sindhu s
കൺപോളകൾ കനംവച്ച് തൂങ്ങിയിരിക്കുന്നു. ഉള്ളിൽ ഉരുണ്ടുകൂടിയ മഴമേഘങ്ങൾ എവിടെയോ വീണ്ടുകീറി താഴേയ്ക്കു പതിച്ചു. പക്ഷേ അതാരും കാണാതിരിക്കാൻ ഒരുപാട് കിണഞ്ഞു പരിശ്രമിക്കേണ്ടി വന്നു. ഒടുവിൽ വിണ്ടുകീറിയ ഭാഗം ഒരുവിധത്തിൽ തുന്നിക്കെട്ടി. അങ്ങനെ ആ പ്രവാഹം നിലച്ചു. ഒരു നേർത്ത തേങ്ങൽ മാത്രമവശേഷിപ്പിച്ചുകൊണ്ട്.
മീരയന്ന് വളരെ വൈകിയാണ് ഉണർന്നത്. അവളുടെ പ്രിയ കണ്ണന്റെ ജന്മദിനമായിട്ടുകൂടി. ഓരോ നിമിഷവും അവളോടു പറയുന്നുണ്ടായിരുന്നു. നീ തീർച്ചയായും അവനെ കാണണമെന്ന്. പക്ഷേ, ഏതോ പിൻവിളി അവളുടെ കാലുകളെ തടഞ്ഞു നിർത്തി. എന്നിട്ടും അവൾ ആ കുഴൽവിളിക്കു കാതോർത്തുകൊണ്ട് എന്നെത്തേക്കാളും അണിഞ്ഞൊരുങ്ങി. അവളുടെ കാലുകൾക്ക് എന്ത് വേഗതയായിരുന്നു. അവളുടെ വേഗത യാത്രക്കാരെ അത്ഭുതം കൊള്ളിച്ചു.
കുഴൽവിളിയും ചടുലതാളങ്ങളും വളരെ ദൂരെനിന്ന് അവളെത്തേടിയെത്തി. അവളുടെ ഹൃദയം അതിധ്രുതം തുടിച്ചിരുന്നു. പുതിയ താളത്തിൽ ലയിച്ചതുപോലെ. കാലുകളോട് ഒട്ടിനിന്നിരുന്ന അവളുടെ വെള്ളിപാദസരം കിലുങ്ങിത്തുടങ്ങി. അതെ മീര ആടുകയാണ്. അവളുടെ കണ്ണനോടൊപ്പം, എല്ലാം മറന്ന് യമുനയിലെ ഓളങ്ങളും വൃന്ദാവനത്തിലെ ഓരോ മരച്ചില്ലയും അവർക്കായി താളമിട്ടു. അവരുടെ നൃത്തച്ചുവടുകൾക്ക് വേഗതയാർന്നുകൊണ്ടേയിരുന്നു.
അസഹ്യമായ വേദന. കൺപോളകൾ തുറക്കാൻ കഴിയുന്നില്ല. എങ്കിലും മീര കണ്ണുകൾ വലിച്ചുതുറക്കാൻ ശ്രമിച്ചു. ദൃഷ്ടി പതിഞ്ഞത് വെള്ളച്ചുമരിലാണ്. വെള്ളച്ചുമരിലൂടെ കണ്ണോടിച്ച അവളെ കറങ്ങുന്ന പങ്കകൾ കളിയാക്കിച്ചിരിച്ചു. പരിഹാസങ്ങളെ വകവയ്ക്കാൻ കൂട്ടാക്കാത്ത അവളുടെ ബോധമണ്ഡലം ആശുപത്രിമുറിക്കുള്ളിലെ രൂക്ഷഗന്ധത്തെ തിരിച്ചറിഞ്ഞു. പെട്ടെന്ന് വെള്ളച്ചുമരിൽ ചിത്രങ്ങൾ ഒന്നൊന്നായി തെളിയാൻ തുടങ്ങി. ഏതോ സ്വപ്നത്തിലെന്നവണ്ണമാണ് താൻ സഞ്ചരിച്ചിരുന്നത്. പാഞ്ഞുവരുന്ന വാഹനത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുംമുമ്പേ തന്നിൽ നിന്നും ഒരാർത്തനാദം പുറപ്പെട്ടുകഴിഞ്ഞിരുന്നു. പിന്നീടൊന്നും ഓർമ്മിച്ചെടുക്കാൻ കഴിയുന്നില്ല. ആയുസ്സിന്റെ ബലം കൊണ്ട് രക്ഷപ്പെട്ടതാണെന്ന ആരുടേയോ ആശ്വാസവചനങ്ങളെ ഉൾക്കൊള്ളാനാവാതെ അവൾ തളർന്നുപോയി.
മീര ഓർക്കാൻ ശ്രമിച്ചു. തന്റെ കണ്ണന്റെ ജന്മദിനത്തെ. ചലനശേഷി നഷ്ടപ്പെട്ട കാലുകളിലെ പാദസരങ്ങൾ ഇനിയൊരിക്കലും കിലുങ്ങുകയില്ല. അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി. ഈ കണ്ണുനീരത്രയും ഒഴുകുന്നതെങ്ങോട്ടാണ്? യമുനയിലേയ്ക്കോ? അവിടെ പുതിയ പുളിനങ്ങൾ സൃഷ്ടിക്കാൻ മീരയുടെ കണ്ണുനീരിനാകുമോ?
കൈയ്യെത്തിച്ച് ജനൽപാളി തുറക്കാൻ ശ്രമിച്ചു. ഒരു പ്രതിഷേധ ശബ്ദത്തോടെ അവ പതിയെ തുറക്കപ്പെട്ടു. പുറത്തെ വിശാലമായ ലോകം അവൾക്കു മുന്നിൽ കൺചിമ്മി. അവളുടെ നൊമ്പരങ്ങളെ മുഴുവൻ ആവാഹിച്ചെടുത്ത വാനം മഴമേഘങ്ങൾകൊണ്ട് നിറഞ്ഞിരുന്നു. അവയ്ക്കിടയിൽ അവൾ കണ്ടു. അവളുടെ കണ്ണനെ. അവന്റെ പുഞ്ചിരി അവളെ മെല്ലെ തലോടി. നൊമ്പരം പീളകെട്ടിയ കൺപോളകൾ പാതിയടഞ്ഞു. ആ പകുതികാഴ്ച അവളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മീരയും കണ്ണനും മാത്രമുള്ള മറ്റൊരു ലോകത്തേക്ക്.