Followers

Wednesday, January 27, 2010

ഭൂമിപ്പെരുമാൾ




m k janardanan

ഒന്നിനേക്കുറിച്ചും മുൻവിധികളോ മാറാത്ത വിശ്വാസങ്ങളോ ഇല്ലാത്ത ശാസ്ത്രജ്ഞനായ പ്രണവ്‌ ഓർക്കുകയാണ്‌. ഭ്രമണപഥങ്ങളിൽ ചുറ്റിക്കറങ്ങി രാപ്പകലുകളായി മറയുന്ന കാലത്തിനും ജനിമൃതികൾക്കും പഴക്കമെത്രയാണ്‌? പഴയ കാലത്തിലെ ദിനോസറുകളും ജീവികളും എവിടെ പോയിമറഞ്ഞു. നിയാന്തർത്താൻ നരന്റെ പൂർവ്വികരും അവരുടെ കാലവും എവിടെ? മഹായവനികക്കപ്പുറം മറഞ്ഞകാലത്തിന്റെ കോടാനുകോടി വർഷങ്ങൾ വിസ്മൃതിയിൽ ഇവിടെ തുഛനാളത്തെ ജീവിതത്തിൽ ഓരോ ജീവന്റേയും ശേഷിപ്പായി എന്തുണ്ട്‌? ശൂന്യം! നമ്മൾ ജീവിക്കുന്നു എന്നഭിമാനം കൊള്ളുള്ളത്‌ വെറും മിഥ്യ. ആദി നാദമായ പ്രണവത്തിന്റെ ശബ്ദങ്ങൾക്കൊപ്പം മുഴങ്ങുന്ന മാനവ-ജന്തു സമൂഹത്തിന്റെ ശബ്ദങ്ങളുടെ പെരുമ്പറയിൽ നിന്നും, ഒരു സംഗീത തന്ത്രിയുടെ മൃദുനാദത്തെ വേർതിരിച്ച്‌, ഒടുവിൽ ഏകമായ സത്തയിൽ താൻ വിലയം ചെയ്യുന്നു. ഇതാണ്‌ പ്രപഞ്ചത്തിന്റെ പൊരുൾ തേടിപ്പോകുന്ന താൻ. പ്രണവ്‌ നീലകണ്ഠൻ.



മനുഷ്യരെ ആദി പ്രാകൃതനരൻ തൊട്ടെണ്ണിയാൽ ഇതുവരേയും അവരുണ്ടാക്കിയ കിരാതമായ നിയമങ്ങൾ മറ്റുള്ളവർക്കുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. അടിമയെ അനുസരിപ്പിക്കാൻ മർദ്ദനങ്ങൾ അഴിച്ചുവിട്ടു. അതിൽ നിന്നും മനുഷ്യരൊക്കെ അനുസരണക്കാരായോ? ഇല്ല. ഒരാൾ ജനറ്റിക്കലായി എന്താണോ അത്‌ മാത്രമായിരിക്കും. വിദ്യകൊണ്ടും സംസ്കാരം കൊണ്ടും ഉണ്ടാകുന്ന മാറ്റങ്ങൾ ഒരു പരിധിവരെ മാത്രം. മനുഷ്യൻ പ്രകൃതൻ. പണ്ടു കാട്ടു കിഴങ്ങു മാന്തി തിന്നു. ഇന്ന്‌ അതേ കുന്തമുനയാൽ മനുഷ്യരുടെ മാറുത്തുരക്കുന്നു, ചോര ഉണ്ണുന്നു! കുന്തത്തിന്റെ പേര്‌ മിസെയിൽ എന്നാക്കിയിരിക്കുന്നു അതുമാത്രം. പ്രവൃത്തികളിലെ നന്മയല്ല കാടത്തമാണ്‌ വർദ്ധിച്ചിരിക്കുന്നത്‌. അധികാരവും യുദ്ധവും സൃഷ്ടിച്ച്‌ നിഗ്രഹിക്കുന്നു. പണ്ട്‌ പരപീഡനം ഒരു കാടിന്റെ ചതുരത്തിൽ. ഇന്നാകട്ടെ ലോകവൃത്തത്തിൽ. നിയമങ്ങളുടെ നീചത്വം ഏക്കാളവും പ്രകൃതിക്കു വിരുദ്ധമാണ്‌.

ജീവികൾക്കെതിരാണ്‌. ആരേയും ഉപദ്രവിക്കാതെ ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെയാണ്‌ മനുഷ്യൻ കൊല്ലുന്നത്‌. സ്വയം ഭയം മറ്റൊരു ജീവിയുടെ കൊലയിൽ ചെന്നവസാനിക്കുന്നു. കൊന്നു, കൊന്നു കാലഭേദങ്ങളില്ലാതെ നിയമവും, കൊലകളും വാഴുന്നു. കൊന്നു, കൊന്ന്‌ സിംഹാസനങ്ങൾ കാക്കുന്നു. പക്ഷേ മനുഷ്യ-പ്രപഞ്ചത്തിന്റെ വരുതിക്കുള്ളിലാണെന്ന ധാരണതെറ്റ്‌. ആനയുടെ ചെവിയിൽ തോട്ടി മുറുക്കുന്നവനേപ്പോലെ തന്നെ വരുതിയിലാക്കാൻ വരുന്നവനേ പ്രകൃതി തകർത്തെറിയുന്നു.

മനുഷ്യർ ഹിരണ്യകശിപുമാരാണ്‌. അവർ നാരായണനാകാൻ കുറുക്കുവഴി തേടി സ്വയം മണ്ണടിയുന്നു. ബൈബിൾ കഥയിൽ ഫിറോൻ ഗോപുരമുയർത്തിയതുപോലെ, എങ്കിലോ എല്ലാറ്റിന്റേയും നിയമവും, നിയമ രാഹിത്യവുമായി ആദി ചൈതന്യം ഒഴുകി നടക്കുന്നു. അദൃശ്യവും, അനന്തവും അജയ്യവുമാണത്‌. എത്ര കൂട്ടിയാലും കിഴിച്ചാലും ഉത്തരം ഒന്നു തന്നെ. ഒരു പദാർത്ഥ കണികയിൽ നേഗറ്റീവും പോസിറ്റീവുമായി ഒരു ഇലക്ട്രോണും പ്രോട്ടോണും സ്ഥിരമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അടി തെറ്റാതെ കൂട്ടിമുട്ടാതെ സ്ഫോടനമുണ്ടാക്കാതെ ഏതോ ചൈതന്യതാളത്തിൽ കാലാതിവർത്തിയായി യാത്രചെയ്യുന്നു.
പ്രാപഞ്ചികയാത്ര, ഒടുവിൽ യുഗങ്ങൾക്കപ്പുറം മനുഷ്യകുലം ധർമ്മം പൂർണ്ണമായും കൈവെടിയുമ്പോൾ ഒരു മഹാസ്ഫോടനമുണ്ടാകുന്നു. ഗ്രഹങ്ങൾ കൂട്ടിമുട്ടിത്തകരുന്നു പിന്നെ വെറും ന്യൂട്രോണുകളുടേതു മാത്രമായ പിണ്ഡം ശേഷിക്കുന്നു. ജീവകണികൾ പൂർണ്ണമായും നശിച്ചു കഴിഞ്ഞ ആ പിണ്ഡത്തിനു മുകളിലും ആദി ചൈതന്യം ശേഷിക്കുന്നു. അശ്രാന്തമായി അതിനു മേൽ നിറഞ്ഞു കവിഞ്ഞു കിടക്കുന്ന ചൈതന്യം നക്ഷത്ര ജാലപ്രഭയിൽ നിന്നോ ഗ്യാലക്സികൾക്കപ്പുറത്ത്‌ നിന്നോ ഊറിയതാകാം. അതിൽ നിന്നാകും മഹാത്മാക്കളുടെ ശിരസ്സിനു ചുറ്റുമുള്ള പ്രകാശവൃത്തം രൂപം കൊണ്ടത്‌. അതാണ്‌ കോടിയുഗങ്ങൾക്കപ്പുറത്തുനിന്നും കിനിഞ്ഞെത്തുന്ന മനുഷ്യകുലത്തിന്റെ കർമ്മപദങ്ങളുടെ തിരിവെളിച്ചം ഓരോ മനസ്സിലും ആ തിരിവെട്ടം കെടാതെ കാക്കേണ്ടതിനു പകരം നരലക്ഷങ്ങൾ അധർമ്മചാരികളായി ജീവിക്കുന്നു. ഞാനാണ്‌ വലിയവനെന്ന്‌ ഓരോ നരനും അഹങ്കരിക്കുന്നു. അതാകട്ടെ അധർമ്മത്തിലേക്കും വഴക്കിലേക്കും നയിക്കുന്നു. ലോകശാന്തിയെ നഷ്ടമാക്കുന്നു. കോപ്പർ നിക്കസ്സിൽ നിന്നും, ഗലീലിയോയിൽ നിന്നും, ഫ്രോയിഡിൽ നിന്നും യൂംഗിൽ നിന്നും വളർന്ന്‌ ആരുടേയും അടിമയല്ലാതെ തന്റെ പ്രജ്ഞയുടെ വഴികളിലൂടെ ജ്ഞാന ദർശിനിയുമായി ഗോളാന്തരയാത്ര നടത്തുകയാണ്‌ പ്രണവിന്റെ നരജന്മം!

രാത്രിയുടെ ഏതൊയാമത്തിൽ പ്രണവ്‌ ഉണരുകയും പിന്നീട്‌ ആലോചനകളിലേക്കു തെന്നി വീഴുകയും ഉറങ്ങാതെ കിടന്നുകൊണ്ട്‌ അനന്തമായി വീണ്ടും ആലോചന തുടരുകയുമാണ്‌. വെളുപ്പിനു അഞ്ചു മണിക്ക്‌ പതിവുള്ള കട്ടൻ കാപ്പിയുമായി വേലക്കാരൻ കിടപ്പുമുറിയുടെ ഡോറിൽ മുട്ടി. കതകുതുറക്കപ്പെട്ടു. 'സാർ കട്ടൻ കാപ്പി'. '
'അവിടെ ടേബിളിൽ വച്ചേക്കു കുമാർ'. കാപ്പി മേശമേൽ വച്ചിട്ട്‌ പലഹാരമുണ്ടാക്കാൻ കുമാർ അടുക്കളയിലേക്കു പോയി. പുലരാനായതിനാൽ തുറന്ന കതക്‌ അടച്ചില്ല. തണുത്ത വായു, ഇരച്ചുകയറിയപ്പോൾ സുഖം തോന്നി. ഭൂമിയുടെ സാന്നിദ്ധ്യം മുറിയിൽ കാറ്റിന്റെ രൂപത്തിൽ കുളർമ്മ നിറച്ചു. ഇതിനിടയിൽ ഏതോ കൃത്യനേരത്ത്‌ കുട്ടിയെ പൂവൻകോഴി ഉണർന്നു കൂവിത്തുടങ്ങിയിരുന്നു. കിഴക്കുവെള്ള പൂശി വരുന്നു. സമയം വീണ്ടും ചലിച്ചു.

സൂര്യൻ പ്രകാശത്തിന്റെ സ്വർണ്ണനൂലുകൾ പാകിത്തുടങ്ങി. ഭൂമി ചലിച്ച്‌ കടൽത്തിരകളുടെ കൊലുസിട്ട വെൺപാദങ്ങളിൽ, അടിവച്ച്‌ സൂര്യനെ തേടിച്ചെന്നു. ഓരോ നിമിഷങ്ങളിലും മാറ്റങ്ങൾ. ചലനാത്മകം. കോടിയുഗങ്ങളുടെ യാന ചംക്രമങ്ങൾ, ഹിറ്റ്ലറും മുസ്സോളിനിയും നെപ്പോളിയനും, അലക്സാണ്ടറും ചെയ്തതുപോലെ അധികാരങ്ങളിൽ ഭ്രമിക്കാതെ-യുദ്ധം ചെയ്തും ചെയ്യിച്ചും സ്വയം ഒടുങ്ങാതെ - അധികാര കസേരകളിൽ കണ്ണുവയ്ക്കാതെ, ജ്യോതിസ്സിന്റെ പാൽ വിതരണക്കാരനായ സൂര്യൻ അധികാരം ഭരിക്കാത്ത സൗരയൂധ നായകൻ. ആർക്കും തൊടാനാകാത്ത ജ്വാലാമുഖനായ സൂര്യൻ കോടിവത്സരങ്ങൾ ചീന്തിയെറിയുകയും പുനർനിർമ്മിക്കുകയും ചെയ്യുന്ന ജീവജ്യോതിസ്സ്‌ പ്രണവ്‌ ഓർമ്മകളിൽ പുഴപോലെ ഒഴുകിനീങ്ങി. മുറ്റത്തു വച്ച കൂട്ടിൽ എത്രയോ നേരമായി പുവന്റെ കൂവിയുണർത്തൽ. അവന്റെ പാട്ട്‌ ഗ്രാമത്തിന്റെ കാതുകളിൽ അലയടിച്ചു കൊണ്ടേയിരുന്നു. പ്രഭാതത്തിന്റെ ചിലപ്പധികാരപ്പട്ടം ആരേക്കാളും അവനാണുള്ളത്‌. സമയവും സ്പേസും നിരന്തരമാറ്റവുമാണ്‌ പ്രകൃതി. അഥവാ പ്രപഞ്ചം.
മാറാത്ത ജീവി മനുഷ്യനും. കാലം നൂറുവർഷത്തിനുള്ളിൽ മനുഷ്യനെ മായ്ക്കുകയും വീണ്ടും വരിക്കുകയും ചെയ്യുന്നു. സെല്ലുകൾ വളർന്നു വളർന്നു പൂർണ്ണമായാൽ കൗണ്ട്‌ ഡൗൺ തുടങ്ങുന്നു. സുനിശ്ചിതമായ മരണം എല്ലാവർക്കും കാലത്തിന്റെ ഏറ്റക്കുറച്ചിലോടെ സമ്മാനിക്കുന്നു. ഇത്രയും ഓർത്തപ്പോഴേക്കും നേരം നന്നേ പുലർന്നു കഴിഞ്ഞു. പതിവു കാരൻ കാക്ക കരഞ്ഞെത്തി വാതിൽക്കൽ ഇരുന്ന്‌ പ്രണവിനെ ചാഞ്ഞുനോക്കി എന്തോ പറയുംപോലെ വീണ്ടും ക്രാ എന്നു കരഞ്ഞു. പ്രണവ്‌ എഴുന്നേറ്റ്‌ കാക്കക്ക്‌ അരി തൂകി. പുറകെ പ്രാവുകളെത്തി. അടിവച്ചടിവച്ച്‌ നടന്ന്‌ ഒരുവൻ മുറിയിലെത്തി. മനുഷ്യരോട്‌ പരിധിവിട്ട ചങ്ങാത്തം കൂടാത്ത സദാ ചിന്തകനായ പ്രണവിന്റെ സുഹൃത്തുക്കളാണ്‌ പക്ഷികളും പട്ടിയും എല്ലാം. പ്രാവിനു പ്രത്യേകം അരി വിതറി. അവ പടപട ചിറകടി കേൾപ്പിച്ച്‌ അരിക്കുമേൽ പറന്നിറങ്ങി കൊത്തിപ്പെറുക്കി.

ഒരാഴ്ചയായി പരീക്ഷണശാലയിലെ ഒരു ശയന്റിസ്റ്റിന്റെ ജോലി തിരക്കുകളാൽ കാക്കയേ പാടേ മറന്നിരുന്നു. ഇന്നലെ മുറ്റത്തെ പൈപ്പിൽ കുനിഞ്ഞു കാൽ കഴുകുമ്പോൾ പതിവ്‌ കാക്ക നഖമമർത്താതെ പുറത്ത്‌ തോണ്ടി തന്റെ സൗഹൃതമറിയിച്ചു മാറിയിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ അയാളോടെന്നപോലെ ഒരു കരച്ചിൽ - ക്രാ. ആ ബുദ്ധിയിലും വകതിരിവിലും അത്ഭുതം തോന്നി. വേണമെങ്കിൽ തന്റെ പുറം മാന്തിക്കീറാമായിരുന്നു. ഉണ്ട ചോറിനു നന്ദിയുണ്ടതിന്‌. തൊടുകമാത്രമാണു ചെയ്തത്‌.
മുറ്റത്തേക്കിറങ്ങി പൂക്കളെ നോക്കി. പിന്നെ കോഴികളുടെ കൂട്ടുതുറന്നു. പൂവൻ ചാടിയിറങ്ങി നടുവ്‌ ഞെളിഞ്ഞുനിവന്നു കൂവി. പുറകെ പിടകളും കുഞ്ഞുങ്ങളും. ഒരു ജനിതകരഹസ്യം തേടിയാണ്‌ ആദ്യം ഒരു പൂവനേയും പിടയേയും വാങ്ങിയത്‌. അവയുടെ ജീവിതരീതികളും വംശചരിത്രവും എങ്ങിനെ? മനുഷ്യനുമായി അവർക്ക്‌ എത്രത്തോളം സാമ്യവും അന്തരവുമുണ്ട്‌. 10 മുട്ടകൾ അടവച്ചു. 21-​‍ാം നാൾ കുഞ്ഞിറങ്ങി. കുഞ്ഞുങ്ങൾ മുതിരവേ മാതാവ്‌ കൊത്തിയകറ്റി. അകന്നു മാറി ചിക്കി ചിനിക്കി തിന്ന്‌ അവ തടിവച്ചു. പരസ്പരം ഇണ കൂടി. അപ്പോൾ ഏതോ അതിഥിയെ ഊട്ടാൻ ഒരു സുഹൃത്ത്‌ വന്നു പൂവനെ അനുവാദത്തോടെ ചിറകു പിണച്ചു കൊണ്ടുപോയപ്പോൾ അയ്യോ-അയ്യോ എന്ന കരച്ചിൽ കേൾക്കവേ പ്രണവിനു വിഷമം തോന്നി. ഉറ്റകൂട്ടുകാരനാകയാൽ മിണ്ടിയില്ല. പിന്നെ അമ്മയും മക്കളും മക്കളിൽ ആണുങ്ങളും പെണ്ണുങ്ങളും മാത്രം. വളർന്ന മകൻ ആൺപൂവനിൽ നിന്നും ബാക്കി പിടകളെല്ലാം ഗർഭംചൂടി മുട്ടകളിട്ടു, കുഞ്ഞിറങ്ങി വീണ്ടും പൂവനും പിടകളുമുണ്ടായി. വീണ്ടും മുട്ടകൾ, കുഞ്ഞുങ്ങൾ. ഒരാണ്ടിനുള്ളിൽ പല തലമുറകൾ.

അമ്മയേത്‌ ! മകളേത്‌. ആര്‌ അനുജൻ, ആര്‌ ജ്യേഷ്ഠൻ. ആര്‌ പേരപ്പൻ, ആരു ചിറ്റപ്പൻ. തലമുറകളുടെ ഈ മിശ്രിതത്തിന്‌ ഏത്‌ ജാതി? ഏത്‌ മതം. ഏത്‌ അനാചാരം? ഏത്‌ സദാചാരം. ഇവരുടേത്‌ ഏത്‌ മൊറാലിറ്റി? നേരമിപ്പോൾ 9 മണി. പ്രണവിന്‌ പരീക്ഷണശാലയിൽ ജോലിക്കെത്താറായി. വേഗം വസ്ത്രം മാറി ഷർട്ടും പാന്റുമിട്ട്‌ ഷൂസ്‌ ധരിച്ച്‌ ഓഫീസിലേക്കു പുറപ്പെട്ടു- അപ്പോഴും അയാൾ ആലോചിച്ചുകൊണ്ടേയിരുന്നു- ലോകത്തെക്കുറിച്ച്‌ - മനുഷ്യരെക്കുറിച്ച്‌- ഇതര ജീവികളെക്കുറിച്ച്‌ - പ്രപഞ്ചത്തെക്കുറിച്ച്‌.