Followers

Showing posts with label ymca. Show all posts
Showing posts with label ymca. Show all posts

Wednesday, January 27, 2010

സൂക്ഷിക്കണം

sukumar arikkuzha

പെണ്ണിന്റെ നേരെയൊരു
കണ്ണടയ്ക്കിൽ
പീഡനമായിടും സൂക്ഷിക്കണം
പെണ്ണൊരുകണ്ണടച്ചൊന്നു
നോക്കിൻ
പീഡനമാകില്ല....സൂക്ഷിക്കണം
രണ്ടുമേ സൂക്ഷിച്ചതില്ലയെങ്കിൽ
ജീവിതം കോഞ്ഞാട്ടയാകുമല്ലോ!?

ബെന്തിപ്പൂക്കളിലേയ്ക്കുള്ള ഡിജിറ്റൽ വഴി

thomas p kodiyan


രമണന്റെ ഫോണിലെ കിളി ചിലച്ചു. ചന്ദ്രികയാണ്‌. "അച്ഛൻ സമ്മതിക്കുന്നില്ല രമണാ. മാപ്പു തരിക" അവളുടെ സ്വരം കാതരവും ലോലവുമായിരുന്നു.
ഫോണിന്റെ മറുതലയ്ക്കൽ അർത്ഥപൂർണ്ണമായൊരു മൗനത്തിനു വിരാമമായി ചന്ദ്രികയുടെ പിതാവിന്റെ മൊബെയിൽ ഫോണിലൊരു പിക്ചർ മെസ്സേജ്‌....
അസ്ത്രപ്രജ്ഞനായ പിതാവ്‌ ഐ.സി.യു.വിൽ.
മകളുടെ ഭാവിയെ നോക്കി ചകിതയായിപ്പോയ അമ്മ അതിനുശേഷം മൗനം മുറിയ്ക്കാൻ മറന്നുപോയി.
രമണനും മദനനും റെയിൽവേ ഓവർബ്രിഡ്ജിൽ നിൽക്കുമ്പോൾ ശവഗന്ധമുള്ള പൂക്കളും വച്ച്‌ ചന്ദ്രിക ആമ്പുലൻസിൽ കടന്നു പോയി.
യാത്രാമൊഴി പറയുന്നതിനു വേണ്ടി ഒരു വേള അവൾ ആമ്പുലൻസിന്റെ ചില്ലുജാലകത്തിലൂടെ നോക്കുമെന്നാശിച്ച്‌ രമണൻ നിന്നു.
പക്ഷേ, ബന്തിപ്പൂക്കളുടേയും ജമന്തിപ്പൂക്കളുടേയും ഭാരം കൊണ്ട്‌ അവൾക്കെഴുന്നേൽക്കാനായില്ല.
ചന്ദ്രിക അദ്ധ്യാപികയായിരുന്ന സ്കൂളിൽ നിന്നും അവളുടെ പ്രിയ കുഞ്ഞുങ്ങളുടെ നീണ്ട നിര അവളുടെ വീടിനെ ലക്ഷ്യമാക്കി നീങ്ങുന്നു. അവരുടെ കുഞ്ഞു ഷൂസുകളുടേയും വസ്ത്രങ്ങളുടേയും മർമ്മരത്തിൽ തെരുവ്‌ ഗദ്ഗദം കൊണ്ടു. അവരുടെ കൈകളിലുണ്ടായിരുന്ന പൂക്കൾപോലും മൗനികളായിരുന്നു. അവ കരയുകയായിരുന്നു. അവയുടെ മിഴിനീർ വീണു വഴികൾ നനഞ്ഞു.
രമണന്റെ തൊണ്ടയിലൊരു കടൽ കഴച്ചു. അവന്റെ കണ്ണുകളിൽ കാഴ്ചകൾ മങ്ങി. പകരം അതീതകാലത്തു നിന്നും ചന്ദ്രികയുടെ പിതൃക്കളുടെ നീണ്ട നിര അവന്റെ മുന്നിൽ തെളിഞ്ഞു. അവർ ചോദിച്ചു."കുഞ്ഞേ, നീയെന്തിനീ മഹാപാപം ചെയ്തു? ഞങ്ങളുടെ വംശവൃക്ഷത്തിന്റെ ഒടുവിലെ പുഷ്പമാണു നീ ഹരിച്ചു കളഞ്ഞത്‌. ഞങ്ങൾക്കിനി ആരു ബലിയൂട്ടും? ആരു ഞങ്ങളുടെ ദാഹം ശമിപ്പിക്കും. ആരെയും ശപിച്ചു ശീലമില്ലല്ലോ കുഞ്ഞേ ഞങ്ങൾക്ക്‌..."
ഭാവിയുടെ ഗർഭത്തിലിരുന്ന്‌ അരൂപികളായ ഒരു സന്തതി പരമ്പര അവനോടു വാവിട്ടു കേണു."ഞങ്ങൾ ചന്ദ്രികയിലൂടെ പ്രകാശത്തിന്റെ ലോകം കാണാനിരുന്നവരാണ്‌. ഇനി ഞങ്ങൾക്കു ജനനമില്ല. ജീവിതമില്ല. പ്രണയങ്ങളുമില്ല. മടങ്ങിപ്പോവുകയാണ്‌. ഇരുളിലേയ്ക്ക്‌...ഇരുളിലേയ്ക്ക്‌..."രമണൻ പറഞ്ഞു. "മദനാ, ഞാൻ ഒരു ജന്മപരമ്പരയുടെ ഘാതകനാണ്‌. ഒരു പൂന്തോട്ടം പുനർനിർമ്മിക്കാനാവാത്ത വിധം ഞാൻ നശിപ്പിച്ചു. എനിക്കു ചുറ്റും നിലവിളികളും ശാപവാക്കുകളും നിറയുന്നു" കരഞ്ഞുകൊണ്ടുവനതു പറയുമ്പോൾ അവനിൽ ചന്ദ്രികയുടെ വായ്പ്പൂവിന്റെ വാസനയും, അതിലൂറിയ മധുവും അവളുടെ മേനിയിൽ അവനു വേണ്ടി മാത്രം വിരിഞ്ഞ പുഷ്പങ്ങളും നിറഞ്ഞു.
അൽപം കഴിഞ്ഞ്‌ അവൻ ചോദിച്ചു "മദനാ, മനുഷ്യൻ മരിക്കുമ്പോൾ പൂത്തിരികൾ കത്തുന്നതു നീ കണ്ടിട്ടുണ്ടോ?" ഇല്ലെന്നു മദനൻ പറഞ്ഞപ്പോൾ, താഴെ, മൗനത്തിൽ മരണമൊളിപ്പിച്ചു കൈകൾ നിവർത്തിനിന്നിരുന്ന വൈദ്യുതിക്കമ്പികളിലേയ്ക്കവൻ സ്വയം സമർപ്പണം നടത്തിക്കാണിച്ചുകൊടുത്തു...
പൂത്തിരികൾ. പൊട്ടിത്തെറികൾ. കൂട്ടുകാരൻ പച്ചയ്ക്കു കരിയുന്ന ഗന്ധം.....
നടുക്കം നൽകിയ ശിലാഭാവത്തിൽ നിന്നും വർത്തമാനകാലത്തിലേക്കു മദനൻ മടങ്ങി വന്നപ്പോഴേയ്ക്കും അവന്റെ ഫോൺ വിശന്നുതലതല്ലിക്കരഞ്ഞു തുടങ്ങി. ചന്ദ്രികയെ രമണൻ എത്ര മാത്രം സ്നേഹിച്ചിരുന്നുവേന്നു ലോകമറിയട്ടെ.
മദനൻ ഫോണെടുത്തു. മൊബെയിൽ വീഡിയോ ക്യാമറയിൽ രമണൻ തല്ലിപ്പിടഞ്ഞു തീർന്നു. രമണൻ, ഡിജിറ്റൽ ശബ്ദങ്ങളും ചിത്രങ്ങളുമായി മദനന്റെ ഫോണിൽ അനശ്വരനായി.
മൊബെയിലിന്റെ വിശപ്പു മാറിയപ്പോഴും മദനന്‌ ഒരു ഖേദം ബാക്കിയായി-എന്തു കൊണ്ടിതുവരെ ആരും ഗന്ധങ്ങൾ പിടിച്ചെടുക്കുന്ന സംവിധാനം കണ്ടെത്തിയില്ല.
ശബ്ദഘോഷങ്ങളും അഗ്നിപുഷ്പങ്ങളും, കരിയുന്ന മാംസ ഗന്ധവുമടങ്ങിയപ്പോൾ ആൾക്കൂട്ടത്തിനു നടുവിൽ നിന്ന്‌ മദനൻ രമണന്റെ വീട്ടിലേയ്ക്കുള്ള

കമ്മ്യൂണിക്കേഷൻ ഗ്യാപ്പ്‌

thomas neelarmatham


ഏറ്റവും അടുപ്പമുള്ള ഒരു സുഹൃത്തിന്റെ സ്നേഹപൂർവ്വമായ നിർബന്ധത്തിന്‌ വഴങ്ങിയാണ്‌ അദ്ദേഹം പഠിപ്പിക്കുന്ന ഗവണ്‍മന്റ്‌ ഹയർ സെക്കന്ററി സ്ക്കൂളിന്റെ വാർഷികാഘോഷത്തിന്‌ പ്രസംഗിക്കാൻ പോയത്‌. മുഖ്യപ്രഭാഷകന്റെ കസേര നൽകി സുഹൃത്ത്‌ എന്നെ ആദരിച്ചു.

കേരളം ഇന്നു നേരിടുന്ന രാഷ്ട്രീയ- സാമൂഹിക -സാംസ്ക്കാരികരംഗങ്ങളിലെ പ്രതിസന്ധികളെ തലോടിയുണർത്തി ഞാനൊരു വിധം സേവ നടത്തി. പ്രേക്ഷകർ എന്റെ പ്രസംഗം ആവോളം ആസ്വദിച്ചു എന്ന സംതൃപ്തിയോടെയാണ്‌ മീറ്റിംഗ്‌ കഴിഞ്ഞ്‌ ഞാൻ വേദി വിട്ടിറങ്ങിയത്‌.
അനന്തരം, നിറം മങ്ങിയ ഗ്ലാസ്സിൽ തണുത്ത വിളറിയ ചായയുടേയും കറുത്തു പൊള്ളിയ പരിപ്പുവടയുടേയും നൊന്തു പഴുത്ത ഞാലിപ്പൂവൻപ്പഴത്തിന്റേയും മുന്നിൽ വിശിഷ്ടാതിഥികളോടൊപ്പം ഇരിക്കുമ്പോള്‍ ചില അദ്ധ്യാപകരും രക്ഷാകർത്താക്കളും പരിചയപ്പെടാനെത്തി.പലരും പ്രസം‌ഗം നന്നായിരുന്നു എന്ന്‌ പ്രശംസിച്ചു. ഞാൻ കൃത്രിമമായ വിനയത്തോടെ പ്രശംസിച്ചവരോട്‌ നന്ദി പറഞ്ഞു യാത്ര പറഞ്ഞിറങ്ങുന്നതിനുമുമ്പ്‌ ആ സ്ക്കൂളിലെ നാലഞ്ച്‌ അദ്ധ്യാപികമാർ എന്റെ ചുറ്റും കൂടി.
കൂട്ടത്തിൽ സുന്ദരിയായ ഒരു ടീച്ചർ എനിക്ക്‌ പരിചയപ്പെടുത്തി.ഞാൻ സന്തോഷത്തോടെ എല്ലാവരോടും കുശലങ്ങൾ അന്വേഷിച്ചു.
സുന്ദരിടീച്ചർ പിന്നെയും എന്നെ വിടാൻ ഭാവമില്ല. ഒടുവിൽ അവർ പറഞ്ഞു
'സാറെ ഞങ്ങളൊരു പ്രത്യേകകാര്യം കൂടി പറയാനാ വന്നത്‌.
ഇതൊരു ഗവണ്‍മന്റ്‌ സ്ക്കൂൾ ആണെന്ന്‌ സാറിനറിയാമല്ലോ.
ഇവിടെ പ്രാഥമികാവശ്യങ്ങൾ നടത്താൻ പോലുമുള്ള സൗകര്യങ്ങളില്ല. പ്രത്യേകിച്ചു ഞങ്ങൾ ലേഡിടീച്ചേഴ്‌സിന്‌. അതുകൊണ്ട്‌ ഞങ്ങളെല്ലാരുംകൂടി പിരിവെടുത്തും ശമ്പളത്തീന്ന്‌ എടുത്തും ലേഡിടീച്ചേഴ്‌സിന്‌ ഉപയോഗിക്കാൻ ഒരു മൂത്രപ്പുരയുണ്ടാക്കാൻ തീരുമാനിച്ചു.അതിലേക്ക്‌ സാറും എന്തെങ്കിലും തരണം.
ടീച്ചറിന്റെ സൗന്ദര്യവും അഭ്യർത്ഥനയും കൂടി തട്ടിച്ചു നോക്കിയപ്പോള്‍ ഞാൻ വീണു. യാത്രപ്പടിയിനത്തിൽ സുഹൃത്ത്‌ എനിക്കു നൽകിയ കവറെടുത്ത്‌ ഞാൻ ആ ടീച്ചറിനു നേരെ നീട്ടി. ടീച്ചറെ നല്ല കാര്യമാണ്‌ നടക്കട്ടെ ഇതു സന്തോഷപ്പൂർവ്വം സ്വീകരിച്ചൊ.

ടീച്ചർ രണ്ടു കൈയും നീട്ടി അത്‌` വാങ്ങി. എല്ലാവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞ്‌ ഞാനിറങ്ങി. കുറേ നാൾ കഴിഞ്ഞ്‌ ഒരു പ്രവൃത്തി ദിവസം എറണാകുളത്ത്‌ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തിട്ട്‌ ഭാര്യാസമേതനായി ഞാൻ ബസ്‌സ്റ്റാൻഡിൽ നിൽക്കുകയാണ്‌. ദൂരെ നിന്നും ഒരു സ്ത്രീ നിറപുഞ്ചിരിയോടെ എനിക്കഭിമുഖമായി നടന്നു വരുന്നു. എന്നെത്തന്നെയാണൊ അവരുദ്ദേശിക്കുന്നത്‌ എന്ന്‌ മനസ്സിലാകാത്തതിനാൽ ഞാൻ ചുറ്റുപാടും കണ്ണോടിച്ചു. അവർ അടുത്തു വരുന്തോറും ചിരിയുടെ മാറ്റ്‌ വർദ്ധിക്കുകയാണ്‌. സംശയാസ്പദമായ സാഹചര്യത്തിൽ പിടിക്കപ്പെട്ടവനെയെന്നപോലെ ഭാര്യ എന്നെ ഒളി കണ്ണിട്ടു നോക്കുന്നു.
അവരുടെ ലക്ഷ്യം ഞാൻ തന്നെയായിരുന്നു. ആളിനെ മനസ്സിലാക്കാൻ ഞാനപ്പോഴും പാടുപെടുകയായിരുന്നു.

'സാറെന്താ ഇവിടെ?'
'ഞങ്ങളൊരു കല്യാണത്തിന്‌ വന്നതാ. ഇതെന്റെ ഭാര്യ ജസ്സി. ഞാൻ ഭാര്യയെ പരിചയപ്പെടുത്തി. ജസ്സി, അത്ര തൃപ്തികരമല്ലാത്ത മട്ടിൽ കൈകൂപ്പി ചിരി അഭിനയിച്ചു.

'സാറിന്‌ എന്നെ മനസ്സിലായോ?
ഞാൻ ശരിക്ക്‌ അങ്ങോട്ട്‌ ഓർക്കുന്നില്ല. പക്ഷെ പരിചയപ്പെട്ടതായറിയാം.

അയ്യോ സാറെ കുറച്ചു നാൾ മുമ്പ്‌ ഞങ്ങളുടെ സ്ക്കൂളിലെ പരിപാടിക്കു സാറു വന്നത്‌ ഓർക്കുന്നില്ലേ'
പെട്ടെന്ന്‌ എനിക്കോർമ്മ വന്നു.
ഓ, ശരിയാണ്‌ ഓർക്കുന്നുണ്ട്‌. ടീച്ചറെ എന്തൊക്കെയുണ്ട്‌ വിശേഷങ്ങൾ'

നല്ല വിശേഷം സാറെ എല്ലാവർക്കും സുഖമല്ലേ'
അതെ, സാറെ,ങ്‌ ഹാ പിന്നെ മൂത്രപ്പുര കാണുമ്പോഴൊക്കെ ഞാൻ സാറിനെ ഓർക്കും.
അത്രയും പറഞ്ഞുതീർന്നതും അവർക്ക്‌ കയറേണ്ട ബസ്സു വന്നതും ഒപ്പമായിരുന്നു.വീണ്ടും കാണാം എന്ന മംഗളവാക്കോടെയാണ്‌ അവർ കാറ്റുപോലെ ആ ബസ്സിലേക്ക്‌ പാഞ്ഞു കയറിയത്‌.

വീട്ടിലെത്തുന്നവരെ ഭാര്യ എന്നോടു മിണ്ടിയതേയില്ല.

അകത്തേക്കു കയറി , വലിയ ശബ്ദത്തോടെ ബഡ്‌റൂമിന്റെ വാതിലടച്ചുകൊണ്ട്‌ അവൾ എന്നോടു പറഞ്ഞു.
'നിങ്ങൾ ഇത്രയും വൃത്തികെട്ട മനുഷ്യനാണെന്നു ഞാനറിഞ്ഞിരുന്നില്ല.

അതും പറഞ്ഞ്‌ അവൾ അലമുറയിട്ടു കരയാനും തുടങ്ങി.

അതിനു ശേഷം സ്കൂളുകളിലെ പരിപാടികൾക്ക്‌ ക്ഷണിക്കുമ്പോൾ ഭാര്യ അനുവദിച്ചാൽ വരാം എന്നാണ്‌ ഞാൻ പറയുന്നത്‌.

ഇതുപോലെ തന്നെ ഒരു ദുര്യോഗം ഒരിയ്ക്കൽ ഭാര്യയുമായി ഷോപ്പിംഗിന്‌ പോയപ്പോഴും എനിക്കുണ്ടായി.

വീട്ടിൽ നിന്ന്‌ ഇറങ്ങുന്നതിനു മുമ്പേ , അവൾ പറഞ്ഞതാണ്‌ കുളിക്കുന്ന സോപ്പ്‌ വാങ്ങിക്കാൻ മറക്കരുതേയെന്ന്‌. സൂപ്പർമാർക്കറ്റിന്റെ മുന്നിൽ ബൈക്ക്‌ നിർത്തിയതും അവൾ അകത്തേക്ക്‌ ഊളിയിട്ടുകയറുന്നതും ഞൊടിയിടയിലായിരുന്നു. എന്തൊക്കെയോ വാങ്ങാനുള്ള അവളുടെ പരവേശം കണ്ട്‌ പരിഭ്രമിച്ച്‌ ഞാൻ ഇടയ്ക്കിടെ പേഴ്‌സ്‌ തപ്പിക്കൊണ്ട്‌ അതിനുള്ളിൽ നിന്നു.ഏറെ കഴിഞ്ഞു കുളിക്കുന്ന സോപ്പുകൾ വച്ചിട്ടുള്ള ഷെൽഫിന്റെ മുന്നിൽ ഞാനെത്തി. ഉയരം കൂടുതലായതുകൊണ്ട്‌ ആരുടേയും സഹായമില്ലാതെ ഒരു സോപ്പ്‌ കയ്യിൽ കിട്ടിയാൽ അതൊന്നു മണപ്പിച്ചു നോക്കുകയെന്നത്‌ സ്വാഭാവികം. ഞാനും അതേ ചെയ്തുള്ളു. ആ സോപ്പ്‌ തിരിച്ചും മറിച്ചും മണപ്പിച്ചു നോക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ ഭാര്യ കൊടുങ്കാറ്റു പോലെ എന്റെ അരികിലേക്ക്‌ ചീറ്റിയടുത്തു.
എന്തു പറ്റി?
ഞാൻ അമ്പരപ്പോടെ ചോദിച്ചു
വാ പോകാം
സോപ്പു വാങ്ങിക്കേണ്ടേ?
സോപ്പും വേണ്ട. ഒരു മണ്ണാങ്കട്ടയും വേണ്ട,.വണ്ടിയെടുക്ക്‌ വീട്ടിൽ പോകാം. ഞാൻ ആദ്യമായി അവളെ അനുസരിച്ചു.


വീട്ടിൽ ചെന്നയുടനെ അവളുടെ പതിവുകരച്ചിൽ തുടങ്ങി.
ഞാൻ ആരും കേൾക്കാതിരിക്കാനായി കതകിന്‌ കുറ്റിയിട്ടു
പിന്നെ ഞാനങ്ങ്‌ ഭർത്താവായി
അൽപ്പം കയർത്ത്‌ തന്നെ സംസാരിച്ചു.
നീയല്ലേ പറഞ്ഞത്‌ ,കുളിക്കുന്ന സോപ്പു വാങ്ങിക്കണമെന്ന്‌. എന്നിട്ട്‌ അതു വാങ്ങിക്കാതെ ഇത്ര ധൃതി വെച്ച്‌ കടയിൽ നിന്ന്‌ ഇറങ്ങിയത്‌ എന്തിനാ?

എന്റെ ശബ്ദം കുറേ കൂടിപ്പോയോ എന്നെനിക്കു സംശയം

എന്നിട്ടും ഞാൻ ആ ചോദ്യം വീണ്ടും ചോദിച്ചു.
എന്തിനാ, കടയിൽ നിന്നിറങ്ങിപ്പോന്നത്‌ എന്ന്‌ നിങ്ങൾക്കറിയണൊ? ഞാൻ ഒരു ഭർത്താവിന്റെ ശബ്ദത്തിൽ തന്നെ പറഞ്ഞു.
'എനിക്കറിയണം"
അവൾ മുൻവശത്തെ മുറിയിലെത്തി. ടീ.വി.യുടെ ശബ്ദം കൂട്ടി. കുട്ടികൾ അതിൽ മുഴുകിയിരിക്കുകയാണ്‌. അകത്തെ ബഹളം ആരും കേൾക്കാതിരിക്കാൻ അവൾ ചെയ്ത പണി എനിക്ക്‌ ഇഷ്ടപ്പെട്ടു.
നിങ്ങൾ അറിയണം ഇല്ലേ?
അവൾ എന്റെ നേർക്ക്‌ ചീറി അടുക്കുകയാണ്‌.
ഇടയ്ക്കിടെ കരച്ചിലിന്റെ ശബ്ദവും.
ഞാൻ ചോദിച്ചു
എടീയെ എന്താ പ്രശ്‌നം?
അവൾ സുനാമിയുടെ തിരയടിക്കുംപോലെ കട്ടിലിൽ നിന്ന്‌ ചാടിയെഴുന്നേറ്റ്‌ എന്റെ നേർക്ക്‌ തിരിഞ്ഞു. 'നിങ്ങൾ ഇത്രയും മോശക്കാരനാണെന്ന്‌ ,ദൈവമേ ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല.
പിന്നെയും കരച്ചിൽ
എടീ, ഞാൻ എന്തു ചെയ്തെന്നാ നീ ഈ പറയുന്നത്‌?
നാണം കെട്ട മനുഷ്യാ, നാട്ടുകാരുടെ മുന്നിൽ വെച്ച്‌ നിങ്ങൾ ആ കടയിൽ നിന്ന്‌ കൊണ്ട്‌ ആ സോപ്പിന്റെ കവറിന്റെ പുറത്തുള്ള പെണ്ണിന്റെ ചുണ്ടിൽ എത്ര തവണയാണ്‌ ഉമ്മ വെച്ചതു്‌, ഞാനിതെങ്ങനെ സഹിക്കണം?

പിന്നീട്‌ ഞാനൊരിക്കലും ഭാര്യയോടൊപ്പം കുളിക്കുന്ന സോപ്പ്‌ വാങ്ങിക്കാൻ പോയിട്ടില്ല.


Tuesday, October 27, 2009

thomas neelarmatham


ezhuth/ dec/ 2009

ദുഃഖഭരിതമായ കൂടിക്കാഴ്ച


2005-ലെ ഗൾഫ്‌ പര്യടനം. ഒരു വെള്ളിയാഴ്ച അബുദാബി ഓർത്തഡോക്സ്‌ പള്ളിയിലെ പ്രസംഗം കഴിഞ്ഞ്‌ പള്ളിയിൽ നിന്നും ഇറങ്ങിയപ്പോൾ നാട്ടുകാരും സുഹൃത്തുക്കളും ഒക്കെ അടുത്തുകൂടി. ആ കൂട്ടത്തിൽ നിന്നും കോളേജിൽ എന്നോടൊപ്പം പഠിച്ച വർഗ്ഗീസ്‌ മാത്യുവിനെ തിരിച്ചറിയാൻ എനിക്ക്‌ ഇത്തിരി സമയം വേണ്ടിവന്നു.
പഠിക്കുന്ന കാലത്ത്‌ ഒറ്റമുണ്ടും ഖദർ ഷർട്ടും മാത്രം ധരിക്കാറുണ്ടായിരുന്ന വള്ളിപോലെ വെളുത്തുമെലിഞ്ഞ 'പയ്യൻസ്‌' ഇപ്പോൾ ബുൾഗാൻ താടിയും സ്റ്റൈലൻ കണ്ണടയും ധരിച്ച്‌ കൊഴുത്തു തടിച്ചിരിക്കുന്നു. വിലകൂടിയ പാന്റും ഷർട്ടും ഷൂവും. ഒട്ടും മോശമല്ലാത്ത ഒരു ഗൾഫിയൻ ലുക്ക്‌!
എനിക്കാണെങ്കിൽ, കവിളിൽ കാലം കോറിയിട്ട നാലഞ്ചു താടിരോമങ്ങൾ നരച്ചതൊഴിച്ചാൽ പ്രത്യേകിച്ച്‌ വലിയ മാറ്റങ്ങളൊന്നുമില്ല.
'തോമാച്ചാ, നീ എപ്പോ എത്തി?' അവൻ അടുത്തേക്ക്‌ വന്ന്‌ സ്നേഹത്തോടെ ചോദിച്ചു. അവന്റെ കണ്ണുകളിൽ കഴിഞ്ഞകാല സൗഹൃദത്തിന്റെ തിളക്കം ഞാൻ കണ്ടു. എന്റെ അടുത്തു നിൽക്കുന്ന മറ്റാരേക്കാളും കൂടുതൽ, എന്റെ അടുത്ത നിൽക്കുന്ന മറ്റാരേക്കാളും കൂടുതൽ, എന്റെ കാര്യത്തിൽ അവനാണ്‌ അവകാശം എന്ന മട്ടിലായിരുന്നു പിന്നീടുള്ള വർഗീസ്‌ മാത്യുവിന്റെ പെരുമാറ്റം. പരിചയക്കാരും മറ്റു സുഹൃത്തുക്കളും പിരിഞ്ഞപ്പോൾ അവൻ എന്റെ കൈകൾ രണ്ടും ചേർത്തുപിടിച്ചുകൊണ്ട്‌ പറഞ്ഞു.
"അളിയാ, എനിക്ക്‌ വിശ്വസിക്കാനാവുന്നില്ല. ഒട്ടും പ്രതീക്ഷിക്കാത്ത ഒരനുഭവം."
"എടാ, പ്രതീക്ഷിക്കാത്തത്‌ സംഭവിക്കുമ്പോഴല്ലേ ജീവിതത്തിന്റെ വില അറിയൂ."
എന്റെ മറുപടി കേട്ട്‌ പരിസരം മറഞ്ഞ്‌ പള്ളിമുറ്റത്ത്‌ വച്ച്‌ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട്‌ പറഞ്ഞു.
"തോമച്ചാ ഈ അച്ചടി ഭാഷയിലല്ലാതെ നമുക്കു സംസാരിക്കണം. നീണ്ട 15 വർഷം മുമ്പുള്ള കാലം തൊട്ട്‌ ഇങ്ങോട്ടുള്ള കഥകൾ. അതിനു സമയം വേണം. ഇനിയുള്ള നിന്റെ പരിപാടികൾ എങ്ങനെ?"
"ഉച്ചകഴിഞ്ഞ്‌ ഒരു മലയാളി സംഘടനയുടെ മീറ്റിംഗുണ്ട്‌. അതു കഴിഞ്ഞ്‌ ഇവിടെ എന്റെയൊരു സുഹൃത്തിന്റെ വീട്ടിലാണ്‌ താമസം".
"ഇവിടെ ഞാനറിയാത്ത ഏത്‌ സുഹൃത്താടാ നിനക്കുള്ളത്‌ നീയാ നമ്പറിങ്ങോട്ടുതാ; ഞാൻ വിളിച്ചിട്ട്‌ പറയാം"
ഞാൻ ആ നിർബന്ധത്തിന്‌ വഴങ്ങി സുഹൃത്തിന്റെ നമ്പർ കൊടുത്തു. വർഗ്ഗീസ്‌ മാത്യു അദ്ദേഹവുമായി സംസാരിച്ചു. അവർ തമ്മിൽ പരിചയക്കാരായിരുന്നു. അന്നത്തെ രാത്രിയിൽ വർഗ്ഗീസിനൊപ്പം ചെലവഴിക്കാൻ അദ്ദേഹം സമ്മതിച്ചു.
എന്നെ, എങ്ങനെയൊക്കെ സന്തോഷിപ്പിക്കണമെന്ന്‌ അറിയാതെ വിഷമിക്കുകയായിരുന്നു അവൻ. അവന്റെ കാറിൽ മീറ്റിംഗ്‌ സ്ഥലത്ത്‌ കൊണ്ടുപോയി. ചടങ്ങ്‌ കഴിയും വരെ മറ്റെല്ലാകാര്യങ്ങളും മാറ്റിവച്ച്‌ അവൻ എനിക്കുവേണ്ടി കാത്തിരുന്നു.
വൈകിട്ട്‌ ഏഴുമണിയോടെയാണ്‌ ഞങ്ങൾ അവന്റെ ഫ്ലാറ്റിലെത്തിയത്‌. കോളിംഗ്‌ ബെൽ കേട്ടയുടനെ തന്നെ അവന്റെ ഭാര്യ പുഞ്ചിരിയോടെ വന്ന്‌ കതകുതുറന്നു.
"തോമാച്ചാ, ഇതാണെന്റെ ഒരേയൊരു ഭാര്യ ജാൻസി. മോളെ ഞാൻ രാവിലെ വിളിച്ചുപറഞ്ഞില്ലേ നാട്ടീന്ന്‌ ഒരു 'സാധനം' വന്നിറങ്ങിയിട്ടുണ്ടെന്ന്‌. അതാണിത്‌.
ജാൻസി ചിരിച്ചു.
"മനസ്സിലായി ഇടയ്ക്കിടയ്ക്ക്‌ പഴയ കോളേജ്‌ വിശേഷങ്ങൾ പറയുമ്പോൾ ഈ പേര്‌ ഒരിക്കലും വിട്ടുപോകാറില്ല."
"ഓ, അതുശരി. അപ്പൊ, നീയെന്നെ വല്ലപ്പോഴും ഓർക്കാറുണ്ട്‌.
'കൊള്ളാം. എങ്ങനെ മറക്കാനാ? ഒരു പുരുഷായുസ്സു മുഴുവനിരുന്നോർത്താലും നീയുൾപ്പെട്ട കഥകൾ തീരില്ലല്ലോ'
"മോളെ. ഇവന്റെ വെടിച്ചില്ലു ശബ്ദവും പൊട്ടിച്ചിരിയും കേട്ടാൽ നാട്ടുകാരുമുഴുവൻ ഓടിക്കൂടും."
അതുപറഞ്ഞ്‌ വർഗീസ്‌ മാത്യു ഉറക്കെച്ചിരിച്ചു.
ഫ്ലാറ്റിൽ ചെന്നപ്പോൾ മുതൽ ഭാര്യയോടുള്ള അവന്റെ പ്രത്യേക സ്നേഹവും കരുതലും ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്തുപറഞ്ഞാലും മോളെ എന്നു വിളിച്ചു കൊണ്ടേ തുടങ്ങു. ഒരു കൊച്ചുകുഞ്ഞിനോടെന്ന പോലെയുള്ള സൂക്ഷ്മതയാണ്‌ ജാൻസിയുടെ കാര്യത്തിൽ വർഗീസിനുള്ളത്‌ എന്ന്‌ എനിക്ക്‌ വേഗം മനസ്സിലായി.
ഞാൻ കഴിയുന്നതും ഭാര്യയെ പേരു വിളിക്കാനാണ്‌ ഇഷ്ടപ്പെടുക. ഒരൽപം ഗൗരവ പ്രകൃതിയാണെങ്കിൽ 'എടോ, ഇയാൾ' എന്നൊക്കെ വിളിക്കും. പക്ഷേ മോളെ എന്നു വിളിക്കാൻ എനിക്ക്‌ ഒരിക്കലും തോന്നിയിട്ടില്ല.
ഇവിടെ വർഗീസ്‌ മാത്യുവിന്റെ സ്നേഹത്തിന്റെ പൊള്ളത്തരമാണോ 'ഈ മോളെ വിളി'യെന്നുപോലും ഞാൻ സംശയിച്ചു.
"മോളെ സമയത്തിനു ഭക്ഷണം കഴിച്ചോ?"
"മോളെ ജോലിയൊന്നും ചെയ്തില്ലല്ലോ?"
"മോളെ സമയത്തിനു ഗുളികയൊക്കെ കഴിച്ചോ?"
ഇങ്ങനെ മോൾക്കുവേണ്ടി കുറെയേറെ ചോദ്യങ്ങളുമായി അവൻ അവളെ പൊതിഞ്ഞു നിൽക്കുകയാണ്‌ ഇതിനിടയ്ക്ക്‌ എനിക്കു ചായയുണ്ടാക്കിക്കൊണ്ടു തന്നതും കേക്കും പഴങ്ങളുമടങ്ങിയ പാത്രങ്ങൾ എടുത്തു കൊണ്ടുവന്നതും അവൻ തന്നെയാണ്‌.
ജാൻസി സോഫയിൽ നിന്ന്‌ എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ അവൻ പെട്ടെന്ന്‌ തടഞ്ഞു.
"വേണ്ട വേണ്ട മോളൊന്നും ചെയ്യേണ്ട. അടങ്ങി ഇവിടിരുന്നാൽ മതി."
ജാൻസിയുടെ മുഖത്ത്‌ ഒരു വിളറിയ ചിരി വിടർന്നു.
"ജാൻസിക്കെന്താ സുഖമില്ലേ?"
ഞാൻ അവളോടായി ചോദിച്ചു.
മറുപടി പറയാനാവാതെ അവ വർഗീസിനെ നോക്കി.
അവൻ എന്റെ മുഖത്ത്‌ നോക്കാതെയാണ്‌ മറുപടി പറഞ്ഞത്‌.
"ചിലപ്പോ മോൾക്ക്‌ നല്ല പനി വരും. ഇവിടുത്തെ കാലാവസ്ഥ പിടിക്കുന്നില്ലായിരിക്കും. ഇപ്പൊ കുഴപ്പമൊന്നുമില്ല ഇല്ലേ മോളെ" കുഴപ്പമില്ല എന്നർത്ഥത്തിൽ ജാൻസി തലയാട്ടി.
ഞാൻ കൂടുതൽ ഒന്നും ചോദിച്ചുമില്ല.
വർഗീസ്‌ എനിക്ക്‌ മുറി കാണിച്ചുതന്നു. കുളി കഴിഞ്ഞ്‌ സ്വീകരണമുറിയിൽ എത്തിയപ്പോഴേക്കും ഏതോ ഹോട്ടലിലേക്ക്‌ എന്തൊക്കെയോ ഭക്ഷണവിഭവങ്ങൾക്ക്‌ ഓർഡർ കൊടുക്കുകയാണ്‌ വർഗീസ്‌.
ചോറും കറികളുമൊക്കെ നാട്ടിൽ ചെന്നാലും കഴിക്കാം. ഇവിടെ വരുമ്പോൾ ഇവിടുത്തെ ഭക്ഷണരീതി പരിചയിക്കാൻ കിട്ടുന്ന അവസരമാണ്‌. ലെബനോൻ ഫുഡ്ഡാണ്‌ നിനക്കുവേണ്ടി ഇന്നത്തെ സ്പേഷ്യൽ ഐറ്റം"
"ഭക്ഷണകാര്യത്തിൽ നിന്റെ ആവെറെറ്റി ടേസ്റ്റ്‌ ഇപ്പോഴുമുണ്ടോ?" ഞാൻ ചോദിച്ചു.
"ആദ്യം അന്ന വിചാരം പിന്നെ വിചാരം, കാര്യവിചാരം"
കോളേജിൽ പഠിക്കുമ്പോൾ പെൺകുട്ടികളുടെ ചോറ്റുപാത്രത്തിൽ നിന്ന്‌ അടമാങ്ങാ അച്ചാറും അവിയലും ചമ്മന്തിയുമൊക്കെ അടിച്ചുമാറ്റുന്ന വിരുതനായിരുന്നു വർഗീസ്‌. രണ്ടാം വർഷ ഇംഗ്ലീഷ്‌ ക്ലാസ്സിലെ കെ.കെ.സാറാമ്മയുടെ അരിപ്പത്തരിയും കോഴിക്കറിയും എടുത്തതിന്‌ അവൾ പ്രിൻസിപ്പലിന്‌ പരാതി കൊടുത്ത കഥ ഞാൻ ഓർമ്മിപ്പിച്ചപ്പോൾ വർഗീസ്‌ പൊട്ടിച്ചിരിച്ചു.
പിന്നീട്‌ ഞങ്ങളുടെ ഇരുവരുടേയും നാവുകളിൽ പഴയ വീരസാഹസിക കഥകൾ വിരിഞ്ഞുതുടങ്ങി. ഒരാൾ നിർത്താൻ കാത്തിരിക്കുകയാണ്‌ അടുത്തയാൾ മറ്റൊരു കഥ പറയാൻ.
മോഹൻലാളിന്റെ 'താളവട്ടം' സിനിമ കാണുന്നതിനുവേണ്ടി ഞങ്ങൾ കുറച്ചുപേർ ഒരു കാരണവുമില്ലാതെ സമരം നടത്തി. കൂട്ടമണിയടിച്ച്‌ കോളേജ്‌ വിട്ടത്‌, ലേഡീസ്‌ ഹോസ്റ്റലിന്റെ മതിലു ചാടിക്കടന്ന്‌ വാഴക്കുല മോഷ്ടിച്ച്‌ പുഴുങ്ങിത്തിന്നത്‌, പ്രിൻസിപ്പലച്ചന്റെ കുപ്പായത്തിനു പിന്നിൽ ചക്കയരക്കു തേച്ചതു. ഫ്ലാറ്റിനുള്ളിൽ ചിരിയുടെ അമിട്ടുകൾ പൊട്ടാൻ ഇക്കഥകളൊക്കെ ധാരാളം മതിയായിരുന്നു.
സമൃദ്ധമായ ഭക്ഷണത്തിനു ശേഷം വീണ്ടും ഞങ്ങൾ ഒത്തുകൂടി. അപ്പോഴെല്ലാം മൃദുവായുള്ള ഒരു ചിരി മുഖത്ത്‌ വിടർത്തിക്കൊണ്ട്‌ ഒരു നല്ല കേൾവിക്കാരിയായി ജാൻസിയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.
"തോമാച്ചാ, നിന്റെ കവിത കേട്ടിട്ട്‌ എത്ര നാളായി? ആ.എൻ.എൻ. കക്കാടിന്റെ കവിതയുണ്ടല്ലോ നീയന്ന്‌ കോളേജ്‌ ഡേയ്ക്ക്‌ ചൊല്ലിയത്‌ അതൊന്നു കേൾക്കണം".
അവന്റെ ആവശ്യം നിരാകരിക്കാൻ എനിക്കാവുമായിരുന്നില്ല. 'കക്കാടിന്റെ സഫലമീ യാത്ര' ഞങ്ങൾ പഠിച്ചിരുന്ന കാലത്ത്‌ കോളേജ്‌ വിദ്യാർത്ഥികളുടെ ഹരമായിരുന്നു. കക്കാട്‌ ക്യാൻസർ രോഗബാധിതനായി കഴിഞ്ഞിരുന്ന കാലത്തെഴുതിയ കവിതയാണത്‌. ഒരു വല്ലാത്ത നീറ്റൽ മനസ്സിലെവിടെയോ നീറിപ്പിടിക്കുന്ന വിധം നൊമ്പരമുണർത്തുന്നതാണ്‌ അതിലെ ഓരോ വരികളും.
കോളേജ്‌ ഡേയ്ക്ക്‌ കവിത ചൊല്ലിക്കഴിഞ്ഞ്‌ വേദിയിൽ നിന്ന്‌ ഇറങ്ങുമ്പോൾ മുൻനിരയിലിരുന്ന പ്രിൻസിപ്പലച്ചൻ, കണ്ണടയ്ക്കുള്ളിലൂടെ മിഴിത്തുള്ളികൾ ഒപ്പിയെടുക്കുന്നത്‌ എന്നെ കാണിച്ചുതന്നത്‌ വർഗീസായിരുന്നു. പിന്നീട്‌ അവന്റെ ഇലക്ഷൻ പ്രചരണത്തിന്റെ മുഖ്യഘടകം എന്റെ കവിത ചൊല്ലലായിരുന്നു. വർഗീസ്‌ മാത്യു കോളേജ്‌ യൂണിയൻ ചെയർമാനായപ്പോൾ അതിന്റെ മുഴുവൻ ക്രൈഡിറ്റും കക്കാടിന്റെ കവിതയ്ക്കും എനിക്കും അവൻ വീതിച്ചുതന്നു.
ഇപ്പോൾ വർഗീസും ഭാര്യയും ആ കവിതയ്ക്കുവേണ്ടി കാത്തിരിക്കുകയാണ്‌.
ഞാൻ കണ്ണുകൾ പതിയെ അടച്ചു. മുറിയിൽ എയർ കണ്ടീഷണറിന്റെ നേരിയ മുരൾച്ച. അതിനിടയിലൂടെ ജാൻസിയുടെയോ വർഗീസിന്റെയോ ശ്വാസഗതിയുടെ ശബ്ദം.
ഞാൻ കവിതയുടെ നോവേറുന്ന വരികളിലൂടെ സഞ്ചരിച്ചുതുടങ്ങി. ചിലപ്പോഴൊക്കെ കണ്ണുതുറന്നു നോക്കുമ്പോൾ, ഇമവെട്ടാതെ എന്റെ മുഖത്തേക്കു മാത്രം ഉറ്റുനോക്കിയിരിക്കുന്ന വർഗീസിന്റേയും ഭാര്യയുടേയും കനലെരിയുന്ന മുഖങ്ങൾ.
"വ്രണിതമാം കണ്ഠത്തിലിന്നു
നോവിത്തിരി കുറവുണ്ട്‌
വളരെ നാൾ കൂടയീ നേരിയ
നിലാവിന്റെ പിന്നിലേയനന്തത്തയി-
ലാളിയുമിരുൾ നോക്കുകിരുളിന്റെ
അറകളിലെ ഓർമ്മകളെടുക്കുക"
ആ വരികൾ ഞാൻ ആവർത്തിച്ചു ചൊല്ലി. കവിത ചൊല്ലിത്തീർന്നപ്പോൾ വർഗീസ്‌ അകത്തെ മുറിയിലേയ്ക്ക്‌ ഓടിക്കയറി. എനിക്കൊന്നും മനസ്സിലായില്ല. ഞാൻ ജാൻസിയുടെ മുഖത്തേക്ക്‌ നോക്കി. അവൾ കൈമുട്ടുകൾക്കിടയിൽ മുഖം പൂഴ്ത്തിയിരിക്കുന്നു. അവളുടെ കിതപ്പ്‌ ആ ചുമലിൽ നിന്ന്‌ കുതിച്ചു പൊങ്ങുന്ന ചലനങ്ങളിൽ ഞാൻ കണ്ടു. ആ നെഞ്ചിടിപ്പ്‌ എന്നെ കൂടുതൽ പരിഭ്രാന്തനായി.
ഏതോ കൊടുംകാട്ടിൽ ഒറ്റപ്പെട്ടപോലെ ഞാൻ എഴുന്നേറ്റ്‌ വർഗീസിന്റെ മുറിയിലേക്ക്‌ ചെന്നു ഭിത്തിയിൽ തല ചേർത്ത്‌ വച്ചകരയുന്ന വർഗീസിനെ കണ്ട്‌ ഞാൻ പകച്ചു നിന്നു.
അവന്റെ തോളിൽ ഞാൻ ഇരു കൈകളും ചേർത്തുവച്ചു.
വർഗീസേ എന്തുപറ്റി?
അവന്റെ തേങ്ങൽ ഒരലർച്ചയായി മാറി. എന്റെ നെഞ്ചിലേക്ക്‌ മുഖം ചേർത്ത്‌ അവൻ പറഞ്ഞ കാര്യങ്ങൾ ആദ്യം എനിക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല.
ക്യാൻസർ രോഗം തിന്നു തീർത്തുകൊണ്ടിരിക്കുന്ന ശരീരമാണ്‌ ജാൻസിയുടേത്‌. അവളുടെ മാറും വയറും രോഗത്തിന്റെ അഗ്നി നാവുകൾ കാർന്നെടുത്തുകഴിഞ്ഞു. മരിക്കാനുള്ള അനുവാദവും കൊടുത്ത്‌ വൈദ്യശാസ്ത്രം എഴുതിത്തള്ളിയ ഒരു ജീവിതമാണ്‌ അവളുടേത്‌!
തങ്ങളിലൊരാളെ മരണം വിളിച്ചുകൊണ്ടുപോകുന്ന സമയം കാത്തിരിക്കുന്ന ദമ്പതികൾ!
ദൈവം ദാനം കൊടുക്കുന്ന ഓരോ മിനിട്ടിലും സ്നേഹം കൊണ്ട്‌ അവളെ പൊതിയാൻ കൊതിക്കുന്ന വർഗീസ്‌. അവന്റെ മോളെയെന്ന വിളിയുടെ ആർദ്രത എനിക്കപ്പോഴാണ്‌ മനസ്സിലായത്‌. ജാൻസിയുടെ ചിരിയിലും സന്തോഷത്തിലും ജന്മസാഫല്യം കണ്ടെത്തുന്ന എന്റെ സുഹൃത്തിന്റെ സ്നേഹലോകത്തിനു മുന്നിൽ ഞാൻ മനസ്സുകൊണ്ട്‌ പ്രണമിച്ചുപോയ നിമിഷമായിരുന്നു അത്‌. ആരോടും പരിഭവമില്ലാതെ ദുഃഖത്തെ പങ്കിടുകയാണവർ.
അലമാരയിൽ നിന്നും വർഗീസ്‌ അവരുടെ വിവാഹ ഫോട്ടോ എടുത്തുകാണിച്ചു. എട്ടു വർഷങ്ങൾക്ക്‌ മുമ്പുള്ള ഫോട്ടോ. വർഗീസിന്റെ തോളോടു ചേർന്ന്‌ ഒരു മാലാഖയെപ്പോലെ പുഞ്ചിരിതൂകി ജാൻസിയിരിക്കുന്നു.
ഞാൻ നേരിൽ കണ്ട ജാൻസിക്ക്‌ ആ പഴയ മുഖവുമായി യാതൊരു സാമ്യവും ഇല്ലായിരുന്നു. തുടർച്ചയായ കീമോ തെറാപ്പിയും മറ്റു ചികിത്സകളും അവളെ ഒരു പേക്കോലമാക്കിതീർത്തു.
വർഗീസ്‌ മാത്യു എന്നിട്ടും അവളെ മോളെ എന്നുവിളിച്ച്‌ പരിചരിക്കുന്നു.
ആ രാത്രി എനിക്കുറങ്ങാൻ കഴിഞ്ഞില്ല.
"മനസ്സുകൊണ്ട്‌ ആത്മാവുമായി പ്രാർത്ഥിക്കുന്നുണ്ട്‌. നന്മവരും".
അതുപറഞ്ഞതാണ്‌ പിറ്റേ ദിവസം രാവിലെ ഞാനവരോട്‌ യാത്ര പറഞ്ഞത്‌. ഞങ്ങൾ ആദ്യം കണ്ടപ്പോഴുള്ള ആഹ്ലാദമോ സന്തോഷമോ യാത്ര പറയുമ്പോൾ ഇല്ലായിരുന്നു. ഒരു മരണവീട്ടിൽ നിന്നിറങ്ങുന്ന ദുഃഖഭരിതമായ മനസ്സായിരുന്നു എനിക്കപ്പോൾ.
ജാൻസിക്കുവേണ്ടി ഞാൻ പ്രാർത്ഥിച്ച ആ നന്മ അവൾക്ക്‌ ലഭിക്കാൻ വൈകിപ്പോയി.
മൂന്നാഴ്ചകൾക്ക്‌ ശേഷമാണ്‌ ഞാൻ നാട്ടിലേക്ക്‌ തിരിച്ചതു. അബുദാബി എയർപോർട്ടിൽ എത്തിയപ്പോൾ വർഗീസ്‌ മാത്യുവും ചില സുഹൃത്തുക്കളും അവിടെയുണ്ടായിരുന്നു. വേദനകൾക്കിടയിലും എന്നെ യാത്രയാക്കുന്ന കാര്യം അവൻ മറന്നില്ലല്ലോ എന്നു കരുതി ഞാൻ അവന്റെ അടുത്തേക്ക്‌ നടന്നു.
ഇപ്പോൾ വർഗീസ്‌ മാത്യുവിന്റെ ചുറ്റുമാണ്‌ ആൾക്കൂട്ടം. പള്ളിയിലും മറ്റു സ്ഥലങ്ങളിലുമായി ഞാൻ കണ്ടുമുട്ടിയ ഒട്ടുമിക്ക മലയാളികളുമുണ്ട്‌. എല്ലാവരുടേയും മുഖത്ത്‌ കടിച്ചമർത്തിയ വേദനയുടെ പൊള്ളലുണ്ട്‌.
"നിന്റെ ഫ്ലൈറ്റ്‌ എപ്പോഴാണ്‌?" അവൻ വിറങ്ങലിച്ച ശബ്ദത്തിൽ എന്നോടു ചോദിച്ചു.
"പന്ത്രണ്ടരയ്ക്ക്‌"
"ഇവിടുന്ന്‌ രണ്ടുമണിക്കുള്ള ട്രിവാൻഡ്രം ഫ്ലൈറ്റാണ്‌ ഞങ്ങൾക്ക്‌".
'നാട്ടിലേക്ക്‌ ഉടനെ' വർഗീസിന്റെ നനവാർന്ന കണ്ണുകൾ അകലങ്ങളിലേക്ക്‌ നീണ്ടു.
അവൻ എന്റെ കൈകൾ എടുത്ത്‌ നെഞ്ചിൽ വച്ചു.
ഇത്തിരി നേരമെങ്കിലും നമ്മുടെ പഴയ കഥകളൊക്കെപ്പറഞ്ഞ്‌ അവളെയൊന്നു ചിരിപ്പിക്കാൻ നീ വന്നല്ലോ" അവൾ അവസാനമായി ചിരിച്ചതു അന്നായിരുന്നു. കത്തിനിൽക്കുന്ന സൂര്യൻ നെഞ്ചിലേക്ക്‌ അടന്നുവീണ പോലെ ഞാൻ നടുങ്ങി.
ജാൻസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്‌ 'എംബാം' ചെയ്ത്‌ ആംബുലൻസിൽ എയർപോർട്ടിൽ കൊണ്ടുവന്നു. വർഗീസ്‌ മാത്യു അതുമായി ബന്ധപ്പെട്ട രേഖകൾ ക്രമീകരിക്കുന്നതിന്‌ ചില സുഹൃത്തുക്കളോടൊപ്പം ഉള്ളിലേക്ക്‌ കയറിപ്പോയി.
അകത്തേക്ക്‌ പോകും മുമ്പ്‌ അവൻ എന്റെ അരികിലേക്ക്‌ വന്നു പറഞ്ഞു.
"തോമാച്ചൻ പറഞ്ഞപോലെ പ്രതീക്ഷിക്കാത്തത്‌ സംഭവിക്കുമ്പോഴേ ജീവിതത്തിന്റെ വില അറിയൂ. ഞാനിപ്പോഴത്‌ അറിയുന്നു."
കണ്ണീരു വറ്റിത്തോർന്ന ആ മുഖത്തേക്ക്‌ നോക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. എയർപോർട്ടിന്റെ നാലുവശങ്ങളിൽ നിന്നും വർഗീസ്‌ മാത്യുവിന്റെ മോളേയെന്ന വിളിയുടെ നൂറായിരം അലകൾ ഞാൻ കേട്ടു.