഫോട്ടോയും എടുത്തു.
എന്തേ, ലോകത്തെ ഏറ്റവും വലിയ രാഷ്ട്രത്തിലെ അതിശക്തനായ പ്രസിഡന്റിനെ കുറ്റവിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രതിഷേധ പ്രകടനം നടത്തുന്നവരെ നീക്കാനോ, ഒഴിവാക്കാനോ അധികാരികളോ പോലീസോ ഒന്നും ശ്രമിക്കാത്തത്‌. അമേരിക്കൻ ജനാധിപത്യത്തിന്റെ മഹത്വമാണ്‌ നാമിവിടെ കാണുന്നത്‌.
ഇവിടെ നമ്മുടെനാട്ടിലോ? ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ്‌ നമ്മുടേത്‌. ഇവിടെ ഒരു വില്ലേജ്‌ ഓഫീസറുടെ ഓഫീസിനു മുമ്പിൽ പോലും പ്രതിഷേധപ്രകടനം നടത്തുന്ന വ്യക്തിയെയോ സംഘത്തിനെയോ പോലീസ്‌ എത്തി അറസ്റ്റ്‌ ചെയ്ത്‌ കേസെടുക്കുന്നു. പോലീസ്‌ അറസ്റ്റ്‌ ചെയ്തില്ലെങ്കിലുമുണ്ട്‌ സമരക്കാർക്ക്‌ പരാതി.
വളരെ മഹത്തായ ഒരു ജനാധിപത്യപാരമ്പര്യവും സംവിധാനവും ഇൻഡ്യയ്ക്കുണ്ട്‌. പൗരാവകാശങ്ങൾ വ്യക്തമായി നമ്മുടെ ഭരണഘടനയിൽ എഴുതിചേർക്കപ്പെട്ടിട്ടുമുണ്ട്‌. സാമാന്യജനങ്ങൾക്ക്‌ മൗലികമായ ഈ അവകാശങ്ങൾ അനുഭവിച്ച്‌ ജീവിക്കുവാൻ കഴിയാത്തവിധം നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങൾ ഓരോദിവസവും വിവിധ മേഖലകളിൽ ഓരോരോ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്‌. അഭിപ്രായ, സംഘടനാ, തൊഴിൽ, സഞ്ചാര, സ്വാതന്ത്ര്യങ്ങൾ നമ്മുടെ പൗരാവകാശങ്ങളിൽ ഉൾപ്പെടുന്നവയാണ്‌. ഇവ ഓരോന്നിനെയും തങ്ങൾക്കനുകൂലമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി വളച്ചൊടിച്ച്‌ ജനാധിപത്യ സംവിധാനത്തെ ഒന്നാകെ അട്ടിമറിക്കുകയാണ്‌ നമ്മുടെ നാട്ടിലെ ഇന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങൾ ചെയ്യുന്നത്‌. ഇതിനൊരു മാറ്റമുണ്ടാകാതെ ജനാധിപത്യത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കുവാൻ ഒരിക്കലും നമുക്കാവില്ല.
വൈറ്റ്‌ ഹൗസിനു മുമ്പിൽ കഴിഞ്ഞ 24 വർഷമായി കുടിൽകെട്ടി സമരം ചെയ്യുന്ന ഒരു സ്പാനിഷ്‌ വൃദ്ധയെ കണ്ടു. അവരുടെ പേര്‌ കോൺചിറ്റ (Conchita) എന്നാണ്‌. ലോകവ്യാപകമായ തീവ്രവാദപ്രവർത്തനങ്ങൾക്കെതിരെ ഒരു നിശബ്ദസമരം നടത്തുകയാണവർ, 1981- മുതൽ രണ്ടുപതിറ്റാണ്ടു കാലത്തിലധികമായി. ഞാനടുത്തു ചെന്നപ്പോൾ പ്രതിഷേധ പ്രകടനത്തിനായി അവർ പ്രദർശിപ്പിച്ചിരുന്ന നിരവധി ബോർഡുകളിൽ ഒന്ന്‌ എന്റെ കൈയ്യിൽ തന്നിട്ട്‌, ഫോട്ടോയ്ക്ക്‌ പോസ്‌ ചെയ്യുവാൻ നിർദ്ദേശിച്ചു, ഉടൻതന്നെ ഭാര്യ ക്യാമറ ക്ലിക്ക്‌ ചെയ്യുകയും ചെയ്തു.
എന്റെ കൈയ്യിൽ തന്ന ആ ബോർഡിൽ ബിൻലാദന്റെ വലിയൊരു ചിത്രവും അതിനു മേലെ "THE REAL TERRORIST'' (യഥാർത്ഥ തീവ്രവാദി) എന്നും എഴുതിയിട്ടുണ്ടായിരുന്നു. ഈ ഒറ്റയാൾ സമരം കണ്ടപ്പോൾ, വർഷങ്ങളായി സെക്രട്ടറിയേറ്റ്‌ പടിക്കൽ കുടിൽകെട്ടി സമരം ചെയ്യുന്ന ചില വ്യക്തികളെയും, സംഘടനകളെയുമാണ്‌ ഓർത്തത്‌
വാഷിങ്ങ്ടണിൽ ഹോട്ടൽ ഷെറട്ടൺ ക്രിസ്റ്റലിലായിരുന്നു താമസം. വളരെ മുന്തിയ ഒരു ഹോട്ടലായിരുന്നു ഷെറട്ടൺ.
നല്ലനിലവാരമുള്ള ടൂർ കമ്പനികളുടെ പാക്കേജ്ടൂർ ബുക്ക്‌ ചെയ്താൽ, താരതമ്യേന അൽപ്പം പൈസ കൂടുതലാവുമെങ്കിലും ഏറ്റവും സുരക്ഷിതമായ യാത്ര അവർ ഉറപ്പുതരുന്നു. ഏറ്റവും നല്ല ഹോട്ടലുകളിലാവും അവർ നമുക്കു താമസസൗകര്യം ഒരുക്കുക; സ്റ്റാർ ഹോട്ടലുകളിൽ. അത്തരം ഹോട്ടലുകളിലെ മുറിവാടകയും കൂടുതലാവും. ഇക്കുറി ഞങ്ങൾ താമസിച്ച ഹോട്ടലുകളിലെ മുറിവാടക ഒരു രാത്രിയ്ക്ക്‌ ശരാശരി 160 യു.എസ്സ്‌ ഡോളറായിരുന്നു, ദിവസം ഏകദേശം 7000/- രൂപ.
നാട്ടിലെ ഹോട്ടലുകളെ അപേക്ഷിച്ച്‌ ചില പ്രത്യേകതകളൊക്കെയുണ്ട്‌ പാശ്ചാത്യദേശങ്ങളിലെ പോഷ്‌ ഹോട്ടലുകൾക്ക്‌.
ഇ.സി.മുറികളാണെങ്കിലും, തണുപ്പു കാലത്ത്‌ ഉപയോഗിക്കുവാൻ ഹീറ്റർ സൗകര്യവും ഉണ്ടാകും. ടെലിഫോൺ, ടി.വി, ഫ്രിഡ്ജ്‌, മിനിബാർ, കമ്പ്യൂട്ടർ, ഇന്റർനെറ്റ്‌ കണക്ഷൻ, തുടങ്ങിയ സൗകര്യങ്ങൾ മുറികളിലുണ്ടാവും. ഫ്രിഡ്ജിനുള്ളിൽ സോഫ്റ്റ്‌ ഡ്രിങ്കുകളും, മിനറൽ വാട്ടർ, സോഡ എന്നിവയും ചില മദ്യങ്ങളും സ്നാക്സും ഒക്കെ വച്ചിട്ടുണ്ടാവും. മുറിയിൽ താമസിക്കുന്നവർക്ക്‌ സൗകര്യപ്രദമായി എടുത്തു കഴിക്കാനാണിത്‌; എടുക്കുന്ന ഓരോ വസ്തുവിനും ബിൽ ചെയ്യപ്പെടും. വിലവിവരപ്പട്ടിക മുറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്‌.
രാവിലത്തെ ബെഡ്കോഫി (ചായയാണ്‌) എനിക്കും ഭാര്യയ്ക്കും നിർബന്ധമാണ്‌. ചായ, ർറൂമിൽ ഓർഡർ നൽകി വരുത്താം, പക്ഷേ മോശമല്ലാത്ത ബിൽ വരും. താമസത്തിനിടെ രാവിലെ ബ്രേക്ക്‌ ഫാസ്റ്റ്‌ മാത്രമാണ്‌ ഫ്രീ. എക്സ്ട്രാവരുത്തുന്ന വസ്തുക്കൾക്ക്‌ നാം പ്രത്യേക വില നൽകേണ്ടിവരും. ർറൂമിൽ വരുത്തുന്ന വെറും ചായയ്ക്ക്‌ 5 മുതൽ 7 ഡോളർ വരെയാണ്‌ ബിൽചെയ്യപ്പെടുക; ഏകദേശം 200 മുതൽ 300 രൂപ വരെ. ഇനി പുറത്തുനിന്നും യാത്രയ്ക്കിടെ ഏതെങ്കിലും ടീസ്റ്റാളിൽ നിന്നായാൽപ്പോലും മൂന്നു ഡോളർ കൊടുക്കണം ഒരു കപ്പ്‌ ചായയ്ക്ക്‌. വിലയല്ല പ്രധാനപ്രശ്നം, ഒരു കാപ്പിൽ അൽപ്പം തിളച്ചവെള്ളവും, ഒരു ടീബാഗും (നാട്ടിൽ രണ്ടു രൂപ വിലയുള്ളത്‌) ചെറിയ ഒരു പായ്ക്കറ്റ്‌ കൃത്രിമപ്പാലും, ലേശം പഞ്ചസാരയും തരും; നാം കൂട്ടിക്കലർത്തി കഴിക്കണം. എത്ര മിക്സ്‌ ചെയ്യാൻ ശ്രമിച്ചാലും നാട്ടിലെ ചായയുടെ കടുപ്പമോ രുചിയോ ഉണ്ടാവില്ല, വില മാത്രമാണ്‌ കടുപ്പമുള്ളത്‌, ഒരു കപ്പ്‌ ചായയ്ക്ക്‌ 140 രൂപ.
ഈ അമേരിക്കൻ യാത്രയ്ക്ക്‌ വേണ്ടി, ദുബായിൽ നിന്നും വാങ്ങിവച്ചിരുന്ന ഒരു കോഫിമേക്കർ (ഇലക്ട്രിക്‌ കെറ്റൽ) കൂടെ കരുതിയിരുന്നു. അത്‌ നാട്ടിലെ 230 വോൾട്ടിലും, അമേരിക്കയിലെ 110-ലും പ്രവർത്തിക്കും.
പക്ഷേ, ആ കോഫിമേക്കർ ഒരിക്കൽ പോലും ഉപയോഗിക്കേണ്ടി വന്നില്ല. ഞങ്ങൾ താമസിച്ച എല്ലാ ഹോട്ടൽ മുറികളിലും ഉണ്ടായിരുന്നു ഈ യന്ത്രം. ഒപ്പം തേയിലയും, കാപ്പിപ്പൊടിയും, പാലും, പഞ്ചസാരയുമൊക്കെ സൗജന്യമായി മുറിയിൽ വച്ചിട്ടുണ്ടായിരുന്നു. ഞങ്ങൾ യഥേഷ്ടം ചായ ഉണ്ടാക്കിക്കുടിച്ചു.
ഓരോ ദിവസവും ർറൂം വിട്ട്‌ രാവിലെ കാഴ്ചകൾ കാണാൻ പോയി തിരികെയെത്തുമ്പോൾ മുറിയെല്ലാം തുടച്ച്‌ വൃത്തിയാക്കി, ബെഡ്ഡിൽ പുതിയ ഷീറ്റും വിരിച്ച്‌, ബാത്ത്‌ർറൂമിൽ പുതിയ ടവ്വലും, സോപ്പും, ഷാമ്പൂവും വച്ച്‌, കോഫീമേഷീനുവേണ്ട തേയിലയുമൊക്കെ തയ്യാറാക്കിവച്ചിട്ടുണ്ടാവും. വളരെ വിശ്വസ്തരായ ഹോട്ടൽ പരിചാരകർ തങ്ങളുടെ പക്കലുള്ള ഡ്യൂപ്ലിക്കേറ്റ്‌ താക്കോൽ ഉപയോഗിച്ച്‌ മുറിതുറന്നാണ്‌ ഇതൊക്കെ ചെയ്യുന്നത്‌. പൈസയും, പാസ്പോർട്ടും, വിലപിടിപ്പുള്ള മറ്റു വസ്തുക്കളും വേണമെങ്കിൽ പൂട്ടിവയ്ക്കാൻ, കംപ്യൂട്ടർ സംവിധാനത്തിൽ ലോക്ക്‌ ചെയ്യാവുന്ന സേഫ്റ്റി ലോക്കറുകൾ ഓരോ മുറിയിലുമുണ്ട്‌. പൂട്ടിവച്ചില്ലെങ്കിൽപ്പോലും ഒന്നും നഷ്ടപ്പെടില്ല.
നമ്മുടെ അസാന്നിദ്ധ്യത്തിൽ ചെയ്യപ്പെടുന്ന ഈ സർവ്വീസ്‌ അല്ലാതെ, നാട്ടിലെ ഹോട്ടലുകളിലെ പോലെ ർറൂംബോയ്സ്‌ മുറികൾക്കരികിൽ കറങ്ങി നടക്കില്ല. എന്ത്‌ ആവശ്യത്തിനും ഫോൺ ചെയ്താലുടൻ ബന്ധപ്പെട്ട ആൾക്കാർ എത്തിക്കൊള്ളും.
റൂംബോയ്‌ അല്ല, 'ബെൽബോയ്‌' എന്നാണ്‌ പാശ്ചാത്യദേശങ്ങളിൽ ഈ പരിചാരകരെ വിളിക്കുന്നത്‌.
മൂന്നുരാത്രികൾ അമേരിക്കയിൽ പിന്നിട്ടിരിക്കുന്നു. നാലാം ദിവസത്തെ പരിപാടി, ലോകത്തെ ഏറ്റവും വലിയ ജലപാതമായ നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോകലാണ്‌.
നയാഗ്ര അമേരിക്കയുടെ വടക്കേയറ്റത്താണ്‌, കാനഡയുടെ അതിർത്തിയിൽ. ഞങ്ങളിപ്പോൾ താമസിക്കുന്ന വാഷിങ്ങ്ടണിൽ നിന്ന്‌ കുറെ അകലെ. അവിടേയ്ക്ക്‌ ഫ്ലൈറ്റിലാണ്‌ പോകേണ്ടത്‌.
പാക്കേജ്‌ ടൂറിന്റെ ഭാഗമായി രാജ്യങ്ങൾ സന്ദർശിക്കാനുള്ള പാശ്ചാത്യ ദേശങ്ങളിലേയ്ക്കുള്ള യാത്രകൾക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. ടൂർകമ്പനിക്കാർ ചെറിയ ദൂരമൊക്കെ താണ്ടുന്നത്‌ ഇ.സി.കോച്ചുകളിലാണ്‌, ബസ്സുകളിൽ. കൂടുതൽ ദൂരമുള്ള സ്ഥലങ്ങൾ വിമാനത്തിലും. ഇത്തരം അന്തർദ്ദേശീയ ട്രിപ്പുകളിൽ, ഏറെ ആഭ്യന്തര വിമാനയാത്രകൾ വേണ്ടിവരുന്ന രാജ്യങ്ങളിൽ, അമേരിക്കയും ചൈനയും ഉൾപ്പെടുന്നു. ഈ രണ്ടുരാജ്യങ്ങളുടെയും വിസ്തൃതി കാരണമാണത്‌. ഇൻഡ്യയുടെ അവസ്ഥയും ഏകദേശം ഇതുതന്നെ. കോവളത്തുവരുന്ന ഒരു വിദേശസഞ്ചാരിക്ക്‌ ഗോവയിലോ, ചെന്നൈയിലോ, ബോംബെയിലോ, ആഗ്രയിലോ ചെന്നത്തണമെന്നിരിക്കട്ടെ, ഇവിടെയും ഇൻഡ്യൻ എയർലൈൻസോ മറ്റേതെങ്കിലും ആഭ്യന്തര സർവ്വീസോ ആയിരിക്കും ശരണം.
എന്നാൽ യൂറോപ്പിന്റെ സ്ഥിതി വ്യത്യസ്തമാണ്‌. ഞങ്ങളുടെ കഴിഞ്ഞ യൂറോപ്പ്‌ ട്രിപ്പിൽ 10 രാജ്യങ്ങൾ കറങ്ങി നടന്നു കണ്ടത്‌ ഒരു ബസ്സിലായിരുന്നു. താരതമ്യേന ചെറിയ രാജ്യങ്ങളാണ്‌ യൂറോപ്പിലുള്ളത്‌. ഞങ്ങളന്ന്‌, ഇൻഡ്യയിൽ നിന്നും നേരിട്ട്‌ ജർമ്മനിയിലെ മ്യൂണിക്കിലെത്തി, ആസ്ട്രിയ, സ്വിറ്റ്സർലന്റ്‌, ഇറ്റലി, ഹോളണ്ട്‌, ബെൽജിയം, ഫ്രാൻസ്‌ തുടങ്ങിയ രാജ്യങ്ങൾ പിന്നിട്ട്‌ ലണ്ടനിൽ യാത്ര അവസാനിപ്പിച്ചപ്പോഴേയ്ക്കും ഈ വിവിധരാജ്യങ്ങളിലൂടെ 7800 കി.മീറ്റർ ദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നു. ആ യാത്ര മുഴുവൻ ഇ.സി കോച്ചുകളിലായിരുന്നു.
അമേരിക്കയിലെ സ്ഥിതി തികച്ചും വ്യത്യസ്തം. ഇവിടെ, ചില സ്റ്റേറ്റുകൾ തമ്മിലുള്ള പരസ്പരദൂരം തന്നെ ആയിരക്കണക്കിനു കിലോ മീറ്ററാവും. അമേരിക്കയുടെ ആകെ വിസ്തീർണ്ണം 94 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്‌. ഇൻഡ്യയുടെ വിസ്തീർണ്ണം അതിന്റെ മൂന്നിലൊന്നേ വരൂ, കേവലം 32 ലക്ഷം ച.കിലോമീറ്റർ. ഇത്ര വിസ്തൃതമായ ഭൂവിഭാഗമായിട്ടും അമേരിക്കയിലെ ജനസംഖ്യ, ഇൻഡ്യയുടേതിന്റെ മൂന്നിലൊന്നിൽ താഴെയാണ്‌, 29 കോടി. ഇൻഡ്യയിലത്‌ 100 കോടിയിലധികമാണ്‌.
വാഷിങ്ങ്ടണിൽ നിന്ന്‌ നയാഗ്രയ്ക്ക്‌ പോകാൻ ഞങ്ങൾക്ക്‌ ഇറങ്ങേണ്ട ഏറ്റവും അടുത്ത എയർപോർട്ട്‌ ബഫല്ലോയിലാണ്‌. അവിടേയ്ക്ക്‌ 500 കി.മീറ്റർ ദൂരമുണ്ട്‌.
യു.എസ്സ്‌. എയർലൈൻസ്‌, അമേരിക്കയുടെ ആഭ്യന്തര വിമാനസർവ്വീസ്‌ ആണ്‌. അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളെയും യു.എസ്സ്‌.എയർലൈൻസ്‌ പരസ്പരം ബന്ധിപ്പിക്കുന്നു.
ഏകദേശം ഒരേ വലിപ്പമുള്ള, 150 പേർക്ക്‌ സഞ്ചരിക്കാവുന്ന ഈ ചെറിയ വിമാനങ്ങളിലൊന്നിൽ ഞങ്ങൾ ബഫല്ലോയിൽ ഇറങ്ങി. ഇവിടെ നിന്നും ഇനിയും കുറേ ദൂരം ഉണ്ട്‌ നയാഗ്രയ്ക്ക്‌. ബസ്സിലാണ്‌ ഞങ്ങൾ നയാഗ്രയിലെത്തിയത്‌.
നയാഗ്രയിലെ വെള്ളച്ചാട്ടത്തിനരികിൽ ചെന്നപ്പോൾ ശരിക്കും അത്ഭുതസ്തബ്ധരായിപ്പോയി. വെള്ളച്ചാട്ടത്തിന്റെ വന്യവും അതേ സമയം മനോഹരവുമായ ഇത്തരമൊരു കാഴ്ച മറ്റെങ്ങും ഇല്ലതന്നെ. ലോകത്തെ ഏറ്റവും വലിയ ജലപാതമാണിത്‌. ലക്ഷക്കണക്കിന്‌ ക്യുബിക്‌ മീറ്റർ ജലം ഇടമുറിയാതെ കാലാകാലമായി ഒഴുകിവീണുകൊണ്ടിരിക്കുന്നു. വളരെ ഉയരത്തിൽ നിന്നും ആഴത്തിലേയ്ക്ക്‌ വീണു ചിതറുന്ന അതിസൂക്ഷ്മമായ ജലകണികകൾ മൂടൽമഞ്ഞുപോലെ, പുകപോലെ അന്തരീക്ഷത്തിൽ പടർന്നുനിൽക്കുന്ന കാഴ്ച അവിസ്മരണീയം തന്നെ. ഈ പുകമഞ്ഞിൽ സൂര്യപ്രകാശം തട്ടുമ്പോഴുള്ള വർണ്ണാർഭമായ മഴവിൽക്കാഴ്ചയും അത്യന്തം മനോഹരം.
ഞങ്ങൾ ഈ യു.എസ്സ്‌ യാത്ര നിശ്ചയിച്ചതു അമേരിക്കയിലെ ഏറ്റവും തണുപ്പുകുറഞ്ഞ ഒരു സമയം കണക്കാക്കിയാണ്‌. ജൂൺജൂലൈ മാസങ്ങളാണ്‌ അമേരിക്കയിലെ ഏറ്റവും വലിയ ടൂറിസ്റ്റ്‌ സീസൺ. ആ സമയം നാട്ടിൽ മഴക്കാലവുമാണ്‌. ഇപ്പോൾ, ഈ ജൂൺ മാസത്തിൽ, ന്യൂയോർക്കിലെ കുറഞ്ഞ ചൂട്‌ 19-ം കൂടിയത്‌ 280 സെൽഷ്യസുമാണ്‌; ഏകദേശം കേരളത്തിലെ കാലാവസ്ഥ. എന്നാൽ, പടിഞ്ഞാറോട്ടു പോകുംതോറും അമേരിക്കയിൽ ചൂട്‌ വർദ്ധിക്കുന്നു. ന്യൂയോർക്കിൽ നിന്ന്‌ 4000 കിലോമീറ്റർ പടിഞ്ഞാറുള്ള ലാസ്‌വേഗാസിലെ ഇപ്പോഴത്തെ ചൂട്‌ 40 ഡിഗ്രിക്ക്‌ മേലെയാണ്‌. നവംബർ മുതൽ അമേരിക്കയിൽ വിന്റർ തുടങ്ങുന്നു. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തണുപ്പ്‌ വളരെ കൂടുതലാണ്‌. ശരിക്ക്‌ യാത്രക്ക്‌ പറ്റിയ സമയം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള 6 മാസക്കാലമാണ്‌.
ഞങ്ങൾ ബഫല്ലോയിലെത്തിയപ്പോൾ പുറത്ത്‌ ചെറിയ ചൂടുണ്ടായിരുന്നു. എന്നാൽ, നയാഗ്രയിലെ ജലപാതത്തിനരികിലെത്തിയ ഞങ്ങൾക്ക്‌, അന്തരീക്ഷത്തിൽ പടർന്ന നേർത്ത ജലകണങ്ങൾ സുഖകരമായ തണുപ്പിന്റെ ഒരാവരണം ഒരുക്കിത്തന്നു. പ്രകൃതിദത്തമായ ലോകാത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു, നയാഗ്ര. പതിനായിരക്കണക്കിന്‌ ആൾക്കാർ നിത്യവും ഇവിടെ എത്തിച്ചേരുന്നു. നിരവധി സ്റ്റാർ ഹോട്ടലുകൾ ഇവിടെയുണ്ട്‌, ഒക്കെയും ബഹുനില മന്ദിരങ്ങൾ
ഈ ജലധോരണി എത്ര സമയം കണ്ടുനിന്നാലും മതിയാവില്ല.
ഇവിടെയും ഞങ്ങൾക്ക്‌ ഒരു പരിപാടി ഒരുക്കിയിരുന്നു. അൽപ്പം സാഹസികവുമാണത്‌.' "MAID OF MIST RAID' എന്നാണ്‌ പരിപാടിയുടെ പേര്‌. വലിയൊരു മോട്ടോർ ബോട്ടിൽ നമ്മെ, ഈ തടാകത്തിലൂടെ ജലപാതത്തിന്‌ തൊട്ടരികിൽവരെ കൊണ്ടുപോയി മടങ്ങുക.
നാമിപ്പോൾ നിൽക്കുന്നത്‌ മേൽത്തട്ടിലാണ്‌. തടാകനിരപ്പ്‌ വളരെ താഴെയാണ്‌, ചുരുങ്ങിയത്‌ 60-70 അടി താഴെ. ഒരു ലിഫ്റ്റിലൂടെ നമ്മെ താഴെ തടാകപ്പരപ്പിനടുത്തെത്തിക്കും. അവിടെനിന്നും ബോട്ടിൽ കയറാം. രണ്ടുനിലകളുള്ള ഈ ബോട്ടിൽ, നനയാൻ ഇഷ്ടമില്ലാത്തവർക്ക്‌ മേലാപ്പുള്ള താഴത്തെ നിലയിലിരിക്കാം. ഓരോർത്തർക്കും നീലനിറത്തിലുള്ള ഓരോ മുഴുനീള പ്ലാസ്റ്റിക്‌ ജാക്കറ്റ്‌ സൗജന്യമായി നൽകപ്പെടുന്നു. തലമുതൽ മൂടിപ്പുതച്ചിടാവുന്ന ഒരാവരണം. ഇതു ധരിച്ചുവേണം ബോട്ടിലിരിക്കാൻ.
ഞങ്ങൾ തിടുക്കത്തിൽ ബോട്ടിന്റെ മുകൾത്തട്ടിലേയ്ക്ക്‌ ഓടിക്കയറി. നനയാൻ വയ്യെന്ന്‌ ഭാര്യ പറഞ്ഞിട്ടും ഞാനവളെ നിർബന്ധപൂർവ്വം മുകളിലേയ്ക്ക്‌ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ബോട്ട്‌ നീങ്ങിത്തുടങ്ങി. ദൂരെ വെള്ളച്ചാട്ടം വ്യക്തമായി കാണാം. അത്‌ തൊട്ടടുത്താണെന്നേ നമുക്ക്‌ തോന്നൂ, എന്നാൽ വളരെ ദൂരമുണ്ടവിടേയ്ക്ക്‌. ബോട്ടിന്റെ എഞ്ചിൻ മുരളുന്നതിനേക്കാൾ ഉച്ചത്തിൽ വെള്ളച്ചാട്ടത്തിന്റെ മുഴങ്ങുന്ന ശബ്ദം ഉയർന്ന്‌ കേൾക്കാം. വളരെ ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളം ശക്തിയായി ഒഴുകി, സുനാമി തിരകളെ പോലെ എതിരേ വരുന്നുണ്ട്‌. വളരെ പാടുപെട്ടാണ്‌ തിരകളുടെ ഈ ശക്തിയെ അതിജീവിച്ച്‌ ബോട്ട്‌ മുന്നോട്ട്‌ നീങ്ങുന്നത്‌. വളരെ ഉയർന്ന എഞ്ചിൻ ശക്തിയുള്ള ബോട്ട്‌, വെള്ളത്തിന്റെ ഒഴുക്കിനെതിരേ ഇഞ്ചിഞ്ചായി മുന്നോട്ട്‌ നീങ്ങിക്കൊണ്ടിരിക്കുന്നു. ഒടുവിലിതാ ജലപാതം കൈയ്യെത്തും ദൂരത്തായിക്കഴിഞ്ഞു. ആർക്കും വെള്ളച്ചാട്ടത്തിനു തൊട്ടുതാഴെ, നേരേ കീഴിൽ നിൽക്കാനാവില്ല. അരികിൽ നിൽക്കുമ്പോൾ തെന്നി വീഴുന്ന ജലകണികകൾക്ക്പോലും വലിയ ശക്തിയുണ്ട്‌. അവ പളുങ്കുഗോലികൾ പോലെ നമ്മുടെ മേലേയ്ക്ക്‌ തെറിച്ചു വീഴുന്നു. സന്തോഷം കൊണ്ട്‌ എല്ലാവരും ആർത്തുവിളിച്ചു. നല്ല സന്തോഷത്തിലാണ്‌ എല്ലാവരും. തലവഴി മൂടിക്കെട്ടിയ നീല പ്ലാസ്റ്റിക്‌ കുപ്പായം ധരിച്ചവർ പരസ്പരം നോക്കി, ആ ആവരണത്തിനുള്ളിലകപ്പെട്ടപ്പോഴുള്ള വൈചിത്ര്യം കണ്ടുരസിച്ചു. നിർഭാഗ്യം, ആർക്കും ഇത്രയരികിൽ നിന്ന്‌ ജലപാതത്തിന്റെ ഭംഗി ക്യാമറയിൽ പകർത്താൻ കഴിയുന്നില്ല. ക്യാമറകളും വീഡിയോകളുമൊക്കെ മഴക്കോട്ടിനടിയിൽ ഒതുക്കേണ്ടിവന്നു.
പുറത്ത്‌ വെയിൽനാളങ്ങൾ നൃത്തം വയ്ക്കുമ്പോഴും, ഞങ്ങൾക്ക്‌ കുളിരേകിക്കൊണ്ട്‌ ജലപാതത്തെ തഴുകിവരുന്ന കാറ്റ്‌, സുഖകരമായ ആശ്വാസം പകർന്നുതന്നുകൊണ്ടേയിരുന്നു.
ജീവിതത്തിൽ എനിക്കൊരിക്കലും മറക്കാനാവാത്ത ഒരനുഭവമായിരുന്നു ഈ ബോട്ട്‌യാത്ര. തിരകളുടെ ശക്തിയെ അതിജീവിച്ച്‌ ദീർഘശ്വാസം വലിച്ച്‌, മുരണ്ട്‌ മുരണ്ട്‌ ഞങ്ങളുടെ ബോട്ട്‌ ജലപാതത്തെ തൊട്ടുതൊട്ടില്ല എന്ന നിലവരെയെത്തിയപ്പോൾ, ഭാര്യ എന്റെ കൈയ്യിൽ അമർത്തിപ്പിടിച്ചുനിന്നു.
ഈ ജലസവാരികഴിഞ്ഞു മടങ്ങിയെത്താൻ ഏകദേശം രണ്ടുമണിക്കൂറെടുത്തു. തിരികെ കടവിലെത്തിയപ്പോൾ, ആകാംക്ഷാപൂർവ്വം ബോട്ടിൽ കയറാൻ കാത്തുനിൽക്കുന്ന അടുത്ത ടീം വലിയൊരു ജനക്കൂട്ടം പോലെ ചിതറിനിൽക്കുന്നുണ്ടായിരുന്നു.
സമയമില്ല, മാത്രമല്ല ഒരു ഗ്രൂപ്പിന്റെ ഭാഗമായല്ലേ ഞങ്ങൾ എത്തിയിരിക്കുന്നതും, അല്ലെങ്കിൽ ഒരിക്കൽകൂടി ഈ ജലസവാരിക്ക്‌ പോകാൻ ഞാൻ ഒരുങ്ങിയേനെ.
നനഞ്ഞ വസ്ത്രങ്ങളോടെ ഞങ്ങൾ ഹോട്ടലിലേയ്ക്ക്‌ മടങ്ങി. "HOTEL HOLIDAY INN' ലായിരുന്നു താമസം. ഇനി സന്ധ്യവരെ വിശ്രമം. ഞങ്ങളുടെ ഹോട്ടൽ, വെള്ളച്ചാട്ടത്തിനു വിളിപ്പാടകലെയാണ്‌, വേണമെങ്കിൽ വീണ്ടും അവിടെപ്പോകേണ്ടവർക്ക്‌ സ്വന്തമായി പോയി വരാമെന്ന്‌ ആഷിക്‌ നിർദ്ദേശിച്ചു. എന്നാൽ, സന്ധ്യയ്ക്ക്‌ 8 മണിക്ക്‌ (എട്ടര മണിക്കാണ്‌ അമേരിക്കയിൽ സൂര്യാസ്തമനം) എല്ലാവരും തയ്യാറായി നിൽക്കണം, വെള്ളച്ചാട്ടം രാത്രിസമയത്ത്‌ കാണാൻ പോകാൻ.
ഭാഗ്യത്തിന്‌, അന്ന്‌ ഞായറാഴ്ചയായിരുന്നു. എല്ലാ ഞായറാഴ്ചകളിലും രാത്രി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരു വാട്ടർ ഫൗണ്ടനും, ലേയ്സർ ദീപക്കാഴ്ചയും, വെളിച്ചത്തിന്റെ വർണ്ണലോകം വിരിയിച്ചുകൊണ്ട്‌ ഒരു കരിമരുന്ന്‌ പ്രയോഗവുമുണ്ട്‌. അതു കാണേണ്ട കാഴ്ചതന്നെയാണത്രേ. തണുപ്പുണ്ടാവും, സ്വെറ്ററും കരുതണം, ആഷിക്‌ സൊ‍ാചന തന്നു.
8.5 മണിയോടെ, സന്ദർശകർക്ക്‌ വെള്ളച്ചാട്ടവും ദീപക്കാഴ്ചയും വ്യക്തമായി കാണാൻ പാകത്തിൽ കെട്ടിയൊരുക്കിയിരുന്ന വിശാലമായ ഒരു ബേസിനരികെ ഞങ്ങളെത്തി. ഒരു വലിയ ജനക്കൂട്ടം ഇതിനകം അവിടെ തമ്പടിച്ചിരുന്നു. പലരും വീഡിയോ ക്യാമറകൾ സ്റ്റാന്റുകളിലുറപ്പിച്ച്‌, ലേയ്സർ ദീപക്കാഴ്ചയും വിവിധ വർണ്ണങ്ങളുടെ നിഴലിൽ പ്രവർത്തിക്കുന്ന ജലഫൗണ്ടനും, അതുകഴിഞ്ഞ്‌ കൃത്യം 9 മണിക്കുള്ള കരിമരുന്ന്‌ പ്രയോഗവും ചിത്രീകരിക്കാൻ കാത്തുനിൽക്കുന്നു.
മനോഹരമായ ഒരു കാഴ്ച തന്നെയായിരുന്നു ജലധാരകളുടേത്‌. വിവിധ വർണ്ണവെളിച്ചങ്ങളുടെ പശ്ചാത്തലത്തിൽ വളഞ്ഞും പുളഞ്ഞും നൃത്തം വയ്ക്കുന്ന ജലധാരകൾ.
എല്ലാവരും വീർപ്പടക്കി കാത്തിരുന്നത്‌ 9 മണിയാവാനാണ്‌. കൃത്യസമത്ത്തന്നെ കരിമരുന്ന്‌ പ്രയോഗം ആരംഭിച്ചു.
ഹാ! എന്തുഭംഗിയാണ്‌ ആ ദീപക്കാഴ്ചയ്ക്ക്‌. എന്തെന്തു നിറങ്ങളിലാണ്‌ അഗ്നിസ്ഫുലിംഗങ്ങൾ ഇരുൾമൂടിയ അന്തരീക്ഷത്തിൽ ചിന്നിച്ചിതറുന്നത്‌. വെളിച്ചത്തിന്റെ ഒരു മാസ്മര ലോകം. ഒരു ഭൂഗോളത്തിന്റെ വലിപ്പത്തിൽ കുടവിടർത്തി താഴേയ്ക്ക്‌ പതിക്കുന്ന പ്രകാശക്കുമിളകൾ.
തൃശ്ശൂർ പൂരത്തിനാണല്ലോ നമ്മുടെ നാട്ടിൽ ഏറ്റവും വലിയ വെടിക്കെട്ടും കരിമരുന്ന്‌ പ്രയോഗവും. അതും മണിക്കൂറുകൾ തന്നെ നീളുന്ന കരിമരുന്ന്‌ പ്രയോഗം. എന്നാലിവിടെയോ, കേവലം അരമണിക്കൂർകൊണ്ട്‌ ലോകത്തുള്ള മറ്റെല്ലാ കരിമരുന്ന്‌ പ്രയോഗങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട്‌ വർണ്ണരാജികളുടെ അത്ഭുതകരമായ ഒരരങ്ങേറ്റം. ചില രംഗങ്ങൾ മാത്രം ഞാൻ ക്യാമറയിൽ പകർത്തി.
9.30- ന്‌ ഈ പരിപാടിക്ക്‌ തിരശ്ശീലവീണപ്പോൾ മനസ്സിലുണ്ടായ നഷ്ടബോധത്തിന്റെ ആഴം അളക്കാനാവില്ല.
നല്ല തണുപ്പുണ്ടായിരുന്നു, സ്വെറ്ററെടുത്തത്‌ നന്നായി; ഹോട്ടലിലേയ്ക്ക്‌ മടങ്ങി.
phone: 9895180442

Saturday, January 2, 2010

സമന്വയത്തിന്റെ ലാവണ്യം

desamangalam ramakrishnan



" എന്റെ ജ്യേഷ്ഠന്റെ ജീവൻ ഹരികുമാറിന്റെ ഈ ആസ്വാദനം അറിയുമെന്നു തന്നെ ഞാൻ കരുതുന്നു" എന്ന്‌ ഒ.വി.ഉഷ. "ഒരു ഋഷിയോട്‌ പ്രകടിപ്പിക്കേണ്ട കൃതജ്ഞതയുടെയും നീതിയുടെയും വിനീതമായ ഒരു നിദർശനമാണിത്‌..." എന്ന്‌ എം.ലീലാവതി - എം.കെ.ഹരികുമാറിന്റെ 'നവാദ്വൈതം വിജയന്റെ നോവലുകളിലൂടെ' എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണിവ. സൈദ്ധാന്തികവും പ്രതികരണാത്മകവുമായ ഹരികുമാറിന്റെ വിചിന്തനങ്ങളെ അടുത്തു കാണിച്ചു തരുന്നുണ്ട്‌ ഈ സ്പർശിനികൾ. മതം, തത്ത്വം, സംസ്കൃതി, സൂക്ഷ്മവിനിമയങ്ങൾ, കാഴ്ച എന്നീ ഖണ്ഡങ്ങളിലേയും ഉപഖണ്ഡങ്ങളിലേയും സൂക്ഷ്മമായ പ്രതികരണക്കുറിപ്പുകൾ ഒ.വി.വിജയൻ എന്ന വ്യക്തിയുടെ സത്തയും ആ സത്ത കിനിഞ്ഞിറങ്ങുന്ന ആഖ്യാനാവിഷ്കാരങ്ങളുടെ വിവിധതലങ്ങളും വ്യുൽപാദിപ്പിക്കുന്നു 'ഖസാക്കിന്റെ ഇതിഹാസം'മുതൽക്കുള്ള വിജയരചനകളിലെ 'അനുഭവത്തിന്റെ സിംഫണി' വായനക്കാരനിലേക്കു സംക്രമിപ്പിക്കാൻ പോന്ന ഒരു ആസ്വാദനരീതിശാസ്ത്രമാണ്‌ ഹരികുമാർ ഇവിടെ കൈക്കൊണ്ടിട്ടുള്ളത്‌. യുക്തികളുടെ വരട്ടുതത്ത്വശാസ്ത്രത്തെവെടിഞ്ഞുകൊണ്ടുള്ള, നൈസർഗ്ഗികതയുടെ രീതിശാസ്ത്രം പുലർത്തുന്ന, വിജയന്റെ ആഖ്യാനങ്ങളെ അതേപരിമാണത്തോടെത്തന്നെയാണ്‌ ഈ നിരൂപകൻ സമീപിച്ചിട്ടുള്ളത്‌. വിജയൻ "ഒരു പാരമ്പര്യത്തെയും അതേപടി പൈന്തുടർന്നിട്ടില്ല. അതേ സമയം, വലിയ പാരമ്പര്യത്തെ, സ്മൃതിയിലും ബോധത്തിലും ആഴത്തിൽ ചലനമുണ്ടാക്കിക്കൊണ്ടിരിക്കുന്ന പൗരാണികതയെ നിരന്തരം ജപിച്ചുവരുത്തി പുതിയ വിതാനങ്ങളിലൂടെ അനുഭവശാസ്ത്രമാക്കി മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു." എന്ന വിലയിരുത്തൽ പാളിപ്പോയിട്ടില്ല. അനുഭവങ്ങളുടെ ഭൂപ്രദേശമാണ്‌ പൗരാണികതയെന്നും അത്‌ വെറും ചരിത്രമോ സംഭവമോ അല്ലെന്നും ഹരികുമാർ ബോധ്യപ്പെടുത്തുന്നുണ്ട്‌. പൗരാണികതയെ സമകാലിക ജീവിതത്തിന്റെ അവിഭാജ്യമായ ഊർജ്ജമാക്കിമാറ്റുന്ന എഴുത്തുകാരന്റെ വ്യക്തിസത്ത യാത്രയെയും വഴിയെയും രണ്ടായി കാണുന്നില്ല. നിശ്ശബ്ദതയിൽ കൂടണഞ്ഞു ജ്വലിക്കുന്ന മനുഷ്യന്റെ 'യാന്ത്രികവും നിരാസ്പദവുമായ നിരാശ'യെ പറ്റിയാണ്‌ വിജയൻ എഴുതുന്നത്‌. മയിലിന്റെയും ഇലയുടെയും നിറങ്ങൾ ഇണചേരുന്ന ഒരു പ്രകൃതിയും മനുഷ്യപ്രകൃതിയും തേടിയുള്ള അനാദിയായ യാത്രയുടെ വ്യർത്ഥതയിലേക്കാണ്‌ അത്‌ വിരൽചൂണ്ടുന്നത്‌. കൃഷ്ണനീലിമയുടെ പൊരുൾ തേടലാണ്‌ ഈ യാത്രയെ തെല്ലെങ്കിലും സാർത്ഥകമാക്കുന്നത്‌. ഇങ്ങനെ വിജയന്റെ ആഖ്യാനങ്ങൾ വിരുദ്ധ ദ്വന്ദ്വങ്ങളുടെ സംഘർഷവും ലയവുമായി അനുഭവപ്പെടുന്നു. പരോക്ഷതകളുടെ അകക്കളങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നാടകമാണിത്‌.
വിജയൻ എഴുതിത്തുടങ്ങുന്ന കാലത്ത്‌ മിക്ക എഴുത്തുകാർക്കും പൂർണ്ണരായ മനുഷ്യരെ അവതരിപ്പിക്കാനായിരുന്നു താൽപര്യമെന്നും അതിനു നേർവിപരീതമാണ്‌ വിജയന്റെ രീതിയെന്നും മാമൂലുകൾക്കനുസരിച്ചുള്ള കഥാപാത്രസൃഷ്ടിയിൽ മുഴുകി സ്വയം ബന്ധനസ്ഥനാകാൻ അദ്ദേഹം ആഗ്രഹിച്ചില്ലെന്നും ഹരികുമാർ പറയുന്നു. അദ്ദേഹം അങ്ങനെ മലയാള നോവലിന്റെ ബന്ധങ്ങളെ അഴിച്ചു എന്നു കാണിക്കാനാണ്‌ ഹരികുമാർ ഈ ബൃഹദ്പഠനത്തിൽ ശ്രമിച്ചിട്ടുള്ളത്‌. മലയാള നോവൽ 'ഖസാക്കിന്റെ ഇതിഹാസ'ത്തിനും മുമ്പും പിമ്പും എന്നൊരു ബലതന്ത്രം സ്ഥാപിക്കാൻ തന്നെ ഒ.വി.വിജയനു കഴിഞ്ഞുവേന്ന്‌ ഈ പഠനം വെളിപ്പെടുത്തിത്തരുന്നുണ്ട്‌. 1970-ലെ ഓടക്കുഴൽ സമ്മാനം ആ കൃതിക്കാണ്‌ കിട്ടിയത്‌. അന്ന്‌ ജി.ശങ്കരക്കുറുപ്പ്‌ എൻ.വി.കൃഷ്ണവാരിയർക്കെഴുതി: "ഖസാക്കിന്റെ ഇതിഹാസം സമ്മാനാർഹമായി പ്രഖ്യാപിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. കേരളത്തിലെ 'വെർജിൻ' മണ്ണുള്ള ഒരുതടത്തിൽ വേരൂന്നിയ അനുഭവങ്ങളുടെ മനോഹരമായ നവീനാവിഷ്കാരമാണ്‌ വിജയന്റെ ഗദ്യകാവ്യം. ആധുനികന്മാരും അത്യാധുനികന്മാരും കേരളത്തിന്റെയും ഭാരതത്തിന്റെയും ജീവിതത്തടങ്ങളിൽ ഇങ്ങനെ പ്രതിഭയെ സഞ്ചരിപ്പിച്ചിരുന്നെങ്കിൽ!". ഈ ആശ്ചര്യവും പ്രശംസയും ഇന്നും ചൂടാറാതെ നില നിൽക്കുകയാണല്ലോ.
ഇതിഹാസത്തിന്റെ വരവോടെയാണ്‌ കവിതയ്ക്കു തുല്യമായ നിലയിൽ നോവലിനു പഠനങ്ങൾ ഉണ്ടായിത്തുടങ്ങിയതെന്ന ഹരികുമാറിന്റെ അഭിപ്രായം അർത്ഥവത്താണ്‌. അദ്ദേഹത്തിന്റെ 'ആത്മായനങ്ങളുടെ ഖസാക്ക്‌' തന്നെ ഉദാഹരണം. കാവ്യാത്മകമായ അനുഭവസാന്ദ്രത ഗദ്യത്തിൽ സംഭവിച്ചതിന്റെ തിരിച്ചറിവാണ്‌ ഇതിനുപ്രേരകമെന്ന്‌ അദ്ദേഹം കണ്ടെത്തുന്നു. "ഖസാക്ക്‌ നൽകിയ ചിന്തകളുടെ, അനുഭൂതികളുടെ, മഴ അപാരമായിരുന്നു. ജീവിതത്തിന്റെ നേർക്ക്‌ നവീനമായൊരു ആദ്ധ്യാത്മികവിശുദ്ധിയും നഗ്നതയും പ്രദർശിപ്പിക്കാൻ ഈ നോവലിനു കഴിഞ്ഞു. മുമ്പൊരിക്കലുമില്ലാത്ത മനോവിചാരങ്ങളുടെ ഹിമസാഗരങ്ങൾ അത്‌ നൽകി" എന്ന്‌ പറയുന്നിടത്ത്‌ ഈതിബാധകളില്ലാത്ത വിവൃതമായ സഹൃദയത്വമാണ്‌ മുന്നിട്ടുനിൽക്കുന്നത്‌. "ജീവിതത്തെ അപഗ്രഥിക്കുകയോ, നിലപാടുകളിലോ നിക്ഷിപ്തനിഗമനങ്ങളിലോ എത്താൻ ശ്രമിക്കുകയോ ചെയ്യാതെ സൗന്ദര്യാത്മകതയുടെ സാധ്യതകൾ തേടുകയാണ്‌ ഒ.വി.വിജയൻ" എന്നെഴുതുമ്പോൾ നിരൂപകന്റെ വിശകലനബുദ്ധി തെളിഞ്ഞുവരികയും ചെയ്യുന്നു. ധർമ്മപുരാണം, മധുരംഗായതി, ഗുരുസാഗരം, പ്രവാചകന്റെ വഴി, തലമുറകൾ എന്നീ ആഖ്യാനങ്ങളെക്കുറിച്ചുള്ള ആസ്വാദനവിശകലനങ്ങളുടെ നിലപാടുതറയും ഇതുതന്നെയാണ്‌. നൈരന്തര്യഭംഗമില്ലാതെ, ആത്മവഞ്ചനയില്ലാതെ, ഹരികുമാർ വിജയനെ വെളിപ്പെടുത്തുന്നു; ഒപ്പം സ്വയം വെളിപ്പെടുത്തുകയും ചെയ്യുന്നു. ഒരു ജന്മത്തിൽ, ഒരു അനുഭവത്തിൽ, സംഭവിക്കുന്ന അനേകം ധാതുക്കളുടെ പ്രയാണം അനുഭവിപ്പിക്കാൻ ഒ.വി.വിജയന്‌ തന്റെ കൃതികളിലൂടെ സാധിക്കുന്നു. "ലോകം ഏൽപ്പിക്കുന്ന അംഗീകൃതമായ തത്ത്വശാസ്ത്രങ്ങളുടെ ആവർത്തനമല്ല വിജയന്റെ ദർശനം" എന്ന കണ്ടെത്തലിലാണ്‌ ഹരികുമാറിന്റെ നവാദ്വൈത സങ്കൽപനം തൃപ്തിപ്പെടുന്നത്‌. വ്യാവഹാരിക ലോകത്തുവെച്ച്‌ നിഗ്രഹിക്കപ്പെട്ട പേലവ സങ്കൽപങ്ങളെയും അറിവുകളെയും അടുത്തുകാണിച്ചുതരുന്നു ഇത്‌.
നമ്മുടെ കാലത്തിന്‌ നഷ്ടമായ ആത്മസാധ്യതകൾ വീണ്ടെടുക്കുക എന്ന അർത്ഥത്തിലാണ്‌ ഹരികുമാറിന്റെ നവാദ്വൈതസങ്കൽപനം. വൈരുദ്ധ്യാത്മകതലങ്ങളുടെ ആഗിരണവും നിരാസവും ഒന്നിച്ചുനടക്കുന്ന ഒരു പ്രക്രിയയാണത്‌. മതേതരവും സംഘേതരവുമായ ഒരന്വേഷണമാണത്‌. 'വായുവിന്റെ, പൂവിന്റെ, ജലത്തിന്റെ കവിത എന്നതുപോലെയാണ്‌ ഇതിന്റെ അവസ്ഥ' എന്ന്‌ ഹരികുമാർ പറയുന്നു. പൂർവവിധികളെ മറികടന്ന്‌ മുന്നോട്ടുപോകുന്ന ഭാഷാ ദർശനവും ദർശനശൈലിയും ഒ.വി.വിജയന്റെ എല്ലാ കൃതികളിലും സമന്വയത്തിന്റെ ആത്മീയത പ്രസരിപ്പിക്കുന്നുണ്ട്‌. "ഭാഷയെ മന്ത്രധ്വനിയാക്കി, മൗനത്തിന്റെയും വചനത്തിന്റെയും സമന്വയത്തിലൂടെ പ്രപഞ്ചസാരാംശത്തിലേയ്ക്കു നയിക്കാൻ കഴിയുമ്പോഴാണ്‌ അതിനു സ്വന്തമായി ദർശനം കിട്ടുന്നത്‌." വിജയന്റെ ഭാഷയ്ക്ക്‌ ഈ സിദ്ധിയുണ്ടെന്ന്‌ ഹരികുമാർ സ്ഥാപിക്കുന്നു. സ്നേഹത്തിന്റെ മൃതിസ്വരങ്ങൾ, ചിരിയുടെ ഉപനിഷത്ത്‌, മരിച്ച ആത്മാക്കളുടെ പ്രതിഫലമായ ജഡങ്ങൾ, ചുംബനത്തിന്റെ ആർദ്രസംഗീതം ശൈവസർപ്പങ്ങളുടെ ലാസ്യമായിനീണ്ടു, നിരന്തരതയുടെ സാരം, ദേഹം വെടിഞ്ഞ മിഥുനങ്ങൾ, പുറപ്പാടുകളുടെ കമാനമായ ആകാശം - ഇങ്ങനെ ഭാഷയെ നവമായൊരു അദ്വൈതദർശനത്തിലേയ്ക്കുയർത്തിയെന്നതാണ്‌ ഒ.വി.വിജയന്റെ മഹത്തായ സംഭാവന - അദ്ദേഹത്തിന്റെ മിക്ക കൃതികളുടെയും സൂക്ഷ്മസ്പർശിനിയാണിത്‌.

നവാദ്വൈതം വിജയന്റെ നോവലുകളിലൂടെ
എം.കെ.ഹരികുമാർ
കറന്റ്‌ ബുക്സ്‌, കോട്ടയം വില - 135 രൂപ

രക്തരക്ഷസ്സുകൾ

m k janarddanan



ചൂടുള്ള ഒരു വാർത്തക്കു പിൻപറ്റി പത്രപ്രവർത്തകനായ ഫക്രുദ്ദീൻ ന്യൂയോർക്കു സിറ്റിയുടെ തെരുവോരത്ത്‌ നിൽക്കുകയാണ്‌. 'ദി ട്രൂത്ത്‌' മാഗസിന്റെ എഡിറ്റർ കൂടിയായ അയാൾ അംബര ചുംബികളായ കെട്ടിടങ്ങൾക്കു താഴെ ചിതറി ചലിക്കുന്ന പരശതം വാഹനത്തിരക്കിൽ ഒരു ടാക്സി കൈകാട്ടി നിർത്തിച്ചു. അയാൾ കയറിയിരിക്കവെ ടാക്സി നീങ്ങി.

ഡ്രൈവർ തിരക്കി.:വെയർ ടുഗോ" അയാൾ പറഞ്ഞു

"ഫോർട്ട്‌ ഹുഡ്‌ മിലിട്ടറി സെന്റർ"
ഫക്രുദ്ദീൻ പറഞ്ഞ സൈനിക കേന്ദ്രത്തെ ലക്ഷ്യമാക്കി ടാക്‌സി നീങ്ങി.

നിരീക്ഷകനും സത്യാന്വേഷിയും ,നീതിയുടേയും നന്മയുടേയും ,പത്രപ്രവർത്തകനുമായ ഫക്രുദ്ദീൻ ഓർക്കുകയായിരുന്നു. ഭഗവത്‌ഗീതയും ബൈബിളും പോലെ വിശുദ്ധഖുറാനും ഒരു മഹൽ ഗ്രന്ഥം‌ ആണ്‌.. ആരേയും അനാവശ്യമായി ഹിംസിക്കാനുള്ള സന്ദേശം അതിലില്ല. എന്നാൽ അഫ്‌ഘാനിസ്ഥാന്റേയും പാക്കിസ്ഥാന്റേയും ഇടക്കുള്ള ഗോത്രവർഗ്ഗങ്ങളുടെ മേഖലയിൽ ,നിരപരാധികളുടെ കൊലയാളി ബിൻലാദന്റേയും ,മതത്തിന്റെ യാഥാസ്ഥിതിക- പ്രാകൃത വിശ്വാസികളായ താലിബാന്റേയും ,ദുർബോധനങ്ങളുടെ ഫലമായി ഖുറാന്റെ വിശുദ്ധാക്ഷരങ്ങളിൽ ചോര പുരണ്ടിരിക്കുന്നു. താനുൾപ്പെടെയുള്ള ഇൻഡ്യയിലെ നല്ലവരായ മുസ്ലീം‌ങ്ങൾ അവരുടെ നീചത്വങ്ങളെ എതിർക്കുന്നു. ,വെറുക്കുന്നു.
ടാക്‌സി ഫോർട്ടു ഹുഡ്‌ സേനാകേന്ദ്രത്തിലെത്തി നിന്നു. പത്രപ്രവർത്തകൻ ഇറങ്ങി. ടാക്സിതെരുവിൽ കലർന്നു മറഞ്ഞു. മനോരോഗവിദഗ്‌ദ്ധൻ ഡോ:നിദാൽ ഉതിർത്ത വെടിയുണ്ടകളിൽ മൃതിയടഞ്ഞവരുടെ ദാരുണ വാർത്തകളുടെ ദൃക്‌സാക്ഷിയാവാൻ എത്തിയതാണ്‌.വളരെ കഷ്ടപ്പെട്ടു നേടിയ ജേർണ്ണലിസ്റ്റ്‌ പാസ്സുള്ളതുകൊണ്ടാണ്‌ അകത്ത്‌ കടക്കാനിടയായ്ത്‌. രേഖകൾ അരിച്ചുപെറുക്കി നോക്കിയ ശേഷമാണ്‌ അതിവിപുലമായ ആ ഏരിയായിലേക്ക്‌ സൈനികർക്കുപോലും പ്രവേശനം അനുവദിച്ചത്‌.ഗേറ്റ്‌ പാറാവുകാരൻ അയാൾക്കു നേരെ ഗൺ ഉയർത്തി. പാസ്‌ പരിഷോധിച്ചശേഷം അകത്തേക്കു നടക്കാൻ അനുവദിച്ചു. വാർത്തകൾ കൈയ്യിലാക്കാൻ ഇനിയും അലയേണ്ടിയിരിക്കുന്നു. അതിനിടയിൽ തന്നെക്കുറിച്ചും അയാൾ ഓർത്തുപോയി. ഒരു ജന്മം മുഴുവനും ഉൾച്ചൂടിയ സംഘർഷാനുഭവങ്ങൾ...............
നിറഞ്ഞതാണ്‌ തന്റെ ജീവിതയാത്രകൾ. കാഴ്‌ച്ചകളിലെ ജനജീവിതങ്ങൾ വിവിധ നാടുകൾ വിവിധ ഭാഷക്കാർ .അവയെല്ലാം തന്നിലുണർത്തിയെടുത്ത അവബോധങ്ങൾ. വിശ്വമാനവീയത. ഇതിനിടയിൽ നഷ്ടപ്പെട്ടവയുടെ കണക്കുകളിൽ വീട്‌,കുടുംബം, ഭാര്യ, കുട്ടികൾ .അങ്ങിനെയുള്ള സ്വപ്‌നങ്ങൾ ഒന്നും തനിക്കില്ല. ശാന്തിയറ്റു പോയ ലോകത്തിൽ ഒരർത്ഥത്തിൽ അതൊരു ബാദ്ധ്യതയായി ഇല്ലാത്തതും ഭാഗ്യം. തന്റെ റിസേർച്ചുകളും, പഠനങ്ങളും ഒരു ജന്മത്തിന്റെ മുഴുവനും തപോഫലമാണ്‌.നിദാന്തശ്രദ്ധാലുവായി അറിവിനു വേണ്ടി അലഞ്ഞിട്ടുണ്ട്‌. അനുഭവങ്ങൾ എണ്ണമറ്റതാണ്‌. അനാഥ ബാല്യം, നാടു ചുറ്റൽ, ഒടുവിൽ പതിനഞ്ചാം വയസ്സിൽ ബോംബെയുടെ തെരുവുകളിൽ ഫുട്‌പാത്തിൽ ഉറക്കം. ഫർണ്ണീച്ചർ കടയിലെ ഹെൽപ്പർ ജോലി. ആംഗ്യഭാഷ.അതിനിടയിൽ നൈറ്റ്‌ സ്കൂളിൽ ചേർന്നുള്ള പഠനം.ഡിഗ്രി വരെ.ഇന്ത്യാപാക്‌ യുദ്ധം. തൊഴിൽ നഷ്ടം. പട്ടിണി, മൂന്നു ദിവസമാണ്‌ പച്ചവെള്ളം മാത്രം കുടിച്ചുകൊണ്ട്‌ തള്ളി വിട്ടത്‌. ജീവിതത്തിൽ നേരിട്ടിട്ടുള്ളതിൽ ഏറ്റവും കടുത്ത അനുഭവം .നാട്ടിൽ ഉമ്മയേയും സഹോദരങ്ങളേയും വേർപ്പെട്ടതിലുള്ള ഒരേകാന്തന്റെ നൊമ്പരങ്ങൾ. അനുഭവങ്ങൾ ചേർത്തുവെച്ച്‌ ഒരു പുസ്തകമെഴുതി പ്രസിദ്ധീകരിക്കണമെന്ന മോഹം പോലും പൂവണഞ്ഞില്ല. പണത്തിന്റെ കുറവ്‌. തന്റെ ഉയർച്ചക്കുവേണ്ടി ആരോടും യാജിച്ചില്ല. നിലനില്പ്പിനുവേണ്ടി ദൈവത്തിനോടു പോലും. .ആകയാൽ വിശുദ്ധിയുള്ള അഴുക്കു പുരളാത്ത ഒരു മനസ്സല്ലാതെ, സർവ്വശക്തനായ അല്ലാഹു പോലും ഒന്നും തന്നില്ല. നന്മകൾ മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്കു കിട്ടുന്ന യാതനയുടെ കൂടെ പര്യായപദമാണ്‌ അല്ലാഹു എന്നു തോന്നി. എഴുത്തിന്റെ തട്ടകങ്ങൾ പുറം പൂച്ചുകാരെക്കൊണ്ടും ,സ്വയശഃപ്രാർത്ഥികളെക്കൊണ്ടും നിറഞ്ഞിരിക്കുന്നു.ഇത്തരക്കാർക്കിടയിലൊന്നും ഫക്രുദ്ദീന്റെ രചനകൾക്കു സ്ഥന്മുണ്ടായില്ല. പല എഡിറ്റർമാർക്കും അക്ഷരങ്ങളോട്‌ പ്രതിബദ്ധതയില്ല. വിൽപ്പനക്കുള്ള വിഭവങ്ങൾ തേടി നിരത്തലാണവരുടെ ജോലി. രാഷ്ട്രീയവ്യാപാരികളും ആത്മീയക്കച്ചവടക്കാരും ഓരേ നാണയത്തിന്റെ രണ്ടു പുറങ്ങൾ.ഇതിനെല്ലാം ഇടയിലാണ്‌ സത്യാന്വേഷിയായ ഫക്രുദ്ദീൻ എന്ന പത്രപ്രവർത്തകന്റെ കർമ്മപഥങ്ങൾ. അത്‌ ക്ലേശങ്ങൾ നിറഞ്ഞതായില്ലെങ്കിലേ അല്‍ഭുതമുള്ളു. ഇതിനിടയിലാണ്‌ ` ആ വാർത്തയുടെ ഹിന്റ്‌ കിട്ടിയത്‌. ഇതിനു മുൻപ്‌ ഇങ്ങിനെയൊരു സംഭവം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. അമേരിക്കയിൽ ജനിച്ചു വളർന്ന പശ്ചിമേഷ്യൻ വംശജൻ ഡോ:നിദാൽ എന്ന 39-കാരൻ 50000 വരുന്ന അമേരിക്കൻ സേനയിലെ ഒരു മേജർ, തന്റെ ബറ്റാലിയനിലെ സൈനികരുടെ നെഞ്ചിനു നേരെ മാറി മാറി നിറയൊഴിച്ചു.12 പേർ തൽക്ഷണം മരിച്ചുവീണു. ഒരു സിവിലിയനേയും അയാൾ കൊന്നു. 13 പേരുടെ ചോരക്കളങ്ങൾ അതിലേറെ ആകാംക്ഷ നിറഞ്ഞതായിരുന്നു. അടുത്ത മോമന്റ്‌ ,ഒരു വനിതാ സൈനിക ഓഫീസർ മേജറുടെ ശരീരത്തിലേക്കു 4 നിറയുതിർത്തു. മേജർ തറ പറ്റി. സുരക്ഷാഗാർഡുകൾ വേഗം അയാളെ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയിലൂടെ ജീവൻ നിലനിർത്തി . മരിച്ച സൈനികരുടേയും അവരുടെ ബന്ധുമിത്രാദികളുടെയും സ്ഥിതിയോ? 50000 സൈനികവ്യൂഹത്തിന്റെ ബിരുദദാനച്ചടങ്ങുകൾ നടക്കുന്നതിനിടയിലാണ്‌ ദാരുണമായ ഈ സംഭവം അരങ്ങേറിയത്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമ അപലപിച്ചു. "ഷേം ഇറ്റ്‌ കാണ്‍‌ട്‌ സഫർ" ഇതു സഹിക്കാനാവില്ല.

ഈ സംഭവത്തിന്റെ നൈതികതക്കു ഫക്രുദ്ദീൻ ഉത്തരം തേടുകയായിരുന്നു. അമേരിക്കയിൽ പഠനം പൂർത്തിയാക്കി സൈനിക ഡോക്‌ടറായി ഉദ്യോഗം നേടിയെങ്കിലും തനിക്കേറ്റ വംശീയക്ഷതങ്ങൾക്കുള്ള മറുപടിയായിരുന്നത്രേ ഈ കൂട്ടക്കുരുതി. എത്ര നീചമായ പ്രവർത്തി! മരിച്ചുവീണ പട്ടാൾക്കാരൻ പോലും അയാളുടെ ശത്രുവായിരുന്നില്ല. ഇങ്ങിനെയാണ്‌ ലോകത്തിന്റെ ഏറ്റവും പുതിയ ക്രൂരതകൾ അരങ്ങേറുന്നത്‌.മനോരോഗികളെ ചികിത്സിക്കുന്ന ഡോക്‌ടറായ മനോരോഗിയുടെ പ്രതികാരം.ആരോടെന്നു പോലും ഒന്നു ചിന്തിക്കുന്നതിനു മുമ്പ്‌ നിരപരാധികൾക്കു നേരെ ഇവർ ഡ്രാക്കുളയെപ്പോലെ മനസ്സിന്റെ ശവപ്പെട്ടിയിൽ നിന്നും ഉണർന്നേറ്റു വന്ന്‌ ആരുടെയെങ്കിലും ചോരകുടിച്ചു ദാഹമകറ്റുന്നു. ഇത്തരം പിശാചുക്കളോട്‌ ഫക്രുദ്ദീന്‌ കഠിന വെറുപ്പാണ്‌. ഫക്രുദ്ദീൻ ഇസ്ലാമിൽ വിശ്വസിക്കുന്നു. ഇസ്ലാം നിരന്തര പ്രാർത്ഥനയുടെ സ്നേഹത്തിന്റെ സക്കാത്തിന്റെ പലിശനിഷേധത്തിന്റെ മദ്യത്തിന്റേയും ചൂതുകളിയുടേയും നിഷേധത്തിന്റെ മതമാണ്‌. മനോരോഗികളായ മതഭ്രാന്തന്മാർക്കു ,പാഠഭേദം എഴുതിചേർക്കാനുള്ള മതമല്ല., കൊലയല്ല സ്നേഹമാണ്‌.സകല മതങ്ങളുടേയും അടിസ്ഥാന സന്ദേശം. ജീവ നിഗ്രഹമല്ല ജീവന്റെ ഉയിർപ്പാണ്‌ ലക്ഷ്യം. ശാന്തി നിലനിർത്താനുള്ള ആയുധം ബോംബുകളും തോക്കുകളുമല്ല. സ്നേഹമാണ്‌. മനോരോഗിയ ചികിത്സിക്കുന്ന ഡോ;നിദാലിനെപ്പോലെയാണ്‌. ഇന്നത്തെ ലോകത്തിന്റെ നിയന്ത്രണ കേന്ദ്രങ്ങളും അതിന്റെ സംവിധാനങ്ങളും. സകല നാശങ്ങളുടേയും പ്രഭവം അവിടെനിന്നാണ്‌.ഒപ്പം കണ്ടുമുട്ടിയ ഒരു ലേഖകൻ ഫക്രുദ്ദീനോട്‌ ചോദിച്ചു. മി.ഫക്രുദ്ദീൻ വം‌ശീയ പീഡനം " ഇറ്റ്‌ ഈസ്‌ എ ട്രൂത്ത്‌...ഫോർ എക്സാമ്പിൾ ഓസ്ട്രേലിയ. ".ഡോ നിദാലിനെ പൂർണ്ണമായും കുറ്റപ്പെടുത്താമോ?
ഡഫിനിറ്റിലി കൊലപാതകം നിഷിദ്ധമാണ്‌. സീ മി അരുൺഘോഷ്‌.ലോർഡ്‌ ബുദ്ധ അഹിംസ പ്രചരിപ്പിച്ചിരുന്ന ആളായിരുന്നില്ലേ.സീ നമുക്കു ഒരു മതവിശ്വാസം-എനിവൺ റിലീജിയൻ നല്ലതാണ്‌. മനുഷ്യരുടെ നേച്വർ ഒന്നാണ്‌. അപ്പോള്‍ മതങ്ങളുടെ ഫാക്‌ടറും ഒന്നാകാതെ വയ്യ. കേൾക്കു-മത വിശ്വാസിയല്ലെങ്കിലും കൊലപാതക പക്ഷക്കാരനാകരുത്‌. പ്ലീസ്‌"
അരുൺഘോഷ്‌ ന്യായവാദം ചെയ്തു. "മത ചരിത്രം കൊലകളുടെ ചരിത്രമല്ലേ?കുരിശുയുദ്ധം. ബദർ യുദ്ധം, മഹാഭാരതയുദ്ധം ,അങ്ങിനെ?

"രാഷ്ട്രീയ ചരിത്രവും കൊലകളുടെ ചരിത്രമല്ലേ?
"ഹിറ്റ്‌ലറും അലക്സാണ്ടറും വിപ്ലവ ആഹ്വാനക്കാരും എല്ലാവരും ധാരാളം കൊലകൾ ചെയ്തവരല്ലേ? രണ്ടു മഹായുദ്ധങ്ങളെ, ജനങ്ങൾക്കു നേരിടേണ്ടി വന്നില്ലേ? രാഷ്ട്രീയ ചരിത്രം ചികഞ്ഞാൽ മൂല്യമുള്ളവർ വളരെ കുറവ്‌. കോടികളിൽ ഒരു ഗാന്ധി., ഒരു ലിങ്കൺ ,ഒരു ലൂതർ കിംഗ്‌.തീർന്നു. മതതത്ത്വങ്ങൾ പരിശോധിക്കു. എടുത്താലും തീരാത്ത മൂല്യങ്ങളുടേയും പൊരുളുകളുടേയും ഖാനികളാണവ. ചിന്തിച്ചു നോക്കണം. "യസ്‌ യുവർ കറക്‌ട്‌ മി.ഫക്രുദ്ദീൻ.

നിദാൽ കഠിന ദുഷ്ടൻ തന്നെ. അയാളെ തൂക്കിലേറ്റുക തന്നെ വേണം. നിദാലുമാർ ഒന്നല്ല, മരത്തിൽ ചുറ്റിവളരുന്ന ഇത്തിൾക്കണ്ണികളെപ്പോലെ എല്ലാ മതങ്ങളിലും യാഥാസ്ഥിതികരായ ഈ കൊലപാതകരുണ്ട്‌. ലോകത്തിന്റെ ധാർമ്മികതകളെ നശിപ്പിക്കുന്നതവരാണ്‌. പ്രത്യയ ശാ‍ാസ്ത്രങ്ങളുടെ , ഭരണങ്ങളുടെ എല്ലാ വേദികളിലും ജനങ്ങളെ നിയന്ത്രിക്കുന്നവർ ഇവരായിരിക്കുന്നു. ഇതനുവദിക്കരുത്‌. സത്യത്തിലും പ്രപഞ്ചത്തിലും ദൈവത്തിലും വിശ്വസിക്കുന്നവർ ഒന്നിച്ച്‌ ഒരേ ചേരിയാകേണ്ടിയിരിക്കുന്നു. ഹിന്ദുവോ, ക്രിസ്ത്യനോ ,ഇസ്ലാമോ എന്ന ഭേദം അതിനുണ്ടാകരുത്‌..അരുൺഘോഷ്‌ ചോദിച്ചു.

"മി.നിദാലിന്‌ എന്തു ശിക്ഷയാണ്‌ ചേരുക. അനേക ജീവന്റെ നിലനിൽപ്പിനായി അരുതാത്തതെന്തെങ്കിലും , അവനു അതേ ഗണത്തിൽ മാപ്പില്ല. തൂക്കികൊല തന്നെ നൽകണം. വാർത്തകൾ ഒരുക്കി. നിദാലിനു മാപ്പരുതെന്ന ലേഖനവും എഴുതി തയ്യാറാക്കി ഫക്രുദ്ദീൻ തന്റെ പത്രത്തിന്റെ ടേബിൾ നെറ്റിലേക്ക്‌ മെയിൽ ചെയ്തു. സംഘർഷവും ആധികളും ,ലോകത്തിന്റെ വിശപ്പും കണ്ണീരും ചോരയും ,പടർന്നു കിടന്ന തെരുവിലേക്കിറങ്ങി നടന്നു. ന്യൂയോർക്ക്‌ തെരുവിന്റെ വെളിച്ചങ്ങളിലൂടെ ചലിക്കുന്ന ജനസമുദ്രത്തിലെ വേറിട്ട ഒരലയായി അയാൾ ഒഴുക്കിനിടയിൽ ഒഴുകി നീങ്ങി.

കഥ

vijayakumar kalarickal

എം.എൽ.എം

പ്രചണ്ഡമായൊരു പേമാരി എന്നു വേണമെങ്കിൽ പറയാം. അങ്ങിനെയാണവൻ മങ്കാവുടിയിൽ തിരിച്ചെത്തിയത്‌. ഫോർ റജിസ്ട്റേഷൻ ബ്ലാക്‌ വാഗ്‌നറിൽ .
കറുത്ത പോളീ‍ഷ്‌ ചെയ്തു തിളങ്ങുന്ന ഷൂവിൽ ,വെളുത്ത സോക്സിൽ കരുത്ത പാന്റ്‌സിൽ ക്രീം ഷർട്ട്‌ ഇൻസേർട്ട്‌ ചെയ്‌ത്‌ ഗോൾഡൻ ബ്രൗൺ ടൈയും കെട്ടി ....
അവൻ മങ്കാവുടി പട്ടണത്തിലെ ഫുട്ട്‌പാത്തിൽ നിന്നും ചെരുപ്പുക്കച്ചവടം വിട്ടുപോയിട്ട്‌ അധികം കാലമൊന്നുമായിട്ടില്ല.
"ആരും സംശയിക്കരുത്‌. ഇത്‌ കള്ളക്കടത്തോ, കരിഞ്ചന്തയോ, മോഷണമോ, പിടിച്ചുപറിയോ , ചാത്തൻസേവയോ ,അലാവുദ്ദീന്റെ അത്ഭുതവിളക്കിൽ നിന്ന്‌ കിട്ടിയതോ ഒന്നുമല്ല" അവൻ പറഞ്ഞു.
"ചങ്കൂറ്റമുള്ളവരുടെ ബിസിനസ്സാണ്‌.,പക്കാക്കച്ചവടം. മൾട്ടിലെവൽ മാർക്കറ്റിംഗ്‌,എം.എൽ.എം."
പിന്നീടുള്ള രാത്രികളിൽ കൊണ്ടിപ്പാടത്തെ അവന്റെ അയൽക്കാരായ ഞങ്ങൾക്ക്‌ വിലകൂടിയ സ്ക്കോച്ചിന്റേയും,മൊരിച്ചകടലയുടേയും കൂടെ എം.എൽ.എം ബിസിനസ്സിന്റെ വിശേഷണങ്ങളും വിളമ്പിത്തന്നു. ആവോളം....
പകലുകളിൽ വീടുകളിൽ വെറുതെയിരിക്കുന്ന അമ്മമാരോടും പെങ്ങളുമാരോടും ഓതിക്കൊടുത്തു.
ഓത്തു കേൾക്കുന്നവർ ചെയ്യേണ്ടത്‌ രണ്ട്‌ കാര്യങ്ങൾ മാത്രം.
ചെറിയൊരു തുക മുടക്കി കമ്പനിയിൽ ചേർന്നു നിൽക്കുക. രണ്ട്‌ അടുത്ത ബന്ധുക്കളെ അല്ലെങ്കിൽ ഉറ്റ്‌ സുഹൃത്തുക്കളെ കമ്പനിയിലേക്ക്‌ പരിചയപ്പെടുത്തുക.
ആഴ്‌ച്ചയിൽ ആയിരങ്ങളാണ്‌ ചെക്കായിട്ട്‌ കൊറിയർ വഴി എത്തുന്നത്‌. ആയിരങ്ങൾ പതിനായിരങ്ങളാകും. പതിനായിരങ്ങൾ..........
അവൻ കൂട്ടിച്ചേർത്തു.
"ഇനി നിങ്ങൾക്ക്‌ രണ്ടാളുകളെ പരിചയപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും ഞങ്ങൾ ബിസിനസ്സ്‌ മുമ്പോട്ടു കൊണ്ടുപോകും. അത്‌ ഞങ്ങളുടെ ആവശ്യമാണ്‌.കാരണം ഞങ്ങൾക്ക്‌ വരുമാനം വേണം.അതോടൊപ്പം നിങ്ങൾക്കും വരുമാനം കിട്ടും. ഇത്‌ ഒറ്റക്കുള്ള ബിസിനസ്സല്ല. .ഗ്രൂപ്പായിട്ടുള്ളതാണ്‌."
കൊച്ചൊറോത പെങ്ങള്‌ വല്ലാതങ്ങ്‌ മോഹിച്ചുപോയി. കൊണ്ടിപ്പാടത്തെ പലരും. അഞ്ചുസെന്റ്‌ സ്ഥലത്ത്‌ മഴയൊലിച്ചുകിടക്കുന്ന കുശ്ശിനിയിലാണ്‌ ഒറോതപെങ്ങള്‌ താമസം. അതൊന്ന്‌ നന്നാക്കാൻ കഴിഞ്ഞാൽ.......
ഭർത്താവ്‌ മരിച്ച .അഞ്ചു മക്കളുമായിക്കഴിയുന്ന മകളെ സഹായിക്കാൻ കഴിഞ്ഞാൽ......
തൊഴിലില്ലാതെ തെണ്ടി നടക്കുന്ന മകനെ ഒന്നു കര കയറ്റാൻ കഴിഞ്ഞാൽ.....
സോസൈറ്റിയിൽ അഞ്ചു സെന്റു സ്ഥലം പണയം വെച്ച്‌ ആ ചെറിയ തുകയുണ്ടാക്കൻ സഹായിച്ചതും അവൻ തന്നെ. .കമ്പനിയിൽ ഒറോത പെങ്ങളെ ബന്ധപ്പെടുത്തി നിർത്തിയതും അവൻ തന്നെ.
താലിമാല പണയപ്പെടുത്തിയും കൊള്ളപ്പലിശക്ക്‌ പണം വാങ്ങിയും ഒറോതപെങ്ങളെ പിൻതുടരുന്നവരുണ്ട്‌..
അന്നു രാത്രി.
പിന്നെ,പിറ്റേന്നു രാത്രിയിലും ഒറോതപെങ്ങള്‌ ഒരു പാട്‌` സ്വപ്‌നങ്ങൾ കണ്ടു..
അയലത്തെ സ്നേഹിതരോടും ,ഇത്തിരി അകലെയുള്ള ബന്ധുക്കളോടും പറഞ്ഞു നടന്നു.
കെഞ്ചി നടന്നു
ആഴ്‌ച്ചകളും മാസങ്ങളും കടന്നു....
രണ്ടുപേരെ (രണ്ടുപേരെ മാത്രം)കമ്പനിക്ക്‌ പരിചയപ്പെടുത്താൻ ഒറോത പെങ്ങൾക്ക്‌ കഴിഞ്ഞില്ല.
പിന്നീടുള്ള ദിവസങ്ങളോ, ആഴ്‌ചകളോ മാസങ്ങളൊ ഒറോതപെങ്ങൾക്കായി കാത്തു നിന്നില്ല. ആരും സഹായിച്ചുമില്ല.
ഒരു നാൾ സോസൈറ്റിക്കാർ വന്ന്‌ കുശ്ശിനിക്കുള്ളിലിരുന്ന ചെമ്പു പാത്രങ്ങളും കട്ടിലും അലമാരിയും ജപ്തിചെയ്‌തുകൊണ്ടുപോകുമ്പോൾ അവൻ ഫോർ റജിസ്ട്രേഷൻ ഫോർഡ്‌ ഐക്കണിൽ മങ്കാവുടി വിട്ട്‌ പോയിക്കഴിഞ്ഞിരുന്നു.




മരണം പരസ്യമാകുന്നു


ഒന്ന്‌:ദേശീയ പ്രാദേശീയ ദിനപത്രങ്ങളുടെ (ആംഗലേയത്തിലെ, മാതൃഭാഷയിലെ)ആദ്യപേജിൽതന്നെ കാൽഭാഗത്ത്‌ അയാളുടെ മരണം അറിയിച്ചുകൊണ്ടുള്ള ഫോട്ടോയോടു കൂടിയ പരസ്യം വന്നു.
ഞങ്ങളുടെ അഭിവന്ദ്യപിതാവ്‌ ഇന്നയിടത്ത്‌ ഇന്നയാൾ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്‌ ഇന്ന ദിവസം ഇന്നസമയത്ത്‌ നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. സംസ്ക്കാരകർമ്മങ്ങൾ ഇന്ന ദിവസം ഇന്ന സമയത്ത്‌ തറവാട്ടുവളപ്പിൽ നടക്കുന്നതാണ്‌.
എന്ന്‌ സന്തപ്ത മക്കൾ, മരുമക്കൾ, ചെറുമക്കൾ,ചാർച്ചക്കാർ,അവരോടെല്ലാം ബന്ധപ്പെടുന്ന സ്ഥാപനങ്ങളുടെ പേരുകൾ, ഫോൺ നമ്പറുകൾ ...........

രണ്ട്‌:അയാളുടെ മരണശേഷം നാലാം നാൾ എല്ലാ ദിനപത്രങ്ങളുടേയും ചരമ അറിയിപ്പുപേജിൽ കാൽ ഭാഗത്ത്‌ കോളം തിരിച്ച്‌ ഫോട്ടോയോടുകൂടി ഇങ്ങിനെയെഴുതി.

ഞങ്ങളുടെ അഭിവന്ദ്യപിതാവ്‌ ഇന്നയിടത്ത്‌ ഇന്നയാൾ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന്‌ ഇന്ന ദിവസം ഇന്നയിടത്ത്‌ നിര്യാതനായ വിവരം അരിഞ്ഞുകാണുമല്ലോ. അദ്ദേഹത്തിന്റെ സഞ്ചയനം നാളെ രാവിലെ 9 മണിക്ക്‌ നടക്കുകയാണ്‌. ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി കരുതി സംബന്ധിക്കുവാൻ സാദരം ക്ഷണിച്ചുകൊള്ളുന്നു..അദ്ദേഹത്തിന്റെ വിയോഗത്തിൽ നേരിട്ടും, ഫോണിലൂടേയും ഞങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുകയും, സാന്ത്വനപ്പെടുത്തുകയും ചെയ്‌ത എല്ലാവരേയും കൃതാർത്ഥതയോടെ സ്മരിക്കുന്നു.
എന്ന്‌ മക്കൾ, മരുമക്കൾ, ചെറുമക്കൾ, ബന്ധുക്കൾ, ചാർച്ചക്കർ..................
ഉപചാരപൂർവ്വം സ്ഥാപനങ്ങളുടെ പേരുകളും, മേല്‍‌വിലാസങ്ങളും..............................
പിന്നീട്‌:
പുലകുളി,സപിണ്ഢ അടിയന്തിരത്തിന്‌,
പരമാത്മാവിൽ വിലയം ചെയ്‌തതിന്റെ വാർഷികങ്ങൾക്ക്‌
പത്രത്താളുകളിൽ വരുന്ന ഫോട്ടോ,അറിയിപ്പുകൾ വഴി അയാൾ ഇന്നും
ഉപചാരപൂർവ്വം എത്തുന്ന ചെറുമക്കളും, ബന്ധുക്കളും,ചാർച്ചക്കാരും,അവരോടു ബന്ധപ്പെട്ട സ്ഥാപനങ്ങളും വിലാസങ്ങളും വർദ്ധിപ്പിച്ചുകൊണ്ട്‌,
പരസ്യമായി.........................................

പാർപ്പിടം

k k raju



ചെലവു കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിൽ വളരെ പ്രശസ്തനായ ഒരു ആർക്കിടെക്‌റ്റിന്റെ ഓഫീസിലേക്ക്‌ അയാൾ കടന്നുചെന്നു. ഉപചാരങ്ങൾക്കു ശേഷം ഇപ്രകാരം പറഞ്ഞു
"പണം എത്ര ചെലവായിരുന്നാലും തരക്കേടില്ല. എനിക്കൊരു ലോകോസ്റ്റ്‌ വീട്‌ ഡിസൈൻ ചെയ്‌തു തരണം. "ആർക്കിടെക്‌റ്റിന്റെ മറുപടി ഒരു പുഞ്ചിരി ആയിരുന്നു
സ്വന്തമായി ഒരു ഭവനം ഒരു മനുഷ്യായുസ്സിന്റെ ഏറ്റവും വലിയ ആഗ്രഹമാണ്‌. ഇക്കാലത്ത്‌ മേൽപ്പറഞ്ഞ ആളുടെ മനോഭാവത്തിലാണ്‌` വീട്‌ നിർമ്മിക്കാൻ ഒരുമ്പെടുന്നത്‌. നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും നാം കോൺക്രീറ്റ്‌ വനങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. ഇത്‌ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ എത്ര ഭീകരമാണ്‌`. കേരളത്തിന്റെ കാലാവസ്ഥയ്ക്ക്‌ അനുയോജ്യമാണോ ഈ കോൺക്രീറ്റ്‌ വീടുകൾ.എന്നത്‌ ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്‌.

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ്‌ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ. പക്ഷേ ഇന്ന്‌ ഇവ ധൂർത്തിന്റെ പര്യായങ്ങളായിട്ടുണ്ട്‌. ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ച്‌ ഉണ്ടാക്കിയ പണം കൊണ്ട്‌ കോട്ടപോലെ ഒരു സൗധം പടുത്തുയർത്തുന്നു. എന്നിട്ടോ, അവസാനകാലം തെരുവിലോ, വൃദ്ധമന്ദിരത്തിലോ എരിഞ്ഞു തീരുന്നു. അവരുടെ ജീവിതം.

ഇന്നത്തെ പാർപ്പിട സങ്കൽപ്പം പ്രകൃതിയെ മറന്നുകൊണ്ടുള്ളതാണ്‌. പണ്ട്‌ അങ്ങനെ ആയിരുന്നില്ല. മേലോട്ട്‌ കൂരച്ചു നിൽക്കുന്ന ഓടിട്ട മേൽക്കൂരകളായിരുന്നു പഴയ വീടുകളുടെ രീതി.കൂരയുടെ ഒരു വശം വെയിലേറ്റു ചുട്ടു പഴുത്തിരിക്കുമ്പോൾ മറുവശം തണുത്തതായിരിക്കും. അത്തരം വീടുകളിൽ ചൂട്‌ കുറവായിരിക്കും. ചൂട്‌ വായു ഉയർന്ന്‌ ഓടുകൾക്കിടയിലെ സുഷിരങ്ങളിലൂടെ പുറത്തു പോകുന്നതും വീട്ടിനുള്ളിലെ ചൂട്‌ കുറയാൻ സഹായകമാണ്‌. അക്കാലത്ത്‌ വീടും മുറ്റവും ചാണകം മെഴുകുകയായിരുന്നു പതിവ്‌. പരിസരം ശുദ്ധിയാക്കുവാൻ ചാണകം കലക്കിയ വെള്ളം മുറ്റമടിച്ചു വൃത്തിയാക്കിയതിനുശേഷം തളിക്കും. ((ചാണകത്തിനകത്ത്‌ അണുനാശാകങ്ങൾ ഉണ്ടെന്നതാണ്‌ ശാസ്ത്രസത്യം.)പഴമക്കർ അതു മനസ്സിലാക്കിയിരുന്നു.
പണ്ടുകാലത്ത്‌ നിർമ്മിക്കപ്പെട്ടിരുന്ന എല്ലാ വീടുകളുടേയും ദർശനം കിഴക്കോട്ടായിരുന്നു. ശുദ്ധമായ ഇളം വെയിൽ ധാരാളം ലഭിക്കും എന്നതാണ്‌ ഗുണം. മുൻവാതിലിലൂടെ നോക്കിയാൽ പുറം വാതിൽ വരേയും പിന്നിലെ തൊടിയും കാണാം.മുറ്റത്ത്‌ നട്ടുപിടിപ്പിച്ചിരിക്കുന്ന ഔഷധ സസ്യങ്ങളിൽ തട്ടിയെത്തുന്ന ശുദ്ധവായു അകത്ത്‌ കടന്ന്‌ വരുമ്പോൾ മുറിക്കുള്ളിലെ അശുദ്ധവായു പുറത്തേക്ക്‌ പോകുന്നു. മുറിക്കകത്തെ വായു സഞ്ചാരപ്രശ്നങ്ങളാണ്‌ ഒട്ടുമിക്ക ശ്വാസകോശ രോഗങ്ങളും സൃഷ്ടിക്കുന്നത്‌.
അത്തരം ആരോഗ്യകരമായ ഗൃഹനിർമ്മാണരീതി വിസ്മൃതിയിലായി. വയൽചെളിയും, ചാണകവും കലർത്തി മെഴുകിയ തറക്ക്‌ പകരം സിമന്റ്‌ തറയുടെ കാലമായി. (വാതരോഗം പിടിപെടാൻ മറ്റൊരു കാരണം വേണ്ട)പിന്നീട്‌ മോസൈക്ക്‌ ആയി. പിന്നെ മാർബിൾ!ഇപ്പോഴോ ഗ്രാനൈറ്റ്‌ ആണ്‌ ഫാഷൻ. ഇവ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എത്ര വലുതാണ്‌`. (ഇത്തരം തറകളിൽ തെന്നിവീണ്‌ നടുവൊടിഞ്ഞ്‌ ആശുപത്രിയെ അഭയം പ്രാപിക്കുന്നവരുടെ എണ്ണവും നാൾക്കുനാൾ വർദ്ധിക്കുന്നു. മാർബിൾ,ഗ്രാനൈറ്റ്‌ എന്നിവയുടെ ദോഷം പരിഹരിക്കുവാൻ മിക്കവരും കയറ്റുപായ്‌ വിരിക്കുന്നു. എന്തു വിരോധാഭാസമാണിത്‌.
കേരളത്തിലെ കാലാവസ്ഥക്ക്‌ ഏറ്റവും അനുയോജ്യം മേലോട്ടു കൂരച്ചു നിൽക്കുന്ന ഓടിട്ട വീടുകളാണ്‌. തടികൊണ്ട്‌ പണിത മച്ചുകൂടി ഉണ്ടെങ്കിൽ ഏരെ അഭികാമ്യം.
മനുഷ്യന്റെ ആരോഗ്യത്തിന്‌ അവൻ വസിക്കുന്ന ആവാസസ്ഥാനത്തിന്‌ വളരെയേറെ പ്രാധാന്യമുണ്ട്‌. പ്രദേശത്തെ കാലാവസ്ഥ ,പ്രാദേശികമായി ലഭിക്കാവുന്ന നിർമ്മാണസാമഗ്രികൾ. ലഭ്യമായ പണം കുടുംബത്തിലെ അംഗസംഖ്യ,ഇവയെല്ലാം പരിഗണിച്ചു വേണം വീട്‌ നിർമ്മിക്കുവാൻ. ഇക്കാലത്ത്‌ കൂടുതലും അണുകുടും‌ബങ്ങളായതിനാൽ വലിയ വീടുകൾക്ക്‌ പ്രസക്തിയില്ല. ഭാര്യ,ഭർത്താവ്‌,രണ്ടു കുട്ടികൾ ഇവർക്കു താമസിക്കുവാൻ രണ്ടോ മൂന്നോ കിടപ്പുമുറി പണിയുന്നത്‌ ആവശ്യം. അതിലധികം കിടപ്പുമുറികൾ പണിയുന്നത്‌ അനാവശ്യമാണ്‌. ആവശ്യത്തിനേ വീടു വയ്ക്കാവു. ആഢംബരത്തിനാകരുത്‌.(ബിൽഡിംഗ്‌ ടാക്‌സ്‌, വില്ലേജ്‌ ടാക്‌സ്‌, ലക്ഷ്വറി ടാക്‌സ്‌ തുടങ്ങി പ്രതിവർഷം അടയ്ക്കേണ്ട കനത്ത നികുതിഭാരം ഉയർന്ന വൈദ്യുതിചാർജ്ജ്‌ എന്നിവയും ഓർമ്മയിൽ വേണം)

ഗൃഹനിർമ്മാണത്തിന്‌ വായ്‌പ്പ നൽകുന്ന സ്വകാര്യ ഹൗസിംഗ്‌ ബാങ്കുകള്‍ കൂണുപോലെ പൊട്ടിമുളച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ബാങ്കുകളിൽ നിന്നും വായ്‌പ്പയെടുത്താൽ പലിശ,കൂട്ടുപലിശ,പിഴപ്പലിശ, ഉൾപ്പെടെ വാങ്ങിയ തുകയുടെ ഇരട്ടി അടച്ചാലും കടം തീരില്ല. കാണാച്ചെലവുകൾ എന്ന കെണി വേറേയും ഉണ്ട്‌.
കടമെടുത്ത്‌ വീടു വെക്കുമ്പോൾ ഉള്ള തുകക്ക്‌ വീടു പണിയണം. പണിതീരാത്ത വീട്‌ ആകരുത്‌. വായ്‌പ്പ ആവശ്യമെങ്കിൽ നടപടിക്രമങ്ങളും ,ഇടപാടുകളും സുതാര്യമെന്ന്‌ തികഞ്ഞ ബോധ്യമുള്ള ബാങ്കുകളെമാത്രമേ ആശ്രയിക്കാവു.
പാമ്പുകൾക്ക്‌ മാളമുണ്ട്‌
പറവകൾക്കകാശമുണ്ട്‌
മനുഷ്യപുത്രന്‌ തലചായ്‌ക്കൻ
മണ്ണിൽ, ഒരിടം വേണം
phone:9495155172

നേർക്കാഴ്‌ചകൾ-------ഒരു ടൈം‌പാസ്സിന്‌

thomas neelarmatham




ഏതോ ഒരൊഴുക്കിൽ,അദ്ധ്യാപനത്തിന്റെ തീരത്തേക്ക്‌ അടിഞ്ഞുകയറിയവനാണ്‌ ഞാൻ. പഠനകാലത്ത്‌ അദ്ധ്യാപകൻ ആകണമെന്ന്‌ ആഗ്രഹമേ ഇല്ലായിരുന്നു. എന്നാൽ എന്നോടൊപ്പം കോളേജു ക്ലാസ്സുകളിൽ പഠിച്ചിരുന്ന സൂസന്‍‌ജോൺ ഒരു കോളേജദ്ധ്യാപിക ആകണമെന്നുള്ള വ്യക്തമായ കാഴ്‌ച്ചപാടോടെ പഠനത്തെ ഗൗരവമായി സമീപിച്ച പെൺകുട്ടിയായിരുന്നു. ക്ലാസ്സിലെ ഏറ്റവും സമർത്ഥയും പാഠ്യേതര വിഷയങ്ങളിൽ മറ്റുള്ളവരേക്കാൾ ഒക്കെ വളരെ താത്പര്യം പ്രകടിപ്പിച്ചിരുന്ന പെൺകുട്ടിയായിരുന്നു സൂസൻ ജോൺ. ഞങ്ങളുടെ അദ്ധ്യാപകരും സഹപാഠികളും ഒരു മികച്ച അദ്ധ്യാപികയുടെ എല്ലാ ഗുണങ്ങളും അവളിൽ കണ്ടു. ഭാവിയിൽ ഏതെങ്കിലും ഒരു കോളേജിലെ മലയാളവിഭാഗം അദ്ധ്യാപികയായി ശോഭിക്കുന്ന സൂസനെയായിരുന്നു ഞങ്ങളൊക്കെ പ്രതീക്ഷിച്ചിരുന്നത്‌.
എന്നാൽ സംഭവിച്ചതു മറിച്ചായിരുന്നു. ഇടുക്കി ജില്ലയിലെ ഏതോ പ്രമുഖ മലഞ്ചരക്ക്‌ വ്യാപാരിയുടെ മകനാണ്‌ സൂസൻ ജോണിനെ വിവാഹം കഴിച്ചതു്‌.എസ്റ്റേറ്റും കാറും ബംഗ്ലാവും സുഗന്ധ വിളകളുമുള്ള ആ കുടുംബത്തിലേക്ക്‌ വന്ന പുത്തൻ പെണ്ണ്‌ ജോലിക്കു പോകുന്ന കാര്യത്തെക്കുറിച്ച്‌ അവർക്ക്‌ ആലോചിക്കാന്‍‌ കൂടിസാധ്യമല്ല. കുളിച്ചൊരുങ്ങി അകത്തമ്മ ചമഞ്ഞിരിക്കാനും വിലകൂടിയ കാറിൽ ഭർത്താവിനൊപ്പം മുൻസീറ്റിലിരുന്ന്‌ യാത്ര ചെയ്യാനും വളരെ വേഗം സൂസൻ പഠിച്ചു. ഒരു കോളേജ്‌ അദ്ധ്യാപിക ആയിത്തീരാനുള്ള ആഗ്രഹം അങ്ങനെ അവൾ പോലുമറിയാതെ മനസ്സിൽ കിടന്ന്‌ കരിഞ്ഞുണങ്ങി.
സൂസന്റെ വിവാഹത്തിനുശേഷം ഏഴെട്ടു വർഷം കഴിഞ്ഞാണ്‌ ഞങ്ങൾ തമ്മിൽ കോട്ടയത്ത്‌ ഒരു ചടങ്ങിൽ വച്ച്‌ നേരിട്ടു കാണുന്നത്‌. ഒരു പഴയകാലസുഹൃത്തിനെ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി.
സൂസൻ എന്നെ അവളുടെ ഭർത്താവിന്‌ പരിചയപ്പെടുത്തി. അവളുടെ സാരിത്തുമ്പിന്റെ ചുവട്ടിൽ ചുറ്റിത്തിരിയുന്ന ഒരഞ്ചുവയസ്സുകാരന്റേയും മൂന്നുവയസ്സുകാരിയുടെയും ചുണയും ചിരിയുമുള്ള മുഖങ്ങൾ എന്നെ സന്തോഷിപ്പിച്ചു. ഞാനവരുടെ കുരുന്നു മുഖങ്ങളിൽ തലോടുകയും മുടിച്ചുരുളുകളിൽ വിരലോടിക്കുകയും ചെയ്‌തുകൊണ്ട്‌ എന്റെ സ്നേഹം പങ്കു വെച്ചു. സൂസന്റെ മുഖത്തെ പരിക്ഷീണവും, വയറും ശ്രദ്ധിച്ചപ്പോഴാണ്‌ അവൾ ഒരു കുഞ്ഞിന്‌ കൂടി ജന്മം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന്‌ എനിക്കു തോന്നിയത്‌.
ഞാൻ ഒരു ചെറുചിരിയോടെ കളിയാക്കുന്ന മട്ടിൽ അവളോടു ചോദിച്ചു.
എന്താ സൂസൻ ,ഈ സർക്കാരു പറയുന്ന കാര്യങ്ങളൊന്നും നിങ്ങൾക്കു ബാധകമല്ലേ?നാം ഒന്ന്‌ നമുക്കൊന്ന്‌ എന്നാണ്‌ പുതിയ പ്രമാണം.
ഓ, അതൊന്നും അറിയാഞ്ഞിട്ടല്ല, തോമസേ ഇതു വെറുതേ ഒരു ടൈം‌പാസ്സിന്‌.
സൂസന്റെ മറുപടി എനിക്ക്‌ ഇഷടമായില്ല. ഞാൻ ഉടൻ തന്നെ പ്രതികരിക്കുകയും ചെയ്‌തു.
വിവരക്കേടു പറയരുത്‌. മക്കളുണ്ടാകുന്നത്‌ ടൈം പാസ്സിനുവേണ്ടിയല്ല. എത്രയോ ദമ്പതികൾ ഒരു കുഞ്ഞിക്കാലു കാണാൻ നേർച്ച ക്കാഴ്ചകളുമായി കാത്തിരിക്കുന്നു. കുട്ടികളുണ്ടാകുന്നതിനു പിന്നിൽ വ്യക്തമായ ഒരു ഈശ്വരപദ്ധതിയുണ്ട്‌. തികച്ചും ദൈവീകമായ ഒരു അനുഗ്രഹമാണത്‌. ദൈവം ദാനം തന്ന കുഞ്ഞുങ്ങൾ എന്നൊക്കെ പണ്ടുള്ളവർ പറയുന്നത്‌ കേട്ടിട്ടില്ലേ?
എന്നിലെ അദ്ധ്യാപകനായിരുന്നു അത്രയും പറഞ്ഞത്‌. നൂറുകണക്കിന്‌ കുട്ടികളുടെ മുഖങ്ങൾ നേർക്കു നേരെ കണ്ടിട്ടാണ്‌ എന്റെ എല്ലാ പ്രവൃത്തിദിവസങ്ങളും അവസാനിക്കുന്നത്‌. ടൈം പാസ്സിനുവേണ്ടി ഉണ്ടായ ഒരു കുട്ടിയെപ്പോലും ഞാൻ ആ കൂട്ടത്തിൽ കണ്ടിട്ടില്ല. വിവരവും വിദ്യാഭ്യാസവുമുള്ള ഒരു സ്ത്രീയുടെ വായിൽ നിന്ന്‌ അത്‌ കേട്ടപ്പോൾ തോന്നിയ അരുചി മനസ്സിൽ നിന്നിതുവരെ വിട്ടുമാറിയിരുന്നില്ല.
സൂസന്റെ മുഖം വിളറിപ്പോയി എന്നതു നേരാണ്‌. ആ വാക്കിനൊരു തമാശയുടെ ഭാരമേ കാണു എന്നാണ്‌ അവൾ വിചാരിച്ചിരുന്നത്‌. വീട്ടിൽ അകത്തും പുറത്തും ജോലി ചെയ്യാൻ വേലക്കാരികളും കുട്ടികളെ നോക്കാൻ ആയമാരും ഉള്ളപ്പോള്‍ പ്രസവത്തിനു ചിലപ്പോള്‍ ടൈം‌പാസ്സിന്റെ പ്രാധാന്യമേ കാണു.
കുട്ടികളോട്‌ വൈകാരികമായ ഒരടുപ്പം കേരളത്തിലെ അമ്മമാർക്കും നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്നു. എന്നതാണ്‌ എന്നിൽ നടുക്കമുണ്ടാക്കിയത്‌.
രണ്ടു വർഷത്തിനു മുൻപ്‌ കേരളത്തിലെത്തിയ മധ്യവയസ്ക്കയായ ഒരു വിദേശ വനിതയെ പരിചയപ്പെടുവാനിടയായി. ഒരു മദ്ധ്യ കേരളത്തിലെ പൗരാണിക ക്രൈസ്തവ ദേവാലയങ്ങളെക്കുറിച്ച്‌ പഠിക്കുന്ന ദൗത്യവുമായാണ്‌ അവർ മദ്ധ്യ തിരുവിതാംകൂറിലെത്തിയത്‌..ചേപ്പാട്ട്‌,കാർത്തികപ്പള്ളി എന്നീ സ്ഥലങ്ങ്ലിലെ ക്രൈസ്തവ ദേവാലയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനായിരുന്നു അവർ എന്നെ സമീപിച്ചതു്‌. ഞങ്ങൾ സംസാരിച്ചിരിക്കുന്നതിനിടയിൽ അവർ എന്നോട്‌ സമയം ചോദിച്ചു. ഞാൻ വാച്ചിൽ നോക്കി സമയം പറഞ്ഞു.
അവർ സ്വന്തം വാച്ചിലേക്കു നോക്കി ജർമ്മൻ സമയം തിട്ടപ്പെടുത്തി.
പെട്ടെന്ന്‌ അവർ ആഹ്ലാദഭരിതയായി എന്നോട്‌ പറഞ്ഞു.
മിസ്റ്റർ തോമസ്‌, ജർമ്മനിയിൽ ഇപ്പോൾ എന്റെ മകന്റെ വിവാഹം നടന്നുകൊണ്ടിരിക്കുകയാണ്‌`.
ടൈം‌പാസ്സിനു വേണ്ടി പ്രസവിക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ കേരളത്തിലും ഇങ്ങനെ സംഭവിക്കാൻ അധികകാലം വേണ്ടിവരില്ല.

10 കവിതകൾ-

bijoy chandran



1-മൂർച്ച

പഴുക്ക മുറിക്കാൻ
എളിയിൽ കരുതി
പണ്ട്‌ മുത്തശ്ശൻ
ഒരു പിച്ചാത്തി

നീറ്റുകുടത്തിൽ മുക്കി
ചുണ്ണാമ്പെടുത്ത്‌
വെറ്റിലയുടെ ജാതക-
രേഖകൾ കോറുവാൻ
പൊകലത്തണ്ട്‌
മുറിച്ചു മണത്ത്‌
കത്തിയ പാടത്തെ
ഓതിയുണർത്താൻ

കപ്പക്കോല്‌ ചീമ്പി
കുത്തുവലയുമായ്‌
കയ്യാണിതോറും
മീൻ നോക്കി നടക്കാൻ

കല്ലിൽ രാകിമിനുക്കി
കരുതിവെച്ച
ഇരുമ്പുകാലത്തിൻ
കരുത്തുള്ള മൂർച്ച
കവലക്ക്‌ പോകുമ്പോ-
ളെക്കിടയിൽ നിന്നും
അരക്കിന്റെ പിടി
നീണ്ടു നിന്നു
കള്ളിൽ മൂത്ത്‌
മടങ്ങും മുത്ത്യോനെ
ഒന്നും രണ്ടും
പറഞ്ഞ്‌ വിരട്ടാൻ
കുത്തിമലത്തും എന്ന്‌
അന്തിക്കുറങ്ങുന്ന
വിളക്കുകാലിനെ
വിറപ്പിക്കാൻ
പാല പൂക്കുന്ന
രാവുകളിൽ ലോഹ-
സാധ്യതയായ്‌
വിരലിൽ തണുക്കാൻ
ആഭിചാരത്തിന്റെ
യന്ത്യയാമങ്ങളിൽ
കോഴിയെക്കൊന്ന്‌
ചോര നേദിക്കാൻ
എപ്പോഴും കരുതി
മുത്തശ്ശൻ,രക്ത-
സൂചകം പോലെ
ഒരു പിച്ചാത്തി
വെയില്‌ ചെത്തി
കൂർപ്പിച്ചെടുത്ത്‌
പിച്ചാത്തിയോടൊത്ത്‌
പകൽ കടന്നുപോയ്‌
ഇരുമ്പിന്റേയും
മുറുക്കാന്റേയും
മണമായ്‌ മുത്തശ്ശൻ
ചാണക്കു വെച്ചിട്ടും
നിവരാത്ത വായ്‌ത്തല
പോലൊരു ജന്മത്തിൻ
നീറ്റുകുടത്തിൽ
മുങ്ങി തിരയുന്നു
തീർച്ചയില്ലാതെ ഞാ-
നേതു കാലത്തെ
മരക്കട്ടിലിന്റെ
തലപ്പെട്ടിയിൽ
തുരുമ്പിച്ചുറങ്ങുന്നു
ഒരു പഴയ മൂർച്ച


2-പാളവണ്ടിയിൽ

കമുകിൻ പാളയിലിരുത്തി വലിക്കാം
പഴയൊരു വൈകുന്നേരത്തെ
നടവഴിയുടെ ചരൽക്കുണ്ടിലൂടെ
ഉറുമ്പിൻ തീവണ്ടിമുകളിലൂടെ
അവയറിയാതെ പറയാം
തിട്ടിടിഞ്ഞ്‌ താഴെ പറമ്പിലേ-
യ്ക്കടരുമൊരായം
മാനത്തേക്കു കുതിക്കും പെട്ടെ-
ന്നായുസ്സറ്റ കിനാവ്‌
മുത്തപ്പൻ മുറുക്കാൻ വീണ്‌
നിറം മാറിയ കുത്തുകല്ലുകൾ
തൊട്ടാലുറക്കം പിടിക്കും
പടയിഞ്ചകൾ
ഉച്ചവെച്ച്‌ മറന്നിട്ടു പോയ
സ്വപ്‌നപ്പടർപ്പുകൾ, നിറയെ
ഓട്ടകൾ വീണ മരച്ചാർത്ത്‌
ചോരും നിഴൽക്കൂടുകൾ
ഒക്കെയും പിന്നിട്ട്‌
ചക്രങ്ങളില്ലാത്ത വണ്ടിക്കുതിപ്പ്‌
മഞ്ഞിലൂടല്ല, ചതഞ്ഞ ഓർമ്മയ്ക്കുമേലാണ്‌ മടക്കം
പണ്ട്‌` പെയ്‌തലഞ്ഞ
മഴയത്ത്‌ തെന്നി
പാളയും നിക്കറും
കീറിയാലും പിടി
വിട്ടുകൊടുക്കാതെ
പറ്റിപ്പിടിച്ച്‌
ഓട്ടം നിറുത്താത്ത
കൂട്ടുകാരൻ
പിന്നെ-
യെപ്പോഴോ വേർപെട്ട്‌
പോകുന്ന സന്ധ്യയായ്‌

3-തെങ്ങിൻ പാലം കടന്ന്‌

നിറഞ്ഞ തോടിന്റെ
കുറുകെയാണോർമ്മ
കലക്കവെള്ളത്തിൻ
കുതിപ്പുമായ്‌ നമ്മൾ
നടന്നുപോയത്‌
മുറുക്കാൻ മേടിക്കാൻ
കുറുമ്പച്ചേടത്തി
വടക്കൻ പാട്ടുമായ്‌
കടന്നു പോയത്‌
കരിമ്പനക്കള്ളിൻ
കടങ്കഥകളിൽ
കുലുങ്ങാതെ കേളൻ
കുടിയണഞ്ഞത്‌
വഴുക്കലിൽ നിന്നു
മിടക്കു വെള്ളത്തിൽ
കളിക്കുവാനെന്ന്‌
മറിഞ്ഞുവീണത്‌
പഠിച്ചതൊക്കെയും
മറന്ന്‌ ചൂരലിൽ
പിടച്ച മൗനങ്ങ-
ളൊലിച്ചു പോയത്‌
തുരുമ്പു ചുണ്ടയിൽ
കുരുങ്ങിയ മീനിൻ
മിഴിയിലാകാശ-
മുറഞ്ഞുപോയത്‌
തല മുറിച്ചൊരു
പഴയതെങ്ങിന്റെ
മറന്ന പച്ച-
യിലകന്നു പോയി നാം
തടിപ്പാലം തെന്നും
മഴക്കാലം മാത്രം
തവളപ്പേച്ചുമായ്‌
കിടക്കുന്നിപ്പോഴും

4-രാത്രിയിൽ സ്ക്കൂൾമുറ്റത്ത്‌

രാത്രിയിൽ സ്ക്കൂൾമുറ്റത്ത്‌
നിൽക്കുമ്പോൾ കേൾക്കുന്നുണ്ടോ
കുട്ടികൾ കളിക്കുന്നോരാരവം?
കാറ്റത്ത്‌ വെയിലിന്റെ
ചരൽക്കാട്‌` ചിതറിച്ച്‌
ഓടിപ്പോകും വരാന്തകൾ
ഇലപൊഴിഞ്ഞ പുസ്തകത്തിൽ
വേവുന്ന മണൽക്കാലം
പൊള്ളിക്കും വിരൽത്തുമ്പ്‌
മൗനത്തിൽ മുഴങ്ങുന്ന
മണിയൊച്ച, എഴുതാത്ത
പാഠമായ്‌ ഉൽക്കണ്ഠകൾ
രാത്രിയിൽ സ്ക്കൂൾമുറ്റത്ത്‌
നിൽക്കുമ്പോളാരോ കാതിൽ
ചൊല്ലുന്നു ചെറുശ്ശേരിഗാഥകൾ
അവ്യക്‌ത,മിരുട്ടിലു-
ടോടുന്ന കിതപ്പാർന്ന
സ്വപ്‌നങ്ങളനാഥമായ്‌
പിന്നെയും ചിലക്കുന്നു-
ണ്ടോർമ്മ തൻ മരങ്ങളിൽ
നിന്നൊരു പനിപ്പകൽ
കുട്ടികൾ പറത്തിയ
പട്ടങ്ങളാകാശത്ത്‌
പൊട്ടിയ ചരടുമാ-
യിപ്പൊഴും കറങ്ങുന്നു
ഒറ്റയായ്‌ വാതിൽ
തുറന്നിപ്പൊഴും വിളിക്കുന്നു
കുഞ്ഞുങ്ങൾ നഷ്ടപ്പെട്ടോ-
രമ്മയായ്‌ നിരാധാരം
രാത്രിയിൽ പള്ളിക്കൂടം
എത്രയും നിശ്ശബ്ദമായ്‌
കേൾക്കുന്നു പരസ്പരം
നമ്മളീ ദൂരങ്ങളിൽ


5-തൊണ്ട്‌


ചവിട്ടടിയിൽ നിന്നും
പിടച്ചു പായുന്ന
മഞ്ഞച്ചോര
പോത്തിനെ തെളിച്ച്‌
പൊന്തയിൽ മറയും
ഉച്ചവെയിൽ
പെട്ടെന്ന്‌ നിലച്ച്‌
തിരിച്ചു പോകും
പിന്നാലെ വന്ന
ആളില്ലാത്ത ഒരു കാലൊച്ച
അനക്കമറ്റ
പൊള്ളവിരൽ പോലെ
തൊണ്ട്‌
പുറം ലോകത്തെ
ചലനങ്ങളെ
പഴമ്പറമ്പിലേക്ക്‌
വലിച്ചുകൊണ്ടുവരും
ചൂട്ടുകറ്റയുമായി
രാവ്‌ കടന്നുപോയ
ഒരാളെ
കൊയ്‌ത്ത്‌ചുരുട്ടുമായി
ചെളി വാർന്ന്‌
അരിവാളിൻ മൂർച്ഛയിൽ
ചാഞ്ഞ
വൈകുന്നേരത്തെ
കയറൂരിപ്പോയ
കാളകൾ
കൂടെക്കൊണ്ടുപോയ
കണ്ടങ്ങളെ
അന്തിക്ക്‌
ആടിയാടി
മടങ്ങിപ്പോകും
അങ്ങാടിയെ
ഒക്കെ
കരിയിലകൾക്കിടയിൽ
കിടന്ന്‌
അത്‌
ഓർക്കും
മൺപൊത്തുകളിൽ
നിന്നും പൊടുന്നനെ
മിന്നിമായും ഒരു
നിറം മാറ്റം
കയ്യാലയിലേക്ക്‌
ചേർത്ത്‌ ഞെക്കും
വഴുപ്പാർന്ന
ഏകാന്തത
ഓർമ്മ ചവിട്ടിയൂന്നിപ്പോയ
ചെങ്കല്ലിൻ മുഴപ്പുകൾ

ഇങ്ങനെ
അത്‌ നീണ്ടു പോകും
ഒച്ച മറന്നുപോയ
ഒരു തീവണ്ടിയെപ്പോലെ
തൊണ്ട്‌
ആളില്ലാത്ത
അനേകം മുറികളുമായി
പഴയിടങ്ങളും
പുരാവൃത്തത്തിലൂടെ
മെല്ലെ
കടന്നു പോകും
*തൊണ്ട്‌= ഗ്രാമങ്ങളിലെ ഇടവഴി


പി.

കവിതയുടെ ടാര്‍റോഡിൽ
കാടിനെ ഓർത്തലഞ്ഞു
ചെരുപ്പില്ലാത്ത നടത്തത്തിൽ
ഇരുട്ടുരുകിയകന്ന്‌
നിനക്കാരോ തരും മണ്ണ്‌ വഴി
ഇതായിരുന്നോ നിളയെന്ന്‌
ഒഴുകിപ്പോകും മണൽനദിയോട്‌
പച്ച മറന്നുപോയ മരത്തോട്‌
കാറ്റ്‌ കൊണ്ടുപോകും മഴയോട്‌
കടൽ കൊറിച്ച്‌ നടക്കും നിഴൽ
പോയ്‌ക്കഴിഞ്ഞാലും ശേഷിക്കും
മണ്ണ്‌` പുരണ്ട പച്ചക്കവിത
മധുരമിഠായികൊണ്ട്‌ കുട്ടികളെ
കടമെടുത്ത്‌ ഹൃദയത്തിൽ
ഒരു പള്ളിക്കൂടം തുടങ്ങും
ചെന്നുപറ്റുന്നിടത്ത്‌ ചായും
വൈകുന്നേരം,കരിയിലകൾ
അടിഞ്ഞടിത്തട്ടിൽ നിന്നും
മൗനം മുഴങ്ങുന്ന പക്ഷിഗീതം
എഴുത്താണ്‌ ജീവനാളം
തണുത്ത്‌ കെടുംവരെ
പിന്നെയും പിന്നിട്ട ജന്മാന്തര-
യാത്രയായ്‌ നിരയൊത്ത്‌
ആകാശം കാണിക്കുന്ന
ചലിക്കും കിളിച്ചിത്രം
അതിലോ പിരിയുന്നു പി
ഒറ്റക്കിളിപ്പാടായ്‌


7-വൈകുന്നേരത്തെ ക്ലാസ്സുമുറി


മരണത്തെക്കുറിച്ച്‌ ക്ലാസ്സെടുക്കാനാണ്‌
വൈകുന്നേരം വെയിൽ വന്നത്‌
ബ്ലാക്ക്‌ബോർഡിൽ
മുറിവുണങ്ങാത്ത
വിരൽച്ചോക്കു കൊണ്ട്‌
മതിലിനപ്പുറത്തെ ചെമ്പരത്തിക്കാടുകൾ
മുഖത്തെ ചോര ഒപ്പിനിൽക്കുന്ന
കുങ്കുമപ്പൂവുകൾ
കാറ്റത്ത്‌ ഒഴുകിപ്പോകുന്ന
കടുത്ത നിറങ്ങളുടെ പൂപ്പാടങ്ങൾ
ഓർമ്മയെ മറച്ചുപിടിക്കുന്ന
മങ്ങിയ പച്ചയുടെ വനം
ദ്രവിച്ച മരത്തിന്റെ
തണുത്ത വ്യാകരണം
എല്ലാം എഴുതിക്കാണിച്ചു
ഇടയ്ക്ക്‌ നീട്ടിച്ചൊല്ലി
വൃത്തമൊപ്പിക്കും
നടക്കാത്ത പ്രണയം പോലെ
അണുബാധയുള്ള കിളിശബ്ദം
കുട്ടികൾ മറന്നിട്ട
കുറ്റിപ്പെൻസിൽ,റബ്ബർക്കഷ്ണം
സ്ലേറ്റിൽനിന്നും കളഞ്ഞുപോയ
ചെറിയ വീടിന്റെ പടം
വിളറിയ ഒരു പാട പോലെ
നനഞ്ഞ വെയിൽ മാത്രം
നോട്ടെഴുത്തിനിടയിൽ
തലപൊക്കി നോക്കിയതിന്‌
ഇരുട്ടിലേക്കെന്നെ
ഇറക്കിവിട്ടു വെയിൽ


8-തീപ്പെട്ടിക്കാലം


കരുതിവെക്കണം
തീപ്പെട്ടിയൊന്ന്‌
തലയണയ്ക്കടിയി-
ലെപ്പൊഴും, ഓർമ്മ
പിടയുമൊറ്റ-
മത്സ്യത്തിൻ കുതിപ്പായ്‌
ചെളി തെറിപ്പി-
ച്ചുറക്കം കെടുമ്പോൾ
പരതുവാനൊരു
കാരണം പോലെ നീ
വിരൽ തടയാത്ത
ചോദ്യമായ്‌ സാധ്യത
മിഴി തുരുമ്പിച്ച
മൗനമായ്‌ കട്ടിലി-
ന്നടിയിലോട്ട്‌
വിളക്കുറങ്ങുന്നോ
വെറുതെയൊ-
ന്നുരച്ചു കത്തിച്ചാൽ
പൊഴിയുമോ അതിൻ
ഏകാന്ത കമ്പളം
മഴ നനഞ്ഞതീ-
പ്പെട്ടിയൊന്നെപ്പൊഴും
മനസ്സു കാത്തു-
വെക്കുന്നു,പുരാവൃത്ത-
മതിലുറങ്ങും
തണുത്തുപോയെങ്കിലും
മതി വരാത്ത
കുതിപ്പുമായ്‌ ജീവിതം

നിലവിളക്കിന്റെ
ചോട്ടിലുണ്ടെപ്പൊഴും
വിറകടുപ്പിന്റെ
ചാരെയുണ്ടെപ്പൊഴും
ഇരവിലാരുടെ
ചൂട്ട്‌ കത്തിക്കുവാൻ
ഒരു കനൽക്കമ്പ്‌
കാണിച്ച്‌ കൂട്ടു പോയ്‌
പതിയെ നെഞ്ച്‌
കുലുക്കിചുമച്ചുവോ
ഇരുളിൽ മുത്തച്ഛ-
നോർമ്മയിൽ നിന്നും
ഒരു പകൽക്കൊള്ളി
കത്തിപ്പടർത്തുന്ന
പുകയിലയുടെ
ഗന്ധത്തിലിങ്ങനെ
പഴയ മന്ത്രങ്ങ-
ളുരുവിട്ട്‌പ്രാണനെ
കവിതയിലേക്ക്‌
ചുംബിച്ചുണർത്തുന്നു
എവിടെ വെച്ച്‌
മറന്നുവെന്നറിയാതെ
പിടയുമാ-
വലാതിക്കൊപ്പമമ്മയും
തിരയുകയാണ്‌
കടൽപ്പടി, ജനൽ
ച്ചതുര,മൽപ്പവും
ചോരാത്തിടങ്ങളിൽ

കരുതിവെക്കണം
തീപ്പെട്ടിയൊന്ന്‌
തലയണക്കടിയി-
ലേപ്പൊഴും, രാത്രിയിൽ
വെറുതെയോ
ന്നുരച്ച്കത്തിക്കുവാൻ
ഒരു തരിത്തീ
തണുത്ത കാലത്തും

9---മരംകൊത്തി

മരംകൊത്തിക്കൊത്തി-
അകത്തുറങ്ങുന്ന
പഴയ കാടുകൾ
മുഴങ്ങുന്നത്‌ കേൾക്കാം
കിളികൾ ശിശിരത്തിൽ
മറന്നുവച്ചൊരു
ചെറിയ തൂവലിൻ
അനക്കവും കേൾക്കാം
മഴ വരുന്നുണ്ടോ
മഴ വരുന്നുണ്ടോ
തുടങ്ങിയ ചില
പദങ്ങളങ്ങനെ
കടുംതൊലിയുടെ
പുറമ്പൂച്ചിനുള്ളിൽ
പൊടിഞ്ഞമർന്നൊരു
തടിക്കോലം കാണാം
വെയിലുണ്ടോ പുറ-
ത്തതിനുമപ്പുറം
മല പുകയുന്നോ
മരമെരിയുന്നോ.?
മരംകൊത്തിക്കൊത്തി
യകത്ത്‌ ചെല്ലുമ്പോൾ
വളഞ്ഞ ചുണ്ടുകൾ
പിടിച്ചെടുക്കുന്ന
ചില തുടിപ്പുകൾ
പല കുതിപ്പുകൾ
മരത്തിന്മേലള്ളി-
പ്പിടിച്ചിരിക്കുന്നു
അകം കരിഞ്ഞൊരു
വനം കനിയുന്ന
കടങ്കഥക്കൊപ്പം


10-രഞ്ജിനി
ഞായറുച്ചക്കു് പണ്ടൊക്കെ
രഞ്ജിനിയുണ്ടായിരുന്നു
നമ്മളാവശ്യപ്പെട്ട
ജയചന്ദ്രന്റെ വിരഹങ്ങൾ
അന്തിമയക്കത്തിൽ
കവലയിലെ ചായക്കടയിലിരുന്ന്‌
വാർത്തകൾ വായിക്കും
പ്രതാപൻ അല്ലെങ്കിൽ സുഷമ
എട്ടു മുപ്പതിന്റെ
കണ്ടതും കേട്ടതും
ചില ദിവസം
ആവൃത്തികൾ തമ്മിലുരസി
പൊട്ടലും ചീറ്റലും
കലമ്പലുമായി
മഴയിരമ്പിത്തീരും
എല്ലാം ശാന്തമാകുമ്പോള്‍
വീണ്ടും കേൾക്കാം
ചലച്ചിത്ര ഗാനങ്ങൾ
ഏകാങ്കനാടകം
അല്ലെങ്കി,ലൊരു നിമിഷം
എന്നിങ്ങനെ
പുന്നെല്ല്‌ കാറ്റിലുലയും
വയലും വീടും
മുൻപയച്ചതൊന്നും
വായിക്കാത്ത പരിഭവത്തിൽ
ശ്രോതാക്കളുടെ കത്തുകൾ
യുവവാണി
ഇംഗ്ലീഷിലോ
സംസ്കൃതത്തിലോ
വാർത്ത വന്നാൽ
നിർത്തിവെക്കാനുള്ള
ചില സൂചനകൾ
തരും അത്‌
രാത്രി വിളക്കൂതി
ഇരുട്ട്‌ തൊടുമ്പോള്‍
കട്ടിൽ തലയ്ക്കൽ
ബാറ്ററി ടോർച്ചിനരികിൽ
തുകലുടുപ്പിനുള്ളിലെ
പഴയ മർഫിയിൽ നിന്നും
സാംബശിവന്റെ ആയിഷ
അറവുകത്തി പോലെ
അദ്രുമാൻ
പാതി മയക്കത്തിൽ
നിവരും
കഥയുടെ തഴപ്പായ
അതോടെ തീരും
അന്നത്തെ പരിപാടി
ഞാനിപ്പോഴും കൊണ്ടു നടക്കുന്നു
ഹൃദയത്തിലൊരു റേഡിയോ
കളഞ്ഞുപോയ കാലം
ഓർക്കാപ്പുറത്ത്‌
പുനഃപ്രക്ഷേപണം ചെയ്‌താലോ?

phone: 9947132322

നീ ഒളിച്ചിരിക്കുന്നതാണ്‌ എനിക്കു നല്ലത്‌

sathar adur



അങ്ങിനെതന്നെ
കിടന്നോ
ആരും കാണാതെ
ഒളിച്ചിരിക്കും പോലെ

ഒരിക്കലും
പുറത്തു കടക്കൻ
ശ്രമിക്കരുത്‌
ആർക്കും
ഇഷ്ടമല്ല നിന്നെ
(പ്രത്യക്ഷത്തിൽ)
ഇവിടുത്തെ
നിയമങ്ങളും
നിബന്ധനകളും
വളരെ കർശനമാണ്‌

നീ
വല്ല വിക്രസും
ഒപ്പിച്ചാൽ പിന്നെ
കേടും
കോട്ടവുമൊക്കെ
എനിക്കാണ്‌
തടവും
പിഴയും എന്നു വേണ്ട
മാനക്കേടും
ചീത്തപേരുമെല്ലാം
ഞാൻ പേറണം
പിന്നീട്‌
നിന്നെ തിരിയിട്ട്‌
തിരഞ്ഞാൽ പോലും
കാണുകയുമില്ല
വേണ്ടയിഷ്ട (എന്റെ പ്രിയപ്പെട്ട ലിംഗമേ)
നീ അവിടെ തന്നെ
കിടന്നോ
ഒതുങ്ങിക്കൂടി.............

poems

sanal sasidharan



1.“ണ്ണ” പ്രാസം
എഴുതിയത്: സനാതനന് ‍ sanathanan at 12/08/2007

പെണ്ണും
മണ്ണും
ഒരുപോലെയെന്ന്
കവികള്‍ പാടി.

പെണ്ണും
മണ്ണും
ഒന്നുതന്നെയെന്ന്
കവയത്തികളേറ്റുപാടി.

മണ്ണിലും
പെണ്ണിലും
ഒരുപോലെയുള്ളതെന്താണ്
“ണ്ണ” യോ!

പെണ്ണേ
നീ പെണ്ണോ
മണ്ണോ അതോ
പിണ്ണാക്കോ?

“ണ്ണ” പ്രാസത്തില്‍
പെണ്ണും
പിണ്ണാക്കും
ഒരുപോലെയെന്നു
പാടാനെന്തു രസം !


**********************************************



2.മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എഴുതിയത്: സനാതനന് ‍ sanathanan at 12/11/2007

നിങ്ങള്‍ക്കറിയാമോ,
ഏറെക്കാലം മുന്‍പ്
എനിക്കറിയാമായിരുന്ന
ഒരേയൊരു വാക്ക്
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
മാത്രമായിരുന്നു.

നിങ്ങള്‍ ശബ്ദതാരാവലി
നോക്കരുത്
കാണുന്നുണ്ടാവില്ല
കണ്ടില്ലെന്നു വച്ച്
എന്നെ നോക്കി
ചിരിക്കുകയും അരുത്.

കാരണം എനിക്ക്
അറിയാമായിരുന്നതില്‍
ഏറ്റവും അര്‍ത്ഥപൂര്‍ണമായ വാക്കായിരുന്നു,
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
ആ ഒറ്റവാക്കുകൊണ്ടുമാത്രം
ഞാന്‍ എണ്ണമറ്റ അര്‍ഥങ്ങളുടെ
അനന്തകോടി വികാരങ്ങള്‍
വിനിമയം ചെയ്തിരുന്നു.

വിശക്കുമ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാചകം എനിക്ക്
വയറു നിറയെ പാല്‍ തന്നു.
വേദനിക്കുമ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാചകം എനിക്ക്
കരുണയുള്ള സ്പര്‍ശങ്ങള്‍ തന്നു.
പേടി തോന്നുമ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാചകം എനിക്ക്
നെഞ്ചോടണച്ചുള്ള സാന്ത്വനം തന്നു.
ഉറക്കം വരുമ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാചകം എനിക്ക്
മതിയാവോളം താരാട്ടു തന്നു.

മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന ഒറ്റവാചകത്തില്‍
എന്റെ ഉള്ളിലുരുവമാകുമായിരുന്ന
ഓരോ തോന്നലുകളേയും ഞാന്‍
എന്റെ ചുറ്റിലേക്കും സംവേദിപ്പിച്ചിരുന്നു
വൃദ്ധര്‍,യുവാക്കള്‍,യുവതികള്‍
ആരുമാകട്ടെ അവര്‍
ഞാന്‍ പറയുന്നത്
അതേപടി തിരിച്ചറിഞ്ഞു.
മ്മ്‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന ഒറ്റവാക്കുകൊണ്ട്
ഞാന്‍ തീര്‍ത്തിരുന്ന
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന ഒറ്റവാചകത്തിലൂടെ.

ഇപ്പോള്‍ എനിക്ക്
എത്ര വാക്കുകള്‍ അറിയാമെന്ന്
എനിക്കുപോലുമറിയില്ല.
എത്ര വാചകങ്ങള്‍
എത്ര ഈണങ്ങള്‍
എത്ര ഇമ്പങ്ങള്‍...!

ഇപ്പോള്‍ എനിക്ക്
നാല് ഭാഷകള്‍ തന്നെയറിയാം
അഞ്ചാമതൊന്ന് എന്നിലേക്ക്
കടന്നു വന്നുകൊണ്ടിരിക്കുന്നു.
പക്ഷേ ഇപ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാക്കിന്റെ അര്‍ത്ഥം
എനിക്കറിയില്ല
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാക്കുകൊണ്ട്
എങ്ങനെയാണ് അര്‍ത്ഥമുള്ള
വാക്യങ്ങള്‍ തീര്‍ക്കുന്നതെന്ന്
എനിക്കോര്‍മ്മയില്ല

പൊളിഞ്ഞുപോയ ഒരു
ഫാക്ടറിക്കുള്ളില്‍ ഉപേക്ഷിക്കപ്പെട്ട
യന്ത്രഭാഗങ്ങളെപ്പോലെ,
പഴകും‌തോറും കാലം
ദുരൂഹമാക്കിക്കൊണ്ടിരിക്കുന്ന
എന്റെ ഉള്‍വശം.
ഓരോശ്വാസത്തിലും
ഞാന്‍ അനുഭവിക്കുന്ന ഓര്‍മ്മകളുടെ
ചലം തികട്ടിവരുന്ന മണം.
ഞാന്‍ എന്ന വാക്കുകൊണ്ട്
എനിക്കു വരച്ചുതരാന്‍ കഴിയാത്ത
ഞാന്‍ എന്ന ഞാന്‍...
പെരുമ്പാമ്പുകളുടെ പുറത്തെ
വലിയ വട്ടങ്ങള്‍പോലെ
വിഴുവിഴുപ്പോടെ എന്നിലൂടെ
ഇഴഞ്ഞസ്തമിക്കുന്ന ചിന്തകള്‍...

എനിക്കറിയാവുന്ന
കോടാനു കോടി വാക്കുകള്‍ കൊണ്ട്
എന്റെ ഉള്ളിലുള്ളതെന്തെന്ന്
പകര്‍ത്തിത്തരാന്‍ എനിക്കാവുന്നില്ല.


ഞാനിതാ,
അസ്തമിച്ചുപോയ
ഒരു സാമ്രാജ്യത്തില്‍ നിന്നും
പില്‍ക്കാ‍ലത്ത് കുഴിച്ചെടുക്കപ്പെട്ട
നാണയവും ഉയര്‍ത്തിപ്പിടിച്ചെന്നപോലെ
നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നു
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാക്കുമായി.
വിനിമയം ചെയ്യാനാവാത്ത
ചിന്തകളുമായി.....



*******************************************


3.ഷെയിം
എഴുതിയത്: സനാതനന് ‍ sanathanan at 12/12/2007

സത്യമായിട്ടും
മുപ്പത് വയസ്സുകഴിഞ്ഞു
എന്ന് പറയാന്‍
എനിക്ക് ലജ്ജയുണ്ട്
ഞാനിതുവരെ
ഒരു കഠാര
കൈകൊണ്ട് തൊട്ടിട്ടില്ല.
ഒരു കൈത്തോക്ക്
നേരിട്ടു കണ്ടിട്ടില്ല.
ഒരു കൊലപാതകത്തിന്
സാക്ഷ്യം വഹിച്ചിട്ടില്ല.
ആരെയെങ്കിലും ബലാത്സം‌ഗം
ചെയ്യുന്നതിനെപ്പറ്റി
ഗൌരവമായി ചിന്തിച്ചിട്ടില്ല.
രണ്ടാമതൊരു സ്ത്രീയെ ഭോഗിക്കാന്‍
അവസരം കിട്ടിയിട്ടുമില്ല.

എന്തിനേറെ പറയുന്നു
മറിഞ്ഞുപോയ ഒരു ബസ്സിലോ
തീവയ്ക്കപ്പെട്ട ഒരു കെട്ടിടത്തിലോ
സ്ഫോടനം നടന്ന ഒരു മാര്‍ക്കറ്റിലോ
സന്നിഹിതനായിരിക്കാന്‍ പോലും
എനിക്കിതുവരെ കഴിഞ്ഞിട്ടില്ല.
എന്തൊരു ജീവിതമാണെന്റേത് !
അനുഭവ ശൂന്യം....
ഷെയിം.....


***************************************************


4.“ഹിന്ദു മുസ്ലീം ഭായി ഭായി ”
എഴുതിയത്: സനാതനന് ‍ sanathanan at 12/15/2007

ഞാന്‍ ഒരു ഹിന്ദുവാണ്
അതുകൊണ്ടുതന്നെ
ഞാന്‍ ഒരു മുസ്ലീമല്ല.
മുസ്ലീമല്ലാത്തതുകൊണ്ടാണ്
ഞാനൊരു ഹിന്ദുവായതെന്ന്
ഒരുകാലത്തു ഞാന്‍ വിശ്വസിച്ചിരുന്നു;
ഹിന്ദു എന്നത് മുസ്ലീമിന്റെ
വിപരീതപദമാണെന്നപോലെ.
“ഹിന്ദു മുസ്ലീം ഭായി ഭായി ”
എന്നായിരുന്നു പാഠപുസ്തകത്തില്‍
ഉണ്ടായിരുന്നത് എങ്കിലും..!

എന്റെ ക്ലാസിലോ,സ്കൂളിലോ
നാട്ടിലോ, മുസ്ലീമായി
ഒരാള്‍പോലും ഇല്ലായിരുന്നു.
പള്ളിയില്‍ പോകുന്നവരുണ്ടായിരുന്നു,
‘കോവിലില്‍’ പോകുന്നവരും,
പള്ളിയിലും കോവിലിലും പോകാത്ത
കമ്യൂണിസ്റ്റുകുട്ടപ്പന്‍സാറിന്റെ മോനും
(പേര് മറന്നു) ഉണ്ടായിരുന്നു.
“അവര് പള്ളീക്കാരാണ്
നമ്മള് കോവിലിക്കാര് ”
എന്ന് ഞങ്ങള്‍,
കളിക്കളത്തില്‍ വേര്‍തിരിഞ്ഞിരുന്നു.
തീപ്പെട്ടിക്കൂടിലെ ഉണ്ണിയേശുവിന്റെയും
ഓടക്കുഴലിന്റെയും പടങ്ങള്‍
പരസ്പരം മത്സരിച്ച്
കീറിയെറിഞ്ഞിരുന്നു
എന്നിട്ടും ഞങ്ങളെ പഠിപ്പിച്ചിരുന്നത്
“ഹിന്ദു മുസ്ലീം ഭായി ”
എന്നുമാത്രമായിരുന്നു.

ആദ്യമായി ഒരു മുസ്ലീമിനെ
അടുത്തറിയുന്നത്
ക്രിസ്ത്യന്‍ കോളേജില്‍
പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്.
അവന്‍ നന്നായി പാടുമായിരുന്നു.
പാട്ടുകേട്ട് ലഹരിപിടിച്ച്
ഞാനവനെ ആരാധനയോടെ
നോക്കിത്തുടങ്ങിയെങ്കിലും
അവന്‍ ഒരു മുസ്ലീമാണെന്ന്
എനിക്കറിയില്ലായിരുന്നു.
സിനിമകളില്‍ കണ്ടിരുന്നപോലെ
അവന്‍ തൊപ്പി വച്ചിരുന്നില്ല,
ക്രോപ്പ് ചെയ്ത താടി വച്ചിരുന്നില്ല,
മാപ്പിളപ്പാട്ടുകളൊന്നും
പാടിയിരുന്നില്ല.

അവന്‍ മുസ്ലീമാണെന്നറിഞ്ഞപ്പോള്‍
ഉള്ളംകാലില്‍ നിന്നും
മൂര്‍ദ്ധാവിലേക്ക് ഒരു പെരുപ്പുകയറി.
അവനെ അഭിനന്ദിക്കണം,
കൈപിടിച്ചുകുലുക്കി മനസ്സുതുറന്ന്
പുഞ്ചിരിക്കണം,കഴിയുമെങ്കില്‍
ഒന്ന് കെട്ടിപ്പിടിക്കണം....

ഒരുദിവസം അവന്റെ മുന്നില്‍ചെന്നു,
കൈ മുറുകെപ്പിടിച്ചുകുലുക്കി,
അഭിമാനം സ്ഫുരിക്കുന്ന
വിടര്‍ന്ന മുഖത്തോടെ പറഞ്ഞു.
“ഹിന്ദു മുസ്ലിം ഭായി ഭായി...!”
എന്തുകൊണ്ടെന്നറിയില്ല
അവന്റെ മുഖത്തുവന്ന പുഞ്ചിരി
പൊടുന്നനെ മാഞ്ഞുപോയി
അവന്‍ മൌനമായിക്കറുത്ത്,
തിരിഞ്ഞ് നടന്നുപോയി...!

അതിനു ശേഷം വീട്ടില്‍
വിരുന്നുകാര്‍ വരുമ്പോള്‍
മുരളുന്ന നായയോട്
കടിക്കല്ലേ കടിക്കല്ലേ
എന്നര്‍ത്ഥത്തില്‍
“കൈസര്‍ കൈസര്‍..."
എന്നുവിളിച്ചുകൂവുമ്പോള്‍
ഞാനോര്‍ക്കുമായിരുന്നു
“ഹിന്ദു മുസ്ലീം ഭായി ഭായി ”
എന്ന എന്റെ വാചകവും
വേദന പുതച്ചുള്ള അവന്റെ
തിരിഞ്ഞുനടത്തവും.


******************************************************


5.തിരുത്ത്
എഴുതിയത്: സനാതനന് ‍ sanathanan at 12/31/2007

മാന്യമഹാജനങ്ങളേ
ഇന്നലെ വരുത്തിയ
തിരുത്തുകളെല്ലാം
തിരുത്തേണ്ടതുണ്ടെന്ന്
കണ്ടെത്തിയതുകൊണ്ട്
എല്ലാം തിരുത്തി
മിനഞ്ഞാന്നത്തേതിനു
തുല്യമാക്കിയിട്ടുള്ളവിവരം
വ്യസനസമേതം
മനസിലാക്കുമല്ലോ

എന്ന് സസന്തോഷം
എന്റെ സ്വന്തം ഞാന്‍


--
Regards,

Sanal Sasidharan

+919995968561
www.sanathanan.blogspot.com
Loka Samastha Sukhino Bhavanthu